Thursday, 23 January 2014

ചില കലോത്സവചിന്തകള്‍..







കലാപ്രതിഭകള്‍ പൂത്തുലഞ്ഞു സുഗന്ധപൂരിതമാക്കിയ പാലക്കാടന്‍ കലോത്സവ വേദി. കരിമ്പനക്കാറ്റിന്‍റെ തലോടലേറ്റ്, വയലേലകളുടെ വര്‍ണ്ണക്കാഴ്ചകളുമായി, ലോകപ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസ ഭൂമി, എന്‍റെ സ്വന്തം പാലക്കാട്‌ ആതിഥ്യമേകുന്നു. വര്‍ണ്ണിക്കാനിനിയും പാലക്കാടിന് മഹിമകള്‍ ഏറെ..!!!

കലോത്സവ മൈതാനിയില്‍  വിവിധ വേദികളിലായി ആയിരക്കണക്കിന് പ്രതിഭകള്‍ തങ്ങളുടെ കഴിവിന്‍റെ മാറ്റുരക്കുമ്പോഴും കലാസ്വാദകരുടെ ഉള്ളില്‍ നിന്നും ഒരുപാട് ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അലഞ്ഞുതിരിയുന്നു. 

അവതരിപ്പിച്ചു ഫലിപ്പിക്കാമെന്ന  ആത്മ വിശ്വാസത്തോടെ ഒരു കുട്ടി ഒരു കല തിരഞ്ഞെടുത്ത്, അതില്‍ പരിശീലനം നേടി വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ - അത് ഭരതനാട്യമോ, കുചിപ്പുടിയോ, തിരുവാതിരക്കളിയോ, ഒപ്പനയോ, ഓട്ടംതുള്ളലോ, അര്‍ബനമുട്ടോ എന്തുമാവട്ടെ, കുറഞ്ഞ പക്ഷം ആ കലയുടെ ഉത്ഭവത്തെപ്പറ്റിയോ, അതിന്‍റെ അടിസ്ഥാനതലങ്ങളെ കുറിച്ചോ ജ്ഞാനം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.  ഇത്തരം കലോത്സവങ്ങളില്‍ ഭാഗഭാക്കാവുമ്പോള്‍  പ്രത്യേകിച്ചും.  ജനപങ്കാളിത്തം ഏറെയുള്ള ഇത്തരം കലോത്സവങ്ങളില്‍, കാഴ്ചക്കാരായ ആസ്വാദകരുടെ മുഖഭാവങ്ങള്‍ വരെ ക്യാമറാകണ്ണുകള്‍ ഒപ്പിയെടുത്തു, അവരുടെ അഭിപ്രായങ്ങളും ദൃശ്യ മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങള്‍ വഴിയും ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തുന്നുണ്ട്. ശക്തമായ വിലയിരുത്തലുകള്‍ നടക്കുന്നുണ്ട്.  ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് വേണം  ഓരോ കുട്ടിക്കും പരിശീലനം കൊടുക്കേണ്ടതും അവരെ വേദിയില്‍ എത്തിക്കേണ്ടതും.. ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഗുരുനാഥന്മാര്‍ക്കും രക്ഷിതാക്കള്‍ക്കും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. 

ഈയൊരു കുറിപ്പ് എഴുതാനുണ്ടായ കാരണം ഇതാണ്. കലോത്സവം തുടങ്ങിയ നാള്‍ മുതല്‍ ദിവസേന കുറച്ചു സമയം ഞാനും ടി. വി. ചാനലുകളിലൂടെ കലോത്സവ മൈതാനിയില്‍ നടക്കുന്ന സംഭവങ്ങള്‍ വീക്ഷിക്കാറുണ്ട്. ഇന്നു രാവിലെ ഒരു തിരുവാതിരക്കളി ടീമിനോട് ഒരു ചാനല്‍ പ്രവര്‍ത്തക ചോദിച്ച ചോദ്യങ്ങള്‍ക്ക് കുട്ടികളുടെ പ്രതികരണം കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയില്‍  ഇരുന്നു പോയി.  "എന്താണ് ദശപുഷ്പം എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലവിധം.. ഒറ്റപ്പൂവ്, ഏതെങ്കിലും പത്തു പൂവ്, മുല്ല, ചെമ്പകം, ചെമ്പരത്തിയെയും    ശംഖുപുഷ്പത്തെയും വരെ ഒഴിവാക്കിയില്ല.   "ഒരു ക്ലൂ തരാമോ" എന്ന്  ചോദിച്ചവരും  ഉണ്ടായിരുന്നു ടീമില്‍.  

