Monday, 19 January 2015

വയറായാല്‍ ...... ഷേപ്പ് വേണോ?????






ഈ  കഴിഞ്ഞ  അവധി  ദിനത്തിലെ  ഉച്ചയൂണ്   സമയമാണ്   സന്ദര്‍ഭം.
ഇടിച്ചക്കേം  മുരിങ്ങക്കായും  ഒക്കെ ഇട്ടു  വെച്ച  സാമ്പാറും, പയറ്  തോരനും   കടുമാങ്ങേം  മോരും   പപ്പടോം  ഒക്കെ  കൂട്ടി   ആവി   പറക്കുന്ന  ചോറ്   ഉരുട്ടിയുരുട്ടി  വിഴുങ്ങുന്നതിനിടയിലാണ്   ടി. വി. ന്യൂസിന്റെ  ഇടവേളയില്‍  ഉള്ള  ഒരു പരസ്യത്തിലേക്ക്  ശ്രദ്ധ  തിരിഞ്ഞത്..

"വയറായാല്‍   ഷേപ്പ്   വേണം.. ഷേപ്പാവാനോ   In -Shape    വേണം.."

തൊട്ടടുത്തിരുന്നു   അമൃതേത്ത്  നടത്തുന്ന  ആര്യപുത്രനെ  ഇടത്തേ  കൈകൊണ്ടൊന്നു  തോണ്ടി..

"അതേയ്  രവ്യേട്ടാ .. ഈയിടെയായിട്ട്  ന്‍റെ  വയറ്   ശ്ശി    കൂടീട്ടുണ്ടോ   ന്നൊരു   സംശയം..  നിയ്ക്ക്   ഒരു  Inshape    വാങ്ങി  തര്വോ? "

അപ്രതീക്ഷിതമായി    എന്‍റെ  കാതര  സ്വരം  കേട്ടിട്ടാവണം  നായരദ്യേം   വിഴുങ്ങിയ  ഉരുള   തൊണ്ടക്കുഴിയില്‍   നില്‍പ്പ്  സമരം   ആരംഭിച്ചു,  കണ്ണുകള്‍  രണ്ടും  പുറത്തേക്കു  തള്ളി..

ന്റീശ്വരാ ..  ന്നിപ്പോ   വയറിന്‍റെ   ഷേപ്പിനു  പകരം   ന്‍റെ  മോന്തേടെ   ഷേപ്പ്  മാറുന്ന  ലക്ഷണമാണല്ലോ..   ആത്മഗതിച്ചു  കൊണ്ട്  അടുത്തിരുന്ന ഗ്ലാസ്സിലെ  ജീരകവെള്ളം   ആര്യപുത്രന്റെ   വായിലേക്കൊഴിച്ചു  കൊടുത്തു    തൊണ്ടയില്‍  കുരുങ്ങിയ  ഉരുളയുടെ  നില്‍പ്പുസമരം  ഒത്തു തീര്‍പ്പിലാക്കി..  പുറത്തേക്കുന്തിയ  കണ്ണുകള്‍  പൂര്‍വ്വ സ്ഥിതി പ്രാപിച്ച  ശേഷം   പ്രാണനാഥന്‍   എന്‍റെ  നേരെ  തിരിഞ്ഞു..

"നിനക്കെന്താ   വേണ്ടേ.. ഇന്‍ ഷെപ്പോ?   അരക്കു  ചുറ്റും   പാലക്കാടന്‍  പാടശേഖരം  പോലെ  പരന്നു കിടക്കണ  നിന്‍റെ  കൊടവയറിനെ   ചുരുട്ടിക്കൂട്ടി  ഷേപ്പ്  ആക്കാന്‍  ഇന്ഷേപ്പ്  ഒന്നും  മതിയാവില്ല   ന്‍റെ  പ്രിയ  ഭാര്യേ...   വേറെ   വഴി  ഞാന്‍   പറഞ്ഞു തരാം..  നീയിത്തിരി  ചോറും  ഇത്തിരി  സാമ്പാറും  കൂടി  ഇങ്ങട്  വിളമ്പ്.."

