Tuesday, 15 September 2015

** വിസ്ഡം ടീത്ത് അഥവാ വിവര പല്ല്.**




അഞ്ചെട്ടു മാസം  മുമ്പായിരുന്നു  കലശലായ പല്ലു വേദന  വന്നത്.. അന്ന് എന്റേതായ  ചില  വീട്ടു വൈദ്യങ്ങള്‍ പരീക്ഷിച്ചു   ഏല്‍ക്കാതെ  വന്നപ്പോള്‍  ദന്ത ഡോക്ടറെ  കാണാന്‍ ചെന്നതും , ഈ  മധ്യവയസ്സാം  കാലത്ത്  വിവരം  വെച്ച് തുടങ്ങിയപ്പോ മുളച്ചു പൊന്തിയ വിസ്ഡം ടൂത്ത്  ആണതെന്നും  ഉള്ള  കാര്യങ്ങളൊക്കെ  ഞാന്‍  നിങ്ങളോട്  വിശദീകരിചിരുന്നല്ലോ..  എന്‍റെയൊരു  സുഹൃത്തിന്‍റെ മകള്‍  പല്ല്  ഡോക്ടര്‍  ആവാനുള്ള  പഠിത്തത്തില്‍ ആണ്.  മോള്  പഠിച്ചിറങ്ങുമ്പോള്‍  പരീക്ഷണങ്ങള്‍ക്കായി  എന്‍റെയീ  വണ്‍ & ഓണ്‍ലി   വിസ്ഡം  പല്ല്  സംഭാവന  ചെയ്യാമെന്ന്  സമ്മതപത്രം ഒപ്പിട്ടു  കൊടുത്തിട്ടുമുണ്ട്.   അതൊക്കെ  അവിടെ ഇരിക്കട്ടെ..  പറയാന്‍ വന്നത്  അതൊന്നുമല്ല.


അന്നുണ്ടായ  പല്ലുവേദന  മരുന്നൊക്കെ  കഴിച്ചു  സുഖപ്പെടുത്തിയതായിരുന്നു.  ഓഫീസിലെ  റിസപ്ഷനിസ്റ്റിനു  എന്‍റെ  പല്ലുകളില്‍  ഒരു കണ്ണുണ്ടായിരുന്നു. എപ്പോഴും  എന്‍റെ  പല്ലിനെ  കുറിച്ച്  വര്‍ണ്ണിക്കും. അവളുടെ കണ്ണു  പറ്റിയതാണെന്ന്  ശക്തമായ  സംശയം.. മൂന്നാല്  ദിവസം  കൊണ്ട്  സഹിക്കാന്‍  വയ്യാത്ത  പല്ലുവേദന.  ന്‍റെ  വേദന  കണ്ടിരിക്കാന്‍  ത്രാണിയില്ലാതെ   നായരേട്ടന്‍  നിര്‍ബന്ധിച്ചു  ഇന്നലെ  ഡോക്ടറുടെ  അടുക്കല്‍  കൊണ്ടുപോയി.  പരിശോധന  കഴിഞ്ഞപ്പോള്‍  ഡോക്ടര്‍  പറഞ്ഞു.

"ഈ പല്ലിനെ ഇനി തീറ്റിപ്പോറ്റുന്നതില്‍ അര്‍ത്ഥമില്ല. വിസ്ഡം  പല്ലാണെങ്കിലും  വളഞ്ഞ  വഴിക്കാണതിന്‍റെ  പോക്ക്.  മറ്റു  പല്ലുകളോട്  സഹകരിക്കാതെ  നിരയില്‍  നിന്ന്  മാറിയാണു  അത്  പൊന്തി  വരുന്നത്.. ഇത്  പറിച്ചു  കളഞ്ഞേ  പറ്റൂ." 

ഞാനും  നായരദ്യേഹവും     മുഖത്തോട്  മുഖം  നോക്കി..  വിസ്ഡം  പല്ല്  വന്നതിന്‍റെ  പേരില്‍  ഞാന്‍  കുറെ  അഹങ്കരിച്ചിരുന്നു..  "ഇപ്പെന്തായീ"   എന്നായിരുന്നു   അദ്യെത്തിന്‍റെ   നോട്ടത്തിന്‍റെ   അര്‍ത്ഥം.

ഡോകടര്‍  തുടര്‍ന്നു.
"സാധാരണ  പല്ലു  പറിക്കുന്നത്‌  പോലെ  ഈസിയല്ല.  ഇതിത്തിരി  കൊമ്പ്ലിക്കെറ്റഡ്   പല്ലാണ്.. പറിച്ചു  കഴിഞ്ഞാല്‍  സ്റ്റിച്ച്  ഇടേണ്ടി  വരും.. നാലഞ്ചു  ദിവസം  ഫുള്‍ റെസ്റ്റ്  എടുക്കണം..  കട്ടിയുള്ള  ഭക്ഷണമൊന്നും  ചവച്ചു  തിന്നാന്‍ പാടില്ല.. വായിലും മുഖത്തുമൊക്കെ   നീര്  വരും.. സംസാരിക്കാന്‍ കഴിയില്ല .   സമ്മതമാണെങ്കില്‍ നിങ്ങളുടെ സൗകര്യം പോലെ  അപ്പോയിന്റ്മെന്റ്  എടുത്തിട്ടു   വന്നോളൂ.തല്‍ക്കാലം   വേദന  കുറയാന്‍  ഈ  മരുന്ന്  കഴിച്ചാല്‍  മതി.  വെച്ചു  താമസിപ്പിക്കാതെ  എത്രയും  പെട്ടെന്ന്   ആ പല്ലു  പറിക്കണം  എന്നാണു  എന്റെ  അഭിപ്രായം. "

ഫീസും  കൊടുത്തു ഡോക്ടറുടെ  കുറിപ്പടിയും  വാങ്ങി  കണ്‍സള്‍ട്ടിംഗ് റൂമില്‍  നിന്ന്  പുറത്തു  കടന്നു.   വെയിറ്റിംഗ്  റൂമില്‍  പല്ലു  പ്രശ്നവുമായി  വന്ന  നാലഞ്ചു  പേര്‍  ഇരിക്കുന്നുണ്ട്‌.  സോഫയുടെ  അറ്റത്ത്  ഞങ്ങളും  ഇരുന്നു.

"ന്നിട്ടെന്താ  നിന്‍റെ  തീരുമാനം.. ? ഇപ്പൊ  തന്നെ  അപ്പോയിന്റ്മെന്റ്   എടുത്തിട്ട്  പോയാലോ?"    നായരദ്യെത്തിനു  വല്ലാത്ത ധൃതി.

