Sunday 25 January 2015

ഒരു റിപ്പബ്ലിക് ദിനം.. ഭീതീദമായ ഓരോര്‍മ്മയിലൂടെ...




രാജ്യം   66- മത്   റിപ്പബ്ലിക്  ദിനം  ആഘോഷിക്കുന്ന   ഈ  വേളയില്‍   ജീവിതത്തില്‍   ഒരിക്കലും മറക്കാനാവാത്ത   ഒരു  അനുഭവം   കൂടി    പങ്കു വെക്കാന്‍   ആഗ്രഹിക്കുന്നു.. 

2001  ലെ   റിപ്പബ്ലിക്   ദിനം..   മഞ്ഞിന്‍  പുതപ്പിനുള്ളില്‍  ചുരുണ്ട് കൂടിയ  അഹമ്മദാബാദ്   നഗരം.  രാവിലെ   എട്ടു  മണി  കഴിഞ്ഞുകാണും..  നോക്കിയാല്‍  കാണുന്ന  ദൂരത്തുള്ള സ്കൂളിലേക്ക് റിപ്പബ്ലിക്   ദിനാഘോഷങ്ങളില്‍   പങ്കെടുക്കാന്‍   കൂട്ടുകാരോടൊത്ത്   നടന്നകലുന്ന   മകനെ നോക്കി  കുറച്ചു നേരം  ബാല്‍ക്കണിയില്‍  നിന്നു..  

"ഒരു  കപ്പ്   ചായ  ഉണ്ടാക്കിക്കെ..  കുടിച്ചിട്ട്    മാര്‍ക്കറ്റില്‍   പോയി  പച്ചക്കറികള്‍  ഒക്കെ  മേടിച്ചിട്ട്   വരാം.."   അകത്തു  നിന്നും   രവിയേട്ടന്റെ   ശബ്ദം.  

ചായപ്പാത്രം   വാഷ്ബേസിനില്‍   കഴുകിക്കൊണ്ടിരിക്കുമ്പോള്‍    പുറകില്‍  നിന്നും   ആരോ   ശക്തിയായി   മുന്നോട്ടും   പിന്നോട്ടും   മൂന്നാല്  തവണ   ആഞ്ഞു   തള്ളിയതായി  എനിക്ക്  തോന്നി.  കളിപ്പിക്കാനായി   ഇടക്കൊക്കെ   ചെയ്യാറുള്ളത് പോലെ   എട്ടനായിരിക്കും   എന്ന്  കരുതി   അല്പം  ദേഷ്യത്തോടെ തിരിഞ്ഞു  നോക്കി..  അപ്പോള്‍ തന്നെ   അടുത്ത  റൂമില്‍   നിന്നും ഏട്ടന്റെയും   ഒച്ച  കേട്ടു.. "അയ്യോ   ഇതെന്താ   വീട്  കുലുങ്ങുന്നത്...  ഓടിക്കോ  ഭൂകമ്പം  ആണെന്ന്   തോന്നുന്നു."  പിന്നൊന്നും  ആലോചിച്ചില്ല.. രണ്ടുപേരും   കൈ കോര്‍ത്ത്‌  ഫ്ലാറ്റിന്‍റെ   നാലാം  നിലയില്‍ നിന്നും  കോണിപ്പടികള്‍  ഇറങ്ങി ഓടി..  കാറ്റിന്‍റെ  മുരള്‍ച്ച  പോലൊരു  ശബ്ദത്തോടൊപ്പം   കോണിപ്പടികളുടെ  കൈവരികള്‍   വിറക്കുന്നതും  ബില്‍ഡിംഗ്‌  ആടിയുലയുന്നതും  വ്യക്തമായി    അറിഞ്ഞു.  ഓടിയിറങ്ങി   താഴെ   എത്തിയപ്പോഴേക്കും    ഫ്ലാറ്റില്‍  ഉള്ളവരെല്ലാം   താഴെ   എത്തിയിരുന്നു..  ആര്‍ക്കും  കുറെ  നേരത്തേക്ക്   ഒന്നും  ശബ്ദിക്കാന്‍   കഴിഞ്ഞില്ല..  ഭൂകമ്പമെന്ന  പ്രകൃതി ദുരന്തത്തിന്‍റെ   ഷോക്കില്‍  ആയിരുന്നു  എല്ലാവരും.. ഇതിനിടക്ക്‌  സ്കൂളില്‍  പോയിരുന്ന കുട്ടികള്‍   ഭയന്ന്  നിലവിളിച്ചു    ഓടി  വന്നു. പ്രാഥമികആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരുന്നവര്‍ വൃത്തിയാക്കാന്‍  പോലും  നില്‍ക്കാതെ   ഇറങ്ങിയോടി..  കുളിച്ചു കൊണ്ടിരുന്ന   സ്ത്രീകള്‍  കൈയ്യില്‍  കിട്ടിയ   തുണി   വാരിച്ചുറ്റി   നഗ്നത  മറച്ചു  നനഞ്ഞ  ശരീരവുമായി  ചൂളി നിന്നു.   

