Sunday 13 October 2013

വിജയദശമി ഓര്‍മ്മകളിലൂടെ....!!




വിജയദശമിയും പൂജ വെയ്പ്പും ഒക്കെ  സമ്മാനിച്ചതു  മറക്കാനാവാത്ത കുറെ  ബാല്യകാല സ്മരണകള്‍ ആണ്..  കുട്ടിക്കാലത്ത്  ഏറെ  സന്തോഷിച്ച ദിവസങ്ങളായിരുന്നു  പുസ്തക പൂജ  ദിവസങ്ങള്‍..





"തെണ്ടി നടക്കാതെ പോയിരുന്നു  വല്ലോം രണ്ടക്ഷരം  പഠിക്കാന്‍ നോക്കെടീ"  എന്ന അമ്മേടെ തെരുതെരെ ഉള്ള ചീത്ത  കേക്കണ്ടല്ലോ  എന്നതാണ് വല്ല്യ സന്തോഷം.. 

വാഗ്ദേവിക്ക് വിശ്രമം കൊടുക്കുന്ന ആ നാളുകള്‍  വളരെ സുന്ദരമായിരുന്നു.. 
ദേവീ പൂജക്ക് ഒഴിച്ച് കൂടാന്‍  പറ്റാത്തതാണല്ലോ അവില്‍.. അന്ന് അവില്‍ ഇടിക്കുന്ന മില്ല്  അടുത്തൊന്നും ഉണ്ടായിരുന്നില്ല.. കിലോമീറ്ററുകള്‍ക്കപ്പുറത്ത്  പട്ടിപ്പറമ്പ്  എന്ന സ്ഥലത്താണ്  ആകെ ഒരു  മില്‍  ഉള്ളത്.. അവിടേക്ക് ഞങ്ങള്‍ അഞ്ചാറു കുട്ടികള്‍ , രണ്ടുമൂന്നു ദിവസം കുതിര്‍ത്തു വാരി വെച്ച  നെല്ലുമായി  അതിരാവിലെ നടന്നു പോവും.. നല്ല തിരക്കായിരിക്കും.  വൈകുന്നെരതോടെയെ തിരിച്ചു വരാന്‍ പറ്റൂ..  അതുകൊണ്ട് മില്ലില്‍ ഇരുന്നു കഴിക്കാനായി എന്തെങ്കിലും   അമ്മ പൊതിഞ്ഞു തരും..

നെല്ലുമായി   വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിക്കും..  
"അത് പൂജക്കുള്ളതാണ്..  വാരിത്തിന്ന്  എച്ചിലാക്കാന്‍ പാടില്ല്യാട്ടോ". 

ദൈവകോപം ഉണ്ടായാലോ എന്ന പേടി കൊണ്ടും ചൂടുള്ള അവില് ഒന്ന് രുചിച്ചു നോക്കാതെ   തലയില്‍ ചുമന്നു കൊണ്ട് വരാനുള്ള മനസ്സില്ലാത്തത് കൊണ്ടും  മില്ലില്‍ വെച്ച് തന്നെ  വഴിച്ചിലവിനുള്ള  അവില് വേറൊരു കവറില്‍ ആക്കും..  വഴിക്ക് കാണുന്ന  കടയില്‍ കേറി  ശര്‍ക്കരയും തേങ്ങാപ്പൂളും  വാങ്ങി  അവിലും കൂട്ടി തിന്നു വയറു വീര്‍പ്പിച്ചു  നാല് മണിയോടെ  മുഖത്ത് കൃത്രിമ ക്ഷീണം വരുത്തി  എച്ചിലാക്കാത്ത അവിലുമായി  നല്ല കുട്ടികളായി വീട്ടിലെത്തും.. 

ആദ്യമൊക്കെ തറവാട്ടില്‍  ആയിരുന്നു പുസ്തകം പൂജക്ക് വെച്ചിരുന്നത്.. വേറെയും കുട്ടികള്‍  അവിടെ വരും. മൂന്നു ദിവസത്തെ പൂജക്ക്, അവിലോ മലരോ പഴമോ  മറ്റു പൂജാ സാധനങ്ങളോ ഒക്കെ കൊണ്ട് പോണം.. കോമരം ഉറയുന്ന കൃഷ്ണന്‍ കുട്ടി മാമയായിരുന്നു  പൂജിച്ചിരുന്നതും  ചെറിയ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നതും.. പൂജക്കൊടുവില്‍ പ്രസാദം പങ്കിടുന്ന സമയത്ത്  അമ്മാമ  പക്ഷഭേദം കാണിക്കും.. സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് ഇല നിറയെ പ്രസാദം കൊടുക്കുമ്പോള്‍,   ഞങ്ങള്‍ക്കൊക്കെ  കൈ നിറയെ പ്രസാദം വാരുന്നു എന്ന്  കഷ്ട്ടപ്പെട്ട് വരുത്തുന്ന  മുഖഭാവവും  ഇലചീന്തില്‍  ഒരിത്തിരി പ്രസാദവും മാത്രേ തരൂ..  ഈ പരിപാടി തുടര്‍ന്നപ്പോള്‍   അവിടെ കൊണ്ട് പോയി പുസ്തകം വെക്കുന്ന  പരിപാടി നിര്‍ത്തി..  തൊട്ടടുത്തുള്ള അമ്പലത്തില്‍ ആക്കി.. 