" ങ്ങളൊന്നു  സമാധാനപ്പെട്.  പല്ല്  വേദന  നിയ്ക്കല്ലേ  ങ്ങക്കല്ലല്ലോ .   എനിക്ക് ഓഫീസില്‍  ലീവ്  പറയാതെ  പറ്റില്ല. നാളെ  പോയി ലീവ് പറഞ്ഞിട്ട്  തീരുമാനിക്കാം."      ഞങ്ങള്‍  പോകാനായി എഴുന്നേറ്റു .  വെയിറ്റിംഗ് റൂമിന്‍റെ  ഓരത്ത്  ഒതുങ്ങിക്കൂടി  നില്‍ക്കുന്ന  ക്ലിനിക്  ക്ലീന്‍  ചെയ്യാന്‍  വരുന്ന  പയ്യനോട്  രണ്ടു ഗ്ലാസ്  വെള്ളം  കൊണ്ടുവരാന്‍  പറഞ്ഞു.  തണുത്ത  വെള്ളം  കുടിച്ചപ്പോള്‍  പല്ലുവേദനക്ക് അല്പം  ആശ്വാസം  തോന്നി.  ഗ്ലാസ്‌   തിരിച്ചു  കൊടുക്കുന്നതിനോപ്പം പോക്കറ്റില്‍  നിന്നും  അമ്പത് രൂപയുടെ  നോട്ടെടുത്ത്   നായരദ്യേം  ആ  ചെക്കന്  കൊടുത്തു.   അതെന്തിനാണെന്ന്  എനിക്കൊരു  പിടീം  കിട്ടീല്ല്യ .   ഒരു ഗ്ലാസ്‌  വെള്ളം  എടുത്തു  തന്നതിന്  അമ്പത്  രൂപ  ടിപ്പോ? പത്തിരുപത്തഞ്ചു  കൊല്ലമായി  ഇദ്ദ്യെഹത്തെ  വെള്ളം  കുടിപ്പിക്കുന്ന  എനിക്ക് അഞ്ചു രൂപ  പോലും  ആയിനത്തില്‍   ഇതുവരെ തന്നിട്ടില്ല.   ഇദ്യേം  എപ്പഴാ   അംബാനിയായത്?  പുറത്തിറങ്ങിയ  ഉടനെ  ഞാന്‍  ചോദിച്ചു.

"അതേയ്.. നിങ്ങളെന്തിനാ  ആ  ചെക്കന് അമ്പതുര്‍പ്യ  കൊടുത്തത്? കുടിക്കാനൊരുഗ്ലാസ്‌ വെള്ളമെടുത്തു  തന്നതിനോ?  അതൊക്കെ  അവരുടെ  ജോലിയല്ലേ "

"അതെന്‍റെയൊരു  സന്തോഷത്തിന്".

"ങ്ങാഹാ..  ഞാന്‍  പല്ലുവേദന  സഹിക്കാഞ്ഞു  പൊരിയുമ്പോഴാണോ നിങ്ങക്ക്  സന്തോഷം ല്ലേ...  ത്രേം  ദുഷ്ടത്തരം  മനസ്സില്‍  വെച്ചോണ്ട്  ന്നേം  കൊണ്ട്  ആസ്പത്രിയില്‍   വരണ്ടായിരുന്നു. "

ഓട്ടോക്ക്   വേണ്ടി   കാത്തു നിക്കുന്നതിനിടയില്‍   നായരദ്യേം  പറഞ്ഞു.

"ഡോകടര്  പറഞ്ഞത്  നീയും  കേട്ടതല്ലേ..  പല്ലു  പറിച്ചു  കഴിഞ്ഞാല്‍   നാലഞ്ചു  ദിവസം  റെസ്റ്റ്  എടുക്കണമെന്നും  അത്രേം  ദിവസം  സംസാരിക്കാന്‍ കൂടി  പാടില്ലെന്നും .   നാലഞ്ചു  ദിവസം  ചെവിതല കേട്ട്  ഇത്തിരി സമാധാനത്തോടെ  ജീവിക്കാല്ലോന്നു  വിചാരിച്ച്  സന്തോഷിച്ചു പോയെന്റെ  ഭാര്യെ."

നായരദ്യെത്തിന്‍റെ  മറുപടി  കേട്ട  നിമിഷം,  ആറ്റു നോറ്റു  വയസ്സാം  കാലത്തുണ്ടായ  എന്‍റെ   വിസ്ഡം പല്ലിനെ  വെറുത്തു.  ഈ  ആഴ്ചയില്‍  തന്നെ  അതിനെ  ഞാനെന്റെ  ജീവിതത്തില്‍  നിന്ന്  വേരോടെ പിഴുതെറിയും. ഇപ്പോഴുള്ള   വിവരം  തന്നെ  ധാരാളം.  ഇനി  വിസ്ഡം  പല്ല് ഉണ്ടാക്കി  തരുന്ന  വിവരമൊന്നും  വേണ്ട  ...  അല്ല   പിന്നെ.. 


Friday, 11 September 2015

അതിജീവനത്തിന്റെ വഴികളിലൂടെ .. !!! ഒരോര്‍മ്മക്കുറിപ്പ്



"മാഡം.. ഇന്‍കം ടാക്സ്  റിട്ടേണ്‍  ഫയല്‍ കര്‍ണെ  കേലിയെ  സിര്‍ഫ്‌ ദോ ദിന്‍ ബാക്കി ഹൈ. "       പട്ടേല്‍  സംവരണത്തെ  പിന്തുണക്കാത്ത   പട്ടേല് പയ്യന്‍റെ  ഓര്‍മ്മപ്പെടുത്തല്‍ കേട്ടപ്പോഴാണ്   ഞാനും  അതെ  കുറിച്ച് ഓര്‍ത്തത്‌. നാലഞ്ചു  വര്‍ഷമായി  ഇക്കാര്യത്തില്‍   അവന്‍റെ  സേവനം ലഭ്യമാകുന്നുണ്ട്  പകരം ഇടക്കൊക്കെ  ഇഡലിയും ദോശയും   സാമ്പാറുമൊക്കെ   കൊണ്ടുപോയി  കൊടുത്തു  സന്തോഷിപ്പിച്ചാല്‍  മതി. പിറ്റേന്ന്  തന്നെ  FORM-16 നും പാന്‍കാര്‍ഡ്  കോപ്പിയുമൊക്കെ  ഏല്‍പ്പിക്കുമ്പോള്‍ " കൃത്യമായി  നിങ്ങളുടെ  ആദായനികുതി റിട്ടേണ്‍  ഫയല്‍ ചെയ്യൂ..  രാജ്യത്തിന്‍റെ  വികസനത്തില്‍  നിങ്ങളും  പങ്കാളിയാകൂ"  എന്ന  ആദായനികുതി വകുപ്പിന്‍റെ     പരസ്യം ഓര്‍ത്തുപോയി.  വരുമാന പരിധി ഉയര്‍ത്താതെ, അവശ്യ സാധനങ്ങളുടെ  വില മാത്രം വാനോളം ഉയര്‍ത്തി,  നട്ടം  തിരിയുന്ന സാധാരണക്കാരന്‍റെ കീശ  കാലിയാക്കുന്ന  സര്‍ക്കാരിന്‍റെ ടാക്സ് സംവിധാനത്തെ പ്രാകിയെങ്കിലും, ഔദ്യോഗിക ജീവിതത്തിന്‍റെ സ്റ്റാര്‍ട്ടിംഗ്  പോയന്റിലേക്ക്    മനസ്സു കൊണ്ടൊരു മടക്കയാത്ര നടത്തിയപ്പോള്‍  ചില മുഖങ്ങളെ  ഓര്‍ക്കാതിരിക്കാനും  ദൈവത്തോട്  നന്ദി  പറയാതിരിക്കാനും   ആവില്ല.


