Wednesday, 26 February 2014

റേഡിയോ പുരാണം...!!





കുട്ടിക്കാലത്തുള്ള റേഡിയോ പ്രേമത്തെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ ട്ടോ.. ചിലപ്പോ കൂടീന്നും ഇരിക്കും.. അങ്ങട് സഹിക്ക്യന്നെ.. 

ടെലിവിഷന്‍ സാധാരണക്കാരുടെ വിദൂരസ്വപ്നമായിരുന്ന എന്റെ കുട്ടിക്കാലത്ത്, വിനോദത്തിനും വിജ്ഞാനത്തിനും, പുറംലോകവുമായി ബന്ധം സ്ഥാപിക്കാനും ഉള്ള ഒരേയൊരു മാധ്യമം ആയിരുന്നു റേഡിയോ..എന്തേ പത്രം വായിക്കാറില്ലായിരുന്നോ എന്നൊന്നും ഇടയ്ക്കു കേറി ചോയ്ക്കണ്ട..

അതിരാവിലെ, എന്ന്വെച്ചാ ഒരു ആറു മണിയോടടുപ്പിച്ചു പ്രത്യേക ശബ്ദത്തില്‍ കൂക്കി വിളിച്ചു വന്ദേമാതരം പാടി തുറക്കുന്ന തൃശ്ശൂര്‍ സ്റ്റേഷന്‍, തുടര്‍ന്ന് വരുന്ന സുഭാഷിതം ഇന്നത്തെ എന്റെ പ്രഭാതഭേരിയുടെ ഓര്‍മ്മകളുണര്‍ത്തുന്നു. അതിരാവിലെയുള്ള മുറ്റമടിയും ചാണക വെള്ളം തളിച്ച് ശുദ്ധീകരണം നടത്തലും എന്റെ വകുപ്പായത് കൊണ്ട്, ഇടതു കൈയ്യില്‍ ട്രാന്‍സിസ്റ്ററും (റേഡിയോക്ക് ചിലര് അങ്ങനേം പറയും) വലതു കൈയ്യില്‍ 'ആപ്പിന്റെ' ചിഹ്നമായ ചൂലുമായി കര്‍മ്മ പരിപാടികള്‍ തുടങ്ങുകയായി. ഹിന്ദു-മുസ്ലിം-ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പ്രഭാത വന്ദനമെന്ന പരിപാടിയിലൂടെ ഹൃദയത്തിലെക്കൊഴുകിഎത്തുമ്പോള്‍ അവാച്യമായൊരു ആത്മീയാനുഭൂതി അനുഭവിച്ചിരുന്നു. അതുകൊണ്ടാവാം ഈയിടെയായി ആത്മീയ ചിന്തകള്‍ കൂടി വരുന്നു.. "അമ്മേ അമ്മേ " എന്നൊരുള്‍വിളി കേള്‍ക്കാന്‍ തുടങ്ങീട്ടു കുറച്ചീസായി..

എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന "ഉഗ്രരൂപിണിയായ" ഗായികയെ കണ്ടെത്തിയതും അക്കാലത്ത് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ലളിത സംഗീത പാഠമാണ്. റേഡിയോക്കുള്ളില്‍ ഇരുന്നു അഞ്ജാതനായ ഏതോ പാട്ട് മാഷ്‌ വരികള്‍ ചൊല്ലിതരും. ഇടതു കൈയ്യിലെ ഓട്ടുഗ്ലാസ്സില്‍ ഇളം ചൂടുള്ള ചായ ഊതിയൂതി കുടിച്ചു, ഞാന്‍ ഏറ്റുപാടും.

"രാവില്യന്നെ ഇതിന്‍റെ മുമ്പില് കുത്തിയിരിക്കാണ്ട് പോയി തൊഴുത്തിലെ ചാണകം വാരിയിടെടീ" എന്ന അമ്മയുടെ ആക്രോശവുമുണ്ടാവും ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ആയിട്ട്. റസൂല്‍പൂക്കുട്ടിയുടെ സൌണ്ട് മിശ്രിതം തോറ്റുപോവുന്ന മദറിന്റെ ഗര്‍ജ്ജനം..

ആകാശവാണി .. തിരുവനന്തപുരം തൃശ്ശൂര്‍ ആലപ്പുഴ, കോഴിക്കോട്.. വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.. പ്രാദേശിക വാര്‍ത്തകള്‍ക്കും കൌതുക വാര്‍ത്തകള്‍ക്കും ജീവന്‍ കൊടുത്തിരുന്ന പ്രൌഡ ഗംഭീരമായ ആ ശബ്ദം ന്യൂ ജനറേഷന്‍ അല്ലാത്ത മലയാളികള്‍ മറന്നു കാണാന്‍ വഴിയില്ല എന്നല്ല കഴിയില്ല എന്നതാണ് വാസ്തവം.

സ്വീകരണമുറിയിലെ മിനി സ്ക്രീനില്‍ 'നമ്മള്‍ തമ്മില്‍' എന്ന പരിപാടിയിലൂടെ വെട്ടിലിനെ പോലെ ചാടിച്ചാടി നടക്കുന്ന ആര്‍. ശ്രീകണ്ഠന്‍ നായരെ എത്രയോ കാലം മുമ്പ് തന്നെ ശബ്ദ വീചികളിലൂടെ പരിചയപ്പെടുത്തിയതും തുകല്‍ കുപ്പായമിട്ട, നാല് ഏവരെഡി ബാറ്ററിയെ ഗര്‍ഭം ധരിച്ച ഈ പാട്ടുപെട്ടിയായിരുന്നു.

