Showing posts with label നര്‍മ്മലേഖനം. Show all posts
Showing posts with label നര്‍മ്മലേഖനം. Show all posts

Tuesday, 15 September 2015

** വിസ്ഡം ടീത്ത് അഥവാ വിവര പല്ല്.**




അഞ്ചെട്ടു മാസം  മുമ്പായിരുന്നു  കലശലായ പല്ലു വേദന  വന്നത്.. അന്ന് എന്റേതായ  ചില  വീട്ടു വൈദ്യങ്ങള്‍ പരീക്ഷിച്ചു   ഏല്‍ക്കാതെ  വന്നപ്പോള്‍  ദന്ത ഡോക്ടറെ  കാണാന്‍ ചെന്നതും , ഈ  മധ്യവയസ്സാം  കാലത്ത്  വിവരം  വെച്ച് തുടങ്ങിയപ്പോ മുളച്ചു പൊന്തിയ വിസ്ഡം ടൂത്ത്  ആണതെന്നും  ഉള്ള  കാര്യങ്ങളൊക്കെ  ഞാന്‍  നിങ്ങളോട്  വിശദീകരിചിരുന്നല്ലോ..  എന്‍റെയൊരു  സുഹൃത്തിന്‍റെ മകള്‍  പല്ല്  ഡോക്ടര്‍  ആവാനുള്ള  പഠിത്തത്തില്‍ ആണ്.  മോള്  പഠിച്ചിറങ്ങുമ്പോള്‍  പരീക്ഷണങ്ങള്‍ക്കായി  എന്‍റെയീ  വണ്‍ & ഓണ്‍ലി   വിസ്ഡം  പല്ല്  സംഭാവന  ചെയ്യാമെന്ന്  സമ്മതപത്രം ഒപ്പിട്ടു  കൊടുത്തിട്ടുമുണ്ട്.   അതൊക്കെ  അവിടെ ഇരിക്കട്ടെ..  പറയാന്‍ വന്നത്  അതൊന്നുമല്ല.


അന്നുണ്ടായ  പല്ലുവേദന  മരുന്നൊക്കെ  കഴിച്ചു  സുഖപ്പെടുത്തിയതായിരുന്നു.  ഓഫീസിലെ  റിസപ്ഷനിസ്റ്റിനു  എന്‍റെ  പല്ലുകളില്‍  ഒരു കണ്ണുണ്ടായിരുന്നു. എപ്പോഴും  എന്‍റെ  പല്ലിനെ  കുറിച്ച്  വര്‍ണ്ണിക്കും. അവളുടെ കണ്ണു  പറ്റിയതാണെന്ന്  ശക്തമായ  സംശയം.. മൂന്നാല്  ദിവസം  കൊണ്ട്  സഹിക്കാന്‍  വയ്യാത്ത  പല്ലുവേദന.  ന്‍റെ  വേദന  കണ്ടിരിക്കാന്‍  ത്രാണിയില്ലാതെ   നായരേട്ടന്‍  നിര്‍ബന്ധിച്ചു  ഇന്നലെ  ഡോക്ടറുടെ  അടുക്കല്‍  കൊണ്ടുപോയി.  പരിശോധന  കഴിഞ്ഞപ്പോള്‍  ഡോക്ടര്‍  പറഞ്ഞു.

"ഈ പല്ലിനെ ഇനി തീറ്റിപ്പോറ്റുന്നതില്‍ അര്‍ത്ഥമില്ല. വിസ്ഡം  പല്ലാണെങ്കിലും  വളഞ്ഞ  വഴിക്കാണതിന്‍റെ  പോക്ക്.  മറ്റു  പല്ലുകളോട്  സഹകരിക്കാതെ  നിരയില്‍  നിന്ന്  മാറിയാണു  അത്  പൊന്തി  വരുന്നത്.. ഇത്  പറിച്ചു  കളഞ്ഞേ  പറ്റൂ." 

ഞാനും  നായരദ്യേഹവും     മുഖത്തോട്  മുഖം  നോക്കി..  വിസ്ഡം  പല്ല്  വന്നതിന്‍റെ  പേരില്‍  ഞാന്‍  കുറെ  അഹങ്കരിച്ചിരുന്നു..  "ഇപ്പെന്തായീ"   എന്നായിരുന്നു   അദ്യെത്തിന്‍റെ   നോട്ടത്തിന്‍റെ   അര്‍ത്ഥം.

ഡോകടര്‍  തുടര്‍ന്നു.
"സാധാരണ  പല്ലു  പറിക്കുന്നത്‌  പോലെ  ഈസിയല്ല.  ഇതിത്തിരി  കൊമ്പ്ലിക്കെറ്റഡ്   പല്ലാണ്.. പറിച്ചു  കഴിഞ്ഞാല്‍  സ്റ്റിച്ച്  ഇടേണ്ടി  വരും.. നാലഞ്ചു  ദിവസം  ഫുള്‍ റെസ്റ്റ്  എടുക്കണം..  കട്ടിയുള്ള  ഭക്ഷണമൊന്നും  ചവച്ചു  തിന്നാന്‍ പാടില്ല.. വായിലും മുഖത്തുമൊക്കെ   നീര്  വരും.. സംസാരിക്കാന്‍ കഴിയില്ല .   സമ്മതമാണെങ്കില്‍ നിങ്ങളുടെ സൗകര്യം പോലെ  അപ്പോയിന്റ്മെന്റ്  എടുത്തിട്ടു   വന്നോളൂ.തല്‍ക്കാലം   വേദന  കുറയാന്‍  ഈ  മരുന്ന്  കഴിച്ചാല്‍  മതി.  വെച്ചു  താമസിപ്പിക്കാതെ  എത്രയും  പെട്ടെന്ന്   ആ പല്ലു  പറിക്കണം  എന്നാണു  എന്റെ  അഭിപ്രായം. "

ഫീസും  കൊടുത്തു ഡോക്ടറുടെ  കുറിപ്പടിയും  വാങ്ങി  കണ്‍സള്‍ട്ടിംഗ് റൂമില്‍  നിന്ന്  പുറത്തു  കടന്നു.   വെയിറ്റിംഗ്  റൂമില്‍  പല്ലു  പ്രശ്നവുമായി  വന്ന  നാലഞ്ചു  പേര്‍  ഇരിക്കുന്നുണ്ട്‌.  സോഫയുടെ  അറ്റത്ത്  ഞങ്ങളും  ഇരുന്നു.

"ന്നിട്ടെന്താ  നിന്‍റെ  തീരുമാനം.. ? ഇപ്പൊ  തന്നെ  അപ്പോയിന്റ്മെന്റ്   എടുത്തിട്ട്  പോയാലോ?"    നായരദ്യെത്തിനു  വല്ലാത്ത ധൃതി.

