Monday, 31 August 2015

ചെണ്ടുമല്ലിപ്പൂവിന്‍റെ മണമുള്ള "ചിന്ന"


"മഷിക്കുപ്പി,  വൃന്ദാവനം,  മഹാത്മാഗാന്ധി...    എഴുത്യോ? "
ചൂണ്ടുവിരളോളം  നീളമുള്ള  കുഴലുപോലത്തെ  ഡപ്പിയില്‍ നിന്ന് ഇടത്തേ ഉള്ളംകൈയ്യിലേക്ക്   കുടഞ്ഞിട്ട  മൂക്കുപ്പോടിയില്‍  നിന്നും   ഓരോ  നുള്ള് മൂക്കിന്‍റെ  ദ്വാര ദ്വയങ്ങളിലൂടെ   വലിച്ചുകേറ്റി,  ആഞ്ഞു തുമ്മി  താഴ്തിയിട്ട മുണ്ടിന്‍റെ  കോന്തല  പൊക്കി, നാസികാപരിസരവും  നരച്ചു  തുടങ്ങിയ മീശയും    അമര്‍ത്തിത്തുടച്ചു  ഗോവിന്ദന്‍കുട്ടി മാഷ്‌  കുട്ടികളോടായി   ചോദിച്ചു. 3-B യില്‍   കേട്ടെഴുത്ത്  നടക്കുകയാണ്..  

"ഓ...  എഴുതി  മാഷേ."   
സ്ലേറ്റ്‌   മാറോടു ചേര്‍ത്തു  മറച്ചു  പിടിച്ചു   മുഖാമുഖം  തിരിഞ്ഞു  നില്‍ക്കുന്ന കുട്ടികള്‍    ഒരേ  സ്വരത്തില്‍   ഒച്ചയിട്ടു  പറഞ്ഞു..  ചിലര്‍   തലയാട്ടി.. മറ്റു ചിലര്‍  മാഷുടെ   മേശപ്പുറത്തിരിക്കുന്ന   ചൂരലിലേക്ക്  പേടിയോടെ  നോക്കി  ഉമിനീരിറക്കി.

"ഉം..  ഓരോരുത്തരായി   കൊണ്ടുവരീന്‍.. നോക്കട്ടെ.  തെറ്റിച്ചോര്‍ക്ക്   ചുട്ട   അടി  കിട്ടും  ട്ടോ. "  

ഭീഷണിയുടെ സ്വരമുയര്‍ത്തി  ഗോവിന്ദന്‍കുട്ടി  മാഷ്‌   ഗൌരവത്തോടെ   കസേരയില്‍  ചെന്നിരുന്നു.  കേട്ടെഴുത്ത്   തന്ന  പത്തു  വാക്കുകളില്‍ അഞ്ചെണ്ണം   ശരിയാക്കിയവരെ   അടിയില്‍   നിന്നും  ഒഴിവാക്കി,  തെറ്റിയ വാക്കുകള്‍   ഇരുപത്തഞ്ചു  തവണ  വീതം  എഴുതാനുള്ള   ശിക്ഷയും വിധിച്ചു. അടുത്ത ഊഴം   'ചിന്ന'യുടെയാണ്.   വക്കുപൊട്ടിയ   സ്ലേറ്റും  മാറോടു  ചേര്‍ത്ത്  വിറയാര്‍ന്ന കാലുകളോടെ ചിന്ന   മാഷുടെ  അരികിലെത്തി. 

ചിന്ന  സ്ഥിരമായി  സ്കൂളില്‍  വരാറില്ല.   ചങ്കരന്‍  ചെറുമന്റെയും   കുറുമ്പചെറുമിയുടെയും  നാലുമക്കളില്‍   മൂത്തവളാണ്  എഴുവയസ്സുകാരി   ചിന്ന. അപ്പനുമമ്മയും കൊത്താനും  കിളക്കാനും  കൊയ്യാനുമൊക്കെ   പോകുമ്പോള്‍  കുട്ടിത്തം   മാറാത്ത   ചിന്ന   കുടുംബസ്ഥയാവും.  തനിക്കിളയ മൂന്നു   സഹോദരങ്ങളെ  നോക്കണം.   അവരടി  കൂടുമ്പോള്‍  ശാസിക്കുകയും ഗുണദോഷിക്കുകയും ചെയ്യും , കഞ്ഞിവെച്ചു  വിളമ്പിക്കൊടുക്കും, ഉണക്കമീന്‍ ചുട്ടുകൊടുക്കും,   അപ്പിയിട്ടാല്‍  വീടിനടുത്തുകൂടി  ഒഴുകുന്ന    തോട്ടിലിറങ്ങി   കഴുകിക്കും.  ഇതിനുപുറമെ   വീട്ടുപണികള്‍,  മുറ്റമടിക്കണം, കഞ്ഞിക്കലവും പിഞ്ഞാണങ്ങളും   തേച്ചുകഴുകണം,  ദൂരേയുള്ള   കിണറ്റില്‍  നിന്ന്   പാളതൊട്ടി കൊണ്ട്   വെള്ളം  കോരി  നിറയ്ക്കണം,   ആടിന്  തീറ്റ   കൊടുക്കണം,  പുഴുങ്ങിയ  നെല്ലു    മുറ്റത്തിട്ട്   ചിക്കിയുണക്കണം.  അങ്ങിനെ   നൂറുകൂട്ടം   പണിയുണ്ട്   ചിന്നക്ക്.  അമ്മ  കുറുമ്പക്ക്  പണിയില്ലാത്ത ദിവസങ്ങളില്‍ അവളും  ഒരു കൊച്ചുകുട്ടിയാവും .  വക്കുപൊട്ടിയ  സ്ലേറ്റും തുണ്ടു പെന്‍സിലും,  ഉച്ചക്കഞ്ഞിക്കുള്ള  ചോറ്റുപാത്രവുമായി   സ്കൂളിലെത്തും.   ഹുക്കിളകിപ്പോയ  പഴകിപ്പിഞ്ഞിയ, പിന്‍ഭാഗം  തുറന്നു മലച്ച  ഉടുപ്പ്‌,  സ്വര്‍ണ്ണ കമ്മലിനു പകരം കാതിലെ  തുള തൂര്‍ന്നു പോവാതിരിക്കാന്‍ അമ്മ  കുറുമ്പചെറുമി ചെറിയ ഈര്‍ക്കില്‍തുണ്ട്ചെത്തിമിനുക്കി തിരുകിക്കയറ്റിയിട്ടുണ്ടാവും,   എണ്ണമയമില്ലാത്ത   അഴുക്കുപുരണ്ട   ചപ്രതലമുടി   ചുരുണ്ടുകൂടിയ   ചുവന്ന   റിബ്ബണ്‍ കൊണ്ട്  കെട്ടിമുറുക്കി  ഇടയില്‍  ഒരു മഞ്ഞ ചെണ്ടുമല്ലിപ്പൂവും   തിരുകിയിട്ടുണ്ടാവും.  അതുകൊണ്ടാവാം   കാഴ്ചക്ക്   വൃത്തിക്കുറവു   തോന്നുമെങ്കിലും  ചിന്നക്ക്   ചെണ്ടുമല്ലിപ്പൂവിന്റെ  ഗന്ധമായിരുന്നു.

ഗോവിന്ദന്കുട്ടിമാഷ്  ചിന്നയുടെ സ്ലേറ്റിലെക്കും  പേടിച്ചരണ്ടുനില്‍ക്കുന്ന   അവളുടെ  മുഖത്തേക്കും    മാറി  മാറി   നോക്കി.  ഒന്നും   എഴുതാത്ത   സ്ലേറ്റു   കണ്ടു  മാഷ്‌   അലറി..

"എന്താ  ഇതിലൊന്നും   എഴുതീട്ടില്ലല്ലോ .. നീയൊക്കെ  പിന്നെന്തിനാ   ഇങ്ങോട്ടെഴുന്നള്ള്ണത്."

"നിയ്ക്ക്    എഴുതാനറീല്ലാ   മാഷേ "   ചിന്ന  വിക്കിക്കൊണ്ട്   പറഞ്ഞൊപ്പിച്ചു.

മാഷ്‌  കസേരയില്‍  നിന്നെഴുന്നേറ്റു.  മേശപ്പുറത്തിരുന്ന   ചൂരല്‍   വടി കൊണ്ട്  ചിന്നയുടെ   ഉടുപ്പ് പൊക്കി  ചന്തിയില്‍    രണ്ടുമൂന്നടി.   അടി  കൊണ്ട് പുളഞ്ഞു  അലറിക്കരയുന്ന   ചിന്നയുടെ   കവിളിലൂടെയും , കുഞ്ഞു കണങ്കാലുകളിലൂടെയും    ചുടുനീരൊലിച്ചിറങ്ങുമ്പോള്‍  അവളുടെ  നഗ്നമായ ചന്തി  കണ്ടു   ക്ലാസ്സില്‍   കൂട്ടച്ചിരിയുയര്‍ന്നു..

"എഴുതാനും   വായിക്കാനുമറിയില്ല..   പിന്നെ  നിനക്കെന്താ    അറിയ്യ്വ ?"   ആറാത്ത  ദേഷ്യത്തോടെ   മാഷ്‌   വീണ്ടും.

"നിയ്ക്ക്  കഞ്ഞി  വെക്കാനറിയ്യ്വാം ,  വെള്ളം  കോരാനും   മുറ്റമടിക്കാനും  മാന്തള്   ചുടാനും   മുള്ളന്‍ വര്‍ക്കാനും  അറിയ്യാം."   തേങ്ങിക്കൊണ്ട്‌    ചിന്ന  പറഞ്ഞൊപ്പിച്ചു.

"ന്നാ   ഒറക്കെ പ്പറ    എങ്ങന്യാ  മുള്ളന്‍  വര്‍ക്ക്വാന്നു.   ഇവരും   കൂടി   കേക്കട്ടെ."  മാഷുടെ   ആജ്ഞ.

ചിന്ന  ക്ലാസ്സിലെ  കുട്ടികളുടെ  മുഖങ്ങളിലേക്ക്  നോക്കി. എല്ലാവരുടെ  മുഖത്തും  പരിഹാസം. തേങ്ങലിനോപ്പം   മുറിഞ്ഞ  വാക്കുകളും  കൈയ്യാംഗ്യവും  കാണിച്ചു    ചിന്ന മുള്ളന്‍   വറുത്തു.

"ആദ്യം   മുള്ളന്‍   അമ്മീല്  വെച്ച്   ചതക്ക്വ. പിന്നെ  കഴുകീട്ടു  ഉള്ളീം  മെളകും   കൂടി    അരച്ചു പെരട്ട്വ.  ന്നിട്ട്    ചീഞ്ചട്ടീല്   എണ്ണ  വീത്തീട്ട്  മീന്‍   അയ്ലിക്കിട്വ. ത്തിരി   കയിഞ്ഞിട്ട്‌     മറിച്ചിട്വ.  ന്നട്ട്     പിന്നേം   ലേശം   എണ്ണ   വീത്ത്വ..   ത്രേള്ളൂ."

വാക്കുകള്‍  കൊണ്ട്   മീന്‍   വറുത്തു  കഴിഞ്ഞപ്പോഴേക്കും   ചിന്നയുടെ   തേങ്ങല്‍  നേര്‍ത്ത്‌ നേര്‍ത്തില്ലാതായി    പകരം   ചുണ്ടില്‍   നനുത്തൊരു  ചിരി പടര്‍ന്നിരുന്നു. നിങ്ങള്‍ക്കറിയാത്തതൊക്കെ  എനിക്കറിയാമെന്ന് അര്‍ത്ഥംവെച്ചുള്ള ചിരി.    പൂത്തിരി കത്തിയപോലെ  നിഷ്ക്കളങ്കമായൊരു   ചിരി.

"ഇനി   മുതല്‍   ഇങ്ങട്   വരണ്ട..  കഞ്ഞീം   വെച്ച്   മുള്ളനും  വറുത്തു   ചാളേല്‍ ഇരുന്നാ  മതി.  എഴുത്തും  വായനേം  പഠിക്കണം  ന്നുള്ളോരു    വന്നാ മതി   ഇങ്ങട്"

ഗോവിന്ദന്‍കുട്ടി മാഷ്‌   അങ്ങനെ  പറഞ്ഞെങ്കിലും  അമ്മ  കുറുമ്പക്കു   പണിയില്ലാത്ത   ദിവസങ്ങളിലും   കര്‍ക്കിടക   വറുതികളിലും   ഉച്ചക്കഞ്ഞിക്കുള്ള    തൂക്കുപാത്രവുമായി,   ചപ്രത്തലമുടിയില്‍   ചെണ്ടുമല്ലിപ്പൂ  തിരുകി  ചിന്ന   പല  തവണ   സ്കൂളിലെത്തി.  ഋതുഭേദങ്ങള്‍ മാറി   മറിയുന്നതോടൊപ്പം   ചിന്നയും  വളര്‍ന്നു.  പിഞ്ഞിക്കീറിയ ഹുക്ക് പൊട്ടിയ  ഉടുപ്പില്‍ നിന്നും ഇറക്കമുള്ള പുള്ളിപ്പാവാടയിലെക്കും,  പിന്നെ ഒറ്റമുണ്ടിലെക്കും  വേഷം മാറ്റി.   കേട്ടെഴുത്ത്   എഴുതാഞ്ഞതിനു  മറ്റു   കുട്ടികളുടെ മുന്നില്‍   വെച്ച്  തന്‍റെ   നഗ്നതയില്‍  ചൂരല്‍ കൊണ്ടടിച്ചു വേദനിപ്പിച്ചതിന്റെയും   അപമാനിച്ചതിന്റെയും  ഖേദം  തീര്‍ക്കാനായിട്ടാവാം,   വയസ്സറിയിച്ചത് മുതല്‍ ചിന്ന  ഒറ്റമുണ്ടിനടിയില്‍   ഒന്നരയുടുത്തു  ശീലിച്ചത്. (നീളമുള്ള  മല്‍മല്‍ മുണ്ട് കൊണ്ട്  തറ്റ് ഉടുക്കുന്നതിനെയാണ്  ഒന്നരയുടുക്കുക  എന്നു  പറഞ്ഞിരുന്നത്. അക്കാലത്ത്  നായര്‍ സ്ത്രീകള്‍ മാത്രമേ അങ്ങിനെ ഉടുത്തിരുന്നുള്ളൂ).

പതിനേഴിന്റെ  പടിവാതില്‍ക്കലെത്തും  മുമ്പേ   ചിന്ന  വേലന്റെ ചെറുമിയായി,  കുടുംബനാഥയായി,  മൂന്നു  കുട്ടികളുടെ   അമ്മയായി,   യൌവ്വനത്തിന്റെ   പാതി   വഴിയില്‍  വെച്ച്    വിഷം  തീണ്ടി ചത്ത വേലന്‍ ചെറുമന്റെ   വിധവയുമായി.

കുനിഞ്ഞുനിന്ന്‌  ഞാറു നടുന്ന  പെണ്ണുങ്ങള്‍ക്കിടയിലും   കതിരണിഞ്ഞ  പാടങ്ങളുടെ  നടവരമ്പിലൂടെ  നെല്‍ക്കറ്റ  ചുമന്നു പോകുന്ന  കൊയ്ത്തുകാരി പെണ്ണാള്കള്‍ക്കിടയിലും     ദൂരെ നിന്നെ ചിന്നയെ  തിരിച്ചറിയുന്നത്‌   മേല്മുണ്ടിന്റെ  അടിയിലൂടെ  കണങ്കാലിനെ  തൊട്ടുരുമ്മിക്കളിക്കുന്ന  ഒന്നരയുടെ    തുമ്പു  കാണുമ്പോഴാണ്.

ചിന്നയുടെ  ഓര്‍മ്മകളുമായി വയലേലകളെ  തഴുകി തലോടിയെത്തുന്ന  പാലക്കാടന്‍  കാറ്റിനു  ചെണ്ടുമല്ലിപ്പൂവിന്റെ   ഗന്ധം.

