Friday, 7 March 2014

വനിതാദിനാശംസകള്‍...



1994 ല്‍  ആണെന്ന് തോന്നുന്നു പാലക്കാട്‌  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭര്‍ത്താവിന്‍റെ ഇടതു കൈയ്യില്‍ പിടിച്ചു  ഗുജറാത്തിലേക്ക്  തീവണ്ടി കയറി..  ജീവിതം കരുപ്പിടിപ്പിക്കാനുള്ള മോഹവും തോളത്തു  തളര്‍ന്നു കിടന്നുറങ്ങുന്ന രണ്ടു വയസ്സുകാരന്‍ മകനും,  പെയിന്റ് അടര്‍ന്ന തകരപ്പെട്ടിയില്‍  അത്യാവശ്യം തുണികളും  വണ്ടിയില്‍ കഴിക്കാന്‍ അമ്മ തന്നു വിട്ട പൊതിച്ചോറും മാത്രമായിരുന്നു ലഗ്ഗേജ്..

മകളെ ഒരു ജോലിക്കാരിയായി കാണാനുള്ള  ഒരമ്മയുടെ ആഗ്രഹവും, എന്തെങ്കിലും ഒരു ജോലി കിട്ടിയാല്‍ ജീവിതം പതിയെ ഇഴ ചേര്‍ത്തെടുക്കാമെന്നുള്ള മോഹവുമായിരുന്നു   ഗ്രാമത്തെയും ഗ്രാമഭംഗിയെയും സ്നേഹിച്ചു കൊതി തീരാത്ത ഒരു നാട്ടിന്‍ പുറത്തുകാരിയെ  കേരളത്തില്‍ നിന്നും മറ്റൊരു ദേശത്തെക്ക് പറിച്ചു നടാന്‍ പ്രേരിപ്പിച്ച ഘടകം. ഒരു പറിച്ചു നടല്‍ ഇഷ്ട്ടപ്പെടാതിരുന്നിട്ടും  എന്‍റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി  കൂടെ  വരാന്‍ സമ്മതിച്ചതിന്റെ  മുറുമുറുപ്പ് ഭര്‍ത്താവില്‍ നിന്നും ഏറെ കാലം ഏറ്റുവാങ്ങേണ്ടി വന്നു..

ഗ്രാമത്തിന്‍റെ  വിശുദ്ധിയും ,  അമ്പലക്കുളവും,  പാടവും അന്തിമാളന്‍ ക്ഷേത്രവും   വിഷുവേലയും  ഓണവും  ഒക്കെയാണ്  ലോകവും ജീവിതവും എന്ന് തെറ്റിദ്ധരിച്ച  എനിക്ക് അഹമ്മദാബാദില്‍  വണ്ടിയിറങ്ങിയപ്പോള്‍ മൊത്തത്തില്‍ അന്ധാളിപ്പ് ആയിരുന്നു.. കരിമ്പുക  തുപ്പുന്ന വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ  പാതകള്‍,  പല തരത്തിലുള്ള ആള്‍ക്കാര്‍, ഒന്നും മനസ്സിലാവാത്ത ഭാഷ..  സഹോദരന്‍റെയും കുടുംബത്തിന്‍റെയും കൂടെ ഒറ്റമുറിയുള്ള വാടക വീടിലുള്ള താമസം.. ചുറ്റുപാടുമുള്ള സ്ത്രീകള്‍ ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ ചോദിക്കുമ്പോള്‍  നിര്‍വികാരതയോടെ, മറുപടി പറയാനാവാതെ,  നിറമില്ലാത്ത ചിരി ചിരിച്ചു തിരിഞ്ഞു നടക്കുമായിരുന്നു.

അഹമ്മദാബാദില്‍ എത്തിയതിന്‍റെ  പിറ്റേന്ന് മുതല്‍  ഇന്റര്‍വ്യൂവിനു പോയി തുടങ്ങി.. അധികമൊന്നും അലയേണ്ടി വന്നില്ല.. രണ്ടു കമ്പനിയില്‍ നിന്നും അപ്പോള്‍ തന്നെ കിട്ടിയ മറുപടി  ഏട്ടന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു തന്നു.. "ഭാഷയൊക്കെ നന്നായി പഠിച്ചതിനു ശേഷം വരൂ.. അപ്പോള്‍ വേക്കന്‍സി ഉണ്ടെങ്കില്‍  നിയമിക്കാം."

രണ്ടു ദിവസം കഴിഞ്ഞു ഏട്ടന്റെ ഒരു സുഹൃത്ത്‌ വഴി മറ്റൊരു ഓഫീസില്‍ എത്തി. പേടിച്ചു വിറച്ചു മാനേജരുടെ ക്യാബിനില്‍ എത്തി..   ഗ്രാമീണരെ മാത്രം കണ്ടു പരിചയിച്ച, ഗ്രാമ്യ ഭാഷ മാത്രം കേട്ട് ശീലിച്ച  എനിക്ക്, ഒരു ഓഫീസും  ജോലിക്കാരും ഒക്കെ പുതിയൊരു അനുഭവം ആയിരുന്നു..  ഭാഗ്യത്തിന് അവിടെ ഉണ്ടായിരുന്ന മാനേജര്‍  പാലക്കാട്ടുകാരന്‍ അയ്യര്‍ സര്‍   എന്‍റെ ദയനീയാവസ്ഥ  മനസ്സിലാക്കി   ടൈപ്പിസ്റ്റ്‌  ആയി നിയമിച്ചു.  വെറും അഞ്ഞൂറ് രൂപ ശമ്പള ത്തിനു.. മുങ്ങിത്താഴാന്‍ പോകുമ്പോള്‍ കിട്ടുന്നൊരു കച്ചിത്തുരുമ്പ്.. അതായിരുന്നു എനിക്കാ ജോലി..  അതെ ഓഫീസില്‍ ജോലിയുള്ള രണ്ടു മൂന്നു മലയാളികള്‍ വേറെയും ഉണ്ടായിരുന്നു.. സ്ത്രീ ആയിട്ട് ഞാന്‍ മാത്രം..  അയ്യര്‍ സാര്‍,   ഒരു മകളെ പോലെ എനിക്ക് വേണ്ടുന്ന ഉപദേശങ്ങള്‍  തന്നു..  ഓരോ ജോലികളും  ചെയ്യാന്‍ പ്രാപ്തയാക്കി, എന്‍റെ ജീവിതത്തില്‍ എക്കാലവും സ്മരിക്കപ്പെടെണ്ട വ്യക്തി അയ്യര്‍ സാര്‍ മാത്രമാണ്..

ഇതിനിടയില്‍, ആകസ്മികമായി ഭര്‍ത്താവിനു ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരികയും കുറെ കാലത്തേക്ക്  ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി .  പുതിയ നാടും കാലാവസ്ഥയും യോജിക്കാതതിനാല്‍   എപ്പോഴും  രോഗം  വന്നു കൊണ്ടിരിക്കുന്ന  മകന്‍,  ഇതിനൊക്കെ ഇടയില്‍ ഞാന്‍ എന്നെകുറിച്ച് ആലോചിക്കാറേ  ഇല്ലായിരുന്നു..   പണ്ടെങ്ങോ മടങ്ങിപ്പോയ ശ്വാസം മുട്ടല്‍ നഗരജീവിതം തുടങ്ങിയപ്പോള്‍  വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു വന്നു..   പലപ്പോഴും ജീവിതം ദുസ്സഹമായി..  അപ്പോഴും ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു  ഏതോ ഒരജ്ഞാത ശക്തി  എന്നെ നിയന്ത്രിക്കുന്നുണ്ടെന്നു,  നിന്നെ കാത്ത് നല്ലൊരു ജീവിതം ഉണ്ടെന്നു ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ..

പണമില്ലാത്തവരെ സ്വന്തക്കാര്‍ക്കു പോലും വേണ്ടെന്നു തിരിച്ചറിഞ്ഞ നാളുകള്‍.. ബന്ധങ്ങള്‍ ബന്ധനങ്ങളും ബാധ്യതയുമായി.. തുടര്‍ന്നുള്ള നാളുകളില്‍  ജീവിതത്തെ   ശത്രുസ്ഥാനത്ത് നിര്‍ത്തി വാശിയോടെ നേരിട്ടു.   മുഖം കറുപ്പിച്ചു എന്തെങ്കിലും പറഞ്ഞാല്‍ മുറിയുടെ മൂലക്കിരുന്നു കരഞ്ഞിരുന്ന നാടന്‍ പെണ്ണിന് മാറ്റങ്ങള്‍ വന്നു തുടങ്ങി.. ഒരു പക്ഷെ മാറിയെ തീരൂ എന്നവള്‍ തിരിച്ചറിഞ്ഞു തുടങ്ങി. മുന്നോട്ടു വെച്ച ചുവടുകള്‍ പരാജയം ഏറ്റുവാങ്ങി പുറകോട്ടു എടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ. എക്സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ച്  ശമ്പളക്കയറ്റത്തോടെ അഞ്ചോ  ആറോ കമ്പനികളില്‍ മാറി മാറി ജോലി ചെയ്തു.

ഏറ്റവും വലിയ ശത്രുവും ഏറ്റവും വലിയ യുദ്ധക്കളവും ജീവിതം തന്നെയെന്ന് എന്‍റെ ജീവിതത്തിലൂടെ ഞാന്‍ പഠിച്ചു.  ഇണങ്ങിയും പിണങ്ങിയും സുഖദുഃഖങ്ങള്‍ പങ്കിട്ടും രണ്ടുപേരും കൂടി ആഞ്ഞു തുഴഞ്ഞു ജീവിതത്തോണി ഒരുവിധം കരക്കടുപ്പിച്ചു..   പന്ത്രണ്ടു വര്‍ഷമായി, ഞങ്ങളുടെ ദാമ്പത്യം പ്രവാസത്തിനിടക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍  വീണു കിട്ടുന്ന രണ്ടു മാസത്തെ അവധിക്കാലമായി ചുരുങ്ങി.

സ്ത്രീ അബലയല്ല..  അവള്‍ ജീവിക്കുന്ന സാഹചര്യമാണ് അവളെ അബലയോ ദുര്‍ബ്ബലയോ ഒക്കെ ആക്കി തീര്‍ക്കുന്നത്.    ജീവിതത്തോട് മല്ലിട്ട് നേടിയതൊന്നും ഒരു നേട്ടമായി ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ മനസ്ഥൈര്യവും, ആത്മവിശ്വാസവും  ഒഴികെയുള്ള  ഒരു നേട്ടവും ശാശ്വതമല്ലല്ലോ..

