Wednesday, 28 May 2014

ദേവുഅംബ്രാളും, ജാനുവും..



ദേവ്വ്വോമ്മ്രാളെ ... വ്ടാരൂല്ല്യെ.. ദേവ്വ്വോമ്മ്രാളെ . കൂയ്‌.."

"ആരാദ്.." ദേവ്വ്വോമ്മ പൂമുഖ കോലായില്‍ കിടന്നു കൊണ്ട് വിളി കേട്ടു..

"ഞാനാന്നും അമ്മ്രാളെ.. ജാനു.. കുന്നുംപൊറത്തെ വേലായ്‌ദന്‍റെ പെണ്ണ്‍."

"ഇത്യേ ഉമ്മറത്തിക്ക് വാ ജാന്വോ.. ഞാംബടെ കെടക്ക്വ."

ജാനു വടക്കേ മുറ്റത്ത്‌ കൂടി നടന്നു ഉമ്മറക്കോലായില്‍ എത്തി.

" ജാന്വോ.. ആ പരമ്പിലെ നെല്ലൊന്നു ചിക്കീട്ടു ഇബടെ ഇരുന്നോ. നിക്ക് ഇന്നത്ര സുഗം പോര.. തല ചിറ്റ്ണൂ.. രാവിലെ ആ ജമീലപെണ്ണ് വന്നപ്പോ നെല്ല് കോരി പരമ്പില് ഇടീച്ചു.. കണ്ണ് തെറ്റ്യാ നാട്ട്വാരുടെ കോഴ്യോള് വന്നു അപ്പടി തിന്നും.. ഇബടെ അങ്ങട് കെടന്നാ കോഴ്യോളെ ആട്ടാം.. മൂച്ചീടെ നല്ല കാറ്റ് ണ്ട്. "

"ആവൂ.. ഇരിക്കാന്‍ നേരല്ല്യാ മ്മ്രാളെ.. നിക്കൊരു സഗായം ചെയ്യ്വോ.. അയ്നാ ഞാന്‍ വന്നത്."

"ന്തേ.. ഞാനിപ്പോ എന്ത് സഗായാ ജാനൂനു ചെയ്യണ്ടേ? " ദേവ്വ്വോമ്മ അത്ര രസിക്കാത്ത മട്ടില്‍ കിടന്ന കിടപ്പില്‍ ചോദിച്ചു..

"ണ്ടെങ്കില്‍ ഒരമ്പത് ഉര്‍പ്യ തര്വോ അമ്മ്രാളെ.. റേഷന്‍ പീട്യേല് പഞ്ചാര കൊടുക്ക്‌ണ്ട്.. ഇന്ന് പോയില്ലെങ്കില് ഈ മാസത്തെ പഞ്ചാര കിട്ടില്ല്യ. രണ്ടീസം കഴിഞ്ഞിട്ട് മടക്കി തരാം. "

"അയ്യോ ന്‍റെ ജാന്വോ.. ഒരു പാങ്ങൂല്ല്യാ ട്ടോ.. ഞാനി ശ്ശി ബുദ്ധിമുട്ടിലാ.. ആയിരൂര്‍പ്യ എടുത്തു വെച്ചിട്ടുണ്ട് . പാടത്ത് പണിക്കാരുണ്ടെയ്.. വൈന്നേരം കൂലി കൊടുക്കാന്ള്ളതാ.. വേറെ ന്റെല് കാലണടെ കാശില്ല്യ ട്ക്കാന്‍. കാശൊക്കെ ഞാന്‍ നാട്ട്വാര്ക്ക് ദാനം കൊടുക്ക്വാന്നും പറഞ്ഞിട്ട് ന്‍റെ മകന്‍ രണ്ടു മാസായിട്ടു കാശയക്കുണൂല്ല്യ.. ഒരു നിവര്‍ത്തീല്ല്യാലോ ജാന്വോ."

ഈയമ്മയോട് നേരായ വഴി നടക്കില്ലെന്നറിഞ്ഞ . ജാനു റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു .. പിടിച്ചൂന്നല്ല.. ദേവ്വ്വോമ്മയുടെ വീക്നെസ്സില്‍ തന്നെ കേറി പിടിച്ചു.. ജാനു പതുക്കെ എഴുന്നേറ്റു.

"ന്നാ ശരി.. ഞാമ്പോട്ടെ മ്മ്രാളെ.."