ഓട്ടംതുള്ളല്‍, അയ്യപ്പന്‍ പാട്ട്, അര്‍ബ്ബനമുട്ട്, വി. ഡി. രാജപ്പന്റെയും സാംബശിവന്‍റെയും കഥാപ്രസംഗം, കോല്‍ക്കളി, നാടക ഗാനങ്ങള്‍ പഞ്ചവാദ്യം, തായമ്പക, അക്ഷരശ്ലോകം, പുള്ളുവന്‍പാട്ട്, തുടങ്ങിയ കലാസാംസ്കാരിക പരിപാടികളും, ഡോക്ടറോട് ചോദിക്കാം തുടങ്ങിയ വിജ്ഞാനപ്രദമായ പരിപാടികളും, അര മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ശ്രോതാക്കളിലേക്ക് എത്തിക്കാന്‍ റേഡിയോ നിലയങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നത് ശ്ലാഘനീയം തന്നെ. ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ നിന്നുയരുന്ന ആളുകളുടെ ആഹ്ലാദാരവങ്ങളില്‍ നിന്നും കപില്‍ദേവും രവിശാസ്ത്രിയും ഗവാസ്കറും ഒക്കെ എടുത്ത സ്കോര്‍ എത്രയെന്നു എളുപ്പത്തില്‍ അറിയാമായിരുന്നു.

വെണ്ട വിത്ത് നടാനും വാഴക്കു വെള്ളമൊഴിക്കാനും വഴുതനക്ക് വളമിടാനും ഒക്കെ പരിശീലിച്ചതിനു പുറമേ വയലും വീടും പരിപാടിക്കിടക്ക് ഉണ്ടായിരുന്ന ഒരു പരസ്യം എന്നെ വളരെയധികം സ്വാധീനിച്ചു എന്ന് മാത്രമല്ല ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.. വണ്ടറടിക്കണ്ട.. ദിതാണ് പരസ്യം..

കാക്കക്ക് തന്‍ കുഞ്ഞും പൊന്‍കുഞ്ഞാണെ
അമ്മക്ക് തന്‍ കുഞ്ഞ് തങ്കക്കുടം..
തങ്കക്കുടത്തിന് പൊട്ടു വേണ്ടാ
വീണ്ടുമൊരുണ്ണി അടുത്തു വേണ്ട.

ഞായറാഴ്ചകളില്‍ രാത്രി എട്ടു മണിക്ക്"എഴുത്തുപെട്ടി" എന്നൊരു പരിപാടി ഉണ്ടായിരുന്നു. ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും അതിലൂടെ സ്ഥിരമായി വായിക്കുന്ന കുറെ ശ്രോതാക്കളുടെ പേരുകളും കേട്ടപ്പോള്‍ "ഉണ്ടിരിക്കുന്ന രണ്ടു നായര് പെണ്‍കുട്ടികള്‍ക്കും ഒരു വിളി കേട്ടു."

അങ്ങാടിയില്‍ സാധനങ്ങള്‍ മേടിക്കാന്‍ പോണ വകയില്‍ മുട്ടായി മേടിക്കാന്‍ പോക്കറ്റ് മണിയായി കിട്ടുന്ന പത്തു പൈസാ തുട്ടുകള്‍ കൂട്ടി വെച്ച് പോസ്റ്റ്‌ കാര്‍ഡുകളില്‍ പരിപാടികളെ കുറിച്ചുള്ള ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ആകാശവാണിയിലേക്ക് എഴുതി.. മുട്ടായിക്ക് പകരം, തേക്കിലയില്‍ പൊതിഞ്ഞു കെട്ടിയ ശര്‍ക്കര പൊതി, വിരലിട്ടു തുരന്നു അച്ചുവെല്ലം കട്ടു തിന്നതിന് അടി കിട്ടിയ ചരിത്രവും ഏറെ. ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ യാതൊരു വിലയും കല്‍പ്പിക്കാതെ ആകാശവാണിക്കാര്‍ നിഷ്ക്കരുണം തള്ളിയപ്പോള്‍ ഞങ്ങള്‍ക്ക് വാശിയേറി. അവസാനം ഒരു ഭീഷണിക്കത്ത് അയച്ചു. ഇത് ഞങ്ങളുടെ അവസാനത്തെ കത്താണ്. ഇതുകൂടി വായിച്ചില്ലെങ്കില്‍ ഞങ്ങള്‍ റേഡിയോ പെട്ടി വലിചെറിയുമെന്നു എഴുതിയപ്പോള്‍ പിറ്റത്തെ ആഴ്ചയിലെ എഴുത്തു പെട്ടി പരിപാടിയില്‍ ഞങ്ങളുടെ പേരുകളും ആദ്യമേ തന്നെ വിളിച്ചു പറഞ്ഞു.



