Friday, 29 August 2014

തൃപ്രയാര്‍ തേവര്‍ക്കു വെടിവഴിപാട്...!!!!


കല്യാണം കഴിഞ്ഞ കാലത്ത് ഞങ്ങള്  നവമിഥുനങ്ങള്‍ കാലത്തെ കുളിച്ചൊരുങ്ങി സെന്റും പൂശി, വീട്ടില്‍ നിന്ന് ഓരോ ഗ്ലാസ് ചായേം കുടിച്ചു ഇറങ്ങും.  സകലമാന തീയേറ്ററുകളും കേറിയിറങ്ങി   പുതിയ റിലീസ് സിനിമകള്‍ കാണും . ഭക്ഷണം ഹോട്ടലില്‍ നിന്ന്.. അങ്ങനെ തെണ്ടിതിരിഞ്ഞു രാത്രി വീട്ടിലെത്തും.. അടിച്ചുപൊളിച്ചു നടന്നിരുന്ന കാലം.. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കീശേം കാലിയായി.. എന്നിട്ടും ഞങ്ങള്‍ക്ക് ബോറടിച്ചതെ ഇല്ല.. ഇപ്പഴും ഓര്‍മ്മയുണ്ട്, വീട്ടുകാരറിയാതെ നെക്ലേസ് പണയം വെച്ച് കണ്ട സിനിമ  "മുഖചിത്രം".   മധുവിധു വിശേഷങ്ങള്‍  പങ്കു വെച്ച് വെറുതെ ത്രില്ലടിപ്പിക്കുന്നില്ല. എനിക്ക് പറയാനുള്ളത് വേറെയാ.

കാലമെന്ന മായാജാലക്കാരന്‍ സ്വഭാവത്തിലും ചിന്തകളിലും ഏറെ  മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയതോടെ നൂതന ചിന്തകള്‍ ഫിലോസഫികള്‍ക്കും ദൈവീക ചിന്തകളും കൊണ്ട് ഫുള്ളായി.. പറ്റാവുന്നത്ര അമ്പലങ്ങള്‍ സന്ദര്‍ശിക്കും. ആചാരങ്ങളുടെയും അനുഷ്ട്ടനങ്ങളുടെയും പുസ്തകങ്ങള്‍ വാങ്ങി അലമാരയില്‍ വെക്കും.. കാടാമ്പുഴ, ചോറ്റാനിക്കര, ഗുരുവായൂര്‍, പഴനി തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍  ദര്‍ശന സൌഭാഗ്യം കിട്ടിയിട്ടുണ്ട്.. ഇനി ശബരിമലക്ക് പോണം. ഇപ്പോഴല്ലേ.. കുറെ കാലം കൂടി കഴിഞ്ഞു  വീടൊക്കെ വിറ്റിട്ട്.  :)

ഇനി കാര്യത്തിലേക്ക് കടക്കാം.. കഴിഞ്ഞ മാസം നാട്ടില്‍ പോയപ്പോള്‍, അത്താഴമൊക്കെ കഴിഞ്ഞു "പരസ്പരം" സീരിയലിലെ  പടിപ്പുര വീട്ടില്‍ പത്മാവതിയമ്മക്ക് ഒരു ഫ്ലയിംഗ് കിസ്സ്‌  ഒക്കെ കൊടുത്തു ഉറങ്ങാന്‍ കിടന്നു. രാത്രിയുടെ ഏതോ യാമത്തില്‍ ആരോ തോണ്ടുന്നത് പോലെ തോന്നി.. കണ്ണു തുറന്നു നോക്കിയപ്പോള്‍,  കരങ്ങിക്കൊണ്ടിരിക്കുന്ന ദിവ്യപ്രകാശ വലയത്തിനു നടുവില്‍ , സര്‍വ്വാഭരണവിഭൂഷിതനായി  ഒരു ആണ്‍ ദൈവം. തിരുവില്വാമല വില്വാദ്രിനാഥന്‍റെ  ഒരു ഫേസ്കട്ട് ഉണ്ട്.  എന്‍റെ അന്ധാളിപ്പ് കണ്ടു ദൈവം അത്ര  മയമില്ലാത്ത  സ്വരത്തില്‍ പറഞ്ഞു.

