Sunday, 9 February 2014

'ആരാച്ചാര്‍' - ആസ്വാദനക്കുറിപ്പ്.....








ദൈനംദിന ജീവിതത്തിലെ ഓട്ടപാച്ചിലും പിന്നെ മടിയും കാരണം ഇതുവരെ വായന ഒരു ശീലമാക്കിയിരുന്നില്ല എങ്കിലും ഈയടുത്ത കാലത്തായി പുസ്തകങ്ങളെ വല്ലാതെ സ്നേഹിച്ചു തുടങ്ങി.. വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക എന്ന സാഹസത്തിനുള്ള ചങ്കുറപ്പ് തീരെയില്ല. മാധവിക്കുട്ടിയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും കുറച്ചു പുസ്തകങ്ങള്‍ വായിച്ചു എന്നല്ലാതെ പെണ്ണെഴുത്തിന്റെ ലോകത്തിലേക്ക്‌ അധികം ഇറങ്ങിചെന്നിട്ടില്ല. 

2013 - ലെ ഓടക്കുഴല്‍ അവാര്‍ഡ്‌ കെ. ആര്‍. മീരയുടെ "ആരാച്ചാര്‍" എന്ന നോവലിനു ലഭിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ മീരയെ വായിക്കണമെന്ന് താല്പര്യം തോന്നി. വായിക്കാതിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരു നഷ്ട്ടമായേനെ.. 

ഒരുപാട് കണ്ടും കേട്ടും വായിച്ചും ജീവിതത്തിന്‍റെ നാനാതുറകളില്‍ ഉള്ളവരെ പറ്റി നമുക്കറിയാം. എന്നാല്‍ ആരാച്ചാര്‍മാരുടെ ജീവിതത്തെ പറ്റി അത്രയൊന്നും ആഴത്തില്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല.. അത്തരമൊരു കഥയാണ്‌ ആരാച്ചാര്‍ എന്ന കഥയിലൂടെ മീര പറയുന്നത്..

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക് കുടുംബത്തിന്റെ പിന്‍തലമുറകള്‍, സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം യതീന്ദ്ര ബാനര്‍ജിയെ തൂക്കിലെറ്റാനുള്ള 'ഭാഗ്യമാണ്' വൃദ്ധനായ ഫണിഭൂഷണ്‍ ഗൃദ്ധാമല്ലിക്കിനു സര്‍ക്കാര്‍ ഉത്തരവിലൂടെ ലഭിച്ചത്. അവസരം പാഴാക്കാതെ, അയാള്‍ സര്‍ക്കാരിനോട് വിലപേശി ഇരുപത്തിരണ്ടു കാരിയായ തന്‍റെ മകള്‍ ചേതനക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നത് വരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്നു മനസ്സിലാക്കുന്ന അയാള്‍ തന്‍റെയും മകള്‍ ചേതനയുടെയും സമയത്തിനു വില പറഞ്ഞു കച്ചവടം ഉറപ്പിക്കുന്നു.

കുട്ടിക്കാലം മുതല്‍ക്കേ പിതാമാഹന്മാരുടെയും അവര്‍ നടത്തിയ തൂക്കിക്കൊലയുടെയും വീര സാഹസിക കഥകള്‍ ഥാക്കുമായിലൂടെ (മുത്തശ്ശി) കേട്ടറിഞ്ഞാണ് ചേതന വളര്‍ന്നത്‌.. അതിലൂടെ പകര്‍ന്നു കിട്ടിയ മനസ്ഥൈര്യം ചേതനക്ക് ഏറെ ഗുണം ചെയ്തു. അലസമായിരിക്കുന്ന നേരങ്ങളില്‍ തോളിലിട്ട നരച്ച ദുപ്പട്ടയില്‍ തെരുപ്പിടിച്ചു കുടുക്കുകള്‍ ഉണ്ടാക്കി കൈത്തഴക്കം വരുത്തി. ആര്‍ത്തിയോടെ തന്‍റെ ശരീരത്തിലേക്ക് നോക്കി നുണയുന്ന കാമ ഭ്രാന്തന്മാരെ കഴുത്തില്‍ കുടുക്ക് മുറുക്കി മരണത്തിന്‍റെ കറുത്ത മുഖം കാണിച്ചു കൊടുത്തു തിരിച്ചു കൊണ്ടുവരുന്നു ചേതന. 

ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചു പോയതിന്റെ പേരില്‍ ബാലിയാടാക്കപ്പെട്ടയാളായിരുന്നു ചേതനയുടെ സഹോദരന്‍ രാമുദാ. ഫണിഭൂഷണ്‍ തൂക്കിലേറ്റിയ തൂക്കുപുള്ളി അമര്‍ത്യാ ഘോഷിന്‍റെ വൃദ്ധ പിതാവ്‌, ബിരുദധാരിയായ രാമുദായുടെ കൈയ്യും കാലും അരിഞ്ഞു തള്ളി.. സംസാരിക്കുന്ന മാംസപിണ്ടമായി മാറിയ രാമുദാ, ഒരു ദിവസം വീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഉണ്ടാവുന്ന മല്‍പ്പിടുത്തത്തിനിടയില്‍ കട്ടിലില്‍ നിന്നും തെറിച്ചു വീണു മരണപ്പെടുന്നു. 

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ച ചേതനയുടെ മൂത്ത സഹോദരി നീഹാരിക, മധുവിധുവിന്റെ മാധുര്യം നുകരാതെ, ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനം നൊന്തു സ്വഗൃഹത്തില്‍ തിരിച്ചെത്തി ജീവിതം ഒരു തുണ്ടു കയറില്‍ അവസാനിപ്പിക്കുന്നു.. 

മദ്യത്തിലും സോനാഗച്ചിയിലെ വേശ്യാലയങ്ങളിലും സുഖം കണ്ടെത്തുന്ന ഭര്‍ത്താവിന്‍റെ പീഡനങ്ങളും ശാസനകളും സഹിച്ചു, പകലന്തിയോളം വീടിനകത്തും ചായക്കടയിലുമായി ജീവിതം ഹോമിക്കുന്ന പാവം അമ്മ.. 

ആരാച്ചാര്‍ കുടുംബത്തില്‍ പിറന്നിട്ടും ഒരു കോഴിയെ കൊല്ലാന്‍ പോലും ധൈര്യം ഇല്ലാത്ത, രോഗിയായ പിതൃസഹോദരന്‍ സുഖ്ദേവ്, ഭാര്യ ശ്യാമിളി, അവരുടെ രണ്ടു കുഞ്ഞുങ്ങള്‍.. 

എന്തും ഏതും ബ്രേക്കിംഗ് ന്യൂസ് ആവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിന് വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളും ഈ നോവലില്‍ വിഷയമാക്കിയിട്ടുണ്ട്.. മനുഷ്യാവകാശത്തിനും വധശിക്ഷക്കുമെതിരെ വാദിക്കുന്ന "ഹാങ്ങ് വുമന്‍സ്‌ ഡയറി" എന്ന ചാനല്‍ പരിപാടിയിലേക്ക് ചേതനയെ വില പേശിക്കൊണ്ട് സഞ്ജീവ് കുമാര്‍ മിത്രയെന്ന റിപ്പോര്‍ട്ടര്‍ പ്രണയാഭ്യര്‍ത്ഥനയിലൂടെ ചേതനയെ പ്രലോഭിപ്പിച്ചു ചാനലില്‍ തന്‍റെ റേറ്റിംഗ് കൂട്ടാന്‍ മെനെഞ്ഞെടുക്കുന്ന കുതന്ത്രങ്ങളും കാണാം. 

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന, രോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സക്കുള്ള പണത്തിനായി സ്വന്തം ശരീരം വില്‍ക്കാന്‍ ശ്രമിച്ച സഹോദരന്‍റെ ഭാര്യ ശ്യാമിലിയെ ഫണിഭൂഷണ്‍ വെട്ടി കൊലപ്പെടുത്തുന്നുതു തടയാന്‍ ചെന്ന സഹോദരന്‍ സുഖ്ദേവും വെട്ടേറ്റു മരിക്കുന്നതോടെ ചേതനയുടെ പിതാവ് ഇരട്ടകൊലപാതകത്തിനു ജയിലില്‍ ആവുകയും ചെയ്യുന്നതോടെ അവരുടെ കുട്ടികളുടെ ഭാരവും ചേതനയുടെ ചുമലിലാവുന്നു. 

