Sunday 15 September 2013

ഉത്രാടപ്പാച്ചില്‍ 2013 ( ന്നാലും ന്‍റെ ഏല്യാമ്മ ചേടത്തീ... ന്‍റെ പയ്നഞ്ചുറുപ്പ്യാ !!!!)




"ഞാന്‍ കൂടല്ല്യാ ന്നു കരുതി ഓണം ആഘോഷിക്കാണ്ടിരിക്കണ്ട.. നല്ല സദ്യെണ്ടാക്കണം..  കസവ്‌ കരെള്ള  സെറ്റ് മുണ്ട് ഒന്ന് മേടിച്ചോ.. ഓണക്കോടി ഒക്കെ ഉടുത്ത് ഓണസ്സദ്യ ഉണ്ണണ  ഫോട്ടോ   അയച്ചെരണം..  മറക്കണ്ട.. ഓണ സ്പെഷല്‍  അയച്ച്‌ണ്ട്. "

സ്കൈപ്പ്  സൈന്‍ ഔട്ട്‌  ചെയ്യാന്‍ നേരം കക്ഷി ഇതും കൂടി പറയാന്‍  മറന്നില്ല..

"പഴ സെറ്റ്‌മുണ്ട് ഉടുത്ത് ഫോട്ടോ എടുത്തു എന്നെ പറ്റിച്ച് ആ  കാശു ഇസ്ക്കാന്‍  നോക്കണ്ട.  നീ നായിന്‍റെ ജന്മാ ന്നു നിക്കറിയാം..  സമുദ്രത്തില് പോയാലും നക്ക്യെ  കുടിക്കൂ..  ഭൂലോക  പിശുക്കി.."






ഹാവൂ.. ഭാര്യേ കുറിച്ച് നല്ല മതിപ്പാ  ല്ലേ.. 

പാവം പ്രവാസി ഹസ്സിനെ വിഷമിപ്പിക്കണ്ടല്ലോ  ന്നു കരുതി സെറ്റ്‌ മുണ്ട് വാങ്ങാന്‍ തന്നെ തീരുമാനിച്ചു.. ആപ്പീസില്‍ നിന്നും ഇത്തിരി നേരത്തെ ഇറങ്ങി.. ഉത്രാടപ്പാച്ചില്‍  എന്ന ചടങ്ങ് തെറ്റിചൂന്നു  വേണ്ട..  പൊടുന്നനെ   2011 ലെ ഉത്രാടപ്പാച്ചില്‍   അനുഭവം മനസ്സില്‍ തെളിഞ്ഞു..  നേരെ വിട്ടു ഇരു ചക്ര  ശകടം മാര്‍ക്കറ്റിലേക്ക്..  പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങി സഞ്ചിയില്‍ നിറച്ചു വണ്ടിയില്‍ കൊളുത്തില്‍ തൂക്കി.  അവിടുന്ന് നേരെ കുറുപ്പേട്ടന്‍റെ      കേരള സ്റ്റോറിലെക്ക്.. ഉപ്പേരിയും നാടന്‍ പപ്പടവും പഴവുമൊക്കെ  അവിടെയെ കിട്ടൂ.. 

കടയില്‍ നല്ല തിരക്ക്.. എല്ലാവരും  ഉത്രാടപ്പാച്ചിലില്‍ ആണെന്ന് തോന്നുന്നു. സ്ഥിരം കസ്റ്റമര്‍  ആയതോണ്ടാവും  കുറുപ്പേട്ടന്‍ എന്നെ നോക്കി  കലക്കനൊരു  ഉത്രാടച്ചിരി  ചിരിച്ചിട്ട് പറഞ്ഞു.... 

ഇത്തിരി തിരക്കാട്ടോ.. ധൃതീണ്ടെങ്കില്  ലിസ്റ്റ് തന്നിട്ട് പൊയ്ക്കോളൂ.. എത്ര വൈക്യാലും  ഇവടത്തെ  ചെക്കന്റെല്  കൊടുത്തയക്കാം. "

"ഓ..  മതി മതി..  കസവ് കരെള്ള  സെറ്റ്മുണ്ട് ണ്ടോ.. ണ്ടെങ്കില്‍  ഒന്ന് കാണിചെരൂ.."