"പേടിക്കണ്ട.. ഞാന്‍ തൃപ്രയാരപ്പന്‍.. തേവര് ന്നും പറയും..  നീയിവടെ എത്തീട്ട് കൊറേ ദിവസായല്ലോ. നിനക്കെന്താ എന്നെയൊന്നു വന്നു കണ്ടാല്.. ങേ..  രണ്ടു ദിവസത്തിനകം അവിടെ എത്തീല്ലെങ്കില്‍  എന്‍റെ  വിധം  മാറും. പറഞ്ഞേക്കാം. ങാ."

ഇത്രേം പറഞ്ഞു  തേവര് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പിന്‍വിളി വിളിച്ചു കൊണ്ട് ..

"അതേയ്...  ത്രുപ്രയാരപ്പാ.. നിയ്ക്കൊരു കാര്യം  പറയാനുണ്ട്"..

"ഈ നട്ടപ്പാതിരക്കു നിനക്കെന്തു കാര്യാ പറയാനുള്ളത്.. ഇനീപ്പോ എന്ത് കാര്യാച്ചാലും  നേരം വെളുത്തിട്ടു പറഞ്ഞാ മതി.."    കൂര്‍ക്കം വലിയുടെ സ്വിച്ച് ഓഫ്‌ ചെയ്തിട്ട്, നിദ്രാഭംഗം കൊണ്ടുണ്ടായ അരിശത്തില്‍  എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പ്രുഷ്ട്ടം കൊണ്ട് എനിക്കിട്ടൊരു തള്ളും തന്നു നല്ല പാതി തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.

പിറ്റേന്ന് കാലത്ത് ചായ കുടിക്കുന്നതിനിടയില്‍ രാത്രിയിലെ ഡിവൈന്‍ സ്വപ്നവും, തൃപ്രയാരപ്പന്‍ ഭീഷണിപ്പെടുത്തിയതും  എന്നാലാവതു പോലെ പൊടിപ്പും തൊങ്ങലും കൂട്ടി വിവരിച്ചു, തൃപ്രയാര്‍ പോകാനുള്ള അനുമതി നേടിയെടുത്തു.



തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ  തൃപ്രയാര്‍ തേവരുടെ തിരുസന്നിധിയില്‍ എത്തി. ഞങ്ങളെ കൂടാതെ അമ്മയുമുണ്ടായിരുന്നു. ശ്രീകോവിലും പരിസരവും ഒക്കെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെത് പോലെ തന്നെ. വെറുതെയല്ല സ്വപ്നത്തില്‍ വന്ന തേവര്‍ക്കു വില്വാദ്രിനാഥന്‍റെ മുഖച്ഛായ തോന്നിപ്പിച്ചതെന്നു ആ നിമിഷം വെറുതെ ഓര്‍മ്മിച്ചു..   രാമായണമാസം തുടങ്ങാന്‍ ദിവസങ്ങള്‍ കൂടി ബാക്കിയുള്ളത് കൊണ്ട് വലിയ തിക്കും തിരക്കുമില്ലാതെ ഭഗവദ് ദര്‍ശനം സാദ്ധ്യമായി.. വഴിപാടുകള്‍ നടത്തി ശ്രീകോവിലില്‍ നിന്ന് പുറത്തു കടന്നു, കൌണ്ടറില്‍ പണമടച്ചു  മീനിനുള്ള  വഴിപാടു പൊതിയുമായി  മീനൂട്ട്  കടവിലെത്തി. എന്നെ പോലെ തന്നെയാ   ഭക്ഷണം കണ്ടാല്‍ ഉടനെ ചാടിവീഴുന്ന  ചെറുതും വലുതുമായ മീനുകള്‍..  മീനൂട്ട് കഴിഞ്ഞു നേരെ പോയത് ശാസ്താവിന്റെ തിരുനടയില്‍. അവിടുത്തെ കൌണ്ടറില്‍ നിന്നും രശീതി വാങ്ങി  എള്ളുതിരിയും  നെയ്വിലക്ക് തെളിയിക്കാനുള്ള നെയ്യുമായി ക്യൂവില്‍ നില്‍ക്കുമ്പോള്‍.......







