Monday 15 July 2013

ഭീതിയുടെ കരിനിഴലില്‍ .. ഒരോര്‍മ്മക്കുറിപ്പ് ..!!!!

ഫെബ്രുവരി 27, 2002
ഗുജറാത്തിലെ ഗോധ്ര എന്ന ചെറു പട്ടണത്തില്‍ തീവണ്ടി കത്തിക്കലിനെ തുടര്‍ന്നുണ്ടായ ഹിന്ദു മുസ്ലിം വര്‍ഗ്ഗീയ കലാപം..  അന്നത്തെ വാര്‍ത്തകളിലും ഇന്നും  ഏറെ   നിറഞ്ഞു നിന്ന സംഭവമാണ് നരോദ പാട്യ കൂട്ടക്കൊല.. ഓര്‍ക്കുമ്പോള്‍ ഇന്നും അസ്ഥികളില്‍ ഒരു മരവിപ്പ് അനുഭവപ്പെടും. നെഞ്ചിലൊരു നടുക്കം.. മതഭേദമെന്യേ   ഒരു പറ്റം മനുഷ്യരുടെ ചോരയൊഴുകി അക്കാലത്ത്..





മേല്‍പ്പറഞ്ഞ നരോദ-പാട്യ ഏരിയയില്‍ ആയിരുന്നു അന്ന് ഞങ്ങളുടെ ഫ്ലാറ്റ്.  മനസ്സമാധാനവും ഉറക്കം കെടുത്തിയ ദിനരാത്രങ്ങളും. വര്‍ഗ്ഗീയതയുടെ പേരില്‍ ഭ്രാന്ത്‌ പിടിചോടുകയായിരുന്നു മനുഷ്യ പിശാചുക്കള്‍, കൈയ്യില്‍ വടിവാളും  വെട്ടുകത്തിയും  മാരകായുധങ്ങളും ആയി തലങ്ങും വിലങ്ങും ഓടുന്ന രക്ത ദാഹികള്‍., ആരൊക്കെയോ ചെയ്ത തെറ്റിന്  പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒരുപറ്റം നിരപരാധികളുടെ  കഴുത്തറ്റു വീണു. കുറെ പേര്‍ കത്തി ചാമ്പലായി.




ഭര്‍ത്താവ് കൂടെ  ഇല്ലാതിരുന്ന അക്കാലത്ത് ചെറിയ കുട്ടിയായ മോനെയും ചേര്‍ത്തു പിടിച്ചു ശ്വാസമടക്കിപ്പിടിച്ചു  ഉറങ്ങാതെ നേരം വെളുപ്പിച്ച ഒരുപാട് രാത്രികള്‍,തുറന്നിട്ട ജനലിലൂടെ നോക്കിയാല്‍ കാണാം കിലോമീറ്ററുകള്‍ക്കപ്പുറം ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങുന്ന തീജ്വാലകളും ബോംബുകള്‍ പൊട്ടുന്ന ഭീകര ശബ്ദവും. നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു എങ്കിലും  കാര്യമായ ഗുണമൊന്നും  ഉണ്ടായില്ല 

കലാപം തുടങ്ങി  ഒരാഴ്ചയോളം വീടിനു പുറത്തേക്കു ഇറങ്ങാന്‍ കഴിഞ്ഞില്ല. എവിടെയും അക്രമം തന്നെ. കട കമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടന്നു.. കുറെയൊക്കെ  വര്‍ഗീയവാദികള്‍ കത്തിച്ചു ചാമ്പലാക്കി. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ഈ അവസരം ശെരിക്കും മുതലെടുത്തു.. സ്വര്‍ണ്ണക്കടയും വലിയ ഷോറൂമുകളും ഉള്‍പ്പെടെ എല്ലാം കൊള്ളയടിച്ചു..  തീ  കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന ഹോട്ടലുകളില്‍ നിന്നും എ.സി., ഫാന്‍, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍ എന്ന് വേണ്ട കൈയ്യില്‍ കിട്ടിയതുമായി നെട്ടോട്ടം ഓടുന്ന കുറെ  മനസ്സാക്ഷി മരവിച്ച മനുഷ്യ രൂപങ്ങള്‍.. ,



ഒരാഴ്ച കഴിഞ്ഞപ്പോള്‍  അന്തരീക്ഷം  ഇത്തിരി ശാന്തമായി. കര്‍ഫ്യൂവില്‍ പകല്‍ സമയം അയവു വരുത്തി. ആളുകള്‍ ജോലിക്ക് പോയി തുടങ്ങി. എങ്കിലും ചില പ്രത്യേക ഏരിയയില്‍ ചെറുതും വലുതമായ കലാപങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.. 