പഴയ മനോരമ പത്രത്തില്‍  പൊതിഞ്ഞു  വെള്ളക്കടലാസില്‍ അമ്മയുടെ വടിവൊത്ത  കൈയ്യക്ഷരങ്ങളാല്‍   പേരെഴുതി ഒട്ടിച്ച പുസ്തക കെട്ടില്‍  ഏറ്റവും മുകളില്‍ കണക്ക് പുസ്തകം തന്നെ ആയിരിക്കും.. കണക്കില്‍ അന്നും ഇന്നും കണക്കായ ഞാന്‍,  കണക്ക് പഠിപ്പിച്ചിരുന്നത് ഒട്ടും ദയയില്ലാതെ പിള്ളേരെ  തല്ലി മൂത്രമൊഴിപ്പിച്ചിരുന്ന   സരസ്വതി എന്ന പേരുള്ള ടീച്ചര്‍ ആയിരുന്നിട്ടും കണക്കിന്റെ കാര്യത്തില്‍   സരസ്വതി ദേവി  എന്നെ അനുഗ്രഹിക്കാന്‍ മടി കാണിച്ചു..  എങ്ങാനും കനിവ് കാണിച്ചെങ്കിലോ എന്ന് കരുതിയാണ് കണക്ക് പുസ്തകം മുകളില്‍ തന്നെ വെക്കുന്നത്.. 

വൈകുന്നേരത്തെ  പൂജക്ക് മാത്രേ  പോവാറുള്ളൂ  കാരണം അപ്പഴേ  പ്രസാദം തിന്നാന്‍ കിട്ടൂ..  അമ്പലത്തിലെ അഗ്രശാലയില്‍  മറ്റു കുട്ടികളോടൊപ്പം    മലരിലെ നെല്ല് പെറുക്കിയും   പൂജക്കുള്ള പൂക്കള്‍ വൃത്തിയാക്കിയും   ചന്ദന മുട്ടി കല്ലില്‍ ഉരച്ചു ചന്ദനം ഉണ്ടാക്കി കൊടുത്തും ചുറ്റമ്പലത്തിനു ചുറ്റും വെച്ച ചിരാതുകളില്‍ എണ്ണയും തിരിയുമിട്ടു ദീപം തെളിയിച്ചും  പൂജാകാലം ആഘോഷമാക്കിയിരുന്നു..  വിജയദശമി ദിവസം പൂജയെടുപ്പ്..  ദക്ഷിണ കൊടുത്തു പൂജാരിയില്‍ നിന്നും പുസ്തക കെട്ടു വാങ്ങുമ്പോള്‍ .. അന്നും ഇന്നും  എന്നും  മനസ്സില്‍ നിന്നും വരുന്ന പ്രാര്‍ഥനാ മന്ത്രം  "കൃഷ്ണാ  ഗുരുവായൂരപ്പാ   രക്ഷിക്കണേ.."  എന്ന് മാത്രം..  കരഞ്ഞു നിലവിളിച്ചും കൈകാലിട്ടടിച്ചും  അനുസരണയോടും അനുസരണക്കേട്‌ കാണിച്ചും  കുടുംബത്തിലെ ശ്രീധരമ്മാമയുടെ മടിയില്‍ ഇരുന്നു സ്വര്‍ണ്ണ മോതിരത്താല്‍  നാവിലും മനസ്സിലും ആദ്യാക്ഷരം കുറിക്കുന്ന  കുരുന്നുകള്‍.. 

വര്‍ഷങ്ങള്‍ക്കു ശേഷവും മഹാനവമിയും വിജയദശമിയും ആഘോഷിക്കുന്ന ഈ അവസരത്തില്‍  എന്‍റെ  ഗതകാല  പൂജാ സ്മൃതികള്‍ക്ക് തുളസിയുടെയും തെച്ചിപ്പൂവിന്റെയും കളഭത്തിന്റെയും കര്‍പ്പൂര ദീപ ധൂപത്തിന്‍റെയും സുഗന്ധം..  അവിലും മലരും  പഴവും ശര്‍ക്കരയും തേങ്ങയും പയറു പുഴുക്കും കൂട്ടി കുഴച്ച ഇലചീന്തില്‍  വിളമ്പുന്ന തീര്‍ത്ഥം തളിച്ച പ്രസാദത്തിന്‍റെ  രുചി നാവിന്‍ തുമ്പില്‍...




