Saturday, 23 May 2015

ഋതുഭേദങ്ങളിലൂടെ ......



കുളി കഴിഞ്ഞു, ഏറെ പ്രിയമുള്ള കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്തു..ഇഷ്ട്ടദൈവത്തിനു മുന്നില്‍ വിളക്ക് കൊളുത്തി, മുകുളിതകരങ്ങള്‍ക്കൊപ്പം മിഴികളും കൂമ്പിയടഞ്ഞു.. ആവശ്യപ്പെടാനൊന്നുമില്ല, അല്ലെങ്കില്‍  തന്നെ ആഗ്രഹിച്ചതൊക്കെ  എന്നില്‍നിന്നും ചീന്തിയെടുക്കുകയല്ലാതെ ഒന്നും ഇതുവരെ തന്നനുഗ്രഹിച്ചിട്ടില്ലല്ലോ. എല്ലാം നിന്‍റെ തീരുമാനത്തിന്  ഞാനെന്നേ   വിട്ടു  തന്നിരിക്കുന്നു  എന്ന് മനസ്സില്‍പറഞ്ഞു.  അത് കേട്ടിട്ടെന്നോണം കള്ള കൃഷ്ണന്‍ ഒന്ന്  മന്ദഹസിച്ചോ  . 

നെറ്റിയില്‍  കളഭക്കുറി വരച്ചു ,   നിലകണ്ണാടിക്ക്  മുന്നില്‍ നിന്നു.  മുടിയില്‍  ചുറ്റിക്കെട്ടിയ ഈറന്‍  തോര്‍ത്ത്‌  അഴിച്ചപ്പോഴേക്കും   ജാലകവിരിക്കിടയില്‍  പതുങ്ങി നിന്ന  ഇളംകാറ്റ്  അവളുടെ  മുടിയിഴകള്‍ക്കിടയിലൂടെ   വിരലുകളോടിച്ചു    രണ്ടു മൂന്നു   വെള്ളി നൂലിഴകളെ  നെറ്റിയിലേക്ക്  പറത്തിവിട്ടു  കുസൃതിയോടെ  ഓടിപ്പോയി.

"കണ്‍തടങ്ങളില്‍  ഇരുള്‍  പരക്കാന്‍  തുടങ്ങിയിരിക്കുന്നു. ഇപ്പൊ  ദാ   തലമുടിയിലും  വെള്ളിത്തിളക്കം.  യാത്ര   തുടങ്ങിയിട്ട്  കുറെയായി. ഒന്നും  അറിഞ്ഞില്ല്യാന്നുണ്ടോ? "   കണ്ണാടിയിലെ   തന്‍റെ  നിഴലിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട് അവള്‍  വെറുതെ  ചിരിച്ചു. 

"ഒന്ന്  കാതോര്‍ക്കൂ..  വാര്‍ദ്ധക്യത്തിന്‍റെ പദനിസ്വനം   അടുത്തുവരുന്നതുപോലെ   തോന്നുന്നില്ലേ.. അതിങ്ങടുത്തെത്തും    അധികം   വൈകാതെ. " 

മുറ്റത്തെ   ആര്യവേപ്പിന്റെ  കാറ്റേറ്റ്, പൂമുഖത്തിണ്ണയിലെ  ചാരുകസേരയിലേക്ക്   ചാഞ്ഞു  കിടന്നവള്‍  ഓര്‍ത്തു.  പിഞ്ഞിക്കീറിയ  ഷിമ്മിയിട്ടു, കണ്ണി മാങ്ങ  പെറുക്കി, കൊതാംകല്ല് കളിച്ചു,  കഴുത്തില്‍  തോര്‍ത്തുമുണ്ട്  കെട്ടി  തോട്ടിലിറങ്ങി    പരല്‍മീനിനെ  പിടിച്ച കാലം, ആര്‍ത്തലച്ചു പെയ്യുന്ന  കര്‍ക്കിടമഴയില്‍ വരിവെള്ളത്തിലൂടെ   കടലാസ്  തോണി  ഒഴുക്കി കൈകൊട്ടി  ചിരിച്ച , നൊട്ടി നുണഞ്ഞു  മതിവരാത്ത കുട്ടിക്കാലം..

പിന്നീടെപ്പോഴോ  കാലം പുള്ളിപ്പാവാടയില്‍  ചോരപ്പൊട്ടുകള്‍ കൊണ്ട്  ചിത്രം  വരച്ചു. അഞ്ചാം നാള്‍  തൊട്ട് അരുതുകളുടെ ഘോഷയാത്രകള്‍ ഒന്നിനു പിറകെ  ഒന്നായി ..  ഉറക്കെ  ചിരിക്കരുത്,  കാലുരച്ചു  നടക്കരുത്, ആണ്‍കുട്ടികളോട് മിണ്ടരുത്..    മോഹവല്ലരികള്‍ക്ക്  പടര്‍ന്നു കയറാന്‍  കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തളിരിട്ട  മോഹങ്ങളൊക്കെയും  നുള്ളിയെറിഞ്ഞു.  വെച്ചു നീട്ടിയ  സ്നേഹത്തെ പെട്ടകത്തിലിട്ടു  പൂട്ടി  മനസ്സിന്‍റെ  തട്ടിന്‍പുറത്തിട്ടു.       കാലത്തിനൊപ്പം   മുന്നോട്ട്..  

കെട്ടുതാലിയില്‍ മുറുകെപ്പിടിച്ച്‌  കത്തിക്കാളുന്ന  വിശപ്പിനെ   തല്ലിക്കെടുത്താനുള്ള   തത്രപ്പാടില്‍    മനപ്പൂര്‍വ്വം  മറന്ന  യൌവ്വന കാലം . 

ഇപ്പോഴിതാ   വാര്‍ദ്ധക്യത്തിന്റെ  കാലൊച്ചക്ക് കാതോര്‍ത്ത് ..  അടുത്തെത്തും മുമ്പ്  ഒരിത്തിരി  കടമകള്‍ കൂടി  ചെയ്തുതീര്‍ക്കാനുണ്ട്.  അതുകഴിഞ്ഞാല്‍..  പോകാം  കാലത്തിന്റെ  കൈപിടിച്ച്  എങ്ങോട്ടെന്നില്ലാതെ   ഒരു യാത്ര.  ഒടുവില്‍ പുഴുക്കള്‍ക്ക്  ആഹാരമാവാന്‍ , അല്ലെങ്കില്‍  കത്തിയമര്‍ന്നു   ഒരു പിടി  ചാരമാവാനുള്ള    ദേഹത്തെയോര്‍ത്ത് എന്തിനു   വെറുതെ  വേവലാതിപ്പെടണം..   എന്തൊക്കെ  നേടി   എന്നൊരു  കണക്കെടുപ്പിനു  ഇതുവരെ  തുനിഞ്ഞിട്ടില്ല  എങ്കിലും   നഷ്ടങ്ങളൊക്കെ  ഓര്‍മ്മകളായി  കൂടെത്തന്നെയുണ്ട്‌..

ഞെട്ടറ്റു  വീഴാനൊരുങ്ങിയ   കണ്ണീര്‍മുത്തുകളെ  നേര്യതിന്റെ  കോന്തലകൊണ്ടു  ഒപ്പിയെടുത്ത്  വിദൂരതയിലേക്ക്  മിഴികള്‍  നട്ട് ആരെയോ  പ്രതീക്ഷിച്ചിട്ടെന്ന പോലെ   അവളിരുന്നു..  ചുറ്റിതിരിഞ്ഞെത്തിയ  ഇളം  കാറ്റ്   അവളെ തഴുകിയുറക്കി.