ഇതാരപ്പാ... "കുടുംബ പുരാണത്തിലെ  ഫിലോമിന  ചേച്ചീടെ   മെയില്‍  വെര്‍ഷനോ?" ആത്മഗതിച്ചു  കൊണ്ട്  ചോറ്  വിളമ്പുന്നതിനിടയില്‍    ന്‍റെ  ആര്യപുത്രന്‍   തുടര്‍ന്നു..

"വര്‍ഷങ്ങളോളം  മരുഭൂമിയില്‍  കിടന്നു  കഷ്ട്ടപ്പെടുന്ന എന്നെ പോലുള്ള  ഒരുപറ്റം പ്രവാസികളുടെ  ഭാര്യമാര്‍ക്ക്   കണ്ടുവരുന്നതാണ്   ഈ കുടവയര്‍  പ്രശ്നം.   ഞങ്ങള് കുബ്ബൂസ്  തിന്നു  പച്ചവെള്ളം  കുടിച്ചു  ഒട്ടിയ  വയറ്  വീര്‍പ്പിക്കുമ്പോഴാ    നിന്നെ  പോലുള്ള  ഭാര്യമാര്‍ക്ക്  കുടവയര്‍    ചാടണത്.

കക്കൂസില്‍  പോണെങ്കിലും   നിനക്കൊക്കെ   വണ്ടി  വേണം..  രണ്ടടി  നടക്കാന്‍  വയ്യ.
അരക്കാനും  പൊടിക്കാനും   അലക്കാനും  മിഷ്യന്‍  വേണം.. തീറ്റക്കും  പൊങ്ങച്ചം  പറച്ചിലിനും മാത്രം   ഒരു  കൊറവും   ഇല്ല്യാ.  മിച്ചം   വരുന്ന  സമയം  കമ്പ്യൂട്ടറിന്റെ  മുമ്പിലും..  എങ്ങനെ   വയറ് ചാടാതിരിക്കും..   ങേ.."    ചോദ്യത്തോടൊപ്പം   രൂക്ഷമായ  നോട്ടം   കണ്ടില്ലെന്നു  നടിച്ചു .
എനിക്ക്   സങ്കടമായെന്നു   തോന്നിയത് കൊണ്ടാവണം  അടുത്തേക്ക്  ഒന്നൂടി  ചേര്‍ന്നിരുന്നിട്ടു ന്‍റെ കുടവയറില്‍  ഒരു  കുത്തു  തന്നിട്ട്   തുടര്‍ന്നു..

"ന്‍റെ  ഭാര്യേ.. ന്താപ്പോ   തന്‍റെ   പ്രശ്നം.. കുടവയറല്ലേ..  പരിഹാരണ്ടാക്കാം.

പ്ലേറ്റിന്റെ   വക്കില്‍  കൈ വടിച്ചു   നക്കി കൊണ്ട്   ഊണ്  മതിയാക്കി  എഴുന്നേറ്റു  കൈ  കഴുകി വന്നു  ചിറി  തുടച്ചു  കൊണ്ട്   തുടര്‍ന്നു.