"പാതിരാപൂ ചൂടല്‍" എന്തെന്ന ചോദ്യത്തിനും  ഉടനടിയുണ്ടായി ഉത്തരം.
"പാതിരാത്രിക്ക് വിരിയുന്ന ഒരു പൂവ് പറിച്ചെടുത്തു തലയില്‍ വെക്ക്വ.. അത്രേന്നേ" ..  എന്തു രസകരമായ ഉത്തരം അല്ലെ.. ?  മുത്തശ്ശിക്കഥകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും കേട്ടു തഴമ്പിച്ച നമ്മുടെ കേരളത്തിന്‍റെ സ്വന്തം കലയായ തിരുവാതിരക്കളിയെ കുറിച്ച്  പുതു തലമുറയിലെ കലാകാരികള്‍ക്ക് ഉള്ള   അറിവ് ദയനീയം എന്നല്ലാതെ എന്തു പറയാന്‍..!!!

സംസ്കൃതത്തിലും ഉറുദുവിലും മനോഹരമായി ഗാനം ആലപിച്ച ടീം അംഗങ്ങളില്‍ ഒരു കുട്ടിക്ക് പോലും ഒരു വരിയുടെയെങ്കിലും  അര്‍ത്ഥം അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്നതും വ്യസനത്തോടെയേ കാണാന്‍ കഴിഞ്ഞുള്ളു.  ഇത്തരം അവസ്ഥകള്‍ക്ക് ആരാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികള്‍..? 

ഇത്തരം കലാമേളകള്‍ വെറും മത്സരവേദികളായി മാറി കൊണ്ടിരിക്കുമ്പോള്‍ പോയിന്‍റുകള്‍ വാരിക്കൂട്ടാന്‍ മാത്രം വ്യഗ്രതപ്പെടുമ്പോള്‍ അവിടെ കലയുടെ ആത്മാവിനു നാശം സംഭവിക്കുന്നു..  തകര്‍ന്നടിയുന്ന കലയുടെ മൂല്യച്യുതിയോര്‍ത്ത് ഒരു കൂട്ടര്‍ വിലപിക്കുന്നുണ്ടെന്നുള്ള വസ്തുത സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.. ഒരായുഷ്ക്കാലം മുഴുവന്‍ കലയെ ഉപാസിച്ച, ഊണും ഉറക്കവും ഉപേക്ഷിച്ചു കലയെ ഊട്ടി വളര്‍ത്തിയ കലോപാസകര്‍, ഗുരുനാഥന്‍മാര്‍.. അവരുടെ കലാഹൃദയം ഇതെല്ലാം കണ്ടു തേങ്ങുന്നുണ്ടാവാം, എങ്ങലടിക്കുന്നുണ്ടാവാം , നിശ്വാസങ്ങളു-തിര്‍ക്കുന്നുണ്ടാവാം.. 

കലാവാസന ജന്മസിദ്ധമാണ്, ദൈവീകമാണ്. അത്തരം കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവിനെ പരിപോഷിപ്പിച്ചു കലാലോകത്തിന് സമര്‍പ്പിക്കേണ്ടത് ഗുരുനാഥന്മാരുടെയും രക്ഷിതാക്കളുടെയും കടമയാണ്.. ചമയങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന തങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ മുന്നിലെത്തിക്കാനും, മെഡലുകള്‍ സ്വീകരണമുറികളിലെ ചില്ലുകൂട്ടില്‍ പ്രദര്‍ശനവസ്തുവാക്കി മാറ്റാനും വേണ്ടി, കൈക്കൂലി കൊടുത്തും ഉന്നതന്മാരില്‍ സ്വാധീനം ചെലുത്തിയും വിധി കര്‍ത്താക്കളെ വിലക്കെടുക്കുന്ന മാതാപിതാക്കളും,  നാണയകിലുക്കത്തില്‍ അന്ധരും ബധിരരും ആയി സ്വന്തം മനസ്സാക്ഷിയെ പണയപ്പെടുത്തുന്ന വിധി കര്‍ത്താക്കളും ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട്.. കല.. അതൊരു കച്ചവട ചരക്കല്ല.. മൂല്യ നിര്‍ണ്ണയം കലയോടാവണം, കലകാരിയോടോ/ കലകാരനോടോ ആവരുത്.   കലക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിവേചനമില്ല.  

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുപാട് മിടുക്കന്മാരും മിടുക്കികളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. കാലില്‍ ചിലങ്കയണിയാന്‍ കൊതിക്കുന്ന, വാദ്യോപകരണങ്ങളില്‍ വിസ്മയം തീര്‍ക്കാന്‍ കൊതിക്കുന്ന, പണത്തിന്‍റെ അഭാവത്തില്‍ തങ്ങളുടെ മോഹങ്ങള്‍ മനസ്സില്‍ തന്നെ കുഴിച്ചു മൂടാന്‍ വിധിക്കപ്പെട്ട ഒട്ടനവധി പ്രതിഭകള്‍..  ചാരം മൂടി കിടക്കുന്ന അത്തരം  രത്നങ്ങളെ കണ്ടെത്തി, ചെത്തി മിനുക്കി കലാലോകത്തിന് സംഭാവന ചെയ്യാന്‍ വേണ്ടി കൂടിയാവട്ടെ ഇത്തരം കലോത്സവങ്ങള്‍.. 