"ഈ നാടകം ഇഷ്ട്ടപ്പെട്ടെന്നു അറിയിച്ചിരിക്കുന്നു പത്മശ്രീ - രാജശ്രീ പഴമ്പാലക്കോട് .. പിന്നെ കുറെ സ്ഥിരം പേരുകളും. ആനന്ദലബ്ധിക്കിനിയെന്തു വേണം.. ഞങ്ങള്‍ സഹോദരികള്‍ ആനന്ദ നടനം ആടിനാന്‍..

'നിങ്ങള് റേഡിയോക്ക് കത്തയക്കാറുണ്ടല്ലേ. ഇന്നലെ നിങ്ങടെ പേര് പറഞ്ഞു കേട്ടൂലോ റേഡിയോല്.."
പിറ്റേന്ന് സ്കൂളില്‍ കൂട്ടുകാരുടെ പറച്ചില്‍ കേക്കുമ്പോള്‍ പിന്നേം ആനന്ദകുഞ്ചികളാവും.

റേഡിയോ പെട്ടിയുടെ വലതു ഭാഗത്തുള്ള കറുത്ത കുഞ്ഞു ചക്രം മേപ്പോട്ടും കീപ്പോട്ടും കറക്കി, വെളുത്ത അക്ഷരങ്ങള്‍ കൊണ്ട് HZ, MHZ എന്നിങ്ങനെ ഫ്രീക്വന്‍സി അടയാളപ്പെടുത്തിയ കണ്ണാടി ചില്ലിനകത്തു കൂടി മന്ദം മന്ദം നിരങ്ങി നീങ്ങുന്ന ചുവന്ന സൂചിയോടൊപ്പം, നയാപൈസ വണ്ടിക്കൂലി ചിലവാക്കാതെ, തൃശ്ശൂരു വഴി കോഴിക്കോടും ആലപ്പുഴയും തിരുവനന്തപുരവും, കോവൈ വാനൊലി നിലയവും, ശ്രീലങ്കയിലേക്കും ഒക്കെ ഉമ്മറക്കോലായിലിരുന്നു കൊണ്ട്, തലയില്‍ പേനും നോക്കി, ചെനച്ച മൂവാണ്ടാന്മാങ്ങ ഉപ്പും കൂട്ടി തിന്നുകൊണ്ട്, യാത്ര ചെയ്തിരുന്ന കുട്ടിക്കാലം. പ്രഭാതം മുതല്‍ രാത്രി വരെ പാട്ടുപാടിയും തമാശകള്‍ പറഞ്ഞു ചിരിപ്പിച്ചും ചിന്തിപ്പിച്ചും, ഇടനാഴിയിലെ ജനല്‍ തിട്ടയിലും , ഊണുമേശക്ക് അരികെയും അമ്മിക്കലിന്റെ മുകളിലും, മിണ്ടീം പറഞ്ഞും കൂടെയുണ്ടായിരുന്ന സുഹൃത്ത്‌.

ജീവനുള്ള നിഴലുകളെയും പേറി , വീട് വിറപ്പിക്കുന്ന ശബ്ദവുമായി, എല്‍. ഇ. ഡിയും, മ്യൂസിക്‌ സിസ്റ്റവും ഹോം തീയേറ്ററും ഒക്കെ സ്വീകരണ മുറികളില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍, നിസ്സഹായയായി, അവഗണനകള്‍ ഏറ്റുവാങ്ങി വിങ്ങിക്കരഞ്ഞു കണ്ണീരൊപ്പികൊണ്ട് റേഡിയോ പെട്ടി പഴയകാലത്തിന്റെ പടിയിറങ്ങി പോയി. എങ്കിലും എന്‍റെ പഴമനസ്സ് അവിടൊക്കെ തന്നെ കടിച്ചു തൂങ്ങി നിക്ക്വാ. യേശുദാസിന്റെയും ജാനകിയമ്മയുടെയും സുശീലാമ്മയുടെയും ജയചന്ദ്രന്റെയും ഒക്കെ മാസ്മരിക ശബ്ദങ്ങള്‍ ഹൃദയത്തിന്നാഴങ്ങളിലേക്ക് ഇറങ്ങി ചെന്നതും ഇന്നും അവരെയൊക്കെ മനസ്സിലിരുത്തി പൂജിക്കുന്നതിനും ഈ പാട്ടുപെട്ടി വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല..

പഴയതൊക്കെ ഓര്‍മ്മകളായി പുതുമയോടെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..



-പത്മശ്രീ നായര്‍-



Sunday, 16 February 2014

"തമോവേദം" - വായനയിലൂടെ..!!!





സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനേക്കാള്‍ ഫലപ്രദമാണോ

തിന്മകളെ ഒളിപ്പിച്ചു വെച്ച് മനുഷ്യന്‍ നടത്തുന്ന സദ്കര്‍മ്മങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടോ??
  
അത്യന്നതങ്ങളിലെ ദൈവം കണ്ണടയ്ക്കുമ്പോള്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഇരുളിന്റെ ചക്രവര്‍ത്തിമാര്‍ പല്ലിളിക്കുന്നുചോദിച്ച വരങ്ങള്‍ കിട്ടാതെ വരുന്ന സാമാന്യജനം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ചെകുത്താനെ കൂട്ടുപിടിക്കാന്‍ തയ്യാറാവുന്നു.  സമൂഹം ക്ഷുദ്രമെന്നും തിന്മയെന്നും മുദ്രകുത്തിയ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ ആരാധനാപൂര്‍വ്വം ആഘോഷിക്കുന്ന വിശ്വനാഥന്‍ പറയുന്നു സാത്താനാണ് ദൈവമെന്ന്..

കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും തുളസിക്കതിരിന്റെയും സുഗന്ധം വമിക്കുന്ന,  പൂജയും മന്ത്രോച്ചാരണങ്ങളും അന്തരീക്ഷത്തെ പവിത്രമാക്കുന്ന, അമ്പോറ്റിത്തറവാട്ടിലെ  സന്തതി വിശ്വനാഥന്‍ ജനിച്ചു വീണപ്പോള്‍ തന്നെ ഒന്നിനു പിറകെ മറ്റൊന്നായി അനര്‍ത്ഥങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇരുട്ടിനെ പേടിയില്ലായിരുന്നു, മുട്ടിലിഴയുന്ന പ്രായത്തില്‍ തന്നെ പാമ്പും പഴുതാരയുമായിരുന്നു കൂട്ടുകാര്‍.. വിശ്വം വളരുന്നതിനനുസരിച്ച് അവന്‍റെയുള്ളിലെ സാത്താനും വളര്‍ന്നു.. ഇതിനിടയിലും വേണ്ടുവോളം വിദ്യാഭ്യാസം നേടിയെടുത്തു.   

കൊച്ചു പ്രായത്തില്‍ തന്നെ മദ്യത്തിന്‍റെ രുചിയറിഞ്ഞു.പുകവലി ശീലമാക്കി. അവന്‍റെ നോട്ടം പതിച്ച ഒരു പെണ്ണിനും അവനില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല..  സ്ത്രീയെന്നാല്‍ കാമ തൃഷ്ണ അടക്കാനുള്ള ഒരുപകരണം മാത്രം..   പ്രണയമില്ല, സ്നേഹമില്ല, പ്രായവ്യത്യാസമില്ല.. കന്യാസ്ത്രീ മുതല്‍ കളിക്കൂട്ടുകാരി വരെ അവന്‍റെ കാമത്രുഷ്ണക്ക് ഇരയായി.. വിശ്വനെ ചൊല്ലി ഉറ്റവരും ഉടയവരും വേദനിച്ചു..  

ആത്മീയ ഗ്രന്ഥങ്ങളെ അശുദ്ധമാക്കി.. ദൈവത്തെയും ദൈവ വിശ്വാസികളെയും  വെറുത്തു.. ഗുണദോഷിക്കാന്‍ വരുന്നവരെയും തന്‍റെ വഴികളില്‍ തടസ്സമാവുമെന്ന് തോന്നിയവരെയും   വെട്ടി മാറ്റി.  മാതാപിതാക്കള്‍ മകന്‍റെ വഴിവിട്ട ജീവിതം കണ്ടു നീറി നീറി മരിച്ചു. ഇതിനിടയില്‍ കൂട്ടായിരുന്ന സുഹൃത്തിനെ കൊല ചെയ്തു വിശ്വനാഥന്‍ കാവതിയെന്ന സ്വന്തം ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. 

കൊച്ചി നഗരത്തിലെ  നീണ്ട പത്തു വര്‍ഷം..  സാത്താന്‍ വിശ്വനെ പനപോലെ വളര്‍ത്തി. കൂട്ടിനു സാത്താന്‍റെ  സന്തതികള്‍ വേറെയും.. പകല്‍വെളിച്ചത്തില്‍ മാന്യതയുടെ മൂടുപടമണിഞ്ഞ പലരുടെയും മുഖംമൂടികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍   നിശാവസ്ത്രത്തോടൊപ്പം അഴിഞ്ഞു വീണു. കഞ്ചാവും കള്ളക്കടത്തും  അധോലോക പ്രവര്‍ത്തനവും വിശ്വനാഥനെ കുത്തഴിഞ്ഞൊരു ലോകത്തിന്‍റെ അധിപനാക്കി.. 

ആരാധനാലയങ്ങള്‍ കുര്‍ബാനകള്‍ക്കും ദീപാരാധനകള്‍ക്കും ശേഷം നടയടയ്ക്കുമ്പോള്‍   എവിടെയോ നിന്ന് ദുഷ്ടശക്തിയെ ആവാഹിക്കാനുള്ള ആരാധന മന്ത്രങ്ങള്‍ ഉയരുന്നു. സാത്താന് വേണ്ടി പള്ളികള്‍ പണിതു.. ചോരയും മൂത്രവും  തലയോട്ടിയില്‍ സംഭരിച്ച രജസ്വല രക്തവും സാത്താന് നിവേദിച്ചു.. വ്യഭിചാരം, ജാരവൃത്തി, ഗര്‍ഭചിദ്രം, സ്വയംഭോഗം ഇവയൊന്നും പാപമല്ലെന്നു അനുയായികളെ പഠിപ്പിച്ചു. ദൈവത്തെക്കാള്‍ ശക്തി   ചെകുത്താനാണെന്നു വിശ്വസിപ്പിച്ചു. പുളഞ്ഞാടിയ ദിനരാത്രങ്ങള്‍..തെളിവുകളൊന്നും ബാക്കി വെക്കാത്തതിനാല്‍, ഇതേക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികള്‍ അന്ധവിശ്വാസമെന്ന്  പറഞ്ഞു അധികാരികള്‍ പുച്ഛത്തോടെ തള്ളി.. അഥവാ പച്ച നോട്ടു കെട്ടുകള്‍ അവരെ കൊണ്ട് അങ്ങനെ പറയിപ്പിച്ചു. 