1992  ജനുവരി മാസം.
ഗുജറാത്തില്‍  എത്തി  രണ്ടാം  ദിവസമാണ് ആദ്യമായി ഇന്റര്‍വ്യൂനു പോകുന്നത്.  എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പേര്  റെജിസ്റ്റര്‍  ചെയ്യാന്‍  പാലക്കാട്ടെ  സിവില്‍  സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന ഓഫീസും, പിന്നെ  തൊഴിലില്ലായ്മാ  വേതനം  കിട്ടുമോ  എന്നറിയാന്‍  തരൂര്‍  വില്ലേജാപ്പീസിലും  കേറിയിറങ്ങിയിട്ടുണ്ടെന്നല്ലാതെ   ഒരു ഓഫീസിനെ  പറ്റിയോ   അതിന്റെ  നടപടി ക്രമങ്ങളെകുറിച്ചോ  മുന്‍കാല  പരിചയമോ മുന്‍ധാരണകളോ  ഒന്നുമില്ലായിരുന്നു. പോകുന്ന വഴിക്ക്  ഏട്ടന്‍ എന്തൊക്കെയോ ഉപദേശങ്ങള്‍ തരുന്നുണ്ടായിരുന്നെങ്കിലും ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..കെമിക്കല്‍ ഫാക്ടറികള്‍പ്രവര്‍ത്തിക്കുന്ന  ഇന്ടസ്ട്രിയല്‍ ഏരിയയിലൂടെയുള്ള നടവഴിയും അതിലൂടെയുള്ള യാത്രയും ദുസ്സഹമായിരുന്നു.  അവിടുത്തെ  അന്തരീക്ഷത്തിലെ  വായുവിനു  കെമിക്കലിന്റെ  രൂക്ഷ ഗന്ധം.  കര്‍ചീഫ്‌  കൊണ്ട് വായും  മൂക്കും   വരിഞ്ഞു കെട്ടി   നടന്നു.  ഒരു ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനിയിലായിരുന്നു   ഇന്റര്‍വ്യൂ.  എ.സി. മുറിയിലെ  പതുപതുത്ത  സോഫയില്‍  ഇരുന്നു  ചുറ്റിനും  കണ്ണോടിച്ചു.  കൈയ്യിറക്കമുള്ള ബ്ലൌസും നരച്ച  സാരിയും ധരിച്ച്  , കുളിപിന്നലും,  നെറ്റിയിലെ  ചന്ദനക്കുറിയും  സീമന്ത രേഖയിലെ കുങ്കുമപ്പൊട്ടും  കണ്ണുകളിലെ  കണ്ണുകളിലെ  നിസ്സഹായതയും  മുഖത്തെ അമ്പരപ്പും ഒക്കെ  കണ്ടിട്ടാവണം  ഏതോ  ഒരു വിചിത്ര ജീവിയെ കാണുന്നത്  പോലെ  സ്റ്റാഫില്‍  ചിലരൊക്കെ   എന്നെ  തന്നെ നോക്കി  എന്തൊക്കെയോ  പിറുപിറുക്കുന്നുണ്ടായിരുന്നു.  ഭാഷ  അറിയാത്തത്  കൊണ്ട്   ആരെന്തു  പറഞ്ഞാലും  മനസ്സിലാവില്ല   എന്നൊരു  എക്സ്ട്രാ  ക്വാളിറ്റി കൂടി  അക്കാലത്ത്  എനിക്കുണ്ടായിരുന്നു.

"ആപ് കോ  സാബ്  ബുലാരഹെ  ഹൈ."  പ്യൂണ്‍  വന്നു  പറഞ്ഞപ്പോള്‍ "നിന്നെ  വിളിക്കുന്നു "   ഏട്ടന്‍  തര്‍ജ്ജമ  ചെയ്തു  തന്നു.  ഹാന്‍ഡിലില്‍  പിടിച്ചു തിരിച്ചു   വാതില്‍  തുറന്നു അകത്തു   കടക്കുമ്പോള്‍  നെഞ്ചിനുള്ളില്‍  ആരോ  തായമ്പക  കൊട്ടി പഠിക്കുന്നത്‌   വ്യക്തമായി  കേള്‍ക്കാമായിരുന്നു.

കറങ്ങുന്ന  കസേരയിലിരുന്നു ഫോണില്‍  സംസാരിച്ചു കൊണ്ടിരുന്ന  സാര്‍ കൈയ്യാംഗ്യം കാണിച്ചപ്പോള്‍  ഇരിക്കാന്‍  പറഞ്ഞതാണെന്ന്  മനസ്സിലാക്കി ഭവ്യതയോടെ  ഞാന്‍  എതിരെയുള്ള  കസേരയില്‍  ഇരുന്നു.  സംസാരം  അവസാനിപ്പിച്ചു എന്‍റെ നേരെ  തിരിഞ്ഞു  ആദ്യത്തെ  ചോദ്യം.

"വാട്ടീസ്യുവര്‍   നെയിം. "

ങ്ങാഹാ   എന്നോടാ  കളി  എന്ന ഭാവത്തില്‍ അപ്പൊ  തന്നെ  മറുപടീം  പറഞ്ഞു..  "പത്മശ്രീ" .  പിന്നീട്  കറക്കു  കസേരയിലിരുന്നു  കറങ്ങിക്കറങ്ങി    ആ  മാന്യ  ദേഹം  എന്തൊക്കെയോ  ചോദിച്ചു  എന്നെ  വട്ടം  കറക്കി .  ഭാഷയറിയാത്തതു കൊണ്ട്  ഉമിനീര്‍  കുടിച്ചിറക്കി,  അന്തംവിട്ടു, ചോദ്യങ്ങള്‍ക്കൊക്കെ  ബ്ബ ബ്ബാ ബ്ബാ   എന്ന്  മറുപടിയും  പറഞ്ഞു  പുറത്തിറങ്ങി.  ഒരു  ദിവസത്തെ  ഇടവേളയ്ക്കു  ശേഷം  രണ്ടാമത്തെ ഇന്റര്‍വ്യൂ.. ഓഫീസും  ആളുകളും  മാറിയതോഴിച്ചാല്‍  പിന്നീട്  സംഭവിച്ചതൊക്കെ  ആദ്യത്തെതു  പോലെ  തന്നെ.  പുറത്തേക്കുള്ള  വാതില്‍ തുറക്കാന്‍ നേരം  ഏട്ടനോട്  ക്യാബിനില്‍  ഇരുന്നയാള്‍  പുറത്തു  വന്നു  എന്തോ  പറഞ്ഞു.