" ങ്ങളൊന്നു  സമാധാനപ്പെട്.  പല്ല്  വേദന  നിയ്ക്കല്ലേ  ങ്ങക്കല്ലല്ലോ .   എനിക്ക് ഓഫീസില്‍  ലീവ്  പറയാതെ  പറ്റില്ല. നാളെ  പോയി ലീവ് പറഞ്ഞിട്ട്  തീരുമാനിക്കാം."      ഞങ്ങള്‍  പോകാനായി എഴുന്നേറ്റു .  വെയിറ്റിംഗ് റൂമിന്‍റെ  ഓരത്ത്  ഒതുങ്ങിക്കൂടി  നില്‍ക്കുന്ന  ക്ലിനിക്  ക്ലീന്‍  ചെയ്യാന്‍  വരുന്ന  പയ്യനോട്  രണ്ടു ഗ്ലാസ്  വെള്ളം  കൊണ്ടുവരാന്‍  പറഞ്ഞു.  തണുത്ത  വെള്ളം  കുടിച്ചപ്പോള്‍  പല്ലുവേദനക്ക് അല്പം  ആശ്വാസം  തോന്നി.  ഗ്ലാസ്‌   തിരിച്ചു  കൊടുക്കുന്നതിനോപ്പം പോക്കറ്റില്‍  നിന്നും  അമ്പത് രൂപയുടെ  നോട്ടെടുത്ത്   നായരദ്യേം  ആ  ചെക്കന്  കൊടുത്തു.   അതെന്തിനാണെന്ന്  എനിക്കൊരു  പിടീം  കിട്ടീല്ല്യ .   ഒരു ഗ്ലാസ്‌  വെള്ളം  എടുത്തു  തന്നതിന്  അമ്പത്  രൂപ  ടിപ്പോ? പത്തിരുപത്തഞ്ചു  കൊല്ലമായി  ഇദ്ദ്യെഹത്തെ  വെള്ളം  കുടിപ്പിക്കുന്ന  എനിക്ക് അഞ്ചു രൂപ  പോലും  ആയിനത്തില്‍   ഇതുവരെ തന്നിട്ടില്ല.   ഇദ്യേം  എപ്പഴാ   അംബാനിയായത്?  പുറത്തിറങ്ങിയ  ഉടനെ  ഞാന്‍  ചോദിച്ചു.

"അതേയ്.. നിങ്ങളെന്തിനാ  ആ  ചെക്കന് അമ്പതുര്‍പ്യ  കൊടുത്തത്? കുടിക്കാനൊരുഗ്ലാസ്‌ വെള്ളമെടുത്തു  തന്നതിനോ?  അതൊക്കെ  അവരുടെ  ജോലിയല്ലേ "

"അതെന്‍റെയൊരു  സന്തോഷത്തിന്".

"ങ്ങാഹാ..  ഞാന്‍  പല്ലുവേദന  സഹിക്കാഞ്ഞു  പൊരിയുമ്പോഴാണോ നിങ്ങക്ക്  സന്തോഷം ല്ലേ...  ത്രേം  ദുഷ്ടത്തരം  മനസ്സില്‍  വെച്ചോണ്ട്  ന്നേം  കൊണ്ട്  ആസ്പത്രിയില്‍   വരണ്ടായിരുന്നു. "

ഓട്ടോക്ക്   വേണ്ടി   കാത്തു നിക്കുന്നതിനിടയില്‍   നായരദ്യേം  പറഞ്ഞു.

"ഡോകടര്  പറഞ്ഞത്  നീയും  കേട്ടതല്ലേ..  പല്ലു  പറിച്ചു  കഴിഞ്ഞാല്‍   നാലഞ്ചു  ദിവസം  റെസ്റ്റ്  എടുക്കണമെന്നും  അത്രേം  ദിവസം  സംസാരിക്കാന്‍ കൂടി  പാടില്ലെന്നും .   നാലഞ്ചു  ദിവസം  ചെവിതല കേട്ട്  ഇത്തിരി സമാധാനത്തോടെ  ജീവിക്കാല്ലോന്നു  വിചാരിച്ച്  സന്തോഷിച്ചു പോയെന്റെ  ഭാര്യെ."

നായരദ്യെത്തിന്‍റെ  മറുപടി  കേട്ട  നിമിഷം,  ആറ്റു നോറ്റു  വയസ്സാം  കാലത്തുണ്ടായ  എന്‍റെ   വിസ്ഡം പല്ലിനെ  വെറുത്തു.  ഈ  ആഴ്ചയില്‍  തന്നെ  അതിനെ  ഞാനെന്റെ  ജീവിതത്തില്‍  നിന്ന്  വേരോടെ പിഴുതെറിയും. ഇപ്പോഴുള്ള   വിവരം  തന്നെ  ധാരാളം.  ഇനി  വിസ്ഡം  പല്ല് ഉണ്ടാക്കി  തരുന്ന  വിവരമൊന്നും  വേണ്ട  ...  അല്ല   പിന്നെ.. 


Monday, 31 August 2015

നാത്തൂനേ... ന്‍റെ മുണ്ട്.. !!!



"നാത്തൂനേ    ... കണ്ണപ്പേട്ടന്റെ    മകന്‍റെ  കല്യാണം   കെട്ടാന്‍   പോണ്ടേ ന്നും  ?"

ചാണകം  മെഴുകിയ   തിണ്ണയില്‍  തൂണും   ചാരി    എന്തോ  കുനിഷ്ടു   ചിന്തയിലായിരുന്ന ദാക്ഷായണിയേടത്തിയെ    പടികടന്നു   വന്ന   രുക്കുവിന്റെ  ചോദ്യമാണ്   ഉണര്‍ത്തിയത്. 

"പോണം  ന്നുണ്ടടി   രുക്ക്വോ..  ന്‍റെ   ചെക്കന്‍റെ  കല്യാണം   വിളിച്ചപ്പോ   വന്നു   ഇരുപത്തഞ്ചുര്‍പ്യ   ബന്ധുമ   തന്നീര്‍ന്നു..  അത്   മടക്കി  കൊടുത്തില്ലെങ്കി  മോസല്ലേ   ഡീ   പെണ്ണെ.  പക്ഷെ    കല്യാണത്തിന്   ഉടുത്തോണ്ട്  പൂവാന്‍   നെറോള്ള   മുണ്ട്   ഒന്നൂല്ല്യ.   കഴിഞ്ഞ   തിര്വോണത്തിനു    ന്‍റെ   ചെക്കന്‍   ഒരു  കരമുണ്ട്   വേടിച്ചു   തന്നീര്‍ന്നു.   രണ്ടീസം  മുമ്പ് വക്കാണം  കൂടി  പോമ്പോ   ആ  മൂധേവി..  ങാ    അവന്‍റെ   കെട്ട്യോള്    അയ്‌  മുണ്ടിനേം   വാരിക്കെട്ടി   കൊണ്ടോയടി   പെണ്ണേ..  ഇങ്ങനൊരു   ജമ്മം   ഈ   കുടീലിക്ക്    വന്നു  കേറീല്ലോ  ന്‍റെ    തമ്പുരാനേയ്  .." 