എല്ലാത്തിനും ഒരവസാനം എന്നത് കാലത്തിന്‍റെ നിശ്ചയം.. വാളെടുത്തവന്‍ വാളാല്‍.. തല്ലാനും കൊല്ലാനും കൂടെ നിന്ന സുഹൃത്തിന്‍റെ കൈ കൊണ്ട് വിഷം അകത്തു ചെന്ന വിശ്വത്തിന്‍റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. പാതിമയക്കത്തിലെന്നപോലെ  മരണത്തിന്‍റെ പടിവാതില്‍ വരെ ചെന്നെത്തി നോക്കിയിട്ട്  ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നു ഒരു പുതിയ മനുഷ്യനായി.. 

തറവാട്ടിലേക്ക് തിരിച്ചു പോയ വിശ്വം  നിലവറയിലെ പൂജാമുറിയില്‍ ആദ്യമായി ദീപം തെളിച്ചു.. സര്‍പ്പക്കാവിലും മണ്മറഞ്ഞുപോയ കാരണവന്മാരുടെ സമാധികളില്‍  ചെന്ന് സാഷ്ട്ടാംഗം    നമസ്കരിച്ചു.. ജീവിതത്തില്‍ ആദ്യമായ്‌ ചെയ്യുന്ന സദ്കര്‍മ്മം.. പിറന്ന നാടിനെയും പുഴയും കാറ്റിനെയും  കിളികളേയും സ്നേഹിച്ചു.. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ കണ്ടപ്പോള്‍ തറവാട് സന്തോഷിച്ചു.. 

പക്ഷെ എല്ലാം വെറുതെയായിരുന്നു..  തറവാട്ടു തേവരെ തൊഴാന്‍ പോയ വിശ്വത്തെ സാത്താന്‍ വിട്ടു കൊടുത്തില്ല.. ഇളം കാറ്റ് കൊടുംകാറ്റായ്‌  ചീറിയടിച്ചു. പെരുമഴയില്‍ പുഴ സംഹാര രുദ്രയായി, മരങ്ങള്‍ കടപുഴകി വീണു.. വിശ്വന്റെ കണ്ണുകളില്‍ രൗദ്രഭാവം.. അവന്‍ അട്ടഹസിച്ചു.. വീണ്ടും ചെകുത്താന്‍റെ  ചിരി.. 

ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഓരോ മണിക്കൂറിലും കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണ് സാത്താന്‍ ആരാധനയുടെ കേരളതലസ്ഥാനം. കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ലഹരിയിലാണ് പുതിയ ധ്യാനക്രമം തഴച്ചുവളരുന്നത്. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്‍റെ തമോരാശികളിലെക്കുള്ള ഒരു അസാധാരണമായ സഞ്ചാരമാണ്  രാജീവ്‌ ശിവശങ്കര്‍ എഴുതിയ "തമോവേദം" എന്ന നോവല്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണത്രേ  രാജീവ് തമോവേദം പൂര്‍ത്തിയാക്കിയത്. നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ഒറ്റപ്പെട്ട വീടുകളും കോളേജ്‌ ഹോസ്റ്റല്‍ മുറികളും ഫോര്‍ട്ട്‌ കൊച്ചിയിലെ ഹോംസ്റ്റേയിലും തിരക്കൊഴിഞ്ഞ വീഥിയിലെ കടമുറികളിലും ആണത്രേ ആധുനിക യുവത്വത്തിന്‍റെ തമോവേദക്കാര്‍ താവളമാക്കിയിരിക്കുന്നത്.     

നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു രാജീവിന്. സാത്താന്‍ എന്ന സങ്കല്പത്തെ പുനര്‍വായിക്കുകയാണ് ഈ നോവലിലൂടെ.

ഇതിന്‍റെ ആഖ്യാന ശൈലി തന്നെയാണ് ഈ നോവലിന്‍റെ വിജയവും.. ഏതൊരു വായനക്കാരന്‍റെ മനസ്സിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന വരികള്‍.  പുസ്തകം വായിച്ചു തീരുന്നതുവരെ ഒരിക്കലും മടുക്കാതിരിക്കാന്‍ ഓരോ വായനക്കാരന്റെയും മനസ്സ് വായിച്ചറിഞ്ഞു അവരുടെ ആസ്വാദന രുചിയറിഞ്ഞു ചേരുവകള്‍ ചേര്‍ത്തോരുക്കി വായനയുടെ ഒരു പുത്തന്‍ അനുഭവം സമ്മാനിക്കുന്നു  ശ്രീ രാജീവ്‌.

നല്ലൊരു പുസ്തകം മലയാളത്തിന് സമര്‍പ്പിച്ച ശ്രീ രാജീവ്‌ ശിവശങ്കറിന് അഭിവാദ്യങ്ങള്‍.. !!!  ഒപ്പം ഈ വായന നിര്‍ദേശിച്ച മുഖപുസ്തകത്തിലെ  ഒരു പുലി സുഹൃത്തിനോട്‌ ഈയവസരത്തില്‍ എന്‍റെ നന്ദി അറിയിക്കുന്നു..:)  


 -പത്മശ്രീനായര്‍-










Sunday, 9 February 2014

'ആരാച്ചാര്‍' - ആസ്വാദനക്കുറിപ്പ്.....