ഈ ഓര്‍മ്മകുറിപ്പ്‌ എഴുതുമ്പോള്‍  വാഗ്ദേവിയുടെ അനുഗ്രഹം കുറച്ചൊക്കെ എനിക്കും  ഉണ്ടെന്നുള്ള വിശ്വാസം.  അതില്ലെങ്കില്‍ എനിക്കിത് എഴുതാന്‍ കഴിയില്ലല്ലോ.. 

ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണ നായകോ മേ 
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം 
സര്‍വാര്‍ത്ഥകാരിണീ സരസ്വതീ ദേവി വന്നെന്‍ 
നാവില്‍ കളിക്ക കുമുദേഷു നിലാവു പോലെ...
                                            
വെള്ളപ്പ ളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ 
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ 
വെള്ളത്തിലെ തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ.. 

.. എല്ലാ കൂട്ടുകാര്‍ക്കും  വിജയദശമി  ആശംസകള്‍..


-പദ്മശ്രീനായര്‍....





Friday 11 October 2013

ബാല്യത്തിലെ സമരമുറകളിലൂടെ....!!




കുട്ടിക്കാലത്ത് സഹോദരങ്ങളുമായി തല്ലുണ്ടാക്കിയാലോ അമ്മെടെന്നു തല്ലു കിട്ടിയാലോ ഒക്കെ എന്‍റെ സമര മുറ അത്താഴ പട്ടിണി കിടക്കുക എന്നതായിരുന്നു. ഉണ്ണാന്‍ സമയമായാല്‍ അമ്മ വിളിക്കും.. പക്ഷെ ഞാന്‍ പോവില്ല.. ഇത്തിരി മസില് പിടിക്കും. പണ്ടേ ഒരഭിമാനി ആണേ.. എനിക്ക് വേണ്ടെന്നും പറഞ്ഞു ഇടനാഴിയുടെ ഒരറ്റത്ത് എനിക്കായി പട്ടയം പതിച്ചു തന്ന സ്ഥലത്ത് കിടക്ക വിരിച്ചു കിടക്കും.. പക്ഷെ വയറിനു ഇതൊന്നും അറിയില്ലല്ലോ.. 






അടുക്കളെന്നു തട്ടും മുട്ടുമൊക്കെ കേള്‍ക്കാം.. മീന്‍ വറുത്തത് ഒന്നൂടി തിന്നോടീ.. നിനക്ക് ഇനി മീന്‍ വേണോടാ എന്നൊക്കെ അമ്മ അവരോടു ചോദിക്കുന്ന കേള്‍ക്കുമ്പോള്‍ കലിയിളകും.. ഇവര്‍ക്ക് ഒരിക്കല്‍ കൂടി എന്നെ നിര്‍ബന്ധിച്ചു വിളിച്ചാലെന്താ ചേതം എന്നൊക്കെ മനസ്സില്‍ പ്രാകും..

ഒരിക്കല്‍ കൂടി വിളിക്ക്വാണെങ്കില്‍, വിസിലടി കേള്‍ക്കാന്‍ കാതോര്‍ത്തു നില്‍ക്കുന്ന അത്ലറ്റിനെ പോലെ അടുക്കളയിലേക്കു എണീറ്റ് ഓടാന്‍ തെയ്യാറായിട്ടാവും ഞാനിരിക്ക്യ.. എബടെ.. എല്ലാരും മൂക്ക് മുട്ടെ തിന്നു വെള്ളോം കുടിച്ചു എമ്പക്കോം വിട്ടു അവനവന്‍റെ സ്ഥാനത്ത് കിടപ്പാവും.. നേരം വെളുത്താല്‍ ഇവര്‍ക്ക് തൂറ്റല് പിടിക്കണേ ന്നു പ്രാവീട്ടും വിശപ്പു കത്തിക്കാളുന്ന വയറും അമര്‍ത്തി പിടിച്ചു കമഴ്ന്നങ്ങു കിടക്കും.. കുറച്ചു നേരം കഴിയുമ്പോള്‍ വയറു പൊട്ടെ തിന്നു കേറ്റിയ നിര്‍വൃതിയില്‍ അവിടന്നും ഇവടന്നും ഒക്കെ കൂര്‍ക്കം വലി കേള്‍ക്കാം.. അവരുടെ കൂര്‍ക്കം വലിയും എന്‍റെ വിശപ്പിന്റെ വിളിയും കൂടി ചേര്‍ത്താല്‍ നല്ലൊരു റീമിക്സ് ഗാനത്തിന് പിറവി ആയി.

