Friday, 5 December 2014

അപ്പൂട്ട്യാരുടെ സദ്യ ഭ്രമം



അപ്പൂട്ട്യാര്‍ക്ക് സദ്യ ഒരു വീക്നെസ്സ് ആണ്.. ക്ഷണിച്ചാലും ഇല്ലെങ്കിലും ആളും തിരക്കും കണ്ടിടത്ത് കേറിചെല്ലും .
 സദ്യയുണ്ടെങ്കില്‍ ഉണ്ടിട്ടു പോരുകേം ചെയ്യും.. ഇരുപത്തെട്ട് കെട്ടു, ചോറൂണ്, തെരണ്ടുകല്യാണം, കല്യാണം, 
പതിനാറടിയന്തിരം, എന്ന് വേണ്ട എല്ലാവിധ സദ്യയും അപ്പൂട്ട്യാര്‍ക്ക് പ്രിയം.. പ്രിയകരം. കുളിച്ചു വൃത്തിയായി,
 കഞ്ഞിപിഴിഞ്ഞുണക്കിയ മല്ലുമുണ്ടും, അയഞ്ഞ ഖദര്‍ ഷര്‍ട്ടും, തോളിലൊരു ചുട്ടിതോര്‍ത്തുമിട്ടേ അപ്പൂട്ട്യാര് 
പുറത്തേക്കിറങ്ങൂ. അതുകൊണ്ട് പെട്ടെന്ന് എവിടെ സദ്യ ഉണ്ടെങ്കിലും വേഷം മുഷിഞ്ഞു എന്ന കാരണത്താല്‍ 
സദ്യക്കിരിക്കാതെ വരേണ്ടി വന്നിട്ടില്ല.. ആദ്യത്തെ പന്തിയില്‍ തന്നെ ഇരുന്നുണ്ണുക എന്നതും അപ്പൂട്ട്യാര്‍ക്ക് 
നിര്‍ബന്ധം.

അപ്പൂട്ട്യാരെയും അദ്യേഹത്തിന്റെ തീറ്റഭ്രമത്തെയും വെറുപ്പോടെ കണ്ടിരുന്ന അയല്‍വാസിയും ബന്ധുവുമായ 
കുഞ്ഞൂട്ടന്നായര്, അപ്പൂട്ട്യാരെ നാറ്റിക്കാന്‍ ഒരവസരം നോക്കിയിരിക്ക്യാരുന്നു.. (നോട്ട് ദ പോയിന്റ്‌... അപ്പൂട്ട്യാരും 
കുഞ്ഞൂട്ടന്നായരും തറവാട് ഭാഗം വെപ്പിലൂടെ ഉരുത്തിരിഞ്ഞ അതിര്‍ത്തി തര്‍ക്കത്തില്‍ ബന്ധു പദവിയില്‍ 
നിന്നും ബദ്ധവൈരികള്‍ പദവിയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടുകയുമായിരുന്നു. കുഞ്ഞൂട്ടന്നായരുടെ പെങ്ങളാണ്
അപ്പൂട്ട്യാരുടെ ഭാര്യാപദവി അലങ്കരിച്ചിരുന്ന കുഞ്ചിയമ്മ.)