Friday, 15 May 2015

"അങ്ങനെ ഒരു മാമ്പഴക്കാലം" - വായനാനുഭവം



സാധാരണ ഗതിയില്‍  ബാല്യകാലസ്മരണകള്‍  ഇല്ലാത്തവരായി  ആരുമുണ്ടാവില്ല..  കടന്നുവന്ന വഴിത്താരകള്‍  ചിലര്‍ക്ക്  ദുരിതങ്ങള്‍  നിറഞ്ഞതാവാം.ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും    തുടര്‍ന്നുള്ള   ജീവിതത്തില്‍   അറിയാതെയെങ്കിലും  ഓര്‍ത്തുപോവുന്ന    കയ്പ്പേറിയ   അനുഭവങ്ങളാവുമ്പോള്‍   മറ്റു   ചിലര്‍ക്ക്  ബാല്യകാലം   മധുരമൂറുന്ന മാമ്പഴക്കാലമാവാം..    

കുതിച്ചു പായുന്ന ഇന്നത്തെ  ഇന്റര്‍നെറ്റ്‌   യുഗത്തില്‍   പുതുതലമുറക്ക്‌  അന്യമായിക്കൊണ്ടിരിക്കുന്ന   ബാല്യകാല സ്മരണകള്‍.   മാതാപിതാക്കള്‍    തങ്ങളുടെ  ബാല്യകാലസ്മരണകള്‍   പങ്കുവെക്കാന്‍   തുനിയുമ്പോള്‍,  ഇന്നത്തെ  തലമുറ അതൊന്നും  കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ,  ഇന്റര്‍നെറ്റില്‍  തലപൂഴ്ത്തി    ലോകം  വെട്ടിപ്പിടിക്കാനുള്ള  വ്യഗ്രതയില്‍  എന്തൊക്കെയോ  തിരയുന്ന  തത്രപ്പാടിലാണ്.

ജീവിതോപാധി  തേടി  പലവഴി പിരിഞ്ഞുപോയ  കുടുംബാംഗങ്ങളും  ബന്ധുക്കളും  ഒത്തുചേരുന്നത്  ഓണം,  വിഷു  ക്രിസ്തുമസ്   ആഘോഷവേളകളിലാണ്..   ഈ ഒത്തു ചേരലുകളാണ് ആഘോഷത്തിന്‍റെ  മാറ്റുകൂട്ടുന്നതും.. അണുകുടുംബങ്ങളിലെ  പുതുതലമുറക്ക്‌   ആഘോഷങ്ങളോടുള്ള  സമീപനങ്ങളും  നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്നു.     കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും   പറമ്പുകളിലും  മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍റെ  ചോട്ടിലും   കുട്ടീം  കോലും   കളിച്ചും   കഞ്ഞീം  കറീം   വെച്ചും   മണ്ണപ്പം  ചുട്ടും നാമൊക്കെ അവധിക്കാലം   ആഘോഷിച്ചപ്പോള്‍     പുതുതലമുറ   ശീതീകരിച്ച  മള്‍ട്ടിപ്ലക്സുകളില്‍   ഇരുന്നു  ആക്ഷന്‍ ത്രില്ലറുകള്‍  കണ്ടും ഐസ് ക്രീം നുണഞ്ഞും   സായൂജ്യമടയുന്നു..  ശീതീകരിച്ച   മാളുകളില്‍  കയറിയിറങ്ങി, കീശ  കാലിയാക്കും  വിധം   വിദേശ  നിര്‍മ്മിത  ഇലക്ട്രോണിക്  കളിപ്പാട്ടങ്ങളും  വീഡിയോ  ഗൈമുകളും  വാങ്ങിക്കൂട്ടി   അവധിക്കാലത്തെ   തളച്ചിടുന്നു.
ബാല്യ കൗമാര സ്മരണകളെ താലോലിക്കുന്ന  ഓരോ  മനസ്സുകളെയും  തൃപ്തിപ്പെടുത്തിക്കൊണ്ട്    ശ്രീ  അജോയ് കുമാര്‍ എം. എസ്.  രചിച്ച  "അങ്ങനെയൊരു  മാമ്പഴക്കാലം"  എന്ന പുസ്തകം   ഈ  അടുത്തകാലത്ത്‌ വായിക്കാന്‍   കഴിഞ്ഞു. ഓര്‍മ്മകളെ എഴുതി ഫലിപ്പിക്കുക   എന്നതിനേക്കാള്‍  പ്രധാനമാണ് ഒറ്റ വായന കൊണ്ടുതന്നെ  കഥാപാത്രങ്ങളെ   വായനക്കാരുടെ   മനസ്സുകളില്‍   പ്രതിഷ്ഠിക്കുക എന്നത്.  കിളിക്കൂട്  പോലത്തെ  ഹെയര്‍സ്റ്റൈല്‍  സ്വന്തമായുള്ള, വാക്കുകള്‍   തെറ്റിച്ചു  പറഞ്ഞു  പലപ്പോഴും  അബദ്ധത്തില്‍  ചാടിക്കുന്ന, കുട്ടികളോടൊപ്പം  കൂട്ടുകൂടുന്ന  മുതിര്‍ന്നവനായ   മണിയന്‍  ചേട്ടന്‍, പിന്നെ  ഉണ്ണിയും   രാധയും  രാജുവും  ഗോപിയും   രാംഗോപാലും, രവിക്കുട്ടനുമൊക്കെ പുസ്തകത്തിന്‍റെ  ആദ്യാവസാനം   നിറഞ്ഞു  നില്‍ക്കുന്നു.  ലാളിത്യം   നിറഞ്ഞൊഴുകുന്ന   ശൈലിയില്‍,  അനുപാതക്രമത്തില്‍   ഹാസ്യരസം  ചേര്‍ത്ത് പതിമൂന്നു   വിഭവങ്ങളുണ്ടാക്കി  വിളമ്പിയിരിക്കുന്നു  "അങ്ങനെ  ഒരു മാമ്പഴക്കാലത്തില്‍".  ഒന്നിനൊന്നു മെച്ചപ്പെട്ട   ഓരോ  ലേഖനത്തിലൂടെയും   വായന  വളരുമ്പോള്‍ എവിടെയെങ്കിലുമൊക്കെ  വെച്ച്  നമുക്കോരോരുത്തര്‍ക്കും നമ്മുടെ  ബാല്യകാലത്തെ   തിരിച്ചു  തരുന്നുണ്ട്  എഴുത്തുകാരന്‍ .   ചിരിക്കാന്‍  ഒരുപാട് വിഭവങ്ങള്‍  ഒരുക്കിയിട്ടുള്ള  ഈ പുസ്തകത്തിലെ  ഓരോ  കുറിപ്പുകളിലും  ഇരുത്തി  ചിന്തിപ്പിക്കുന്ന   വാസ്തവങ്ങളുണ്ട്.  അറിയാതെ  കണ്ണുകളില്‍ ഈറന്‍  പടര്‍ന്നു ,   ഗദ്ഗദം  തൊണ്ടയില്‍  കുരുങ്ങുമ്പോള്‍  നിമിഷങ്ങളോളം  പുസ്തകം  അടച്ചുവെച്ചു  കുറച്ചു  നിമിഷം കണ്ണടച്ചിരുന്നുപോകുന്ന അവസ്ഥയിലെത്തിപ്പോകാറുണ്ട്.

വെക്കേഷന്‍ കാലത്ത് നാട്ടില്‍   വരുന്ന  അമ്മാവനെയും  കുടുംബത്തെയും പരിചയപ്പെടുത്തുന്നതിനോപ്പം  നാട്ടിലുള്ള  ഒട്ടുമിക്ക  സൈക്കിള്‍  യാത്രക്കാരെയും  ഇടിച്ചു  തെറിപ്പിച്ചു  കൊണ്ടുള്ള  അമ്മാവന്‍റെ   ഡ്രൈവിംഗ്   പ്രാവീണ്യവും,  ഓടിച്ചിരുന്ന   കാറിനെക്കുറിച്ചുള്ള   വര്‍ണ്ണനകള്‍ക്കൊടുവില്‍  "ആ  വാഹനത്തില്‍  ശബ്ദം  പുറപ്പെടുവിക്കാത്ത  ഏക  സാധനം  ഹോണ്‍ മാത്രമായിരുന്നു"എന്ന  വരികളില്‍  തട്ടിത്തടഞ്ഞു  വീണു  ചിരിക്കാത്തവര്‍   ഉണ്ടാവില്ല.

