Wednesday, 28 May 2014

ദേവുഅംബ്രാളും, ജാനുവും..



ദേവ്വ്വോമ്മ്രാളെ ... വ്ടാരൂല്ല്യെ.. ദേവ്വ്വോമ്മ്രാളെ . കൂയ്‌.."

"ആരാദ്.." ദേവ്വ്വോമ്മ പൂമുഖ കോലായില്‍ കിടന്നു കൊണ്ട് വിളി കേട്ടു..

"ഞാനാന്നും അമ്മ്രാളെ.. ജാനു.. കുന്നുംപൊറത്തെ വേലായ്‌ദന്‍റെ പെണ്ണ്‍."

"ഇത്യേ ഉമ്മറത്തിക്ക് വാ ജാന്വോ.. ഞാംബടെ കെടക്ക്വ."

ജാനു വടക്കേ മുറ്റത്ത്‌ കൂടി നടന്നു ഉമ്മറക്കോലായില്‍ എത്തി.

" ജാന്വോ.. ആ പരമ്പിലെ നെല്ലൊന്നു ചിക്കീട്ടു ഇബടെ ഇരുന്നോ. നിക്ക് ഇന്നത്ര സുഗം പോര.. തല ചിറ്റ്ണൂ.. രാവിലെ ആ ജമീലപെണ്ണ് വന്നപ്പോ നെല്ല് കോരി പരമ്പില് ഇടീച്ചു.. കണ്ണ് തെറ്റ്യാ നാട്ട്വാരുടെ കോഴ്യോള് വന്നു അപ്പടി തിന്നും.. ഇബടെ അങ്ങട് കെടന്നാ കോഴ്യോളെ ആട്ടാം.. മൂച്ചീടെ നല്ല കാറ്റ് ണ്ട്. "

"ആവൂ.. ഇരിക്കാന്‍ നേരല്ല്യാ മ്മ്രാളെ.. നിക്കൊരു സഗായം ചെയ്യ്വോ.. അയ്നാ ഞാന്‍ വന്നത്."

"ന്തേ.. ഞാനിപ്പോ എന്ത് സഗായാ ജാനൂനു ചെയ്യണ്ടേ? " ദേവ്വ്വോമ്മ അത്ര രസിക്കാത്ത മട്ടില്‍ കിടന്ന കിടപ്പില്‍ ചോദിച്ചു..

"ണ്ടെങ്കില്‍ ഒരമ്പത് ഉര്‍പ്യ തര്വോ അമ്മ്രാളെ.. റേഷന്‍ പീട്യേല് പഞ്ചാര കൊടുക്ക്‌ണ്ട്.. ഇന്ന് പോയില്ലെങ്കില് ഈ മാസത്തെ പഞ്ചാര കിട്ടില്ല്യ. രണ്ടീസം കഴിഞ്ഞിട്ട് മടക്കി തരാം. "

"അയ്യോ ന്‍റെ ജാന്വോ.. ഒരു പാങ്ങൂല്ല്യാ ട്ടോ.. ഞാനി ശ്ശി ബുദ്ധിമുട്ടിലാ.. ആയിരൂര്‍പ്യ എടുത്തു വെച്ചിട്ടുണ്ട് . പാടത്ത് പണിക്കാരുണ്ടെയ്.. വൈന്നേരം കൂലി കൊടുക്കാന്ള്ളതാ.. വേറെ ന്റെല് കാലണടെ കാശില്ല്യ ട്ക്കാന്‍. കാശൊക്കെ ഞാന്‍ നാട്ട്വാര്ക്ക് ദാനം കൊടുക്ക്വാന്നും പറഞ്ഞിട്ട് ന്‍റെ മകന്‍ രണ്ടു മാസായിട്ടു കാശയക്കുണൂല്ല്യ.. ഒരു നിവര്‍ത്തീല്ല്യാലോ ജാന്വോ."

ഈയമ്മയോട് നേരായ വഴി നടക്കില്ലെന്നറിഞ്ഞ . ജാനു റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു .. പിടിച്ചൂന്നല്ല.. ദേവ്വ്വോമ്മയുടെ വീക്നെസ്സില്‍ തന്നെ കേറി പിടിച്ചു.. ജാനു പതുക്കെ എഴുന്നേറ്റു.

"ന്നാ ശരി.. ഞാമ്പോട്ടെ മ്മ്രാളെ.."

"നീപ്പോ പോണ വഴിക്ക് ന്താണാവോ. ബഹളോക്കെ ഒതുങ്ങ്യോ ന്തോ ? മനുഷ്യര്‍ക്ക് ഒരൂട്ടം നാണോം മാനോം ഒക്കെ വേണ്ടേ.. " ജാനു ഉച്ചത്തില്‍ ആത്മഗതിച്ചു.

ജാനുവിന്റെ ആത്മഗതം കേട്ട ദേവ്വ്വോമ്മ കിടന്ന കിടപ്പില്‍ നിന്നും ആരുടെയോ പ്രേതം ആവേശിച്ച പോലെ, സടകുടഞ്ഞെഴുന്നേറ്റു. അഴിഞ്ഞ മുടി വാരിക്കെട്ടി. പിന്നിലൂടെ കൈയ്യെത്തിച്ച് അയഞ്ഞ ഒന്നരയുടെ തുമ്പ് വലിച്ചുമുറുക്കി കുത്തി. ചുട്ടിതോര്‍ത്ത്‌ ഒന്നൂടി കുടഞ്ഞു മാറ് മറച്ചു.

"ന്താ ജാന്വോ? ആര്‍രോട്യാ ബഹളം?"

ജാനു ഉഷാറായി..
"ഒന്നും പറയണ്ടാ ന്‍റെ മ്മ്രാളെ. ആ കുമാരന്‍റെ വീട്ടിലെ കാര്യോന്നും പറയാണ്ടിരിക്ക്യാ ഭേതം. എന്നും അടീം കുത്തും വഴക്കും വക്കാണോ തന്ന്യാ.. നിക്ക് ന്‍റെ വീടിന്‍റെ വടക്കോറത്തു ജനാല തൊറന്നിട്ടാ സ്സലായിട്ട് കേക്കാം."

"കുമാരന് ഒരു പെങ്കുട്ടീല്ല്യെ.. അയ്നെ പറ്റി എന്തൊക്ക്യോ കേട്ടീരുന്നൂ ലോ.. ന്നാള് പാടത്ത് പണിയണ പെണ്ണുങ്ങള് കൂട്ടം കൂടണതു കേട്ടു.."

"ങാ.. അയ്ന്റെ കാര്യന്നാ.."... ജാനു തിണ്ണയിലെ പൊടി കൈയ്യോണ്ട് തട്ടി ഒന്നമര്‍ന്നിരുന്നു.

"ആ കുമാരന്‍റെ മൂത്ത മഗളെ.. ആ പെണ്ണ് തുന്നല് പടിക്കാനോക്കെ പോണുണ്ടാര്‍ന്നു.. ഏതോ എഴുത്തച്ചന്‍ ചെക്കന്റെ കൂടെ ലോഗ്യത്തിലാര്‍ന്നൂ ന്നൊക്കെ ആരോക്ക്യോ പറഞ്ഞു കേട്ടീര്‍ന്നു ന്നും മ്മ്രാളെ. ഒരാഴ്ച്യായിട്ട് പെണ്ണിനെ പൊറത്തോന്നും കാണാനൂല്ല്യ.. ഞാനിങ്ങനെ വേലിറമ്പിക്കൂടി ചുള്ളല് പെറുക്കി നടക്ക്വാര്‍ന്നു അമ്മ്രാളെ.. കുമാരന്‍റെ കെട്ട്യോളെ കണ്ടപ്പോ ന്തേ നെന്റെ പെണ്ണ് ന്നു ചോയ്ച്ചു.. അവളാ ന്നെ തുറിച്ചു നോക്കി കടിച്ചു കീറാന്‍ വന്നു മ്മ്രാളെ.. ഓഒ അവള്‍ടെ വായേല് നാവ് സഹിക്കില്ല്യ..

ന്നാള് കൊളത്തില് കുളിക്കാമ്പോയപ്പോ മ്മടെ ദാഷായിണി പറയെ.. ജാന്വോ നെനക്കറിയ്യ്വോ ആ കുമാരന്‍റെ പെണ്ണില്ല്യെ.. അത് എന്തൊക്ക്യോ ഒപ്പിച്ചിട്ടുണ്ട് വേ ന്നു.. തിരുപ്പൂരില് ആരോ ബന്ധുക്കാര് ണ്ടത്രേ.. അവടെ കൊണ്ടാക്കീരിക്ക്ക്യാ ന്നാ പറഞ്ഞു കേട്ടത്.. ആ എഴുത്തച്ചന്‍ ചെക്കന്‍ പെണ്ണിനെ വിളിച്ചോണ്ട് പൂവാന്‍ വന്നൂന്നോ ബഹളം വെച്ചൂ ന്നൊക്കെ കേട്ടു.. "

ജാനു തുടര്‍ന്നു..
"ശരി അമ്മ്രാളെ ഞാമ്പോണു .. ഇതൊന്നും ആരിനോടും പറയണ്ടാ ട്ടോളീ.. നിക്ക് കണ്ടതും കേട്ടതും അവടെം ഇവ്ടെം പറഞ്ഞു നടക്കണ ശീലല്ല്യ.. പിന്നെ അമ്മ്രാളോടായതോണ്ടു പറഞ്ഞൂന്നെ ള്ളൂ.. നമ്മക്കെന്തു കിട്ടാനാ ആരാന്‍റെ വീട്ട്ളെ കാര്യം പറഞ്ഞു നടന്നിട്ട്"

"ന്നിട്ട്‌ എന്തുണ്ടായി ജാന്വോ? ആ ചെക്കന്‍ വന്നു ഇപ്പളും ബഹളം ണ്ടാക്കാറുണ്ടോ " ? ദേവ്വ്വോമ്മക്ക് ഇന്ട്രസ്റ്റ്‌ ആയി. ജാനു പൊടിപ്പും തൊങ്ങലും വെച്ച് കുറെ നുണക്കഥകള്‍ ദേവ്വ്വോമ്മയുടെ കാതിലേക്ക് കോരിയൊഴിച്ചു.. ദേവ്വോമ്മയുടെ തല ചുറ്റലും ക്ഷീണവും ഒക്കെ പമ്പ കടന്നു.

"അവനു ഒരു ചെക്കന്‍ ല്ല്യെ.. അതെവിട്യാ ജാന്വോ?"

"അയിന്റെ കാര്യം അയിലും വഷളാ ന്‍റെ അമ്മ്രാളെ.. കള്ളും കുടിച്ചു തല്ലൂം അടീം ണ്ടാക്കി നടക്ക്വന്നെ."

ദേവ്വ്വോമ്മ പതുക്കെ നിലത്ത് കൈ കുത്തി എണീറ്റു.. അകത്തു പോയി ചുരുട്ടി പിടിച്ച നൂറിന്‍റെ നോട്ടുമായി വന്നു.

" ജാന്വോ.. അവടെ നിക്ക്.. ന്നാ.. കൂലി കൊടുക്കാന്‍ വെച്ചീര്‍ന്ന കാശാ.. നൂറുറുപ്യെണ്ട്.. ദിപ്പോ നീ മടക്ക്യോന്നും തരണ്ടാ ട്ടോ. അപ്പ്രത്തൂടെ ചായ്പ്പിലിക്ക് ബാ.. രണ്ടു മൂന്നു നാള്യെരം തരാ.. അവടെ ഒരു ചക്ക ണ്ടാവും. അതും നീയെടുത്തോ.. രാവിലെ അടിച്ചു വാരാന്‍ വരണ പെണ്ണ് കൊണ്ട തന്നതാ.. നിക്ക് ഒരാള്‍ക്ക്‌ ന്തിനാപ്പോ ഒരു ചക്ക്യൊക്കെ.. ന്‍റെ വെപ്പും തീന്വോക്കെ കണക്കന്നെ.. നീ കൊണ്ടോക്കോ..

എടക്ക് നേരം കിട്ടുമ്പോ വായോ ട്ടോ..

" ശരി അമ്മ്രാളെ.. ഞാന്‍ വരാ.. മ്മക്ക് ന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ.. ന്‍റെ ആള് രാവിലെ പണിക്ക് പോയാ പിന്നെ മോന്ത്യായിട്ടെ വര്വോള്ളൂ.. ഞാനും അവടെ ഒറ്റക്കന്നെ.."

ജാനു ചക്കേം തെങ്ങേം മടിക്കുത്തില്‍ നൂറു ഉറുപ്യേം തിരുകി പടി കടക്കുമ്പോള്‍ മനസ്സില് പറഞ്ഞു.

"ഇത് പോലുള്ള ആള്‍ക്കാര്‍ ഉള്ളിടത്തോളം കാലം നമ്മക്ക് കാശിനോ കൂട്ടാന്‍ വെക്കാനോ മുട്ട് വരില്ല്യ.. ഇത്തിരി പരദൂഷണം പറയണം ന്നല്ലേ ള്ളൂ.. " ജാനുവിന്റെ ആത്മഗതം.

അമ്പതു ഉറുപ്യ കടമായി ചോദിച്ചു വന്ന ജാനു നൂറു ഉറുപ്യ ഫ്രീ ആയി ഒപ്പിച്ചു.. ചക്കേം നാള്യെരോം വേറെ..

ഇതുപോലുള്ള കഥാപാത്രങ്ങള്‍ നിങ്ങള്ക്ക് ചുറ്റും കാണാമായിരിക്കും ല്ലേ.. എന്തായാലും ശരി.. കൊതീം നുണയും പറഞ്ഞു, കാര്യം സാധിക്കുന്നത് അത്ര നല്ല ഏര്‍പ്പാടല്ല ട്ടോ.. 





പദ്മശ്രീനായര്‍-

Monday, 12 May 2014

സ്വവര്‍ഗനിര്‍വേദം..!!



ബാറിലെ അരണ്ട വെളിച്ചത്തില്‍ ബെയററോടു  ഒരു ലാര്‍ജ്ജിനു കൂടി ഓര്‍ഡര്‍ കൊടുത്ത്, നന്ദകുമാര്‍ കൈത്തലത്തില്‍ മുഖം താങ്ങി ഇരുന്നു.. എ. സി. യുടെ തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു..  എതിരെ ഇരുന്ന സുഹൃത്ത്‌ രാജീവ്‌ മെല്ലെ  നന്ദന്റെ തോളില്‍ പിടിച്ചുലച്ചു..

