"നാത്തൂനേ ... കണ്ണപ്പേട്ടന്റെ മകന്‍റെ കല്യാണം കെട്ടാന്‍ പോണ്ടേ ന്നും ?"
ചാണകം മെഴുകിയ തിണ്ണയില്‍ തൂണും ചാരി എന്തോ കുനിഷ്ടു ചിന്തയിലായിരുന്ന ദാക്ഷായണിയേടത്തിയെ പടികടന്നു വന്ന രുക്കുവിന്റെ ചോദ്യമാണ് ഉണര്‍ത്തിയത്.
"പോണം ന്നുണ്ടടി രുക്ക്വോ.. ന്‍റെ ചെക്കന്‍റെ കല്യാണം വിളിച്ചപ്പോ വന്നു ഇരുപത്തഞ്ചുര്‍പ്യ ബന്ധുമ തന്നീര്‍ന്നു.. അത് മടക്കി കൊടുത്തില്ലെങ്കി മോസല്ലേ ഡീ പെണ്ണെ. പക്ഷെ കല്യാണത്തിന് ഉടുത്തോണ്ട് പൂവാന്‍ നെറോള്ള മുണ്ട് ഒന്നൂല്ല്യ. കഴിഞ്ഞ തിര്വോണത്തിനു ന്‍റെ ചെക്കന്‍ ഒരു കരമുണ്ട് വേടിച്ചു തന്നീര്‍ന്നു. രണ്ടീസം മുമ്പ് വക്കാണം കൂടി പോമ്പോ ആ മൂധേവി.. ങാ അവന്‍റെ കെട്ട്യോള് അയ് മുണ്ടിനേം വാരിക്കെട്ടി കൊണ്ടോയടി പെണ്ണേ.. ഇങ്ങനൊരു ജമ്മം ഈ കുടീലിക്ക് വന്നു കേറീല്ലോ ന്‍റെ തമ്പുരാനേയ് .."
മരുമോളോടുള്ള അരിശം അതിന്‍റെ പരമാവധി പ്രകടിപ്പിക്കാനായി തലേല് രണ്ടും കൈയും വെച്ച്, മുറ്റത്തിന്റെ വടക്കേ കോണില്‍ നില്‍ക്കുന്ന മുരിങ്ങച്ചോട്ടിലെക്ക് ത്ഫൂ ന്ന ശബ്ദത്തോടെ ദാക്ഷായണി നീട്ടിത്തുപ്പി.
"ങ്ങാഹാ.. അവള് പിന്നേം പോയാ? ഇത്തവണ പൂവാന്‍ ന്താ ന്നും നാത്തൂനേ കാരണം.?"
രുക്കുവിന് രസം പിടിച്ചു.. ഇത്തിരി വെയില് കൊണ്ടായാലും വന്നത് വെറുതെയായില്ല ന്നു മനസ്സില്‍ നിനച്ചു തിണ്ണയിലെ പൊടി കൈകൊണ്ടു തുടച്ചു, രുക്കു ദാക്ഷായണിയുടെ അടുത്തിരുന്നു.
ഉള്ളതും ഇല്ലാത്തതും പ്രാധാന്യമുള്ളതും അല്ലാത്തതുമായ മരുമകളുടെ കുറ്റങ്ങളും കുറവുകളും കുറെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ദാക്ഷായണിക്കും, അതിനേക്കാള്‍ സന്തോഷം പരദൂഷണം കേട്ട രുക്കുവിനും. ആ സന്തോഷത്തില്‍ മതിമറന്നു രുക്കു ദാക്ഷായണിക്ക് ഒരു മെഗാ ഓഫര്‍ നല്‍കി.
"മ്മക്ക് കല്യാണം കൂടാന്‍ പൂവാന്നും നാത്തൂനേ .. ന്റെല് ഒരു മുണ്ടുണ്ട്.. ഞാന്തരാം.. ങ്ങള് പൊറപ്പെട്ടോളീ ന്നും "
പിറ്റേന്ന് രാവിലെ തന്നെ രുക്കു മുണ്ടുമായി വന്നു. രുക്കു നല്‍കിയ സെറ്റ് മുണ്ടൊക്കെ ഉടുത്തു നാട്ടു വര്‍ത്തമാനവും പറഞ്ഞു നടന്നു.. അര മണിക്കൂറിനു ശേഷം വന്ന ബസ്സു കൈകാണിച്ചു നിര്‍ത്തി രണ്ടുപേരും കയറിപ്പറ്റി. ആദ്യം കണ്ണില്‍ പെട്ട സീറ്റില്‍ ഇരിക്കാന്‍ ദാക്ഷായണി നടു വളച്ചതെയുള്ളൂ.. പെട്ടെന്ന് രുക്കുവിന്റെ വിളി..
"നാത്തൂനേ.. ന്‍റെ മുണ്ട്..!! സീറ്റിലപ്പടി പൊട്യാണ്. ന്‍റെ മുണ്ടില് ചെള്യാവും. ങ്ങള് ദാ ഈ കമ്പീമ്മേ പിടിച്ചു നിന്നോളീ.."