വനിതാ   വായനശാലയില്‍  " ഡ്രാക്കുള " ബുക്ക്‌   തേടി കുടുങ്ങിപ്പോയ   രവിക്കുട്ടനും  മണിയന്‍ ചേട്ടനും,  ആദ്യമായി   വ്രതമെടുത്ത്   ശബരിമലക്ക്  പോയ  "കഞ്ഞി  അയ്യപ്പ"ന്മാരുടെ  വിശേഷങ്ങളും,  മുടിവെട്ടും, പല്ലുപറിയും,  വെളിച്ചപ്പാട്   കുട്ടന്‍ പിള്ളയുടെ  തുള്ളലും   ആഗോള  സംഭവമാക്കി കുടുകുടെ  ചിരിപ്പിക്കുന്ന  ഒട്ടേറെ  മുഹൂര്‍ത്തങ്ങള്‍ക്കിടക്കും  നാമറിയാതെ നോവാകുന്ന,   കണ്ണുകളെ   ഈറനണിയിക്കുന്ന   ഒരു  പിടി  കഥാപാത്രങ്ങളും  പൊള്ളുന്ന   ഓര്‍മ്മകളാവുന്നു ..

അതിഥികള്‍  പാലിക്കേണ്ട  ഔപചാരികതകളെക്കുറിച്ച് വേണ്ടത്ര  അറിവില്ലാതിരുന്ന  കൊച്ചു കുട്ടിക്ക്  വിരുന്നു  ചെന്ന  വീട്ടില്‍  വെച്ച്   ആര്‍ത്തിയോടെ  മാമ്പഴം   വാരിവാരിത്തിന്നതിനു,  ആരും  കാണാതെ  കാല്‍ നഖം  കൊണ്ട്  മുറിവേല്‍പ്പിച്ച  അമ്മാവന്‍..  തൊലിപ്പുറത്തുള്ള  മുറിപ്പാട്   കാലം  മായ്ച്ചു  കളഞ്ഞെങ്കിലും   മനസ്സിലിപ്പോഴും   ചോര  പൊടിക്കുന്ന  ഓര്‍മ്മകളുമായി,  നിഷ്കളങ്കതക്കേറ്റ  മുറിപ്പാടുകളുമായി  കൊച്ചു   രവിക്കുട്ടന്‍  നമ്മുടെ  മുന്നില്‍  കണ്ണീരോടെ   നില്‍ക്കുന്നത്  കാണാം.

"ഒരു ലോഡ്ജ് മുതലാളി" എന്ന ലേഖനത്തിന്‍റെ അവസാന ഭാഗത്തില്‍  പരിചയപ്പെടുത്തുന്ന  മിഠായി ഭ്രാന്തന്‍   ഏവരുടെയും  കണ്ണു  നനയിക്കും.   പേടിയോടെ  അകലെനിന്നു മാത്രം  വീക്ഷിച്ചിരുന്ന  ഭ്രാന്തനോട്  ഒരുനാള്‍   അടുപ്പം   തോന്നുകയും,   ഏറെ നാളത്തെ  ആലോചനക്കു  ശേഷം  ഭ്രാന്തന്  പൊതിച്ചോറുമായി   വന്നപ്പോഴേക്കും   ഭ്രാന്തന്‍ മരിച്ചുപോവുകയും  ചെയ്ത സംഭവം,  "കാലം   ആര്‍ക്കുവേണ്ടിയും  കാത്തുനില്‍ക്കില്ലെന്നും,  സഹായമോ  സ്നേഹമോ  എന്ത് തന്നെയായാലും  അതാതു  സമയത്ത്  ചെയ്തു തീര്‍ക്കാന്‍  കഴിഞ്ഞില്ലെങ്കില്‍   അടുത്ത നിമിഷം,  കൊടുക്കെണ്ടവരോ  വാങ്ങേണ്ടവരോ ഇല്ലാതായാല്‍ അത് ജീവിതകാലം  മുഴുവന്‍  കുറ്റബോധമായി  നമ്മെ   പിന്തുടരുമെന്നുള്ള     ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു 

കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്  കളിക്കാന്‍  കൂടാത്തതിന്  ജോസ്  എന്ന വികലാംഗനായ കുട്ടിയെ  അഹങ്കാരിയെന്നും  മറ്റും    പറഞ്ഞു  കളിയാക്കി.  പിന്നീട്  ഗുരുതരമായ  അസുഖം  ബാധിച്ചു  മരിച്ചു പോയ ജോബിന്റെ  ആഗ്രഹപ്രകാരം  ഈ പിള്ളേര്‍ ടീമിന്  സമ്മാനമായി  കൊടുക്കാനായി അമ്മയെ  പറഞ്ഞേല്‍പ്പിച്ച   ക്രിക്കറ്റ് കിറ്റും വാങ്ങി, കനം തൂങ്ങിയ  മനസ്സോടെ  കൂട്ടുകാര്‍   പടിയിറങ്ങുമ്പോള്‍ കാര്യമറിയാതെ  ആരെയും   വിമര്‍ശിക്കരുതെന്ന   ഒരു  അനുഭവ പാഠം  കൂടി പറഞ്ഞു  വെക്കുന്നു.

കാശു നഷ്ട്ടപ്പെട്ടുപോയത് കൊണ്ട്  ഓര്‍ഡര്‍ ചെയ്ത  ദോശയും  വടയും  കഴിക്കാതെ സങ്കടത്തോടെ  കൂട്ടുകാര്‍ക്കിടയില്‍  നിന്നു എഴുന്നേറ്റ് പോകേണ്ടി  വന്നതും, ചായക്കട നടത്തിയിരുന്നയാള്‍  തിരിച്ചു  വിളിച്ചു   സ്നേഹത്തോടെ  ദോശ  കഴിപ്പിച്ചതും,  കാലങ്ങള്‍ക്കിപ്പുറം  അവിചാരിതമായി  കാണാനിടയായ,   പട്ടിണിയുടെ  നടുവില്‍  നട്ടം  തിരിയുന്ന വൃദ്ധരായ  ആ  പഴയ  ചായക്കട ദമ്പതികള്‍ക്ക്   വയറു  നിറയെ  ഭക്ഷണം   വാങ്ങിക്കൊടുത്തു ആത്മസംതൃപ്തി നേടിയതും  ഹൃദയ സ്പര്‍ശിയായി  വിവരിച്ചിരിക്കുന്നു.
 
കുഞ്ഞിക്കൈകളില്‍   ചാമ്പക്കയുമായി "അജ്മാറെ"  എന്ന്   വിളിച്ചോടി  വന്നിരുന്ന, ബുദ്ധി  വികസിച്ചിട്ടില്ലാത്ത  ബിന്ദു  എന്ന പെണ്‍കുട്ടിയുടെ  നിഷ്കളങ്ക സ്നേഹത്തിനു  മുന്നില്‍  അകാരണമായി  മുഖം  തിരിച്ചതിന്റെ   കുറ്റബോധം ,  ബിന്ദു  മരിച്ചു  കാലങ്ങള്‍ക്ക്  ശേഷവും  കഥാകാരന്‍റെ മനസ്സിലും  ഒപ്പം  വായനക്കാരുടെ   മനസ്സിലും  ഒരു നീറ്റലായി അവശേഷിക്കുന്നു.  

"മഞ്ഞുതുള്ളിപോലൊരു സുഹൃത്ത്" എന്ന  ഓര്‍മ്മക്കുറിപ്പില്‍,  സ്കൂളില്‍  ഉപ്പുമാവ്  ഉണ്ടാക്കി  വിളമ്പിയിരുന്ന പൊന്നമ്മയും അവരുടെ  ബുദ്ധിവികാസമില്ലാത്ത മകന്‍ ചക്ക  ശശിയും. വാര്‍ദ്ധക്യ കാലത്ത്   നിവര്‍ത്തികേടുകൊണ്ട്  മകന്   വിഷം  കൊടുത്തു   സ്വയം  ആത്മഹത്യ   ചെയ്ത പൊന്നമ്മയെന്ന   അമ്മയുടെ  കഥ    ആരുടേയും  കരളലിയിക്കും.

