Wednesday, 26 February 2014

റേഡിയോ പുരാണം...!!





കുട്ടിക്കാലത്തുള്ള റേഡിയോ പ്രേമത്തെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ ട്ടോ.. ചിലപ്പോ കൂടീന്നും ഇരിക്കും.. അങ്ങട് സഹിക്ക്യന്നെ.. 

ടെലിവിഷന്‍ സാധാരണക്കാരുടെ വിദൂരസ്വപ്നമായിരുന്ന എന്റെ കുട്ടിക്കാലത്ത്, വിനോദത്തിനും വിജ്ഞാനത്തിനും, പുറംലോകവുമായി ബന്ധം സ്ഥാപിക്കാനും ഉള്ള ഒരേയൊരു മാധ്യമം ആയിരുന്നു റേഡിയോ..എന്തേ പത്രം വായിക്കാറില്ലായിരുന്നോ എന്നൊന്നും ഇടയ്ക്കു കേറി ചോയ്ക്കണ്ട..

അതിരാവിലെ, എന്ന്വെച്ചാ ഒരു ആറു മണിയോടടുപ്പിച്ചു പ്രത്യേക ശബ്ദത്തില്‍ കൂക്കി വിളിച്ചു വന്ദേമാതരം പാടി തുറക്കുന്ന തൃശ്ശൂര്‍ സ്റ്റേഷന്‍, തുടര്‍ന്ന് വരുന്ന സുഭാഷിതം ഇന്നത്തെ എന്റെ പ്രഭാതഭേരിയുടെ ഓര്‍മ്മകളുണര്‍ത്തുന്നു. അതിരാവിലെയുള്ള മുറ്റമടിയും ചാണക വെള്ളം തളിച്ച് ശുദ്ധീകരണം നടത്തലും എന്റെ വകുപ്പായത് കൊണ്ട്, ഇടതു കൈയ്യില്‍ ട്രാന്‍സിസ്റ്ററും (റേഡിയോക്ക് ചിലര് അങ്ങനേം പറയും) വലതു കൈയ്യില്‍ 'ആപ്പിന്റെ' ചിഹ്നമായ ചൂലുമായി കര്‍മ്മ പരിപാടികള്‍ തുടങ്ങുകയായി. ഹിന്ദു-മുസ്ലിം-ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പ്രഭാത വന്ദനമെന്ന പരിപാടിയിലൂടെ ഹൃദയത്തിലെക്കൊഴുകിഎത്തുമ്പോള്‍ അവാച്യമായൊരു ആത്മീയാനുഭൂതി അനുഭവിച്ചിരുന്നു. അതുകൊണ്ടാവാം ഈയിടെയായി ആത്മീയ ചിന്തകള്‍ കൂടി വരുന്നു.. "അമ്മേ അമ്മേ " എന്നൊരുള്‍വിളി കേള്‍ക്കാന്‍ തുടങ്ങീട്ടു കുറച്ചീസായി..

എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന "ഉഗ്രരൂപിണിയായ" ഗായികയെ കണ്ടെത്തിയതും അക്കാലത്ത് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ലളിത സംഗീത പാഠമാണ്. റേഡിയോക്കുള്ളില്‍ ഇരുന്നു അഞ്ജാതനായ ഏതോ പാട്ട് മാഷ്‌ വരികള്‍ ചൊല്ലിതരും. ഇടതു കൈയ്യിലെ ഓട്ടുഗ്ലാസ്സില്‍ ഇളം ചൂടുള്ള ചായ ഊതിയൂതി കുടിച്ചു, ഞാന്‍ ഏറ്റുപാടും.

"രാവില്യന്നെ ഇതിന്‍റെ മുമ്പില് കുത്തിയിരിക്കാണ്ട് പോയി തൊഴുത്തിലെ ചാണകം വാരിയിടെടീ" എന്ന അമ്മയുടെ ആക്രോശവുമുണ്ടാവും ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ആയിട്ട്. റസൂല്‍പൂക്കുട്ടിയുടെ സൌണ്ട് മിശ്രിതം തോറ്റുപോവുന്ന മദറിന്റെ ഗര്‍ജ്ജനം..

ആകാശവാണി .. തിരുവനന്തപുരം തൃശ്ശൂര്‍ ആലപ്പുഴ, കോഴിക്കോട്.. വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.. പ്രാദേശിക വാര്‍ത്തകള്‍ക്കും കൌതുക വാര്‍ത്തകള്‍ക്കും ജീവന്‍ കൊടുത്തിരുന്ന പ്രൌഡ ഗംഭീരമായ ആ ശബ്ദം ന്യൂ ജനറേഷന്‍ അല്ലാത്ത മലയാളികള്‍ മറന്നു കാണാന്‍ വഴിയില്ല എന്നല്ല കഴിയില്ല എന്നതാണ് വാസ്തവം.