"നിങ്ങള്‍ക്ക്  പണിയൊന്നുമില്ലെങ്കിലും  ഇവിടുള്ളോര്‍ക്ക്  പണിയുണ്ട്. വെറുതെ മനുഷ്യനെ  മെനക്കെടുത്താന്‍  ഇറങ്ങിത്തിരിക്കരുത്."   ഇതാണത്രേ  പറഞ്ഞത്..  ആ ആ ആ   ആര്‍ക്കറിയാം..  ഇക്കണക്കിന്  പോയാല്‍  പെട്ടെന്നൊന്നും  ജോലി  കിട്ടുന്ന  ലക്ഷണമില്ല..  ഹിന്ദിയോ  ഗുജറാത്തിയോ  കുറച്ചെങ്കിലും  അറിയാതെ  നിവര്‍ത്തിയില്ലെന്ന്  മനസ്സിലായി.  ജീവിക്കാന്‍  വേണ്ടി  കെട്ടും  മുറുക്കി  നാട്  വിട്ടതാണ്..  എങ്ങിനെ  നാട്ടിലേക്ക്  തിരിച്ചു  ചെല്ലും. വരുമാനമില്ലാതെ  ഇവിടെങ്ങിനെ  ജീവിക്കും..   മുന്നില്‍  കുറെ  ചോദ്യ  ചിഹ്നങ്ങള്‍  നിന്ന്  കൊഞ്ഞനം  കുത്താന്‍  തുടങ്ങി.  രണ്ടു  ദിവസം  കഴിഞ്ഞപ്പോള്‍  വീണ്ടുമൊരവസരം കൂടി  വന്നു. ഏട്ടന്‍റെ ഒരു സുഹൃത്ത്‌ രാധാകൃഷ്ണന്‍  ജോലി ചെയ്യുന്ന   സ്ഥാപനം.   പുറപ്പെടാന്‍  നേരം  ഏട്ടന്‍  പറഞ്ഞു.

"ഇതും  കൂടി  നടന്നില്ലെങ്കില്‍  നാളെ  തന്നെ  നാട്ടിലേക്ക് തിരിച്ചു  പോകാനുള്ള  ടിക്കറ്റ്  എടുത്തു  തരാം. ജോലിയില്ലാതെ  ഇവിടെ  കഴിയാന്‍   കഷ്ട്ടാണ്."

റിസപ്ഷനില്‍   എത്തിയപ്പോഴേ   രാധാകൃഷ്ണന്‍  വന്നു  എന്നെ  വിളിച്ചോണ്ട്  പോയി  ഒരു വലിയ  ക്യാബിന്റെ  ഉള്ളിലേക്ക് കടന്നു. അവിടെ രണ്ടു  ഭാഗത്തായി  രണ്ടു  പേര്‍  ഇരിപ്പുണ്ട്.  വലിയ പോസ്റ്റിലുള്ളവരാണെന്ന്  കണ്ടപ്പഴേ  മനസ്സിലായി.

"ഇതാണ്  സര്‍  ഞാന്‍  പറഞ്ഞ  ആള്‍.  ഇത്തിരി കഷ്ടത്തിലാണ്.  എന്തെങ്കിലും  ചെയ്തു  കൊടുക്കണം. നാട്ടില്‍  നിന്ന്  വന്നിട്ട്  ദിവസങ്ങളെ  ആയിട്ടുള്ളൂ.  ഭാഷയൊന്നും   അറിയില്ല  "   മലയാളം  കേട്ടപ്പോള്‍  മനസ്സില്‍  കുളിര്‍മഴ പെയ്തു.  മനസ്സിലുള്ളതൊക്കെ  തുറന്നു പറയാന്‍  കഴിയുമെന്ന   ആശ്വാസം. ഭാഷയും  ആശയവിനിമയവും  ജീവിതത്തിലെ സുപ്രധാന  ഘടകങ്ങളാണെന്ന്‌ മനസ്സിലാക്കിയതും   അന്നായിരുന്നു.

"ദാ  ഇത്  ടൈപ്പ്  ചെയ്തു  കൊണ്ട് വരൂ. "  ഒരു ലെറ്ററിന്റെ  കോപ്പി  എന്‍റെ നേര്‍ക്ക്‌ നീട്ടിക്കൊണ്ടു അയ്യര്  സാര്‍  പറഞ്ഞു.  എന്നെയും   കൂട്ടി  ക്യാബിനിനു  പുറത്തിറങ്ങി  രാധാകൃഷ്ണന്‍  ടൈപ്പ് റൈറ്റര്‍  കാണിച്ചു  തന്നിട്ട്  പറഞ്ഞു.

"ഇതെന്‍റെ സീറ്റാണ്..  എനിക്ക്  പ്രൊമോഷന്‍  കിട്ടിയത് കൊണ്ടാണ്  ഒഴിവു  വന്നത്.  എത്രയും  വേഗം  ജോലിയും  ഭാഷയും ഒക്കെ പഠിക്കാന്‍  നോക്ക്.  എന്‍റെ  പേര്   മോശാക്കരുത്."  പിന്നെ  തൊട്ടു  മുന്നിലെ സീറ്റില്‍  ഇരിക്കുന്ന മദ്ധ്യ വയസ്കനെ   ചൂണ്ടി  പറഞ്ഞു.  " സംശയങ്ങളൊക്കെ  ഇദ്ദ്യെഹത്തോടു   ചോദിച്ചോളൂ..  നമ്മുടെ  നാട്ട്വാരന്‍   തന്ന്യാ  "  പക്ഷെ  മുന്നിലിരിക്കുന്ന  നാട്ട്വാരന്‍ കണ്ട/കേട്ട ഭാവം  നടിച്ചതേയില്ല.

ടൈപ്പ് റൈറ്ററും  ഞാനും  തമ്മിലുള്ള  ബന്ധം ഇല്ലാതായിട്ട് വര്‍ഷങ്ങള്‍  ഒരുപാട്  കഴിഞ്ഞിരുന്നത്  കാരണം  ടൈപ്പിംഗ്  സ്പീഡ്  പരിശോധിക്കാന്‍   തന്ന   മാറ്റര്‍ ചെയ്തു തീരുമ്പോഴേക്കും  ഉച്ചയൂണ്  സമയമായി.  ടൈപ്പ്  ചെയ്ത  പേപ്പറില്‍  മുഴുവനും ചുവന്ന മഷി കൊണ്ട്   അയ്യര്  സര്‍ ചെറിയ ചെറിയ   വൃത്തങ്ങള്‍  വരച്ചു.  എന്നിട്ട് എന്നെ  നോക്കി  പറഞ്ഞു.

"നിങ്ങളെ  ഇവിടെ  നിയമിച്ചതോണ്ട്  കമ്പനിക്കൊരു  ഗുണവുമില്ല.. ടൈപ്പിംഗിന്റെ  കാര്യം  തന്നെ  മഹാ  കഷ്ടാ.. അപ്പൊ  പിന്നെ  സ്റ്റെനോഗ്രാഫിയില്‍  ടെസ്റ്റ്‌  ചെയ്തിട്ട്  ഒരു  കാര്യോല്ല്യ. ഞങ്ങള്‍ക്ക്  പണി കൂടും ന്നു  മാത്രം.    ഞാനിപ്പോ  എന്താ  പറയ്യാ..  നിങ്ങടെ  വിഷമങ്ങളൊക്കെ  രാധാകൃഷ്ണന്‍  പറഞ്ഞിട്ടുണ്ട്.   അതോണ്ട് മാത്രം മാസം  അഞ്ഞൂറ്  രൂപ  ശമ്പളം തരാം.    മൂന്നു  മാസത്തെ   സമയവും .. അതിനുള്ളില്‍  എന്തെങ്കിലും  ഇമ്പ്രൂവ്മെന്റ്   ഉണ്ടായില്ലെങ്കില്‍  പിരിച്ചു വിടും.   സമ്മതാണെങ്കില്‍  നാളെ മുതല്‍  വന്നോളൂ."