ഞങ്ങളുടെ താമസ സ്ഥലത്ത്  നിന്നും സുമാര്‍ ഇരുപതു കിലോമീറ്റര്‍  യാത്ര ചെയ്തു വേണം ഓഫീസില്‍ എത്താന്‍.. ,. രണ്ടു ബസ്സ്‌ മാറി കേറിയും പിന്നെ കുറെ നടന്നും ഒക്കെയായിരുന്നു  ഓഫീസില്‍ പോയിവന്നിരുന്നത്. ഓഫീസ് കാര്യത്തിനായി പുറത്തു പോയി വരുന്ന സ്റ്റാഫിനോട് കര്ഫ്യൂവിന്റെയും കലാപത്തിന്റെയും കാര്യങ്ങള്‍ അന്വേഷിക്കുന്നത്  ഒരു പതിവായി.. 

ഈ കാലത്ത് എനിക്ക് മറക്കാന്‍ പറ്റാത്ത രണ്ടനുഭവങ്ങള്‍  ഉണ്ടായി..

അതില്‍ ആദ്യത്തെ അനുഭവം..  വീട്ടില്‍ നിന്നും പതിനഞ്ചു മിനിട്ട് നടന്നു വേണം ആദ്യത്തെ ബസ്സ് പിടിച്ചു സിറ്റിയില്‍ എത്താന്‍.., അവിടുന്ന് അഞ്ചു മിനിട്ട് നടന്നു വേറെ സ്റ്റാന്‍ഡില്‍  ചെന്നിട്ട് വേണം അടുത്ത ബസ്സ് യാത്ര.  അന്നൊരു ദിവസം  ആദ്യത്തെ ബസ്സിറങ്ങി അടുത്ത സ്റ്റാന്‍ഡിലേക്ക് ഓടിയെത്താന്‍ കഴിയുന്നതിനു  മുമ്പ് തന്നെ വണ്ടി വിട്ടു. കൈ കാണിച്ചിട്ടും ഡ്രൈവര്‍ ബസ്സ്‌ നിര്‍ത്തിയില്ല..  വ്യസനത്തോടെ അടുത്ത ബസ്സില്‍ പോകാമെന്ന് തീരുമാനിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ ചെന്ന് നിന്ന്.. 

അര മണിക്കൂറിനു ശേഷം  വന്ന ബസ്സില്‍ കയറി പറ്റി.  ബസ്സോടി തുടങ്ങി.  പത്തു മിനിട്ട് കഴിഞു പകുതി വഴി പിന്നിട്ടപ്പോള്‍   മുന്നില്‍ ഒരാള്‍ക്കൂട്ടം. ആളുകള്‍ വെപ്രാളത്തോടെ  തലങ്ങും വിലങ്ങും ഓടുന്നു. ഞാന്‍ സഞ്ചരിച്ചിരുന്ന ബസ്സ്‌  നിര്‍ത്തി.. തിരക്കിനിടയിലൂടെ   ബസ്സിനു പുറത്തേക്കു ഞാന്‍ തല നീട്ടി എത്തി നോക്കി.. നേരത്തെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ ബസ്സ്‌ ഓരം ചേര്‍ത്തു ഒതുക്കി ഇട്ടിരിക്കുന്നു.  ബസ്സില്‍ നിന്നും  ആരോ വിളിച്ചു പറയുന്നത് കേട്ടു നടുങ്ങിത്തരിച്ചിരുന്നു പോയി..  അടിവയറ്റില്‍ നിന്നും ഒരു നിലവിളി തൊണ്ടയില്‍ വന്നു തടഞ്ഞു.  മുമ്പേ പോയ ആ ബസ്സിനുള്ളില്‍ ടിഫിന്‍ ബോക്സില്‍  ആരോ ബോംബു വെച്ചിരുന്നു.. അത് പൊട്ടിത്തെറിച്ചു. കുറെ പേര്‍ക്ക് ഗുരുതരമായ പരിക്ക്.. പലര്‍ക്കും സാരമായ പൊള്ളലേറ്റു. പരിക്കേറ്റവരെ ആംബുലന്‍സിലും മറ്റു വാഹനങ്ങളിലും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന കാഴ്ച..  ഞാന്‍ പേടിച്ചു വിറച്ചു വിയര്‍ക്കാന്‍ തുടങ്ങി.. ബാഗില്‍ കരുതിയ ഒരു കുപ്പി വെള്ളം ഒറ്റയടിക്ക്  കുടിച്ചു  തീര്‍ത്തിട്ടും ദാഹം മാറുന്നില്ല.  

