Showing posts with label അനുഭവ കുറിപ്പ്‌. Show all posts
Showing posts with label അനുഭവ കുറിപ്പ്‌. Show all posts

Sunday, 25 January 2015

ഒരു റിപ്പബ്ലിക് ദിനം.. ഭീതീദമായ ഓരോര്‍മ്മയിലൂടെ...




രാജ്യം   66- മത്   റിപ്പബ്ലിക്  ദിനം  ആഘോഷിക്കുന്ന   ഈ  വേളയില്‍   ജീവിതത്തില്‍   ഒരിക്കലും മറക്കാനാവാത്ത   ഒരു  അനുഭവം   കൂടി    പങ്കു വെക്കാന്‍   ആഗ്രഹിക്കുന്നു.. 

2001  ലെ   റിപ്പബ്ലിക്   ദിനം..   മഞ്ഞിന്‍  പുതപ്പിനുള്ളില്‍  ചുരുണ്ട് കൂടിയ  അഹമ്മദാബാദ്   നഗരം.  രാവിലെ   എട്ടു  മണി  കഴിഞ്ഞുകാണും..  നോക്കിയാല്‍  കാണുന്ന  ദൂരത്തുള്ള സ്കൂളിലേക്ക് റിപ്പബ്ലിക്   ദിനാഘോഷങ്ങളില്‍   പങ്കെടുക്കാന്‍   കൂട്ടുകാരോടൊത്ത്   നടന്നകലുന്ന   മകനെ നോക്കി  കുറച്ചു നേരം  ബാല്‍ക്കണിയില്‍  നിന്നു..  

"ഒരു  കപ്പ്   ചായ  ഉണ്ടാക്കിക്കെ..  കുടിച്ചിട്ട്    മാര്‍ക്കറ്റില്‍   പോയി  പച്ചക്കറികള്‍  ഒക്കെ  മേടിച്ചിട്ട്   വരാം.."   അകത്തു  നിന്നും   രവിയേട്ടന്റെ   ശബ്ദം.  

ചായപ്പാത്രം   വാഷ്ബേസിനില്‍   കഴുകിക്കൊണ്ടിരിക്കുമ്പോള്‍    പുറകില്‍  നിന്നും   ആരോ   ശക്തിയായി   മുന്നോട്ടും   പിന്നോട്ടും   മൂന്നാല്  തവണ   ആഞ്ഞു   തള്ളിയതായി  എനിക്ക്  തോന്നി.  കളിപ്പിക്കാനായി   ഇടക്കൊക്കെ   ചെയ്യാറുള്ളത് പോലെ   എട്ടനായിരിക്കും   എന്ന്  കരുതി   അല്പം  ദേഷ്യത്തോടെ തിരിഞ്ഞു  നോക്കി..  അപ്പോള്‍ തന്നെ   അടുത്ത  റൂമില്‍   നിന്നും ഏട്ടന്റെയും   ഒച്ച  കേട്ടു.. "അയ്യോ   ഇതെന്താ   വീട്  കുലുങ്ങുന്നത്...  ഓടിക്കോ  ഭൂകമ്പം  ആണെന്ന്   തോന്നുന്നു."  പിന്നൊന്നും  ആലോചിച്ചില്ല.. രണ്ടുപേരും   കൈ കോര്‍ത്ത്‌  ഫ്ലാറ്റിന്‍റെ   നാലാം  നിലയില്‍ നിന്നും  കോണിപ്പടികള്‍  ഇറങ്ങി ഓടി..  കാറ്റിന്‍റെ  മുരള്‍ച്ച  പോലൊരു  ശബ്ദത്തോടൊപ്പം   കോണിപ്പടികളുടെ  കൈവരികള്‍   വിറക്കുന്നതും  ബില്‍ഡിംഗ്‌  ആടിയുലയുന്നതും  വ്യക്തമായി    അറിഞ്ഞു.  ഓടിയിറങ്ങി   താഴെ   എത്തിയപ്പോഴേക്കും    ഫ്ലാറ്റില്‍  ഉള്ളവരെല്ലാം   താഴെ   എത്തിയിരുന്നു..  ആര്‍ക്കും  കുറെ  നേരത്തേക്ക്   ഒന്നും  ശബ്ദിക്കാന്‍   കഴിഞ്ഞില്ല..  ഭൂകമ്പമെന്ന  പ്രകൃതി ദുരന്തത്തിന്‍റെ   ഷോക്കില്‍  ആയിരുന്നു  എല്ലാവരും.. ഇതിനിടക്ക്‌  സ്കൂളില്‍  പോയിരുന്ന കുട്ടികള്‍   ഭയന്ന്  നിലവിളിച്ചു    ഓടി  വന്നു. പ്രാഥമികആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരുന്നവര്‍ വൃത്തിയാക്കാന്‍  പോലും  നില്‍ക്കാതെ   ഇറങ്ങിയോടി..  കുളിച്ചു കൊണ്ടിരുന്ന   സ്ത്രീകള്‍  കൈയ്യില്‍  കിട്ടിയ   തുണി   വാരിച്ചുറ്റി   നഗ്നത  മറച്ചു  നനഞ്ഞ  ശരീരവുമായി  ചൂളി നിന്നു.   

റികടര്‍  സ്കെയിലില്‍  7.7  തീവ്രത   രേഖപ്പെടുത്തിയ, രണ്ടു  മിനിറ്റോളം  ദൈര്‍ഘ്യമേറിയ,   രാജ്യം   വിറങ്ങലിച്ചു പോയ  ഭൂകമ്പ  ദുരന്തത്തില്‍ പതിനായിരക്കണക്കിനു  ആളുകള്‍ക്ക്   ജീവന്‍  നഷ്ട്ടപ്പെട്ടു. ഒന്നര  ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക്  അംഗ വൈകല്യം   സംഭവിച്ചു..   ലക്ഷക്കണക്കിന്‌   വീടുകള്‍  നിലം പൊത്തി.  ഭൂകമ്പത്തില്‍   ഏറ്റവും  കൂടുതല്‍  ജീവനും  സ്വത്തിനും   നാശം സംഭവിച്ചത്  കച്ച്   ജില്ലയിലായിരുന്നു..  തികച്ചും   ശവപ്പറമ്പായി   മാറിയ കച്ചിനു  മുകളിലൂടെ   കഴുകന്മാര്‍   വട്ടമിട്ടു പറന്നു.. 

തുടര്‍ന്നുള്ള  ദിവസങ്ങളിലുണ്ടായ  ഭൂകമ്പത്തിന്റെ ചെറിയ  ചെറിയ  തുടര്‍ ചലനങ്ങളില്‍   ജനങ്ങള്‍ ഭീതിതരായി.. കുട്ടികളെയും  കൊണ്ട്   വീടിനുള്ളില്‍  കിടന്നുറങ്ങാന്‍   പേടിച്ചു  തുടങ്ങി.. ഒഴിഞ്ഞു കിടന്ന  പറമ്പുകളില്‍  താല്‍ക്കാലിക   ടെന്റുകള്‍  കെട്ടി  ആഴ്ചകളോളം    രാത്രികള്‍  കഴിച്ചു കൂട്ടി. ഒന്നിന് മീതെ  ഒന്നായി  കമ്പിളിപുതപ്പുകള്‍   പുതച്ചിട്ടും   തണുത്തു  വിറച്ചു.  ഉറങ്ങാന്‍   കഴിയാത്ത രാത്രികള്‍...!!!   

ആര്‍ഭാടത്തോടെ ജീവിച്ചവര്‍,  വേണ്ടപ്പെട്ടവരുടെ   ജീവന്‍  ഉള്‍പ്പെടെ   എല്ലാം   നഷ്ട്ടപ്പെട്ടു, തല്ക്കാലത്തെക്കെങ്കിലും   പെരുവഴിയിലായി. ശീതീകരിച്ച മുറിയില്‍, പട്ടുമെത്തയില്‍   ശയിച്ചവര്‍  പാതയോരത്തെ   വിളക്കുകാലിന്‍റെ  ചോട്ടില്‍ പഴംതുണി   വിരിച്ചു, കൊതുകുകടി  കൊണ്ട്  ഉറങ്ങാതെ നേരം വെളുപ്പിച്ചു. നെയ്യും  പരിപ്പും  പഴവര്‍ഗ്ഗങ്ങളും തിന്നു  ശീലിച്ചവര്‍  ദുരിതാശ്വാസപ്രവര്‍ത്തകര്‍ എണ്ണി ക്കൊടുത്ത  ഉണക്ക  ചപ്പാത്തിയും   ദാലും   തിന്നു  വിശപ്പകറ്റിയപ്പോള്‍ , അന്തിയുറങ്ങാന്‍   വീടില്ലാതെ,  ഉടുതുണിക്ക്‌  മറുതുണിയില്ലാതെ,  ഒരു നേരത്തിനു  ആഹാരത്തിനു  ഗതിയില്ലാതെ,  മരുന്ന്  വാങ്ങാന്‍   കാശില്ലാതെ  അലയുന്ന   സഹജീവികളെ  കുറിച്ച്   ഒരു നിമിഷമെങ്കിലും   ചിന്തിച്ചു കാണുമോ??? 

താന്‍  ചവിട്ടി  നില്‍ക്കുന്ന  മണ്ണ്  പോലും   തനിക്കന്യമാണെന്ന് അനുഭവത്തിലൂടെ  പഠിപ്പിച്ച   ദിനങ്ങളായിരുന്നു   വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ  ഭൂകമ്പത്തിലൂടെ   ഗുജറാത്തിലെ ജനങ്ങള്‍   അനുഭവിച്ചത്.. ഭൂമി ദേവി  ഒന്നനങ്ങിയാല്‍  മതി എല്ലാം   തകര്‍ന്നു  തരിപ്പണമാവാന്‍.   അഹന്തയും   ശത്രുതയും  അലങ്കാരമായി   കൊണ്ട് നടക്കുന്നവര്‍ക്കുള്ള   പാഠങ്ങളാണ്    ഓരോ  പ്രകൃതി  ദുരന്തവും.  എന്നിട്ടും  എന്തേ  ആരും  ഒന്നും   പഠിക്കുന്നില്ല.    കൊന്നും   കൊലവിളിച്ചും,   മറ്റുള്ളവരെ   പറ്റിച്ചും  ധനം  വാരിക്കൂട്ടിയിട്ടു   എന്ത് കാര്യം?  

വെള്ളക്കാരുടെ   ചവിട്ടും  തൊഴിയുമേറ്റ്  ഗാന്ധിജി  ഉള്‍പ്പെടെയുള്ള നമ്മുടെ  പൂര്‍വികന്മാര്‍   പൊരുതി  നേടിയെടുത്ത  സ്വാതന്ത്ര്യം ഇന്ന്   നമ്മള്‍  പരമാവധി   ദുരുപയോഗം   ചെയ്യുന്നു.   രാഷ്ട്രീയത്തിന്റെയും   മതത്തിന്‍റെയും  ജാതിയുടെയും   പേരില്‍ തെരുവോരങ്ങളില്‍ തമ്മില്‍തമ്മില്‍  വെട്ടിച്ചാകുന്നു. സ്ത്രീകളുടെ   മാനത്തിന്   വിലയിടുന്നു.  അമ്മിഞ്ഞപ്പാലിന്റെ   മണം  വിട്ടുമാറാത്ത  കുരുന്നുകള്‍  പോലും  ലൈംഗികാതിക്രമങ്ങളുടെ   ബലിയാടുകളാവുന്നു.. പെറ്റു പോറ്റിയ   മാതാപിതാക്കളെ   നിഷ്കരുണം  വഴിയില്‍  ഉപേക്ഷിക്കുന്നു. അഭിമാനിക്കാനാണെങ്കിലും    അപലപിക്കാനാണെങ്കിലും   ഉദാഹരണങ്ങള്‍   ഇനിയുമേറെ. ഇതാണോ  സ്വാതന്ത്ര്യം?   

മഞ്ഞും  മഴയും   വക  വെക്കാതെ,  ഉറ്റവരെയും  ഉടയവരെയും വിട്ടകന്ന് ,   ശത്രു പാളയത്തിന്റെ   തോക്കിന്‍ കുഴലിലൂടെ  ചീറിപ്പാഞ്ഞു  വരുന്ന   വെടിയുണ്ടകള്‍ക്കു  മുന്നില്‍   ജീവന്‍  പണയം വെച്ച്, രാജ്യാതിര്‍ത്തികള്‍ക്ക്   കാവല്‍  നില്‍ക്കുന്ന  ധീര ജവാന്മാരെ   എത്ര  പേര്‍ ഓര്‍ക്കുന്നുണ്ടാവും?   

ചിന്തകളില്‍  സ്വാതന്ത്ര്യം  വേണം  വാക്കുകളില്‍   വിശ്വാസം  വേണം പ്രവര്‍ത്തികളില്‍ ആത്മാര്‍ഥതയുണ്ടായിരിക്കണം.  ഹൃദയം  കൊണ്ടഭിമാനിക്കണം .. ഇന്ത്യ   എന്‍റെ  രാജ്യമാണ്. 

 "No Nation is Perfect .. It needs  to be made Perfect" 

മഹാത്മാഗാന്ധിയുടെ   ഈ  വാക്കുകള്‍   അനുസ്മരിച്ചു  കൊണ്ട്  എല്ലാവര്‍ക്കും  
റിപബ്ലിക്   ദിനാശംസകള്‍ ...!!!    
വന്ദേ  മാതരം.. !!!
   






Thursday, 2 October 2014

പിരിവുകാരും,അരിക്കൊണ്ടാട്ടവും...