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍ ഏറെയുണ്ട്.. ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പരിശ്രമത്തിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു.. "നീയില്ലെങ്കില്‍  ഇന്ന് നമ്മുടെ കുടുംബം ഈ നിലക്ക് എത്തുകയില്ല"  എന്ന   ഇണയുടെ ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു.  കഷ്ട്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഉലയില്‍ വെച്ച് ഊതിക്കാച്ചിയെടുത്ത പൊന്നാണ് എന്‍റെ ജീവിതം.  ആ തിരിച്ചറിവ് മാത്രം മതി സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍.

തളരരുത്.. ഏതു പ്രതിസന്ധിയെയും ആത്മ വിശ്വാസത്തോടെ നേരിടുക.. തീര്‍ച്ചയായും വിജയിക്കും.  കാരണം സ്ത്രീ ഒരു ശക്തിയാണ്.. സ്ത്രീയാണ് ശക്തി..

എല്ലാ കൂട്ടുകാരികള്‍ക്കും ലോക വനിതാ ദിനത്തില്‍ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

-പത്മശ്രീനായര്‍-









Wednesday, 26 February 2014

റേഡിയോ പുരാണം...!!





കുട്ടിക്കാലത്തുള്ള റേഡിയോ പ്രേമത്തെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ ട്ടോ.. ചിലപ്പോ കൂടീന്നും ഇരിക്കും.. അങ്ങട് സഹിക്ക്യന്നെ.. 

ടെലിവിഷന്‍ സാധാരണക്കാരുടെ വിദൂരസ്വപ്നമായിരുന്ന എന്റെ കുട്ടിക്കാലത്ത്, വിനോദത്തിനും വിജ്ഞാനത്തിനും, പുറംലോകവുമായി ബന്ധം സ്ഥാപിക്കാനും ഉള്ള ഒരേയൊരു മാധ്യമം ആയിരുന്നു റേഡിയോ..എന്തേ പത്രം വായിക്കാറില്ലായിരുന്നോ എന്നൊന്നും ഇടയ്ക്കു കേറി ചോയ്ക്കണ്ട..

അതിരാവിലെ, എന്ന്വെച്ചാ ഒരു ആറു മണിയോടടുപ്പിച്ചു പ്രത്യേക ശബ്ദത്തില്‍ കൂക്കി വിളിച്ചു വന്ദേമാതരം പാടി തുറക്കുന്ന തൃശ്ശൂര്‍ സ്റ്റേഷന്‍, തുടര്‍ന്ന് വരുന്ന സുഭാഷിതം ഇന്നത്തെ എന്റെ പ്രഭാതഭേരിയുടെ ഓര്‍മ്മകളുണര്‍ത്തുന്നു. അതിരാവിലെയുള്ള മുറ്റമടിയും ചാണക വെള്ളം തളിച്ച് ശുദ്ധീകരണം നടത്തലും എന്റെ വകുപ്പായത് കൊണ്ട്, ഇടതു കൈയ്യില്‍ ട്രാന്‍സിസ്റ്ററും (റേഡിയോക്ക് ചിലര് അങ്ങനേം പറയും) വലതു കൈയ്യില്‍ 'ആപ്പിന്റെ' ചിഹ്നമായ ചൂലുമായി കര്‍മ്മ പരിപാടികള്‍ തുടങ്ങുകയായി. ഹിന്ദു-മുസ്ലിം-ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പ്രഭാത വന്ദനമെന്ന പരിപാടിയിലൂടെ ഹൃദയത്തിലെക്കൊഴുകിഎത്തുമ്പോള്‍ അവാച്യമായൊരു ആത്മീയാനുഭൂതി അനുഭവിച്ചിരുന്നു. അതുകൊണ്ടാവാം ഈയിടെയായി ആത്മീയ ചിന്തകള്‍ കൂടി വരുന്നു.. "അമ്മേ അമ്മേ " എന്നൊരുള്‍വിളി കേള്‍ക്കാന്‍ തുടങ്ങീട്ടു കുറച്ചീസായി..

എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന "ഉഗ്രരൂപിണിയായ" ഗായികയെ കണ്ടെത്തിയതും അക്കാലത്ത് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ലളിത സംഗീത പാഠമാണ്. റേഡിയോക്കുള്ളില്‍ ഇരുന്നു അഞ്ജാതനായ ഏതോ പാട്ട് മാഷ്‌ വരികള്‍ ചൊല്ലിതരും. ഇടതു കൈയ്യിലെ ഓട്ടുഗ്ലാസ്സില്‍ ഇളം ചൂടുള്ള ചായ ഊതിയൂതി കുടിച്ചു, ഞാന്‍ ഏറ്റുപാടും.

"രാവില്യന്നെ ഇതിന്‍റെ മുമ്പില് കുത്തിയിരിക്കാണ്ട് പോയി തൊഴുത്തിലെ ചാണകം വാരിയിടെടീ" എന്ന അമ്മയുടെ ആക്രോശവുമുണ്ടാവും ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ആയിട്ട്. റസൂല്‍പൂക്കുട്ടിയുടെ സൌണ്ട് മിശ്രിതം തോറ്റുപോവുന്ന മദറിന്റെ ഗര്‍ജ്ജനം..

ആകാശവാണി .. തിരുവനന്തപുരം തൃശ്ശൂര്‍ ആലപ്പുഴ, കോഴിക്കോട്.. വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.. പ്രാദേശിക വാര്‍ത്തകള്‍ക്കും കൌതുക വാര്‍ത്തകള്‍ക്കും ജീവന്‍ കൊടുത്തിരുന്ന പ്രൌഡ ഗംഭീരമായ ആ ശബ്ദം ന്യൂ ജനറേഷന്‍ അല്ലാത്ത മലയാളികള്‍ മറന്നു കാണാന്‍ വഴിയില്ല എന്നല്ല കഴിയില്ല എന്നതാണ് വാസ്തവം.

സ്വീകരണമുറിയിലെ മിനി സ്ക്രീനില്‍ 'നമ്മള്‍ തമ്മില്‍' എന്ന പരിപാടിയിലൂടെ വെട്ടിലിനെ പോലെ ചാടിച്ചാടി നടക്കുന്ന ആര്‍. ശ്രീകണ്ഠന്‍ നായരെ എത്രയോ കാലം മുമ്പ് തന്നെ ശബ്ദ വീചികളിലൂടെ പരിചയപ്പെടുത്തിയതും തുകല്‍ കുപ്പായമിട്ട, നാല് ഏവരെഡി ബാറ്ററിയെ ഗര്‍ഭം ധരിച്ച ഈ പാട്ടുപെട്ടിയായിരുന്നു.

ഓട്ടംതുള്ളല്‍, അയ്യപ്പന്‍ പാട്ട്, അര്‍ബ്ബനമുട്ട്, വി. ഡി. രാജപ്പന്റെയും സാംബശിവന്‍റെയും കഥാപ്രസംഗം, കോല്‍ക്കളി, നാടക ഗാനങ്ങള്‍ പഞ്ചവാദ്യം, തായമ്പക, അക്ഷരശ്ലോകം, പുള്ളുവന്‍പാട്ട്, തുടങ്ങിയ കലാസാംസ്കാരിക പരിപാടികളും, ഡോക്ടറോട് ചോദിക്കാം തുടങ്ങിയ വിജ്ഞാനപ്രദമായ പരിപാടികളും, അര മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ശ്രോതാക്കളിലേക്ക് എത്തിക്കാന്‍ റേഡിയോ നിലയങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നത് ശ്ലാഘനീയം തന്നെ. ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ നിന്നുയരുന്ന ആളുകളുടെ ആഹ്ലാദാരവങ്ങളില്‍ നിന്നും കപില്‍ദേവും രവിശാസ്ത്രിയും ഗവാസ്കറും ഒക്കെ എടുത്ത സ്കോര്‍ എത്രയെന്നു എളുപ്പത്തില്‍ അറിയാമായിരുന്നു.

വെണ്ട വിത്ത് നടാനും വാഴക്കു വെള്ളമൊഴിക്കാനും വഴുതനക്ക് വളമിടാനും ഒക്കെ പരിശീലിച്ചതിനു പുറമേ വയലും വീടും പരിപാടിക്കിടക്ക് ഉണ്ടായിരുന്ന ഒരു പരസ്യം എന്നെ വളരെയധികം സ്വാധീനിച്ചു എന്ന് മാത്രമല്ല ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.. വണ്ടറടിക്കണ്ട.. ദിതാണ് പരസ്യം..

കാക്കക്ക് തന്‍ കുഞ്ഞും പൊന്‍കുഞ്ഞാണെ
അമ്മക്ക് തന്‍ കുഞ്ഞ് തങ്കക്കുടം..
തങ്കക്കുടത്തിന് പൊട്ടു വേണ്ടാ
വീണ്ടുമൊരുണ്ണി അടുത്തു വേണ്ട.

ഞായറാഴ്ചകളില്‍ രാത്രി എട്ടു മണിക്ക്"എഴുത്തുപെട്ടി" എന്നൊരു പരിപാടി ഉണ്ടായിരുന്നു. ശ്രോതാക്കളുടെ കത്തുകളും അവക്കുള്ള മറുപടിയും അതിലൂടെ സ്ഥിരമായി വായിക്കുന്ന കുറെ ശ്രോതാക്കളുടെ പേരുകളും കേട്ടപ്പോള്‍ "ഉണ്ടിരിക്കുന്ന രണ്ടു നായര് പെണ്‍കുട്ടികള്‍ക്കും ഒരു വിളി കേട്ടു."

അങ്ങാടിയില്‍ സാധനങ്ങള്‍ മേടിക്കാന്‍ പോണ വകയില്‍ മുട്ടായി മേടിക്കാന്‍ പോക്കറ്റ് മണിയായി കിട്ടുന്ന പത്തു പൈസാ തുട്ടുകള്‍ കൂട്ടി വെച്ച് പോസ്റ്റ്‌ കാര്‍ഡുകളില്‍ പരിപാടികളെ കുറിച്ചുള്ള ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ആകാശവാണിയിലേക്ക് എഴുതി.. മുട്ടായിക്ക് പകരം, തേക്കിലയില്‍ പൊതിഞ്ഞു കെട്ടിയ ശര്‍ക്കര പൊതി, വിരലിട്ടു തുരന്നു അച്ചുവെല്ലം കട്ടു തിന്നതിന് അടി കിട്ടിയ ചരിത്രവും ഏറെ. ഞങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ യാതൊരു വിലയും കല്‍പ്പിക്കാതെ ആകാശവാണിക്കാര്‍ നിഷ്ക്കരുണം തള്ളിയപ്പോള്‍ ഞങ്ങള്‍ക്ക് വാശിയേറി. അവസാനം ഒരു ഭീഷണിക്കത്ത് അയച്ചു. ഇത് ഞങ്ങളുടെ അവസാനത്തെ കത്താണ്. ഇതുകൂടി വായിച്ചില്ലെങ്കില്‍ ഞങ്ങള്‍ റേഡിയോ പെട്ടി വലിചെറിയുമെന്നു എഴുതിയപ്പോള്‍ പിറ്റത്തെ ആഴ്ചയിലെ എഴുത്തു പെട്ടി പരിപാടിയില്‍ ഞങ്ങളുടെ പേരുകളും ആദ്യമേ തന്നെ വിളിച്ചു പറഞ്ഞു.



