Sunday, 10 August 2014

പട്ടിബിസ്കറ്റ് കൊണ്ടൊരു സല്‍ക്കാരം..



ലീവ് തീരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം.. മോഹനന്‍ മാഷുടെയും തുളസി ടീച്ചറുടെയും വീടുകളില്‍പോകാമെന്ന് വാക്ക് കൊടുത്തിരുന്നു.. തകര്‍ത്തു പെയ്യുന്ന കര്‍ക്കിടക മഴ ദിനങ്ങള്‍ക്കിടക്കൊരു ദിവസം സൂര്യന്‍ ഇത്തിരി ഇളിച്ചു കാണിച്ചപ്പോള്‍ ഇരുചക്ര ശകടത്തില്‍ ഭര്‍തൃസമേതയായ് മാഷുടെ വീട് ലക്ഷ്യമാക്കി വെച്ച് പിടിച്ചു. (നോട്ട് ദ പോയിന്റ്‌.. പുറപ്പെടും മുമ്പ് ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു).

പത്തിരിപ്പാല ജങ്ങ്ഷന്‍ വരെ ചോയ്ച്ചു ചോയ്ച്ചു പോയി.. അവിടുന്നങ്ങോട്ട് മാഷുടെ സ്വന്തം പൈലറ്റ് വാഹനത്തിന്‍റെ അകമ്പടിയോടെയും, കിറുകിറുത്യം നാലുമണിക്ക് തന്നെ മാഷുടെ വീടിന്റെ ഉമ്മറപ്പടിയില്‍ ആദ്യം വലതുകാലും പിന്നെ ഇടതുകാലും വെച്ചു കയറി.. വീട്ടില്‍ മാഷുടെ ധര്‍മ്മപത്നി ഉണ്ടായിരുന്നില്ല (ഇപ്പോഴൊന്നും ഇങ്ങോട്ട് വരണ്ട എന്നു പറഞ്ഞോ എന്നു സംശയിക്കുന്നു)  വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പിന്നെ സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും സംസാരിച്ചു തീര്‍ന്നിട്ടും ടീച്ചര് മാത്രം വന്നില്ല.. ചുമരിലുള്ള ക്ലോക്കിലേക്ക് നോക്കി പപ്പു സ്റ്റൈലില്‍ "ദാ ഇപ്പൊ വരും ദാ ഇപ്പൊ വരും" എന്നു ഇടയ്ക്കിടയ്ക്ക് മാഷ്‌ പറയുന്നുമുണ്ട്.

സമയത്തെ പോലെ മഴയും ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാറില്ലല്ലോ.. കര്‍ക്കിടക മഴ അതിന്‍റെ എല്ലാ രൌദ്ര ഭാവത്തോടും കൂടി തകര്‍ത്തു പെയ്യാനും തുടങ്ങി. ഇടക്കൊരു കാര്യം പറഞ്ഞോട്ടെ.. നാട്ടില്‍ ചെന്നാല്‍ എനിക്ക് വിശപ്പിന്റെ അസുഖം വല്ലാതെ കൂടും.. എന്തെങ്കിലും എപ്പോഴും തിന്നുകൊണ്ടേ ഇരിക്കണം... എക്സ്- പ്രവാസിയുടെയും പ്രസന്റ് പ്രവാസിയുടെയും കത്തിയടിക്കിടക്ക് വീടിനകമോക്കെ ചുറ്റിക്കാണാന്‍ എന്ന വ്യാജേന ഞാന്‍ മാഷുടെ അടുക്കളയിലേക്ക് വലിഞ്ഞു..

ഡൈനിങ്ങ്‌ ഹാളിലെ മേശപ്പുറത്തു രണ്ടുമൂന്നു മണ്‍ചട്ടികള്‍ അടച്ചു വെച്ചിരിക്കുന്നു.. കൂടാതെ അച്ചാര്‍ കുപ്പികളും കരിഞ്ഞാലിയിട്ട് തിളപ്പിച്ച വെള്ളം നിറച്ച ജാറും ഒക്കെ ഉണ്ട്.. ആര്‍ത്തിയോടെ ഒന്നാമത്തെ കലം തുറന്നു നോക്കിയപ്പോള്‍ എന്റെ കണ്ണും മൂക്കും ഒരുമിച്ചു വികസിച്ചു.. വറുത്ത വറ്റല്‍മുളകും കറിവേപ്പിലയും കടുകും പാറിക്കളിക്കുന്ന അടിപൊളി "രസം". അടുത്ത കലവും അതിനടുത്ത കലവും തുറന്നു നോക്കിയപ്പോള്‍ വികസിച്ചിരുന്ന എന്‍റെ മോന്ത കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയായി. രണ്ടും ശൂന്യം... "മാഷ്‌ക്ക് ഈ ചട്ടികള്‍ കൊണ്ട് പോയി ഷോകേസില്‍ വെക്കുകയോ അല്ലെങ്കില്‍ മണ്ണ് നിറച്ചു റോസാ ചെടി നടുകയോ ചെയ്തൂടെ?" എന്ന്‍ ആത്മഗതിച്ചു തിരിച്ചു ഹാളിലെത്തി..