"അതിരാവിലെ   ഏതോ  ഹിന്ദി  ചാനലില്‍  മ്മടെ  ഹരിയാനെടെ  പുതിയ  ബ്രാന്‍ഡ്  അംബാസഡര്‍   സാമിയില്ലേ..  ബാബാ   രാംദേവ്.  നീ  പണ്ട്  അങ്ങേരുടെ  കടുത്ത ആരാധികയായിരുന്നില്ലേ..  അങ്ങേരു  ഏതാണ്ടൊക്കെ  കസര്‍ത്ത്  കാണിക്കുന്നുണ്ട്.. മൂട്ടില്‍   വെയിലടിക്കണത്  വരെ  കിടന്നുറങ്ങാതെ   അതൊക്കെ  അങ്ങട്  ഫോളോ  ചെയ്യ്..  സ്വന്തം റിസ്കില്   മതി  ട്ടോ ..  ഈ കൊടവയറും  വെച്ച്  കസര്‍ത്ത്  കാണിച്ചിട്ട്  കയ്യോ  കാലോ  ഉളുക്ക്യാ   എനിക്കെതിരെ   കേസ്  കൊടുത്താലോ.  അതോണ്ടാ   പറയണേ..

ഇനി  അതിനു   വയ്യെങ്കില്‍   വൈകുന്നേരം  ആപ്പീസീന്നു   വന്നാല്‍   ഫേസ് ബുക്കില്‍ കുത്തിയിരിക്കാതെ,     അര  മുക്കാല്‍  മണിക്കൂറു   നടക്ക്..  നടന്നു  ക്ഷീണിച്ചു വരുമ്പോ   ഒരു  ഗ്ലാസ്സ് അടിപൊളി  നാരങ്ങാവെള്ളം   ന്‍റെ  വക  ഫ്രീ..  ഒരു മാസത്തിനുള്ളില്‍  വയറ്  കുറയും ന്ന് മാത്രല്ല.. ഇപ്പോഴത്തെക്കാള്‍   ചുന്ദരിയാവേം   ചെയ്യും . ഞാന്‍  ഗ്യാരണ്ടി..  ഇനി അഥവാ  കുറഞ്ഞില്ലെങ്കില്‍   നീയെന്നെ  ഡിവോഴ്സ്   ചെയ്തോ...   അങ്ങനെങ്കിലും   ഞാനൊന്ന്   രക്ഷപ്പെടട്ടെ... !!! "

അവസാനം  പറഞ്ഞ   വാചകത്തിന്   വോള്യം   തീരെ   കുറവായിരുന്നെങ്കിലും   ഞാന്‍ വ്യക്തമായി കേട്ടു..

"പരസ്യക്കാരങ്ങനെ  പലതും  പറയും..   അതവരുടെ  ഉല്‍പ്പന്നങ്ങള്‍   വിറ്റഴിക്കാനുള്ള   സൂത്രം..  അതിലൊന്നും   ചെന്ന് പെടാതിരിക്കുന്നത്   മ്മടെ  മിടുക്ക് .

ങാ  പിന്നൊരു  കാര്യം..  വയറായാല്‍   ഷേപ്പ്  അല്ല   വേണ്ടത്..  മ്മളെ  പോലെയുള്ള സാധാരണക്കാരെ  സംബന്ധിച്ചിടത്തോളം     വിശക്കുന്ന   വയറിനു ആഹാരമാണ്  വേണ്ടത് . അധ്വാനിച്ച   പണം  കൊണ്ട്  അന്നം  കഴിക്ക്യ..  കഴിയുമെങ്കില്‍   പട്ടിണി  അനുഭവിക്കുന്നവന്   ഒരു നേരത്തെ  ഭക്ഷണം  കൊടുത്തു    അവന്‍റെ  വിശപ്പ്  മാറ്റാന്‍ നോക്ക്വ."

ഞാന്‍  അന്തം  വിട്ടു..  ഇദ്യേം  എപ്പോഴാ  താത്വികന്‍   ആയത്.  ന്‍റെ  സംശയം  വാക്കുകളായി പുറത്തു ചാടി.

"ഓ   ഒക്കെ  മന്‍സിലായി..   അല്ലാ... ഇപ്പൊ  നിയ്ക്കൊരു   സംശയം..  ങ്ങക്ക്   ഫേസ്ബുക്ക്   അക്കൌണ്ട്  ഇല്ല്യാന്നു   പറഞ്ഞത്   നുണയല്ലേ.. ന്‍റെ  പ്രഭാതഭേരി  സ്ഥിരമായി   വായിക്കാത്ത ഒരാള്‍ക്ക്‌   ഇങ്ങനൊന്നും   ഉപദേശിക്കാന്‍   കഴിയില്ല."

