Saturday 23 May 2015

ഋതുഭേദങ്ങളിലൂടെ ......



കുളി കഴിഞ്ഞു, ഏറെ പ്രിയമുള്ള കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്തു..ഇഷ്ട്ടദൈവത്തിനു മുന്നില്‍ വിളക്ക് കൊളുത്തി, മുകുളിതകരങ്ങള്‍ക്കൊപ്പം മിഴികളും കൂമ്പിയടഞ്ഞു.. ആവശ്യപ്പെടാനൊന്നുമില്ല, അല്ലെങ്കില്‍  തന്നെ ആഗ്രഹിച്ചതൊക്കെ  എന്നില്‍നിന്നും ചീന്തിയെടുക്കുകയല്ലാതെ ഒന്നും ഇതുവരെ തന്നനുഗ്രഹിച്ചിട്ടില്ലല്ലോ. എല്ലാം നിന്‍റെ തീരുമാനത്തിന്  ഞാനെന്നേ   വിട്ടു  തന്നിരിക്കുന്നു  എന്ന് മനസ്സില്‍പറഞ്ഞു.  അത് കേട്ടിട്ടെന്നോണം കള്ള കൃഷ്ണന്‍ ഒന്ന്  മന്ദഹസിച്ചോ  . 

നെറ്റിയില്‍  കളഭക്കുറി വരച്ചു ,   നിലകണ്ണാടിക്ക്  മുന്നില്‍ നിന്നു.  മുടിയില്‍  ചുറ്റിക്കെട്ടിയ ഈറന്‍  തോര്‍ത്ത്‌  അഴിച്ചപ്പോഴേക്കും   ജാലകവിരിക്കിടയില്‍  പതുങ്ങി നിന്ന  ഇളംകാറ്റ്  അവളുടെ  മുടിയിഴകള്‍ക്കിടയിലൂടെ   വിരലുകളോടിച്ചു    രണ്ടു മൂന്നു   വെള്ളി നൂലിഴകളെ  നെറ്റിയിലേക്ക്  പറത്തിവിട്ടു  കുസൃതിയോടെ  ഓടിപ്പോയി.

"കണ്‍തടങ്ങളില്‍  ഇരുള്‍  പരക്കാന്‍  തുടങ്ങിയിരിക്കുന്നു. ഇപ്പൊ  ദാ   തലമുടിയിലും  വെള്ളിത്തിളക്കം.  യാത്ര   തുടങ്ങിയിട്ട്  കുറെയായി. ഒന്നും  അറിഞ്ഞില്ല്യാന്നുണ്ടോ? "   കണ്ണാടിയിലെ   തന്‍റെ  നിഴലിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട് അവള്‍  വെറുതെ  ചിരിച്ചു. 

"ഒന്ന്  കാതോര്‍ക്കൂ..  വാര്‍ദ്ധക്യത്തിന്‍റെ പദനിസ്വനം   അടുത്തുവരുന്നതുപോലെ   തോന്നുന്നില്ലേ.. അതിങ്ങടുത്തെത്തും    അധികം   വൈകാതെ. " 

മുറ്റത്തെ   ആര്യവേപ്പിന്റെ  കാറ്റേറ്റ്, പൂമുഖത്തിണ്ണയിലെ  ചാരുകസേരയിലേക്ക്   ചാഞ്ഞു  കിടന്നവള്‍  ഓര്‍ത്തു.  പിഞ്ഞിക്കീറിയ  ഷിമ്മിയിട്ടു, കണ്ണി മാങ്ങ  പെറുക്കി, കൊതാംകല്ല് കളിച്ചു,  കഴുത്തില്‍  തോര്‍ത്തുമുണ്ട്  കെട്ടി  തോട്ടിലിറങ്ങി    പരല്‍മീനിനെ  പിടിച്ച കാലം, ആര്‍ത്തലച്ചു പെയ്യുന്ന  കര്‍ക്കിടമഴയില്‍ വരിവെള്ളത്തിലൂടെ   കടലാസ്  തോണി  ഒഴുക്കി കൈകൊട്ടി  ചിരിച്ച , നൊട്ടി നുണഞ്ഞു  മതിവരാത്ത കുട്ടിക്കാലം..

