Sunday 22 February 2015

"ചില ചന്തി ചിന്തകള്‍" -- വായനാനുഭവം







എന്താണ്  ഫലിതം?   ഫലിതത്തെ   എങ്ങിനെ  നിര്‍വചിക്കാം..?
ഇതിനൊരുത്തരം  പറയാന്‍  മാത്രമുള്ള   അറിവൊന്നും  എനിക്കില്ല.  എങ്കിലും  എന്‍റെ പരിമിതമായ   അറിവു  വെച്ച്  ചിലത്  കുറിക്കട്ടെ..

ചിരിക്കാന്‍  കഴിവുള്ള  ഒരേയൊരു  ജീവി  മനുഷ്യനാണല്ലോ.  സ്വയം  ചിരിക്കാതെ, ഗൌരവഭാവം  പൂണ്ടു  മറ്റുള്ളവരെ  ചിരിപ്പിക്കുക വളരെ  ക്ലേശകരമാണ്, പ്രത്യേകിച്ച്   മലയാളികളെ  ചിരിപ്പിക്കാന്‍   വലിയ  കഷ്ട്ടപ്പാട്  തന്നെ.  അഭിനയത്തിലൂടെ,  ആംഗ്യഭാഷയിലൂടെ,  സംസാരത്തിലൂടെ,  ശബ്ദാനുകരണത്തിലൂടെയൊക്കെ   ഹാസ്യം   കൈകാര്യം  ചെയ്യുന്ന   കലാകാരന്മാര്‍   നമുക്കേറെയുണ്ട്.  പക്ഷെ  ഇതില്‍ നിന്നൊക്കെ  വളരെ  വ്യത്യസ്തവും   ശ്രമകരവുമാണ്  അക്ഷരങ്ങളിലൂടെ   ചിരിപ്പിക്കുക  എന്നത്.   ഹാസ്യം  ഒട്ടും  ചോര്‍ന്നു പോകാതെ,  നിത്യജീവിതത്തില്‍ നാം  കാണുന്നതും  കേള്‍ക്കുന്നതുമായ   രാഷ്ട്രീയ  സാമൂഹ്യ  കാലിക  പ്രാധാന്യമുള്ള  വിഷയങ്ങളെ  ആധികാരികമായി  വിശകലനം  ചെയ്തു,  നര്‍മ്മത്തില്‍  പൊതിഞ്ഞെടുത്തു  അക്ഷരങ്ങളായി   വായനക്കാരന്‍റെ  മുന്നിലെത്തിക്കുകയും  അവ ആസ്വദിച്ചു വായനക്കാരന്‍റെ  ചുണ്ടിലൊരു പുഞ്ചിരി  ഊറി വരികയും  ക്രമേണ   അതൊരു പൊട്ടിച്ചിരിയായി  മാറുകയും   ശേഷം   ചിരി ചിന്തകള്‍ക്ക്   വഴി  മാറുകയും  ചെയ്യുന്നിടത്ത്   ഒരു എഴുത്തുകാരന്‍  വിജയിക്കുന്നു. അത്തരത്തില്‍  ഏറെ  കഴിവുകളുള്ള ഒരനുഗ്രഹീത  എഴുത്തുകാരനാണ്‌    വിരോധാഭാസന്‍    എന്ന തൂലികാനാമം   സ്വീകരിച്ച  പത്തനാപുരത്ത്കാരന്‍   അജി.  

ചിന്തകളെ അക്ഷരങ്ങളാക്കി ഹാസ്യത്തിലൂടെ   ഫലിപ്പിക്കുക  വളരെ   ശ്രമകരമാണ്.  അതിനു ഭാഷാനൈപുണ്യം  വേണം, നിരീക്ഷണ സാമര്‍ത്ഥ്യവും  ചിന്താ ശക്തിയും  വേണം, അതിലുപരി   ആരെയും  നോവിക്കാതെ  ഹാസ്യാത്മക  വിമര്‍ശനത്തിലൂടെ  വാസ്തവത്തിന്റെ   വിത്തുപാകാന്‍  കഴിയണം..  ഇവിടെയാണ്‌  വിരോധാഭാസനെന്ന  എഴുത്തുകാരന്‍  വായനക്കാരന്‍റെ  മനസ്സില്‍  വേറിട്ടൊരു  ഇരിപ്പിടം   നേടിയെടുത്തത്.  കാലിക പ്രാധാന്യമുള്ള  വിഷയങ്ങളെ  ഓടിച്ചിട്ടു  പിടിച്ചിട്ടു,  അതില്‍  മറ്റാര്‍ക്കും  കണ്ടെത്താനാവാത്ത   വിരോധാഭാസങ്ങളെ  ഇഴ കീറി പുറത്തെടുക്കുന്ന  രചനാപാടവം.   മത-രാഷ്ട്രീയ-സാമൂഹിക  പക്ഷപാതമില്ലാതെ   വാര്‍ത്തകളിലെ വിരോധാഭാസങ്ങളെ   വേറിട്ടൊരു  കാഴ്ച്ചപ്പാടിലൂടെ   നിഷ്പക്ഷമായി  വായനക്കാരിലേക്കെത്തിക്കാനായി   സ്വന്തമായൊരു  ആഖ്യാന ശൈലി  മെനെഞ്ഞെടുക്കാന്‍  ഈ എഴുത്തുകാരന്  കഴിഞ്ഞിട്ടുണ്ട്. 

