Thursday 23 October 2014

ഓര്‍മ്മയില്‍ ഒരു ദീപാവലി.






ദസറ കഴിഞ്ഞു പിറ്റേന്ന് തുടങ്ങിയതാണ്‌ ആളുകള്‍ ദീപാവലി ആഘോഷത്തിനുള്ള നെട്ടോട്ടമോടാന്‍. കേരളത്തിലെ പോലെയൊന്നുമല്ല ഇവിടെ എല്ലാ ആഘോഷങ്ങളും പ്രത്യേകിച്ച് ദീപാവലി തകര്‍ത്താഘോഷിക്കുന്നു.. പുതുവസ്ത്രങ്ങളും ആഭരണങ്ങളും പുതിയ വീട്ടുപകരണങ്ങളും ലുബ്ധില്ലാതെ വാങ്ങിക്കൂട്ടുന്നു.. സ്ത്രീകള്‍ വീടുകള്‍ മോടി പിടിപ്പിക്കുന്നതിലും മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിലും മത്സരിക്കുന്ന കാഴ്ച..
പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും കുട്ടികള്‍ സന്തോഷിച്ചു തിമിര്‍ക്കുന്നത് ബാല്‍ക്കണിയില്‍ നിന്ന് നോക്കി നില്‍ക്കെ മനസ്സ് പത്തിരുപത്തിരണ്ടു കൊല്ലം പുറകോട്ടോടി.. അതെ.. ഓര്‍മ്മയിലെ ഒരു ദരിദ്ര ദീപാവലിയിലേക്ക്.. ഗുജറാത്തില്‍ ചേക്കേറിയ ശേഷമുള്ള ആദ്യ ദീപാവലി.. ഒരിക്കലും മറക്കാത്ത ദീപാവലി.. !!!
നാട്ടില്‍ നിന്നും ഉപജീവനാര്‍ത്ഥം ഗുജറാത്തിലേക്ക് വന്നിട്ട് അഞ്ചോ ആറോ മാസം കഴിഞ്ഞാണ് ദീപാവലി വന്നത്. ഒറ്റമുറി വാടക വീട്ടിലെ താമസം. ഒരു ബള്‍ബ് അല്ലാതെ, ടി.വി. ഫാന്‍, ഇസ്തിരി, മിക്സി മുതലായ ഇലക്ട്രിക് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ ആണ് മുറി വാടകയ്ക്ക് തന്നത്..
"ഇയാള് ഒരുപാട് വ്യവസ്ഥകള്‍ ഒന്നും വെക്കണ്ട .. ഇങ്ങേരു പറഞ്ഞാലും ഞങ്ങ ഇതൊന്നും ഉപയോഗിക്കാന്‍ പോണുല്ല്യ... ഇതൊക്കെ ണ്ടെങ്കിലല്ലേ ഉപയോഗിക്കൂ"
ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ മനസ്സില്‍ മുറുമുറുത്തുകൊണ്ട് തല കുലുക്കി സമ്മതിച്ചു. ഹല്ല പിന്നെ.. ആകെ കൂടിയുള്ളത് പെയിന്‍റ് അടര്‍ന്ന ഒരു ഇരുമ്പു പെട്ടി. അതിനുള്ളില്‍ കൊള്ളാന്‍ മാത്രമുള്ള ഞങ്ങളുടെ വസ്ത്ര ശേഖരം. പിന്നെയൊരു മണ്ണെണ്ണ സ്റ്റവ്വ്, ചോറും കൂട്ടാനും വെക്കാനും, അത് വിളമ്പി തിന്നാനും അത്യാവശ്യം പാത്രങ്ങള്‍.. ഇത്രയൊക്കെ ആര്‍ഭാടങ്ങളെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..
"ഒരു ചിരവ വെക്കാനുള്ള സ്ഥലം പോലും നിങ്ങടെ വീട്ടീന്ന് കൂടുതലായി ഞങ്ങക്ക് വേണ്ടടോ മാലിക്കെ".. ന്നു പിന്നേം ഞാന്‍ പിറുപിറുത്തു..
അങ്ങനെ സുഖമായി ഉന്തി തള്ളി ജീവിതം നയിക്കുമ്പോഴാണ് ദീപാവലിയുടെ വരവ്. അയല്വക്കക്കാര്‍ വീട് മോടി പിടിപ്പിക്കുന്നു.. കച്ചവടക്കാരുടെ തിരക്ക്.. ദീപാവലിയുടെ ഒരാഴ്ച മുമ്പ് തന്നെ അയല്‍വക്കത്ത്‌ നിന്ന് എണ്ണ പലഹാരങ്ങളുടെ മണം മൂക്കിലേക്ക് തുളച്ചു കയറി തുടങ്ങി..
സൈക്കിളില്‍ തുണിക്കെട്ടുമായി കച്ചവടത്തിന് സ്ഥിരമായി വരുന്ന ഒരു പയ്യന്‍റെ കൈയ്യില്‍ നിന്നും കുറഞ്ഞ വിലക്ക് കുഞ്ഞിനിക്കറും ഒരു കുഞ്ഞി ഷര്‍ട്ടും വാങ്ങി, പത്തിരുപതു രൂപ മുടക്കി ഒരു കളിത്തോക്കും ഇത്തിരി പട്ടാസും വാങ്ങി കൊടുത്തു രണ്ടു വയസ്സുകാരന്‍ മോനെ സന്തോഷിപ്പിച്ചു..
"അല്ലെന്നേ.. ദീപാവലിയല്ലേ.. എല്ലാ വീടുകളില്‍ നിന്നും പലഹാരത്തിന്റെ മണം ഗുമുഗുമാന്ന് വരുന്നു.. നമുക്കും എന്തേലും ഉണ്ടാക്കണ്ടേ.. നിങ്ങക്കെന്താ വേണ്ടത്.. ഉള്ള സൗകര്യം വെച്ച് പറ്റുന്നതാണെങ്കില്‍ ഉണ്ടാക്കി തരാം.. പറഞ്ഞോളൂ." ഞാനെന്‍റെ നായരദ്യെഹത്തോട് മൊഴിഞ്ഞു..
"നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ പരിപ്പുവട ണ്ടാക്കി തന്നാല്‍ മതി." ഉത്തരം ഉടനെ വന്നു ..