പിന്നീടെപ്പോഴോ  കാലം പുള്ളിപ്പാവാടയില്‍  ചോരപ്പൊട്ടുകള്‍ കൊണ്ട്  ചിത്രം  വരച്ചു. അഞ്ചാം നാള്‍  തൊട്ട് അരുതുകളുടെ ഘോഷയാത്രകള്‍ ഒന്നിനു പിറകെ  ഒന്നായി ..  ഉറക്കെ  ചിരിക്കരുത്,  കാലുരച്ചു  നടക്കരുത്, ആണ്‍കുട്ടികളോട് മിണ്ടരുത്..    മോഹവല്ലരികള്‍ക്ക്  പടര്‍ന്നു കയറാന്‍  കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തളിരിട്ട  മോഹങ്ങളൊക്കെയും  നുള്ളിയെറിഞ്ഞു.  വെച്ചു നീട്ടിയ  സ്നേഹത്തെ പെട്ടകത്തിലിട്ടു  പൂട്ടി  മനസ്സിന്‍റെ  തട്ടിന്‍പുറത്തിട്ടു.       കാലത്തിനൊപ്പം   മുന്നോട്ട്..  

കെട്ടുതാലിയില്‍ മുറുകെപ്പിടിച്ച്‌  കത്തിക്കാളുന്ന  വിശപ്പിനെ   തല്ലിക്കെടുത്താനുള്ള   തത്രപ്പാടില്‍    മനപ്പൂര്‍വ്വം  മറന്ന  യൌവ്വന കാലം . 

ഇപ്പോഴിതാ   വാര്‍ദ്ധക്യത്തിന്റെ  കാലൊച്ചക്ക് കാതോര്‍ത്ത് ..  അടുത്തെത്തും മുമ്പ്  ഒരിത്തിരി  കടമകള്‍ കൂടി  ചെയ്തുതീര്‍ക്കാനുണ്ട്.  അതുകഴിഞ്ഞാല്‍..  പോകാം  കാലത്തിന്റെ  കൈപിടിച്ച്  എങ്ങോട്ടെന്നില്ലാതെ   ഒരു യാത്ര.  ഒടുവില്‍ പുഴുക്കള്‍ക്ക്  ആഹാരമാവാന്‍ , അല്ലെങ്കില്‍  കത്തിയമര്‍ന്നു   ഒരു പിടി  ചാരമാവാനുള്ള    ദേഹത്തെയോര്‍ത്ത് എന്തിനു   വെറുതെ  വേവലാതിപ്പെടണം..   എന്തൊക്കെ  നേടി   എന്നൊരു  കണക്കെടുപ്പിനു  ഇതുവരെ  തുനിഞ്ഞിട്ടില്ല  എങ്കിലും   നഷ്ടങ്ങളൊക്കെ  ഓര്‍മ്മകളായി  കൂടെത്തന്നെയുണ്ട്‌..

ഞെട്ടറ്റു  വീഴാനൊരുങ്ങിയ   കണ്ണീര്‍മുത്തുകളെ  നേര്യതിന്റെ  കോന്തലകൊണ്ടു  ഒപ്പിയെടുത്ത്  വിദൂരതയിലേക്ക്  മിഴികള്‍  നട്ട് ആരെയോ  പ്രതീക്ഷിച്ചിട്ടെന്ന പോലെ   അവളിരുന്നു..  ചുറ്റിതിരിഞ്ഞെത്തിയ  ഇളം  കാറ്റ്   അവളെ തഴുകിയുറക്കി.





Friday 15 May 2015

"അങ്ങനെ ഒരു മാമ്പഴക്കാലം" - വായനാനുഭവം



സാധാരണ ഗതിയില്‍  ബാല്യകാലസ്മരണകള്‍  ഇല്ലാത്തവരായി  ആരുമുണ്ടാവില്ല..  കടന്നുവന്ന വഴിത്താരകള്‍  ചിലര്‍ക്ക്  ദുരിതങ്ങള്‍  നിറഞ്ഞതാവാം.ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും    തുടര്‍ന്നുള്ള   ജീവിതത്തില്‍   അറിയാതെയെങ്കിലും  ഓര്‍ത്തുപോവുന്ന    കയ്പ്പേറിയ   അനുഭവങ്ങളാവുമ്പോള്‍   മറ്റു   ചിലര്‍ക്ക്  ബാല്യകാലം   മധുരമൂറുന്ന മാമ്പഴക്കാലമാവാം..    