മരുമോളോടുള്ള   അരിശം    അതിന്‍റെ   പരമാവധി   പ്രകടിപ്പിക്കാനായി തലേല്  രണ്ടും  കൈയും  വെച്ച്,   മുറ്റത്തിന്റെ   വടക്കേ  കോണില്‍  നില്‍ക്കുന്ന  മുരിങ്ങച്ചോട്ടിലെക്ക്    ത്ഫൂ    ന്ന  ശബ്ദത്തോടെ   ദാക്ഷായണി   നീട്ടിത്തുപ്പി. 

"ങ്ങാഹാ..   അവള്  പിന്നേം  പോയാ?  ഇത്തവണ  പൂവാന്‍   ന്താ  ന്നും   നാത്തൂനേ കാരണം.?" 

രുക്കുവിന്    രസം  പിടിച്ചു.. ഇത്തിരി   വെയില്  കൊണ്ടായാലും    വന്നത്  വെറുതെയായില്ല  ന്നു   മനസ്സില്‍  നിനച്ചു   തിണ്ണയിലെ  പൊടി  കൈകൊണ്ടു   തുടച്ചു,  രുക്കു   ദാക്ഷായണിയുടെ   അടുത്തിരുന്നു. 

ഉള്ളതും   ഇല്ലാത്തതും   പ്രാധാന്യമുള്ളതും   അല്ലാത്തതുമായ   മരുമകളുടെ കുറ്റങ്ങളും കുറവുകളും   കുറെ   പറഞ്ഞുകഴിഞ്ഞപ്പോള്‍   ദാക്ഷായണിക്കും,  അതിനേക്കാള്‍   സന്തോഷം    പരദൂഷണം   കേട്ട   രുക്കുവിനും.   ആ സന്തോഷത്തില്‍   മതിമറന്നു   രുക്കു   ദാക്ഷായണിക്ക്     ഒരു മെഗാ ഓഫര്‍   നല്‍കി.  

"മ്മക്ക്   കല്യാണം  കൂടാന്‍   പൂവാന്നും   നാത്തൂനേ  ..  ന്റെല്   ഒരു  മുണ്ടുണ്ട്.. ഞാന്തരാം..  ങ്ങള്  പൊറപ്പെട്ടോളീ  ന്നും " 

പിറ്റേന്ന്    രാവിലെ   തന്നെ   രുക്കു   മുണ്ടുമായി  വന്നു.   രുക്കു   നല്‍കിയ സെറ്റ് മുണ്ടൊക്കെ  ഉടുത്തു  നാട്ടു  വര്‍ത്തമാനവും  പറഞ്ഞു  നടന്നു.. അര   മണിക്കൂറിനു  ശേഷം   വന്ന   ബസ്സു  കൈകാണിച്ചു  നിര്‍ത്തി   രണ്ടുപേരും   കയറിപ്പറ്റി.  ആദ്യം  കണ്ണില്‍ പെട്ട  സീറ്റില്‍  ഇരിക്കാന്‍  ദാക്ഷായണി   നടു   വളച്ചതെയുള്ളൂ..  പെട്ടെന്ന്   രുക്കുവിന്റെ   വിളി.. 

"നാത്തൂനേ..  ന്‍റെ   മുണ്ട്..!!   സീറ്റിലപ്പടി   പൊട്യാണ്.   ന്‍റെ മുണ്ടില്   ചെള്യാവും.  ങ്ങള്   ദാ  ഈ  കമ്പീമ്മേ   പിടിച്ചു   നിന്നോളീ.." 

ഇരിക്കാനുള്ള   അവകാശം    നിഷ്കരുണം   നിഷേധിച്ചു    ആ  സീറ്റില്‍     രുക്കു   കേറിയിരുന്നു. രണ്ടു  ബസ്സിലേക്കുള്ള   യാത്രക്കാരെ  കുത്തി നിറച്ച ബസ്സ്‌   ഒരു   വളവു  തിരിഞ്ഞപ്പോള്‍   ഒന്നാടിയുലഞ്ഞു. ഒപ്പം   ദാക്ഷായണിയും   ഒന്നാടി..  വീഴാതിരിക്കാന്‍  തൊട്ടടുത്ത  സീറ്റിലെ   കമ്പിയില്‍ ഒന്നു   ചാരി.  അപ്പൊ    ദേ   പിന്നേം.. 

"നാത്തൂനേ    ന്‍റെ  മുണ്ട്...  ആ കമ്പീമ്മേ    ചാരണ്ടാ   ട്ടോളീന്‍..   തുരുമ്പുണ്ടാവും..  ന്‍റെ   മുണ്ടില്   കറ   പിടിക്ക്യോള്ളൂ.". 

ഓടുന്ന   വണ്ടിയായത്  കൊണ്ടും    യാത്രക്കാരുടെ    തിരക്കു  കൊണ്ടും   എങ്ങാനും   കേട്ടില്ലെങ്കിലോ  എന്ന്  കരുതി    രുക്കു   അല്‍പ്പം   ഉറക്കെതന്നെയാണ്   പറഞ്ഞതും,   ദാക്ഷായണിയെ   കൂടാതെ    ചുറ്റുമുള്ള യാത്രക്കാര്‍   കേള്‍ക്കുകയും    ദാക്ഷായണി  ഉടുത്തിരുന്ന    മുണ്ട്   രുക്കുവിന്റെതാണെന്നു    അവരൊക്കെ   മനസ്സിലാക്കുകയും,   എല്ലാം    നിമിഷ നേരം  കൊണ്ടായിരുന്നു. 

ദാക്ഷായണിക്ക്     ദേഷ്യം   വന്നു   തുടങ്ങിയെങ്കിലും    കണ്ട്രോള്‍   വിട്ടില്ല. 
കല്യാണവീട്ടിലെത്തി,    നാരങ്ങാ   വെള്ളം  കുടിയും,    തുടര്‍ന്നു   കല്യാണ   ചടങ്ങുകളും   കഴിഞ്ഞു.  ഇതിനിടയില്‍   പലവട്ടം   ദാക്ഷായണിയുടെ   ചന്തിയില്‍    തോണ്ടി,   രുക്കു    തന്‍റെ    മുണ്ടിന്‍റെ   കാര്യം   ഓര്‍മ്മപ്പെടുത്തി. 