റികടര്‍  സ്കെയിലില്‍  7.7  തീവ്രത   രേഖപ്പെടുത്തിയ, രണ്ടു  മിനിറ്റോളം  ദൈര്‍ഘ്യമേറിയ,   രാജ്യം   വിറങ്ങലിച്ചു പോയ  ഭൂകമ്പ  ദുരന്തത്തില്‍ പതിനായിരക്കണക്കിനു  ആളുകള്‍ക്ക്   ജീവന്‍  നഷ്ട്ടപ്പെട്ടു. ഒന്നര  ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക്  അംഗ വൈകല്യം   സംഭവിച്ചു..   ലക്ഷക്കണക്കിന്‌   വീടുകള്‍  നിലം പൊത്തി.  ഭൂകമ്പത്തില്‍   ഏറ്റവും  കൂടുതല്‍  ജീവനും  സ്വത്തിനും   നാശം സംഭവിച്ചത്  കച്ച്   ജില്ലയിലായിരുന്നു..  തികച്ചും   ശവപ്പറമ്പായി   മാറിയ കച്ചിനു  മുകളിലൂടെ   കഴുകന്മാര്‍   വട്ടമിട്ടു പറന്നു.. 

തുടര്‍ന്നുള്ള  ദിവസങ്ങളിലുണ്ടായ  ഭൂകമ്പത്തിന്റെ ചെറിയ  ചെറിയ  തുടര്‍ ചലനങ്ങളില്‍   ജനങ്ങള്‍ ഭീതിതരായി.. കുട്ടികളെയും  കൊണ്ട്   വീടിനുള്ളില്‍  കിടന്നുറങ്ങാന്‍   പേടിച്ചു  തുടങ്ങി.. ഒഴിഞ്ഞു കിടന്ന  പറമ്പുകളില്‍  താല്‍ക്കാലിക   ടെന്റുകള്‍  കെട്ടി  ആഴ്ചകളോളം    രാത്രികള്‍  കഴിച്ചു കൂട്ടി. ഒന്നിന് മീതെ  ഒന്നായി  കമ്പിളിപുതപ്പുകള്‍   പുതച്ചിട്ടും   തണുത്തു  വിറച്ചു.  ഉറങ്ങാന്‍   കഴിയാത്ത രാത്രികള്‍...!!!   

ആര്‍ഭാടത്തോടെ ജീവിച്ചവര്‍,  വേണ്ടപ്പെട്ടവരുടെ   ജീവന്‍  ഉള്‍പ്പെടെ   എല്ലാം   നഷ്ട്ടപ്പെട്ടു, തല്ക്കാലത്തെക്കെങ്കിലും   പെരുവഴിയിലായി. ശീതീകരിച്ച മുറിയില്‍, പട്ടുമെത്തയില്‍   ശയിച്ചവര്‍  പാതയോരത്തെ   വിളക്കുകാലിന്‍റെ  ചോട്ടില്‍ പഴംതുണി   വിരിച്ചു, കൊതുകുകടി  കൊണ്ട്  ഉറങ്ങാതെ നേരം വെളുപ്പിച്ചു. നെയ്യും  പരിപ്പും  പഴവര്‍ഗ്ഗങ്ങളും തിന്നു  ശീലിച്ചവര്‍  ദുരിതാശ്വാസപ്രവര്‍ത്തകര്‍ എണ്ണി ക്കൊടുത്ത  ഉണക്ക  ചപ്പാത്തിയും   ദാലും   തിന്നു  വിശപ്പകറ്റിയപ്പോള്‍ , അന്തിയുറങ്ങാന്‍   വീടില്ലാതെ,  ഉടുതുണിക്ക്‌  മറുതുണിയില്ലാതെ,  ഒരു നേരത്തിനു  ആഹാരത്തിനു  ഗതിയില്ലാതെ,  മരുന്ന്  വാങ്ങാന്‍   കാശില്ലാതെ  അലയുന്ന   സഹജീവികളെ  കുറിച്ച്   ഒരു നിമിഷമെങ്കിലും   ചിന്തിച്ചു കാണുമോ??? 

താന്‍  ചവിട്ടി  നില്‍ക്കുന്ന  മണ്ണ്  പോലും   തനിക്കന്യമാണെന്ന് അനുഭവത്തിലൂടെ  പഠിപ്പിച്ച   ദിനങ്ങളായിരുന്നു   വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ  ഭൂകമ്പത്തിലൂടെ   ഗുജറാത്തിലെ ജനങ്ങള്‍   അനുഭവിച്ചത്.. ഭൂമി ദേവി  ഒന്നനങ്ങിയാല്‍  മതി എല്ലാം   തകര്‍ന്നു  തരിപ്പണമാവാന്‍.   അഹന്തയും   ശത്രുതയും  അലങ്കാരമായി   കൊണ്ട് നടക്കുന്നവര്‍ക്കുള്ള   പാഠങ്ങളാണ്    ഓരോ  പ്രകൃതി  ദുരന്തവും.  എന്നിട്ടും  എന്തേ  ആരും  ഒന്നും   പഠിക്കുന്നില്ല.    കൊന്നും   കൊലവിളിച്ചും,   മറ്റുള്ളവരെ   പറ്റിച്ചും  ധനം  വാരിക്കൂട്ടിയിട്ടു   എന്ത് കാര്യം?  

