Sunday 21 December 2014

പാടാന്‍ വൈകിയ താരാട്ട്...




"മേ.. ഐ  കമിന്‍  മാഡം ?"

വര്‍ഷാ രാജേന്ദ്രന്റെ  കിലുക്കാംപെട്ടി  ശബ്ദം  ശ്രീദേവിയെ  ചീറിപ്പായുന്ന തീവണ്ടിയോര്‍മ്മകളില്‍  നിന്ന്  ചങ്ങല  വലിച്ചു നിര്‍ത്തി.
  
"ഉം.  വര്‍ഷ  ഇരിക്കൂ"    എതിരെയുള്ള  കസേര ചൂണ്ടിക്കാട്ടി  ശ്രീദേവി പറഞ്ഞു..


"യ്യോ   വേണ്ട.. ഇനീം  വര്‍ക്ക്  കുറെ  തീര്‍ക്കാനുണ്ട്... ഇന്നും ലേറ്റ്  ആയാല്‍ ഹോസ്റ്റലിലേക്ക് വരേണ്ടെന്നാ   വാര്‍ഡന്‍  രാക്ഷസിയുടെ   കല്പന.  ങാ... മാഡം കണ്ടോ   ന്‍റെ  അച്ഛനേം അമ്മേം... ഞങ്ങള് മൂന്നാളും  ഒരുമിച്ചുള്ള  ഒരേയൊരു   ഫോട്ടോയാ.. ഇതിലൂടെ  മാത്രേ  എനിക്ക്  അച്ഛനെ  ഓര്‍ക്കാന്‍  കഴിയാറുള്ളൂ.. " 

മുഴുമിപ്പിക്കുന്നതിനു  മുമ്പേ   വര്‍ഷയുടെ  തൊണ്ടയിടറി.

വര്‍ഷയുടെ  മുഖത്ത്  നിന്നും  കണ്ണെടുക്കാതെ,   ശ്രീദേവി ഒരു  സ്വപ്നാടനത്തിലെന്ന പോലെ ഇരിപ്പിടത്തില്‍  നിന്നെഴുന്നേറ്റു വര്‍ഷയുടെ   അടുത്തെത്തി. രണ്ടുപേര്‍ക്കുമിടയില്‍ ഒരു ശ്വാസത്തിന്‍റെ  അകലം മാത്രം.  ശ്രീദേവിയുടെ   കണ്ണുകളില്‍  നിന്ന്  നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു.. ഒപ്പം കൈയ്യിലിരുന്ന   പഴയ ഫോട്ടോയും..

"മോളേ.. അമ്മൂ..!!!  ഏതോ  ഉള്‍പ്രേരണയാലെന്ന വണ്ണം   ശ്രീദേവി  വര്‍ഷയെ ആലിംഗനം  ചെയ്തു.  ഒരന്ധാളിപ്പിലായിരുന്നു  വര്‍ഷ.. മാഡത്തിനു  ഇതെന്തു പറ്റി? ഓഫീസ് മുറിയാണെന്ന  ബോധം വന്നപ്പോള്‍  വര്‍ഷ  ശ്രീദേവിയുടെ  പിടിയില്‍ നിന്നകന്നുമാറി.. കാര്‍പെറ്റില്‍  വീണു കിടക്കുന്ന  ഫോട്ടോയും കുനിഞ്ഞെടുത്തു ക്യാബിനില്‍  നിന്ന് പുറത്തു കടക്കുമ്പോള്‍  വര്‍ഷയുടെ  മനസ്സിനെ   ഒരു ചോദ്യം വല്ലാതലട്ടുന്നുണ്ടായിരുന്നു.   അമ്മ മാത്രമേ   തന്നെ  "അമ്മൂ" ന്നു  വിളിച്ചിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ ശ്രീദേവി മാഡം  തന്നെ അമ്മൂ എന്ന് വിളിച്ചിരിക്കുന്നു. മേലുദ്യോഗസ്ഥയാണെങ്കിലും  അവരുടെ സാമീപ്യം ഒരമ്മയോടെന്നപോലെ  തന്നെ അവരിലെക്കടുപ്പിക്കുന്നു.    മനസ്സില്‍  ചോദ്യങ്ങളുടെ   തിരമാലകള്‍   ഒന്നിന് പിറകെ മറ്റൊന്നായി   അലയടിച്ചു.

മനസ്സാകെ   അസ്വസ്ഥമായിരിക്കുന്നു...  കാര്‍  പാര്‍ക്ക്  ചെയ്തതും, ലിഫ്റ്റിലൂടെ   നാലാം നിലയിലെത്തിയതും  വാതില്‍  തുറന്നതും   എല്ലാം യാന്ത്രികമായിട്ടായിരുന്നു.. കിടപ്പുമുറിയിലെത്തി  ഹാന്‍ഡ് ബാഗ്  ബെഡ്ഡിലേക്ക് എറിഞ്ഞു    വാര്‍ഡ്‌റോബ് തുറന്നു. പത്തിരുപതു വര്‍ഷങ്ങളായി  നിധി  പോലെ സൂക്ഷിച്ചു വെച്ചൊരു പൊതിക്കെട്ട്. അമ്മിഞ്ഞപ്പാല്  മണമുള്ളൊരു    കുട്ടിയുടുപ്പ്.. വാസനിച്ചു  നോക്കി.. ഉവ്വ്.. ഇപ്പോഴും  അമ്മിഞ്ഞപ്പാല്  കുടിച്ചു  ശര്‍ദ്ദിലിന്റെ   മണം   മൂക്കിലേക്ക്   എത്തുന്നു..  ഉടുപ്പ്   നിവര്‍ത്തി  ശ്രീദേവി  തന്‍റെ  തോളിലെക്കിട്ടു..  ഒരു രണ്ടു വയസ്സുകാരി  കുഞ്ഞിനെയെന്ന  പോലെ...  ഓര്‍മ്മകളുടെ  സൂപ്പര്‍  ഫാസ്റ്റ്  ചൂളം വിളിച്ചു   പാഞ്ഞ് തുടങ്ങി.

ട്രെയിന്‍  ഒരു മണിക്കൂര്‍  ലേറ്റ്  ആണെന്നറിയിച്ചു കൊണ്ടുള്ള   സ്ത്രീ ശബ്ദം ഉച്ചഭാഷിണിയിലൂടെ  ഉയര്‍ന്നപ്പോള്‍  ശേഖരമ്മാവനെ  നിര്‍ബന്ധിച്ചു   തിരിച്ചയച്ചു.

"അമ്മാമ  പൊയ്ക്കോളൂ..  ഇവടെ  ത്രേം   ആള്‍ക്കാരുണ്ടല്ലോ... പിന്നെന്തിനാ പേടിക്കണേ.. ഞാനെത്തീട്ട്   വിളിക്കാം."
                                         

ഒരാഴ്ചയിലേറെയുള്ള    ആസ്പത്രി  വാസം..  ശരീരത്തെയും  മനസ്സിനെയും ഒരുപോലെ  തളര്‍ത്തി. അതിലേറെ  പ്രയാസം   ആദ്യമായി  ഉണ്ണിയെ പിരിഞ്ഞിരിക്കേണ്ടി   വന്നതില്‍. കൂടെ കൂട്ടാന്‍  മുതിര്‍ന്നപ്പോള്‍    ദേവേട്ടനാണ് വിലക്കിയത്.

"ദേവി സുഖവാസത്തിനോന്ന്വോല്ലല്ലോ   പോണത്..  അമ്മക്ക്  വയ്യാണ്ടിരിക്ക്യല്ലേ.. ആസ്പത്രിക്കും   വീട്ടിലിക്കും  ള്ള  ഓട്ടത്തിനിടക്ക്   ഉണ്ണിടെ  കാര്യം   ശ്രദ്ധിക്കാന്‍ പറ്റീന്ന്  വരില്ല്യ..  താന്‍  സമാധാനായിട്ട്  പൊയ്ക്കോളൂ..  ഇവടത്തെ  കാര്യൊക്കെ ഞാന്‍  മാനേജ്  ചെയ്തോളാം."


