Showing posts with label പുസ്തകാസ്വാദനം. Show all posts
Showing posts with label പുസ്തകാസ്വാദനം. Show all posts

Monday, 14 March 2016

പുത്രസൂക്തം



"പുത്രസൂക്തം"
ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര - എന്‍റെ വായനാനുഭവം.

"ഒരച്ഛന്റെ വേദന  മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന  കാലം വരണം."   തലമുറകളായി  മാറ്റമില്ലാതെ കേട്ടുകൊണ്ടിരിക്കുന്ന വാചകമാണിത്.  ഒരിക്കല്‍ ഭാരതിയമ്മയും പ്രഭാകരനോട് മറ്റൊരു തരത്തില്‍  ഇങ്ങനെ  ആവര്‍ത്തിച്ചു. " നീയൊരിക്കലും ഒരു നല്ല മകനായിരുന്നില്ല. ഇപ്പോള്‍ നീ നല്ലൊരു അച്ഛനുമല്ല" .   സ്നേഹത്തിന്‍റെ ബന്ധനങ്ങളെ തിരിച്ചറിയാതെ  അച്ഛനെ ശത്രുവായി  കാണുന്ന  മകന്‍,  കാലത്തിന്‍റെ കുത്തൊഴുക്കില്‍ അച്ഛനായി തീരുമ്പോഴാണ് സ്വന്തം അച്ഛന്റെ മഹത്വത്തെ  തിരിച്ചറിയുന്നുണ്ടാവുക. പക്ഷെ അപ്പോഴേക്കും കാലത്തിന്‍റെ സൂര്യന്‍ അസ്തമയത്തിലേക്ക് അടുത്തിരിക്കും. കര്‍മ്മ ബന്ധങ്ങളുടെ തുടര്‍ച്ചയെന്നോണം  മക്കളുടെയും പേരക്കുട്ടികളുടെയും ധാര്‍ഷ്ട്യത്തിനും അവഗണനക്കും മുമ്പില്‍ നിസ്സഹായനായി മൌനം പാലിക്കുമ്പോള്‍ കാലത്തിന്‍റെ പക പോക്കലെന്നോ   വിധിയെന്നോ   ഒക്കെ ആശ്വസിച്ച് ഒറ്റയ്ക്ക്  ഉരുകി നീറുന്നുണ്ടാവാം വര്‍ത്തമാനകാലത്തിലെ ഓരോ അച്ഛനും.  ഭൂരിപക്ഷം ജീവിതങ്ങളും ഇങ്ങനെയൊരു  പരിണാമ ചക്രത്തിലൂടെ കടന്നുപോകുന്നു.  വിധിയുടെ  പകരം വീട്ടലും അനുഭവങ്ങളുടെ  തിരിച്ചറിവും നിസ്സഹായതയും ഉദ്വേഗവും ഒക്കെയായി തലമുറകളിലൂടെയുള്ള ഒരു യാത്രയാണ്  പുത്രസൂക്തതിലൂടെ  ശ്രീ  രാജീവ് ശിവശങ്കര്‍  പറഞ്ഞുവെക്കുന്നത്.

പ്രമേയത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും കാലാനുസൃതമായി  തലമുറകളിലൂടെ  പടര്‍ന്നുപിടിച്ച് വര്‍ത്തമാനകാലത്തിലെത്തി നില്‍ക്കുന്ന പുതുതലമുറയുടെ ചിന്തകളും മനോഭാവങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ നിഷേധിക്കാനോ ചോദ്യം ചെയ്യാനോ അംഗീകരിക്കാനോ വയ്യാത്ത അവസ്ഥയിലാവുന്നു . ഐതിഹ്യങ്ങളിലൂടെയും  ചരിത്രത്തിലൂടെയും  തുടര്‍ന്നു കൊണ്ടിരുന്ന പിതൃ പുത്ര ബന്ധത്തിന്‍റെ ഇരുണ്ട മുഖങ്ങള്‍ പ്രഭാകരനിലൂടെ  പേരക്കുട്ടി മാധവനില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ കുറിപ്പിലെ  ആദ്യവാചകത്തിന്‍റെ അര്‍ത്ഥം വെളിപ്പെടുന്നു.  സ്ഥലകാലങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഓരോ വായനക്കാരനിലും വൈകാരികമായ ചലനമുണ്ടാക്കുവാന്‍  പുത്രസൂക്തത്തിനു  കഴിഞ്ഞിട്ടുണ്ട്.

മൂന്നുവയസ്സു പ്രായമുള്ള പേരക്കുട്ടി  മാധവനും മുത്തച്ഛനായ പ്രഭാകരനും  തമ്മിലുള്ള ബന്ധത്തിലാണ്  കഥയുടെ തുടക്കവും ഒടുക്കവും. ഒരു ചെറിയ കുട്ടിയുടെ  കുസൃതികള്‍ എന്നതിനപ്പുറത്തെക്ക് മാധവന്‍റെ കടുത്ത അക്രമവാസനകള്‍  പ്രഭാകരന്‍റെ നേര്‍ക്ക്‌ ഒന്നിനു പിറകെ ഒന്നായി തുടരുമ്പോള്‍,  അവന്‍റെ നോട്ടവും ശരീരചലനങ്ങളിലെ സാമ്യതയും  തിരിച്ചറിഞ്ഞപ്പോള്‍,   സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന,  താന്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത,  നീറുന്ന ഓര്‍മ്മയായി തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ അച്ഛന്റെ പുനര്‍ജ്ജന്മമാണോ എന്നുപോലും  ഒരുവേള പ്രഭാകരന്‍ ഭയപ്പെട്ട് പോകുന്നു.

"ഇരട്ടവരക്കുള്ളിലെ ജീവിതം പോലെ, നേര്‍രേഖയിലൂടെ ഒരേ വേഗത്തിലോടുന്ന തീവണ്ടി പോലെ, സ്വിച്ചിട്ടാല്‍ കത്തുന്ന  വിളക്കു പോലെ, എന്നും ഒരേ ദിക്കിലുദിക്കുന്ന നക്ഷത്രം പോലെ" ഇതൊക്കെയായിരുന്നു പ്രഭാകരന്‍റെ അച്ഛന്റെ ജീവിതം.  ശരികള്‍ മാത്രമെഴുതിയിട്ട പുസ്തകമാണ് അച്ഛനെന്നറിഞ്ഞിട്ടും  പ്രഭാകരന്‍ അച്ഛനെ  വെറുത്തു.  ബാല്യകാലത്തിലെ അച്ഛന്റെ തണലും സുരക്ഷിതത്ത്വവും  കൌമാരത്തിന്‍റെ പടവുകള്‍ കയറിത്തുടങ്ങിയപ്പോള്‍ പ്രഭാകരന്  അവഗണിച്ചു .  അച്ഛനറിഞ്ഞാല്‍ ശാസിക്കാനിടയുള്ള കാര്യങ്ങള്‍ ഒളിവോടെ മറവോടെയും  ചെയ്തുകൂട്ടുമ്പോഴൊക്കെയും  അച്ഛനോടുള്ള വെറുപ്പും  ശത്രുതയും  കൂടിക്കൂടി വന്നു. പഠിക്കാനായി  വീട്ടുകാരില്‍  നിന്നകന്നു നഗരത്തിലെത്തിയ പ്രഭാകരന്‍റെ ജീവിതം ചരടുപൊട്ടിയപട്ടംപോലെ പാറിനടന്നു.എല്ലാം  നഷ്ടപ്പെട്ട പ്രഭാകരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും, താങ്ങാനാവാത്ത കുടുംബഭാരത്താല്‍ അച്ഛന്റെ മാനസികനിലതന്നെ  തെറ്റിയിരുന്നു.  എല്ലാം  തിരിച്ചറിഞ്ഞപ്പോള്‍ പ്രഭാകരന്‍ ജീവിതത്തിന്‍റെ അര്‍ത്ഥവും നിലനില്‍പ്പും തേടിയുള്ള യാത്രയായി. സഹോദരിയുടെ സഹായത്താല്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി  ഒരദ്ധ്യാപകന്‍റെ മേലങ്കിയണിയുന്നു. എതിര്‍പ്പുകള്‍ വകവെക്കാതെ ജലജയെ പ്രണയവിവാഹം ചെയ്യുകയും അവര്‍ക്കൊരു മകള്‍ ജനിക്കുകയും, സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം നല്‍കി  സുഹൃത്തിനെ പോലെ പരിഗണിച്ചു വളര്‍ത്തിയ  ഒരേയൊരു മകള്‍ ശാന്തി  അച്ഛന്റെ പഴഞ്ചന്‍ ചിന്തകളെയും നിലപാടുകളെയും വിമര്‍ശിക്കുകയും, അന്യമതസ്ഥനായ  ചെറുപ്പക്കാരനെ വിവാഹം ചെയ്യുകയും  ചെയ്യുമ്പോള്‍,  ജന്മ പരമ്പരകളിലൂടെ  ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന  അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഓടിയെത്താനാവാത്ത ദൂരത്തെ ഞെട്ടിപ്പിക്കുന്ന തിരിച്ചറിവോടെ, നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നു.  ഒരിക്കല്‍ അച്ഛനെ നിഷേധിച്ച താന്‍ ഇന്ന് സ്വന്തം മകളുടെ മുന്നില്‍ തിരസ്ക്കരിക്കപ്പെട്ടവനായി നില്‍ക്കുമ്പോള്‍ പാപപുണ്യങ്ങളുടെ ഫലങ്ങള്‍ മക്കളിലൂടെയോ മക്കളുടെ മക്കളിലൂടെയോ തങ്ങളിലേക്ക്  തന്നെ തിരിച്ചുവരുമെന്ന  യാഥാര്‍ത്ഥ്യന്‍റെ മുന്നില്‍ പ്രഭാകരന്‍ പകച്ചു പോകുന്നു.

കണ്ണാടിപ്പുഴയെന്ന ഗ്രാമത്തിന്‍റെ ചാരുതയില്‍ വര്‍ണ്ണാഭമായിരുന്ന പ്രഭാകരന്റെ ബാല്യകാലവും,  മുഖം മിനുക്കിയ നഗരത്തിന്‍റെ നിര്‍വ്വികാരതയും,  കാലത്തിനനനുസരിച്ചു  മാറുന്ന ജീവിതശൈലിയും കാഴ്ചപ്പാടുകളുമെല്ലാം അതിഭാവുകത്വത്തിന്റെ  കടന്നുകയറ്റമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കഥാകൃത്ത്‌  വരച്ചിട്ടിരിക്കുന്നു.   നേരത്തെ പരാമര്‍ശിച്ചതുപോലെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും  നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സംഭവ വികാസങ്ങള്‍, ചില തിരിച്ചറിവുകളുടെ പാഠങ്ങള്‍ പുത്രസൂക്തത്തില്‍ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നു .  ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ് ഈ രചനയിലൂടെ  എഴുത്തുകാരന്‍ ഏറ്റെടുത്തിരിക്കുന്നത്.  പുതുതലമുറയ്ക്ക് അച്ഛനമ്മമാരോടുള്ള കടപ്പാടും  ജീവിതത്തോടുള്ള കൃത്യമായ  കാഴ്ചപ്പാടുകള്‍ക്കും പുറമേ വ്യക്തിശുദ്ധീകരണത്തിനുള്ള വഴിയൊരുക്കുകയും കൂടിയാണ് പുത്രസൂക്തത്തിലൂടെ കഥാകൃത്ത്‌ ചെയ്തിരിക്കുന്നത്.

ആദര്‍ശത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ജീവിച്ചു മരിച്ച ശിവരാജന്‍ നായരും, അടുക്കളക്കുള്ളില്‍ കരിപുരണ്ട ജീവിതവുമായി പൊരുത്തപ്പെട്ടുപോയ ഭാര്യ ഭാരതിയമ്മയും, മകന്‍ പ്രഭാകരനും,  സഹോദരിമാരായ  സുമിത്രയും സുമതിയും റാണിയും.  ഈ കഥാപാത്രങ്ങളൊക്കെ നമുക്ക് ചുറ്റും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്‌. ഒരിക്കല്‍ മകനെക്കുറിച്ചു  ഏറെ  അഹങ്കാരത്തോടെ അഭിമാനിച്ചിരുന്ന ശ്രീധരന്‍ മാഷ്‌  വാര്‍ദ്ധക്ക്യത്തില്‍ ഭാര്യയുടെ മരണശേഷം  ഒരു മടക്കയാത്ര ആഗ്രഹിക്കാതെ തീര്‍ത്ഥാടനത്തിന്‍റെ വഴിയിലൂടെ മരണത്തെ വരവേല്‍ക്കാന്‍   വേച്ച് വേച്ചു നടന്നു നീങ്ങുന്നതു കാണാം  പുത്രസൂക്തതിന്റെ മറ്റൊരിടവഴിയിലൂട... !!!





