പച്ചമാംസത്തിനു വിലപറയുന്നൊരീ
കപടലോകത്തിനെ കാര്‍ക്കിച്ചു തുപ്പണം
പെണ്ണിനായ്, പണത്തിനായാര്‍ത്തിയാല്‍ പായുന്ന
ഭരണകര്‍ത്താക്കളെ പുച്ഛത്താല്‍ മൂടണം
പാപനാശിനിയില്‍ മുങ്ങണമെനിക്കീ
പാപക്കറകള്‍ കഴുകിക്കളയണം
പുനര്‍ജ്ജനിഗുഹയൊന്നു നൂഴണമെനിക്കീ
പാപപങ്കിലശരീരം സ്ഫുടം ചെയ്തെടുക്കണം
പാതിവ്രത്യത്തിന്‍ വിഹായസ്സിലൂടെയെന്‍
പ്രണയത്തെക്കൂടി നിമജ്ജനം ചെയ്യണം
പുഞ്ചിരീ സത്ചിന്തകള്‍പ്പോലുമന്യമായൊരീ
പിരാന്തന്‍ ലോകത്തില്‍നിന്നുമെന്‍ ശരീരം
പാഴില കൂടിക്കിടക്കുമെന്‍ തൊടിയിലെ
പ്ലാവിന്‍ ചുവട്ടിലേക്കെടുപ്പതിന്‍ മുന്‍പേ
അസ്ഥിസഞ്ചയനത്തിന്നതിഥികള്‍ വേണ്ടാ
എനിക്കെന്‍ അസ്ഥിത്വം അന്യമായൊരാ വേളയില്‍
മാതൃതര്‍പ്പണം ചെയ്യാന്‍ ദര്‍ഭപ്പുല്‍മോതിരമവനരുതേ...
ക്ഷണികമെങ്കിലുമവന്‍റെ മോതിരവിരലിലതെനിക്കസഹ്യം
അവസാനമായൊന്നുകൂടിയിതാണെന്‍ ഒസ്യത്ത്....
ഈ ഒസ്യത്തെനിക്ക് മാത്രം സ്വന്തം... എനിക്ക് മാത്രം...!!
-പത്മശ്രീ നായര്‍