സദ്യക്ക്   ഇലയിട്ടു..  അന്നത്തെക്കാലത്ത്‌   ഇന്നത്തെപ്പോലെ    മേശയും   കസേരയുമോന്നും   ഇട്ടല്ല   സദ്യ ഉണ്ടിരുന്നത്.   പുല്ലു  ചെത്തി   വൃത്തിയാക്കിയ  മുറ്റത്തും    തൊടിയിലുമൊക്കെ   പന്തലിട്ടു,    താഴെ   പന്തിപ്പായ   വിരിച്ചു    അതില്‍   ചമ്രം   പടിഞ്ഞിരുന്നായിരുന്നു    സദ്യ യൂണ്. ചരിഞ്ഞിരുന്നു    രണ്ടുകാലും   വളച്ചു   വെച്ച്,   ഇടതുകൈ   നിലത്തു കുത്തി,   പരിപ്പും  സാമ്പാറും   പപ്പടവും   കൂട്ടിക്കുഴച്ചു   ആദ്യത്തെ   ഉരുള   വായിലെക്കിടാന്‍     തുടങ്ങിയതേയുള്ളൂ   ദാക്ഷായണി..

"യ്യോ    നാത്തൂനേ...  ന്‍റെ   മുണ്ട്..  ങ്ങള്   ഇങ്ങനെ   പടിഞ്ഞിരുന്നാ    ന്‍റെ   മുണ്ടില്   ചള്യാവില്ല്യെ ന്നും.   ങ്ങള്    കുന്തിച്ചിരുന്നിട്ടു    ചോറുണ്ണീ  ട്ടോളീന്‍.." 

വായിലെത്തെണ്ട ചോറുരുള  രുക്കുവിനോടുള്ള  പ്രതിഷേധം   അറിയിച്ചുകൊണ്ട്‌  ദാക്ഷായണിയുടെ കൈയ്യില്‍   നിന്നും   ഇലയിലേക്ക്   എടുത്തുചാടി.   വിളമ്പുകാരും   സഹ ഊണുകാരും   തമ്മില്‍   തമ്മില്‍   നോക്കി    അടക്കം   പറഞ്ഞു   ചിരിച്ചു.  കഠിനമായ   വിശപ്പു കൊണ്ടും   വിഭവ സമൃദ്ധമായ   സദ്യ  ഉപേക്ഷിക്കാന്‍   മനസ്സില്ലാത്തത്  കൊണ്ടും   മാത്രം  ദാക്ഷായണി   കുന്തിച്ചിരുന്നു     വയറു നിറച്ചും    ഊണ്  കഴിച്ചു.  

മടക്കയാത്രയിലുടനീളം കല്യാണപ്പെണ്ണിന്‍റെ, കഷ്ട്ടപ്പെട്ടു കണ്ടെത്തിയ കുറവുകളും    സദ്യവട്ടങ്ങളുടെ  പോരായ്മകളെയും  കുറിച്ച്   വാ  തോരാതെ  സംസാരിച്ച    രുക്കുവിനെ    ദാക്ഷായണി    മൈന്‍ഡ്    ചെയ്തില്ല.   മറുപടികള്‍ വെറും   മൂളലുകളില്‍ മാത്രമൊതുക്കി    എന്ന്  മാത്രമല്ല,  ബസ്സില്‍   സീറ്റുണ്ടായിരുന്നിട്ടു കൂടി    ദാക്ഷായണിയേടത്തി    ഇരിക്കാന്‍  കൂട്ടാക്കിയില്ല.  

ബസ്സിറങ്ങി    ആദ്യം   കണ്ട പെട്ടിക്കടയില്‍  നിന്നും   501   ബാര്‍  സോപ്പിന്‍റെ   രണ്ടു  കഷണവും   വാങ്ങിയാണ്   ദാക്ഷായണി    വീട്ടിലെത്തിയത്.  പിറ്റേന്ന്   രാവിലെ   തന്നെ  അലക്കി  വെളുപ്പിച്ചു,  കഞ്ഞി  പിഴിഞ്ഞുണക്കിയ മുണ്ടുമായി   ദാക്ഷായണിയെടത്തി    രുക്കുവിന്റെ   വീട്ടിലെത്തി..

"ഡീ   രുക്ക്വോ    ന്നാ   നെന്‍റെ   മുണ്ട്.  നെന്‍റെ    ഇരവല്   മുണ്ടും  ഉടുത്തു     നിന്‍റെ കൂടെ    കല്യാണത്തിന്    വന്നതോണ്ട്   ഞാന്‍  ഒരൂട്ടൊക്കെ  പഠിച്ചു ട്ടോ . ഇല്ല്യാച്ചാ ഇല്ലാത്ത  പാട്ടിലിരിക്ക്യ..  ന്നാലും   ആരാന്‍റെ   സാനം ഇരവല്   വാങ്ങ്യാ   നാണോം  മാനോം  ഒക്കെ   കെടും  ന്നു  മനസ്സിലായി..   തന്തോസായി ട്ടോ "

മുണ്ട്    രുക്കുവിന്റെ   കൈയ്യില്‍   പിടിപ്പിച്ചു  ശരവേഗത്തില്‍   ദാക്ഷായണിയേടത്തി  നടന്നു..  പാടവരമ്പിലൂടെ     രുക്കുവിനെ  മുറുമുറുത്തു  കൊണ്ട്  ദാക്ഷായണി  മുറ്റത്തേക്ക്   കാലെടുത്തു വെച്ചപ്പോ    ചായേം  പലഹാരോം   ഒരുക്കി   തിണ്ണയില്‍  കാത്തിരിക്കുന്ന    മരുമോളെയാണ്   കണ്ടത്.  ഗമ   വിടാതെ   അകത്തേക്ക്   കയറിയ  അമ്മായിയമ്മയുടെ   കൈയ്യില്‍ പിടിച്ചു  മരുമകള്‍   ഒരു പൊതി    വെച്ച്   കൊടുത്തെന്നും ദാക്ഷായണിയേടത്തി  പൊതി  തുറന്നു   നോക്കിയപ്പോള്‍    നല്ല  ഒന്നാംതരം   കുത്താമ്പുള്ളി   കസവ്  മുണ്ടും  നേര്യതുമാണ്   പൊതിക്കകത്ത്‌   ഉണ്ടായിരുന്നത്   എന്നും    ഐതിഹ്യത്തില്‍   പറയുന്നു.