                                                                     *************

പറയര്‍ക്കും  പുലയര്‍ക്കും   മറ്റു  കീഴ്ജാതിക്കാര്‍ക്കും   അയിത്തം കല്പ്പിച്ചിരുന്നൊരു  കാലഘട്ടത്തെക്കുറിച്ച്  ആഴത്തില്‍  അറിഞ്ഞത്  എം. മുകുന്ദന്റെ  "പുലയപ്പാട്ട് "  എന്ന   നോവല്‍  വായിച്ചപ്പോഴാണ്.   അധ:കൃത വര്‍ഗ്ഗത്തോടുള്ള  അവഗണനയുടെയും    ക്രൂരതയുടെയും  മേലാള മുഖങ്ങള്‍   തുറന്നുകാട്ടിയ  ആ   നോവല്‍  വായിച്ചപ്പോഴാണ്  ചാരം   മൂടിക്കിടന്നിരുന്ന ചിന്നയുടെ  ഓര്‍മ്മകള്‍   തെളിഞ്ഞതും  ഇങ്ങനെയൊരു   കുറിപ്പെഴുതാന്‍   പ്രചോദനമായതും .

ഞാന്‍  ചിന്നയെ  കണ്ടിട്ട്  ഒരുപാട്  വര്‍ഷങ്ങളായി. രണ്ടു മാസങ്ങള്‍ക്ക്  മുമ്പ്  ഈ  ഓര്‍മ്മക്കുറിപ്പ്‌  എന്‍റെ ഫേസ്ബുക്ക്  പേജില്‍  പോസ്റ്റ്‌  ചെയ്യുകയും, എന്‍റെ സഹപാഠിയും  സുഹൃത്തുമായ  ഒരാള്‍  അത് വായിക്കാനിടയാവുകയും അയാള്‍  വഴി  ഈ കുറിപ്പ്  ചിന്നയിലെക്കെത്തുകയും  ചെയ്തു. അവള്‍ക്കുപോലും  അന്യമായ ഓര്‍മ്മകള്‍ ഇപ്പോഴും  ഞാന്‍  സൂക്ഷിച്ചുവെച്ചതറിഞ്ഞു  അന്നവള്‍  ഒരുപാട്  കരഞ്ഞതായി  അറിഞ്ഞു.  ഇക്കഴിഞ്ഞ   അവധിക്കു  നാട്ടില്‍  പോയപ്പോള്‍  ചിന്നയെ  കാണാന്‍   ശ്രമിച്ചു.  രോഗം ബാധിച്ചു   ആശുപത്രിയിലായതിനാല്‍  കാണാന്‍  കഴിഞ്ഞില്ല  എങ്കിലും  ഫോണിലൂടെ  ഞങ്ങള്‍  കുറെയേറെ   നേരം  സംസാരിച്ചു.

അക്ഷരങ്ങളിലൂടെ  കുറിച്ചിടുന്ന  കഥാപാത്രങ്ങള്‍ നമ്മളെ തേടിവരുമ്പോള്‍ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്.  അത്തരം ഒരനുഭവമാണ് ഈ ഓര്‍മ്മക്കുറിപ്പിലൂടെ ഞാന്‍  അനുഭവിച്ചത്.  


നാത്തൂനേ... ന്‍റെ മുണ്ട്.. !!!



"നാത്തൂനേ    ... കണ്ണപ്പേട്ടന്റെ    മകന്‍റെ  കല്യാണം   കെട്ടാന്‍   പോണ്ടേ ന്നും  ?"

ചാണകം  മെഴുകിയ   തിണ്ണയില്‍  തൂണും   ചാരി    എന്തോ  കുനിഷ്ടു   ചിന്തയിലായിരുന്ന ദാക്ഷായണിയേടത്തിയെ    പടികടന്നു   വന്ന   രുക്കുവിന്റെ  ചോദ്യമാണ്   ഉണര്‍ത്തിയത്. 

"പോണം  ന്നുണ്ടടി   രുക്ക്വോ..  ന്‍റെ   ചെക്കന്‍റെ  കല്യാണം   വിളിച്ചപ്പോ   വന്നു   ഇരുപത്തഞ്ചുര്‍പ്യ   ബന്ധുമ   തന്നീര്‍ന്നു..  അത്   മടക്കി  കൊടുത്തില്ലെങ്കി  മോസല്ലേ   ഡീ   പെണ്ണെ.  പക്ഷെ    കല്യാണത്തിന്   ഉടുത്തോണ്ട്  പൂവാന്‍   നെറോള്ള   മുണ്ട്   ഒന്നൂല്ല്യ.   കഴിഞ്ഞ   തിര്വോണത്തിനു    ന്‍റെ   ചെക്കന്‍   ഒരു  കരമുണ്ട്   വേടിച്ചു   തന്നീര്‍ന്നു.   രണ്ടീസം  മുമ്പ് വക്കാണം  കൂടി  പോമ്പോ   ആ  മൂധേവി..  ങാ    അവന്‍റെ   കെട്ട്യോള്    അയ്‌  മുണ്ടിനേം   വാരിക്കെട്ടി   കൊണ്ടോയടി   പെണ്ണേ..  ഇങ്ങനൊരു   ജമ്മം   ഈ   കുടീലിക്ക്    വന്നു  കേറീല്ലോ  ന്‍റെ    തമ്പുരാനേയ്  .." 

മരുമോളോടുള്ള   അരിശം    അതിന്‍റെ   പരമാവധി   പ്രകടിപ്പിക്കാനായി തലേല്  രണ്ടും  കൈയും  വെച്ച്,   മുറ്റത്തിന്റെ   വടക്കേ  കോണില്‍  നില്‍ക്കുന്ന  മുരിങ്ങച്ചോട്ടിലെക്ക്    ത്ഫൂ    ന്ന  ശബ്ദത്തോടെ   ദാക്ഷായണി   നീട്ടിത്തുപ്പി. 

"ങ്ങാഹാ..   അവള്  പിന്നേം  പോയാ?  ഇത്തവണ  പൂവാന്‍   ന്താ  ന്നും   നാത്തൂനേ കാരണം.?" 

രുക്കുവിന്    രസം  പിടിച്ചു.. ഇത്തിരി   വെയില്  കൊണ്ടായാലും    വന്നത്  വെറുതെയായില്ല  ന്നു   മനസ്സില്‍  നിനച്ചു   തിണ്ണയിലെ  പൊടി  കൈകൊണ്ടു   തുടച്ചു,  രുക്കു   ദാക്ഷായണിയുടെ   അടുത്തിരുന്നു. 

ഉള്ളതും   ഇല്ലാത്തതും   പ്രാധാന്യമുള്ളതും   അല്ലാത്തതുമായ   മരുമകളുടെ കുറ്റങ്ങളും കുറവുകളും   കുറെ   പറഞ്ഞുകഴിഞ്ഞപ്പോള്‍   ദാക്ഷായണിക്കും,  അതിനേക്കാള്‍   സന്തോഷം    പരദൂഷണം   കേട്ട   രുക്കുവിനും.   ആ സന്തോഷത്തില്‍   മതിമറന്നു   രുക്കു   ദാക്ഷായണിക്ക്     ഒരു മെഗാ ഓഫര്‍   നല്‍കി.  

"മ്മക്ക്   കല്യാണം  കൂടാന്‍   പൂവാന്നും   നാത്തൂനേ  ..  ന്റെല്   ഒരു  മുണ്ടുണ്ട്.. ഞാന്തരാം..  ങ്ങള്  പൊറപ്പെട്ടോളീ  ന്നും " 

പിറ്റേന്ന്    രാവിലെ   തന്നെ   രുക്കു   മുണ്ടുമായി  വന്നു.   രുക്കു   നല്‍കിയ സെറ്റ് മുണ്ടൊക്കെ  ഉടുത്തു  നാട്ടു  വര്‍ത്തമാനവും  പറഞ്ഞു  നടന്നു.. അര   മണിക്കൂറിനു  ശേഷം   വന്ന   ബസ്സു  കൈകാണിച്ചു  നിര്‍ത്തി   രണ്ടുപേരും   കയറിപ്പറ്റി.  ആദ്യം  കണ്ണില്‍ പെട്ട  സീറ്റില്‍  ഇരിക്കാന്‍  ദാക്ഷായണി   നടു   വളച്ചതെയുള്ളൂ..  പെട്ടെന്ന്   രുക്കുവിന്റെ   വിളി.. 

"നാത്തൂനേ..  ന്‍റെ   മുണ്ട്..!!   സീറ്റിലപ്പടി   പൊട്യാണ്.   ന്‍റെ മുണ്ടില്   ചെള്യാവും.  ങ്ങള്   ദാ  ഈ  കമ്പീമ്മേ   പിടിച്ചു   നിന്നോളീ.." 

ഇരിക്കാനുള്ള   അവകാശം    നിഷ്കരുണം   നിഷേധിച്ചു    ആ  സീറ്റില്‍     രുക്കു   കേറിയിരുന്നു. രണ്ടു  ബസ്സിലേക്കുള്ള   യാത്രക്കാരെ  കുത്തി നിറച്ച ബസ്സ്‌   ഒരു   വളവു  തിരിഞ്ഞപ്പോള്‍   ഒന്നാടിയുലഞ്ഞു. ഒപ്പം   ദാക്ഷായണിയും   ഒന്നാടി..  വീഴാതിരിക്കാന്‍  തൊട്ടടുത്ത  സീറ്റിലെ   കമ്പിയില്‍ ഒന്നു   ചാരി.  അപ്പൊ    ദേ   പിന്നേം.. 

"നാത്തൂനേ    ന്‍റെ  മുണ്ട്...  ആ കമ്പീമ്മേ    ചാരണ്ടാ   ട്ടോളീന്‍..   തുരുമ്പുണ്ടാവും..  ന്‍റെ   മുണ്ടില്   കറ   പിടിക്ക്യോള്ളൂ.". 

ഓടുന്ന   വണ്ടിയായത്  കൊണ്ടും    യാത്രക്കാരുടെ    തിരക്കു  കൊണ്ടും   എങ്ങാനും   കേട്ടില്ലെങ്കിലോ  എന്ന്  കരുതി    രുക്കു   അല്‍പ്പം   ഉറക്കെതന്നെയാണ്   പറഞ്ഞതും,   ദാക്ഷായണിയെ   കൂടാതെ    ചുറ്റുമുള്ള യാത്രക്കാര്‍   കേള്‍ക്കുകയും    ദാക്ഷായണി  ഉടുത്തിരുന്ന    മുണ്ട്   രുക്കുവിന്റെതാണെന്നു    അവരൊക്കെ   മനസ്സിലാക്കുകയും,   എല്ലാം    നിമിഷ നേരം  കൊണ്ടായിരുന്നു. 

ദാക്ഷായണിക്ക്     ദേഷ്യം   വന്നു   തുടങ്ങിയെങ്കിലും    കണ്ട്രോള്‍   വിട്ടില്ല. 
കല്യാണവീട്ടിലെത്തി,    നാരങ്ങാ   വെള്ളം  കുടിയും,    തുടര്‍ന്നു   കല്യാണ   ചടങ്ങുകളും   കഴിഞ്ഞു.  ഇതിനിടയില്‍   പലവട്ടം   ദാക്ഷായണിയുടെ   ചന്തിയില്‍    തോണ്ടി,   രുക്കു    തന്‍റെ    മുണ്ടിന്‍റെ   കാര്യം   ഓര്‍മ്മപ്പെടുത്തി. 

സദ്യക്ക്   ഇലയിട്ടു..  അന്നത്തെക്കാലത്ത്‌   ഇന്നത്തെപ്പോലെ    മേശയും   കസേരയുമോന്നും   ഇട്ടല്ല   സദ്യ ഉണ്ടിരുന്നത്.   പുല്ലു  ചെത്തി   വൃത്തിയാക്കിയ  മുറ്റത്തും    തൊടിയിലുമൊക്കെ   പന്തലിട്ടു,    താഴെ   പന്തിപ്പായ   വിരിച്ചു    അതില്‍   ചമ്രം   പടിഞ്ഞിരുന്നായിരുന്നു    സദ്യ യൂണ്. ചരിഞ്ഞിരുന്നു    രണ്ടുകാലും   വളച്ചു   വെച്ച്,   ഇടതുകൈ   നിലത്തു കുത്തി,   പരിപ്പും  സാമ്പാറും   പപ്പടവും   കൂട്ടിക്കുഴച്ചു   ആദ്യത്തെ   ഉരുള   വായിലെക്കിടാന്‍     തുടങ്ങിയതേയുള്ളൂ   ദാക്ഷായണി..

"യ്യോ    നാത്തൂനേ...  ന്‍റെ   മുണ്ട്..  ങ്ങള്   ഇങ്ങനെ   പടിഞ്ഞിരുന്നാ    ന്‍റെ   മുണ്ടില്   ചള്യാവില്ല്യെ ന്നും.   ങ്ങള്    കുന്തിച്ചിരുന്നിട്ടു    ചോറുണ്ണീ  ട്ടോളീന്‍.." 

വായിലെത്തെണ്ട ചോറുരുള  രുക്കുവിനോടുള്ള  പ്രതിഷേധം   അറിയിച്ചുകൊണ്ട്‌  ദാക്ഷായണിയുടെ കൈയ്യില്‍   നിന്നും   ഇലയിലേക്ക്   എടുത്തുചാടി.   വിളമ്പുകാരും   സഹ ഊണുകാരും   തമ്മില്‍   തമ്മില്‍   നോക്കി    അടക്കം   പറഞ്ഞു   ചിരിച്ചു.  കഠിനമായ   വിശപ്പു കൊണ്ടും   വിഭവ സമൃദ്ധമായ   സദ്യ  ഉപേക്ഷിക്കാന്‍   മനസ്സില്ലാത്തത്  കൊണ്ടും   മാത്രം  ദാക്ഷായണി   കുന്തിച്ചിരുന്നു     വയറു നിറച്ചും    ഊണ്  കഴിച്ചു.  

മടക്കയാത്രയിലുടനീളം കല്യാണപ്പെണ്ണിന്‍റെ, കഷ്ട്ടപ്പെട്ടു കണ്ടെത്തിയ കുറവുകളും    സദ്യവട്ടങ്ങളുടെ  പോരായ്മകളെയും  കുറിച്ച്   വാ  തോരാതെ  സംസാരിച്ച    രുക്കുവിനെ    ദാക്ഷായണി    മൈന്‍ഡ്    ചെയ്തില്ല.   മറുപടികള്‍ വെറും   മൂളലുകളില്‍ മാത്രമൊതുക്കി    എന്ന്  മാത്രമല്ല,  ബസ്സില്‍   സീറ്റുണ്ടായിരുന്നിട്ടു കൂടി    ദാക്ഷായണിയേടത്തി    ഇരിക്കാന്‍  കൂട്ടാക്കിയില്ല.  

ബസ്സിറങ്ങി    ആദ്യം   കണ്ട പെട്ടിക്കടയില്‍  നിന്നും   501   ബാര്‍  സോപ്പിന്‍റെ   രണ്ടു  കഷണവും   വാങ്ങിയാണ്   ദാക്ഷായണി    വീട്ടിലെത്തിയത്.  പിറ്റേന്ന്   രാവിലെ   തന്നെ  അലക്കി  വെളുപ്പിച്ചു,  കഞ്ഞി  പിഴിഞ്ഞുണക്കിയ മുണ്ടുമായി   ദാക്ഷായണിയെടത്തി    രുക്കുവിന്റെ   വീട്ടിലെത്തി..

