"കഞ്ഞി" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹോട്ട്ഡോഗും, നൂഡില്‍സും, ബര്‍ഗ്ഗറും പിസ്സയും ഇഷ്ട്ട ഭക്ഷണമാക്കിയ ന്യൂ ജനറേഷന്‍ നെറ്റി ചുളിക്കും..
"കഞ്ഞിയൊക്കെ നിങ്ങളെ പോലുള്ള കഞ്ഞികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന്" എന്‍റെ ഏക സന്താനം പലവട്ടം പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട്. ദഹിക്കാനെളുപ്പവും, ഇത്തിരി കടുമാങ്ങയോ കനലില്‍ ചുട്ട പപ്പടമോ കൂട്ടിനുണ്ടെങ്കില്‍ കഞ്ഞിയെന്നെ ലളിത ഭക്ഷണം ഫൈവ്സ്റ്റാര്‍ ഫുഡിനെ വെല്ലുന്നതാണ് എന്നാണു ഈ എളിയവളുടെ അഭിപ്രായം.
പത്തിരുനൂറു പറക്ക് കൃഷി നടത്തിയിരുന്ന വല്ല്യൊരു തറവാടിയായിരുന്നു എന്‍റെ മുത്തശ്ശന്‍. തവിടു കളയാത്ത ഒന്നാംതരം തവളക്കണ്ണന്‍ കുത്തരി കൊണ്ടുണ്ടാക്കിയ പാല്‍ക്കഞ്ഞിയും ചുട്ട പപ്പടവും കണ്ണിമാങ്ങയും ആയിരുന്നു മുത്തശ്ശന്‍റെ സ്ഥിരമായ രാത്രി ഭക്ഷണം.. മുത്തശ്ശനു വേഗം വയറു നിറയണെ, പാത്രത്തില്‍ പാല്‍ക്കഞ്ഞി ബാക്കി വരണേ എന്ന പ്രാര്‍ത്ഥനയുമായി കുട്ടികളായിരുന്ന ഞങ്ങള്‍ ഇടനാഴിയുടെ വാതിലിനു മറവില്‍ നിന്നെത്തിനോക്കിയിരുന്നൊരു കാലം. തൊണ്ണൂറു വയസ്സ് കഴിഞ്ഞിട്ടും, ഒരു പല്ലു പോലും പൊഴിയാതെ മരണം വരെ ആരോഗദൃഡഗാത്രന്‍ ആയിരുന്നു മുത്തശ്ശന്‍.. കാരണം പാല്‍ക്കഞ്ഞിയുടെ വൈഭവം തന്നെ.
"നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല. ......
തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ തല തൊട്ടപ്പനായ നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ നായന്മാരുടെ മുന്‍ശുണ്ഠിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയതും മഹത്തായ കഞ്ഞി പ്രയോഗത്തിലൂടെയല്ലേ..
പണ്ടുകാലത്ത് പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് കല്യാണാലോചനകള്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ ന്യായമായ ഡിമാന്റുകള്‍ ഇത്ര മാത്രം.
- ന്‍റെ കുട്ടിക്ക് പോണ വീട്ടില് നാഴി കഞ്ഞിക്ക് മുട്ടുണ്ടാവാന്‍ പാടില്ല്യ.
- ന്‍റെ കുട്ടിക്ക് പണിയെടുത്തു കഞ്ഞി കൊടുക്കാന്‍ ത്രാണീള്ളോനാണോ.. ന്നാ പിന്നെ ഒന്നും നോക്കാനില്ല്യ. എന്നൊക്കെയായിരുന്നു.. ദാമ്പത്യത്തിന്റെ അടിത്തറ തന്നെ കഞ്ഞിയില്‍ നിക്ഷിപ്തമായിരുന്നൊരു കാലം.