ഒരു  ആക്കിച്ചിരിയോടെ    കക്ഷി  വീണ്ടും   തുടര്‍ന്നു.

 ഡോ  ഭാര്യേ..   യാള്  വെഷമിക്കണ്ട ..  തലേല്   വെള്ളി  വീണു  തുടങ്ങീല്ല്യെ..  ഈ പ്രായത്തില്  ഇത്തിരി   വയറും വട്ടീം  ഒക്കെ  ണ്ടെങ്കിലേ  കാണാനൊരു   ചന്തോക്കെ  ണ്ടാവൂ.. നെന്‍റെ  ഈ കൊടവയര്‍  ആണ്   നിന്‍റെ  സൌന്ദര്യോം   ഈ കുടുംബത്തിന്‍റെ   ഐശ്വര്യോം  ഒക്കെ..  അതിനെ   ഇന്ഷേപ്  ഇട്ടു   കെട്ടി മുറുക്കി  ഇല്ല്യാണ്ടാക്കണ്ട..   വയറിനും   വേണ്ടേ   സ്വാതന്ത്ര്യം.. "

സൌന്ദര്യ ബോധം  ഇല്ല്യാത്തൊരു   നായര്..  പണ്ടൊരിക്കല്‍   കല്ലു  പതിച്ച  നെക്ലേസ്   വാങ്ങി തര്വോ  ന്നു   ചോദിച്ചപ്പോ പ്രേംനസീര്‍   സ്റ്റൈലില്‍   "സന്ധ്യക്കെന്തിനു  സിന്ദൂരം , ചന്ദ്രികക്കെന്തിനു   വൈഡൂര്യം... കാട്ടാറിനെന്തിനു  പാദസരം ..  എന്‍  കണ്മണിക്കെന്തിനാഭരണം "  എന്ന  പാട്ട്,     കര്‍ക്കിടക മാസത്തില്‍   പോക്കാച്ചി തവള   കരയണ  മാതിരി  പാടി  ഫ്ലാറ്റിലെ   അയല്‍വാസികള്‍  ഓരോരുത്തരായി   ഉമ്മറത്ത്‌  വന്നു എത്തി നോക്കിയത്  ഓര്‍മ്മ   വന്നു..

ചുരുക്കി  പറഞ്ഞാല്‍   ഇന്ഷേപ്പ്   ആവശ്യപ്പെട്ടു   "സസി"യായി  ന്നു  പറഞ്ഞാ   മതീല്ലോ..













15 comments:

  1. ഹഹഹ.... വയറു നിറച്ച് കേട്ടതോണ്ട് ചോറ് കുറച്ചേ കഴിച്ചിട്ടുണ്ടാവൂല്ലേ?ഇങ്ങിനെ ദിവസോം കേട്ടാൽ ഇൻഷേപ്പ് വാങ്ങാതെ തന്നെ ഷേപ്പ് ആവും...

    ReplyDelete
    Replies
    1. ഹഹഹ... മുബീ... ശരിക്കും വയറു നിറഞ്ഞു.. ഇനി രണ്ടാഴ്ചത്തേക്ക് ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല... :)

      Delete
  2. നർമ സംഭാഷണം നന്നായി.

    ഇൻ-ഷേപ്പ് വേണമെന്നുള്ളത് ഒരു ന്യായമായ ആവശ്യം. അൽപ്പം സ്റ്റയിൽ ആയി വൃകോദരി ആയി നടക്കാൻ ആർക്കാ ആഗ്രഹം ഇല്ലാത്തെ?