ഓണം കഴിഞ്ഞു മാവേലിയും പാതാളത്തില്‍ തിരിച്ചെത്തി വിശ്രമിക്കാന്‍ തുടങ്ങി.. പക്ഷെ അഹമ്മദാബാദില്‍ ഓണാഘോഷങ്ങള്‍ വാര്‍ഡുകള്‍ തോറും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. നായര്‍ സമാജത്തിന്‍റെ, കേരള സമാജത്തിന്‍റെ ഒക്കെ പ്രത്യേകം പ്രത്യേകം വാര്‍ഡു തിരിച്ച ആഘോഷങ്ങളാണ്. ഇത് കഴിയുമ്പോള്‍ സംഗതികള്‍ ഭക്തിയിലേക്ക് തിരിയും.. മണ്ഡല - മകര വിളക്ക് ഉത്സവങ്ങള്‍. ഇതിനു പുറമെയാണ് ഇവിടുത്തുകാര്‍ ആഘോഷിക്കുന്ന, ദസറ, വിനായക ചതുര്‍ഥി, അഷ്ട്ടമി രോഹിണി.. അങ്ങനെയങ്ങിനെ ആഘോഷങ്ങളുടെ ഒരു നീണ്ട നിര. ആഘോഷങ്ങള്‍ ആസ്വാദ്യകരമാണെങ്കിലും, ഇതിന്‍റെ നടത്തിപ്പിന് വേണ്ടിയുള്ള പിരിവാണ് സഹിക്കാന്‍ വയ്യാത്തത്.. മറുനാടന്‍ മലയാളികള്‍ക്കാണ് കൂടുതല്‍ കഷ്ട്ടപ്പാട്.. സ്വന്തം ആഘോഷങ്ങള്‍ക്കും ഇവിടുത്തുകാരുടെ ആഘോഷങ്ങള്‍ക്കും പിരിവു കൊടുത്തു സഹകരിക്കണം.. ഇതിനും പുറമേ അനാഥാലയത്തിലേക്ക്, പാവപ്പെട്ട കുട്ടികള്‍ക്ക് ചായേം ബിസ്കറ്റും കൊടുക്കാന്‍ എന്നൊക്കെയുള്ള ആവശ്യം പറഞ്ഞു ഒരു വിഭാഗം തട്ടിപ്പ് പിരിവുകാരും ഇറങ്ങാറുണ്ട്‌. ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക പിരിവു ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.
നാട്ടിലെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്.. ഉത്സവക്കാലം തുടങ്ങിയാല്‍ പറയേം വേണ്ട.. വേല- പൂരങ്ങളുടെ പിരിവ്.. മുക്കിനു മുക്കിനു മത്സര ബുദ്ധിയോടെയുള്ള ആഘോഷങ്ങള്‍. അതിനൊക്കെ പിരിവും.. വേലപൂരങ്ങളുടെ വെടിക്കെട്ടും പുകയും കഴിഞ്ഞു, ക്ഷീണം മാറി, ബോറടിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ സ്ഥിരം പിരിവു കമ്മിറ്റിക്കാര്‍ പിന്നെ നോട്ടമിടുന്നത് ദൈവങ്ങളെയാണ്.. ദൈവങ്ങളാവുമ്പോള്‍ എല്ലാം സഹിചോളുമല്ലോ.. രെസീത് പുസ്തകവും അടിച്ചിറക്കി ക്ഷേത്ര പുനരുദ്ധാരണത്തിനായി ഇറങ്ങും. വീട്ടുകാരന്റെ കഴിവിനെ വക വെക്കാതെ ഭീമമായ തുക രെസീതില്‍ എഴുതി പിടിപ്പിച്ചു ചോര ഊറ്റുന്ന പിരിവുകാര്‍.. നാട്ടുകാരുടെ മുമ്പില്‍ നാണം കെടാതിരിക്കാന്‍ പലരും വീട്ടു ചിലവുകള്‍ ചുരുക്കി, പിരിവു പണം നല്‍കുന്നു.
ഇത്രയൊക്കെ പറഞ്ഞപ്പോള്‍ കുട്ടിക്കാലത്ത് ഉണ്ടായ ചില പിരിവു സംഭവങ്ങള്‍ ഓര്‍മ്മ വന്നു.. എണ്ണിചുട്ട അപ്പം പോലെ മാസം തോറും അച്ഛന്‍ അയക്കുന്ന മണിഓര്‍ഡര്‍ തുക കൊണ്ട് വീട്ടു ചിലവുകള്‍ നിയന്ത്രിക്കാന്‍ അമ്മ പെടുന്ന പാട് കണ്ടിട്ടുണ്ട്.. എന്നിട്ടും അതില്‍ നിന്ന് ചെറിയൊരു തുക പിരിവുകാര്‍ക്കായി നീക്കി വെക്കും. അതും കഴിയുമ്പോഴാണ് പ്രശ്നം.. പിരിവുകാരെ ദൂരെ കാണുമ്പോഴേ, മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങള് കുട്ടികളോട് "അമ്മ ഇവിടില്ല" എന്ന് പറയാന്‍ ഏല്‍പ്പിച്ചു ഒളിഞ്ഞിരിക്കും.. എന്തൊരു ഗതികേട് അല്ലെ..
അങ്ങിനെ ഒരു ദിവസം... മുറ്റത്ത്‌ അരിക്കൊണ്ടാട്ടം ഉണക്കാനിട്ടിരുന്നു. പാത്രത്തിനടിയില്‍ കരിഞ്ഞു പിടിച്ച ഉണങ്ങിയ മാവ് പിച്ചിതിന്നു കൊണ്ട് ഞാനും, എന്നെ ചീത്ത പറഞ്ഞു അടുത്തു അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു.. അപ്പോഴാണ്‌ ഇടവഴിയുടെ വളവു തിരിഞ്ഞു മൂന്നു നാല് പിരിവുകാര്‍ വരുന്നത് മുറ്റത്ത്‌ നിന്ന് തന്നെ വേലിക്കിടയിലൂടെ കണ്ടത്.. കക്ഷത്ത്‌ വെച്ച ഭാഗും കുടയും, കഞ്ഞി പിഴിഞ്ഞുണക്കിയ മുണ്ടും ഒക്കെ കണ്ടാല്‍ ഇക്കൂട്ടരെ ഏതു തിരക്കിനിടയിലും തിരിച്ചറിയാന്‍ പറ്റും. കൂടാതെ പിരിവു അല്ലാതെ മറ്റൊരു ജോലിക്കും ഇവര് പോകാറുമില്ല. "അമ്മ ഇവിടില്ലെന്നു" നുണ പറഞ്ഞു മടുത്ത ഞാന്‍ മുന്‍കൂട്ടി അമ്മയോട് പറഞ്ഞു..
"എനിക്ക് വയ്യ നുണ പറയാന്‍." എന്‍റെ തീരുമാനത്തിന് മുമ്പില്‍ അമ്മയൊന്നു പതറി.. പിന്നെ എന്‍റെ കൈയും പിടിച്ചു വലിച്ചു അടുക്കളയില്‍ കയറി, പുറത്തേക്കു തുറക്കുന്ന ജനലിന്റെ വിടവിലൂടെ നോക്കി നിന്ന്.. പടി കടന്നു നാലഞ്ചു പേര്‍ വന്നു..
"ഇവിടാരൂല്ല്യെ... കൂയ്.. ഞങ്ങള് വേലപ്പിരിവിനു വന്നോരാണ്.. "
ആളു വീതം വിളിച്ചു കൂവുന്നതും, മുറ്റത്ത്‌ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും ജനലഴികളിലൂടെ ഞങ്ങള് നോക്കി കാണുകയായിരുന്നു.. ഒരു നിമിഷം പോലും മിണ്ടാതിരിക്കാന്‍ കഴിയാത്ത ഞാന്‍ രണ്ടു കൈകൊണ്ടും വായ പൊത്തിപ്പിടിച്ചു നില്‍ക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ.. അപ്പോഴാണ്‌ പിരിവുകാരുടെ കൂട്ടത്തിലുള്ള ഒരു ദരിദ്രവാസി, മുറ്റത്തിനരികില്‍ നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ നിന്ന്, പഴയൊരു പ്ലാസ്റ്റിക് കവര്‍ മണ്ണ് കുടഞ്ഞു, ഉടുമുണ്ടില്‍ തുടച്ചു, അതിലേക്കു മുക്കാല്‍ ഭാഗം ഉണങ്ങിയ അരിക്കൊണ്ടാട്ടം വാരിനിറക്കുന്നു.. ദിവസങ്ങളായി വെയില് കൊണ്ട്, കാക്കക്കും കോഴിക്കും കൊടുക്കാതെ കാത്തു സൂക്ഷിച്ച കൊണ്ടാട്ടം.. എനിക്ക് രോഷം സഹിച്ചില്ല.. തൊണ്ടകീറി പുറത്തേക്കു വന്ന അലര്‍ച്ച കരിപുരണ്ട സാരിതുമ്പു ന്‍റെ വായിലേക്ക് കേറ്റി അമ്മ തടഞ്ഞു വെച്ചു..
പിരിവുകാര്‍ പടിയിറങ്ങിയ ശേഷം, മാജിക്ക്കാരനെ പോലെ അമ്മ എന്‍റെ വായില്‍ നിന്ന് സാരി വലിച്ചൂരിയ ശേഷം പറഞ്ഞു..
"സാരല്ല്യ.. കൊണ്ടാട്ടല്ലേ പോയുള്ളൂ.. നമ്മളെ കണ്ടതാണെങ്കില്‍ പിരിവു കൊടുക്കണ്ടേ.. ന്റെല് കാശില്ല്യ. ഒളിഞ്ഞിരിക്ക്യല്ലാണ്ട് വേറെന്താ വഴി "
ഉണങ്ങാനിട്ട കൊണ്ടാട്ടത്തിനു മുമ്പില്‍, വിഷമത്തോടെ ഇരിക്കുന്ന, മുടി ക്രോപ്പ് ചെയ്ത പെറ്റിക്കോട്ടുകാരി പെണ്‍കുട്ടിക്ക് കൊണ്ടാട്ടം നഷ്ട്ടമായ സങ്കടമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ഇന്ന് പിരിവുകാര്‍ വീട്ടില്‍ വരുമ്പോഴാണ് അന്ന് അമ്മ അനുഭവിച്ച പ്രയാസം മനസ്സിലാവുന്നത്..

-പത്മശ്രീ നായര്‍-












Friday, 7 March 2014

വനിതാദിനാശംസകള്‍...



1994 ല്‍  ആണെന്ന് തോന്നുന്നു പാലക്കാട്‌  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭര്‍ത്താവിന്‍റെ ഇടതു കൈയ്യില്‍ പിടിച്ചു  ഗുജറാത്തിലേക്ക്  തീവണ്ടി കയറി..  ജീവിതം കരുപ്പിടിപ്പിക്കാനുള്ള മോഹവും തോളത്തു  തളര്‍ന്നു കിടന്നുറങ്ങുന്ന രണ്ടു വയസ്സുകാരന്‍ മകനും,  പെയിന്റ് അടര്‍ന്ന തകരപ്പെട്ടിയില്‍  അത്യാവശ്യം തുണികളും  വണ്ടിയില്‍ കഴിക്കാന്‍ അമ്മ തന്നു വിട്ട പൊതിച്ചോറും മാത്രമായിരുന്നു ലഗ്ഗേജ്..

മകളെ ഒരു ജോലിക്കാരിയായി കാണാനുള്ള  ഒരമ്മയുടെ ആഗ്രഹവും, എന്തെങ്കിലും ഒരു ജോലി കിട്ടിയാല്‍ ജീവിതം പതിയെ ഇഴ ചേര്‍ത്തെടുക്കാമെന്നുള്ള മോഹവുമായിരുന്നു   ഗ്രാമത്തെയും ഗ്രാമഭംഗിയെയും സ്നേഹിച്ചു കൊതി തീരാത്ത ഒരു നാട്ടിന്‍ പുറത്തുകാരിയെ  കേരളത്തില്‍ നിന്നും മറ്റൊരു ദേശത്തെക്ക് പറിച്ചു നടാന്‍ പ്രേരിപ്പിച്ച ഘടകം. ഒരു പറിച്ചു നടല്‍ ഇഷ്ട്ടപ്പെടാതിരുന്നിട്ടും  എന്‍റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി  കൂടെ  വരാന്‍ സമ്മതിച്ചതിന്റെ  മുറുമുറുപ്പ് ഭര്‍ത്താവില്‍ നിന്നും ഏറെ കാലം ഏറ്റുവാങ്ങേണ്ടി വന്നു..

ഗ്രാമത്തിന്‍റെ  വിശുദ്ധിയും ,  അമ്പലക്കുളവും,  പാടവും അന്തിമാളന്‍ ക്ഷേത്രവും   വിഷുവേലയും  ഓണവും  ഒക്കെയാണ്  ലോകവും ജീവിതവും എന്ന് തെറ്റിദ്ധരിച്ച  എനിക്ക് അഹമ്മദാബാദില്‍  വണ്ടിയിറങ്ങിയപ്പോള്‍ മൊത്തത്തില്‍ അന്ധാളിപ്പ് ആയിരുന്നു.. കരിമ്പുക  തുപ്പുന്ന വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ  പാതകള്‍,  പല തരത്തിലുള്ള ആള്‍ക്കാര്‍, ഒന്നും മനസ്സിലാവാത്ത ഭാഷ..  സഹോദരന്‍റെയും കുടുംബത്തിന്‍റെയും കൂടെ ഒറ്റമുറിയുള്ള വാടക വീടിലുള്ള താമസം.. ചുറ്റുപാടുമുള്ള സ്ത്രീകള്‍ ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ ചോദിക്കുമ്പോള്‍  നിര്‍വികാരതയോടെ, മറുപടി പറയാനാവാതെ,  നിറമില്ലാത്ത ചിരി ചിരിച്ചു തിരിഞ്ഞു നടക്കുമായിരുന്നു.

അഹമ്മദാബാദില്‍ എത്തിയതിന്‍റെ  പിറ്റേന്ന് മുതല്‍  ഇന്റര്‍വ്യൂവിനു പോയി തുടങ്ങി.. അധികമൊന്നും അലയേണ്ടി വന്നില്ല.. രണ്ടു കമ്പനിയില്‍ നിന്നും അപ്പോള്‍ തന്നെ കിട്ടിയ മറുപടി  ഏട്ടന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു തന്നു.. "ഭാഷയൊക്കെ നന്നായി പഠിച്ചതിനു ശേഷം വരൂ.. അപ്പോള്‍ വേക്കന്‍സി ഉണ്ടെങ്കില്‍  നിയമിക്കാം."

രണ്ടു ദിവസം കഴിഞ്ഞു ഏട്ടന്റെ ഒരു സുഹൃത്ത്‌ വഴി മറ്റൊരു ഓഫീസില്‍ എത്തി. പേടിച്ചു വിറച്ചു മാനേജരുടെ ക്യാബിനില്‍ എത്തി..   ഗ്രാമീണരെ മാത്രം കണ്ടു പരിചയിച്ച, ഗ്രാമ്യ ഭാഷ മാത്രം കേട്ട് ശീലിച്ച  എനിക്ക്, ഒരു ഓഫീസും  ജോലിക്കാരും ഒക്കെ പുതിയൊരു അനുഭവം ആയിരുന്നു..  ഭാഗ്യത്തിന് അവിടെ ഉണ്ടായിരുന്ന മാനേജര്‍  പാലക്കാട്ടുകാരന്‍ അയ്യര്‍ സര്‍   എന്‍റെ ദയനീയാവസ്ഥ  മനസ്സിലാക്കി   ടൈപ്പിസ്റ്റ്‌  ആയി നിയമിച്ചു.  വെറും അഞ്ഞൂറ് രൂപ ശമ്പള ത്തിനു.. മുങ്ങിത്താഴാന്‍ പോകുമ്പോള്‍ കിട്ടുന്നൊരു കച്ചിത്തുരുമ്പ്.. അതായിരുന്നു എനിക്കാ ജോലി..  അതെ ഓഫീസില്‍ ജോലിയുള്ള രണ്ടു മൂന്നു മലയാളികള്‍ വേറെയും ഉണ്ടായിരുന്നു.. സ്ത്രീ ആയിട്ട് ഞാന്‍ മാത്രം..  അയ്യര്‍ സാര്‍,   ഒരു മകളെ പോലെ എനിക്ക് വേണ്ടുന്ന ഉപദേശങ്ങള്‍  തന്നു..  ഓരോ ജോലികളും  ചെയ്യാന്‍ പ്രാപ്തയാക്കി, എന്‍റെ ജീവിതത്തില്‍ എക്കാലവും സ്മരിക്കപ്പെടെണ്ട വ്യക്തി അയ്യര്‍ സാര്‍ മാത്രമാണ്..

ഇതിനിടയില്‍, ആകസ്മികമായി ഭര്‍ത്താവിനു ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരികയും കുറെ കാലത്തേക്ക്  ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി .  പുതിയ നാടും കാലാവസ്ഥയും യോജിക്കാതതിനാല്‍   എപ്പോഴും  രോഗം  വന്നു കൊണ്ടിരിക്കുന്ന  മകന്‍,  ഇതിനൊക്കെ ഇടയില്‍ ഞാന്‍ എന്നെകുറിച്ച് ആലോചിക്കാറേ  ഇല്ലായിരുന്നു..   പണ്ടെങ്ങോ മടങ്ങിപ്പോയ ശ്വാസം മുട്ടല്‍ നഗരജീവിതം തുടങ്ങിയപ്പോള്‍  വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു വന്നു..   പലപ്പോഴും ജീവിതം ദുസ്സഹമായി..  അപ്പോഴും ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു  ഏതോ ഒരജ്ഞാത ശക്തി  എന്നെ നിയന്ത്രിക്കുന്നുണ്ടെന്നു,  നിന്നെ കാത്ത് നല്ലൊരു ജീവിതം ഉണ്ടെന്നു ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ..

പണമില്ലാത്തവരെ സ്വന്തക്കാര്‍ക്കു പോലും വേണ്ടെന്നു തിരിച്ചറിഞ്ഞ നാളുകള്‍.. ബന്ധങ്ങള്‍ ബന്ധനങ്ങളും ബാധ്യതയുമായി.. തുടര്‍ന്നുള്ള നാളുകളില്‍  ജീവിതത്തെ   ശത്രുസ്ഥാനത്ത് നിര്‍ത്തി വാശിയോടെ നേരിട്ടു.   മുഖം കറുപ്പിച്ചു എന്തെങ്കിലും പറഞ്ഞാല്‍ മുറിയുടെ മൂലക്കിരുന്നു കരഞ്ഞിരുന്ന നാടന്‍ പെണ്ണിന് മാറ്റങ്ങള്‍ വന്നു തുടങ്ങി.. ഒരു പക്ഷെ മാറിയെ തീരൂ എന്നവള്‍ തിരിച്ചറിഞ്ഞു തുടങ്ങി. മുന്നോട്ടു വെച്ച ചുവടുകള്‍ പരാജയം ഏറ്റുവാങ്ങി പുറകോട്ടു എടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ. എക്സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ച്  ശമ്പളക്കയറ്റത്തോടെ അഞ്ചോ  ആറോ കമ്പനികളില്‍ മാറി മാറി ജോലി ചെയ്തു.

ഏറ്റവും വലിയ ശത്രുവും ഏറ്റവും വലിയ യുദ്ധക്കളവും ജീവിതം തന്നെയെന്ന് എന്‍റെ ജീവിതത്തിലൂടെ ഞാന്‍ പഠിച്ചു.  ഇണങ്ങിയും പിണങ്ങിയും സുഖദുഃഖങ്ങള്‍ പങ്കിട്ടും രണ്ടുപേരും കൂടി ആഞ്ഞു തുഴഞ്ഞു ജീവിതത്തോണി ഒരുവിധം കരക്കടുപ്പിച്ചു..   പന്ത്രണ്ടു വര്‍ഷമായി, ഞങ്ങളുടെ ദാമ്പത്യം പ്രവാസത്തിനിടക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍  വീണു കിട്ടുന്ന രണ്ടു മാസത്തെ അവധിക്കാലമായി ചുരുങ്ങി.