"നീപ്പോ പോണ വഴിക്ക് ന്താണാവോ. ബഹളോക്കെ ഒതുങ്ങ്യോ ന്തോ ? മനുഷ്യര്‍ക്ക് ഒരൂട്ടം നാണോം മാനോം ഒക്കെ വേണ്ടേ.. " ജാനു ഉച്ചത്തില്‍ ആത്മഗതിച്ചു.

ജാനുവിന്റെ ആത്മഗതം കേട്ട ദേവ്വ്വോമ്മ കിടന്ന കിടപ്പില്‍ നിന്നും ആരുടെയോ പ്രേതം ആവേശിച്ച പോലെ, സടകുടഞ്ഞെഴുന്നേറ്റു. അഴിഞ്ഞ മുടി വാരിക്കെട്ടി. പിന്നിലൂടെ കൈയ്യെത്തിച്ച് അയഞ്ഞ ഒന്നരയുടെ തുമ്പ് വലിച്ചുമുറുക്കി കുത്തി. ചുട്ടിതോര്‍ത്ത്‌ ഒന്നൂടി കുടഞ്ഞു മാറ് മറച്ചു.

"ന്താ ജാന്വോ? ആര്‍രോട്യാ ബഹളം?"

ജാനു ഉഷാറായി..
"ഒന്നും പറയണ്ടാ ന്‍റെ മ്മ്രാളെ. ആ കുമാരന്‍റെ വീട്ടിലെ കാര്യോന്നും പറയാണ്ടിരിക്ക്യാ ഭേതം. എന്നും അടീം കുത്തും വഴക്കും വക്കാണോ തന്ന്യാ.. നിക്ക് ന്‍റെ വീടിന്‍റെ വടക്കോറത്തു ജനാല തൊറന്നിട്ടാ സ്സലായിട്ട് കേക്കാം."

"കുമാരന് ഒരു പെങ്കുട്ടീല്ല്യെ.. അയ്നെ പറ്റി എന്തൊക്ക്യോ കേട്ടീരുന്നൂ ലോ.. ന്നാള് പാടത്ത് പണിയണ പെണ്ണുങ്ങള് കൂട്ടം കൂടണതു കേട്ടു.."

"ങാ.. അയ്ന്റെ കാര്യന്നാ.."... ജാനു തിണ്ണയിലെ പൊടി കൈയ്യോണ്ട് തട്ടി ഒന്നമര്‍ന്നിരുന്നു.

"ആ കുമാരന്‍റെ മൂത്ത മഗളെ.. ആ പെണ്ണ് തുന്നല് പടിക്കാനോക്കെ പോണുണ്ടാര്‍ന്നു.. ഏതോ എഴുത്തച്ചന്‍ ചെക്കന്റെ കൂടെ ലോഗ്യത്തിലാര്‍ന്നൂ ന്നൊക്കെ ആരോക്ക്യോ പറഞ്ഞു കേട്ടീര്‍ന്നു ന്നും മ്മ്രാളെ. ഒരാഴ്ച്യായിട്ട് പെണ്ണിനെ പൊറത്തോന്നും കാണാനൂല്ല്യ.. ഞാനിങ്ങനെ വേലിറമ്പിക്കൂടി ചുള്ളല് പെറുക്കി നടക്ക്വാര്‍ന്നു അമ്മ്രാളെ.. കുമാരന്‍റെ കെട്ട്യോളെ കണ്ടപ്പോ ന്തേ നെന്റെ പെണ്ണ് ന്നു ചോയ്ച്ചു.. അവളാ ന്നെ തുറിച്ചു നോക്കി കടിച്ചു കീറാന്‍ വന്നു മ്മ്രാളെ.. ഓഒ അവള്‍ടെ വായേല് നാവ് സഹിക്കില്ല്യ..

ന്നാള് കൊളത്തില് കുളിക്കാമ്പോയപ്പോ മ്മടെ ദാഷായിണി പറയെ.. ജാന്വോ നെനക്കറിയ്യ്വോ ആ കുമാരന്‍റെ പെണ്ണില്ല്യെ.. അത് എന്തൊക്ക്യോ ഒപ്പിച്ചിട്ടുണ്ട് വേ ന്നു.. തിരുപ്പൂരില് ആരോ ബന്ധുക്കാര് ണ്ടത്രേ.. അവടെ കൊണ്ടാക്കീരിക്ക്ക്യാ ന്നാ പറഞ്ഞു കേട്ടത്.. ആ എഴുത്തച്ചന്‍ ചെക്കന്‍ പെണ്ണിനെ വിളിച്ചോണ്ട് പൂവാന്‍ വന്നൂന്നോ ബഹളം വെച്ചൂ ന്നൊക്കെ കേട്ടു.. "