"ഡീ   രുക്ക്വോ    ന്നാ   നെന്‍റെ   മുണ്ട്.  നെന്‍റെ    ഇരവല്   മുണ്ടും  ഉടുത്തു     നിന്‍റെ കൂടെ    കല്യാണത്തിന്    വന്നതോണ്ട്   ഞാന്‍  ഒരൂട്ടൊക്കെ  പഠിച്ചു ട്ടോ . ഇല്ല്യാച്ചാ ഇല്ലാത്ത  പാട്ടിലിരിക്ക്യ..  ന്നാലും   ആരാന്‍റെ   സാനം ഇരവല്   വാങ്ങ്യാ   നാണോം  മാനോം  ഒക്കെ   കെടും  ന്നു  മനസ്സിലായി..   തന്തോസായി ട്ടോ "

മുണ്ട്    രുക്കുവിന്റെ   കൈയ്യില്‍   പിടിപ്പിച്ചു  ശരവേഗത്തില്‍   ദാക്ഷായണിയേടത്തി  നടന്നു..  പാടവരമ്പിലൂടെ     രുക്കുവിനെ  മുറുമുറുത്തു  കൊണ്ട്  ദാക്ഷായണി  മുറ്റത്തേക്ക്   കാലെടുത്തു വെച്ചപ്പോ    ചായേം  പലഹാരോം   ഒരുക്കി   തിണ്ണയില്‍  കാത്തിരിക്കുന്ന    മരുമോളെയാണ്   കണ്ടത്.  ഗമ   വിടാതെ   അകത്തേക്ക്   കയറിയ  അമ്മായിയമ്മയുടെ   കൈയ്യില്‍ പിടിച്ചു  മരുമകള്‍   ഒരു പൊതി    വെച്ച്   കൊടുത്തെന്നും ദാക്ഷായണിയേടത്തി  പൊതി  തുറന്നു   നോക്കിയപ്പോള്‍    നല്ല  ഒന്നാംതരം   കുത്താമ്പുള്ളി   കസവ്  മുണ്ടും  നേര്യതുമാണ്   പൊതിക്കകത്ത്‌   ഉണ്ടായിരുന്നത്   എന്നും    ഐതിഹ്യത്തില്‍   പറയുന്നു.

---------------------

ഒരുച്ച  നേരത്ത്   വൈദ്യശാലയില്‍  നിന്നും   കഷായവും   അരിഷ്ട്ടവും   വാങ്ങി   വരുന്ന  വഴി   വീട്ടിലേക്കു   കയറിയ   കുണ്ടാപ്പെട്ടനോട്‌  "ഇനീപ്പോ   ഒരുപിടി   ചോറുണ്ടിട്ട്   പോയാ  മതി"   എന്നമ്മ   പറഞ്ഞപ്പോള്‍,  ഊണ്   കാലാവണ   ഇടവേളയില്‍    കുണ്ടാപ്പേട്ടന്‍ വലിച്ചുനീട്ടി   പറഞ്ഞു   തന്ന   കഥയുടെ   പ്രസക്തഭാഗമാണ്   മുകളില്‍   വിവരിച്ചത്.   മുപ്പത്തിയാറു  ഭാഷകളിലായി വിവിധ രാജ്യങ്ങളില്‍ ഈ കഥ പ്രചാരത്തിലുണ്ട്  എന്നൊരു   മഹാ  പുളുവടി  കൂടി   സമ്മാനിച്ചിട്ടാണ്   കുണ്ടാപ്പേട്ടന്‍   അന്ന്  സ്ഥലം വിട്ടത്.

സംഗതി   പുളുവടിയാണെങ്കിലും   കഥയില്‍,  നമുക്ക്    ഉള്‍ക്കൊള്ളാവുന്നൊരു  ഉപദേശമുണ്ട്.

"ഇരന്നു  വാങ്ങി   നാണം  കെടുന്നതിനേക്കാള്‍   അന്തസ്സുണ്ട്   ഇല്ലായ്മക്ക്."  

Sunday, 30 August 2015

വൈകി വന്ന വസന്തം.


നീന...
നീന  പട്ടേല്‍ .. അതായിരുന്നു   അവളുടെ മുഴുവന്‍  പേര്.
എന്‍റെ  സഹപ്രവര്‍ത്തകയായിരുന്നു, അവിവാഹിതയായ   നീന.  പുതിയ ഓഫീസിലെ അപരിചിതത്ത്വത്തിന്റെ മനം  മടുപ്പിക്കുന്ന  അന്തരീക്ഷത്തില്‍   ഏറെ  ആശ്വാസമായിരുന്നു  നീനയുമായുള്ള സൗഹൃദം. പ്രായം  കൊണ്ട്  എന്നെക്കാള്‍ ചെറുപ്പം  ആയിരുന്നെങ്കിലും   പത്മ  എന്നാണെന്നെ   വിളിച്ചിരുന്നത്.  അതുകൊണ്ടു തന്നെ  എന്തും  തുറന്നു  സംസാരിക്കാനുള്ള  സ്വാതന്ത്ര്യം  ഞങ്ങള്‍ക്കിടയില്‍  ഉണ്ടായിരുന്നു.   HR  ഡിവിഷനില്‍  അസിസ്റ്റന്റ്‌  മാനേജര്‍  ആയിരുന്നു  നീന.. ജോലിയോടൊപ്പം തന്നെ, എപ്പോഴും  കലപില കൂട്ടി തുള്ളി  തെറിച്ചു നടക്കുന്ന  ഒരു കുസൃതി പെണ്ണ്. തുറന്നു  സംസാരിക്കുന്ന  പ്രകൃതം. ഓഫീസിലെ  ഏറ്റവും  പ്രായം കുറഞ്ഞ സ്റ്റാഫ്  ആയതിനാല്‍  മറ്റു  സഹപ്രവര്‍ത്തകര്‍ക്കൊക്കെ  ഒരനിയത്തിക്കുട്ടിയോടെന്ന പോലെ   വാത്സല്യമായിരുന്നു  നീനയോട്.      ഗോതമ്പിന്‍റെ  നിറം.   പട്ടുപോലെ  മൃദുലമായ  ചെമ്പിച്ച  തലമുടി,  വെള്ളാരം  കണ്ണുകള്‍  ഒക്കെയുള്ള  ഇരുപത്തിമൂന്നുകാരിയായ   സുന്ദരിപ്പെണ്ണ്‍. ഫ്രോക്കും ജീന്‍സും  ടോപ്പും  ഒക്കെ   അവള്‍ക്കിണങ്ങുന്ന  വേഷങ്ങളായിരുന്നു.   മലയാളി ഭക്ഷണത്തോടുള്ള  അവളുടെ  താല്പര്യം, മിക്ക  ദിവസങ്ങളിലും  എന്‍റെ  ടിഫിന്‍ ബോക്സിനെ  കടന്നാക്രമിക്കും, ഇഡലിയും  ദോശയും,  സാമ്പാറും, പുളിശ്ശേരിയും അവിയലുമൊക്കെ  അവള്‍ക്കൊരുപാടിഷ്ടമായിരുന്നു.

അച്ഛനുമമ്മയും   ഒരനിയനും   അടങ്ങുന്ന  മിഡില്‍  ക്ലാസ് ഗുജറാത്തി    ഫാമിലിയായിരുന്നു   നീനയുടെ.   പരിചയപ്പെട്ടു  കുറച്ചു ദിവസം  കഴിഞ്ഞപ്പോഴാണ്  അവളുടെ   വിവാഹം   തീരുമാനിച്ച  കാര്യം  പറയുന്നത്.  വിവാഹത്തിന്  ഇനി   മൂന്നുമാസം  കൂടിയെയുള്ളൂ . വരന്‍ രാഗേഷ്.    മാതാപിതാക്കളുടെ  ഒരേയൊരു   മകന്‍.. ഗുജറാത്ത്   ആസ്ഥാനമായ  ഒരു മള്‍ട്ടി  നാഷണല്‍  കമ്പനിയുടെ   വാളയാര്‍  ബ്രാഞ്ചില്‍   ബ്രാഞ്ച്  മാനേജര്‍   ആയി   ജോലി ചെയ്യുന്നു.  നല്ല  ശമ്പളം..  കാണാനും   സുന്ദരന്‍. വിവാഹ   വസ്ത്രങ്ങളും  വരന്  നല്‍കാനുള്ള വിവാഹമോതിരവും മറ്റു  സമ്മാനങ്ങളുമെല്ലാം   അവളുടെ  ഇഷ്ടപ്രകാരം   തന്നെ തിരഞ്ഞെടുത്തു. വിവാഹം   ആര്‍ഭാടമായി  തന്നെ   നടന്നു.   നവോഡയുടെ   വേഷത്തില്‍  നീന കൂടുതല്‍  സുന്ദരിയായിരുന്നു.

"എല്ലാ   പൊരുത്തവും  ഒത്തിണങ്ങിയ   ജോഡികള്‍,  നീനയുടെ  ഭാഗ്യം"  അതായിരുന്നു  നവ ദമ്പതിമാരെ കുറിച്ചുള്ള   എല്ലാവരുടെയും  അഭിപ്രായം.. 

ഒരാഴ്ചക്ക്   ശേഷം ഒരുച്ച  നേരത്ത്  നീനയുടെ   ഫോണ്‍ കോള്‍..  ഭര്‍ത്താവിനോടൊപ്പം   പാലക്കാട്ടേക്ക്   പോകുന്നു.. യാത്ര  പറയാന്‍  വിളിച്ചതായിരുന്നു. എന്തുകൊണ്ടോ   നീനയുടെ   സ്വരത്തിന്   പഴയ  പ്രസരിപ്പു തോന്നിയില്ല..  അതോ എനിക്ക്   വെറുതെ   തോന്നിയതാവുമോ?   പിന്നീട്   നീനയുമായി  സംസാരിക്കാനും    കഴിഞ്ഞില്ല.

ആറു  മാസങ്ങള്‍ക്ക്   ശേഷം..
ഒരു സുഹൃത്തിന്‍റെ   അമ്മയെ   ആശുപത്രിയില്‍  അഡ്മിറ്റ്‌  ചെയ്തതറിഞ്ഞു  വിവരമന്വേഷിക്കാന്‍   ചെന്നതായിരുന്നുഞാന്‍ .  ഫാര്‍മസിയുടെ മുന്നില്‍   മരുന്ന് വാങ്ങാനുള്ളവരുടെ   ക്യൂവില്‍  നില്‍ക്കുന്ന   ചുരിദാര്‍  ധരിച്ച  ഒരു  പെണ്‍കോലത്തില്‍ കണ്ണുകള്‍  ഉടക്കി.  സംശയം   തീര്‍ക്കാനായി   അടുത്തേക്ക്   ചെന്നു.

തിളക്കം  നഷ്ടപ്പെട്ട   കണ്ണുകള്‍.. കരുവാളിച്ച  കവിള്‍ത്തടങ്ങള്‍,   വരണ്ടുണങ്ങിയ  ചുണ്ടുകള്‍,  ഓജസ്സു  നഷ്ടമായ   നീനയുടെ  മെലിഞ്ഞുണങ്ങിയ  ശരീരം .  എനിക്ക്  വിശ്വാസം   വന്നില്ല.. 

"നീനാ ..  നീയെന്താ  ഇവിടെ?  പാലക്കാട്ട്  നിന്നും  എപ്പോ  വന്നു? "

വിളറിയ  ഒരു ചിരിയോടെ  നീന  പറഞ്ഞു.

"അച്ഛനെ ഇന്നലെ മുതല്‍   ഇവിടെ  അഡ്മിറ്റ്‌  ചെയ്തിട്ടുണ്ട്.. അറ്റാക്ക്   ആയിരുന്നു.  ഈ മരുന്നും  ഇന്‍ജെക്ഷനും  നേഴ്സിനെ   ഏല്‍പ്പിച്ചിട്ട്  പത്തു  മിനിട്ടിനുള്ളില്‍ ഞാന്‍ വരാം. "

നീന വരുമ്പോഴേക്കും   സുഹൃത്തിന്‍റെ  അമ്മയുടെ  സുഖ വിവരങ്ങള്‍  തിരക്കി  ഞാനും  തിരിച്ചെത്തി.    ആശുപത്രി   വരാന്തയുടെ ആളൊഴിഞ്ഞ   കോണില്‍ തൂണും   ചാരി  നിന്നു  നീന തന്‍റെ  ദാമ്പത്യ ദുരന്തത്തിന്‍റെ   ഭാണ്ഡക്കെട്ടഴിച്ചു.

മനസ്സ് നിറയെ സ്വപ്നങ്ങളും  മോഹങ്ങളുമായ്    ഏഴഴകുള്ള  വര്‍ണ്ണത്തേരില്‍ ആദ്യ രാത്രിയില്‍   മണിയറയില്‍  വന്നിറങ്ങിയ നീനയെ  കണ്ണീര്‍ക്കയത്തിലേക്കായിരുന്നു  രാഗേഷ്   തള്ളിയിട്ടത്.

"ദാ   നോക്ക്..  ഇതുവരെ   നടന്നതെല്ലാം  മറന്നേക്കുക. ഞാനാരാണെന്ന്  നീയറിഞ്ഞിരിക്കണം..എന്‍റെ  ജീവിതത്തില്‍  മറ്റൊരു   സ്ത്രീയുണ്ട്.   എനിക്കവളില്ലാതെ  ജീവിക്കാനാവില്ല.   അച്ഛനമ്മമാരുടെ  ഭീഷണിക്കും നിര്‍ബന്ധത്തിനും   വഴങ്ങിയാണ്   ഞാന്‍  നിന്നെ  വിവാഹം  കഴിച്ചത്.  എന്‍റെ  ജീവിതം  എന്‍റെ  ഇഷ്ടത്തിന്  ജീവിക്കാനാണ്. നിനക്കും  നിന്റെതായ  തീരുമാനങ്ങളെടുക്കാം.   ഉറക്കം   വരുമ്പോള്‍  ലൈറ്റ്  അണച്ചു  കിടന്നോളൂ. "


താന്‍  സ്വപ്നങ്ങള്‍  കൊണ്ട്  പണിതുയര്‍ത്തിയ  ചില്ലു ഗോപുരം  ഒറ്റ  നിമിഷം  കൊണ്ട്  തകര്‍ന്നടിയുന്നതറിഞ്ഞു ഒന്നു   പൊട്ടിക്കരയാന്‍  പോലും  സ്വാതന്ത്ര്യമില്ലാതെ  റീന  കാല്‍മുട്ടുകള്‍ക്കിടയില്‍   മുഖം പൂഴ്ത്തിവച്ചു   തേങ്ങിത്തേങ്ങി   നേരം   വെളുപ്പിച്ചു.   വിവാഹജീവിതത്തിലേക്ക്  കാലെടുത്തു  വെക്കുന്നതിനു  മുമ്പ്  അമ്മ   നല്‍കിയ  ഉപദേശങ്ങള്‍   അവളോര്‍ത്തു..

"ഒരു പുരുഷനെ  നല്ലവനും  ചീത്തയും   ആക്കാന്‍  ഭാര്യക്ക്  കഴിയും. പരസ്പര  വിശ്വാസത്തിലൂടെയും  വിട്ടു വീഴ്ചകളിലൂടെയും  മാത്രമേ  ദാമ്പത്യം  വിജയിക്കൂ."

ഉറക്കം  തളം കെട്ടിയ  കണ്ണുകളുമായി  പിറ്റേന്ന്  പുലരിയില്‍  കിടപ്പറ  തുറന്നു പുറത്തു  കടക്കുമ്പോള്‍,  കൃത്രിമമായ   നാണം  മുഖത്ത്  വാരിതേക്കാന്‍  നീന മറന്നില്ല.  ആരും  ഒന്നും   അറിയരുത്..  രാഗേഷിനെ  തിരുത്താനും  തന്നിലേക്ക്  മടക്കി  കൊണ്ടുവരാനും കഴിയുമെന്നു  തന്നെ   അവള്‍  ഉറച്ചു  വിശ്വസിച്ചു.  ഒരാഴ്ചക്ക്   ശേഷം  മാതാപിതാക്കളെയും    കുടുംബത്തെയും  പിരിഞ്ഞു  ഭര്‍ത്താവിനോടൊത്ത്  അവള്‍  പാലക്കാട്ടേക്ക്   യാത്രയായി.