അധികം പിടിച്ചു നിക്കാന്‍ വയ്യ.. പതുക്കെ ശബ്ദം കേള്‍പ്പിക്കാതെ റാന്തല്‍ വിളക്കിന്റെ തിരി തെളിച്ചു ഊണ്തളത്തിലേക്കുള്ള വാതില് ഒച്ചയുണ്ടാക്കാതെ തുറന്നു അടുക്കളേല്‍ കേറി, ബാക്കിയുള്ള വെള്ളമൊഴിച്ചു വെച്ച ചോറ് കുറെ വിളമ്പി ഉപ്പും ഇട്ടു, കഴുകി കമഴ്ത്തി വെച്ചിരിക്കുന്ന കറിപാത്രവും മീന്‍ വറുത്തതിന്റെ കരിഞ്ഞു പിടിച്ച മെഴുക്ക് ഇളക്കാന്‍ വെള്ളം ഒഴിച്ച് വെച്ചിരിക്കുന്ന ചീനച്ചട്ടിയെയും നോക്കി നെടുവീര്‍പ്പിട്ടു, രണ്ടു മൂന്നു ചുവന്നുള്ളിയും കടിച്ചു ആക്രാന്തത്തിന്റെ അകമ്പടിയോടെ ചോറുണ്ടു ശബ്ദമില്ലാതെ ഏമ്പക്കം വിടുമ്പോള്‍ വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ട സുഖം ആയിരുന്നു.. ഭക്ഷണത്തിന്‍റെ രുചി വിശപ്പ്‌ ആണെന്ന് പിന്നീടാണ് തിരിച്ചറിവുണ്ടായത്.

ഒരിക്കല്‍ ആക്രാന്തം പിടിച്ചു തിന്നുമ്പോള്‍ വറ്റ് മൂക്കില്‍ കേറി തുമ്മലും ചുമയും ഒക്കെ ആയി.. അന്ന് പാതിരാക്കുള്ള കട്ടു തീറ്റ കൈയ്യോടെ പിടി കൂടി. ആകെ ചമ്മി നാശായി.. അതോടെ എത്രയൊക്കെ തല്ലു കൂടിയാലും അത്താഴ പട്ടിണി കിടക്കില്ല..

നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാവുമല്ലേ ഇത്തരം ഓര്‍മ്മകള്‍.. ..,...



-പദ്മശ്രീനായര്‍....

Tuesday 8 October 2013

നവരാത്രി




അഹമ്മദാബാദില്‍ നവരാത്രി ആഘോഷങ്ങള്‍ തകര്‍ക്കുന്നു.

ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി പൂജ..






ഞങ്ങളുടെ ഫ്ലാറ്റിലും വൈകുന്നേരം എട്ടു മണിയോടെ തുടങ്ങും. ദീപാലങ്കാരങ്ങളുടെ വര്‍ണ്ണ വിസ്മയം. വൈകുന്നേരം ദേവിക്ക് ആരതി. തുടര്‍ന്ന് സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ദാണ്ടിയ ഡാന്‍സ്‌.. പുലര്‍ച്ചെ മൂന്നു മണി വരെ നീളും.. അവസാന നാളുകളില്‍ പുലരുവോളം.. ചുരുക്കി പറഞ്ഞാല്‍ ശബ്ദ കൊലാഹലങ്ങല്‍ക്കിടക്കു ഈ ദിവസങ്ങളില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിയാറുള്ളൂ..
പത്താം ദിവസം വിജയദശമി നാള്‍. അന്ന് യാഗ ശാലയും ഹോമകുണ്ഡവും മന്ത്രോച്ചാരണങ്ങളുടെ പ്രവാഹവുമായി ഭക്തി നിര്‍ഭരമായ ഒരന്തരീക്ഷം..




എല്ലാം കൊണ്ടും ഒരുത്സവ പ്രതീതി തോന്നിക്കുന്നു.. ഓരോ ആഘോഷവും അതിന്റേതായ പ്രാധാന്യം നല്‍കി ആഘോഷിക്കാന്‍ ഈ നാട്ടുകാര്‍ നമ്മള്‍ മലയാളികളേക്കാള്‍ മുന്നിലാണ്..
അവസാന ദിവസമായ വിജയദശമി നാളിലെ വൈകുന്നേരത്തെ ആരതിയും തുടര്‍ന്ന് നടക്കുന്ന പ്രസാദ ഊട്ടും കഴിഞ്ഞാല്‍ അക്കൊല്ലത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുകയായി.. പിന്നെ ദീപാവലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി.
ഞാന്‍ പറയാന്‍ ഉദ്യേശിച്ചതു ഇതൊന്നുമല്ല. എന്‍റെയൊരു സംശയം ആണേ.. ദേവീ ജപവും ആരതിയും (ദീപാരാധന) താളമേളങ്ങളോടെ അതിന്റെ പാരമ്യതയില്‍ എത്തുമ്പോള്‍ ചില സ്ത്രീകള്‍ക്ക് വിറയല്‍ വരാറുണ്ട്. പിന്നീടത് ഉറഞ്ഞുതുള്ളലായി മാറും. മൂന്നാലാളുകള്‍ കിണഞ്ഞു ശ്രമിച്ചാലും അവരെ പിടിച്ചു നിര്‍ത്താന്‍ നന്നേ പ്രയാസപ്പെടേണ്ടി വരും. അവസാനം ദേവിയുടെ മുമ്പില്‍ വെച്ചിരിക്കുന്ന തീര്‍ത്ഥത്തില്‍ നിന്നൊരിത്തിരി തീര്‍ത്ഥം തളിച്ച് നെറ്റിയില്‍ ഒരു നുള്ള് കുങ്കുമം തൊടുവിക്കുന്നതോടെ വിറയലുകാരി 'ശാന്ത 'യാവുന്നു. ഇതൊരു ശുഭ ലക്ഷണമായി ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.. പൂജയില്‍ തൃപ്തയായി 'മാതാജി' തന്‍റെ ചൈതന്യം അറിയിച്ചു എന്നാണു പറയുന്നത്..
എന്‍റെ സംശയം അതല്ല.. എന്തു കൊണ്ട് സ്ത്രീകളുടെ ശരീരത്തില്‍ മാത്രം ഈ മാതാജി വരുന്നത്.. ദേവീ പ്രാധാന്യം ഉള്ളത് കൊണ്ടാണോ 'പിതാജി'യെ കൂട്ടാതെ മാതാജി മാത്രം തനിച്ചു വരുന്നത്.. അങ്ങിനെയെങ്കില്‍ ശ്രീകൃഷ്ണ ജയന്തിക്കും ശിവരാത്രിക്കും ഒക്കെ നടക്കുന്ന പൂജകളില്‍ പുരുഷന്മാരുടെ ശരീരത്തില്‍ പിതാജി സന്നിവേശിക്കെണ്ടതല്ലേ..
ഇവിടെയും സ്ത്രീകളുടെ ആധിപത്യം തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാം ല്ലേ...
ജയ്‌ മാതാജി..