---------------------

ഒരുച്ച  നേരത്ത്   വൈദ്യശാലയില്‍  നിന്നും   കഷായവും   അരിഷ്ട്ടവും   വാങ്ങി   വരുന്ന  വഴി   വീട്ടിലേക്കു   കയറിയ   കുണ്ടാപ്പെട്ടനോട്‌  "ഇനീപ്പോ   ഒരുപിടി   ചോറുണ്ടിട്ട്   പോയാ  മതി"   എന്നമ്മ   പറഞ്ഞപ്പോള്‍,  ഊണ്   കാലാവണ   ഇടവേളയില്‍    കുണ്ടാപ്പേട്ടന്‍ വലിച്ചുനീട്ടി   പറഞ്ഞു   തന്ന   കഥയുടെ   പ്രസക്തഭാഗമാണ്   മുകളില്‍   വിവരിച്ചത്.   മുപ്പത്തിയാറു  ഭാഷകളിലായി വിവിധ രാജ്യങ്ങളില്‍ ഈ കഥ പ്രചാരത്തിലുണ്ട്  എന്നൊരു   മഹാ  പുളുവടി  കൂടി   സമ്മാനിച്ചിട്ടാണ്   കുണ്ടാപ്പേട്ടന്‍   അന്ന്  സ്ഥലം വിട്ടത്.

സംഗതി   പുളുവടിയാണെങ്കിലും   കഥയില്‍,  നമുക്ക്    ഉള്‍ക്കൊള്ളാവുന്നൊരു  ഉപദേശമുണ്ട്.

"ഇരന്നു  വാങ്ങി   നാണം  കെടുന്നതിനേക്കാള്‍   അന്തസ്സുണ്ട്   ഇല്ലായ്മക്ക്."  

Monday, 1 June 2015

ഐ ബാള്‍ ആന്‍ഡിയും പ്രഭാതഭേരിയും പിന്നെ ഞാനും.



ബ്രേക്ഫാസ്റ്റ്  കഴിഞ്ഞു,  ഉമ്മറക്കോലായിലിരുന്നു  പത്രവായനയും  പല്ലിട കുത്തലും    ഒരേ സമയം  നിര്‍വ്വഹിച്ചു  കൊണ്ടിരിക്കുമ്പോഴാണ്  ഗേറ്റിന്റെ  ഓരം  ചേര്‍ന്ന് ഒരു  വെള്ള  BMW  കാര്‍  ഇരച്ചു  നിന്നത്..  കാറില്‍ നിന്നും  മൂന്നാല് മധ്യവയസ്കര്‍   മുറ്റത്തേക്ക് ഇറങ്ങി..  മൊട്ടത്തലയെ  വട്ടത്തൊപ്പി കൊണ്ടലങ്കരിച്ച    ആള്‍ ചോദിച്ചു.

"ഇതല്ലേ   പത്മശ്രീ  നായരുടെ  വീട്..  ഫേസ്ബുക്കില്‍  പ്രഭാതഭേരി  അവതരിപ്പിക്കുന്ന ........."

"ങാ..   അത്  ഞാന്തന്ന്യാ..  നിങ്ങളൊക്കെയാരാ  ??  നിയ്ക്ക്  മനസ്സിലായില്ല്യാ ലോ .."


ആറാം  തമ്പുരാനിലെ  മഞ്ജു വാര്യരെ  ചെറുതായൊന്നനുകരിക്കും വിധം  ഞാനൊരു  ചോദ്യം   അങ്ങോട്ടിട്ടു..


"കേറിയിരിക്കുന്നതില്‍  വിരോധോണ്ടാവില്ല്യാ ല്ലോ   ല്ലേ. "  കൂടെ  വന്ന   വേറൊരു  എലുമ്പന്‍  ചോദിച്ചു.  മറുപടിക്ക്  കാത്തു  നില്‍ക്കാതെ  നാലു പേരും  ഉമ്മറത്തെ  സോഫയില്‍   അമര്‍ന്നിരുന്നു. അന്തം വിട്ടു  പല്ലിട കുത്തുന്ന കോലും പിടിച്ചു കൊണ്ടുനില്‍ക്കുന്ന എന്നെ നോക്കി  തൊപ്പിക്കാരന്‍ പറഞ്ഞു.

"ഞങ്ങള്  ഒരു പരസ്യ കമ്പനിയില്‍  നിന്നും   വരുന്നവരാ..  ടി. വി.യില്‍  കണ്ടുകാണുമല്ലോ..   ഐ.ബാള്‍ ആണ്ടിയുടെ  പരസ്യം. ഞാനാണു  അതിന്‍റെ  സംവിധായകന്‍ ."

"ഉം  കണ്ടാലും   പറയും.. "   ഞാന്‍  പിറുപിറുത്തു. 

"ങാ   ഉവ്വുവ്വ്.. കണ്ടിട്ടുണ്ട്  ഒന്നോ  രണ്ടോ തവണ..  എനിക്കാ   നമ്പീശത്തി പെണ്ണിനെ   അത്രയ്ക്ക്  ഇഷ്ടല്ല.. അതോണ്ട്  ഇപ്പൊ  ആ പരസ്യം  വരുമ്പോ  ഞാന്‍   ചാനല്  മാറ്റും. അവള്‍ടെ   ഒരു  പുട്ടും  കടലേം.  "  രമ്യാനമ്പീശനോടുള്ള   അകാരണമായ   അസൂയ   കുറെയൊക്കെ  പ്രതിഫലിപ്പിക്കാന്‍   സാധിച്ച  സന്തോഷത്തില്‍ ഞാന്‍  വിനയാന്വിതയായി.

"ങാ..  ഞങ്ങളൊരു   അഭിപ്രായ  സര്‍വ്വേ  നടത്തിയിരുന്നു..  പലരും  പറഞ്ഞു  ആ  പരസ്യം  കണ്ടു  മടുത്തു.. ഒന്ന്  മോഡിഫൈ   ചെയ്തൂടെന്നു. അതിന്‍റെ  ഭാഗായിട്ടാ  ഞങ്ങളിപ്പോ   ഇവിടെ  വന്നത്.  മോഡിഫൈ   ചെയ്യുന്ന  പുതിയ  പരസ്യത്തില്‍  മാഡത്തിനെ  അഭിനയിപ്പിക്കാനും   പ്രഭാതഭേരിയെ  കൂടി  ഉള്‍പ്പെടുത്താനുമാണ്  ഞങ്ങളുടെ   തീരുമാനം.  മാഡത്തിനു   താല്‍പര്യമുണ്ടെങ്കില്‍ മാത്രം   ഇക്കാര്യത്തെ  കുറിച്ച്   വിശദമായി   സംസാരിക്കാം. ."