വീട്ടു  വാതില്‍ക്കല്‍  അക്ഷമയോടെ  നില്‍ക്കുന്ന   മലയാളി  സ്ത്രീയെ  പരിചയപ്പെടുത്തേണ്ട   ആവശ്യം  ഉണ്ടായിരുന്നില്ല..  താന്‍ ഊഹിച്ചത്  പോലെ  തന്നെ തന്‍റെ  ജീവിതത്തിലെ  കരിനിഴലായ  മീരയാണു   അതെന്നു   രാഗേഷിനോടുള്ള   ഇടപെടലില്‍  നിന്നും  മനസ്സിലായി.

മുറിയില്‍  എത്തിയ ഉടനെ  രാഗേഷ് ഒരിക്കല്‍ക്കൂടി   ഓര്‍മ്മപ്പെടുത്തി.

"പറഞ്ഞതെല്ലാം  ഓര്‍മ്മയുണ്ടല്ലോ..   എന്‍റെ  വ്യക്തിപരമായ  കാര്യങ്ങളില്‍  ഇടപെടരുത്.  മടുക്കുമ്പോള്‍  നിനക്ക്  തിരിച്ചു  പോകാം"

പരിചയമില്ലാത്ത  അന്തരീക്ഷം.. അന്യമായ  ഭാഷ. ഭര്‍ത്താവിനെ  കാണാന്‍  കിട്ടുന്ന  അവസരങ്ങള്‍  തന്നെ  വളരെ  വിരളം..  ദിവസങ്ങള്‍ കൊണ്ട്  തന്നെ  അവള്‍  മടുത്തു പോയി.  കൂടുതല്‍  നേരവും   അടുക്കളയില്‍  ചിലവഴിച്ചു.  തികച്ചും  കൂട്ടിലിട്ട   പഞ്ചവര്‍ണ്ണക്കിളിയായി  മാറുകയായിരുന്നു  നീന.

രാത്രിയില്‍  തൊട്ടടുത്ത മുറിയില്‍ നിന്നുയരുന്ന ഞരക്കങ്ങളും  സീല്‍ക്കാരങ്ങളും   അടക്കിപ്പിടിച്ച   ചിരിയും    അവളുടെ  രാത്രികളെ   അസ്വസ്ഥമാക്കി.  തന്‍റെ  ഭര്‍ത്താവിനെ  തന്നിലേക്ക് അടുപ്പിക്കാന്‍   കഴിയില്ലെന്ന്   അവള്‍  വേദനയോടെ  മനസ്സിലാക്കി..  ഒരവസാന  ശ്രമം  എന്ന  നിലക്ക്  ഒരു ദിവസം  അവള്‍ മീരയോട്‌  അപേക്ഷിച്ചു..

"എനിക്ക്  ജീവിക്കണം..  എന്‍റെ ജീവിതം  എനിക്ക്  തിരിച്ചു  തരണം. എന്‍റെയും  രാഗേഷിന്റെയും  ജീവിതത്തില്‍  ഇനി മുതല്‍ മീര  ഉണ്ടാവരുത്.."

പുച്ഛം  കലര്‍ന്ന  ഒരു ചിരിയോടെ  മീര  പറഞ്ഞു.
"ഞാനാരെയും   പിടിച്ചു  വെച്ചിട്ടില്ല..  അയാള്‍   വരുമെങ്കില്‍  നീ  കൊണ്ടുപൊയ്ക്കോ".

നീനക്ക്  മനസ്സിലായി  തന്‍റെ ഭര്‍ത്താവ്  മീരയെന്ന  സ്ത്രീയുടെ  നീരാളിപിടുത്തത്തിലാണെന്ന്.. മീരയോട്‌   സംസാരിച്ചത്  അറിഞ്ഞ  ആ രാത്രിയില്‍  അവള്‍ക്കു   ഏറെ  ദേഹ പീഡനം  ഏല്‍ക്കേണ്ടി വന്നു.  ഇനിയും   ഇവിടെ  തുടരാന്‍   വയ്യ.  അന്ന് രാത്രി അവള്‍  എന്തൊക്കെയോ  തീരുമാനങ്ങള്‍   എടുത്തു.  പിറ്റേന്ന്  തന്നെ  അവള്‍  ഗുജറാത്തിലേക്ക്   വണ്ടി  കയറി.  

ഭര്‍ത്താവിന്‍റെ  മാതാപിതാക്കളെ  കാണാനാണ്   അവള്‍  ആദ്യം  പോയത്. രാഗേഷും  മീരയുമായുള്ള  ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍   അവരില്‍  പ്രത്യേകിച്ച്  ഭാവഭേദങ്ങള്‍  ഒന്നും  കാണാത്തത്  അവളെ   അമ്പരപ്പിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച  മീരയുമായുള്ള മകന്‍റെ  വഴിവിട്ട  ബന്ധം   അവര്‍ക്ക്  നേരത്തെ   അറിയാമായിരുന്നുവത്രേ .   ഒരു വിവാഹത്തിലൂടെ  അവനെ  അവളില്‍  നിന്നു  മോചിപ്പിക്കാന്‍ കഴിയുമെന്ന്  കരുതി,  മനപൂര്‍വ്വം   നീനയെയോ   അവളുടെ  കുടുംബത്തെയോ   അറിയിച്ചില്ല.   ഒരുപക്ഷെ  എല്ലാ  മാതാപിതാക്കളെയും  പോലെ  മക്കളുടെ  കാര്യത്തില്‍  ഉള്ള  സ്വാര്‍ത്ഥതയാവാം..   പിന്നീട്   നീനക്ക്  മുമ്പില്‍  ഒറ്റ  വഴിയെ  ഉണ്ടായിരുന്നുള്ളൂ..  വിവാഹ മോചനം. അയാള്‍ക്കും   അതില്‍  എതിര്‍പ്പൊന്നും   ഉണ്ടാവാതിരുന്നത്‌  കൊണ്ട്   അധികം   വൈകാതെ  തന്നെ  കോടതി  വിവാഹ മോചനം   അനുവദിച്ചു.  വിവാഹിതയായ  ഒരു കന്യകയുടെ  വിവാഹ  മോചനം..

നീന പറഞ്ഞു  നിര്‍ത്തുമ്പോള്‍   ഞാനവളുടെ  മുഖഭാവം   ശ്രദ്ധിച്ചു.. ഒരു  നിര്‍വികാരതയാണ്‌   എനിക്ക്  കാണാന്‍  കഴിഞ്ഞത്..  ഒരു  ജന്മത്തിലേക്കുള്ളതു  മുഴുവന്‍   കരഞ്ഞു  തീര്‍ത്തതിനാലാവാം,   അവളുടെ  കണ്ണുകളില്‍  ഇത്തിരി  പോലും   ഈറന്‍  പൊടിഞ്ഞിരുന്നില്ല.   ഒരു ദീര്‍ഘ നിശ്വാസത്തോടെ   അവള്‍  തുടര്‍ന്നു..

"എന്‍റെ കാര്യത്തില്‍   അച്ഛനുമമ്മയും   വളരെ   ദുഃഖിതരാണ്..  ഞാനിനിയും  ഇവിടെ  നിന്നാല്‍   അവരുടെ   സങ്കടം  കൂടുകയേ  ഉള്ളൂ..  എന്‍റെയൊരു  കൂട്ടുകാരിയുണ്ട്   മുംബൈയില്‍..  അടുത്തയാഴ്ച  ഞാനങ്ങോട്ടു   പോവുന്നു..   നല്ലൊരു  ജോലി  ചെയ്തു  ജീവിക്കാന്‍   ആവശ്യമായ  വിദ്യാഭ്യാസവും പിന്നെ  ആത്മവിശ്വാസവും ഉണ്ട് കൈമുതലായി."

തളര്‍ന്ന  ശബ്ദത്തിലും   നീനയുടെ  വാക്കുകളില്‍  നിശ്ചയദാര്‍ഢ്യത്തിന്‍റെ  മുഴക്കമുണ്ടായിരുന്നു.

"വിഷമിക്കണ്ട.. എല്ലാം  നല്ലതിനാണെന്ന്  കരുതി  ആശ്വസിക്കൂ.. നിനക്കൊരു  നല്ല ഭാവി  ഉണ്ടാവും.  എന്‍റെ  മനസ്സ്   അങ്ങിനെ  തന്നെ  പറയുന്നു.. സമാധാനമായിരിക്ക്."        ആ  സമയത്ത്   എനിക്കങ്ങനെയോക്കെയെ   അവളെ  ആശ്വസിപ്പിക്കാന്‍  കഴിയുമായിരുന്നുള്ളൂ.. 

അന്ന്  ഞങ്ങള്‍  കണ്ടു  പിരിഞ്ഞിട്ടിപ്പോള്‍  വര്‍ഷം  അഞ്ചെട്ടു കഴിഞ്ഞു. 

അന്നൊരു  ഞായറാഴ്ചയായിരുന്നു..    ഷോപ്പിംഗ് മാളിലെ   തിരക്കിനിടയിലൂടെ   ഷെല്‍ഫുകളില്‍  നിന്നും   സാധനങ്ങള്‍  എടുത്തു  ട്രോളിയിലേക്ക്‌ ഇടുന്നതിനിടയില്‍  വെളുത്തുരുണ്ട   മനോഹരമായ  ഒരു  കൈ  എന്‍റെ തോളിലമര്‍ന്നു..

"ഹായ്  പത്മ ... മുജെ പെഹ്ച്ചാനാ"??   ഒരു  നിമിഷം ..  ഞാനാ ശബ്ദത്തെ  തിരിച്ചറിയാന്‍   ശ്രമിക്കുകയായിരുന്നു . 

അതെ  ആ  ശബ്ദത്തിലൂടെ  മാത്രമേ  എനിക്കവളെ  തിരിച്ചറിയാന്‍  കഴിയുമായിരുന്നുള്ളൂ..  നീനയുടെ  രൂപം   അത്രയ്ക്ക്  മാറിപ്പോയിരിക്കുന്നു.. ആദ്യമായി  ഞാന്‍  കണ്ട,   ചുറുചുറുക്കോടെ  ഓടി നടന്നു  ജോലി  ചെയ്തിരുന്ന  വെള്ളാരം  കണ്ണുകളുള്ള    വെളുത്ത പെണ്‍കുട്ടിയായിരുന്നില്ല,   ആശുപത്രി   വരാന്തയില്‍  വെച്ച്  തകര്‍ന്നടിഞ്ഞ ദാമ്പത്യത്തിന്റെ കഥ  പറഞ്ഞ  ശോഷിച്ച പെണ്‍കോലവുമായിരുന്നില്ല. 

അല്പം  വൈകിയാണെങ്കിലും കാലം  അവളില്‍  വീണ്ടും  വസന്തം  വിടര്‍ത്തിയിരിക്കുന്നു..  തിളങ്ങുന്ന  കണ്ണുകളില്‍   ആത്മ  സംതൃപ്തിയുടെ   ഒരു  കടല്‍  ഒളിപ്പിച്ചു  വെച്ചിട്ടുണ്ട്.  കവിള്‍ത്തടങ്ങള്‍ക്ക്  സിന്ധൂരസന്ധ്യയുടെ   ചുവപ്പ്.  കണ്ണെടുക്കാതെ  നോക്കി  നിന്നു  പോയി  നിമിഷങ്ങളോളം.. 

"മമ്മീ."    ഒരു നാലു വയസ്സുകാരന്‍റെ  വിളിയാണ്  എന്നെ   ഉണര്‍ത്തിയത്.   സുന്ദരനായ   ഒരു ചെറുപ്പക്കാരന്റെ  കൈയ്യില്‍ തൂങ്ങി   കളിപ്പാട്ടങ്ങളും  പിടിച്ചു  കൊണ്ട്  മിടുക്കനായ്  ഒരാണ്‍കുട്ടി. 

"ഇത്  വിവേക്..  എന്‍റെ  ഭര്‍ത്താവ്.  ഇവന്‍  ശ്യാം.. ഞങ്ങളുടെ  ഒരേയൊരു  മോന്‍"

ഞാന്‍  വിവേകിനെ  നോക്കി  പ്രത്യഭിവാദ്യം  ചെയ്തു.  കുസൃതിയോടെ  ഓടിപ്പോയ  മകനെ  വിളിച്ചു   വിവേക്  അകന്നപ്പോള്‍  റീന  തുടര്‍ന്നു.

"മുംബൈയില്‍  വെച്ച്  പരിചയപ്പെട്ടതാണ് വിവേകിനെ. എന്‍റെ   സഹപ്രവര്‍ത്തകനായിരുന്നു, പിന്നീട്  വിശ്വസ്തനായ  നല്ലൊരു  സുഹൃത്തായി. ഒടുവില്‍ ഇരുവീട്ടുകാരുടെയും  സമ്മതത്തോടെയും അനുഗ്രഹത്തോടെയും എന്നെ ജീവിതസഖിയുമാക്കി.    ഞാനിന്നു     സംതൃപ്തയായ ഒരു ഭാര്യയാണ്, അമ്മയാണ്  ഒരുത്തമ  കുടുംബിനിയാണ്, ഉത്തരവാദിത്വമുള്ള ഒരുദ്യോഗസ്ഥയുമാണ്‌ .   കഴിഞ്ഞതെല്ലാം ഇപ്പോഴെനിക്ക്‌  ഒരു ദുസ്വപ്നം പോലെ  തോന്നുന്നു.   ഒരുപക്ഷെ  അന്നങ്ങിനെയൊക്കെ   സംഭവിച്ചില്ലായിരുന്നെങ്കില്‍   എനിക്ക്  വിവേകിന്‍റെ  സ്നേഹം  അനുഭവിക്കാന്‍  കഴിയുമായിരുന്നോ?   എനിക്കൊരമ്മയാവാന്‍  കഴിയുമായിരുന്നോ..   ദൈവത്തിന്  നന്ദി."

"ഇതൊക്കെ   ജീവിതത്തിലെ  ഓരോ  പരീക്ഷണങ്ങള്‍   ആണ്  കുട്ടീ.. ആത്മധൈര്യം  ആര്‍ജ്ജിക്കാനുള്ള  ഓരോ പരീക്ഷണം..  എല്ലാം  നല്ലതിനെന്ന്  കരുതുക.. നിനക്ക്  നല്ലതേ   വരൂ."   സന്തോഷത്തോടെ   നീന  യാത്ര  പറഞ്ഞു.

ആള്‍ക്കൂട്ടത്തില്‍അലിഞ്ഞില്ലാതാവുന്ന നീനയുടെ സന്തുഷ്ടകുടുംബത്തെ കണ്ണിമക്കാതെ നോക്കി നിന്നപ്പോള്‍ ഞാനോര്‍ത്തു.

ഇത് നീനയുടെ പുതിയ ജന്മം. തോല്‍ക്കാന്‍  മടിക്കുന്ന സ്ത്രീ  ശക്തി.
തളര്‍ച്ചയില്‍ നിന്നും ശക്തിയാര്‍ജ്ജിച്ചു വളര്‍ച്ചയിലേക്കുള്ള സ്ത്രീയുടെ കുതിപ്പ് ആര്‍ക്കുമെന്നല്ല അവള്‍ക്കു പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ക്ഷമയുടെ, സഹനത്തിന്റെ, അദ്ധ്വാനത്തിന്റെ, സ്നേഹത്തിന്‍റെ പ്രതീകമായ സ്ത്രീ കുടുംബത്തിന്‍റെ മാത്രമല്ല ഒരു സമൂഹത്തിന്‍റെ തന്നെ അഭിമാനമാണ്.




