Friday, 29 August 2014

തൃപ്രയാര്‍ തേവര്‍ക്കു വെടിവഴിപാട്...!!!!


കല്യാണം കഴിഞ്ഞ കാലത്ത് ഞങ്ങള്  നവമിഥുനങ്ങള്‍ കാലത്തെ കുളിച്ചൊരുങ്ങി സെന്റും പൂശി, വീട്ടില്‍ നിന്ന് ഓരോ ഗ്ലാസ് ചായേം കുടിച്ചു ഇറങ്ങും.  സകലമാന തീയേറ്ററുകളും കേറിയിറങ്ങി   പുതിയ റിലീസ് സിനിമകള്‍ കാണും . ഭക്ഷണം ഹോട്ടലില്‍ നിന്ന്.. അങ്ങനെ തെണ്ടിതിരിഞ്ഞു രാത്രി വീട്ടിലെത്തും.. അടിച്ചുപൊളിച്ചു നടന്നിരുന്ന കാലം.. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കീശേം കാലിയായി.. എന്നിട്ടും ഞങ്ങള്‍ക്ക് ബോറടിച്ചതെ ഇല്ല.. ഇപ്പഴും ഓര്‍മ്മയുണ്ട്, വീട്ടുകാരറിയാതെ നെക്ലേസ് പണയം വെച്ച് കണ്ട സിനിമ  "മുഖചിത്രം".   മധുവിധു വിശേഷങ്ങള്‍  പങ്കു വെച്ച് വെറുതെ ത്രില്ലടിപ്പിക്കുന്നില്ല. എനിക്ക് പറയാനുള്ളത് വേറെയാ.

കാലമെന്ന മായാജാലക്കാരന്‍ സ്വഭാവത്തിലും ചിന്തകളിലും ഏറെ  മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയതോടെ നൂതന ചിന്തകള്‍ ഫിലോസഫികള്‍ക്കും ദൈവീക ചിന്തകളും കൊണ്ട് ഫുള്ളായി.. പറ്റാവുന്നത്ര അമ്പലങ്ങള്‍ സന്ദര്‍ശിക്കും. ആചാരങ്ങളുടെയും അനുഷ്ട്ടനങ്ങളുടെയും പുസ്തകങ്ങള്‍ വാങ്ങി അലമാരയില്‍ വെക്കും.. കാടാമ്പുഴ, ചോറ്റാനിക്കര, ഗുരുവായൂര്‍, പഴനി തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍  ദര്‍ശന സൌഭാഗ്യം കിട്ടിയിട്ടുണ്ട്.. ഇനി ശബരിമലക്ക് പോണം. ഇപ്പോഴല്ലേ.. കുറെ കാലം കൂടി കഴിഞ്ഞു  വീടൊക്കെ വിറ്റിട്ട്.  :)

ഇനി കാര്യത്തിലേക്ക് കടക്കാം.. കഴിഞ്ഞ മാസം നാട്ടില്‍ പോയപ്പോള്‍, അത്താഴമൊക്കെ കഴിഞ്ഞു "പരസ്പരം" സീരിയലിലെ  പടിപ്പുര വീട്ടില്‍ പത്മാവതിയമ്മക്ക് ഒരു ഫ്ലയിംഗ് കിസ്സ്‌  ഒക്കെ കൊടുത്തു ഉറങ്ങാന്‍ കിടന്നു. രാത്രിയുടെ ഏതോ യാമത്തില്‍ ആരോ തോണ്ടുന്നത് പോലെ തോന്നി.. കണ്ണു തുറന്നു നോക്കിയപ്പോള്‍,  കരങ്ങിക്കൊണ്ടിരിക്കുന്ന ദിവ്യപ്രകാശ വലയത്തിനു നടുവില്‍ , സര്‍വ്വാഭരണവിഭൂഷിതനായി  ഒരു ആണ്‍ ദൈവം. തിരുവില്വാമല വില്വാദ്രിനാഥന്‍റെ  ഒരു ഫേസ്കട്ട് ഉണ്ട്.  എന്‍റെ അന്ധാളിപ്പ് കണ്ടു ദൈവം അത്ര  മയമില്ലാത്ത  സ്വരത്തില്‍ പറഞ്ഞു.

"പേടിക്കണ്ട.. ഞാന്‍ തൃപ്രയാരപ്പന്‍.. തേവര് ന്നും പറയും..  നീയിവടെ എത്തീട്ട് കൊറേ ദിവസായല്ലോ. നിനക്കെന്താ എന്നെയൊന്നു വന്നു കണ്ടാല്.. ങേ..  രണ്ടു ദിവസത്തിനകം അവിടെ എത്തീല്ലെങ്കില്‍  എന്‍റെ  വിധം  മാറും. പറഞ്ഞേക്കാം. ങാ."

ഇത്രേം പറഞ്ഞു  തേവര് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പിന്‍വിളി വിളിച്ചു കൊണ്ട് ..

"അതേയ്...  ത്രുപ്രയാരപ്പാ.. നിയ്ക്കൊരു കാര്യം  പറയാനുണ്ട്"..

"ഈ നട്ടപ്പാതിരക്കു നിനക്കെന്തു കാര്യാ പറയാനുള്ളത്.. ഇനീപ്പോ എന്ത് കാര്യാച്ചാലും  നേരം വെളുത്തിട്ടു പറഞ്ഞാ മതി.."    കൂര്‍ക്കം വലിയുടെ സ്വിച്ച് ഓഫ്‌ ചെയ്തിട്ട്, നിദ്രാഭംഗം കൊണ്ടുണ്ടായ അരിശത്തില്‍  എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പ്രുഷ്ട്ടം കൊണ്ട് എനിക്കിട്ടൊരു തള്ളും തന്നു നല്ല പാതി തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.

പിറ്റേന്ന് കാലത്ത് ചായ കുടിക്കുന്നതിനിടയില്‍ രാത്രിയിലെ ഡിവൈന്‍ സ്വപ്നവും, തൃപ്രയാരപ്പന്‍ ഭീഷണിപ്പെടുത്തിയതും  എന്നാലാവതു പോലെ പൊടിപ്പും തൊങ്ങലും കൂട്ടി വിവരിച്ചു, തൃപ്രയാര്‍ പോകാനുള്ള അനുമതി നേടിയെടുത്തു.തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ  തൃപ്രയാര്‍ തേവരുടെ തിരുസന്നിധിയില്‍ എത്തി. ഞങ്ങളെ കൂടാതെ അമ്മയുമുണ്ടായിരുന്നു. ശ്രീകോവിലും പരിസരവും ഒക്കെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെത് പോലെ തന്നെ. വെറുതെയല്ല സ്വപ്നത്തില്‍ വന്ന തേവര്‍ക്കു വില്വാദ്രിനാഥന്‍റെ മുഖച്ഛായ തോന്നിപ്പിച്ചതെന്നു ആ നിമിഷം വെറുതെ ഓര്‍മ്മിച്ചു..   രാമായണമാസം തുടങ്ങാന്‍ ദിവസങ്ങള്‍ കൂടി ബാക്കിയുള്ളത് കൊണ്ട് വലിയ തിക്കും തിരക്കുമില്ലാതെ ഭഗവദ് ദര്‍ശനം സാദ്ധ്യമായി.. വഴിപാടുകള്‍ നടത്തി ശ്രീകോവിലില്‍ നിന്ന് പുറത്തു കടന്നു, കൌണ്ടറില്‍ പണമടച്ചു  മീനിനുള്ള  വഴിപാടു പൊതിയുമായി  മീനൂട്ട്  കടവിലെത്തി. എന്നെ പോലെ തന്നെയാ   ഭക്ഷണം കണ്ടാല്‍ ഉടനെ ചാടിവീഴുന്ന  ചെറുതും വലുതുമായ മീനുകള്‍..  മീനൂട്ട് കഴിഞ്ഞു നേരെ പോയത് ശാസ്താവിന്റെ തിരുനടയില്‍. അവിടുത്തെ കൌണ്ടറില്‍ നിന്നും രശീതി വാങ്ങി  എള്ളുതിരിയും  നെയ്വിലക്ക് തെളിയിക്കാനുള്ള നെയ്യുമായി ക്യൂവില്‍ നില്‍ക്കുമ്പോള്‍.......ട്ടോം..ട്ടോം..ട്ടോം..ട്ടോം..ട്ടോം..!!!!  അതിഭയങ്കരമായ ശബ്ദത്തില്‍ അഞ്ചു വെടി.. അതും കൂട്ടവെടി..  അപ്രതീക്ഷിതമായുണ്ടായ വെടി ശബ്ദമായതുകൊണ്ട്  അതിഭീകരമായി ഞാനൊന്ന് ഞെട്ടി. ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍  രാഷ്ട്രീയ നേതാക്കള്‍ ഞെട്ടുന്നതിനേക്കാള്‍ ഭീകരമായ ഓരോന്നോര  ഞെട്ടല്‍. ആ ഞെട്ടലിന്‍റെ ശക്തിയില്‍  നെയ്യ് നിറച്ച കുഞ്ഞിക്കിണ്ണം, ഹൈജംപ് ചാടുന്ന അത്ലറ്റിനെ പോലെ എന്‍റെ കൈയ്യില്‍ നിന്നും എടുത്തു ചാടി തൊട്ടു മുന്നില്‍ തൊഴുകൈയ്യുമായി നില്‍ക്കുന്ന മഹിളാ മണിയുടെ  എംബ്രോയിഡറി വര്‍ക്ക് കൊണ്ട് മനോഹരമാക്കിയ പുത്തന്‍ പുതിയ സെറ്റ് സാരിയിലേക്ക്  തെറിച്ചു വീണു.  തിരിഞ്ഞുനോക്കിയ മഹിളാമണിയുടെ കണ്ണുകളില്‍ നിന്ന് രണ്ടു തീഗോളങ്ങള്‍ എന്‍റെ നേര്‍ക്ക്‌ നീണ്ടു വന്നു  ഒപ്പം ഒരലര്‍ച്ചയും..