എത്ര   തിന്നാലും  മതിവരാത്ത  തേനൂറും   ചക്കര  മാമ്പഴം   പോലെ,  വായിക്കുന്തോറും  ഇനിയുമിനിയും     വായിക്കണമെന്ന  തോന്നല്‍   ഓരോ  വായനക്കാരന്‍റെ  മനസ്സിലുമുളവാക്കും  വിധത്തിലുള്ള   രചനാ ശൈലി  ഈ  പുസ്തകത്തിന്‍റെ    എടുത്തുപറയേണ്ട   പ്രത്യേകതയാണ്.  ദഹനക്കേടുണ്ടാക്കുന്ന ഭാരിച്ച  സാഹിത്യത്തിന്‍റെ  അതിപ്രസരമില്ലാതെ, മുതിര്‍ന്നവര്‍ക്കും   കുട്ടികള്‍ക്കും  ഒരുപോലെ   നുണഞ്ഞാസ്വദിക്കാവുന്ന  ഒരു അക്ഷരകനിയാണ്  "അങ്ങനെ  ഒരു മാമ്പഴക്കാലം".

നഷ്ടബാല്യത്തിന്റെ   നിറം മങ്ങാത്ത  ഓര്‍മ്മകളിലേക്ക്  കൈപിടിച്ച്  കൊണ്ടുപോകുന്ന   ഈ പുസ്തകം 2011 ലെ  മികച്ച  ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ട്  അവാര്‍ഡ്, ഇന്ത്യന്‍  റൂമിനേഷന്‍സ് അവാര്‍ഡ്  എന്നിവ  നേടിയതില്‍ ഒട്ടും അതിശയപ്പെടെണ്ടതില്ല..  അത്രക്കും   ആസ്വാദ്യകരമായ   രചനയാണ്.

തനിക്കു മാത്രം  സ്വന്തമായൊരു   ശൈലിയിലൂടെ  വായനക്കാരുടെ  മനസ്സില്‍ സ്ഥാനം  നേടിയ   ശ്രീ   അജോയ്കുമാര്‍ എം. എസ്.  നു   എല്ലാ  വിധ  ഭാവുകങ്ങളും   നേരുന്നു. ..!!!

Sunday, 29 March 2015

ചന്തമേറും "ചന്ത"യോര്‍മ്മകള്‍ ........!!!




"ഇന്നാ....  ഈ സഞ്ചി   നിറയെ  "കൂട്ടാന്‍   വെക്കാനുള്ളതും"  വാങ്ങി  ബാക്കി   കാശും    കൊണ്ടുവാ.."

സ്കൂളിലേക്കുള്ള   പുസ്തകക്കെട്ടുമായി  തിരക്കിട്ട്   പടിയിറങ്ങുമ്പോഴാണ്  കൈയ്യില്‍  ചുരുട്ടിപ്പിടിച്ച  ഉലുവാ  മണമുള്ള അഞ്ചുരൂപാ  നോട്ടും  സിംഹത്തിന്‍റെ  ചിത്രമുള്ള  കൂട്ടു പെരുംകായത്തിന്റെ  പരസ്യമുള്ള   മഞ്ഞ നിറമുള്ള സഞ്ചിയും  മുഖം  നിറയെ  ചിരിയുമായി അമ്മയുടെ  പിന്‍വിളി.  അഞ്ചു രൂപയ്ക്കു  കൂട്ടാന്‍   വെക്കാന്‍   എന്തുകിട്ടുമെന്നു  വിചാരിച്ചു   വേവലാതിപ്പെടെണ്ട.. അന്ത  കാലത്ത്   അത്രേം  കാശിനു   ഒരുപാടൊക്കെ   കിട്ടുമായിരുന്നു.  നാലണ  കൊടുത്താല്‍   മുറം  വലിപ്പത്തില്‍   നല്ല പഴുത്ത  മത്തങ്ങാ  കഷ്ണം,  എട്ടണക്ക്    ഒരു കുടുംബത്തിനു   മുഴുവന്‍  തിന്നാന്‍   മതിയാവുന്ന  ചക്കപ്പഴത്തുണ്ട് (എന്‍റെ  കാര്യല്ലാട്ടോ..  ഒറ്റയിരുപ്പിനു   ഒരു  ചക്കപ്പഴമാണ്   ന്‍റെ   കണക്ക്) . 

അമ്മയുടെ  കൈയ്യില്‍  നിന്ന്  കാശു  വാങ്ങി  ജ്യോമട്രി  പെട്ടിയില്‍   വെച്ചടച്ചു  ഓടിയും  നടന്നും കളിക്കൂട്ടുകാരന്‍  അപ്പൂട്ടന്റെ   വീടിന്‍റെ  മുന്നിലെത്തി  ഉത്സാഹത്തോടെ   വിളിച്ചു  പറയും. 

"ഡാ  അപ്പൂട്ടാ  ഇന്ന്  ചന്തേല്   പോണം.. സ്കൂള്  വിട്ട്  വരാന്‍   വൈകുംന്നു   നെന്‍റെ  അമ്മയോട്   പറഞ്ഞിട്ട്   വാ"  

ചന്തക്കു   പോണമെന്ന്  കേട്ടത്  പാതി  കേക്കാത്ത  പാതി  അപ്പൂട്ടന്‍   ഇറയത്തെക്ക്   തിരിഞ്ഞോടി   അമ്മയോട്   കാര്യം  പറഞ്ഞു   തിരിച്ചു   വരും.  തൊടിയിലുള്ള  ചേമ്പും  ചേനയും  വാഴക്കയും കുമ്പളങ്ങയും   ചീരയും   താളും  മുരിങ്ങയുമൊക്കെ   തിന്നു   തീരുമ്പോള്‍  മനസ്സില്ലാമനസ്സോടെ ആണെങ്കിലും  കാശു  മുടക്കി   പച്ചക്കറികളും   ഉണക്കമീനും  വാങ്ങാന്‍  പഴമ്പാലക്കോട് ഗ്രാമവാസികള്‍  ആശ്രയിക്കുന്നത്    തിങ്കളാഴ്ച  ചന്തകളെയാണ്.   അന്ന്   ഇന്നത്തെ  പോലെ  മുക്കിനു മുക്കിനു  പച്ചക്കറി പഴക്കടകളോ,  പൊള്ളാച്ചിയില്‍  നിന്നും  ഇറക്കുമതി  ചെയ്ത   മരുന്നടിച്ച  പച്ചക്കറികള്‍   കുത്തിനിറച്ചു  ഉറക്കെ  ഹോണടിച്ചു   വരവറിയിക്കുന്ന  മിനി  ടെമ്പോകളോ   ഉണ്ടായിരുന്നില്ല.