നാട്ടിലെ   രണ്ടാഴ്ചക്കാലം..  ഒരുതരത്തില്‍  അതൊരനുഗ്രഹമായിരുന്നു.. ശ്വാസം മുട്ടുന്ന നഗരജീവിതത്തില്‍  നിന്ന് താല്‍ക്കാലികമെങ്കിലും   ഒരു മോചനം. പുകതുപ്പി പായുന്ന  വാഹനങ്ങളുടെ ഒച്ച  കേട്ടുണരുന്നതിനു  പകരം, അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ നിന്നുയരുന്ന  ശബരിഗിരീശ സുപ്രഭാതത്തിന്‍റെ   ദിവ്യാനുഭൂതി. കിളികളുടെ   കളകളാരവം.. മുട്ടോളമെത്തുന്ന  മുണ്ടിന്‍റെ  കോന്തല  ഇടുപ്പില്‍ തിരുകി  ചൂലിന്‍റെ ഈര്‍ക്കില്‍  ഉള്ളം കൈയ്യില്‍  കുത്തിയോതുക്കി മുറ്റമടിക്കുന്നതിനിടയില്‍   കാളിത്തള്ളയുടെ  കുശലം  പറച്ചില്‍..

"ദേവൂട്ടിക്കു  ഇപ്പൊ  ഇവടത്തെ  ശീലൊന്നും  പിടിക്ക്യാണ്ടാവില്ല്യ   ഉവ്വോ.. ടൌണിലൊക്കെ  നല്ല സൌകര്യല്ലേ... ആ പടിഞ്ഞാക്കരെലെ   മാധോന്നായര്ടെ മര്വോള്..  വന്നാ  തൊടങ്ങും  പൂവ്വാ  പൂവ്വാ  ന്നു .. ഇവടത്തെ   ചിട്ടോളോന്നും   ആ കുട്ടിക്ക്   പറ്റില്ല്യാത്രേ..  ത്തിരി   പത്രാസുള്ള  കൂട്ടത്തിലാ..  ന്നെ  കണ്ടാ  ഒന്നു ചിറിക്കും  കൂടില്ല്യ.."

"കാളിതള്ള  മുറ്റടിച്ചിട്ടു   വടക്കോറത്തക്ക്  പോന്നോളൂ.. ചായ കുടിക്കാം.. നിയ്ക്ക്   അടുക്കളെലെ  പണി  ഒതുക്കീട്ടു   ആസ്പത്രീ   പോണം.  അമ്മേ  ഇന്ന് വീട്ടിലേക്കു കൊണ്ടുവരാം ന്നാ   ഡോക്ടര്‍  പറഞ്ഞേക്കണേ.. "  കാളിതള്ളയുടെ   ഏഷണി പറച്ചിലിന്  കാതു   കൊടുക്കാന്‍  തോന്നിയില്ല.

അമ്മയോട്    യാത്ര   പറയാന്‍   നേരം   തൊണ്ടയിടറി..  കണ്ണീരു  കാഴ്ച മറച്ചു...  ഉത്തരം  എപ്പോഴത്തെയും  പോലെ   ആകുമെന്നറിയാമായിരുന്നിട്ടും   ചോദിച്ചു..

അമ്മക്ക്  കുറെ  നാള്‍  എന്‍റെ കൂടെ  വന്നു  നിന്നാലെന്താ..  എന്‍റെ  ഉണ്ണിക്കുട്ടന്   കഥകള്‍  പറഞ്ഞു കൊടുക്കാനൊരു  മുത്തശ്ശി..

"നിക്ക്  പറ്റില്ല  ദേവൂട്ട്യെ..  ഫ്ലാറ്റിന്‍റെ   ഉള്ളിലെ  ജീവിതം  നിക്ക് തിക്കുമുട്ടുണ്ടാക്കും. മാത്രോല്ല.. ന്‍റെ  ചിട്ടോളൊക്കെ   ഇവട്യെ  പറ്റൂ.."



തീവണ്ടിയുടെ ചൂളം  വിളി  ചിന്തകളില്‍  നിന്നുണര്‍ത്തി..  കിതപ്പണക്കാന്‍ പാടുപെടുന്ന   വണ്ടിയിലേക്ക്  ആളുകളുടെ  തള്ളിക്കയറ്റം.. അവരില്‍ ഒരാളായി താനും.  പെട്ടിയും ബാഗും  സീറ്റിനടിയിലേക്ക്‌   തള്ളിവെച്ചു.. തന്‍റെ  ഇഷ്ട്ടം പോലെ തന്നെ  ഇത്തവണയും  സൈഡ് സീറ്റ്  തന്നെ  കിട്ടി.. പായുന്ന   വണ്ടിയിലിരുന്നു   കാഴ്ചകള്‍  കാണുന്ന  കാര്യത്തില്‍  ഇപ്പോഴും തനിക്കു  കുട്ടികളുടെ  മനസ്സാണ്.   ചൂളം  വിളിച്ചും  പാളങ്ങളെ തോണ്ടി കരയിച്ചും    വണ്ടി  പുറപ്പാടറിയിച്ചു പതിയെ  നീങ്ങിത്തുടങ്ങിയപ്പോഴാണ്    അവള്‍  വന്നു   തനിക്കെതിരെയുള്ള സീറ്റില്‍ ഇരുന്നത്..  തോളത്തു   രണ്ടു വയസ്സ് പ്രായം  തോന്നിപ്പിക്കുന്ന   ഒരു സുന്ദരി പെണ്‍കുഞ്ഞു. കുലീനത്വമുള്ള   മുഖമാണെങ്കിലും   എന്തൊക്കെയോ  ആകുലതകള്‍ മറച്ചു  വെക്കാന്‍  പാടുപെടുന്നത്  പോലെ  തോന്നി.. തീഷ്ണമായ ജീവിതാനുഭവങ്ങള്‍   കണ്ണുകളില്‍  ഒളിപ്പിച്ചു  വെച്ചതുപോലെ   .  ലഗ്ഗെജുകള്‍ സീറ്റിനടിയിലേക്ക്‌  തള്ളിക്കയറ്റി വെച്ചു.  അവരുടെ  ഭാവങ്ങളും  പെരുമാറ്റവും മിതത്വം  പുലര്‍ത്തുന്ന  സംസാര രീതിയും  ഏറെ  ഇഷ്ട്ടമായി..

“ഈ കമ്പാര്‍ട്ട്മെന്റില്‍   അധികം  ആളില്ലെന്ന്  തോന്നുന്നു. "

" അടുത്തുള്ള   സ്റ്റെഷനുകളില്‍   നിന്നും  കേറുമായിരിക്കും. സീസണ്‍  അല്ലാത്തത് കൊണ്ട് പൊതുവേ തിരക്ക്  കുറവാണ്."

ജനലഴികളില്‍  പിടിച്ചു   പുറത്തെ  കാഴ്ചകള്‍  കണ്ടു  തുള്ളിച്ചാടുന്ന   കൊച്ചു മിടുക്കി  പെട്ടെന്ന്  അമ്മിഞ്ഞക്ക്  വേണ്ടി  ചിണുങ്ങാന്‍   തുടങ്ങി.  അപ്പോഴാണ്‌ താന്‍   അവളെ  ആഴത്തില്‍   ശ്രദ്ധിച്ചത്.. കാണാനെന്തൊരു  കൌതുകം..  ഒരു പാവക്കുട്ടിയെ  പോലെ.. സ്വര്‍ണ്ണ അലുക്കുകള്‍  തുന്നിപ്പിടിച്ച   റോസ്  നിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്നു..  ചുവന്നു തുടുത്ത  കവിളുകള്‍.. .. കൊച്ചരിമുല്ലപോലത്തെ പല്ലുകള്‍  കാട്ടിയുള്ള  ചിരി  അതീവ ഹൃദ്യം.. നിഷ്കളങ്കതയുടെ   ഒരു കടല്‍   തന്നെ ഒളിപ്പിച്ചു  വെച്ച കണ്ണുകള്‍..   മഞ്ഞുതുള്ളികള്‍  പറ്റിപ്പിടിച്ചിരിക്കുന്ന പാതിവിടര്‍ന്നൊരു  കുഞ്ഞു  റോസാപൂ  പോലെ.  അവളില്‍  നിന്ന്  കണ്ണുകള്‍ പറിച്ചെടുക്കാന്‍  കഴിയുന്നില്ല..  ഏതോ  ഒരു കാന്തിക ശക്തി    തന്നെ അവളിലേക്ക്‌ തന്നെ വലിച്ചടുപ്പിക്കുന്നു.