മുങ്ങിത്താഴാന്‍  പോകുന്ന  ഞങ്ങള്‍ക്ക്  കിട്ടിയ  കച്ചിതുരുമ്പ്  ആയിരുന്നു  ആ  ജോലി. ചെറിയ  കുഞ്ഞായിരുന്ന  മോന്‍, ശാരീരികമായി വിഷമതകള്‍ നേരിടുന്ന ഭര്‍ത്താവ്.  അഞ്ഞൂറ് രൂപ  കൊണ്ട്  ഇരുപത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു  മുമ്പ്  ജീവിതത്തിന്റെ   രണ്ടറ്റം  കൂട്ടിമുട്ടിക്കാന്‍  പെടാപാടു പെട്ടു.  ഒരുപാട്   വഴക്കു  പറയുമായിരുന്നെങ്കിലും  തന്‍റെ ജോലി തിരക്കുകള്‍ക്കിടയിലും  അയ്യര്  സാര്‍  എനിക്ക്  ഒരുപാട് സഹായം  ചെയ്തു തന്നു.  വീട്ടില്‍ നിന്നും  ഇംഗ്ലിഷ്  പത്രം  കൊണ്ടുവന്നു വായിക്കാന്‍ തന്നു. ഒരദ്ധ്യാപകനെ  പോലെ  ജോലി പാഠങ്ങള്‍  പഠിപ്പിച്ചു തന്നു. ദിവസവും ഒന്നോ  രണ്ടോ  എക്സര്‍സൈസ്  ഷോര്‍ട്ട്ഹാന്‍ഡ്   എഴുതി  പ്രാക്ടീസ്  ചെയ്യുവാന്‍ കര്‍ശനം  ചെയ്തു.  ജോലി ഇല്ലാത്ത  ഇടവേളകളില്‍ എന്തെങ്കിലുമൊക്കെ  ടൈപ്പ്  ചെയ്തു  ടൈപ്പിംഗ്  സ്പീഡ്  കൂട്ടാന്‍  നിഷ്കര്‍ഷിച്ചു .  പഞ്ചേന്ദ്രിയങ്ങളും മനസ്സും ഒക്കെ  പ്രവര്‍ത്തന നിരതമായ  കാലം.  പതിയെപ്പതിയെ അത്യാവശ്യം  കാര്യങ്ങളൊക്കെ  പഠിചെടുത്തു. സഹപ്രവര്‍ത്തകരോട്  മുക്കിയും  മൂളിയും   ഹിന്ദി സംസാരിക്കാന്‍  തുടങ്ങി. ഞാനൊഴികെ  മറ്റുള്ള  സ്റ്റാഫ് എല്ലാം  പുരുഷന്മാര്‍  ആയതു  ഒരു കണക്കിന്  ഭാഗ്യമായി.. ഉച്ചയൂണ്‌  സമയത്ത്  ഓഫീസിന്‍റെ  ഇടനാഴിയുടെ അറ്റത്തുള്ള  പാന്‍ട്രിയില്‍  ഒറ്റയ്ക്ക് കയറി  വാതിലടച്ചു, കൂളറിലെ  തണുത്ത  വെള്ളം കൊണ്ട്  മുഖവും  കഴുകി,   വയറു നിറയെ  കുടിച്ചു ഏമ്പക്കം  വിട്ടു  പുറത്തിറങ്ങുമ്പോള്‍ ഉച്ചപ്പട്ടിണിയാണെന്ന് ഞാനല്ലാതെ  മറ്റാരും  അറിഞ്ഞിരുന്നില്ല.   ജോലികള്‍  പഠിക്കുന്നതോടൊപ്പം   ജീവിതവും  പഠിക്കുകയായിരുന്നു ഞാന്‍ . മൂന്നു മാസം  തികയുന്ന  ദിവസം , രാവിലെ മുതല്‍ അങ്കലാപ്പായിരുന്നു. ഇന്നത്തോടെ  ജോലി  തീരുമോ  അതോ  തുടരാനനുവദിക്കുമോ  എന്ന  ഭയം.  വൈകുന്നേരത്തോടെ   അയ്യര്  സാര്‍  ക്യാബിനിലേക്ക്‌  വിളിപ്പിച്ചു  ഒരു കവര്‍  കൈയ്യില്‍  തന്നു. തിരിച്ചു സീറ്റില്‍  വന്നിരുന്നു  കവര്‍  തുറന്നു  നോക്കിയപ്പോള്‍  സന്തോഷം  കൊണ്ട്  കണ്ണു നിറഞ്ഞുപോയി. ശമ്പളം അഞ്ഞൂറ് രൂപയില്‍  നിന്നും  ആയിരം രൂപയായി  ഉയര്‍ത്തി,  ജോലിയില്‍  സ്ഥിരപ്പെടുത്തിയെന്ന  അറിയിപ്പായിരുന്നു  അത്.  

ഒന്നര  വര്‍ഷത്തിനു  ശേഷം  ആദ്യ  കമ്പനിയില്‍  നിന്നും വിട  പറയുമ്പോള്‍  എന്നെ  പോലും  അത്ഭുതപ്പെടുത്തിയ  എന്‍റെ  ആത്മവിശ്വാസം  കൂട്ടിനുണ്ടായിരുന്നു. എന്തിനെയും  നേരിടാനുള്ള  ഉള്‍ക്കരുത്ത്  ഉണ്ടായിരുന്നു.  തരക്കേടില്ലാത്ത   ശമ്പള വര്‍ദ്ധനയോടെ   ആറോ ഏഴോ  കമ്പനികളില്‍  ജോലി  ചെയ്തു.  ഒന്നും  മിണ്ടാതെ  ഒതുങ്ങിക്കൂടി  നടന്നിരുന്ന  നാടന്‍ പെണ്ണിന്‍റെ  വാക്കും  നാക്കും  കരുത്താര്‍ജ്ജിക്കുകയായിരുന്നു.  ഒരിക്കല്‍ അനാവശ്യമായി  മെന്റല്‍ ടോര്‍ച്ചര്‍ ചെയ്ത   ജനറല്‍  മാനേജരുടെ  മുന്നിലേക്ക്‌  രാജിക്കത്ത്   വലിച്ചെറിഞ്ഞു  കൊടുത്തു,പിറ്റത്തെയാഴ്ച മറ്റൊരു കമ്പനിയില്‍ ജോലിനേടിയ വില്ലത്തിയാണ് ഞാന്‍.  അക്കഥ ഇനിയൊരിക്കല്‍ പറയാം.. 