വിവാഹ ശേഷം നാല് വര്‍ഷം മാത്രം ഭാര്യയോടൊത്ത് ജീവിക്കാന്‍ കഴിഞ്ഞ ബാനര്‍ജി, ചേതനയുടെ കൂട്ടുകാരിയുടെ ആറുവയസ്സുകാരി മകളെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുറ്റത്തിനാണ് യതീന്ദ്രബാനര്‍ജിയെ തൂക്കുശിക്ഷക്ക് വിധിച്ചത്.. യഥാര്‍ത്ഥത്തില്‍ ബാനര്‍ജി കുറ്റക്കാരനാണോ എന്നു സംശയം ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെ ഇടയ്ക്കു തോന്നി പോവുന്നുണ്ട്. വിധി നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ബാനര്‍ജി ആവശ്യപ്പെട്ടത് ചേതനയോടൊത്ത് കുറച്ചു സമയം ചിലവഴിക്കണമെന്ന ആഗ്രഹമായിരുന്നു. അവള്‍ അയാളോടോത് ഭക്ഷണം കഴിച്ചു. കഥകള്‍ പറഞ്ഞു. നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി തഴുകി തലോടി ആശ്വസിപ്പിച്ചു. 

ബാനര്‍ജി തൂക്കുമരത്തിലേക്ക് പതിയെ നടന്നടുത്തു.. ചേതന മറ്റെല്ലാം മറന്നു.. വിധി നടപ്പിലാക്കുന്ന ആരാച്ചാര്‍ മാത്രമായി മാറി. ജയിലധികൃതര്‍ നോക്കി നില്‍ക്കെ, തൂക്കു പുള്ളിയുടെ കൈകാലുകള്‍ ബന്ധിച്ചു, കറുത്ത തുണി കൊണ്ട് മുഖം മൂടി, മറ്റെല്ലാം മറന്നു ലിവറില്‍ പിടുത്തമിട്ടു ആഞ്ഞു വലിച്ചു. 


തൂക്കുപുള്ളി നിലവറയിലേക്ക് പതിക്കുമ്പോള്‍ കയര്‍ക്കുടുക്ക് മുറുകി സുഷുമ്നാ നാഡിക്ക് ക്ഷതമേല്‍ക്കും. വീഴ്ചയുടെ ശക്തിയില്‍ കുടുക്ക് മുറുകും. ഹൃദയ ധമനികള്‍ അടയും. അതോടെ മസ്തിഷ്ക്കത്തിലേക്കുള്ള ഞരമ്പുകള്‍ വലിഞ്ഞു പൊട്ടും. ശിരസ്സു ഛെദിക്കപ്പെടും. ആ ഘട്ടമെത്തിയാല്‍ പുരുഷന്മാരില്‍ മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ലിംഗോദ്ധാരണം സംഭവിക്കും. സ്ത്രീകളിലാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ ചീര്‍ത്ത് രക്തം സ്രവിക്കും. മൃതിയെന്ന പ്രേമിയുടെ മിന്നല്‍ പോലെ പായുന്ന പരിലാളനത്തിലൂടെ നിത്യമായി ഉത്തെജിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ പരമാനന്ദത്തെക്കുറിച്ചുള്ള അവസാന മൂഡസ്വപ്നം ആത്മാവില്‍ സൂക്ഷിച്ചു അടുത്ത ജന്മത്തിന്റെ നിലവറയിലേക്ക് പതിക്കും.. അതുകൊണ്ട് ദുര്‍മ്മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലേക്ക്‌ മടങ്ങി ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആവര്‍ത്തിക്കും. 

മരിച്ച ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ദാരിദ്രക്കടലില്‍ മുങ്ങിത്താഴുന്ന അയാളുടെ ഭാര്യക്കും സഹോദരനും സംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ള പണമില്ലെന്നു മനസ്സിലാക്കിയ ചേതന ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങി, അയാളെ തൂക്കിലേറ്റിയതിനു തനിക്കു കിട്ടിയ പ്രതിഫലം ഉപയോഗിച്ച് വിധിപ്രകാരം ശവസംസ്കാരം നടത്തി ആത്മസംതൃപ്തി നേടുന്നു. 

സ്വന്തം സഹോദരനെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനു വിധി കാത്തു കഴിയുന്ന ഫണിഭൂഷണ്‍.. അയാളുടെ തൂക്കികൊലയും സ്വന്തം മകളുടെ കൈകൊണ്ടു തന്നെയാവാം എന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ വേണ്ടിമാത്രം മീര എഴുതാതെ ബാക്കി വെച്ചിരിക്കുന്നു.. 

ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ മുന്‍ തലമുറയുടെ ചരിത്രം നോവലിലൂടെ ഇതള്‍ വിരിയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും നീതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വര്‍ഗ്ഗമായി ആരാച്ചാര്‍മാരെ ഇതില്‍ കാണാം

കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി എഴുതിയ ഈ കഥയില്‍ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം വല്ലാത്തൊരനുഭവമാകുന്നു. മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും ചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്ന തെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവുമെല്ലാം ഒരു സിനിമയിലെന്നോണം വായനക്കാരന്റെ മനസ്സില്‍ പതിയുന്ന ആഖ്യാനരീതിയാണ് മീര സ്വീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്‍റെ അവസാന താളും വായിച്ചു പുറംചട്ട കമഴ്ത്തുമ്പോള്‍, ദുര്‍ഗന്ധം വമിക്കുന്ന ഓടകളും, തിരക്കേറിയ തെരുവിലൂടെ ശവങ്ങളെയും വഹിച്ചു കൊണ്ടുള്ള ഉന്തുവണ്ടികളുടെയും കുതിര വണ്ടികളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ, തോളില്‍ ഞാന്നു കിടക്കുന്ന തുണി സഞ്ചിയും തൂക്കി, മനോദായുടെ പ്രസ്സിലേക്ക് പ്രൂഫ്‌ റീഡിംഗ് ജോലിക്കായി പോവുന്ന ചേതന വായനക്കാരുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും.. 

സ്വയരക്ഷക്കായി, ഏതു നിമിഷവും ഒരു കുടുക്ക് തീര്‍ക്കാനുള്ള ത്വരയോടെ, തോളിലെ നരച്ച ദുപ്പട്ടയില്‍ തിരുപ്പിടിച്ചു, നരച്ച സ്വപ്നങ്ങളെയും മിഴികളില്‍ കുത്തിത്തിരുകി, അവ്യക്തമായ ഭാവിയുടെ നേര്‍ക്ക്‌ പരിഹാസം തുളുമ്പുന്ന നോട്ടവുമായി, ഉമ്മറത്തിണ്ണയിലിരിക്കുന്ന ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടിയെ, ചേതൂ എന്നരുമയോടെ വിളിച്ചു ചാരത്തിരുത്തി നിറുകില്‍ തലോടാന്‍ ഒരു നിമിഷം എന്‍റെ മനസ്സും അറിയാതെ കൊതിച്ചു പോയി. 

-പത്മശ്രീ നായര്‍ -



28 comments:

  1. തികച്ചും വ്യത്യസ്തമായ ഒരു ജീവിത കഥ തന്നെ ആരാച്ചാരിൽ അടങ്ങിയിരിക്കുന്നതെന്ന് ഈ അവലോകനം വ്യക്തമാക്കുന്നു
    നന്ദി പദ്മശ്രീ ഈ അവലോകനത്തിന്
    ഇനി പുസ്തകം വായിക്കണം ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെ

    ReplyDelete
    Replies
    1. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്..
      നന്ദി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും..

      Delete
    2. Dear Padmasree, Thank You Very Much. K.R.Meera

      Delete
    3. എന്‍റെയീ എളിയ ആസ്വാദനകുറിപ്പില്‍ കഥാകാരിയുടെ തന്നെ കൈയ്യൊപ്പ് കമന്റ്റായി പതിഞ്ഞതില്‍ വളരെയധികം സന്തോഷിക്കുന്നു.. നന്ദി മാഡം. എഴുത്തിന്‍റെ ലോകത്തില്‍ മിന്നിതിളങ്ങട്ടെ ഈ മീരാ താരകം... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

      Delete
  2. K-R- MEERA യുടെ ആരാച്ചാര്‍ എന്ന പുസ്തകത്തിനോട് ഏറെ നീതി പുലര്‍ത്തുന്ന
    ഒരു വായനാവലോകനം തന്നെയായി ഈ കുറിപ്പ്.
    2013 ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ
    ഈ നോവല്‍ ഇതിനകം തന്നെ ഒരുപാട് സഹൃദയരായ വായനക്കാര്‍
    നെഞ്ചേറ്റിക്കഴിഞ്ഞു. നോവലിന്‍റെ വിശദമായ ഒരു പരിചയപ്പെടുത്തലിന്
    തയ്യാറായ ഓപ്പോള്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. അക്കുവിന്റെ പ്രചോദനം ആണ് ഈ സാഹസത്തിനു പിന്നിലും .. ക്ഷമിക്കണം.. :)
      പകരം തരാന്‍ കൊറെ ഇഷ്ട്ടം മാത്രം.. :)

      Delete
  3. ആല്മാർഥമായ അവലോകനം. നന്ദി .