വള്ളിനിക്കറുമിട്ട് മൂക്കള ഒലിപ്പിച് നടന്നിരുന്ന കുട്ടിക്കാലത്ത് ഒരു നാള്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ചു കമ്മ്യൂണിസ്റ്റ്കാരുടെ ജാഥയില്‍ കൊടി പിടിച്ചു മുദ്രാവാക്യം വിളിക്കാന്‍ പോയതിനു രണ്ടു പരിപ്പ് വട കിട്ടിയിരുന്നത്രേ... അന്നുമുതല്‍ തുടങ്ങിയതാണ്‌ അദ്യെഹത്തിനു പരിപ്പുവടയോടുള്ള അടങ്ങാത്ത പ്രേമം..
'ഈശ്വരാ... ഇതിപ്പോ ഇടങ്ങേട് ആയല്ലോ... ചോദിക്കെണ്ടിയിരുന്നില്ല.. വടയുണ്ടാക്കാന്‍ പരിപ്പ് ഞാന്‍ എങ്ങിനെ അരക്കും.'
ഉം. ഭര്‍ത്താവിന്‍റെ ആഗ്രഹമല്ലേ.. നടത്തിച്ചു കൊണ്ടുക്കേണ്ടത് ഫാര്യേടെ കടമയല്ലേ.. പരിപ്പ് വടയല്ലേ ചോദിച്ചുള്ളൂ.. അല്ലാതെ പരിപ്പ് കണ്ടം ഒന്നും ചോദിച്ചില്ലല്ലോ.. ഉം.. വഴിയുണ്ടാക്കാം..
എതിര്‍ഭാഗത്തെ റോ ഹൌസില്‍ താമസിക്കുന്ന പുതിയതായി കല്യാണം കഴിഞ്ഞു വന്ന, ഇത്തിരി ഭംഗിയും ഒത്തിരി ജാഡയും ഒക്കെയുള്ള ഉപ്പുഭരണി പോലിരിക്കുന്ന ബീനാ രാജുവിനോട് അവരുടെ മിക്സിയില്‍ പരിപ്പ് അരക്കാനുള്ള അനുവാദം മുന്‍കൂറായി നേടിയെടുത്തു. വൈകുന്നെരത്തോട്‌ കൂടി കുതിര്‍ത്ത പരിപ്പും ആയി ബീനയുടെ വീട്ടിലേക്കു പോകാന്‍ തുടങ്ങിയപ്പോഴേക്കും അവരുടെ വീട്ടിലേക്കു കുറെ വിരുന്നുകാര്‍ കേറിപ്പോകുന്നു.. വന്നവര്‍ തിരിച്ചു പോകുമെന്ന് കരുതി കുറെ നേരം ഞാനെന്‍റെ വാതില്‍ക്കല്‍ തന്നെ നിന്നു.. കാലു കഴച്ചപ്പോള്‍ ഇരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ വന്ന വിരുന്നുകാരുടെ കൂടെ ബീനയും ഭര്‍ത്താവും കൂടി, വാതിലും പൂട്ടി ഇറങ്ങുന്നു..
കുതിര്‍ത്ത പരിപ്പുമായി ഉമ്മറ വാതില്‍ക്കല്‍ നില്‍ക്കുന്ന എന്നോടായി ബീന... "ചേച്ച്യേ... ഞങ്ങള് ദാ ഇവരുടെ കൂടെ പോവ്വ്വാ.. ഒരാഴ്ച കഴിഞ്ഞേ വരൂ. ഇടക്കൊന്നു ഇങ്ങോട്ട് നോക്കിക്കോണേ.."
വടയുണ്ടാക്കാന്‍ പരിപ്പരക്കാന്‍ കാത്തു നില്‍ക്കുന്ന എന്നെ അവളുടെ വീട് കാവലിനു ഏല്‍പ്പിച്ചു പോയി.. ദേഷ്യവും സങ്കടവും സഹിക്കാതെ അകാരണമായി ഏട്ടനോടും മോനോടും തട്ടിക്കയറി.. പിന്നെ തോന്നി.. അല്ലാ.. ഞാനെന്തിനാ ഇവരോട് ദേഷ്യപ്പെടുന്നത്... വല്ലവരുടേം വീട്ടിലെ മിക്സി കണ്ടു വടയുണ്ടാക്കാന്‍ പുറപ്പെട്ട എന്റെയല്ലേ തെറ്റ്.. അങ്ങനിപ്പോ തോറ്റ് പിന്മാറാന്‍ മനസ്സില്ല..
"അതേയ് രവ്യേട്ടാ.. ഈ ശര്‍ക്കര ഒന്നു ചീകി തര്വോ.. പുത്യൊരു പലഹാരം ദാന്നു പറയുമ്പഴേക്കും ണ്ടാക്കി തരാം."
വടക്കുവേണ്ടി കുതിര്‍ത്തു വെച്ച പരിപ്പിനെ വേവിച്ചുടച്ചു,, ശര്‍ക്കര ചീവിയതും ചേര്‍ത്തിളക്കി, ചപ്പാത്തിക്ക് കുഴച്ചു വെച്ച മാവിനെ പരത്തി അതില്‍ പരിപ്പ് കൂട്ടു ഫില്‍ ചെയ്തു, ചപ്പാത്തിക്കല്ലില്‍ എണ്ണയൊഴിച്ചു ചുട്ടെടുത്തു, ചൂടോടെ ഭര്‍ത്താവിനും മോനും കൊടുത്തപ്പോള്‍ എന്തെന്നില്ലാത്ത സംതൃപ്തി..
"ഇതിനെന്താ ചെറിയൊരു ഉപ്പുരസം? ശര്‍ക്കരയല്ലേ ചേര്‍ത്തത് ?" ബെറ്റര്‍ ഹാഫിന്‍റെ ചോദ്യം..
"ങാ അതേയ്... മധുരം ക്രമീകരിക്കാന്‍ ഒരു നുള്ള് ഉപ്പു ചേര്‍ക്കും.. അതിന്റ്യാവും." തികട്ടി വന്ന സങ്കടം ഒതുക്കി ഞാന്‍ പറഞ്ഞു
മാവ് പരത്തുമ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്നു വീണ തുള്ളികളുടെ രുചിയാണ് അതെന്നുള്ള കാര്യവും മനപൂര്‍വ്വം ഞാന്‍ മറച്ചു വെച്ചു..
അന്നത്തെ ആ ദീപാവലിക്ക് ശേഷം എത്രയോ ദീപാവലികള്‍ ആഘോഷിച്ചു.. വര്‍ഷങ്ങള്‍ക്കിപ്പുറം, ദൈവാനുഗ്രഹം കൊണ്ട് എല്ലാ ആധുനിക സൌകര്യങ്ങളോടു കൂടി ജീവിക്കുമ്പോഴും, ആഘോഷങ്ങള്‍ക്ക് ആ ദരിദ്ര ദീപാവലിയുടെ നിറപ്പകിട്ട് ഇല്ല .. അതിന്‍റെ കാരണവും ഞാന്‍ തന്നെ കണ്ടെത്തി. സൌകര്യങ്ങള്‍ ഉണ്ടായപ്പോള്‍ ആഗ്രഹങ്ങള്‍ മരവിച്ചു പോയത് തന്നെ കാരണം..