-പദ്മശ്രീനായര്‍.

Tuesday 1 October 2013

ഓണക്കാലം... ഓര്‍മ്മകളിലൂടെ




ഓണക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍  കുട്ടിക്കാലമാണ്  ഓര്‍മ്മയില്‍ തെളിയുക. കൂട്ടുകാരോടൊത്ത് പൂക്കള്‍ പറിക്കാന്‍ പോയതും ചാണകം കൊണ്ട് വട്ടത്തില്‍  കളം ഇട്ടു, തുമ്പയും തെച്ചിയും കാക്കപ്പൂവും ചെമ്പരത്തിയും നിത്യകല്യാണിയും അരളിയും ഇടകലര്‍ത്തി  വര്‍ണ്ണശബളമായ പൂക്കളം.. പുത്തനുടുപ്പും  പുത്തരിയും.. ഓര്‍മ്മകള്‍ ആയി മാറി എങ്കിലും  ഓര്‍മ്മകല്‍ക്കെന്തു  സുഗന്ധം..

ഓണക്കാലത്തെ മറ്റൊരു പ്രത്യേകത വിളവെടുപ്പ് കാലം കൂടി ആണ് എന്നത് തന്നെ.. മലയാള സംസ്കാരത്തിന്‍റെ ഭാഗമായ കൊയ്ത്തും മെതിയും, നിറ പുത്തരിയും..




എന്‍റെ കുട്ടിക്കാലത്ത് ഒട്ടു മിക്ക നായന്മാര്‍ക്കും നെല്‍ കൃഷി ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. അന്നത്തെ പ്രധാന വരുമാന മാര്‍ഗ്ഗം ആയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടത്തു നിന്നും  വര്‍ക്കത്തുള്ള  ഒരു പണിക്കാരി  നിറവള്ളി  ചുറ്റിക്കെട്ടിയ ആദ്യത്തെ കറ്റയുമായി പടി കടന്നു വരുമ്പോള്‍ ഉമ്മറ കോലായില്‍ നിലവിളക്ക് കൊളുത്തി വെക്കും. പിന്നെ ഒന്നിന് പുറകെ ഒന്നായി വരുന്ന നെല്‍കറ്റകള്‍. ,. അവസാനത്തെ  കറ്റയും മുറ്റത്ത്‌ എത്തിക്കഴിഞ്ഞാല്‍ പിന്നെ മെതി  തുടങ്ങി. ഓരോ ചുരുട്ടും കല്ലില്‍ തല്ലി തങ്ക നിറമുള്ള നെന്മണികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍  കല്ലിനോ നെല്ലിനോ വേദനിക്കാറില്ല.  തല്ലി ഉതിര്‍ത്ത നെന്മണികള്‍ കളമുറം കൊണ്ട് കോരി തലയ്ക്കു മുകളില്‍ വരെ ഉയര്‍ത്തി പിടിച്ചു  കാറ്റിന്റെ ഗതിക്കനുസരിച്ച് കുടഞ്ഞു കുടഞ്ഞു നെല്ലും പതിരും വേര്‍തിരിക്കുന്നു. മുറ്റത്ത്‌ നെല്ക്കൂനകള്‍ പെരുകുമ്പോള്‍  നിറയുന്നത് കൃഷി ഉടമയുടെയും തൊഴിലാളികളുടെയും മനസ്സുകളാണ്..