"അയ്യോ.. സെറ്റ് മുണ്ട് ഇല്ല്യാട്ടോ.. ഇപ്പൊ അതൊന്നും കൊണ്ട്രാറില്ല്യ  .  രണ്ടു കൊല്ലം മുമ്പത്തെ സ്റ്റോക്കില്  സെറ്റ്‌ സാരീണ്ട്.. അത് മത്യാവോ? "

ഹും.. പിന്നേ.. ഇയാള്‍ടെ പഴയ സ്റ്റോക്ക്‌ ക്ലിയര്‍ ആക്കാന്‍ വന്നതല്ലേ ഞാന്‍.. എന്‍റെ മണ്ടേല് തന്നെ മളകരക്കണം  ല്ലേ ഇയാക്ക്..  വാക്കുകള്‍ പുറത്തേക്കു വരാതെ കണ്ട്രോള്‍  ചെയ്തു. 

"സാരി വേണ്ട  നിക്ക്  സെറ്റ് മുണ്ട് തന്നെ വേണം.. വേറെ എവട്യാ  കിട്ട്വാ ? "

"ദാ  ഇവിടെ കിട്ട്വാരിക്കും.. ഒന്ന് പോയി നോക്കിക്കോളൂ.. കുറുപ്പേട്ടന്‍  ഒരു തുണ്ട് കടലാസു എന്‍റെ നേരെ നീട്ടി. 

'മാവേലി എമ്പോറിയം'.. പ്രോപ്പറൈറ്റര്‍  എല്യാമ്മാ  വര്‍ഗ്ഗീസ്‌..  ,  ഓ.. അച്ചായത്തി  ആണല്ലോ. ഫോണ്‍ നമ്പറും  അഡ്രസ്സും കൊടുത്തിട്ടുണ്ട്‌. .  ,.  ഇത്തിരി ദൂരമുണ്ട്.. എന്നാലും പോയി നോക്കാമെന്നു വിചാരിച്ചു.. 

കുറുപ്പേട്ടനോട്  സാധനങ്ങള്‍ കൊടുത്തയക്കാന്‍ പറഞ്ഞിട്ട് അവിടുന്ന് ഇറങ്ങി.  പട്ടി ചന്തക്കു പോയപോലെ ആവണ്ടാല്ലേ എന്ന് കരുതി  ഒരിത്തിരി മാറി നിന്ന് ഏല്യാമ്മ ചേടത്തിയുടെ മൊബൈലിലേക്ക്  ഒന്ന് വിളിച്ചു..   ഫോണ്‍ സ്വിച്ച് ഓഫ്‌.. ,.  ചിലപ്പോള്‍ ഓണക്കച്ചവട തിരക്കില്‍ ആവും.. നേരിട്ട് പോവുക തന്നെ.   മാവേലി എമ്പോറിയാം  ലക്ഷ്യമാക്കി  എന്നെയും വഹിച്ചു കൊണ്ട് എന്‍റെ  ശകടം  പാഞ്ഞു..  ഇടയ്ക്കു രണ്ടു മൂന്നു സ്ഥലത്ത് നിര്‍ത്തി ഓട്ടോറിക്ഷക്കാരനോടും  ഒന്ന് രണ്ടു വഴിയാത്രക്കാരോടും  സ്ഥലം  ചോദിച്ചു.. അങ്ങനെ ചോയ്ച്ചു ചോയ്ച്ചു പോയി  ഏല്യാമ്മ  ചേടത്തീടെ ഗേറ്റ്നു മുമ്പില്‍  വണ്ടി നിര്‍ത്തി.

"മാവേലി എമ്പോറിയം"  എന്ന് ചെറിയ അക്ഷരത്തില്‍ ഇംഗ്ലിഷില്‍   ബോര്‍ഡ്‌ എഴുതി  ഗെയിറ്റില്‍ തൂക്കിയിട്ടിരിക്കുന്നു..   ഗെയിറ്റ് തള്ളി തുറന്നു അകത്തു കടന്നു..  ഗെയിറ്റ് കരയുന്ന കരകകര  ശബ്ദം കേട്ട് , കറുത്ത് തടിച്ച,  ഒരു ശരീരം  ഒരു കറുത്ത മാക്സിക്കുള്ളില്‍ കേറി ഉരുണ്ടുരുണ്ട്   വന്നു.. പത്തമ്പത്തഞ്ചു വയസ്സ് പ്രായം കാണും.. 

ഹേയ്.. ഇത് ഏല്യാമ്മ ചേടത്തി  ആവാന്‍ തരല്ല്യ..  കടലാസു തുണ്ടില്‍ ഏല്യാമ്മ വര്‍ഗീസ്‌ എന്ന പേര് കണ്ടപ്പോള്‍ തന്നെ  എന്‍റെ മനസ്സില്‍  എലി വാല് പോലത്തെ ഒരു രൂപം  കോറിയിട്ടിരുന്നു.. കാരണം  എനിക്ക് അറിയാവുന്ന ഏല്യാമ്മമാരെല്ലാം    എലി പോലെ മെലിഞ്ഞവരായിരുന്നു . 