കുതിച്ചു പായുന്ന ഇന്നത്തെ  ഇന്റര്‍നെറ്റ്‌   യുഗത്തില്‍   പുതുതലമുറക്ക്‌  അന്യമായിക്കൊണ്ടിരിക്കുന്ന   ബാല്യകാല സ്മരണകള്‍.   മാതാപിതാക്കള്‍    തങ്ങളുടെ  ബാല്യകാലസ്മരണകള്‍   പങ്കുവെക്കാന്‍   തുനിയുമ്പോള്‍,  ഇന്നത്തെ  തലമുറ അതൊന്നും  കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ,  ഇന്റര്‍നെറ്റില്‍  തലപൂഴ്ത്തി    ലോകം  വെട്ടിപ്പിടിക്കാനുള്ള  വ്യഗ്രതയില്‍  എന്തൊക്കെയോ  തിരയുന്ന  തത്രപ്പാടിലാണ്.

ജീവിതോപാധി  തേടി  പലവഴി പിരിഞ്ഞുപോയ  കുടുംബാംഗങ്ങളും  ബന്ധുക്കളും  ഒത്തുചേരുന്നത്  ഓണം,  വിഷു  ക്രിസ്തുമസ്   ആഘോഷവേളകളിലാണ്..   ഈ ഒത്തു ചേരലുകളാണ് ആഘോഷത്തിന്‍റെ  മാറ്റുകൂട്ടുന്നതും.. അണുകുടുംബങ്ങളിലെ  പുതുതലമുറക്ക്‌   ആഘോഷങ്ങളോടുള്ള  സമീപനങ്ങളും  നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്നു.     കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും   പറമ്പുകളിലും  മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ  ചോട്ടിലും   കുട്ടീം  കോലും   കളിച്ചും   കഞ്ഞീം  കറീം   വെച്ചും   മണ്ണപ്പം  ചുട്ടും നാമൊക്കെ അവധിക്കാലം   ആഘോഷിച്ചപ്പോള്‍     പുതുതലമുറ   ശീതീകരിച്ച  മള്‍ട്ടിപ്ലക്സുകളില്‍   ഇരുന്നു  ആക്ഷന്‍ ത്രില്ലറുകള്‍  കണ്ടും ഐസ് ക്രീം നുണഞ്ഞും   സായൂജ്യമടയുന്നു..  ശീതീകരിച്ച   മാളുകളില്‍  കയറിയിറങ്ങി, കീശ  കാലിയാക്കും  വിധം   വിദേശ  നിര്‍മ്മിത  ഇലക്ട്രോണിക്  കളിപ്പാട്ടങ്ങളും  വീഡിയോ  ഗൈമുകളും  വാങ്ങിക്കൂട്ടി   അവധിക്കാലത്തെ   തളച്ചിടുന്നു.
ബാല്യ കൗമാര സ്മരണകളെ താലോലിക്കുന്ന  ഓരോ  മനസ്സുകളെയും  തൃപ്തിപ്പെടുത്തിക്കൊണ്ട്    ശ്രീ  അജോയ് കുമാര്‍ എം. എസ്.  രചിച്ച  "അങ്ങനെയൊരു  മാമ്പഴക്കാലം"  എന്ന പുസ്തകം   ഈ  അടുത്തകാലത്ത്‌ വായിക്കാന്‍   കഴിഞ്ഞു. ഓര്‍മ്മകളെ എഴുതി ഫലിപ്പിക്കുക   എന്നതിനേക്കാള്‍  പ്രധാനമാണ് ഒറ്റ വായന കൊണ്ടുതന്നെ  കഥാപാത്രങ്ങളെ   വായനക്കാരുടെ   മനസ്സുകളില്‍   പ്രതിഷ്ഠിക്കുക എന്നത്.  കിളിക്കൂട്  പോലത്തെ  ഹെയര്‍സ്റ്റൈല്‍  സ്വന്തമായുള്ള, വാക്കുകള്‍   തെറ്റിച്ചു  പറഞ്ഞു  പലപ്പോഴും  അബദ്ധത്തില്‍  ചാടിക്കുന്ന, കുട്ടികളോടൊപ്പം  കൂട്ടുകൂടുന്ന  മുതിര്‍ന്നവനായ   മണിയന്‍  ചേട്ടന്‍, പിന്നെ  ഉണ്ണിയും   രാധയും  രാജുവും  ഗോപിയും   രാംഗോപാലും, രവിക്കുട്ടനുമൊക്കെ പുസ്തകത്തിന്‍റെ  ആദ്യാവസാനം   നിറഞ്ഞു  നില്‍ക്കുന്നു.  ലാളിത്യം   നിറഞ്ഞൊഴുകുന്ന   ശൈലിയില്‍,  അനുപാതക്രമത്തില്‍   ഹാസ്യരസം  ചേര്‍ത്ത് പതിമൂന്നു   വിഭവങ്ങളുണ്ടാക്കി  വിളമ്പിയിരിക്കുന്നു  "അങ്ങനെ  ഒരു മാമ്പഴക്കാലത്തില്‍".  ഒന്നിനൊന്നു മെച്ചപ്പെട്ട   ഓരോ  ലേഖനത്തിലൂടെയും   വായന  വളരുമ്പോള്‍ എവിടെയെങ്കിലുമൊക്കെ  വെച്ച്  നമുക്കോരോരുത്തര്‍ക്കും നമ്മുടെ  ബാല്യകാലത്തെ   തിരിച്ചു  തരുന്നുണ്ട്  എഴുത്തുകാരന്‍ .   ചിരിക്കാന്‍  ഒരുപാട് വിഭവങ്ങള്‍  ഒരുക്കിയിട്ടുള്ള  ഈ പുസ്തകത്തിലെ  ഓരോ  കുറിപ്പുകളിലും  ഇരുത്തി  ചിന്തിപ്പിക്കുന്ന   വാസ്തവങ്ങളുണ്ട്.  അറിയാതെ  കണ്ണുകളില്‍ ഈറന്‍  പടര്‍ന്നു ,   ഗദ്ഗദം  തൊണ്ടയില്‍  കുരുങ്ങുമ്പോള്‍  നിമിഷങ്ങളോളം  പുസ്തകം  അടച്ചുവെച്ചു  കുറച്ചു  നിമിഷം കണ്ണടച്ചിരുന്നുപോകുന്ന അവസ്ഥയിലെത്തിപ്പോകാറുണ്ട്.