ഇരിക്കാനുള്ള അവകാശം നിഷ്കരുണം നിഷേധിച്ചു ആ സീറ്റില്‍ രുക്കു കേറിയിരുന്നു. രണ്ടു ബസ്സിലേക്കുള്ള യാത്രക്കാരെ കുത്തി നിറച്ച ബസ്സ് ഒരു വളവു തിരിഞ്ഞപ്പോള്‍ ഒന്നാടിയുലഞ്ഞു. ഒപ്പം ദാക്ഷായണിയും ഒന്നാടി.. വീഴാതിരിക്കാന്‍ തൊട്ടടുത്ത സീറ്റിലെ കമ്പിയില്‍ ഒന്നു ചാരി. അപ്പൊ ദേ പിന്നേം..
"നാത്തൂനേ ന്‍റെ മുണ്ട്... ആ കമ്പീമ്മേ ചാരണ്ടാ ട്ടോളീന്‍.. തുരുമ്പുണ്ടാവും.. ന്‍റെ മുണ്ടില് കറ പിടിക്ക്യോള്ളൂ.".
ഓടുന്ന വണ്ടിയായത് കൊണ്ടും യാത്രക്കാരുടെ തിരക്കു കൊണ്ടും എങ്ങാനും കേട്ടില്ലെങ്കിലോ എന്ന് കരുതി രുക്കു അല്‍പ്പം ഉറക്കെതന്നെയാണ് പറഞ്ഞതും, ദാക്ഷായണിയെ കൂടാതെ ചുറ്റുമുള്ള യാത്രക്കാര്‍ കേള്‍ക്കുകയും ദാക്ഷായണി ഉടുത്തിരുന്ന മുണ്ട് രുക്കുവിന്റെതാണെന്നു അവരൊക്കെ മനസ്സിലാക്കുകയും, എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു.
ദാക്ഷായണിക്ക് ദേഷ്യം വന്നു തുടങ്ങിയെങ്കിലും കണ്ട്രോള്‍ വിട്ടില്ല.
കല്യാണവീട്ടിലെത്തി, നാരങ്ങാ വെള്ളം കുടിയും, തുടര്‍ന്നു കല്യാണ ചടങ്ങുകളും കഴിഞ്ഞു. ഇതിനിടയില്‍ പലവട്ടം ദാക്ഷായണിയുടെ ചന്തിയില്‍ തോണ്ടി, രുക്കു തന്‍റെ മുണ്ടിന്‍റെ കാര്യം ഓര്‍മ്മപ്പെടുത്തി.
സദ്യക്ക് ഇലയിട്ടു.. അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെ മേശയും കസേരയുമോന്നും ഇട്ടല്ല സദ്യ ഉണ്ടിരുന്നത്. പുല്ലു ചെത്തി വൃത്തിയാക്കിയ മുറ്റത്തും തൊടിയിലുമൊക്കെ പന്തലിട്ടു, താഴെ പന്തിപ്പായ വിരിച്ചു അതില്‍ ചമ്രം പടിഞ്ഞിരുന്നായിരുന്നു സദ്യ യൂണ്. ചരിഞ്ഞിരുന്നു രണ്ടുകാലും വളച്ചു വെച്ച്, ഇടതുകൈ നിലത്തു കുത്തി, പരിപ്പും സാമ്പാറും പപ്പടവും കൂട്ടിക്കുഴച്ചു ആദ്യത്തെ ഉരുള വായിലെക്കിടാന്‍ തുടങ്ങിയതേയുള്ളൂ ദാക്ഷായണി..
"യ്യോ നാത്തൂനേ... ന്‍റെ മുണ്ട്.. ങ്ങള് ഇങ്ങനെ പടിഞ്ഞിരുന്നാ ന്‍റെ മുണ്ടില് ചള്യാവില്ല്യെ ന്നും. ങ്ങള് കുന്തിച്ചിരുന്നിട്ടു ചോറുണ്ണീ ട്ടോളീന്‍.."
വായിലെത്തെണ്ട ചോറുരുള രുക്കുവിനോടുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് ദാക്ഷായണിയുടെ കൈയ്യില്‍ നിന്നും ഇലയിലേക്ക് എടുത്തുചാടി. വിളമ്പുകാരും സഹ ഊണുകാരും തമ്മില്‍ തമ്മില്‍ നോക്കി അടക്കം പറഞ്ഞു ചിരിച്ചു. കഠിനമായ വിശപ്പു കൊണ്ടും വിഭവ സമൃദ്ധമായ സദ്യ ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തത് കൊണ്ടും മാത്രം ദാക്ഷായണി കുന്തിച്ചിരുന്നു വയറു നിറച്ചും ഊണ് കഴിച്ചു.