നാലുമണിക്ക്  സ്കൂള്‍  വിട്ട്   ഒരുവിളിപ്പാടകലെയുള്ള   ചന്തയില്‍  പോകുന്നത്  ഒരുപാട്   സന്തോഷമുള്ള  കാര്യമായിരുന്നു.   കാരണം   കുടുംബ  ബജറ്റില്‍ ചന്തചിലവിനു   വകയിരുത്തിയ   അഞ്ചു  രൂപയില്‍  നിന്ന്   ഇരുപത്തഞ്ചു   പൈസ  ഞങ്ങള്  കുട്ടിപ്പട്ടാളങ്ങള്‍ക്കുള്ള    പോക്കറ്റ്  മണിയാണ്.  ഈ  ഫണ്ട്  ഉപയോഗിച്ച്  നാരങ്ങാ മുട്ടായിയോ, കടിച്ചാല്‍ പൊട്ടാത്ത ഇടിപരിപ്പിയോ   വറുത്ത   കടലയോ  ഒക്കെ  കിട്ടുമെങ്കിലും   കൂനന്‍ ചെട്ട്യാരുടെ   ഉള്ളിപ്പൊക്കാവടയോളം   വരില്ല  അതൊന്നും.  ചുമന്നുള്ളിയും   കറിവേപ്പിലയും  പച്ചമുളകുമൊക്കെ  ചേര്‍ത്തു   മൂപ്പിച്ചു മൊരിചെടുക്കുന്ന  പൊക്കാവടയുടെ   മണം   ദൂരെ   നിന്നേ  ചന്തയിലെ   ചെട്ട്യാരുടെ   സാന്നിദ്ധ്യം  വിളിച്ചറിയിക്കും. ചന്തക്കുള്ളിലേക്ക്   കടക്കുന്ന  വഴിയുടെ  തുടക്കത്തില്‍ തന്നെയാണ്  പോക്കാവട  വില്‍ക്കുന്ന  ചെട്ട്യാരുടെ  സ്ഥാനം. അധികം   പൊക്കമില്ലാത്ത ഇളകിയാടുന്ന സ്റ്റൂളിന്റെ   മുകളില്‍  വെച്ച  തകരത്തട്ടിലാണ്   പൊക്കാവട നിറച്ചു  വെച്ചിരിക്കുക.. പൊടിയടിക്കാതിരിക്കാന്‍   തട്ടിനെ   പ്ലാസ്റ്റിക്   കവര്‍  കൊണ്ട്   മൂടിയിട്ടിരിക്കും .  താഴെ  ഒരു കരിങ്കല്‍  കഷ്ണത്തിന്   മുകളില്‍  ചന്തിയൂന്നിയാണ് ചെട്ട്യാര്  പോക്കാവട   വില്‍ക്കുക.

പച്ചക്കറികള്‍  വാങ്ങി  തിരിച്ചു വരുന്ന  വഴി ചെട്ട്യാരുടെ തട്ടിനടുത്തെത്തും.  ഒരു പൈസക്ക്   ഒരെണ്ണമെന്ന  കണക്കില്‍  നാലണക്ക്  ഇരുപത്തഞ്ചു   ഉള്ളിപ്പൊക്കാവട ,  മസിലും  പിടിച്ചു  നില്‍ക്കുന്ന  ജയന്‍റെ  ബ്ലാക്ക് & വൈറ്റ്  ചിത്രമുള്ള   പഴയ   സിനിമാ  നോട്ടീസില്‍   പൊതിഞ്ഞു  ചാക്കു നൂല് കൊണ്ട് കെട്ടിത്തരുന്ന എണ്ണമയമുള്ള  പൊതി, ആളൊഴിഞ്ഞ  ഇടവഴിയിലേക്കിറങ്ങി  അഴിച്ചു  പങ്കിട്ടെടുത്തു  വഴി  നീളെ തിന്നും   കുട്ടി വര്‍ത്തമാനങ്ങള്‍   പറഞ്ഞു   നടന്നതും  പടിയിറങ്ങാന്‍   മടിക്കുന്ന  പടിയിറങ്ങാന്‍ മടിക്കുന്ന ഗൃഹാതുരത്വ  ഓര്‍മ്മകളിൽ ചിലതു മാത്രം.

അങ്ങിനെയൊരു   തിങ്കളാഴ്ച   ചന്ത.  പച്ചക്കറികളും   വാങ്ങി    ചെട്ട്യാരുടെ  പോക്കാവട    തട്ടിനരികില്‍  എത്തി..  സ്ഥിരം   കസ്റ്റമേഴ്സായ  ഞങ്ങള്  നാല്‍വര്‍  സംഘത്തെ  കണ്ടപ്പോള്‍   തന്നെ  കൂനന്‍  ചെട്ട്യാര്    നാലണക്കുള്ള   പൊക്കാവട    സിനിമാ  നോട്ടീസില്‍   പൊതിയാന്‍    തുടങ്ങി.  കാശും  കൊടുത്തു    ചന്തക്കു   പുറത്തു  കടന്നു   ഇടവഴിയിലെക്കിരങ്ങിയപ്പോള്‍   ഉള്ളിപ്പൊക്കാവടയുടെ   വല്ലാത്ത   മണം   മൂക്കിലേക്കടിച്ചു..  നോക്കിയപ്പോള്‍   അപ്പൂട്ടന്‍   പോക്കാവട   തിന്നുന്നു.. 

"ങേ...  നീ   പൊക്കാവട   മേടിക്കുന്നത്  ഞങ്ങളാരും  കണ്ടില്ലല്ലോ.. പിന്നെ    ഇതെങ്ങിനെ  കിട്ടി? "


"ഇത് ഞാൻ ചൂണ്ടീതാ .. നിങ്ങള് ചെട്ട്യാരുടെ പൊക്കാവട തട്ടിൽ മുട്ടിചേർന്നു നിന്നപ്പോ, നിങ്ങടെ ഫ്രോക്കിന്റെ മറവിലൂടെ കയ്യെത്തിച്ച് എടുത്തു."

സത്യാവസ്ഥ വെളിപ്പെടുത്തിയ സത്യസന്ധനായ അപ്പൂട്ടൻ പിന്നീട് പല തവണ ഞങ്ങളുടെ അരപ്പാവാടയുടെ മറവിൽ ഉള്ളിപ്പോക്കാവട ചൂണ്ടൽ ആവർത്തിച്ചു. എട്ടും പൊട്ടും തിരിയാത്ത പിള്ളേരായത് കൊണ്ട് ഇതൊരു കളവായി ഞങ്ങൾക്കൊട്ടു തോന്നിയതുമില്ല ..

പിന്നീടെപ്പോഴോ ചന്തമുക്കിലെ ഉള്ളിപ്പൊക്കവടയുടെ മണം ഇല്ലാതായി. ക്രമേണ ഞങ്ങളുടെ ചന്തയിൽ പോക്കും നിലച്ചു.

അപ്പൂട്ടൻ ഇന്നൊരു വല്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് . ഇക്കഥയെങ്ങാനും കണ്ടാൽ എനിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുത്താലോന്നു പേടിച്ചാണ് യഥാർത്ഥ പേര് മാറ്റി അപ്പൂട്ടൻ എന്നാക്കിയത്. മാത്രോല്ല ചോണനുറുമ്പുകളെ പോലെ എന്റെ നാട്ടുകാരിൽ ചിലരൊക്കെ ഈ പ്രോഫൈലിലൂടെ അരിച്ചുനടക്കുന്നുണ്ട്. അവരിലാരെങ്കിലും പൊക്കാവട ചെട്ട്യാരുടെ ആളുകളെ തേടിപ്പിടിച്ചു കൊണ്ടുവന്നു പണ്ടു കട്ട് തിന്ന പൊക്കാവടയുടെ വിലയും പലിശയും കൂട്ടുപലിശയുമൊക്കെ ചോദിച്ചാലോ ന്നുള്ളോരു പേടിയും ഇല്ലാതില്ല. പഴയ കേസുകളൊക്കെ പൊന്തിവരുന്ന കാലാണേ ...  





Thursday, 5 March 2015

വീണ്ടും ചില വീട്ടുകാര്യങ്ങള്‍


"അതേയ് .. ഒന്നിങ്ങട്‌ വരൂ... കൊറച്ച് കാര്യങ്ങള്‍ പറഞ്ഞേല്പ്പിക്കാനുണ്ട്"
നാലുമണി ചായയും ഒപ്പം ഭര്‍ത്താവിന്‍റെ വീക്നസ്സുമായ ചൂടന്‍ പരിപ്പുവടയും ഡൈനിംഗ് ടേബിളില്‍ എടുത്തു വെച്ച് വിളിച്ചു. (കാര്യം കാണാന്‍ ഞാന്‍ ചിലപ്പോഴൊക്കെ പരിപ്പുവടയേം ആയുധമാക്കാറുണ്ട് ട്ടോ) . പരിപ്പുവടയുടെ മണം മൂക്കിലെക്കെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നിരുന്ന നായരദ്ദ്യേം ടിന്‍റു ലൂക്കയെപ്പോലെ ഒറ്റയോട്ടത്തിനു ഫിനിഷിംഗ് പോയന്റില്‍ എത്തി.


