"പുത്രസൂക്തം"
ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര - എന്‍റെ വായനാനുഭവം.
"ഒരച്ഛന്റെ വേദന മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന കാലം വരണം." തലമുറകളായി മാറ്റമില്ലാതെ കേട്ടുകൊണ്ടിരിക്കുന്ന വാചകമാണിത്. ഒരിക്കല്‍ ഭാരതിയമ്മയും പ്രഭാകരനോട് മറ്റൊരു തരത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചു. " നീയൊരിക്കലും ഒരു നല്ല മകനായിരുന്നില്ല. ഇപ്പോള്‍ നീ നല്ലൊരു അച്ഛനുമല്ല" . സ്നേഹത്തിന്‍റെ ബന്ധനങ്ങളെ തിരിച്ചറിയാതെ അച്ഛനെ ശത്രുവായി കാണുന്ന മകന്‍, കാലത്തിന്‍റെ കുത്തൊഴുക്കില്‍ അച്ഛനായി തീരുമ്പോഴാണ് സ്വന്തം അച്ഛന്റെ മഹത്വത്തെ തിരിച്ചറിയുന്നുണ്ടാവുക. പക്ഷെ അപ്പോഴേക്കും കാലത്തിന്‍റെ സൂര്യന്‍ അസ്തമയത്തിലേക്ക് അടുത്തിരിക്കും. കര്‍മ്മ ബന്ധങ്ങളുടെ തുടര്‍ച്ചയെന്നോണം മക്കളുടെയും പേരക്കുട്ടികളുടെയും ധാര്‍ഷ്ട്യത്തിനും അവഗണനക്കും മുമ്പില്‍ നിസ്സഹായനായി മൌനം പാലിക്കുമ്പോള്‍ കാലത്തിന്‍റെ പക പോക്കലെന്നോ വിധിയെന്നോ ഒക്കെ ആശ്വസിച്ച് ഒറ്റയ്ക്ക് ഉരുകി നീറുന്നുണ്ടാവാം വര്‍ത്തമാനകാലത്തിലെ ഓരോ അച്ഛനും. ഭൂരിപക്ഷം ജീവിതങ്ങളും ഇങ്ങനെയൊരു പരിണാമ ചക്രത്തിലൂടെ കടന്നുപോകുന്നു. വിധിയുടെ പകരം വീട്ടലും അനുഭവങ്ങളുടെ തിരിച്ചറിവും നിസ്സഹായതയും ഉദ്വേഗവും ഒക്കെയായി തലമുറകളിലൂടെയുള്ള ഒരു യാത്രയാണ് പുത്രസൂക്തതിലൂടെ ശ്രീ രാജീവ് ശിവശങ്കര്‍ പറഞ്ഞുവെക്കുന്നത്.
പ്രമേയത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും കാലാനുസൃതമായി തലമുറകളിലൂടെ പടര്‍ന്നുപിടിച്ച് വര്‍ത്തമാനകാലത്തിലെത്തി നില്‍ക്കുന്ന പുതുതലമുറയുടെ ചിന്തകളും മനോഭാവങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ നിഷേധിക്കാനോ ചോദ്യം ചെയ്യാനോ അംഗീകരിക്കാനോ വയ്യാത്ത അവസ്ഥയിലാവുന്നു . ഐതിഹ്യങ്ങളിലൂടെയും ചരിത്രത്തിലൂടെയും തുടര്‍ന്നു കൊണ്ടിരുന്ന പിതൃ പുത്ര ബന്ധത്തിന്‍റെ ഇരുണ്ട മുഖങ്ങള്‍ പ്രഭാകരനിലൂടെ പേരക്കുട്ടി മാധവനില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ കുറിപ്പിലെ ആദ്യവാചകത്തിന്‍റെ അര്‍ത്ഥം വെളിപ്പെടുന്നു. സ്ഥലകാലങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഓരോ വായനക്കാരനിലും വൈകാരികമായ ചലനമുണ്ടാക്കുവാന്‍ പുത്രസൂക്തത്തിനു കഴിഞ്ഞിട്ടുണ്ട്.