തമോവേദം, പ്രാണസഞ്ചാരം, കല്‍പ്രമാണം എന്നീ  നോവലുകള്‍ക്കും  ദൈവമരത്തിലെ ഇല   എന്ന കഥാസമാഹരത്തിനും  ശേഷം   സ്വതസിദ്ധമായ ശൈലിയില്‍  ജന്മപരമ്പരകളുടെ  ദിക്കറിയാത്ത വഴികളിലൂടെ  സഞ്ചരിക്കുകയാണ് ശ്രീ രാജീവ് ശിവശങ്കര്‍  എന്ന എന്‍റെ  ഇഷ്ട എഴുത്തുകാരന്‍.  അദ്ദേഹത്തിന്‍റെ  തൂലികയില്‍ നിന്നും  ഇനിയുമിനിയും നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ...

ആശംസകളോടെ... !!!

Friday, 15 May 2015

"അങ്ങനെ ഒരു മാമ്പഴക്കാലം" - വായനാനുഭവം



സാധാരണ ഗതിയില്‍  ബാല്യകാലസ്മരണകള്‍  ഇല്ലാത്തവരായി  ആരുമുണ്ടാവില്ല..  കടന്നുവന്ന വഴിത്താരകള്‍  ചിലര്‍ക്ക്  ദുരിതങ്ങള്‍  നിറഞ്ഞതാവാം.ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും    തുടര്‍ന്നുള്ള   ജീവിതത്തില്‍   അറിയാതെയെങ്കിലും  ഓര്‍ത്തുപോവുന്ന    കയ്പ്പേറിയ   അനുഭവങ്ങളാവുമ്പോള്‍   മറ്റു   ചിലര്‍ക്ക്  ബാല്യകാലം   മധുരമൂറുന്ന മാമ്പഴക്കാലമാവാം..    

കുതിച്ചു പായുന്ന ഇന്നത്തെ  ഇന്റര്‍നെറ്റ്‌   യുഗത്തില്‍   പുതുതലമുറക്ക്‌  അന്യമായിക്കൊണ്ടിരിക്കുന്ന   ബാല്യകാല സ്മരണകള്‍.   മാതാപിതാക്കള്‍    തങ്ങളുടെ  ബാല്യകാലസ്മരണകള്‍   പങ്കുവെക്കാന്‍   തുനിയുമ്പോള്‍,  ഇന്നത്തെ  തലമുറ അതൊന്നും  കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ,  ഇന്റര്‍നെറ്റില്‍  തലപൂഴ്ത്തി    ലോകം  വെട്ടിപ്പിടിക്കാനുള്ള  വ്യഗ്രതയില്‍  എന്തൊക്കെയോ  തിരയുന്ന  തത്രപ്പാടിലാണ്.

ജീവിതോപാധി  തേടി  പലവഴി പിരിഞ്ഞുപോയ  കുടുംബാംഗങ്ങളും  ബന്ധുക്കളും  ഒത്തുചേരുന്നത്  ഓണം,  വിഷു  ക്രിസ്തുമസ്   ആഘോഷവേളകളിലാണ്..   ഈ ഒത്തു ചേരലുകളാണ് ആഘോഷത്തിന്‍റെ  മാറ്റുകൂട്ടുന്നതും.. അണുകുടുംബങ്ങളിലെ  പുതുതലമുറക്ക്‌   ആഘോഷങ്ങളോടുള്ള  സമീപനങ്ങളും  നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്നു.     കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും   പറമ്പുകളിലും  മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ  ചോട്ടിലും   കുട്ടീം  കോലും   കളിച്ചും   കഞ്ഞീം  കറീം   വെച്ചും   മണ്ണപ്പം  ചുട്ടും നാമൊക്കെ അവധിക്കാലം   ആഘോഷിച്ചപ്പോള്‍     പുതുതലമുറ   ശീതീകരിച്ച  മള്‍ട്ടിപ്ലക്സുകളില്‍   ഇരുന്നു  ആക്ഷന്‍ ത്രില്ലറുകള്‍  കണ്ടും ഐസ് ക്രീം നുണഞ്ഞും   സായൂജ്യമടയുന്നു..  ശീതീകരിച്ച   മാളുകളില്‍  കയറിയിറങ്ങി, കീശ  കാലിയാക്കും  വിധം   വിദേശ  നിര്‍മ്മിത  ഇലക്ട്രോണിക്  കളിപ്പാട്ടങ്ങളും  വീഡിയോ  ഗൈമുകളും  വാങ്ങിക്കൂട്ടി   അവധിക്കാലത്തെ   തളച്ചിടുന്നു.
ബാല്യ കൗമാര സ്മരണകളെ താലോലിക്കുന്ന  ഓരോ  മനസ്സുകളെയും  തൃപ്തിപ്പെടുത്തിക്കൊണ്ട്    ശ്രീ  അജോയ് കുമാര്‍ എം. എസ്.  രചിച്ച  "അങ്ങനെയൊരു  മാമ്പഴക്കാലം"  എന്ന പുസ്തകം   ഈ  അടുത്തകാലത്ത്‌ വായിക്കാന്‍   കഴിഞ്ഞു. ഓര്‍മ്മകളെ എഴുതി ഫലിപ്പിക്കുക   എന്നതിനേക്കാള്‍  പ്രധാനമാണ് ഒറ്റ വായന കൊണ്ടുതന്നെ  കഥാപാത്രങ്ങളെ   വായനക്കാരുടെ   മനസ്സുകളില്‍   പ്രതിഷ്ഠിക്കുക എന്നത്.  കിളിക്കൂട്  പോലത്തെ  ഹെയര്‍സ്റ്റൈല്‍  സ്വന്തമായുള്ള, വാക്കുകള്‍   തെറ്റിച്ചു  പറഞ്ഞു  പലപ്പോഴും  അബദ്ധത്തില്‍  ചാടിക്കുന്ന, കുട്ടികളോടൊപ്പം  കൂട്ടുകൂടുന്ന  മുതിര്‍ന്നവനായ   മണിയന്‍  ചേട്ടന്‍, പിന്നെ  ഉണ്ണിയും   രാധയും  രാജുവും  ഗോപിയും   രാംഗോപാലും, രവിക്കുട്ടനുമൊക്കെ പുസ്തകത്തിന്‍റെ  ആദ്യാവസാനം   നിറഞ്ഞു  നില്‍ക്കുന്നു.  ലാളിത്യം   നിറഞ്ഞൊഴുകുന്ന   ശൈലിയില്‍,  അനുപാതക്രമത്തില്‍   ഹാസ്യരസം  ചേര്‍ത്ത് പതിമൂന്നു   വിഭവങ്ങളുണ്ടാക്കി  വിളമ്പിയിരിക്കുന്നു  "അങ്ങനെ  ഒരു മാമ്പഴക്കാലത്തില്‍".  ഒന്നിനൊന്നു മെച്ചപ്പെട്ട   ഓരോ  ലേഖനത്തിലൂടെയും   വായന  വളരുമ്പോള്‍ എവിടെയെങ്കിലുമൊക്കെ  വെച്ച്  നമുക്കോരോരുത്തര്‍ക്കും നമ്മുടെ  ബാല്യകാലത്തെ   തിരിച്ചു  തരുന്നുണ്ട്  എഴുത്തുകാരന്‍ .   ചിരിക്കാന്‍  ഒരുപാട് വിഭവങ്ങള്‍  ഒരുക്കിയിട്ടുള്ള  ഈ പുസ്തകത്തിലെ  ഓരോ  കുറിപ്പുകളിലും  ഇരുത്തി  ചിന്തിപ്പിക്കുന്ന   വാസ്തവങ്ങളുണ്ട്.  അറിയാതെ  കണ്ണുകളില്‍ ഈറന്‍  പടര്‍ന്നു ,   ഗദ്ഗദം  തൊണ്ടയില്‍  കുരുങ്ങുമ്പോള്‍  നിമിഷങ്ങളോളം  പുസ്തകം  അടച്ചുവെച്ചു  കുറച്ചു  നിമിഷം കണ്ണടച്ചിരുന്നുപോകുന്ന അവസ്ഥയിലെത്തിപ്പോകാറുണ്ട്.

വെക്കേഷന്‍ കാലത്ത് നാട്ടില്‍   വരുന്ന  അമ്മാവനെയും  കുടുംബത്തെയും പരിചയപ്പെടുത്തുന്നതിനോപ്പം  നാട്ടിലുള്ള  ഒട്ടുമിക്ക  സൈക്കിള്‍  യാത്രക്കാരെയും  ഇടിച്ചു  തെറിപ്പിച്ചു  കൊണ്ടുള്ള  അമ്മാവന്‍റെ   ഡ്രൈവിംഗ്   പ്രാവീണ്യവും,  ഓടിച്ചിരുന്ന   കാറിനെക്കുറിച്ചുള്ള   വര്‍ണ്ണനകള്‍ക്കൊടുവില്‍  "ആ  വാഹനത്തില്‍  ശബ്ദം  പുറപ്പെടുവിക്കാത്ത  ഏക  സാധനം  ഹോണ്‍ മാത്രമായിരുന്നു"എന്ന  വരികളില്‍  തട്ടിത്തടഞ്ഞു  വീണു  ചിരിക്കാത്തവര്‍   ഉണ്ടാവില്ല.

വനിതാ   വായനശാലയില്‍  " ഡ്രാക്കുള " ബുക്ക്‌   തേടി കുടുങ്ങിപ്പോയ   രവിക്കുട്ടനും  മണിയന്‍ ചേട്ടനും,  ആദ്യമായി   വ്രതമെടുത്ത്   ശബരിമലക്ക്  പോയ  "കഞ്ഞി  അയ്യപ്പ"ന്മാരുടെ  വിശേഷങ്ങളും,  മുടിവെട്ടും, പല്ലുപറിയും,  വെളിച്ചപ്പാട്   കുട്ടന്‍ പിള്ളയുടെ  തുള്ളലും   ആഗോള  സംഭവമാക്കി കുടുകുടെ  ചിരിപ്പിക്കുന്ന  ഒട്ടേറെ  മുഹൂര്‍ത്തങ്ങള്‍ക്കിടക്കും  നാമറിയാതെ നോവാകുന്ന,   കണ്ണുകളെ   ഈറനണിയിക്കുന്ന   ഒരു  പിടി  കഥാപാത്രങ്ങളും  പൊള്ളുന്ന   ഓര്‍മ്മകളാവുന്നു ..

അതിഥികള്‍  പാലിക്കേണ്ട  ഔപചാരികതകളെക്കുറിച്ച് വേണ്ടത്ര  അറിവില്ലാതിരുന്ന  കൊച്ചു കുട്ടിക്ക്  വിരുന്നു  ചെന്ന  വീട്ടില്‍  വെച്ച്   ആര്‍ത്തിയോടെ  മാമ്പഴം   വാരിവാരിത്തിന്നതിനു,  ആരും  കാണാതെ  കാല്‍ നഖം  കൊണ്ട്  മുറിവേല്‍പ്പിച്ച  അമ്മാവന്‍..  തൊലിപ്പുറത്തുള്ള  മുറിപ്പാട്   കാലം  മായ്ച്ചു  കളഞ്ഞെങ്കിലും   മനസ്സിലിപ്പോഴും   ചോര  പൊടിക്കുന്ന  ഓര്‍മ്മകളുമായി,  നിഷ്കളങ്കതക്കേറ്റ  മുറിപ്പാടുകളുമായി  കൊച്ചു   രവിക്കുട്ടന്‍  നമ്മുടെ  മുന്നില്‍  കണ്ണീരോടെ   നില്‍ക്കുന്നത്  കാണാം.

"ഒരു ലോഡ്ജ് മുതലാളി" എന്ന ലേഖനത്തിന്‍റെ അവസാന ഭാഗത്തില്‍  പരിചയപ്പെടുത്തുന്ന  മിഠായി ഭ്രാന്തന്‍   ഏവരുടെയും  കണ്ണു  നനയിക്കും.   പേടിയോടെ  അകലെനിന്നു മാത്രം  വീക്ഷിച്ചിരുന്ന  ഭ്രാന്തനോട്  ഒരുനാള്‍   അടുപ്പം   തോന്നുകയും,   ഏറെ നാളത്തെ  ആലോചനക്കു  ശേഷം  ഭ്രാന്തന്  പൊതിച്ചോറുമായി   വന്നപ്പോഴേക്കും   ഭ്രാന്തന്‍ മരിച്ചുപോവുകയും  ചെയ്ത സംഭവം,  "കാലം   ആര്‍ക്കുവേണ്ടിയും  കാത്തുനില്‍ക്കില്ലെന്നും,  സഹായമോ  സ്നേഹമോ  എന്ത് തന്നെയായാലും  അതാതു  സമയത്ത്  ചെയ്തു തീര്‍ക്കാന്‍  കഴിഞ്ഞില്ലെങ്കില്‍   അടുത്ത നിമിഷം,  കൊടുക്കെണ്ടവരോ  വാങ്ങേണ്ടവരോ ഇല്ലാതായാല്‍ അത് ജീവിതകാലം  മുഴുവന്‍  കുറ്റബോധമായി  നമ്മെ   പിന്തുടരുമെന്നുള്ള     ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു 

കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്  കളിക്കാന്‍  കൂടാത്തതിന്  ജോസ്  എന്ന വികലാംഗനായ കുട്ടിയെ  അഹങ്കാരിയെന്നും  മറ്റും    പറഞ്ഞു  കളിയാക്കി.  പിന്നീട്  ഗുരുതരമായ  അസുഖം  ബാധിച്ചു  മരിച്ചു പോയ ജോബിന്റെ  ആഗ്രഹപ്രകാരം  ഈ പിള്ളേര്‍ ടീമിന്  സമ്മാനമായി  കൊടുക്കാനായി അമ്മയെ  പറഞ്ഞേല്‍പ്പിച്ച   ക്രിക്കറ്റ് കിറ്റും വാങ്ങി, കനം തൂങ്ങിയ  മനസ്സോടെ  കൂട്ടുകാര്‍   പടിയിറങ്ങുമ്പോള്‍ കാര്യമറിയാതെ  ആരെയും   വിമര്‍ശിക്കരുതെന്ന   ഒരു  അനുഭവ പാഠം  കൂടി പറഞ്ഞു  വെക്കുന്നു.