വെള്ളക്കാരുടെ   ചവിട്ടും  തൊഴിയുമേറ്റ്  ഗാന്ധിജി  ഉള്‍പ്പെടെയുള്ള നമ്മുടെ  പൂര്‍വികന്മാര്‍   പൊരുതി  നേടിയെടുത്ത  സ്വാതന്ത്ര്യം ഇന്ന്   നമ്മള്‍  പരമാവധി   ദുരുപയോഗം   ചെയ്യുന്നു.   രാഷ്ട്രീയത്തിന്റെയും   മതത്തിന്‍റെയും  ജാതിയുടെയും   പേരില്‍ തെരുവോരങ്ങളില്‍ തമ്മില്‍തമ്മില്‍  വെട്ടിച്ചാകുന്നു. സ്ത്രീകളുടെ   മാനത്തിന്   വിലയിടുന്നു.  അമ്മിഞ്ഞപ്പാലിന്റെ   മണം  വിട്ടുമാറാത്ത  കുരുന്നുകള്‍  പോലും  ലൈംഗികാതിക്രമങ്ങളുടെ   ബലിയാടുകളാവുന്നു.. പെറ്റു പോറ്റിയ   മാതാപിതാക്കളെ   നിഷ്കരുണം  വഴിയില്‍  ഉപേക്ഷിക്കുന്നു. അഭിമാനിക്കാനാണെങ്കിലും    അപലപിക്കാനാണെങ്കിലും   ഉദാഹരണങ്ങള്‍   ഇനിയുമേറെ. ഇതാണോ  സ്വാതന്ത്ര്യം?   

മഞ്ഞും  മഴയും   വക  വെക്കാതെ,  ഉറ്റവരെയും  ഉടയവരെയും വിട്ടകന്ന് ,   ശത്രു പാളയത്തിന്റെ   തോക്കിന്‍ കുഴലിലൂടെ  ചീറിപ്പാഞ്ഞു  വരുന്ന   വെടിയുണ്ടകള്‍ക്കു  മുന്നില്‍   ജീവന്‍  പണയം വെച്ച്, രാജ്യാതിര്‍ത്തികള്‍ക്ക്   കാവല്‍  നില്‍ക്കുന്ന  ധീര ജവാന്മാരെ   എത്ര  പേര്‍ ഓര്‍ക്കുന്നുണ്ടാവും?   

ചിന്തകളില്‍  സ്വാതന്ത്ര്യം  വേണം  വാക്കുകളില്‍   വിശ്വാസം  വേണം പ്രവര്‍ത്തികളില്‍ ആത്മാര്‍ഥതയുണ്ടായിരിക്കണം.  ഹൃദയം  കൊണ്ടഭിമാനിക്കണം .. ഇന്ത്യ   എന്‍റെ  രാജ്യമാണ്. 

 "No Nation is Perfect .. It needs  to be made Perfect" 

മഹാത്മാഗാന്ധിയുടെ   ഈ  വാക്കുകള്‍   അനുസ്മരിച്ചു  കൊണ്ട്  എല്ലാവര്‍ക്കും  
റിപബ്ലിക്   ദിനാശംസകള്‍ ...!!!    
വന്ദേ  മാതരം.. !!!
   






Monday 19 January 2015

വയറായാല്‍ ...... ഷേപ്പ് വേണോ?????






ഈ  കഴിഞ്ഞ  അവധി  ദിനത്തിലെ  ഉച്ചയൂണ്   സമയമാണ്   സന്ദര്‍ഭം.
ഇടിച്ചക്കേം  മുരിങ്ങക്കായും  ഒക്കെ ഇട്ടു  വെച്ച  സാമ്പാറും, പയറ്  തോരനും   കടുമാങ്ങേം  മോരും   പപ്പടോം  ഒക്കെ  കൂട്ടി   ആവി   പറക്കുന്ന  ചോറ്   ഉരുട്ടിയുരുട്ടി  വിഴുങ്ങുന്നതിനിടയിലാണ്   ടി. വി. ന്യൂസിന്റെ  ഇടവേളയില്‍  ഉള്ള  ഒരു പരസ്യത്തിലേക്ക്  ശ്രദ്ധ  തിരിഞ്ഞത്..

"വയറായാല്‍   ഷേപ്പ്   വേണം.. ഷേപ്പാവാനോ   In -Shape    വേണം.."

തൊട്ടടുത്തിരുന്നു   അമൃതേത്ത്  നടത്തുന്ന  ആര്യപുത്രനെ  ഇടത്തേ  കൈകൊണ്ടൊന്നു  തോണ്ടി..

"അതേയ്  രവ്യേട്ടാ .. ഈയിടെയായിട്ട്  ന്‍റെ  വയറ്   ശ്ശി    കൂടീട്ടുണ്ടോ   ന്നൊരു   സംശയം..  നിയ്ക്ക്   ഒരു  Inshape    വാങ്ങി  തര്വോ? "

അപ്രതീക്ഷിതമായി    എന്‍റെ  കാതര  സ്വരം  കേട്ടിട്ടാവണം  നായരദ്യേം   വിഴുങ്ങിയ  ഉരുള   തൊണ്ടക്കുഴിയില്‍   നില്‍പ്പ്  സമരം   ആരംഭിച്ചു,  കണ്ണുകള്‍  രണ്ടും  പുറത്തേക്കു  തള്ളി..