 











Wednesday, 26 August 2015

** റിസ്റ്റ് വാച്ച് ** ഓര്‍മ്മയില്‍ ഒരോണസമ്മാനം..




റിസ്റ്റ് വാച്ച്  കെട്ടാന്‍ ഏറെ  കൊതിച്ചിരുന്നൊരു  കാലമുണ്ടായിരുന്നു  എനിക്ക്.വളരെ  ചെറിയ  കുട്ടിയായിരുന്നപ്പോള്‍  നാട്ടിലെ  വിഷുവേല  ഉത്സവത്തിനു, കൈനീട്ടം  കിട്ടിയ കാശു കൊടുത്ത്  പീപ്പിയും  ബലൂണുമൊക്കെ  വില്‍ക്കുന്ന വഴിവാണിഭക്കാരുടെ  കൈയ്യില്‍  നിന്നും ഒരു രൂപക്ക് കിട്ടുന്ന  വര്‍ണ്ണ  സ്ട്രാപ്പുള്ള,  അക്കങ്ങള്‍  അടയാളപ്പെടുത്തിയ  ഓടാത്ത  പ്ലാസ്റ്റിക് വാച്ച്   മേടിച്ചു  കെട്ടുമായിരുന്നു.  ഇടക്കൊക്കെ  പച്ചത്തെങ്ങോല ചീന്തി  കളിവാച്ചുണ്ടാക്കി  കെട്ടിത്തരുമായിരുന്നു  അമ്മ.   സ്കൂളില്‍  പഠിക്കുന്ന കാലത്ത്  കൂട്ടുകാരികളില്‍   ചിലര്‍  വാച്ച്  കെട്ടി  വരുമ്പോള്‍  കൌതുകത്തോടെ  അവരുടെ  കൈത്തണ്ട  പിടിച്ചു  നോക്കും.  പിന്നീട്  പൂര്‍ത്തീകരിക്കാനാവാത്ത  ആഗ്രഹങ്ങളുടെ  ചവറ്റുകൊട്ടയിലേക്ക്  വാച്ചിനോടുള്ള  മോഹവും  വലിച്ചെറിഞ്ഞു.  അതവിടെ നിന്നും  പിന്നെയും   ഏന്തി വലിഞ്ഞു  എന്നിലെക്കെത്തിയത്   എന്‍റെ കല്യാണ  സമയത്തായിരുന്നു.

"അവള്‍ക്കു   വാച്ചുണ്ടോ? ഇല്ലെങ്കില്‍   ഞാന്‍  കൊണ്ടുവരാം. "  ചെറ്യമ്മ  പറഞ്ഞപ്പോള്‍ അമ്മ  ആശ്വസിച്ചത്    അത്രേം  കാശുണ്ടെങ്കില്‍   വേറെന്തെങ്കിലും   കാര്യത്തിനാകുമല്ലോ   എന്നോര്‍ത്തിട്ടാവാം.  സാമ്പത്തികമായി  ഞങ്ങളെക്കാള്‍  ഏറെ  മുന്നിലായിരുന്നു ചെറ്യമ്മയുടെ  കുടുംബം. അപ്പോള്‍  വാച്ചും  നല്ലതായിരിക്കുമെന്ന്  കരുതി ഞാനും  സന്തോഷിച്ചു.  കല്യാണ  തലേന്ന്  വന്ന  ചെറ്യമ്മ  കൈയ്യില്‍  വെച്ച് തന്നത്  അക്കങ്ങള്‍  മിന്നിത്തെളിയുന്ന  കറുത്ത  സ്ട്രാപ്പ് ഉള്ള  ഒരു ഇലക്ട്രോണിക്  വാച്ചായിരുന്നു. കഷ്ടിച്ചു  ഒരുമാസം  ഓടിയപ്പോഴേക്കും  വാച്ചു  തളര്‍ന്നു. രവിയേട്ടന്‍  അതെടുത്തു  പൊന്തകാട്ടിലേക്ക്  വലിച്ചെറിഞ്ഞു.

കാലമെന്ന  ഘടികാരത്തിലെ  സൂചികള്‍  ഓടിക്കൊണ്ടേയിരുന്നു. ജന്മനാട്ടില്‍  നിന്നും  ഗുജറാത്തിലേക്ക്  ചേക്കേറിയ കാലം.  ഉള്ളംകൈയില്‍  മുറുക്കിപ്പിടിച്ച  പ്രാരാബ്ദങ്ങള്‍  മാത്രമേ  കൈവശം  ഉണ്ടായിരുന്നുള്ളൂ.  ഒറ്റ മുറിയുള്ള വാടക വീട്ടിലായിരുന്നു  താമസം.   തൊട്ടടുത്തായിരുന്നു  നരോഡ   റെയില്‍വേ സ്റ്റേഷന്‍. പാസഞ്ചര്‍ ലോക്കല്‍ വണ്ടികളും  ഇടയ്ക്കു  ചരക്കു  വണ്ടികളും കടന്നു  പോകുന്ന  ചെറിയൊരു  സ്റ്റേഷന്‍.   ഇടവിട്ടുള്ള  തീവണ്ടിയുടെ  ചൂളംവിളികള്‍.  എത്രയോ രാത്രികളില്‍   തീവണ്ടിയുടെ  ചൂളംവിളി  വിളി കേട്ടു  ഞെട്ടിയുണര്‍ന്നു  കുഞ്ഞായിരുന്ന  മോന്‍  പേടിച്ചു  കരഞ്ഞിട്ടുണ്ട്.  റെയില്‍വേ ട്രാക്കിന്‍റെ  ഓരം  പറ്റി  നടന്നാല്‍  അര മണിക്കൂര്‍  കൊണ്ട് എളുപ്പവഴിയിലൂടെ  ഓഫീസിലെത്താം. പത്തുമണിയാണ്  ഓഫീസിലെത്തേണ്ട  സമയം.  വാച്ചില്ലാത്തതുകൊണ്ട്   സമയമറിയാന്‍  മാര്‍ഗ്ഗമില്ല. ഒന്നുകില്‍  നേരത്തെ  എത്തും  അല്ലെങ്കില്‍   അഞ്ചോ  പത്തോ  മിനിറ്റ്  വൈകി.  കുറച്ചു  ദിവസം കഴിഞ്ഞപ്പോള്‍    ഒരു ട്രെയിന്‍  കൃത്യമായി  ഒരേ  സമയത്ത്   സ്റ്റേഷനില്‍  എത്തുന്നത്‌ ശ്രദ്ധയില്‍ പെട്ടു.  ആ സമയത്ത്  ഇറങ്ങിയപ്പോള്‍   കൃത്യസമയത്തിന്  ഓഫീസില്‍  എത്താനും  കഴിഞ്ഞു. ഒരു വഴിപോക്കനോടു   അറിയാവുന്ന  ഹിന്ദിയില്‍   സമയം  ചോദിച്ചപ്പോള്‍  അയാള്‍  തന്റെ  വാച്ചില്‍  നോക്കി  പറഞ്ഞു.

"സവാ  നൌ "  (ഒമ്പതേകാല്‍) .  പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടു ജോലികള്‍ വേഗം   തീര്‍ത്തു, മോനെ  നോക്കാന്‍ ഏര്‍പ്പാടാക്കിയ   വീട്ടില്‍  കൊണ്ടുചെന്നാക്കി, വീടും  പൂട്ടി,  ആ  സമയത്ത്  വരുന്ന   വണ്ടിയുടെ  ചൂളംവിളി  കാതോര്‍ത്തിരിക്കും.ചുരുക്കിപ്പറഞ്ഞാല്‍  തീവണ്ടിയുടെ കിതപ്പായിരുന്നു  എന്‍റെ വേഗതയും  സമയവും  നിശ്ചയിച്ചിരുന്നത്.

ഒരു ദിവസം  ചൂളംവിളിച്ചുകൊണ്ട്  വണ്ടി  കിതപ്പോടെ സ്റ്റേഷനില്‍  എത്തിയപ്പോള്‍  വീടുപൂട്ടി  ഞാനും  ഇറങ്ങി.  അന്നത്തെ  സൂര്യന്  പതിവിലും  കൂടുതല്‍  ചൂടുണ്ടെന്നു  തോന്നി.  സാരിത്തുമ്പ്  കൊണ്ട്  ഇടയ്ക്കിടെ  വിയര്‍പ്പൊപ്പി  റെയില്‍വേ ട്രാക്കിന്‍റെ   ഓരം  ചേര്‍ന്ന്  നടന്നു  ഓഫീസിന്‍റെ  ഗേറ്റിലെത്തി.  ടെമ്പററി ജീവനക്കാര്‍   സമയമെഴുതി  ഒപ്പിടുന്ന   അറ്റെന്‍ഡന്‍സ്‌  രെജിസ്റ്റര്‍   കാണുന്നില്ല.

"റെജിസ്റ്റര്‍  സാബ്  കെ പാസ്  ബേജ്ദിയാ ബെഹന്ജീ. ആജ് ആപ് ബഹുത്ത്  ലേറ്റ് ഹോഗയീ  ഹൈ "

സെക്യൂരിറ്റി ജീവനക്കാരന്‍റെ പറച്ചിലില്‍  എന്‍റെ  ഉള്ളൊന്നാളി. ഓഫീസില്‍  വൈകിയെത്തുന്നവരെ ഒരിക്കലും  വെച്ചു പൊറുപ്പിക്കാത്ത  അയ്യരു സാറിന്‍റെ   കാബിനിലേക്ക്‌  വിറയ്ക്കുന്ന  കാലുകളോടെ  കയറി ചെന്നു.

"എന്തിനാ   ഇത്രേം  നേരത്തേ  ഇങ്ങോട്ടു  വന്നത്.  വീട്ടില്‍  തന്നെ  ഇരുന്നാല്‍  പോരെ.അത്യാവശ്യം  വല്ലതുമുണ്ടെങ്കില്‍  ആളെ  പറഞ്ഞു  വിടുമായിരുന്നല്ലോ. സമയമെത്രയായീന്നാ   വിചാരം.  അഞ്ചോ  പത്തോ  മിനിറ്റാണ്   വൈകിയതെങ്കില്‍  പോട്ടേ  ന്നു  വെക്കാം..  ഞാന്‍  മാത്രമല്ല  ഇതൊക്കെ  ശ്രദ്ധിക്കാന്‍   എന്നെ കൂടാതെ  ഡിപ്പാര്‍ട്ട്മെന്റില്‍  വേറേം  ആളുകളുണ്ട്.  ലേറ്റ്  കമിംഗിന്‍റെ  പേരില്‍   തുച്ഛമായി  കിട്ടുന്ന  ശമ്പളത്തില്‍  നിന്ന് കാശു   കട്ട്  ചെയ്‌താല്‍  എനിക്കൊന്നും  ചെയ്യാന്‍  പറ്റില്ല.   മേലാല്‍  ആവര്‍ത്തിക്കരുത്..  സൈന്‍  ചെയ്തിട്ട്  സീറ്റില്‍  പോയിരുന്നു  ജോലി  ചെയ്യ്. "

രെജിസ്റ്ററില്‍  ഒപ്പിട്ടിട്ട്  നിറഞ്ഞ  കണ്ണുകളോടെ  കാബിനില്‍  നിന്നും  പുറത്തു കടക്കുമ്പോള്‍   ചുമരില്‍ തൂക്കിയ  ക്ലോക്കിലേക്ക്  നോക്കി..  പതിനൊന്നു  മണി കഴിഞ്ഞിരിക്കുന്നു.  സമയമറിയിച്ചുകൊണ്ടു സ്ഥിരമായി വരാറുള്ള    വണ്ടി  ഒരു  മണിക്കൂര്‍   വൈകിയാണ്  വന്നതെന്നു  അപ്പോഴാണ്‌  ഞാനറിഞ്ഞത്.  വൈകുന്നേരം  വീട്ടിലെത്തി,  അന്ന്  നടന്ന  സംഭവം  പറഞ്ഞപ്പോള്‍  രവിയേട്ടന്റെ  മുഖം  മ്ലാനമാവുന്നത്  ഞാന്‍  ശ്രദ്ധിച്ചു.. എന്റെ ഒഴിഞ്ഞ  കൈത്തണ്ടയില്‍ ഒന്ന്  തടവിയിട്ടു  ഒന്നും  മിണ്ടാതെ അകത്തേക്ക്  പോയി.  ഒന്നും  പറയേണ്ടിയിരുന്നില്ലെന്ന്  പിന്നീടെനിക്ക്  തോന്നി.

ഗുജറാത്തിലെ  മണ്ണില്‍  പാകിയ  ജീവിതത്തിന്‍റെ  വിത്ത്  മുളച്ചു വളരാന്‍  കുറച്ചധികം  സമയം  വേണ്ടിവന്നു.  ഇതുപോലെ  ഒരോണക്കാലം..  മോനുള്ള  ഓണക്കോടി  ജനല്‍പ്പടിയില്‍  വെച്ചിട്ടു  രവിയേട്ടന്‍  എന്നോട്  പറഞ്ഞു.

"നീയാ   കൈയ്യൊന്ന്  നീട്ട്."   എന്തിനെന്നു  പോലും  ചോദിക്കാതെ  ഞാന്‍ വലതു  കൈ നീട്ടിക്കാണിച്ചു .  ചതുരാകൃതിയിലുള്ള  ചെറിയൊരു പെട്ടി  തുറന്നു  സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍  മെറ്റല്‍  സ്ട്രാപ്പ് ഉള്ള  TITAN ന്‍റെ  ഒരു ലേഡീസ്  റിസ്റ്റ് വാച്ച്  എന്‍റെ  കൈത്തണ്ടയില്‍  കെട്ടി തന്നു.

"ഇഷ്ടായോ?   കുറച്ചുകാലം  ഇത്  കെട്ടൂ.  കാശുണ്ടാവുമ്പോ  ഇതിനേക്കാള്‍  നല്ലൊരു  വാച്ച്  വാങ്ങിത്തരാ ട്ടോ. "

അപ്പോഴത്തെ   എന്‍റെ  മനോവികാരം  എന്തെന്ന്  എനിക്ക്  പറഞ്ഞറിയിക്കാന്‍ കഴിയില്ല.ഇടനെഞ്ചില്‍  വല്ലാത്തൊരു  വിമ്മിഷ്ടം.  സന്തോഷത്താലാണോ  സങ്കടം  കൊണ്ടാണോ   എന്‍റെ  കണ്ണുകള്‍  നിറഞ്ഞൊഴുകി.

"വാച്ച്  വാങ്ങാനോക്കെ  ഇപ്പെവിടുന്നാ   പണം " ചോദിക്കാതിരിക്കാനായില്ല.

"ഓവര്‍ ടൈം  ചെയ്ത  വകയില്‍  ഈ മാസം  ഇത്തിരി  കാശു  കൂടുതല്‍  കിട്ടി. ഓഫീസില്‍  പോണ  നിനക്ക്  ഒരു വാച്ച്   അത്യാവശ്യമാണ്."

ഒരുപാട്  വര്‍ഷങ്ങള്‍ക്കു   ശേഷം  വാച്ചു  കെട്ടാനുള്ള  മോഹം  പൂവണിഞ്ഞത്  ആ  ഓണക്കാലത്തായിരുന്നു.  ജീവിത പങ്കാളിയുടെ  വിയര്‍പ്പിന്‍റെ  മണമായിരുന്നു  ആ  വാച്ചിന്.  വര്‍ഷത്തിലൊരിക്കല്‍  സെല്‍ മാറ്റുന്നതല്ലാതെ  ഒരിക്കല്‍ പോലും  റിപ്പയര്‍ ചെയ്യാതെ   ഒമ്പത്  വര്‍ഷത്തോളം  ഞാനാ വാച്ച്  ഉപയോഗിച്ചു. അതിനു  ശേഷം വ്യത്യസ്ത മോഡലുകളില്‍     എത്രയോ  വാച്ചുകള്‍ എന്‍റെ  കൈത്തണ്ടക്ക് അലങ്കാരമായി .   ഗള്‍ഫില്‍  നിന്ന് രവിയേട്ടന്‍  ഓരോ  തവണ അവധിക്കു   വരുമ്പോഴും  എനിക്കൊരു  വാച്ചുണ്ടാവും. കഴിഞ്ഞ  തവണ  ഹരിക്കുട്ടന്‍   വരുമ്പോഴും  കൊണ്ടുവന്നു അച്ഛനുമമ്മക്കും  വേണ്ടി  ഒരേ പോലുള്ള  കപ്പിള്‍ വാച്ച്..