"എന്താടാത് ..  ഇനി വേണ്ട. ഇപ്പൊ തന്നെ കൂടുതലായി."

നന്ദന്‍ രാജീവിനെ നോക്കി  വിളറി ചിരിച്ചു.

"ഉം.  പോകാം. ദാ  ഇതൂടി."

ബെയറര്‍ കൊണ്ടുവെച്ച  മദ്യം വലിച്ചു കുടിച്ചു കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തി തുടച്ചു നന്ദകുമാര്‍ എഴുന്നേറ്റു.. ബില്ല് പേ ചെയ്തു, ബാക്കി വാങ്ങാന്‍ കാത്തുനില്‍ക്കാതെ അയാള്‍ വിറയ്ക്കുന്ന കാലുകളെ വലിച്ചിഴച്ചു ബാറിനു പുറത്തു കടന്നു..

"ഈ കണ്ടീഷനില്‍ നീ ഡ്രൈവ് ചെയ്യണ്ട.. കേറ്‌  ഞാന്‍ ഡ്രോപ്പ് ചെയ്യാം."

നന്ദകുമാര്‍ പിന്‍സീറ്റില്‍ ചാരിക്കിടന്നു മയങ്ങി. അയാളുടെ മനസ്സ് പ്രക്ഷുബ്ധമായൊരു കടലാണെന്ന്  മുഖത്ത് നിന്നും വായിച്ചെടുക്കാം.  ആറു വര്‍ഷമായി ഒരേ ഹോസ്പിറ്റലില്‍  ജോലി ചെയ്യുന്നു..  ആരെയും മുഷിപ്പിക്കാതെ, കൃത്യമായ അകലത്തില്‍ കോര്‍ത്തിണക്കിയ സൗഹൃദങ്ങളാണ് നന്ദന് അധികവും.. പക്ഷെ തന്നോട് മാത്രം എന്തോ ഒരു പ്രത്യേക സ്നേഹമാണ്.. തനിക്കും അതുപോലെ തന്നെ. ഒഴിവു സമയങ്ങളില്‍ പരസ്പരം മനസ്സ് തുറക്കും..  പക്ഷെ മൂന്നാല് മാസമായി നന്ദനില്‍ മാറ്റങ്ങള്‍ കാണുന്നു..  എല്ലാവരില്‍ നിന്നും അകന്നുമാറി  തന്നിലേക്ക് തന്നെ ചുരുണ്ട് കൂടുന്നു.  മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ നിന്ന് നേരെ ബാറിലേക്ക്..  ഇതിങ്ങനെ വിടാന്‍ പറ്റില്ല..  നന്ദന്‍ തനിക്ക് വെറുമൊരു സുഹൃത്തല്ല..  അവന്റെയീ പോക്ക് അപകടത്തിലേക്കാണ്.. അവനെ രക്ഷിക്കാനുള്ള ബാദ്ധ്യത ഒരാത്മാര്‍ത്ഥ സുഹൃത്ത്‌ എന്ന നിലക്ക് തനിക്കുണ്ട്..

കാര്‍ വളവു തിരിഞ്ഞു  പൂമാര്‍ക്കറ്റിലേക്കുള്ള വഴിയിലൂടെ നീങ്ങി.. മുല്ലപ്പൂവിന്റെയും ചെമ്പകത്തിന്‍റെയും മാദക ഗന്ധം മൂക്കിലേക്കിരച്ചു കയറിയപ്പോള്‍ നന്ദന്‍ പിടഞ്ഞെഴുന്നേറ്റു..

"നിര്‍ത്തു.. വണ്ടി നിര്‍ത്തു." ഓ..!! ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട് അല്ലേ?.. ഗുഡ്.. യെസ്.. ഐ വില്‍ സ്റ്റോപ്പ്‌.

കാര്‍ ഒരു പൂക്കടയുടെ ഓരം ചേര്‍ന്ന് നിന്നു.. നന്ദന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.. വാഴയിലയില്‍ പൊതിഞ്ഞ കുടമുല്ലപൂവുമായി  തിരിച്ചു വന്നു..

"ഉം.. പോവാം. "

രാജീവിന്‍റെ മുഖത്തിപ്പോള്‍ മരുന്നിന് കുറിപ്പടിയെഴുതിക്കഴിഞ്ഞ ഒരു ഡോക്ടറുടെ ഭാവം., 'എങ്ങിനെ ഡീല്‍ ചെയ്യണമെന്ന് ഇനിയും ഞാന്‍ പ്രത്യേകം ആവര്‍ത്തിക്കെണ്ടതില്ലല്ലോ.. അല്ലേ?..

മറുപടി ഒരു വിളറിയ ചിരിയിലൊതുക്കി.

.നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട്  ഹോം നേഴ്സ്  നാന്‍സി  വന്ന് ഗേറ്റ് തുറന്നു.. അവളെ കണ്ടതേ  പെരുവിരല്‍ തൊട്ട് പെരുപ്പ് കേറാന്‍ തുടങ്ങിയത് പൊട്ടിത്തെറിയാവാതിരിക്കാന്‍  നന്ദന്‍ നന്നേ പണിപ്പെട്ടു..

"ഗുഡ് നൈറ്റ്‌ രാജീവ്‌..  നാളെ കാണാം.. ബൈ "

ബെഡ് റൂമിലെത്തി, പതിവുപോലെ മുല്ലപ്പൂ ശ്യാമയെ ഏല്‍പ്പിച്ചു. മുറിയിലാകെ വിലകൂടിയ സെന്റിന്റെ മനം മടുപ്പിക്കുന്ന മണം. ശ്യാമയുടെ മുഖത്തും അസഹ്യത നിഴലിച്ചു.

"നാന്‍സീ  ഇത് പൂജാമുറിയിലെക്ക്  വെക്കൂ."

ശ്യാമയുടെ കൈയ്യില്‍ നിന്ന് മുല്ലപ്പൂവുമായി മുറിക്കു പുറത്തിറങ്ങുമ്പോള്‍ നാന്‍സിയുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി  വിടര്‍ന്നത് നന്ദന്‍ അരിശത്തോടെ  തട്ടിത്തെറിപ്പിച്ചു..

"നന്ദന്‍ ഫുഡ്‌ കഴിച്ചോ? ഡൈനിങ്ങ്‌ ടേബിളില്‍ എല്ലാം എടുത്തു വെച്ചിട്ടുണ്ട്. എനിക്കുറക്കം വരുന്നു.. വല്ലാത്ത ക്ഷീണം. "

നന്ദന് പുതുമയൊന്നും തോന്നിയില്ല.. ഈ പതിവ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങള്‍ ആയിരിക്കുന്നു.  കൂമ്പിയ താമരമൊട്ടു പോലെ, വിരല്‍ നുണഞ്ഞുറങ്ങുന്ന  ഒന്നര വയസ്സുകാരി അമ്മൂട്ടിയുടെ നെറ്റിയില്‍ വാത്സല്യത്തോടെ അമര്‍ത്തി ചുംബിച്ചിട്ടു നന്ദന്‍ മുറിക്കു പുറത്തിറങ്ങുമ്പോള്‍  ഹോം നഴ്സ് നാന്‍സി , താന്‍ ശ്യാമക്ക്  വാങ്ങിക്കൊടുത്ത അവള്‍ക്കിഷ്ട്ടപ്പെട്ട റോസ് നിറമുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ചു മുറിക്കകത്ത് കയറി വാതിലടച്ചു.

തപിക്കുന്ന മനസ്സുമായി നന്ദന്‍ സ്വന്തം മുറിയിലെത്തി കട്ടിലിലേക്ക് വീണു. അശാന്തിയുടെ മഴക്കാറുകള്‍ മനസ്സിലുരുണ്ടുകൂടി പെയ്യാന്‍ വിതുമ്പി നില്‍ക്കുന്നതിനിടയില്‍   ജാലകപ്പഴുതിലൂടെ മിന്നല്‍പ്പിണരുകള്‍ തിക്കിത്തിരക്കി കയറി വരുന്നു. മനസ്സിലെ കടുത്ത വേനലില്‍, വരണ്ടുണങ്ങിയ ആശകളില്‍ ശുഭപ്രതീക്ഷകളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കാന്‍, ഈ പുതുമഴത്തുള്ളികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍.. ഘോരമായ ഇടിമുഴക്കത്തിന്റെ അവസാന ഇരമ്പത്തില്‍  പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു.. വേനല്‍ മഴയ്ക്ക് ഇടിമിന്നലുകളുടെ അകമ്പടി എന്തിനാവാം ?   അതെ.. കാലം തെറ്റി പെയ്യുന്ന മഴയും ഗതി മാറിയൊഴുകുന്ന മനസ്സും  ഇടിമിന്നലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കണം.. അതൊരു അനിവാര്യമായ നിയോഗമാവാം..

ചിന്തകളുടെ വേലിയേറ്റത്തില്‍, നഷ്ട്ടങ്ങളുടെ ചാകരക്കൊയ്ത്തിന്‍റെ വിളവെടുക്കാന്‍, തകര്‍ത്തു പെയ്യുന്ന മഴയുടെ സാരഥ്യം സ്വീകരിക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു.. ദീര്‍ഘ നിശ്വാസത്തിനു ശേഷം പുതുമഴയെ പുണര്‍ന്ന മണ്ണിന്‍റെ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്തന്നെ
നന്ദന്‍  എഴുന്നേറ്റു ഫോണെടുത്തു അമ്മയെ വിളിച്ചു..  മനസ്സ് ചുട്ടു പഴുക്കുമ്പോള്‍  ഒരു കുളിര്‍മഴയായി പെയ്തിറങ്ങാന്‍  എന്നും അമ്മയുടെ  വാക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്..

"നീയിനീം  ഒറങ്ങീല്ല്യെ കുട്ട്യേ.. ന്തേ  ഈ നേരത്ത്."

"ഹേയ് ഒന്നൂല്ല്യാ.. അമ്മേടെ ശബ്ദം കേക്കാന്‍ തോന്നി.. വിളിച്ചു. അത്രേള്ളൂ"

"നെനക്ക്  ലീവ് കിട്ട്വെങ്കില്  ശ്യാമേം അമ്മൂട്ടീം  കൂട്ടീട്ടു  വാ.. ശ്ശി  ദിവസായി  ന്‍റെ കുട്ട്യോളെ കണ്ടിട്ട്."

ഉം.  വരാമ്മേ.. അമ്മക്ക് സുഖല്ലേ.

"ങാ.. നിക്കൊരു ബുദ്ധിമുട്ടൂം ല്ല്യാടാ.. ന്നാ നീ കെടന്നൊറങ്ങിക്കോ..  ങാ  പിന്നെ കുളി കഴിഞ്ഞു നെറുകില് രാസ്നാദി പൊടി തിരുമ്മാന്‍ മറക്കണ്ടാ ട്ടോ.  വെയര്‍പ്പും തണുപ്പും നെനക്ക് പണ്ടേ  ചേരില്ല്യ.  കാച്ച്യെ എണ്ണയെ തേക്കാവൂ.. അലോപ്പതി ഡോക്ടറായ തന്നോട് അമ്മയുടെ ആയുര്‍വേദസിദ്ധാന്തങ്ങളുടെ വാത്സല്യത്തില്‍പ്പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍...

ശ്യാമ്യോടും പറയ്‌.  ചീരാപ്പ്‌ പിടിച്ചാ വല്ല്യ കഷ്ട്ടാ.. മൊല കുടിക്കണതോണ്ടു അമ്മൂട്ടിക്കും വയ്യാണ്ടാവും. "

ഹും.  ശ്യാമ..  പറയാന്‍ തികട്ടി വന്ന വാക്കുകളെ  തൊണ്ടക്കുഴിയില്‍ വെച്ച് തന്നെ ഞെരിച്ചു കൊന്നു.  വേണ്ട.. അമ്മയൊന്നും അറിയണ്ട..  സംഭാഷണം നിര്‍ത്തി കിടക്കയിലേക്ക് വീഴുമ്പോള്‍, പെയ്തൊഴിഞ്ഞ മഴയ്ക്ക് പിന്നാലെ   തത്തിക്കളിചെത്തിയ  ഇളം കാറ്റിനു മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നില്‍  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന തീവെട്ടിപ്പന്തത്തില്‍ നിന്നുയരുന്ന പുകയുടെയും, കര്‍പ്പൂരം കത്തിയമര്‍ന്ന ഭസ്മത്തിന്‍റെയും, കൃഷ്ണതുളസിയുടെയുമൊക്കെ  കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു. മദ്യലഹരി മസ്തിഷ്കത്തെയും ശരീരത്തെയും തളര്‍ത്തിക്കിടത്തിയപ്പോള്‍ നന്ദന്റെ മനസ്സ് ലഹരിക്ക് പിടി കൊടുക്കാതെ വര്‍ഷങ്ങള്‍ പുറകിലേക്ക് കുതറിയോടുകയായിരുന്നു.

നാട്ടിന്‍പുറത്തെ നന്മകള്‍  ആവോളം  ആസ്വദിച്ചാണ് നന്ദകുമാര്‍ വളര്‍ന്നത്‌.. നാഗക്കാവും നടുമുറ്റവും നിറയെ ആളുകളുമുള്ള കൂട്ടുകുടുംബം.. പുല്ലാനിക്കാട്ട് തറവാട്.  അമ്പലക്കുളവും ആല്‍ത്തറയും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,  ഹൃദയം തുറന്നു സ്നേഹിക്കുന്ന കുറെ   കൂട്ടുകാരും നന്ദന്റെ സ്വന്തമായിരുന്നു. അമ്പലത്തിലെ ഉത്സവത്തിനു തിടമ്പേറ്റിയ ഗജവീരന്റെ മുന്നില്‍  ആളിക്കത്തുന്ന തീവെട്ടിയില്‍ നിന്നുയരുന്ന പുകയുടെ ഗന്ധവും,  ചുറ്റമ്പലത്തിലെ  ചിരാതുകളില്‍ നിന്നുയരുന്ന  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന ദീപനാളത്തിന്‍റെ ഗന്ധവും  എന്തുകൊണ്ടോ നന്ദനെന്നും പ്രിയമേറിയതായിരുന്നു.    മെഡിക്കല്‍കോളേജ്‌ വിദ്യാഭ്യാസത്തിനായി തിരക്കേറിയ നഗരത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍  ഹൃദയം പിടഞ്ഞത് കുറച്ചൊന്നുമായിരുന്നില്ല.  പിറ്റത്തെ ആഴ്ച തന്നെ ബാഗും തൂക്കി തറവാടിന്റെ ഒതുക്കു കല്ലുകള്‍ കയറി ചെന്നപ്പോള്‍ അമ്മാവന്മാരുടെ മുഖത്ത് നീരസം..  അമ്മയുടെ മുഖത്ത് ദയനീയത..

