Sunday, 25 January 2015

ഒരു റിപ്പബ്ലിക് ദിനം.. ഭീതീദമായ ഓരോര്‍മ്മയിലൂടെ...




രാജ്യം   66- മത്   റിപ്പബ്ലിക്  ദിനം  ആഘോഷിക്കുന്ന   ഈ  വേളയില്‍   ജീവിതത്തില്‍   ഒരിക്കലും മറക്കാനാവാത്ത   ഒരു  അനുഭവം   കൂടി    പങ്കു വെക്കാന്‍   ആഗ്രഹിക്കുന്നു.. 

2001  ലെ   റിപ്പബ്ലിക്   ദിനം..   മഞ്ഞിന്‍  പുതപ്പിനുള്ളില്‍  ചുരുണ്ട് കൂടിയ  അഹമ്മദാബാദ്   നഗരം.  രാവിലെ   എട്ടു  മണി  കഴിഞ്ഞുകാണും..  നോക്കിയാല്‍  കാണുന്ന  ദൂരത്തുള്ള സ്കൂളിലേക്ക് റിപ്പബ്ലിക്   ദിനാഘോഷങ്ങളില്‍   പങ്കെടുക്കാന്‍   കൂട്ടുകാരോടൊത്ത്   നടന്നകലുന്ന   മകനെ നോക്കി  കുറച്ചു നേരം  ബാല്‍ക്കണിയില്‍  നിന്നു..  

"ഒരു  കപ്പ്   ചായ  ഉണ്ടാക്കിക്കെ..  കുടിച്ചിട്ട്    മാര്‍ക്കറ്റില്‍   പോയി  പച്ചക്കറികള്‍  ഒക്കെ  മേടിച്ചിട്ട്   വരാം.."   അകത്തു  നിന്നും   രവിയേട്ടന്റെ   ശബ്ദം.  

ചായപ്പാത്രം   വാഷ്ബേസിനില്‍   കഴുകിക്കൊണ്ടിരിക്കുമ്പോള്‍    പുറകില്‍  നിന്നും   ആരോ   ശക്തിയായി   മുന്നോട്ടും   പിന്നോട്ടും   മൂന്നാല്  തവണ   ആഞ്ഞു   തള്ളിയതായി  എനിക്ക്  തോന്നി.  കളിപ്പിക്കാനായി   ഇടക്കൊക്കെ   ചെയ്യാറുള്ളത് പോലെ   എട്ടനായിരിക്കും   എന്ന്  കരുതി   അല്പം  ദേഷ്യത്തോടെ തിരിഞ്ഞു  നോക്കി..  അപ്പോള്‍ തന്നെ   അടുത്ത  റൂമില്‍   നിന്നും ഏട്ടന്റെയും   ഒച്ച  കേട്ടു.. "അയ്യോ   ഇതെന്താ   വീട്  കുലുങ്ങുന്നത്...  ഓടിക്കോ  ഭൂകമ്പം  ആണെന്ന്   തോന്നുന്നു."  പിന്നൊന്നും  ആലോചിച്ചില്ല.. രണ്ടുപേരും   കൈ കോര്‍ത്ത്‌  ഫ്ലാറ്റിന്‍റെ   നാലാം  നിലയില്‍ നിന്നും  കോണിപ്പടികള്‍  ഇറങ്ങി ഓടി..  കാറ്റിന്‍റെ  മുരള്‍ച്ച  പോലൊരു  ശബ്ദത്തോടൊപ്പം   കോണിപ്പടികളുടെ  കൈവരികള്‍   വിറക്കുന്നതും  ബില്‍ഡിംഗ്‌  ആടിയുലയുന്നതും  വ്യക്തമായി    അറിഞ്ഞു.  ഓടിയിറങ്ങി   താഴെ   എത്തിയപ്പോഴേക്കും    ഫ്ലാറ്റില്‍  ഉള്ളവരെല്ലാം   താഴെ   എത്തിയിരുന്നു..  ആര്‍ക്കും  കുറെ  നേരത്തേക്ക്   ഒന്നും  ശബ്ദിക്കാന്‍   കഴിഞ്ഞില്ല..  ഭൂകമ്പമെന്ന  പ്രകൃതി ദുരന്തത്തിന്‍റെ   ഷോക്കില്‍  ആയിരുന്നു  എല്ലാവരും.. ഇതിനിടക്ക്‌  സ്കൂളില്‍  പോയിരുന്ന കുട്ടികള്‍   ഭയന്ന്  നിലവിളിച്ചു    ഓടി  വന്നു. പ്രാഥമികആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരുന്നവര്‍ വൃത്തിയാക്കാന്‍  പോലും  നില്‍ക്കാതെ   ഇറങ്ങിയോടി..  കുളിച്ചു കൊണ്ടിരുന്ന   സ്ത്രീകള്‍  കൈയ്യില്‍  കിട്ടിയ   തുണി   വാരിച്ചുറ്റി   നഗ്നത  മറച്ചു  നനഞ്ഞ  ശരീരവുമായി  ചൂളി നിന്നു.   