സംശയം ഉള്ളിലൊതുക്കി ഞാന്‍ ചോദിച്ചു  "ഏല്യാമ്മ  ചേടത്തി " ??

ങാ.. ഞാന്‍ തന്ന്യാ  ഞാന്‍ തന്ന്യാ.. ബാ ബാ മോള് വാ.. അകത്തേക്ക് ഇരിക്ക്.." ഏല്യാമ്മ ചേടത്തിക്ക് പുതിയൊരു ഇരയെ കിട്ടിയ സന്തോഷം.. 

സോഫയില്‍ ഇരുന്നു ചുറ്റിനും ഒന്ന് കണ്ണോടിച്ചു..  തരക്കേടില്ലാത്ത  സെറ്റ്‌ അപ്പ് ഒക്കെ തന്നെ..  മുമ്പിലുള്ള ടീപോയില്‍ സെറ്റ്‌ സാരിയും മുണ്ടും   തോര്‍ത്തും  ഒക്കെ വലിച്ചു വാരി ഇട്ടിരിക്കുന്നു..  ഏല്യാമ്മ ചേടത്തി കുശലാന്വേഷണം  തുടങ്ങി.. 

"ഞാന്‍ ഇതിനു മുമ്പ്  മോളെ  കണ്ടിട്ടില്ലല്ലോ.. എവട്യാ താമസം? എത്ര കുട്ട്യോളുണ്ട് ? നാട്ടിലെവിടാ വീട്? ഭര്‍ത്താവിനു എന്താ ജോലി?  മോള് ജോലിക്ക് പോണുണ്ടോ? എത്ര കാലമായി ഗുജറാത്തില്‍ വന്നിട്ട്.. ? ഇപ്പൊ എന്താ മോള്‍ക്ക്‌ വേണ്ടേ  സെറ്റ്  സാര്യോ  അതോ മുണ്ടും നെര്യതോ ?

"ന്‍റെ കര്‍ത്താവേ..!!!  ഈ ഏല്യാമ്മ  ചേടത്തി  ദുരാന്തോ എക്സ്പ്രസ്സിലാണോ നാട്ടീന്നു വന്നത്..  ഒരിടത്തും  സ്റ്റോപ്പ്‌  ഇല്ലല്ലോ..  ഇതൊരു ദുരന്തം ആവാഞ്ഞാല്‍ മത്യാരുന്നു.. " എന്റെ ആത്മഗതം. .

അവസാനത്തെ ചോദ്യത്തിന് മാത്രം ഞാന്‍ മറുപടി കൊടുത്തു..

"എനിക്ക് രണ്ടു  സെറ്റ്‌ മുണ്ട് വേണം..  രണ്ടു മൂന്നു തോര്‍ത്തും.. "

ങാ.. ണ്ടല്ലോ..  മോള്‍ക്ക്‌ പറ്റ്യേ  മുണ്ടുണ്ട്..  ഏല്യാമ്മ ചേടത്തി കുറെ  മുണ്ടുകള്‍ വാരി എന്‍റെ മുന്നിലെക്കിട്ടു..  ഞാന്‍ ഏതെന്കിലും ഒന്നില്‍ തൊട്ടാല്‍ അപ്പൊ വരും  അഭിപ്രായം..

ഇത് അസ്സലായിരിക്കും.. ഇതെടുതോ..
വേറെ ഒരെണ്ണം  നോക്കിയപ്പോള്‍..  "ങാ ഇത് മീഡിയം കരയേ ഉള്ളൂ.. ഇതന്ന്യാ നല്ലത്.. വല്ല്യ കരയോന്നും ഇപ്പൊ ഫാഷന്‍ ഇല്ല.. ഉടുത്താല്‍  ഭംഗീണ്ടാവില്ല..

കസവുകര ഇല്ലാത്ത  വെറും കരയുള്ള മുണ്ട് എടുത്തപ്പോഴും ഉണ്ട് അഭിപ്രായം..
"ഇപ്പൊ ഇതാ മോളെ ഫാഷന്‍.. ,. കസവോന്നും ഇപ്പൊ ആരും ഉടുക്കാറില്ല.. മോളെ പോലെ ചെറുപ്പക്കാരോക്കെ ഇപ്പൊ ഇങ്ങനത്തെ കരയുള്ള മുണ്ടാണ് ഉടുക്കുന്നത്.