ദൈനംദിന ജീവിതത്തിലെ ഓട്ടപാച്ചിലും പിന്നെ മടിയും കാരണം ഇതുവരെ വായന ഒരു ശീലമാക്കിയിരുന്നില്ല എങ്കിലും ഈയടുത്ത കാലത്തായി പുസ്തകങ്ങളെ വല്ലാതെ സ്നേഹിച്ചു തുടങ്ങി.. വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക എന്ന സാഹസത്തിനുള്ള ചങ്കുറപ്പ് തീരെയില്ല. മാധവിക്കുട്ടിയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും കുറച്ചു പുസ്തകങ്ങള്‍ വായിച്ചു എന്നല്ലാതെ പെണ്ണെഴുത്തിന്റെ ലോകത്തിലേക്ക്‌ അധികം ഇറങ്ങിചെന്നിട്ടില്ല. 

2013 - ലെ ഓടക്കുഴല്‍ അവാര്‍ഡ്‌ കെ. ആര്‍. മീരയുടെ "ആരാച്ചാര്‍" എന്ന നോവലിനു ലഭിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ മീരയെ വായിക്കണമെന്ന് താല്പര്യം തോന്നി. വായിക്കാതിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരു നഷ്ട്ടമായേനെ.. 

ഒരുപാട് കണ്ടും കേട്ടും വായിച്ചും ജീവിതത്തിന്‍റെ നാനാതുറകളില്‍ ഉള്ളവരെ പറ്റി നമുക്കറിയാം. എന്നാല്‍ ആരാച്ചാര്‍മാരുടെ ജീവിതത്തെ പറ്റി അത്രയൊന്നും ആഴത്തില്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല.. അത്തരമൊരു കഥയാണ്‌ ആരാച്ചാര്‍ എന്ന കഥയിലൂടെ മീര പറയുന്നത്..

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക് കുടുംബത്തിന്റെ പിന്‍തലമുറകള്‍, സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം യതീന്ദ്ര ബാനര്‍ജിയെ തൂക്കിലെറ്റാനുള്ള 'ഭാഗ്യമാണ്' വൃദ്ധനായ ഫണിഭൂഷണ്‍ ഗൃദ്ധാമല്ലിക്കിനു സര്‍ക്കാര്‍ ഉത്തരവിലൂടെ ലഭിച്ചത്. അവസരം പാഴാക്കാതെ, അയാള്‍ സര്‍ക്കാരിനോട് വിലപേശി ഇരുപത്തിരണ്ടു കാരിയായ തന്‍റെ മകള്‍ ചേതനക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നത് വരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്നു മനസ്സിലാക്കുന്ന അയാള്‍ തന്‍റെയും മകള്‍ ചേതനയുടെയും സമയത്തിനു വില പറഞ്ഞു കച്ചവടം ഉറപ്പിക്കുന്നു.

കുട്ടിക്കാലം മുതല്‍ക്കേ പിതാമാഹന്മാരുടെയും അവര്‍ നടത്തിയ തൂക്കിക്കൊലയുടെയും വീര സാഹസിക കഥകള്‍ ഥാക്കുമായിലൂടെ (മുത്തശ്ശി) കേട്ടറിഞ്ഞാണ് ചേതന വളര്‍ന്നത്‌.. അതിലൂടെ പകര്‍ന്നു കിട്ടിയ മനസ്ഥൈര്യം ചേതനക്ക് ഏറെ ഗുണം ചെയ്തു. അലസമായിരിക്കുന്ന നേരങ്ങളില്‍ തോളിലിട്ട നരച്ച ദുപ്പട്ടയില്‍ തെരുപ്പിടിച്ചു കുടുക്കുകള്‍ ഉണ്ടാക്കി കൈത്തഴക്കം വരുത്തി. ആര്‍ത്തിയോടെ തന്‍റെ ശരീരത്തിലേക്ക് നോക്കി നുണയുന്ന കാമ ഭ്രാന്തന്മാരെ കഴുത്തില്‍ കുടുക്ക് മുറുക്കി മരണത്തിന്‍റെ കറുത്ത മുഖം കാണിച്ചു കൊടുത്തു തിരിച്ചു കൊണ്ടുവരുന്നു ചേതന. 

ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചു പോയതിന്റെ പേരില്‍ ബാലിയാടാക്കപ്പെട്ടയാളായിരുന്നു ചേതനയുടെ സഹോദരന്‍ രാമുദാ. ഫണിഭൂഷണ്‍ തൂക്കിലേറ്റിയ തൂക്കുപുള്ളി അമര്‍ത്യാ ഘോഷിന്‍റെ വൃദ്ധ പിതാവ്‌, ബിരുദധാരിയായ രാമുദായുടെ കൈയ്യും കാലും അരിഞ്ഞു തള്ളി.. സംസാരിക്കുന്ന മാംസപിണ്ടമായി മാറിയ രാമുദാ, ഒരു ദിവസം വീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഉണ്ടാവുന്ന മല്‍പ്പിടുത്തത്തിനിടയില്‍ കട്ടിലില്‍ നിന്നും തെറിച്ചു വീണു മരണപ്പെടുന്നു. 