അന്ന് തലനാരിഴക്കായിരുന്നു ഞാന്‍ രക്ഷപ്പെട്ടത്. കൈ കാണിച്ചപ്പോള്‍ ഡ്രൈവര്‍ ആ ബസ്സ് നിര്‍ത്തിയിരുന്നെങ്കില്‍, ആ ബസ്സില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍,  കൈകാല്‍ നഷ്ട്ടപെട്ടോ പൊള്ളലേറ്റ്‌ വികൃതമായ ശരീരവുമായോ  ആരോരും സഹായിക്കാനില്ലാതെ ഞാനും ദുരിതത്തില്‍ ആയേനെ.!!






നെഞ്ചില്‍ കൈവെച്ചു  അറിയാവുന്ന ദൈവങ്ങളോട് നന്ദി പറയുമ്പോഴും മനസ്സ് തേങ്ങുകയായിരുന്നു, അന്നം തേടിയുള്ള  യാത്രയില്‍ ആ ബസ്സില്‍ ഉണ്ടായിരുന്നവരുടെ ദുര്യോഗം ഓര്‍ത്തു.. അവരെയോര്‍ത്തു വേവലാതിയോടെ അലമുറയിട്ടു കരയുന്ന കുടുംബത്തെയോര്‍ത്ത്.. 

രണ്ടാമത്തെ അനുഭവം.:
രാവിലെ ഓഫീസില്‍ എത്തുന്നത്‌ വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.. നിയന്ത്രണ വിധേയമാവുന്ന ഒറ്റപ്പെട്ട  ചില കലാപങ്ങള്‍ ഉണ്ടാവുമേന്നതോഴിച്ചാല് ശാന്തമായിരുന്നു നഗരം . പക്ഷെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ വീണ്ടും ഉഗ്ര കലാപം പൊട്ടിപ്പുറപ്പെട്ടു.. ബസ്സ്‌ സര്‍വീസ്‌ നിര്‍ത്തലാക്കി. കര്‍ഫ്യൂ  പുറപ്പെടുവിച്ചു. ലേഡീസ്‌ സ്റ്റാഫിനോട്  നേരത്തെ  വീട്ടിലേക്കു പോയ്ക്കോളാന്‍ എം. ഡി. യുടെ ഉത്തരവ്.. രണ്ടു മണിയോട് കൂടി ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി.. പത്തു മിനിട്ട് നടന്നു.. വഴിയിലെങ്ങും  ആരുമില്ല.. നടന്നു ബസ്സ്‌ സ്റ്റോപ്പില്‍  എത്തി.. അവിടെ ഒന്ന് രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും നില്‍ക്കുന്നുണ്ട്.. ബസ്സില്ല എന്നറിയാം.. വേറെ വല്ല വാഹനവും കിട്ടുകയാണെങ്കില്‍  ഷെയര്‍ ചെയ്തു പോകാം എന്ന് കരുതി നില്‍ക്കുന്നവരാണ്  അവരും. ഭാഗ്യത്തിന് ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ റിക്ഷ  അത് വഴി വന്നു.. ഞങ്ങള്‍ നാലഞ്ചു പേര്  തിക്കിത്തിരക്കി അതിനുള്ളില്‍ കയറി പറ്റി.. ഓട്ടോ റിക്ഷയില്‍ ഇരുന്നു ഭീതിയോടെ ഞാന്‍ ചുറ്റും  കണ്ണോടിച്ചു കൊണ്ടിരുന്നു.. ആള്‍ സഞ്ചാരം ഇല്ലെന്നു തന്നെ പറയാം.. ചില ഇടവഴികളില്‍  തീവ്രവാദികളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍  ആളുകള്‍ കറുത്ത തുണി കൊണ്ടൊക്കെ മുഖം മറച്ചു  കൈയ്യില്‍ കല്ലും  വടിയുമായി ഒക്കെ നടക്കുന്നു.കൂടെ ഉണ്ടായിരുന്നവരെല്ലാം അവര്‍ക്കിറങ്ങേണ്ട സ്ഥലം എത്തുമ്പോഴോക്കെ  ഇറങ്ങി പോയികൊണ്ടിരുന്നു  .. അവസാനം ഓട്ടോയില്‍ ഞാന്‍ തനിച്ചായി.കാലുപൂര്‍  എന്ന സ്ഥലത്ത് കൊണ്ടെത്തിച്ചു.. അവിടുന്നങ്ങോട്ട്  പോവില്ലെന്ന് റിക്ഷാക്കാരന്‍ തീര്‍ത്തു പറഞ്ഞു ..