"ഈ നാടകം ഇഷ്ട്ടപ്പെട്ടെന്നു അറിയിച്ചിരിക്കുന്നു പത്മശ്രീ - രാജശ്രീ പഴമ്പാലക്കോട് .. പിന്നെ കുറെ സ്ഥിരം പേരുകളും. ആനന്ദലബ്ധിക്കിനിയെന്തു വേണം.. ഞങ്ങള്‍ സഹോദരികള്‍ ആനന്ദ നടനം ആടിനാന്‍..

'നിങ്ങള് റേഡിയോക്ക് കത്തയക്കാറുണ്ടല്ലേ. ഇന്നലെ നിങ്ങടെ പേര് പറഞ്ഞു കേട്ടൂലോ റേഡിയോല്.."
പിറ്റേന്ന് സ്കൂളില്‍ കൂട്ടുകാരുടെ പറച്ചില്‍ കേക്കുമ്പോള്‍ പിന്നേം ആനന്ദകുഞ്ചികളാവും.

റേഡിയോ പെട്ടിയുടെ വലതു ഭാഗത്തുള്ള കറുത്ത കുഞ്ഞു ചക്രം മേപ്പോട്ടും കീപ്പോട്ടും കറക്കി, വെളുത്ത അക്ഷരങ്ങള്‍ കൊണ്ട് HZ, MHZ എന്നിങ്ങനെ ഫ്രീക്വന്‍സി അടയാളപ്പെടുത്തിയ കണ്ണാടി ചില്ലിനകത്തു കൂടി മന്ദം മന്ദം നിരങ്ങി നീങ്ങുന്ന ചുവന്ന സൂചിയോടൊപ്പം, നയാപൈസ വണ്ടിക്കൂലി ചിലവാക്കാതെ, തൃശ്ശൂരു വഴി കോഴിക്കോടും ആലപ്പുഴയും തിരുവനന്തപുരവും, കോവൈ വാനൊലി നിലയവും, ശ്രീലങ്കയിലേക്കും ഒക്കെ ഉമ്മറക്കോലായിലിരുന്നു കൊണ്ട്, തലയില്‍ പേനും നോക്കി, ചെനച്ച മൂവാണ്ടാന്മാങ്ങ ഉപ്പും കൂട്ടി തിന്നുകൊണ്ട്, യാത്ര ചെയ്തിരുന്ന കുട്ടിക്കാലം. പ്രഭാതം മുതല്‍ രാത്രി വരെ പാട്ടുപാടിയും തമാശകള്‍ പറഞ്ഞു ചിരിപ്പിച്ചും ചിന്തിപ്പിച്ചും, ഇടനാഴിയിലെ ജനല്‍ തിട്ടയിലും , ഊണുമേശക്ക് അരികെയും അമ്മിക്കലിന്റെ മുകളിലും, മിണ്ടീം പറഞ്ഞും കൂടെയുണ്ടായിരുന്ന സുഹൃത്ത്‌.

ജീവനുള്ള നിഴലുകളെയും പേറി , വീട് വിറപ്പിക്കുന്ന ശബ്ദവുമായി, എല്‍. ഇ. ഡിയും, മ്യൂസിക്‌ സിസ്റ്റവും ഹോം തീയേറ്ററും ഒക്കെ സ്വീകരണ മുറികളില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍, നിസ്സഹായയായി, അവഗണനകള്‍ ഏറ്റുവാങ്ങി വിങ്ങിക്കരഞ്ഞു കണ്ണീരൊപ്പികൊണ്ട് റേഡിയോ പെട്ടി പഴയകാലത്തിന്റെ പടിയിറങ്ങി പോയി. എങ്കിലും എന്‍റെ പഴമനസ്സ് അവിടൊക്കെ തന്നെ കടിച്ചു തൂങ്ങി നിക്ക്വാ. യേശുദാസിന്റെയും ജാനകിയമ്മയുടെയും സുശീലാമ്മയുടെയും ജയചന്ദ്രന്റെയും ഒക്കെ മാസ്മരിക ശബ്ദങ്ങള്‍ ഹൃദയത്തിന്നാഴങ്ങളിലേക്ക് ഇറങ്ങി ചെന്നതും ഇന്നും അവരെയൊക്കെ മനസ്സിലിരുത്തി പൂജിക്കുന്നതിനും ഈ പാട്ടുപെട്ടി വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല..

പഴയതൊക്കെ ഓര്‍മ്മകളായി പുതുമയോടെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..



-പത്മശ്രീ നായര്‍-



Sunday, 16 February 2014

"തമോവേദം" - വായനയിലൂടെ..!!!





സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനേക്കാള്‍ ഫലപ്രദമാണോ

തിന്മകളെ ഒളിപ്പിച്ചു വെച്ച് മനുഷ്യന്‍ നടത്തുന്ന സദ്കര്‍മ്മങ്ങള്‍ക്ക് എന്തെങ്കിലും ഫലമുണ്ടോ??
  
അത്യന്നതങ്ങളിലെ ദൈവം കണ്ണടയ്ക്കുമ്പോള്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് ഇരുളിന്റെ ചക്രവര്‍ത്തിമാര്‍ പല്ലിളിക്കുന്നുചോദിച്ച വരങ്ങള്‍ കിട്ടാതെ വരുന്ന സാമാന്യജനം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ചെകുത്താനെ കൂട്ടുപിടിക്കാന്‍ തയ്യാറാവുന്നു.  സമൂഹം ക്ഷുദ്രമെന്നും തിന്മയെന്നും മുദ്രകുത്തിയ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ ആരാധനാപൂര്‍വ്വം ആഘോഷിക്കുന്ന വിശ്വനാഥന്‍ പറയുന്നു സാത്താനാണ് ദൈവമെന്ന്..

കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും തുളസിക്കതിരിന്റെയും സുഗന്ധം വമിക്കുന്ന,  പൂജയും മന്ത്രോച്ചാരണങ്ങളും അന്തരീക്ഷത്തെ പവിത്രമാക്കുന്ന, അമ്പോറ്റിത്തറവാട്ടിലെ  സന്തതി വിശ്വനാഥന്‍ ജനിച്ചു വീണപ്പോള്‍ തന്നെ ഒന്നിനു പിറകെ മറ്റൊന്നായി അനര്‍ത്ഥങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇരുട്ടിനെ പേടിയില്ലായിരുന്നു, മുട്ടിലിഴയുന്ന പ്രായത്തില്‍ തന്നെ പാമ്പും പഴുതാരയുമായിരുന്നു കൂട്ടുകാര്‍.. വിശ്വം വളരുന്നതിനനുസരിച്ച് അവന്‍റെയുള്ളിലെ സാത്താനും വളര്‍ന്നു.. ഇതിനിടയിലും വേണ്ടുവോളം വിദ്യാഭ്യാസം നേടിയെടുത്തു.   

കൊച്ചു പ്രായത്തില്‍ തന്നെ മദ്യത്തിന്‍റെ രുചിയറിഞ്ഞു.പുകവലി ശീലമാക്കി. അവന്‍റെ നോട്ടം പതിച്ച ഒരു പെണ്ണിനും അവനില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല..  സ്ത്രീയെന്നാല്‍ കാമ തൃഷ്ണ അടക്കാനുള്ള ഒരുപകരണം മാത്രം..   പ്രണയമില്ല, സ്നേഹമില്ല, പ്രായവ്യത്യാസമില്ല.. കന്യാസ്ത്രീ മുതല്‍ കളിക്കൂട്ടുകാരി വരെ അവന്‍റെ കാമത്രുഷ്ണക്ക് ഇരയായി.. വിശ്വനെ ചൊല്ലി ഉറ്റവരും ഉടയവരും വേദനിച്ചു..  

ആത്മീയ ഗ്രന്ഥങ്ങളെ അശുദ്ധമാക്കി.. ദൈവത്തെയും ദൈവ വിശ്വാസികളെയും  വെറുത്തു.. ഗുണദോഷിക്കാന്‍ വരുന്നവരെയും തന്‍റെ വഴികളില്‍ തടസ്സമാവുമെന്ന് തോന്നിയവരെയും   വെട്ടി മാറ്റി.  മാതാപിതാക്കള്‍ മകന്‍റെ വഴിവിട്ട ജീവിതം കണ്ടു നീറി നീറി മരിച്ചു. ഇതിനിടയില്‍ കൂട്ടായിരുന്ന സുഹൃത്തിനെ കൊല ചെയ്തു വിശ്വനാഥന്‍ കാവതിയെന്ന സ്വന്തം ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. 

കൊച്ചി നഗരത്തിലെ  നീണ്ട പത്തു വര്‍ഷം..  സാത്താന്‍ വിശ്വനെ പനപോലെ വളര്‍ത്തി. കൂട്ടിനു സാത്താന്‍റെ  സന്തതികള്‍ വേറെയും.. പകല്‍വെളിച്ചത്തില്‍ മാന്യതയുടെ മൂടുപടമണിഞ്ഞ പലരുടെയും മുഖംമൂടികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍   നിശാവസ്ത്രത്തോടൊപ്പം അഴിഞ്ഞു വീണു. കഞ്ചാവും കള്ളക്കടത്തും  അധോലോക പ്രവര്‍ത്തനവും വിശ്വനാഥനെ കുത്തഴിഞ്ഞൊരു ലോകത്തിന്‍റെ അധിപനാക്കി.. 

ആരാധനാലയങ്ങള്‍ കുര്‍ബാനകള്‍ക്കും ദീപാരാധനകള്‍ക്കും ശേഷം നടയടയ്ക്കുമ്പോള്‍   എവിടെയോ നിന്ന് ദുഷ്ടശക്തിയെ ആവാഹിക്കാനുള്ള ആരാധന മന്ത്രങ്ങള്‍ ഉയരുന്നു. സാത്താന് വേണ്ടി പള്ളികള്‍ പണിതു.. ചോരയും മൂത്രവും  തലയോട്ടിയില്‍ സംഭരിച്ച രജസ്വല രക്തവും സാത്താന് നിവേദിച്ചു.. വ്യഭിചാരം, ജാരവൃത്തി, ഗര്‍ഭചിദ്രം, സ്വയംഭോഗം ഇവയൊന്നും പാപമല്ലെന്നു അനുയായികളെ പഠിപ്പിച്ചു. ദൈവത്തെക്കാള്‍ ശക്തി   ചെകുത്താനാണെന്നു വിശ്വസിപ്പിച്ചു. പുളഞ്ഞാടിയ ദിനരാത്രങ്ങള്‍..തെളിവുകളൊന്നും ബാക്കി വെക്കാത്തതിനാല്‍, ഇതേക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികള്‍ അന്ധവിശ്വാസമെന്ന്  പറഞ്ഞു അധികാരികള്‍ പുച്ഛത്തോടെ തള്ളി.. അഥവാ പച്ച നോട്ടു കെട്ടുകള്‍ അവരെ കൊണ്ട് അങ്ങനെ പറയിപ്പിച്ചു. 