പണമില്ലാത്തവന്റെ  ആഗ്രഹങ്ങളുടെ  പൂര്‍ത്തീകരണത്തിന്  സമയം  നിശ്ചയിക്കുന്നത്  കാലമാണ്. കാലത്തിന്‍റെ ഘടികാരത്തിലെ  സൂചി  ഓടിയോടി   ഒടുവില്‍  ആ  സമയം  എത്തുമ്പോഴേക്കും മിക്കവാറും  ആഗ്രഹങ്ങള്‍ അസ്തമിക്കാറായിട്ടുണ്ടാവും.  ഒരു റിസ്റ്റ്  വാച്ചിനു  വേണ്ടി  ഒരുപാടാഗ്രഹിച്ച   എനിക്ക്  കാലം  പോകെ  കിട്ടിയത്  അനവധി  വാച്ചുകള്‍. പക്ഷെ അപ്പോഴേക്കും  വാച്ചിനോടുള്ള ആഗ്രഹം  കുറഞ്ഞുകൊണ്ടിരുന്നു.    വാച്ചുകളുടെ  എണ്ണം  കൂടിയിട്ടും അന്നുമിന്നും  സമയത്തിന് ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഇരുപത്തിനാലു  മണിക്കൂര്‍  മാത്രമായി  ഒതുങ്ങുന്നു.  ഇതൊക്കെ  എപ്പോ  കെട്ടിതീര്‍ക്കാനാണല്ലേ..  ചിലപ്പോള്‍  സ്വയം  ആലോചിച്ചു   ചിരിക്കാറുണ്ട്  ഞാന്‍.

പുതുമയുള്ള പുതിയ വാച്ചുകള്‍  എത്രയോയെണ്ണം   എനിക്ക് കിട്ടി.  എങ്കിലും  ആദ്യമായി  കിട്ടിയ  ആ  വാച്ചിനോടു എനിക്കുള്ള  ആത്മബന്ധമാവാം   ഞാനതിന്നും  സൂക്ഷിക്കുന്നു. കാരണം   ജീവിതപങ്കാളിയുടെ  വിയര്‍പ്പിന്‍റെ  വില, അതൊഴുക്കിയ സമയത്തിന്‍റെ  വില, അതിനൊന്നും   വിലയിടാന്‍ കഴിയില്ല.  ഇടക്കൊക്കെ  നടന്നു തീര്‍ത്ത   ദുര്‍ഘടം പിടിച്ച  ജീവിത  വഴിയിലേക്ക്  ഞാനൊന്ന്  തിരിഞ്ഞു നോക്കാറുണ്ട്.  വന്ന  വഴി മറക്കാതിരിക്കാനായി  ചില അടയാളപ്പെടുത്തലുകളും.  പെയിന്‍റ്  അടര്‍ന്ന  ഇരുമ്പുപെട്ടിയും   ഓണ സമ്മാനമായ  ഈ വാച്ചും   ഒക്കെ അത്തരം  അടയാളപ്പെടുത്തലുകളില്‍   ചിലതു മാത്രം.

കടന്നു  പോകുന്ന ഓരോ  ഓണക്കാലത്തും  ഈ  റിസ്റ്റ് വാച്ചിന്‍റെ  ഓര്‍മ്മകളെ ഞാന്‍  പൊടിതട്ടിയെടുക്കും..   വരികളായി  കുറിക്കാനുള്ള   അവസരം  കിട്ടിയത്  ഈ  ഓണക്കാലത്താണ്.   എല്ലാത്തിനും   അതിന്‍റെതായ  സമയമുണ്ടെന്ന്  പറയുന്നതെത്ര   ശരിയാണ്  അല്ലേ..

ഓര്‍മ്മപുസ്തകത്തില്‍   ഇനിയുമുണ്ട് ചീന്തിയെടുക്കാന്‍  നോവും നൊമ്പരവും  ആഹ്ലാദവും   നിറഞ്ഞ താളുകള്‍.. സമയം  പോലെ  കുറിച്ചിടാം  പങ്കിടാന്‍  എന്‍  പ്രിയ സൌഹൃദങ്ങളും  കൂടെയുണ്ടെങ്കില്‍..  :)

എല്ലാവര്ക്കും   എന്റെ  ഹൃദയം  നിറഞ്ഞ ഓണാശംസകള്‍  ..!!!




Monday, 1 June 2015

ഐ ബാള്‍ ആന്‍ഡിയും പ്രഭാതഭേരിയും പിന്നെ ഞാനും.



ബ്രേക്ഫാസ്റ്റ്  കഴിഞ്ഞു,  ഉമ്മറക്കോലായിലിരുന്നു  പത്രവായനയും  പല്ലിട കുത്തലും    ഒരേ സമയം  നിര്‍വ്വഹിച്ചു  കൊണ്ടിരിക്കുമ്പോഴാണ്  ഗേറ്റിന്റെ  ഓരം  ചേര്‍ന്ന് ഒരു  വെള്ള  BMW  കാര്‍  ഇരച്ചു  നിന്നത്..  കാറില്‍ നിന്നും  മൂന്നാല് മധ്യവയസ്കര്‍   മുറ്റത്തേക്ക് ഇറങ്ങി..  മൊട്ടത്തലയെ  വട്ടത്തൊപ്പി കൊണ്ടലങ്കരിച്ച    ആള്‍ ചോദിച്ചു.

"ഇതല്ലേ   പത്മശ്രീ  നായരുടെ  വീട്..  ഫേസ്ബുക്കില്‍  പ്രഭാതഭേരി  അവതരിപ്പിക്കുന്ന ........."

"ങാ..   അത്  ഞാന്തന്ന്യാ..  നിങ്ങളൊക്കെയാരാ  ??  നിയ്ക്ക്  മനസ്സിലായില്ല്യാ ലോ .."


ആറാം  തമ്പുരാനിലെ  മഞ്ജു വാര്യരെ  ചെറുതായൊന്നനുകരിക്കും വിധം  ഞാനൊരു  ചോദ്യം   അങ്ങോട്ടിട്ടു..


"കേറിയിരിക്കുന്നതില്‍  വിരോധോണ്ടാവില്ല്യാ ല്ലോ   ല്ലേ. "  കൂടെ  വന്ന   വേറൊരു  എലുമ്പന്‍  ചോദിച്ചു.  മറുപടിക്ക്  കാത്തു  നില്‍ക്കാതെ  നാലു പേരും  ഉമ്മറത്തെ  സോഫയില്‍   അമര്‍ന്നിരുന്നു. അന്തം വിട്ടു  പല്ലിട കുത്തുന്ന കോലും പിടിച്ചു കൊണ്ടുനില്‍ക്കുന്ന എന്നെ നോക്കി  തൊപ്പിക്കാരന്‍ പറഞ്ഞു.

"ഞങ്ങള്  ഒരു പരസ്യ കമ്പനിയില്‍  നിന്നും   വരുന്നവരാ..  ടി. വി.യില്‍  കണ്ടുകാണുമല്ലോ..   ഐ.ബാള്‍ ആണ്ടിയുടെ  പരസ്യം. ഞാനാണു  അതിന്‍റെ  സംവിധായകന്‍ ."

"ഉം  കണ്ടാലും   പറയും.. "   ഞാന്‍  പിറുപിറുത്തു. 

"ങാ   ഉവ്വുവ്വ്.. കണ്ടിട്ടുണ്ട്  ഒന്നോ  രണ്ടോ തവണ..  എനിക്കാ   നമ്പീശത്തി പെണ്ണിനെ   അത്രയ്ക്ക്  ഇഷ്ടല്ല.. അതോണ്ട്  ഇപ്പൊ  ആ പരസ്യം  വരുമ്പോ  ഞാന്‍   ചാനല്  മാറ്റും. അവള്‍ടെ   ഒരു  പുട്ടും  കടലേം.  "  രമ്യാനമ്പീശനോടുള്ള   അകാരണമായ   അസൂയ   കുറെയൊക്കെ  പ്രതിഫലിപ്പിക്കാന്‍   സാധിച്ച  സന്തോഷത്തില്‍ ഞാന്‍  വിനയാന്വിതയായി.

"ങാ..  ഞങ്ങളൊരു   അഭിപ്രായ  സര്‍വ്വേ  നടത്തിയിരുന്നു..  പലരും  പറഞ്ഞു  ആ  പരസ്യം  കണ്ടു  മടുത്തു.. ഒന്ന്  മോഡിഫൈ   ചെയ്തൂടെന്നു. അതിന്‍റെ  ഭാഗായിട്ടാ  ഞങ്ങളിപ്പോ   ഇവിടെ  വന്നത്.  മോഡിഫൈ   ചെയ്യുന്ന  പുതിയ  പരസ്യത്തില്‍  മാഡത്തിനെ  അഭിനയിപ്പിക്കാനും   പ്രഭാതഭേരിയെ  കൂടി  ഉള്‍പ്പെടുത്താനുമാണ്  ഞങ്ങളുടെ   തീരുമാനം.  മാഡത്തിനു   താല്‍പര്യമുണ്ടെങ്കില്‍ മാത്രം   ഇക്കാര്യത്തെ  കുറിച്ച്   വിശദമായി   സംസാരിക്കാം. ."

ഈസ്രാ..!!!      തലക്കാരോ   കൂടം കൊണ്ടടിച്ചത്  പോലെ  തോന്നിയപ്പോ  ഉറക്കെ   വിളിച്ചു  പോയി..   ഞാനിതെന്താണീ   കേക്കണേ... ന്നെ   പിന്നേം   സില്മേല്‍  എടുക്കാനാണോ   ഇവര്   വന്നത്.  സ്വപ്നമാണോ  യാഥാര്‍ത്ഥ്യമാണോ  ന്നറിയാനായി   പല്ലില്‍  കുത്തുന്ന  കോല്  കൊണ്ട്  ആരും  കാണാതെ  നൈസായിട്ട്    ചന്തീലൊന്നു  കുത്തിനോക്കി ..  ഉവ്വ്..  നോവണുണ്ട്   .  അപ്പൊ   സത്യം   തന്ന്യാ..

"ഉവ്വ്..  താല്പര്യണ്ട്.. താല്പര്യണ്ട്..  വിശദായിട്ടു   സംസാരിച്ചോളൂ.  കുടിക്കാനെന്താ   എടുക്കണ്ടേ?   പാലില്ല.. അല്പം   കാടിവെള്ളം   എടുക്കട്ടെ?..   പറഞ്ഞു  കഴിഞ്ഞപ്പോഴാണ്   അബദ്ധം  മനസ്സിലായത്..

"സോറി..   കാപ്പി വെള്ളം  ന്നാ  ഉദ്യേശിചെ..   ഓവര്‍  എക്സൈറ്റട്  ആയപ്പോ  കാടിവെള്ളം  ന്നു   ആയിപ്പോയതാ."

"ഉം..  സാരല്ല്യ..  സല്‍ക്കാരം   സ്വീകരിക്കാനോക്കെ   ഞങ്ങള്‍  പിന്നീടൊരിക്കല്‍  വന്നോളാം..  ബൈ  ദ ബൈ  മാഡത്തിനു  അഭിനയത്തില്‍ മുന്‍പരിചയം വല്ലതുമുണ്ടോ?ഐ  മീന്‍   നാടകത്തിലോ,  സീരിയലിലോ   പരസ്യത്തിലോ   അങ്ങനെന്തെങ്കിലും?  "

ആവേശം  തല്ലിക്കെടുത്തുന്ന പോലത്തെ   ചോദ്യം  ചോദിച്ച   കൂട്ടത്തിലുള്ള കുള്ളനെ  ഞാന്‍   തറപ്പിച്ചോന്നു   നോക്കി.. വിചാരിക്കാതെ   കേറി വന്ന  സുവര്‍ണ്ണാവസരത്തെ  ആട്ടിയോടിക്കണ്ടല്ലോന്നു   കരുതി   ക്ഷമിച്ചു..  "ഞാനൊന്ന്   സ്റ്റാര്‍ ആയിക്കോട്ടെ..  നിങ്ങളെയൊക്കെ   ക്ഷ.. ഞ്ഞാ..  ട്ടാ..   വരപ്പിക്കും  ട്ടോ ."  ഞാന്‍ ആത്മഗതിച്ചു.

"പരിചയം ണ്ടോ  ന്നു   വെച്ചാ..   ജീവിത  നാടകത്തില്  പത്തു  നാല്‍പ്പത്  കൊല്ലായിട്ട്  അഭിനയിക്കണ്ട്..  പിന്നെ   സ്കൂളില്‍  പഠിക്കുമ്പോ    യുവജനോത്സവത്തിനാണ്  ആദ്യായിട്ട്   തട്ടേല്‍  കേറിയത്.   "കേട്ടില്ലേ  കോട്ടയത്തൊരു  മൂത്ത  പിള്ളേച്ചന്‍....  "   ന്ന  പാട്ടിന്‍റെ   സിനിമാറ്റിക്   ഡാന്‍സ്  കളിക്കാന്‍.   പിന്നണി  പാടാന്‍   വന്ന   പെമ്പിള്ളേര്‍   പാടുന്നതിനു  പകരം  പാട്ട് പറയാന്‍   തുടങ്ങിയപ്പോ , കൂവലിന്റെ  അകമ്പടിയോടെ,  കര്‍ട്ടന്‍  പൊക്കിയതിനേക്കാള്‍   വേഗത്തില്‍   താഴ്ത്തി.  അന്ന്   ശപഥം  ചെയ്തു  സ്റ്റേജ്  വിട്ടിറങ്ങിയതാ   മേലാല്‍   ഇമ്മാതിരി  പണിക്കു   പോവില്ല്യാന്നു..    അത്   സാരല്യ.. ഇതിപ്പോ   സ്റ്റേജ്  അല്ലല്ലോ    പരസ്യല്ലേ..    ഞാന്‍  ചാടുമ്പോ  ക്യാമറേം  കൂടെ   ചാടുവാരിക്കും   ല്ലേ.. " 

"ഞങ്ങടെ  പരസ്യം  മൊബൈല്‍  ഫോണിന്റെയാ..  അതില്  ക്യാമറേം   നിങ്ങളും  ഒന്നും   ചാടേണ്ട   കാര്യോല്ല്യ. "     കുള്ളന്റെ  ഇടയ്ക്കു  കേറിയുള്ള സംസാരം   എനിക്ക്   തീരെ  പിടിച്ചില്ല..

തൊപ്പിക്കാരന്‍ വീണ്ടും  തുടര്‍ന്നു.
"മാഡത്തിന്റെ  ആദ്യ  അഭിനയം  ആയതോണ്ട്  ഈ  പരസ്യത്തിനു  പ്രതിഫലമായി   പണമൊന്നും   തരില്ല..  നിങ്ങള്‍ക്ക്   അഭിനയിക്കാന്‍   ഒരവസരം.. പിന്നെ  പ്രഭാതഭേരിക്ക്   ചുളുവില്‍    ഒരു പ്രൊമോഷന്‍ കൂടിയല്ലേ ..  എന്നാലും   മാഡത്തിനു    ഇഷ്ടമുള്ള  വസ്തു  സമ്മാനമായി  തരാന്‍   തന്നെയാണ്   ഞങ്ങളുടെ   തീരുമാനം..   രണ്ടു  പഴുത്ത   വരിക്കച്ചക്ക,  രണ്ടു  ഇടിച്ചക്ക,  രണ്ടു  കിലോ   ചക്ക   വരട്ടിയത്.