സ്ത്രീ അബലയല്ല..  അവള്‍ ജീവിക്കുന്ന സാഹചര്യമാണ് അവളെ അബലയോ ദുര്‍ബ്ബലയോ ഒക്കെ ആക്കി തീര്‍ക്കുന്നത്.    ജീവിതത്തോട് മല്ലിട്ട് നേടിയതൊന്നും ഒരു നേട്ടമായി ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ മനസ്ഥൈര്യവും, ആത്മവിശ്വാസവും  ഒഴികെയുള്ള  ഒരു നേട്ടവും ശാശ്വതമല്ലല്ലോ..

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍ ഏറെയുണ്ട്.. ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പരിശ്രമത്തിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു.. "നീയില്ലെങ്കില്‍  ഇന്ന് നമ്മുടെ കുടുംബം ഈ നിലക്ക് എത്തുകയില്ല"  എന്ന   ഇണയുടെ ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു.  കഷ്ട്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഉലയില്‍ വെച്ച് ഊതിക്കാച്ചിയെടുത്ത പൊന്നാണ് എന്‍റെ ജീവിതം.  ആ തിരിച്ചറിവ് മാത്രം മതി സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍.

തളരരുത്.. ഏതു പ്രതിസന്ധിയെയും ആത്മ വിശ്വാസത്തോടെ നേരിടുക.. തീര്‍ച്ചയായും വിജയിക്കും.  കാരണം സ്ത്രീ ഒരു ശക്തിയാണ്.. സ്ത്രീയാണ് ശക്തി..

എല്ലാ കൂട്ടുകാരികള്‍ക്കും ലോക വനിതാ ദിനത്തില്‍ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

-പത്മശ്രീനായര്‍-









Monday, 16 December 2013

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ..





പണ്ടുപണ്ട്.. വളരെ പണ്ട് പിന്നേം കുറെ പണ്ട്.. ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. കഴുത്തറ്റം മുടി ക്രോപ്പ് ചെയ്തു, മൂക്കള ഒലിപ്പിച്ച്, സദാ സമയവും ങീ ങീ ന്നു മോങ്ങി കരഞ്ഞു കൊണ്ട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പിടിവിടാതെ നടക്കുന്ന കുട്ടിയുടുപ്പിട്ട ഒരു രണ്ടര വയസ്സുകാരി.. അമ്മയല്ലാതെ ആരായിട്ടും ആ കുട്ടിക്ക് സൌഹൃദമില്ല.. എന്തെങ്കിലും തിന്നാന്‍ കൊടുത്താല്‍ അതുമായി വാതിലിന്റെ മറവു പറ്റി മുക്കിലിരിക്കും.. അല്ലാത്ത സമയങ്ങളില്‍ മോങ്ങി കൊണ്ടിരിക്കും.. ആ അമ്മ ഈ കുട്ടിയേയും വെച്ച് വല്ലാതെ വിഷമിച്ചു.. വെള്ളം കോരാന്‍ പോവുമ്പോള്‍ ഒരു ഒക്കത്ത് കുടവും മറ്റേ ഒക്കത്ത് കുട്ടിയും.. എന്തിനേറെ പറയുന്നു കക്കൂസില്‍ പോവുമ്പോള്‍ വരെ അമ്മ ആ കുട്ടിയെ മുതുകത്ത് ഇരുത്തിയിട്ടായിരുന്നത്രേ.. എന്തൊരു കഷ്ട്ടാല്ലേ.. 





ഒരു ദിവസം ആ അമ്മ ഈ മോങ്ങി കുട്ടിയേയും കൂട്ടി കുറച്ചു ദൂരെയുള്ള കുളത്തില്‍ കുളിക്കാന്‍ പോയി. ഉച്ച സമയം ആയത് കൊണ്ട് കുളത്തില്‍ വേറെ ആരും ഇല്ല.. താമരപൂ വിരിഞ്ഞു നില്‍ക്കുന്ന അത്ര ചെറുതല്ലാത്ത ഒരു കുളം.. കുളക്കരയില്‍, പാതി വളഞ്ഞു മേലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന ഒരു കരിമ്പനയുടെ ചുവട്ടില്‍ ഈ കുട്ടിയെ ഇരുത്തി അമ്മ കുളത്തിലെക്കിറങ്ങി.. അമ്മ തുണി നനക്കുന്നതും ആസ്വദിച്ചു ഈ കുട്ടി എന്തൊക്കെയോ പിറുപിറുത്തു അങ്ങിനെ ഇരുന്നു.. മുങ്ങി കുളിക്കാനായി അമ്മ കുളത്തിന്‍റെ ആഴത്തിലെക്കിറങ്ങി.. മുങ്ങി നിവര്‍ന്നു കൈയ്യെത്തും ദൂരത്തുള്ള ഒരു താമരയും പൊട്ടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ കരിമ്പന ചുവട്ടില്‍ കുട്ടിയില്ല.. അമ്മക്ക് വേവലാതിയായി.. പത്തേ.. പത്തേ.. എന്ന് അലറി വിളിച്ചു.. അമ്മയുടെ നിലവിളി കേട്ട് ആരൊക്കെയോ ഓടി വന്നു.. ഒടുവില്‍ ആരുടെയോ ശ്രദ്ധയില്‍ പെട്ടു.. കുളത്തില്‍ നിന്നും കുമിളകള്‍ പൊന്തുന്നു..

ഒട്ടും വൈകിയില്ല.. രണ്ടുമൂന്നു പേര് കുളത്തിലേക്ക്‌ ചാടി. വെള്ളം കുടിച്ചു വീര്‍ത്ത വയറുമായി അബോധാവസ്ഥയില്‍ ആയ കുട്ടിയുമായി കരക്ക് കയറി. ആശുപത്രിയിലെക്കോടി.. പിന്നീടങ്ങോട്ട് ആ അമ്മക്ക് ഉറക്കമില്ലാത്ത ദിന രാത്രങ്ങള്‍ ആയിരുന്നു.. ഒന്നര മാസത്തോളം ആശുപത്രിയില്‍.. കുട്ടിക്ക് ഇടയ്ക്കു ബോധം വരും പോവും.. നീരു വന്നു വീര്‍ത്ത ശരീരം.. കണ്ണ് തുറന്നു നോക്കാന്‍ പോലും ആവാതെ.. പെറ്റ വയറിന്‍റെ പുണ്യവും നാട്ടുകാരുടെ പ്രാര്‍ഥനയും കൂടി ചേര്‍ന്നപ്പോള്‍ ആ കുട്ടിക്ക് ഒരു രണ്ടാം ജന്മം ദൈവം അനുവദിച്ചു കൊടുത്തു.. ഇടതു കൈയ്യിലെ മുറിഞ്ഞു കിടക്കുന്ന ആയുര്‍രേഖ കാണുന്ന ഏതു കൈനോട്ടക്കാരനും ചോദിക്കും ഇതൊരു രണ്ടാം ജന്മം അല്ലേ എന്ന്.






ആ കുട്ടി വളര്‍ന്നു വലുതായി. കുട്ടിക്കൊരു കുട്ടിയായി.. ഒരഞ്ചാറ് കൊല്ലം കൂടി കഴിയുമ്പോള്‍ പേരക്കുട്ടികളും ആവും.. അന്ന് കുളത്തില്‍ വീണു, മരണത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുട്ടിയുടെ രണ്ടാം ജന്മം.. ഇന്ന് പത്മശ്രീ നായരായി, ഓപ്പോളായി, പപ്പിയും പപ്പേച്ചിയും പപ്പിക്കുട്ടിയും പപ്പേടത്തിയും ഒക്കെയായി സുഹൃത്തുക്കളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് മുഖപുസ്തകത്തില്‍ തന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു..

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ... ഊണും ഉറക്കവും ഉപേക്ഷിച്ചു കണ്ണിലെണ്ണയൊഴിച്ചു മകളുടെ ജീവനു വേണ്ടി പോരാടിയ ഒരമ്മയോടോ? ഭിക്ഷയായി ഒരു രണ്ടാം ജന്മം വെച്ചു നീട്ടിയ ദൈവത്തോടോ.. രണ്ടു പേരോടും ആവട്ടെ.. ഒരമ്മയുടെ പ്രാര്‍ത്ഥനകള്‍ ഇല്ലാതെ ഒരു ദൈവവും കനിയില്ല.. കാരണം ദൈവത്തിന്‍റെ പ്രതിരൂപമാണ് അമ്മ..

ഈ പോസ്റ്റ്‌ മക്കളുടെ നന്മ ആഗ്രഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും ആയി സമര്‍പ്പിക്കുന്നു..

- പത്മശ്രീ നായര്‍ 


മലയാളിമേനോന് വണക്കം




"പുത്തനച്ചി പുരപ്പുറം തൂക്കും" എന്നൊരു ബനാന ടാക്ക് കേട്ടിട്ടില്ലേ.. അതാണിപ്പോ എന്‍റെ ആപ്പീസിലെ അവസ്ഥ.. കാര്യം മറ്റൊന്നുമല്ല. എച്ച്. ആര്‍. ഡിപ്പാര്ട്ട്മെന്‍റില്‍ പുതിയൊരു വൈസ് പ്രസിഡന്റ്‌ സ്ഥാനമേറ്റു.. കക്ഷി മ്മടെ മലയാളി മേനോന്‍ ആണ്. കാഴ്ചയില്‍ അത്രയ്ക്ക് സുന്ദരന്‍ ഒന്നുമല്ലെങ്കിലും (ഇനീപ്പോ സുന്ദരന്‍ ആണെങ്കിലും എനിക്കെന്താ.. അല്ല പിന്നെ.) ഒരു ആറേഴടി പൊക്കം കാണും.. ഉന്തുവണ്ടി തള്ളുന്നത് പോലെയാണ് നടത്തം.. എന്റെയൊക്കെ പ്രായമേ കാണൂ.. എന്ന് വെച്ച് സംശയിക്ക്യൊന്നും വേണ്ടാട്ടോ.. ഞാന്‍ ആള് ഡീസന്‍റ് ആണ് വിക്രമാദിത്യന്റെ തോളിലെ വേതാളത്തെ അനുസ്മരിപ്പിക്കും വിധം വല്ല്യൊരു ഫാന്‍സി ബാഗ് വലത്തേ തോളില്‍ ഞാന്നു കിടക്കും സദാസമയവും ..

ഇനി കാര്യത്തിലേക്ക് കടക്കാം..എച്ച്. ആര്‍. പ്രസിഡന്റ്‌ ആണെങ്കിലും പുള്ളിയുടെ ഭാവം കണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന് തോന്നും.. വന്ന അന്ന് തുടങ്ങീതാണ് കമ്പനിയില്‍ നടത്തെണ്ടുന്ന പുതിയ ഭരണ പരിഷ്ക്കാരങ്ങളെ പറ്റി എം. ഡി. യുടെ ചെവിയില്‍ തലയണമന്ത്രം ഓതാന്‍..തലയണമന്ത്രം ഏറെ ഇഷ്ട്ടപ്പെടുന്ന അച്ഛന്‍ എം. ഡി. യും മകന്‍ എം. ഡി. യും സ്റ്റാഫിന് ഗുണകരമല്ലാത്ത എന്ത് പരിഷ്ക്കാരം വേണമെങ്കിലും നടത്താനുള്ള അനുമതി പത്രം ഒപ്പിട്ടു കൊടുത്തു എന്നാണു അറിയാന്‍ കഴിഞ്ഞത്.. അതിന്‍റെ മുന്നോടിയായി ആപ്പീസങ്കണത്തില്‍ വെച്ച് ഒരു പ്രാര്‍ഥനായോഗം സംഘടിപ്പിച്ചു.. പത്തുപതിനഞ്ചു മിനിറ്റ് ആ വിഷയത്തില്‍ പോകുന്നു..

ആദ്യത്തെ രണ്ടു മൂന്നു ദിവസമൊക്കെ ആളുകള്‍ ഓടിപ്പിടഞ്ഞെത്തി.. ക്രമേണ അംഗസംഖ്യ കുറഞ്ഞു തുടങ്ങിയപ്പോള്‍ മേനോന്‍ പണി തുടങ്ങി.. കൃത്യം പത്തു മണിക്ക് പ്രാര്‍ത്ഥന തുടങ്ങും. ആ സമയം ഗേറ്റില്‍ വെച്ചിരിക്കുന്ന അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനുള്ള യന്ത്രത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെക്കും.. മാത്രമല്ല ഗേറ്റ് പൂട്ടിയിടാന്‍ സെക്യൂരിറ്റിയെ ചട്ടം കെട്ടിയിട്ടും ഉണ്ടത്രേ.. പ്രാര്‍ഥനയും, തുടര്‍ന്നു വായിക്കുന്ന വിഷനും മിഷനും ഒക്കെ കഴിയുമ്പോഴേക്കും സമയം 10.15. അതിനു ശേഷം പഞ്ച് ചെയ്യുന്ന ആളെ ലേറ്റ് കമര്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് അര മണിക്കൂറിനുള്ളില്‍ ഇ-മെയില്‍ സന്ദേശം ബഹുമാനപ്പെട്ട ലേറ്റ് കമറിനും കോപ്പി ടു വല്ല്യ എം. ഡി. ആന്‍ഡ്‌ ചെറ്യ എം. ഡി. ക്കും മറ്റു എച്ച്. ഒ. ഡി. ക്കും എത്തിയിരിക്കും.. നന്ദി സൂചകമായി ലെറ്റ് കമറിന്‍റെ അര ദിവസത്തെ ശമ്പളം സ്വാഹാ..!!!

കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി കാണുമല്ലോ നിങ്ങള്‍ക്ക്.. ദേ.. ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം പറയാം.. ഇന്നലെ ഗേറ്റിനു വെളിയില്‍ നില്‍ക്കേണ്ടി വന്നു.. അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി എന്ന് പറഞ്ഞത് പോലെ നീര്‍ക്കൊലിയുടെ രൂപത്തില്‍ മേനോന്‍ എത്തിയിരിക്കുന്നു.. അധിക ദിവസം ഒന്നും കാണില്ല മേനോന്‍റെ ഷൈന്‍ ചെയ്യല്‍.. കൊക്കെത്ര കുളം കണ്ടിരിക്കുന്നു കുളമെത്ര കൊക്കിനെ കണ്ടിരിക്കുന്നു.. പത്തു പതിനഞ്ചു കൊല്ലമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഇന്നലെ വന്ന മേനോന് അറിയ്യ്വോ.. അധികം താമസിയാതെ തോളില്‍ തൂക്കിയ ഫാന്‍സി ബാഗുമായി ഓടുന്നത് കാണാം.. ഇതെന്‍റെ മാത്രം അഭിപ്രായം അല്ലാട്ടോ.. മൊത്തം സ്റ്റാഫിന്റെ മുറുമുറുപ്പ് ആണ്.. 






സ്കൂളില്‍ പഠിക്കുന്ന കാലത്ത്, അതിരാവിലെ നെല്ലു കുത്താന്‍ മില്ലില്‍ പോയി, ധൃതിയില്‍ കുളിച്ചൊരുങ്ങി, കട്ടന്‍ കാപ്പിയും വലിച്ചു കുടിച്ചു കടലാസില്‍ പൊതിഞ്ഞെടുത്ത കപ്പ പുഴുങ്ങിയതും വഴിനീളെ തിന്നു (ഇരുന്നു തിന്നാന്‍ സമയമില്ലാത്തതു കൊണ്ടാണേ ) പുസ്തകക്കെട്ടും മാറത്തടുക്കി ഓടി തളര്‍ന്നു സ്കൂളില്‍ എത്തുമ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരിക്കും.. അകത്തു കയറാന്‍ ടീച്ചറുടെ അനുമതി കിട്ടാതെ ക്ലാസ്സ്‌ മുറിക്കു അകത്തിരിക്കുന്ന കുട്ടികളുടെ പരിഹാസകൂരമ്പുകള്‍ പോലുള്ള നോട്ടത്തെ ജാള്യതയോടെ നേരിട്ടിരുന്ന പന്ത്രണ്ടു വയസ്സുള്ള പാവടക്കാരിയാവാന്‍ ഇന്നെനിക്ക് മനസ്സില്ല.. മേനോനുള്ളത് വഴിയേ കിട്ടിക്കോളും.. അന്നും ഇതുപോലുള്ള ഒരു പോസ്റ്റ്‌ നിങ്ങള്‍ക്കായി ഞാന്‍ സംഭാവന ചെയ്യും.. ടോട്ടലി ഫ്രീ..