തലമുടിയിലൂടെ വിരലുകളോടിച്ചു അമ്മ പറഞ്ഞു.

"ഇങ്ങനെ തുടങ്ങ്യാലെങ്ങനാ  ന്‍റെ നന്ദൂ..  പഠിച്ചു പാസായി നല്ലൊരു ഹോസ്പിറ്റലില്‍ പ്രാക്ടീസ് ഒക്കെ നേടി സ്വന്തം കാലില്‍ നിക്കണ്ടേ.. അമ്മക്ക് നീയല്ലാതെ വേറെ ആരാ ഉള്ളത്.. നമ്മളെ തനിചാക്കീട്ടു അച്ഛന്‍ നേരത്തെ പോയില്ല്യെ.. ഈ സങ്കടോക്കെ കുറച്ചു ദിവസം കഴീമ്പോ മാറും..  അതോണ്ട് ന്‍റെ കുട്ടി നാളെ തന്നെ പോണം.. കോളേജ്  അവധി കിട്ടുമ്പോഴൊക്കെ  വരാല്ലോ."

അമ്മയുടെ വാക്കുകള്‍ കരുത്തേകി.  നഷ്ട്ടങ്ങള്‍ നന്ദന് എന്നും കൂട്ടുണ്ടായിരുന്നല്ലോ..  പിന്നീട് കുറേശ്ശെ കുറേശ്ശെയായി  ജീവിതത്തെ നഗരത്തില്‍ ലയിപ്പിക്കുകയായിരുന്നു..

ഒരു കോളേജ്‌ അവധിക്കാലത്താണ്  നന്ദിനിയെ പരിചയപ്പെട്ടത്. തുമ്പു കെട്ടിയ മുടിക്കിടയില്‍ മന്ദാരപ്പൂ  ചൂടിയ തുളസിക്കതിര്‍ പോലുള്ള  പെണ്‍കുട്ടി.. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞെത്തി, ദീപാരാധന തൊഴുതു മടങ്ങവെയാണ്  ആലത്തറക്കരികില്‍  വെച്ച് നന്ദിനി പറഞ്ഞത്..

"നന്ദൂ  എന്‍റെ കല്യാണം ഒറപ്പിച്ചു.. കല്‍ക്കട്ടയിലാ ചെക്കന്‍.. അടുത്ത മാസം ണ്ടാവും.."

അത് പറയുമ്പോള്‍ അവളുടെ കരിങ്കൂവള മിഴികളില്‍ നനവ്‌ പടര്‍ന്നിരുന്നു.. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന രണ്ടു മിഴിനീര്‍ത്തുള്ളികള്‍. തന്‍റെ ഹൃദയത്തിലും മുള്ളു കൊണ്ട  നീറ്റല്‍..  പറയാന്‍ മറന്ന  പ്രണയത്തിന്‍റെ  വിതുമ്പലുകള്‍.. അവസാനമായി യാത്ര പറഞ്ഞു വഴി പിരിയുമ്പോള്‍, മനസ്സിന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിക്ക്  നന്ദിനിയുടെ രൂപവും ഭാവവും വന്നത് യാദൃശ്ചികമായിരിക്കാം.. 

പക്ഷെ വലതുകാല്‍ വെച്ച് തന്റെ ജീവിതത്തിലേക്ക് കയറിവന്ന ശ്യാമ  ഏറെ വ്യത്യസ്തയായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ പ്രകൃതം. എന്തിനും ഏതിനും പിടിവാശി. ചിണുങ്ങിക്കരച്ചില്‍, കൊഞ്ചിപ്പറച്ചില്‍.. എല്ലാം നന്ദന്‍ ആസ്വദിച്ചു.. അവളുടെ ലോകത്തേക്ക് അവനിറങ്ങിച്ചെന്നു. സുന്ദരമായ ദാമ്പത്യത്തിന്‍റെ   നീലതടാകത്തില്‍  നീന്തിത്തിമിര്‍ക്കുന്ന രണ്ടു ഇണയരയന്നങ്ങള്‍. ശ്യാമയും നന്ദനും..  വിവാഹത്തിന്‍റെ ആറാം മാസത്തിലോരുനാളിലുണ്ടായ തലചുറ്റലില്‍ നിന്നും ഉണര്‍ന്നെണീറ്റപ്പോള്‍ ശ്യാമയുടെ കവിളിണകളില്‍ ആയിരം സൂര്യകാന്തിപ്പൂക്കള്‍ ഒരുമിച്ചു പൂത്തുലഞ്ഞു.. തന്‍റെ ഉദരത്തില്‍ വളരുന്ന തുടിപ്പിന്റെ അവകാശിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.. പ്രസവത്തിനു സ്വന്തം വീട്ടിലേക്കു പോകാന്‍ പുറപ്പെട്ട  ശ്യാമ നന്ദന്‍റെ   മാറില്‍ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു.

"എന്താ മോളൂ ഇങ്ങനെ. നീ വിഷമിച്ചാല്‍  വയറ്റില്‍ കിടക്കുന്ന നമ്മുടെ വാവയ്ക്ക് സങ്കടാവില്ല്യെ.. എപ്പോ വിളിച്ചാലും ഞാനാ നിമിഷം  പറന്നെത്തിയിരിക്കും. കേട്ടോ "

ഭാര്യയെ സാന്ത്വനിപ്പിചെങ്കിലും ശ്യാമയുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാത്ത വീട് നന്ദന് അസഹ്യമായിരുന്നു.  ദിവസങ്ങള്‍ തള്ളിനീക്കി . ശ്യാമ പ്രസവിച്ച വിവരം അമ്മ വിളിച്ചു പറഞ്ഞപ്പോള്‍ നന്ദന്‍ ആശുപത്രിയില്‍ ഓടിയെത്തി..  കണ്ണടച്ചുറങ്ങുന്ന ആദ്യത്തെ കണ്മണിയെ കണ്ണിമയ്ക്കാതെ  എത്ര സമയം നോക്കിയിരുന്നെന്നു ഓര്‍മ്മയില്ല..   ശ്യാമയെ അതേപടി പകര്‍ത്തിവെച്ചിരിക്കുന്നു.  ലോകത്തിലേക്ക്‌ വെച്ചേറ്റവും  വലിയ ഭാഗ്യവാന്‍ താനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി നന്ദന്.

പെട്ടെന്ന് മുറിയിലേക്ക്  കയറി വന്ന ചെറുപ്പക്കാരിയെ  നന്ദന് പരിചയപ്പെടുത്തി..

"നന്ദു.. ഇത് നാന്‍സി..  നമ്മുടെ വാവ വലുതാവുന്നത് വരെ അവളുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പപ്പ ഏര്‍പ്പെടുത്തിയതാ. കുറച്ചു കാലം ഗള്‍ഫില്‍ ആയിരുന്നു.  ഭര്‍ത്താവ് ഉപേക്ഷിച്ചതാണത്രേ.. പാവാണെന്നു തോന്നുന്നു. "

പക്ഷെ നന്ദന് എന്തോ പന്തികെടാണ് തോന്നിയത്.. നാന്‍സിയുടെ മട്ടും ഭാവവും, സംസാര രീതിയും നന്ദന് ഒട്ടും ദഹിച്ചില്ല.  ആ തോന്നലുകള്‍ പിന്നീട് യാഥാര്‍ത്യമായി മാറുകയായിരുന്നു.  ഒരു നിമിഷം പോലും തന്നെ പിരിഞ്ഞു കഴിയാന്‍ വയ്യെന്ന് പറഞ്ഞ ശ്യാമ  അമ്മൂട്ടിക്കു ഒരു വയസായിട്ടും തിരിച്ചു വരാന്‍ താല്പര്യം കാണിച്ചില്ല.  ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു മടുത്തപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി   തിരിച്ചു വന്നു. കൂടെ നാന്‍സിയും.

ശ്യാമക്ക് നന്ദനോടുള്ള പെരുമാറ്റത്തില്‍   അസാധാരണതത്വം അനുഭവപ്പെടാന്‍ തുടങ്ങി. തന്നെക്കാള്‍ കൂടുതല്‍ അവള്‍ നാന്സിക്ക് പ്രാധാന്യം കൊടുക്കുന്നു.  സദാസമയവും  അവളോടോത് കഴിയാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു. സാവധാനത്തില്‍ കിടപ്പുമുറിയില്‍ നിന്നും നന്ദന്‍ പുറത്തായി. അതിനു നിരത്തിയ കാരണമോ  രാത്രിയില്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ നാന്‍സി കൂടെ തന്നെ വേണമെന്നും.

നന്ദന്റെ മനസ്സ് ഉമിത്തീ പോലെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ഒരു ഭര്‍ത്താവിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.. യാദൃശ്ചികമായി ഒരു ദിവസം ഓഫീസില്‍ നിന്നും നേരത്തെയെത്തിയ നന്ദന്‍ കണ്ടത് ഒരിക്കലും കാണാന്‍ പാടാത്ത കാഴ്ചയായിരുന്നു.. സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ വികൃതമായ മുഖം. തന്‍റെ ഭാര്യ നാന്‍സിയുടെ നീരാളിപ്പിടുത്തത്തില്‍  അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയെന്ന യാഥാര്‍ത്ഥ്യം.. സ്നിഗ്ദ്ധതയുടെയും സ്വപ്നാത്മകത്ത്വത്തിന്റെയും  രണ്ടു ലോകങ്ങളില്‍ ജീവിക്കുന്നവരായി  അവര്‍ മാറി..   നന്ദന്‍ തന്‍റെ ദുഃഖങ്ങള്‍ നുരഞ്ഞു പൊന്തുന്ന മദ്യത്തില്‍ ലയിപ്പിച്ചു..  നാന്‍സിയും ശ്യാമയും അവരുടെതായ ലോകത്തും.

ഇന്ന് ഏറെ നിര്‍ബന്ധിച്ചപ്പോള്‍  രാജീവിന്‍റെ മുന്നില്‍ മനസ്സ് തുറക്കേണ്ടി വന്നു..  മാസങ്ങളോളമായി മനസ്സില്‍ ചിറ കെട്ടി നിര്‍ത്തിയ സങ്കടപ്പുഴ കുത്തിയൊലിച്ചപ്പോള്‍ ഇത്തിരി ആശ്വാസമായി.

"നീ വിഷമിക്കണ്ട. എന്തെങ്കിലും വഴിയുണ്ടോന്നു നോക്കാം.. ചെറിയൊരു  പരീക്ഷണത്തിന്‌ മുതിരേണ്ടി വരും. ചിലപ്പോള്‍ നിനക്ക് നിന്റെ പഴയ ശ്യാമയെ തിരിച്ചു കിട്ടും."

രാജീവിന്‍റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.മനുഷ്യമനസ്സിന്‍റെ വ്യാപാരങ്ങളെ തന്‍റെ ഉള്ളംകൈയിലിട്ട് അമ്മാനമാടി പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കുന്ന തന്‍റെ സ്നേഹിതന്‍,സൈക്ക്യാട്രിക് വിദഗ്ദന്‍. 
നാന്‍സിയെ വിദഗ്ദമായി കിച്ചണിലെ സ്റ്റോര്‍റൂമിലിട്ട് പൂട്ടി താക്കോല്‍ ഒളിപ്പിക്കാന്‍ അല്പം പണിപ്പെട്ടു.

അതെ,ഈ രാത്രി തന്നെയാണ് രാജീവ് നിര്‍ദേശിച്ച ആ ശാന്തിമുഹൂര്‍ത്തം.. പുറത്തു മഴ, തന്റെ വികാരമടക്കാനാവാതെ തകര്‍ത്തു പെയ്യുന്നു.. മുളംകൂട്ടങ്ങള്‍ കാറ്റിലാടിയുലഞ്ഞു.. ഇലച്ചാര്‍ത്തുകള്‍ മഴയുടെ ആവേശത്തുള്ളികള്‍ ആര്‍ത്തിയോടെ നുണഞ്ഞിറക്കി.  ഈ സമയം കുളിമുറിയില്‍ നിന്നും റോസ് നിറത്തിലുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ച്, കൈവിരലിലെ നഖങ്ങളില്‍ ചായവും പുരട്ടി പുറത്തിറങ്ങിയ നന്ദന് നാന്‍സിയുടെ ഗന്ധമായിരുന്നു.  മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, ചാരിയിട്ട വാതില്‍  പതിയെ തുറന്നകത്തു വരുന്ന സ്ത്രീ രൂപത്തെ, ശ്യാമ അതിശയത്തോടെ നോക്കിക്കണ്ടു.നാന്‍സിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധവുമായി തന്‍റെയരികില്‍ ശയിക്കുന്ന നന്ദന്‍റെ ശരീരത്തിലേയ്ക്ക് ഒരു മുല്ലവള്ളിപോലെ അവള്‍ പടര്‍ന്നുകയറി..!

മഴയുടെ വികാരം കൊടുമ്പിരിക്കൊണ്ടു.. അങ്ങകലെ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകള്‍ കാറ്റിലാടിയുലയുമ്പോള്‍, സര്‍പ്പക്കാവിലെ ഇലഞ്ഞിച്ചോട്ടിലേക്ക് തന്‍റെ ഇണയെ തേടി നാഗകന്യക പടം പൊഴിച്ചിഴഞ്ഞെത്തി.  കുളിര്‍മഴയില്‍ കെട്ടുപിണഞ്ഞിഴുകിച്ചേര്‍ന്ന അവരുടെ രതിസംഗമത്തിനു പ്രകൃതി  സാക്ഷിയായപ്പോള്‍, നന്ദനും ശ്യാമയും  അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.  പ്രിയതമയുടെ നെറ്റിയിലുരുണ്ടുകൂടിയ സ്വേദമണികളെ അധരത്താലൊപ്പിയെടുക്കുമ്പോള്‍, ശ്യാമ നന്ദന്‍റെതു മാത്രമായി ആലസ്യത്തിലേക്ക് വഴുതി വീണു.