ന്റീശ്വരാ ..  ന്നിപ്പോ   വയറിന്‍റെ   ഷേപ്പിനു  പകരം   ന്‍റെ  മോന്തേടെ   ഷേപ്പ്  മാറുന്ന  ലക്ഷണമാണല്ലോ..   ആത്മഗതിച്ചു  കൊണ്ട്  അടുത്തിരുന്ന ഗ്ലാസ്സിലെ  ജീരകവെള്ളം   ആര്യപുത്രന്റെ   വായിലേക്കൊഴിച്ചു  കൊടുത്തു    തൊണ്ടയില്‍  കുരുങ്ങിയ  ഉരുളയുടെ  നില്‍പ്പുസമരം  ഒത്തു തീര്‍പ്പിലാക്കി..  പുറത്തേക്കുന്തിയ  കണ്ണുകള്‍  പൂര്‍വ്വ സ്ഥിതി പ്രാപിച്ച  ശേഷം   പ്രാണനാഥന്‍   എന്‍റെ  നേരെ  തിരിഞ്ഞു..

"നിനക്കെന്താ   വേണ്ടേ.. ഇന്‍ ഷെപ്പോ?   അരക്കു  ചുറ്റും   പാലക്കാടന്‍  പാടശേഖരം  പോലെ  പരന്നു കിടക്കണ  നിന്‍റെ  കൊടവയറിനെ   ചുരുട്ടിക്കൂട്ടി  ഷേപ്പ്  ആക്കാന്‍  ഇന്ഷേപ്പ്  ഒന്നും  മതിയാവില്ല   ന്‍റെ  പ്രിയ  ഭാര്യേ...   വേറെ   വഴി  ഞാന്‍   പറഞ്ഞു തരാം..  നീയിത്തിരി  ചോറും  ഇത്തിരി  സാമ്പാറും  കൂടി  ഇങ്ങട്  വിളമ്പ്.."

ഇതാരപ്പാ... "കുടുംബ പുരാണത്തിലെ  ഫിലോമിന  ചേച്ചീടെ   മെയില്‍  വെര്‍ഷനോ?" ആത്മഗതിച്ചു  കൊണ്ട്  ചോറ്  വിളമ്പുന്നതിനിടയില്‍    ന്‍റെ  ആര്യപുത്രന്‍   തുടര്‍ന്നു..

"വര്‍ഷങ്ങളോളം  മരുഭൂമിയില്‍  കിടന്നു  കഷ്ട്ടപ്പെടുന്ന എന്നെ പോലുള്ള  ഒരുപറ്റം പ്രവാസികളുടെ  ഭാര്യമാര്‍ക്ക്   കണ്ടുവരുന്നതാണ്   ഈ കുടവയര്‍  പ്രശ്നം.   ഞങ്ങള് കുബ്ബൂസ്  തിന്നു  പച്ചവെള്ളം  കുടിച്ചു  ഒട്ടിയ  വയറ്  വീര്‍പ്പിക്കുമ്പോഴാ    നിന്നെ  പോലുള്ള  ഭാര്യമാര്‍ക്ക്  കുടവയര്‍    ചാടണത്.

കക്കൂസില്‍  പോണെങ്കിലും   നിനക്കൊക്കെ   വണ്ടി  വേണം..  രണ്ടടി  നടക്കാന്‍  വയ്യ.
അരക്കാനും  പൊടിക്കാനും   അലക്കാനും  മിഷ്യന്‍  വേണം.. തീറ്റക്കും  പൊങ്ങച്ചം  പറച്ചിലിനും മാത്രം   ഒരു  കൊറവും   ഇല്ല്യാ.  മിച്ചം   വരുന്ന  സമയം  കമ്പ്യൂട്ടറിന്റെ  മുമ്പിലും..  എങ്ങനെ   വയറ് ചാടാതിരിക്കും..   ങേ.."    ചോദ്യത്തോടൊപ്പം   രൂക്ഷമായ  നോട്ടം   കണ്ടില്ലെന്നു  നടിച്ചു .
എനിക്ക്   സങ്കടമായെന്നു   തോന്നിയത് കൊണ്ടാവണം  അടുത്തേക്ക്  ഒന്നൂടി  ചേര്‍ന്നിരുന്നിട്ടു ന്‍റെ കുടവയറില്‍  ഒരു  കുത്തു  തന്നിട്ട്   തുടര്‍ന്നു..

"ന്‍റെ  ഭാര്യേ.. ന്താപ്പോ   തന്‍റെ   പ്രശ്നം.. കുടവയറല്ലേ..  പരിഹാരണ്ടാക്കാം.

പ്ലേറ്റിന്റെ   വക്കില്‍  കൈ വടിച്ചു   നക്കി കൊണ്ട്   ഊണ്  മതിയാക്കി  എഴുന്നേറ്റു  കൈ  കഴുകി വന്നു  ചിറി  തുടച്ചു  കൊണ്ട്   തുടര്‍ന്നു.