നൂപുരധ്വനികള്‍ ഉയരട്ടെ, താളമേളങ്ങള്‍ അലയടിക്കട്ടെ  മലയാളക്കരയിലും മലയാളി മനസ്സുകളിലും..  !!!

എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും, വിജയികള്‍ക്കും കലാകേരളത്തിനും എന്‍റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍..!!!!

- പത്മശ്രീനായര്‍.


5 comments:

  1. കാലില്‍ ചിലങ്കയണിയാന്‍ കൊതിക്കുന്ന,
    വാദ്യോപകരണങ്ങളില്‍ വിസ്മയം തീര്‍ക്കാന്‍ കൊതിക്കുന്ന,
    പണത്തിന്‍റെ അഭാവത്തില്‍ തങ്ങളുടെ മോഹങ്ങള്‍ മനസ്സില്‍ തന്നെ കുഴിച്ചു മൂടാന്‍ വിധിക്കപ്പെട്ട ഒട്ടനവധി പ്രതിഭകള്‍..
    ചാരം മൂടി കിടക്കുന്ന അത്തരം രത്നങ്ങളെ കണ്ടെത്തി,
    ചെത്തി മിനുക്കി കലാലോകത്തിന്
    സംഭാവന ചെയ്യാന്‍ വേണ്ടി കൂടിയാവട്ടെ ഇത്തരം കലോത്സവങ്ങള്‍....

    ReplyDelete
  2. പണമുണ്ടാക്കാന്‍ മാത്രം തിരക്ക് കൂട്ടുന്ന മത്സരങ്ങള്‍ മാത്രമായി മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും മാറിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ്‌ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവിടെ സമയമില്ല, ഓര്‍ത്തുവെക്കാന്‍ ഓര്‍മ്മകള്‍ നേര്‍ത്ത്‌ വരുന്നു, അറിയേണ്ടവ അപ്പോള്‍ തന്നെ വിരല്‍തുമ്പിലൂടെ അറിയുകയും അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു, യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ജീവിതത്തില്‍ ഒര്ത്തുവെക്കല്‍ അധിക ബാധ്യതയായി തീരുന്നു.
    എല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ അപ്പോഴത്തേക്കു മാത്രം എന്ന ചിന്ത മുന്നിട്ടുവരുന്നു. അതെല്ലായിടത്തും സ്വാധീനം ചെലുത്തുന്നു.

    ReplyDelete
  3. യുവജനോത്സവം രക്ഷകര്തകക്ളുടെ മത്സരം ആയി മാറിയിരിക്കുന്നു,അനാരോഗ്യകരമായ പ്രവണതകള്‍ നിരവധിയാണ്.ചിലര്‍ക്ക് ഗ്രസ് മാര്‍ക്ക് ലക്ഷ്യം ചിലര്‍ക്ക് കുറച്ചു പ്രശസ്തി അതിനും അപ്പുറം കലയെ ആത്മാര്‍ഥമായി സ്നേഹിക്കാന്‍ ആരുമില്ലാതായി.വിധിനിര്‍ണ്ണയം പലപ്പോഴും കൈക്കൂലി വഴിയാകുന്നു.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഗുരുക്കന്മാര്‍ക്കും എല്ലാം അസഹിഷ്ണുത,അതുകൊണ്ട് ഓരോ മത്സര ഫലം വരുമ്പോഴും ആക്രോശവും തെറി വിളിയും പരസ്പരമുള്ള ചെളിവരിയെരിയാലും..

    ReplyDelete
  4. തീര്‍ച്ചയായും കലാനൈപുണ്യമുള്ള പലര്‍ക്കും സാമ്പത്തികപരാധീനത കാരണം അവരുടെ കഴിവ് വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയുന്നില്ല. ജില്ലാകലോത്സവത്തിന്റെ അപ്പീല്‍ അവസരത്തില്‍ കഴിഞ്ഞ തവണ പങ്കെടുക്കാതിരുന്നത് ബസ്ഫെയര്‍ ഇല്ലാതിരുന്നത് കൊണ്ടാണെന്ന് ഒരു കുട്ടി പറഞ്ഞത് കേട്ട് എന്റെ നെഞ്ചകം വിങ്ങി. ചിലപ്പോള്‍ അവന്‍ നുണപറഞ്ഞതാകുമോ എന്ന് ഒരു മാത്ര ഞാന്‍ സംശയിച്ചു.

    ReplyDelete
  5. ഞാനും ആ തിരുവാതിര കളിച്ച കുട്ടികളോടുള്ള ചോദ്യം കേട്ടതാണ്. ശരിക്കും നമ്മള്‍ സങ്കടപ്പെട്ടു പോകും ആ ഉത്തരങ്ങള്‍ കേട്ടാല്‍...!

    ReplyDelete