"ങ്ങും? പറ ന്താ കാര്യം ?" ഒരു വടയുടെ പകുതിയിലേറെയും വായിലേക്ക് തള്ളിക്കെറ്റിക്കൊണ്ടാണ് ചോദ്യം.

"അത് പിന്നെ........... പിന്നെ.... ഫ്രിഡ്ജില്‍ ഒരാഴ്ചത്തേക്കുള്ള മാവ് അരച്ചുവെച്ചിട്ടുണ്ട്. ഇഡ്ഡലിയോ ദോശയോ ഊത്തപ്പമോ ന്താ വേണ്ടെച്ചാ ണ്ടാക്കി കഴിക്കണം... ഒരു വല്യ കലം നിറയെ സാമ്പാറും ണ്ടാക്കീട്ടുണ്ട്... പിന്നെ ചോറും ചായേം ഒക്കെ വെക്കാന്‍ ന്നെക്കാള്‍ നന്നായിട്ട് ങ്ങക്കറിയാല്ലോ... ചെലവൊക്കെ നന്നായി ചുരുക്കണേ... പാലുകാരനോടും പലച്ചരക്കുകടക്കാരനോടും ഒക്കെ ഞാന്‍ പറഞ്ഞു നിര്‍ത്തീട്ടുണ്ട് .. പറ്റൊക്കെ മൂന്നാലുമാസം കഴിഞ്ഞു തീര്‍ത്തോളാം ന്ന്.
"ഇതൊക്കെ ന്നോട് പറഞ്ഞേല്‍പ്പിച്ചു നീയിതെങ്ങടാ പോണത്... ങേ? "
ചോദ്യത്തോടൊപ്പം അദ്ദ്യേത്തിന്റെ നോട്ടം ന്‍റെ കഴുത്തിലേക്കു ആഴ്ന്നിറങ്ങുന്നത് കണ്ടപ്പോള്‍ ഞാനൊന്ന് പരുങ്ങി. പ്രതീക്ഷിച്ചപോലെ ദേ പിന്നേം ചോദ്യം.


"നിന്‍റെ കഴുത്തിലെ താലിചെയിന്‍ എവിടെ? "
"അതോ.. അതൊക്കെ പറയാംന്നെ.. ങ്ങക്ക് വട ഇഷ്ട്ടല്ലേ.. ദാ.. രണ്ടെണ്ണം കൂടി കഴിക്കൂ" 
വെടക്കാവാന്‍ തുടങ്ങുന്ന സ്വഭാവത്തെ ഞാന്‍ വട കൊടുത്തു നന്നാക്കാനൊരു ശ്രമം നടത്തി. കണ്ഠശുദ്ധി വരുത്തി, അപ്രതീക്ഷിതമായ ഒരാക്രമണം മുന്നില്‍ കണ്ടുകൊണ്ടു തന്നെ പതിയുടെ അരികത്തു നിന്നും കൈയ്യെത്താ ദൂരത്തേക്കു മാറിയിരുന്നു..

" അതേയ് ഏട്ടാ.. ങ്ങക്കറിയാല്ലോ ഈ വരുന്ന ഫെബ്രുവരി 26 നു, മെല്‍ബോണില്‍ വെച്ച് ഭാരതരത്നം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സച്ചിന്റെ കൂടെ അത്താഴം കഴിക്കാനുള്ള സുവര്‍ണ്ണാവസരം..!!!! നമ്മളിവിടെ എന്നും അത്താഴത്തിനു കഴിക്കണ പോലെ കഞ്ഞീം ചമ്മന്തീം പപ്പടം ചുട്ടതുമൊന്ന്വല്ല.. നല്ല അടിപൊളി ഫൈവ് സ്റ്റാര്‍ ഫുഡ്‌. ഒപ്പം മുന്തിയ ഇനം വൈനും, ബിയറും ഒക്കെ ണ്ടാവും ത്രേ.. കഴിച്ചോണ്ടിരിക്കുമ്പോ സച്ചിനോട് മിണ്ടേം ചോദ്യം ചോദിക്കേം ഒക്കെ ചെയ്യാം. ചെലപ്പോ ഒന്നു തൊട്ടുനോക്കാനും സമ്മയ്ക്ക്യാരിക്കും. വിരുന്നൊക്കെ കഴിഞ്ഞു മടങ്ങുമ്പോ സച്ചിന്റെ ആത്മകഥേടെ ഒരു കോപ്പീം കിട്ടും ത്രേ. " ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ പ്രതിപക്ഷം തുടര്‍ന്നു..

"ഉവ്വോ..!!! ആയ്ക്കോട്ടെ.. ഇതോണ്ടോക്കെ നമ്മക്കെന്താ ഗുണം?" 
എനിക്കാ ചോദ്യം അത്രയ്ക്ക് പിടിച്ചില്ല.. ഇങ്ങനെയുണ്ടോ ഒരരസികന്‍..


"നിങ്ങള് പണ്ടേ സ്വാര്‍ത്ഥനാണ്.. കല്യാണം കഴിഞ്ഞ കാലത്ത് ന്നെ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിര്‍ത്തീട്ട്, സിഗരറ്റ് വാങ്ങാനാന്നും പറഞ്ഞു ഞൊണ്ടി വേലായ്ധന്റെ ചായക്കടെന്നു ചായേം കുടിച്ചിട്ട് വന്ന ആളല്ലേ... ന്നെക്കൊണ്ട് പഴയ കഥയൊന്നും കുത്തിപ്പോക്കിക്കരുത്... ങാ.. നമുക്കെന്തു ഗുണം ണ്ടാവുംന്നല്ല മറ്റുള്ളവര്‍ക്ക് നമ്മളെക്കൊണ്ട് എന്തൊക്കെ ഗുണം ചെയ്യാന്‍ പറ്റും ന്നാ ആലോചിക്കേണ്ടത്.. മന്‍സിലായോ ? "
"ഉവ്വ്.. മന്‍സിലായി.. ന്താച്ചാ ഒന്നു വേം പറഞ്ഞു തൊലക്ക്.." വട തിന്നുകഴിഞ്ഞപ്പോള്‍ ആളുടെ നിറം മാറാന്‍ തുടങ്ങി..
"ഈ അത്താഴ വിരുന്ന് നടത്തിക്കിട്ടുന്ന കാശു "സച്ചിന്‍ ഫൌണ്ടേഷന്റെ " പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണത്രേ ഉപയോഗിക്കാന്‍ പോണത്. ഒരു നല്ല കാര്യത്തിനല്ലേ ന്നു കരുതി ഞാനും പോവാന്‍ തീരുമാനിച്ചു.. ങ്ങള് തടസ്സം പറയരുത്... വെറും ഒരാഴ്ചത്തെ കാര്യല്ലേ ള്ളൂ.. ദാ പോയീ... ദേ വന്നൂ ന്നു പറയുന്ന നേരം കൊണ്ട് ഒരാഴ്ച പോവൂല്ലേ... ഒന്നട്ജസ്റ്റ് ചെയ്യൂന്നേ.. " കാര്യം പകുതി അവതരിപ്പിച്ചു കഴിഞ്ഞ ആശ്വാസം നിയ്ക്ക്.