കാശു നഷ്ട്ടപ്പെട്ടുപോയത് കൊണ്ട്  ഓര്‍ഡര്‍ ചെയ്ത  ദോശയും  വടയും  കഴിക്കാതെ സങ്കടത്തോടെ  കൂട്ടുകാര്‍ക്കിടയില്‍  നിന്നു എഴുന്നേറ്റ് പോകേണ്ടി  വന്നതും, ചായക്കട നടത്തിയിരുന്നയാള്‍  തിരിച്ചു  വിളിച്ചു   സ്നേഹത്തോടെ  ദോശ  കഴിപ്പിച്ചതും,  കാലങ്ങള്‍ക്കിപ്പുറം  അവിചാരിതമായി  കാണാനിടയായ,   പട്ടിണിയുടെ  നടുവില്‍  നട്ടം  തിരിയുന്ന വൃദ്ധരായ  ആ  പഴയ  ചായക്കട ദമ്പതികള്‍ക്ക്   വയറു  നിറയെ  ഭക്ഷണം   വാങ്ങിക്കൊടുത്തു ആത്മസംതൃപ്തി നേടിയതും  ഹൃദയ സ്പര്‍ശിയായി  വിവരിച്ചിരിക്കുന്നു.
 
കുഞ്ഞിക്കൈകളില്‍   ചാമ്പക്കയുമായി "അജ്മാറെ"  എന്ന്   വിളിച്ചോടി  വന്നിരുന്ന, ബുദ്ധി  വികസിച്ചിട്ടില്ലാത്ത  ബിന്ദു  എന്ന പെണ്‍കുട്ടിയുടെ  നിഷ്കളങ്ക സ്നേഹത്തിനു  മുന്നില്‍  അകാരണമായി  മുഖം  തിരിച്ചതിന്റെ   കുറ്റബോധം ,  ബിന്ദു  മരിച്ചു  കാലങ്ങള്‍ക്ക്  ശേഷവും  കഥാകാരന്‍റെ മനസ്സിലും  ഒപ്പം  വായനക്കാരുടെ   മനസ്സിലും  ഒരു നീറ്റലായി അവശേഷിക്കുന്നു.  

"മഞ്ഞുതുള്ളിപോലൊരു സുഹൃത്ത്" എന്ന  ഓര്‍മ്മക്കുറിപ്പില്‍,  സ്കൂളില്‍  ഉപ്പുമാവ്  ഉണ്ടാക്കി  വിളമ്പിയിരുന്ന പൊന്നമ്മയും അവരുടെ  ബുദ്ധിവികാസമില്ലാത്ത മകന്‍ ചക്ക  ശശിയും. വാര്‍ദ്ധക്യ കാലത്ത്   നിവര്‍ത്തികേടുകൊണ്ട്  മകന്   വിഷം  കൊടുത്തു   സ്വയം  ആത്മഹത്യ   ചെയ്ത പൊന്നമ്മയെന്ന   അമ്മയുടെ  കഥ    ആരുടേയും  കരളലിയിക്കും.

എത്ര   തിന്നാലും  മതിവരാത്ത  തേനൂറും   ചക്കര  മാമ്പഴം   പോലെ,  വായിക്കുന്തോറും  ഇനിയുമിനിയും     വായിക്കണമെന്ന  തോന്നല്‍   ഓരോ  വായനക്കാരന്‍റെ  മനസ്സിലുമുളവാക്കും  വിധത്തിലുള്ള   രചനാ ശൈലി  ഈ  പുസ്തകത്തിന്‍റെ    എടുത്തുപറയേണ്ട   പ്രത്യേകതയാണ്.  ദഹനക്കേടുണ്ടാക്കുന്ന ഭാരിച്ച  സാഹിത്യത്തിന്‍റെ  അതിപ്രസരമില്ലാതെ, മുതിര്‍ന്നവര്‍ക്കും   കുട്ടികള്‍ക്കും  ഒരുപോലെ   നുണഞ്ഞാസ്വദിക്കാവുന്ന  ഒരു അക്ഷരകനിയാണ്  "അങ്ങനെ  ഒരു മാമ്പഴക്കാലം".

നഷ്ടബാല്യത്തിന്റെ   നിറം മങ്ങാത്ത  ഓര്‍മ്മകളിലേക്ക്  കൈപിടിച്ച്  കൊണ്ടുപോകുന്ന   ഈ പുസ്തകം 2011 ലെ  മികച്ച  ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ട്  അവാര്‍ഡ്, ഇന്ത്യന്‍  റൂമിനേഷന്‍സ് അവാര്‍ഡ്  എന്നിവ  നേടിയതില്‍ ഒട്ടും അതിശയപ്പെടെണ്ടതില്ല..  അത്രക്കും   ആസ്വാദ്യകരമായ   രചനയാണ്.

തനിക്കു മാത്രം  സ്വന്തമായൊരു   ശൈലിയിലൂടെ  വായനക്കാരുടെ  മനസ്സില്‍ സ്ഥാനം  നേടിയ   ശ്രീ   അജോയ്കുമാര്‍ എം. എസ്.  നു   എല്ലാ  വിധ  ഭാവുകങ്ങളും   നേരുന്നു. ..!!!

Sunday, 22 February 2015

"ചില ചന്തി ചിന്തകള്‍" -- വായനാനുഭവം







എന്താണ്  ഫലിതം?   ഫലിതത്തെ   എങ്ങിനെ  നിര്‍വചിക്കാം..?
ഇതിനൊരുത്തരം  പറയാന്‍  മാത്രമുള്ള   അറിവൊന്നും  എനിക്കില്ല.  എങ്കിലും  എന്‍റെ പരിമിതമായ   അറിവു  വെച്ച്  ചിലത്  കുറിക്കട്ടെ..

ചിരിക്കാന്‍  കഴിവുള്ള  ഒരേയൊരു  ജീവി  മനുഷ്യനാണല്ലോ.  സ്വയം  ചിരിക്കാതെ, ഗൌരവഭാവം  പൂണ്ടു  മറ്റുള്ളവരെ  ചിരിപ്പിക്കുക വളരെ  ക്ലേശകരമാണ്, പ്രത്യേകിച്ച്   മലയാളികളെ  ചിരിപ്പിക്കാന്‍   വലിയ  കഷ്ട്ടപ്പാട്  തന്നെ.  അഭിനയത്തിലൂടെ,  ആംഗ്യഭാഷയിലൂടെ,  സംസാരത്തിലൂടെ,  ശബ്ദാനുകരണത്തിലൂടെയൊക്കെ   ഹാസ്യം   കൈകാര്യം  ചെയ്യുന്ന   കലാകാരന്മാര്‍   നമുക്കേറെയുണ്ട്.  പക്ഷെ  ഇതില്‍ നിന്നൊക്കെ  വളരെ  വ്യത്യസ്തവും   ശ്രമകരവുമാണ്  അക്ഷരങ്ങളിലൂടെ   ചിരിപ്പിക്കുക  എന്നത്.   ഹാസ്യം  ഒട്ടും  ചോര്‍ന്നു പോകാതെ,  നിത്യജീവിതത്തില്‍ നാം  കാണുന്നതും  കേള്‍ക്കുന്നതുമായ   രാഷ്ട്രീയ  സാമൂഹ്യ  കാലിക  പ്രാധാന്യമുള്ള  വിഷയങ്ങളെ  ആധികാരികമായി  വിശകലനം  ചെയ്തു,  നര്‍മ്മത്തില്‍  പൊതിഞ്ഞെടുത്തു  അക്ഷരങ്ങളായി   വായനക്കാരന്‍റെ  മുന്നിലെത്തിക്കുകയും  അവ ആസ്വദിച്ചു വായനക്കാരന്‍റെ  ചുണ്ടിലൊരു പുഞ്ചിരി  ഊറി വരികയും  ക്രമേണ   അതൊരു പൊട്ടിച്ചിരിയായി  മാറുകയും   ശേഷം   ചിരി ചിന്തകള്‍ക്ക്   വഴി  മാറുകയും  ചെയ്യുന്നിടത്ത്   ഒരു എഴുത്തുകാരന്‍  വിജയിക്കുന്നു. അത്തരത്തില്‍  ഏറെ  കഴിവുകളുള്ള ഒരനുഗ്രഹീത  എഴുത്തുകാരനാണ്‌    വിരോധാഭാസന്‍    എന്ന തൂലികാനാമം   സ്വീകരിച്ച  പത്തനാപുരത്ത്കാരന്‍   അജി.  

ചിന്തകളെ അക്ഷരങ്ങളാക്കി ഹാസ്യത്തിലൂടെ   ഫലിപ്പിക്കുക  വളരെ   ശ്രമകരമാണ്.  അതിനു ഭാഷാനൈപുണ്യം  വേണം, നിരീക്ഷണ സാമര്‍ത്ഥ്യവും  ചിന്താ ശക്തിയും  വേണം, അതിലുപരി   ആരെയും  നോവിക്കാതെ  ഹാസ്യാത്മക  വിമര്‍ശനത്തിലൂടെ  വാസ്തവത്തിന്റെ   വിത്തുപാകാന്‍  കഴിയണം..  ഇവിടെയാണ്‌  വിരോധാഭാസനെന്ന  എഴുത്തുകാരന്‍  വായനക്കാരന്‍റെ  മനസ്സില്‍  വേറിട്ടൊരു  ഇരിപ്പിടം   നേടിയെടുത്തത്.  കാലിക പ്രാധാന്യമുള്ള  വിഷയങ്ങളെ  ഓടിച്ചിട്ടു  പിടിച്ചിട്ടു,  അതില്‍  മറ്റാര്‍ക്കും  കണ്ടെത്താനാവാത്ത   വിരോധാഭാസങ്ങളെ  ഇഴ കീറി പുറത്തെടുക്കുന്ന  രചനാപാടവം.   മത-രാഷ്ട്രീയ-സാമൂഹിക  പക്ഷപാതമില്ലാതെ   വാര്‍ത്തകളിലെ വിരോധാഭാസങ്ങളെ   വേറിട്ടൊരു  കാഴ്ച്ചപ്പാടിലൂടെ   നിഷ്പക്ഷമായി  വായനക്കാരിലേക്കെത്തിക്കാനായി   സ്വന്തമായൊരു  ആഖ്യാന ശൈലി  മെനെഞ്ഞെടുക്കാന്‍  ഈ എഴുത്തുകാരന്  കഴിഞ്ഞിട്ടുണ്ട്. 

എന്തെഴുതണം, എങ്ങിനെ  എഴുതി തുടങ്ങണം  ഇത്തരം  ചിന്തകളില്‍ കുരുങ്ങിപ്പോകുന്നവര്‍ക്കുള്ള   മറുപടിയും   മാതൃകയുമാണ്   വിരോധാഭാസനെന്ന   എഴുത്തുകാരനും  അദ്ദ്യേഹത്തിന്റെ  അടുത്തിടെ  പ്രസിദ്ധീകരിച്ച " ചില ചന്തി ചിന്തകള്‍"   എന്ന  പുസ്തകവും.  നാം  നിത്യേന  കാണുകയും  കേള്‍ക്കുകയും  ചെയ്യുന്ന   വലിയ  പ്രാധാന്യമൊന്നും നല്‍കാതെ    തള്ളിക്കളയുന്ന,  നിസ്സാരമെന്നു തോന്നിപ്പിക്കാവുന്ന  സംഭവങ്ങള്‍,  മലയാളിയുടെ  കപട സദാചാരത്തിന്റെ  മുഖംമൂടികള്‍, തീക്ഷ്ണമായ  ജീവിതാനുഭവങ്ങള്‍  തുടങ്ങിയ  ഒട്ടനവധി  വിഷയങ്ങളെ   താത്വിക-മൌലിക-കാലിക  വിരോധാഭാസങ്ങളായി   വേര്‍തിരിച്ചു   വായനക്കാരന്  മുന്നിലെത്തിച്ചിരിക്കുകയാണ്   ഈ പുസ്തകത്തിലൂടെ. 