അഹമ്മദാബാദിന്റെ  ഹൃദയഭാഗമാണ് ആ സ്ഥലം. ആറു റോഡുകള്‍ കൂടി ചേരുന്ന, റയില്‍വേ സ്റ്റേഷനും    മറ്റു സ്ഥാപനങ്ങളും  ബസാറും ഒക്കെയായി ഇരുപത്തിനാല് മണിക്കൂറും സജീവമായിരിക്കുന്ന  സ്ഥലം.    സാധാരണ ദിവസങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പൂഴിയിട്ടാല്‍ വീഴാത്തത്ര തിരക്കായിരിക്കും.. പക്ഷെ കര്‍ഫ്യൂ കാരണം , ഏതു സമയത്തും വെടി യുതിര്‍ക്കാന്‍ സജ്ജമാക്കിയ തോക്കും പിടിച്ചു  അങ്ങിങ്ങായി നില്‍ക്കുന്ന പോലീസുകാരും,  "ഏതു പട്ടിക്കും വരും ഒരു നല്ല  സമയം. ഇത് ഞങ്ങളുടെ കാലം" എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കടിപിടി  കൂടി അര്‍മാദിക്കുന്ന  കുറെ ചാവാലി പട്ടികളും മാത്രം. ആകെ കൂടി ഭയാനകമായ ഒരന്തരീക്ഷം..  ഞാന്‍ പേടി കൊണ്ട് വിറക്കാന്‍ തുടങ്ങി.. പത്തു മിനിട്ട് കാത്തു നിന്നിട്ടും  ഒരു വാഹനവും വന്നില്ല..

പെട്ടെന്നാണ് വളവു തിരിഞ്ഞു സ്കൂട്ടറില്‍  ഒരാള്‍ വന്നത്. നാല്പ്പതിനോടടുത്ത പ്രായം തോന്നിക്കും .  എന്നെ കടന്നു പത്തടി മുമ്പോട്ടു പോയ അയാള്‍ സ്കൂട്ടര്‍ പിന്നോട്ടെടുത്തു  എന്‍റെ അടുത്ത് വന്നു ചോദിച്ചു..

 "ബെഹന്ജീ  ആപ്കോ കഹാ ജാനാ ഹെ ".. ("സഹോദരീ.. നിങ്ങള്‍ക്ക് എവിടേക്കാണ് പോകേണ്ടത്?")

ഞാന്‍ പറഞ്ഞു.. "നരോദ- പാട്യ.."

ഉടനെ അയാള്‍.. "":  , ആപ് പീച്ചേ  ബൈട്ട് ജായിയെ.. മുജേ ബി ഉസ് തരഫ് ജാനാ ഹെ"
("എങ്കില്‍ നിങ്ങള്‍ എന്‍റെ സ്കൂട്ടറിന്‍റെ പിറകില്‍ കയറിക്കോളൂ..എനിക്കും ആ വഴിക്കാണ് പോകേണ്ടത്")