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം തറവാട്ടിലെത്തി, ക്ഷേത്രത്തിലെ  ദീപാരാധന തൊഴുതു നില്‍ക്കുമ്പോള്‍, ശ്യാമയുടെ തോളില്‍ , നന്ദന്റെ വിരലില്‍ തൂങ്ങിക്കളിക്കുന്ന അമ്മൂട്ടിയെ നോക്കി   പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു അവളുടെ കുഞ്ഞനിയന്‍... നന്ദന്‍റെ  തനിപ്പകര്‍പ്പ്... 





Friday, 11 April 2014

"പ്രാണസഞ്ചാരം" .... വായനയിലൂടെ..!!!




മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍, തൊഴില്‍പരമായ തകര്‍ച്ചകള്‍, മാറാരോഗം, വിവാഹത്തിനുള്ള തടസ്സങ്ങള്‍,  പഠനത്തില്‍ പെട്ടെന്നുണ്ടാകുന്ന താല്‍പര്യക്കുറവ്, വരുമാനത്തില്‍ ബര്‍ക്കത്ത് ഇല്ലായ്മ, കെട്ടിടം വില്‍ക്കാനുള്ള വൈഷമ്യങ്ങള്‍, കുടുംബപരമായ പ്രശ്നങ്ങള്‍, സ്നേഹിക്കുന്നവരുടെ അകന്നു മാറല്‍,  വിദേശ യാത്രക്കുള്ള തടസ്സങ്ങള്‍ അങ്ങിനെയങ്ങിനെ നിത്യജീവിതത്തില്‍ ഓരോരുത്തരും  നേരിടുന്ന  പ്രശ്നങ്ങള്‍ നിരവധി..

ഒരു ശരാശരി മലയാളിക്ക്, അവനെത്ര സാക്ഷരനാണെങ്കിലും  ഒരിക്കലെങ്കിലും വാസ്തു, ജ്യോതിഷം, മന്ത്രവാദം, കൈനോട്ടം, ജാതകം നോക്കല്‍ തുടങ്ങിയ ഏതുമായെങ്കിലും  ബന്ധപ്പെടാതിരിക്കാനാകാത്ത  അവസ്ഥ ഉണ്ടായേക്കാം. നിരീശ്വരവാദവും യുക്തിവാദവും ഒക്കെ കൈമുതലാക്കിയവരും, ചില വിഷമഘട്ടങ്ങളില്‍,  മേല്‍പ്പറഞ്ഞ വഴികളിലൂടെ  സഞ്ചരിക്കാതിരിക്കില്ല..

സമൂഹത്തിന്റെ അരികുകളിലും മനുഷ്യ മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തു കൊണ്ടുവരുകയാണ് "പ്രാണസഞ്ചാരം"  എന്ന നോവലിലൂടെ  പ്രശസ്ത നോവലിസ്റ്റ്   ശ്രീ രാജീവ്‌ ശിവശങ്കര്‍.ആശയത്തിലും,ആഖ്യാനത്തിലും ഏറെ വ്യത്യസ്തതയും,പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ സൃഷ്ടി "തമോവേദ" ത്തിനു ശേഷം ശ്രീ രാജീവ്‌  ശിവശങ്കറിന്‍റെ തൂലികയില്‍ നിന്നും പിറവിയെടുത്ത  ശക്തമായ നോവല്‍ ആണ്.

ആനന്ദന്‍ പുരുഷോത്തമന്‍ എന്ന ചെറുപ്പക്കാരനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ജോലിയിലെ ആത്മാര്‍ഥതയും മിടുക്കും കേട്ടറിഞ്ഞു, ആകര്‍ഷകമായ ശംബളം വാഗ്ദാനം ചെയ്തു ഫിന്‍ലൈഫ്‌ എന്ന ധനകാര്യ സ്ഥാപനം ആനന്ദനെ  തങ്ങളുടെ സ്വന്തമാക്കുന്നു.. പുതിയ ഓഫീസില്‍ ചാര്‍ജ്ജെടുത്തു,  മേലുദ്യോഗസ്ഥനെ കാണാന്‍ ചെല്ലുക എന്ന  സാമാന്യ മര്യാദകള്‍ പാലിച്ചില്ലെന്ന  പേരിലായിരുന്നു   പ്രശ്നങ്ങളുടെ  തുടക്കം. അവിടെ തന്നെ ജോലി ചെയ്യുന്ന രണ്ടു പേര്‍ വിലക്കിയതിന്റെ പേരിലാണ് താന്‍ ബോസ്സിനെ കാണാന്‍ വരാതിരുന്നത് എന്ന് പറഞ്ഞപ്പോള്‍ മേലധികാരി വീണ്ടും  ക്ഷോഭിച്ചു.. കാരണം ആനന്ദന്‍ പറഞ്ഞ ആ രണ്ടു പേരും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിലും ആത്മഹത്യചെയ്തും മരിച്ചു പോയവരായിരുന്നു. പിന്നീടങ്ങോട്ട്  യൂണിയന്‍ നേതാവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ.   പലരുടെയും  കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും   വെളിച്ചത്തു വരുമെന്നായപ്പോള്‍, സഹപ്രവര്‍ത്തകരില്‍  ചിലര്‍  ഒറ്റക്കെട്ടായി ആനന്ദന്റെ നിഗൂഡതകള്‍   തേടി യാത്രയായി.. ചെന്നെത്തിപ്പെട്ടത്‌ ആനന്ദനെ ചികിത്സിക്കുന്ന ഡോക്ടര്‍ രാജമൂര്‍ത്തിയുടെ മുന്നിലായിരുന്നു..   ചികിത്സയുടെ ഭാഗമായി, വികാര വിചാരങ്ങളും  അനുഭവങ്ങളും  കുറിച്ചിട്ട  ഡയറിയിലൂടെ, ആനന്ദനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കും  അതുവഴി ജ്യോതിഷത്തിലും മന്ത്രവാദത്തിലും ഹൈക്കുലസ്സിഹാമെന്ന അറബി മാന്ത്രികത്തിലും  അന്ധമായി വിശ്വസിച്ചു  അധപതിച്ചു പോയ കുറെ മനുഷ്യ മനസ്സുകളുടെ വിഭ്രാത്മകമായ വഴികളിലൂടെ  വായനക്കാരെ കൊണ്ട് പോകുന്നു..

ഇനി ആനന്ദനെ  പരിചയപ്പെടാം.
അച്ഛനും അമ്മയും  അനിയത്തിയും അമ്മൂമ്മയും അപ്പൂപ്പനും അമ്മാവന്മാരും ഒക്കെ അടങ്ങുന്ന  ഭേദപ്പെട്ട തറവാട്ടിലെ ഒരു കൂട്ട് കുടുംബത്തിലായിരുന്നു  ആനന്ദന്‍ വളര്‍ന്നത്‌.  കടുക്കാച്ചി മാവിന്‍ ചോട്ടിലും, പാടത്തും പറമ്പിലും പുഴയോരത്തും  തുള്ളിത്തെറിച്ചു  നടന്നിരുന്ന ബാല്യവും കൌമാരവും.  കൌമാര കാലത്തിന്‍റെ അവസാന നാളുകളില്‍ ഒരു ദിവസമാണ്  അയല്‍പക്കത്തെ  പെണ്‍കുട്ടിയില്‍ നിന്നും  ഓജോ ബോര്‍ഡ്‌ വഴി മരിച്ചു പോയവരുടെ ആത്മാവുമായി സംവദിക്കുന്ന കൗതുക  ലോകത്തെ കുറിച്ച് അറിയുന്നത്.

കോളജ്‌ പഠനകാലത്തെ കൂട്ടുകാരന്‍  പീറ്ററിലൂടെയാണ്,  ഉഗ്രമൂര്‍ത്തികളെന്നു  പറയപ്പെടുന്ന വടുകഭൈരവന്‍, വീരഭദ്രന്‍, കര്‍ണ്ണപിശാചിനി  എന്നീ ദുര്‍ദേവതകളെ ഉപാസിച്ചിരുന്ന  പീറ്ററിന്റെ അപ്പൂപ്പനെ കുറിച്ച് അറിയുന്നത്.  പക്ഷെ ആനന്ദന്റെ ജീവിതം മാറ്റി മറിച്ചത് ഇതൊന്നുമായിരുന്നില്ല.

ആനന്ദന്റെ ചെറിയമ്മാവന്‍ ആയിരുന്നു ഭാര്‍ഗ്ഗവന്‍ പിള്ള.. സുന്ദരനും സുശീലനുമായിരുന്ന ചെറുപ്പക്കാരന്‍..  സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ഭാര്‍ഗ്ഗവന്‍ ചെറുപ്പത്തിലെ തന്നെ സ്വന്തം  മുറി ഒരു പരീക്ഷണശാലയാക്കി മാറ്റിയിരുന്നു..  അമ്മാവനും അദ്ധേഹത്തിന്റെ  പുതിയ പുതിയ കണ്ടുപിടുത്തങ്ങളും ആനന്ദന്റെ കൌതുകമായിരുന്നു. വലിയമ്മാവന്‍ ചന്ദ്രശേഖരന്‍   കവിതാരചനയും   അല്പസ്വല്പം രാഷ്ട്രീയവുമായി  നടക്കുന്നയാള്‍. എല്ലാം കൊണ്ടും സമാധാനപരമായൊരു കുടുംബാന്തരീക്ഷം..

വരാനിരിക്കുന്ന ദുര്‍ഗ്ഗതികളുടെ മുന്നോടിയായിട്ടാവാം, ആ കുടുംബത്തെ ഉലച്ച  ആ സംഭവം.. ഭാര്‍ഗ്ഗവന്‍ പ്രേമിച്ചിരുന്ന  രാധ എന്ന പെണ്‍കുട്ടി, പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു.  പ്രേമത്തിന്‍റെ പേരില്‍  പഠിത്തം ഉഴപ്പാതിരിക്കാന്‍ വേണ്ടി ഇരു കുടുംബങ്ങളും  തീരുമാനിച്ചതായിരുന്നു പരീക്ഷയില്‍ രണ്ടുപേരും   ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ചാല്‍ മാത്രമേ   വിവാഹം നടത്തുകയുള്ളൂ  എന്ന്. പരീക്ഷാഫലം വന്നപ്പോള്‍ രാധ   തോറ്റു.. ഭാര്‍ഗ്ഗവനെ നഷ്ട്ടപ്പെടുമെന്നോര്‍ത്തു  രാധ  ഒരു തുണ്ടു കയറില്‍ ജീവിതം അവസാനിപ്പിച്ചു..   ഈ സംഭവം ഭാര്‍ഗ്ഗവനെയും കുടുംബത്തെയും വല്ലാതെ പിടിച്ചുലച്ചു.. പ്രണയിനിയുടെ  നഷ്ട്ടം താങ്ങാനാവാതെ,  വല്ല്യേട്ടന്  ഒരു കുറിപ്പ്  എഴുതി വെച്ച് ഭാര്‍ഗ്ഗവന്‍  നാടു വിട്ടു..

നീണ്ട ഇരുപതു വര്‍ഷങ്ങള്‍.. ഇതിനിടയില്‍  ആനന്ദന്റെ  കുഞ്ഞനിയത്തി മരണപ്പെട്ടു..   വല്യമ്മാവന്‍  ശ്യാമളമ്മായിയെ  വിവാഹം കഴിച്ചു.. കുടുംബത്തില്‍ എന്തൊക്കെയോ ദുസ്സൂചനകള്‍ കാണാന്‍ തുടങ്ങി..  നാടുവിട്ടു പോയ  ഭാര്‍ഗ്ഗവന്‍  ഒരു സിദ്ധന്‍ ആയി തിരിച്ചെത്തി.  ചുറുചുറുക്കോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന  പഴയ ആ ചെറുപ്പക്കാരന്റെ  സ്ഥാനത്തു, താടിയും മുടിയും നീട്ടി വളര്‍ത്തിയ,  അത്യാവശ്യത്തിനു അളന്നു തൂക്കി മാത്രം അക്ഷരങ്ങള്‍ പുറത്തേക്കു തുപ്പി തെറിപ്പിക്കുന്ന , കണ്ണുകളില്‍  കടലോളം  നിഗൂഡതകള്‍  ഒളിപ്പിച്ചു  വെച്ച  മഹാ മന്ത്രവാദി.

പ്രേതബാധ ഒഴിപ്പിക്കാന്‍ വേണ്ടിയും, ശത്രുക്കള്‍ക്കെതിരെ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യാനും ഒക്കെയായി,  ആളുകളുടെ നീണ്ട നിര  തറവാട്ടിന്റെ മുറ്റത്ത്‌ കാത്തു നിന്നു. സമാധാനപരമായ  അന്തരീക്ഷം കുടുംബത്തിന് നഷ്ട്ടമായി..  ഹരിനാമകീര്‍ത്തനവും നാരായണീയവും സന്ധ്യാനാമവും  ഒക്കെ ഉയര്‍ന്നു കേട്ട അകത്തളങ്ങളില്‍ നിന്ന്   ചാത്തന്‍ സേവയുടെയും കര്‍ണ്ണപിശാനി മന്ത്രങ്ങളും,  രക്തക്കുരുതിയുടെ  മനം മടുപ്പിക്കുന്ന  ഗന്ധവും, പുകയും,  പ്രേതം ബാധിച്ചവരുടെ  അട്ടഹാസങ്ങളും മാത്രം..  എന്തിനും ഏതിനും ഭാര്‍ഗ്ഗവന്‍ മന്ത്രവാദിയുടെ  സഹായിയായി  കാര്‍പ്പരകന്‍ എന്ന ഭീകരത തോന്നിക്കുന്ന മുഖമുള്ള മനുഷ്യനും.