വെക്കേഷന്‍ കാലത്ത് നാട്ടില്‍   വരുന്ന  അമ്മാവനെയും  കുടുംബത്തെയും പരിചയപ്പെടുത്തുന്നതിനോപ്പം  നാട്ടിലുള്ള  ഒട്ടുമിക്ക  സൈക്കിള്‍  യാത്രക്കാരെയും  ഇടിച്ചു  തെറിപ്പിച്ചു  കൊണ്ടുള്ള  അമ്മാവന്‍റെ   ഡ്രൈവിംഗ്   പ്രാവീണ്യവും,  ഓടിച്ചിരുന്ന   കാറിനെക്കുറിച്ചുള്ള   വര്‍ണ്ണനകള്‍ക്കൊടുവില്‍  "ആ  വാഹനത്തില്‍  ശബ്ദം  പുറപ്പെടുവിക്കാത്ത  ഏക  സാധനം  ഹോണ്‍ മാത്രമായിരുന്നു"എന്ന  വരികളില്‍  തട്ടിത്തടഞ്ഞു  വീണു  ചിരിക്കാത്തവര്‍   ഉണ്ടാവില്ല.

വനിതാ   വായനശാലയില്‍  " ഡ്രാക്കുള " ബുക്ക്‌   തേടി കുടുങ്ങിപ്പോയ   രവിക്കുട്ടനും  മണിയന്‍ ചേട്ടനും,  ആദ്യമായി   വ്രതമെടുത്ത്   ശബരിമലക്ക്  പോയ  "കഞ്ഞി  അയ്യപ്പ"ന്മാരുടെ  വിശേഷങ്ങളും,  മുടിവെട്ടും, പല്ലുപറിയും,  വെളിച്ചപ്പാട്   കുട്ടന്‍ പിള്ളയുടെ  തുള്ളലും   ആഗോള  സംഭവമാക്കി കുടുകുടെ  ചിരിപ്പിക്കുന്ന  ഒട്ടേറെ  മുഹൂര്‍ത്തങ്ങള്‍ക്കിടക്കും  നാമറിയാതെ നോവാകുന്ന,   കണ്ണുകളെ   ഈറനണിയിക്കുന്ന   ഒരു  പിടി  കഥാപാത്രങ്ങളും  പൊള്ളുന്ന   ഓര്‍മ്മകളാവുന്നു ..