    പിന്നെ നായര് പറഞ്ഞതിലും കുറേ കാര്യങ്ങൾ ഇല്ലാതില്ല. ഇച്ചിരി വയറൊക്കെ ഉണ്ടെങ്കിലല്ലേ കാണാനൊരു ചന്തം ഒക്കെ ഉള്ളൂ.

    ഊണ് കഴിയ്ക്കുന്ന രംഗം അൽപ്പം അതി ഭാവുകത്വം അനുഭവപ്പെട്ടു. പാലക്കാടൻ പാട ശേഖരം ഉപമ അസ്സലായി.

    എഴുത്ത് നന്നായി പത്മശ്രീ.

    ReplyDelete
    Replies
    1. സ്ലിം ബ്യൂട്ടി ആകാനുള്ള അതിമോഹമോക്കെയുണ്ട്‌... പക്ഷെ നടക്കുന്നില്ല.. നടക്കാന്‍ മടി.. അദ്ദന്നെ കാരണം...

      വായനക്കും അഭിപ്രായത്തിനും നന്ദി...

      Delete
  3. നന്നായി... വീണ്ടും എഴുതുക

    ReplyDelete
    Replies
    1. നന്ദി... വീണ്ടും വരിക... !!!

      Delete
  4. പപ്പേച്ചി ഇനി സ്ലിം ബ്യുട്ടി കൂടിയായാല്‍ ./.... ഈശ്വരാ , ചേട്ടന് വാങ്ങിക്കൊടുക്കാന്‍ തോന്നല്ലേ.... ;)

    ReplyDelete
    Replies
    1. ആച്ചീ.... കുശുമ്പീ... :)

      Delete
  5. രാവിലെ തന്നെ വായിച്ചു കുറെ ചിരിച്ചു . ചേട്ടന്‍ പറഞ്ഞതാ ശരി . പരസ്യങ്ങള്‍ക്ക് പിന്നാലെ പോയി അതൊന്നും വാങ്ങാത്തത് തന്നെയാ നല്ലത് . ആശംസകള്‍ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  6. ഇരുചക്രവാഹനത്തിലോ കാറിലോ വന്നിറങ്ങിയിട്ട് പത്തുപതിനഞ്ച് മിനിറ്റ് നടപ്പുവ്യായാമം ചെയ്യുന്നവരെ ബാംഗ്ലൂരിൽ പാർക്കിൽ കാണാം !!! എല്ലാ പണികളും യന്ത്രങ്ങളെ ഏല്പ്പിച്ചിട്ട് വ്യായാമം ചെയ്യാനായി യന്തം വാങ്ങിവയ്ക്കുന്നവരുമുണ്ട് !
    ഗണപതിക്കും മാവേലിക്കും ക്രിസ്മസ് അപ്പൂപ്പനും കുടവയർ ഇല്ലായിരുന്നെങ്കിലോ..... ഒട്ടിയ ശരീരവും വെളുത്ത ചർമ്മവും മാത്രമാണ്‌ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമെന്ന് കരുതാനാവില്ല. വ്യായാമമില്ലാതെയിരുന്നും ജങ്ക്ഫുഡ് കഴിച്ചും ഉണ്ടാക്കിയെടുത്ത പൊണ്ണത്തടിയേ അനാരോഗ്യകരമായുള്ളൂ.

    രസകരമായ എഴുത്ത്...

    ReplyDelete
  7. Innanu vayichathu.nannayittundu.nalla humorum ..

    ReplyDelete
  8. നർമ്മസംഭാഷണങ്ങൾ നന്നായി.

    ഭർത്താവിനു ഒരു ഹലോ കൊടുത്തേക്ക്‌.
    ഭംഗിയായി ഒഴിഞ്ഞ്‌ മാറിയല്ലോ!!!

    ReplyDelete
  9. ഹഹ ഇങ്ങള് ചിരിപ്പിച്ചു കൊല്ലും .

    ReplyDelete