"ചന്തി" എന്ന  വാക്കു  കേള്‍ക്കുമ്പോള്‍  തന്നെ  മിക്കവരും  മുഖം ചുളിക്കുകയും  ആ വാക്കു  ഉച്ചരിച്ചവനെ  കുടുംബത്ത്  കേറ്റാന്‍  കൊള്ളാത്തവന്‍ (ള്‍) ആയി  മുദ്രകുത്തപ്പെടുകയും  ചെയ്യുമ്പോള്‍  തന്നെ  പൃഷ്ഠ -നിതംബ  കാര്യങ്ങളെ  കുറിച്ച്  ചിന്തിക്കാത്തവരും   വര്‍ണ്ണിക്കാത്തവരും  പ്രസ്തുത  ശരീര ഭാഗത്തിന്റെ  ഭംഗി/അഭംഗികളെക്കുറിച്ച് വിസ്തരിക്കാത്തവര്‍  ഉണ്ടാവില്ല  എന്നത്  ഒരു വിരോധാഭാസം   തന്നെയല്ലേ.  

മറ്റെല്ലാ  കാര്യത്തിലുമെന്ന പോലെ തെറി  വിളിക്കുന്ന  കാര്യത്തിലും  മലയാളികള്‍  ഒട്ടും പിന്നിലല്ല. തെറി  പറയുന്നത്  ഭാരത  സംസ്കാരത്തിനു   പ്രത്യേകിച്ച്  കേരളീയ  സംസ്കാരത്തിനു   ഒട്ടും  ഭൂഷണമല്ല  എന്ന്  ശക്തമായി  വാദിക്കുന്ന   ചര്‍ച്ചകളില്‍  പോലും  പരസ്പരം  തെറി  വിളിച്ചു  തല്ലിപ്പിരിയേണ്ടി വരുന്ന   അവസ്ഥയാണല്ലോ  ഇന്ന്.    തെറിയുടെ  സൈക്കോളജിയും   ഗ്രേഡ്  തിരിച്ചുള്ള  തെറികളും   വളരെ   രസകരമായി   പ്രതിപാദിച്ചിരിക്കുന്നു  "മലയാളത്തെറികള്‍"  എന്ന  തലക്കെട്ടോടു കൂടിയ   ചെറു  ലേഖനത്തിലൂടെ. 

"ക്യൂ  പാലിക്കുക"  എന്ന  ബോര്‍ഡിനെ    വിനയത്തോടെ   താണുവണങ്ങാന്‍   ശീലിച്ച  മലയാളിക്ക്   ക്യൂ   പാലിക്കാനുള്ള    സഹിഷ്ണത   അത്ര പോര. അതുപോലെ   തുപ്പല്‍  സംസ്കാരത്തിലെ  വൈവിദ്ധ്യങ്ങളും കൃത്രിമ സുഗന്ധലേപനങ്ങള്‍  പുരട്ടി  നടക്കുന്ന മലയാളിയുടെ    പിന്നാമ്പുറ വൃത്തിവിശേഷങ്ങളിലെയും  വിരോധാഭാസങ്ങളെ  കണ്ടെത്തി  ഹാസ്യരസം  ചേര്‍ത്തു  വിളമ്പിയിട്ടുണ്ട്.  കേരളത്തിലെ   സമരമുറകള്‍,  പുതുതലമുറയെ വരിഞ്ഞുമുറുക്കിയ  സോഷ്യല്‍ മീഡിയ,   കേരളത്തിന്‍റെ    ഹരിത ഭംഗിക്കുമേലുള്ള ഫ്ലക്സുകളുടെ കടന്നുകയറ്റം  എന്ന് വേണ്ടാ   നിത്യജീവിതത്തില്‍   നാം   ശ്രദ്ധിക്കപ്പെടാതെ പോകുന്ന    ചെറുതും  വലുതുമായ  നന്മ തിന്മകളിലെ  വിരോധാഭാസങ്ങളുടെ  ഹാസ്യാവിഷ്ക്കാരമാണ്  ഈ പുസ്തകത്തില്‍  വിഷയീകരിച്ചിരിക്കുന്നത് .

ഓരോ   താളിലൂടെയും   വായന   കടന്നുപോവുമ്പോള്‍  "ഈ കഥാപാത്രം  ഞാനല്ലേ"   അല്ലെങ്കില്‍   "ഈ  വിഷയം ഞാനുമായി  ബന്ധപ്പെട്ടതല്ലേ"   എന്ന്   ഓരോ   വായനക്കാരനെയും   തോന്നിപ്പിക്കുമാറു   വിഷയങ്ങള്‍   തിരഞ്ഞെടുതിരിക്കുന്നതിലെ  വൈദഗ്ദ്ധ്യം   എടുത്തുപറയേണ്ടതാണ്.   വായനക്കിടയില്‍   എപ്പോഴെങ്കിലും    വിരോധാഭാസങ്ങളോട്    ഈ എഴുത്തുകാരന്  എന്താണിത്ര വിരോധം  എന്ന്  വായനക്കാര്‍ക്ക്   ചോദിക്കാന്‍  തോന്നുകയാണെങ്കില്‍  "പത്ര  സംസ്കാരം"  എന്ന  കൊച്ചു ലേഖനത്തിലെ    അവസാന  വരികളില്‍   എഴുത്തുകാരന്‍  തന്‍റെ അഭിപ്രായം ഇങ്ങിനെ  വ്യക്തമാക്കുന്നു. 

"മരങ്ങളെ  സംരക്ഷിക്കാനുള്ള  ബോധവല്‍ക്കരണ  പരസ്യങ്ങള്‍  പത്രങ്ങളായ പത്രങ്ങളില്‍  അച്ചടിക്കുന്നതും വിരോധാഭാസം...!   ഈ കുറിപ്പ്  ഇതുപോലൊരു  പേപ്പറിലോ  കടലാസിലോ അച്ചടിക്കുന്നത് അതിലും വലിയ വിരോധാഭാസം,  അതുകൊണ്ടുതന്നെയാണ്  വിരോധാഭാസങ്ങളോട് വിരോധവും...!" 

ആശയങ്ങളെക്കാള്‍  അതിലൊളിഞ്ഞുകിടക്കുന്ന വൈരുദ്ധ്യങ്ങളെ/ വികടതകളെ  കണ്ടെത്തി,   വ്യത്യസ്തമായ  ആവിഷ്ക്കാരശൈലിയിലൂടെ    വായനക്കാര്‍ക്ക്   സമ്മാനിക്കുന്ന  ഈ എഴുത്തുകാരന്‍, മലയാള സാഹിത്യ ശാഖക്ക്  ഒരു  മുതല്‍ക്കൂട്ടാവുമെന്ന്  ഉറച്ചു  വിശ്വസിക്കാം.  


Monday, 12 January 2015

"കല്‍പ്രമാണം" - എന്‍റെ വായനാനുഭവം





സമകാലിക ജീവിതാനുഭവങ്ങളെ  പ്രതിരോധത്തിന്റെ  തീക്ഷണതയും വൈകാരികതയും  ഇഴചേര്‍ത്ത്,  പാരുഷ്യം  കലര്‍ന്ന ഓര്‍മ്മപ്പെടുത്തലുകളിലൂടെ,  പാരിസ്ഥിതിക ബോധത്തെ  ഉദ്ബോധിപ്പിക്കുന്ന   നോവലാണ്‌   ശ്രീ രാജീവ്  ശിവശങ്കറിന്റെ   "കല്‍പ്രമാണം".

"പഴുക്ക"യെന്ന ഗ്രാമത്തില്‍, ശുദ്ധവായുവിനും, മാലിന്യമുക്തമായ ജലത്തിനും, സ്വച്ഛജീവിതത്തിനും   വേണ്ടി പോരാടി,   എങ്ങുമെത്താതെ   നിസ്സഹായരായി നിശ്വാസമുതിര്‍ക്കുന്ന  ഒരു പറ്റം  നിവാസികളുടെ ജീവിത കഥ ഗംഭീരമായി പറഞ്ഞു.  വായനക്കാരന്‍റെ  മനസ്സിനെ  ഖനനം  ചെയ്തും ഖനീഭവിപ്പിച്ചും  ഒരു പിടി  കഥാപാത്രങ്ങള്‍ക്ക്  ജീവന്‍  നല്‍കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

പാറമടകള്‍ സൃഷ്ട്ടിക്കുന്ന  ജീവിത ദുരിതങ്ങളുടെ  ആനുകാലിക ആവിഷ്കാരമാണ്  ഈ നോവല്‍. ഐതിഹ്യങ്ങളിലും  സങ്കല്‍പ്പങ്ങളിലും വിശ്വാസമര്‍പ്പിച്ച്  സമാധാന ജീവിതം നയിച്ചുവന്നിരുന്ന  നിഷ്കളങ്കരായ ഗ്രാമവാസികളുടെ  ജീവിതം പ്രശ്നഭരിതമായത്   പാറമട ലോബിയുടെ   കടന്നുകയറ്റം  മുതലാണ്‌.

പാറക്കെട്ടുകളും കുന്നും  മലകളും   വൃക്ഷങ്ങളും  നിറഞ്ഞ പ്രകൃതിസുന്ദരമായ പഴുക്കയുടെ  മണ്ണില്‍   അദ്ധ്വാനശീലരായ   ഗ്രാമീണര്‍ പൊന്നു  വിളയിച്ചു.  നാട്ടുനന്മയുടെ  തണലില്‍  വിശ്രമിച്ചിരുന്ന   പഴുക്കയുടെ മാറിലേക്ക്‌  കരിങ്കല്‍മാഫിയുടെ  കഴുകക്കണ്ണുകള്‍  ചൂഴ്ന്നിറങ്ങി.. നാട്ടുകാരില്‍ത്തന്നെയുള്ള  ചിലരുടെ  ഒത്താശയോടെ  ഗ്രാമത്തിന് അജ്ഞാതരായ   ചിലര്‍  ഭൂമി വാങ്ങിക്കൂട്ടുന്നു.  അപ്രതീക്ഷിതമായി   ഒരു ദിവസം   പാറക്കൂട്ടങ്ങള്‍ക്കിടയില്‍   നിന്ന്   ആദ്യത്തെ   വെടി  പൊട്ടി. പാറച്ചീളുകള്‍ ഉയര്‍ന്നു തെറിച്ചു.. പിന്നീടുള്ള  രാപകലുകളില്‍   പഴുക്ക  ഗ്രാമം പാറവെടി  ശബ്ദം കേട്ടു  ഞെട്ടിത്തെറിച്ചുകൊണ്ടേയിരുന്നു. കിളിയൊച്ചകളും നീരരുവികളുടെ  കളകളാരവവും, കാറ്റിന്‍റെ  സംഗീതവുമൊക്കെ  മണ്ണുമാന്തി യന്ത്രങ്ങളുടെയും  കരിങ്കല്‍ ലോറികളുടെയും  മുരള്‍ച്ചകളില്‍ ഇല്ലാതായി.

ആയിടക്കാണ്   വര്‍ഷങ്ങളോളം   ചെന്നൈയില്‍   സ്ഥിരതാമസമായിരുന്ന ബാലകൃഷ്ണന്‍  മാഷും  കുടുംബവും  സ്വന്തം  ഗ്രാമമായ പഴുക്കയിലേക്ക് മടങ്ങി  വന്നത്..  അകാലത്തില്‍   വിധവയായ  ഒരേയൊരു  മകള്‍   ദേവിയുടെ മനസ്സിനേറ്റ  ആഘാതത്തില്‍   നിന്നും  മുക്തി  നേടാന്‍ തന്‍റെ   ഗ്രാമാന്തരീക്ഷത്തിലെ   ജീവിതം   കൊണ്ട്  കഴിയുമെന്ന്   മാഷ്‌   കരുതി.  തന്‍റെ   ഗ്രാമത്തിന്‍റെ   അവസ്ഥ കണ്ടു   മാഷ്‌   ഏറെ ദു:ഖിതനായി. ഉള്ളിലെ  പ്രകൃതിസ്നേഹി  ഉണര്‍ന്നു.   മാഷിന്‍റെ   നേതൃത്വത്തില്‍  "പഴുക്ക   സംരക്ഷണസമിതി " രൂപീകരിച്ചു  പ്രക്ഷോഭങ്ങളും   അനിശ്ചിതകാല   സത്യാഗ്രഹവും   തുടങ്ങി. പക്ഷെ   എതിരാളികള്‍   ശക്തരും അപകടകാരികളുമായിരുന്നു. മത-രാഷ്ട്രീയ-കുത്തകമുതലാളിത്തങ്ങള്‍ക്ക് മുന്നില്‍   സമരസമിതിയുടെ  പ്രക്ഷോഭങ്ങള്‍    വേണ്ടത്ര   ഫലം   കണ്ടില്ല. ആസൂത്രിതമായ  കൊലപാതക ശ്രമത്തില്‍  ബാലകൃഷ്ണന്‍ മാഷിന്‍റെ ഇരുകാലുകളും നഷ്ട്ടമായതോടെ   സമരസമിതിയുടെ   നേതൃത്വം   മാഷിന്‍റെ മകള്‍   ദേവി  ഏറ്റെടുക്കുന്നു.