ഒടുവില്‍ പൊലി അളക്കാനുള്ള സമയം ആയി.  ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു പൊലി അളക്കാന്‍ കൂട്ടത്തില്‍ മിടുക്കന്‍ ചെമ്പന്‍ ചെറുമന്‍  തന്നെ.. തങ്കയും യശോദയും ജാനുവും വള്ളിയും ഒക്കെ മാറി മാറി കളമുറം കൊണ്ട്  പറയിലേക്ക് കോരി നിറക്കുന്ന നെല്ല് കുത്തിയമര്‍ത്തി പൊലി അളക്കാന്‍ തുടങ്ങും..

പൊലിയേഏഏഏഏഏഏഏ ഒന്ന്...   പൊലിയേ  ഒന്ന്.
പൊലിയേഏഏഏഏഏഏഏ രണ്ട് ...   പൊലിയേ  രണ്ട്

പത്താമത്തെ പറക്കും  തുടര്‍ന്നുള്ള എല്ലാ പത്തുകളുടെ പൊലിക്കും  പൊലിയേ  വലിയാ പൊലി  എന്ന് പറഞ്ഞു അളക്കും.  ഇത്രയും ഉറക്കെ പൊലി അളക്കുന്നത്  വിളവു തന്ന ഭൂമി ദേവി കേട്ട് സംതൃപ്തി അടയാന്‍ വേണ്ടിയാണെന്ന്  വിശ്വാസം.

അധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും കൂട്ടായ്മയുടെയും ഫലമായിരുന്നു കൃഷിയും വിളവെടുപ്പും  ഒക്കെ.. കൃഷിയുടമയുടെ പത്തായം മാത്രമല്ല മണ്ണില്‍ പണിയെടുത്ത പണിയാളന്മാരുടെയും  അറയും മനസ്സും നിറയുന്ന കാലം..

ആ കാലമൊക്കെ പൊയ്പ്പോയി. കാറ്റ് തിരിഞ്ഞു വീശാന്‍ തുടങ്ങി.. ആര്‍ക്കാണ് എവിടെയാണ് ചുവടുകള്‍ പിഴച്ചത്?  പുളിയിലക്കര മുണ്ടും നേര്യതും ഉടുത്ത്, കാശുമാലയും  കഴുത്തിലണിഞ്ഞു, ശീലക്കുടയും ചൂടി, പാട വരമ്പത്ത്  പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്ന നായമ്മാരമ്മമാരെയും, കുടവയറിനു മുകളില്‍  മടക്കി കുത്തിയ അലക്കി വെളുപ്പിച്ച മല്‍മല്‍ മുണ്ടും തോളില്‍ ചുട്ടി തോര്‍ത്തും ഇട്ടു മുറുക്കി ചുവപ്പിച്ചു നില്‍ക്കുന്ന നായര് കാരണവരെയും  ഇന്ന് കാണുന്നില്ല.

പാട്ടു പാടിയും  പാഴ്യാരം പറഞ്ഞും,  തലേന്ന് രാത്രി കെട്ട്യോന്‍ കള്ളും കുടിച്ചു വന്നു പൊതിരെ തല്ലി  അവസാനം കള്ളിന്റെ കേട്ട് വിട്ടപ്പോള്‍  മടിക്കുത്തില്‍ തിരുക പരിപ്പുവട " ഇന്നാടീ ജാന്വോ.. നെനക്ക് വേണ്ടി ഷാപ്പീന്നു  വാങ്ങ്യതാ" ന്നു പറഞ്ഞു തീറ്റിച്ച കഥകളും  പങ്കു വെച്ച് പാടത്ത് പണിയെടുത്തിരുന്ന  നാണിയും യശോദയും  തങ്കയും ചെമ്പനും  ഒക്കെ ഓര്‍മ്മകള്‍ ആയിരിക്കുന്നു.  അവരുടെയൊക്കെ പാദസ്പര്‍ശമേറ്റ്  പുളകിതമായ  പാടശേഖരങ്ങളില്‍ പലതും  ഒരു വാശി തീര്‍ക്കാനെന്നത് പോലെ  അവരുടെ പിന്‍തലമുറക്കാര്‍ വില കൊടുത്തു സ്വന്തമാക്കി കഴിഞ്ഞു.

എടുത്താലും കൊടുത്താലും തീരാത്തത്ര നെല്ലുണ്ടായിരുന്ന  നായര്‍ തറവാടുകളിലെ  പത്തായങ്ങള്‍  ഇപ്പോള്‍ നെല്ലൊഴിഞ്ഞ   വെറും എലിപ്പത്തായങ്ങള്‍  ആയി മാറിക്കഴിഞ്ഞു.  മുറ്റം നിറയെ വൈക്കോല്‍കൂനകള്‍ നിന്നിരുന്ന സ്ഥാനത്തിപ്പോള്‍ മുത്തങ്ങ പുല്ലു പടര്‍ന്നിരിക്കുന്നു.   ആഡ്യത്ത്വത്തിന്‍റെ  അടയാളമായി  പൂമുഖ കോലായിലും നടുത്തളങ്ങളിലും  തൂക്കിയിട്ടിരുന്ന കതിര്‍ക്കുലകളുടെ  സ്ഥാനം  വില കുറഞ്ഞ അലങ്കാര വിളക്കുകള്‍  കൈയ്യടക്കി.