ഞാന്‍ ശങ്കിച്ചു നിന്നു.. എന്തു ചെയ്യും?  ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല.. അതിനേക്കാള്‍ വല്യ ചോദ്യം മനസ്സില്‍ ഉയര്‍ന്നത്  ഇയാള്‍ ഹിന്ദുവാണോ അതോ മുസ്ലിം ആണോ എന്നതാണ്..   ഹിന്ദുവും മുസ്ലിമും പരസ്പരം കണ്ടാല്‍ കൊന്നു കൊലവിളിക്കുന്ന   ദിവസങ്ങളായിരുന്നു അന്നൊക്കെ. എന്തു വിശ്വസിച്ചു അയാളുടെ കൂടെ പോവും?  പോവാതിരുന്നാല്‍ ഞാന്‍ എങ്ങിനെ എന്റെ വീട്ടിലെത്തും? എന്‍റെ വരവും കാത്തു വീട്ടില്‍ ഒറ്റക്കിരിക്കുന്ന മോന്‍.,.  ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി.  ഞങ്ങളെ രണ്ടു പേരെയും ശ്രദ്ധിച്ചു കൊണ്ടിരുന്ന    തോക്കേന്തിയ  പോലീസുകാരന്‍  പെട്ടെന്ന് അടുത്തു വന്നു കാര്യം തിരക്കി..





ഒടുവില്‍ പോലീസുകാരന്‍ പറഞ്ഞു.. " ആപ്  യെ ബായികെ  സാത് ചലേ ജായിയെ. ചിന്ത മത് കരോ..  ഇതര്‍ ജ്യാദ സമയ് രുക്ന ടീക് നഹി. കബി ബി ദമാല്‍ ഹോ സക്താ ഹൈ."

("നിങ്ങള്‍ ഇദ്ദേഹത്തിന്‍റെ കൂടെ പോകൂ.. ഇവിടെ കൂടുതല്‍ സമയം നില്‍ക്കുന്നത് അപകടമാണ്.ഏതുസമയവും അക്രമം ഉണ്ടായേക്കാം")

 പിന്നെ ഞാന്‍ ഒട്ടും ചിന്തിച്ചില്ല.. സ്കൂട്ടറുകാരന്‍റെ പുറകില്‍ കേറി ഇരുന്നു.. എങ്ങിനെയെങ്കിലും വീട്ടിലെത്തണം എന്നാ ചിന്ത മാത്രം..  അയാള്‍ സ്കൂട്ടര്‍  നല്ല സ്പീഡില്‍  വിട്ടു..  റോഡിലോന്നും ഒരു മനുഷ്യക്കുഞ്ഞു പോലും ഇല്ല.. കടകളെല്ലാം അടഞ്ഞു കിടക്കുന്നു..  മനസ്സില്‍ അപ്പോള്‍ പേടിയോ ഒന്നും തോന്നിയില്ല. ഒരു  മരവിപ്പ് മാത്രം..  ഇടയ്ക്കു  രണ്ടു തവണ ഞാന്‍ അയാളോട്  "ആപ്ക നാം ക്യാ ഹേ"  എന്ന് ചോദിച്ചു..  അയാള്‍ ഒന്നും മിണ്ടിയില്ല..   പിന്നീട് ഞാന്‍ ചോദിച്ചതും ഇല്ല..

എനിക്കിറങ്ങാനുള്ള സ്ഥലം എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.. അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി.. ഞാന്‍ ഇറങ്ങി.. വീടു വരെ  കൊണ്ട് വിടണോ എന്ന് ചോദിച്ചു.. ഞാന്‍ വേണ്ടെന്നും പറഞ്ഞു.  താങ്ക്സ്  ബയ്യ  എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു..  "മേരാ നാം സലിംബായ്‌...".","   ഇത്രയും പറഞ്ഞു അയാള്‍ സ്കൂട്ടര്‍ വേഗതയില്‍ ഓടിച്ചു പോയി..