സ്വീകരണമുറിയിലെ മിനി സ്ക്രീനില്‍ 'നമ്മള്‍ തമ്മില്‍' എന്ന പരിപാടിയിലൂടെ വെട്ടിലിനെ പോലെ ചാടിച്ചാടി നടക്കുന്ന ആര്‍. ശ്രീകണ്ഠന്‍ നായരെ എത്രയോ കാലം മുമ്പ് തന്നെ ശബ്ദ വീചികളിലൂടെ പരിചയപ്പെടുത്തിയതും തുകല്‍ കുപ്പായമിട്ട, നാല് ഏവരെഡി ബാറ്ററിയെ ഗര്‍ഭം ധരിച്ച ഈ പാട്ടുപെട്ടിയായിരുന്നു.

ഓട്ടംതുള്ളല്‍, അയ്യപ്പന്‍ പാട്ട്, അര്‍ബ്ബനമുട്ട്, വി. ഡി. രാജപ്പന്റെയും സാംബശിവന്‍റെയും കഥാപ്രസംഗം, കോല്‍ക്കളി, നാടക ഗാനങ്ങള്‍ പഞ്ചവാദ്യം, തായമ്പക, അക്ഷരശ്ലോകം, പുള്ളുവന്‍പാട്ട്, തുടങ്ങിയ കലാസാംസ്കാരിക പരിപാടികളും, ഡോക്ടറോട് ചോദിക്കാം തുടങ്ങിയ വിജ്ഞാനപ്രദമായ പരിപാടികളും, അര മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ശ്രോതാക്കളിലേക്ക് എത്തിക്കാന്‍ റേഡിയോ നിലയങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നത് ശ്ലാഘനീയം തന്നെ. ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ നിന്നുയരുന്ന ആളുകളുടെ ആഹ്ലാദാരവങ്ങളില്‍ നിന്നും കപില്‍ദേവും രവിശാസ്ത്രിയും ഗവാസ്കറും ഒക്കെ എടുത്ത സ്കോര്‍ എത്രയെന്നു എളുപ്പത്തില്‍ അറിയാമായിരുന്നു.

വെണ്ട വിത്ത് നടാനും വാഴക്കു വെള്ളമൊഴിക്കാനും വഴുതനക്ക് വളമിടാനും ഒക്കെ പരിശീലിച്ചതിനു പുറമേ വയലും വീടും പരിപാടിക്കിടക്ക് ഉണ്ടായിരുന്ന ഒരു പരസ്യം എന്നെ വളരെയധികം സ്വാധീനിച്ചു എന്ന് മാത്രമല്ല ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.. വണ്ടറടിക്കണ്ട.. ദിതാണ് പരസ്യം..

കാക്കക്ക് തന്‍ കുഞ്ഞും പൊന്‍കുഞ്ഞാണെ
അമ്മക്ക് തന്‍ കുഞ്ഞ് തങ്കക്കുടം..
തങ്കക്കുടത്തിന് പൊട്ടു വേണ്ടാ
വീണ്ടുമൊരുണ്ണി അടുത്തു വേണ്ട.

ഞായറാഴ്ചകളില്‍ രാത്രി എട്ടു മണിക്ക്"എഴുത്തുപെട്ടി" എന്നൊരു പരിപാടി ഉണ്ടായിരുന്നു. ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും അതിലൂടെ സ്ഥിരമായി വായിക്കുന്ന കുറെ ശ്രോതാക്കളുടെ പേരുകളും കേട്ടപ്പോള്‍ "ഉണ്ടിരിക്കുന്ന രണ്ടു നായര് പെണ്‍കുട്ടികള്‍ക്കും ഒരു വിളി കേട്ടു."