    ReplyDelete
    Replies
    1. വന്നതിനും വായനക്കും നന്ദി.. സന്തോഷം

      Delete
  4. വിശദമായ പരിചയപ്പെടുത്തൽ... നന്ദി...

    ReplyDelete
    Replies
    1. വന്നതിനും വായനക്കും നന്ദി.. സന്തോഷം

      Delete
  5. ഈ നോവലിനെ കുറിച്ച് വായിക്കുന്ന മൂന്നാമത്തെ ബ്ലോഗ്‌ അവലോകനമാണ് ഇത് ,കഥയ്ക്കുള്ളില്‍ ഉപ കഥകള്‍ കൊണ്ട് വീര്‍പ്പ്മുട്ടിക്കുന്ന ഒരു നോവലായിട്ടാണ് ആരാച്ചാര്‍ എന്റെ വായനയില്‍ തോന്നിയത് പല സ്ഥലങ്ങളിലും അത് കൊണ്ട് തന്നെ വായന മുഷിയുന്നു , എന്നാല്‍ ആധുനിക കാലത്ത് പുരുഷനോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന ചേതന എന്ന ധീരയായ സ്ത്രീ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ മീരക്ക് ആയിട്ടുണ്ട്‌ എന്ന് വേണം പറയാന്‍ .ഈ കഥക്ക് വേണ്ടി പറയാന്‍ ശ്രമിച്ച ഉപകഥകള്‍ക്ക് വേണ്ടി നോവലിസ്റ്റ് എടുത്ത പരിശ്രമം അഭിനന്ദിക്കാതെ വയ്യ.മറ്റു രണ്ടു അവലോകനത്തില്‍ നിന്നും ഈ വിവരണം അല്പം വ്യതസ്തമായി തോന്നി ,കാരണം ഇവടെ കഥ കൂടുതല്‍ പറഞ്ഞു , അത് പക്ഷേ പുതുതായി നോവല്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ക് കഥയുടെ രസച്ചരട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് .

    ReplyDelete
    Replies
    1. ആദ്യമായാണ്‌ വായിച്ച ഒരു പുസ്തകത്തെ കുറിച്ച് അഭിപ്രായം എഴുതുന്നത്‌.. ഈ മേഖലയില്‍ ആദ്യ കാല്‍വെയ്പ് ആയതുകൊണ്ട് ഒരുപാട് പോരായ്മകള്‍ ഉണ്ടാവും.. നിങ്ങളെപ്പോലെ വായന ശീലമാക്കിയവര്‍ വേണം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരാന്‍..

      നന്ദി ഫൈസല്‍ ബായ്.. ആത്മാര്‍ഥമായ ഈ അഭിപ്രായത്തിന്.. മുന്നോട്ടുള്ള എന്റെ പ്രയാണത്തിന് ഇതുപോലെ വിലയേറിയ അഭിപ്രായങ്ങള്‍ ഇനിയും ഉണ്ടാവണം..

      സ്നേഹാദരങ്ങളോടെ..

      Delete
  6. സാമാന്യം നന്നായി തന്നെ അവലോകിച്ചു ...ഇതും നോക്കുക
    http://www.vellanadandiary.com/2014/01/blog-post_28.html

    ReplyDelete
    Replies
    1. അന്‍വര്‍ ബായ്‌.. സന്തോഷം..
      ബ്ലോഗ്ഗിലേക്ക് വരുന്നുണ്ട് ഞാന്‍. തീര്‍ച്ചയായും വായിക്കും..