"അതിരാവിലെ   ഏതോ  ഹിന്ദി  ചാനലില്‍  മ്മടെ  ഹരിയാനെടെ  പുതിയ  ബ്രാന്‍ഡ്  അംബാസഡര്‍   സാമിയില്ലേ..  ബാബാ   രാംദേവ്.  നീ  പണ്ട്  അങ്ങേരുടെ  കടുത്ത ആരാധികയായിരുന്നില്ലേ..  അങ്ങേരു  ഏതാണ്ടൊക്കെ  കസര്‍ത്ത്  കാണിക്കുന്നുണ്ട്.. മൂട്ടില്‍   വെയിലടിക്കണത്  വരെ  കിടന്നുറങ്ങാതെ   അതൊക്കെ  അങ്ങട്  ഫോളോ  ചെയ്യ്..  സ്വന്തം റിസ്കില്   മതി  ട്ടോ ..  ഈ കൊടവയറും  വെച്ച്  കസര്‍ത്ത്  കാണിച്ചിട്ട്  കയ്യോ  കാലോ  ഉളുക്ക്യാ   എനിക്കെതിരെ   കേസ്  കൊടുത്താലോ.  അതോണ്ടാ   പറയണേ..

ഇനി  അതിനു   വയ്യെങ്കില്‍   വൈകുന്നേരം  ആപ്പീസീന്നു   വന്നാല്‍   ഫേസ് ബുക്കില്‍ കുത്തിയിരിക്കാതെ,     അര  മുക്കാല്‍  മണിക്കൂറു   നടക്ക്..  നടന്നു  ക്ഷീണിച്ചു വരുമ്പോ   ഒരു  ഗ്ലാസ്സ് അടിപൊളി  നാരങ്ങാവെള്ളം   ന്‍റെ  വക  ഫ്രീ..  ഒരു മാസത്തിനുള്ളില്‍  വയറ്  കുറയും ന്ന് മാത്രല്ല.. ഇപ്പോഴത്തെക്കാള്‍   ചുന്ദരിയാവേം   ചെയ്യും . ഞാന്‍  ഗ്യാരണ്ടി..  ഇനി അഥവാ  കുറഞ്ഞില്ലെങ്കില്‍   നീയെന്നെ  ഡിവോഴ്സ്   ചെയ്തോ...   അങ്ങനെങ്കിലും   ഞാനൊന്ന്   രക്ഷപ്പെടട്ടെ... !!! "

അവസാനം  പറഞ്ഞ   വാചകത്തിന്   വോള്യം   തീരെ   കുറവായിരുന്നെങ്കിലും   ഞാന്‍ വ്യക്തമായി കേട്ടു..

"പരസ്യക്കാരങ്ങനെ  പലതും  പറയും..   അതവരുടെ  ഉല്‍പ്പന്നങ്ങള്‍   വിറ്റഴിക്കാനുള്ള   സൂത്രം..  അതിലൊന്നും   ചെന്ന് പെടാതിരിക്കുന്നത്   മ്മടെ  മിടുക്ക് .

ങാ  പിന്നൊരു  കാര്യം..  വയറായാല്‍   ഷേപ്പ്  അല്ല   വേണ്ടത്..  മ്മളെ  പോലെയുള്ള സാധാരണക്കാരെ  സംബന്ധിച്ചിടത്തോളം     വിശക്കുന്ന   വയറിനു ആഹാരമാണ്  വേണ്ടത് . അധ്വാനിച്ച   പണം  കൊണ്ട്  അന്നം  കഴിക്ക്യ..  കഴിയുമെങ്കില്‍   പട്ടിണി  അനുഭവിക്കുന്നവന്   ഒരു നേരത്തെ  ഭക്ഷണം  കൊടുത്തു    അവന്‍റെ  വിശപ്പ്  മാറ്റാന്‍ നോക്ക്വ."

ഞാന്‍  അന്തം  വിട്ടു..  ഇദ്യേം  എപ്പോഴാ  താത്വികന്‍   ആയത്.  ന്‍റെ  സംശയം  വാക്കുകളായി പുറത്തു ചാടി.

"ഓ   ഒക്കെ  മന്‍സിലായി..   അല്ലാ... ഇപ്പൊ  നിയ്ക്കൊരു   സംശയം..  ങ്ങക്ക്   ഫേസ്ബുക്ക്   അക്കൌണ്ട്  ഇല്ല്യാന്നു   പറഞ്ഞത്   നുണയല്ലേ.. ന്‍റെ  പ്രഭാതഭേരി  സ്ഥിരമായി   വായിക്കാത്ത ഒരാള്‍ക്ക്‌   ഇങ്ങനൊന്നും   ഉപദേശിക്കാന്‍   കഴിയില്ല."

ഒരു  ആക്കിച്ചിരിയോടെ    കക്ഷി  വീണ്ടും   തുടര്‍ന്നു.