ബിസിനസ് മാനേജ്മെന്റില്‍  എം. ബി. എ ബിരുദം  എടുത്തിട്ടാണോ   ഈ ചേടത്തി    മുണ്ട് കച്ചോടം  തുടങ്ങിയത് എന്ന് ഞാന്‍ വെറുതെ  സംശയിച്ചു..  ഇനിയും അവിടെ ഇരുന്നാല്‍ ഈ ഓണത്തിനെന്നല്ല   വിഷുവിനും  തിരുവാതിരക്കും കൂടി  ഏല്യാമ്മ  എന്നെ വിടില്ല എന്ന് തോന്നിയപ്പോള്‍  തിരച്ചില് നിര്‍ത്തി  രണ്ടു മുണ്ടും  രണ്ടു മൂന്നു തോര്‍ത്തും  എടുത്തു വെച്ച്   സംഗതി അവസാനിപ്പിച്ചു..

തിരവു  കഴിഞ്ഞു ബാക്കി വന്ന മുണ്ടുകള്‍  അലമാരയില്‍ വെക്കാന്‍  വാരി കൂട്ടുന്നതിനിടയില്‍  ചേടത്തിയുടെ ചോദ്യം  വീണ്ടും..

"മക്കളൊക്കെ  ഏതു ക്ലാസ്സിലാ പഠിക്കുന്നത്? "

"എനിക്കൊരു മകന്‍ മാത്രെള്ളൂ.. അവന്റെ പഠിത്തം ഒക്കെ കഴിഞ്ഞു.. ജോലി ചെയ്യുന്നു."

ഇത് കേട്ടതും വാരിക്കൂട്ടിയ തുണികള്‍ ചേടത്തി  അവിടെ തന്നെ ഇട്ടു.. രണ്ടു കൈയും ഫ്രീ ആക്കി എന്തോ അത്ഭുതം കേട്ട പോലെ താടിക്ക് താങ്ങു കൊടുത്തിട്ട് പറഞ്ഞു..

"അയ്യോടീ.. കണ്ടാല്‍  പറയില്ലാല്ലോ.  കൊച്ചു പെങ്കൊച്ചിനെ  പോലല്ല്യോ ഇപ്പളും.. ഇത്രേം മുതിര്‍ന്ന മോനുണ്ടെന്നു  ഒരാളും പറയില്ല.   ആട്ടെ.. അപ്പൊ മോക്ക് വയസ്സെത്രയായി ? "

ഈശ്വരാ.. പണി പാളി..  ചേടത്തി ഇങ്ങനൊരു  കുനിഷ്ട് ചോദ്യം ചോദിക്കുമെന്ന് ഇങ്ങോട്ട് വരുമ്പോള്‍ കൂടി പ്രതീക്ഷിച്ചില്ല..  അല്ലെങ്കില്‍ ഒന്ന് പ്രിപ്പയേഡ്     ആവാമായിരുന്നു.. ഇതിപ്പോ അപ്രതീക്ഷിതമായി പോയില്ലേ  ചോദ്യം..   വെറുതെ ആലോചിച്ചു  ചേടത്തിക്ക് സംശയത്തിനു  ഇട കൊടുക്കേണ്ടെന്ന് കരുതി കൃത്യമായ വയസ്സ് തന്നെ പറഞ്ഞു.. 'വയസ്സറിയിച്ചു' കഴിഞ്ഞപ്പോള്‍  ചേടത്തിക്ക്  പിന്നേം അതിശയം.

"ആണോ.. ന്‍റെ  കര്‍ത്താവേ..  കണ്ടാല്‍ തോന്നില്ലാട്ടോ.."  ഞാന്‍ വെറുതെ ചിരിച്ചു..  ഇന്നത്തെ ദിവസം ചുരിദാര്‍ ഇടാന്‍ തോന്നിയത് നന്നായെന്നു   വീണ്ടും ആത്മഗതം..

ഏല്യാമ്മ ചേടത്തി കാല്‍ക്കുലേറ്റര്‍ കൊണ്ടും കടലാസിലെഴുതിയും തലങ്ങും വിലങ്ങും കണക്ക് കൂട്ടി പറഞ്ഞു..

"805/- രൂപയായി.. മോളൊരു  എണ്ണൂറു രൂപ തന്നാ മതി."   ഹോ വമ്പിച്ച വിലക്കിഴിവ്...!!!

"ഓണായിട്ട്  ഡിസ്കൌണ്ട് ഒന്നൂല്ല്യെ  ചേടത്യേ.. " കിട്ട്യാലാവട്ടെ  എന്ന് കരുതി  ചോദിച്ചു.