എതിര്‍ത്തവരെയും  ചോദ്യം ചെയ്തവരെയും  രക്തബന്ധം പോലും മറന്നു   ഒന്നൊന്നായി ഭാര്‍ഗ്ഗവന്‍  തളര്‍ത്തിയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നട്ടെല്ലുകള്‍   വീട്ടു വളപ്പിലെ  പട്ടടകളില്‍  പൊട്ടിത്തെറിച്ചു.   അപ്പൂപ്പന്‍,  അമ്മൂമ്മ, അമ്മ, അച്ഛന്‍,  അങ്ങിനെ ഓരോരുത്തരെയായി  ആനന്ദന് നഷ്ട്ടമായി.  കാമകേളികള്‍ക്കായി ജ്യേഷ്ഠസഹോദരന്‍റെ  ഭാര്യ ശ്യാമളയെ  വശീകരിച്ചു  ഭാര്‍ഗ്ഗവന്‍ തന്റെ സ്വന്തമാക്കി.   തകര്‍ന്നു പോയ വല്യമ്മാവന്‍ എവിടൊക്കെയോ അലഞ്ഞുതിരിഞ്ഞു.  അവസാനത്തെ ഊഴം ആനന്ദന്റെ ആയിരുന്നു. മന്ത്രവാദപ്പുരയില്‍ നിന്നും ഉയര്‍ന്നു വന്ന മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലടിച്ചപ്പോള്‍ വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കിയ ആനന്ദനെ  ഭാര്‍ഗ്ഗവനമ്മാവന്‍   എന്ന മന്ത്രവാദി, തന്‍റെ  ആഭിചാര മന്ത്രശക്തിക്കിരയാക്കി.     നീണ്ട ഒരു മയക്കത്തില്‍ നിന്നും ആനന്ദന്‍ ഉണര്‍ന്നെണീറ്റത് മറ്റൊരു ലോകത്തായിരുന്നു. അമ്മാവന്‍റെ മന്ത്രവാദത്തിനിരയായ ആനന്ദന് പിന്നെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും  തമ്മില്‍ വേര്‍തിരിച്ചു  അറിയാന്‍ കഴിഞ്ഞില്ല.  

പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കുള്ള അഭിരുചി നിര്‍ണ്ണയ ചോദ്യാവലിയില്‍ ഭാര്യയുടെ പേരിന്‍റെ സ്ഥാനത്ത്   എഴുതി ചേര്‍ത്ത യാമിനി എന്ന പേരിന്‍റെ ഉടമ പോലും ആനന്ദനെ കണ്ണിനും മനസ്സിനും മാത്രം ദൃശ്യമാണെന്നു പറയുമ്പോള്‍,  വിശ്വസിക്കാന്‍ പ്രയാസം തോന്നും..  മരിച്ചവരെയും  ജീവിച്ചിരിക്കുന്നവരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍,   പല അവസരത്തിലും മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുമ്പോള്‍   ആനന്ദന്‍ വായനക്കാരുടെ മനസ്സില്‍  ഒരു നൊമ്പരമായി മാറുന്നു.

യുക്തിവാദിയും നിരീശ്വരവാദിയുമായ കൊച്ചച്ചന്‍,  നേരെ വിപരീതമായി അന്ധവിശ്വാസിയായ  സുഭദ്രക്കുഞ്ഞമ്മ,    ചാത്തന്‍ സേവ നടത്തി പ്രശസ്തനായി ,  അവസാനം ഭാര്‍ഗ്ഗവന്‍ പിള്ളയുടെ ആഭിചാരത്തിനു ഇരയായി തളര്‍ന്നു പോയ മിഞ്ചിക്കാട്ടെ നാരായണന്‍,  ഇങ്ങിനെ ഒട്ടനവധി കഥാപാത്രങ്ങള്‍  ഈ നോവലിലൂടെ  കടന്നു പോകുന്നു. 

ഈ നോവലിന്‍റെ രചനയ്ക്കായി മന്ത്രവാദികള്‍, ജ്യോത്സ്യന്മാര്‍, മന:ശാസ്ത്രജ്ഞര്‍   എന്നിവരെ കൂടാതെ മന്ത്രവാദത്തെ   അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായരുടെ അനുഭവങ്ങള്‍ തേടിപ്പോകേണ്ടി വന്നിട്ടുണ്ടെന്നും, മന്ത്രവാദ സംബന്ധമായ കുറിപ്പുകള്‍ക്ക് ഡോ.എം. ആര്‍. രാജേഷ്‌ ഉള്‍പ്പെടെയുള്ളവരുടെ വിലപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിച്ചിട്ടുണ്ടെന്നും  നോവലിസ്റ്റ്  വെളിപ്പെടുത്തുന്നു.. 

പ്രശസ്ത  മലയാള  സാഹിത്യകാരനും അദ്ധ്യാപകനും  പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ ഡി. സി. ബുക്സിന്റെ സ്ഥാപകനുമായ   ഡി. സി. കിഴക്കേമുറി എന്ന ഡൊമിനിക്‌ ചാക്കോ കിഴക്കെമുറിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ഡി. സി. സാഹിത്യോത്സവത്തില്‍, തിരഞ്ഞെടുത്ത നൂറു എഴുത്തുകാരുടെ നൂറു കൃതികളില്‍  ഇടംനേടിയ  നോവല്‍  കൂടിയാണ്  "പ്രാണസഞ്ചാരം"  

ആഖ്യാനശൈലി കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന  ശ്രീ രാജീവ്‌ ശിവശങ്കറിന്റെ  കിരീടത്തില്‍  "പ്രാണസഞ്ചാരം"  എന്ന ഈ നോവല്‍  ഒരു പൊന്‍തൂവല്‍  കൂടി ചാര്‍ത്തുന്നു.    കഥാകൃത്തിന് ഭാവുകങ്ങള്‍ നേരുന്നു.. !!


- പത്മശ്രീ നായര്‍ -












Friday, 7 March 2014

വനിതാദിനാശംസകള്‍...



1994 ല്‍  ആണെന്ന് തോന്നുന്നു പാലക്കാട്‌  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭര്‍ത്താവിന്‍റെ ഇടതു കൈയ്യില്‍ പിടിച്ചു  ഗുജറാത്തിലേക്ക്  തീവണ്ടി കയറി..  ജീവിതം കരുപ്പിടിപ്പിക്കാനുള്ള മോഹവും തോളത്തു  തളര്‍ന്നു കിടന്നുറങ്ങുന്ന രണ്ടു വയസ്സുകാരന്‍ മകനും,  പെയിന്റ് അടര്‍ന്ന തകരപ്പെട്ടിയില്‍  അത്യാവശ്യം തുണികളും  വണ്ടിയില്‍ കഴിക്കാന്‍ അമ്മ തന്നു വിട്ട പൊതിച്ചോറും മാത്രമായിരുന്നു ലഗ്ഗേജ്..

മകളെ ഒരു ജോലിക്കാരിയായി കാണാനുള്ള  ഒരമ്മയുടെ ആഗ്രഹവും, എന്തെങ്കിലും ഒരു ജോലി കിട്ടിയാല്‍ ജീവിതം പതിയെ ഇഴ ചേര്‍ത്തെടുക്കാമെന്നുള്ള മോഹവുമായിരുന്നു   ഗ്രാമത്തെയും ഗ്രാമഭംഗിയെയും സ്നേഹിച്ചു കൊതി തീരാത്ത ഒരു നാട്ടിന്‍ പുറത്തുകാരിയെ  കേരളത്തില്‍ നിന്നും മറ്റൊരു ദേശത്തെക്ക് പറിച്ചു നടാന്‍ പ്രേരിപ്പിച്ച ഘടകം. ഒരു പറിച്ചു നടല്‍ ഇഷ്ട്ടപ്പെടാതിരുന്നിട്ടും  എന്‍റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി  കൂടെ  വരാന്‍ സമ്മതിച്ചതിന്റെ  മുറുമുറുപ്പ് ഭര്‍ത്താവില്‍ നിന്നും ഏറെ കാലം ഏറ്റുവാങ്ങേണ്ടി വന്നു..

ഗ്രാമത്തിന്‍റെ  വിശുദ്ധിയും ,  അമ്പലക്കുളവും,  പാടവും അന്തിമാളന്‍ ക്ഷേത്രവും   വിഷുവേലയും  ഓണവും  ഒക്കെയാണ്  ലോകവും ജീവിതവും എന്ന് തെറ്റിദ്ധരിച്ച  എനിക്ക് അഹമ്മദാബാദില്‍  വണ്ടിയിറങ്ങിയപ്പോള്‍ മൊത്തത്തില്‍ അന്ധാളിപ്പ് ആയിരുന്നു.. കരിമ്പുക  തുപ്പുന്ന വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ  പാതകള്‍,  പല തരത്തിലുള്ള ആള്‍ക്കാര്‍, ഒന്നും മനസ്സിലാവാത്ത ഭാഷ..  സഹോദരന്‍റെയും കുടുംബത്തിന്‍റെയും കൂടെ ഒറ്റമുറിയുള്ള വാടക വീടിലുള്ള താമസം.. ചുറ്റുപാടുമുള്ള സ്ത്രീകള്‍ ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ ചോദിക്കുമ്പോള്‍  നിര്‍വികാരതയോടെ, മറുപടി പറയാനാവാതെ,  നിറമില്ലാത്ത ചിരി ചിരിച്ചു തിരിഞ്ഞു നടക്കുമായിരുന്നു.

അഹമ്മദാബാദില്‍ എത്തിയതിന്‍റെ  പിറ്റേന്ന് മുതല്‍  ഇന്റര്‍വ്യൂവിനു പോയി തുടങ്ങി.. അധികമൊന്നും അലയേണ്ടി വന്നില്ല.. രണ്ടു കമ്പനിയില്‍ നിന്നും അപ്പോള്‍ തന്നെ കിട്ടിയ മറുപടി  ഏട്ടന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു തന്നു.. "ഭാഷയൊക്കെ നന്നായി പഠിച്ചതിനു ശേഷം വരൂ.. അപ്പോള്‍ വേക്കന്‍സി ഉണ്ടെങ്കില്‍  നിയമിക്കാം."

രണ്ടു ദിവസം കഴിഞ്ഞു ഏട്ടന്റെ ഒരു സുഹൃത്ത്‌ വഴി മറ്റൊരു ഓഫീസില്‍ എത്തി. പേടിച്ചു വിറച്ചു മാനേജരുടെ ക്യാബിനില്‍ എത്തി..   ഗ്രാമീണരെ മാത്രം കണ്ടു പരിചയിച്ച, ഗ്രാമ്യ ഭാഷ മാത്രം കേട്ട് ശീലിച്ച  എനിക്ക്, ഒരു ഓഫീസും  ജോലിക്കാരും ഒക്കെ പുതിയൊരു അനുഭവം ആയിരുന്നു..  ഭാഗ്യത്തിന് അവിടെ ഉണ്ടായിരുന്ന മാനേജര്‍  പാലക്കാട്ടുകാരന്‍ അയ്യര്‍ സര്‍   എന്‍റെ ദയനീയാവസ്ഥ  മനസ്സിലാക്കി   ടൈപ്പിസ്റ്റ്‌  ആയി നിയമിച്ചു.  വെറും അഞ്ഞൂറ് രൂപ ശമ്പള ത്തിനു.. മുങ്ങിത്താഴാന്‍ പോകുമ്പോള്‍ കിട്ടുന്നൊരു കച്ചിത്തുരുമ്പ്.. അതായിരുന്നു എനിക്കാ ജോലി..  അതെ ഓഫീസില്‍ ജോലിയുള്ള രണ്ടു മൂന്നു മലയാളികള്‍ വേറെയും ഉണ്ടായിരുന്നു.. സ്ത്രീ ആയിട്ട് ഞാന്‍ മാത്രം..  അയ്യര്‍ സാര്‍,   ഒരു മകളെ പോലെ എനിക്ക് വേണ്ടുന്ന ഉപദേശങ്ങള്‍  തന്നു..  ഓരോ ജോലികളും  ചെയ്യാന്‍ പ്രാപ്തയാക്കി, എന്‍റെ ജീവിതത്തില്‍ എക്കാലവും സ്മരിക്കപ്പെടെണ്ട വ്യക്തി അയ്യര്‍ സാര്‍ മാത്രമാണ്..

ഇതിനിടയില്‍, ആകസ്മികമായി ഭര്‍ത്താവിനു ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരികയും കുറെ കാലത്തേക്ക്  ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി .  പുതിയ നാടും കാലാവസ്ഥയും യോജിക്കാതതിനാല്‍   എപ്പോഴും  രോഗം  വന്നു കൊണ്ടിരിക്കുന്ന  മകന്‍,  ഇതിനൊക്കെ ഇടയില്‍ ഞാന്‍ എന്നെകുറിച്ച് ആലോചിക്കാറേ  ഇല്ലായിരുന്നു..   പണ്ടെങ്ങോ മടങ്ങിപ്പോയ ശ്വാസം മുട്ടല്‍ നഗരജീവിതം തുടങ്ങിയപ്പോള്‍  വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു വന്നു..   പലപ്പോഴും ജീവിതം ദുസ്സഹമായി..  അപ്പോഴും ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു  ഏതോ ഒരജ്ഞാത ശക്തി  എന്നെ നിയന്ത്രിക്കുന്നുണ്ടെന്നു,  നിന്നെ കാത്ത് നല്ലൊരു ജീവിതം ഉണ്ടെന്നു ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ..

പണമില്ലാത്തവരെ സ്വന്തക്കാര്‍ക്കു പോലും വേണ്ടെന്നു തിരിച്ചറിഞ്ഞ നാളുകള്‍.. ബന്ധങ്ങള്‍ ബന്ധനങ്ങളും ബാധ്യതയുമായി.. തുടര്‍ന്നുള്ള നാളുകളില്‍  ജീവിതത്തെ   ശത്രുസ്ഥാനത്ത് നിര്‍ത്തി വാശിയോടെ നേരിട്ടു.   മുഖം കറുപ്പിച്ചു എന്തെങ്കിലും പറഞ്ഞാല്‍ മുറിയുടെ മൂലക്കിരുന്നു കരഞ്ഞിരുന്ന നാടന്‍ പെണ്ണിന് മാറ്റങ്ങള്‍ വന്നു തുടങ്ങി.. ഒരു പക്ഷെ മാറിയെ തീരൂ എന്നവള്‍ തിരിച്ചറിഞ്ഞു തുടങ്ങി. മുന്നോട്ടു വെച്ച ചുവടുകള്‍ പരാജയം ഏറ്റുവാങ്ങി പുറകോട്ടു എടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ. എക്സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ച്  ശമ്പളക്കയറ്റത്തോടെ അഞ്ചോ  ആറോ കമ്പനികളില്‍ മാറി മാറി ജോലി ചെയ്തു.

ഏറ്റവും വലിയ ശത്രുവും ഏറ്റവും വലിയ യുദ്ധക്കളവും ജീവിതം തന്നെയെന്ന് എന്‍റെ ജീവിതത്തിലൂടെ ഞാന്‍ പഠിച്ചു.  ഇണങ്ങിയും പിണങ്ങിയും സുഖദുഃഖങ്ങള്‍ പങ്കിട്ടും രണ്ടുപേരും കൂടി ആഞ്ഞു തുഴഞ്ഞു ജീവിതത്തോണി ഒരുവിധം കരക്കടുപ്പിച്ചു..   പന്ത്രണ്ടു വര്‍ഷമായി, ഞങ്ങളുടെ ദാമ്പത്യം പ്രവാസത്തിനിടക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍  വീണു കിട്ടുന്ന രണ്ടു മാസത്തെ അവധിക്കാലമായി ചുരുങ്ങി.