ഈസ്രാ..!!!      തലക്കാരോ   കൂടം കൊണ്ടടിച്ചത്  പോലെ  തോന്നിയപ്പോ  ഉറക്കെ   വിളിച്ചു  പോയി..   ഞാനിതെന്താണീ   കേക്കണേ... ന്നെ   പിന്നേം   സില്മേല്‍  എടുക്കാനാണോ   ഇവര്   വന്നത്.  സ്വപ്നമാണോ  യാഥാര്‍ത്ഥ്യമാണോ  ന്നറിയാനായി   പല്ലില്‍  കുത്തുന്ന  കോല്  കൊണ്ട്  ആരും  കാണാതെ  നൈസായിട്ട്    ചന്തീലൊന്നു  കുത്തിനോക്കി ..  ഉവ്വ്..  നോവണുണ്ട്   .  അപ്പൊ   സത്യം   തന്ന്യാ..

"ഉവ്വ്..  താല്പര്യണ്ട്.. താല്പര്യണ്ട്..  വിശദായിട്ടു   സംസാരിച്ചോളൂ.  കുടിക്കാനെന്താ   എടുക്കണ്ടേ?   പാലില്ല.. അല്പം   കാടിവെള്ളം   എടുക്കട്ടെ?..   പറഞ്ഞു  കഴിഞ്ഞപ്പോഴാണ്   അബദ്ധം  മനസ്സിലായത്..

"സോറി..   കാപ്പി വെള്ളം  ന്നാ  ഉദ്യേശിചെ..   ഓവര്‍  എക്സൈറ്റട്  ആയപ്പോ  കാടിവെള്ളം  ന്നു   ആയിപ്പോയതാ."

"ഉം..  സാരല്ല്യ..  സല്‍ക്കാരം   സ്വീകരിക്കാനോക്കെ   ഞങ്ങള്‍  പിന്നീടൊരിക്കല്‍  വന്നോളാം..  ബൈ  ദ ബൈ  മാഡത്തിനു  അഭിനയത്തില്‍ മുന്‍പരിചയം വല്ലതുമുണ്ടോ?ഐ  മീന്‍   നാടകത്തിലോ,  സീരിയലിലോ   പരസ്യത്തിലോ   അങ്ങനെന്തെങ്കിലും?  "

ആവേശം  തല്ലിക്കെടുത്തുന്ന പോലത്തെ   ചോദ്യം  ചോദിച്ച   കൂട്ടത്തിലുള്ള കുള്ളനെ  ഞാന്‍   തറപ്പിച്ചോന്നു   നോക്കി.. വിചാരിക്കാതെ   കേറി വന്ന  സുവര്‍ണ്ണാവസരത്തെ  ആട്ടിയോടിക്കണ്ടല്ലോന്നു   കരുതി   ക്ഷമിച്ചു..  "ഞാനൊന്ന്   സ്റ്റാര്‍ ആയിക്കോട്ടെ..  നിങ്ങളെയൊക്കെ   ക്ഷ.. ഞ്ഞാ..  ട്ടാ..   വരപ്പിക്കും  ട്ടോ ."  ഞാന്‍ ആത്മഗതിച്ചു.

"പരിചയം ണ്ടോ  ന്നു   വെച്ചാ..   ജീവിത  നാടകത്തില്  പത്തു  നാല്‍പ്പത്  കൊല്ലായിട്ട്  അഭിനയിക്കണ്ട്..  പിന്നെ   സ്കൂളില്‍  പഠിക്കുമ്പോ    യുവജനോത്സവത്തിനാണ്  ആദ്യായിട്ട്   തട്ടേല്‍  കേറിയത്.   "കേട്ടില്ലേ  കോട്ടയത്തൊരു  മൂത്ത  പിള്ളേച്ചന്‍....  "   ന്ന  പാട്ടിന്‍റെ   സിനിമാറ്റിക്   ഡാന്‍സ്  കളിക്കാന്‍.   പിന്നണി  പാടാന്‍   വന്ന   പെമ്പിള്ളേര്‍   പാടുന്നതിനു  പകരം  പാട്ട് പറയാന്‍   തുടങ്ങിയപ്പോ , കൂവലിന്റെ  അകമ്പടിയോടെ,  കര്‍ട്ടന്‍  പൊക്കിയതിനേക്കാള്‍   വേഗത്തില്‍   താഴ്ത്തി.  അന്ന്   ശപഥം  ചെയ്തു  സ്റ്റേജ്  വിട്ടിറങ്ങിയതാ   മേലാല്‍   ഇമ്മാതിരി  പണിക്കു   പോവില്ല്യാന്നു..    അത്   സാരല്യ.. ഇതിപ്പോ   സ്റ്റേജ്  അല്ലല്ലോ    പരസ്യല്ലേ..    ഞാന്‍  ചാടുമ്പോ  ക്യാമറേം  കൂടെ   ചാടുവാരിക്കും   ല്ലേ.. " 

"ഞങ്ങടെ  പരസ്യം  മൊബൈല്‍  ഫോണിന്റെയാ..  അതില്  ക്യാമറേം   നിങ്ങളും  ഒന്നും   ചാടേണ്ട   കാര്യോല്ല്യ. "     കുള്ളന്റെ  ഇടയ്ക്കു  കേറിയുള്ള സംസാരം   എനിക്ക്   തീരെ  പിടിച്ചില്ല..

തൊപ്പിക്കാരന്‍ വീണ്ടും  തുടര്‍ന്നു.
"മാഡത്തിന്റെ  ആദ്യ  അഭിനയം  ആയതോണ്ട്  ഈ  പരസ്യത്തിനു  പ്രതിഫലമായി   പണമൊന്നും   തരില്ല..  നിങ്ങള്‍ക്ക്   അഭിനയിക്കാന്‍   ഒരവസരം.. പിന്നെ  പ്രഭാതഭേരിക്ക്   ചുളുവില്‍    ഒരു പ്രൊമോഷന്‍ കൂടിയല്ലേ ..  എന്നാലും   മാഡത്തിനു    ഇഷ്ടമുള്ള  വസ്തു  സമ്മാനമായി  തരാന്‍   തന്നെയാണ്   ഞങ്ങളുടെ   തീരുമാനം..   രണ്ടു  പഴുത്ത   വരിക്കച്ചക്ക,  രണ്ടു  ഇടിച്ചക്ക,  രണ്ടു  കിലോ   ചക്ക   വരട്ടിയത്.