ഇരുപത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു  മുമ്പ്  അഞ്ഞൂറ്  രൂപ   വേതനത്തിന്  ജോലി  ചെയ്ത് കുടുംബം  പോറ്റിയ ഞാന്‍,  ഇന്ന്  ആദായനികുതി  റിട്ടേണ്‍ സബ്മിറ്റ്  ചെയ്തു    രാജ്യത്തിന്‍റെ  വികസനത്തില്‍  പങ്കാളിയാകുന്നു..   ഓര്‍ത്തപ്പോള്‍  ചിരിക്കാനാണ്  തോന്നിയത്.   എന്നെപ്പോലെ  സാധാരണക്കാരന്‍റെ  വരുമാനത്തില്‍  നിന്നും  പിടിച്ചുവാങ്ങുന്ന  പണം  കൊണ്ട്  വികസിക്കുന്നത്  രാജ്യമോ  അതോ  പൊതുജനത്തിനെ  തുരന്നു തിന്നുന്ന  കുറെ  മാന്യതയുടെ  കുപ്പായമിട്ട  കള്ളന്മാരുടെ  പള്ളയോ  എന്ന  സംശയം  മാത്രം ..   ഏതായാലും  ഞാന്‍  കണ്ട  ജീവിതം    ഏണിയും  പാമ്പും  കളി  പോലെയാണ്.  പടവുകള്‍  ചവിട്ടിക്കയറുമ്പോള്‍ ഒരുപക്ഷെ  പ്രതീക്ഷിക്കാതെ  വീഴ്ചകള്‍  സംഭവിച്ചേക്കാം.  ആ വീഴ്ചയില്‍ തളരാതിരിക്കാനും ആര്‍ജ്ജവത്തോടെ ഉയരങ്ങളിലേക്ക്  കയറിപ്പോകാനും ജീവിതാനുഭവങ്ങളുടെ  പടവുകള്‍ കരുത്തേകും  .. തീര്‍ച്ച..

Saturday, 5 September 2015

** ബീരാനിക്കാന്‍റെ ഗര്‍ഭം **




"ഖദീസൂ..  ഡീ  ബലാലേ..  ജ്ജ്   ദേവ്ടെ  പോയ്‌  പണ്ടാറടങ്ങീക്ക്വ.. ഞമ്മള്   എത്ര  നേരം  കൊണ്ട്  തൊണ്ട കീറി  ബിളിക്ക്യാണ് .  അന്‍റെ  ചെവ്ട്  പൊട്ട്യാ.. ഇജ്ജ്  ഈ  മീന്‍ വട്ടി  ന്‍റെ  തലേലിക്കൊന്നു  പിടിച്ചു   വെച്ചാണ് ."  സ്നേഹത്തോടെയാണെങ്കിലും   ബീരാനിക്കാക്ക്  ഇങ്ങനൊക്കെ  പറയാനേ   അറിയൂ.

"ഞാമ്പറഞ്ഞാ  ങ്ങളോട്   നെലോളിക്കാന്‍.. ഞാനപ്രത്ത്   ആടിന്    തീറ്റ  കെട്ടി  കൊടുക്കാര്ന്നു. ദാ പിടിക്കീന്‍.. "

ഖദീജ മീന്‍വട്ടി ബീരാനിക്കാന്‍റെ തലയിലേക്ക് പൊക്കി വെക്കാന്‍ സഹായിച്ചു.  ഒണക്കമീന്‍  കച്ചോടം  ചെയ്യുന്ന  ബീരാനിക്കാന്‍റെ  മൂന്നാമത്തെ  ബീവിയാണ്  ഖദീജ.

"നിയ്ക്ക് പത്തമ്പത്  വയസ്സായി. ബയ്യാണ്ടാവണ  കാലത്ത്  ന്‍റെ  മീന്‍വട്ടി ഏല്‍പ്പിക്കാനും  നിയ്ക്കൊരു  തുള്ളി  വെള്ളം  തരാനും  ന്‍റെ ചോരേല്  ണ്ടായ  ഒരു  കുട്ടി  ബേണ്ടെ ?  നിങ്ങള്  പറയീന്‍ "

ആദ്യ ഭാര്യമാരായ നബീസുവിനെയും    ബീപാത്തുവിനെയും  പ്രസവിക്കാത്ത കുറ്റത്തിന് മൊഴി ചൊല്ലാനും  ഖദീജയെ  നിക്കാഹ്  കഴിക്കാനും   പള്ളിക്കാരുടെയും  സമുദായത്തിന്റെയും  മുന്നില്‍ ബീരാനിക്കക്ക്  പറയാനുണ്ടായ ന്യായം അതായിരുന്നു. ബീരാനിക്കാന്‍റെ  ചോദ്യം  ന്യായമായതുകൊണ്ട്  ഏവരും മൌനം  പാലിച്ചു.  ആദ്യ  ഭാര്യമാരെക്കാള്‍  മൊഞ്ചത്തിയാണ്  ഖദീജ. കൂടാതെ മൂന്നാം ക്ലാസ്സുവരെ  പഠിച്ച  കാര്യ വിവരവുമുണ്ട്.  മീന്‍ കച്ചോടം കഴിഞ്ഞു ബീരാനിക്ക  വീട്ടിലെത്തിയാല്‍ അത്താഴമൊക്കെ  കഴിഞ്ഞു  അന്നന്നത്തെ  വിറ്റുവരവ്  കണക്കുകളൊക്കെ  നോക്കുന്നത്  ഖദീജയാണ്.  ചിമ്മിനി വിളക്കിന്‍റെ വെട്ടത്തിലിരുന്നു   തുപ്പലു  തൊട്ടു   നോട്ടെണ്ണുന്ന  ഖദീസുവിനെ  ബീരാനിക്കാ  കണ്ണെടുക്കാതെ  നോക്കിയിരിക്കും. നാല്‍പ്പത്  കഴിഞ്ഞെങ്കിലും  ഖദീസുവിന്റെ  യൌവ്വനത്തിനു  ഒട്ടും  മങ്ങലേറ്റിട്ടില്ല..  കരിമീന്‍  പിടക്കുന്ന കണ്ണുകള്‍, ചുവന്നു തുടുത്ത  കവിളിണകള്‍...വെള്ളിച്ചിറ്റിട്ട  കാതുകള്‍...  ഖദീസുവിനെ നോക്കി  നോക്കിയിരിക്കെ   ബീരാനിക്ക   സുബര്‍ക്കത്തിലെ സുല്‍ത്താനാവും, മനസ്സില്‍  ഒരു കുഞ്ഞു ബീരാനിക്ക പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും. പിന്നെ ഒട്ടും ആലോചിക്കില്ല   ബീരാനിക്കാ   ചിമ്മിനി വിളക്ക് ഊതി കെടുത്തും.

ഖദീസുവിനെ  നിക്കാഹ്  ചെയ്തിട്ട് കൊല്ലം  നാലഞ്ചു  കഴിഞ്ഞിട്ടും  ഓള്  പെറാത്തതില്‍  ബീരാനിക്കക്ക്  നിരാശയുണ്ട്. ഒരിക്കല്‍  ഖദീസുവിനെ   അതിന്‍റെ പേരില്‍  കുറ്റപ്പെടുത്തുക  കൂടി  ചെയ്തപ്പോള്‍  ഖദീജക്ക്   സഹിച്ചില്ല..

"കൊയപ്പം  ങ്ങടെ  തന്ന്യാവും..  അല്ലേല്   വരണ  പെണ്ണുങ്ങളൊക്കെ   പെറാണ്ടിരിക്ക്യോ.  നല്ലോണം  പേറും  പെറപ്പും  ള്ള  കുടുമ്മത്തീന്നു  തന്ന്യാ     നുമ്മ  ബന്നെക്കണത്.  ന്റുമ്മ   പതിനാറാ  പെറ്റെക്കണത്. അറ്യോ  ങ്ങക്ക്  അതോണ്ട്  ന്നെ  ഈക്കാര്യത്തില്  കുറ്റം  പറഞ്ഞാ  മ്മള്  സമ്മയ്ക്കൂലാ."  ബീരാനിക്കാ  പിന്നെ  അധികം  തര്‍ക്കത്തിന്  മുതിരാറില്ല,  എങ്കിലും  ഒരു  കുഞ്ഞിക്കാലു  കാണാനുള്ള  കൊതി  ബീരാനിക്കാക്ക്  ഉള്ളതുപോലെ  തന്നെ  ഖദീസുവിന്റെ  ഉള്ളിലും  ഉണ്ട്.