ട്ടോം..ട്ടോം..ട്ടോം..ട്ടോം..ട്ടോം..!!!!  അതിഭയങ്കരമായ ശബ്ദത്തില്‍ അഞ്ചു വെടി.. അതും കൂട്ടവെടി..  അപ്രതീക്ഷിതമായുണ്ടായ വെടി ശബ്ദമായതുകൊണ്ട്  അതിഭീകരമായി ഞാനൊന്ന് ഞെട്ടി. ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍  രാഷ്ട്രീയ നേതാക്കള്‍ ഞെട്ടുന്നതിനേക്കാള്‍ ഭീകരമായ ഓരോന്നോര  ഞെട്ടല്‍. ആ ഞെട്ടലിന്‍റെ ശക്തിയില്‍  നെയ്യ് നിറച്ച കുഞ്ഞിക്കിണ്ണം, ഹൈജംപ് ചാടുന്ന അത്ലറ്റിനെ പോലെ എന്‍റെ കൈയ്യില്‍ നിന്നും എടുത്തു ചാടി തൊട്ടു മുന്നില്‍ തൊഴുകൈയ്യുമായി നില്‍ക്കുന്ന മഹിളാ മണിയുടെ  എംബ്രോയിഡറി വര്‍ക്ക് കൊണ്ട് മനോഹരമാക്കിയ പുത്തന്‍ പുതിയ സെറ്റ് സാരിയിലേക്ക്  തെറിച്ചു വീണു.  തിരിഞ്ഞുനോക്കിയ മഹിളാമണിയുടെ കണ്ണുകളില്‍ നിന്ന് രണ്ടു തീഗോളങ്ങള്‍ എന്‍റെ നേര്‍ക്ക്‌ നീണ്ടു വന്നു  ഒപ്പം ഒരലര്‍ച്ചയും..

ദെന്ത് പണ്യാ  ഈ കാണിച്ചേ.. ങ്ങക്ക്  കണ്ണു കണ്ടൂടെ.. പുത്യ സാര്യാ  ഇത്.. ഒക്കെ നശിപ്പിച്ചില്ലേ.. നേരം വെളുക്കുമ്പോ ഓരോന്നിനെ  ഇങ്ങു കെട്ടിയെടുത്തോളും.."

അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്കൂഹിക്കാവുന്നതെ ഉള്ളൂ.. അതുകൊണ്ട് തന്നെ  ഞാനല്‍പ്പം  വിനയകുനയയാവാന്‍  തീരുമാനിച്ചു..

"സോറി ട്ടോ   മനപ്പൂര്‍വ്വമല്ല..  വെടി ശബ്ദം  കേട്ടു ഞെട്ടിയപ്പോള്‍ കൈയ്യില്‍ നിന്നും അറിയാതെ  തെറിച്ചു പോയതാ.. "

"നിങ്ങളെന്താ  ആദ്യായിട്ടാ  വെടി കേക്കണേ.."

മഹിള ഉടക്കാനുള്ള ഉദ്യേശത്തിലാണെന്ന് മനസ്സിലായി. ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല. ഫ്രീയായിട്ട് ഒരു വാക്പയറ്റ് പ്രതീക്ഷിച്ചു നിന്ന മറ്റു ഭക്തജനങ്ങളെ  നിരാശരാക്കി കൊണ്ട്    ഞാന്‍ അമ്മയുടെ കൈയും പിടിച്ചു അവിടുന്ന് പിന്തിരിഞ്ഞു. അപ്പോഴാണ്‌  "ന്‍റെ ആള്"  മിസ്സിംഗ് ആയ വിവരം ഞാനറിയുന്നത്.   സഹിച്ചു മത്യായപ്പോള്‍ ന്നെ ത്രുപ്രയാരപ്പന്റെ മുന്നില്‍ നടക്കിരുത്തി  സായൂജ്യമടഞ്ഞു പോയോ  എന്ന് വരെ ഒരു നിമിഷത്തെ കുരുട്ടു ബുദ്ധി എന്‍റെ മനസ്സില്‍ തോന്നി.   വേവലാതിയോടെ ചുറ്റും നോക്കുന്നതിനിടയില്‍  കുറച്ചു മാറി  വഴിപാടു  കൌണ്ടറിനു മുന്നില്‍ ഒരു വാക്കുതര്‍ക്കം.  ഹോ.. എന്‍റെ ലൈഫ് പാര്‍ട്ണര്‍ അവിടെ ഉണ്ട്. ഞാനങ്ങോട്ടു വെച്ചുപിടിച്ചു..  കാര്യം നിസ്സാരമാണെങ്കിലും  പ്രശ്നം ഗുരുതരമാവാന്‍ സാദ്ധ്യതയുണ്ട്.