പ്രക്ഷോഭങ്ങള്‍   തുടരുമ്പോഴും   പാറമട ലോബികള്‍  പഴുക്കയെ  തുരന്നു കൊണ്ടേയിരുന്നു.   അന്തരീക്ഷത്തിനു   വെടിമരുന്നിന്റെ   മണം. കുടിവെള്ളത്തിനു   പാറപ്പൊടിയുടെ   ചുവ. ശ്വാസകോശ  രോഗങ്ങള്‍  പഴുക്ക ഗ്രാമാവാസികളെ   കാര്‍ന്നു  തിന്നാന്‍   തുടങ്ങി..   പാറമടകളാല്‍   വികൃതമാക്കപ്പെട്ട   പഴുക്കയില്‍    തുടരെത്തുടരെയുള്ള   ഉരുള്‍ പൊട്ടലും, ഭൂമി കുലുക്കവും  ജനങ്ങളുടെ    ജീവനും   സ്വത്തിനും  ഭീഷണിയായി തുടങ്ങി. പലരും   ഗ്രാമം  വിട്ടു പോയി.  ഗത്യന്തരമില്ലാത്തവര്‍   മരണത്തിന്റെ   കാലൊച്ചക്ക്   കാതോര്‍ത്തു   ഉമ്മറത്തിണ്ണകളില്‍ നിസ്സഹായതയുടെ നെടുവീര്‍പ്പുകളുതിര്‍ത്തു . പോരാട്ടത്തിന്‍റെ,  അതിജീവനത്തിന്റെ, സഹനസമരം 3250 ദിവസങ്ങള്‍  പിന്നിട്ട   ശേഷം ഫലം  കാണാതെ അവസാനിപ്പിച്ചു.

ഏറെ  ചര്‍ച്ചചെയ്യപ്പെട്ട  ഗാഡ്ഗില്‍  റിപ്പോര്‍ട്ടും  കസ്തൂരിരംഗന്‍  റിപ്പോര്‍ട്ടും പരാമര്‍ശവിധേയമാക്കിയ  ഈ നോവലിന്‍റെ  പ്രമേയം  പരിസ്ഥിതി സമരമാണെങ്കിലും   ഒട്ടേറെ കഥാപാത്രങ്ങളെക്കൂടി  ഇതില്‍ വിളക്കിചേര്‍ത്തിയിട്ടുണ്ട്.   പഴുക്കയുടെ  പുരാവൃത്തത്തിലേക്ക്, പുരാണങ്ങളെയും   വിശ്വാസങ്ങളെയും   സങ്കല്‍പ്പങ്ങളെയും  കഥാ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായി സന്നിവേശിപ്പിക്കാന്‍  കഥാകാരന്   കഴിഞ്ഞിട്ടുണ്ട്.  തട്ടും   തടവുമില്ലാതെ   ഏതൊരു വായനക്കാരന്‍റെയും   മനസ്സിലേക്ക്  ആഴ്ന്നിറങ്ങാന്‍  കഴിയുംവിധത്തിലുള്ള  ആഖ്യാന ശൈലി. കാലാകാലങ്ങളില്‍ തിരഞ്ഞെടുപ്പു  മുദ്രാവാക്യങ്ങളിലൂടെ മോഹനവാഗ്ദാനങ്ങള്‍  വാരിയെറിഞ്ഞു പൊതുജനങ്ങളെ   കബളിപ്പിച്ചു, കുത്തകമുതലാളിത്തത്തിനു ചുക്കാന്‍  പിടിക്കുന്ന, മാറി മാറി ഭരണത്തില്‍   വരുന്ന  രാഷ്ട്രീയവാദികളുടേയും മുഖങ്ങള്‍,  ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തില്‍  പഴുതുകള്‍   അടച്ചുകൊണ്ട്‌  ആവിഷ്കരിക്കുന്നതില്‍   രചയിതാവ് പ്രത്യേക വൈദഗ്ദ്ധ്യം സൂക്ഷിച്ചിരിക്കുന്നു.

ഏറെക്കാലമായി, തിരക്കു പിടിച്ച   നിരത്തിലൂടെ , വാഹനങ്ങള്‍   വെറുപ്പോടെ പുറത്തേക്കു തുപ്പുന്ന  കരിമ്പുക ജീവവായുവിനോടൊപ്പം  കലര്‍ത്തി ശ്വാസോച്ഛ്വാസകര്‍മ്മം   നിര്‍വ്വഹിച്ചും കീടനാശിനി  തളിച്ച് തിണര്‍പ്പിച്ച   പച്ചക്കറികള്‍   വാങ്ങിത്തിന്ന്  ആരോഗ്യത്തെ   അനാരോഗ്യത്തിലേക്ക്   നയിക്കുമ്പോഴും,    ജീവിച്ചു  കൊതി തീരാത്ത   പാലക്കാടന്‍ ഗ്രാമത്തിന്‍റെ പച്ചത്തുരുത്ത്  തേടി  മനസ്സ്   പലവട്ടം  കുതറിയോടിയിട്ടുണ്ട് .  പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെ പശ്ചിമഘട്ട/പ്രകൃതി  സംരക്ഷണത്തെക്കുറിച്ചും   അനധികൃത പാറമടകളെക്കുറിച്ചുമുള്ള   വാര്‍ത്തകള്‍ മുന്നിലെത്തുമ്പോള്‍, പ്രദേശവാസികളുടെ ജീവിതത്തെക്കുറിച്ച്  ആഴത്തിലൊന്നും ചിന്തിച്ചിരുന്നില്ല. ഉന്നതങ്ങളില്‍  പിടിപാടുള്ളവരുടെ  ഒത്താശയോടെ   പ്രകൃതിയെ   തുരന്നു നേട്ടം  കൊയ്യുന്നവരെയും അത്തരക്കാരുടെ  ചൂഷണങ്ങള്‍ക്ക്   വിധേയരാകുന്ന ഒരു  പറ്റം  ഗ്രാമവാസികളെയും   "കല്‍പ്രമാണം"    എന്ന നോവലിലൂടെ   അറിയാന്‍  കഴിഞ്ഞു.

പരിസ്ഥിതിയുടെ   താളക്രമങ്ങളും  രാഷ്ട്രീയ വിശ്വാസത്തിന്റെ  തകിടംമറിച്ചിലുകളും  ഈ നോവലിനെ  അന്തസ്സുറ്റതാക്കുന്നു.  പാരിസ്ഥിതിക പ്രതിസന്ധികളും  സ്വൈര്യജീവിതത്തിനുള്ള വേണ്ടിയുള്ള  പോരാട്ടങ്ങളും  അടുത്തകാലത്തായി   ഏറെ  കണ്ടുവരുന്ന  സാഹചര്യത്തില്‍   ചര്‍ച്ച ചെയ്യപ്പെടേണ്ട   വിഷയം   തന്നെയാണ്   കല്‍പ്രമാണം.    മൌലികവും   സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുള്ള   ഒരു നോവല്‍   എന്ന  നിലയില്‍   അംഗീകാരങ്ങള്‍   "കല്‍പ്രമാണ"ത്തിലൂടെ നോവലിസ്റ്റിനെ   തേടിയെത്തുമെന്ന്   ഉറച്ചു   വിശ്വസിക്കാം..

ശ്രീ   രാജീവ്  ശിവശങ്കറിന്  ആശംസകള്‍.. !!!!







Friday, 11 April 2014

"പ്രാണസഞ്ചാരം" .... വായനയിലൂടെ..!!!




മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍, തൊഴില്‍പരമായ തകര്‍ച്ചകള്‍, മാറാരോഗം, വിവാഹത്തിനുള്ള തടസ്സങ്ങള്‍,  പഠനത്തില്‍ പെട്ടെന്നുണ്ടാകുന്ന താല്‍പര്യക്കുറവ്, വരുമാനത്തില്‍ ബര്‍ക്കത്ത് ഇല്ലായ്മ, കെട്ടിടം വില്‍ക്കാനുള്ള വൈഷമ്യങ്ങള്‍, കുടുംബപരമായ പ്രശ്നങ്ങള്‍, സ്നേഹിക്കുന്നവരുടെ അകന്നു മാറല്‍,  വിദേശ യാത്രക്കുള്ള തടസ്സങ്ങള്‍ അങ്ങിനെയങ്ങിനെ നിത്യജീവിതത്തില്‍ ഓരോരുത്തരും  നേരിടുന്ന  പ്രശ്നങ്ങള്‍ നിരവധി..

ഒരു ശരാശരി മലയാളിക്ക്, അവനെത്ര സാക്ഷരനാണെങ്കിലും  ഒരിക്കലെങ്കിലും വാസ്തു, ജ്യോതിഷം, മന്ത്രവാദം, കൈനോട്ടം, ജാതകം നോക്കല്‍ തുടങ്ങിയ ഏതുമായെങ്കിലും  ബന്ധപ്പെടാതിരിക്കാനാകാത്ത  അവസ്ഥ ഉണ്ടായേക്കാം. നിരീശ്വരവാദവും യുക്തിവാദവും ഒക്കെ കൈമുതലാക്കിയവരും, ചില വിഷമഘട്ടങ്ങളില്‍,  മേല്‍പ്പറഞ്ഞ വഴികളിലൂടെ  സഞ്ചരിക്കാതിരിക്കില്ല..

സമൂഹത്തിന്റെ അരികുകളിലും മനുഷ്യ മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തു കൊണ്ടുവരുകയാണ് "പ്രാണസഞ്ചാരം"  എന്ന നോവലിലൂടെ  പ്രശസ്ത നോവലിസ്റ്റ്   ശ്രീ രാജീവ്‌ ശിവശങ്കര്‍.ആശയത്തിലും,ആഖ്യാനത്തിലും ഏറെ വ്യത്യസ്തതയും,പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ സൃഷ്ടി "തമോവേദ" ത്തിനു ശേഷം ശ്രീ രാജീവ്‌  ശിവശങ്കറിന്‍റെ തൂലികയില്‍ നിന്നും പിറവിയെടുത്ത  ശക്തമായ നോവല്‍ ആണ്.

ആനന്ദന്‍ പുരുഷോത്തമന്‍ എന്ന ചെറുപ്പക്കാരനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ജോലിയിലെ ആത്മാര്‍ഥതയും മിടുക്കും കേട്ടറിഞ്ഞു, ആകര്‍ഷകമായ ശംബളം വാഗ്ദാനം ചെയ്തു ഫിന്‍ലൈഫ്‌ എന്ന ധനകാര്യ സ്ഥാപനം ആനന്ദനെ  തങ്ങളുടെ സ്വന്തമാക്കുന്നു.. പുതിയ ഓഫീസില്‍ ചാര്‍ജ്ജെടുത്തു,  മേലുദ്യോഗസ്ഥനെ കാണാന്‍ ചെല്ലുക എന്ന  സാമാന്യ മര്യാദകള്‍ പാലിച്ചില്ലെന്ന  പേരിലായിരുന്നു   പ്രശ്നങ്ങളുടെ  തുടക്കം. അവിടെ തന്നെ ജോലി ചെയ്യുന്ന രണ്ടു പേര്‍ വിലക്കിയതിന്റെ പേരിലാണ് താന്‍ ബോസ്സിനെ കാണാന്‍ വരാതിരുന്നത് എന്ന് പറഞ്ഞപ്പോള്‍ മേലധികാരി വീണ്ടും  ക്ഷോഭിച്ചു.. കാരണം ആനന്ദന്‍ പറഞ്ഞ ആ രണ്ടു പേരും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിലും ആത്മഹത്യചെയ്തും മരിച്ചു പോയവരായിരുന്നു. പിന്നീടങ്ങോട്ട്  യൂണിയന്‍ നേതാവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ.   പലരുടെയും  കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും   വെളിച്ചത്തു വരുമെന്നായപ്പോള്‍, സഹപ്രവര്‍ത്തകരില്‍  ചിലര്‍  ഒറ്റക്കെട്ടായി ആനന്ദന്റെ നിഗൂഡതകള്‍   തേടി യാത്രയായി.. ചെന്നെത്തിപ്പെട്ടത്‌ ആനന്ദനെ ചികിത്സിക്കുന്ന ഡോക്ടര്‍ രാജമൂര്‍ത്തിയുടെ മുന്നിലായിരുന്നു..   ചികിത്സയുടെ ഭാഗമായി, വികാര വിചാരങ്ങളും  അനുഭവങ്ങളും  കുറിച്ചിട്ട  ഡയറിയിലൂടെ, ആനന്ദനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കും  അതുവഴി ജ്യോതിഷത്തിലും മന്ത്രവാദത്തിലും ഹൈക്കുലസ്സിഹാമെന്ന അറബി മാന്ത്രികത്തിലും  അന്ധമായി വിശ്വസിച്ചു  അധപതിച്ചു പോയ കുറെ മനുഷ്യ മനസ്സുകളുടെ വിഭ്രാത്മകമായ വഴികളിലൂടെ  വായനക്കാരെ കൊണ്ട് പോകുന്നു..