ജാനു തുടര്‍ന്നു..
"ശരി അമ്മ്രാളെ ഞാമ്പോണു .. ഇതൊന്നും ആരിനോടും പറയണ്ടാ ട്ടോളീ.. നിക്ക് കണ്ടതും കേട്ടതും അവടെം ഇവ്ടെം പറഞ്ഞു നടക്കണ ശീലല്ല്യ.. പിന്നെ അമ്മ്രാളോടായതോണ്ടു പറഞ്ഞൂന്നെ ള്ളൂ.. നമ്മക്കെന്തു കിട്ടാനാ ആരാന്‍റെ വീട്ട്ളെ കാര്യം പറഞ്ഞു നടന്നിട്ട്"

"ന്നിട്ട്‌ എന്തുണ്ടായി ജാന്വോ? ആ ചെക്കന്‍ വന്നു ഇപ്പളും ബഹളം ണ്ടാക്കാറുണ്ടോ " ? ദേവ്വ്വോമ്മക്ക് ഇന്ട്രസ്റ്റ്‌ ആയി. ജാനു പൊടിപ്പും തൊങ്ങലും വെച്ച് കുറെ നുണക്കഥകള്‍ ദേവ്വ്വോമ്മയുടെ കാതിലേക്ക് കോരിയൊഴിച്ചു.. ദേവ്വോമ്മയുടെ തല ചുറ്റലും ക്ഷീണവും ഒക്കെ പമ്പ കടന്നു.

"അവനു ഒരു ചെക്കന്‍ ല്ല്യെ.. അതെവിട്യാ ജാന്വോ?"

"അയിന്റെ കാര്യം അയിലും വഷളാ ന്‍റെ അമ്മ്രാളെ.. കള്ളും കുടിച്ചു തല്ലൂം അടീം ണ്ടാക്കി നടക്ക്വന്നെ."

ദേവ്വ്വോമ്മ പതുക്കെ നിലത്ത് കൈ കുത്തി എണീറ്റു.. അകത്തു പോയി ചുരുട്ടി പിടിച്ച നൂറിന്‍റെ നോട്ടുമായി വന്നു.

" ജാന്വോ.. അവടെ നിക്ക്.. ന്നാ.. കൂലി കൊടുക്കാന്‍ വെച്ചീര്‍ന്ന കാശാ.. നൂറുറുപ്യെണ്ട്.. ദിപ്പോ നീ മടക്ക്യോന്നും തരണ്ടാ ട്ടോ. അപ്പ്രത്തൂടെ ചായ്പ്പിലിക്ക് ബാ.. രണ്ടു മൂന്നു നാള്യെരം തരാ.. അവടെ ഒരു ചക്ക ണ്ടാവും. അതും നീയെടുത്തോ.. രാവിലെ അടിച്ചു വാരാന്‍ വരണ പെണ്ണ് കൊണ്ട തന്നതാ.. നിക്ക് ഒരാള്‍ക്ക്‌ ന്തിനാപ്പോ ഒരു ചക്ക്യൊക്കെ.. ന്‍റെ വെപ്പും തീന്വോക്കെ കണക്കന്നെ.. നീ കൊണ്ടോക്കോ..

എടക്ക് നേരം കിട്ടുമ്പോ വായോ ട്ടോ..

" ശരി അമ്മ്രാളെ.. ഞാന്‍ വരാ.. മ്മക്ക് ന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ.. ന്‍റെ ആള് രാവിലെ പണിക്ക് പോയാ പിന്നെ മോന്ത്യായിട്ടെ വര്വോള്ളൂ.. ഞാനും അവടെ ഒറ്റക്കന്നെ.."

ജാനു ചക്കേം തെങ്ങേം മടിക്കുത്തില്‍ നൂറു ഉറുപ്യേം തിരുകി പടി കടക്കുമ്പോള്‍ മനസ്സില് പറഞ്ഞു.

"ഇത് പോലുള്ള ആള്‍ക്കാര്‍ ഉള്ളിടത്തോളം കാലം നമ്മക്ക് കാശിനോ കൂട്ടാന്‍ വെക്കാനോ മുട്ട് വരില്ല്യ.. ഇത്തിരി പരദൂഷണം പറയണം ന്നല്ലേ ള്ളൂ.. " ജാനുവിന്റെ ആത്മഗതം.

അമ്പതു ഉറുപ്യ കടമായി ചോദിച്ചു വന്ന ജാനു നൂറു ഉറുപ്യ ഫ്രീ ആയി ഒപ്പിച്ചു.. ചക്കേം നാള്യെരോം വേറെ..