മടക്കയാത്രയിലുടനീളം കല്യാണപ്പെണ്ണിന്‍റെ, കഷ്ട്ടപ്പെട്ടു കണ്ടെത്തിയ കുറവുകളും സദ്യവട്ടങ്ങളുടെ പോരായ്മകളെയും കുറിച്ച് വാ തോരാതെ സംസാരിച്ച രുക്കുവിനെ ദാക്ഷായണി മൈന്‍ഡ് ചെയ്തില്ല. മറുപടികള്‍ വെറും മൂളലുകളില്‍ മാത്രമൊതുക്കി എന്ന് മാത്രമല്ല, ബസ്സില്‍ സീറ്റുണ്ടായിരുന്നിട്ടു കൂടി ദാക്ഷായണിയേടത്തി ഇരിക്കാന്‍ കൂട്ടാക്കിയില്ല.
ബസ്സിറങ്ങി ആദ്യം കണ്ട പെട്ടിക്കടയില്‍ നിന്നും 501 ബാര്‍ സോപ്പിന്‍റെ രണ്ടു കഷണവും വാങ്ങിയാണ് ദാക്ഷായണി വീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ തന്നെ അലക്കി വെളുപ്പിച്ചു, കഞ്ഞി പിഴിഞ്ഞുണക്കിയ മുണ്ടുമായി ദാക്ഷായണിയെടത്തി രുക്കുവിന്റെ വീട്ടിലെത്തി..
"ഡീ രുക്ക്വോ ന്നാ നെന്‍റെ മുണ്ട്. നെന്‍റെ ഇരവല് മുണ്ടും ഉടുത്തു നിന്‍റെ കൂടെ കല്യാണത്തിന് വന്നതോണ്ട് ഞാന്‍ ഒരൂട്ടൊക്കെ പഠിച്ചു ട്ടോ . ഇല്ല്യാച്ചാ ഇല്ലാത്ത പാട്ടിലിരിക്ക്യ.. ന്നാലും ആരാന്‍റെ സാനം ഇരവല് വാങ്ങ്യാ നാണോം മാനോം ഒക്കെ കെടും ന്നു മനസ്സിലായി.. തന്തോസായി ട്ടോ "
മുണ്ട് രുക്കുവിന്റെ കൈയ്യില്‍ പിടിപ്പിച്ചു ശരവേഗത്തില്‍ ദാക്ഷായണിയേടത്തി നടന്നു.. പാടവരമ്പിലൂടെ രുക്കുവിനെ മുറുമുറുത്തു കൊണ്ട് ദാക്ഷായണി മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോ ചായേം പലഹാരോം ഒരുക്കി തിണ്ണയില്‍ കാത്തിരിക്കുന്ന മരുമോളെയാണ് കണ്ടത്. ഗമ വിടാതെ അകത്തേക്ക് കയറിയ അമ്മായിയമ്മയുടെ കൈയ്യില്‍ പിടിച്ചു മരുമകള്‍ ഒരു പൊതി വെച്ച് കൊടുത്തെന്നും ദാക്ഷായണിയേടത്തി പൊതി തുറന്നു നോക്കിയപ്പോള്‍ നല്ല ഒന്നാംതരം കുത്താമ്പുള്ളി കസവ് മുണ്ടും നേര്യതുമാണ് പൊതിക്കകത്ത് ഉണ്ടായിരുന്നത് എന്നും ഐതിഹ്യത്തില്‍ പറയുന്നു.
---------------------
ഒരുച്ച നേരത്ത് വൈദ്യശാലയില്‍ നിന്നും കഷായവും അരിഷ്ട്ടവും വാങ്ങി വരുന്ന വഴി വീട്ടിലേക്കു കയറിയ കുണ്ടാപ്പെട്ടനോട് "ഇനീപ്പോ ഒരുപിടി ചോറുണ്ടിട്ട് പോയാ മതി" എന്നമ്മ പറഞ്ഞപ്പോള്‍, ഊണ് കാലാവണ ഇടവേളയില്‍ കുണ്ടാപ്പേട്ടന്‍ വലിച്ചുനീട്ടി പറഞ്ഞു തന്ന കഥയുടെ പ്രസക്തഭാഗമാണ് മുകളില്‍ വിവരിച്ചത്. മുപ്പത്തിയാറു ഭാഷകളിലായി വിവിധ രാജ്യങ്ങളില്‍ ഈ കഥ പ്രചാരത്തിലുണ്ട് എന്നൊരു മഹാ പുളുവടി കൂടി സമ്മാനിച്ചിട്ടാണ് കുണ്ടാപ്പേട്ടന്‍ അന്ന് സ്ഥലം വിട്ടത്.
സംഗതി പുളുവടിയാണെങ്കിലും കഥയില്‍, നമുക്ക് ഉള്‍ക്കൊള്ളാവുന്നൊരു ഉപദേശമുണ്ട്.
"ഇരന്നു വാങ്ങി നാണം കെടുന്നതിനേക്കാള്‍ അന്തസ്സുണ്ട് ഇല്ലായ്മക്ക്."