ദെന്ത് പണ്യാ  ഈ കാണിച്ചേ.. ങ്ങക്ക്  കണ്ണു കണ്ടൂടെ.. പുത്യ സാര്യാ  ഇത്.. ഒക്കെ നശിപ്പിച്ചില്ലേ.. നേരം വെളുക്കുമ്പോ ഓരോന്നിനെ  ഇങ്ങു കെട്ടിയെടുത്തോളും.."

അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്കൂഹിക്കാവുന്നതെ ഉള്ളൂ.. അതുകൊണ്ട് തന്നെ  ഞാനല്‍പ്പം  വിനയകുനയയാവാന്‍  തീരുമാനിച്ചു..

"സോറി ട്ടോ   മനപ്പൂര്‍വ്വമല്ല..  വെടി ശബ്ദം  കേട്ടു ഞെട്ടിയപ്പോള്‍ കൈയ്യില്‍ നിന്നും അറിയാതെ  തെറിച്ചു പോയതാ.. "

"നിങ്ങളെന്താ  ആദ്യായിട്ടാ  വെടി കേക്കണേ.."

മഹിള ഉടക്കാനുള്ള ഉദ്യേശത്തിലാണെന്ന് മനസ്സിലായി. ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല. ഫ്രീയായിട്ട് ഒരു വാക്പയറ്റ് പ്രതീക്ഷിച്ചു നിന്ന മറ്റു ഭക്തജനങ്ങളെ  നിരാശരാക്കി കൊണ്ട്    ഞാന്‍ അമ്മയുടെ കൈയും പിടിച്ചു അവിടുന്ന് പിന്തിരിഞ്ഞു. അപ്പോഴാണ്‌  "ന്‍റെ ആള്"  മിസ്സിംഗ് ആയ വിവരം ഞാനറിയുന്നത്.   സഹിച്ചു മത്യായപ്പോള്‍ ന്നെ ത്രുപ്രയാരപ്പന്റെ മുന്നില്‍ നടക്കിരുത്തി  സായൂജ്യമടഞ്ഞു പോയോ  എന്ന് വരെ ഒരു നിമിഷത്തെ കുരുട്ടു ബുദ്ധി എന്‍റെ മനസ്സില്‍ തോന്നി.   വേവലാതിയോടെ ചുറ്റും നോക്കുന്നതിനിടയില്‍  കുറച്ചു മാറി  വഴിപാടു  കൌണ്ടറിനു മുന്നില്‍ ഒരു വാക്കുതര്‍ക്കം.  ഹോ.. എന്‍റെ ലൈഫ് പാര്‍ട്ണര്‍ അവിടെ ഉണ്ട്. ഞാനങ്ങോട്ടു വെച്ചുപിടിച്ചു..  കാര്യം നിസ്സാരമാണെങ്കിലും  പ്രശ്നം ഗുരുതരമാവാന്‍ സാദ്ധ്യതയുണ്ട്.

"പൂജ്യം മാഞ്ഞുപോയതാണ് മിസ്റ്റര്‍. നിങ്ങള് കാശു താ. വെടീം പൊട്ടിച്ചിട്ട് കാശു തരാന്‍ എന്താ ഇത്ര മടി?"        വഴിപാടു കൌണ്ടറില്‍ ഇരിക്കുന്ന  രുദ്രാക്ഷമാലയിട്ട താടിക്കാരന്‍ ക്രുദ്ധനാവുന്നു.

"അതെങ്ങനെ..  വെടി വഴിപാടിന്റെ  രേറ്റിലെ പൂജ്യം മാത്രം മാഞ്ഞു പോയത്.  ബാക്കിയുള്ളവയിലെ പൂജ്യം ഒന്നും മാഞ്ഞിട്ടില്ലല്ലോ..  ഒരു ഉറുപ്യാന്നു കണ്ടതോണ്ടാല്ലേ ഞാന്‍ അഞ്ചു വെടി  പൊട്ടിക്കാന്‍ പറഞ്ഞേ.. ഹും.. ഞാന്‍ അഞ്ചുറുപ്യന്നെ  തരുള്ളൂ."   നായരദ്യേഹവും വിട്ടുകൊടുക്കുന്നില്ല.

സംഗതിയുടെ ഗൌരവം അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌..  വഴിപാടു വിവരങ്ങള്‍ എഴുതി വെച്ച  ബോര്‍ഡില്‍ വെടിവഴിപാടിനു നേരെ  1 എന്നാണു കാണുന്നത്. ആ കണക്കിന്  അഞ്ചു വെടി കഴിപ്പിച്ചു  അഞ്ചു രൂപ കൊടുത്തു.  പക്ഷെ താടിക്കാരന്‍ പറയുന്നത് ഒന്നിന്‍റെ അടുത്തുള്ള പൂജ്യം മാഞ്ഞു പോയതാണ്, ഒരു വെടിക്ക് പത്തു രൂപയാണ് എന്ന്..   ഞാന്‍ ഒരു നിമിഷം ആലോചിച്ചു..  ഇക്കാലത്ത്  ഒരു രൂപയ്ക്കു "വെ" പോലും കിട്ടില്ല, പിന്നല്ലേ  "വെടി."

ഇവിടെ വെടി പ്രശ്നം..  അപ്രത്ത്  വെടിയുടെ ഞെട്ടലില്‍ സാരിയില്‍ എണ്ണ വീണുണ്ടായ പ്രശ്നം. ഉടനെ ഒരു  "വെടി നിരത്തല്‍" പ്രഖ്യാപിച്ചില്ലെങ്കില്‍  ആകെ ജഹപൊഹ ആവുന്ന ലക്ഷണമുണ്ട്.  പൊട്ടിത്തെറിച്ച വെടി തിരിച്ചു പിടിക്കാന്‍ പറ്റില്ലല്ലോ..  ന്‍റെ ആളെ ഒരു ഭാഗത്തേക്ക് ഒതുക്കി നിര്‍ത്തി, എന്‍റെ ബാഗ് തുറന്നു, അമ്പതു രൂപയുടെ നോട്ടെടുത്ത്  അഴികള്‍ക്കിടയിലൂടെ കൊടുത്തു ബാക്കി അഞ്ചു രൂപ തിരികെ മേടിക്കുമ്പോള്‍  രുദ്രാക്ഷധാരിയോടു  പതുക്കെ പറഞ്ഞു

"  ഇതൊന്നും അത്ര ശര്യല്ലാ  ട്ടോ. ഒരു ചോക്ക് കഷ്ണം കൊണ്ട് ആ ഒന്നിന്‍റെ അപ്രത്ത് ഒരു വട്ടം വരച്ചിടു ഷ്ട്ടാ.  വെറുതെ  ഭക്തജനങ്ങളെ  വെറുപ്പിക്കല്ലേ."

തിരിച്ചു പോരുന്ന വഴിക്ക് എന്‍റെ ചിന്തകള്‍ ഇതായിരുന്നു.
"ഏതു ക്ഷേത്രത്തില്‍ പോയാലും  ഇദ്യേം വെടിവഴിപാട് മാത്രം നടത്തുന്നതിന്‍റെ രഹസ്യം എന്താവാം ? അതും എണ്ണത്തില്‍ അഞ്ച്. "     കട്ട കലിപ്പില്‍ ആയത് കൊണ്ട്  എന്‍റെ സംശയം ഞാന്‍ ചോദിക്കാതെ  വിഴുങ്ങി.   അടുത്ത തവണ ലീവില്‍  വരുമ്പോഴാവട്ടെ.. നേരോം കാലോം നോക്കി  ഈ വിഷയത്തെ പട്ടി കൂലംകഷമായി ഒരു ചര്‍ച്ച നടത്തണം..