ഇതുപോലുള്ള കഥാപാത്രങ്ങള്‍ നിങ്ങള്ക്ക് ചുറ്റും കാണാമായിരിക്കും ല്ലേ.. എന്തായാലും ശരി.. കൊതീം നുണയും പറഞ്ഞു, കാര്യം സാധിക്കുന്നത് അത്ര നല്ല ഏര്‍പ്പാടല്ല ട്ടോ.. 





പദ്മശ്രീനായര്‍-

12 comments:

  1. കൊതീം നുണയും പറയാന്‍ പാടില്ല്യാല്ലോ... " മറന്നു പോയ ചിലരെ ഓര്‍ക്കാനായി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍. :(

    ReplyDelete
    Replies
    1. ഇത്തരം കഥാപാത്രങ്ങള്‍ ഇപ്പോഴുമുണ്ട് മുബി നാട്ടിന്‍പുറങ്ങളില്‍..

      സന്തോഷം ട്ടോ വായനക്ക്... :)

      Delete
  2. അമ്പതു ഉറുപ്യ കടമായി ചോദിച്ചു വന്ന ജാനു നൂറു ഉറുപ്യ ഫ്രീ ആയി ഒപ്പിച്ചു.. ചക്കേം നാള്യെരോം വേറെ..
    നാട്ടിൻ പുറ വിശേഷങ്ങൾ

    ReplyDelete
  3. ഹഹ്ഹ ഈ പോസ്റ്റ്‌ ഫെമിനിസ്റ്റുകള്‍ കാണണ്ട :) ചിലപ്പോള്‍ നിങ്ങളെ സംഘടനയില്‍ നിന്നും പുറത്താക്കും .. ( രസകരമായ അവതരണം)

    ReplyDelete
  4. ജാനുവേടത്തി ബുദ്ധിമതിയാണല്ലോ.. :)
    രസകരമായി അവതരിപ്പിച്ചു..
    ആശംസകൾ പത്മേച്ചീ..

    ReplyDelete
  5. കഥ കലക്കി ചേച്ചി..

    ReplyDelete
  6. ഇത്രകണ്ട് ഭാഷയെ വരുതിയിലാക്കിയ ഒരു രചന മുമ്പെങ്ങും വായിച്ചിട്ടില്ല ,,,,
    അതിമനോഹരം പപ്പേച്ചീ,,,,
    ഭാവുകങ്ങൾ,,,

    ReplyDelete
  7. Raavile dharsanelu kandu..., blog nannayittundu.... veedu evadennu manasilaayilla

    ReplyDelete
  8. ഹ ഹ ...പപ്പെച്ചി ആള് കൊള്ളാല്ലോ ..ഇത്രേം പരദൂഷണം പറഞ്ഞു തന്നിട്ട് അവസാനം ഒരു ഉപദേശോം .. realistic ആയിരുന്നു എഴുത്തും കഥാപരിസരവും കഥാപാത്രങ്ങളും എന്നതാണ് കഥയുടെ പ്രത്യേകത. മ്മടെ ബ്ലോഗർ മനേഷ് മണ്ടൂസന് ശേഷം നാട്ടു ഭാഷ ഇത്രക്കും മനോഹരമായി കൈകാര്യം ചെയ്ത മറ്റൊരു ബ്ലോഗറെ ഇതാദ്യമായാണ് കാണുന്നത്. എന്തായാലും സംഗതി പൊളിച്ചു ട്ടോ. ക്ലാസായിരിക്കുന്നു ...ഇനി വീണ്ടും വരാം ട്ടോ. മ്മക്ക് ഇവിടെ എന്തേലുമൊക്കെ മിണ്ടീം പറഞ്ഞൂം ഇരിക്കാല്ലോ ല്ലേ ..പക്ഷെ ഇമ്മാതിരി പരദൂഷണം വേണ്ടാ ട്ടോ ...അയ്‌ അയ്‌ ... ഹ ഹ ...ആശംസകളോടെ ..

    ReplyDelete
  9. നന്നായിട്ടാ എഴുത്ത്..ബഹു രസന്നെ...rr

    ReplyDelete
  10. ഇത് വന്നത് എന്റെ അവധിക്കാലത്താണ്. അതോണ്ടല്ലേ കാണാതെ പോയത്.

    ReplyDelete
  11. പരദൂഷണം പോലും നന്മ ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു അല്ലേ. അവതരണം സൂപ്പര്‍.

    ReplyDelete