അതു പോലെ പണ്ടു കാലത്ത് പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്, പടി കടന്നു വരുമ്പോള്‍ തന്നെ കാണാന്‍ പാകത്തില്‍ മുറ്റത്ത് വലിയൊരു വൈക്കോല്‍ കൂന ഉണ്ടാവുമായിരുന്നത്രേ.. വൈക്കോല്‍ കൂന കാണുമ്പോഴേ പെണ്ണ് കാണാന്‍ വരുന്നവര്‍ കരുതിക്കൊളുമത്രേ "പെണ്ണിന്‍റെ വീട്ടില് "കഞ്ഞിക്കുള്ള വകയൊക്കെ ഉണ്ടെന്ന്.
പരദൂഷണം പറഞ്ഞില്ലെങ്കില്‍ ഇരിക്കപ്പൊറുതി കിട്ടാത്ത തങ്കമ്മ വേലിക്കല്‍ വന്നു നീട്ടി വിളിക്കും... ഡീ . ചിന്നമണിയേ... കഞ്ഞ്യൂടിച്ച് വന്നിട്ട് ന്‍റെ തലേമ്മല് ഒന്ന് നോക്കി തരണം ട്ടാ.. പേന്‍ കടിച്ചിട്ട് പാങ്ങില്ല്യ .
പനി പിടിച്ചു തുള്ളിവിറക്കുന്നവര്‍ക്ക് പ്രണയം തോന്നുന്നത് ചൂടുള്ള പൊടിയരിക്കഞ്ഞിയോടല്ലാതെ മറ്റെന്തിനോടാണ്..
സുഖചികിത്സയുടെ ഭാഗമായ കര്‍ക്കിടക കഞ്ഞിയും മരുന്നു കഞ്ഞിയും കഞ്ഞി വിരോധികളായ കഞ്ഞികള്‍ പോലും ഒഴിവാക്കാറില്ല ..
സ്കൂളുകളിലെ ഉച്ചക്കഞ്ഞി എത്രയോ പാവപ്പെട്ട കുട്ടികളുടെ വിശപ്പ് മാറ്റുന്നു.
"ഉച്ചക്കഞ്ഞിക്ക് തല മറിഞ്ഞാല്‍ ഊരു തെണ്ടി പിന്നെ നിലത്തല്ല" എന്ന് അഹങ്കാരികളായ ചിലരെ കുറിച്ച് അസൂയക്കാരുടെ ഭാഷ്യവുമുണ്ട്. എന്‍റെ കഞ്ഞിയില്‍ പാറ്റയിടല്ലേ.. എന്‍റെ കഞ്ഞികുടി മുട്ടിക്കല്ലേ ഇഷ്ട്ടാ എന്നൊക്കെയുള്ള പതം പറച്ചിലുകളിലും കഞ്ഞി തന്നെ മുഖ്യന്‍.
പള്ളിയുറക്കത്തിനു സമയമായി. പള്ളിക്കഞ്ഞി കുടിച്ചു നോം പള്ളിയറയിലേക്ക് പോവട്ടെ.. കഞ്ഞി മാഹാത്മ്യത്തിന്റെ പുതിയൊരു എപ്പിസോടുമായി വീണ്ടും കാണുന്നത് വരെ...
-പത്മശ്രീ നായര്‍-
കനലില്‍ ചുട്ട പപ്പടം കാച്ചിയ മോരുമുണ്ടെങ്കില്‍ കാണാം ഊണിന്‍റെ വൈഭവം ....കഞ്ഞിപുരാണം ഗംഭീരം ,,!
ReplyDeleteഎനിക്കും കഞ്ഞിയോടാണ് പ്രിയം, കുട്ടികള്‍ക്ക് ഇഷ്ടല്യാ....
ReplyDeleteപനി പിടിച്ചു തുള്ളിവിറക്കുന്നവര്‍ക്ക് പ്രണയം തോന്നുന്നത് ചൂടുള്ള പൊടിയരിക്കഞ്ഞിയോടല്ലാതെ മറ്റെന്തിനോടാണ്..
ReplyDeleteകഞ്ഞിയാണ് താരം.
ഞാനും കഞ്ഞിടെ ആളാ
ReplyDeleteഞാൻ കഞ്ഞിയല്ല
ReplyDeleteഎനിക്ക് കഞ്ഞി ഇഷ്ടമല്ല. പക്ഷേ ഈ പോസ്റ്റ് ഇഷ്ടായി
ReplyDelete