ദിവസങ്ങള്‍  കൊഴിഞ്ഞടര്‍ന്നുകൊണ്ടിരുന്നു..  ഒരുദിവസം  ബീരാനിക്കാ   മീന്‍ കച്ചോടം  കഴിഞ്ഞു  വന്നത്  പനി  പിടിച്ചായിരുന്നു .  ഖദീസുവിന്റെ   നാടന്‍  ചികിത്സയില്‍  ഫലം  കാണാഞ്ഞതുകൊണ്ട്  അടുത്തുള്ള  ആശുപത്രിയില്‍  പോകേണ്ടിവന്നു..
 
" മൂത്രം  പരിശോധിക്കണം.  റിസള്‍ട്ടുമായിട്ട്  വന്നാല്‍  മരുന്ന്  കുറിച്ച്  തരാം"

ഡോക്ടര്‍  കൊടുത്ത  കുറിപ്പടിയുമായി  ബീരാനിക്കാ   തൊട്ടടുത്ത  ലബോറട്ടറിയില്‍   എത്തി . വെള്ള  കോട്ടിട്ട   പെണ്‍കുട്ടി  കൊടുത്ത  ചെറിയ  കുപ്പിയും  കൊണ്ട്  ബീരാനിക്കാ  മൂത്രപ്പുരയില്‍ കയറി  മൂത്രം  ശേഖരിച്ചു. മൂത്രക്കുപ്പികള്‍  നിരന്നിരിക്കുന്ന മേശപ്പുറത്ത്   ബീരാനിക്കാ   തന്‍റെ  കുപ്പിയും വെച്ചു    വരാന്തയില്‍ റിപ്പോര്‍ട്ടിനായി  കാത്തിരിക്കുന്ന   സ്ത്രീകളും  പുരുഷന്മാരും  കുട്ടികളും  അടങ്ങുന്ന സംഘത്തിലോരാളായി.  

"പേടിക്കാനൊന്നുമില്ല   ബീരാനിക്കാ..  ഇങ്ങള്  ഒരു  ബാപ്പയാവാന്‍  പോണ്."  വെള്ളക്കോട്ടിട്ട  പെണ്‍കുട്ടിയുടെ വാക്കുകളാണ്  ബീരാനിക്കയെ  മയക്കത്തില്‍  നിന്നുണര്‍ത്തിയത്.   കേട്ടത്  പാതി കേക്കാത്ത  പാതി "ന്‍റെ  പടച്ചോനേയ്"  ന്നും   വിളിച്ചു  തലയില്‍  കൈ  വെച്ചോണ്ട്  ബീരാനിക്കാ   പുരയിലെക്കോടി.  ആശുപത്രിയിലേക്ക്   പോയ  ബീരാനിക്കാ  വെടി കൊണ്ട  പന്നിയെ  പോലെ  ഓടി  വരുന്നത്  കണ്ടു  ഖദീജ  ബേജാറായി. കാര്യങ്ങള്‍  പറഞ്ഞപ്പോ  ഖദീജക്ക്   കലി  കയറി.

"ഇങ്ങള്   ദെന്ത്  പിരാന്ത്  ആണ്  പറയണ്‌.. ഇങ്ങടെ  മേത്ത്  സെയ്ത്താന്‍  കൂട്യാ? ആണുങ്ങക്ക്   ഗര്‍ഫോണ്ടാവ്വേ..  അതും  പത്തമ്പത്  ബയസ്സായ  ഇങ്ങക്ക്."   ഖദീജക്ക്  വിശ്വാസം   വന്നില്ല..

"ഡീ  ബലാലേ..  സത്യാണ്.. മൂത്രം  പരിസോദിച്ച  കുറിപ്പട്യാണ്     ന്‍റെ  കൈയില്.. ദാ  നോക്ക്.   ഓള്ക്ക്  വെര്‍തെ  പറയണ്ട  കാര്യന്താണ്."   അത്  ശരിയാണെന്ന്  ഖദീജക്കും   തോന്നി. മാത്രോല്ല..  ഇന്നാളൊരു ദിവസം ബീരാനിക്കാന്റെ  മീന്‍വട്ടി  വൃത്തിയാക്കുമ്പോ  അതിനടിയില്‍  കിടന്നിരുന്ന  പഴയ  പത്രക്കടലാസില്‍ പുറം രാജ്യത്തെവിടെയോ  ഒരു പുരുഷന്‍  ഗര്‍ഭം ധരിച്ചു  പ്രസവിച്ചെന്ന  കൌതുക വാര്‍ത്ത   തപ്പിത്തടഞ്ഞു   വായിച്ച കാര്യവും  ഖദീജ  ഓര്‍ത്തു.  ഏതായാലും  പ്രസവം  കഴിയുന്നതുവരെ   ഇക്കാര്യം    ആരെയും   അറിയിക്കെണ്ടെന്നു  ബീരാനിക്കായും  ബീവിയും  തീരുമാനിച്ചു. ഗര്‍ഭാവസ്ഥയിലും  ബീരാനിക്ക  ഉണക്ക മീന്‍  കച്ചോടം  നിര്‍ത്തിയില്ല. ഖദീജയാവട്ടെ  ബീരാനിക്കയെ    നന്നായി  പരിചരിച്ചു.  ഇഷ്ടം പോലെ മാങ്ങ തീറ്റിച്ചു.  മാങ്ങ  കാ‍ന്താരി മുളകും  കൂട്ടി  ചതച്ചത്,  മാങ്ങ  ചമ്മന്തി , മാങ്ങ  അച്ചാര്‍,  മാങ്ങക്കറി, ഉണക്കമീനും  മാങ്ങയും  കൂട്ടി വെച്ച  കൂട്ടാന്‍..  അങ്ങനെ  മാങ്ങ കൊണ്ടുള്ള  വിഭവങ്ങള്‍   തിന്നു  മടുത്തപ്പോള്‍  ബീരാനിക്ക  ഒരു ദിവസം  അരിശപ്പെട്ടു.

"ന്‍റെ ബീരാനിക്കാ..  ഗര്‍ഫോണ്ടായാല്‍   നല്ലോണം  മാങ്ങ  തിന്നണം.  ന്റുമ്മ   വയറ്റിലുണ്ടായാല്‍  പെറണ വരെ  ഓരോ  വട്ടി മാങ്ങ്യാ  തിന്നു  കേറ്റണത്."   ദിവസങ്ങളും  മാസങ്ങളും  കഴിഞ്ഞു.  ബീരാനിക്കാക്ക്  ഗര്‍ഭാലാസ്യം  ഒന്നും  തോന്നിയിരുന്നില്ല..  വയറും  വീര്‍ക്കുന്നില്ല..  അക്കാര്യം  ഒരു ദിവസം  ഖദീജയോടു  പറയുകയും  ചെയ്തു.