"ന്‍റെ മോളെ.. ഞാന്‍ അഞ്ചു നയാപൈസ കൂടുതല്‍ മേടിച്ചിട്ടില്ല.. ആ മുണ്ടില്‍ എഴുതിയ വില തന്നെ എടുത്തിട്ടുള്ളൂ..   എനിക്കിതില്‍ ഒരു ലാഭോല്ല്യ.. ലാഭത്തിനു വേണ്ടീട്ടും അല്ല ഞാനിത് ചെയ്യണേ..   ന്‍റെ രണ്ടു മക്കളും പൊറത്താ.."

ഇത് കേട്ടപ്പോള്‍ എനിക്കൊരു സംശയം.. ഞാന്‍ ചോദിച്ചു..  "ചേടത്തിക്ക് രണ്ടും പെണ്‍മക്കള്‍ ആണോ ? കുനിഷ്ട്ടു  ചോദ്യം.. പക്ഷെ ചേടത്തി ആ ചോദ്യം കേട്ടില്ലെന്നു തോന്നുന്നു..

 ചേടത്തി  തുടര്‍ന്നു.. "പിള്ളേരുടെ പപ്പ രാവിലെ ജോലിക്ക് പോവും.. പിന്നെ അതിയാന്‍ ഇരുട്ടിയെ  വരത്തോള്ളൂ. പകല് സമയം നിങ്ങളെ പോലുള്ളൊരു ഇതൊക്കെ വാങ്ങാന്‍ വേണ്ടി വരുമ്പോ ഇത്തിരി മിണ്ടീം പറഞ്ഞും ഇരുന്നു നേരം പോവ്വോല്ലോ എന്ന് കരുതി ചെയ്യണതാണ്..  ഒരു നേരമ്പോക്കിന്..

"ഉം.. വാഴ നനയുമ്പോള്‍ ചീരേം കൂടി നനയൂല്ലോ.." പിന്നേം എന്‍റെ ആത്മഗതം..
കൂടുതലൊന്നും പറയാതെ തുണി പാക്കറ്റും എടുത്തു ഞാന്‍ ഒതുക്ക് ഇറങ്ങി. ഏല്യാമ്മ ചേടത്തി  പിന്നേം എന്തൊക്കെയോ പറഞ്ഞു എന്‍റെ കൂടെ ഗേറ്റ് വരെ വന്നു..  ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ചേടത്തിയുടെ  ആതിഥ്യ മര്യാദ സടകുടഞ്ഞെഴുന്നേറ്റത്..

"അയ്യോടി മോളെ.. വന്നിട്ട് ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ലല്ലോ..  മോള് കേറിയിരി.. ഞാനിച്ചിരി   ചായ ഇടാവേ.."

"ഹും. ബെസ്റ്റ്‌.. .,.. ന്‍റെ ചെടത്യെ.. നിങ്ങടെ നാട്ടില് ഇനീംണ്ടോ   ഇങ്ങനത്തെ ഐറ്റംസ്.. എല്യാമ്മേടെ  ഹസ്സെ.. വര്‍ഗീസ് പുണ്യാളാ.. നിങ്ങളെങ്ങനെ  സഹിക്കുന്നു.. വെറുതെയല്ല  അങ്ങേരു രാവിലെ പോയിട്ട്   ഒരു രാത്ര്യാവുമ്പോ  കേറി വരണത്.. "

എന്‍റെ  ആത്മഗതം പുറത്തു തെറിച്ചത്   ഇങ്ങനെ.."  വേണ്ട ചേച്ച്യേ.. ഇനിയോരിക്കാലാവട്ടെ.. നേരം സന്ധ്യായി... പരിചയപ്പെട്ടതില്‍  സന്തോഷം.. അഡ്വാന്‍സായി  ഓണാശംസകള്‍..","   എല്യാമ്മ  ഖുസ് ഹോഗയി..

വീട്ടിലെത്തി.. വയറുനിറയെ  ഒരു പാത്രം പച്ച വെള്ളം കുടിച്ചു ഒന്ന് വിശ്രമിച്ച ശേഷം   തുണി പാക്കറ്റ് തുറന്നു.. മുണ്ടുകളുടെ പുറത്തു പതിച്ച വില എഴുതിയ സ്റ്റിക്കര്‍  കണ്ണില്‍ പെട്ടപ്പോള്‍  ഏല്യാമ്മ ചേടത്തി  കണക്ക് കൂട്ടി തന്ന കടലാസു ഒന്നൂടി നോക്കി..