സ്ത്രീ അബലയല്ല..  അവള്‍ ജീവിക്കുന്ന സാഹചര്യമാണ് അവളെ അബലയോ ദുര്‍ബ്ബലയോ ഒക്കെ ആക്കി തീര്‍ക്കുന്നത്.    ജീവിതത്തോട് മല്ലിട്ട് നേടിയതൊന്നും ഒരു നേട്ടമായി ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ മനസ്ഥൈര്യവും, ആത്മവിശ്വാസവും  ഒഴികെയുള്ള  ഒരു നേട്ടവും ശാശ്വതമല്ലല്ലോ..

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍ ഏറെയുണ്ട്.. ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പരിശ്രമത്തിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു.. "നീയില്ലെങ്കില്‍  ഇന്ന് നമ്മുടെ കുടുംബം ഈ നിലക്ക് എത്തുകയില്ല"  എന്ന   ഇണയുടെ ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു.  കഷ്ട്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഉലയില്‍ വെച്ച് ഊതിക്കാച്ചിയെടുത്ത പൊന്നാണ് എന്‍റെ ജീവിതം.  ആ തിരിച്ചറിവ് മാത്രം മതി സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍.

തളരരുത്.. ഏതു പ്രതിസന്ധിയെയും ആത്മ വിശ്വാസത്തോടെ നേരിടുക.. തീര്‍ച്ചയായും വിജയിക്കും.  കാരണം സ്ത്രീ ഒരു ശക്തിയാണ്.. സ്ത്രീയാണ് ശക്തി..

എല്ലാ കൂട്ടുകാരികള്‍ക്കും ലോക വനിതാ ദിനത്തില്‍ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

-പത്മശ്രീനായര്‍-









Wednesday, 26 February 2014

റേഡിയോ പുരാണം...!!





കുട്ടിക്കാലത്തുള്ള റേഡിയോ പ്രേമത്തെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ ട്ടോ.. ചിലപ്പോ കൂടീന്നും ഇരിക്കും.. അങ്ങട് സഹിക്ക്യന്നെ.. 

ടെലിവിഷന്‍ സാധാരണക്കാരുടെ വിദൂരസ്വപ്നമായിരുന്ന എന്റെ കുട്ടിക്കാലത്ത്, വിനോദത്തിനും വിജ്ഞാനത്തിനും, പുറംലോകവുമായി ബന്ധം സ്ഥാപിക്കാനും ഉള്ള ഒരേയൊരു മാധ്യമം ആയിരുന്നു റേഡിയോ..എന്തേ പത്രം വായിക്കാറില്ലായിരുന്നോ എന്നൊന്നും ഇടയ്ക്കു കേറി ചോയ്ക്കണ്ട..

അതിരാവിലെ, എന്ന്വെച്ചാ ഒരു ആറു മണിയോടടുപ്പിച്ചു പ്രത്യേക ശബ്ദത്തില്‍ കൂക്കി വിളിച്ചു വന്ദേമാതരം പാടി തുറക്കുന്ന തൃശ്ശൂര്‍ സ്റ്റേഷന്‍, തുടര്‍ന്ന് വരുന്ന സുഭാഷിതം ഇന്നത്തെ എന്റെ പ്രഭാതഭേരിയുടെ ഓര്‍മ്മകളുണര്‍ത്തുന്നു. അതിരാവിലെയുള്ള മുറ്റമടിയും ചാണക വെള്ളം തളിച്ച് ശുദ്ധീകരണം നടത്തലും എന്റെ വകുപ്പായത് കൊണ്ട്, ഇടതു കൈയ്യില്‍ ട്രാന്‍സിസ്റ്ററും (റേഡിയോക്ക് ചിലര് അങ്ങനേം പറയും) വലതു കൈയ്യില്‍ 'ആപ്പിന്റെ' ചിഹ്നമായ ചൂലുമായി കര്‍മ്മ പരിപാടികള്‍ തുടങ്ങുകയായി. ഹിന്ദു-മുസ്ലിം-ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പ്രഭാത വന്ദനമെന്ന പരിപാടിയിലൂടെ ഹൃദയത്തിലെക്കൊഴുകിഎത്തുമ്പോള്‍ അവാച്യമായൊരു ആത്മീയാനുഭൂതി അനുഭവിച്ചിരുന്നു. അതുകൊണ്ടാവാം ഈയിടെയായി ആത്മീയ ചിന്തകള്‍ കൂടി വരുന്നു.. "അമ്മേ അമ്മേ " എന്നൊരുള്‍വിളി കേള്‍ക്കാന്‍ തുടങ്ങീട്ടു കുറച്ചീസായി..

എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന "ഉഗ്രരൂപിണിയായ" ഗായികയെ കണ്ടെത്തിയതും അക്കാലത്ത് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ലളിത സംഗീത പാഠമാണ്. റേഡിയോക്കുള്ളില്‍ ഇരുന്നു അഞ്ജാതനായ ഏതോ പാട്ട് മാഷ്‌ വരികള്‍ ചൊല്ലിതരും. ഇടതു കൈയ്യിലെ ഓട്ടുഗ്ലാസ്സില്‍ ഇളം ചൂടുള്ള ചായ ഊതിയൂതി കുടിച്ചു, ഞാന്‍ ഏറ്റുപാടും.

"രാവില്യന്നെ ഇതിന്‍റെ മുമ്പില് കുത്തിയിരിക്കാണ്ട് പോയി തൊഴുത്തിലെ ചാണകം വാരിയിടെടീ" എന്ന അമ്മയുടെ ആക്രോശവുമുണ്ടാവും ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ആയിട്ട്. റസൂല്‍പൂക്കുട്ടിയുടെ സൌണ്ട് മിശ്രിതം തോറ്റുപോവുന്ന മദറിന്റെ ഗര്‍ജ്ജനം..

ആകാശവാണി .. തിരുവനന്തപുരം തൃശ്ശൂര്‍ ആലപ്പുഴ, കോഴിക്കോട്.. വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.. പ്രാദേശിക വാര്‍ത്തകള്‍ക്കും കൌതുക വാര്‍ത്തകള്‍ക്കും ജീവന്‍ കൊടുത്തിരുന്ന പ്രൌഡ ഗംഭീരമായ ആ ശബ്ദം ന്യൂ ജനറേഷന്‍ അല്ലാത്ത മലയാളികള്‍ മറന്നു കാണാന്‍ വഴിയില്ല എന്നല്ല കഴിയില്ല എന്നതാണ് വാസ്തവം.

സ്വീകരണമുറിയിലെ മിനി സ്ക്രീനില്‍ 'നമ്മള്‍ തമ്മില്‍' എന്ന പരിപാടിയിലൂടെ വെട്ടിലിനെ പോലെ ചാടിച്ചാടി നടക്കുന്ന ആര്‍. ശ്രീകണ്ഠന്‍ നായരെ എത്രയോ കാലം മുമ്പ് തന്നെ ശബ്ദ വീചികളിലൂടെ പരിചയപ്പെടുത്തിയതും തുകല്‍ കുപ്പായമിട്ട, നാല് ഏവരെഡി ബാറ്ററിയെ ഗര്‍ഭം ധരിച്ച ഈ പാട്ടുപെട്ടിയായിരുന്നു.

ഓട്ടംതുള്ളല്‍, അയ്യപ്പന്‍ പാട്ട്, അര്‍ബ്ബനമുട്ട്, വി. ഡി. രാജപ്പന്റെയും സാംബശിവന്‍റെയും കഥാപ്രസംഗം, കോല്‍ക്കളി, നാടക ഗാനങ്ങള്‍ പഞ്ചവാദ്യം, തായമ്പക, അക്ഷരശ്ലോകം, പുള്ളുവന്‍പാട്ട്, തുടങ്ങിയ കലാസാംസ്കാരിക പരിപാടികളും, ഡോക്ടറോട് ചോദിക്കാം തുടങ്ങിയ വിജ്ഞാനപ്രദമായ പരിപാടികളും, അര മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ശ്രോതാക്കളിലേക്ക് എത്തിക്കാന്‍ റേഡിയോ നിലയങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നത് ശ്ലാഘനീയം തന്നെ. ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ നിന്നുയരുന്ന ആളുകളുടെ ആഹ്ലാദാരവങ്ങളില്‍ നിന്നും കപില്‍ദേവും രവിശാസ്ത്രിയും ഗവാസ്കറും ഒക്കെ എടുത്ത സ്കോര്‍ എത്രയെന്നു എളുപ്പത്തില്‍ അറിയാമായിരുന്നു.

വെണ്ട വിത്ത് നടാനും വാഴക്കു വെള്ളമൊഴിക്കാനും വഴുതനക്ക് വളമിടാനും ഒക്കെ പരിശീലിച്ചതിനു പുറമേ വയലും വീടും പരിപാടിക്കിടക്ക് ഉണ്ടായിരുന്ന ഒരു പരസ്യം എന്നെ വളരെയധികം സ്വാധീനിച്ചു എന്ന് മാത്രമല്ല ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.. വണ്ടറടിക്കണ്ട.. ദിതാണ് പരസ്യം..

കാക്കക്ക് തന്‍ കുഞ്ഞും പൊന്‍കുഞ്ഞാണെ
അമ്മക്ക് തന്‍ കുഞ്ഞ് തങ്കക്കുടം..
തങ്കക്കുടത്തിന് പൊട്ടു വേണ്ടാ
വീണ്ടുമൊരുണ്ണി അടുത്തു വേണ്ട.

ഞായറാഴ്ചകളില്‍ രാത്രി എട്ടു മണിക്ക്"എഴുത്തുപെട്ടി" എന്നൊരു പരിപാടി ഉണ്ടായിരുന്നു. ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും അതിലൂടെ സ്ഥിരമായി വായിക്കുന്ന കുറെ ശ്രോതാക്കളുടെ പേരുകളും കേട്ടപ്പോള്‍ "ഉണ്ടിരിക്കുന്ന രണ്ടു നായര് പെണ്‍കുട്ടികള്‍ക്കും ഒരു വിളി കേട്ടു."

അങ്ങാടിയില്‍ സാധനങ്ങള്‍ മേടിക്കാന്‍ പോണ വകയില്‍ മുട്ടായി മേടിക്കാന്‍ പോക്കറ്റ് മണിയായി കിട്ടുന്ന പത്തു പൈസാ തുട്ടുകള്‍ കൂട്ടി വെച്ച് പോസ്റ്റ്‌ കാര്‍ഡുകളില്‍ പരിപാടികളെ കുറിച്ചുള്ള ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ആകാശവാണിയിലേക്ക് എഴുതി.. മുട്ടായിക്ക് പകരം, തേക്കിലയില്‍ പൊതിഞ്ഞു കെട്ടിയ ശര്‍ക്കര പൊതി, വിരലിട്ടു തുരന്നു അച്ചുവെല്ലം കട്ടു തിന്നതിന് അടി കിട്ടിയ ചരിത്രവും ഏറെ. ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ യാതൊരു വിലയും കല്‍പ്പിക്കാതെ ആകാശവാണിക്കാര്‍ നിഷ്ക്കരുണം തള്ളിയപ്പോള്‍ ഞങ്ങള്‍ക്ക് വാശിയേറി. അവസാനം ഒരു ഭീഷണിക്കത്ത് അയച്ചു. ഇത് ഞങ്ങളുടെ അവസാനത്തെ കത്താണ്. ഇതുകൂടി വായിച്ചില്ലെങ്കില്‍ ഞങ്ങള്‍ റേഡിയോ പെട്ടി വലിചെറിയുമെന്നു എഴുതിയപ്പോള്‍ പിറ്റത്തെ ആഴ്ചയിലെ എഴുത്തു പെട്ടി പരിപാടിയില്‍ ഞങ്ങളുടെ പേരുകളും ആദ്യമേ തന്നെ വിളിച്ചു പറഞ്ഞു.



"ഈ നാടകം ഇഷ്ട്ടപ്പെട്ടെന്നു അറിയിച്ചിരിക്കുന്നു പത്മശ്രീ - രാജശ്രീ പഴമ്പാലക്കോട് .. പിന്നെ കുറെ സ്ഥിരം പേരുകളും. ആനന്ദലബ്ധിക്കിനിയെന്തു വേണം.. ഞങ്ങള്‍ സഹോദരികള്‍ ആനന്ദ നടനം ആടിനാന്‍..

'നിങ്ങള് റേഡിയോക്ക് കത്തയക്കാറുണ്ടല്ലേ. ഇന്നലെ നിങ്ങടെ പേര് പറഞ്ഞു കേട്ടൂലോ റേഡിയോല്.."
പിറ്റേന്ന് സ്കൂളില്‍ കൂട്ടുകാരുടെ പറച്ചില്‍ കേക്കുമ്പോള്‍ പിന്നേം ആനന്ദകുഞ്ചികളാവും.

റേഡിയോ പെട്ടിയുടെ വലതു ഭാഗത്തുള്ള കറുത്ത കുഞ്ഞു ചക്രം മേപ്പോട്ടും കീപ്പോട്ടും കറക്കി, വെളുത്ത അക്ഷരങ്ങള്‍ കൊണ്ട് HZ, MHZ എന്നിങ്ങനെ ഫ്രീക്വന്‍സി അടയാളപ്പെടുത്തിയ കണ്ണാടി ചില്ലിനകത്തു കൂടി മന്ദം മന്ദം നിരങ്ങി നീങ്ങുന്ന ചുവന്ന സൂചിയോടൊപ്പം, നയാപൈസ വണ്ടിക്കൂലി ചിലവാക്കാതെ, തൃശ്ശൂരു വഴി കോഴിക്കോടും ആലപ്പുഴയും തിരുവനന്തപുരവും, കോവൈ വാനൊലി നിലയവും, ശ്രീലങ്കയിലേക്കും ഒക്കെ ഉമ്മറക്കോലായിലിരുന്നു കൊണ്ട്, തലയില്‍ പേനും നോക്കി, ചെനച്ച മൂവാണ്ടാന്മാങ്ങ ഉപ്പും കൂട്ടി തിന്നുകൊണ്ട്, യാത്ര ചെയ്തിരുന്ന കുട്ടിക്കാലം. പ്രഭാതം മുതല്‍ രാത്രി വരെ പാട്ടുപാടിയും തമാശകള്‍ പറഞ്ഞു ചിരിപ്പിച്ചും ചിന്തിപ്പിച്ചും, ഇടനാഴിയിലെ ജനല്‍ തിട്ടയിലും , ഊണുമേശക്ക് അരികെയും അമ്മിക്കലിന്റെ മുകളിലും, മിണ്ടീം പറഞ്ഞും കൂടെയുണ്ടായിരുന്ന സുഹൃത്ത്‌.