"എന്താ  മോളുടെ പേര്? "


"അമ്മു"  പറഞ്ഞുകൊണ്ട്  തന്നെ  അവള്‍ ബ്ലൗസിന്റെ  താഴത്തെ   രണ്ടു കുണ്‌ക്കുകള്‍  വിടുവിച്ച്  അവള്‍ക്കു  കുടിക്കാന്‍  പാകത്തിലാക്കി  മുലക്കണ്ണ്‍   അമ്മുവിന്‍റെ  വായിലേക്ക്  തിരുകി കൊടുത്തു.അമ്മിഞ്ഞ നുണയുന്നതിനിടയില്‍   തന്നെ നോക്കി    ആ കൊച്ചു കുറുമ്പി   കുസൃതിയോടെ  ചിരിക്കുന്നു. കൊതിയോടെ നോക്കിയിരുന്നപ്പോള്‍    തന്‍റെ  മാറിടം  വിങ്ങിയോ?

ഒരു പെണ്‍കുഞ്ഞിനെ  പ്രസവിച്ചു  പാലൂട്ടി  വളര്‍ത്താനുള്ള  അടങ്ങാത്ത അഭിനിവേശം..  പെണ്‍കുട്ടികളോട്  എന്നും  തനിക്കു  ഇഷ്ട്ടമായിരുന്നു..  തന്‍റെ കുസൃതി നിറഞ്ഞ   നിറമുള്ള  കുട്ടിക്കാലം   തന്‍റെ  മകളിലൂടെ  ആസ്വദിക്കാമെന്ന മോഹം  കരിഞ്ഞുണങ്ങി പോയി. ഉണ്ണിക്ക്  അഞ്ചു  വയസ്സ്  തികയുന്നതിനിടക്ക്   മൂന്ന്  അബോര്‍ഷന്‍..  ഒടുവില്‍  ഗൈനക്കോളജിസ്റ്റ്   വസുന്ധരാ  ഗോപാലിന്‍റെ കാര്‍ക്കശ്യം  കലര്‍ത്തിയ   ഉപദേശം..


"ശ്രീദേവീ...  ഇനിയൊരു ഗര്‍ഭധാരണം  സംഭവിക്കാതിരിക്കുന്നതാണ്  നല്ലത്.. അമ്മയ്ക്കും  കുഞ്ഞിനും   അത് ദോഷമേ  ചെയ്യൂ.. ചിലപ്പോള്‍  ജീവന്‍  വരെ നഷ്ട്ടമായെക്കാം  അറിഞ്ഞുകൊണ്ട്   ഒരു റിസ്ക്‌ എടുക്കണോ? മക്കളില്ലാത്ത   എത്രയോ പേരില്ലേ..  നിങ്ങള്ക്ക്  ഒരു മകനെങ്കിലും  ഉണ്ടല്ലോ.  നമ്മള്‍ കുറെയൊക്കെ വിധിക്ക്  കീഴടങ്ങിയെ  മതിയാവൂ. മിസ്റ്റര്‍  ദേവദാസ്   വൈഫിനെ   പറഞ്ഞു മനസ്സിലാക്കണം."


പക്ഷെ  മനസ്സ്  വിധിക്ക്  കീഴടങ്ങിയില്ല.  ഉറക്കം  വരാതെ  തിരിഞ്ഞും  മറിഞ്ഞും കിടന്ന  രാവുകളില്‍  താന്‍  എത്രയോ തവണ  ഗര്‍ഭാലസ്യം അറിഞ്ഞു.  ഒരു പെണ്പൂവിനെ  പ്രസവിച്ചു, പാലൂട്ടി,  പാടാത്ത  താരാട്ട്  പാടിയുറക്കി, കുഞ്ഞുടുപ്പുകള്‍ തുന്നി,  കുഞ്ഞു വിരല്‍ തുമ്പില്‍  പിടിച്ചു അവളെ നടത്താന്‍  പഠിപ്പിച്ചു. മാനത്തമ്പിളിയെ  ചൂണ്ടിക്കാണിച്ചു കൊടുത്തു  മാമമൂട്ടി..   പൂക്കാതെ പോയ    ആ സ്വപ്നങ്ങള്‍  ഒന്നിച്ചു  പൂത്തിറങ്ങിയത്  പോലെ  അമ്മുവെന്ന പെണ്പൂവ്   തന്‍റെ മുന്നില്‍ പൂത്തുനില്‍ക്കുന്നു. 

"എന്താ  ഇയാള്‍ടെ  പേര്?  എവിടെക്കാ  പോവേണ്ടത്?  കൂടെ  വേറെ  ആരുമില്ലേ? "

" ശ്രീലത..  ലതാന്നാ   എല്ലാരും  വിളിക്ക്യാ..  അമ്മൂന്റച്ചന്‍   ശ്രീ  ന്നു  വിളിച്ചിരുന്നു."

"വിളിച്ചിരുന്നു" എന്ന വാക്കു  മനസ്സില്‍  ഉടക്കി.. അപ്പോള്‍...ചോദ്യത്തിന് വിലങ്ങിട്ട് ലതയുടെ  സ്വരം..  സൂററ്റിലേക്കാ  പോണത്.."

"ആഹാ.. അപ്പോള്‍  നമ്മള്‍  രണ്ടു ദിവസം   ഒരുമിച്ചുണ്ടാവുമല്ലോ..  എനിക്ക് ബറോഡയിലാണ്  ഇറങ്ങേണ്ടത്.. ഞാനും   തനിച്ചേ ള്ളൂ..  അമ്മക്ക്   സുഖമില്ലാന്നറിഞ്ഞപ്പോള്‍  പെട്ടെന്ന്  വന്നതാണ്..  കുറച്ചു  കാലായി  ബറോഡയില്‍.. 
ഒരു ജോലീണ്ട്..  ദേവേട്ടനും  പിന്നെ ഞങ്ങളുടെ  ഉണ്ണിക്കുട്ടനും..  ചെറ്യേ  കുടുംബം. "
ട്രെയിനിന്‍റെ  കുലുക്കത്തിലും  അമ്മയുടെ  തലോടലിലും,  അമ്മിഞ്ഞ  നുണഞ്ഞു കൊണ്ട് തന്നെ അമ്മു  ഉറക്കത്തിലേക്കു   വഴുതി  വീണു..

"മോളെ  ഒന്നു  ശ്രദ്ധിക്ക്വോ... അവളുടെ  കുറച്ചു  തുണികള്‍   ബാത്രൂമില്‍  ചെന്ന് കഴുകിയിട്ട്  വരാം.  ദാ  ന്‍റെ  ടിക്കറ്റ്.. ചെലപ്പോ  ടി. ടി. ആര്‍   ചെക്കിങ്ങിനു   വരും "

"അയ്നെന്താ.. ലത പൊക്കോളൂ..  മോളെ  ഞാന്‍  നോക്കിക്കോളാം."  കുറച്ചു നേരത്തേക്കെങ്കിലും   അവള്‍  തന്‍റെ  സ്വന്തമാവുമല്ലോ  എന്ന   സന്തോഷം..

പത്തുമിനിറ്റിനുള്ളില്‍    വണ്ടി    ഒരു ചെറിയ  സ്റ്റേഷനില്‍  നിന്നു..  ചായയും കാപ്പിയും   വില്‍ക്കാന്‍   വരുന്നവരുടെ   വിളിച്ചു ചൊല്ലലിന്റെ  ബഹളം.. തങ്ങളുടെ  കോച്ചുകളിലേക്ക്  എത്താനുള്ള   യാത്രക്കാരുടെ  തിടുക്കം.. ബഹളത്തിനിടക്ക്   അമ്മു  ഉണര്‍ന്നു.. ചുറ്റുപാടും  കണ്ണോടിച്ചു   അമ്മയെ കാണാത്തതിലുള്ള  പരിഭ്രമം  ആ കുഞ്ഞു മുഖത്ത് കാണാം.. ഒരു കരച്ചിലിനുള്ള വട്ടം കൂട്ടുകയാണ്..    അവളെ  വാരിയെടുത്തു  മടിയിലിരുത്തി. ഭാഗ്യത്തിന്   അപ്പോള്‍ അതുവഴി  കളിപ്പാട്ടം   വില്‍ക്കുന്ന  ഒരു  തമിഴത്തി   സ്ത്രീ വന്നു. കളിപ്പാട്ടങ്ങള്‍ വലിയൊരു  സഞ്ചിയിലും   കൈകളിലുമായി   ഓരോരുത്തരുടെ  മുഖത്തേക്കും നോക്കുന്നു.  തോളില്‍ ഞാന്നു കിടക്കുന്ന   പഴംതുണി  തൊട്ടിലില്‍   കഷ്ട്ടിച്ചു   ഒരു വയസ്സ്  തോന്നിക്കുന്ന   ക്ഷീണിച്ച  ഒരു കുട്ടി..   ഒന്നു  രണ്ടു വട്ടം  വിളിച്ചിട്ടും കേള്‍ക്കാഞ്ഞപ്പോള്‍  തമിഴത്തിയുടെ  കൈത്തണ്ടയില്‍   തോണ്ടി വിളിച്ചു..  കൈയ്യില്‍ പാടുപെട്ടു  ഒതുക്കിപ്പിടിച്ച   കളിപ്പാട്ടങ്ങള്‍  നീട്ടിക്കൊണ്ടു   ചില  ഒച്ചപ്പാടുകള്‍ ഉണ്ടാക്കി.. പാവം..  ഊമയാണ്..   ജീവിക്കാനുള്ള  പെടാപ്പാട്..