അങ്ങാടിയില്‍ സാധനങ്ങള്‍ മേടിക്കാന്‍ പോണ വകയില്‍ മുട്ടായി മേടിക്കാന്‍ പോക്കറ്റ് മണിയായി കിട്ടുന്ന പത്തു പൈസാ തുട്ടുകള്‍ കൂട്ടി വെച്ച് പോസ്റ്റ്‌ കാര്‍ഡുകളില്‍ പരിപാടികളെ കുറിച്ചുള്ള ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ആകാശവാണിയിലേക്ക് എഴുതി.. മുട്ടായിക്ക് പകരം, തേക്കിലയില്‍ പൊതിഞ്ഞു കെട്ടിയ ശര്‍ക്കര പൊതി, വിരലിട്ടു തുരന്നു അച്ചുവെല്ലം കട്ടു തിന്നതിന് അടി കിട്ടിയ ചരിത്രവും ഏറെ. ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ യാതൊരു വിലയും കല്‍പ്പിക്കാതെ ആകാശവാണിക്കാര്‍ നിഷ്ക്കരുണം തള്ളിയപ്പോള്‍ ഞങ്ങള്‍ക്ക് വാശിയേറി. അവസാനം ഒരു ഭീഷണിക്കത്ത് അയച്ചു. ഇത് ഞങ്ങളുടെ അവസാനത്തെ കത്താണ്. ഇതുകൂടി വായിച്ചില്ലെങ്കില്‍ ഞങ്ങള്‍ റേഡിയോ പെട്ടി വലിചെറിയുമെന്നു എഴുതിയപ്പോള്‍ പിറ്റത്തെ ആഴ്ചയിലെ എഴുത്തു പെട്ടി പരിപാടിയില്‍ ഞങ്ങളുടെ പേരുകളും ആദ്യമേ തന്നെ വിളിച്ചു പറഞ്ഞു.



"ഈ നാടകം ഇഷ്ട്ടപ്പെട്ടെന്നു അറിയിച്ചിരിക്കുന്നു പത്മശ്രീ - രാജശ്രീ പഴമ്പാലക്കോട് .. പിന്നെ കുറെ സ്ഥിരം പേരുകളും. ആനന്ദലബ്ധിക്കിനിയെന്തു വേണം.. ഞങ്ങള്‍ സഹോദരികള്‍ ആനന്ദ നടനം ആടിനാന്‍..

'നിങ്ങള് റേഡിയോക്ക് കത്തയക്കാറുണ്ടല്ലേ. ഇന്നലെ നിങ്ങടെ പേര് പറഞ്ഞു കേട്ടൂലോ റേഡിയോല്.."
പിറ്റേന്ന് സ്കൂളില്‍ കൂട്ടുകാരുടെ പറച്ചില്‍ കേക്കുമ്പോള്‍ പിന്നേം ആനന്ദകുഞ്ചികളാവും.

റേഡിയോ പെട്ടിയുടെ വലതു ഭാഗത്തുള്ള കറുത്ത കുഞ്ഞു ചക്രം മേപ്പോട്ടും കീപ്പോട്ടും കറക്കി, വെളുത്ത അക്ഷരങ്ങള്‍ കൊണ്ട് HZ, MHZ എന്നിങ്ങനെ ഫ്രീക്വന്‍സി അടയാളപ്പെടുത്തിയ കണ്ണാടി ചില്ലിനകത്തു കൂടി മന്ദം മന്ദം നിരങ്ങി നീങ്ങുന്ന ചുവന്ന സൂചിയോടൊപ്പം, നയാപൈസ വണ്ടിക്കൂലി ചിലവാക്കാതെ, തൃശ്ശൂരു വഴി കോഴിക്കോടും ആലപ്പുഴയും തിരുവനന്തപുരവും, കോവൈ വാനൊലി നിലയവും, ശ്രീലങ്കയിലേക്കും ഒക്കെ ഉമ്മറക്കോലായിലിരുന്നു കൊണ്ട്, തലയില്‍ പേനും നോക്കി, ചെനച്ച മൂവാണ്ടാന്മാങ്ങ ഉപ്പും കൂട്ടി തിന്നുകൊണ്ട്, യാത്ര ചെയ്തിരുന്ന കുട്ടിക്കാലം. പ്രഭാതം മുതല്‍ രാത്രി വരെ പാട്ടുപാടിയും തമാശകള്‍ പറഞ്ഞു ചിരിപ്പിച്ചും ചിന്തിപ്പിച്ചും, ഇടനാഴിയിലെ ജനല്‍ തിട്ടയിലും , ഊണുമേശക്ക് അരികെയും അമ്മിക്കലിന്റെ മുകളിലും, മിണ്ടീം പറഞ്ഞും കൂടെയുണ്ടായിരുന്ന സുഹൃത്ത്‌.