വെടിവഴിപാട് രഹസ്യം ചോര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍  ന്‍റെ  തട്ടകത്തിലെ  ഭഗോതിക്ക്  എന്‍റെ വകയായി അമ്പത്തിയൊന്നു വെടി കഴിപ്പിക്കാം....

എങ്കിലും  എന്‍റെ തൃപ്രയാര്‍  തേവരേ  ..... ന്നോടിത്  വേണ്ടായിരുന്നു.....  പ്ലിംഗ്...!


  -പദ്മശ്രീ നായര്‍-

Thursday, 28 August 2014

സെല്‍ഫി കഥ..


സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ സെല്‍ഫി തരംഗങ്ങള്‍ അലയടിക്കുകയാണല്ലോ.. സീസണ്‍ അവസാനിക്കുമ്പോഴേക്കും ഞാനും എന്‍റെ സെല്‍ഫി ഗതകാലസ്മരണകളിലേക്ക് ഒന്നൂളിയിട്ടിട്ടു വരാം. 

ഒരു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്, വെറുതെയിരുന്നു ബോറടിച്ച വൈകുന്നെരങ്ങളിലൊന്നില്‍ ഫേസ്ബുക്ക് എന്ന മായികലോകത്തിലെക്കൊന്നു എത്തി നോക്കാന്‍ മോഹമുദിച്ചു. ആഗ്രഹം അരുമ സന്താനത്തിനോട് ഉണര്ത്തിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ.. 

"തള്ളമാര്‍ക്കൊക്കെ ഫേസ്ബുക്കില്‍ എന്താ കാര്യം? വല്ല രാമായണോ ഭാഗവതോ എടുത്തു വെച്ച് വായിച്ചൂടെ? അതുമല്ലെങ്കില്‍ ഡിസ്കവറി ചാനെല്‍ കാണ്."

ഞാന്‍ നിരാശയായില്ല. ജീവിതത്തില്‍ മുന്നോട്ടു വെച്ച കാല്‍ ഇന്നുവരെ പരാജയപ്പെട്ടു പിന്നോട്ടെടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടില്ല. ആ എന്നോടാ കളി. ആരോരുമറിയാതെ ഒരവധി ദിവസം, സുക്കര്‍ സായ്പ്പ് ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ സത്യസന്ധമായി മറുപടി പറഞ്ഞു, പത്മശ്രീ നായര്‍ എന്ന പ്രൊഫൈലുമായി, ഫേസ്ബുക്ക്‌ തറവാടിന്റെ പടിപ്പുര വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി. ഈ മായികലോകത്തില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനുള്ള പ്രായമാകാത്തത് കൊണ്ടും, കല്യാണം കഴിഞ്ഞു ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേക്കു ചെന്നുകയറുന്ന പുതുപ്പെണ്ണിന്റെ അങ്കലാപ്പ് പോലുള്ള ഒരുതരം വികാരം എന്നെ ഭരിച്ചിരുന്നത് കൊണ്ടും പ്രൊഫൈല്‍ ഫോട്ടോ ഒന്നും അപ്ലോഡ് ചെയ്തില്ല. ആ സ്ഥാനത്ത് സുക്കര്‍ സായ്പ്പ് അനുവദിച്ചു തന്ന ഒരു വെളുത്ത നിഴല്‍ മാത്രം.

ഫേസ്ബുക്കിന്റെ ഇറയത്തെക്ക് കയറി ചെന്നപ്പോള്‍ ഒന്നിരിക്കാന്‍ പറയാനോ കുടിക്കാനിത്തിരി സംഭാരം തരാനോ ആരുമില്ല. ഐ മീന്‍ ഫ്രണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല എന്ന്. കംബ്യൂട്ടര്‍ സ്ക്രീനിന്‍റെ വലതു ഭാഗത്ത്‌ നോക്കിയപ്പോള്‍ "പ്യൂപ്പിള്‍ യു മെ നോ" എന്ന് മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ട് കുറെ പേര് കാല്‍നട ജാഥയായി പോകുന്നു.

"പിന്നില്ലാ.. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ ഞങ്ങള് തമ്മിലറിയും" എന്നൊരു നുണയും കാച്ചി ജാഥ യില്‍ നിന്നും ഒരെട്ടു പേരെ നിയമിച്ചു. പണി കിട്ടുകയാണെങ്കില്‍ എട്ടിന്റെ പണി തന്നെ കിട്ടിക്കോട്ടേ എന്നൊരു ഉദ്യേശവും ഉണ്ടായിരുന്നു ആ എട്ടംഗ സംഘത്തിന്‍റെ നിയമനത്തിന് പിന്നില്‍. തെലുങ്ങനും തമിഴനും, കന്നഡക്കാരനും ഒരു മലയാളിയും അടങ്ങുന്ന എട്ടംഗ സംഘത്തില്‍ ബാക്കി ഉണ്ടായിരുന്നവരൊക്കെ ഞാന്‍ വേള്‍ഡ് മാപ്പില്‍ പോലും കാണാത്ത രാജ്യത്ത് ഉള്ളവരായിരുന്നു. എങ്ങിനോക്കെയോ കറങ്ങി തിരിഞ്ഞു മൂന്നു മാസം കൊണ്ട് ഒരു ഗ്രൂപ്പില്‍ എത്തിപ്പെട്ടു. ആദ്യകാലങ്ങളില്‍ ചാറ്റ് ഓഫ് ചെയ്യുന്നത് എങ്ങിനെ എന്നൊന്നും അറിയില്ലായിരുന്നു.. പുത്തകം തുറന്നാല്‍ ഉടനെ ഹായ്.. കൂയ്.. ഹല്ലോ.. ഫുഡിയോ എന്നൊക്കെ പറഞ്ഞു നാനാഭാഗത്ത്‌ നിന്നും ചാറ്റ് വീരന്മാര്‍ ആക്രമിച്ചു. ഗ്രൂപ്പില്‍ സജീവമായതോടെ എന്‍റെ വിരസ സായാഹ്ന്നങ്ങളെ ഞാന്‍ നിഷ്കരുണം ആട്ടിപ്പായിച്ചു ഒപ്പം നേരത്തെ നിയമിച്ച എട്ടംഗ സംഘത്തെയും അച്ചുമാമന്‍ സ്റ്റൈലില്‍ വെട്ടി നിരത്തി സായൂജ്യമടഞ്ഞു.

പ്രൊഫൈല്‍ ഫോട്ടോ ഇല്ലാതിരുന്നത് കൊണ്ടാവാം, പലരും എന്നെ ഒരു മെയില്‍ ആയി തെറ്റിദ്ധരിച്ചു.. ഡാ നായരേ, നായരേട്ടോ, നായരമ്മാവോ എന്നൊക്കെ ചിലര്‍ വിളിച്ചപ്പോള്‍, ഏതോ നായര്‍ക്കു പത്മശ്രീ ബഹുമതി കിട്ടിയതാവാം എന്ന് കരുതി പക്വത കൈവന്ന ചിലര്‍ ബഹുമാനപുരസ്സരം "നായര്‍ സാബ്" എന്നും അഭിസംബോധന ചെയ്തു വന്നു. അന്നും ഇന്നും ഞാനൊരു ഫേക്ക് ആണെന്ന് കരുതുന്നവരും കുറവല്ല.