ജീവനുള്ള നിഴലുകളെയും പേറി , വീട് വിറപ്പിക്കുന്ന ശബ്ദവുമായി, എല്‍. ഇ. ഡിയും, മ്യൂസിക്‌ സിസ്റ്റവും ഹോം തീയേറ്ററും ഒക്കെ സ്വീകരണ മുറികളില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍, നിസ്സഹായയായി, അവഗണനകള്‍ ഏറ്റുവാങ്ങി വിങ്ങിക്കരഞ്ഞു കണ്ണീരൊപ്പികൊണ്ട് റേഡിയോ പെട്ടി പഴയകാലത്തിന്റെ പടിയിറങ്ങി പോയി. എങ്കിലും എന്‍റെ പഴമനസ്സ് അവിടൊക്കെ തന്നെ കടിച്ചു തൂങ്ങി നിക്ക്വാ. യേശുദാസിന്റെയും ജാനകിയമ്മയുടെയും സുശീലാമ്മയുടെയും ജയചന്ദ്രന്റെയും ഒക്കെ മാസ്മരിക ശബ്ദങ്ങള്‍ ഹൃദയത്തിന്നാഴങ്ങളിലേക്ക് ഇറങ്ങി ചെന്നതും ഇന്നും അവരെയൊക്കെ മനസ്സിലിരുത്തി പൂജിക്കുന്നതിനും ഈ പാട്ടുപെട്ടി വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല..

പഴയതൊക്കെ ഓര്‍മ്മകളായി പുതുമയോടെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..



-പത്മശ്രീ നായര്‍-



Sunday, 16 February 2014

"തമോവേദം" - വായനയിലൂടെ..!!!





സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനേക്കാള്‍ ഫലപ്രദമാണോ

തിന്മകളെ ഒളിപ്പിച്ചു വെച്ച് മനുഷ്യന്‍ നടത്തുന്ന സദ്കര്‍മ്മങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടോ??
  
അത്യന്നതങ്ങളിലെ ദൈവം കണ്ണടയ്ക്കുമ്പോള്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഇരുളിന്റെ ചക്രവര്‍ത്തിമാര്‍ പല്ലിളിക്കുന്നുചോദിച്ച വരങ്ങള്‍ കിട്ടാതെ വരുന്ന സാമാന്യജനം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ചെകുത്താനെ കൂട്ടുപിടിക്കാന്‍ തയ്യാറാവുന്നു.  സമൂഹം ക്ഷുദ്രമെന്നും തിന്മയെന്നും മുദ്രകുത്തിയ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ ആരാധനാപൂര്‍വ്വം ആഘോഷിക്കുന്ന വിശ്വനാഥന്‍ പറയുന്നു സാത്താനാണ് ദൈവമെന്ന്..

കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും തുളസിക്കതിരിന്റെയും സുഗന്ധം വമിക്കുന്ന,  പൂജയും മന്ത്രോച്ചാരണങ്ങളും അന്തരീക്ഷത്തെ പവിത്രമാക്കുന്ന, അമ്പോറ്റിത്തറവാട്ടിലെ  സന്തതി വിശ്വനാഥന്‍ ജനിച്ചു വീണപ്പോള്‍ തന്നെ ഒന്നിനു പിറകെ മറ്റൊന്നായി അനര്‍ത്ഥങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇരുട്ടിനെ പേടിയില്ലായിരുന്നു, മുട്ടിലിഴയുന്ന പ്രായത്തില്‍ തന്നെ പാമ്പും പഴുതാരയുമായിരുന്നു കൂട്ടുകാര്‍.. വിശ്വം വളരുന്നതിനനുസരിച്ച് അവന്‍റെയുള്ളിലെ സാത്താനും വളര്‍ന്നു.. ഇതിനിടയിലും വേണ്ടുവോളം വിദ്യാഭ്യാസം നേടിയെടുത്തു.   

കൊച്ചു പ്രായത്തില്‍ തന്നെ മദ്യത്തിന്‍റെ രുചിയറിഞ്ഞു.പുകവലി ശീലമാക്കി. അവന്‍റെ നോട്ടം പതിച്ച ഒരു പെണ്ണിനും അവനില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല..  സ്ത്രീയെന്നാല്‍ കാമ തൃഷ്ണ അടക്കാനുള്ള ഒരുപകരണം മാത്രം..   പ്രണയമില്ല, സ്നേഹമില്ല, പ്രായവ്യത്യാസമില്ല.. കന്യാസ്ത്രീ മുതല്‍ കളിക്കൂട്ടുകാരി വരെ അവന്‍റെ കാമത്രുഷ്ണക്ക് ഇരയായി.. വിശ്വനെ ചൊല്ലി ഉറ്റവരും ഉടയവരും വേദനിച്ചു..  

ആത്മീയ ഗ്രന്ഥങ്ങളെ അശുദ്ധമാക്കി.. ദൈവത്തെയും ദൈവ വിശ്വാസികളെയും  വെറുത്തു.. ഗുണദോഷിക്കാന്‍ വരുന്നവരെയും തന്‍റെ വഴികളില്‍ തടസ്സമാവുമെന്ന് തോന്നിയവരെയും   വെട്ടി മാറ്റി.  മാതാപിതാക്കള്‍ മകന്‍റെ വഴിവിട്ട ജീവിതം കണ്ടു നീറി നീറി മരിച്ചു. ഇതിനിടയില്‍ കൂട്ടായിരുന്ന സുഹൃത്തിനെ കൊല ചെയ്തു വിശ്വനാഥന്‍ കാവതിയെന്ന സ്വന്തം ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. 

കൊച്ചി നഗരത്തിലെ  നീണ്ട പത്തു വര്‍ഷം..  സാത്താന്‍ വിശ്വനെ പനപോലെ വളര്‍ത്തി. കൂട്ടിനു സാത്താന്‍റെ  സന്തതികള്‍ വേറെയും.. പകല്‍വെളിച്ചത്തില്‍ മാന്യതയുടെ മൂടുപടമണിഞ്ഞ പലരുടെയും മുഖംമൂടികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍   നിശാവസ്ത്രത്തോടൊപ്പം അഴിഞ്ഞു വീണു. കഞ്ചാവും കള്ളക്കടത്തും  അധോലോക പ്രവര്‍ത്തനവും വിശ്വനാഥനെ കുത്തഴിഞ്ഞൊരു ലോകത്തിന്‍റെ അധിപനാക്കി.. 

ആരാധനാലയങ്ങള്‍ കുര്‍ബാനകള്‍ക്കും ദീപാരാധനകള്‍ക്കും ശേഷം നടയടയ്ക്കുമ്പോള്‍   എവിടെയോ നിന്ന് ദുഷ്ടശക്തിയെ ആവാഹിക്കാനുള്ള ആരാധന മന്ത്രങ്ങള്‍ ഉയരുന്നു. സാത്താന് വേണ്ടി പള്ളികള്‍ പണിതു.. ചോരയും മൂത്രവും  തലയോട്ടിയില്‍ സംഭരിച്ച രജസ്വല രക്തവും സാത്താന് നിവേദിച്ചു.. വ്യഭിചാരം, ജാരവൃത്തി, ഗര്‍ഭചിദ്രം, സ്വയംഭോഗം ഇവയൊന്നും പാപമല്ലെന്നു അനുയായികളെ പഠിപ്പിച്ചു. ദൈവത്തെക്കാള്‍ ശക്തി   ചെകുത്താനാണെന്നു വിശ്വസിപ്പിച്ചു. പുളഞ്ഞാടിയ ദിനരാത്രങ്ങള്‍..തെളിവുകളൊന്നും ബാക്കി വെക്കാത്തതിനാല്‍, ഇതേക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികള്‍ അന്ധവിശ്വാസമെന്ന്  പറഞ്ഞു അധികാരികള്‍ പുച്ഛത്തോടെ തള്ളി.. അഥവാ പച്ച നോട്ടു കെട്ടുകള്‍ അവരെ കൊണ്ട് അങ്ങനെ പറയിപ്പിച്ചു. 

എല്ലാത്തിനും ഒരവസാനം എന്നത് കാലത്തിന്‍റെ നിശ്ചയം.. വാളെടുത്തവന്‍ വാളാല്‍.. തല്ലാനും കൊല്ലാനും കൂടെ നിന്ന സുഹൃത്തിന്‍റെ കൈ കൊണ്ട് വിഷം അകത്തു ചെന്ന വിശ്വത്തിന്‍റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. പാതിമയക്കത്തിലെന്നപോലെ  മരണത്തിന്‍റെ പടിവാതില്‍ വരെ ചെന്നെത്തി നോക്കിയിട്ട്  ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നു ഒരു പുതിയ മനുഷ്യനായി.. 

തറവാട്ടിലേക്ക് തിരിച്ചു പോയ വിശ്വം  നിലവറയിലെ പൂജാമുറിയില്‍ ആദ്യമായി ദീപം തെളിച്ചു.. സര്‍പ്പക്കാവിലും മണ്മറഞ്ഞുപോയ കാരണവന്മാരുടെ സമാധികളില്‍  ചെന്ന് സാഷ്ട്ടാംഗം    നമസ്കരിച്ചു.. ജീവിതത്തില്‍ ആദ്യമായ്‌ ചെയ്യുന്ന സദ്കര്‍മ്മം.. പിറന്ന നാടിനെയും പുഴയും കാറ്റിനെയും  കിളികളേയും സ്നേഹിച്ചു.. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ കണ്ടപ്പോള്‍ തറവാട് സന്തോഷിച്ചു.. 

പക്ഷെ എല്ലാം വെറുതെയായിരുന്നു..  തറവാട്ടു തേവരെ തൊഴാന്‍ പോയ വിശ്വത്തെ സാത്താന്‍ വിട്ടു കൊടുത്തില്ല.. ഇളം കാറ്റ് കൊടുംകാറ്റായ്‌  ചീറിയടിച്ചു. പെരുമഴയില്‍ പുഴ സംഹാര രുദ്രയായി, മരങ്ങള്‍ കടപുഴകി വീണു.. വിശ്വന്റെ കണ്ണുകളില്‍ രൗദ്രഭാവം.. അവന്‍ അട്ടഹസിച്ചു.. വീണ്ടും ചെകുത്താന്‍റെ  ചിരി.. 

ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഓരോ മണിക്കൂറിലും കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണ് സാത്താന്‍ ആരാധനയുടെ കേരളതലസ്ഥാനം. കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ലഹരിയിലാണ് പുതിയ ധ്യാനക്രമം തഴച്ചുവളരുന്നത്. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്‍റെ തമോരാശികളിലെക്കുള്ള ഒരു അസാധാരണമായ സഞ്ചാരമാണ്  രാജീവ്‌ ശിവശങ്കര്‍ എഴുതിയ "തമോവേദം" എന്ന നോവല്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണത്രേ  രാജീവ് തമോവേദം പൂര്‍ത്തിയാക്കിയത്. നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ഒറ്റപ്പെട്ട വീടുകളും കോളേജ്‌ ഹോസ്റ്റല്‍ മുറികളും ഫോര്‍ട്ട്‌ കൊച്ചിയിലെ ഹോംസ്റ്റേയിലും തിരക്കൊഴിഞ്ഞ വീഥിയിലെ കടമുറികളിലും ആണത്രേ ആധുനിക യുവത്വത്തിന്‍റെ തമോവേദക്കാര്‍ താവളമാക്കിയിരിക്കുന്നത്.     

നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു രാജീവിന്. സാത്താന്‍ എന്ന സങ്കല്പത്തെ പുനര്‍വായിക്കുകയാണ് ഈ നോവലിലൂടെ.

ഇതിന്‍റെ ആഖ്യാന ശൈലി തന്നെയാണ് ഈ നോവലിന്‍റെ വിജയവും.. ഏതൊരു വായനക്കാരന്‍റെ മനസ്സിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന വരികള്‍.  പുസ്തകം വായിച്ചു തീരുന്നതുവരെ ഒരിക്കലും മടുക്കാതിരിക്കാന്‍ ഓരോ വായനക്കാരന്റെയും മനസ്സ് വായിച്ചറിഞ്ഞു അവരുടെ ആസ്വാദന രുചിയറിഞ്ഞു ചേരുവകള്‍ ചേര്‍ത്തോരുക്കി വായനയുടെ ഒരു പുത്തന്‍ അനുഭവം സമ്മാനിക്കുന്നു  ശ്രീ രാജീവ്‌.

നല്ലൊരു പുസ്തകം മലയാളത്തിന് സമര്‍പ്പിച്ച ശ്രീ രാജീവ്‌ ശിവശങ്കറിന് അഭിവാദ്യങ്ങള്‍.. !!!  ഒപ്പം ഈ വായന നിര്‍ദേശിച്ച മുഖപുസ്തകത്തിലെ  ഒരു പുലി സുഹൃത്തിനോട്‌ ഈയവസരത്തില്‍ എന്‍റെ നന്ദി അറിയിക്കുന്നു..:)  


 -പത്മശ്രീനായര്‍-










Sunday, 9 February 2014

'ആരാച്ചാര്‍' - ആസ്വാദനക്കുറിപ്പ്.....








ദൈനംദിന ജീവിതത്തിലെ ഓട്ടപാച്ചിലും പിന്നെ മടിയും കാരണം ഇതുവരെ വായന ഒരു ശീലമാക്കിയിരുന്നില്ല എങ്കിലും ഈയടുത്ത കാലത്തായി പുസ്തകങ്ങളെ വല്ലാതെ സ്നേഹിച്ചു തുടങ്ങി.. വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക എന്ന സാഹസത്തിനുള്ള ചങ്കുറപ്പ് തീരെയില്ല. മാധവിക്കുട്ടിയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും കുറച്ചു പുസ്തകങ്ങള്‍ വായിച്ചു എന്നല്ലാതെ പെണ്ണെഴുത്തിന്റെ ലോകത്തിലേക്ക്‌ അധികം ഇറങ്ങിചെന്നിട്ടില്ല. 