ജീവനുള്ള നിഴലുകളെയും പേറി , വീട് വിറപ്പിക്കുന്ന ശബ്ദവുമായി, എല്‍. ഇ. ഡിയും, മ്യൂസിക്‌ സിസ്റ്റവും ഹോം തീയേറ്ററും ഒക്കെ സ്വീകരണ മുറികളില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍, നിസ്സഹായയായി, അവഗണനകള്‍ ഏറ്റുവാങ്ങി വിങ്ങിക്കരഞ്ഞു കണ്ണീരൊപ്പികൊണ്ട് റേഡിയോ പെട്ടി പഴയകാലത്തിന്റെ പടിയിറങ്ങി പോയി. എങ്കിലും എന്‍റെ പഴമനസ്സ് അവിടൊക്കെ തന്നെ കടിച്ചു തൂങ്ങി നിക്ക്വാ. യേശുദാസിന്റെയും ജാനകിയമ്മയുടെയും സുശീലാമ്മയുടെയും ജയചന്ദ്രന്റെയും ഒക്കെ മാസ്മരിക ശബ്ദങ്ങള്‍ ഹൃദയത്തിന്നാഴങ്ങളിലേക്ക് ഇറങ്ങി ചെന്നതും ഇന്നും അവരെയൊക്കെ മനസ്സിലിരുത്തി പൂജിക്കുന്നതിനും ഈ പാട്ടുപെട്ടി വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല..

പഴയതൊക്കെ ഓര്‍മ്മകളായി പുതുമയോടെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..



-പത്മശ്രീ നായര്‍-



16 comments:

  1. നല്ല വായന .... എന്ത് കാര്യവും ലാഘവത്തോടെ എഴുതുന്നത്‌ കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട് പലപ്പോളും ....ഈ ശൈലി തുടരുക .......ആശംസകള്‍ ചേച്ചി .....

    ReplyDelete
    Replies
    1. നന്ദി വിജിന്‍... :)

      Delete
  2. ഞങ്ങള്‍ സഹോദരികള്‍ ആനന്ദ നടനം ആടിനാന്‍..

    അനുഅഭവിച്ചവര്‍ക്ക് മാത്രം പഴയ ഓര്‍മ്മകള്‍ മധുരമായി നിലനില്‍ക്കുമ്പോഴും മാറ്റങ്ങള്‍ പല്ലിളിച്ചുകൊണ്ട് മാടി വിളിക്കുമ്പോള്‍ വേഗമുള്ള കാലത്തോടൊപ്പം അറിയാതെ നടക്കുന്നു.
    നല്ല ഓര്‍മ്മകള്‍ മധുരിക്കുന്നു.

    ReplyDelete
    Replies
    1. പുതു തലമുറയില്‍ മാറ്റങ്ങള്‍ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാതെ കടന്നു പോവുമ്പോള്‍ ദുഃഖം തോന്നാറുണ്ട്.. എന്ത് ചെയ്യാം കാലത്തിനൊപ്പം കോലവും മാറിയല്ലേ തീരൂ... വായനക്കും പ്രചോദനത്തിനും നന്ദി..

      Delete
  3. ലളിതമായ ഭാഷയില്‍ ആ മധുരിക്കും ഓര്‍മകളെ അവതരിപ്പിച്ചിരിക്കുന്നു..

    പഴയ ആകാശവാണി പരിപാടികള്‍ nostalgic ആയി മാറിയിരിക്കുന്നു

    ReplyDelete
    Replies
    1. ഇപ്പോഴത്തെ തലമുറ ലോകം തന്നെ മൊബൈലില്‍ ആവാഹിച്ചു കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു.. പഴയ കാലം ഓര്‍മ്മിക്കാന്‍ എന്നെ പോലെ കുറച്ചു പഴ മനസ്സുകള്‍ ഉണ്ടെന്നുള്ളത് തന്നെ ഒരാശ്വാസം... :) വായനക്ക് നന്ദി.

      Delete
  4. അതീവ സൂക്ഷമമായി ആ കഴിഞ്ഞു പോയ നാളുകളെ ഇവിടെ പരിചയപ്പെടുത്തി - ഒട്ടും ഡംഭു കാട്ടതെത്തന്നെ ! അതാണ്‌ ഈ എഴുത്തിന്‍റെ ഏറ്റവും നല്ല വശവും !
    അത് കൊണ്ടാണല്ലോ.... രേടിയോയും ട്യൂണ്‍ ചെയ്ത്- ഉപ്പും കൂട്ടി മാങ്ങേം തിന്ന് ... ഒരു കൈകൊണ്ട് തലമുടിയെ വാരല്‍ തുമ്പിനാല്‍ വലിച്ചൂരി - ഈര് എടുക്കുന്ന ആ രംഗം പോലും ഇവിടെ എടുത്തു പറഞ്ഞത് !!!
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
    Replies
    1. തിരക്ക് പിടിച്ച ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്നു എന്ന് മാത്രം.. ഒട്ടും ആസ്വദിക്കുന്നില്ല എന്നതാണ് സത്യം.. മനസ്സിപ്പോഴും പഴയ കാല ഓര്‍മ്മകളില്‍ കുരുങ്ങി കിടക്കുന്നു.. ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന വ്യഥയുമായി.. ഇന്നിനെക്കാളും വരാനിരിക്കുന്ന നാളെയെക്കാളും എനിക്കിഷ്ട്ടം കഴിഞ്ഞു പോയ കാലങ്ങലാണ്.. അപ്പോള്‍ പിന്നെ ഡംഭിനെന്തു പ്രസക്തി..