കളിപ്പാട്ടങ്ങള്‍  കണ്ടപ്പോള്‍  അമ്മു തുള്ളിച്ചാടാന്‍  തുടങ്ങി..   അവള്‍  തൊട്ടു കാണിച്ചതൊക്കെ  വാങ്ങിക്കൂട്ടി.   തമിഴത്തിയുടെ   തോളില്‍  തൂങ്ങിയാടുന്ന   കുഞ്ഞിനും  ഒരു നേരത്തിനുള്ള  അന്നത്തിനുള്ള   വക  കിട്ടട്ടെ.

വണ്ടി ഓടിത്തുടങ്ങി...  അല്‍പ്പം കഴിഞ്ഞപ്പോള്‍  ലത  നനച്ചു പിഴിഞ്ഞ   തുണികളുമായെത്തി.

"അല്ലാ   ഇതെന്താണ്..  എന്തിനാ  ഇത്രയൊക്കെ  മേടിച്ചത്.. ശ്ശോ  വേണ്ടായിരുന്നു." ശ്രീലതയുടെ  മുഖത്ത്  വല്ലായ്മ..

"ഉച്ചയായി..   എനിക്ക്  വിശക്കുന്നുണ്ട്..   ലത ഭക്ഷണം  കൊണ്ടുവന്നിട്ടുണ്ടോ?"

ഇല്ലെന്നു   തലയാട്ടി..  ഏറെ  നിര്‍ബന്ധിച്ച  ശേഷം   തന്‍റെ  പൊതിച്ചോറു   പങ്കിട്ടു  കഴിച്ചപ്പോള്‍ വല്ലാത്ത  സംതൃപ്തി..  അമ്മുവിനെ  മടിയിലിരുത്തി കുഞ്ഞുരുളകള്‍  വാരിക്കൊടുക്കുമ്പോള്‍   വല്ലാത്ത  നിര്‍വൃതി അനുഭവിക്കുകയായിരുന്നു.

വായിക്കാന്‍  പുസ്തകങ്ങള്‍  കരുതിയിട്ടുണ്ടെങ്കിലും   ഒരിഷ്ട്ടം  തോന്നുന്നില്ല..  കുറെ നേരം  പുറത്തേക്കു  നോക്കിയിരുന്നു..   പറങ്കിമാവിന്‍  തോട്ടങ്ങളും   കുന്നുകളും പാറക്കൂട്ടങ്ങളും   ഓടി മറയുന്നു.  അമ്മുവിനെ   എടുത്തു   മടിയിലിരുത്തി.. ഇപ്പോള്‍  അവള്‍  തന്നോട്  വല്ലാതെ   അടുത്തിരിക്കുന്നു..  ഏതോ മുജ്ജന്മ ബന്ധം പോലെ..  പക്ഷെ  ഇനിയുമെത്ര  നേരം ..ഓര്‍ത്തപ്പോള്‍  മനസ്സ്  വല്ലാതെ  പിടഞ്ഞു..

"അമ്മൂന്റെ  അച്ഛന്‍?"  


നിമിഷങ്ങള്‍  നീണ്ടുനിന്ന  മൌനത്തിനു  ശേഷമുള്ള മറുപടി  ഒരു തേങ്ങലായിരുന്നു.. താന്‍  വല്ലാതായി.. ആരെങ്കിലും   ശ്രദ്ധിക്കുന്നുണ്ടോ  എന്ന്  ചുറ്റുപാടും  നോക്കി..

"വിഷമിപ്പിക്കാനായി   ചോദിച്ചതല്ല..  സോറി."

ലത  സീറ്റില്‍ നിന്നും  എഴുന്നേറ്റു  പോയി..വാഷ് ബേസിനില്‍  മുഖം  കഴുകി തുടച്ചു വന്നിരുന്നു..

"എന്‍റെ ജീവിതം. ഉത്തരം  കിട്ടാത്ത  കടംകഥപോലെയാണ്  ശ്രീദേവീ."   

ഓര്‍മ്മ  വെക്കുന്നതിനു മുമ്പ്  അമ്മയും   തനിക്കു  പത്തു  വയസ്സുള്ളപ്പോള്‍   അച്ഛനും   മരിച്ചു.. കൂടപ്പിറപ്പുകള്‍  ഇല്ലാതിരുന്ന  ലതയെ  പിന്നീട്   വളര്‍ത്തിയത്‌ മക്കളില്ലാത്ത   അമ്മാവനായിരുന്നു.. വാതം  പിടിച്ചു  കിടപ്പിലായിരുന്ന അമ്മായിയും മരിച്ചതോടെ   അമ്മാവനും  താനും  വീണ്ടും  ഒറ്റപ്പെട്ടു..  സര്‍ക്കാര്‍  ജോലിയില്‍ നിന്നും വിരമിച്ച  ശേഷം  കിട്ടുന്ന  പെന്‍ഷന്‍  തുക  കൊണ്ട്  ഒരുവിധം  ജീവിച്ചു പോന്നു.. കോളേജില്‍  ചേര്‍ത്തു  പഠിപ്പിക്കണമെന്ന്   അമ്മാവനായിരുന്നു  നിര്‍ബന്ധം. കോളേജില്‍  വെച്ചാണ്  ഡിഗ്രി  അവസാന വര്‍ഷ വിദ്യാര്‍ഥിയായ  രാജേന്ദ്രനെ പരിചയപ്പെട്ടത്‌.  കോളേജ്  ഡേക്ക്   താനവതരിപ്പിച്ച  കവിതയിലൂടെ   തങ്ങളുടെ ഹൃദയങ്ങള്‍ തമ്മില്‍  കോര്‍ത്തിണക്കി.  പിന്നീട്  തീവ്ര പ്രണയത്തിന്‍റെ   അഞ്ചു വര്‍ഷങ്ങള്‍.. വിവാഹക്കമ്പോളത്തില്‍    രാജേന്ദ്രന്  വിലപേശല്‍   തുടങ്ങിയപ്പോള്‍ തങ്ങളുടെ  ബന്ധം  വീട്ടിലറിയിച്ചു..  പ്രതീക്ഷിച്ചത്  പോലെ തന്നെ  നാനാഭാഗത്തു നിന്നും  പൊട്ടിത്തെറികള്‍. എതിര്‍പ്പിന്‍റെ  പഞ്ചാഗ്നിയില്‍   രണ്ടു ജീവിതങ്ങള്‍  വെന്തു നീറി.. ഗദ്യന്തരമില്ലാതായപ്പോള്‍  ചില  സുഹൃത്തുക്കളുടെ  സാന്നിദ്ധ്യത്തില്‍   രെജിസ്ടര്‍  മാര്യേജ്  ചെയ്തു.. പ്രശ്നങ്ങള്‍  അവിടെ തീര്‍ന്നില്ല.. ഭീഷണിയും   പതിയിരുന്നുള്ള   ആക്രമണവും   പതിവായപ്പോള്‍ രണ്ടുപേരും   തിരുവനന്തപുരത്തേക്ക്  യാത്രയായി..  നല്ല  മനസ്സുള്ള  ചിലരുടെ  സഹായത്തോടെ രാജേന്ദ്രന്  നല്ലൊരു  ജോലിയും  സാമാന്യം സൌകര്യമുള്ള  വാടക വീടും തരപ്പെട്ടു.. ഇതിനിടക്ക്‌  ഭൂമിയില്‍  തനിക്കാകെ  ഉണ്ടായിരുന്ന  ബന്ധം   അമ്മാവനും  മരിച്ചു.