അതിഥികള്‍  പാലിക്കേണ്ട  ഔപചാരികതകളെക്കുറിച്ച് വേണ്ടത്ര  അറിവില്ലാതിരുന്ന  കൊച്ചു കുട്ടിക്ക്  വിരുന്നു  ചെന്ന  വീട്ടില്‍  വെച്ച്   ആര്‍ത്തിയോടെ  മാമ്പഴം   വാരിവാരിത്തിന്നതിനു,  ആരും  കാണാതെ  കാല്‍ നഖം  കൊണ്ട്  മുറിവേല്‍പ്പിച്ച  അമ്മാവന്‍..  തൊലിപ്പുറത്തുള്ള  മുറിപ്പാട്   കാലം  മായ്ച്ചു  കളഞ്ഞെങ്കിലും   മനസ്സിലിപ്പോഴും   ചോര  പൊടിക്കുന്ന  ഓര്‍മ്മകളുമായി,  നിഷ്കളങ്കതക്കേറ്റ  മുറിപ്പാടുകളുമായി  കൊച്ചു   രവിക്കുട്ടന്‍  നമ്മുടെ  മുന്നില്‍  കണ്ണീരോടെ   നില്‍ക്കുന്നത്  കാണാം.

"ഒരു ലോഡ്ജ് മുതലാളി" എന്ന ലേഖനത്തിന്‍റെ അവസാന ഭാഗത്തില്‍  പരിചയപ്പെടുത്തുന്ന  മിഠായി ഭ്രാന്തന്‍   ഏവരുടെയും  കണ്ണു  നനയിക്കും.   പേടിയോടെ  അകലെനിന്നു മാത്രം  വീക്ഷിച്ചിരുന്ന  ഭ്രാന്തനോട്  ഒരുനാള്‍   അടുപ്പം   തോന്നുകയും,   ഏറെ നാളത്തെ  ആലോചനക്കു  ശേഷം  ഭ്രാന്തന്  പൊതിച്ചോറുമായി   വന്നപ്പോഴേക്കും   ഭ്രാന്തന്‍ മരിച്ചുപോവുകയും  ചെയ്ത സംഭവം,  "കാലം   ആര്‍ക്കുവേണ്ടിയും  കാത്തുനില്‍ക്കില്ലെന്നും,  സഹായമോ  സ്നേഹമോ  എന്ത് തന്നെയായാലും  അതാതു  സമയത്ത്  ചെയ്തു തീര്‍ക്കാന്‍  കഴിഞ്ഞില്ലെങ്കില്‍   അടുത്ത നിമിഷം,  കൊടുക്കെണ്ടവരോ  വാങ്ങേണ്ടവരോ ഇല്ലാതായാല്‍ അത് ജീവിതകാലം  മുഴുവന്‍  കുറ്റബോധമായി  നമ്മെ   പിന്തുടരുമെന്നുള്ള     ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു 

കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്  കളിക്കാന്‍  കൂടാത്തതിന്  ജോസ്  എന്ന വികലാംഗനായ കുട്ടിയെ  അഹങ്കാരിയെന്നും  മറ്റും    പറഞ്ഞു  കളിയാക്കി.  പിന്നീട്  ഗുരുതരമായ  അസുഖം  ബാധിച്ചു  മരിച്ചു പോയ ജോബിന്റെ  ആഗ്രഹപ്രകാരം  ഈ പിള്ളേര്‍ ടീമിന്  സമ്മാനമായി  കൊടുക്കാനായി അമ്മയെ  പറഞ്ഞേല്‍പ്പിച്ച   ക്രിക്കറ്റ് കിറ്റും വാങ്ങി, കനം തൂങ്ങിയ  മനസ്സോടെ  കൂട്ടുകാര്‍   പടിയിറങ്ങുമ്പോള്‍ കാര്യമറിയാതെ  ആരെയും   വിമര്‍ശിക്കരുതെന്ന   ഒരു  അനുഭവ പാഠം  കൂടി പറഞ്ഞു  വെക്കുന്നു.

കാശു നഷ്ട്ടപ്പെട്ടുപോയത് കൊണ്ട്  ഓര്‍ഡര്‍ ചെയ്ത  ദോശയും  വടയും  കഴിക്കാതെ സങ്കടത്തോടെ  കൂട്ടുകാര്‍ക്കിടയില്‍  നിന്നു എഴുന്നേറ്റ് പോകേണ്ടി  വന്നതും, ചായക്കട നടത്തിയിരുന്നയാള്‍  തിരിച്ചു  വിളിച്ചു   സ്നേഹത്തോടെ  ദോശ  കഴിപ്പിച്ചതും,  കാലങ്ങള്‍ക്കിപ്പുറം  അവിചാരിതമായി  കാണാനിടയായ,   പട്ടിണിയുടെ  നടുവില്‍  നട്ടം  തിരിയുന്ന വൃദ്ധരായ  ആ  പഴയ  ചായക്കട ദമ്പതികള്‍ക്ക്   വയറു  നിറയെ  ഭക്ഷണം   വാങ്ങിക്കൊടുത്തു ആത്മസംതൃപ്തി നേടിയതും  ഹൃദയ സ്പര്‍ശിയായി  വിവരിച്ചിരിക്കുന്നു.
 