Tuesday, 8 October 2013

നവരാത്രി




അഹമ്മദാബാദില്‍ നവരാത്രി ആഘോഷങ്ങള്‍ തകര്‍ക്കുന്നു.

ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി പൂജ..






ഞങ്ങളുടെ ഫ്ലാറ്റിലും വൈകുന്നേരം എട്ടു മണിയോടെ തുടങ്ങും. ദീപാലങ്കാരങ്ങളുടെ വര്‍ണ്ണ വിസ്മയം. വൈകുന്നേരം ദേവിക്ക് ആരതി. തുടര്‍ന്ന് സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ദാണ്ടിയ ഡാന്‍സ്‌.. പുലര്‍ച്ചെ മൂന്നു മണി വരെ നീളും.. അവസാന നാളുകളില്‍ പുലരുവോളം.. ചുരുക്കി പറഞ്ഞാല്‍ ശബ്ദ കൊലാഹലങ്ങല്‍ക്കിടക്കു ഈ ദിവസങ്ങളില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിയാറുള്ളൂ..
പത്താം ദിവസം വിജയദശമി നാള്‍. അന്ന് യാഗ ശാലയും ഹോമകുണ്ഡവും മന്ത്രോച്ചാരണങ്ങളുടെ പ്രവാഹവുമായി ഭക്തി നിര്‍ഭരമായ ഒരന്തരീക്ഷം..




എല്ലാം കൊണ്ടും ഒരുത്സവ പ്രതീതി തോന്നിക്കുന്നു.. ഓരോ ആഘോഷവും അതിന്റേതായ പ്രാധാന്യം നല്‍കി ആഘോഷിക്കാന്‍ ഈ നാട്ടുകാര്‍ നമ്മള്‍ മലയാളികളേക്കാള്‍ മുന്നിലാണ്..
അവസാന ദിവസമായ വിജയദശമി നാളിലെ വൈകുന്നേരത്തെ ആരതിയും തുടര്‍ന്ന് നടക്കുന്ന പ്രസാദ ഊട്ടും കഴിഞ്ഞാല്‍ അക്കൊല്ലത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുകയായി.. പിന്നെ ദീപാവലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി.
ഞാന്‍ പറയാന്‍ ഉദ്യേശിച്ചതു ഇതൊന്നുമല്ല. എന്‍റെയൊരു സംശയം ആണേ.. ദേവീ ജപവും ആരതിയും (ദീപാരാധന) താളമേളങ്ങളോടെ അതിന്റെ പാരമ്യതയില്‍ എത്തുമ്പോള്‍ ചില സ്ത്രീകള്‍ക്ക് വിറയല്‍ വരാറുണ്ട്. പിന്നീടത് ഉറഞ്ഞുതുള്ളലായി മാറും. മൂന്നാലാളുകള്‍ കിണഞ്ഞു ശ്രമിച്ചാലും അവരെ പിടിച്ചു നിര്‍ത്താന്‍ നന്നേ പ്രയാസപ്പെടേണ്ടി വരും. അവസാനം ദേവിയുടെ മുമ്പില്‍ വെച്ചിരിക്കുന്ന തീര്‍ത്ഥത്തില്‍ നിന്നൊരിത്തിരി തീര്‍ത്ഥം തളിച്ച് നെറ്റിയില്‍ ഒരു നുള്ള് കുങ്കുമം തൊടുവിക്കുന്നതോടെ വിറയലുകാരി 'ശാന്ത 'യാവുന്നു. ഇതൊരു ശുഭ ലക്ഷണമായി ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.. പൂജയില്‍ തൃപ്തയായി 'മാതാജി' തന്‍റെ ചൈതന്യം അറിയിച്ചു എന്നാണു പറയുന്നത്..
എന്‍റെ സംശയം അതല്ല.. എന്തു കൊണ്ട് സ്ത്രീകളുടെ ശരീരത്തില്‍ മാത്രം ഈ മാതാജി വരുന്നത്.. ദേവീ പ്രാധാന്യം ഉള്ളത് കൊണ്ടാണോ 'പിതാജി'യെ കൂട്ടാതെ മാതാജി മാത്രം തനിച്ചു വരുന്നത്.. അങ്ങിനെയെങ്കില്‍ ശ്രീകൃഷ്ണ ജയന്തിക്കും ശിവരാത്രിക്കും ഒക്കെ നടക്കുന്ന പൂജകളില്‍ പുരുഷന്മാരുടെ ശരീരത്തില്‍ പിതാജി സന്നിവേശിക്കെണ്ടതല്ലേ..
ഇവിടെയും സ്ത്രീകളുടെ ആധിപത്യം തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാം ല്ലേ...
ജയ്‌ മാതാജി..

-പദ്മശ്രീനായര്‍.

Sunday, 15 September 2013

ഉത്രാടപ്പാച്ചില്‍ 2013 ( ന്നാലും ന്‍റെ ഏല്യാമ്മ ചേടത്തീ... ന്‍റെ പയ്നഞ്ചുറുപ്പ്യാ !!!!)




"ഞാന്‍ കൂടല്ല്യാ ന്നു കരുതി ഓണം ആഘോഷിക്കാണ്ടിരിക്കണ്ട.. നല്ല സദ്യെണ്ടാക്കണം..  കസവ്‌ കരെള്ള  സെറ്റ് മുണ്ട് ഒന്ന് മേടിച്ചോ.. ഓണക്കോടി ഒക്കെ ഉടുത്ത് ഓണസ്സദ്യ ഉണ്ണണ  ഫോട്ടോ   അയച്ചെരണം..  മറക്കണ്ട.. ഓണ സ്പെഷല്‍  അയച്ച്‌ണ്ട്. "

സ്കൈപ്പ്  സൈന്‍ ഔട്ട്‌  ചെയ്യാന്‍ നേരം കക്ഷി ഇതും കൂടി പറയാന്‍  മറന്നില്ല..

"പഴ സെറ്റ്‌മുണ്ട് ഉടുത്ത് ഫോട്ടോ എടുത്തു എന്നെ പറ്റിച്ച് ആ  കാശു ഇസ്ക്കാന്‍  നോക്കണ്ട.  നീ നായിന്‍റെ ജന്മാ ന്നു നിക്കറിയാം..  സമുദ്രത്തില് പോയാലും നക്ക്യെ  കുടിക്കൂ..  ഭൂലോക  പിശുക്കി.."






ഹാവൂ.. ഭാര്യേ കുറിച്ച് നല്ല മതിപ്പാ  ല്ലേ.. 

പാവം പ്രവാസി ഹസ്സിനെ വിഷമിപ്പിക്കണ്ടല്ലോ  ന്നു കരുതി സെറ്റ്‌ മുണ്ട് വാങ്ങാന്‍ തന്നെ തീരുമാനിച്ചു.. ആപ്പീസില്‍ നിന്നും ഇത്തിരി നേരത്തെ ഇറങ്ങി.. ഉത്രാടപ്പാച്ചില്‍  എന്ന ചടങ്ങ് തെറ്റിചൂന്നു  വേണ്ട..  പൊടുന്നനെ   2011 ലെ ഉത്രാടപ്പാച്ചില്‍   അനുഭവം മനസ്സില്‍ തെളിഞ്ഞു..  നേരെ വിട്ടു ഇരു ചക്ര  ശകടം മാര്‍ക്കറ്റിലേക്ക്..  പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങി സഞ്ചിയില്‍ നിറച്ചു വണ്ടിയില്‍ കൊളുത്തില്‍ തൂക്കി.  അവിടുന്ന് നേരെ കുറുപ്പേട്ടന്‍റെ      കേരള സ്റ്റോറിലെക്ക്.. ഉപ്പേരിയും നാടന്‍ പപ്പടവും പഴവുമൊക്കെ  അവിടെയെ കിട്ടൂ.. 

കടയില്‍ നല്ല തിരക്ക്.. എല്ലാവരും  ഉത്രാടപ്പാച്ചിലില്‍ ആണെന്ന് തോന്നുന്നു. സ്ഥിരം കസ്റ്റമര്‍  ആയതോണ്ടാവും  കുറുപ്പേട്ടന്‍ എന്നെ നോക്കി  കലക്കനൊരു  ഉത്രാടച്ചിരി  ചിരിച്ചിട്ട് പറഞ്ഞു.... 

ഇത്തിരി തിരക്കാട്ടോ.. ധൃതീണ്ടെങ്കില്  ലിസ്റ്റ് തന്നിട്ട് പൊയ്ക്കോളൂ.. എത്ര വൈക്യാലും  ഇവടത്തെ  ചെക്കന്റെല്  കൊടുത്തയക്കാം. "

"ഓ..  മതി മതി..  കസവ് കരെള്ള  സെറ്റ്മുണ്ട് ണ്ടോ.. ണ്ടെങ്കില്‍  ഒന്ന് കാണിചെരൂ.."

"അയ്യോ.. സെറ്റ് മുണ്ട് ഇല്ല്യാട്ടോ.. ഇപ്പൊ അതൊന്നും കൊണ്ട്രാറില്ല്യ  .  രണ്ടു കൊല്ലം മുമ്പത്തെ സ്റ്റോക്കില്  സെറ്റ്‌ സാരീണ്ട്.. അത് മത്യാവോ? "

ഹും.. പിന്നേ.. ഇയാള്‍ടെ പഴയ സ്റ്റോക്ക്‌ ക്ലിയര്‍ ആക്കാന്‍ വന്നതല്ലേ ഞാന്‍.. എന്‍റെ മണ്ടേല് തന്നെ മളകരക്കണം  ല്ലേ ഇയാക്ക്..  വാക്കുകള്‍ പുറത്തേക്കു വരാതെ കണ്ട്രോള്‍  ചെയ്തു. 

"സാരി വേണ്ട  നിക്ക്  സെറ്റ് മുണ്ട് തന്നെ വേണം.. വേറെ എവട്യാ  കിട്ട്വാ ? "

"ദാ  ഇവിടെ കിട്ട്വാരിക്കും.. ഒന്ന് പോയി നോക്കിക്കോളൂ.. കുറുപ്പേട്ടന്‍  ഒരു തുണ്ട് കടലാസു എന്‍റെ നേരെ നീട്ടി. 

'മാവേലി എമ്പോറിയം'.. പ്രോപ്പറൈറ്റര്‍  എല്യാമ്മാ  വര്‍ഗ്ഗീസ്‌..  ,  ഓ.. അച്ചായത്തി  ആണല്ലോ. ഫോണ്‍ നമ്പറും  അഡ്രസ്സും കൊടുത്തിട്ടുണ്ട്‌. .  ,.  ഇത്തിരി ദൂരമുണ്ട്.. എന്നാലും പോയി നോക്കാമെന്നു വിചാരിച്ചു.. 

കുറുപ്പേട്ടനോട്  സാധനങ്ങള്‍ കൊടുത്തയക്കാന്‍ പറഞ്ഞിട്ട് അവിടുന്ന് ഇറങ്ങി.  പട്ടി ചന്തക്കു പോയപോലെ ആവണ്ടാല്ലേ എന്ന് കരുതി  ഒരിത്തിരി മാറി നിന്ന് ഏല്യാമ്മ ചേടത്തിയുടെ മൊബൈലിലേക്ക്  ഒന്ന് വിളിച്ചു..   ഫോണ്‍ സ്വിച്ച് ഓഫ്‌.. ,.  ചിലപ്പോള്‍ ഓണക്കച്ചവട തിരക്കില്‍ ആവും.. നേരിട്ട് പോവുക തന്നെ.   മാവേലി എമ്പോറിയാം  ലക്ഷ്യമാക്കി  എന്നെയും വഹിച്ചു കൊണ്ട് എന്‍റെ  ശകടം  പാഞ്ഞു..  ഇടയ്ക്കു രണ്ടു മൂന്നു സ്ഥലത്ത് നിര്‍ത്തി ഓട്ടോറിക്ഷക്കാരനോടും  ഒന്ന് രണ്ടു വഴിയാത്രക്കാരോടും  സ്ഥലം  ചോദിച്ചു.. അങ്ങനെ ചോയ്ച്ചു ചോയ്ച്ചു പോയി  ഏല്യാമ്മ  ചേടത്തീടെ ഗേറ്റ്നു മുമ്പില്‍  വണ്ടി നിര്‍ത്തി.

"മാവേലി എമ്പോറിയം"  എന്ന് ചെറിയ അക്ഷരത്തില്‍ ഇംഗ്ലിഷില്‍   ബോര്‍ഡ്‌ എഴുതി  ഗെയിറ്റില്‍ തൂക്കിയിട്ടിരിക്കുന്നു..   ഗെയിറ്റ് തള്ളി തുറന്നു അകത്തു കടന്നു..  ഗെയിറ്റ് കരയുന്ന കരകകര  ശബ്ദം കേട്ട് , കറുത്ത് തടിച്ച,  ഒരു ശരീരം  ഒരു കറുത്ത മാക്സിക്കുള്ളില്‍ കേറി ഉരുണ്ടുരുണ്ട്   വന്നു.. പത്തമ്പത്തഞ്ചു വയസ്സ് പ്രായം കാണും.. 

ഹേയ്.. ഇത് ഏല്യാമ്മ ചേടത്തി  ആവാന്‍ തരല്ല്യ..  കടലാസു തുണ്ടില്‍ ഏല്യാമ്മ വര്‍ഗീസ്‌ എന്ന പേര് കണ്ടപ്പോള്‍ തന്നെ  എന്‍റെ മനസ്സില്‍  എലി വാല് പോലത്തെ ഒരു രൂപം  കോറിയിട്ടിരുന്നു.. കാരണം  എനിക്ക് അറിയാവുന്ന ഏല്യാമ്മമാരെല്ലാം    എലി പോലെ മെലിഞ്ഞവരായിരുന്നു . 

സംശയം ഉള്ളിലൊതുക്കി ഞാന്‍ ചോദിച്ചു  "ഏല്യാമ്മ  ചേടത്തി " ??

ങാ.. ഞാന്‍ തന്ന്യാ  ഞാന്‍ തന്ന്യാ.. ബാ ബാ മോള് വാ.. അകത്തേക്ക് ഇരിക്ക്.." ഏല്യാമ്മ ചേടത്തിക്ക് പുതിയൊരു ഇരയെ കിട്ടിയ സന്തോഷം.. 

സോഫയില്‍ ഇരുന്നു ചുറ്റിനും ഒന്ന് കണ്ണോടിച്ചു..  തരക്കേടില്ലാത്ത  സെറ്റ്‌ അപ്പ് ഒക്കെ തന്നെ..  മുമ്പിലുള്ള ടീപോയില്‍ സെറ്റ്‌ സാരിയും മുണ്ടും   തോര്‍ത്തും  ഒക്കെ വലിച്ചു വാരി ഇട്ടിരിക്കുന്നു..  ഏല്യാമ്മ ചേടത്തി കുശലാന്വേഷണം  തുടങ്ങി.. 

"ഞാന്‍ ഇതിനു മുമ്പ്  മോളെ  കണ്ടിട്ടില്ലല്ലോ.. എവട്യാ താമസം? എത്ര കുട്ട്യോളുണ്ട് ? നാട്ടിലെവിടാ വീട്? ഭര്‍ത്താവിനു എന്താ ജോലി?  മോള് ജോലിക്ക് പോണുണ്ടോ? എത്ര കാലമായി ഗുജറാത്തില്‍ വന്നിട്ട്.. ? ഇപ്പൊ എന്താ മോള്‍ക്ക്‌ വേണ്ടേ  സെറ്റ്  സാര്യോ  അതോ മുണ്ടും നെര്യതോ ?

"ന്‍റെ കര്‍ത്താവേ..!!!  ഈ ഏല്യാമ്മ  ചേടത്തി  ദുരാന്തോ എക്സ്പ്രസ്സിലാണോ നാട്ടീന്നു വന്നത്..  ഒരിടത്തും  സ്റ്റോപ്പ്‌  ഇല്ലല്ലോ..  ഇതൊരു ദുരന്തം ആവാഞ്ഞാല്‍ മത്യാരുന്നു.. " എന്റെ ആത്മഗതം. .

അവസാനത്തെ ചോദ്യത്തിന് മാത്രം ഞാന്‍ മറുപടി കൊടുത്തു..

"എനിക്ക് രണ്ടു  സെറ്റ്‌ മുണ്ട് വേണം..  രണ്ടു മൂന്നു തോര്‍ത്തും.. "

ങാ.. ണ്ടല്ലോ..  മോള്‍ക്ക്‌ പറ്റ്യേ  മുണ്ടുണ്ട്..  ഏല്യാമ്മ ചേടത്തി കുറെ  മുണ്ടുകള്‍ വാരി എന്‍റെ മുന്നിലെക്കിട്ടു..  ഞാന്‍ ഏതെന്കിലും ഒന്നില്‍ തൊട്ടാല്‍ അപ്പൊ വരും  അഭിപ്രായം..