തീര്‍ന്നില്ല.. പത്തു കൂട്ടം കറികളും പായസവും കൂട്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍  ഇരുന്നു  പുത്തരി ഉണ്ണേണ്ട  നായര്‍ തറവാടുകളിലെ പിന്‍ തലമുറക്കാര്‍ ചുരുട്ടി പിടിച്ച ബി.പി. എല്‍.   റേഷന്‍ കാര്‍ഡുമായി,    സര്‍ക്കാര്‍ അനുവദിച്ച  തങ്ങളുടെ അരി വിഹിതവും വഹിച്ചുകൊണ്ടുള്ള പാണ്ടി ലോറിയുടെ ഇരമ്പലിനായി കാതോര്‍ത്തു റേഷന്‍ പീടിക വരാന്തയില്‍ കുത്തിയിരിക്കുന്നു.

സുകൃതക്ഷയമാണോ, അഭ്യസ്തവിദ്യരാണെന്നുള്ള അഹങ്കാരമോ, മണ്ണില്‍ പണിഎടുക്കുന്നത്  അന്തസ്സിനു നിരക്കാത്തതാണെന്ന് എന്നുള്ള ദുര്‍ചിന്തകളോ  എന്താണീ അവസ്ഥക്ക് കാരണം.. ആവോ.. അറിയില്ല..

കാരണം എന്തു തന്നെ ആയാലും  ഒരോണക്കാലത്തു എനിക്ക് പോണം.. ചാണകം കൊണ്ട് കളമെഴുതി  പൂക്കളം തീര്‍ക്കണം.  കൊയ്ത്തു കഴിഞ്ഞ  പാടത്തെ  ചേറില്‍ ഇറങ്ങി കതിര് പെറുക്കണം,  ഇളം മധുരമുള്ള  പച്ച വൈക്കോല്‍ തണ്ടു മുറിച്ചു കുഴലാക്കി കുപ്പി ഗ്ലാസ്സില്‍ നിന്നും കട്ടന്‍ കാപ്പി വലിച്ചു കുടിച്ചു രസിക്കണം..നെറുകില്‍ നിറയെ വെളിച്ചെണ്ണ പൊത്തി തറവാട്ടു കുളത്തിലെ തെളിനീരില്‍  ഒന്ന് മുങ്ങിക്കുളിക്കണം,  അങ്ങിനെയെങ്കിലും  എനിക്കെന്‍റെ ബാല്യം ഒരിത്തിരിയെങ്കിലും  തിരിച്ചു പിടിക്കണം..

-പദ്മശ്രീ നായര്‍-

വൃദ്ധദിനം...!! ചില ഓര്‍മ്മകളിലൂടെ......



അത്യാവശ്യം പിശുക്ക് കാണിക്കുന്ന, പെണ്മക്കളോട് പ്രത്യേക വാത്സല്യം ഉള്ള, സ്നേഹനിധിയായ അച്ഛന്‍..,. ഈ ഭൂമിയില്‍ നിന്ന് വിട പറഞ്ഞിട്ട് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു.. ഇന്നും മനസ്സിലൊരു വിങ്ങലായി, ചുമരില്‍ തൂക്കിയിട്ട ഫോട്ടോയിലൂടെ എന്നെ നോക്കി ചിരിക്കുന്നു.. എന്‍റെ വീടിനും എനിക്കും കാവലായിരിക്കുന്നു. അച്ഛന്‍ എന്നും കൂടെ ഉള്ളത് പോലൊരു തോന്നല്‍ മനസ്സിന് നല്ല ധൈര്യം പകരുന്നു.. 

പുലര്‍കാലത്ത് തന്നെ എണീറ്റ്‌ കുളിച്ചു വൃത്തിയായി, കിലോ മീറ്ററുകള്‍ കാല്‍നടയായി വന്നു രണ്ടു രൂപ വീതം മകന്‍റെ മക്കള്‍ക്ക്‌ കൈനീട്ടം തന്നു തിരിച്ചു പോയിരുന്ന, എന്തൊക്കെ ഉണ്ടെങ്കിലും ഇല്ല്യാപ്പാട്ട് പാടിയാല്‍ മാത്രം മനസുഖം അനുഭവിക്കുന്ന ഗോപാല മുത്തശ്ശന്‍..