ഇനി ആനന്ദനെ  പരിചയപ്പെടാം.
അച്ഛനും അമ്മയും  അനിയത്തിയും അമ്മൂമ്മയും അപ്പൂപ്പനും അമ്മാവന്മാരും ഒക്കെ അടങ്ങുന്ന  ഭേദപ്പെട്ട തറവാട്ടിലെ ഒരു കൂട്ട് കുടുംബത്തിലായിരുന്നു  ആനന്ദന്‍ വളര്‍ന്നത്‌.  കടുക്കാച്ചി മാവിന്‍ ചോട്ടിലും, പാടത്തും പറമ്പിലും പുഴയോരത്തും  തുള്ളിത്തെറിച്ചു  നടന്നിരുന്ന ബാല്യവും കൌമാരവും.  കൌമാര കാലത്തിന്‍റെ അവസാന നാളുകളില്‍ ഒരു ദിവസമാണ്  അയല്‍പക്കത്തെ  പെണ്‍കുട്ടിയില്‍ നിന്നും  ഓജോ ബോര്‍ഡ്‌ വഴി മരിച്ചു പോയവരുടെ ആത്മാവുമായി സംവദിക്കുന്ന കൗതുക  ലോകത്തെ കുറിച്ച് അറിയുന്നത്.

കോളജ്‌ പഠനകാലത്തെ കൂട്ടുകാരന്‍  പീറ്ററിലൂടെയാണ്,  ഉഗ്രമൂര്‍ത്തികളെന്നു  പറയപ്പെടുന്ന വടുകഭൈരവന്‍, വീരഭദ്രന്‍, കര്‍ണ്ണപിശാചിനി  എന്നീ ദുര്‍ദേവതകളെ ഉപാസിച്ചിരുന്ന  പീറ്ററിന്റെ അപ്പൂപ്പനെ കുറിച്ച് അറിയുന്നത്.  പക്ഷെ ആനന്ദന്റെ ജീവിതം മാറ്റി മറിച്ചത് ഇതൊന്നുമായിരുന്നില്ല.

ആനന്ദന്റെ ചെറിയമ്മാവന്‍ ആയിരുന്നു ഭാര്‍ഗ്ഗവന്‍ പിള്ള.. സുന്ദരനും സുശീലനുമായിരുന്ന ചെറുപ്പക്കാരന്‍..  സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ഭാര്‍ഗ്ഗവന്‍ ചെറുപ്പത്തിലെ തന്നെ സ്വന്തം  മുറി ഒരു പരീക്ഷണശാലയാക്കി മാറ്റിയിരുന്നു..  അമ്മാവനും അദ്ധേഹത്തിന്റെ  പുതിയ പുതിയ കണ്ടുപിടുത്തങ്ങളും ആനന്ദന്റെ കൌതുകമായിരുന്നു. വലിയമ്മാവന്‍ ചന്ദ്രശേഖരന്‍   കവിതാരചനയും   അല്പസ്വല്പം രാഷ്ട്രീയവുമായി  നടക്കുന്നയാള്‍. എല്ലാം കൊണ്ടും സമാധാനപരമായൊരു കുടുംബാന്തരീക്ഷം..

വരാനിരിക്കുന്ന ദുര്‍ഗ്ഗതികളുടെ മുന്നോടിയായിട്ടാവാം, ആ കുടുംബത്തെ ഉലച്ച  ആ സംഭവം.. ഭാര്‍ഗ്ഗവന്‍ പ്രേമിച്ചിരുന്ന  രാധ എന്ന പെണ്‍കുട്ടി, പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു.  പ്രേമത്തിന്‍റെ പേരില്‍  പഠിത്തം ഉഴപ്പാതിരിക്കാന്‍ വേണ്ടി ഇരു കുടുംബങ്ങളും  തീരുമാനിച്ചതായിരുന്നു പരീക്ഷയില്‍ രണ്ടുപേരും   ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ചാല്‍ മാത്രമേ   വിവാഹം നടത്തുകയുള്ളൂ  എന്ന്. പരീക്ഷാഫലം വന്നപ്പോള്‍ രാധ   തോറ്റു.. ഭാര്‍ഗ്ഗവനെ നഷ്ട്ടപ്പെടുമെന്നോര്‍ത്തു  രാധ  ഒരു തുണ്ടു കയറില്‍ ജീവിതം അവസാനിപ്പിച്ചു..   ഈ സംഭവം ഭാര്‍ഗ്ഗവനെയും കുടുംബത്തെയും വല്ലാതെ പിടിച്ചുലച്ചു.. പ്രണയിനിയുടെ  നഷ്ട്ടം താങ്ങാനാവാതെ,  വല്ല്യേട്ടന്  ഒരു കുറിപ്പ്  എഴുതി വെച്ച് ഭാര്‍ഗ്ഗവന്‍  നാടു വിട്ടു..

നീണ്ട ഇരുപതു വര്‍ഷങ്ങള്‍.. ഇതിനിടയില്‍  ആനന്ദന്റെ  കുഞ്ഞനിയത്തി മരണപ്പെട്ടു..   വല്യമ്മാവന്‍  ശ്യാമളമ്മായിയെ  വിവാഹം കഴിച്ചു.. കുടുംബത്തില്‍ എന്തൊക്കെയോ ദുസ്സൂചനകള്‍ കാണാന്‍ തുടങ്ങി..  നാടുവിട്ടു പോയ  ഭാര്‍ഗ്ഗവന്‍  ഒരു സിദ്ധന്‍ ആയി തിരിച്ചെത്തി.  ചുറുചുറുക്കോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന  പഴയ ആ ചെറുപ്പക്കാരന്റെ  സ്ഥാനത്തു, താടിയും മുടിയും നീട്ടി വളര്‍ത്തിയ,  അത്യാവശ്യത്തിനു അളന്നു തൂക്കി മാത്രം അക്ഷരങ്ങള്‍ പുറത്തേക്കു തുപ്പി തെറിപ്പിക്കുന്ന , കണ്ണുകളില്‍  കടലോളം  നിഗൂഡതകള്‍  ഒളിപ്പിച്ചു  വെച്ച  മഹാ മന്ത്രവാദി.

പ്രേതബാധ ഒഴിപ്പിക്കാന്‍ വേണ്ടിയും, ശത്രുക്കള്‍ക്കെതിരെ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യാനും ഒക്കെയായി,  ആളുകളുടെ നീണ്ട നിര  തറവാട്ടിന്റെ മുറ്റത്ത്‌ കാത്തു നിന്നു. സമാധാനപരമായ  അന്തരീക്ഷം കുടുംബത്തിന് നഷ്ട്ടമായി..  ഹരിനാമകീര്‍ത്തനവും നാരായണീയവും സന്ധ്യാനാമവും  ഒക്കെ ഉയര്‍ന്നു കേട്ട അകത്തളങ്ങളില്‍ നിന്ന്   ചാത്തന്‍ സേവയുടെയും കര്‍ണ്ണപിശാനി മന്ത്രങ്ങളും,  രക്തക്കുരുതിയുടെ  മനം മടുപ്പിക്കുന്ന  ഗന്ധവും, പുകയും,  പ്രേതം ബാധിച്ചവരുടെ  അട്ടഹാസങ്ങളും മാത്രം..  എന്തിനും ഏതിനും ഭാര്‍ഗ്ഗവന്‍ മന്ത്രവാദിയുടെ  സഹായിയായി  കാര്‍പ്പരകന്‍ എന്ന ഭീകരത തോന്നിക്കുന്ന മുഖമുള്ള മനുഷ്യനും.

എതിര്‍ത്തവരെയും  ചോദ്യം ചെയ്തവരെയും  രക്തബന്ധം പോലും മറന്നു   ഒന്നൊന്നായി ഭാര്‍ഗ്ഗവന്‍  തളര്‍ത്തിയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നട്ടെല്ലുകള്‍   വീട്ടു വളപ്പിലെ  പട്ടടകളില്‍  പൊട്ടിത്തെറിച്ചു.   അപ്പൂപ്പന്‍,  അമ്മൂമ്മ, അമ്മ, അച്ഛന്‍,  അങ്ങിനെ ഓരോരുത്തരെയായി  ആനന്ദന് നഷ്ട്ടമായി.  കാമകേളികള്‍ക്കായി ജ്യേഷ്ഠസഹോദരന്‍റെ  ഭാര്യ ശ്യാമളയെ  വശീകരിച്ചു  ഭാര്‍ഗ്ഗവന്‍ തന്റെ സ്വന്തമാക്കി.   തകര്‍ന്നു പോയ വല്യമ്മാവന്‍ എവിടൊക്കെയോ അലഞ്ഞുതിരിഞ്ഞു.  അവസാനത്തെ ഊഴം ആനന്ദന്റെ ആയിരുന്നു. മന്ത്രവാദപ്പുരയില്‍ നിന്നും ഉയര്‍ന്നു വന്ന മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലടിച്ചപ്പോള്‍ വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കിയ ആനന്ദനെ  ഭാര്‍ഗ്ഗവനമ്മാവന്‍   എന്ന മന്ത്രവാദി, തന്‍റെ  ആഭിചാര മന്ത്രശക്തിക്കിരയാക്കി.     നീണ്ട ഒരു മയക്കത്തില്‍ നിന്നും ആനന്ദന്‍ ഉണര്‍ന്നെണീറ്റത് മറ്റൊരു ലോകത്തായിരുന്നു. അമ്മാവന്‍റെ മന്ത്രവാദത്തിനിരയായ ആനന്ദന് പിന്നെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും  തമ്മില്‍ വേര്‍തിരിച്ചു  അറിയാന്‍ കഴിഞ്ഞില്ല.  

പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കുള്ള അഭിരുചി നിര്‍ണ്ണയ ചോദ്യാവലിയില്‍ ഭാര്യയുടെ പേരിന്‍റെ സ്ഥാനത്ത്   എഴുതി ചേര്‍ത്ത യാമിനി എന്ന പേരിന്‍റെ ഉടമ പോലും ആനന്ദനെ കണ്ണിനും മനസ്സിനും മാത്രം ദൃശ്യമാണെന്നു പറയുമ്പോള്‍,  വിശ്വസിക്കാന്‍ പ്രയാസം തോന്നും..  മരിച്ചവരെയും  ജീവിച്ചിരിക്കുന്നവരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍,   പല അവസരത്തിലും മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുമ്പോള്‍   ആനന്ദന്‍ വായനക്കാരുടെ മനസ്സില്‍  ഒരു നൊമ്പരമായി മാറുന്നു.

യുക്തിവാദിയും നിരീശ്വരവാദിയുമായ കൊച്ചച്ചന്‍,  നേരെ വിപരീതമായി അന്ധവിശ്വാസിയായ  സുഭദ്രക്കുഞ്ഞമ്മ,    ചാത്തന്‍ സേവ നടത്തി പ്രശസ്തനായി ,  അവസാനം ഭാര്‍ഗ്ഗവന്‍ പിള്ളയുടെ ആഭിചാരത്തിനു ഇരയായി തളര്‍ന്നു പോയ മിഞ്ചിക്കാട്ടെ നാരായണന്‍,  ഇങ്ങിനെ ഒട്ടനവധി കഥാപാത്രങ്ങള്‍  ഈ നോവലിലൂടെ  കടന്നു പോകുന്നു. 

ഈ നോവലിന്‍റെ രചനയ്ക്കായി മന്ത്രവാദികള്‍, ജ്യോത്സ്യന്മാര്‍, മന:ശാസ്ത്രജ്ഞര്‍   എന്നിവരെ കൂടാതെ മന്ത്രവാദത്തെ   അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായരുടെ അനുഭവങ്ങള്‍ തേടിപ്പോകേണ്ടി വന്നിട്ടുണ്ടെന്നും, മന്ത്രവാദ സംബന്ധമായ കുറിപ്പുകള്‍ക്ക് ഡോ.എം. ആര്‍. രാജേഷ്‌ ഉള്‍പ്പെടെയുള്ളവരുടെ വിലപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിച്ചിട്ടുണ്ടെന്നും  നോവലിസ്റ്റ്  വെളിപ്പെടുത്തുന്നു.. 

പ്രശസ്ത  മലയാള  സാഹിത്യകാരനും അദ്ധ്യാപകനും  പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ ഡി. സി. ബുക്സിന്റെ സ്ഥാപകനുമായ   ഡി. സി. കിഴക്കേമുറി എന്ന ഡൊമിനിക്‌ ചാക്കോ കിഴക്കെമുറിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ഡി. സി. സാഹിത്യോത്സവത്തില്‍, തിരഞ്ഞെടുത്ത നൂറു എഴുത്തുകാരുടെ നൂറു കൃതികളില്‍  ഇടംനേടിയ  നോവല്‍  കൂടിയാണ്  "പ്രാണസഞ്ചാരം"  

ആഖ്യാനശൈലി കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന  ശ്രീ രാജീവ്‌ ശിവശങ്കറിന്റെ  കിരീടത്തില്‍  "പ്രാണസഞ്ചാരം"  എന്ന ഈ നോവല്‍  ഒരു പൊന്‍തൂവല്‍  കൂടി ചാര്‍ത്തുന്നു.    കഥാകൃത്തിന് ഭാവുകങ്ങള്‍ നേരുന്നു.. !!


- പത്മശ്രീ നായര്‍ -












Sunday, 16 February 2014

"തമോവേദം" - വായനയിലൂടെ..!!!





സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനേക്കാള്‍ ഫലപ്രദമാണോ

തിന്മകളെ ഒളിപ്പിച്ചു വെച്ച് മനുഷ്യന്‍ നടത്തുന്ന സദ്കര്‍മ്മങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടോ??
  