"ഞാനും അതാണ്‌  ആലോയ്ക്കണത്.. ഇതിപ്പോ  ഏഴാം  മാസായില്ലെ.. വയറു  തള്ളീല്ലല്ലോ  ഇത്രേം  ആയിട്ട്..  ന്റുമ്മാക്കൊക്കെ  ചണ്ടോട്ടി  പോലെയാ  വയറു  ബീര്‍ത്തീര്ന്നത്.  ങാ..  ചെലപ്പോ  ആണുങ്ങക്ക്  ബയറ്റിലുണ്ടായാ  ബയര്  ബീര്‍ക്കൂല്ലാരിക്കും.   ങ്ങള്  ബേജാറാവാണ്ടിരിക്കീന്‍  ന്നും." 

ദിവസങ്ങള്‍  പിന്നെയും  കടന്നുപോയി.. ബീരാനിക്കാടെ  ഗര്‍ഭം  ഒമ്പതാം  മാസത്തിലേക്ക്  കടന്നു. ഒരു ദിവസം  മീന്‍ വട്ടിയും  തലയില്‍  ചുമന്നു നടക്കുമ്പോള്‍   വയറിനു  വല്ലാത്തൊരു  അസ്വാസ്ഥ്യം.. രാവിലെ എഴുന്നേല്‍ക്കാന്‍  വൈകിയത്  കൊണ്ട്  പറമ്പില്‍  പോയിരുന്നില്ല..   ആളൊഴിഞ്ഞ  ഒരിടത്ത് എത്തിയപ്പോ  മീന്‍വട്ടി  ഇറക്കി  വെച്ച്    അടുത്തുള്ള  കുറ്റിക്കാട്ടിലേക്ക്  ബീരാനിക്കാ  കയറിപ്പോയി..  തണുത്ത  കാറ്റേറ്റു,  ബീഡിയും  വലിച്ചു   ഒരു മൂളിപ്പാട്ടുമായി  ബീരാനിക്കാ  മതിമറന്നു  കാര്യം  സാധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍  തൊട്ടു  പുറകില്‍  ഒരനക്കം..   ഞെട്ടിത്തിരിഞ്ഞു  നോക്കിയപ്പോ  വെളുത്തു  പഞ്ഞിക്കെട്ടുപോലെ  ഒരു മുയല്‍ക്കുട്ടി  ബീരാനിക്കാന്‍റെ   തൊട്ടടുത്തുന്നു  പാഞ്ഞു  പോവുന്നത്  കണ്ടു. താന്‍  ഗര്‍ഭണന്‍  ആണെന്ന  കാര്യം  ഓര്‍മ്മ വന്നപ്പോള്  ആ  ഓടിപ്പോവുന്നത്  തന്‍റെ  കുട്ടിയാണെന്ന്  ബീരാനിക്കാക്ക്  തോന്നി  ഉറക്കെ  വിളിച്ചു..

"കള്ള  ഹിമാറെ.. ജ്ജ്  എങ്ങടാണ്   ഓടണത്..  പഹയാ  ഞാന്‍  അന്‍റെ  ബാപ്പ്യാണ്.  ബാപ്പാന്നു  ഒന്ന്  ബിളിച്ചിട്ടു  പൊയ്ക്കൂടെ  അനക്ക്. "  അതുകേള്‍ക്കാന്‍  ആ പരിസരത്തൊന്നും   ആരുമുണ്ടായിരുന്നില്ല..

അന്നത്തെ  കച്ചോടം  മതിയാക്കി അപ്പൊ  തന്നെ   പുരയിലെത്തിയ  ബീരാനിക്കാ  താന്‍  പ്രസവിച്ച  വിവരവും കുട്ടി  ഓടിപ്പോയ വിവരവും  ബീവിയോടു  വിസ്തരിച്ചു  പറഞ്ഞു.  കാര്യമറിഞ്ഞപ്പോള്‍  ഖദീസുവിനും  സങ്കടായി. 'ന്നാലും  ഓന്‍  ഉമ്മാനെ  ഒന്ന്  കാണാണ്ട്  പോയല്ലാ' ..

"യ്യ്  സങ്കടപ്പെടണ്ട  ഖദീസൂ.. മ്മക്ക്  കുട്ട്യോളും  മക്കളും  ഒന്നും മാണ്ട. അനക്ക് ഞാനും  എനിക്ക്  ഇയ്യും  മതി. അല്ലേങ്കി  തന്നെ  കുട്ടീം  മക്കളും  ണ്ടായിട്ട്‌  കാര്യെന്താ.. ബയസ്സു  കാലത്ത്  മ്മളെ  നോക്കും  ന്നു  എന്താ  ഒറപ്പ്.  ഇപ്പൊ  തന്നെ  കണ്ടില്ലേ.. ഒമ്പത് മാസം  ചൊമന്നോണ്ട്  നടന്നിട്ട്  പുറത്തു വന്നപ്പോ  ബാപ്പാ ...  ന്നു  ഒന്ന്  ബിളിക്കാണ്ട്  ഓന്‍  ഓടിപ്പോയീല്ലേ.."

ഖദീജയുടെയും  ബീരാനിക്കയുടെയും  സങ്കടം  കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞപ്പോള്‍  മാറി.  എങ്കിലും   നമുക്കൊക്കെ  ഒരു സംശയം ഇപ്പോഴും ബാക്കി  നില്‍ക്കുന്നു,  ബീരാനിക്കാക്ക്  എങ്ങനെ  ഗര്‍ഭം  ഉണ്ടായി.  ??

മൂത്രം  പരിശോധിക്കാന്‍ ലബോറട്ടറിയില്‍  കൊടുത്ത  കുപ്പി അശ്രദ്ധ മൂലം  എങ്ങിനെയോ  മാറിപ്പോയതായിരുന്നു  ഈ പ്രശ്നങ്ങള്‍ക്കൊക്കെ   കാരണം.  ഏതോ ഒരു സ്ത്രീയുടെ  ഗര്‍ഭസ്ഥിരീകരണത്തിന് പരിശോധിക്കാന്‍    കൊടുത്ത  മൂത്ര പരിശോധന  റിപ്പോര്‍ട്ട്  ആയിരുന്നു  ബീരാനിക്കക്ക്  കിട്ടിയത്.  മനസ്സിന്‍റെ  തോന്നലുകളാണല്ലോ മനുഷ്യനെക്കൊണ്ട്  ഓരോന്ന്  ചെയ്യിപ്പിക്കുന്നത്..  ഒരു  കുഞ്ഞിനു  വേണ്ടി  കൊതിച്ചിരുന്ന  ബീരാനിക്ക  താന്‍  ബാപ്പയാവാന്‍  പോകുന്നെന്നു  കേട്ടപ്പോ    മറ്റൊന്നും  ആലോചിക്കാതിരുന്നതും   അതുകൊണ്ടാവും.

അതെന്തെങ്കിലുമാവട്ടെ..   ഇതൊരു  കഥ.  കഥയില്‍  ചോദ്യമില്ലാന്നു  പ്രത്യേകിച്ച്  പറയേണ്ടതില്ലല്ലോ..  ഹിഹി..