ദിവസങ്ങള്‍ കൊഴിഞ്ഞു പോകെ, ഗ്രൂപ്പിലുള്ള മഹിളാമണികള്‍, ചാഞ്ഞും ചെരിഞ്ഞും, നവരസങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയും ഉള്ള ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്തു ലൈക്‌ മേടിക്കുന്നത് കണ്ടപ്പോള്‍, എന്‍റെ നിഴലിനോട്‌ എനിക്കിത്തിരി വെറുപ്പ്‌ തോന്നി. ആഗ്രഹങ്ങളല്ലേ മനുഷ്യര്‍ക്ക്‌ ജീവിക്കാനുള്ള പ്രചോദനം നല്‍കുന്നത്.. പേരിലെങ്കിലും ഒരു പത്മശ്രീയും വിരൂപമല്ലാത്ത ഒരു മുഖവും ഉണ്ടെന്നുള്ള അഹങ്കാരത്താല്‍ പ്രൊഫൈലില്‍ ഫോട്ടോ ഇടാന്‍ എനിക്കും മോഹമുദിച്ചു. കൈയ്യില്‍ ഫോട്ടോസ് ഒന്നുമില്ല എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്. ഞാനാരാ മോള്. കംബ്യൂട്ടറില്‍ ഉള്ള വെബ്കാം ഉപയോഗിച്ച് ഒരു പരീക്ഷണത്തിന്‌ ഒരുങ്ങി. ആ പരീക്ഷണത്തിന്റെ ഫലമായി, കണ്ണാടി ഫിറ്റ്‌ ചെയ്ത്, മുടി ഒരു വശത്തുകൂടി മുന്നിലെക്കിട്ടു, പച്ച ഡ്രസ്സില്‍ എന്‍റെ ആദ്യത്തെ സെല്‍ഫിക്ക് ജന്മം നല്‍കി. നാല് മാസത്തിനു ശേഷം നിഴലിന്‍റെ സ്ഥാനം എന്‍റെ സെല്‍ഫി കൈയ്യേറി. പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തു കുറച്ചു കഴിഞ്ഞപ്പോള്‍ ഡാ നായരേ, നായരേട്ടാ, നായരമ്മാവോ എന്നൊക്കെയുള്ള വിളികള്‍ പത്മേച്ചി, പപ്പേച്ചി എന്നുള്ള വിളികള്‍ക്ക് വഴിമാറി. നായര്‍ സാബ് , നായര്‍ മാം ആയും മിസ്സിസ് നായരായും പരിണമിച്ചു.

ഇത്രയുമായപ്പോഴേക്കും എന്‍റെ ആത്മവിശ്വാസം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു.. സെല്‍ഫി എടുക്കാനുള്ള മോഹം പിന്നേം. വീണ്ടും അടുത്ത പരീക്ഷണം.. ബോര്‍ഡര്‍ സാരിയൊക്കെ ഉടുത്തു, അത്യാവശ്യം ആഭരണം ഒക്കെ ഇട്ടു അടുത്ത സെല്‍ഫി വീണ്ടും ഒരു മൂന്നു മാസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്തു. പിന്നീടങ്ങോട്ടുള്ള എന്‍റെ സെല്‍ഫി ഗ്രാഫ് ഉയര്ച്ചയുടെത് ആയിരുന്നു. രണ്ടായിരത്തില്‍ കൂടുതല്‍ ലൈകുമായി, മമ്മൂട്ടിയുടെ ഉപദേശ പ്രകാരം സൌന്ദര്യത്തെയും കാത്തു വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഏറ്റവും ഒടുവിലത്തെ സെല്‍ഫി ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

വിവിധ പോസുകളിലുള്ള സെല്‍ഫികള്‍ ഇട്ടു ലൈക് മേടിക്കുന്നതൊക്കെ ആനന്ദമുണ്ടാക്കുന്ന  കാര്യൊക്കെ തന്നെയാണ്.. പക്ഷെ സ്ഥലകാലബോധം ഒട്ടുമില്ലാതെ,, കുലംകുത്തിയൊഴുകുന്ന പുഴയുടെ മടിത്തട്ടിലും, ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിന്‍റെ മുന്നില്‍ ചാടിയും, ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയും ഒക്കെ സെല്‍ഫിയെടുത്ത് ജീവന്‍ നഷ്ട്ടപ്പെടുത്തരുത്. നിങ്ങളുടെ ജീവന്, നിങ്ങളെക്കാള്‍ വില കല്‍പ്പിക്കുന്നുണ്ട് നിങ്ങള്ക്ക് ജന്മം തന്നു കഷ്ട്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളും പിന്നെ കൂടപ്പിറപ്പുകളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ..

വെറുമൊരു കൌതുകമായ സെല്‍ഫിയുടെ പിന്നാലെ പാഞ്ഞ് ഉറ്റവരെയും ഉടയവരെയും കണ്ണീര്‍ക്കായലിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളി വിടരുത് എന്ന അഭ്യര്‍ത്ഥനയോടെ .... എന്‍റെ സെല്‍ഫി ചരിതം ഇവിടെ പൂര്‍ണ്ണമാവുന്നു. ....

- പത്മശ്രീ നായര്‍ -എന്‍റെ ആദ്യകാല സെല്‍ഫികള്‍  ആണ് ചുവടെ.. 

Sunday, 24 August 2014

മധുര നൊമ്പരങ്ങള്‍...


സുഖിയന്‍ -
ചെറുപയറു പുഴുങ്ങി  തെങ്ങേം ശര്‍ക്കരേം ഒക്കെ ചേര്‍ത്ത് ഉരുളയാക്കി മാവില്‍ മുക്കി വറുത്തെടുക്കുന്ന  സുഖിയന്‍ കുട്ടിക്കാലം മുതല്‍ക്കേ എന്‍റെയൊരു വീക്നസ്സ് ആണ്.   നെല്ലുകുത്ത് മില്ലിലെക്കും  പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ പോകുമ്പോഴും  വഴിയരികിലുള്ള   ചിന്നപ്പയ്യന്‍ ചെട്ട്യാരുടെ ചായക്കടയിലുള്ള ചില്ലലമാരിയില്‍  ഗര്‍വ്വോടെ ഇരിക്കുന്ന സുഖിയന്‍ ഉണ്ടകളെ  ഒരു നിമിഷം നിന്ന് നോക്കി വെള്ളമിറക്കിയിട്ടേ പോവാറുണ്ടായിരുന്നുള്ളൂ..

ചെറുപ്പത്തില്‍  സ്കൂള്‍ അവധി ദിവസങ്ങളില്‍ അച്ഛന്‍ പെങ്ങളുടെ  വീട്ടില്‍ പോവുമായിരുന്നു.. ഒരു ചെറിയ ഹോട്ടല്‍ ഒക്കെ ഉണ്ടായിരുന്നു അവര്‍ക്ക്. അതിഥിയായ്‌ ചെല്ലുന്ന ഞങ്ങള്‍ക്ക്  ചായേം ബോണ്ടേം വടേം ഒക്കെ കിട്ടും.. ഓരോന്നെ തരൂ ട്ടോ.. സുഖിയന്‍ കിട്ടുന്ന ദിവസം  പിന്നേം ചില്ലലമാരയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കി അവിടൊക്കെ ചുറ്റി പറ്റി നിക്കും.. നോ രക്ഷ.. പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന പോലെ, അച്ഛന്‍ പെങ്ങളുടെ മകനോ മകളോ ഒക്കെ  അവിടെ കാവലുണ്ടാവും. വൈകുന്നേരം തിരിച്ചു വീട്ടിലേക്കു പോകാന്‍ നേരം, കുറച്ചു ദൂരം യാത്രയയക്കാന്‍   കൂടെ വരുന്ന മുത്തശ്ശന്‍, മടിയില്‍ തിരുകിയ മുറുക്കാന്‍ പൊതി തുറന്നു  ഇടക്കെപ്പോഴോ  ചൂണ്ടി വെച്ച സുഖിയന്‍ ഞങ്ങള്‍ക്ക് തരും..  ഇതൊക്കെ സുഖിയനെ കുറിച്ചുള്ള  സുഖമുള്ള ഓര്‍മ്മകള്‍..  മായാത്ത, സുഖമുള്ള  ഓര്‍മ്മകള്‍ ബാക്കി വെച്ചു പോയ മുത്തശ്ശനെ കുറിച്ചും.  പക്ഷെ പറയാന്‍ വന്നത് വേറൊരു സുഖിയനെ കുറിച്ചുള്ള അത്രയ്ക്ക് സുഖമില്ലാത്ത  കഥ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.. എന്‍റെ മകന് അസുഖമൊക്കെയായി ആയുര്‍വേദ ചികിത്സ ചെയ്തു കൊണ്ടിരിക്കുന്ന സമയം. അതിരാവിലെ മുതല്‍ നാലഞ്ചു നേരം കൃത്യമായി മരുന്നുകള്‍ കൊടുക്കണം.. ഒന്നര വര്‍ഷമെങ്കിലും മുറക്ക്  മരുന്ന് കഴിക്കണം എന്നാണു ഡോക്ടര്‍  പറഞ്ഞത്. കൂടാതെ ഭക്ഷണത്തില്‍ കര്‍ശനമായ പഥ്യം പാലിക്കണം. ഞാന്‍ ആകെ വിഷമത്തിലായി. എനിക്ക് ഓഫീസില്‍ പോകാതെ പറ്റില്ല.. മകന്‍റെ കാര്യവും നോക്കണം. ജോലി വേണ്ടെന്നു വെക്കാന്‍ വരെ തീരുമാനിച്ചു. അപ്പോഴാണ്‌  രവിയെട്ടന്‍ പറഞ്ഞത്.