 ഡോ  ഭാര്യേ..   യാള്  വെഷമിക്കണ്ട ..  തലേല്   വെള്ളി  വീണു  തുടങ്ങീല്ല്യെ..  ഈ പ്രായത്തില്  ഇത്തിരി   വയറും വട്ടീം  ഒക്കെ  ണ്ടെങ്കിലേ  കാണാനൊരു   ചന്തോക്കെ  ണ്ടാവൂ.. നെന്‍റെ  ഈ കൊടവയര്‍  ആണ്   നിന്‍റെ  സൌന്ദര്യോം   ഈ കുടുംബത്തിന്‍റെ   ഐശ്വര്യോം  ഒക്കെ..  അതിനെ   ഇന്ഷേപ്  ഇട്ടു   കെട്ടി മുറുക്കി  ഇല്ല്യാണ്ടാക്കണ്ട..   വയറിനും   വേണ്ടേ   സ്വാതന്ത്ര്യം.. "

സൌന്ദര്യ ബോധം  ഇല്ല്യാത്തൊരു   നായര്..  പണ്ടൊരിക്കല്‍   കല്ലു  പതിച്ച  നെക്ലേസ്   വാങ്ങി തര്വോ  ന്നു   ചോദിച്ചപ്പോ പ്രേംനസീര്‍   സ്റ്റൈലില്‍   "സന്ധ്യക്കെന്തിനു  സിന്ദൂരം , ചന്ദ്രികക്കെന്തിനു   വൈഡൂര്യം... കാട്ടാറിനെന്തിനു  പാദസരം ..  എന്‍  കണ്മണിക്കെന്തിനാഭരണം "  എന്ന  പാട്ട്,     കര്‍ക്കിടക മാസത്തില്‍   പോക്കാച്ചി തവള   കരയണ  മാതിരി  പാടി  ഫ്ലാറ്റിലെ   അയല്‍വാസികള്‍  ഓരോരുത്തരായി   ഉമ്മറത്ത്‌  വന്നു എത്തി നോക്കിയത്  ഓര്‍മ്മ   വന്നു..

ചുരുക്കി  പറഞ്ഞാല്‍   ഇന്ഷേപ്പ്   ആവശ്യപ്പെട്ടു   "സസി"യായി  ന്നു  പറഞ്ഞാ   മതീല്ലോ..













Monday 12 January 2015

"കല്‍പ്രമാണം" - എന്‍റെ വായനാനുഭവം





സമകാലിക ജീവിതാനുഭവങ്ങളെ  പ്രതിരോധത്തിന്റെ  തീക്ഷണതയും വൈകാരികതയും  ഇഴചേര്‍ത്ത്,  പാരുഷ്യം  കലര്‍ന്ന ഓര്‍മ്മപ്പെടുത്തലുകളിലൂടെ,  പാരിസ്ഥിതിക ബോധത്തെ  ഉദ്ബോധിപ്പിക്കുന്ന   നോവലാണ്‌   ശ്രീ രാജീവ്  ശിവശങ്കറിന്റെ   "കല്‍പ്രമാണം".

"പഴുക്ക"യെന്ന ഗ്രാമത്തില്‍, ശുദ്ധവായുവിനും, മാലിന്യമുക്തമായ ജലത്തിനും, സ്വച്ഛജീവിതത്തിനും   വേണ്ടി പോരാടി,   എങ്ങുമെത്താതെ   നിസ്സഹായരായി നിശ്വാസമുതിര്‍ക്കുന്ന  ഒരു പറ്റം  നിവാസികളുടെ ജീവിത കഥ ഗംഭീരമായി പറഞ്ഞു.  വായനക്കാരന്‍റെ  മനസ്സിനെ  ഖനനം  ചെയ്തും ഖനീഭവിപ്പിച്ചും  ഒരു പിടി  കഥാപാത്രങ്ങള്‍ക്ക്  ജീവന്‍  നല്‍കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

പാറമടകള്‍ സൃഷ്ട്ടിക്കുന്ന  ജീവിത ദുരിതങ്ങളുടെ  ആനുകാലിക ആവിഷ്കാരമാണ്  ഈ നോവല്‍. ഐതിഹ്യങ്ങളിലും  സങ്കല്‍പ്പങ്ങളിലും വിശ്വാസമര്‍പ്പിച്ച്  സമാധാന ജീവിതം നയിച്ചുവന്നിരുന്ന  നിഷ്കളങ്കരായ ഗ്രാമവാസികളുടെ  ജീവിതം പ്രശ്നഭരിതമായത്   പാറമട ലോബിയുടെ   കടന്നുകയറ്റം  മുതലാണ്‌.

പാറക്കെട്ടുകളും കുന്നും  മലകളും   വൃക്ഷങ്ങളും  നിറഞ്ഞ പ്രകൃതിസുന്ദരമായ പഴുക്കയുടെ  മണ്ണില്‍   അദ്ധ്വാനശീലരായ   ഗ്രാമീണര്‍ പൊന്നു  വിളയിച്ചു.  നാട്ടുനന്മയുടെ  തണലില്‍  വിശ്രമിച്ചിരുന്ന   പഴുക്കയുടെ മാറിലേക്ക്‌  കരിങ്കല്‍മാഫിയുടെ  കഴുകക്കണ്ണുകള്‍  ചൂഴ്ന്നിറങ്ങി.. നാട്ടുകാരില്‍ത്തന്നെയുള്ള  ചിലരുടെ  ഒത്താശയോടെ  ഗ്രാമത്തിന് അജ്ഞാതരായ   ചിലര്‍  ഭൂമി വാങ്ങിക്കൂട്ടുന്നു.  അപ്രതീക്ഷിതമായി   ഒരു ദിവസം   പാറക്കൂട്ടങ്ങള്‍ക്കിടയില്‍   നിന്ന്   ആദ്യത്തെ   വെടി  പൊട്ടി. പാറച്ചീളുകള്‍ ഉയര്‍ന്നു തെറിച്ചു.. പിന്നീടുള്ള  രാപകലുകളില്‍   പഴുക്ക  ഗ്രാമം പാറവെടി  ശബ്ദം കേട്ടു  ഞെട്ടിത്തെറിച്ചുകൊണ്ടേയിരുന്നു. കിളിയൊച്ചകളും നീരരുവികളുടെ  കളകളാരവവും, കാറ്റിന്‍റെ  സംഗീതവുമൊക്കെ  മണ്ണുമാന്തി യന്ത്രങ്ങളുടെയും  കരിങ്കല്‍ ലോറികളുടെയും  മുരള്‍ച്ചകളില്‍ ഇല്ലാതായി.