എന്തെഴുതണം, എങ്ങിനെ  എഴുതി തുടങ്ങണം  ഇത്തരം  ചിന്തകളില്‍ കുരുങ്ങിപ്പോകുന്നവര്‍ക്കുള്ള   മറുപടിയും   മാതൃകയുമാണ്   വിരോധാഭാസനെന്ന   എഴുത്തുകാരനും  അദ്ദ്യേഹത്തിന്റെ  അടുത്തിടെ  പ്രസിദ്ധീകരിച്ച " ചില ചന്തി ചിന്തകള്‍"   എന്ന  പുസ്തകവും.  നാം  നിത്യേന  കാണുകയും  കേള്‍ക്കുകയും  ചെയ്യുന്ന   വലിയ  പ്രാധാന്യമൊന്നും നല്‍കാതെ    തള്ളിക്കളയുന്ന,  നിസ്സാരമെന്നു തോന്നിപ്പിക്കാവുന്ന  സംഭവങ്ങള്‍,  മലയാളിയുടെ  കപട സദാചാരത്തിന്റെ  മുഖംമൂടികള്‍, തീക്ഷ്ണമായ  ജീവിതാനുഭവങ്ങള്‍  തുടങ്ങിയ  ഒട്ടനവധി  വിഷയങ്ങളെ   താത്വിക-മൌലിക-കാലിക  വിരോധാഭാസങ്ങളായി   വേര്‍തിരിച്ചു   വായനക്കാരന്  മുന്നിലെത്തിച്ചിരിക്കുകയാണ്   ഈ പുസ്തകത്തിലൂടെ. 

"ചന്തി" എന്ന  വാക്കു  കേള്‍ക്കുമ്പോള്‍  തന്നെ  മിക്കവരും  മുഖം ചുളിക്കുകയും  ആ വാക്കു  ഉച്ചരിച്ചവനെ  കുടുംബത്ത്  കേറ്റാന്‍  കൊള്ളാത്തവന്‍ (ള്‍) ആയി  മുദ്രകുത്തപ്പെടുകയും  ചെയ്യുമ്പോള്‍  തന്നെ  പൃഷ്ഠ -നിതംബ  കാര്യങ്ങളെ  കുറിച്ച്  ചിന്തിക്കാത്തവരും   വര്‍ണ്ണിക്കാത്തവരും  പ്രസ്തുത  ശരീര ഭാഗത്തിന്റെ  ഭംഗി/അഭംഗികളെക്കുറിച്ച് വിസ്തരിക്കാത്തവര്‍  ഉണ്ടാവില്ല  എന്നത്  ഒരു വിരോധാഭാസം   തന്നെയല്ലേ.  

മറ്റെല്ലാ  കാര്യത്തിലുമെന്ന പോലെ തെറി  വിളിക്കുന്ന  കാര്യത്തിലും  മലയാളികള്‍  ഒട്ടും പിന്നിലല്ല. തെറി  പറയുന്നത്  ഭാരത  സംസ്കാരത്തിനു   പ്രത്യേകിച്ച്  കേരളീയ  സംസ്കാരത്തിനു   ഒട്ടും  ഭൂഷണമല്ല  എന്ന്  ശക്തമായി  വാദിക്കുന്ന   ചര്‍ച്ചകളില്‍  പോലും  പരസ്പരം  തെറി  വിളിച്ചു  തല്ലിപ്പിരിയേണ്ടി വരുന്ന   അവസ്ഥയാണല്ലോ  ഇന്ന്.    തെറിയുടെ  സൈക്കോളജിയും   ഗ്രേഡ്  തിരിച്ചുള്ള  തെറികളും   വളരെ   രസകരമായി   പ്രതിപാദിച്ചിരിക്കുന്നു  "മലയാളത്തെറികള്‍"  എന്ന  തലക്കെട്ടോടു കൂടിയ   ചെറു  ലേഖനത്തിലൂടെ. 