"പൂജ്യം മാഞ്ഞുപോയതാണ് മിസ്റ്റര്‍. നിങ്ങള് കാശു താ. വെടീം പൊട്ടിച്ചിട്ട് കാശു തരാന്‍ എന്താ ഇത്ര മടി?"        വഴിപാടു കൌണ്ടറില്‍ ഇരിക്കുന്ന  രുദ്രാക്ഷമാലയിട്ട താടിക്കാരന്‍ ക്രുദ്ധനാവുന്നു.

"അതെങ്ങനെ..  വെടി വഴിപാടിന്റെ  രേറ്റിലെ പൂജ്യം മാത്രം മാഞ്ഞു പോയത്.  ബാക്കിയുള്ളവയിലെ പൂജ്യം ഒന്നും മാഞ്ഞിട്ടില്ലല്ലോ..  ഒരു ഉറുപ്യാന്നു കണ്ടതോണ്ടാല്ലേ ഞാന്‍ അഞ്ചു വെടി  പൊട്ടിക്കാന്‍ പറഞ്ഞേ.. ഹും.. ഞാന്‍ അഞ്ചുറുപ്യന്നെ  തരുള്ളൂ."   നായരദ്യേഹവും വിട്ടുകൊടുക്കുന്നില്ല.

സംഗതിയുടെ ഗൌരവം അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌..  വഴിപാടു വിവരങ്ങള്‍ എഴുതി വെച്ച  ബോര്‍ഡില്‍ വെടിവഴിപാടിനു നേരെ  1 എന്നാണു കാണുന്നത്. ആ കണക്കിന്  അഞ്ചു വെടി കഴിപ്പിച്ചു  അഞ്ചു രൂപ കൊടുത്തു.  പക്ഷെ താടിക്കാരന്‍ പറയുന്നത് ഒന്നിന്‍റെ അടുത്തുള്ള പൂജ്യം മാഞ്ഞു പോയതാണ്, ഒരു വെടിക്ക് പത്തു രൂപയാണ് എന്ന്..   ഞാന്‍ ഒരു നിമിഷം ആലോചിച്ചു..  ഇക്കാലത്ത്  ഒരു രൂപയ്ക്കു "വെ" പോലും കിട്ടില്ല, പിന്നല്ലേ  "വെടി."

ഇവിടെ വെടി പ്രശ്നം..  അപ്രത്ത്  വെടിയുടെ ഞെട്ടലില്‍ സാരിയില്‍ എണ്ണ വീണുണ്ടായ പ്രശ്നം. ഉടനെ ഒരു  "വെടി നിരത്തല്‍" പ്രഖ്യാപിച്ചില്ലെങ്കില്‍  ആകെ ജഹപൊഹ ആവുന്ന ലക്ഷണമുണ്ട്.  പൊട്ടിത്തെറിച്ച വെടി തിരിച്ചു പിടിക്കാന്‍ പറ്റില്ലല്ലോ..  ന്‍റെ ആളെ ഒരു ഭാഗത്തേക്ക് ഒതുക്കി നിര്‍ത്തി, എന്‍റെ ബാഗ് തുറന്നു, അമ്പതു രൂപയുടെ നോട്ടെടുത്ത്  അഴികള്‍ക്കിടയിലൂടെ കൊടുത്തു ബാക്കി അഞ്ചു രൂപ തിരികെ മേടിക്കുമ്പോള്‍  രുദ്രാക്ഷധാരിയോടു  പതുക്കെ പറഞ്ഞു

"  ഇതൊന്നും അത്ര ശര്യല്ലാ  ട്ടോ. ഒരു ചോക്ക് കഷ്ണം കൊണ്ട് ആ ഒന്നിന്‍റെ അപ്രത്ത് ഒരു വട്ടം വരച്ചിടു ഷ്ട്ടാ.  വെറുതെ  ഭക്തജനങ്ങളെ  വെറുപ്പിക്കല്ലേ."

തിരിച്ചു പോരുന്ന വഴിക്ക് എന്‍റെ ചിന്തകള്‍ ഇതായിരുന്നു.
"ഏതു ക്ഷേത്രത്തില്‍ പോയാലും  ഇദ്യേം വെടിവഴിപാട് മാത്രം നടത്തുന്നതിന്‍റെ രഹസ്യം എന്താവാം ? അതും എണ്ണത്തില്‍ അഞ്ച്. "     കട്ട കലിപ്പില്‍ ആയത് കൊണ്ട്  എന്‍റെ സംശയം ഞാന്‍ ചോദിക്കാതെ  വിഴുങ്ങി.   അടുത്ത തവണ ലീവില്‍  വരുമ്പോഴാവട്ടെ.. നേരോം കാലോം നോക്കി  ഈ വിഷയത്തെ പട്ടി കൂലംകഷമായി ഒരു ചര്‍ച്ച നടത്തണം..