ഈ  പരസ്യം  പോപ്പുലറായാല്‍   ഞങ്ങളുടെ   അടുത്ത  പ്രോജക്റ്റും  മാഡം  തന്നെയാവും   ചെയ്യുന്നത്..  ആ സമയത്ത്   ഇതിന്റെതു  കൂടെ  ചേര്‍ത്ത്  നല്ലൊരു   തുക  തന്നെ   തരും..  സമ്മതമാണെങ്കില്‍   എഗ്രിമെന്റ്   ഒപ്പിട്ട്  റിഹേഴ്സല്‍  ചെയ്യാം..  ഷൂട്ടിംഗ്   രണ്ടു  ദിവസം  കഴിഞ്ഞേ   ഉണ്ടാവൂ.. "   സംവിധായകന്‍   പറഞ്ഞു  നിര്‍ത്തി.

സന്തോഷം  കൊണ്ട്  ഇരിക്കാനും  നിക്കാനും  ഓടാനും   വയ്യാത്ത   അവസ്ഥ.  എല്ലാ   പ്രോജക്റ്റിനും   ചക്ക  മാത്രം   തന്നാല്‍  മതിയെന്ന്   വിളിച്ചു  പറയാന്‍  തോന്നിയെങ്കിലും   അടക്കി.  ആര്‍ത്തി പണ്ടാരമെന്നു  ഇനി  ഇവരെക്കൊണ്ടു കൂടി   പറയിക്കണ്ടല്ലോ. 

"സമ്മതാണ്..  പൂര്‍ണ്ണസമ്മതം..   എവിടോക്കെയാ   ഒപ്പിടേണ്ടത്  ന്നൂ ച്ചാ   പറഞ്ഞോളൂ.."

കുള്ളന്‍  ബ്രീഫ്കേസ്  തുറന്നു   എന്തൊക്കെയോ   പേപ്പര്‍   എടുത്തു..  തൊട്ടു  കാണിച്ചിടത്തക്കെ  ഒപ്പിട്ടു  കൊടുത്തു..

"ന്നാ   ആ  ഡയലോഗ്  ഒന്ന്   പറഞ്ഞു  കൊടുക്കൂ..  തല്‍ക്കാലം   മാഡത്തിന്റെ   ഫോണ്‍  തന്നെ  ഉപയോഗിച്ചാല്‍    മതി.  ഷൂട്ട്‌ ചെയ്യുമ്പോ   ഐ. ബാള്‍ ആണ്ടിയില്‍ ചെയ്യാം.  "

ഞാന്‍  അകത്തു  പോയി   ന്റെ   സാംസംഗ്  ടച്ച്‌ സ്ക്രീന്‍ ഫോണ്‍   എടുത്തുകൊണ്ടു   വന്നു..  ഐ   ബാള്‍  ആണ്ടിയെയും   കുല ദൈവങ്ങളെയും   മനസ്സില്‍   ധ്യാനിച്ച്‌   കുള്ളന്‍   പറഞ്ഞു  തന്ന  ഡയലോഗ്   ഉറക്കെ   പറഞ്ഞു..

"കേരളത്തിന്‍റെ   പുട്ടും  കടലയും   പ്രസിദ്ധമാണ്..
കേരളത്തിന്‍റെ   കായലുകളും  വള്ളംകളിയും  പ്രസിദ്ധമാണ്.
ഇനി  കേരളം  പത്മശ്രീ  നായരുടെ  പ്രഭാതഭേരിയുടെ  പേരിലും  പ്രസിദ്ധമാവും."

അയ്യൊയ്യോഓഓഓഓ...   നടുവിനിട്ടു   ആരോ   ചവിട്ടിയത്  പോലെ..  കണ്ണു  തുറന്നു  നോക്കിയപ്പോള്‍  ലുങ്കിയും  വാരിചുറ്റി  നായരദ്യേം  നിന്നു   കലി  തുള്ളുന്നു..   വിക്കി  വിക്കി  ഞാന്‍   ചോദിച്ചു..

"അവരൊക്കെ   എവിടെ" ???

"അവരൊക്കെ   ചത്തു. ന്തേയ്‌  നെനക്കും  ചാവാണോ?   ഇപ്പൊ  സമയം   എത്രായീന്നു നോക്ക്.. "  നായരദ്യേം കൈ ചൂണ്ടിയ  ഭാഗത്തേക്ക്   ഞാന്‍  നോക്കി.. ക്ലോക്കിലെ  വാച്ചില്‍  സമയം  രാത്രി   രണ്ടു  മണി.

" നട്ട  പാതിരക്കാ    അവളുടെ  ഒരു   പുട്ടും  കടലേം  പ്രഭാതഭേരീം.. മനുഷ്യന്‍  പണിയെടുത്തു  ക്ഷീണിച്ചു വന്നൊന്നു  സമാധാനമായിട്ട്  കിടന്നുറങ്ങാന്‍   സമ്മതിക്കില്ല്യാന്നു   വെച്ചാ  വല്ലാത്ത   കഷ്ടം  തന്നെ. ഇരുപത്തിനാല്  മണിക്കൂറും   ടി. വീം   കണ്ടു,   ഫേസ്ബുക്ക്  നിരങ്ങി   ഇവളുടെയൊക്കെ   സുബോധം   പോയല്ലോ   എന്റീശ്വരാ...  ഇതിനി  എത്രകാലം   ഞാന്‍   സഹിക്കേണ്ടി   വര്വോ..!!!!

കണ്ടതെല്ലാം   സ്വപ്നമായിരുന്നൂന്നു    വിശ്വാസം   വരാതെ ,  അടുക്കളയില്‍ പോയി   ഫ്രിഡ്ജ്   തുറന്നു    ഒരു കുപ്പി  വെള്ളം  മുഴുവന്‍ കുടിച്ചിറക്കി വീണ്ടും   വന്നു  കിടന്നു ..  പിറ്റേ  ദിവസത്തേക്കുള്ള   പ്രഭാതഭേരിക്കുള്ള   വിഷയം   ആലോചിച്ചു   എപ്പോഴോ     ഉറങ്ങിപ്പോയി.. 




 





Sunday, 10 August 2014

കളിയില്‍ അല്‍പ്പം "കഞ്ഞി"ക്കാര്യം.!!!





"കഞ്ഞി" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹോട്ട്ഡോഗും, നൂഡില്‍സും, ബര്‍ഗ്ഗറും പിസ്സയും ഇഷ്ട്ട ഭക്ഷണമാക്കിയ ന്യൂ ജനറേഷന്‍ നെറ്റി ചുളിക്കും..