റികടര്‍  സ്കെയിലില്‍  7.7  തീവ്രത   രേഖപ്പെടുത്തിയ, രണ്ടു  മിനിറ്റോളം  ദൈര്‍ഘ്യമേറിയ,   രാജ്യം   വിറങ്ങലിച്ചു പോയ  ഭൂകമ്പ  ദുരന്തത്തില്‍ പതിനായിരക്കണക്കിനു  ആളുകള്‍ക്ക്   ജീവന്‍  നഷ്ട്ടപ്പെട്ടു. ഒന്നര  ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക്  അംഗ വൈകല്യം   സംഭവിച്ചു..   ലക്ഷക്കണക്കിന്‌   വീടുകള്‍  നിലം പൊത്തി.  ഭൂകമ്പത്തില്‍   ഏറ്റവും  കൂടുതല്‍  ജീവനും  സ്വത്തിനും   നാശം സംഭവിച്ചത്  കച്ച്   ജില്ലയിലായിരുന്നു..  തികച്ചും   ശവപ്പറമ്പായി   മാറിയ കച്ചിനു  മുകളിലൂടെ   കഴുകന്മാര്‍   വട്ടമിട്ടു പറന്നു.. 

തുടര്‍ന്നുള്ള  ദിവസങ്ങളിലുണ്ടായ  ഭൂകമ്പത്തിന്റെ ചെറിയ  ചെറിയ  തുടര്‍ ചലനങ്ങളില്‍   ജനങ്ങള്‍ ഭീതിതരായി.. കുട്ടികളെയും  കൊണ്ട്   വീടിനുള്ളില്‍  കിടന്നുറങ്ങാന്‍   പേടിച്ചു  തുടങ്ങി.. ഒഴിഞ്ഞു കിടന്ന  പറമ്പുകളില്‍  താല്‍ക്കാലിക   ടെന്റുകള്‍  കെട്ടി  ആഴ്ചകളോളം    രാത്രികള്‍  കഴിച്ചു കൂട്ടി. ഒന്നിന് മീതെ  ഒന്നായി  കമ്പിളിപുതപ്പുകള്‍   പുതച്ചിട്ടും   തണുത്തു  വിറച്ചു.  ഉറങ്ങാന്‍   കഴിയാത്ത രാത്രികള്‍...!!!   

ആര്‍ഭാടത്തോടെ ജീവിച്ചവര്‍,  വേണ്ടപ്പെട്ടവരുടെ   ജീവന്‍  ഉള്‍പ്പെടെ   എല്ലാം   നഷ്ട്ടപ്പെട്ടു, തല്ക്കാലത്തെക്കെങ്കിലും   പെരുവഴിയിലായി. ശീതീകരിച്ച മുറിയില്‍, പട്ടുമെത്തയില്‍   ശയിച്ചവര്‍  പാതയോരത്തെ   വിളക്കുകാലിന്‍റെ  ചോട്ടില്‍ പഴംതുണി   വിരിച്ചു, കൊതുകുകടി  കൊണ്ട്  ഉറങ്ങാതെ നേരം വെളുപ്പിച്ചു. നെയ്യും  പരിപ്പും  പഴവര്‍ഗ്ഗങ്ങളും തിന്നു  ശീലിച്ചവര്‍  ദുരിതാശ്വാസപ്രവര്‍ത്തകര്‍ എണ്ണി ക്കൊടുത്ത  ഉണക്ക  ചപ്പാത്തിയും   ദാലും   തിന്നു  വിശപ്പകറ്റിയപ്പോള്‍ , അന്തിയുറങ്ങാന്‍   വീടില്ലാതെ,  ഉടുതുണിക്ക്‌  മറുതുണിയില്ലാതെ,  ഒരു നേരത്തിനു  ആഹാരത്തിനു  ഗതിയില്ലാതെ,  മരുന്ന്  വാങ്ങാന്‍   കാശില്ലാതെ  അലയുന്ന   സഹജീവികളെ  കുറിച്ച്   ഒരു നിമിഷമെങ്കിലും   ചിന്തിച്ചു കാണുമോ??? 