-പദ്മശ്രീനായര്‍-



5 comments:

  1. സൌകര്യങ്ങള്‍ ഉണ്ടായപ്പോള്‍ ആഗ്രഹങ്ങള്‍ മരവിച്ചു പോയതല്ല കാരണം സൌകര്യങ്ങള്‍ക്കൊപ്പം ആഗ്രഹങ്ങളും വളര്‍ന്നതാണ്.
    എന്നാലും കമ്യൂണിസ്റ്റ് ജാഥ കാരണം പരിപ്പുവടയുടെ രുചി കണ്ടുപിടിക്കാന്‍ കഴിഞ്ഞല്ലോ.
    ഓര്‍മ്മ രസായി.

    ReplyDelete
  2. നന്ദി ആദ്യ വായനക്കും അഭിപ്രായത്തിനും. രാംജീ

    ReplyDelete
  3. ആഗ്രഹങ്ങൾ എല്ലാം കൈപ്പിടിയിൽ ഒതുങ്ങുമ്പോൾ അതിൻറെ ശോഭയും ആഹ്ലാദവും അപ്രത്യക്ഷമാകും. എന്തും സമൃദ്ധം ആകുമ്പോൾ ഒരു മടുപ്പ്.

    ReplyDelete
    Replies
    1. വാസ്തവം ബിപിന്‍ ജീ..

      Delete
  4. ഓപ്പോളുടെ തനതായ ശൈലിയില്‍ എങ്കിലും ഒരു കുഞ്ഞു നൊമ്പരം അനുഭവപ്പെട്ടു ! ഓപ്പോളേ ദൈവം അനുഗ്രഹിക്കട്ടെ .........! <3

    ReplyDelete