മൂന്നുവയസ്സു പ്രായമുള്ള പേരക്കുട്ടി മാധവനും മുത്തച്ഛനായ പ്രഭാകരനും തമ്മിലുള്ള ബന്ധത്തിലാണ് കഥയുടെ തുടക്കവും ഒടുക്കവും. ഒരു ചെറിയ കുട്ടിയുടെ കുസൃതികള്‍ എന്നതിനപ്പുറത്തെക്ക് മാധവന്‍റെ കടുത്ത അക്രമവാസനകള്‍ പ്രഭാകരന്‍റെ നേര്‍ക്ക് ഒന്നിനു പിറകെ ഒന്നായി തുടരുമ്പോള്‍, അവന്‍റെ നോട്ടവും ശരീരചലനങ്ങളിലെ സാമ്യതയും തിരിച്ചറിഞ്ഞപ്പോള്‍, സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന, താന്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത, നീറുന്ന ഓര്‍മ്മയായി തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ അച്ഛന്റെ പുനര്‍ജ്ജന്മമാണോ എന്നുപോലും ഒരുവേള പ്രഭാകരന്‍ ഭയപ്പെട്ട് പോകുന്നു.
"ഇരട്ടവരക്കുള്ളിലെ ജീവിതം പോലെ, നേര്‍രേഖയിലൂടെ ഒരേ വേഗത്തിലോടുന്ന തീവണ്ടി പോലെ, സ്വിച്ചിട്ടാല്‍ കത്തുന്ന വിളക്കു പോലെ, എന്നും ഒരേ ദിക്കിലുദിക്കുന്ന നക്ഷത്രം പോലെ" ഇതൊക്കെയായിരുന്നു പ്രഭാകരന്‍റെ അച്ഛന്റെ ജീവിതം. ശരികള്‍ മാത്രമെഴുതിയിട്ട പുസ്തകമാണ് അച്ഛനെന്നറിഞ്ഞിട്ടും പ്രഭാകരന്‍ അച്ഛനെ വെറുത്തു. ബാല്യകാലത്തിലെ അച്ഛന്റെ തണലും സുരക്ഷിതത്ത്വവും കൌമാരത്തിന്‍റെ പടവുകള്‍ കയറിത്തുടങ്ങിയപ്പോള്‍ പ്രഭാകരന് അവഗണിച്ചു . അച്ഛനറിഞ്ഞാല്‍ ശാസിക്കാനിടയുള്ള കാര്യങ്ങള്‍ ഒളിവോടെ മറവോടെയും ചെയ്തുകൂട്ടുമ്പോഴൊക്കെയും അച്ഛനോടുള്ള വെറുപ്പും ശത്രുതയും കൂടിക്കൂടി വന്നു. പഠിക്കാനായി വീട്ടുകാരില്‍ നിന്നകന്നു നഗരത്തിലെത്തിയ പ്രഭാകരന്‍റെ ജീവിതം ചരടുപൊട്ടിയപട്ടംപോലെ പാറിനടന്നു.എല്ലാം നഷ്ടപ്പെട്ട പ്രഭാകരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും, താങ്ങാനാവാത്ത കുടുംബഭാരത്താല്‍ അച്ഛന്റെ മാനസികനിലതന്നെ തെറ്റിയിരുന്നു. എല്ലാം തിരിച്ചറിഞ്ഞപ്പോള്‍ പ്രഭാകരന്‍ ജീവിതത്തിന്‍റെ അര്‍ത്ഥവും നിലനില്‍പ്പും തേടിയുള്ള യാത്രയായി. സഹോദരിയുടെ സഹായത്താല്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരദ്ധ്യാപകന്‍റെ മേലങ്കിയണിയുന്നു. എതിര്‍പ്പുകള്‍ വകവെക്കാതെ ജലജയെ പ്രണയവിവാഹം ചെയ്യുകയും അവര്‍ക്കൊരു മകള്‍ ജനിക്കുകയും, സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം നല്‍കി സുഹൃത്തിനെ പോലെ പരിഗണിച്ചു വളര്‍ത്തിയ ഒരേയൊരു മകള്‍ ശാന്തി അച്ഛന്റെ പഴഞ്ചന്‍ ചിന്തകളെയും നിലപാടുകളെയും വിമര്‍ശിക്കുകയും, അന്യമതസ്ഥനായ ചെറുപ്പക്കാരനെ വിവാഹം ചെയ്യുകയും ചെയ്യുമ്പോള്‍, ജന്മ പരമ്പരകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഓടിയെത്താനാവാത്ത ദൂരത്തെ ഞെട്ടിപ്പിക്കുന്ന തിരിച്ചറിവോടെ, നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നു. ഒരിക്കല്‍ അച്ഛനെ നിഷേധിച്ച താന്‍ ഇന്ന് സ്വന്തം മകളുടെ മുന്നില്‍ തിരസ്ക്കരിക്കപ്പെട്ടവനായി നില്‍ക്കുമ്പോള്‍ പാപപുണ്യങ്ങളുടെ ഫലങ്ങള്‍ മക്കളിലൂടെയോ മക്കളുടെ മക്കളിലൂടെയോ തങ്ങളിലേക്ക് തന്നെ തിരിച്ചുവരുമെന്ന യാഥാര്‍ത്ഥ്യന്‍റെ മുന്നില്‍ പ്രഭാകരന്‍ പകച്ചു പോകുന്നു.