ഇത് അസ്സലായിരിക്കും.. ഇതെടുതോ..
വേറെ ഒരെണ്ണം  നോക്കിയപ്പോള്‍..  "ങാ ഇത് മീഡിയം കരയേ ഉള്ളൂ.. ഇതന്ന്യാ നല്ലത്.. വല്ല്യ കരയോന്നും ഇപ്പൊ ഫാഷന്‍ ഇല്ല.. ഉടുത്താല്‍  ഭംഗീണ്ടാവില്ല..

കസവുകര ഇല്ലാത്ത  വെറും കരയുള്ള മുണ്ട് എടുത്തപ്പോഴും ഉണ്ട് അഭിപ്രായം..
"ഇപ്പൊ ഇതാ മോളെ ഫാഷന്‍.. ,. കസവോന്നും ഇപ്പൊ ആരും ഉടുക്കാറില്ല.. മോളെ പോലെ ചെറുപ്പക്കാരോക്കെ ഇപ്പൊ ഇങ്ങനത്തെ കരയുള്ള മുണ്ടാണ് ഉടുക്കുന്നത്.



ബിസിനസ് മാനേജ്മെന്റില്‍  എം. ബി. എ ബിരുദം  എടുത്തിട്ടാണോ   ഈ ചേടത്തി    മുണ്ട് കച്ചോടം  തുടങ്ങിയത് എന്ന് ഞാന്‍ വെറുതെ  സംശയിച്ചു..  ഇനിയും അവിടെ ഇരുന്നാല്‍ ഈ ഓണത്തിനെന്നല്ല   വിഷുവിനും  തിരുവാതിരക്കും കൂടി  ഏല്യാമ്മ  എന്നെ വിടില്ല എന്ന് തോന്നിയപ്പോള്‍  തിരച്ചില് നിര്‍ത്തി  രണ്ടു മുണ്ടും  രണ്ടു മൂന്നു തോര്‍ത്തും  എടുത്തു വെച്ച്   സംഗതി അവസാനിപ്പിച്ചു..

തിരവു  കഴിഞ്ഞു ബാക്കി വന്ന മുണ്ടുകള്‍  അലമാരയില്‍ വെക്കാന്‍  വാരി കൂട്ടുന്നതിനിടയില്‍  ചേടത്തിയുടെ ചോദ്യം  വീണ്ടും..

"മക്കളൊക്കെ  ഏതു ക്ലാസ്സിലാ പഠിക്കുന്നത്? "

"എനിക്കൊരു മകന്‍ മാത്രെള്ളൂ.. അവന്റെ പഠിത്തം ഒക്കെ കഴിഞ്ഞു.. ജോലി ചെയ്യുന്നു."

ഇത് കേട്ടതും വാരിക്കൂട്ടിയ തുണികള്‍ ചേടത്തി  അവിടെ തന്നെ ഇട്ടു.. രണ്ടു കൈയും ഫ്രീ ആക്കി എന്തോ അത്ഭുതം കേട്ട പോലെ താടിക്ക് താങ്ങു കൊടുത്തിട്ട് പറഞ്ഞു..

"അയ്യോടീ.. കണ്ടാല്‍  പറയില്ലാല്ലോ.  കൊച്ചു പെങ്കൊച്ചിനെ  പോലല്ല്യോ ഇപ്പളും.. ഇത്രേം മുതിര്‍ന്ന മോനുണ്ടെന്നു  ഒരാളും പറയില്ല.   ആട്ടെ.. അപ്പൊ മോക്ക് വയസ്സെത്രയായി ? "

ഈശ്വരാ.. പണി പാളി..  ചേടത്തി ഇങ്ങനൊരു  കുനിഷ്ട് ചോദ്യം ചോദിക്കുമെന്ന് ഇങ്ങോട്ട് വരുമ്പോള്‍ കൂടി പ്രതീക്ഷിച്ചില്ല..  അല്ലെങ്കില്‍ ഒന്ന് പ്രിപ്പയേഡ്     ആവാമായിരുന്നു.. ഇതിപ്പോ അപ്രതീക്ഷിതമായി പോയില്ലേ  ചോദ്യം..   വെറുതെ ആലോചിച്ചു  ചേടത്തിക്ക് സംശയത്തിനു  ഇട കൊടുക്കേണ്ടെന്ന് കരുതി കൃത്യമായ വയസ്സ് തന്നെ പറഞ്ഞു.. 'വയസ്സറിയിച്ചു' കഴിഞ്ഞപ്പോള്‍  ചേടത്തിക്ക്  പിന്നേം അതിശയം.

"ആണോ.. ന്‍റെ  കര്‍ത്താവേ..  കണ്ടാല്‍ തോന്നില്ലാട്ടോ.."  ഞാന്‍ വെറുതെ ചിരിച്ചു..  ഇന്നത്തെ ദിവസം ചുരിദാര്‍ ഇടാന്‍ തോന്നിയത് നന്നായെന്നു   വീണ്ടും ആത്മഗതം..

ഏല്യാമ്മ ചേടത്തി കാല്‍ക്കുലേറ്റര്‍ കൊണ്ടും കടലാസിലെഴുതിയും തലങ്ങും വിലങ്ങും കണക്ക് കൂട്ടി പറഞ്ഞു..

"805/- രൂപയായി.. മോളൊരു  എണ്ണൂറു രൂപ തന്നാ മതി."   ഹോ വമ്പിച്ച വിലക്കിഴിവ്...!!!

"ഓണായിട്ട്  ഡിസ്കൌണ്ട് ഒന്നൂല്ല്യെ  ചേടത്യേ.. " കിട്ട്യാലാവട്ടെ  എന്ന് കരുതി  ചോദിച്ചു.

"ന്‍റെ മോളെ.. ഞാന്‍ അഞ്ചു നയാപൈസ കൂടുതല്‍ മേടിച്ചിട്ടില്ല.. ആ മുണ്ടില്‍ എഴുതിയ വില തന്നെ എടുത്തിട്ടുള്ളൂ..   എനിക്കിതില്‍ ഒരു ലാഭോല്ല്യ.. ലാഭത്തിനു വേണ്ടീട്ടും അല്ല ഞാനിത് ചെയ്യണേ..   ന്‍റെ രണ്ടു മക്കളും പൊറത്താ.."

ഇത് കേട്ടപ്പോള്‍ എനിക്കൊരു സംശയം.. ഞാന്‍ ചോദിച്ചു..  "ചേടത്തിക്ക് രണ്ടും പെണ്‍മക്കള്‍ ആണോ ? കുനിഷ്ട്ടു  ചോദ്യം.. പക്ഷെ ചേടത്തി ആ ചോദ്യം കേട്ടില്ലെന്നു തോന്നുന്നു..

 ചേടത്തി  തുടര്‍ന്നു.. "പിള്ളേരുടെ പപ്പ രാവിലെ ജോലിക്ക് പോവും.. പിന്നെ അതിയാന്‍ ഇരുട്ടിയെ  വരത്തോള്ളൂ. പകല് സമയം നിങ്ങളെ പോലുള്ളൊരു ഇതൊക്കെ വാങ്ങാന്‍ വേണ്ടി വരുമ്പോ ഇത്തിരി മിണ്ടീം പറഞ്ഞും ഇരുന്നു നേരം പോവ്വോല്ലോ എന്ന് കരുതി ചെയ്യണതാണ്..  ഒരു നേരമ്പോക്കിന്..

"ഉം.. വാഴ നനയുമ്പോള്‍ ചീരേം കൂടി നനയൂല്ലോ.." പിന്നേം എന്‍റെ ആത്മഗതം..
കൂടുതലൊന്നും പറയാതെ തുണി പാക്കറ്റും എടുത്തു ഞാന്‍ ഒതുക്ക് ഇറങ്ങി. ഏല്യാമ്മ ചേടത്തി  പിന്നേം എന്തൊക്കെയോ പറഞ്ഞു എന്‍റെ കൂടെ ഗേറ്റ് വരെ വന്നു..  ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ചേടത്തിയുടെ  ആതിഥ്യ മര്യാദ സടകുടഞ്ഞെഴുന്നേറ്റത്..

"അയ്യോടി മോളെ.. വന്നിട്ട് ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ലല്ലോ..  മോള് കേറിയിരി.. ഞാനിച്ചിരി   ചായ ഇടാവേ.."

"ഹും. ബെസ്റ്റ്‌.. .,.. ന്‍റെ ചെടത്യെ.. നിങ്ങടെ നാട്ടില് ഇനീംണ്ടോ   ഇങ്ങനത്തെ ഐറ്റംസ്.. എല്യാമ്മേടെ  ഹസ്സെ.. വര്‍ഗീസ് പുണ്യാളാ.. നിങ്ങളെങ്ങനെ  സഹിക്കുന്നു.. വെറുതെയല്ല  അങ്ങേരു രാവിലെ പോയിട്ട്   ഒരു രാത്ര്യാവുമ്പോ  കേറി വരണത്.. "

എന്‍റെ  ആത്മഗതം പുറത്തു തെറിച്ചത്   ഇങ്ങനെ.."  വേണ്ട ചേച്ച്യേ.. ഇനിയോരിക്കാലാവട്ടെ.. നേരം സന്ധ്യായി... പരിചയപ്പെട്ടതില്‍  സന്തോഷം.. അഡ്വാന്‍സായി  ഓണാശംസകള്‍..","   എല്യാമ്മ  ഖുസ് ഹോഗയി..

വീട്ടിലെത്തി.. വയറുനിറയെ  ഒരു പാത്രം പച്ച വെള്ളം കുടിച്ചു ഒന്ന് വിശ്രമിച്ച ശേഷം   തുണി പാക്കറ്റ് തുറന്നു.. മുണ്ടുകളുടെ പുറത്തു പതിച്ച വില എഴുതിയ സ്റ്റിക്കര്‍  കണ്ണില്‍ പെട്ടപ്പോള്‍  ഏല്യാമ്മ ചേടത്തി  കണക്ക് കൂട്ടി തന്ന കടലാസു ഒന്നൂടി നോക്കി..

ങേ..  രണ്ടാമതും മൂന്നാമതും നാലാമതും തലങ്ങും വിലങ്ങും കൂട്ടിയിട്ടും  785/- തന്നെയാണ് കിട്ടുന്നത്.

ന്നാലും ന്‍റെ ഏല്യാമ്മ  ചേടത്യേ.. അഞ്ചു രൂപ വന്‍പിച്ച വിലക്കിഴിവ് തന്നു എന്നും പറഞ്ഞിട്ട്  ഇതിപ്പോ എന്റെന്നു പതിനഞ്ചു രൂപാ അധികം ആണല്ലോ  വസൂലാക്കിയത്..

പതിനഞ്ചു രൂപ കിട്ടിയില്ലെങ്കിലും വേണ്ടില്ല.. സംഗതി ഞാനറിഞ്ഞു   എന്നോന്നറിയിക്കാനായി മൊബൈലില്‍ ചേടത്തിയുടെ നമ്പര്‍  ഞെക്കി.. ഇപ്പോഴും ആ കുന്ത്രാണ്ടം സ്വിച്ച്  ഓഫ്‌ തന്നെ..  നേരിട്ട് പോകാമെന്ന് വെച്ചാല്‍  അമ്പതു രൂപയുടെ പെട്രോള്‍ ചിലവാക്കണം.. ഞാനത്രക്ക് വിഡ്ഢിയല്ലല്ലോ  പതിനഞ്ചു രൂപയ്ക്കു വേണ്ടി അമ്പതു രൂപയുടെ പെട്രോളും കത്തിച്ചു വീണ്ടും അത്രേം ദൂരം പോവാന്‍..  ,.  ഈ നഷ്ട്ടം സഹിക്കുക തന്നെ..

ഒരു നിമിഷം എന്തോ ഓര്‍ത്തിട്ടു  വേറൊരു നമ്പര്‍ ഞെക്കി..
"ഹലോ.. കുറുപ്പേട്ടനല്ലേ..   സാധനങ്ങള്‍ കൊടുത്തയക്കുമ്പോ  നാക്കില ക്യാന്‍സല്‍ ചെയ്തോളൂട്ടോ..  എല  എനിക്ക് വേറെ കിട്ടി."

ആര്‍ക്കും ഒരുപദ്രവം ഇല്ലാത്ത ഒരു നുണ പറയുന്നതില്‍ എന്താ തെറ്റ്..  കഴിഞ്ഞ തവണ നാട്ടില്‍ പോവുമ്പോ പൊതിച്ചോറ്  കെട്ടാന്‍ വാങ്ങിയ പ്ലാസ്റ്റിക് ഇല മൂന്നാലെണ്ണം  ബാക്കി ഉണ്ട്.. ഓണസ്സദ്യ  അതില്‍ വിളമ്പാം.. മ്മടെ മാവേല്യല്ലേ  പൊറുത്തോളും. വിലക്കയറ്റവും   രൂപേടെ മൂല്യമിടിഞ്ഞ വിവരോം ഒക്കെ പാതാളത്തിലും  അറിഞ്ഞു കാണൂല്ലോ..

പതിനഞ്ചു രൂഫാ  നഷ്ട്ടായാലും, ഗള്‍ഫില്‍,   ഓണക്കോടി ഉടുത്ത എന്‍റെ ഫോട്ടോയും  പ്രതീക്ഷിച്ചു ഇരിക്കുന്ന എന്‍റെ സ്വന്തം മാവെല്യെ  സന്തോഷിപ്പിക്കാമല്ലോ  എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചിട്ടും...  ഇടയ്ക്കിടെ   ഒരു ആത്മഗതം തികട്ടി വരും..

"എങ്കിലും ന്‍റെ ഏല്യാമ്മ ചേടത്തീ.. ന്‍റെ പയ്നഞ്ചുറുപ്പ്യാ !!!!!!!!!!!!!!!!

എല്ലാ കൂട്ടുകാര്‍ക്കും പൊന്നോണാശംസകള്‍ ..!!!

സ്നേഹപൂര്‍വ്വം              -: പത്മശ്രീ നായര്‍..:--



Thursday, 22 August 2013

അഗ്രഹാരത്തിലെ ദുഃഖ പുത്രി.


ധനുമാസത്തിലെ തൃക്കേട്ട നക്ഷത്രത്തിലാണ്  ഹരി മോന്‍റെ   പിറന്നാള്‍..,. അവന്‍റെ രണ്ടാം പിറന്നാള്‍  നാട്ടില്‍ എല്ലാവരോടുമോപ്പം  ആഘോഷിച്ചതിനു ശേഷം ഇപ്രാവശ്യം  ആണ് അതിനുള്ള ഭാഗ്യം ഉണ്ടായത്.. പുതിയ വീടു പണി നടക്കുന്നത് കൊണ്ട് പത്തു പന്ത്രണ്ടാളുകള്‍   പണിക്കാരും ഉണ്ടായിരുന്നു.. അപ്പോള്‍ അമ്മയ്ക്കും ഒരാഗ്രഹം.. പണിക്കാരെ കൂടി വിളിച്ചു സദ്യ കൊടുക്കാം.. അമ്മക്ക് അതൊക്കെ വല്യ ഇഷ്ട്ടമാണ്..  ആരുടേം സഹായം ഇല്ലാതെ ഓടി നടന്നു എല്ലാം ചെയ്യും  ഈ എഴുപതുകളിലും.. 

രാവിലെ കുളിച്ചൊരുങ്ങി  ഞാനും മോനും   കൂടി അമ്പലത്തിലേക്ക് ഇറങ്ങി.. പടിക്കലെത്തിയപ്പോള്‍  പുറകെ നിന്നും അമ്മയുടെ വിളി.. 

"എവടെ  നീ  പോയ്യ്വോ..  പായസത്തിനു ശര്‍ക്കര തികയില്ല്യാ.. വരുമ്പോ ആ ചെട്ട്യാരുടെ കടെന്നു രണ്ടു കിലോ മേടിച്ചോ.. ഇന്നന്നെ ങ്ങട് എത്വോ.. നി  വഴീല്  കാണണ പട്ട്യോടും പശൂനോടും വേല്യോടും എലോടും ഒക്കെ വര്‍ത്താനം പറഞ്ഞു നിക്കണ്ട.. വേം വന്നോള്വ.. വരണ വഴിക്ക് തൊടീക്കൂടെ  വന്ന്ട്ട്  പണിക്കാരോട് പറഞ്ഞാ   കൊറച്ച്   വാഴേല   മുറിച്ച് തരും.. ഇവടെത്തെ എലയൊക്കെ കാറ്റത്ത്‌ കീറീരിക്കുണു.. "

"ങാ ശരി  " ന്നും പറഞ്ഞു  കാലു വലിച്ചു നീട്ടി നടന്നു..  നേരം വൈകിയാല്‍ നട അടക്കും..  എന്നിട്ടും ഇടക്കൊക്കെ ചിലര്‍ കുശലം ചോദിച്ചു വന്നു..  