"മാഷേ... അടുത്ത മഴയ്ക്ക് മുമ്പ് ഞങ്ങള്‍ക്ക് വീടെത്തണം. ടീച്ചറേ കാണുന്നുമില്ല.. ഒരു ചായ കിട്ട്യാരുന്നെന്കില്‍......"

പറഞ്ഞു തീരുന്നതിനു മുമ്പേ മാഷ്‌ ചാടിയെഴുന്നേറ്റു..

"ഓ..ഓ.. ആയ്ക്കോട്ടെ.. ദാ ഇപ്പോ താരാ ട്ടോ." എന്നും പറഞ്ഞു മുണ്ടും മടക്കിക്കുത്തി പി. ടി. ഉഷയെ തോല്‍പ്പിക്കും വിധം അടുക്കളയിലേക്ക് ഒരോട്ടം... "തരാത്ത നായരോട് വിടാതെ എരക്ക്വ" എന്നൊരു ചൊല്ലില്ലേ... സന്ദര്‍ഭമറിഞ്ഞു അത് ഞാനിവിടെ പ്രയോഗിച്ചു ന്നേ ള്ളൂ ട്ടോ..

ദാ....ന്നു പറയുന്ന നേരം കൊണ്ട് ആവി പറക്കുന്ന കാപ്പിയും പ്ലേറ്റില്‍ ബിസ്കറ്റും നിരന്നു..

"ന്‍റെ മാഷേ.. ഇതൊക്കെ എന്നെ കൊണ്ട് ചോയ്പ്പിച്ചിട്ടു വേണോ തരാന്‍.. വിശന്നിട്ടെന്റെ വയറിനകത്ത്കൂടി എലി പായാന്‍ തുടങ്ങി" മനസ്സില്‍ പറഞ്ഞത് എങ്ങിനെയോ അടുത്തിരുന്ന എന്‍റെ നായരദ്യേം കേട്ടോ എന്നൊരു ഡൌട്ട്.. വിശപ്പിന് അല്പം ആശ്വാസം ആയപ്പോള്‍ "മതി" എന്ന് പറഞ്ഞു ഞാന്‍ തീറ്റ നിര്‍ത്തി.. ബാക്കിയുള്ള കാപ്പിയും ഊതിക്കുടിക്കുന്നതിനിടക്ക് ബിസ്കറ്റ് പൊട്ടിച്ച കവര്‍ അലസമായൊന്നു മറിച്ചു നോക്കി...

ന്‍റെ ഭഗോതീ...!!! ന്നുള്ള വിളി ശബ്ദം പുറത്തു വന്നപ്പോള്‍ ട്രാന്‍സിലെഷന്‍ ചെയ്ത മാതിരി ബൌ ..ബൌ.. എന്നായിപ്പോയി.. നിര്‍ത്താതെ കുര തന്നെ.. എന്താ കാര്യം.. മാഷ്‌ മാറി തന്നത് പട്ടിക്ക് കൊടുക്കാനിരുന്ന ബിസ്കറ്റ്‌ ആയിരുന്നു.. പ്ലേറ്റില്‍ ബാക്കി വന്ന ബിസ്കറ്റും എടുത്തു കൊണ്ട് മാഷ്‌ പട്ടിക്കൂടിനടുത്തെക്ക് പോയപ്പോള്‍ സംഗതി ഉറപ്പായി..

മാഷുടെ വീട്ടില്‍ നിന്നും തുടങ്ങിയ ബൌ .. ബൌ കുര ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള "ഹരിപ്രിയ"യില്‍ എത്തി Thulasi Keralassery തുളസി ടീച്ചര്‍ തന്ന കാപ്പിയും ഉഴുന്ന് വടയും കഴിച്ചപ്പോഴാണ് നിന്നത്.

എന്തു പറയേണ്ടൂ... വല്ലപ്പോഴും പാര്‍ലെ-ജി ബിസ്കറ്റ് കഴിക്കാറുണ്ടായിരുന്ന ഞാന്‍... ഇപ്പോള്‍ ഏതു ബിസ്കറ്റ് കണ്ടാലും ബൌ.. ബൌ എന്നു കുരക്കുന്ന അവസ്ഥയിലെത്തിയപ്പോള്‍ ബിസ്കറ്റ് തീറ്റ ഉപേക്ഷിച്ചു..