"ക്യൂ  പാലിക്കുക"  എന്ന  ബോര്‍ഡിനെ    വിനയത്തോടെ   താണുവണങ്ങാന്‍   ശീലിച്ച  മലയാളിക്ക്   ക്യൂ   പാലിക്കാനുള്ള    സഹിഷ്ണത   അത്ര പോര. അതുപോലെ   തുപ്പല്‍  സംസ്കാരത്തിലെ  വൈവിദ്ധ്യങ്ങളും കൃത്രിമ സുഗന്ധലേപനങ്ങള്‍  പുരട്ടി  നടക്കുന്ന മലയാളിയുടെ    പിന്നാമ്പുറ വൃത്തിവിശേഷങ്ങളിലെയും  വിരോധാഭാസങ്ങളെ  കണ്ടെത്തി  ഹാസ്യരസം  ചേര്‍ത്തു  വിളമ്പിയിട്ടുണ്ട്.  കേരളത്തിലെ   സമരമുറകള്‍,  പുതുതലമുറയെ വരിഞ്ഞുമുറുക്കിയ  സോഷ്യല്‍ മീഡിയ,   കേരളത്തിന്‍റെ    ഹരിത ഭംഗിക്കുമേലുള്ള ഫ്ലക്സുകളുടെ കടന്നുകയറ്റം  എന്ന് വേണ്ടാ   നിത്യജീവിതത്തില്‍   നാം   ശ്രദ്ധിക്കപ്പെടാതെ പോകുന്ന    ചെറുതും  വലുതുമായ  നന്മ തിന്മകളിലെ  വിരോധാഭാസങ്ങളുടെ  ഹാസ്യാവിഷ്ക്കാരമാണ്  ഈ പുസ്തകത്തില്‍  വിഷയീകരിച്ചിരിക്കുന്നത് .

ഓരോ   താളിലൂടെയും   വായന   കടന്നുപോവുമ്പോള്‍  "ഈ കഥാപാത്രം  ഞാനല്ലേ"   അല്ലെങ്കില്‍   "ഈ  വിഷയം ഞാനുമായി  ബന്ധപ്പെട്ടതല്ലേ"   എന്ന്   ഓരോ   വായനക്കാരനെയും   തോന്നിപ്പിക്കുമാറു   വിഷയങ്ങള്‍   തിരഞ്ഞെടുതിരിക്കുന്നതിലെ  വൈദഗ്ദ്ധ്യം   എടുത്തുപറയേണ്ടതാണ്.   വായനക്കിടയില്‍   എപ്പോഴെങ്കിലും    വിരോധാഭാസങ്ങളോട്    ഈ എഴുത്തുകാരന്  എന്താണിത്ര വിരോധം  എന്ന്  വായനക്കാര്‍ക്ക്   ചോദിക്കാന്‍  തോന്നുകയാണെങ്കില്‍  "പത്ര  സംസ്കാരം"  എന്ന  കൊച്ചു ലേഖനത്തിലെ    അവസാന  വരികളില്‍   എഴുത്തുകാരന്‍  തന്‍റെ അഭിപ്രായം ഇങ്ങിനെ  വ്യക്തമാക്കുന്നു. 

"മരങ്ങളെ  സംരക്ഷിക്കാനുള്ള  ബോധവല്‍ക്കരണ  പരസ്യങ്ങള്‍  പത്രങ്ങളായ പത്രങ്ങളില്‍  അച്ചടിക്കുന്നതും വിരോധാഭാസം...!   ഈ കുറിപ്പ്  ഇതുപോലൊരു  പേപ്പറിലോ  കടലാസിലോ അച്ചടിക്കുന്നത് അതിലും വലിയ വിരോധാഭാസം,  അതുകൊണ്ടുതന്നെയാണ്  വിരോധാഭാസങ്ങളോട് വിരോധവും...!" 

ആശയങ്ങളെക്കാള്‍  അതിലൊളിഞ്ഞുകിടക്കുന്ന വൈരുദ്ധ്യങ്ങളെ/ വികടതകളെ  കണ്ടെത്തി,   വ്യത്യസ്തമായ  ആവിഷ്ക്കാരശൈലിയിലൂടെ    വായനക്കാര്‍ക്ക്   സമ്മാനിക്കുന്ന  ഈ എഴുത്തുകാരന്‍, മലയാള സാഹിത്യ ശാഖക്ക്  ഒരു  മുതല്‍ക്കൂട്ടാവുമെന്ന്  ഉറച്ചു  വിശ്വസിക്കാം.