"ങ്ങാഹാ.... അത്രേള്ളൂ.. ഒരാഴ്ചയല്ല.. ഈ ജീവിതകാലം മുഴുവന്‍ ഞാന്‍ അട്ജസ്റ്റ് ചെയ്തോളാം. സന്തോഷേള്ളൂ.. നീയവിടെത്തന്നെ സ്ഥിരാക്കിക്കോ... പ്രശ്നം അതല്ലല്ലോ.. ഇതിനൊക്കെ പണം വേണ്ടേ... അതും സച്ചിന്‍ തര്വോ.?"
ഉം.. കക്ഷിക്ക് വിവരം വെച്ചൂന്നാ തോന്നണേ... ന്‍റെ വിഷനും മിഷനും ഒക്കെങ്ങട് സക്സസ്സ് ആയാ മത്യാര്‍ന്നു.. ന്‍റെ ഗുര്വായൂരപ്പാ...!!! ധൈര്യം സംഭരിച്ചു ബാക്കി ഭാഗം കൂടി അവതരിപ്പിക്കാനായി ഞാനൊന്നിളകിയിരുന്നു.
"അധികം കാശൊന്നും ആവില്ല്യാന്നെ... ഒരൊന്നൊന്നര ഒന്നേമുക്കാല്‍ ലക്ഷം മതി.. കഴിഞ്ഞ കൊല്ലം ബാങ്കില്‍ ഇട്ട എഫ്.ഡി. ല്ല്യെ.. അത് ഞാന്‍ പിന്‍വലിച്ചു.. പിന്നെ ആപ്പീസീന്നു ഇരുപത്തയ്യായിരം ലോണ്‍ എടുത്തു. അതാവുമ്പോ മാസാമാസം ശമ്പളത്തീന്നു പിടിച്ചോളും. പലിശേം കൊടുക്കണ്ട.. പിന്നെ താലിചെയിനും വളേം കമ്മലും ഒക്കെക്കൂടി പണയം വെച്ച് ത്തിരി കാശോപ്പിച്ചു.. ഇനീപ്പോ ന്‍റെ വഴിച്ചിലവിനും ന്തെലും ഷോപ്പിംഗ് നടത്താനുമൊക്കെയുള്ള കാശുണ്ടാക്ക്യാ മതി... ചെക്കനോട് പറഞ്ഞു ഒരു പത്തായിരം ഉറുപ്യ മേടിച്ചു തര്വോ? ഞാന്‍ ചോദിച്ചാ ചെലപ്പോ ആട്ടാവും കിട്ട്വ.. " കാര്യങ്ങള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു കഴിഞ്ഞപ്പോള്‍ നല്ല ആശ്വാസം.
വടയുടെ എണ്ണ മെഴുക്കു രോമാവൃതമായ കാലില്‍ തുടച്ചിട്ട് നായരദ്ദ്യേം തുടങ്ങി..

"ഡോ ശ്രീമത്യേ... വടയൊക്കെ അസ്സലായി... ന്നാലും പറയണതോണ്ട് വെഷമോന്നും തോന്നരുത്... ആന മുക്കണത് കണ്ടിട്ട് ആട് മുക്ക്യാല്‍ വല്ലോം നടക്ക്വോ... സ്വന്തം കുടുംബത്തിന്‍റെ അസ്തിവാരം തോണ്ടീട്ട് വേണോ നെനക്ക് സച്ചിന്‍റെ ഫൌണ്ടേഷന് തറക്കല്ലിടാന്‍... കോടികളുടെ ആസ്തിയുള്ള സച്ചിന് സ്വന്തം പണം കൊണ്ട് തന്നെ പാവങ്ങളെ സഹായിക്കാല്ലോ... ഇനീപ്പോ നിനക്ക് പാവങ്ങളെ സഹായിച്ചേ തീരൂ ന്നാണെങ്കില്‍ അതിനു താലിമാല വരെ വിറ്റും ലോണെടുത്തും ബിമാനം കേറി മെല്‍ബോണ്‍ വരെയൊന്നും കഷ്ട്ടപ്പെട്ടു പോണം ന്നില്ല്യ.. മ്മടെ രാജ്യത്തിന്‍റെ ഏറിയ പങ്കും പട്ടിണിപ്പാവങ്ങള്‍ ആണ്.. ഒരു നേരത്തെ കഞ്ഞിക്കു പോലും വകയില്ലാത്തവര്‍, ഉടുതുണിക്ക്‌ മറുതുണിയില്ലാത്തവര്‍, രോഗങ്ങള്കൊണ്ടും അംഗവൈകല്യം കൊണ്ടും ദുരിതം അനുഭവിക്കുന്നവര്‍.. അവരില്‍ ഒരാള്‍ക്കെങ്കിലും ആവുന്ന സഹായം ചെയ്യ്. അല്ലെങ്കിലും നിന്നെപ്പോലെ കുറെയെണ്ണമുണ്ട്... ചുറ്റുമുള്ളവരുടെ ദുരിതങ്ങള്‍ കാണില്ല, അങ്ങ് ഉഗാണ്ടയിലോ അമേരിക്കയിലോ ഒള്ള പാവങ്ങളെയൊക്കെ ഭൂതക്കണ്ണാടി വെച്ച് കണ്ടു പിടിക്കും എന്നിട്ട് സഹായിക്കാന്‍ പരക്കം പായും.

മര്യാദക്ക് പണയം വെച്ച സ്വര്‍ണ്ണവും കാശുമായിട്ട് നാളെ ഇങ്ങോട്ട് വന്നാ മതി.. കേട്ടല്ലോ.. നിന്നെ ഞാന്‍ ഒന്നു രണ്ടിടത്ത് കൊണ്ടോവാം .. പാവങ്ങള്‍ ഉള്ളിടത്തെക്ക്.. അവര്‍ക്ക് ലക്ഷമോന്നും കൊടുക്കണ്ട.. ഒരു നേരത്തെ ആഹാരത്തിനുള്ള വകയോ കുറച്ചു ഉടുതുണിയോ മരുന്ന് വാങ്ങാന്‍ ഇത്തിരി കാശോ കൊടുക്ക്‌.. പുണ്യം കിട്ടും."

ഇത്രേം പറഞ്ഞു മുഖോം വീര്‍പ്പിച്ചു വാതില്‍ ഊക്കോടെ വലിച്ചു തുറന്നു പുറത്തേക്കു പോയി.. ഉം. നല്ല ദേഷ്യത്തിലാ... സാരല്ല്യ.. കൂടിയാല്‍ ഒരു മണിക്കൂര്‍ അതിലപ്പുറം പിണക്കം നീളില്ല.. "മാണിക്യ വീണയുമായെന്‍ മനസ്സിന്‍റെ താമരപ്പൂവിലുണര്‍ന്നവളെ ........." ന്നുള്ള പാട്ടും പാടി നസീര്‍ സ്റ്റൈലില്‍ ഒരൊന്നൊന്നര വരവ് വരുംന്നെ... അതാ പതിവ്.
നായര്‍ക്ക് നാള്‍ക്കുനാള്‍ വെവരം കൂടി വരുന്നതോണ്ട് എന്‍റെ അടവുകളൊന്നും പണ്ടേപോലെ ഫലിക്കുന്നില്ല.. 
grin emoticon


Sunday, 22 February 2015

"ചില ചന്തി ചിന്തകള്‍" -- വായനാനുഭവം







എന്താണ്  ഫലിതം?   ഫലിതത്തെ   എങ്ങിനെ  നിര്‍വചിക്കാം..?
ഇതിനൊരുത്തരം  പറയാന്‍  മാത്രമുള്ള   അറിവൊന്നും  എനിക്കില്ല.  എങ്കിലും  എന്‍റെ പരിമിതമായ   അറിവു  വെച്ച്  ചിലത്  കുറിക്കട്ടെ..