എല്ലാത്തിനും ഒരവസാനം എന്നത് കാലത്തിന്‍റെ നിശ്ചയം.. വാളെടുത്തവന്‍ വാളാല്‍.. തല്ലാനും കൊല്ലാനും കൂടെ നിന്ന സുഹൃത്തിന്‍റെ കൈ കൊണ്ട് വിഷം അകത്തു ചെന്ന വിശ്വത്തിന്‍റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. പാതിമയക്കത്തിലെന്നപോലെ  മരണത്തിന്‍റെ പടിവാതില്‍ വരെ ചെന്നെത്തി നോക്കിയിട്ട്  ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നു ഒരു പുതിയ മനുഷ്യനായി.. 

തറവാട്ടിലേക്ക് തിരിച്ചു പോയ വിശ്വം  നിലവറയിലെ പൂജാമുറിയില്‍ ആദ്യമായി ദീപം തെളിച്ചു.. സര്‍പ്പക്കാവിലും മണ്മറഞ്ഞുപോയ കാരണവന്മാരുടെ സമാധികളില്‍  ചെന്ന് സാഷ്ട്ടാംഗം    നമസ്കരിച്ചു.. ജീവിതത്തില്‍ ആദ്യമായ്‌ ചെയ്യുന്ന സദ്കര്‍മ്മം.. പിറന്ന നാടിനെയും പുഴയും കാറ്റിനെയും  കിളികളേയും സ്നേഹിച്ചു.. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ കണ്ടപ്പോള്‍ തറവാട് സന്തോഷിച്ചു.. 

പക്ഷെ എല്ലാം വെറുതെയായിരുന്നു..  തറവാട്ടു തേവരെ തൊഴാന്‍ പോയ വിശ്വത്തെ സാത്താന്‍ വിട്ടു കൊടുത്തില്ല.. ഇളം കാറ്റ് കൊടുംകാറ്റായ്‌  ചീറിയടിച്ചു. പെരുമഴയില്‍ പുഴ സംഹാര രുദ്രയായി, മരങ്ങള്‍ കടപുഴകി വീണു.. വിശ്വന്റെ കണ്ണുകളില്‍ രൗദ്രഭാവം.. അവന്‍ അട്ടഹസിച്ചു.. വീണ്ടും ചെകുത്താന്‍റെ  ചിരി.. 

ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഓരോ മണിക്കൂറിലും കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണ് സാത്താന്‍ ആരാധനയുടെ കേരളതലസ്ഥാനം. കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ലഹരിയിലാണ് പുതിയ ധ്യാനക്രമം തഴച്ചുവളരുന്നത്. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്‍റെ തമോരാശികളിലെക്കുള്ള ഒരു അസാധാരണമായ സഞ്ചാരമാണ്  രാജീവ്‌ ശിവശങ്കര്‍ എഴുതിയ "തമോവേദം" എന്ന നോവല്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണത്രേ  രാജീവ് തമോവേദം പൂര്‍ത്തിയാക്കിയത്. നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ഒറ്റപ്പെട്ട വീടുകളും കോളേജ്‌ ഹോസ്റ്റല്‍ മുറികളും ഫോര്‍ട്ട്‌ കൊച്ചിയിലെ ഹോംസ്റ്റേയിലും തിരക്കൊഴിഞ്ഞ വീഥിയിലെ കടമുറികളിലും ആണത്രേ ആധുനിക യുവത്വത്തിന്‍റെ തമോവേദക്കാര്‍ താവളമാക്കിയിരിക്കുന്നത്.     

നഗരത്തിരക്കിലും പ്രാന്തങ്ങളിലും ഗ്രാമങ്ങളിലുമായി അതിവേഗത്തില്‍ പുതിയ ആരാധനാക്രമം വളര്‍ന്നുകൊണ്ടിരികുകയാണെന്ന് രാജീവ് പറയുന്നു. സാത്താന്‍ വേദക്കാരുടെ കര്‍മ്മങ്ങള്‍ അടുത്തറിയാനായി അപകടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടിവന്നു രാജീവിന്. സാത്താന്‍ എന്ന സങ്കല്പത്തെ പുനര്‍വായിക്കുകയാണ് ഈ നോവലിലൂടെ.

ഇതിന്‍റെ ആഖ്യാന ശൈലി തന്നെയാണ് ഈ നോവലിന്‍റെ വിജയവും.. ഏതൊരു വായനക്കാരന്‍റെ മനസ്സിലേക്കും ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന വരികള്‍.  പുസ്തകം വായിച്ചു തീരുന്നതുവരെ ഒരിക്കലും മടുക്കാതിരിക്കാന്‍ ഓരോ വായനക്കാരന്റെയും മനസ്സ് വായിച്ചറിഞ്ഞു അവരുടെ ആസ്വാദന രുചിയറിഞ്ഞു ചേരുവകള്‍ ചേര്‍ത്തോരുക്കി വായനയുടെ ഒരു പുത്തന്‍ അനുഭവം സമ്മാനിക്കുന്നു  ശ്രീ രാജീവ്‌.

നല്ലൊരു പുസ്തകം മലയാളത്തിന് സമര്‍പ്പിച്ച ശ്രീ രാജീവ്‌ ശിവശങ്കറിന് അഭിവാദ്യങ്ങള്‍.. !!!  ഒപ്പം ഈ വായന നിര്‍ദേശിച്ച മുഖപുസ്തകത്തിലെ  ഒരു പുലി സുഹൃത്തിനോട്‌ ഈയവസരത്തില്‍ എന്‍റെ നന്ദി അറിയിക്കുന്നു..:)  


 -പത്മശ്രീനായര്‍-










Sunday, 9 February 2014

'ആരാച്ചാര്‍' - ആസ്വാദനക്കുറിപ്പ്.....








ദൈനംദിന ജീവിതത്തിലെ ഓട്ടപാച്ചിലും പിന്നെ മടിയും കാരണം ഇതുവരെ വായന ഒരു ശീലമാക്കിയിരുന്നില്ല എങ്കിലും ഈയടുത്ത കാലത്തായി പുസ്തകങ്ങളെ വല്ലാതെ സ്നേഹിച്ചു തുടങ്ങി.. വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക എന്ന സാഹസത്തിനുള്ള ചങ്കുറപ്പ് തീരെയില്ല. മാധവിക്കുട്ടിയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും കുറച്ചു പുസ്തകങ്ങള്‍ വായിച്ചു എന്നല്ലാതെ പെണ്ണെഴുത്തിന്റെ ലോകത്തിലേക്ക്‌ അധികം ഇറങ്ങിചെന്നിട്ടില്ല. 

2013 - ലെ ഓടക്കുഴല്‍ അവാര്‍ഡ്‌ കെ. ആര്‍. മീരയുടെ "ആരാച്ചാര്‍" എന്ന നോവലിനു ലഭിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ മീരയെ വായിക്കണമെന്ന് താല്പര്യം തോന്നി. വായിക്കാതിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരു നഷ്ട്ടമായേനെ.. 

ഒരുപാട് കണ്ടും കേട്ടും വായിച്ചും ജീവിതത്തിന്‍റെ നാനാതുറകളില്‍ ഉള്ളവരെ പറ്റി നമുക്കറിയാം. എന്നാല്‍ ആരാച്ചാര്‍മാരുടെ ജീവിതത്തെ പറ്റി അത്രയൊന്നും ആഴത്തില്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല.. അത്തരമൊരു കഥയാണ്‌ ആരാച്ചാര്‍ എന്ന കഥയിലൂടെ മീര പറയുന്നത്..

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക് കുടുംബത്തിന്റെ പിന്‍തലമുറകള്‍, സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം യതീന്ദ്ര ബാനര്‍ജിയെ തൂക്കിലെറ്റാനുള്ള 'ഭാഗ്യമാണ്' വൃദ്ധനായ ഫണിഭൂഷണ്‍ ഗൃദ്ധാമല്ലിക്കിനു സര്‍ക്കാര്‍ ഉത്തരവിലൂടെ ലഭിച്ചത്. അവസരം പാഴാക്കാതെ, അയാള്‍ സര്‍ക്കാരിനോട് വിലപേശി ഇരുപത്തിരണ്ടു കാരിയായ തന്‍റെ മകള്‍ ചേതനക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നത് വരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്നു മനസ്സിലാക്കുന്ന അയാള്‍ തന്‍റെയും മകള്‍ ചേതനയുടെയും സമയത്തിനു വില പറഞ്ഞു കച്ചവടം ഉറപ്പിക്കുന്നു.

കുട്ടിക്കാലം മുതല്‍ക്കേ പിതാമാഹന്മാരുടെയും അവര്‍ നടത്തിയ തൂക്കിക്കൊലയുടെയും വീര സാഹസിക കഥകള്‍ ഥാക്കുമായിലൂടെ (മുത്തശ്ശി) കേട്ടറിഞ്ഞാണ് ചേതന വളര്‍ന്നത്‌.. അതിലൂടെ പകര്‍ന്നു കിട്ടിയ മനസ്ഥൈര്യം ചേതനക്ക് ഏറെ ഗുണം ചെയ്തു. അലസമായിരിക്കുന്ന നേരങ്ങളില്‍ തോളിലിട്ട നരച്ച ദുപ്പട്ടയില്‍ തെരുപ്പിടിച്ചു കുടുക്കുകള്‍ ഉണ്ടാക്കി കൈത്തഴക്കം വരുത്തി. ആര്‍ത്തിയോടെ തന്‍റെ ശരീരത്തിലേക്ക് നോക്കി നുണയുന്ന കാമ ഭ്രാന്തന്മാരെ കഴുത്തില്‍ കുടുക്ക് മുറുക്കി മരണത്തിന്‍റെ കറുത്ത മുഖം കാണിച്ചു കൊടുത്തു തിരിച്ചു കൊണ്ടുവരുന്നു ചേതന. 

ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചു പോയതിന്റെ പേരില്‍ ബാലിയാടാക്കപ്പെട്ടയാളായിരുന്നു ചേതനയുടെ സഹോദരന്‍ രാമുദാ. ഫണിഭൂഷണ്‍ തൂക്കിലേറ്റിയ തൂക്കുപുള്ളി അമര്‍ത്യാ ഘോഷിന്‍റെ വൃദ്ധ പിതാവ്‌, ബിരുദധാരിയായ രാമുദായുടെ കൈയ്യും കാലും അരിഞ്ഞു തള്ളി.. സംസാരിക്കുന്ന മാംസപിണ്ടമായി മാറിയ രാമുദാ, ഒരു ദിവസം വീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഉണ്ടാവുന്ന മല്‍പ്പിടുത്തത്തിനിടയില്‍ കട്ടിലില്‍ നിന്നും തെറിച്ചു വീണു മരണപ്പെടുന്നു. 