കുട്ടിക്കാലത്ത് തന്നെ ശരീര വൈകല്യം ബാധിച്ചു, ജീവിതകാലം മുഴുവന്‍ അടുക്കളയില്‍ പുകയൂതി, സഹോദരങ്ങള്‍ക്ക് വേണ്ടി സ്വയം പുകഞ്ഞു തീര്‍ന്ന, പൂരത്തിന് വാങ്ങിയ അലുവയില്‍ നിന്ന് തന്‍റെ പങ്കു എടുത്തു വെച്ച് മാസങ്ങള്‍ക്ക് ശേഷവും ആരും കാണാതെ ആങ്ങളയുടെ മക്കള്‍ വരുമ്പോള്‍ കൊടുക്കുന്ന അച്ഛന്‍ പെങ്ങള്‍ ഉണ്ണ്യമ്മ ..

മനസ്സില്‍ പോലും വിചാരിക്കാത്തതും, പറയാത്ത കാര്യങ്ങളും വളച്ചൊടിച്ചു കുഴച്ചു കുഴമ്പ് പരുവത്തിലാക്കി ഏഷണി മേമ്പൊടി ചേര്‍ത്ത് കുടുംബാംഗങ്ങള്‍ക്കിടയില്‍ നായക്കുരണ പൊടി വിതറിയ അനുഭവം ഉണ്ടാക്കിയെടുക്കുന്ന, എന്നാല്‍ എല്ലാവരോടും ദയാ ദാക്ഷിണ്യം ഉള്ള അമ്മമ്മ ..

മുഖസ്തുതി പറഞ്ഞു സുഖിപ്പിക്കാന്‍ അസാധാരണ വൈഭവം ഉള്ള, ഒരു ചമ്മന്തി അരച്ചാലും അതിലും കൈപ്പുണ്യം നിറഞ്ഞു തുളുമ്പുന്ന, എന്നെ കൊണ്ട് സകലമാന പാത്രങ്ങളിലും ചെമ്പുകളിലും വെള്ളം കോരി നിറപ്പിച്ചിരുന്ന, ചുവന്ന സിന്ദൂരം കൊണ്ട് നെറ്റിയിലും സീമന്ത രേഖയിലും പൊട്ടു തൊട്ടിരുന്ന, മരണം വരെ മൈസൂര്‍ സാണ്ടല്‍ സോപ്പ് മാത്രം കുളിക്കാന്‍ ഉപയോഗിച്ചിരുന്ന, തറവാട്ടിലെ ചെറിയമ്മ (അമ്മമ്മയുടെ അനിയത്തി)..

ഞാന്നു തൂങ്ങിയ അമ്മിഞ്ഞയുടെ സ്പര്‍ശനവും തലയില്‍ പേന്‍ ഞെരടിക്കൊണ്ട് കുന്തിയുടെയും ഗാന്ധാരിയുടെയും വിക്രമാദിത്യന്റെയും കഥകള്‍ പറഞ്ഞു തന്നിരുന്ന, വയസ്സായ കാലത്ത് കണ്ണ് കാണാതിരുന്നിട്ടും മുറ്റത്തെ മുത്തങ്ങ പുല്ലു പറിച്ചു വൃത്തിയാക്കിയിരുന്ന, പാഞ്ചാലി മുത്തശ്ശി..

പ്രായമായപ്പോള്‍ സ്വയ ബുദ്ധി ഇല്ലാതിരുന്നിട്ടും കഴുത്തിലനിഞ്ഞിരുന്ന സ്വര്‍ണ്ണ മണിമാല മക്കള്‍ക്കാര്‍ക്കും കൊടുക്കില്ല.. നിനക്ക് വേണമെങ്കില്‍ തരാമെന്നു പറഞ്ഞ അയല്വക്കത്തെ രുക്കു വല്യമ്മ..

ഇതുപോലെ ഒരു പാട് ബന്ധങ്ങള്‍.. ,.. മണ്മറഞ്ഞു പോയ ഇവരുടെയൊക്കെ സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഏതൊരു ആപത്ഘട്ടത്തിലും എനിക്ക് തുണയായി ഇവരുടെയൊക്കെ അനുഗ്രഹം എനിക്കുണ്ടായിട്ടുണ്ട്.. ഇന്നത്തെ ദിവസം .. ഈ വയോജന ദിനത്തില്‍ നിങ്ങള്‍ക്ക് ഇവരെ പരിചയപ്പെടുത്തുന്നതില്‍ സന്തോഷിക്കുന്നു..

വയസ്സായവരെ ബഹുമാനിക്കുക.. സ്നേഹിക്കുക.. അവരുടെ സ്നേഹം നിറഞ്ഞ ഒരു വാക്ക് മതി നമ്മുടെയൊക്കെ ജീവിതം സഫലമാവാന്‍.. ,.. മറിച്ചായാല്‍ ജീവിച്ചിരിക്കെ തന്നെ നാമൊക്കെ ഗതി കിട്ടാ പ്രേതങ്ങളായി അലയേണ്ടി വരും.. തീര്‍ച്ച..