"പപ്പ കുട്ടീ..  ഇതെവടയ്ക്കാ ത്ര  രാവിലെന്നെ അമ്മേം മകനും കൂടി ധൃതി പിടിച്ചു ഓടണെ...?"

"ദാ  അമ്പല്‍ത്തിക്ക്..  നേരം വൈകി.. നട അടക്കണേനു മുമ്പെത്തണം   തിരിച്ച്വോരുമ്പോ  കാണാട്ടോ.."

വീട്ടില്‍ നിന്നും ഇരുപതു മിനിട്ട് നടക്കണം.. എന്‍റെ കാല്പാടുകള്‍ പതിഞ്ഞ ഇടവഴികളിലൂടെ നടക്കാനുള്ള മോഹം കൊണ്ട് ഓട്ടോ റിക്ഷയൊന്നും വിളിച്ചില്ല. പൊതുവേ  നടക്കാന്‍ മടിയുള്ള ഹരി പുറകെ നടന്നു പിറുപിറുക്കുന്നുണ്ടായിരുന്നു.   

ഇപ്പോഴും നാട്ടില്‍ എത്തിയാല്‍  പറ്റാവുന്ന  വഴികളിലൂടെ ഒക്കെ  നടക്കും.. എന്‍റെ ശ്വാസോച്ഛാസം ഏറ്റു വാങ്ങിയ, എന്‍റെ കാലടി സ്പന്ദനം നെഞ്ചിലേറ്റിയ  എന്‍റെ നാട്.. ഗ്രാമത്തിന്‍റെ മുഖച്ഛായയും ഗ്രാമീണരുടെ ഹൃദയ ശുദ്ധിയും  ഒക്കെ വളരെ മാറി എങ്കിലും എന്‍റെ മനസ്സില്‍  ആ പഴയ  പച്ചപ്പട്ടു പുതച്ച വയലേലകളും തോടും കുളവും ഇടവഴികളും ഒക്കെ തന്നെ..    

പഠിച്ച സ്കൂളിനടുത്തുള്ള അന്തിമഹാകാളന്‍ ക്ഷേത്രം.. തൊട്ടപ്പുറത്ത് തന്നെ ബ്രാഹ്മണന്മാരുടെ ചുമതലയിലുള്ള  ദേവീ ക്ഷേത്രവും.. ആദ്യം ക്ഷേത്രത്തില്‍ പോയി.. പുഷ്പാഞ്ജലിക്ക് രസീത് എഴുതിച്ചു  ശ്രീകോവിലിനകത്ത് കടന്നു.. 

തൊഴുതു പ്രദക്ഷിണം വെച്ച് പ്രസാദവും തീര്‍ഥവും വാങ്ങി തിരുമേനിക്ക് ദക്ഷിണയും കൊടുത്തു  തിരിച്ചിറങ്ങിയപ്പോള്‍ ദാ  എതിരെ നടന്നു വരുന്നു   ഒരു ചുരിദാറുകാരി.. അടുത്തെത്തിയപ്പോള്‍  ഒരു നിമിഷം മുഖത്തോട് മുഖം നോക്കി. പിന്നെ പരസ്പ്പരം ഒരു കെട്ടിപ്പുണരല്‍ ആയിരുന്നു.. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി  പുഷ്പ.. നാലാം ക്ലാസ്സ് മുതല്‍  ഒരേ ബെഞ്ചിലിരുന്ന് പത്താം ക്ലാസ്സ് വരെ  ഒരുമിച്ചുണ്ടായിരുന്നു.. വളഞ്ഞ നീണ്ടു മൂക്കുള്ള   അവളെ  ആണ്‍കുട്ടികള്‍  ഇന്ദിരാഗാന്ധി എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.. അവളുടെ കല്യാണത്തിന് കണ്ടതില്‍ പിന്നെ ഇന്നാണ് കാണുന്നത്.. അവള്‍ പഞ്ചാബിലും ഞാന്‍ ഗുജറാത്തിലും.. നാട്ടിലെത്തുമ്പോള്‍ പരസ്പരം കണ്ടു മുട്ടാറില്ല.. എങ്കിലും  വിശേഷങ്ങള്‍  അറിയാറുണ്ട്.. 

" ഇതെത്ര  കാലായടോ കണ്ടിട്ട്.. ഒരുപാട് വ്യത്യാസപ്പെട്ടിരിക്കണൂ.   താനിവിടിരിക്ക്.. ഞാന്‍ തൊഴുതിട്ടു ദാ  ഇപ്പ വരാട്ടോ.. വീട്ടില്‍ കേറീട്ട്  കാപ്പി കുടിച്ചിട്ട് പോയാ മതി."  

അമ്പലത്തിന്‍റെ   അടുത്ത് തന്നെയാണ് അവളുടെ വീട്..  പുഷ്പ തൊഴുതു മടങ്ങുന്നത് വരെ  പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു കണ്ണെത്തും ദൂരത്തുള്ള  സ്കൂളിലേക്ക് മിഴികള്‍ നാട്ടു ഓര്‍മ്മകള്‍ അയവിറക്കി  മതിലിനടുത്തുള്ള  ആല്‍ത്തറയില്‍  ഇരുന്നു..







അല്പസമയത്തിനുള്ളില്‍ തന്നെ പുഷ്പ വന്നു.. പിന്നെ ഓരോരോ കുടുംബ കാര്യങ്ങള്‍ പറഞ്ഞു നടന്നു  അടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ എത്തി. അവിടെ കൂടി തൊഴുതിട്ടു പോകാമെന്ന് കരുതി.  ദേവിയെ  തൊഴുതു തിരുമേനിയില്‍ നിന്നും പ്രസാദവും വാങ്ങി  ആദ്യത്തെ വലം  വെച്ചു വരുമ്പോള്‍  പിച്ചള പാത്രങ്ങളുടെ കലപില സബ്ദം . നോക്കിയപ്പോള്‍ തൊട്ടു മുന്നിലുള്ള കുളക്കടവില്‍ പുറം തിരിഞ്ഞിരുന്നു ഒരു സ്ത്രീ പൂജാപാത്രങ്ങള്‍ കഴുകുന്നത് കണ്ടു.   അടുത്ത പ്രദക്ഷിണത്തിനിടയില്‍ ഞാന്‍ പുഷ്പയോടു ചോദിച്ചു.. 

'ടോ.. അതാരാ  കുളക്കടവില്‍ ഇരുന്നു പൂജാപാത്രങ്ങള്‍ കഴുകുന്ന സ്ത്രീ? '

തിരിച്ചൊരു ചോദ്യമായിരുന്നു അവളുടെ മറുപടി. "തനിക്ക് മനസ്സിലായില്ലേ.. എടൊ അത് നമ്മുടെ എരുമ രാമന്‍റെ മകള്‍ പുഷ്ക്കലയാണ് ..  എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍  ചലനമറ്റ് അവിടെ തന്നെ നിന്നുപോയി.. മനസ്സ് കുറേകാലം പുറകോട്ടു നടന്നു.. 

സ്കൂള്‍ വിദ്യാഭ്യാസ കാലം.. കൂട്ടുകാരോടൊത്ത് പോകുന്നതും വരുന്നതും  പട്ടമ്മാരുടെ ഗ്രാമം വഴിക്കായിരുന്നു.. അതിനൊരു  ഉദ്യേശ്യം കൂടിയുണ്ട്..  ഇരുവശത്തും ഉള്ള ആഗ്രഹാരങ്ങളുടെ മുറ്റത്ത്‌  അമ്മ്യാരുമാര്‍  വരച്ചിട്ട വിവിധ ഡിസൈനില്‍   ഉള്ള മനോഹരമായ  അരിപ്പൊടി കോലങ്ങള്‍ കാണാം.. കയ്പക്ക, പയര്‍, വെണ്ടയ്ക്ക , തൈര് മുളക്  തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കൊണ്ടാട്ടങ്ങള്‍ ഉണക്കാനിട്ടിരിക്കുന്നത് കാണാം, ഭസ്മം ഉണ്ടാക്കാന്‍ വേണ്ടി  ഉരുട്ടി  ഉണക്കാന്‍ വെച്ചിരിക്കുന്ന പശുവിന്‍ ചാണക ഉരുളകള്‍,  മരയഴിയിട്ട് മറച്ച ചാരുപടിയില്‍  കെട്ടി ഉണക്കാനിട്ടിരിക്കുന്ന അമ്മ്യാമാരുടെ  കസവുകരയുള്ള  എഴുമുഴം കൈത്തറി  ചേലയും കൂട്ടത്തില്‍ പട്ടമ്മാരുടെ  കൌപീനവും..  എല്ലാം  നല്ല കാഴ്ചകള്‍ ആയിരുന്നു.. ഇതെല്ലാം നോക്കി നോക്കി  സ്കൂളില്‍ എത്തുമ്പോഴേക്കും  ആദ്യ ബെല്‍  അടിച്ചിരിക്കും..   

ഈ ആഗ്രഹാരത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബമായിരുന്നു രാമസ്വാമി പട്ടരുടെത്.. അത്യാവശ്യം കൃഷിയും കാര്യങ്ങളും  രണ്ടു മൂന്നു  എരുമകളും ഒക്കെ ഉണ്ടായിരുന്നു സാമിക്ക്.. പാല്‍ വില്‍പ്പനയും  ഉണ്ട്.. പട്ടരു പൊങ്ങച്ച പ്രിയനും  എരുമയെ മേക്കുന്ന ആളും ആയതോണ്ട് നാട്ടുകാര്   എരുമ രാമന്‍, ബഡായി രാമന്‍  എന്നീ ഓമനപ്പേരുകളും  സാമി കേള്‍ക്കാതെ  വിളിച്ചിരുന്നു..







ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്നതാണ്  സാമിയുടെ കുടുംബം.   ..,.  മൂത്തവര്‍ രണ്ടു ഇരട്ടകള്‍.. പൂര്‍ണ്ണയും പുഷ്കലയും.. മൂന്നാമത്തെവള്‍   ലതാദേവി..  ഇരട്ട കുട്ടികളെ കണ്ടാല്‍  പെട്ടെന്നാര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.. ടീച്ചര്‍മാര്‍ക്ക് ഒരുപാട് തവണ അബദ്ധം പിണഞ്ഞിട്ടുണ്ട്.. അത്രക്കുണ്ട് സാമ്യം. നല്ല ഗോതമ്പിന്റെ നിറം..പട്ടുപാവാടയും ദാവണിയും ചുറ്റി, കവിളത്ത് കസ്തൂരി  മഞ്ഞളിന്റെ തിളക്കവും, സൌന്ദര്യത്തിന്റെ നിറകുടം തന്നെയായിരുന്നു മൂന്നു പേരും.. തമിഴ് ചുവയുള്ള സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്.. സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒരുമിച്ചാവും.. ബഡായി രാമന്‍ ഇല്ലാത്ത നേരമാണെങ്കില്‍ അരിനെല്ലിക്കയോ  പച്ചമാങ്ങയോ മൈലാഞ്ചിയോ മുല്ലമൊട്ടോ   ഒക്കെ തരും.. സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോള്‍  പിന്നെ സ്ഥിരമായി കാണാറില്ലായിരുന്നു.. ഇടെക്കെങ്ങാനും അമ്പലത്തില്‍ വെച്ചോ മറ്റോ  കാണും  സംസാരിക്കും.  അത്ര തന്നെ..  കാലത്തിന്‍റെ കുത്തൊഴുക്കില്‍  ആരൊക്കെയോ  എവിടൊക്കെയോ  എത്തി.. ജീവിതത്തിലെ ഓട്ട പന്തയത്തിനിടയില്‍  പലരുടെയും മുഖങ്ങള്‍ ഓര്‍മ്മയില്‍  വരാറില്ല  എന്നതാണ് സത്യം.





"താനെന്താടോ   അവട തന്നെ നിന്നേ.. വാ  ഒരു പ്രദക്ഷിണം കൂടി ബാക്കീണ്ട്.."  പുഷ്പയുടെ  വിളി എന്നെ ഓര്‍മ്മകളില്‍ നിന്നും  തിരിച്ചു കൊണ്ട് വന്നു.. 

"എരുമ രാമന്‍റെ ഏതു മകള്‍ ആണത്? 

"ഇരട്ടകളിലെ പുഷ്കലയാണ്."  പുഷ്പയുടെ മറുപടി. 

"എന്താടോ ആ കുട്ടീടെ  കോലം ഇങ്ങനെ?  ഞാന്‍ കണ്ടിട്ട് കാലം  കൊറെ ആയി.. എപ്പോഴോ  അമ്മ പറഞ്ഞിരുന്നു  പെണ്കുട്ട്യോളുടെ കല്യാണം ഒക്കെ കഴിഞ്ഞു .. അമ്മ്യാരും പട്ടരും ഒക്കെ മരിച്ചു എന്നൊക്കെ..  ഇതിപ്പോ അവളെ കണ്ടിട്ട് എനിക്ക് മനസ്സിലായാതെ  ഇല്ല്യ..  അവളെന്താ അമ്പലത്തില്‍ പാത്രം കഴുകണേ? 

" അവള്ടെ കാര്യൊക്കെ വല്ല്യ കഷ്ട്ടത്തി ലാടോ.. പാവം.. ഉയര്‍ന്ന ജാതീല്   ജനിച്ചു പോയതൊരു ശാപായിരിക്ക്യാ   അവള്‍ക്കു.. അല്ലെങ്കില്‍ എന്തെങ്കിലും പണിയെടുത്തു ജീവിക്കായിരുന്നു. ഇതിപ്പോ അയ്നും  വഴീല്ല്യാണ്ടായി.." 

പട്ടരു മരിക്കണെനു മുമ്പേ കൃഷിയൊക്കെ  വിറ്റ്  മൂന്നു പെണ് മക്കള്ടെം   കല്യാണം നടത്തി.. ചെറിയവള് ബോംബല്.. ഒരു വിധം തരക്കെടില്ല്യാണ്ട്  കഴിയാണ്  കുടുംബായിട്ടു..   ഇരട്ടകളിലുള്ള   മറ്റേ കുട്ടി നാട്ടില്‍ തന്ന്യാ.. അതിനും വല്യ  കുറവോന്നൂല്ല്യാ..   ഇതിന്‍റെ കാര്യാ കഷ്ട്ടം.. ഓരോരുത്തരുടെ വിധി. അല്ലാണ്ടെന്താ  പറയ്യ "

പ്രദക്ഷിണം അവസാനിക്കുന്നിടത്ത് എത്തിയപ്പോഴേക്കും   തേച്ചു മിനുക്കിയ പൂജാ പാത്രങ്ങളുമായി കുളക്കടവില്‍ നിന്നും പുഷ്കലയും കേറി വന്നു..  പുഷ്പയെ നോക്കി പുഞ്ചിരിക്കുന്നതോടൊപ്പം എന്‍റെ നേര്‍ക്ക്‌ സംശയത്തോടെ ഒരു നോട്ടമെറിയാനും  മറന്നില്ല..  

"പുഷ്കലക്ക് ഇയാളെ മനസ്സിലായോ? " എന്‍റെ നേര്‍ക്ക്‌ കൈ ചൂണ്ടി പുഷ്പ ചോദിച്ചു.. 

നല്ല  പരിചയം  തോന്നണുണ്ട് .. പക്ഷെ ഓര്‍മ്മ കിട്ടണില്ല്യ..  എന്താ പേര്? 

ഡോ.  ഇത് നമ്മട്യോക്കെ ഒപ്പം സ്കൂളില്‍ പഠിച്ച പത്മശ്രീയാ.. ഞാനും ശ്ശി  കാലായിരിക്കുണൂ കണ്ടിട്ട്.. ന്നാലും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പെട്ടെന്ന് മനസ്സിലായീട്ടോ.. 

പുഷ്കലക്ക് സുഖല്ലേ.. ഞാന്‍ ചോദിച്ചു..  ഒരുപാട് കാലായി കണ്ടിട്ട്.. എനിക്കാദ്യം മനസ്സിലായില്ല്യാട്ടോ..  എന്‍റെ ഓര്‍മ്മെലുള്ള  മോഖേ  അല്ല.. വല്ലാണ്ട് മാരീരിക്കാന്  താന്‍.. ,.   പ്രായൊക്കെ ആയാലും  പഴേ ചായ മാറില്ല്യാലോ..   അതോണ്ടല്ലേ  ഞാനും പുഷേപേം  കണ്ടപ്പോഴേ മനസ്സിലായത്‌.. ,. 