ആയിടക്കാണ്   വര്‍ഷങ്ങളോളം   ചെന്നൈയില്‍   സ്ഥിരതാമസമായിരുന്ന ബാലകൃഷ്ണന്‍  മാഷും  കുടുംബവും  സ്വന്തം  ഗ്രാമമായ പഴുക്കയിലേക്ക് മടങ്ങി  വന്നത്..  അകാലത്തില്‍   വിധവയായ  ഒരേയൊരു  മകള്‍   ദേവിയുടെ മനസ്സിനേറ്റ  ആഘാതത്തില്‍   നിന്നും  മുക്തി  നേടാന്‍ തന്‍റെ   ഗ്രാമാന്തരീക്ഷത്തിലെ   ജീവിതം   കൊണ്ട്  കഴിയുമെന്ന്   മാഷ്‌   കരുതി.  തന്‍റെ   ഗ്രാമത്തിന്‍റെ   അവസ്ഥ കണ്ടു   മാഷ്‌   ഏറെ ദു:ഖിതനായി. ഉള്ളിലെ  പ്രകൃതിസ്നേഹി  ഉണര്‍ന്നു.   മാഷിന്‍റെ   നേതൃത്വത്തില്‍  "പഴുക്ക   സംരക്ഷണസമിതി " രൂപീകരിച്ചു  പ്രക്ഷോഭങ്ങളും   അനിശ്ചിതകാല   സത്യാഗ്രഹവും   തുടങ്ങി. പക്ഷെ   എതിരാളികള്‍   ശക്തരും അപകടകാരികളുമായിരുന്നു. മത-രാഷ്ട്രീയ-കുത്തകമുതലാളിത്തങ്ങള്‍ക്ക് മുന്നില്‍   സമരസമിതിയുടെ  പ്രക്ഷോഭങ്ങള്‍    വേണ്ടത്ര   ഫലം   കണ്ടില്ല. ആസൂത്രിതമായ  കൊലപാതക ശ്രമത്തില്‍  ബാലകൃഷ്ണന്‍ മാഷിന്‍റെ ഇരുകാലുകളും നഷ്ട്ടമായതോടെ   സമരസമിതിയുടെ   നേതൃത്വം   മാഷിന്‍റെ മകള്‍   ദേവി  ഏറ്റെടുക്കുന്നു.

പ്രക്ഷോഭങ്ങള്‍   തുടരുമ്പോഴും   പാറമട ലോബികള്‍  പഴുക്കയെ  തുരന്നു കൊണ്ടേയിരുന്നു.   അന്തരീക്ഷത്തിനു   വെടിമരുന്നിന്റെ   മണം. കുടിവെള്ളത്തിനു   പാറപ്പൊടിയുടെ   ചുവ. ശ്വാസകോശ  രോഗങ്ങള്‍  പഴുക്ക ഗ്രാമാവാസികളെ   കാര്‍ന്നു  തിന്നാന്‍   തുടങ്ങി..   പാറമടകളാല്‍   വികൃതമാക്കപ്പെട്ട   പഴുക്കയില്‍    തുടരെത്തുടരെയുള്ള   ഉരുള്‍ പൊട്ടലും, ഭൂമി കുലുക്കവും  ജനങ്ങളുടെ    ജീവനും   സ്വത്തിനും  ഭീഷണിയായി തുടങ്ങി. പലരും   ഗ്രാമം  വിട്ടു പോയി.  ഗത്യന്തരമില്ലാത്തവര്‍   മരണത്തിന്റെ   കാലൊച്ചക്ക്   കാതോര്‍ത്തു   ഉമ്മറത്തിണ്ണകളില്‍ നിസ്സഹായതയുടെ നെടുവീര്‍പ്പുകളുതിര്‍ത്തു . പോരാട്ടത്തിന്‍റെ,  അതിജീവനത്തിന്റെ, സഹനസമരം 3250 ദിവസങ്ങള്‍  പിന്നിട്ട   ശേഷം ഫലം  കാണാതെ അവസാനിപ്പിച്ചു.