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ച ചേതനയുടെ മൂത്ത സഹോദരി നീഹാരിക, മധുവിധുവിന്റെ മാധുര്യം നുകരാതെ, ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനം നൊന്തു സ്വഗൃഹത്തില്‍ തിരിച്ചെത്തി ജീവിതം ഒരു തുണ്ടു കയറില്‍ അവസാനിപ്പിക്കുന്നു.. 

മദ്യത്തിലും സോനാഗച്ചിയിലെ വേശ്യാലയങ്ങളിലും സുഖം കണ്ടെത്തുന്ന ഭര്‍ത്താവിന്‍റെ പീഡനങ്ങളും ശാസനകളും സഹിച്ചു, പകലന്തിയോളം വീടിനകത്തും ചായക്കടയിലുമായി ജീവിതം ഹോമിക്കുന്ന പാവം അമ്മ.. 

ആരാച്ചാര്‍ കുടുംബത്തില്‍ പിറന്നിട്ടും ഒരു കോഴിയെ കൊല്ലാന്‍ പോലും ധൈര്യം ഇല്ലാത്ത, രോഗിയായ പിതൃസഹോദരന്‍ സുഖ്ദേവ്, ഭാര്യ ശ്യാമിളി, അവരുടെ രണ്ടു കുഞ്ഞുങ്ങള്‍.. 

എന്തും ഏതും ബ്രേക്കിംഗ് ന്യൂസ് ആവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിന് വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളും ഈ നോവലില്‍ വിഷയമാക്കിയിട്ടുണ്ട്.. മനുഷ്യാവകാശത്തിനും വധശിക്ഷക്കുമെതിരെ വാദിക്കുന്ന "ഹാങ്ങ് വുമന്‍സ്‌ ഡയറി" എന്ന ചാനല്‍ പരിപാടിയിലേക്ക് ചേതനയെ വില പേശിക്കൊണ്ട് സഞ്ജീവ് കുമാര്‍ മിത്രയെന്ന റിപ്പോര്‍ട്ടര്‍ പ്രണയാഭ്യര്‍ത്ഥനയിലൂടെ ചേതനയെ പ്രലോഭിപ്പിച്ചു ചാനലില്‍ തന്‍റെ റേറ്റിംഗ് കൂട്ടാന്‍ മെനെഞ്ഞെടുക്കുന്ന കുതന്ത്രങ്ങളും കാണാം. 

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന, രോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സക്കുള്ള പണത്തിനായി സ്വന്തം ശരീരം വില്‍ക്കാന്‍ ശ്രമിച്ച സഹോദരന്‍റെ ഭാര്യ ശ്യാമിലിയെ ഫണിഭൂഷണ്‍ വെട്ടി കൊലപ്പെടുത്തുന്നുതു തടയാന്‍ ചെന്ന സഹോദരന്‍ സുഖ്ദേവും വെട്ടേറ്റു മരിക്കുന്നതോടെ ചേതനയുടെ പിതാവ് ഇരട്ടകൊലപാതകത്തിനു ജയിലില്‍ ആവുകയും ചെയ്യുന്നതോടെ അവരുടെ കുട്ടികളുടെ ഭാരവും ചേതനയുടെ ചുമലിലാവുന്നു. 

വിവാഹ ശേഷം നാല് വര്‍ഷം മാത്രം ഭാര്യയോടൊത്ത് ജീവിക്കാന്‍ കഴിഞ്ഞ ബാനര്‍ജി, ചേതനയുടെ കൂട്ടുകാരിയുടെ ആറുവയസ്സുകാരി മകളെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുറ്റത്തിനാണ് യതീന്ദ്രബാനര്‍ജിയെ തൂക്കുശിക്ഷക്ക് വിധിച്ചത്.. യഥാര്‍ത്ഥത്തില്‍ ബാനര്‍ജി കുറ്റക്കാരനാണോ എന്നു സംശയം ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെ ഇടയ്ക്കു തോന്നി പോവുന്നുണ്ട്. വിധി നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ബാനര്‍ജി ആവശ്യപ്പെട്ടത് ചേതനയോടൊത്ത് കുറച്ചു സമയം ചിലവഴിക്കണമെന്ന ആഗ്രഹമായിരുന്നു. അവള്‍ അയാളോടോത് ഭക്ഷണം കഴിച്ചു. കഥകള്‍ പറഞ്ഞു. നെഞ്ചോട്‌ ചേര്‍ത്ത് നിര്‍ത്തി തഴുകി തലോടി ആശ്വസിപ്പിച്ചു. 

ബാനര്‍ജി തൂക്കുമരത്തിലേക്ക് പതിയെ നടന്നടുത്തു.. ചേതന മറ്റെല്ലാം മറന്നു.. വിധി നടപ്പിലാക്കുന്ന ആരാച്ചാര്‍ മാത്രമായി മാറി. ജയിലധികൃതര്‍ നോക്കി നില്‍ക്കെ, തൂക്കു പുള്ളിയുടെ കൈകാലുകള്‍ ബന്ധിച്ചു, കറുത്ത തുണി കൊണ്ട് മുഖം മൂടി, മറ്റെല്ലാം മറന്നു ലിവറില്‍ പിടുത്തമിട്ടു ആഞ്ഞു വലിച്ചു. 


തൂക്കുപുള്ളി നിലവറയിലേക്ക് പതിക്കുമ്പോള്‍ കയര്‍ക്കുടുക്ക് മുറുകി സുഷുമ്നാ നാഡിക്ക് ക്ഷതമേല്‍ക്കും. വീഴ്ചയുടെ ശക്തിയില്‍ കുടുക്ക് മുറുകും. ഹൃദയ ധമനികള്‍ അടയും. അതോടെ മസ്തിഷ്ക്കത്തിലേക്കുള്ള ഞരമ്പുകള്‍ വലിഞ്ഞു പൊട്ടും. ശിരസ്സു ഛെദിക്കപ്പെടും. ആ ഘട്ടമെത്തിയാല്‍ പുരുഷന്മാരില്‍ മൂന്നിലൊന്ന് പേര്‍ക്കെങ്കിലും ലിംഗോദ്ധാരണം സംഭവിക്കും. സ്ത്രീകളിലാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ ചീര്‍ത്ത് രക്തം സ്രവിക്കും. മൃതിയെന്ന പ്രേമിയുടെ മിന്നല്‍ പോലെ പായുന്ന പരിലാളനത്തിലൂടെ നിത്യമായി ഉത്തെജിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ പരമാനന്ദത്തെക്കുറിച്ചുള്ള അവസാന മൂഡസ്വപ്നം ആത്മാവില്‍ സൂക്ഷിച്ചു അടുത്ത ജന്മത്തിന്റെ നിലവറയിലേക്ക് പതിക്കും.. അതുകൊണ്ട് ദുര്‍മ്മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലേക്ക്‌ മടങ്ങി ആനന്ദത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആവര്‍ത്തിക്കും. 

മരിച്ച ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ദാരിദ്രക്കടലില്‍ മുങ്ങിത്താഴുന്ന അയാളുടെ ഭാര്യക്കും സഹോദരനും സംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ള പണമില്ലെന്നു മനസ്സിലാക്കിയ ചേതന ബാനര്‍ജിയുടെ ശവശരീരം ഏറ്റുവാങ്ങി, അയാളെ തൂക്കിലേറ്റിയതിനു തനിക്കു കിട്ടിയ പ്രതിഫലം ഉപയോഗിച്ച് വിധിപ്രകാരം ശവസംസ്കാരം നടത്തി ആത്മസംതൃപ്തി നേടുന്നു. 

സ്വന്തം സഹോദരനെയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനു വിധി കാത്തു കഴിയുന്ന ഫണിഭൂഷണ്‍.. അയാളുടെ തൂക്കികൊലയും സ്വന്തം മകളുടെ കൈകൊണ്ടു തന്നെയാവാം എന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ വേണ്ടിമാത്രം മീര എഴുതാതെ ബാക്കി വെച്ചിരിക്കുന്നു.. 

ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ മുന്‍ തലമുറയുടെ ചരിത്രം നോവലിലൂടെ ഇതള്‍ വിരിയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും നീതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വര്‍ഗ്ഗമായി ആരാച്ചാര്‍മാരെ ഇതില്‍ കാണാം

കൊല്‍ക്കത്തയുടെ പ്രൗഢഗംഭീരമായ സംസ്‌കാരത്തിലൂന്നി എഴുതിയ ഈ കഥയില്‍ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം വല്ലാത്തൊരനുഭവമാകുന്നു. മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും ചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്ന തെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവുമെല്ലാം ഒരു സിനിമയിലെന്നോണം വായനക്കാരന്റെ മനസ്സില്‍ പതിയുന്ന ആഖ്യാനരീതിയാണ് മീര സ്വീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്‍റെ അവസാന താളും വായിച്ചു പുറംചട്ട കമഴ്ത്തുമ്പോള്‍, ദുര്‍ഗന്ധം വമിക്കുന്ന ഓടകളും, തിരക്കേറിയ തെരുവിലൂടെ ശവങ്ങളെയും വഹിച്ചു കൊണ്ടുള്ള ഉന്തുവണ്ടികളുടെയും കുതിര വണ്ടികളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ, തോളില്‍ ഞാന്നു കിടക്കുന്ന തുണി സഞ്ചിയും തൂക്കി, മനോദായുടെ പ്രസ്സിലേക്ക് പ്രൂഫ്‌ റീഡിംഗ് ജോലിക്കായി പോവുന്ന ചേതന വായനക്കാരുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും.. 

സ്വയരക്ഷക്കായി, ഏതു നിമിഷവും ഒരു കുടുക്ക് തീര്‍ക്കാനുള്ള ത്വരയോടെ, തോളിലെ നരച്ച ദുപ്പട്ടയില്‍ തിരുപ്പിടിച്ചു, നരച്ച സ്വപ്നങ്ങളെയും മിഴികളില്‍ കുത്തിത്തിരുകി, അവ്യക്തമായ ഭാവിയുടെ നേര്‍ക്ക്‌ പരിഹാസം തുളുമ്പുന്ന നോട്ടവുമായി, ഉമ്മറത്തിണ്ണയിലിരിക്കുന്ന ഇരുപത്തിരണ്ടുകാരി പെണ്‍കുട്ടിയെ, ചേതൂ എന്നരുമയോടെ വിളിച്ചു ചാരത്തിരുത്തി നിറുകില്‍ തലോടാന്‍ ഒരു നിമിഷം എന്‍റെ മനസ്സും അറിയാതെ കൊതിച്ചു പോയി. 