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഞാന്‍ആ സമയത്ത് ,.  തമ്മില്‍ കണ്ടാല്‍ കടിച്ചു കീറാന്‍ നടക്കുന്ന ഹിന്ദു മുസ്ലിം. വര്‍ഗീയതയുടെ പേരും പറഞ്ഞു മനുഷ്യനെ പിച്ചിചീന്തുന്ന കാട്ടാളന്മാര്‍..,.  വര്‍ഗ്ഗീയത അതിന്‍റെ മൂര്‍ദ്ധന്യത്തില്‍  മുടിയഴിചാടുമ്പോഴും മനസ്സില്‍ നന്മ സൂക്ഷിക്കുന്ന  ആ മുസ്ലിം സഹോദരനെ ഞാന്‍ മനസ്സാ നമിച്ചു പോയി..  നെറ്റിയില്‍ സിന്ദൂരപ്പൊട്ടും ചന്ദനക്കുറിയും തൊട്ട എന്നെ  ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം ഹിന്ദു ആണെന്ന്.. അയാള്‍ വിചാരിച്ചാല്‍ എന്നെ വണ്ടിയില്‍ കയറ്റി   എവിടേക്കെങ്കിലും കൊണ്ട് പോയി വര്‍ഗ്ഗീയവാദികളുടെ മുമ്പിലേക്ക് ഇട്ടു കൊടുത്തു   ഹിന്ദുക്കളോടുള്ള  വൈരാഗ്യം തീര്‍ക്കാമായിരുന്നു..   പരിഭ്രാന്തിയില്‍ ആയിരുന്നത് കൊണ്ട് അന്ന് കണ്ട ആ മുഖം എനിക്കിന്നും അവ്യക്തമാണ്.. ഒരിക്കല്‍ കൂടി എന്‍റെ മുന്നില്‍ വന്നു നിന്നാല്‍ പോലും അല്ലെങ്കില്‍ ഒരു പക്ഷെ എന്‍റെ മുന്നിലൂടെ കടന്നു പോയിരിക്കാം പലവട്ടം എനിക്കാ മുഖം തിരിച്ചറിയാന്‍ പറ്റില്ല.. പക്ഷെ രൂപമില്ലാത്ത നന്മ നിറഞ്ഞൊരു  മനസ്സ്‌  എന്‍റെ ഉള്‍ക്കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്നുണ്ട്.

ഈ സംഭവം പിറ്റേന്ന് സഹപ്രവര്‍ത്തകരോടും   പരിചയക്കാരോടും  പറഞ്ഞപ്പോള്‍ എനിക്ക് നേരെ വിമര്‍ശനങ്ങളാണ്  ഉണ്ടായത്.. എന്തു ധൈര്യത്തിലാണ്  ഇങ്ങനെ ഒരു ചുറ്റുപാടില്‍ അപരിചിതനായ ഒരാളുടെ കൂടെ വരാന്‍  ധൈര്യം കാണിച്ചത്, ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാഞ്ഞതെന്തേ  എന്നൊക്കെ ചോദിച്ചു.  ഒരിടത്തിരുന്ന് അഭിപ്രായങ്ങള്‍ ആര്‍ക്കും പറയാമല്ലോ..  പ്രാവര്‍ത്തികമാക്കാന്‍ ആണല്ലോ പ്രയാസം..

നന്മയുടെ നീരുറവ വറ്റാത്ത  കുറെ മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട്.. തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.. മനുഷ്യര്‍  സൃഷ്ട്ടിച്ച മതം.. ഭഗവത്‌ ഗീതയിലോ ബൈബിളിലോ  വിശുദ്ധ ഖുറാനിലോ മറ്റൊരു മതത്തെയോ മത വിശ്വാസികളേയോ  മോശം ആണെന്ന് പറഞ്ഞിട്ടുണ്ടോ?

ശ്രീകോവിലിനു മുമ്പില്‍ ഭഗവാനെ തൊഴുന്ന ഹിന്ദുവിന്റെ കൂപ്പുകൈകള്‍ക്കും  യേശു ക്രിസ്തുവിന്റെ ക്രൂശിത രൂപത്തിന് മുമ്പില്‍ കുരിശു വരയ്ക്കുന്ന ക്രിസ്ത്യാനിയുടെ കൈകള്‍ക്കും മുട്ടു കുത്തി നിസ്ക്കരിക്കുന്ന മുസ്ലിമിന്‍റെ നെറ്റിയിലെ നിസ്കാര തഴമ്പിനും ഒരേ മഹത്വം തന്നെയല്ലേ.. ഇവരൊക്കെ പ്രാര്തിക്കുന്നത്  ഒരേ ശക്തിയെ തന്നെയല്ലേ.. മതങ്ങളെ മാറ്റി നിര്‍ത്തി മനുഷ്യനില്‍ മനുഷ്യനെ കാണാന്‍ ശ്രമിച്ചാല്‍ ഈ ലോകം എന്നെ നന്നായേനെ..