വെടിവഴിപാട് രഹസ്യം ചോര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍  ന്‍റെ  തട്ടകത്തിലെ  ഭഗോതിക്ക്  എന്‍റെ വകയായി അമ്പത്തിയൊന്നു വെടി കഴിപ്പിക്കാം....

എങ്കിലും  എന്‍റെ തൃപ്രയാര്‍  തേവരേ  ..... ന്നോടിത്  വേണ്ടായിരുന്നു.....  പ്ലിംഗ്...!


  -പദ്മശ്രീ നായര്‍-

20 comments:

  1. വെടി പുലിവാല് ....!

    ReplyDelete
  2. വെടി പുലിവാല്‍ ...

    ReplyDelete
  3. മുക്കിലും മൂലേലുമൊക്കെ ചിരിവെടി പൊട്ടിച്ച വായന അവസാനിച്ചറിഞ്ഞതേയില്ല..
    ഹാസ്യം വഴങ്ങുന്നത്‌ അനുഗ്രഹീയ കഴിവാണു..
    കൂടെ പറയേണ്ട വിഷയം വായനക്കാരനിൽ എത്തിക്കുന്നതോടെ എഴുത്തുകാരിയുടെ ദൗത്യം പൂർണ്ണമാവുന്നു..
    നന്ദി ട്ടൊ..ആശംസകൾ..
    പിന്നെയ്‌,എണ്ണപ്പാടത്ത്‌ കെടന്ന് പണിയെടുക്കുന്നവർക്ക്‌ അറിയാം ഒന്നിന്റെ വെല..
    അതോണ്ടായിരിക്കും വീട്ടിൽ പൊട്ടിക്കാൻ പറ്റാത്ത വെടി പൊട്ടിച്ച്‌ അവിടെ വെച്ചെങ്കിലും ഞെട്ടിച്ചത്‌..
    അടുത്ത വരവിനു വെടി അകത്ത്‌ പൊട്ടാതെ സൂക്ഷിച്ചോ ഠോ..!

    ReplyDelete
    Replies
    1. ഹിഹിഹി.. സന്തോഷം മഴക്കുഞ്ഞേ...

      Delete
  4. വളരെ നന്നായി..
    ത്രിപ്പയാർ ആണല്ലേ നാട്..
    ഇനി പോകുമ്പോൾ എന്റെ പേരിൽ ഒരു വെടി പൊട്ടിക്കണം കേട്ടോ.. :)

    ReplyDelete
    Replies
    1. എന്‍റെ നാട് പാലക്കാട് ആണ്.. തൃപ്രയാരപ്പന്‍ വിളിച്ചിട്ട് പോയതാ..
      അടുത്ത തവണ ഗിരീഷിന്റെ പേരില്‍ ഒരഞ്ചു വെടി പോട്ടിചോലാം പോരെ. :)

      Delete
  5. തൃപ്രയാര്‍ തേവരും വെടി വഴിപാടുമൊക്കെ സരസവായന നല്‍കുന്നു..
    വായിച്ച് ഊറുയൂറിച്ചിരിച്ചു...


    ((( ഠോ )))
    ബ്ലോഗ് ഹിറ്റാകാനുള്ള ഒരു വെടി നമ്മുടെ വകയും..

    അഭിവാദ്യങ്ങ്യള്‍ മിസ്സിസ്. നായര്‍

    ReplyDelete
    Replies
    1. ഒരു വെടി കൊണ്ടൊക്കെ എന്താവാനാ സഖാവേ... കുറഞ്ഞത്‌ ഒരു അഞ്ചു വെടിയെങ്കിലും പൊട്ടിചാലല്ലേ ബ്ലോഗ്‌ ഹിറ്റാവൂ... :)

      Delete
  6. V K N നു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മഹിളാരത്നം
    ശ്രീമതി P S N (PADMA SHREE NAIR)

    ഹ്യൂമര്‍ എഴുതിപ്പൊലിപ്പിച്ച് വായനക്കാരെ കൈയിലെടുക്കാനുള്ള കഴിവ് ,
    അല്ലെങ്കില്‍, സരസ്വതീകടാക്ഷം കനിഞ്ഞനുഗ്രഹിച്ച് കിട്ടിയ പാലക്കാട്ടുകാരി.