അത്യന്നതങ്ങളിലെ ദൈവം കണ്ണടയ്ക്കുമ്പോള്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഇരുളിന്റെ ചക്രവര്‍ത്തിമാര്‍ പല്ലിളിക്കുന്നുചോദിച്ച വരങ്ങള്‍ കിട്ടാതെ വരുന്ന സാമാന്യജനം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ചെകുത്താനെ കൂട്ടുപിടിക്കാന്‍ തയ്യാറാവുന്നു.  സമൂഹം ക്ഷുദ്രമെന്നും തിന്മയെന്നും മുദ്രകുത്തിയ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ ആരാധനാപൂര്‍വ്വം ആഘോഷിക്കുന്ന വിശ്വനാഥന്‍ പറയുന്നു സാത്താനാണ് ദൈവമെന്ന്..

കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും തുളസിക്കതിരിന്റെയും സുഗന്ധം വമിക്കുന്ന,  പൂജയും മന്ത്രോച്ചാരണങ്ങളും അന്തരീക്ഷത്തെ പവിത്രമാക്കുന്ന, അമ്പോറ്റിത്തറവാട്ടിലെ  സന്തതി വിശ്വനാഥന്‍ ജനിച്ചു വീണപ്പോള്‍ തന്നെ ഒന്നിനു പിറകെ മറ്റൊന്നായി അനര്‍ത്ഥങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇരുട്ടിനെ പേടിയില്ലായിരുന്നു, മുട്ടിലിഴയുന്ന പ്രായത്തില്‍ തന്നെ പാമ്പും പഴുതാരയുമായിരുന്നു കൂട്ടുകാര്‍.. വിശ്വം വളരുന്നതിനനുസരിച്ച് അവന്‍റെയുള്ളിലെ സാത്താനും വളര്‍ന്നു.. ഇതിനിടയിലും വേണ്ടുവോളം വിദ്യാഭ്യാസം നേടിയെടുത്തു.   

കൊച്ചു പ്രായത്തില്‍ തന്നെ മദ്യത്തിന്‍റെ രുചിയറിഞ്ഞു.പുകവലി ശീലമാക്കി. അവന്‍റെ നോട്ടം പതിച്ച ഒരു പെണ്ണിനും അവനില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല..  സ്ത്രീയെന്നാല്‍ കാമ തൃഷ്ണ അടക്കാനുള്ള ഒരുപകരണം മാത്രം..   പ്രണയമില്ല, സ്നേഹമില്ല, പ്രായവ്യത്യാസമില്ല.. കന്യാസ്ത്രീ മുതല്‍ കളിക്കൂട്ടുകാരി വരെ അവന്‍റെ കാമത്രുഷ്ണക്ക് ഇരയായി.. വിശ്വനെ ചൊല്ലി ഉറ്റവരും ഉടയവരും വേദനിച്ചു..  

ആത്മീയ ഗ്രന്ഥങ്ങളെ അശുദ്ധമാക്കി.. ദൈവത്തെയും ദൈവ വിശ്വാസികളെയും  വെറുത്തു.. ഗുണദോഷിക്കാന്‍ വരുന്നവരെയും തന്‍റെ വഴികളില്‍ തടസ്സമാവുമെന്ന് തോന്നിയവരെയും   വെട്ടി മാറ്റി.  മാതാപിതാക്കള്‍ മകന്‍റെ വഴിവിട്ട ജീവിതം കണ്ടു നീറി നീറി മരിച്ചു. ഇതിനിടയില്‍ കൂട്ടായിരുന്ന സുഹൃത്തിനെ കൊല ചെയ്തു വിശ്വനാഥന്‍ കാവതിയെന്ന സ്വന്തം ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. 

കൊച്ചി നഗരത്തിലെ  നീണ്ട പത്തു വര്‍ഷം..  സാത്താന്‍ വിശ്വനെ പനപോലെ വളര്‍ത്തി. കൂട്ടിനു സാത്താന്‍റെ  സന്തതികള്‍ വേറെയും.. പകല്‍വെളിച്ചത്തില്‍ മാന്യതയുടെ മൂടുപടമണിഞ്ഞ പലരുടെയും മുഖംമൂടികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍   നിശാവസ്ത്രത്തോടൊപ്പം അഴിഞ്ഞു വീണു. കഞ്ചാവും കള്ളക്കടത്തും  അധോലോക പ്രവര്‍ത്തനവും വിശ്വനാഥനെ കുത്തഴിഞ്ഞൊരു ലോകത്തിന്‍റെ അധിപനാക്കി.. 

ആരാധനാലയങ്ങള്‍ കുര്‍ബാനകള്‍ക്കും ദീപാരാധനകള്‍ക്കും ശേഷം നടയടയ്ക്കുമ്പോള്‍   എവിടെയോ നിന്ന് ദുഷ്ടശക്തിയെ ആവാഹിക്കാനുള്ള ആരാധന മന്ത്രങ്ങള്‍ ഉയരുന്നു. സാത്താന് വേണ്ടി പള്ളികള്‍ പണിതു.. ചോരയും മൂത്രവും  തലയോട്ടിയില്‍ സംഭരിച്ച രജസ്വല രക്തവും സാത്താന് നിവേദിച്ചു.. വ്യഭിചാരം, ജാരവൃത്തി, ഗര്‍ഭചിദ്രം, സ്വയംഭോഗം ഇവയൊന്നും പാപമല്ലെന്നു അനുയായികളെ പഠിപ്പിച്ചു. ദൈവത്തെക്കാള്‍ ശക്തി   ചെകുത്താനാണെന്നു വിശ്വസിപ്പിച്ചു. പുളഞ്ഞാടിയ ദിനരാത്രങ്ങള്‍..തെളിവുകളൊന്നും ബാക്കി വെക്കാത്തതിനാല്‍, ഇതേക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികള്‍ അന്ധവിശ്വാസമെന്ന്  പറഞ്ഞു അധികാരികള്‍ പുച്ഛത്തോടെ തള്ളി.. അഥവാ പച്ച നോട്ടു കെട്ടുകള്‍ അവരെ കൊണ്ട് അങ്ങനെ പറയിപ്പിച്ചു. 

എല്ലാത്തിനും ഒരവസാനം എന്നത് കാലത്തിന്‍റെ നിശ്ചയം.. വാളെടുത്തവന്‍ വാളാല്‍.. തല്ലാനും കൊല്ലാനും കൂടെ നിന്ന സുഹൃത്തിന്‍റെ കൈ കൊണ്ട് വിഷം അകത്തു ചെന്ന വിശ്വത്തിന്‍റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. പാതിമയക്കത്തിലെന്നപോലെ  മരണത്തിന്‍റെ പടിവാതില്‍ വരെ ചെന്നെത്തി നോക്കിയിട്ട്  ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നു ഒരു പുതിയ മനുഷ്യനായി.. 

തറവാട്ടിലേക്ക് തിരിച്ചു പോയ വിശ്വം  നിലവറയിലെ പൂജാമുറിയില്‍ ആദ്യമായി ദീപം തെളിച്ചു.. സര്‍പ്പക്കാവിലും മണ്മറഞ്ഞുപോയ കാരണവന്മാരുടെ സമാധികളില്‍  ചെന്ന് സാഷ്ട്ടാംഗം    നമസ്കരിച്ചു.. ജീവിതത്തില്‍ ആദ്യമായ്‌ ചെയ്യുന്ന സദ്കര്‍മ്മം.. പിറന്ന നാടിനെയും പുഴയും കാറ്റിനെയും  കിളികളേയും സ്നേഹിച്ചു.. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ കണ്ടപ്പോള്‍ തറവാട് സന്തോഷിച്ചു.. 

പക്ഷെ എല്ലാം വെറുതെയായിരുന്നു..  തറവാട്ടു തേവരെ തൊഴാന്‍ പോയ വിശ്വത്തെ സാത്താന്‍ വിട്ടു കൊടുത്തില്ല.. ഇളം കാറ്റ് കൊടുംകാറ്റായ്‌  ചീറിയടിച്ചു. പെരുമഴയില്‍ പുഴ സംഹാര രുദ്രയായി, മരങ്ങള്‍ കടപുഴകി വീണു.. വിശ്വന്റെ കണ്ണുകളില്‍ രൗദ്രഭാവം.. അവന്‍ അട്ടഹസിച്ചു.. വീണ്ടും ചെകുത്താന്‍റെ  ചിരി.. 

ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഓരോ മണിക്കൂറിലും കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണ് സാത്താന്‍ ആരാധനയുടെ കേരളതലസ്ഥാനം. കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ലഹരിയിലാണ് പുതിയ ധ്യാനക്രമം തഴച്ചുവളരുന്നത്. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്‍റെ തമോരാശികളിലെക്കുള്ള ഒരു അസാധാരണമായ സഞ്ചാരമാണ്  രാജീവ്‌ ശിവശങ്കര്‍ എഴുതിയ "തമോവേദം" എന്ന നോവല്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണത്രേ  രാജീവ് തമോവേദം പൂര്‍ത്തിയാക്കിയത്. നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ഒറ്റപ്പെട്ട വീടുകളും കോളേജ്‌ ഹോസ്റ്റല്‍ മുറികളും ഫോര്‍ട്ട്‌ കൊച്ചിയിലെ ഹോംസ്റ്റേയിലും തിരക്കൊഴിഞ്ഞ വീഥിയിലെ കടമുറികളിലും ആണത്രേ ആധുനിക യുവത്വത്തിന്‍റെ തമോവേദക്കാര്‍ താവളമാക്കിയിരിക്കുന്നത്.     

നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു രാജീവിന്. സാത്താന്‍ എന്ന സങ്കല്പത്തെ പുനര്‍വായിക്കുകയാണ് ഈ നോവലിലൂടെ.

ഇതിന്‍റെ ആഖ്യാന ശൈലി തന്നെയാണ് ഈ നോവലിന്‍റെ വിജയവും.. ഏതൊരു വായനക്കാരന്‍റെ മനസ്സിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന വരികള്‍.  പുസ്തകം വായിച്ചു തീരുന്നതുവരെ ഒരിക്കലും മടുക്കാതിരിക്കാന്‍ ഓരോ വായനക്കാരന്റെയും മനസ്സ് വായിച്ചറിഞ്ഞു അവരുടെ ആസ്വാദന രുചിയറിഞ്ഞു ചേരുവകള്‍ ചേര്‍ത്തോരുക്കി വായനയുടെ ഒരു പുത്തന്‍ അനുഭവം സമ്മാനിക്കുന്നു  ശ്രീ രാജീവ്‌.

നല്ലൊരു പുസ്തകം മലയാളത്തിന് സമര്‍പ്പിച്ച ശ്രീ രാജീവ്‌ ശിവശങ്കറിന് അഭിവാദ്യങ്ങള്‍.. !!!  ഒപ്പം ഈ വായന നിര്‍ദേശിച്ച മുഖപുസ്തകത്തിലെ  ഒരു പുലി സുഹൃത്തിനോട്‌ ഈയവസരത്തില്‍ എന്‍റെ നന്ദി അറിയിക്കുന്നു..:)  


 -പത്മശ്രീനായര്‍-










Sunday, 9 February 2014

'ആരാച്ചാര്‍' - ആസ്വാദനക്കുറിപ്പ്.....








ദൈനംദിന ജീവിതത്തിലെ ഓട്ടപാച്ചിലും പിന്നെ മടിയും കാരണം ഇതുവരെ വായന ഒരു ശീലമാക്കിയിരുന്നില്ല എങ്കിലും ഈയടുത്ത കാലത്തായി പുസ്തകങ്ങളെ വല്ലാതെ സ്നേഹിച്ചു തുടങ്ങി.. വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക എന്ന സാഹസത്തിനുള്ള ചങ്കുറപ്പ് തീരെയില്ല. മാധവിക്കുട്ടിയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും കുറച്ചു പുസ്തകങ്ങള്‍ വായിച്ചു എന്നല്ലാതെ പെണ്ണെഴുത്തിന്റെ ലോകത്തിലേക്ക്‌ അധികം ഇറങ്ങിചെന്നിട്ടില്ല. 

2013 - ലെ ഓടക്കുഴല്‍ അവാര്‍ഡ്‌ കെ. ആര്‍. മീരയുടെ "ആരാച്ചാര്‍" എന്ന നോവലിനു ലഭിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ മീരയെ വായിക്കണമെന്ന് താല്പര്യം തോന്നി. വായിക്കാതിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരു നഷ്ട്ടമായേനെ.. 

ഒരുപാട് കണ്ടും കേട്ടും വായിച്ചും ജീവിതത്തിന്‍റെ നാനാതുറകളില്‍ ഉള്ളവരെ പറ്റി നമുക്കറിയാം. എന്നാല്‍ ആരാച്ചാര്‍മാരുടെ ജീവിതത്തെ പറ്റി അത്രയൊന്നും ആഴത്തില്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല.. അത്തരമൊരു കഥയാണ്‌ ആരാച്ചാര്‍ എന്ന കഥയിലൂടെ മീര പറയുന്നത്..