കണ്ണാടിപ്പുഴയെന്ന ഗ്രാമത്തിന്‍റെ ചാരുതയില്‍ വര്‍ണ്ണാഭമായിരുന്ന പ്രഭാകരന്റെ ബാല്യകാലവും, മുഖം മിനുക്കിയ നഗരത്തിന്‍റെ നിര്‍വ്വികാരതയും, കാലത്തിനനനുസരിച്ചു മാറുന്ന ജീവിതശൈലിയും കാഴ്ചപ്പാടുകളുമെല്ലാം അതിഭാവുകത്വത്തിന്റെ കടന്നുകയറ്റമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കഥാകൃത്ത് വരച്ചിട്ടിരിക്കുന്നു. നേരത്തെ പരാമര്‍ശിച്ചതുപോലെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സംഭവ വികാസങ്ങള്‍, ചില തിരിച്ചറിവുകളുടെ പാഠങ്ങള്‍ പുത്രസൂക്തത്തില്‍ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നു . ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ് ഈ രചനയിലൂടെ എഴുത്തുകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. പുതുതലമുറയ്ക്ക് അച്ഛനമ്മമാരോടുള്ള കടപ്പാടും ജീവിതത്തോടുള്ള കൃത്യമായ കാഴ്ചപ്പാടുകള്‍ക്കും പുറമേ വ്യക്തിശുദ്ധീകരണത്തിനുള്ള വഴിയൊരുക്കുകയും കൂടിയാണ് പുത്രസൂക്തത്തിലൂടെ കഥാകൃത്ത് ചെയ്തിരിക്കുന്നത്.
ആദര്‍ശത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ജീവിച്ചു മരിച്ച ശിവരാജന്‍ നായരും, അടുക്കളക്കുള്ളില്‍ കരിപുരണ്ട ജീവിതവുമായി പൊരുത്തപ്പെട്ടുപോയ ഭാര്യ ഭാരതിയമ്മയും, മകന്‍ പ്രഭാകരനും, സഹോദരിമാരായ സുമിത്രയും സുമതിയും റാണിയും. ഈ കഥാപാത്രങ്ങളൊക്കെ നമുക്ക് ചുറ്റും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. ഒരിക്കല്‍ മകനെക്കുറിച്ചു ഏറെ അഹങ്കാരത്തോടെ അഭിമാനിച്ചിരുന്ന ശ്രീധരന്‍ മാഷ് വാര്‍ദ്ധക്ക്യത്തില്‍ ഭാര്യയുടെ മരണശേഷം ഒരു മടക്കയാത്ര ആഗ്രഹിക്കാതെ തീര്‍ത്ഥാടനത്തിന്‍റെ വഴിയിലൂടെ മരണത്തെ വരവേല്‍ക്കാന്‍ വേച്ച് വേച്ചു നടന്നു നീങ്ങുന്നതു കാണാം പുത്രസൂക്തതിന്റെ മറ്റൊരിടവഴിയിലൂട... !!!
തമോവേദം, പ്രാണസഞ്ചാരം, കല്‍പ്രമാണം എന്നീ നോവലുകള്‍ക്കും ദൈവമരത്തിലെ ഇല എന്ന കഥാസമാഹരത്തിനും ശേഷം സ്വതസിദ്ധമായ ശൈലിയില്‍ ജന്മപരമ്പരകളുടെ ദിക്കറിയാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് ശ്രീ രാജീവ് ശിവശങ്കര്‍ എന്ന എന്‍റെ ഇഷ്ട എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും ഇനിയുമിനിയും നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ...
ആശംസകളോടെ... !!!