2013 - ലെ ഓടക്കുഴല്‍ അവാര്‍ഡ്‌ കെ. ആര്‍. മീരയുടെ "ആരാച്ചാര്‍" എന്ന നോവലിനു ലഭിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ മീരയെ വായിക്കണമെന്ന് താല്പര്യം തോന്നി. വായിക്കാതിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരു നഷ്ട്ടമായേനെ.. 

ഒരുപാട് കണ്ടും കേട്ടും വായിച്ചും ജീവിതത്തിന്‍റെ നാനാതുറകളില്‍ ഉള്ളവരെ പറ്റി നമുക്കറിയാം. എന്നാല്‍ ആരാച്ചാര്‍മാരുടെ ജീവിതത്തെ പറ്റി അത്രയൊന്നും ആഴത്തില്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല.. അത്തരമൊരു കഥയാണ്‌ ആരാച്ചാര്‍ എന്ന കഥയിലൂടെ മീര പറയുന്നത്..

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക് കുടുംബത്തിന്റെ പിന്‍തലമുറകള്‍, സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം യതീന്ദ്ര ബാനര്‍ജിയെ തൂക്കിലെറ്റാനുള്ള 'ഭാഗ്യമാണ്' വൃദ്ധനായ ഫണിഭൂഷണ്‍ ഗൃദ്ധാമല്ലിക്കിനു സര്‍ക്കാര്‍ ഉത്തരവിലൂടെ ലഭിച്ചത്. അവസരം പാഴാക്കാതെ, അയാള്‍ സര്‍ക്കാരിനോട് വിലപേശി ഇരുപത്തിരണ്ടു കാരിയായ തന്‍റെ മകള്‍ ചേതനക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നത് വരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്നു മനസ്സിലാക്കുന്ന അയാള്‍ തന്‍റെയും മകള്‍ ചേതനയുടെയും സമയത്തിനു വില പറഞ്ഞു കച്ചവടം ഉറപ്പിക്കുന്നു.

കുട്ടിക്കാലം മുതല്‍ക്കേ പിതാമാഹന്മാരുടെയും അവര്‍ നടത്തിയ തൂക്കിക്കൊലയുടെയും വീര സാഹസിക കഥകള്‍ ഥാക്കുമായിലൂടെ (മുത്തശ്ശി) കേട്ടറിഞ്ഞാണ് ചേതന വളര്‍ന്നത്‌.. അതിലൂടെ പകര്‍ന്നു കിട്ടിയ മനസ്ഥൈര്യം ചേതനക്ക് ഏറെ ഗുണം ചെയ്തു. അലസമായിരിക്കുന്ന നേരങ്ങളില്‍ തോളിലിട്ട നരച്ച ദുപ്പട്ടയില്‍ തെരുപ്പിടിച്ചു കുടുക്കുകള്‍ ഉണ്ടാക്കി കൈത്തഴക്കം വരുത്തി. ആര്‍ത്തിയോടെ തന്‍റെ ശരീരത്തിലേക്ക് നോക്കി നുണയുന്ന കാമ ഭ്രാന്തന്മാരെ കഴുത്തില്‍ കുടുക്ക് മുറുക്കി മരണത്തിന്‍റെ കറുത്ത മുഖം കാണിച്ചു കൊടുത്തു തിരിച്ചു കൊണ്ടുവരുന്നു ചേതന. 

ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചു പോയതിന്റെ പേരില്‍ ബാലിയാടാക്കപ്പെട്ടയാളായിരുന്നു ചേതനയുടെ സഹോദരന്‍ രാമുദാ. ഫണിഭൂഷണ്‍ തൂക്കിലേറ്റിയ തൂക്കുപുള്ളി അമര്‍ത്യാ ഘോഷിന്‍റെ വൃദ്ധ പിതാവ്‌, ബിരുദധാരിയായ രാമുദായുടെ കൈയ്യും കാലും അരിഞ്ഞു തള്ളി.. സംസാരിക്കുന്ന മാംസപിണ്ടമായി മാറിയ രാമുദാ, ഒരു ദിവസം വീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഉണ്ടാവുന്ന മല്‍പ്പിടുത്തത്തിനിടയില്‍ കട്ടിലില്‍ നിന്നും തെറിച്ചു വീണു മരണപ്പെടുന്നു. 

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ച ചേതനയുടെ മൂത്ത സഹോദരി നീഹാരിക, മധുവിധുവിന്റെ മാധുര്യം നുകരാതെ, ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനം നൊന്തു സ്വഗൃഹത്തില്‍ തിരിച്ചെത്തി ജീവിതം ഒരു തുണ്ടു കയറില്‍ അവസാനിപ്പിക്കുന്നു.. 

മദ്യത്തിലും സോനാഗച്ചിയിലെ വേശ്യാലയങ്ങളിലും സുഖം കണ്ടെത്തുന്ന ഭര്‍ത്താവിന്‍റെ പീഡനങ്ങളും ശാസനകളും സഹിച്ചു, പകലന്തിയോളം വീടിനകത്തും ചായക്കടയിലുമായി ജീവിതം ഹോമിക്കുന്ന പാവം അമ്മ.. 

ആരാച്ചാര്‍ കുടുംബത്തില്‍ പിറന്നിട്ടും ഒരു കോഴിയെ കൊല്ലാന്‍ പോലും ധൈര്യം ഇല്ലാത്ത, രോഗിയായ പിതൃസഹോദരന്‍ സുഖ്ദേവ്, ഭാര്യ ശ്യാമിളി, അവരുടെ രണ്ടു കുഞ്ഞുങ്ങള്‍.. 

എന്തും ഏതും ബ്രേക്കിംഗ് ന്യൂസ് ആവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിന് വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളും ഈ നോവലില്‍ വിഷയമാക്കിയിട്ടുണ്ട്.. മനുഷ്യാവകാശത്തിനും വധശിക്ഷക്കുമെതിരെ വാദിക്കുന്ന "ഹാങ്ങ് വുമന്‍സ്‌ ഡയറി" എന്ന ചാനല്‍ പരിപാടിയിലേക്ക് ചേതനയെ വില പേശിക്കൊണ്ട് സഞ്ജീവ് കുമാര്‍ മിത്രയെന്ന റിപ്പോര്‍ട്ടര്‍ പ്രണയാഭ്യര്‍ത്ഥനയിലൂടെ ചേതനയെ പ്രലോഭിപ്പിച്ചു ചാനലില്‍ തന്‍റെ റേറ്റിംഗ് കൂട്ടാന്‍ മെനെഞ്ഞെടുക്കുന്ന കുതന്ത്രങ്ങളും കാണാം. 

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന, രോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സക്കുള്ള പണത്തിനായി സ്വന്തം ശരീരം വില്‍ക്കാന്‍ ശ്രമിച്ച സഹോദരന്‍റെ ഭാര്യ ശ്യാമിലിയെ ഫണിഭൂഷണ്‍ വെട്ടി കൊലപ്പെടുത്തുന്നുതു തടയാന്‍ ചെന്ന സഹോദരന്‍ സുഖ്ദേവും വെട്ടേറ്റു മരിക്കുന്നതോടെ ചേതനയുടെ പിതാവ് ഇരട്ടകൊലപാതകത്തിനു ജയിലില്‍ ആവുകയും ചെയ്യുന്നതോടെ അവരുടെ കുട്ടികളുടെ ഭാരവും ചേതനയുടെ ചുമലിലാവുന്നു. 

വിവാഹ ശേഷം നാല് വര്‍ഷം മാത്രം ഭാര്യയോടൊത്ത് ജീവിക്കാന്‍ കഴിഞ്ഞ ബാനര്‍ജി, ചേതനയുടെ കൂട്ടുകാരിയുടെ ആറുവയസ്സുകാരി മകളെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുറ്റത്തിനാണ് യതീന്ദ്രബാനര്‍ജിയെ തൂക്കുശിക്ഷക്ക് വിധിച്ചത്.. യഥാര്‍ത്ഥത്തില്‍ ബാനര്‍ജി കുറ്റക്കാരനാണോ എന്നു സംശയം ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെ ഇടയ്ക്കു തോന്നി പോവുന്നുണ്ട്. വിധി നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ബാനര്‍ജി ആവശ്യപ്പെട്ടത് ചേതനയോടൊത്ത് കുറച്ചു സമയം ചിലവഴിക്കണമെന്ന ആഗ്രഹമായിരുന്നു. അവള്‍ അയാളോടോത് ഭക്ഷണം കഴിച്ചു. കഥകള്‍ പറഞ്ഞു. നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി തഴുകി തലോടി ആശ്വസിപ്പിച്ചു. 

ബാനര്‍ജി തൂക്കുമരത്തിലേക്ക് പതിയെ നടന്നടുത്തു.. ചേതന മറ്റെല്ലാം മറന്നു.. വിധി നടപ്പിലാക്കുന്ന ആരാച്ചാര്‍ മാത്രമായി മാറി. ജയിലധികൃതര്‍ നോക്കി നില്‍ക്കെ, തൂക്കു പുള്ളിയുടെ കൈകാലുകള്‍ ബന്ധിച്ചു, കറുത്ത തുണി കൊണ്ട് മുഖം മൂടി, മറ്റെല്ലാം മറന്നു ലിവറില്‍ പിടുത്തമിട്ടു ആഞ്ഞു വലിച്ചു. 


തൂക്കുപുള്ളി നിലവറയിലേക്ക് പതിക്കുമ്പോള്‍ കയര്‍ക്കുടുക്ക് മുറുകി സുഷുമ്നാ നാഡിക്ക് ക്ഷതമേല്‍ക്കും. വീഴ്ചയുടെ ശക്തിയില്‍ കുടുക്ക് മുറുകും. ഹൃദയ ധമനികള്‍ അടയും. അതോടെ മസ്തിഷ്ക്കത്തിലേക്കുള്ള ഞരമ്പുകള്‍ വലിഞ്ഞു പൊട്ടും. ശിരസ്സു ഛെദിക്കപ്പെടും. ആ ഘട്ടമെത്തിയാല്‍ പുരുഷന്മാരില്‍ മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ലിംഗോദ്ധാരണം സംഭവിക്കും. സ്ത്രീകളിലാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ ചീര്‍ത്ത് രക്തം സ്രവിക്കും. മൃതിയെന്ന പ്രേമിയുടെ മിന്നല്‍ പോലെ പായുന്ന പരിലാളനത്തിലൂടെ നിത്യമായി ഉത്തെജിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ പരമാനന്ദത്തെക്കുറിച്ചുള്ള അവസാന മൂഡസ്വപ്നം ആത്മാവില്‍ സൂക്ഷിച്ചു അടുത്ത ജന്മത്തിന്റെ നിലവറയിലേക്ക് പതിക്കും.. അതുകൊണ്ട് ദുര്‍മ്മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലേക്ക്‌ മടങ്ങി ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആവര്‍ത്തിക്കും. 

മരിച്ച ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ദാരിദ്രക്കടലില്‍ മുങ്ങിത്താഴുന്ന അയാളുടെ ഭാര്യക്കും സഹോദരനും സംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ള പണമില്ലെന്നു മനസ്സിലാക്കിയ ചേതന ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങി, അയാളെ തൂക്കിലേറ്റിയതിനു തനിക്കു കിട്ടിയ പ്രതിഫലം ഉപയോഗിച്ച് വിധിപ്രകാരം ശവസംസ്കാരം നടത്തി ആത്മസംതൃപ്തി നേടുന്നു. 

സ്വന്തം സഹോദരനെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനു വിധി കാത്തു കഴിയുന്ന ഫണിഭൂഷണ്‍.. അയാളുടെ തൂക്കികൊലയും സ്വന്തം മകളുടെ കൈകൊണ്ടു തന്നെയാവാം എന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ വേണ്ടിമാത്രം മീര എഴുതാതെ ബാക്കി വെച്ചിരിക്കുന്നു.. 

ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ മുന്‍ തലമുറയുടെ ചരിത്രം നോവലിലൂടെ ഇതള്‍ വിരിയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും നീതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വര്‍ഗ്ഗമായി ആരാച്ചാര്‍മാരെ ഇതില്‍ കാണാം

കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി എഴുതിയ ഈ കഥയില്‍ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം വല്ലാത്തൊരനുഭവമാകുന്നു. മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും ചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്ന തെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവുമെല്ലാം ഒരു സിനിമയിലെന്നോണം വായനക്കാരന്റെ മനസ്സില്‍ പതിയുന്ന ആഖ്യാനരീതിയാണ് മീര സ്വീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്‍റെ അവസാന താളും വായിച്ചു പുറംചട്ട കമഴ്ത്തുമ്പോള്‍, ദുര്‍ഗന്ധം വമിക്കുന്ന ഓടകളും, തിരക്കേറിയ തെരുവിലൂടെ ശവങ്ങളെയും വഹിച്ചു കൊണ്ടുള്ള ഉന്തുവണ്ടികളുടെയും കുതിര വണ്ടികളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ, തോളില്‍ ഞാന്നു കിടക്കുന്ന തുണി സഞ്ചിയും തൂക്കി, മനോദായുടെ പ്രസ്സിലേക്ക് പ്രൂഫ്‌ റീഡിംഗ് ജോലിക്കായി പോവുന്ന ചേതന വായനക്കാരുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും.. 

സ്വയരക്ഷക്കായി, ഏതു നിമിഷവും ഒരു കുടുക്ക് തീര്‍ക്കാനുള്ള ത്വരയോടെ, തോളിലെ നരച്ച ദുപ്പട്ടയില്‍ തിരുപ്പിടിച്ചു, നരച്ച സ്വപ്നങ്ങളെയും മിഴികളില്‍ കുത്തിത്തിരുകി, അവ്യക്തമായ ഭാവിയുടെ നേര്‍ക്ക്‌ പരിഹാസം തുളുമ്പുന്ന നോട്ടവുമായി, ഉമ്മറത്തിണ്ണയിലിരിക്കുന്ന ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടിയെ, ചേതൂ എന്നരുമയോടെ വിളിച്ചു ചാരത്തിരുത്തി നിറുകില്‍ തലോടാന്‍ ഒരു നിമിഷം എന്‍റെ മനസ്സും അറിയാതെ കൊതിച്ചു പോയി. 

-പത്മശ്രീ നായര്‍ -