"ജോലി കളയാന്‍ വരട്ടെ.. ഞാന്‍ അമ്മയോടോന്നു ചോദിച്ചു നോക്കാം.
കുറച്ചു നാള്‍ ഇവിടെ വന്നു നിക്കാമോന്ന്."

നാട്ടിന്‍പുറത്തിനപ്പുറത്തു ഒരു ലോകമുണ്ടെന്ന്  അറിയാത്ത പഴ മനസ്സ്. അമ്മായിയമ്മ  വരുമെന്ന് എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. നാലര വെളുപ്പിന് ഉണര്‍ന്നു അമ്പലക്കുളത്തില്‍  മുങ്ങിക്കുളിച്ചു, ഈറനുടുത്തു  അമ്പലം പ്രദക്ഷിണം വെക്കലും, നാടന്‍ ഭക്ഷണവും ഒക്കെ ശീലമാക്കി എഴുപതില്‍ എത്തി നില്‍ക്കുന്ന അമ്മായിയമ്മ നഗരജീവിതവുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണെന്ന് എനിക്കറിയാമായിരുന്നു.. അതുമാത്രമല്ല.. പ്രസ്തുത അമ്മായിയമ്മ, സ്വഭാവ ഗുണം കൊണ്ട്   ആദ്യകാലത്ത് പുലിയും   വയസ്സാവാന്‍ തുടങ്ങിയതിനു ശേഷം  ക്രമേണ രൂപാന്തരം പ്രാപിച്ചു പൂച്ചയായി മാറിയതും ആണ് .

കുചേലന്‍  കൃഷ്ണഭഗവാനെ കാണാന്‍  അവല്‍ പൊതിയുമായി ദ്വാരകക്ക്  പുറപ്പെട്ടത്‌ പോലെ   എന്‍റെ ഭര്‍ത്താവ്  ടിയാന്റെ അമ്മക്ക്   സെറ്റ്‌ മുണ്ടും കൊട്ടന്‍ചുക്കാദി കുഴമ്പും ധാന്വന്തരം കുഴമ്പും ഒക്കെയായി   നാട്ടിലേക്ക്  യാത്ര തിരിച്ചു. . ഭാഗ്യമെന്നു പറയട്ടെ.. മദര്‍ ഇന്‍ ലോ   മകന്‍റെ കൂടെ അഹമ്മദാബാദില്‍ എത്തി. മദര്‍ ഇന്‍ ലോയുടെ മകന്‍  ലീവ് കഴിഞ്ഞു തിരിച്ചു പോയി..

അങ്ങനെ ഞാനും  എന്‍റെ മകനും മദര്‍ ഇന്‍ ലോയും സസുഖം വാണീടുന്ന കാലത്തോരു ഞായറാഴ്ച.. സംസാരത്തിനിടെ സുഖിയന്‍ കടന്നു വന്നു..

"അമ്മക്ക് സുഖിയന്‍ ഉണ്ടാക്കനറിയ്യ്വോ? ഞാന്‍ കൊറേ നോക്കീതാ..  എന്തൊക്കെ ചെയ്തിട്ടും ഉരുള പിടിക്കാന്‍ പറ്റണില്ല്യ. രണ്ടു മൂന്നു പ്രാവശ്യം ഞാന്‍ നോക്കീതാ.. അങ്ങട് ശര്യാവണില്ല്യ.. ഇപ്പൊ  ചെയ്യാറൂല്ല്യ.. വെറ്തെ ന്തിനാ  സാനം കേടു വരുത്തണെ. "

അമ്മായിയമ്മയ്ക്ക് സുഖിയനെന്നു കേട്ടപ്പോഴേ  സുഖിച്ചു.. മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു.. ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ തോന്നിച്ചു..

" നിക്ക്  സുഗിയണ്ടാക്കാനറിയാ  പത്മം.  ന്‍റെ ചെര്‍പ്പത്തിലേയ്.. ന്‍റ്ച്ചന്  ചായക്കട  ണ്ടാര്‍ന്നുചായക്കടെര്‍ന്ന് ..  അപ്പൊ സുഗിയന്‍ ണ്ടാക്കുമ്പോ ഞാനെര്‍ന്ന്  ഉണ്ട പിടിച്ചീര്‍ന്നത്. "

സുഖിയ നിര്‍മ്മാണത്തില്‍  തന്റെ പ്രവര്‍ത്തി പരിചയം ടിയാത്തി വ്യക്തമാക്കി.

"നീയ്‌  ചെറുപയര്‍  വേവിച്ചു തന്നിട്ട്  പോയിത്തിരി കെടന്നൊറങ്ങിക്കോ..ഞാന്‍ സുഗിയന്‍ ണ്ടാക്കി  ചായേം വെച്ചിട്ട്  വിളിക്കാം."

മദര്‍ ഇന്‍ ലോയുടെ  സ്നേഹപ്രകടനത്തില്‍ ഹര്‍ഷ പുളകിതയായി സുഖിയനെയും ദിവാസ്വപ്നം കണ്ടു നന്നായൊന്നു മയങ്ങി.

"പത്മം ഒന്നടുക്കളെലിക്ക് വര്വോ "

സുഖിയ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മദര്‍ ഇന്‍ ലോയുടെ അത്ര സുഖമില്ലാത്ത  ശബ്ദം  എന്നെ സുഖിയ സ്വപ്നത്തില്‍ നിന്നുണര്‍ത്തി..  തലമുടി കോതിക്കെട്ടി  ആര്‍ത്തിയോടെ സുഖിയന്‍  തിന്നാന്‍ അടുക്കലയിലെക്കോടിയെത്തിയ ഞാന്‍ കണ്ടത് അഴകൊഴാ പരുവത്തിലായി  സുഖിയ മിശ്രിതം..

"ഇത് ഉരുള പിടിക്കാന്‍ പറ്റണില്ല്യാ പത്മം.. ന്താ പറ്റീതാവോ?
ഞാന്‍ ചെര്‍പ്പത്തില് നല്ലോണം ഉരുട്ടീര്‍ന്നതാ ട്ടോ. "

അഴകൊഴാന്നായ സുഖിയന്‍ മിശ്രിതത്തിന്‍റെ അപ്പുറമിപ്പുറം ഇരുന്നു രണ്ടു മൂന്നു ദിവസം  അമ്മായിയമ്മയും മരുമോളും താടിക്ക് കൈ കൊടുത്തു കൊണ്ട്  ആലോചിച്ചു.

രണ്ടു ദിവസത്തിന് ശേഷം ഓഫീസില്‍ നിന്നും ക്ഷീണിതയായി  വീട്ടില്‍ എത്തിയപ്പോള്‍,, ചായയും പലഹാരം നിറച്ച കിണ്ണവുമായി മദര്‍ ഇന്‍ ലോ  സുസ്മേരവദനയായി പറഞ്ഞു.

"അവന്‍ അന്യനാട്ടി പോയി കഷ്ട്ടപ്പെട്ട് ണ്ടാക്കണ കാശല്ലേ.. നശിപ്പിച്ചു കളയാന്‍ പാട്ണ്ടോ..  എങ്ങനായാലും   വയറ്റിലിക്കല്ലേ  പോണേ..  ന്നാ കഴിച്ചോ."

ഈശ്വരാ....!!!  സുഖിയന്‍  മധുരമുള്ള ഇഡ്ഡലിയും  ദോശയുമായി എന്‍റെ മുന്നില്‍ ഇരുന്നു കണ്ണിറുക്കി കാണിക്കുന്നു.. അമ്മായിയമ്മയുടെ പാചക വൈദഗ്ദ്യത്തെ അത്ഭുതത്തോടെ നോക്കിയിരിക്കെ  ഫോണ്‍ ബെല്ലടിച്ചു..

കൈയ്യിലുരുന്ന  റിമോട്ട്  സോഫയിലേക്ക് എറിഞ്ഞു  പുത്രന്‍ ഫോണ്‍ എടുത്തു  ഉറക്കെ പറയുന്നത് കേട്ടു..

"അച്ഛാ  ഈ മാസം പൈസ അയക്കണ്ടാ ട്ടോ.. അമ്മേം അച്ചമ്മേം  കൂടി സുഖിയന്‍ ണ്ടാക്കി കളിക്ക്യാ.. കൊറേ സാനങ്ങള്  നശിപ്പിച്ചു. "

അമ്മായിയമ്മേം  മരുമോളും കണ്ണില്‍ക്കണ്ണില്‍  നോക്കിയിരുന്നു..
-----------------
മുറുക്കാന്‍ പൊതിയില്‍ സുഖിയന്‍  ഒളിപ്പിച്ചു വെച്ച് തന്നിരുന്ന മുത്തശ്ശനും, സുഖിയനെ ദോശയും ഇഡ്ഡലിയുമാക്കി മാറ്റിയ  മദര്‍ ഇന്‍ ലോയും  സ്വര്‍ഗ്ഗത്തില്‍ ഇരുന്നു കാണുന്നുണ്ടാവും ഇതൊക്കെ.. ആത്മാവ്വോള് രാത്രീല് സുഖിയനും പോതിഞ്ഞോണ്ട് വന്നു പേടിപ്പിക്കാഞ്ഞാല്‍ മത്യാരുന്നു.. 