ഈ  പരസ്യം  പോപ്പുലറായാല്‍   ഞങ്ങളുടെ   അടുത്ത  പ്രോജക്റ്റും  മാഡം  തന്നെയാവും   ചെയ്യുന്നത്..  ആ സമയത്ത്   ഇതിന്റെതു  കൂടെ  ചേര്‍ത്ത്  നല്ലൊരു   തുക  തന്നെ   തരും..  സമ്മതമാണെങ്കില്‍   എഗ്രിമെന്റ്   ഒപ്പിട്ട്  റിഹേഴ്സല്‍  ചെയ്യാം..  ഷൂട്ടിംഗ്   രണ്ടു  ദിവസം  കഴിഞ്ഞേ   ഉണ്ടാവൂ.. "   സംവിധായകന്‍   പറഞ്ഞു  നിര്‍ത്തി.

സന്തോഷം  കൊണ്ട്  ഇരിക്കാനും  നിക്കാനും  ഓടാനും   വയ്യാത്ത   അവസ്ഥ.  എല്ലാ   പ്രോജക്റ്റിനും   ചക്ക  മാത്രം   തന്നാല്‍  മതിയെന്ന്   വിളിച്ചു  പറയാന്‍  തോന്നിയെങ്കിലും   അടക്കി.  ആര്‍ത്തി പണ്ടാരമെന്നു  ഇനി  ഇവരെക്കൊണ്ടു കൂടി   പറയിക്കണ്ടല്ലോ. 

"സമ്മതാണ്..  പൂര്‍ണ്ണസമ്മതം..   എവിടോക്കെയാ   ഒപ്പിടേണ്ടത്  ന്നൂ ച്ചാ   പറഞ്ഞോളൂ.."

കുള്ളന്‍  ബ്രീഫ്കേസ്  തുറന്നു   എന്തൊക്കെയോ   പേപ്പര്‍   എടുത്തു..  തൊട്ടു  കാണിച്ചിടത്തക്കെ  ഒപ്പിട്ടു  കൊടുത്തു..

"ന്നാ   ആ  ഡയലോഗ്  ഒന്ന്   പറഞ്ഞു  കൊടുക്കൂ..  തല്‍ക്കാലം   മാഡത്തിന്റെ   ഫോണ്‍  തന്നെ  ഉപയോഗിച്ചാല്‍    മതി.  ഷൂട്ട്‌ ചെയ്യുമ്പോ   ഐ. ബാള്‍ ആണ്ടിയില്‍ ചെയ്യാം.  "

ഞാന്‍  അകത്തു  പോയി   ന്റെ   സാംസംഗ്  ടച്ച്‌ സ്ക്രീന്‍ ഫോണ്‍   എടുത്തുകൊണ്ടു   വന്നു..  ഐ   ബാള്‍  ആണ്ടിയെയും   കുല ദൈവങ്ങളെയും   മനസ്സില്‍   ധ്യാനിച്ച്‌   കുള്ളന്‍   പറഞ്ഞു  തന്ന  ഡയലോഗ്   ഉറക്കെ   പറഞ്ഞു..

"കേരളത്തിന്‍റെ   പുട്ടും  കടലയും   പ്രസിദ്ധമാണ്..
കേരളത്തിന്‍റെ   കായലുകളും  വള്ളംകളിയും  പ്രസിദ്ധമാണ്.
ഇനി  കേരളം  പത്മശ്രീ  നായരുടെ  പ്രഭാതഭേരിയുടെ  പേരിലും  പ്രസിദ്ധമാവും."

അയ്യൊയ്യോഓഓഓഓ...   നടുവിനിട്ടു   ആരോ   ചവിട്ടിയത്  പോലെ..  കണ്ണു  തുറന്നു  നോക്കിയപ്പോള്‍  ലുങ്കിയും  വാരിചുറ്റി  നായരദ്യേം  നിന്നു   കലി  തുള്ളുന്നു..   വിക്കി  വിക്കി  ഞാന്‍   ചോദിച്ചു..

"അവരൊക്കെ   എവിടെ" ???

"അവരൊക്കെ   ചത്തു. ന്തേയ്‌  നെനക്കും  ചാവാണോ?   ഇപ്പൊ  സമയം   എത്രായീന്നു നോക്ക്.. "  നായരദ്യേം കൈ ചൂണ്ടിയ  ഭാഗത്തേക്ക്   ഞാന്‍  നോക്കി.. ക്ലോക്കിലെ  വാച്ചില്‍  സമയം  രാത്രി   രണ്ടു  മണി.

" നട്ട  പാതിരക്കാ    അവളുടെ  ഒരു   പുട്ടും  കടലേം  പ്രഭാതഭേരീം.. മനുഷ്യന്‍  പണിയെടുത്തു  ക്ഷീണിച്ചു വന്നൊന്നു  സമാധാനമായിട്ട്  കിടന്നുറങ്ങാന്‍   സമ്മതിക്കില്ല്യാന്നു   വെച്ചാ  വല്ലാത്ത   കഷ്ടം  തന്നെ. ഇരുപത്തിനാല്  മണിക്കൂറും   ടി. വീം   കണ്ടു,   ഫേസ്ബുക്ക്  നിരങ്ങി   ഇവളുടെയൊക്കെ   സുബോധം   പോയല്ലോ   എന്റീശ്വരാ...  ഇതിനി  എത്രകാലം   ഞാന്‍   സഹിക്കേണ്ടി   വര്വോ..!!!!

കണ്ടതെല്ലാം   സ്വപ്നമായിരുന്നൂന്നു    വിശ്വാസം   വരാതെ ,  അടുക്കളയില്‍ പോയി   ഫ്രിഡ്ജ്   തുറന്നു    ഒരു കുപ്പി  വെള്ളം  മുഴുവന്‍ കുടിച്ചിറക്കി വീണ്ടും   വന്നു  കിടന്നു ..  പിറ്റേ  ദിവസത്തേക്കുള്ള   പ്രഭാതഭേരിക്കുള്ള   വിഷയം   ആലോചിച്ചു   എപ്പോഴോ     ഉറങ്ങിപ്പോയി.. 




 





Saturday, 23 May 2015

ഋതുഭേദങ്ങളിലൂടെ ......



കുളി കഴിഞ്ഞു, ഏറെ പ്രിയമുള്ള കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്തു..ഇഷ്ട്ടദൈവത്തിനു മുന്നില്‍ വിളക്ക് കൊളുത്തി, മുകുളിതകരങ്ങള്‍ക്കൊപ്പം മിഴികളും കൂമ്പിയടഞ്ഞു.. ആവശ്യപ്പെടാനൊന്നുമില്ല, അല്ലെങ്കില്‍  തന്നെ ആഗ്രഹിച്ചതൊക്കെ  എന്നില്‍നിന്നും ചീന്തിയെടുക്കുകയല്ലാതെ ഒന്നും ഇതുവരെ തന്നനുഗ്രഹിച്ചിട്ടില്ലല്ലോ. എല്ലാം നിന്‍റെ തീരുമാനത്തിന്  ഞാനെന്നേ   വിട്ടു  തന്നിരിക്കുന്നു  എന്ന് മനസ്സില്‍പറഞ്ഞു.  അത് കേട്ടിട്ടെന്നോണം കള്ള കൃഷ്ണന്‍ ഒന്ന്  മന്ദഹസിച്ചോ  . 

നെറ്റിയില്‍  കളഭക്കുറി വരച്ചു ,   നിലകണ്ണാടിക്ക്  മുന്നില്‍ നിന്നു.  മുടിയില്‍  ചുറ്റിക്കെട്ടിയ ഈറന്‍  തോര്‍ത്ത്‌  അഴിച്ചപ്പോഴേക്കും   ജാലകവിരിക്കിടയില്‍  പതുങ്ങി നിന്ന  ഇളംകാറ്റ്  അവളുടെ  മുടിയിഴകള്‍ക്കിടയിലൂടെ   വിരലുകളോടിച്ചു    രണ്ടു മൂന്നു   വെള്ളി നൂലിഴകളെ  നെറ്റിയിലേക്ക്  പറത്തിവിട്ടു  കുസൃതിയോടെ  ഓടിപ്പോയി.

"കണ്‍തടങ്ങളില്‍  ഇരുള്‍  പരക്കാന്‍  തുടങ്ങിയിരിക്കുന്നു. ഇപ്പൊ  ദാ   തലമുടിയിലും  വെള്ളിത്തിളക്കം.  യാത്ര   തുടങ്ങിയിട്ട്  കുറെയായി. ഒന്നും  അറിഞ്ഞില്ല്യാന്നുണ്ടോ? "   കണ്ണാടിയിലെ   തന്‍റെ  നിഴലിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട് അവള്‍  വെറുതെ  ചിരിച്ചു. 

"ഒന്ന്  കാതോര്‍ക്കൂ..  വാര്‍ദ്ധക്യത്തിന്‍റെ പദനിസ്വനം   അടുത്തുവരുന്നതുപോലെ   തോന്നുന്നില്ലേ.. അതിങ്ങടുത്തെത്തും    അധികം   വൈകാതെ. " 

മുറ്റത്തെ   ആര്യവേപ്പിന്റെ  കാറ്റേറ്റ്, പൂമുഖത്തിണ്ണയിലെ  ചാരുകസേരയിലേക്ക്   ചാഞ്ഞു  കിടന്നവള്‍  ഓര്‍ത്തു.  പിഞ്ഞിക്കീറിയ  ഷിമ്മിയിട്ടു, കണ്ണി മാങ്ങ  പെറുക്കി, കൊതാംകല്ല് കളിച്ചു,  കഴുത്തില്‍  തോര്‍ത്തുമുണ്ട്  കെട്ടി  തോട്ടിലിറങ്ങി    പരല്‍മീനിനെ  പിടിച്ച കാലം, ആര്‍ത്തലച്ചു പെയ്യുന്ന  കര്‍ക്കിടമഴയില്‍ വരിവെള്ളത്തിലൂടെ   കടലാസ്  തോണി  ഒഴുക്കി കൈകൊട്ടി  ചിരിച്ച , നൊട്ടി നുണഞ്ഞു  മതിവരാത്ത കുട്ടിക്കാലം..

പിന്നീടെപ്പോഴോ  കാലം പുള്ളിപ്പാവാടയില്‍  ചോരപ്പൊട്ടുകള്‍ കൊണ്ട്  ചിത്രം  വരച്ചു. അഞ്ചാം നാള്‍  തൊട്ട് അരുതുകളുടെ ഘോഷയാത്രകള്‍ ഒന്നിനു പിറകെ  ഒന്നായി ..  ഉറക്കെ  ചിരിക്കരുത്,  കാലുരച്ചു  നടക്കരുത്, ആണ്‍കുട്ടികളോട് മിണ്ടരുത്..    മോഹവല്ലരികള്‍ക്ക്  പടര്‍ന്നു കയറാന്‍  കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തളിരിട്ട  മോഹങ്ങളൊക്കെയും  നുള്ളിയെറിഞ്ഞു.  വെച്ചു നീട്ടിയ  സ്നേഹത്തെ പെട്ടകത്തിലിട്ടു  പൂട്ടി  മനസ്സിന്‍റെ  തട്ടിന്‍പുറത്തിട്ടു.       കാലത്തിനൊപ്പം   മുന്നോട്ട്..  

കെട്ടുതാലിയില്‍ മുറുകെപ്പിടിച്ച്‌  കത്തിക്കാളുന്ന  വിശപ്പിനെ   തല്ലിക്കെടുത്താനുള്ള   തത്രപ്പാടില്‍    മനപ്പൂര്‍വ്വം  മറന്ന  യൌവ്വന കാലം . 

ഇപ്പോഴിതാ   വാര്‍ദ്ധക്യത്തിന്റെ  കാലൊച്ചക്ക് കാതോര്‍ത്ത് ..  അടുത്തെത്തും മുമ്പ്  ഒരിത്തിരി  കടമകള്‍ കൂടി  ചെയ്തുതീര്‍ക്കാനുണ്ട്.  അതുകഴിഞ്ഞാല്‍..  പോകാം  കാലത്തിന്റെ  കൈപിടിച്ച്  എങ്ങോട്ടെന്നില്ലാതെ   ഒരു യാത്ര.  ഒടുവില്‍ പുഴുക്കള്‍ക്ക്  ആഹാരമാവാന്‍ , അല്ലെങ്കില്‍  കത്തിയമര്‍ന്നു   ഒരു പിടി  ചാരമാവാനുള്ള    ദേഹത്തെയോര്‍ത്ത് എന്തിനു   വെറുതെ  വേവലാതിപ്പെടണം..   എന്തൊക്കെ  നേടി   എന്നൊരു  കണക്കെടുപ്പിനു  ഇതുവരെ  തുനിഞ്ഞിട്ടില്ല  എങ്കിലും   നഷ്ടങ്ങളൊക്കെ  ഓര്‍മ്മകളായി  കൂടെത്തന്നെയുണ്ട്‌..

ഞെട്ടറ്റു  വീഴാനൊരുങ്ങിയ   കണ്ണീര്‍മുത്തുകളെ  നേര്യതിന്റെ  കോന്തലകൊണ്ടു  ഒപ്പിയെടുത്ത്  വിദൂരതയിലേക്ക്  മിഴികള്‍  നട്ട് ആരെയോ  പ്രതീക്ഷിച്ചിട്ടെന്ന പോലെ   അവളിരുന്നു..  ചുറ്റിതിരിഞ്ഞെത്തിയ  ഇളം  കാറ്റ്   അവളെ തഴുകിയുറക്കി.





Friday, 15 May 2015

"അങ്ങനെ ഒരു മാമ്പഴക്കാലം" - വായനാനുഭവം



സാധാരണ ഗതിയില്‍  ബാല്യകാലസ്മരണകള്‍  ഇല്ലാത്തവരായി  ആരുമുണ്ടാവില്ല..  കടന്നുവന്ന വഴിത്താരകള്‍  ചിലര്‍ക്ക്  ദുരിതങ്ങള്‍  നിറഞ്ഞതാവാം.ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും    തുടര്‍ന്നുള്ള   ജീവിതത്തില്‍   അറിയാതെയെങ്കിലും  ഓര്‍ത്തുപോവുന്ന    കയ്പ്പേറിയ   അനുഭവങ്ങളാവുമ്പോള്‍   മറ്റു   ചിലര്‍ക്ക്  ബാല്യകാലം   മധുരമൂറുന്ന മാമ്പഴക്കാലമാവാം..    

കുതിച്ചു പായുന്ന ഇന്നത്തെ  ഇന്റര്‍നെറ്റ്‌   യുഗത്തില്‍   പുതുതലമുറക്ക്‌  അന്യമായിക്കൊണ്ടിരിക്കുന്ന   ബാല്യകാല സ്മരണകള്‍.   മാതാപിതാക്കള്‍    തങ്ങളുടെ  ബാല്യകാലസ്മരണകള്‍   പങ്കുവെക്കാന്‍   തുനിയുമ്പോള്‍,  ഇന്നത്തെ  തലമുറ അതൊന്നും  കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ,  ഇന്റര്‍നെറ്റില്‍  തലപൂഴ്ത്തി    ലോകം  വെട്ടിപ്പിടിക്കാനുള്ള  വ്യഗ്രതയില്‍  എന്തൊക്കെയോ  തിരയുന്ന  തത്രപ്പാടിലാണ്.