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക് കുടുംബത്തിന്റെ പിന്‍തലമുറകള്‍, സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം യതീന്ദ്ര ബാനര്‍ജിയെ തൂക്കിലെറ്റാനുള്ള 'ഭാഗ്യമാണ്' വൃദ്ധനായ ഫണിഭൂഷണ്‍ ഗൃദ്ധാമല്ലിക്കിനു സര്‍ക്കാര്‍ ഉത്തരവിലൂടെ ലഭിച്ചത്. അവസരം പാഴാക്കാതെ, അയാള്‍ സര്‍ക്കാരിനോട് വിലപേശി ഇരുപത്തിരണ്ടു കാരിയായ തന്‍റെ മകള്‍ ചേതനക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നത് വരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്നു മനസ്സിലാക്കുന്ന അയാള്‍ തന്‍റെയും മകള്‍ ചേതനയുടെയും സമയത്തിനു വില പറഞ്ഞു കച്ചവടം ഉറപ്പിക്കുന്നു.

കുട്ടിക്കാലം മുതല്‍ക്കേ പിതാമാഹന്മാരുടെയും അവര്‍ നടത്തിയ തൂക്കിക്കൊലയുടെയും വീര സാഹസിക കഥകള്‍ ഥാക്കുമായിലൂടെ (മുത്തശ്ശി) കേട്ടറിഞ്ഞാണ് ചേതന വളര്‍ന്നത്‌.. അതിലൂടെ പകര്‍ന്നു കിട്ടിയ മനസ്ഥൈര്യം ചേതനക്ക് ഏറെ ഗുണം ചെയ്തു. അലസമായിരിക്കുന്ന നേരങ്ങളില്‍ തോളിലിട്ട നരച്ച ദുപ്പട്ടയില്‍ തെരുപ്പിടിച്ചു കുടുക്കുകള്‍ ഉണ്ടാക്കി കൈത്തഴക്കം വരുത്തി. ആര്‍ത്തിയോടെ തന്‍റെ ശരീരത്തിലേക്ക് നോക്കി നുണയുന്ന കാമ ഭ്രാന്തന്മാരെ കഴുത്തില്‍ കുടുക്ക് മുറുക്കി മരണത്തിന്‍റെ കറുത്ത മുഖം കാണിച്ചു കൊടുത്തു തിരിച്ചു കൊണ്ടുവരുന്നു ചേതന. 

ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചു പോയതിന്റെ പേരില്‍ ബാലിയാടാക്കപ്പെട്ടയാളായിരുന്നു ചേതനയുടെ സഹോദരന്‍ രാമുദാ. ഫണിഭൂഷണ്‍ തൂക്കിലേറ്റിയ തൂക്കുപുള്ളി അമര്‍ത്യാ ഘോഷിന്‍റെ വൃദ്ധ പിതാവ്‌, ബിരുദധാരിയായ രാമുദായുടെ കൈയ്യും കാലും അരിഞ്ഞു തള്ളി.. സംസാരിക്കുന്ന മാംസപിണ്ടമായി മാറിയ രാമുദാ, ഒരു ദിവസം വീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഉണ്ടാവുന്ന മല്‍പ്പിടുത്തത്തിനിടയില്‍ കട്ടിലില്‍ നിന്നും തെറിച്ചു വീണു മരണപ്പെടുന്നു. 

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ച ചേതനയുടെ മൂത്ത സഹോദരി നീഹാരിക, മധുവിധുവിന്റെ മാധുര്യം നുകരാതെ, ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനം നൊന്തു സ്വഗൃഹത്തില്‍ തിരിച്ചെത്തി ജീവിതം ഒരു തുണ്ടു കയറില്‍ അവസാനിപ്പിക്കുന്നു.. 

മദ്യത്തിലും സോനാഗച്ചിയിലെ വേശ്യാലയങ്ങളിലും സുഖം കണ്ടെത്തുന്ന ഭര്‍ത്താവിന്‍റെ പീഡനങ്ങളും ശാസനകളും സഹിച്ചു, പകലന്തിയോളം വീടിനകത്തും ചായക്കടയിലുമായി ജീവിതം ഹോമിക്കുന്ന പാവം അമ്മ.. 

ആരാച്ചാര്‍ കുടുംബത്തില്‍ പിറന്നിട്ടും ഒരു കോഴിയെ കൊല്ലാന്‍ പോലും ധൈര്യം ഇല്ലാത്ത, രോഗിയായ പിതൃസഹോദരന്‍ സുഖ്ദേവ്, ഭാര്യ ശ്യാമിളി, അവരുടെ രണ്ടു കുഞ്ഞുങ്ങള്‍.. 

എന്തും ഏതും ബ്രേക്കിംഗ് ന്യൂസ് ആവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിന് വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളും ഈ നോവലില്‍ വിഷയമാക്കിയിട്ടുണ്ട്.. മനുഷ്യാവകാശത്തിനും വധശിക്ഷക്കുമെതിരെ വാദിക്കുന്ന "ഹാങ്ങ് വുമന്‍സ്‌ ഡയറി" എന്ന ചാനല്‍ പരിപാടിയിലേക്ക് ചേതനയെ വില പേശിക്കൊണ്ട് സഞ്ജീവ് കുമാര്‍ മിത്രയെന്ന റിപ്പോര്‍ട്ടര്‍ പ്രണയാഭ്യര്‍ത്ഥനയിലൂടെ ചേതനയെ പ്രലോഭിപ്പിച്ചു ചാനലില്‍ തന്‍റെ റേറ്റിംഗ് കൂട്ടാന്‍ മെനെഞ്ഞെടുക്കുന്ന കുതന്ത്രങ്ങളും കാണാം. 

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന, രോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സക്കുള്ള പണത്തിനായി സ്വന്തം ശരീരം വില്‍ക്കാന്‍ ശ്രമിച്ച സഹോദരന്‍റെ ഭാര്യ ശ്യാമിലിയെ ഫണിഭൂഷണ്‍ വെട്ടി കൊലപ്പെടുത്തുന്നുതു തടയാന്‍ ചെന്ന സഹോദരന്‍ സുഖ്ദേവും വെട്ടേറ്റു മരിക്കുന്നതോടെ ചേതനയുടെ പിതാവ് ഇരട്ടകൊലപാതകത്തിനു ജയിലില്‍ ആവുകയും ചെയ്യുന്നതോടെ അവരുടെ കുട്ടികളുടെ ഭാരവും ചേതനയുടെ ചുമലിലാവുന്നു. 

വിവാഹ ശേഷം നാല് വര്‍ഷം മാത്രം ഭാര്യയോടൊത്ത് ജീവിക്കാന്‍ കഴിഞ്ഞ ബാനര്‍ജി, ചേതനയുടെ കൂട്ടുകാരിയുടെ ആറുവയസ്സുകാരി മകളെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുറ്റത്തിനാണ് യതീന്ദ്രബാനര്‍ജിയെ തൂക്കുശിക്ഷക്ക് വിധിച്ചത്.. യഥാര്‍ത്ഥത്തില്‍ ബാനര്‍ജി കുറ്റക്കാരനാണോ എന്നു സംശയം ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെ ഇടയ്ക്കു തോന്നി പോവുന്നുണ്ട്. വിധി നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ബാനര്‍ജി ആവശ്യപ്പെട്ടത് ചേതനയോടൊത്ത് കുറച്ചു സമയം ചിലവഴിക്കണമെന്ന ആഗ്രഹമായിരുന്നു. അവള്‍ അയാളോടോത് ഭക്ഷണം കഴിച്ചു. കഥകള്‍ പറഞ്ഞു. നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി തഴുകി തലോടി ആശ്വസിപ്പിച്ചു. 

ബാനര്‍ജി തൂക്കുമരത്തിലേക്ക് പതിയെ നടന്നടുത്തു.. ചേതന മറ്റെല്ലാം മറന്നു.. വിധി നടപ്പിലാക്കുന്ന ആരാച്ചാര്‍ മാത്രമായി മാറി. ജയിലധികൃതര്‍ നോക്കി നില്‍ക്കെ, തൂക്കു പുള്ളിയുടെ കൈകാലുകള്‍ ബന്ധിച്ചു, കറുത്ത തുണി കൊണ്ട് മുഖം മൂടി, മറ്റെല്ലാം മറന്നു ലിവറില്‍ പിടുത്തമിട്ടു ആഞ്ഞു വലിച്ചു. 


തൂക്കുപുള്ളി നിലവറയിലേക്ക് പതിക്കുമ്പോള്‍ കയര്‍ക്കുടുക്ക് മുറുകി സുഷുമ്നാ നാഡിക്ക് ക്ഷതമേല്‍ക്കും. വീഴ്ചയുടെ ശക്തിയില്‍ കുടുക്ക് മുറുകും. ഹൃദയ ധമനികള്‍ അടയും. അതോടെ മസ്തിഷ്ക്കത്തിലേക്കുള്ള ഞരമ്പുകള്‍ വലിഞ്ഞു പൊട്ടും. ശിരസ്സു ഛെദിക്കപ്പെടും. ആ ഘട്ടമെത്തിയാല്‍ പുരുഷന്മാരില്‍ മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ലിംഗോദ്ധാരണം സംഭവിക്കും. സ്ത്രീകളിലാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ ചീര്‍ത്ത് രക്തം സ്രവിക്കും. മൃതിയെന്ന പ്രേമിയുടെ മിന്നല്‍ പോലെ പായുന്ന പരിലാളനത്തിലൂടെ നിത്യമായി ഉത്തെജിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ പരമാനന്ദത്തെക്കുറിച്ചുള്ള അവസാന മൂഡസ്വപ്നം ആത്മാവില്‍ സൂക്ഷിച്ചു അടുത്ത ജന്മത്തിന്റെ നിലവറയിലേക്ക് പതിക്കും.. അതുകൊണ്ട് ദുര്‍മ്മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലേക്ക്‌ മടങ്ങി ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആവര്‍ത്തിക്കും. 

മരിച്ച ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ദാരിദ്രക്കടലില്‍ മുങ്ങിത്താഴുന്ന അയാളുടെ ഭാര്യക്കും സഹോദരനും സംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ള പണമില്ലെന്നു മനസ്സിലാക്കിയ ചേതന ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങി, അയാളെ തൂക്കിലേറ്റിയതിനു തനിക്കു കിട്ടിയ പ്രതിഫലം ഉപയോഗിച്ച് വിധിപ്രകാരം ശവസംസ്കാരം നടത്തി ആത്മസംതൃപ്തി നേടുന്നു. 

സ്വന്തം സഹോദരനെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനു വിധി കാത്തു കഴിയുന്ന ഫണിഭൂഷണ്‍.. അയാളുടെ തൂക്കികൊലയും സ്വന്തം മകളുടെ കൈകൊണ്ടു തന്നെയാവാം എന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ വേണ്ടിമാത്രം മീര എഴുതാതെ ബാക്കി വെച്ചിരിക്കുന്നു.. 

ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ മുന്‍ തലമുറയുടെ ചരിത്രം നോവലിലൂടെ ഇതള്‍ വിരിയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും നീതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വര്‍ഗ്ഗമായി ആരാച്ചാര്‍മാരെ ഇതില്‍ കാണാം

കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി എഴുതിയ ഈ കഥയില്‍ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം വല്ലാത്തൊരനുഭവമാകുന്നു. മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും ചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്ന തെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവുമെല്ലാം ഒരു സിനിമയിലെന്നോണം വായനക്കാരന്റെ മനസ്സില്‍ പതിയുന്ന ആഖ്യാനരീതിയാണ് മീര സ്വീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്‍റെ അവസാന താളും വായിച്ചു പുറംചട്ട കമഴ്ത്തുമ്പോള്‍, ദുര്‍ഗന്ധം വമിക്കുന്ന ഓടകളും, തിരക്കേറിയ തെരുവിലൂടെ ശവങ്ങളെയും വഹിച്ചു കൊണ്ടുള്ള ഉന്തുവണ്ടികളുടെയും കുതിര വണ്ടികളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ, തോളില്‍ ഞാന്നു കിടക്കുന്ന തുണി സഞ്ചിയും തൂക്കി, മനോദായുടെ പ്രസ്സിലേക്ക് പ്രൂഫ്‌ റീഡിംഗ് ജോലിക്കായി പോവുന്ന ചേതന വായനക്കാരുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും.. 

സ്വയരക്ഷക്കായി, ഏതു നിമിഷവും ഒരു കുടുക്ക് തീര്‍ക്കാനുള്ള ത്വരയോടെ, തോളിലെ നരച്ച ദുപ്പട്ടയില്‍ തിരുപ്പിടിച്ചു, നരച്ച സ്വപ്നങ്ങളെയും മിഴികളില്‍ കുത്തിത്തിരുകി, അവ്യക്തമായ ഭാവിയുടെ നേര്‍ക്ക്‌ പരിഹാസം തുളുമ്പുന്ന നോട്ടവുമായി, ഉമ്മറത്തിണ്ണയിലിരിക്കുന്ന ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടിയെ, ചേതൂ എന്നരുമയോടെ വിളിച്ചു ചാരത്തിരുത്തി നിറുകില്‍ തലോടാന്‍ ഒരു നിമിഷം എന്‍റെ മനസ്സും അറിയാതെ കൊതിച്ചു പോയി. 

-പത്മശ്രീ നായര്‍ -