ഭീകരത താണ്ഡവമാടിയ അന്തരീക്ഷത്തില്‍  ഒരു ദൈവ ദൂതനെ പോലെ വന്നു എനിക്ക് രക്ഷയേകിയ  സലിംബായ്‌ എന്ന ആ മുസ്ലിം സഹോദരനെ പുണ്യങ്ങളുടെ പൂക്കാലമായ ഈ വിശുദ്ധ റംസാന്‍  വേളയില്‍ അനുസ്മരിച്ചുകൊണ്ട് ഈ നോട്ട് ആ മനുഷ്യ സ്നേഹിക്കായ്‌ സമര്‍പ്പിക്കുന്നു..

ഒപ്പം എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും റംസാന്‍ - ഈദ്‌  ആശംസകളും.. !!!!

സ്നേഹത്തോടെ  പത്മശ്രീ നായര്‍. -






9 comments:

  1. ഗുജറാത്തിലെ ഹിന്ദു മുസ്ലിം വര്‍ഗ്ഗീയ കലാപം..!!
    ഈ സംഭവത്തെക്കുറിച്ച് ആധികാരികവും അല്ലാത്തതുമായ ഒരുപാട് ലേഖനങ്ങളും എഴുത്തുകളും വായിച്ചിട്ടുണ്ട്.
    പക്ഷേ, ഓപ്പോളുടെ നേരിട്ടുള്ള ഈ അനുഭവക്കുറിപ്പ് ശ്വാസം പിടിച്ചുവായിച്ചുതീര്‍ത്തു. കാരണം ഒപ്പോളുമായുള്ള ആത്മബന്ധം തന്നെ.
    നമ്മുക്ക് പ്രിയപ്പെട്ടവര്‍ അപകടസന്ധികള്‍ തരണം ചെയ്യുന്ന അവസ്ഥകള്‍ നേരിട്ട് പറഞ്ഞറിയുമ്പോഴുണ്ടാകുന്ന ഉല്ഖണ്ട,അമ്പരപ്പ് തന്നെ.!!
    അപകടസന്ധിയില്‍ തുണയാവാന്‍ ദൈവദൂതനെപ്പോലെ വന്ന ആ സഹോദരനും, അതിലും വലിയ ബോംബുസ്ഫോടനത്തില്‍ നിന്നും ഓപ്പോളേ കാത്തുരക്ഷിച്ച ഈശ്വരനോടും തീര്‍ത്താല്‍തീരാത്ത കടപ്പാട് തോന്നുന്നു. ഓപ്പോള്‍ക്ക്‌ നല്ലതും നന്മയും നേരുന്നതോടൊപ്പം ഒരുനല്ല സന്ദേശം അടങ്ങിയ ഈ എഴുത്തിന് എല്ലാ അനുമോദനങ്ങളും നേരുന്നു.

    -അക്കാകുക്ക-

    ReplyDelete
  2. ഹോ ഭയങ്കരം

    ReplyDelete
  3. സാഹോദര്യത്തിന്റെ...ഈ..സ്നേഹസന്ദേശം....ഇതര .സഹോദരങ്ങളുടെ ..കണ്ണ് തുറപ്പിക്കട്ടെ

    ReplyDelete
  4. ഇന്ന് നമുക്ക് ചുറ്റും വർഗ്ഗിയത് അഴിച്ച് വിട്ടും സ്വന്തം രക്തത്തെ കുടിച്ചും നടക്കുന്ന ഒരു കൂട്ടം അധികാരമോഹികൾക്ക് റാൻ മൂളുന്ന മനുഷ്യരാണ് ഈ രാജ്യത്തിന്റെ വിപത്ത്, നല്ല മനുഷ്യർ ഒരുപാടുണ്ട് ചുറ്റും പക്ഷെ അവരെ കാണപോകുന്നു, അതെ നന്മക്ക് സ്ഥാനമില്ല എന്ന് തന്നെ....
    നാം ഒന്നെന്ന ചിന്താ ഇതെല്ലാം കഴിയുമ്പോൾ മാത്രം പോരാ...........