താന്‍  ചവിട്ടി  നില്‍ക്കുന്ന  മണ്ണ്  പോലും   തനിക്കന്യമാണെന്ന് അനുഭവത്തിലൂടെ  പഠിപ്പിച്ച   ദിനങ്ങളായിരുന്നു   വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ  ഭൂകമ്പത്തിലൂടെ   ഗുജറാത്തിലെ ജനങ്ങള്‍   അനുഭവിച്ചത്.. ഭൂമി ദേവി  ഒന്നനങ്ങിയാല്‍  മതി എല്ലാം   തകര്‍ന്നു  തരിപ്പണമാവാന്‍.   അഹന്തയും   ശത്രുതയും  അലങ്കാരമായി   കൊണ്ട് നടക്കുന്നവര്‍ക്കുള്ള   പാഠങ്ങളാണ്    ഓരോ  പ്രകൃതി  ദുരന്തവും.  എന്നിട്ടും  എന്തേ  ആരും  ഒന്നും   പഠിക്കുന്നില്ല.    കൊന്നും   കൊലവിളിച്ചും,   മറ്റുള്ളവരെ   പറ്റിച്ചും  ധനം  വാരിക്കൂട്ടിയിട്ടു   എന്ത് കാര്യം?  

വെള്ളക്കാരുടെ   ചവിട്ടും  തൊഴിയുമേറ്റ്  ഗാന്ധിജി  ഉള്‍പ്പെടെയുള്ള നമ്മുടെ  പൂര്‍വികന്മാര്‍   പൊരുതി  നേടിയെടുത്ത  സ്വാതന്ത്ര്യം ഇന്ന്   നമ്മള്‍  പരമാവധി   ദുരുപയോഗം   ചെയ്യുന്നു.   രാഷ്ട്രീയത്തിന്റെയും   മതത്തിന്‍റെയും  ജാതിയുടെയും   പേരില്‍ തെരുവോരങ്ങളില്‍ തമ്മില്‍തമ്മില്‍  വെട്ടിച്ചാകുന്നു. സ്ത്രീകളുടെ   മാനത്തിന്   വിലയിടുന്നു.  അമ്മിഞ്ഞപ്പാലിന്റെ   മണം  വിട്ടുമാറാത്ത  കുരുന്നുകള്‍  പോലും  ലൈംഗികാതിക്രമങ്ങളുടെ   ബലിയാടുകളാവുന്നു.. പെറ്റു പോറ്റിയ   മാതാപിതാക്കളെ   നിഷ്കരുണം  വഴിയില്‍  ഉപേക്ഷിക്കുന്നു. അഭിമാനിക്കാനാണെങ്കിലും    അപലപിക്കാനാണെങ്കിലും   ഉദാഹരണങ്ങള്‍   ഇനിയുമേറെ. ഇതാണോ  സ്വാതന്ത്ര്യം?   

മഞ്ഞും  മഴയും   വക  വെക്കാതെ,  ഉറ്റവരെയും  ഉടയവരെയും വിട്ടകന്ന് ,   ശത്രു പാളയത്തിന്റെ   തോക്കിന്‍ കുഴലിലൂടെ  ചീറിപ്പാഞ്ഞു  വരുന്ന   വെടിയുണ്ടകള്‍ക്കു  മുന്നില്‍   ജീവന്‍  പണയം വെച്ച്, രാജ്യാതിര്‍ത്തികള്‍ക്ക്   കാവല്‍  നില്‍ക്കുന്ന  ധീര ജവാന്മാരെ   എത്ര  പേര്‍ ഓര്‍ക്കുന്നുണ്ടാവും?   