ജീവിതോപാധി  തേടി  പലവഴി പിരിഞ്ഞുപോയ  കുടുംബാംഗങ്ങളും  ബന്ധുക്കളും  ഒത്തുചേരുന്നത്  ഓണം,  വിഷു  ക്രിസ്തുമസ്   ആഘോഷവേളകളിലാണ്..   ഈ ഒത്തു ചേരലുകളാണ് ആഘോഷത്തിന്‍റെ  മാറ്റുകൂട്ടുന്നതും.. അണുകുടുംബങ്ങളിലെ  പുതുതലമുറക്ക്‌   ആഘോഷങ്ങളോടുള്ള  സമീപനങ്ങളും  നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്നു.     കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും   പറമ്പുകളിലും  മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ  ചോട്ടിലും   കുട്ടീം  കോലും   കളിച്ചും   കഞ്ഞീം  കറീം   വെച്ചും   മണ്ണപ്പം  ചുട്ടും നാമൊക്കെ അവധിക്കാലം   ആഘോഷിച്ചപ്പോള്‍     പുതുതലമുറ   ശീതീകരിച്ച  മള്‍ട്ടിപ്ലക്സുകളില്‍   ഇരുന്നു  ആക്ഷന്‍ ത്രില്ലറുകള്‍  കണ്ടും ഐസ് ക്രീം നുണഞ്ഞും   സായൂജ്യമടയുന്നു..  ശീതീകരിച്ച   മാളുകളില്‍  കയറിയിറങ്ങി, കീശ  കാലിയാക്കും  വിധം   വിദേശ  നിര്‍മ്മിത  ഇലക്ട്രോണിക്  കളിപ്പാട്ടങ്ങളും  വീഡിയോ  ഗൈമുകളും  വാങ്ങിക്കൂട്ടി   അവധിക്കാലത്തെ   തളച്ചിടുന്നു.
ബാല്യ കൗമാര സ്മരണകളെ താലോലിക്കുന്ന  ഓരോ  മനസ്സുകളെയും  തൃപ്തിപ്പെടുത്തിക്കൊണ്ട്    ശ്രീ  അജോയ് കുമാര്‍ എം. എസ്.  രചിച്ച  "അങ്ങനെയൊരു  മാമ്പഴക്കാലം"  എന്ന പുസ്തകം   ഈ  അടുത്തകാലത്ത്‌ വായിക്കാന്‍   കഴിഞ്ഞു. ഓര്‍മ്മകളെ എഴുതി ഫലിപ്പിക്കുക   എന്നതിനേക്കാള്‍  പ്രധാനമാണ് ഒറ്റ വായന കൊണ്ടുതന്നെ  കഥാപാത്രങ്ങളെ   വായനക്കാരുടെ   മനസ്സുകളില്‍   പ്രതിഷ്ഠിക്കുക എന്നത്.  കിളിക്കൂട്  പോലത്തെ  ഹെയര്‍സ്റ്റൈല്‍  സ്വന്തമായുള്ള, വാക്കുകള്‍   തെറ്റിച്ചു  പറഞ്ഞു  പലപ്പോഴും  അബദ്ധത്തില്‍  ചാടിക്കുന്ന, കുട്ടികളോടൊപ്പം  കൂട്ടുകൂടുന്ന  മുതിര്‍ന്നവനായ   മണിയന്‍  ചേട്ടന്‍, പിന്നെ  ഉണ്ണിയും   രാധയും  രാജുവും  ഗോപിയും   രാംഗോപാലും, രവിക്കുട്ടനുമൊക്കെ പുസ്തകത്തിന്‍റെ  ആദ്യാവസാനം   നിറഞ്ഞു  നില്‍ക്കുന്നു.  ലാളിത്യം   നിറഞ്ഞൊഴുകുന്ന   ശൈലിയില്‍,  അനുപാതക്രമത്തില്‍   ഹാസ്യരസം  ചേര്‍ത്ത് പതിമൂന്നു   വിഭവങ്ങളുണ്ടാക്കി  വിളമ്പിയിരിക്കുന്നു  "അങ്ങനെ  ഒരു മാമ്പഴക്കാലത്തില്‍".  ഒന്നിനൊന്നു മെച്ചപ്പെട്ട   ഓരോ  ലേഖനത്തിലൂടെയും   വായന  വളരുമ്പോള്‍ എവിടെയെങ്കിലുമൊക്കെ  വെച്ച്  നമുക്കോരോരുത്തര്‍ക്കും നമ്മുടെ  ബാല്യകാലത്തെ   തിരിച്ചു  തരുന്നുണ്ട്  എഴുത്തുകാരന്‍ .   ചിരിക്കാന്‍  ഒരുപാട് വിഭവങ്ങള്‍  ഒരുക്കിയിട്ടുള്ള  ഈ പുസ്തകത്തിലെ  ഓരോ  കുറിപ്പുകളിലും  ഇരുത്തി  ചിന്തിപ്പിക്കുന്ന   വാസ്തവങ്ങളുണ്ട്.  അറിയാതെ  കണ്ണുകളില്‍ ഈറന്‍  പടര്‍ന്നു ,   ഗദ്ഗദം  തൊണ്ടയില്‍  കുരുങ്ങുമ്പോള്‍  നിമിഷങ്ങളോളം  പുസ്തകം  അടച്ചുവെച്ചു  കുറച്ചു  നിമിഷം കണ്ണടച്ചിരുന്നുപോകുന്ന അവസ്ഥയിലെത്തിപ്പോകാറുണ്ട്.

വെക്കേഷന്‍ കാലത്ത് നാട്ടില്‍   വരുന്ന  അമ്മാവനെയും  കുടുംബത്തെയും പരിചയപ്പെടുത്തുന്നതിനോപ്പം  നാട്ടിലുള്ള  ഒട്ടുമിക്ക  സൈക്കിള്‍  യാത്രക്കാരെയും  ഇടിച്ചു  തെറിപ്പിച്ചു  കൊണ്ടുള്ള  അമ്മാവന്‍റെ   ഡ്രൈവിംഗ്   പ്രാവീണ്യവും,  ഓടിച്ചിരുന്ന   കാറിനെക്കുറിച്ചുള്ള   വര്‍ണ്ണനകള്‍ക്കൊടുവില്‍  "ആ  വാഹനത്തില്‍  ശബ്ദം  പുറപ്പെടുവിക്കാത്ത  ഏക  സാധനം  ഹോണ്‍ മാത്രമായിരുന്നു"എന്ന  വരികളില്‍  തട്ടിത്തടഞ്ഞു  വീണു  ചിരിക്കാത്തവര്‍   ഉണ്ടാവില്ല.

വനിതാ   വായനശാലയില്‍  " ഡ്രാക്കുള " ബുക്ക്‌   തേടി കുടുങ്ങിപ്പോയ   രവിക്കുട്ടനും  മണിയന്‍ ചേട്ടനും,  ആദ്യമായി   വ്രതമെടുത്ത്   ശബരിമലക്ക്  പോയ  "കഞ്ഞി  അയ്യപ്പ"ന്മാരുടെ  വിശേഷങ്ങളും,  മുടിവെട്ടും, പല്ലുപറിയും,  വെളിച്ചപ്പാട്   കുട്ടന്‍ പിള്ളയുടെ  തുള്ളലും   ആഗോള  സംഭവമാക്കി കുടുകുടെ  ചിരിപ്പിക്കുന്ന  ഒട്ടേറെ  മുഹൂര്‍ത്തങ്ങള്‍ക്കിടക്കും  നാമറിയാതെ നോവാകുന്ന,   കണ്ണുകളെ   ഈറനണിയിക്കുന്ന   ഒരു  പിടി  കഥാപാത്രങ്ങളും  പൊള്ളുന്ന   ഓര്‍മ്മകളാവുന്നു ..

അതിഥികള്‍  പാലിക്കേണ്ട  ഔപചാരികതകളെക്കുറിച്ച് വേണ്ടത്ര  അറിവില്ലാതിരുന്ന  കൊച്ചു കുട്ടിക്ക്  വിരുന്നു  ചെന്ന  വീട്ടില്‍  വെച്ച്   ആര്‍ത്തിയോടെ  മാമ്പഴം   വാരിവാരിത്തിന്നതിനു,  ആരും  കാണാതെ  കാല്‍ നഖം  കൊണ്ട്  മുറിവേല്‍പ്പിച്ച  അമ്മാവന്‍..  തൊലിപ്പുറത്തുള്ള  മുറിപ്പാട്   കാലം  മായ്ച്ചു  കളഞ്ഞെങ്കിലും   മനസ്സിലിപ്പോഴും   ചോര  പൊടിക്കുന്ന  ഓര്‍മ്മകളുമായി,  നിഷ്കളങ്കതക്കേറ്റ  മുറിപ്പാടുകളുമായി  കൊച്ചു   രവിക്കുട്ടന്‍  നമ്മുടെ  മുന്നില്‍  കണ്ണീരോടെ   നില്‍ക്കുന്നത്  കാണാം.

"ഒരു ലോഡ്ജ് മുതലാളി" എന്ന ലേഖനത്തിന്‍റെ അവസാന ഭാഗത്തില്‍  പരിചയപ്പെടുത്തുന്ന  മിഠായി ഭ്രാന്തന്‍   ഏവരുടെയും  കണ്ണു  നനയിക്കും.   പേടിയോടെ  അകലെനിന്നു മാത്രം  വീക്ഷിച്ചിരുന്ന  ഭ്രാന്തനോട്  ഒരുനാള്‍   അടുപ്പം   തോന്നുകയും,   ഏറെ നാളത്തെ  ആലോചനക്കു  ശേഷം  ഭ്രാന്തന്  പൊതിച്ചോറുമായി   വന്നപ്പോഴേക്കും   ഭ്രാന്തന്‍ മരിച്ചുപോവുകയും  ചെയ്ത സംഭവം,  "കാലം   ആര്‍ക്കുവേണ്ടിയും  കാത്തുനില്‍ക്കില്ലെന്നും,  സഹായമോ  സ്നേഹമോ  എന്ത് തന്നെയായാലും  അതാതു  സമയത്ത്  ചെയ്തു തീര്‍ക്കാന്‍  കഴിഞ്ഞില്ലെങ്കില്‍   അടുത്ത നിമിഷം,  കൊടുക്കെണ്ടവരോ  വാങ്ങേണ്ടവരോ ഇല്ലാതായാല്‍ അത് ജീവിതകാലം  മുഴുവന്‍  കുറ്റബോധമായി  നമ്മെ   പിന്തുടരുമെന്നുള്ള     ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു 

കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്  കളിക്കാന്‍  കൂടാത്തതിന്  ജോസ്  എന്ന വികലാംഗനായ കുട്ടിയെ  അഹങ്കാരിയെന്നും  മറ്റും    പറഞ്ഞു  കളിയാക്കി.  പിന്നീട്  ഗുരുതരമായ  അസുഖം  ബാധിച്ചു  മരിച്ചു പോയ ജോബിന്റെ  ആഗ്രഹപ്രകാരം  ഈ പിള്ളേര്‍ ടീമിന്  സമ്മാനമായി  കൊടുക്കാനായി അമ്മയെ  പറഞ്ഞേല്‍പ്പിച്ച   ക്രിക്കറ്റ് കിറ്റും വാങ്ങി, കനം തൂങ്ങിയ  മനസ്സോടെ  കൂട്ടുകാര്‍   പടിയിറങ്ങുമ്പോള്‍ കാര്യമറിയാതെ  ആരെയും   വിമര്‍ശിക്കരുതെന്ന   ഒരു  അനുഭവ പാഠം  കൂടി പറഞ്ഞു  വെക്കുന്നു.

കാശു നഷ്ട്ടപ്പെട്ടുപോയത് കൊണ്ട്  ഓര്‍ഡര്‍ ചെയ്ത  ദോശയും  വടയും  കഴിക്കാതെ സങ്കടത്തോടെ  കൂട്ടുകാര്‍ക്കിടയില്‍  നിന്നു എഴുന്നേറ്റ് പോകേണ്ടി  വന്നതും, ചായക്കട നടത്തിയിരുന്നയാള്‍  തിരിച്ചു  വിളിച്ചു   സ്നേഹത്തോടെ  ദോശ  കഴിപ്പിച്ചതും,  കാലങ്ങള്‍ക്കിപ്പുറം  അവിചാരിതമായി  കാണാനിടയായ,   പട്ടിണിയുടെ  നടുവില്‍  നട്ടം  തിരിയുന്ന വൃദ്ധരായ  ആ  പഴയ  ചായക്കട ദമ്പതികള്‍ക്ക്   വയറു  നിറയെ  ഭക്ഷണം   വാങ്ങിക്കൊടുത്തു ആത്മസംതൃപ്തി നേടിയതും  ഹൃദയ സ്പര്‍ശിയായി  വിവരിച്ചിരിക്കുന്നു.
 
കുഞ്ഞിക്കൈകളില്‍   ചാമ്പക്കയുമായി "അജ്മാറെ"  എന്ന്   വിളിച്ചോടി  വന്നിരുന്ന, ബുദ്ധി  വികസിച്ചിട്ടില്ലാത്ത  ബിന്ദു  എന്ന പെണ്‍കുട്ടിയുടെ  നിഷ്കളങ്ക സ്നേഹത്തിനു  മുന്നില്‍  അകാരണമായി  മുഖം  തിരിച്ചതിന്റെ   കുറ്റബോധം ,  ബിന്ദു  മരിച്ചു  കാലങ്ങള്‍ക്ക്  ശേഷവും  കഥാകാരന്‍റെ മനസ്സിലും  ഒപ്പം  വായനക്കാരുടെ   മനസ്സിലും  ഒരു നീറ്റലായി അവശേഷിക്കുന്നു.  

"മഞ്ഞുതുള്ളിപോലൊരു സുഹൃത്ത്" എന്ന  ഓര്‍മ്മക്കുറിപ്പില്‍,  സ്കൂളില്‍  ഉപ്പുമാവ്  ഉണ്ടാക്കി  വിളമ്പിയിരുന്ന പൊന്നമ്മയും അവരുടെ  ബുദ്ധിവികാസമില്ലാത്ത മകന്‍ ചക്ക  ശശിയും. വാര്‍ദ്ധക്യ കാലത്ത്   നിവര്‍ത്തികേടുകൊണ്ട്  മകന്   വിഷം  കൊടുത്തു   സ്വയം  ആത്മഹത്യ   ചെയ്ത പൊന്നമ്മയെന്ന   അമ്മയുടെ  കഥ    ആരുടേയും  കരളലിയിക്കും.

എത്ര   തിന്നാലും  മതിവരാത്ത  തേനൂറും   ചക്കര  മാമ്പഴം   പോലെ,  വായിക്കുന്തോറും  ഇനിയുമിനിയും     വായിക്കണമെന്ന  തോന്നല്‍   ഓരോ  വായനക്കാരന്‍റെ  മനസ്സിലുമുളവാക്കും  വിധത്തിലുള്ള   രചനാ ശൈലി  ഈ  പുസ്തകത്തിന്‍റെ    എടുത്തുപറയേണ്ട   പ്രത്യേകതയാണ്.  ദഹനക്കേടുണ്ടാക്കുന്ന ഭാരിച്ച  സാഹിത്യത്തിന്‍റെ  അതിപ്രസരമില്ലാതെ, മുതിര്‍ന്നവര്‍ക്കും   കുട്ടികള്‍ക്കും  ഒരുപോലെ   നുണഞ്ഞാസ്വദിക്കാവുന്ന  ഒരു അക്ഷരകനിയാണ്  "അങ്ങനെ  ഒരു മാമ്പഴക്കാലം".

നഷ്ടബാല്യത്തിന്റെ   നിറം മങ്ങാത്ത  ഓര്‍മ്മകളിലേക്ക്  കൈപിടിച്ച്  കൊണ്ടുപോകുന്ന   ഈ പുസ്തകം 2011 ലെ  മികച്ച  ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ട്  അവാര്‍ഡ്, ഇന്ത്യന്‍  റൂമിനേഷന്‍സ് അവാര്‍ഡ്  എന്നിവ  നേടിയതില്‍ ഒട്ടും അതിശയപ്പെടെണ്ടതില്ല..  അത്രക്കും   ആസ്വാദ്യകരമായ   രചനയാണ്.

തനിക്കു മാത്രം  സ്വന്തമായൊരു   ശൈലിയിലൂടെ  വായനക്കാരുടെ  മനസ്സില്‍ സ്ഥാനം  നേടിയ   ശ്രീ   അജോയ്കുമാര്‍ എം. എസ്.  നു   എല്ലാ  വിധ  ഭാവുകങ്ങളും   നേരുന്നു. ..!!!