ഒരു വിളറിയ ചിരി ആയിരുന്നു മറുപടി.. 

എന്തൊക്ക്യാ വിശേഷം?  കുടുംബം കുട്ട്യോള്‍  ഒക്കെ?  

ഒരു മകന്ണ്ട്..  പത്താം ക്ലാസ്സ് വരെ  പഠിച്ചു.. പയ്നെട്ടു വയസ്സായി . കൂടുതല്‍ പഠിപ്പിക്കാന്‍ എന്നെ കൊണ്ട് നിവര്‍ത്തില്ല്യാരുന്നു . ഇപ്പൊ   ഒരു സ്കൂളില്‍ പ്യൂണിന്റെ  പണി കിട്ടീട്ടുണ്ട്.. സ്ഥിരോന്ന്വല്ല.. 

അപ്പൊ  ഭര്‍ത്താവ്?  

ന്‍റെ  സാമി ഇല്ല്യാ.. മകന് രണ്ടു വയസ്സ് തികയനെനു മുംബന്നെ  ദൈവം തിരിച്ചു വിളിച്ചോണ്ട് പോയി.. '

അത് പറയുമ്പോള്‍ കണ്ണില്‍ നിന്നും കുടുകുടെ കണ്ണീര്‍മുത്തുകള്‍ പൊഴിയുന്നുണ്ടായിരുന്നു.. 

"ഇവടത്തെ ഈ ചെറിയ പണിണ്ട്.. അഞ്ഞൂറുപ്പ്യ  കിട്ടും.. ദേവിടെ പണി ചെയ്തു കിട്ടണതല്ലേ.. അവിടുത്തെ തീരുമാനം ന്താച്ചാ  അതുപോലെ  നടക്കട്ടെ." വീണ്ടും ആ വിളറിയ  ചിരി.  

കൂടുതല്‍ നേരം എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല.. ദേവിയെ തൊഴത ആത്മ സംതൃപ്തി നിമിഷ നേരം കൊണ്ടില്ലാതായി..   മോന്റെ പിറന്നാള്‍ ആണെന്ന കാര്യവും  ഞാന്‍ മറന്നു.. 

വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍  മനസ്സില്‍ ഒരു മുള്ള് കൊണ്ട വേദന.. 

"താന്‍ വീട്ടിലേക്കു വരുന്നില്ലേ.?"   പുഷ്പയുടെ ചോദ്യം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.. 

"സോറി.. ഒന്നും വിചാരിക്കരുത്.. ഞാന്‍ തിരിച്ചു പോകുന്നെന് മുമ്പ്  ഒരു ദിവസം തീര്‍ച്ചയായും വരും.. തന്‍റെ അമ്മയേം കാണണം എനിക്ക്..  അവളെ കണ്ടതിനു ശേഷം  ഒരു മൂഡില്ല.. എങ്ങനെ കഴിയേണ്ട കുട്ട്യാരുന്നു.. ന്നെ നിര്‍ബന്ധിക്കരുത്.. പോണേനു മുമ്പ്  തന്‍റെ വീട്ടില്‍ വന്നിട്ടേ പോവൂ.. ഒറപ്പ്.. 

പിന്നീടവള്‍ നിര്‍ബന്ധിച്ചില്ല..   യാത്ര പറഞ്ഞു  രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞപ്പോള്‍   ഇടക്കൊന്നു തിരിഞ്ഞു നോക്കി.. അമ്പല മുറ്റത്ത്‌ നിന്ന്  പുഷ്കല കൈവീശി  കാണിക്കുന്നുണ്ടായിരുന്നു.. പാവം.. 

ദാമ്പത്യത്തിന്‍റെ മധു ആവോളം  നുകരാന്‍ കഴിയാതെ  അകാലത്തില്‍ ചിറകുകള്‍ കരിഞ്ഞു വീണ പൂമ്പാറ്റയെ പോലെ നിരാലംബയായൊരു സ്ത്രീ.. ഉന്നത ജാതിയില്‍ ജനിച്ചു പോയത് കൊണ്ട്  മറ്റുള്ളവരുടെ മുന്നില്‍ സഹായം അഭ്യര്‍ഥിക്കാനോ  മറ്റു ജോലികള്‍ ചെയ്യാനോ  കഴിയുന്നില്ല.. രക്ഷിക്കാന്‍  ആളില്ലെങ്കിലും വിമര്‍ശിക്കാന്‍  ഒരു സമൂഹം തന്നെ ഉണ്ട് മുന്നിലും  പിന്നിലും.

ജീര്‍ണ്ണിച്ചു വീഴാറായ അഗ്രഹാരത്തിലെ  അടുക്കളയില്‍ പുകയൂതി ജീവിതം ഹോമിക്കുന്നവര്‍....,. ഇതൊരു പുഷ്കലയുടെ മാത്രം കഥയല്ല.. നമ്മുടെ സമൂഹത്തില്‍ നാമറിയാതെ ഇങ്ങനെ എത്രയോ പേര്‍..,. സവര്‍ണ്ണ ജാതിയുടെ മതില്‍കെട്ടിനുള്ളില്‍ വീര്‍പ്പു മുട്ടുന്നവര്‍... , ഒരു നേരത്തെ വിശപ്പടക്കാന്‍  പാടു പെടുന്നവര്‍   ഉണ്ടാവും..  ആരാലും  ശ്രദ്ധിക്കപ്പെടാതെ,  ക്ലാവ് പിടിച്ചു, മാറാല മൂടിയ നിലവറകളില്‍ ഉപേക്ഷിക്കപ്പെട്ട   നിലവിളക്കു പോലെ. ഇവരുടെ മനസ്സിലും കാണില്ലേ    തേച്ചു മിനുക്കി  ആഗ്രഹങ്ങളും മോഹങ്ങളും കൊണ്ട്  എണ്ണയും തിരിയുമിട്ടു  ഒരിക്കലെങ്കിലും  തെളിഞ്ഞു കത്താന്. മഹത്തായ മനുഷ്യ ജന്മം  ഒരിത്തിരിയെങ്കിലും  ആസ്വദിക്കാന്‍.. ..

പാവപ്പെട്ടവരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും   സഹായിക്കുന്ന ഒരു പാടു സന്നദ്ധ സംഘടനകള്‍ ഉണ്ട്.. വ്യക്തികള്‍ ഉണ്ട്, സര്‍ക്കാറുണ്ട്.. പക്ഷെ ഉന്നത ജാതിയില്‍ പിറന്നത് കൊണ്ട് ഇവര്‍ക്ക് നേരെ ആരുടേയും സഹായ ഹസ്തം നീളുന്നില്ല,  പൊള്ളയായ ആഡ്യത്ത്വം തലയില്‍ ചുമക്കുന്നത് കൊണ്ട് ആരുടെ മുമ്പിലും സഹായത്തിനു കൈ നീട്ടാന്‍ ഇക്കൂട്ടരുടെ അഭിമാനം സമ്മതിക്കുന്നുമില്ല..  സ്വന്തം വിധിയെ പഴിച്ചു, അഗ്രഹാരത്തിലെ അടുപ്പുകളില്‍ കത്താതെ കരിഞ്ഞുപുകയുന്ന വിറകു കൊള്ളി പോലെ, ജീവിതമെന്ന കറുത്ത പുകച്ചുരുളുകളിലേക്ക് നോക്കി ദീര്‍ഘനിശ്വാസം  ഉതിര്‍ക്കുന്ന ജന്മങ്ങളെ   തേടി, സഹായത്തിന്‍റെ   ഒരു തുണ്ടു വെട്ടവുമായി  ആരെങ്കിലുമൊക്കെ  വന്നിരുന്നെങ്കില്‍...,..!!!!



-പദ്മശ്രീ നായര്‍-





Monday, 15 July 2013

ഭീതിയുടെ കരിനിഴലില്‍ .. ഒരോര്‍മ്മക്കുറിപ്പ് ..!!!!

ഫെബ്രുവരി 27, 2002
ഗുജറാത്തിലെ ഗോധ്ര എന്ന ചെറു പട്ടണത്തില്‍ തീവണ്ടി കത്തിക്കലിനെ തുടര്‍ന്നുണ്ടായ ഹിന്ദു മുസ്ലിം വര്‍ഗ്ഗീയ കലാപം..  അന്നത്തെ വാര്‍ത്തകളിലും ഇന്നും  ഏറെ   നിറഞ്ഞു നിന്ന സംഭവമാണ് നരോദ പാട്യ കൂട്ടക്കൊല.. ഓര്‍ക്കുമ്പോള്‍ ഇന്നും അസ്ഥികളില്‍ ഒരു മരവിപ്പ് അനുഭവപ്പെടും. നെഞ്ചിലൊരു നടുക്കം.. മതഭേദമെന്യേ   ഒരു പറ്റം മനുഷ്യരുടെ ചോരയൊഴുകി അക്കാലത്ത്..





മേല്‍പ്പറഞ്ഞ നരോദ-പാട്യ ഏരിയയില്‍ ആയിരുന്നു അന്ന് ഞങ്ങളുടെ ഫ്ലാറ്റ്.  മനസ്സമാധാനവും ഉറക്കം കെടുത്തിയ ദിനരാത്രങ്ങളും. വര്‍ഗ്ഗീയതയുടെ പേരില്‍ ഭ്രാന്ത്‌ പിടിചോടുകയായിരുന്നു മനുഷ്യ പിശാചുക്കള്‍, കൈയ്യില്‍ വടിവാളും  വെട്ടുകത്തിയും  മാരകായുധങ്ങളും ആയി തലങ്ങും വിലങ്ങും ഓടുന്ന രക്ത ദാഹികള്‍., ആരൊക്കെയോ ചെയ്ത തെറ്റിന്  പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒരുപറ്റം നിരപരാധികളുടെ  കഴുത്തറ്റു വീണു. കുറെ പേര്‍ കത്തി ചാമ്പലായി.




ഭര്‍ത്താവ് കൂടെ  ഇല്ലാതിരുന്ന അക്കാലത്ത് ചെറിയ കുട്ടിയായ മോനെയും ചേര്‍ത്തു പിടിച്ചു ശ്വാസമടക്കിപ്പിടിച്ചു  ഉറങ്ങാതെ നേരം വെളുപ്പിച്ച ഒരുപാട് രാത്രികള്‍,തുറന്നിട്ട ജനലിലൂടെ നോക്കിയാല്‍ കാണാം കിലോമീറ്ററുകള്‍ക്കപ്പുറം ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങുന്ന തീജ്വാലകളും ബോംബുകള്‍ പൊട്ടുന്ന ഭീകര ശബ്ദവും. നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു എങ്കിലും  കാര്യമായ ഗുണമൊന്നും  ഉണ്ടായില്ല 

കലാപം തുടങ്ങി  ഒരാഴ്ചയോളം വീടിനു പുറത്തേക്കു ഇറങ്ങാന്‍ കഴിഞ്ഞില്ല. എവിടെയും അക്രമം തന്നെ. കട കമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടന്നു.. കുറെയൊക്കെ  വര്‍ഗീയവാദികള്‍ കത്തിച്ചു ചാമ്പലാക്കി. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ഈ അവസരം ശെരിക്കും മുതലെടുത്തു.. സ്വര്‍ണ്ണക്കടയും വലിയ ഷോറൂമുകളും ഉള്‍പ്പെടെ എല്ലാം കൊള്ളയടിച്ചു..  തീ  കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന ഹോട്ടലുകളില്‍ നിന്നും എ.സി., ഫാന്‍, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍ എന്ന് വേണ്ട കൈയ്യില്‍ കിട്ടിയതുമായി നെട്ടോട്ടം ഓടുന്ന കുറെ  മനസ്സാക്ഷി മരവിച്ച മനുഷ്യ രൂപങ്ങള്‍.. ,



ഒരാഴ്ച കഴിഞ്ഞപ്പോള്‍  അന്തരീക്ഷം  ഇത്തിരി ശാന്തമായി. കര്‍ഫ്യൂവില്‍ പകല്‍ സമയം അയവു വരുത്തി. ആളുകള്‍ ജോലിക്ക് പോയി തുടങ്ങി. എങ്കിലും ചില പ്രത്യേക ഏരിയയില്‍ ചെറുതും വലുതമായ കലാപങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.. 

ഞങ്ങളുടെ താമസ സ്ഥലത്ത്  നിന്നും സുമാര്‍ ഇരുപതു കിലോമീറ്റര്‍  യാത്ര ചെയ്തു വേണം ഓഫീസില്‍ എത്താന്‍.. ,. രണ്ടു ബസ്സ്‌ മാറി കേറിയും പിന്നെ കുറെ നടന്നും ഒക്കെയായിരുന്നു  ഓഫീസില്‍ പോയിവന്നിരുന്നത്. ഓഫീസ് കാര്യത്തിനായി പുറത്തു പോയി വരുന്ന സ്റ്റാഫിനോട് കര്ഫ്യൂവിന്റെയും കലാപത്തിന്റെയും കാര്യങ്ങള്‍ അന്വേഷിക്കുന്നത്  ഒരു പതിവായി.. 

ഈ കാലത്ത് എനിക്ക് മറക്കാന്‍ പറ്റാത്ത രണ്ടനുഭവങ്ങള്‍  ഉണ്ടായി..

അതില്‍ ആദ്യത്തെ അനുഭവം..  വീട്ടില്‍ നിന്നും പതിനഞ്ചു മിനിട്ട് നടന്നു വേണം ആദ്യത്തെ ബസ്സ് പിടിച്ചു സിറ്റിയില്‍ എത്താന്‍.., അവിടുന്ന് അഞ്ചു മിനിട്ട് നടന്നു വേറെ സ്റ്റാന്‍ഡില്‍  ചെന്നിട്ട് വേണം അടുത്ത ബസ്സ് യാത്ര.  അന്നൊരു ദിവസം  ആദ്യത്തെ ബസ്സിറങ്ങി അടുത്ത സ്റ്റാന്‍ഡിലേക്ക് ഓടിയെത്താന്‍ കഴിയുന്നതിനു  മുമ്പ് തന്നെ വണ്ടി വിട്ടു. കൈ കാണിച്ചിട്ടും ഡ്രൈവര്‍ ബസ്സ്‌ നിര്‍ത്തിയില്ല..  വ്യസനത്തോടെ അടുത്ത ബസ്സില്‍ പോകാമെന്ന് തീരുമാനിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ ചെന്ന് നിന്ന്.. 

അര മണിക്കൂറിനു ശേഷം  വന്ന ബസ്സില്‍ കയറി പറ്റി.  ബസ്സോടി തുടങ്ങി.  പത്തു മിനിട്ട് കഴിഞു പകുതി വഴി പിന്നിട്ടപ്പോള്‍   മുന്നില്‍ ഒരാള്‍ക്കൂട്ടം. ആളുകള്‍ വെപ്രാളത്തോടെ  തലങ്ങും വിലങ്ങും ഓടുന്നു. ഞാന്‍ സഞ്ചരിച്ചിരുന്ന ബസ്സ്‌  നിര്‍ത്തി.. തിരക്കിനിടയിലൂടെ   ബസ്സിനു പുറത്തേക്കു ഞാന്‍ തല നീട്ടി എത്തി നോക്കി.. നേരത്തെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ ബസ്സ്‌ ഓരം ചേര്‍ത്തു ഒതുക്കി ഇട്ടിരിക്കുന്നു.  ബസ്സില്‍ നിന്നും  ആരോ വിളിച്ചു പറയുന്നത് കേട്ടു നടുങ്ങിത്തരിച്ചിരുന്നു പോയി..  അടിവയറ്റില്‍ നിന്നും ഒരു നിലവിളി തൊണ്ടയില്‍ വന്നു തടഞ്ഞു.  മുമ്പേ പോയ ആ ബസ്സിനുള്ളില്‍ ടിഫിന്‍ ബോക്സില്‍  ആരോ ബോംബു വെച്ചിരുന്നു.. അത് പൊട്ടിത്തെറിച്ചു. കുറെ പേര്‍ക്ക് ഗുരുതരമായ പരിക്ക്.. പലര്‍ക്കും സാരമായ പൊള്ളലേറ്റു. പരിക്കേറ്റവരെ ആംബുലന്‍സിലും മറ്റു വാഹനങ്ങളിലും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന കാഴ്ച..  ഞാന്‍ പേടിച്ചു വിറച്ചു വിയര്‍ക്കാന്‍ തുടങ്ങി.. ബാഗില്‍ കരുതിയ ഒരു കുപ്പി വെള്ളം ഒറ്റയടിക്ക്  കുടിച്ചു  തീര്‍ത്തിട്ടും ദാഹം മാറുന്നില്ല.  