-പത്മശ്രീ നായര്‍-


Sunday, 10 August 2014

പട്ടിബിസ്കറ്റ് കൊണ്ടൊരു സല്‍ക്കാരം..ലീവ് തീരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം.. മോഹനന്‍ മാഷുടെയും തുളസി ടീച്ചറുടെയും വീടുകളില്‍പോകാമെന്ന് വാക്ക് കൊടുത്തിരുന്നു.. തകര്‍ത്തു പെയ്യുന്ന കര്‍ക്കിടക മഴ ദിനങ്ങള്‍ക്കിടക്കൊരു ദിവസം സൂര്യന്‍ ഇത്തിരി ഇളിച്ചു കാണിച്ചപ്പോള്‍ ഇരുചക്ര ശകടത്തില്‍ ഭര്‍തൃസമേതയായ് മാഷുടെ വീട് ലക്ഷ്യമാക്കി വെച്ച് പിടിച്ചു. (നോട്ട് ദ പോയിന്റ്‌.. പുറപ്പെടും മുമ്പ് ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു).

പത്തിരിപ്പാല ജങ്ങ്ഷന്‍ വരെ ചോയ്ച്ചു ചോയ്ച്ചു പോയി.. അവിടുന്നങ്ങോട്ട് മാഷുടെ സ്വന്തം പൈലറ്റ് വാഹനത്തിന്‍റെ അകമ്പടിയോടെയും, കിറുകിറുത്യം നാലുമണിക്ക് തന്നെ മാഷുടെ വീടിന്റെ ഉമ്മറപ്പടിയില്‍ ആദ്യം വലതുകാലും പിന്നെ ഇടതുകാലും വെച്ചു കയറി.. വീട്ടില്‍ മാഷുടെ ധര്‍മ്മപത്നി ഉണ്ടായിരുന്നില്ല (ഇപ്പോഴൊന്നും ഇങ്ങോട്ട് വരണ്ട എന്നു പറഞ്ഞോ എന്നു സംശയിക്കുന്നു)  വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പിന്നെ സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും സംസാരിച്ചു തീര്‍ന്നിട്ടും ടീച്ചര് മാത്രം വന്നില്ല.. ചുമരിലുള്ള ക്ലോക്കിലേക്ക് നോക്കി പപ്പു സ്റ്റൈലില്‍ "ദാ ഇപ്പൊ വരും ദാ ഇപ്പൊ വരും" എന്നു ഇടയ്ക്കിടയ്ക്ക് മാഷ്‌ പറയുന്നുമുണ്ട്.

സമയത്തെ പോലെ മഴയും ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാറില്ലല്ലോ.. കര്‍ക്കിടക മഴ അതിന്‍റെ എല്ലാ രൌദ്ര ഭാവത്തോടും കൂടി തകര്‍ത്തു പെയ്യാനും തുടങ്ങി. ഇടക്കൊരു കാര്യം പറഞ്ഞോട്ടെ.. നാട്ടില്‍ ചെന്നാല്‍ എനിക്ക് വിശപ്പിന്റെ അസുഖം വല്ലാതെ കൂടും.. എന്തെങ്കിലും എപ്പോഴും തിന്നുകൊണ്ടേ ഇരിക്കണം... എക്സ്- പ്രവാസിയുടെയും പ്രസന്റ് പ്രവാസിയുടെയും കത്തിയടിക്കിടക്ക് വീടിനകമോക്കെ ചുറ്റിക്കാണാന്‍ എന്ന വ്യാജേന ഞാന്‍ മാഷുടെ അടുക്കളയിലേക്ക് വലിഞ്ഞു..

ഡൈനിങ്ങ്‌ ഹാളിലെ മേശപ്പുറത്തു രണ്ടുമൂന്നു മണ്‍ചട്ടികള്‍ അടച്ചു വെച്ചിരിക്കുന്നു.. കൂടാതെ അച്ചാര്‍ കുപ്പികളും കരിഞ്ഞാലിയിട്ട് തിളപ്പിച്ച വെള്ളം നിറച്ച ജാറും ഒക്കെ ഉണ്ട്.. ആര്‍ത്തിയോടെ ഒന്നാമത്തെ കലം തുറന്നു നോക്കിയപ്പോള്‍ എന്റെ കണ്ണും മൂക്കും ഒരുമിച്ചു വികസിച്ചു.. വറുത്ത വറ്റല്‍മുളകും കറിവേപ്പിലയും കടുകും പാറിക്കളിക്കുന്ന അടിപൊളി "രസം". അടുത്ത കലവും അതിനടുത്ത കലവും തുറന്നു നോക്കിയപ്പോള്‍ വികസിച്ചിരുന്ന എന്‍റെ മോന്ത കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയായി. രണ്ടും ശൂന്യം... "മാഷ്‌ക്ക് ഈ ചട്ടികള്‍ കൊണ്ട് പോയി ഷോകേസില്‍ വെക്കുകയോ അല്ലെങ്കില്‍ മണ്ണ് നിറച്ചു റോസാ ചെടി നടുകയോ ചെയ്തൂടെ?" എന്ന്‍ ആത്മഗതിച്ചു തിരിച്ചു ഹാളിലെത്തി..

"മാഷേ... അടുത്ത മഴയ്ക്ക് മുമ്പ് ഞങ്ങള്‍ക്ക് വീടെത്തണം. ടീച്ചറേ കാണുന്നുമില്ല.. ഒരു ചായ കിട്ട്യാരുന്നെന്കില്‍......"

പറഞ്ഞു തീരുന്നതിനു മുമ്പേ മാഷ്‌ ചാടിയെഴുന്നേറ്റു..

"ഓ..ഓ.. ആയ്ക്കോട്ടെ.. ദാ ഇപ്പോ താരാ ട്ടോ." എന്നും പറഞ്ഞു മുണ്ടും മടക്കിക്കുത്തി പി. ടി. ഉഷയെ തോല്‍പ്പിക്കും വിധം അടുക്കളയിലേക്ക് ഒരോട്ടം... "തരാത്ത നായരോട് വിടാതെ എരക്ക്വ" എന്നൊരു ചൊല്ലില്ലേ... സന്ദര്‍ഭമറിഞ്ഞു അത് ഞാനിവിടെ പ്രയോഗിച്ചു ന്നേ ള്ളൂ ട്ടോ..

ദാ....ന്നു പറയുന്ന നേരം കൊണ്ട് ആവി പറക്കുന്ന കാപ്പിയും പ്ലേറ്റില്‍ ബിസ്കറ്റും നിരന്നു..

"ന്‍റെ മാഷേ.. ഇതൊക്കെ എന്നെ കൊണ്ട് ചോയ്പ്പിച്ചിട്ടു വേണോ തരാന്‍.. വിശന്നിട്ടെന്റെ വയറിനകത്ത്കൂടി എലി പായാന്‍ തുടങ്ങി" മനസ്സില്‍ പറഞ്ഞത് എങ്ങിനെയോ അടുത്തിരുന്ന എന്‍റെ നായരദ്യേം കേട്ടോ എന്നൊരു ഡൌട്ട്.. വിശപ്പിന് അല്പം ആശ്വാസം ആയപ്പോള്‍ "മതി" എന്ന് പറഞ്ഞു ഞാന്‍ തീറ്റ നിര്‍ത്തി.. ബാക്കിയുള്ള കാപ്പിയും ഊതിക്കുടിക്കുന്നതിനിടക്ക് ബിസ്കറ്റ് പൊട്ടിച്ച കവര്‍ അലസമായൊന്നു മറിച്ചു നോക്കി...

ന്‍റെ ഭഗോതീ...!!! ന്നുള്ള വിളി ശബ്ദം പുറത്തു വന്നപ്പോള്‍ ട്രാന്‍സിലെഷന്‍ ചെയ്ത മാതിരി ബൌ ..ബൌ.. എന്നായിപ്പോയി.. നിര്‍ത്താതെ കുര തന്നെ.. എന്താ കാര്യം.. മാഷ്‌ മാറി തന്നത് പട്ടിക്ക് കൊടുക്കാനിരുന്ന ബിസ്കറ്റ്‌ ആയിരുന്നു.. പ്ലേറ്റില്‍ ബാക്കി വന്ന ബിസ്കറ്റും എടുത്തു കൊണ്ട് മാഷ്‌ പട്ടിക്കൂടിനടുത്തെക്ക് പോയപ്പോള്‍ സംഗതി ഉറപ്പായി..