ങേ..  രണ്ടാമതും മൂന്നാമതും നാലാമതും തലങ്ങും വിലങ്ങും കൂട്ടിയിട്ടും  785/- തന്നെയാണ് കിട്ടുന്നത്.

ന്നാലും ന്‍റെ ഏല്യാമ്മ  ചേടത്യേ.. അഞ്ചു രൂപ വന്‍പിച്ച വിലക്കിഴിവ് തന്നു എന്നും പറഞ്ഞിട്ട്  ഇതിപ്പോ എന്റെന്നു പതിനഞ്ചു രൂപാ അധികം ആണല്ലോ  വസൂലാക്കിയത്..

പതിനഞ്ചു രൂപ കിട്ടിയില്ലെങ്കിലും വേണ്ടില്ല.. സംഗതി ഞാനറിഞ്ഞു   എന്നോന്നറിയിക്കാനായി മൊബൈലില്‍ ചേടത്തിയുടെ നമ്പര്‍  ഞെക്കി.. ഇപ്പോഴും ആ കുന്ത്രാണ്ടം സ്വിച്ച്  ഓഫ്‌ തന്നെ..  നേരിട്ട് പോകാമെന്ന് വെച്ചാല്‍  അമ്പതു രൂപയുടെ പെട്രോള്‍ ചിലവാക്കണം.. ഞാനത്രക്ക് വിഡ്ഢിയല്ലല്ലോ  പതിനഞ്ചു രൂപയ്ക്കു വേണ്ടി അമ്പതു രൂപയുടെ പെട്രോളും കത്തിച്ചു വീണ്ടും അത്രേം ദൂരം പോവാന്‍..  ,.  ഈ നഷ്ട്ടം സഹിക്കുക തന്നെ..

ഒരു നിമിഷം എന്തോ ഓര്‍ത്തിട്ടു  വേറൊരു നമ്പര്‍ ഞെക്കി..
"ഹലോ.. കുറുപ്പേട്ടനല്ലേ..   സാധനങ്ങള്‍ കൊടുത്തയക്കുമ്പോ  നാക്കില ക്യാന്‍സല്‍ ചെയ്തോളൂട്ടോ..  എല  എനിക്ക് വേറെ കിട്ടി."

ആര്‍ക്കും ഒരുപദ്രവം ഇല്ലാത്ത ഒരു നുണ പറയുന്നതില്‍ എന്താ തെറ്റ്..  കഴിഞ്ഞ തവണ നാട്ടില്‍ പോവുമ്പോ പൊതിച്ചോറ്  കെട്ടാന്‍ വാങ്ങിയ പ്ലാസ്റ്റിക് ഇല മൂന്നാലെണ്ണം  ബാക്കി ഉണ്ട്.. ഓണസ്സദ്യ  അതില്‍ വിളമ്പാം.. മ്മടെ മാവേല്യല്ലേ  പൊറുത്തോളും. വിലക്കയറ്റവും   രൂപേടെ മൂല്യമിടിഞ്ഞ വിവരോം ഒക്കെ പാതാളത്തിലും  അറിഞ്ഞു കാണൂല്ലോ..

പതിനഞ്ചു രൂഫാ  നഷ്ട്ടായാലും, ഗള്‍ഫില്‍,   ഓണക്കോടി ഉടുത്ത എന്‍റെ ഫോട്ടോയും  പ്രതീക്ഷിച്ചു ഇരിക്കുന്ന എന്‍റെ സ്വന്തം മാവെല്യെ  സന്തോഷിപ്പിക്കാമല്ലോ  എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചിട്ടും...  ഇടയ്ക്കിടെ   ഒരു ആത്മഗതം തികട്ടി വരും..

"എങ്കിലും ന്‍റെ ഏല്യാമ്മ ചേടത്തീ.. ന്‍റെ പയ്നഞ്ചുറുപ്പ്യാ !!!!!!!!!!!!!!!!

എല്ലാ കൂട്ടുകാര്‍ക്കും പൊന്നോണാശംസകള്‍ ..!!!

സ്നേഹപൂര്‍വ്വം              -: പത്മശ്രീ നായര്‍..:--



Friday 6 September 2013

അദ്ധ്യാപക ദിനത്തിന്‍റെ ഓര്‍മ്മയില്‍....,..!!