    തൃപ്രയാര്‍ നിവാസിയായ എന്നെസംബന്ധിച്ചിടത്തോളം ഈ നര്‍മ്മക്കുറിപ്പ്‌
    എഴുതിയ പദ്മശ്രീനായര്‍ എന്‍റെ ഒപ്പോളാണ് എന്നുപറയുന്നതില്‍പ്പരം
    എന്തഭിമാനമാണ് എനിക്ക് വേണ്ടത്?..

    നര്‍മ്മത്തില്‍ ചാലിച്ച എഴുത്തുകളുമായി പ്രത്യക്ഷപ്പെടുന്ന ഓപ്പോള്‍ക്ക്‌
    എല്ലാ ആശംസകളും നേരുന്നു..!

    -അക്കാകുക്ക-

    ReplyDelete
    Replies
    1. എല്ലാം തൃപ്രയാര്‍ തേവരുടെ കടാക്ഷം എന്ന് വിശ്വസിക്കുന്നു
      ഒപ്പം അക്കുവിന്റെ അനുഗ്രഹവും സ്നേഹവും..

      Delete
  7. കൊള്ളാരുന്നു ട്ടോ ......

    ReplyDelete
  8. എത്ര മനോഹരമായാണ് എഴുതുന്നത്‌.തൃപ്രയാർ പോയി ഇതെല്ലാം നേരിൽ കണ്ടപ്പോലെ തോന്നുന്നു.ഒരുപാട് നന്ദി ....രസിപ്പിച്ചതിന്നു

    ReplyDelete
    Replies
    1. വന്നതിനും വായനക്കും അഭിപ്രായത്തിനും ഒരുപാടൊരുപാട് സന്തോഷം.. നന്ദി.

      Delete
  9. "ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ഞെട്ടുന്നതിനേക്കാള്‍ ഭീകരമായ ഓരോന്നോര ഞെട്ടല്‍....." ഹഹഹ ചിരിച്ച് ചിരിച്ച് വയ്യാണ്ടേയായി. നന്നായി എഴുതി....

    ReplyDelete
  10. ചിരിപ്പിച്ചു അല്ല നന്നായി ചിരിച്ചു :) ഇനി മീശമാധവന്‍ സിനിമയിലെ വഴിപാടോ മറ്റോ ആണോ പുള്ളിക്കാരന്‍ ....തല്ലല്ലേ !! ഞാനോടി ((( നല്ല അവതരണം .

    ReplyDelete
    Replies
    1. ഫൈസല്‍ ബായ്... ...... :)))))

      Delete
  11. "നിങ്ങളെന്താ ആദ്യായിട്ടാ വെടി കേക്കണേ.."? എനിയ്ക്കും അത് തന്നെയാ ചോദിയ്ക്കാനുള്ളത്.

    ഒരു രൂപയേ ഉള്ളത് കൊണ്ട് നായര് വലിയ വെടി തന്നെ വച്ചതായിരിയ്ക്കും.

    മഹിളാ മണിയുടെ മനോഹരമായ സെറ്റ് സാരി കണ്ട് മനപൂർവം ആണോ എന്നൊരു സംശയം ഇല്ലാതില്ല.

    പുള്ളിയുടെ ഈ വെടി പ്രേമം നിങ്ങളെപേടിപ്പിയ്ക്കാൻ വേണ്ടി ആയിരുന്നു എന്ന് എനിയ്ക്ക് തോന്നുന്നു.

    ഹാസ്യം സ്വാഭാവികമായി വരുമ്പോൾ ചില ഫ്രിൽസ് (തൊങ്ങലുകൾ) ഒഴിവാകും.(ഉപദേശം ആയി തെറ്റിദ്ധരിക്കരുതേ-ഇപ്പം വെറുതെ കൊടുക്കാൻ പറ്റുന്ന ഏക സാധനം അതാണ്‌).

    നന്നായി. നല്ല ശൈലി. നല്ല ഹാസ്യം.

    ReplyDelete
  12. Chechee njan adyamayittanu blog ezhuthu vayikkunnathu.adyavayanayil thanne ottayiruppinu kure vayichu. Athil chirippicha oru sambhavam ennu thanne parayatte.... Valare nannayi.

    ReplyDelete