മാഷുടെ വീട്ടില്‍ നിന്നും തുടങ്ങിയ ബൌ .. ബൌ കുര ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള "ഹരിപ്രിയ"യില്‍ എത്തി Thulasi Keralassery തുളസി ടീച്ചര്‍ തന്ന കാപ്പിയും ഉഴുന്ന് വടയും കഴിച്ചപ്പോഴാണ് നിന്നത്.

എന്തു പറയേണ്ടൂ... വല്ലപ്പോഴും പാര്‍ലെ-ജി ബിസ്കറ്റ് കഴിക്കാറുണ്ടായിരുന്ന ഞാന്‍... ഇപ്പോള്‍ ഏതു ബിസ്കറ്റ് കണ്ടാലും ബൌ.. ബൌ എന്നു കുരക്കുന്ന അവസ്ഥയിലെത്തിയപ്പോള്‍ ബിസ്കറ്റ് തീറ്റ ഉപേക്ഷിച്ചു..

നാട്ടില്‍ വന്നാല്‍ ആനെ തരാം ചേനെ തരാം.. ചക്കേം മാങ്ങേം ചേമ്പും കാച്ചിലും ഒക്കെ ഇഷ്ട്ടം പോലെ തരാം എന്നു പറഞ്ഞു കൊതിപ്പിച്ചതും വിശ്വസിച്ചു ഹാന്‍ഡ്‌ ബാഗില്‍ കുത്തിത്തിരുകിയ ചാക്കില്‍ തിരിച്ചു പോരും വഴി, തിരുവില്വാമലയില്‍ നിന്ന് ഫാക്ടംഫോസ് വാങ്ങി വീട്ടിലെ തെങ്ങിന് വളമിട്ടു.. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമാവണ്ടേ... യേത്... 
-----------------------
മോഹനന്‍ മാഷേ... കഴിഞ്ഞത് കഴിഞ്ഞു.. ഇനിയെങ്കിലും സത്യം പറയൂ.. മാഷ്‌ മനപൂര്‍വ്വമാണോ അതോ ഒരു കൈയ്യബദ്ധം ആയിട്ടാണോ എനിക്ക് പട്ടി ബിസ്കറ്റ് തന്നത്.. ? 
Padmashree Nair's photo.

കര്‍ക്കിടക സ്മൃതികള്‍...!!!! ഒരല്‍പ്പം നൊസ്റ്റാള്‍ജിയ ആവാല്ലേ.. :)

കര്‍ക്കിടകം എന്നാല്‍ എല്ലാവരും ആധിയോടെ, വേവലാതികളോടെ വരവേറ്റിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു. രാപകല്‍ നിര്‍ത്താതെ പെയ്യുന്ന കര്‍ക്കിടക മഴയില്‍ പാടവും തോടും കിണറും കുളവുമൊക്കെ നിറഞ്ഞൊഴുകി, അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാവും.. പഞ്ഞമാസമെന്നും വറുതിക്കാലമെന്നും ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ മാസത്തില്‍ മിക്കവാറും വീടുകളില്‍ തീ പുകയാറുണ്ടായിരുന്നില്ല .

കള്ളക്കര്‍ക്കിടകത്തെ കുറിച്ച് ഒരുപാടോരുപാടോര്‍മ്മകള്‍ ഇന്നുമെന്റെ മനസ്സില്‍ ഈര്‍പ്പം മാറാതെ കിടക്കുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍, ഓടു പൊട്ടിയ മേല്‍ക്കൂരയിലൂടെ മഴവെള്ളം തട്ടു നിരത്താത്ത ഇടനാഴിയിലേക്ക്‌ വീഴുമ്പോള്‍, ചോര്‍ച്ചയുടെ വണ്ണമളന്ന് പാത്രങ്ങള്‍ നിരത്താന്‍ മിടുക്കി ഞാന്‍ തന്നെയായിരുന്നു.. ഗ്ലാസ്സ് മുതല്‍ ചെമ്പ് കുടം വരെ ഇടനാഴിയിലും അടുക്കളയിലുമായി ഓടി നടന്നു നിരത്തും. ഒരാഴ്ചയായിട്ടും പുഴുങ്ങിയിട്ട നെല്ല് ഉണങ്ങാതെ പൂപ്പല് പിടിച്ചു കിടക്കുമ്പോള്‍ അമ്മ മഴയെ ശപിക്കുന്നത് കേള്‍ക്കാം

"രണ്ടീസത്തെക്കുള്ള അര്യെ ള്ളൂ.. ഈ നശിച്ച മഴ ഇങ്ങനെ നിന്നാല്‍ ഞാനെന്താ ചെയ്യാ.."

തീ കത്തിക്കാന്‍ വിറകില്ലാത്ത മഴക്കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്നെ തിരുവാതിരക്കാലത്ത് മുള്ള് വേലി കെട്ടാന്‍ വരുന്നവരോട് അമ്മ പറയും.... "വേലായുധാ അടുപ്പിച്ചടുപ്പിച്ചു തറി ഇട്ടോ ട്ടോ.. കര്‍ക്കട മാസ്ത്തില് വെറക് ഇല്ല്യാണ്ടാവുമ്പോ വേലിത്തറി ഊരി കത്തിക്കാല്ലോ."

മുടിയഴിച്ചാടുന്ന കര്‍ക്കിടക മഴയെ വക വെക്കാതെ അമ്പലക്കുളത്തില്‍ നീന്തി തുടിച്ചു കുളിച്ചു വരുമ്പോഴേക്കും തലേ രാത്രി തന്നെ ചൂടുള്ള അടുപ്പിന്റെ മുകളില്‍ നിരത്തി വെച്ചിരിക്കുന്ന നനഞ്ഞ വിറകിനു മുകളില്‍ ഇട്ടു പാതി ഉണക്കി വെച്ച പുകചൂരുള്ള പെറ്റിക്കോട്ടും അരപാവാടയും ഇട്ടു, പ്ലാസ്റ്റിക്‌ കടലാസില്‍ കറുത്ത വലിയ റബ്ബര്‍ ബാണ്ട് ഇട്ടു പൊതിഞ്ഞെടുത്ത പുസ്തകക്കെട്ടും മാറത്തടുക്കി ഒരു കുടക്കീഴില്‍ അനിയത്തിയെയും ചേര്‍ത്തു പിടിച്ചു, കെട്ടിക്കിടക്കുന്ന മഴ വെള്ളത്തെ ചവിട്ടിത്തെറിപ്പിച്ചു, കൂട്ടുകാരോടൊപ്പം സ്കൂളിലേക്കുള്ള യാത്ര.

ഇറവെള്ളം ഒത്തുകൂടി ഒഴുകിയോലിക്കുന്ന മഴച്ചാലുകളില്‍ അമ്മ കാണാതെ പുസ്തകത്താള് കീറി, കളിവഞ്ചി ഒഴുക്കാന്‍ എന്ത് രസമായിരുന്നു. ഉമ്മറത്തിണ്ണയിലുരുന്നു ഇറയത്തെക്ക് കാലു നീട്ടി ഓടിലൂടെ ഒഴുകി വരുന്ന മഴ നൂലുകള്‍ കൊലുസ്സിടാത്ത കുഞ്ഞിക്കാലുകളെ നനയിച്ചു നിര്‍വൃതിയടഞ്ഞിട്ടുണ്ടാവാം.. കൂട്ടുകാരോടൊപ്പം ഒത്തിരി ദൂരം ഇടവഴികളിലൂടെ നടന്നു, കൊള്ളിക്കിഴങ്ങും (കപ്പ) വാങ്ങി, തോട്ടക്കാരന്‍ വെറുതെ തരുന്ന നുള്ള് നുറുമ്പ് കിഴങ്ങുകള്‍, നിവര്‍ത്തി പിടിച്ച കുടയുടെ കമ്പിയിലൂടെ ഒഴുകി വരുന്ന മഴ വെള്ളത്തില്‍ മണ്ണ് കഴുകി, തോല് കടിച്ചു കളഞ്ഞു പച്ചക്ക് തിന്നു നടക്കാന്‍ ഇനിയീ ജന്മത്തില്‍ കഴിയില്ലല്ലോ.