      വളരെ സന്തോഷം ഹംസാജി... ഇവിടെ വന്നതിലും വായിച്ചതിലും.. നന്ദി..

      Delete
  5. റേഡിയോ കാലം... നല്ല ഓര്‍മ്മകള്‍! ഞങ്ങളുടെ വീട്ടിലും വാച്ചിനെക്കാളും റേഡിയോ പരിപാടികളെയാണ് സമയം അറിയാന്‍ ആശ്രയിച്ചിരുന്നത്. രാവിലെത്തെ സംസ്കൃതം വാര്‍ത്ത വായനയുടെ സമയം മുടി കെട്ടാന്‍ ഉമ്മ വിളിക്കുന്നതും, വിളികേള്‍ക്കുമ്പോള്‍ തലേന്ന് സ്കൂള്‍ വിട്ട് വന്നു വലിച്ചെറിഞ്ഞ നാട അന്വേഷിച്ചു നടക്കുന്നതും, വഴക്കും ബഹളവും.... എല്ലാം ഓര്‍മ്മയിലെത്തി. നന്ദി :) :) :)

    ReplyDelete
    Replies
    1. ശരിയാണ് മുബി.. റേഡിയോ പരിപാടികളുടെ സമയമായിരുന്നു അന്നത്തെ നമ്മുടെയൊക്കെ ദിവസങ്ങളുടെ സമയവും ഒക്കെ നിശ്ചയിച്ചിരുന്നത്.. ഓ.. വാര്‍ത്ത തുടങ്ങി.. ഒരു മണിയായി.. സിലോണ്‍ സ്റ്റേഷനില്‍ മലയാളം തുടങ്ങി ചായ വെക്കാനുള്ള സമയമായി തുടങ്ങിയ ഓര്‍മ്മപ്പെടുത്തലുകള്‍.... :)

      Delete
  6. കുട്ടിക്കാല ഓര്‍മ്മകള്‍ എത്ര പറഞ്ഞാലും മതി വരില്ല , ടെലിവിഷന്‍ ഇല്ലാതെയിരുന്ന സമയത്ത് ഇലക്ഷന്‍ ഫുട്ബോള്‍ മത്സരം ഒക്കെ വരുമ്പോള്‍ നാട്ടിന്‍ പുറത്തെ ചായമക്കാനികളില്‍ ഒത്തുകൂടുമായിരുന്നു, ഈ കുറിപ്പ് വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ അങ്ങോട്ട്‌ പോയി , നല്ല പോസ്റ്റ്‌ .

    ReplyDelete
    Replies
    1. ചായക്കടയില്‍ ഒത്തു കൂടി, സമപ്രായക്കാരുമായി നാട്ടു വാര്‍ത്തകള്‍ പങ്കു വെച്ച്, റേഡിയോ വാര്‍ത്തകള്‍ കേട്ട് ചര്‍ച്ച ചെയ്തിരുന്ന പഴയ തലമുറ.. ഒരു നാടിന്റെ തന്നെ നന്മകള്‍ ആയിരുന്നു അവരൊക്കെ.. ഇന്നിപ്പോ തൊട്ടടുത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും അന്യോന്യം അപരിചിതര്‍ ആണ്.. ഓര്‍മ്മകള്‍ കൂടെയുള്ളത് തന്നെ ഭാഗ്യം.. വരും തലമുറയുടെ നിര്‍ഭാഗ്യവും..

      നന്ദി ഫൈസല്‍ ബായ്‌.. :)

      Delete
  7. This comment has been removed by the author.

    ReplyDelete
  8. ഹഹഹഹ പപ്പെച്ചീ റേഡിയോ പുരാണം കലക്കി,പപ്പേച്ചി പറഞ്ഞ പഴയ ആ രാമചന്ദ്രന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.കഴിഞ്ഞ ദിവസം ഒരു ചാനലിൽ കണ്ടിരുന്നു ആളെ ..അങ്ങനെയാണ് ഞാൻ റേഡിയോ കഥ എഴുതിയത്....

    ReplyDelete
  9. Retheesh g maveli25 May 2014 at 04:30

    നന്നായി

    ReplyDelete
  10. ഓർമ്മയിലെന്നുംആ നല്ലകാലം...

    ReplyDelete