ഫ്രോക്ക് ഇട്ടു നടക്കുന്ന പ്രായത്തില്‍ തന്നെ മനസ്സിന്‍റെ അടിത്തട്ടില്‍  മുളയിട്ട ഒരു മോഹമായിരുന്നു   വലുതാവുമ്പോള്‍  ഒരു അദ്ധ്യാപിക ആവണം എന്നത്.. വളര്‍ന്നു വരുന്നതിനനുസരിച്ച്  ആ മോഹവും വളര്‍ന്നു വന്നു..      വാഴ നാരു ഇടുപ്പില്‍ കെട്ടി, അമ്മയുടെ പഴയ സാരി വാരി വലിച്ചു ചുറ്റി   കൈയ്യിലൊരു വടിയുമായി, അയല്‍വക്കത്തെ കുട്ടികളെ തിണ്ണയില്‍  നിരത്തി ഇരുത്തി  ടീച്ചര് കളിക്കുമായിരുന്നു..







സ്കൂളിലേക്കുള്ള യാത്രയില്‍ മിക്ക ദിവസവും  സുശീല ടീച്ചര്‍ കൂടെ കാണും.. വെളുത്തു  അധികം വണ്ണം ഇല്ലാത്ത  ഓരോ ദിവസവും  മാറി മാറി ഭംഗിയുള്ള  സാരികള്‍ ഉടുത്തു വരുന്ന  സാമൂഹ്യ പാഠം പഠിപ്പിക്കുന്ന ടീച്ചറെ കാണാന്‍ നല്ല ചന്തമാണ്.. അതിനേക്കാള്‍ രസമാണ്  പിന്നിയിട്ട മുടി നിതംബത്തില്‍ നൃത്തം വെക്കുന്നത് കാണാന്‍.. ,.. അത് ആസ്വദിക്കാന്‍ വേണ്ടി  ടീച്ചറുടെ  പിന്നാലെയെ നടക്കൂ..

പിന്നെ രവീന്ദ്രന്‍ മാഷ്‌..,. ജയരാജ്‌ മുണ്ടുടുത്തു സിനിമാനടന്‍  ജയറാം  വരുന്നപോലെയാണ്   രവീന്ദ്രന്‍ മാഷുടെ ക്ലാസിലേക്കുള്ള എന്‍ട്രി..  പുറകിലൂടെ  വന്നു കണ്ണു പൊത്തി,  മുടിയില്‍ മുല്ലപ്പൂ ചൂടിച്ചു  മരച്ചുവട്ടില്‍ ഇരിക്കുന്ന കുമാരനാശാന്റെ  നളിനിക്ക് ജീവന്‍ കൊടുക്കുന്ന രവീന്ദ്രന്‍ മാഷ്‌..,. മലയാള കവിതകള്‍  താളത്തില്‍ ചൊല്ലാന്‍  രവീന്ദ്രന്‍ മാഷല്ലാതെ മറ്റൊരാള്‍ ഇല്ലായിരുന്നു.

പിന്നെ  കണക്ക് പഠിപ്പിക്കുന്ന സരസ്വതി ടീച്ചര്‍.. ,. വിദ്യാര്‍ഥികളെ "പോത്ത്വോളേ "  എന്ന് മാത്രം വിളിക്കുന്ന,  കുട്ടികള്‍ "പൂതന" എന്ന് ഓമനപ്പേരിട്ട  സരസ്വതി ടീച്ചര്‍  എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു.. രണ്ടും മൂന്നും വടികള്‍ കൂട്ടികെട്ടിയാണ്   തല്ലുക.. കണക്കില്‍  അന്നും ഇന്നും കണക്കായ  ഞാന്‍  ടീച്ചറുടെ  അടി കൊണ്ട് എത്രയോ വട്ടം  നിന്ന നില്‍പ്പില്‍ മൂത്രമോഴിച്ചിരിക്കുന്നു..  ടീച്ചര് ലീവെടുക്കാന്‍ വേണ്ടി  എത്രയോ ചന്ദനത്തിരികള്‍   ദൈവങ്ങളുടെ  ഫോട്ടോക്ക് മുന്നില്‍    വഴിപാടു  കത്തിചിരിക്കുന്നു..