സന്തോഷകരമായ  ദാമ്പത്യവല്ലരിയില്‍  ആദ്യത്തെ  പെണ്പൂവ്  വിരിഞ്ഞു. ഈ കഴിഞ്ഞ മൂന്നു മാസം  മുമ്പ്   വിധിയും   ഞങ്ങളോട്     ക്രൂരത  കാണിച്ചു.   ഓഫീസിലേക്ക്  ഇറങ്ങിയ  രാജേന്ദ്രന്‍  ഒരു ബൈക്ക്  അപകടത്തില്‍ അത്യാസന്നനിലയിലായി.. വിവരമറിഞ്ഞ്  രാജേന്ദ്രന്റെ  വീട്ടുകാരും  എത്തി. അടുത്തു ചെന്ന്  ഒന്നു കാണാനുള്ള  അവകാശം  പോലും  തന്നില്ല. എപ്പോഴോ  ബോധം വന്നപ്പോള്‍   തന്നെയും  മോളെയും  കാണണം  എന്ന്  ആവശ്യപ്പെട്ടതനുസരിച്ചു   ഒന്നു കാണാന്‍  അനുവാദം  കിട്ടി..

"നമ്മുടെ  സ്നേഹത്തിന്‍റെ  അടയാളം.. അമ്മൂനെ നന്നായി  വളര്‍ത്തണം ."  

അവ്യക്തമായ  സ്വരത്തിലൂടെ   അമ്മുവിനെ   എന്നെ ഏല്‍പ്പിച്ചു  ഈ ലോകത്തോട് യാത്ര  പറഞ്ഞു.  പുറത്തു നില്‍ക്കുന്നവരുടെ  ശാപ വാക്കുകളും   വെറുപ്പോടെയുള്ള  നോട്ടവും .  താന്‍ കരഞ്ഞില്ല. ബുദ്ധിയും  ഹൃദയവും ഒക്കെ മരവിച്ചവളുടെ   കണ്ണില്‍  നിന്നും  കണ്ണീര്‍  പോലും  ഉറവയെടുത്തില്ല.  വാടകവീട് ഒഴിഞ്ഞു കൊടുത്തു  നാട്ടിലുള്ള  അമ്മാവന്‍റെ  വീട്ടിലെത്തി..   അവിടെയും  ജീവിതം ദുഷ്കരമാവുകയായിരുന്നു..  പകല്‍ സമയങ്ങളില്‍   അവജ്ഞയോടെ  നോക്കുന്ന കണ്ണുകളില്‍  സന്ധ്യ മയങ്ങുമ്പോള്‍  കാമത്തിന്‍റെ തീഗോളങ്ങളുടെ  പിടപ്പ്, വെറുപ്പുളവാക്കുന്ന  വഷളന്‍  ചിരികള്‍ വാരിതേച്ചു കുശലാന്വേഷണത്തിനു പടിക്കലെത്തുന്നവര്‍..  യൌവ്വനം  വറ്റാന്‍  ഇനിയും  കാലമേറെ കാത്തിരിക്കണം. അതുവരെ  തന്റെയീ    ശരീരം  സൂക്ഷിക്കാന്‍   ഈ   നാട്ടില്‍  കഴിയില്ല  എന്ന് തിരിച്ചറിഞ്ഞപ്പോള്‍,  അകന്ന  ബന്ധത്തിലുള്ള  വിധവയായ   ഒരു  ചേച്ചിയുടെ സഹായം  തേടിയുള്ള   യാത്രയാണിത്.


"ഇതുപോലെ  ചീറിപ്പാഞ്ഞു വരുന്ന  ഏതെങ്കിലും   വണ്ടിക്ക്   ഞങ്ങളുടെ  ജീവിതം എറിഞ്ഞു കൊടുത്തേനെ.. പക്ഷെ   രാജുവിന്‍റെ  ആത്മാവ്  അത്  സഹിക്കില്ല. അദ്യെഹത്തിനു  കൊടുത്ത  വാക്കു  എനിക്ക്  പാലിക്കണം..  എന്നാല്‍  കഴിയും വിധം  അമ്മുവിനെ   വളര്‍ത്തണം. "    ശ്രീലത   വിതുമ്പി.


ആശ്വസിപ്പിക്കാന്‍   വാക്കുകള്‍ക്കു  വേണ്ടി  പരതുമ്പോള്‍   ഒരു ഫോട്ടോ  തനിക്കു നേരെ നീട്ടി.

"ആറു മാസം  മുമ്പ്  ഞങ്ങളൊരുമിച്ചുള്ള  ചിത്രം..  എന്‍റെ  മോള്‍ക്ക്‌  അവളുടെ അച്ഛന്‍  ബാക്കി  വെച്ചിട്ട്  പോയ ഓര്‍മ്മകള്‍"

ആ ഫോട്ടോയിലേക്ക്‌  നോക്കി.. എത്ര  നല്ല  കുടുംബം..   നല്ലതിന്  അധികം നിലനില്‍പ്പില്ലെന്നു  പറയുന്നത്   എത്ര വാസ്തവം..

"എന്ത് പറഞ്ഞു  ആശ്വസിപ്പിക്കണം  എന്നെനിക്കറിയില്ല..  ദൈവഹിതം  എന്ന് കരുതി സമാധാനിക്കൂ..  ജീവിത പാതയില്‍  ഭാരങ്ങള്‍  ഇറക്കിവെക്കാന്‍  എവിടെങ്കിലും ഒരത്താണി   ഉണ്ടാവാതിരിക്കില്ല"

അമ്മയുടെ   ഹൃദയവേദനകള്‍  മനസ്സിലാവാതെ  അമ്മു   കളിപ്പാട്ടങ്ങളുമായി കലപില കൂട്ടിക്കൊണ്ടിരുന്നു.

 ഇരുട്ടിനു  കനം  വെച്ചു തുടങ്ങി. വൈദ്യുത വിളക്കുകള്‍  രാത്രിക്ക്  നക്ഷത്രമാലകള്‍ അണിയിച്ചു.  പാന്‍ട്രിയില്‍  നിന്നും  ഭക്ഷണ സാധനങ്ങള്‍  എത്തി  തുടങ്ങി.. ശ്രീലത ഭക്ഷണത്തിനു   പറഞ്ഞിട്ടിലെന്നുള്ളത്   ഞാന്‍   ശ്രദ്ധിച്ചു..  വിശന്നിട്ടവാം   അമ്മു മോള്‍ കരച്ചില്  തുടങ്ങി. ബാഗ് തുറന്നു  ബിസ്കറ്റ് പൊതി അഴിക്കാന്‍ തുടങ്ങിയപ്പോള്‍  താന്‍  വിലക്കി.

"വേണ്ട.  ഭക്ഷണം  ഞാന്‍  കൊണ്ടുവന്നിട്ടുണ്ട്.. നമുക്കൊരുമിച്ചു  കഴിക്കാം."

ശ്രീലത  നിരസിച്ചില്ല..   ഇപ്പോള്‍   തങ്ങള്‍ക്കിടയില്‍  അപരിചിതത്വത്തിന്റെ നേരിയ മറ  പോലും  ഇല്ലാതായിരിക്കുന്നു.    ഓടുന്ന  തീവണ്ടിക്കൊപ്പം   ഓടിയെത്താന്‍   പാടുപെടുന്ന  അമ്പിളിമാമനെ ചൂണ്ടിക്കാണിച്ചു, കൊഞ്ചിച്ചു കൊഞ്ചിച്ചു അമ്മുവിനെ   തന്‍റെ  മടിയിലിരുത്തി   ചോറുരുള വാരിക്കൊടുക്കുമ്പോള്‍ എത്രയോ  രാത്രികളില്‍ താന്‍  കണ്ട  സ്വപ്‌നങ്ങള്‍  താല്‍ക്കാലികമായെങ്കിലും സഫലമാവുകയായിരുന്നു. കുസൃതിയോടെ  ഭക്ഷണം  കഴിക്കുന്ന  അമ്മുവിനെ കണ്ടപ്പോള്‍    ഉണ്ണിക്കുട്ടന്‍   മനസ്സിലേക്കോടിയെത്തി.   എന്തൊക്കെ   കോപ്രായങ്ങള്‍   കാട്ടിയാലാണ്   തന്‍റെ ഉണ്ണിക്കുട്ടന്‍  ഇത്തിരി ഭക്ഷണം  കഴിക്കുക.. ചിലപ്പോള്‍  നല്ല അടി  വെച്ച് കൊടുക്കേം  ചെയ്യും  താന്‍..  തന്‍റെ   ഉണ്ണീടെ കളിയും  കുസൃതിത്തരങ്ങളും കാണാതെ   എത്ര  ദിവസായി..  എത്രേം വേഗം അവന്‍റെ  അടുത്തെത്താന്‍ മനസ്സ് വെമ്പി.