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ച ചേതനയുടെ മൂത്ത സഹോദരി നീഹാരിക, മധുവിധുവിന്റെ മാധുര്യം നുകരാതെ, ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനം നൊന്തു സ്വഗൃഹത്തില്‍ തിരിച്ചെത്തി ജീവിതം ഒരു തുണ്ടു കയറില്‍ അവസാനിപ്പിക്കുന്നു.. 

മദ്യത്തിലും സോനാഗച്ചിയിലെ വേശ്യാലയങ്ങളിലും സുഖം കണ്ടെത്തുന്ന ഭര്‍ത്താവിന്‍റെ പീഡനങ്ങളും ശാസനകളും സഹിച്ചു, പകലന്തിയോളം വീടിനകത്തും ചായക്കടയിലുമായി ജീവിതം ഹോമിക്കുന്ന പാവം അമ്മ.. 

ആരാച്ചാര്‍ കുടുംബത്തില്‍ പിറന്നിട്ടും ഒരു കോഴിയെ കൊല്ലാന്‍ പോലും ധൈര്യം ഇല്ലാത്ത, രോഗിയായ പിതൃസഹോദരന്‍ സുഖ്ദേവ്, ഭാര്യ ശ്യാമിളി, അവരുടെ രണ്ടു കുഞ്ഞുങ്ങള്‍.. 

എന്തും ഏതും ബ്രേക്കിംഗ് ന്യൂസ് ആവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിന് വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളും ഈ നോവലില്‍ വിഷയമാക്കിയിട്ടുണ്ട്.. മനുഷ്യാവകാശത്തിനും വധശിക്ഷക്കുമെതിരെ വാദിക്കുന്ന "ഹാങ്ങ് വുമന്‍സ്‌ ഡയറി" എന്ന ചാനല്‍ പരിപാടിയിലേക്ക് ചേതനയെ വില പേശിക്കൊണ്ട് സഞ്ജീവ് കുമാര്‍ മിത്രയെന്ന റിപ്പോര്‍ട്ടര്‍ പ്രണയാഭ്യര്‍ത്ഥനയിലൂടെ ചേതനയെ പ്രലോഭിപ്പിച്ചു ചാനലില്‍ തന്‍റെ റേറ്റിംഗ് കൂട്ടാന്‍ മെനെഞ്ഞെടുക്കുന്ന കുതന്ത്രങ്ങളും കാണാം. 

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന, രോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സക്കുള്ള പണത്തിനായി സ്വന്തം ശരീരം വില്‍ക്കാന്‍ ശ്രമിച്ച സഹോദരന്‍റെ ഭാര്യ ശ്യാമിലിയെ ഫണിഭൂഷണ്‍ വെട്ടി കൊലപ്പെടുത്തുന്നുതു തടയാന്‍ ചെന്ന സഹോദരന്‍ സുഖ്ദേവും വെട്ടേറ്റു മരിക്കുന്നതോടെ ചേതനയുടെ പിതാവ് ഇരട്ടകൊലപാതകത്തിനു ജയിലില്‍ ആവുകയും ചെയ്യുന്നതോടെ അവരുടെ കുട്ടികളുടെ ഭാരവും ചേതനയുടെ ചുമലിലാവുന്നു. 

വിവാഹ ശേഷം നാല് വര്‍ഷം മാത്രം ഭാര്യയോടൊത്ത് ജീവിക്കാന്‍ കഴിഞ്ഞ ബാനര്‍ജി, ചേതനയുടെ കൂട്ടുകാരിയുടെ ആറുവയസ്സുകാരി മകളെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുറ്റത്തിനാണ് യതീന്ദ്രബാനര്‍ജിയെ തൂക്കുശിക്ഷക്ക് വിധിച്ചത്.. യഥാര്‍ത്ഥത്തില്‍ ബാനര്‍ജി കുറ്റക്കാരനാണോ എന്നു സംശയം ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെ ഇടയ്ക്കു തോന്നി പോവുന്നുണ്ട്. വിധി നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ബാനര്‍ജി ആവശ്യപ്പെട്ടത് ചേതനയോടൊത്ത് കുറച്ചു സമയം ചിലവഴിക്കണമെന്ന ആഗ്രഹമായിരുന്നു. അവള്‍ അയാളോടോത് ഭക്ഷണം കഴിച്ചു. കഥകള്‍ പറഞ്ഞു. നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി തഴുകി തലോടി ആശ്വസിപ്പിച്ചു. 

ബാനര്‍ജി തൂക്കുമരത്തിലേക്ക് പതിയെ നടന്നടുത്തു.. ചേതന മറ്റെല്ലാം മറന്നു.. വിധി നടപ്പിലാക്കുന്ന ആരാച്ചാര്‍ മാത്രമായി മാറി. ജയിലധികൃതര്‍ നോക്കി നില്‍ക്കെ, തൂക്കു പുള്ളിയുടെ കൈകാലുകള്‍ ബന്ധിച്ചു, കറുത്ത തുണി കൊണ്ട് മുഖം മൂടി, മറ്റെല്ലാം മറന്നു ലിവറില്‍ പിടുത്തമിട്ടു ആഞ്ഞു വലിച്ചു. 