ചിന്തകളില്‍  സ്വാതന്ത്ര്യം  വേണം  വാക്കുകളില്‍   വിശ്വാസം  വേണം പ്രവര്‍ത്തികളില്‍ ആത്മാര്‍ഥതയുണ്ടായിരിക്കണം.  ഹൃദയം  കൊണ്ടഭിമാനിക്കണം .. ഇന്ത്യ   എന്‍റെ  രാജ്യമാണ്. 

 "No Nation is Perfect .. It needs  to be made Perfect" 

മഹാത്മാഗാന്ധിയുടെ   ഈ  വാക്കുകള്‍   അനുസ്മരിച്ചു  കൊണ്ട്  എല്ലാവര്‍ക്കും  
റിപബ്ലിക്   ദിനാശംസകള്‍ ...!!!    
വന്ദേ  മാതരം.. !!!
   






7 comments:

  1. സൗദിയിലെ ഞങ്ങളുടെ ബില്‍ഡിംഗ്‌ വാച്ച്മാന്‍ കച്ചില്‍ നിന്നായിരുന്നു. ഈ ദുരന്ത സമയത്ത് അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് ടെലിഫോണ്‍ ചെയ്യുമായിരുന്നു... അയാളുടെ മുഖം മറക്കാന്‍ കഴിയില്ല.... :(

    ReplyDelete
  2. അതൊക്കെ കഴിഞ്ഞില്ലേ.കുറച്ചു ദിവസം കഷ്ട്ടപ്പെട്ടു.അപ്പോൾ ദൈവത്തിനെ വിളിച്ചു.ലൌകിക ജീവിതത്തിന്റെയും ആർത്തിയുടെയും തമ്മിൽ തല്ലിന്റെയും ജീവിതത്തിന്റെ തന്നെ അർത്ഥ ശൂന്യത അറിഞ്ഞു. ഇപ്പോൾ അത് ആലോചിയ്ക്കുന്നതെന്തിന്? ഇപ്പോൾ പഴയതു പോലെ നമുക്ക് തമ്മിൽ തല്ല് തുടരാം. ഇനി ഒരു ദുരന്തം വരുന്നത് വരെ.

    ദുരന്തത്തിന്റെ ഇരയായവർക്ക് ഇടയ്ക്കെങ്കിലും അതോർമ വരും. അല്ലാത്തവർക്കൊ?

    ReplyDelete
  3. റിപബ്ലിക് ദിനവും ഭൂകമ്പവുമൊക്കെ നന്നായി...

    താന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് പോലും തനിക്കന്യമാണെന്ന് അനുഭവത്തിലൂടെ പഠിപ്പിച്ച ദിനങ്ങളായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഭൂകമ്പത്തിലൂടെ ഗുജറാത്തിലെ ജനങ്ങള്‍ അനുഭവിച്ചത്..
    ഇത്രേയുള്ളൂ.. കാര്യം..അത് നന്നായിപ്പറഞ്ഞു

    അഭിവാദ്യങ്ങള്‍

    ReplyDelete
  4. മംഗൾയാൻ വിക്ഷേപിച്ചപ്പോൾ നാടുമുഴുവൻ നടത്തിയ ആഹ്ലാദപ്രകടനങ്ങൾ കണ്ടപ്പോൾ ഇതാണ്‌ മനസ്സിൽ വന്നത്. ചുറ്റുമുള്ള നീറുന്നപ്രശ്നങ്ങൾ കാണുമ്പോൾ ഭൂമിക്കുമപ്പുറമുള്ള ശാസ്ത്രനേട്ടങ്ങളിൽ വലിയ പ്രാധാന്യം തോന്നുന്നതെങ്ങനെ...

    ReplyDelete
  5. കെട്ടിപൊക്കിയതെല്ലാം നിലംപരിശാവാന്‍ ഒരു നിമിഷം മതി.
    ഇതാരു ചിന്തിക്കുന്നു!
    സന്ദര്‍ഭാനുസൃതമായ എഴുത്തിന്‍റെ മൂര്‍ച്ച പ്രശംസാര്‍ഹം!
    ആശംസകള്‍

    ReplyDelete
  6. സത്യം ,,എന്നിട്ടും തീരാത്ത നമ്മുടെ അഹങ്കാരവും .

    ReplyDelete