പുറത്തു   തണുത്ത കാറ്റു വീശുന്നു.. എല്ലാവരും  ഉറങ്ങാനുള്ള   ഒരുക്കത്തിലാണ്..

"അമ്മൂട്ട്യെ   ഇന്നെന്‍റെ   കൂടെ  കിടത്തി  ഉറക്കിക്കോട്ടേ? "

"ഉറക്കത്തില്   മൂത്രമൊഴിക്കണ   ശീലണ്ട്..  ബുദ്ധിമുട്ടാവും"

 പുതപ്പിനുള്ളില്‍   അമ്മുവിനെ   മാറോടു  ചേര്‍ത്തു    കുഞ്ഞു  തുടയില്‍  താളം പിടിച്ചു   ഉറക്കുമ്പോള്‍  ഒരു ദിവസത്തേക്കാണെങ്കില്‍  കൂടി   ഇങ്ങിനൊരു  ഭാഗ്യം ഉണ്ടായതില്‍  ദൈവത്തിനോട്  നന്ദി  പറയുകയായിരുന്നു.. അച്ഛന്‍  നഷ്ട്ടപ്പെട്ടതും അമ്മയുടെ   യാതനകളും   ഒന്നും   അറിയാതെ  വിരല്‍ കുടിച്ചു   ഉറങ്ങുന്ന അമ്മുവിന്‍റെ  നിഷ്കളങ്ക  മുഖം..    ജീവിക്കാനോ  മരിക്കാനോ  ആവാതെ , നിസ്സഹായത ടിക്കറ്റെടുത്ത  ജീവിതത്തിന്‍റെ  അനിശ്ചിതത്വങ്ങളെ , നിവര്‍ത്തികേടിന്റെ നിശ്വാസങ്ങളില്‍   തളച്ചിടുന്ന  നിരാലംബരായ  ഒരമ്മയും  കുഞ്ഞും. ശ്രീലതയുടെ മനസ്സ്  ദിശയറിയാത്ത   പാളങ്ങളിലൂടെ  ഓടിക്കൊണ്ടിരിക്കുകയാണെന്നു   എതിര്‍ സീറ്റില്‍  നിന്നുയരുന്ന  നിശ്വാസങ്ങളില്‍   നിന്നറിയുന്നു..

ജീവിത ഭാണ്ഡവും   പേറി   ഓരോ സ്റ്റെഷനുകളില്‍   നിന്നും  ആളുകള്‍ ഇറങ്ങുകയും  കയറുകയും   ചെയ്യുന്നു..   തങ്ങള്‍ക്കിടയില്‍   സംസാരിക്കാന്‍ വിഷയമില്ലാതായിരിക്കുന്നു..  കുറച്ചു  മണിക്കൂറുകള്‍  കഴിയുമ്പോള്‍   അമ്മുവിന്‍റെ സാമീപ്യവും   തനിക്കു   അന്യമാവും..  അതോര്‍ത്തപ്പോള്‍    ഹൃദയത്തില്‍   ഒരു പിടച്ചില്‍..

ഉച്ച കഴിഞ്ഞതോടെ  ലതക്ക്  ഇറങ്ങേണ്ട  സമയമായി..  വണ്ടി  കിതപ്പോടെ  നിന്നു. പ്ലാറ്റ്ഫോമില്‍   നല്ല തിരക്ക്.. ലഗ്ഗേജുമായി  ലത   ഇറങ്ങി.. അമ്മുവിനെ  എടുത്തു പുറകെ താനും.. ആള്‍ത്തിരക്കില്‍    നിന്നും   കാത്തു  നിന്നിരുന്ന  ചേച്ചിയെ   ശ്രീലത   തിരിച്ചറിഞ്ഞു..  ഒരു  മധ്യവയസ്കയായ സ്ത്രീ.   താല്ക്കാലികമാണെങ്കിലും ലതക്കും   കുഞ്ഞിനും    സഹായഹസ്തം  നല്‍കിയ  അവരോടു   ബഹുമാനം   തോന്നി.  നന്മ  വറ്റാത്ത  ചില മനസ്സുകള്‍   ദൈവത്തിന്‍റെ   പ്രതിരൂപങ്ങളായി ഭൂമിയില്‍   എവിടൊക്കെയോ   സഞ്ചരിക്കുന്നുണ്ട്..  പുറപ്പാടറിയിച്ചു  കൊണ്ട്   വണ്ടി  ചൂളം  വിളിച്ചു..   അമ്മു   തന്‍റെ  കഴുത്തിലൂടെ   വട്ടം ചുറ്റിപ്പിടിചിരിക്കുന്നു  അടര്‍ത്തിയെടുക്കാന്‍   കഴിയാത്ത വിധം.  ഇങ്ങിനെയൊരു നിമിഷം  പ്രതീക്ഷിച്ചതാണ്..  പക്ഷെ  അത്  അമ്മുവില്‍  നിന്നായിരുന്നില്ല... 

പുറത്തു  തലങ്ങും  വിലങ്ങും  പായുന്ന  ട്രെയിനുകള്‍ പാളങ്ങളില്‍   കൂട്ടക്കരച്ചില്‍ നടത്തുമ്പോഴും   അമ്മുവിന്‍റെ   കരച്ചില്‍   പിന്നീടുള്ള  ദിവസങ്ങളില്‍   തന്‍റെ സ്വസ്ഥത  നശിപ്പിച്ചു..  തിരികെ  സീറ്റില്‍  വന്നിരുന്നപ്പോള്‍  ജീവിതത്തില്‍  ഇന്നോളം അനുഭവപ്പെടാത്ത  ശൂന്യത..   ബാഗില്‍  മനപ്പൂര്‍വ്വം   ഒളിപ്പിച്ചു   വെച്ച   അമ്മുവിന്‍റെ   റോസ് ഉടുപ്പ്  വലിച്ചു  പുറത്തെടുത്തു  മുഖത്തമര്‍ത്തി    തികട്ടി വന്ന   തേങ്ങലോതുക്കി.

വര്‍ഷങ്ങള്‍ക്കു  ശേഷം  ഈ കുഞ്ഞുടുപ്പിന്റെ  അവകാശിയെ ഇന്ന്  താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവളിന്നനാഥയാണ്..  രണ്ടു  വര്‍ഷങ്ങള്‍ക്കു  മുമ്പ്   അമ്മയും  അവളെ വിട്ടകന്നു. അമ്മയില്‍  നിന്നും പകര്‍ന്നു കിട്ടിയ  ആര്‍ജ്ജവവും   ജീവിതത്തെ  കുറിച്ചുള്ള  കാഴ്ചപ്പാടുകളും  കൈമുതലാക്കി  പട്ടണത്തില്‍  ജോലി ചെയ്തു ജീവിക്കുന്നു.

കാളിംഗ് ബെല്ലിന്‍റെ  ശബ്ദം ശ്രീദേവിയെ  ചിന്തകളില്‍  നിന്നുണര്‍ത്തി.. ദേവേട്ടന്‍   വരുന്ന സമയം ആയതു പോലും അറിഞ്ഞില്ല.   കൈയിലിരിക്കുന്ന കുഞ്ഞുടുപ്പിലെക്കും വിഷാദം  വിങ്ങുന്ന തന്‍റെ  മുഖത്തേക്കും  ചോദ്യചിഹ്നമെറിഞ്ഞു   മാറി മാറി നോക്കുന്നത്  കണ്ടപ്പോള്‍   ശ്രീദേവി   കരയാതിരിക്കാന്‍   പാടുപെട്ടു   തലകുനിച്ചു.

മുഖം  പിടിച്ചുയര്‍ത്തി,  അരുമയോടെ   ചേര്‍ത്തു  നിര്‍ത്തി   ചോദിച്ചു.