    ReplyDelete
  5. അപ്പൂപ്പന്‍ താടിയില്‍ വായിച്ചിരുന്നു.
    നന്മയുടെ പ്രകാശം കണ്ടപ്പോള്‍ മനസ്സുനിറഞ്ഞു.
    ആശംസകള്‍

    ReplyDelete
  6. ഓര്‍മ്മ കുറിപ്പ് വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍...ദൈവവും മതവും മനുഷ്യരു മായിട്ടുള്ള കലഹത്തിന് മനുഷ്യ രാശിയോളം പഴക്കമുണ്ട്... ഈ ഭൂമിയില്‍ ജീവ ജാലങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം കലാഭങ്ങള്‍ തുടരുകതെന്നെ ചെയ്യും...ദൈവം മനുഷ്യനെ സൃഷ്ട്ടിച്ച പ്പോള്‍ മനുഷ്യര്‍ അനേകം ദൈവങ്ങളെ സൃഷ് ട്ടിച്ചു. വര്‍ഗീയ കലാഭങ്ങളുടെ ഭീഗരത ഞാനും നേരിട്ട് അനുഭവിച്ചിട്ടുണ്ട് ഗുജറാത്തിലും മഹാരാഷ്ട്രയിലും. പേര് ച്ചോതിച്ചും രൂപം നോക്കിയും നിരപരാധികളെ ച്ചുട്ടെരിച്ച് മൃഗീയ താണ്ടവമാടിയ ഗുജറാത്തിന്‍റെ അന്നത്തെ മുഖ മോര്‍ക്കും ബോള്‍ ഇന്നും ഭയം അരിച്ചിറങ്ങുന്നു..നന്മ വറ്റാത്ത ചിലരെങ്കിലും ജീവിച്ചിരിപ്പുള്ളത് കൊണ്ടാണ് ലോകം തെന്നെ നിലനിന്നുപോരുന്നത്... അപരിചിതനായ ഒരാളോടൊപ്പം കലാപ ഭൂമി യിലൂടെയുള്ള യാത്ര എത്രയും പെട്ടന്ന് വീടെത്തുക എന്നതിലപ്പുറം അത് ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ എന്ന് ചിന്തിക്ക്യാനുള്ള വിവേകബുദ്ധി യൊന്നും ആനേരത്തു കിട്ടിയെന്നു വരില്ല. അനുഭവിച്ഛവര്‍ക്കെ അതറിയു.. അതുപോലെതെന്നെയാണ് ബസ്സ് കാത്തു നിന്നപ്പോള്‍ ഉണ്ടായ അനുഭവവും... വേതന നിറഞ്ഞതാണെങ്കിലും നല്ലൊരു അനുഭവം വായിക്ക്യാന്‍ തന്നതില്‍ നന്ദി യുണ്ട് ആശംസകളോടെ....

    ReplyDelete
  7. ഇത് വായിക്കാതെ പോയിരുന്നെങ്കില്‍ എത്ര നഷ്ടമായേനെ..........മതം പഠിപ്പിക്കുന്നത് നന്മയാണെന്ന് തിരിച്ചറിയാത്തവര്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്ന കാലത്ത് ഈ എഴുത്ത് കൂടുതല്‍ ആളുകളില്‍ എത്തണം

    ReplyDelete
  8. goood aellavarilum nanmanhirayatte

    ReplyDelete
  9. ചേച്ചി ...ഈ ലോകവും ജീവിതവും ഹൃദയത്തില്‍ നന്മ സൂഷിക്കുനവ്ര്‍ക്ക് മാത്രം ആണ്...സുന്ദരമയ ഈ ഭൂമിയില്‍ എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാന്‍ കഴിയാതെ ,അസഹിഷ്ണുത നിറഞ്ഞ മനസുമായി ജീവിക്കുന്ന ഒരുപാടു പേര്‍ ..നന്മ വറ്റാത്ത ഹൃദയമേ പ്രിയ സലിംബായ്‌ തഗള്‍ക്ക് നമസ്കാരം...സന്തോഷം ഈ അനുഭവം പങ്ങുവച്ചതിന്...

    ReplyDelete