അന്ന് തലനാരിഴക്കായിരുന്നു ഞാന്‍ രക്ഷപ്പെട്ടത്. കൈ കാണിച്ചപ്പോള്‍ ഡ്രൈവര്‍ ആ ബസ്സ് നിര്‍ത്തിയിരുന്നെങ്കില്‍, ആ ബസ്സില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍,  കൈകാല്‍ നഷ്ട്ടപെട്ടോ പൊള്ളലേറ്റ്‌ വികൃതമായ ശരീരവുമായോ  ആരോരും സഹായിക്കാനില്ലാതെ ഞാനും ദുരിതത്തില്‍ ആയേനെ.!!






നെഞ്ചില്‍ കൈവെച്ചു  അറിയാവുന്ന ദൈവങ്ങളോട് നന്ദി പറയുമ്പോഴും മനസ്സ് തേങ്ങുകയായിരുന്നു, അന്നം തേടിയുള്ള  യാത്രയില്‍ ആ ബസ്സില്‍ ഉണ്ടായിരുന്നവരുടെ ദുര്യോഗം ഓര്‍ത്തു.. അവരെയോര്‍ത്തു വേവലാതിയോടെ അലമുറയിട്ടു കരയുന്ന കുടുംബത്തെയോര്‍ത്ത്.. 

രണ്ടാമത്തെ അനുഭവം.:
രാവിലെ ഓഫീസില്‍ എത്തുന്നത്‌ വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.. നിയന്ത്രണ വിധേയമാവുന്ന ഒറ്റപ്പെട്ട  ചില കലാപങ്ങള്‍ ഉണ്ടാവുമേന്നതോഴിച്ചാല് ശാന്തമായിരുന്നു നഗരം . പക്ഷെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ വീണ്ടും ഉഗ്ര കലാപം പൊട്ടിപ്പുറപ്പെട്ടു.. ബസ്സ്‌ സര്‍വീസ്‌ നിര്‍ത്തലാക്കി. കര്‍ഫ്യൂ  പുറപ്പെടുവിച്ചു. ലേഡീസ്‌ സ്റ്റാഫിനോട്  നേരത്തെ  വീട്ടിലേക്കു പോയ്ക്കോളാന്‍ എം. ഡി. യുടെ ഉത്തരവ്.. രണ്ടു മണിയോട് കൂടി ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി.. പത്തു മിനിട്ട് നടന്നു.. വഴിയിലെങ്ങും  ആരുമില്ല.. നടന്നു ബസ്സ്‌ സ്റ്റോപ്പില്‍  എത്തി.. അവിടെ ഒന്ന് രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും നില്‍ക്കുന്നുണ്ട്.. ബസ്സില്ല എന്നറിയാം.. വേറെ വല്ല വാഹനവും കിട്ടുകയാണെങ്കില്‍  ഷെയര്‍ ചെയ്തു പോകാം എന്ന് കരുതി നില്‍ക്കുന്നവരാണ്  അവരും. ഭാഗ്യത്തിന് ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ റിക്ഷ  അത് വഴി വന്നു.. ഞങ്ങള്‍ നാലഞ്ചു പേര്  തിക്കിത്തിരക്കി അതിനുള്ളില്‍ കയറി പറ്റി.. ഓട്ടോ റിക്ഷയില്‍ ഇരുന്നു ഭീതിയോടെ ഞാന്‍ ചുറ്റും  കണ്ണോടിച്ചു കൊണ്ടിരുന്നു.. ആള്‍ സഞ്ചാരം ഇല്ലെന്നു തന്നെ പറയാം.. ചില ഇടവഴികളില്‍  തീവ്രവാദികളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍  ആളുകള്‍ കറുത്ത തുണി കൊണ്ടൊക്കെ മുഖം മറച്ചു  കൈയ്യില്‍ കല്ലും  വടിയുമായി ഒക്കെ നടക്കുന്നു.കൂടെ ഉണ്ടായിരുന്നവരെല്ലാം അവര്‍ക്കിറങ്ങേണ്ട സ്ഥലം എത്തുമ്പോഴോക്കെ  ഇറങ്ങി പോയികൊണ്ടിരുന്നു  .. അവസാനം ഓട്ടോയില്‍ ഞാന്‍ തനിച്ചായി.കാലുപൂര്‍  എന്ന സ്ഥലത്ത് കൊണ്ടെത്തിച്ചു.. അവിടുന്നങ്ങോട്ട്  പോവില്ലെന്ന് റിക്ഷാക്കാരന്‍ തീര്‍ത്തു പറഞ്ഞു ..

അഹമ്മദാബാദിന്റെ  ഹൃദയഭാഗമാണ് ആ സ്ഥലം. ആറു റോഡുകള്‍ കൂടി ചേരുന്ന, റയില്‍വേ സ്റ്റേഷനും    മറ്റു സ്ഥാപനങ്ങളും  ബസാറും ഒക്കെയായി ഇരുപത്തിനാല് മണിക്കൂറും സജീവമായിരിക്കുന്ന  സ്ഥലം.    സാധാരണ ദിവസങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പൂഴിയിട്ടാല്‍ വീഴാത്തത്ര തിരക്കായിരിക്കും.. പക്ഷെ കര്‍ഫ്യൂ കാരണം , ഏതു സമയത്തും വെടി യുതിര്‍ക്കാന്‍ സജ്ജമാക്കിയ തോക്കും പിടിച്ചു  അങ്ങിങ്ങായി നില്‍ക്കുന്ന പോലീസുകാരും,  "ഏതു പട്ടിക്കും വരും ഒരു നല്ല  സമയം. ഇത് ഞങ്ങളുടെ കാലം" എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കടിപിടി  കൂടി അര്‍മാദിക്കുന്ന  കുറെ ചാവാലി പട്ടികളും മാത്രം. ആകെ കൂടി ഭയാനകമായ ഒരന്തരീക്ഷം..  ഞാന്‍ പേടി കൊണ്ട് വിറക്കാന്‍ തുടങ്ങി.. പത്തു മിനിട്ട് കാത്തു നിന്നിട്ടും  ഒരു വാഹനവും വന്നില്ല..

പെട്ടെന്നാണ് വളവു തിരിഞ്ഞു സ്കൂട്ടറില്‍  ഒരാള്‍ വന്നത്. നാല്പ്പതിനോടടുത്ത പ്രായം തോന്നിക്കും .  എന്നെ കടന്നു പത്തടി മുമ്പോട്ടു പോയ അയാള്‍ സ്കൂട്ടര്‍ പിന്നോട്ടെടുത്തു  എന്‍റെ അടുത്ത് വന്നു ചോദിച്ചു..

 "ബെഹന്ജീ  ആപ്കോ കഹാ ജാനാ ഹെ ".. ("സഹോദരീ.. നിങ്ങള്‍ക്ക് എവിടേക്കാണ് പോകേണ്ടത്?")

ഞാന്‍ പറഞ്ഞു.. "നരോദ- പാട്യ.."

ഉടനെ അയാള്‍.. "":  , ആപ് പീച്ചേ  ബൈട്ട് ജായിയെ.. മുജേ ബി ഉസ് തരഫ് ജാനാ ഹെ"
("എങ്കില്‍ നിങ്ങള്‍ എന്‍റെ സ്കൂട്ടറിന്‍റെ പിറകില്‍ കയറിക്കോളൂ..എനിക്കും ആ വഴിക്കാണ് പോകേണ്ടത്")

ഞാന്‍ ശങ്കിച്ചു നിന്നു.. എന്തു ചെയ്യും?  ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല.. അതിനേക്കാള്‍ വല്യ ചോദ്യം മനസ്സില്‍ ഉയര്‍ന്നത്  ഇയാള്‍ ഹിന്ദുവാണോ അതോ മുസ്ലിം ആണോ എന്നതാണ്..   ഹിന്ദുവും മുസ്ലിമും പരസ്പരം കണ്ടാല്‍ കൊന്നു കൊലവിളിക്കുന്ന   ദിവസങ്ങളായിരുന്നു അന്നൊക്കെ. എന്തു വിശ്വസിച്ചു അയാളുടെ കൂടെ പോവും?  പോവാതിരുന്നാല്‍ ഞാന്‍ എങ്ങിനെ എന്റെ വീട്ടിലെത്തും? എന്‍റെ വരവും കാത്തു വീട്ടില്‍ ഒറ്റക്കിരിക്കുന്ന മോന്‍.,.  ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി.  ഞങ്ങളെ രണ്ടു പേരെയും ശ്രദ്ധിച്ചു കൊണ്ടിരുന്ന    തോക്കേന്തിയ  പോലീസുകാരന്‍  പെട്ടെന്ന് അടുത്തു വന്നു കാര്യം തിരക്കി..





ഒടുവില്‍ പോലീസുകാരന്‍ പറഞ്ഞു.. " ആപ്  യെ ബായികെ  സാത് ചലേ ജായിയെ. ചിന്ത മത് കരോ..  ഇതര്‍ ജ്യാദ സമയ് രുക്ന ടീക് നഹി. കബി ബി ദമാല്‍ ഹോ സക്താ ഹൈ."

("നിങ്ങള്‍ ഇദ്ദേഹത്തിന്‍റെ കൂടെ പോകൂ.. ഇവിടെ കൂടുതല്‍ സമയം നില്‍ക്കുന്നത് അപകടമാണ്.ഏതുസമയവും അക്രമം ഉണ്ടായേക്കാം")

 പിന്നെ ഞാന്‍ ഒട്ടും ചിന്തിച്ചില്ല.. സ്കൂട്ടറുകാരന്‍റെ പുറകില്‍ കേറി ഇരുന്നു.. എങ്ങിനെയെങ്കിലും വീട്ടിലെത്തണം എന്നാ ചിന്ത മാത്രം..  അയാള്‍ സ്കൂട്ടര്‍  നല്ല സ്പീഡില്‍  വിട്ടു..  റോഡിലോന്നും ഒരു മനുഷ്യക്കുഞ്ഞു പോലും ഇല്ല.. കടകളെല്ലാം അടഞ്ഞു കിടക്കുന്നു..  മനസ്സില്‍ അപ്പോള്‍ പേടിയോ ഒന്നും തോന്നിയില്ല. ഒരു  മരവിപ്പ് മാത്രം..  ഇടയ്ക്കു  രണ്ടു തവണ ഞാന്‍ അയാളോട്  "ആപ്ക നാം ക്യാ ഹേ"  എന്ന് ചോദിച്ചു..  അയാള്‍ ഒന്നും മിണ്ടിയില്ല..   പിന്നീട് ഞാന്‍ ചോദിച്ചതും ഇല്ല..

എനിക്കിറങ്ങാനുള്ള സ്ഥലം എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.. അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി.. ഞാന്‍ ഇറങ്ങി.. വീടു വരെ  കൊണ്ട് വിടണോ എന്ന് ചോദിച്ചു.. ഞാന്‍ വേണ്ടെന്നും പറഞ്ഞു.  താങ്ക്സ്  ബയ്യ  എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു..  "മേരാ നാം സലിംബായ്‌...".","   ഇത്രയും പറഞ്ഞു അയാള്‍ സ്കൂട്ടര്‍ വേഗതയില്‍ ഓടിച്ചു പോയി..

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഞാന്‍ആ സമയത്ത് ,.  തമ്മില്‍ കണ്ടാല്‍ കടിച്ചു കീറാന്‍ നടക്കുന്ന ഹിന്ദു മുസ്ലിം. വര്‍ഗീയതയുടെ പേരും പറഞ്ഞു മനുഷ്യനെ പിച്ചിചീന്തുന്ന കാട്ടാളന്മാര്‍..,.  വര്‍ഗ്ഗീയത അതിന്‍റെ മൂര്‍ദ്ധന്യത്തില്‍  മുടിയഴിചാടുമ്പോഴും മനസ്സില്‍ നന്മ സൂക്ഷിക്കുന്ന  ആ മുസ്ലിം സഹോദരനെ ഞാന്‍ മനസ്സാ നമിച്ചു പോയി..  നെറ്റിയില്‍ സിന്ദൂരപ്പൊട്ടും ചന്ദനക്കുറിയും തൊട്ട എന്നെ  ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം ഹിന്ദു ആണെന്ന്.. അയാള്‍ വിചാരിച്ചാല്‍ എന്നെ വണ്ടിയില്‍ കയറ്റി   എവിടേക്കെങ്കിലും കൊണ്ട് പോയി വര്‍ഗ്ഗീയവാദികളുടെ മുമ്പിലേക്ക് ഇട്ടു കൊടുത്തു   ഹിന്ദുക്കളോടുള്ള  വൈരാഗ്യം തീര്‍ക്കാമായിരുന്നു..   പരിഭ്രാന്തിയില്‍ ആയിരുന്നത് കൊണ്ട് അന്ന് കണ്ട ആ മുഖം എനിക്കിന്നും അവ്യക്തമാണ്.. ഒരിക്കല്‍ കൂടി എന്‍റെ മുന്നില്‍ വന്നു നിന്നാല്‍ പോലും അല്ലെങ്കില്‍ ഒരു പക്ഷെ എന്‍റെ മുന്നിലൂടെ കടന്നു പോയിരിക്കാം പലവട്ടം എനിക്കാ മുഖം തിരിച്ചറിയാന്‍ പറ്റില്ല.. പക്ഷെ രൂപമില്ലാത്ത നന്മ നിറഞ്ഞൊരു  മനസ്സ്‌  എന്‍റെ ഉള്‍ക്കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്നുണ്ട്.

ഈ സംഭവം പിറ്റേന്ന് സഹപ്രവര്‍ത്തകരോടും   പരിചയക്കാരോടും  പറഞ്ഞപ്പോള്‍ എനിക്ക് നേരെ വിമര്‍ശനങ്ങളാണ്  ഉണ്ടായത്.. എന്തു ധൈര്യത്തിലാണ്  ഇങ്ങനെ ഒരു ചുറ്റുപാടില്‍ അപരിചിതനായ ഒരാളുടെ കൂടെ വരാന്‍  ധൈര്യം കാണിച്ചത്, ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാഞ്ഞതെന്തേ  എന്നൊക്കെ ചോദിച്ചു.  ഒരിടത്തിരുന്ന് അഭിപ്രായങ്ങള്‍ ആര്‍ക്കും പറയാമല്ലോ..  പ്രാവര്‍ത്തികമാക്കാന്‍ ആണല്ലോ പ്രയാസം..

നന്മയുടെ നീരുറവ വറ്റാത്ത  കുറെ മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട്.. തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.. മനുഷ്യര്‍  സൃഷ്ട്ടിച്ച മതം.. ഭഗവത്‌ ഗീതയിലോ ബൈബിളിലോ  വിശുദ്ധ ഖുറാനിലോ മറ്റൊരു മതത്തെയോ മത വിശ്വാസികളേയോ  മോശം ആണെന്ന് പറഞ്ഞിട്ടുണ്ടോ?

ശ്രീകോവിലിനു മുമ്പില്‍ ഭഗവാനെ തൊഴുന്ന ഹിന്ദുവിന്റെ കൂപ്പുകൈകള്‍ക്കും  യേശു ക്രിസ്തുവിന്റെ ക്രൂശിത രൂപത്തിന് മുമ്പില്‍ കുരിശു വരയ്ക്കുന്ന ക്രിസ്ത്യാനിയുടെ കൈകള്‍ക്കും മുട്ടു കുത്തി നിസ്ക്കരിക്കുന്ന മുസ്ലിമിന്‍റെ നെറ്റിയിലെ നിസ്കാര തഴമ്പിനും ഒരേ മഹത്വം തന്നെയല്ലേ.. ഇവരൊക്കെ പ്രാര്തിക്കുന്നത്  ഒരേ ശക്തിയെ തന്നെയല്ലേ.. മതങ്ങളെ മാറ്റി നിര്‍ത്തി മനുഷ്യനില്‍ മനുഷ്യനെ കാണാന്‍ ശ്രമിച്ചാല്‍ ഈ ലോകം എന്നെ നന്നായേനെ..

ഭീകരത താണ്ഡവമാടിയ അന്തരീക്ഷത്തില്‍  ഒരു ദൈവ ദൂതനെ പോലെ വന്നു എനിക്ക് രക്ഷയേകിയ  സലിംബായ്‌ എന്ന ആ മുസ്ലിം സഹോദരനെ പുണ്യങ്ങളുടെ പൂക്കാലമായ ഈ വിശുദ്ധ റംസാന്‍  വേളയില്‍ അനുസ്മരിച്ചുകൊണ്ട് ഈ നോട്ട് ആ മനുഷ്യ സ്നേഹിക്കായ്‌ സമര്‍പ്പിക്കുന്നു..

ഒപ്പം എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും റംസാന്‍ - ഈദ്‌  ആശംസകളും.. !!!!

സ്നേഹത്തോടെ  പത്മശ്രീ നായര്‍. -