      Delete
  7. ആരാച്ചാര്‍ വായിക്കാതെ തന്നെ ഒരു ചത്രം ലഭിച്ചു.
    പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
    Replies
    1. സന്തോഷം റാംജി.. എന്തായാലും പല്ലന്തോമയോളം വരില്ല.. ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല പല്ലന്തോമയും ആ എഴുത്തും.. ഒരിക്കല്‍ക്കൂടി അഭിനന്ദനം.. :)

      Delete
  8. This comment has been removed by the author.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇത് വായിക്കാന്‍ എനിയ്ക്ക് ഭൂതക്കണ്ണാടി വേണ്ടി വരും . @PRAVAAHINY

    ReplyDelete
  11. പപ്പേച്ചീ.. വായിക്കാന്‍ വാങ്ങാന്‍ മാറ്റി വെച്ച ലിസ്റ്റില്‍ ആണ് ഈ പേര്!! മീര എന്നുമെന്നും ഇഷ്ടമുള്ള എഴുത്തുകാരി ആണ് -ഒരു ആള്‍ടൈം ഫവേരിറ്റ് :).

    നല്ല അവലോകനം തന്നെ - പക്ഷെ ബുക്ക്‌ വായിക്കാത്ത ഒരാള്‍ എന്നാ നിലയില്‍ ഞാന്‍ മുഴുവന്‍ വായിച്ചില്ല -പപ്പെചിയുടെ വിവരണം കഥയെ വിവരിക്കുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് മാത്രം! അവസാന വരിയില്‍ പപ്പേച്ചി എഴുതിയത് വായിച്ചു -ആ ഇഷ്ടം എനിക്കും ഈ ബൂക്കിനോടും ചേതന യോടും ഉണ്ടാകും എന്ന് ഒരുറപ്പ് ... അത് കൊണ്ട് ഞാന്‍ ബുക്ക്‌ വായിച്ചിട്ട് ഒരിക്കല്‍ കൂടി ഈ അവലോകനം മുഴുവനായി വായിക്കാം ട്ടോ

    ReplyDelete
  12. ആസ്വാദനം നന്നായി എഴുതി. പക്ഷെ കഥയുടെ വശങ്ങള്‍ സൂചിപ്പിച്ചു കൊണ്ടുള്ള ആസ്വാദനം അത് വായിച്ചിട്ടില്ലാത്ത ഒരാളുടെ ആസ്വാദനത്തെ പിന്നീട് ബാധിക്കും എന്നാണ് എന്‍റെ തോന്നല്‍.. ഞാനും എഴുതിയിരുന്നു, ഒരാസ്വാദനം. സമയം കിട്ടുമ്പോള്‍ വരണം .. :) വായനയുടെ കുടുക്കുമായി ആരാച്ചാര്‍

    ReplyDelete
  13. നോവലിന്റെ മർമ്മം കൃത്യമായി എഴുതിയിരിക്കുന്നു. ആരാച്ചാർ നോവൽ വായിച്ചു തുടങ്ങുമ്പോഴുള്ള സുഖം അവസാന ഭാഗം ആകുമ്പോഴേക്കും നഷ്ടപ്പെടുന്നു എന്ന് തോന്നിയിരിന്നു. മാധ്യമം ആഴ്ചപ്പതിൽ മുടങ്ങാതെ വായിച്ച ഈ നോവൽ തന്നെയാണ്‍ മീരയുടെ മറ്റു കഥകൾ വായിക്കുന്നതിലേക്ക് നയിച്ചത്.
    അവലോകനത്തിന് ആശംസകൾ

    ReplyDelete
  14. Very good and logical review.

    ReplyDelete
  15. അരച്ചാര്‍ ഇതുവരെ വായിച്ചില്ല.
    വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് ഈ അവലോകനം.

    ReplyDelete
  16. കുറെ നാളായി social മീഡിയ തട്ടിയെടുത്ത വായനയുടെ സുഖം "ആരാച്ചാർ"ലൂടെ തിരിച്ചു കിട്ടി....വായനയുടെ ലോകത്തേക്ക് വീണ്ടും എത്തിച്ച നോവലിനും മീര ചേച്ചിക്കും ഒരുപാട് നന്ദി...

    ReplyDelete
  17. നോവൽ നല്ല രീതിയിൽ കുറിച്ചിട്ടുണ്ട്. വായിച്ചപ്പോൾ ഇഷ്ട്ടമായി

    ReplyDelete
  18. "ഭൂമിയിൽ മരണത്തെക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ" എന്ന ഒരൊറ്റ വരി മതി kr.meera എന്ന എഴുത്തുകാരിയുടെ വാക്കുകളുടെ ശക്തി മനസിലാക്കാൻ.

    ReplyDelete