അങ്ങനെ കുഞ്ഞൂട്ടന്നായര് കാത്തിരുന്ന സുവര്‍ണ്ണാവസരം വന്നു.. കുഞ്ഞൂട്ടന്നായരുടെ അനന്തരവളുടെ 
കല്യാണ ദിവസം.. കെട്ടു കഴിഞ്ഞു.. സദ്യക്ക് ഇലയിട്ടു.. ആതിഥേയ മര്യാദയനുസരിച്ച് വരന്‍റെയാള്‍ക്കാര്‍ സദ്യ 
ഉണ്ടു തുടങ്ങി. ഉണ്ണുന്നവരുടെ ഇടയിലൂടെ കുശലം ചോദിച്ചു നടക്കുന്നതിനിടയില്‍ കുഞ്ഞൂട്ടന്നായരുടെ 
ഉണ്ടക്കണ്ണുകള്‍ അപ്പൂട്ട്യാരിലുടക്കി.. പ്രഥമനില്‍ പപ്പടവും പഴവും കൂട്ടിക്കുഴച്ചു കൈകൊണ്ടു ചുറ്റിയൊരു പിടുത്തം 
പിടിച്ചു ഒരു പ്രത്യേക ശബ്ദത്തോടെ വായിലാക്കി വിരലഞ്ചും നക്കിതുടച്ച്, ഇലത്തുമ്പില്‍ വിളമ്പിയ ഇഞ്ചിപ്പുളി 
മൂന്നു വിരലില്‍ മുക്കി നാക്കില്‍ നെടുനീളത്തില്‍ ഒരു കുറി വരച്ചു ആസ്വദിച്ചു ഉണ്ണുന്ന അപ്പൂട്ട്യാര്. നാടുനീളെ 
വിളിച്ചതും വിളിക്കാത്തതുമായ സദ്യക്ക് ഉണ്ണാന്‍ നടക്കുന്നതിന്‍റെ ദേഷ്യവും, അതിര്‍ത്തി തര്‍ക്കത്തില്‍ തനിക്കു 
കിട്ടാതെ പോയ വരിക്കപ്ലാവിനെയും ഓര്‍ത്തപ്പോള്‍ കുഞ്ഞൂട്ടന്നായരിലെ ശതൃത സടകുടഞ്ഞെഴുന്നേറ്റു.. എല്ലാരും
 കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെ ഒരു ചോദ്യം..

"അല്ല അപ്പൂട്ട്യാരെ... ങ്ങളെ ഞാന്‍ സദ്യക്ക് ക്ഷണിച്ചീര്‍ന്നില്ല്യാലോ.."

അപ്പൂട്ട്യാരുടെ അടുത്തിരുന്നവര്‍ തമ്മില്‍ തമ്മില്‍ നോട്ടമെറിഞ്ഞു.. ഒട്ടും ഭാവഭേദം ഇല്ല്യാതെ, സദ്യയുടെ 
അവസാന ചടങ്ങെന്ന വണ്ണം ഇലയില്‍ പറ്റിപ്പിടിച്ചതെല്ലാം കൂടി ഊക്കോടെ വടിച്ചു നക്കി, കണ്ണിറുക്കി നാവു 
കൊണ്ട് ഒരു നൊട്ടെമിട്ടു അപ്പൂട്ട്യാര് പറഞ്ഞു..

" അദു പ്പൊ .. കുഞ്ഞൂട്ടന്നായര് ക്ഷണിക്കാത്തത് ന്‍റെ കുറ്റാണോ? ദാ പ്പോ നന്നായേ. "

പതിയെ കൈകുത്തി എഴുന്നേറ്റ് പുറത്തു തെങ്ങിന്‍ ചോട്ടിലെ ചെമ്പില്‍ നിന്നും കോപ്പ കൊണ്ട് വെള്ളം മുക്കി 
കൈയും വായും കഴുകി പതിവുപോലെ കുറെ വെറ്റിലേം പാക്കും വാരി മുണ്ടിന്‍റെ കോന്തലയില്‍ കെട്ടി അപ്പൂട്ട്യാര് 
വീട്ടിലേക്കു നടന്നു.. കുരുമുളകും ജീരകോം കായോം കറിവേപ്പിലയും കുത്തിച്ചതച്ചിട്ട് കുഞ്ച്യമ്മയുണ്ടാക്കിയ രസം 
ഒരു പിഞ്ഞാണം കുടിച്ചിട്ടേ അപ്പൂട്ട്യാര് വെറ്റില മുറുക്കൂ.. അതാ പതിവ്.. സദ്യ എവിടുന്നുണ്ടാലും രസം 
കുഞ്ച്യമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയത് തന്നെ വേണമെന്ന് അപ്പൂട്ട്യാര്‍ക്ക് നിര്‍ബന്ധാ... 


-----------------------
ഗുജറാത്തില്‍ ഇപ്പൊ കല്യാണ സീസണ്‍.. 

ഹാളുകളും പാര്‍ട്ടി പ്ലോട്ടുകളും കല്യാണ ബഹളങ്ങള്‍ കൊണ്ട് മുഖരിതം.. 