-പത്മശ്രീ നായര്‍ -



Wednesday, 29 January 2014

ഇഡ്ഡലിപുരാണം....






ആവി വരുന്ന ഇഡ്ഡലി പാത്രത്തിന്റെ മൂടി കയ്ക്കലത്തുണി കൂട്ടിപിടിച്ചു വലിച്ചു തുറന്നു, കൈ കൊണ്ട് ഒരു കുടന്ന തണുത്ത വെള്ളം തളിച്ച്, ചൂണ്ടുവിരല്‍ കൊണ്ട് ഇഡ്ഡലിയുടെ മര്‍മ്മം നോക്കി ഒരു കുത്തു കുത്തി വേവ് ഉറപ്പാക്കുമ്പോള്‍, മനസ്സില്‍ നിന്നും ഒരു ഏഴു വയസ്സുകാരി പിടഞ്ഞെണീറ്റു വര്‍ഷങ്ങള്‍ക്കപ്പുറത്തെക്ക് ഓടിപ്പോയി, ഇഡ്ഡലി വില്‍ക്കുന്ന വള്ളിചെട്ടിച്ച്യാരുടെ മുന്നില്‍ കിതപ്പോടെ നിന്നു.. 

വാലിട്ടു ചേല ചുറ്റിയ, വെഞ്ചാമരം പോലത്തെ തലമുടിയുള്ള, തമിഴ്‌ ചുവക്കുന്ന മലയാളം പറയുന്ന വള്ളി ചെട്ടിച്ച്യാര്‍.. തലയിലെ വട്ടിയില്‍ നിറച്ച ചൂട്‌ ഇഡ്ഡലിയും വലതു കൈയ്യില്‍ കടലയും തേങ്ങയും ചേര്‍ത്തരച്ച ചട്ണി നിറച്ച വലിയ തൂക്കുപാത്രവുമായി, പാടത്ത് പണിയെടുക്കുന്നവര്‍ക്ക് വില്‍ക്കാനുള്ള ഇഡ്ഡലിയുമായി രാവിലെ പത്തു മണിയോടെ വീടിനു മുന്നിലൂടെ ചെട്ടിച്യാര് പോകുന്നത് നിത്യ കാഴ്ചയാണ്. 

പാടത്ത് പണിയുന്ന പെണ്ണുങ്ങള്‍, വരമ്പത്ത് ഇരുന്നു സൊറ പറഞ്ഞു ഇഡ്ഡലി തിന്നുന്നത് പലപ്പോഴായി കണ്ടു കണ്ടു, കുഞ്ഞു മനസ്സിലും ചെട്ടിച്യാരുടെ ഇഡ്ഡലി തിന്നാന്‍ കൊതിയൂറി.. ഒരു ദിവസം വീട്ടുകാരുടെ കണ്ണു വെട്ടിച്ചു ചെട്ടിച്ച്യാരുടെ പുറകെ കൂടി.. തന്നെ ഫോളോ ചെയ്യുകയാണെന്ന് മനസ്സിലാക്കിയ ചെട്ടിച്ച്യാര് "എന്ന വേണം കുട്ടീ" എന്ന് ചോദിച്ചു.. കള്ള ലക്ഷണവും പരുങ്ങലും കണ്ടപ്പോള്‍ ചെട്ടിച്ച്യാര്‍ക്ക് എന്‍റെ മനസ്സിലിരുപ്പ് പിടി കിട്ടി. തലയില്‍ നിന്നും ഇഡ്ഡലി കുട്ട വരമ്പത്ത് ഇറക്കി വെച്ച്, പഴുത്ത് അറ്റം ഉണങ്ങി തുടങ്ങിയ വാഴയില ചീന്ത് ചെട്ടിച്ച്യാര് തന്‍റെ നിതംബത്തില്‍ തുടച്ചു വൃത്തിയാക്കി, ഒരു ഇഡ്ഡലിയും ഒരു സ്പൂണ്‍ ഇഡ്ഡലിപൊടിയും വെച്ച് എന്‍റെ നേര്‍ക്ക്‌ നീട്ടി പറഞ്ഞു " ഇന്താ.. തിന്നുക്കോ"..

ഇളം പുല്ലുകള്‍ നിറഞ്ഞ വരമ്പത്ത് ഇരുന്നു പാടത്തേക്ക് കാലാട്ടി, പൊടിയില്‍ മുക്കി ഇഡ്ഡലി തിന്നുന്നത്, ഏതോ സാമദ്രോഹി പൊടിപ്പും തൊങ്ങലും വെച്ച് അമ്മയുടെ ചെവിയില്‍ എത്തിച്ചു. 

ഇഡ്ഡലി തീറ്റയും കഴിഞ്ഞു പാടത്ത് കൈ കഴുകി, ഒന്നുമറിയാത്ത ഭാവത്തില്‍ "ഒന്നാനാം കുന്നിന്മേല്‍ ഒരാടി മണ്ണില്‍ മേല്‍ ഒരായിരം കിളി കൂടു വെച്ചു" എന്ന പദ്യ ശകലവും ഈണത്തില്‍ പാടി, പടി കടന്നു ചെന്ന എന്നെ സ്വീകരിച്ചത് അസ്സല് പുളിവാറു കൊണ്ടുള്ള അടിയായിരുന്നു. പെട്ടെന്നുള്ള അറ്റാക്ക് ആയത് കൊണ്ട് കൃത്യമായി എണ്ണാന്‍ പറ്റിയില്ല. ആരോടൊക്കെയോ ഉള്ള ദേഷ്യം മുഴുവന്‍ അമ്മ എന്‍റെ ദേഹത്ത് തീര്‍ത്തു. നീറ്റല്‍ അനുഭവപ്പെട്ടപ്പോഴാണ് കാല്‍വണ്ണയില്‍ ചോര പൊടിഞ്ഞത് അറിഞ്ഞത്. 

നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അടിയുടെ വേദനയും, കമ്മ്യൂണിസ്റ്റ് പച്ചയുടെ ചാറു പിഴിഞ്ഞ് ഒഴിച്ചത് കൊണ്ട് അടിയുടെ പാടും മാറിക്കിട്ടി . പക്ഷെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും വള്ളി ചെട്ടിച്ച്യാര് ചന്തിയില്‍ തുടച്ച പഴുത്ത വാഴയില ചീന്തില്‍ വെച്ചു തന്ന ഇഡ്ഡലിയുടെയും പൊടിയുടെയും രുചി നാവിന്‍തുമ്പില്‍ നിന്നും മായുന്നില്ല.. അതങ്ങിനെയാണ്.. ഓര്‍മ്മകള്‍ വീഞ്ഞു പോലെയാണ്.. പഴകുന്തോറും രുചിയേറും.. വീര്യവും കൂടും..!!!!!

-പദ്മശ്രീനായര്‍-

Thursday, 23 January 2014

ചില കലോത്സവചിന്തകള്‍..







കലാപ്രതിഭകള്‍ പൂത്തുലഞ്ഞു സുഗന്ധപൂരിതമാക്കിയ പാലക്കാടന്‍ കലോത്സവ വേദി. കരിമ്പനക്കാറ്റിന്‍റെ തലോടലേറ്റ്, വയലേലകളുടെ വര്‍ണ്ണക്കാഴ്ചകളുമായി, ലോകപ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസ ഭൂമി, എന്‍റെ സ്വന്തം പാലക്കാട്‌ ആതിഥ്യമേകുന്നു. വര്‍ണ്ണിക്കാനിനിയും പാലക്കാടിന് മഹിമകള്‍ ഏറെ..!!!

കലോത്സവ മൈതാനിയില്‍  വിവിധ വേദികളിലായി ആയിരക്കണക്കിന് പ്രതിഭകള്‍ തങ്ങളുടെ കഴിവിന്‍റെ മാറ്റുരക്കുമ്പോഴും കലാസ്വാദകരുടെ ഉള്ളില്‍ നിന്നും ഒരുപാട് ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അലഞ്ഞുതിരിയുന്നു. 

അവതരിപ്പിച്ചു ഫലിപ്പിക്കാമെന്ന  ആത്മ വിശ്വാസത്തോടെ ഒരു കുട്ടി ഒരു കല തിരഞ്ഞെടുത്ത്, അതില്‍ പരിശീലനം നേടി വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ - അത് ഭരതനാട്യമോ, കുചിപ്പുടിയോ, തിരുവാതിരക്കളിയോ, ഒപ്പനയോ, ഓട്ടംതുള്ളലോ, അര്‍ബനമുട്ടോ എന്തുമാവട്ടെ, കുറഞ്ഞ പക്ഷം ആ കലയുടെ ഉത്ഭവത്തെപ്പറ്റിയോ, അതിന്‍റെ അടിസ്ഥാനതലങ്ങളെ കുറിച്ചോ ജ്ഞാനം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.  ഇത്തരം കലോത്സവങ്ങളില്‍ ഭാഗഭാക്കാവുമ്പോള്‍  പ്രത്യേകിച്ചും.  ജനപങ്കാളിത്തം ഏറെയുള്ള ഇത്തരം കലോത്സവങ്ങളില്‍, കാഴ്ചക്കാരായ ആസ്വാദകരുടെ മുഖഭാവങ്ങള്‍ വരെ ക്യാമറാകണ്ണുകള്‍ ഒപ്പിയെടുത്തു, അവരുടെ അഭിപ്രായങ്ങളും ദൃശ്യ മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങള്‍ വഴിയും ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തുന്നുണ്ട്. ശക്തമായ വിലയിരുത്തലുകള്‍ നടക്കുന്നുണ്ട്.  ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് വേണം  ഓരോ കുട്ടിക്കും പരിശീലനം കൊടുക്കേണ്ടതും അവരെ വേദിയില്‍ എത്തിക്കേണ്ടതും.. ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഗുരുനാഥന്മാര്‍ക്കും രക്ഷിതാക്കള്‍ക്കും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. 

ഈയൊരു കുറിപ്പ് എഴുതാനുണ്ടായ കാരണം ഇതാണ്. കലോത്സവം തുടങ്ങിയ നാള്‍ മുതല്‍ ദിവസേന കുറച്ചു സമയം ഞാനും ടി. വി. ചാനലുകളിലൂടെ കലോത്സവ മൈതാനിയില്‍ നടക്കുന്ന സംഭവങ്ങള്‍ വീക്ഷിക്കാറുണ്ട്. ഇന്നു രാവിലെ ഒരു തിരുവാതിരക്കളി ടീമിനോട് ഒരു ചാനല്‍ പ്രവര്‍ത്തക ചോദിച്ച ചോദ്യങ്ങള്‍ക്ക് കുട്ടികളുടെ പ്രതികരണം കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയില്‍  ഇരുന്നു പോയി.  "എന്താണ് ദശപുഷ്പം എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലവിധം.. ഒറ്റപ്പൂവ്, ഏതെങ്കിലും പത്തു പൂവ്, മുല്ല, ചെമ്പകം, ചെമ്പരത്തിയെയും    ശംഖുപുഷ്പത്തെയും വരെ ഒഴിവാക്കിയില്ല.   "ഒരു ക്ലൂ തരാമോ" എന്ന്  ചോദിച്ചവരും  ഉണ്ടായിരുന്നു ടീമില്‍.  