"കഞ്ഞിയൊക്കെ നിങ്ങളെ പോലുള്ള കഞ്ഞികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന്" എന്‍റെ ഏക സന്താനം പലവട്ടം പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട്. ദഹിക്കാനെളുപ്പവും, ഇത്തിരി കടുമാങ്ങയോ കനലില്‍ ചുട്ട പപ്പടമോ കൂട്ടിനുണ്ടെങ്കില്‍ കഞ്ഞിയെന്നെ ലളിത ഭക്ഷണം ഫൈവ്സ്റ്റാര്‍ ഫുഡിനെ വെല്ലുന്നതാണ് എന്നാണു ഈ എളിയവളുടെ അഭിപ്രായം.

പത്തിരുനൂറു പറക്ക് കൃഷി നടത്തിയിരുന്ന വല്ല്യൊരു തറവാടിയായിരുന്നു എന്‍റെ മുത്തശ്ശന്‍. തവിടു കളയാത്ത ഒന്നാംതരം തവളക്കണ്ണന്‍ കുത്തരി കൊണ്ടുണ്ടാക്കിയ പാല്‍ക്കഞ്ഞിയും ചുട്ട പപ്പടവും കണ്ണിമാങ്ങയും ആയിരുന്നു മുത്തശ്ശന്‍റെ സ്ഥിരമായ രാത്രി ഭക്ഷണം.. മുത്തശ്ശനു വേഗം വയറു നിറയണെ, പാത്രത്തില്‍ പാല്‍ക്കഞ്ഞി ബാക്കി വരണേ എന്ന പ്രാര്‍ത്ഥനയുമായി കുട്ടികളായിരുന്ന ഞങ്ങള്‍ ഇടനാഴിയുടെ വാതിലിനു മറവില്‍ നിന്നെത്തിനോക്കിയിരുന്നൊരു കാലം. തൊണ്ണൂറു വയസ്സ് കഴിഞ്ഞിട്ടും, ഒരു പല്ലു പോലും പൊഴിയാതെ മരണം വരെ ആരോഗദൃഡഗാത്രന്‍ ആയിരുന്നു മുത്തശ്ശന്‍.. കാരണം പാല്‍ക്കഞ്ഞിയുടെ വൈഭവം തന്നെ.

"നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല. ......

തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ തല തൊട്ടപ്പനായ നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ നായന്മാരുടെ മുന്‍ശുണ്ഠിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയതും മഹത്തായ കഞ്ഞി പ്രയോഗത്തിലൂടെയല്ലേ..

പണ്ടുകാലത്ത് പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് കല്യാണാലോചനകള്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ ന്യായമായ ഡിമാന്റുകള്‍ ഇത്ര മാത്രം.

- ന്‍റെ കുട്ടിക്ക് പോണ വീട്ടില് നാഴി കഞ്ഞിക്ക് മുട്ടുണ്ടാവാന്‍ പാടില്ല്യ.
- ന്‍റെ കുട്ടിക്ക് പണിയെടുത്തു കഞ്ഞി കൊടുക്കാന്‍ ത്രാണീള്ളോനാണോ.. ന്നാ പിന്നെ ഒന്നും നോക്കാനില്ല്യ. എന്നൊക്കെയായിരുന്നു.. ദാമ്പത്യത്തിന്റെ അടിത്തറ തന്നെ കഞ്ഞിയില്‍ നിക്ഷിപ്തമായിരുന്നൊരു കാലം.

അതു പോലെ പണ്ടു കാലത്ത്‌ പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്, പടി കടന്നു വരുമ്പോള്‍ തന്നെ കാണാന്‍ പാകത്തില്‍ മുറ്റത്ത്‌ വലിയൊരു വൈക്കോല്‍ കൂന ഉണ്ടാവുമായിരുന്നത്രേ.. വൈക്കോല്‍ കൂന കാണുമ്പോഴേ പെണ്ണ് കാണാന്‍ വരുന്നവര്‍ കരുതിക്കൊളുമത്രേ "പെണ്ണിന്‍റെ വീട്ടില് "കഞ്ഞിക്കുള്ള വകയൊക്കെ ഉണ്ടെന്ന്.

പരദൂഷണം പറഞ്ഞില്ലെങ്കില്‍ ഇരിക്കപ്പൊറുതി കിട്ടാത്ത തങ്കമ്മ വേലിക്കല്‍ വന്നു നീട്ടി വിളിക്കും... ഡീ . ചിന്നമണിയേ... കഞ്ഞ്യൂടിച്ച് വന്നിട്ട് ന്‍റെ തലേമ്മല് ഒന്ന് നോക്കി തരണം ട്ടാ.. പേന്‍ കടിച്ചിട്ട് പാങ്ങില്ല്യ .

പനി പിടിച്ചു തുള്ളിവിറക്കുന്നവര്‍ക്ക് പ്രണയം തോന്നുന്നത് ചൂടുള്ള പൊടിയരിക്കഞ്ഞിയോടല്ലാതെ മറ്റെന്തിനോടാണ്..

സുഖചികിത്സയുടെ ഭാഗമായ കര്‍ക്കിടക കഞ്ഞിയും മരുന്നു കഞ്ഞിയും കഞ്ഞി വിരോധികളായ കഞ്ഞികള്‍ പോലും ഒഴിവാക്കാറില്ല ..

സ്കൂളുകളിലെ ഉച്ചക്കഞ്ഞി എത്രയോ പാവപ്പെട്ട കുട്ടികളുടെ വിശപ്പ് മാറ്റുന്നു.

"ഉച്ചക്കഞ്ഞിക്ക് തല മറിഞ്ഞാല്‍ ഊരു തെണ്ടി പിന്നെ നിലത്തല്ല" എന്ന് അഹങ്കാരികളായ ചിലരെ കുറിച്ച് അസൂയക്കാരുടെ ഭാഷ്യവുമുണ്ട്. എന്‍റെ കഞ്ഞിയില്‍ പാറ്റയിടല്ലേ.. എന്‍റെ കഞ്ഞികുടി മുട്ടിക്കല്ലേ ഇഷ്ട്ടാ എന്നൊക്കെയുള്ള പതം പറച്ചിലുകളിലും കഞ്ഞി തന്നെ മുഖ്യന്‍.

പള്ളിയുറക്കത്തിനു സമയമായി. പള്ളിക്കഞ്ഞി കുടിച്ചു നോം പള്ളിയറയിലേക്ക് പോവട്ടെ.. കഞ്ഞി മാഹാത്മ്യത്തിന്റെ പുതിയൊരു എപ്പിസോടുമായി വീണ്ടും കാണുന്നത് വരെ...


-പത്മശ്രീ നായര്‍-