ആപ്പീസ് വിട്ടു വരുന്ന വഴിക്ക് കല്യാണ പ്ലോട്ടുകള്‍ കണ്ടപ്പോള്‍ അപ്പൂട്ട്യാരെ ഓര്‍ത്തുപോയി.. 



9 comments:

  1. ഞങ്ങടെ നാട്ടില്‍ ഒരാള്‍ ഇത് പോലെ ഉണ്ടായിരുന്നു .അച്ചുണ്ണി ന്ന് പേരാര്‍ന്നെങ്കിലും ഞങ്ങള് അച്ചുണ്ണിമ്മാന്‍ എന്നായിരുന്നു വിളിച്ചിരുന്നത് ..ഒരു അസ്സല് സദ്യ പ്രേമി ..
    ഒരു പാട് ഉണ്ണും കക്ഷി ...എല്ലാ സദ്യയ്ക്കും എത്തും ..ക്ഷണിയ്ക്കണം എന്നൊന്നും ഇല്ല .
    കുട്ടിക്കാലം ഓര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍ ..അസ്സലായി എഴുതി ..ആശംസകള്‍ ...!

    ReplyDelete
    Replies
    1. ഞങ്ങടെ നാട്ടില് വേറേം ണ്ട് ഇതുപോലത്തെ കഥാപാത്രങ്ങള്.. വേലായുധന്‍ വീട്ടില് പണിക്കു വരാറുള്ള ഒരു കിഴവനാണ്.. പക്ഷെ നല്ല ശാപ്പാടാണ് കക്ഷി.. ചോറ് വിളമ്പുന്ന നേരത്ത് മറ്റെങ്ങോട്ടെങ്കിലും നോക്കി എന്തെങ്കിലും പറഞ്ഞോണ്ടിരിക്കും.. ഹിഹി.. വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.

      Delete
  2. അവിടെ ഒരു കുഞ്ഞൂട്ടന്നായര് ഇല്ലാത്തത് കൊണ്ട് ഒരു അപ്പൂട്ട്യാര് ആയാ ഒന്നും വരാൻ പോന്നില്ല.

    ReplyDelete
    Replies
    1. ഉം.. ഉം. അതൊക്കെ ഇപ്പൊ പറയും.. പിടിക്കപ്പെട്ടാല്‍ മലയാളികളെ നാണം കെടുത്തീ ന്നും പറഞ്ഞു ന്നെ കുരിശില്‍ കേറ്റാനല്ലേ....

      വായനക്ക് നന്ദി... വീണ്ടും വരിക... !!!

      Delete
  3. ക്ഷണിക്കാതെപിന്നെ വന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ എന്താ പറയാ. അപ്പുട്ട്യാര് അപ്പുട്ട്യാരുടെ മര്യാദ കാണിച്ചു. ക്ഷണിക്കാതിരുന്നത് അവരുടെ മര്യാദകേട്.
    രസായി പറഞ്ഞു.

    ReplyDelete
    Replies
    1. ഇക്കാര്യത്തില്‍ അപ്പൂട്ട്യാരെ കുറ്റം പറയാന്‍ പറ്റ്വോ? കല്യാണ തിരക്കിനിടയില്‍ കുഞ്ഞൂട്ടന്നായര് ക്ഷണിക്കാന്‍ മറന്നാലും പോവേണ്ടത് ന്‍റെ കടമേല്ലേ.. ന്നു അപ്പൂട്ട്യാര് കരുതിക്കാണും....

      റാംജിയുടെ സാന്നിദ്ധ്യം ഈ ബ്ലോഗിന് അഭിമാനമാണ്... നന്ദി.. സന്തോഷം...

      Delete
  4. പഴയ കഥകളിലെ മിക്ക നായന്മാർക്കും സദ്യ പണ്ടേ ഒരു വീക്നെസ് ആണല്ലോ.. :D

    ReplyDelete
    Replies
    1. വന്നതിനും വായനക്കും സന്തോഷം കുഞ്ഞുറുമ്പേ...

      Delete
    2. എന്റെ കൽക്കണ്ടത്തിലേയ്ക്കും സ്വാഗതം.. വന്നാൽ കുറച്ച് മധുരം കഴിച്ചിട്ട് പോവാം.. kalkantam.blogspot.com

      Delete