"പാതിരാപൂ ചൂടല്‍" എന്തെന്ന ചോദ്യത്തിനും  ഉടനടിയുണ്ടായി ഉത്തരം.
"പാതിരാത്രിക്ക് വിരിയുന്ന ഒരു പൂവ് പറിച്ചെടുത്തു തലയില്‍ വെക്ക്വ.. അത്രേന്നേ" ..  എന്തു രസകരമായ ഉത്തരം അല്ലെ.. ?  മുത്തശ്ശിക്കഥകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും കേട്ടു തഴമ്പിച്ച നമ്മുടെ കേരളത്തിന്‍റെ സ്വന്തം കലയായ തിരുവാതിരക്കളിയെ കുറിച്ച്  പുതു തലമുറയിലെ കലാകാരികള്‍ക്ക് ഉള്ള   അറിവ് ദയനീയം എന്നല്ലാതെ എന്തു പറയാന്‍..!!!

സംസ്കൃതത്തിലും ഉറുദുവിലും മനോഹരമായി ഗാനം ആലപിച്ച ടീം അംഗങ്ങളില്‍ ഒരു കുട്ടിക്ക് പോലും ഒരു വരിയുടെയെങ്കിലും  അര്‍ത്ഥം അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്നതും വ്യസനത്തോടെയേ കാണാന്‍ കഴിഞ്ഞുള്ളു.  ഇത്തരം അവസ്ഥകള്‍ക്ക് ആരാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികള്‍..? 

ഇത്തരം കലാമേളകള്‍ വെറും മത്സരവേദികളായി മാറി കൊണ്ടിരിക്കുമ്പോള്‍ പോയിന്‍റുകള്‍ വാരിക്കൂട്ടാന്‍ മാത്രം വ്യഗ്രതപ്പെടുമ്പോള്‍ അവിടെ കലയുടെ ആത്മാവിനു നാശം സംഭവിക്കുന്നു..  തകര്‍ന്നടിയുന്ന കലയുടെ മൂല്യച്യുതിയോര്‍ത്ത് ഒരു കൂട്ടര്‍ വിലപിക്കുന്നുണ്ടെന്നുള്ള വസ്തുത സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.. ഒരായുഷ്ക്കാലം മുഴുവന്‍ കലയെ ഉപാസിച്ച, ഊണും ഉറക്കവും ഉപേക്ഷിച്ചു കലയെ ഊട്ടി വളര്‍ത്തിയ കലോപാസകര്‍, ഗുരുനാഥന്‍മാര്‍.. അവരുടെ കലാഹൃദയം ഇതെല്ലാം കണ്ടു തേങ്ങുന്നുണ്ടാവാം, എങ്ങലടിക്കുന്നുണ്ടാവാം , നിശ്വാസങ്ങളു-തിര്‍ക്കുന്നുണ്ടാവാം.. 

കലാവാസന ജന്മസിദ്ധമാണ്, ദൈവീകമാണ്. അത്തരം കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവിനെ പരിപോഷിപ്പിച്ചു കലാലോകത്തിന് സമര്‍പ്പിക്കേണ്ടത് ഗുരുനാഥന്മാരുടെയും രക്ഷിതാക്കളുടെയും കടമയാണ്.. ചമയങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന തങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ മുന്നിലെത്തിക്കാനും, മെഡലുകള്‍ സ്വീകരണമുറികളിലെ ചില്ലുകൂട്ടില്‍ പ്രദര്‍ശനവസ്തുവാക്കി മാറ്റാനും വേണ്ടി, കൈക്കൂലി കൊടുത്തും ഉന്നതന്മാരില്‍ സ്വാധീനം ചെലുത്തിയും വിധി കര്‍ത്താക്കളെ വിലക്കെടുക്കുന്ന മാതാപിതാക്കളും,  നാണയകിലുക്കത്തില്‍ അന്ധരും ബധിരരും ആയി സ്വന്തം മനസ്സാക്ഷിയെ പണയപ്പെടുത്തുന്ന വിധി കര്‍ത്താക്കളും ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട്.. കല.. അതൊരു കച്ചവട ചരക്കല്ല.. മൂല്യ നിര്‍ണ്ണയം കലയോടാവണം, കലകാരിയോടോ/ കലകാരനോടോ ആവരുത്.   കലക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിവേചനമില്ല.  

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുപാട് മിടുക്കന്മാരും മിടുക്കികളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. കാലില്‍ ചിലങ്കയണിയാന്‍ കൊതിക്കുന്ന, വാദ്യോപകരണങ്ങളില്‍ വിസ്മയം തീര്‍ക്കാന്‍ കൊതിക്കുന്ന, പണത്തിന്‍റെ അഭാവത്തില്‍ തങ്ങളുടെ മോഹങ്ങള്‍ മനസ്സില്‍ തന്നെ കുഴിച്ചു മൂടാന്‍ വിധിക്കപ്പെട്ട ഒട്ടനവധി പ്രതിഭകള്‍..  ചാരം മൂടി കിടക്കുന്ന അത്തരം  രത്നങ്ങളെ കണ്ടെത്തി, ചെത്തി മിനുക്കി കലാലോകത്തിന് സംഭാവന ചെയ്യാന്‍ വേണ്ടി കൂടിയാവട്ടെ ഇത്തരം കലോത്സവങ്ങള്‍.. 

നൂപുരധ്വനികള്‍ ഉയരട്ടെ, താളമേളങ്ങള്‍ അലയടിക്കട്ടെ  മലയാളക്കരയിലും മലയാളി മനസ്സുകളിലും..  !!!

എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും, വിജയികള്‍ക്കും കലാകേരളത്തിനും എന്‍റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍..!!!!

- പത്മശ്രീനായര്‍.


Monday, 16 December 2013

'പുളീമ്മെലെ ശെയ്ത്താന്‍'...!!





ഒരുപാട് സുഹൃത്തുക്കള്‍ സുന്നത്ത് കല്യാണത്തെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കു വെച്ചു കണ്ടിട്ടുണ്ട്..
എങ്കില്‍ പിന്നെ എന്‍റെ വകയും ഇരിക്കട്ടെ ഒരോര്‍മ്മ..
 തെറ്റിദ്ധരിക്കേണ്ടാ.. സുന്നത്ത് കല്യാണം എന്റെയല്ല..!!




സുന്നത്ത് കല്യാണം കൂടുന്നതിനു  മുമ്പ്  ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്താം..

നായന്മാരുമായി മാത്രം ഇടപഴകാന്‍ താല്പര്യമുള്ള ആളായിരുന്നു നാട്ടിലെ സെയ്താലി  എന്ന ആലി..
പ്രായം കൂടിയവര്‍  "ഡാ ആല്യേ" ന്നും   അല്ലാത്തവര്‍ "ആലിക്കാ" ന്നും വിളിക്കുമ്പോള്‍ ഞാന്‍ "ചെട്ട്യാരിക്കാ" എന്നാണു അന്നും ഇന്നും വിളിക്കാറുള്ളത്..  അതിന്‍റെ ഐതിഹ്യം ഇങ്ങിനെ..

കിണറു കുഴിക്കലായിരുന്നു ആലിക്കായുടെ  ഇഷ്ട്ട ജോലി. പഴയ കിണറുകളുടെ മൈന്ടനന്സും  .
അതാവുമ്പോള്‍ ജാതിവ്യത്യാസം നോക്കാതെ കരാറെടുത്തു കുഴിച്ചു  വെള്ളം കാണിച്ചു കൊടുക്കും.
(അ)മിതമായ കൂലിക്ക് ചെയ്തു കൊടുക്കാറുണ്ട്.  കിണറുപണി ഇല്ലാത്ത സമയങ്ങളില്‍ നായന്മാരുടെ വീടുകളില്‍ മാത്രം കിളക്കാനും മറ്റു ജോലികള്‍ക്കും പോവും.
മണ്ണു കോരാനും മറ്റുമായി ആലിക്ക സ്ഥിരമായി ഒരു പെണ്‍- സെക്രട്ടറിയെ നിയമിച്ചിരുന്നു.. ഇരുണ്ട നിറമുള്ള  ചെട്ടിച്ചി പെണ്ണ്,  'ചെമ്പകം'..

ദാവണി ചുറ്റി, മുടിയില്‍ കനകാംബരമാല ചൂടി, കാലില്‍ നിറം മങ്ങിയ വെള്ളിക്കൊലുസും, കൈകളില്‍ നിറയെ കുപ്പിവളയും ഇട്ടു, കവിളത്ത് പച്ചമഞ്ഞള് തേച്ചതിന്റെ സ്വര്‍ണ്ണത്തിളക്കവുമായി,  ഒക്കത്ത്   മണ്ണു കുട്ടയുമായി വരുന്ന ചെമ്പകത്തെ കാണാനൊരു ചന്തമൊക്കെ  ഉണ്ടായിരുന്നു..

ഒരിക്കല്‍ എന്‍റെ വീട്ടില്‍ കിണറിലെ ചേറെടുക്കാന്‍ ആലിക്ക  ചെമ്പക സമേതനായി വന്നു..
ഇവരുടെ ചലനങ്ങളില്‍ എന്തോ പന്തികേട് മണത്ത ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇവരെ സൂക്ഷ്മ നിരീക്ഷണം നടത്തി കൊണ്ടിരുന്നു.. എന്‍റെ ശ്രമം വിഫലമായില്ല.. ചായക്കപ്പുകള്‍ പരസ്പരം കൈമാറിയും,  ചെമ്പകമേ .. ചെമ്പകമേ.. എന്ന തമിഴ്പാട്ടിന്റെ ഈരടികള്‍ പാടിയും, നാലുപാടും  നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി  ചെമ്പകത്തിന്റെ സ്ഥാനത്തും അസ്ഥാനത്തും ഇടയ്ക്കിടെ തോണ്ടുന്നതും ഒക്കെ കാണാനുള്ള ഭാഗ്യം ഈയുള്ളവള്‍ക്കുണ്ടായി..
 വീട്ടിലുള്ളവരോടെല്ലാം പറഞ്ഞു കളിയാക്കി.. അന്നു മുതല്‍ ആലിക്കയെ  "ചെട്ട്യാരിക്ക" യാക്കി മാറ്റി..