"തനിക്കിതെന്തു  പറ്റി? ഇന്നെന്താ  ഓഫീസില്‍  നിന്ന്  നേരത്തെ ? "

ഈയിടെയായി   തങ്ങളുടെ  സായാഹ്ന  സല്ലാപങ്ങള്‍ക്കിടയില്‍ തന്‍റെ  അസിസ്റ്റന്റ് ആയി  ഓഫീസില്‍ ജോയിന്‍  ചെയ്ത  വര്‍ഷയായിരുന്നു  പ്രധാന വിഷയം. ആത്മവിശ്വാസത്തോടെ  ഇന്റെര്‍വ്യൂവിന്  തന്‍റെ  മുന്നിലിരുന്ന ദിവസം മുതല്‍ക്കുള്ള എല്ലാ കാര്യങ്ങളും  ഇന്ന്    പത്തിരുപതു   വര്ഷം മുമ്പ്  ഒരു തീവണ്ടി യാത്രക്കിടയില്‍  തന്‍റെ  മനസ്സിലൊരു തൊട്ടില്‍ കെട്ടിത്തന്ന്,    കരഞ്ഞകന്നു  പോയ കുഞ്ഞാണ്  വര്‍ഷയെന്നറിഞ്ഞപ്പോള്‍ അദ്യേഹവും  അതിശയപ്പെട്ടു പോയി. രാത്രിയില്‍ ഉറക്കം  തന്നോട്  പിണക്കം നടിച്ചു.  ഇരുട്ടിനേക്കാള്‍  കനമുള്ള മൗനത്തിന്റെ മതിലുകള്‍  തുളച്ചു പുറത്തുചാടിയ തന്‍റെ   നിശ്വാസങ്ങളെ  തടഞ്ഞുനിര്‍‍ത്തി ദേവേട്ടന്റെ  സ്വരം.  

"ദേവിയെന്താ   ആലോചിക്കുന്നത്? "

എപ്പോഴത്തെയും  പോലെ   അദ്ദ്യേഹം   തന്‍റെ  മനസ്സ്  വായിച്ചിരിക്കുന്നു.. ഈ ചോദ്യം പോലും   തന്‍റെ  മൌനത്തെ  കുടഞ്ഞെറിയാന്‍   വേണ്ടി  മാത്രമുള്ളതാണ്.  

വാക്കുകള്‍   പുറത്തേക്കു  വരാന്‍   മടിച്ചു..  അഭിപ്രായങ്ങളും   ആഗ്രഹങ്ങളും പങ്കുവെക്കാന്‍   ഇതിനുമുമ്പ്  ഒരിക്കലും  ഉണ്ടായിട്ടില്ലാത്ത   പരവേശം. ഒരിത്തിരി വെള്ളം  കുടിക്കണമെന്നു  തോന്നിയ  നിമിഷം , തൊട്ടടുത്ത  മേശപ്പുറത്ത്   നിറച്ചു വെച്ച  ജാറില്‍  നിന്നും   ഗ്ലാസ്സിലേക്ക്‌ പകര്‍ന്ന  വെള്ളവുമായി  ദേവേട്ടന്റെ  കൈ തന്നിലേക്ക്  നീണ്ടുവന്നു.

"ദേവിക്ക്  എന്നോടെന്തോ  പറയാനുണ്ടല്ലേ."?

"ഉം"   മൂളലിന്റെ  പിന്‍ബലത്തില്‍  മനസ്സിലുള്ളതെല്ലാം  ദേവേട്ടന്റെ  മുന്നിലേക്ക്‌ കുടഞ്ഞിട്ടു.

"ഒരു പെണ്‍കുട്ടിക്ക്  വേണ്ടുന്ന  എല്ലാ ഗുണങ്ങളും  ഞാന്‍  വര്‍ഷയില്‍  കാണുന്നു. അനാഥത്വമെന്ന ദുര്‍വ്വിധിയെ  ഒരു ന്യൂനതയായി   കാണുന്നില്ലെങ്കില്‍ ,  ഒരു മോളായി, നമ്മുടെ  ഉണ്ണിയുടെ  ജീവിതസഖിയായി   അമ്മുവിനെ  നമുക്ക് സ്വന്തമാക്കിക്കൂടെ? "

ദേവദാസില്‍ നിന്ന്  മറുപടിയൊന്നും  ഉണ്ടായില്ല.

"ദേവി  ലൈറ്റ് അണച്ചു  കിടന്നോളൂ..  നേരം  ഒരുപാടായി."   ഭര്‍ത്താവിന്‍റെ പ്രകൃതം  അറിയാവുന്നത് കൊണ്ട്  മുഷിവൊന്നും   തോന്നിയില്ല.  തീരുമാനങ്ങള്‍   വൈകുമെങ്കിലും   എടുക്കുന്ന  തീരുമാനങ്ങള്‍  ഉറച്ചതും  വ്യക്തതയുള്ളതും   ആവുമെന്ന്  മറ്റെല്ലാവരേക്കാള്‍   തനിക്കറിയാം.. എന്നാലും  മനസ്സിലൊരു  വിങ്ങല്‍.. തന്‍റെ  ആഗ്രഹം   അദ്ദ്യേഹത്തെ  വേദനിപ്പിച്ചിരിക്കുമോ?  നേരം  വെളുത്തിട്ടും ഭര്‍ത്താവിനെ  അഭിമുഖീകരിക്കാന്‍   വൈഷമ്യം  തോന്നി.   

ഓഫീസിലേക്ക്  പോകാന്‍  തയ്യാറായി  നില്‍ക്കുന്ന  ഭര്‍ത്താവിന്‍റെ  കൈയ്യിലേക്ക് ലഞ്ച് ബോക്സ്   കൊടുത്തു  പിന്തിരിയുന്നതിനിടയില്‍  പുറകില്‍  നിന്നും  പിടിച്ചു നിര്‍ത്തി.

"ദേവീ"   ദേവദാസിന്റെ സ്നേഹം   നിറഞ്ഞു തുളുമ്പുന്ന   സ്വരം..  

തിരിഞ്ഞു നിന്ന ശ്രീദേവിയുടെ  ഇരുകൈകളും കൂട്ടിപ്പിടിച്ചു സ്നേഹപൂര്‍വ്വം ഒന്നമര്‍ത്തി  നേര്‍ത്തൊരു  മന്ദഹാസത്തിന്റെ  അകമ്പടിയോടെ  കണ്ണിമകള്‍ പൂട്ടിതുറന്നു. നെഞ്ചോട്‌  ചേര്‍ത്തു നിര്‍ത്തി മൂര്‍ദ്ധാവില്‍  ഒരു മൃദുചുംബനം. അതെ. നാല് ജീവിതങ്ങള്‍  ഒരു കൂരക്കു കീഴില്‍ ഒതുക്കാനുള്ള തന്‍റെ ആഗ്രഹത്തിന്  തുല്യം ചാര്‍ത്തിയ  സമ്മതപത്രം. 

ഭര്‍ത്താവിന്‍റെ  മാറിലേക്ക്‌  ശ്രീദേവി  ആനന്ദപ്പെരുമഴയായ് പെയ്തിറങ്ങി.

"എനിക്കറിയാം  എന്‍റെ  ദേവീടെ മനസ്സ്..  സ്നേഹം  തിരഞ്ഞെടുക്കുന്നതിലും സ്നേഹം പകരുന്നതിലും   നിനക്ക്  തെറ്റ്  പറ്റില്ലെന്നും  അറിയാം..  വര്‍ഷ  ഇനി അനാഥയല്ല.. നമ്മുടെ  അമ്മു മോളാണ്.  അവള്‍  നമുക്കായി  ജനിച്ചവളാണ് "


ഭര്‍ത്താവിന്‍റെ നെഞ്ചിലെ സ്നേഹചൂട് ഏറ്റുവാങ്ങി,  മുടിയിഴകള്‍ക്കിടയിലൂടിഴയുന്ന വിരല്‍സ്പര്‍ശത്തിന്‍റെ  അനുഭൂതി നുകരവേ,  ശ്രീദേവിയിലെ അമ്മ മനസ്സിന്‍റെ തംബുരുവില്‍   പാടാന്‍   വൈകിയൊരു താരാട്ടുപാട്ടിന്‍റെ   ഈരടികള്‍ക്ക്   ശ്രുതി ചേര്‍ക്കുകയായിരുന്നു  അമ്മു. 