രസതന്ത്രം പഠിപ്പിക്കുന്ന, ബാലചന്ദ്ര മേനോനെ പോലെ, ഷര്‍ട്ടിനിടയിലൂടെ  ഇടയ്ക്കിടെ  കൈകൊണ്ടു തപ്പി നോക്കി  'എല്ലാം അവിടെ തന്നെ ഇല്ലേ' എന്ന് ഇടയ്ക്കിടെ ഉറപ്പു വരുത്തുന്ന ജയരാമന്‍ മാഷുടെ ക്ലാസ്സ് സൂപ്പര്‍ ബോറടി തന്നെയായിരുന്നു.. മണിയന്‍ നായരുടെ പീടികയുടെ പുറകില്‍ നിന്നും പെറുക്കി കൊണ്ട് വന്ന പച്ചപ്പുളി വീട്ടില്‍ നിന്നും കടലാസില്‍ പൊതിഞ്ഞു കൊണ്ട് വന്ന ഉപ്പില്‍ മുക്കി തിന്നാണ്  ആ ബോറടി മാറ്റിയിരുന്നത്..

ഇംഗ്ലിഷ്  പഠിപ്പിക്കുന്ന, മക്കളില്ലാത്ത  കുഞ്ഞാറന്‍ ടീച്ചര്‍ക്ക്  വിദ്യാര്‍ഥികള്‍  സ്വന്തം മക്കളായിരുന്നു..

ഡ്രോയിംഗ്  പഠിപ്പിക്കുന്ന അനന്തന്‍ മാഷ്‌, സയന്‍സ് എടുക്കുന്ന   കുള്ളന്‍ കര്‍ത്താവ് മാഷ്‌,  കൈതുന്നല്‍ പഠിപ്പിച്ചിരുന്ന അന്നമ്മ ടീച്ചര്‍.. ,..   ഇവരുടെ മുഖങ്ങള്‍ ഇന്നും മനസ്സില്‍ മങ്ങാതെ മായാതെ നിറഞ്ഞിരിക്കുന്നു..

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ കൂടെ പഠിച്ച പല കൂട്ടുകാരികളും ടി.ടി.സി. ക്ക് ചേര്‍ന്ന്.. റോസ് കളര്‍ പാവാടയും ദാവണിയും ചുറ്റി ബസ്സില്‍  പഠിക്കാന്‍ പോകുന്ന അവരെ  നിറ കണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്.. സാമ്പത്തിക വിഷമങ്ങള്‍ കാരണം  എന്‍റെ മോഹങ്ങള്‍ക്ക്   മനസ്സില്‍ ശവക്കല്ലറ  പണിത്  അതില്‍ ജീവനോടെ കുഴിച്ചു മൂടി..

അന്തരാത്മാവില്‍ ഇപ്പോഴും ഒരു അദ്ധ്യാപിക വിലപിക്കുന്നത് കൊണ്ടാവാം, എനിക്കൊരു ടീച്ചറുടെ ഭാവം മുഖത്ത് ഉണ്ടോ?  എനിക്കറിയില്ല.. പക്ഷെ   മുഖപുസ്തകത്തില്‍ ഉള്‍പ്പെടെ   നൂറു കണക്കിനാളുകള്‍  എന്നോട് ചോദിച്ചിട്ടുണ്ട്..  ടീച്ചറാണോ  എന്ന്..  നടക്കാതെ പോയ മോഹത്തിന്റെ പ്രതിഫലനമാവം  ഒരു പക്ഷെ..

ഞാന്‍ ആരാധിക്കുന്ന  ഒരു പ്രൊഫഷന്‍ ആണ് അധ്യാപനം..   അറിവ് പകര്‍ന്നു കൊടുക്കുക, മനസ്സിലെ ഇരുട്ടകറ്റുക, നേര്‍വഴി കാണിച്ചു കൊടുക്കുക  ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇതൊക്കെ മഹത്ത്വമുള്ള കാര്യങ്ങളാണ്..

അദ്ധ്യാപക ദിനം ആചരിക്കുന്ന  ഈ അവസരത്തില്‍  എല്ലാ ഗുരുക്കന്മാര്‍ക്കും  എന്‍റെ  വിനീതമായ  വന്ദനം..
-------------------------------------------------------------------------------

വാല്‍ക്കഷ്ണം :  അദ്ധ്യാപിക  ആവാതിരുന്നത്  ഒരു പക്ഷെ നല്ലതിനാവും.. അങ്ങനെ എങ്ങാനും സംഭവിചിരുന്നെങ്കില്‍  എത്രയോ കുട്ടികളുടെ ഭാവി  അവതാളത്തില്‍  ആയെനേം..   ഇത് നിങ്ങള്‍ പറയുന്നതിന് മുമ്പ്  ഞാന്‍ തന്നെ പറഞ്ഞേക്കാം..  എനിക്കറിയില്ലേ  എന്‍റെ ചങ്ങാതിമാര്  വേന്ദ്രന്‍മാരാണെന്ന്..  എന്നോടാ  കളി..!!!


-പത്മശ്രീ നായര്‍-