നാട്ടില്‍ വന്നാല്‍ ആനെ തരാം ചേനെ തരാം.. ചക്കേം മാങ്ങേം ചേമ്പും കാച്ചിലും ഒക്കെ ഇഷ്ട്ടം പോലെ തരാം എന്നു പറഞ്ഞു കൊതിപ്പിച്ചതും വിശ്വസിച്ചു ഹാന്‍ഡ്‌ ബാഗില്‍ കുത്തിത്തിരുകിയ ചാക്കില്‍ തിരിച്ചു പോരും വഴി, തിരുവില്വാമലയില്‍ നിന്ന് ഫാക്ടംഫോസ് വാങ്ങി വീട്ടിലെ തെങ്ങിന് വളമിട്ടു.. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമാവണ്ടേ... യേത്... 
-----------------------
മോഹനന്‍ മാഷേ... കഴിഞ്ഞത് കഴിഞ്ഞു.. ഇനിയെങ്കിലും സത്യം പറയൂ.. മാഷ്‌ മനപൂര്‍വ്വമാണോ അതോ ഒരു കൈയ്യബദ്ധം ആയിട്ടാണോ എനിക്ക് പട്ടി ബിസ്കറ്റ് തന്നത്.. ? 
Padmashree Nair's photo.

18 comments:

  1. ആവശ്യമുള്ളത് കിട്ടീന്നു പറഞ്ഞാ മതീലോ ല്ലേ?
    നന്നായി ചിരിച്ചു.
    രസായി.

    ReplyDelete
  2. ഹഹഹഹ..... മാഷ് പണി തന്നല്ലേ :)

    ReplyDelete
  3. നാട്ടില്‍ ചുറ്റിക്കറങ്ങി പുട്ടടിക്കാന്‍ പ്ലാനിടുന്നവര്‍ക്ക് ഇത് പാഠമാകട്ടെ :) :) ബൌ ...ബൌ...ബൌ...

    ReplyDelete
  4. എന്ത്‌ കിട്ടിയാലും വലിച്ച്‌ വാരി തിന്നേക്കും,ഹും ഡോഡ്‌ റിപ്പിറ്റ്‌

    ReplyDelete
  5. ഹഹഹ നിങ്ങള്‍ക്ക് അങ്ങിനെ തന്നെ വേണം :) .. മാഷേ മാഷാണ് മാഷെ മാഷ്‌ !!.. ( ചിരിപ്പിച്ചൂട്ടോ )

    ReplyDelete
  6. നിക്കണ്ടോടത്ത് നിക്കാന്‍ ഓടണ്ട കാലാ.... അപ്പഴാ ചേച്ചീടെ ചായേം കടിയ്ക്കും വേണ്ടീള്ള കാത്തിരിപ്പ്.

    ReplyDelete
  7. പാവം പപ്പേച്ചി

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഓരോ പ്ലേറ്റ് പട്ടി ബിസ്കറ്റ് എടുക്കട്ടെ..!
    :D

    ReplyDelete
  11. അന്ന് പട്ടി പട്ടിണി.

    ReplyDelete
  12. കുഴപ്പമൊന്നും ആയില്ലല്ലോ..അല്ലെ.
    നല്ല രണ്ട് പഴുത്ത തക്കാളി തൊലികളഞ്ഞ് കഴിച്ചാൽ മതി.
    ഏതായാലും ബിസ്ക്കറ്റ് തീറ്റ നിർത്തിയത് നന്നായി..
    രസകരമായിട്ടോ ചേച്ചി..

    ReplyDelete
  13. രസിച്ചു ..ഉള്ളീന്നുള്ള ആ ബൗ ..ബൗ ..ഇപ്പോഴുണ്ടോ /?

    ReplyDelete
  14. സത്യം പറയൂ.. മാഷ്‌ മനപൂര്‍വ്വമാണോ അതോ ഒരു കൈയ്യബദ്ധം ആയിട്ടാണോ എനിക്ക് പട്ടി ബിസ്കറ്റ് തന്നത്.. ഹ ഹ ഹ

    ReplyDelete
  15. ശരിക്കും സൂപ്പർ ആയി... "ന്‍റെ ഭഗോതീ...!!! ന്നുള്ള വിളി ശബ്ദം പുറത്തു വന്നപ്പോള്‍ ട്രാന്‍സിലെഷന്‍ ചെയ്ത മാതിരി ബൌ ..ബൌ.. എന്നായിപ്പോയി.. " ...........ആ ലൈന് ഒക്കെ ശരിക്കും അനുഗ്രഹീതര്ക്കെ simple ആയി ഇങ്ങനെ ഉപയോഗിക്കാൻ പറ്റൂ.. great

    ReplyDelete
  16. Officil irunnu ithu vayicha njan pettennu urakke chirich poyi.....Enthayalum thante biscut quota apaharicha chechiye aa shunakan veruthe vidan chance illa. Munpil chennu pedenda...

    ReplyDelete