-പത്മശ്രീ  നായര്‍ - 












Friday 5 December 2014

അപ്പൂട്ട്യാരുടെ സദ്യ ഭ്രമം



അപ്പൂട്ട്യാര്‍ക്ക് സദ്യ ഒരു വീക്നെസ്സ് ആണ്.. ക്ഷണിച്ചാലും ഇല്ലെങ്കിലും ആളും തിരക്കും കണ്ടിടത്ത് കേറിചെല്ലും .
 സദ്യയുണ്ടെങ്കില്‍ ഉണ്ടിട്ടു പോരുകേം ചെയ്യും.. ഇരുപത്തെട്ട് കെട്ടു, ചോറൂണ്, തെരണ്ടുകല്യാണം, കല്യാണം, 
പതിനാറടിയന്തിരം, എന്ന് വേണ്ട എല്ലാവിധ സദ്യയും അപ്പൂട്ട്യാര്‍ക്ക് പ്രിയം.. പ്രിയകരം. കുളിച്ചു വൃത്തിയായി,
 കഞ്ഞിപിഴിഞ്ഞുണക്കിയ മല്ലുമുണ്ടും, അയഞ്ഞ ഖദര്‍ ഷര്‍ട്ടും, തോളിലൊരു ചുട്ടിതോര്‍ത്തുമിട്ടേ അപ്പൂട്ട്യാര് 
പുറത്തേക്കിറങ്ങൂ. അതുകൊണ്ട് പെട്ടെന്ന് എവിടെ സദ്യ ഉണ്ടെങ്കിലും വേഷം മുഷിഞ്ഞു എന്ന കാരണത്താല്‍ 
സദ്യക്കിരിക്കാതെ വരേണ്ടി വന്നിട്ടില്ല.. ആദ്യത്തെ പന്തിയില്‍ തന്നെ ഇരുന്നുണ്ണുക എന്നതും അപ്പൂട്ട്യാര്‍ക്ക് 
നിര്‍ബന്ധം.

അപ്പൂട്ട്യാരെയും അദ്യേഹത്തിന്റെ തീറ്റഭ്രമത്തെയും വെറുപ്പോടെ കണ്ടിരുന്ന അയല്‍വാസിയും ബന്ധുവുമായ 
കുഞ്ഞൂട്ടന്നായര്, അപ്പൂട്ട്യാരെ നാറ്റിക്കാന്‍ ഒരവസരം നോക്കിയിരിക്ക്യാരുന്നു.. (നോട്ട് ദ പോയിന്റ്‌... അപ്പൂട്ട്യാരും 
കുഞ്ഞൂട്ടന്നായരും തറവാട് ഭാഗം വെപ്പിലൂടെ ഉരുത്തിരിഞ്ഞ അതിര്‍ത്തി തര്‍ക്കത്തില്‍ ബന്ധു പദവിയില്‍ 
നിന്നും ബദ്ധവൈരികള്‍ പദവിയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടുകയുമായിരുന്നു. കുഞ്ഞൂട്ടന്നായരുടെ പെങ്ങളാണ്
അപ്പൂട്ട്യാരുടെ ഭാര്യാപദവി അലങ്കരിച്ചിരുന്ന കുഞ്ചിയമ്മ.)

അങ്ങനെ കുഞ്ഞൂട്ടന്നായര് കാത്തിരുന്ന സുവര്‍ണ്ണാവസരം വന്നു.. കുഞ്ഞൂട്ടന്നായരുടെ അനന്തരവളുടെ 
കല്യാണ ദിവസം.. കെട്ടു കഴിഞ്ഞു.. സദ്യക്ക് ഇലയിട്ടു.. ആതിഥേയ മര്യാദയനുസരിച്ച് വരന്‍റെയാള്‍ക്കാര്‍ സദ്യ 
ഉണ്ടു തുടങ്ങി. ഉണ്ണുന്നവരുടെ ഇടയിലൂടെ കുശലം ചോദിച്ചു നടക്കുന്നതിനിടയില്‍ കുഞ്ഞൂട്ടന്നായരുടെ 
ഉണ്ടക്കണ്ണുകള്‍ അപ്പൂട്ട്യാരിലുടക്കി.. പ്രഥമനില്‍ പപ്പടവും പഴവും കൂട്ടിക്കുഴച്ചു കൈകൊണ്ടു ചുറ്റിയൊരു പിടുത്തം 
പിടിച്ചു ഒരു പ്രത്യേക ശബ്ദത്തോടെ വായിലാക്കി വിരലഞ്ചും നക്കിതുടച്ച്, ഇലത്തുമ്പില്‍ വിളമ്പിയ ഇഞ്ചിപ്പുളി 
മൂന്നു വിരലില്‍ മുക്കി നാക്കില്‍ നെടുനീളത്തില്‍ ഒരു കുറി വരച്ചു ആസ്വദിച്ചു ഉണ്ണുന്ന അപ്പൂട്ട്യാര്. നാടുനീളെ 
വിളിച്ചതും വിളിക്കാത്തതുമായ സദ്യക്ക് ഉണ്ണാന്‍ നടക്കുന്നതിന്‍റെ ദേഷ്യവും, അതിര്‍ത്തി തര്‍ക്കത്തില്‍ തനിക്കു 
കിട്ടാതെ പോയ വരിക്കപ്ലാവിനെയും ഓര്‍ത്തപ്പോള്‍ കുഞ്ഞൂട്ടന്നായരിലെ ശതൃത സടകുടഞ്ഞെഴുന്നേറ്റു.. എല്ലാരും
 കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെ ഒരു ചോദ്യം..

"അല്ല അപ്പൂട്ട്യാരെ... ങ്ങളെ ഞാന്‍ സദ്യക്ക് ക്ഷണിച്ചീര്‍ന്നില്ല്യാലോ.."

അപ്പൂട്ട്യാരുടെ അടുത്തിരുന്നവര്‍ തമ്മില്‍ തമ്മില്‍ നോട്ടമെറിഞ്ഞു.. ഒട്ടും ഭാവഭേദം ഇല്ല്യാതെ, സദ്യയുടെ 
അവസാന ചടങ്ങെന്ന വണ്ണം ഇലയില്‍ പറ്റിപ്പിടിച്ചതെല്ലാം കൂടി ഊക്കോടെ വടിച്ചു നക്കി, കണ്ണിറുക്കി നാവു 
കൊണ്ട് ഒരു നൊട്ടെമിട്ടു അപ്പൂട്ട്യാര് പറഞ്ഞു..

" അദു പ്പൊ .. കുഞ്ഞൂട്ടന്നായര് ക്ഷണിക്കാത്തത് ന്‍റെ കുറ്റാണോ? ദാ പ്പോ നന്നായേ. "

പതിയെ കൈകുത്തി എഴുന്നേറ്റ് പുറത്തു തെങ്ങിന്‍ ചോട്ടിലെ ചെമ്പില്‍ നിന്നും കോപ്പ കൊണ്ട് വെള്ളം മുക്കി 
കൈയും വായും കഴുകി പതിവുപോലെ കുറെ വെറ്റിലേം പാക്കും വാരി മുണ്ടിന്‍റെ കോന്തലയില്‍ കെട്ടി അപ്പൂട്ട്യാര് 
വീട്ടിലേക്കു നടന്നു.. കുരുമുളകും ജീരകോം കായോം കറിവേപ്പിലയും കുത്തിച്ചതച്ചിട്ട് കുഞ്ച്യമ്മയുണ്ടാക്കിയ രസം 
ഒരു പിഞ്ഞാണം കുടിച്ചിട്ടേ അപ്പൂട്ട്യാര് വെറ്റില മുറുക്കൂ.. അതാ പതിവ്.. സദ്യ എവിടുന്നുണ്ടാലും രസം 
കുഞ്ച്യമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയത് തന്നെ വേണമെന്ന് അപ്പൂട്ട്യാര്‍ക്ക് നിര്‍ബന്ധാ... 


-----------------------
ഗുജറാത്തില്‍ ഇപ്പൊ കല്യാണ സീസണ്‍.. 

ഹാളുകളും പാര്‍ട്ടി പ്ലോട്ടുകളും കല്യാണ ബഹളങ്ങള്‍ കൊണ്ട് മുഖരിതം.. 

ആപ്പീസ് വിട്ടു വരുന്ന വഴിക്ക് കല്യാണ പ്ലോട്ടുകള്‍ കണ്ടപ്പോള്‍ അപ്പൂട്ട്യാരെ ഓര്‍ത്തുപോയി..