ഇന്ന് കാലം മാറി. കര്‍ക്കിടകത്തെ ഇന്ന് ആഘോഷമാക്കി മാറ്റുകയാണ് മാലോകര്‍. പട്ടിണിയും പരിവട്ടവുമില്ല. ക്ഷേത്രദര്‍ശനവും വഴിപാടുകളും രാമായണ- പാരായണവുമൊക്കെയായി, പണ്ടത്തെ വറുതിക്കാലം ഇന്ന് പുണ്യമാസമായി മാറിക്കഴിഞ്ഞു.

ഇത്തവണ നാട്ടില്‍ ചെന്ന് മഴയോട് പണ്ടത്തെ വിശേഷം പറഞ്ഞിരിക്കുമ്പോള്‍ വെറുതെ ഒരു കുസൃതി തോന്നി.. പണ്ട് മഴ തകര്‍ക്കുമ്പോള്‍ അടുപ്പിലെ കനലില്‍ മൂടി ചുട്ടെടുത്ത പുളിങ്കുരു കടിച്ചു പൊട്ടിച്ചു മഴത്താളത്തിനു മേനി കൂട്ടിയിരുന്നു.. മനസ്സിലുള്ള ഓര്‍മ്മ ആഗ്രഹമായി അമ്മയോട് പറഞ്ഞപ്പോള്‍ ചായ്പ്പില്‍ എവിടെയോ അലസമായി വെച്ചിരുന്ന പുളിങ്കുരു, ഉണക്കചകിരി കത്തിച്ചു ചട്ടിയിലിട്ടു വറുത്തു തന്നു.. അതിന്‍റെ ചിത്രം കൂടി ഈ നൊസ്റ്റാള്‍ജിയക്ക് നിറം പകരാന്‍ ചേര്‍ക്കുന്നു..
------------------


-പദ്മശ്രീനായര്‍-

കളിയില്‍ അല്‍പ്പം "കഞ്ഞി"ക്കാര്യം.!!!

"കഞ്ഞി" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹോട്ട്ഡോഗും, നൂഡില്‍സും, ബര്‍ഗ്ഗറും പിസ്സയും ഇഷ്ട്ട ഭക്ഷണമാക്കിയ ന്യൂ ജനറേഷന്‍ നെറ്റി ചുളിക്കും..

"കഞ്ഞിയൊക്കെ നിങ്ങളെ പോലുള്ള കഞ്ഞികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന്" എന്‍റെ ഏക സന്താനം പലവട്ടം പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട്. ദഹിക്കാനെളുപ്പവും, ഇത്തിരി കടുമാങ്ങയോ കനലില്‍ ചുട്ട പപ്പടമോ കൂട്ടിനുണ്ടെങ്കില്‍ കഞ്ഞിയെന്നെ ലളിത ഭക്ഷണം ഫൈവ്സ്റ്റാര്‍ ഫുഡിനെ വെല്ലുന്നതാണ് എന്നാണു ഈ എളിയവളുടെ അഭിപ്രായം.

പത്തിരുനൂറു പറക്ക് കൃഷി നടത്തിയിരുന്ന വല്ല്യൊരു തറവാടിയായിരുന്നു എന്‍റെ മുത്തശ്ശന്‍. തവിടു കളയാത്ത ഒന്നാംതരം തവളക്കണ്ണന്‍ കുത്തരി കൊണ്ടുണ്ടാക്കിയ പാല്‍ക്കഞ്ഞിയും ചുട്ട പപ്പടവും കണ്ണിമാങ്ങയും ആയിരുന്നു മുത്തശ്ശന്‍റെ സ്ഥിരമായ രാത്രി ഭക്ഷണം.. മുത്തശ്ശനു വേഗം വയറു നിറയണെ, പാത്രത്തില്‍ പാല്‍ക്കഞ്ഞി ബാക്കി വരണേ എന്ന പ്രാര്‍ത്ഥനയുമായി കുട്ടികളായിരുന്ന ഞങ്ങള്‍ ഇടനാഴിയുടെ വാതിലിനു മറവില്‍ നിന്നെത്തിനോക്കിയിരുന്നൊരു കാലം. തൊണ്ണൂറു വയസ്സ് കഴിഞ്ഞിട്ടും, ഒരു പല്ലു പോലും പൊഴിയാതെ മരണം വരെ ആരോഗദൃഡഗാത്രന്‍ ആയിരുന്നു മുത്തശ്ശന്‍.. കാരണം പാല്‍ക്കഞ്ഞിയുടെ വൈഭവം തന്നെ.

"നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല. ......

തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ തല തൊട്ടപ്പനായ നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ നായന്മാരുടെ മുന്‍ശുണ്ഠിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയതും മഹത്തായ കഞ്ഞി പ്രയോഗത്തിലൂടെയല്ലേ..

പണ്ടുകാലത്ത് പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് കല്യാണാലോചനകള്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ ന്യായമായ ഡിമാന്റുകള്‍ ഇത്ര മാത്രം.

- ന്‍റെ കുട്ടിക്ക് പോണ വീട്ടില് നാഴി കഞ്ഞിക്ക് മുട്ടുണ്ടാവാന്‍ പാടില്ല്യ.
- ന്‍റെ കുട്ടിക്ക് പണിയെടുത്തു കഞ്ഞി കൊടുക്കാന്‍ ത്രാണീള്ളോനാണോ.. ന്നാ പിന്നെ ഒന്നും നോക്കാനില്ല്യ. എന്നൊക്കെയായിരുന്നു.. ദാമ്പത്യത്തിന്റെ അടിത്തറ തന്നെ കഞ്ഞിയില്‍ നിക്ഷിപ്തമായിരുന്നൊരു കാലം.

അതു പോലെ പണ്ടു കാലത്ത്‌ പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്, പടി കടന്നു വരുമ്പോള്‍ തന്നെ കാണാന്‍ പാകത്തില്‍ മുറ്റത്ത്‌ വലിയൊരു വൈക്കോല്‍ കൂന ഉണ്ടാവുമായിരുന്നത്രേ.. വൈക്കോല്‍ കൂന കാണുമ്പോഴേ പെണ്ണ് കാണാന്‍ വരുന്നവര്‍ കരുതിക്കൊളുമത്രേ "പെണ്ണിന്‍റെ വീട്ടില് "കഞ്ഞിക്കുള്ള വകയൊക്കെ ഉണ്ടെന്ന്.

പരദൂഷണം പറഞ്ഞില്ലെങ്കില്‍ ഇരിക്കപ്പൊറുതി കിട്ടാത്ത തങ്കമ്മ വേലിക്കല്‍ വന്നു നീട്ടി വിളിക്കും... ഡീ . ചിന്നമണിയേ... കഞ്ഞ്യൂടിച്ച് വന്നിട്ട് ന്‍റെ തലേമ്മല് ഒന്ന് നോക്കി തരണം ട്ടാ.. പേന്‍ കടിച്ചിട്ട് പാങ്ങില്ല്യ .

പനി പിടിച്ചു തുള്ളിവിറക്കുന്നവര്‍ക്ക് പ്രണയം തോന്നുന്നത് ചൂടുള്ള പൊടിയരിക്കഞ്ഞിയോടല്ലാതെ മറ്റെന്തിനോടാണ്..

സുഖചികിത്സയുടെ ഭാഗമായ കര്‍ക്കിടക കഞ്ഞിയും മരുന്നു കഞ്ഞിയും കഞ്ഞി വിരോധികളായ കഞ്ഞികള്‍ പോലും ഒഴിവാക്കാറില്ല ..

സ്കൂളുകളിലെ ഉച്ചക്കഞ്ഞി എത്രയോ പാവപ്പെട്ട കുട്ടികളുടെ വിശപ്പ് മാറ്റുന്നു.

"ഉച്ചക്കഞ്ഞിക്ക് തല മറിഞ്ഞാല്‍ ഊരു തെണ്ടി പിന്നെ നിലത്തല്ല" എന്ന് അഹങ്കാരികളായ ചിലരെ കുറിച്ച് അസൂയക്കാരുടെ ഭാഷ്യവുമുണ്ട്. എന്‍റെ കഞ്ഞിയില്‍ പാറ്റയിടല്ലേ.. എന്‍റെ കഞ്ഞികുടി മുട്ടിക്കല്ലേ ഇഷ്ട്ടാ എന്നൊക്കെയുള്ള പതം പറച്ചിലുകളിലും കഞ്ഞി തന്നെ മുഖ്യന്‍.

പള്ളിയുറക്കത്തിനു സമയമായി. പള്ളിക്കഞ്ഞി കുടിച്ചു നോം പള്ളിയറയിലേക്ക് പോവട്ടെ.. കഞ്ഞി മാഹാത്മ്യത്തിന്റെ പുതിയൊരു എപ്പിസോടുമായി വീണ്ടും കാണുന്നത് വരെ...


-പത്മശ്രീ നായര്‍-