ഏറെ  ചര്‍ച്ചചെയ്യപ്പെട്ട  ഗാഡ്ഗില്‍  റിപ്പോര്‍ട്ടും  കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടും പരാമര്‍ശവിധേയമാക്കിയ  ഈ നോവലിന്‍റെ  പ്രമേയം  പരിസ്ഥിതി സമരമാണെങ്കിലും   ഒട്ടേറെ കഥാപാത്രങ്ങളെക്കൂടി  ഇതില്‍ വിളക്കിചേര്‍ത്തിയിട്ടുണ്ട്.   പഴുക്കയുടെ  പുരാവൃത്തത്തിലേക്ക്, പുരാണങ്ങളെയും   വിശ്വാസങ്ങളെയും   സങ്കല്‍പ്പങ്ങളെയും  കഥാ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായി സന്നിവേശിപ്പിക്കാന്‍  കഥാകാരന്   കഴിഞ്ഞിട്ടുണ്ട്.  തട്ടും   തടവുമില്ലാതെ   ഏതൊരു വായനക്കാരന്‍റെയും   മനസ്സിലേക്ക്  ആഴ്ന്നിറങ്ങാന്‍  കഴിയുംവിധത്തിലുള്ള  ആഖ്യാന ശൈലി. കാലാകാലങ്ങളില്‍ തിരഞ്ഞെടുപ്പു  മുദ്രാവാക്യങ്ങളിലൂടെ മോഹനവാഗ്ദാനങ്ങള്‍  വാരിയെറിഞ്ഞു പൊതുജനങ്ങളെ   കബളിപ്പിച്ചു, കുത്തകമുതലാളിത്തത്തിനു ചുക്കാന്‍  പിടിക്കുന്ന, മാറി മാറി ഭരണത്തില്‍   വരുന്ന  രാഷ്ട്രീയവാദികളുടേയും മുഖങ്ങള്‍,  ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തില്‍  പഴുതുകള്‍   അടച്ചുകൊണ്ട്‌  ആവിഷ്കരിക്കുന്നതില്‍   രചയിതാവ് പ്രത്യേക വൈദഗ്ദ്ധ്യം സൂക്ഷിച്ചിരിക്കുന്നു.

ഏറെക്കാലമായി, തിരക്കു പിടിച്ച   നിരത്തിലൂടെ , വാഹനങ്ങള്‍   വെറുപ്പോടെ പുറത്തേക്കു തുപ്പുന്ന  കരിമ്പുക ജീവവായുവിനോടൊപ്പം  കലര്‍ത്തി ശ്വാസോച്ഛ്വാസകര്‍മ്മം   നിര്‍വ്വഹിച്ചും കീടനാശിനി  തളിച്ച് തിണര്‍പ്പിച്ച   പച്ചക്കറികള്‍   വാങ്ങിത്തിന്ന്  ആരോഗ്യത്തെ   അനാരോഗ്യത്തിലേക്ക്   നയിക്കുമ്പോഴും,    ജീവിച്ചു  കൊതി തീരാത്ത   പാലക്കാടന്‍ ഗ്രാമത്തിന്‍റെ പച്ചത്തുരുത്ത്  തേടി  മനസ്സ്   പലവട്ടം  കുതറിയോടിയിട്ടുണ്ട് .  പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെ പശ്ചിമഘട്ട/പ്രകൃതി  സംരക്ഷണത്തെക്കുറിച്ചും   അനധികൃത പാറമടകളെക്കുറിച്ചുമുള്ള   വാര്‍ത്തകള്‍ മുന്നിലെത്തുമ്പോള്‍, പ്രദേശവാസികളുടെ ജീവിതത്തെക്കുറിച്ച്  ആഴത്തിലൊന്നും ചിന്തിച്ചിരുന്നില്ല. ഉന്നതങ്ങളില്‍  പിടിപാടുള്ളവരുടെ  ഒത്താശയോടെ   പ്രകൃതിയെ   തുരന്നു നേട്ടം  കൊയ്യുന്നവരെയും അത്തരക്കാരുടെ  ചൂഷണങ്ങള്‍ക്ക്   വിധേയരാകുന്ന ഒരു  പറ്റം  ഗ്രാമവാസികളെയും   "കല്‍പ്രമാണം"    എന്ന നോവലിലൂടെ   അറിയാന്‍  കഴിഞ്ഞു.

പരിസ്ഥിതിയുടെ   താളക്രമങ്ങളും  രാഷ്ട്രീയ വിശ്വാസത്തിന്റെ  തകിടംമറിച്ചിലുകളും  ഈ നോവലിനെ  അന്തസ്സുറ്റതാക്കുന്നു.  പാരിസ്ഥിതിക പ്രതിസന്ധികളും  സ്വൈര്യജീവിതത്തിനുള്ള വേണ്ടിയുള്ള  പോരാട്ടങ്ങളും  അടുത്തകാലത്തായി   ഏറെ  കണ്ടുവരുന്ന  സാഹചര്യത്തില്‍   ചര്‍ച്ച ചെയ്യപ്പെടേണ്ട   വിഷയം   തന്നെയാണ്   കല്‍പ്രമാണം.    മൌലികവും   സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുള്ള   ഒരു നോവല്‍   എന്ന  നിലയില്‍   അംഗീകാരങ്ങള്‍   "കല്‍പ്രമാണ"ത്തിലൂടെ നോവലിസ്റ്റിനെ   തേടിയെത്തുമെന്ന്   ഉറച്ചു   വിശ്വസിക്കാം..

ശ്രീ   രാജീവ്  ശിവശങ്കറിന്  ആശംസകള്‍.. !!!!