കുഞ്ഞിക്കൈകളില്‍   ചാമ്പക്കയുമായി "അജ്മാറെ"  എന്ന്   വിളിച്ചോടി  വന്നിരുന്ന, ബുദ്ധി  വികസിച്ചിട്ടില്ലാത്ത  ബിന്ദു  എന്ന പെണ്‍കുട്ടിയുടെ  നിഷ്കളങ്ക സ്നേഹത്തിനു  മുന്നില്‍  അകാരണമായി  മുഖം  തിരിച്ചതിന്റെ   കുറ്റബോധം ,  ബിന്ദു  മരിച്ചു  കാലങ്ങള്‍ക്ക്  ശേഷവും  കഥാകാരന്‍റെ മനസ്സിലും  ഒപ്പം  വായനക്കാരുടെ   മനസ്സിലും  ഒരു നീറ്റലായി അവശേഷിക്കുന്നു.  

"മഞ്ഞുതുള്ളിപോലൊരു സുഹൃത്ത്" എന്ന  ഓര്‍മ്മക്കുറിപ്പില്‍,  സ്കൂളില്‍  ഉപ്പുമാവ്  ഉണ്ടാക്കി  വിളമ്പിയിരുന്ന പൊന്നമ്മയും അവരുടെ  ബുദ്ധിവികാസമില്ലാത്ത മകന്‍ ചക്ക  ശശിയും. വാര്‍ദ്ധക്യ കാലത്ത്   നിവര്‍ത്തികേടുകൊണ്ട്  മകന്   വിഷം  കൊടുത്തു   സ്വയം  ആത്മഹത്യ   ചെയ്ത പൊന്നമ്മയെന്ന   അമ്മയുടെ  കഥ    ആരുടേയും  കരളലിയിക്കും.

എത്ര   തിന്നാലും  മതിവരാത്ത  തേനൂറും   ചക്കര  മാമ്പഴം   പോലെ,  വായിക്കുന്തോറും  ഇനിയുമിനിയും     വായിക്കണമെന്ന  തോന്നല്‍   ഓരോ  വായനക്കാരന്‍റെ  മനസ്സിലുമുളവാക്കും  വിധത്തിലുള്ള   രചനാ ശൈലി  ഈ  പുസ്തകത്തിന്‍റെ    എടുത്തുപറയേണ്ട   പ്രത്യേകതയാണ്.  ദഹനക്കേടുണ്ടാക്കുന്ന ഭാരിച്ച  സാഹിത്യത്തിന്‍റെ  അതിപ്രസരമില്ലാതെ, മുതിര്‍ന്നവര്‍ക്കും   കുട്ടികള്‍ക്കും  ഒരുപോലെ   നുണഞ്ഞാസ്വദിക്കാവുന്ന  ഒരു അക്ഷരകനിയാണ്  "അങ്ങനെ  ഒരു മാമ്പഴക്കാലം".

നഷ്ടബാല്യത്തിന്റെ   നിറം മങ്ങാത്ത  ഓര്‍മ്മകളിലേക്ക്  കൈപിടിച്ച്  കൊണ്ടുപോകുന്ന   ഈ പുസ്തകം 2011 ലെ  മികച്ച  ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ട്  അവാര്‍ഡ്, ഇന്ത്യന്‍  റൂമിനേഷന്‍സ് അവാര്‍ഡ്  എന്നിവ  നേടിയതില്‍ ഒട്ടും അതിശയപ്പെടെണ്ടതില്ല..  അത്രക്കും   ആസ്വാദ്യകരമായ   രചനയാണ്.

തനിക്കു മാത്രം  സ്വന്തമായൊരു   ശൈലിയിലൂടെ  വായനക്കാരുടെ  മനസ്സില്‍ സ്ഥാനം  നേടിയ   ശ്രീ   അജോയ്കുമാര്‍ എം. എസ്.  നു   എല്ലാ  വിധ  ഭാവുകങ്ങളും   നേരുന്നു. ..!!!