ചെട്ട്യാരിക്കയുടെ ബീവിയാണ് "ആമിന".  ചെട്ട്യാരിക്കയുടെ ബീവി ആവുന്നതിനു മുമ്പ് ആമിന  "സരോജിനി" ആയിരുന്നു. നാട്ടില്‍ കോളിളക്കം സൃഷ്ട്ടിച്ച ഒരു കല്യാണമായിരുന്നു. ആമിനയായതോടെ  സരോജിനിയെ കുടുംബക്കാര്‍ പുറംതള്ളി..

നിക്കാഹ് കഴിഞ്ഞ കൊല്ലാവസാനം ആയപ്പോഴേക്കും ചെട്ട്യാര്ക്ക- ആമിന ദാമ്പത്യ വല്ലരിയില്‍ ആദ്യത്തെ പൂവിരിഞ്ഞു.  പിന്നീട് അവരതൊരു   ശീലമാക്കി.. എല്ലാ കൊല്ലവും മുടങ്ങാതെ ആമിന  പെറും..
പത്ത്മാസത്തിലൊരിക്കല്‍ അസമയത്ത് ചെട്ട്യാര്ക്കാടെ ഉച്ചത്തിലുള്ള
ബാങ്ക് വിളി കേട്ടാല്‍ അമ്മമ്മ പറയും, ''ങാ..!! ആമിന പെറ്റൂന്ന് തോന്നുണൂ..
ചെട്ട്യാര് കുട്ടീടെ ചെവീല് ബാങ്ക് വിളിക്ക്ണ കേട്ടാ.."

പെറ്റതില്‍ കുറച്ചൊക്കെ ജീവിക്കും.. ഇടയ്ക്കു കുറെയൊക്കെ മയ്യത്താവും..!!!
ശോഷിച്ചു വരുന്ന ആമിനയെ കാണുമ്പോള്‍ ചിലരൊക്കെ ചോദിക്കാറുണ്ട്..

"ഡീ ആമിനോ  നെനക്കിന്യെങ്കിലും  പേറു  നിര്‍ത്തിക്കൂടെ.?"

ആമിനയുടെ മറുപടി ഉത്തരം മുട്ടിക്കും..

"പടച്ചോന്‍ തരണത് രണ്ടു കൈയും നീട്ടി വാങ്ങ്വല്ലാതെ ന്താ ചെയ്യ്വ മ്രാളെ.. നെനക്ക് എത്ര മക്കള് ണ്ടന്നല്ലേ  ചോയ്ക്കൂ  അല്ലാണ്ട് നെനക്ക് എത്ര സൊത്തു  ണ്ടെന്ന്  ആരെങ്കിലും ചോയ്ക്ക്വോ.. ഇല്ല്യാലോ? "

ആമിന സ്വയം  നയം വ്യക്തമാക്കും. രണ്ടടി നടന്നു പിറുപിറുക്കും.. "ഞാന്‍
പെറ്റാ ഇവര്ക്കെന്താ ചേതം."

എന്തായാലും അംഗനവാടിയിലെ ഉപ്പുമാവിന്റെയും ഉച്ചക്കഞ്ഞിയുടെയും സിംഹഭാഗവും ആമിനയുടെ വീട്ടിലെത്തും.

ചിലവുകുറക്കല്‍ പരിപാടിയുടെ ഭാഗമായിട്ടാവണം ചെട്ട്യാര്ക്ക-ആമിന ദമ്പതിമാരുടെ നാലഞ്ചു ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചു.
ചെട്ട്യാരിക്കയുടെ ബന്ധുക്കളും,കക്ഷി  പണിക്ക് പോവുന്ന വീട്ടിലെ നായന്മാരും അവരുടെ കുടുംബക്കാരും ഒക്കെ എത്തി ചേര്‍ന്ന്.. ഞങ്ങളും പോയിരുന്നു..
അകത്തു നിന്നും നെയ്ച്ചോറിന്റേം പോത്തെറച്ചീന്റേം   മണം ഗുമുഗുമാന്നു മൂക്കിലേക്ക് അടിക്കുന്നു.. ഞങ്ങള്‍ കുറെ പേര്‍ മുറ്റത്ത്‌ ഇട്ടിരുന്ന പന്തലില്‍ ഇരുന്നു..

ഒസ്സാനും താടി വെച്ച കുറെ ആളുകളും അകത്തേക്ക് കയറി പോവുന്നത് കണ്ടു.. കുറച്ചു കഴിഞ്ഞപ്പോള്‍   പാവം കുട്ടികളുടെ നിലവിളികള്‍ കേട്ടുതുടങ്ങി..!!




നാലു കുട്ടികളുടെ സുന്നത്ത് കഴിഞ്ഞു.. അഞ്ചാമത്തെ നമ്പറായ മൂത്തവന്‍ കബീറിന്‍റെ ഊഴമെത്തി..
അനിയന്മാരുടെ   സുനാപ്പികട്ട്ചെയ്യുന്ന 'ഫീ'കരരംഗം കണ്ട കബീര്‍   ഒസ്സാന്‍റെ മധ്യപ്രദേശില്‍ ഒരു ചവിട്ടുംകൊടുത്ത് കലിതീരാതെ കൈത്തണ്ടയില്‍ ഒരു കടിയും കൊടുത്ത് നിലവിളിച്ചു കൊണ്ട് കുതറിയോടി..
 വീടിനു ചുറ്റും അഞ്ചാറു വട്ടം ഓടിയ കബീര്‍  ഗത്യന്തരമില്ലാതെ  ഉമ്മറത്തെ തൊടിയുടെ മൂലയില്‍ ഉള്ള  പുളിമരത്തിലേക്ക് ചാടിക്കേറി..

എന്തൊക്കെ പറഞ്ഞിട്ടും  കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല.. സ്നേഹത്തോടെയും ചീത്ത പറഞ്ഞും ഒക്കെ നോക്കി..  ചിലര്‍ കല്ലെടുത്തെറിഞ്ഞു വീഴ്ത്താന്‍ നോക്കി..  നടന്നില്ല..  മരത്തിനു മുകളിലേക്ക് കയറി പിടിച്ചു കൊണ്ടുവരാമെന്ന് കൂട്ടത്തില്‍ ആരോ ഒരാള്‍ പറഞ്ഞു..  ഉടനെ താഴെ നിന്നിരുന്ന ഏതോ ഹൈക്കമാണ്ട് അഭിപ്രായപ്പെട്ടു ..

"പുത്തി മോശം കാട്ടണ്ട.. ചെക്കന്‍ പുളീമ്മേല്ന്നു ചാട്യാലോ.. കയിഞ്ഞില്ലേ കാര്യം.."

യാതൊരു നിവര്ത്തിയുമില്ല.. കബീര്‍ മരത്തില്‍ നിന്നും ഇറങ്ങുന്നില്ല.. ഒസ്സാന് പോകാന്‍ ധൃതിയായി..  അതിഥികള്‍ക്ക് നെയ്ച്ചോറിന്റെ  മണമടിച്ചു ഇരിക്കപ്പൊറുതി ഇല്ല്യാതായി..

അവസാന ശ്രമമായി  ആളുകളെ എല്ലാം ഒതുക്കി നിര്‍ത്തി ആമിനയും ചെട്ട്യാര്ക്കയും കൂടി  മരത്തിന്‍റെ മേലോട്ട് നോക്കി വിളിച്ചു..

"എറങ്ങി വാടാ മുത്ത്‌മോനേ.. അന്‍റെ ബാപ്പേം ഉമ്മേം അല്ലേടാ വിളിക്കണേ.. എറങ്ങി വാടാ പുന്നാരമോനേ."

ചെക്കന്‍ മൂക്ക് പിഴിഞ്ഞു താഴേക്കു ഇട്ടു   സൗകര്യം നോക്കി  നല്ലൊരു പുളിങ്കോമ്പില്‍  ഉറച്ചിരുന്നതല്ലാതെ  മൈന്‍ഡ്‌ ചെയ്തില്ല..
പ്രൊഡ്യൂസര്‍മാര്‍ രണ്ടുപേരും കൂടി പഠിച്ചപണി പതിനെട്ടും നോക്കി,
നോ രക്ഷാ..!!
ഒടുവില്‍ സഹികെട്ടു ദേഷ്യവും സങ്കടവുംഒരുമിച്ചുവന്ന
ആമിന ചെട്ട്യാര്ക്കയോട് ഇങ്ങിനെ പിറുപിറുത്തുകൊണ്ട് വീടിന്‍റെ പടികയറി അകത്തോട്ട്പോകുന്നത് പടച്ചോനാണേ ഞമ്മള് കേട്ടിരിക്കിണ്..
"നിങ്ങളിങ്ങട് ബന്നാളീന്‍.. ആ ശേയ്ത്താനെ  ബിട്ടു കള.. !!.. ഒരെണ്ണം ഓന്റെ
ബാപ്പാന്‍റെ പോലേം കെടക്കട്ടേ"

ഒസ്സാനും ബാക്കി എല്ലാവരും  മൂക്ക് മുട്ടെ നെയ്‌ച്ചോറും,പോത്തെറച്ചീം ബെയ്ച്ച് പോയതിനു ശേഷമേ കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങിയുള്ളൂ..

വര്‍ഷങ്ങള്‍ കടന്നു പോയി..  സുന്നത്ത് കഴിയാത്ത കബീര്‍ ഇപ്പോള്‍  ഓട്ടോ ഡ്രൈവര്‍ ആണ്.. കൂട്ടത്തില്‍ അല്പം രാഷ്ട്രീയം, മേമ്പൊടിക്ക് പൊതുജന സേവനം ഒക്കെയായി കഴിയുന്നു.. ഇടയ്ക്കു സമയം കിട്ടിയപ്പോള്‍ ഒരു നിക്കാഹും കഴിച്ചു.  ഭാര്യക്കിപ്പോ  ഏഴാം മാസം..  ബാപ്പാന്റെം ഉമ്മാന്റെം പാത പിന്തുടരുമോ  എന്ന് കണ്ടറിയണം..!!
കാരണം സുന്നത്ത് കഴിക്കാത്ത ചെട്ട്യാര്ക്കയുടെ സുന്നത്ത് കഴിക്കാത്ത
സീമന്തപുത്രനനല്ലേ.. കക്ഷി..!!
അതായത് ഈ ചേമ്പ് നട്ടാല് ചെമ്പരത്തിപൂവ് ഉണ്ടാവ്വോന്ന്‍..!!
അദ്ദെന്നേ...

വാല്‍ക്കഷ്ണം:-

അന്നത്തെ ആ സുന്നത്ത് കല്യാണത്തിന് ശേഷം കബീറിനെ നാട്ടുകാര്‍ കളിയാക്കിവിളിച്ചിരുന്ന ഇരട്ടപ്പേരാണ് 'പുളീമ്മെലെ ശെയ്ത്താന്‍'