തൂക്കുപുള്ളി നിലവറയിലേക്ക് പതിക്കുമ്പോള്‍ കയര്‍ക്കുടുക്ക് മുറുകി സുഷുമ്നാ നാഡിക്ക് ക്ഷതമേല്‍ക്കും. വീഴ്ചയുടെ ശക്തിയില്‍ കുടുക്ക് മുറുകും. ഹൃദയ ധമനികള്‍ അടയും. അതോടെ മസ്തിഷ്ക്കത്തിലേക്കുള്ള ഞരമ്പുകള്‍ വലിഞ്ഞു പൊട്ടും. ശിരസ്സു ഛെദിക്കപ്പെടും. ആ ഘട്ടമെത്തിയാല്‍ പുരുഷന്മാരില്‍ മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ലിംഗോദ്ധാരണം സംഭവിക്കും. സ്ത്രീകളിലാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ ചീര്‍ത്ത് രക്തം സ്രവിക്കും. മൃതിയെന്ന പ്രേമിയുടെ മിന്നല്‍ പോലെ പായുന്ന പരിലാളനത്തിലൂടെ നിത്യമായി ഉത്തെജിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ പരമാനന്ദത്തെക്കുറിച്ചുള്ള അവസാന മൂഡസ്വപ്നം ആത്മാവില്‍ സൂക്ഷിച്ചു അടുത്ത ജന്മത്തിന്റെ നിലവറയിലേക്ക് പതിക്കും.. അതുകൊണ്ട് ദുര്‍മ്മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലേക്ക്‌ മടങ്ങി ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആവര്‍ത്തിക്കും. 

മരിച്ച ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ദാരിദ്രക്കടലില്‍ മുങ്ങിത്താഴുന്ന അയാളുടെ ഭാര്യക്കും സഹോദരനും സംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ള പണമില്ലെന്നു മനസ്സിലാക്കിയ ചേതന ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങി, അയാളെ തൂക്കിലേറ്റിയതിനു തനിക്കു കിട്ടിയ പ്രതിഫലം ഉപയോഗിച്ച് വിധിപ്രകാരം ശവസംസ്കാരം നടത്തി ആത്മസംതൃപ്തി നേടുന്നു. 

സ്വന്തം സഹോദരനെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനു വിധി കാത്തു കഴിയുന്ന ഫണിഭൂഷണ്‍.. അയാളുടെ തൂക്കികൊലയും സ്വന്തം മകളുടെ കൈകൊണ്ടു തന്നെയാവാം എന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ വേണ്ടിമാത്രം മീര എഴുതാതെ ബാക്കി വെച്ചിരിക്കുന്നു.. 

ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ മുന്‍ തലമുറയുടെ ചരിത്രം നോവലിലൂടെ ഇതള്‍ വിരിയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും നീതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വര്‍ഗ്ഗമായി ആരാച്ചാര്‍മാരെ ഇതില്‍ കാണാം

കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി എഴുതിയ ഈ കഥയില്‍ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം വല്ലാത്തൊരനുഭവമാകുന്നു. മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും ചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്ന തെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവുമെല്ലാം ഒരു സിനിമയിലെന്നോണം വായനക്കാരന്റെ മനസ്സില്‍ പതിയുന്ന ആഖ്യാനരീതിയാണ് മീര സ്വീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്‍റെ അവസാന താളും വായിച്ചു പുറംചട്ട കമഴ്ത്തുമ്പോള്‍, ദുര്‍ഗന്ധം വമിക്കുന്ന ഓടകളും, തിരക്കേറിയ തെരുവിലൂടെ ശവങ്ങളെയും വഹിച്ചു കൊണ്ടുള്ള ഉന്തുവണ്ടികളുടെയും കുതിര വണ്ടികളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ, തോളില്‍ ഞാന്നു കിടക്കുന്ന തുണി സഞ്ചിയും തൂക്കി, മനോദായുടെ പ്രസ്സിലേക്ക് പ്രൂഫ്‌ റീഡിംഗ് ജോലിക്കായി പോവുന്ന ചേതന വായനക്കാരുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും.. 

സ്വയരക്ഷക്കായി, ഏതു നിമിഷവും ഒരു കുടുക്ക് തീര്‍ക്കാനുള്ള ത്വരയോടെ, തോളിലെ നരച്ച ദുപ്പട്ടയില്‍ തിരുപ്പിടിച്ചു, നരച്ച സ്വപ്നങ്ങളെയും മിഴികളില്‍ കുത്തിത്തിരുകി, അവ്യക്തമായ ഭാവിയുടെ നേര്‍ക്ക്‌ പരിഹാസം തുളുമ്പുന്ന നോട്ടവുമായി, ഉമ്മറത്തിണ്ണയിലിരിക്കുന്ന ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടിയെ, ചേതൂ എന്നരുമയോടെ വിളിച്ചു ചാരത്തിരുത്തി നിറുകില്‍ തലോടാന്‍ ഒരു നിമിഷം എന്‍റെ മനസ്സും അറിയാതെ കൊതിച്ചു പോയി. 

-പത്മശ്രീ നായര്‍ -