ചിരിക്കാന്‍  കഴിവുള്ള  ഒരേയൊരു  ജീവി  മനുഷ്യനാണല്ലോ.  സ്വയം  ചിരിക്കാതെ, ഗൌരവഭാവം  പൂണ്ടു  മറ്റുള്ളവരെ  ചിരിപ്പിക്കുക വളരെ  ക്ലേശകരമാണ്, പ്രത്യേകിച്ച്   മലയാളികളെ  ചിരിപ്പിക്കാന്‍   വലിയ  കഷ്ട്ടപ്പാട്  തന്നെ.  അഭിനയത്തിലൂടെ,  ആംഗ്യഭാഷയിലൂടെ,  സംസാരത്തിലൂടെ,  ശബ്ദാനുകരണത്തിലൂടെയൊക്കെ   ഹാസ്യം   കൈകാര്യം  ചെയ്യുന്ന   കലാകാരന്മാര്‍   നമുക്കേറെയുണ്ട്.  പക്ഷെ  ഇതില്‍ നിന്നൊക്കെ  വളരെ  വ്യത്യസ്തവും   ശ്രമകരവുമാണ്  അക്ഷരങ്ങളിലൂടെ   ചിരിപ്പിക്കുക  എന്നത്.   ഹാസ്യം  ഒട്ടും  ചോര്‍ന്നു പോകാതെ,  നിത്യജീവിതത്തില്‍ നാം  കാണുന്നതും  കേള്‍ക്കുന്നതുമായ   രാഷ്ട്രീയ  സാമൂഹ്യ  കാലിക  പ്രാധാന്യമുള്ള  വിഷയങ്ങളെ  ആധികാരികമായി  വിശകലനം  ചെയ്തു,  നര്‍മ്മത്തില്‍  പൊതിഞ്ഞെടുത്തു  അക്ഷരങ്ങളായി   വായനക്കാരന്‍റെ  മുന്നിലെത്തിക്കുകയും  അവ ആസ്വദിച്ചു വായനക്കാരന്‍റെ  ചുണ്ടിലൊരു പുഞ്ചിരി  ഊറി വരികയും  ക്രമേണ   അതൊരു പൊട്ടിച്ചിരിയായി  മാറുകയും   ശേഷം   ചിരി ചിന്തകള്‍ക്ക്   വഴി  മാറുകയും  ചെയ്യുന്നിടത്ത്   ഒരു എഴുത്തുകാരന്‍  വിജയിക്കുന്നു. അത്തരത്തില്‍  ഏറെ  കഴിവുകളുള്ള ഒരനുഗ്രഹീത  എഴുത്തുകാരനാണ്‌    വിരോധാഭാസന്‍    എന്ന തൂലികാനാമം   സ്വീകരിച്ച  പത്തനാപുരത്ത്കാരന്‍   അജി.  

ചിന്തകളെ അക്ഷരങ്ങളാക്കി ഹാസ്യത്തിലൂടെ   ഫലിപ്പിക്കുക  വളരെ   ശ്രമകരമാണ്.  അതിനു ഭാഷാനൈപുണ്യം  വേണം, നിരീക്ഷണ സാമര്‍ത്ഥ്യവും  ചിന്താ ശക്തിയും  വേണം, അതിലുപരി   ആരെയും  നോവിക്കാതെ  ഹാസ്യാത്മക  വിമര്‍ശനത്തിലൂടെ  വാസ്തവത്തിന്റെ   വിത്തുപാകാന്‍  കഴിയണം..  ഇവിടെയാണ്‌  വിരോധാഭാസനെന്ന  എഴുത്തുകാരന്‍  വായനക്കാരന്‍റെ  മനസ്സില്‍  വേറിട്ടൊരു  ഇരിപ്പിടം   നേടിയെടുത്തത്.  കാലിക പ്രാധാന്യമുള്ള  വിഷയങ്ങളെ  ഓടിച്ചിട്ടു  പിടിച്ചിട്ടു,  അതില്‍  മറ്റാര്‍ക്കും  കണ്ടെത്താനാവാത്ത   വിരോധാഭാസങ്ങളെ  ഇഴ കീറി പുറത്തെടുക്കുന്ന  രചനാപാടവം.   മത-രാഷ്ട്രീയ-സാമൂഹിക  പക്ഷപാതമില്ലാതെ   വാര്‍ത്തകളിലെ വിരോധാഭാസങ്ങളെ   വേറിട്ടൊരു  കാഴ്ച്ചപ്പാടിലൂടെ   നിഷ്പക്ഷമായി  വായനക്കാരിലേക്കെത്തിക്കാനായി   സ്വന്തമായൊരു  ആഖ്യാന ശൈലി  മെനെഞ്ഞെടുക്കാന്‍  ഈ എഴുത്തുകാരന്  കഴിഞ്ഞിട്ടുണ്ട്. 

എന്തെഴുതണം, എങ്ങിനെ  എഴുതി തുടങ്ങണം  ഇത്തരം  ചിന്തകളില്‍ കുരുങ്ങിപ്പോകുന്നവര്‍ക്കുള്ള   മറുപടിയും   മാതൃകയുമാണ്   വിരോധാഭാസനെന്ന   എഴുത്തുകാരനും  അദ്ദ്യേഹത്തിന്റെ  അടുത്തിടെ  പ്രസിദ്ധീകരിച്ച " ചില ചന്തി ചിന്തകള്‍"   എന്ന  പുസ്തകവും.  നാം  നിത്യേന  കാണുകയും  കേള്‍ക്കുകയും  ചെയ്യുന്ന   വലിയ  പ്രാധാന്യമൊന്നും നല്‍കാതെ    തള്ളിക്കളയുന്ന,  നിസ്സാരമെന്നു തോന്നിപ്പിക്കാവുന്ന  സംഭവങ്ങള്‍,  മലയാളിയുടെ  കപട സദാചാരത്തിന്റെ  മുഖംമൂടികള്‍, തീക്ഷ്ണമായ  ജീവിതാനുഭവങ്ങള്‍  തുടങ്ങിയ  ഒട്ടനവധി  വിഷയങ്ങളെ   താത്വിക-മൌലിക-കാലിക  വിരോധാഭാസങ്ങളായി   വേര്‍തിരിച്ചു   വായനക്കാരന്  മുന്നിലെത്തിച്ചിരിക്കുകയാണ്   ഈ പുസ്തകത്തിലൂടെ. 

"ചന്തി" എന്ന  വാക്കു  കേള്‍ക്കുമ്പോള്‍  തന്നെ  മിക്കവരും  മുഖം ചുളിക്കുകയും  ആ വാക്കു  ഉച്ചരിച്ചവനെ  കുടുംബത്ത്  കേറ്റാന്‍  കൊള്ളാത്തവന്‍ (ള്‍) ആയി  മുദ്രകുത്തപ്പെടുകയും  ചെയ്യുമ്പോള്‍  തന്നെ  പൃഷ്ഠ -നിതംബ  കാര്യങ്ങളെ  കുറിച്ച്  ചിന്തിക്കാത്തവരും   വര്‍ണ്ണിക്കാത്തവരും  പ്രസ്തുത  ശരീര ഭാഗത്തിന്റെ  ഭംഗി/അഭംഗികളെക്കുറിച്ച് വിസ്തരിക്കാത്തവര്‍  ഉണ്ടാവില്ല  എന്നത്  ഒരു വിരോധാഭാസം   തന്നെയല്ലേ.  

മറ്റെല്ലാ  കാര്യത്തിലുമെന്ന പോലെ തെറി  വിളിക്കുന്ന  കാര്യത്തിലും  മലയാളികള്‍  ഒട്ടും പിന്നിലല്ല. തെറി  പറയുന്നത്  ഭാരത  സംസ്കാരത്തിനു   പ്രത്യേകിച്ച്  കേരളീയ  സംസ്കാരത്തിനു   ഒട്ടും  ഭൂഷണമല്ല  എന്ന്  ശക്തമായി  വാദിക്കുന്ന   ചര്‍ച്ചകളില്‍  പോലും  പരസ്പരം  തെറി  വിളിച്ചു  തല്ലിപ്പിരിയേണ്ടി വരുന്ന   അവസ്ഥയാണല്ലോ  ഇന്ന്.    തെറിയുടെ  സൈക്കോളജിയും   ഗ്രേഡ്  തിരിച്ചുള്ള  തെറികളും   വളരെ   രസകരമായി   പ്രതിപാദിച്ചിരിക്കുന്നു  "മലയാളത്തെറികള്‍"  എന്ന  തലക്കെട്ടോടു കൂടിയ   ചെറു  ലേഖനത്തിലൂടെ. 

"ക്യൂ  പാലിക്കുക"  എന്ന  ബോര്‍ഡിനെ    വിനയത്തോടെ   താണുവണങ്ങാന്‍   ശീലിച്ച  മലയാളിക്ക്   ക്യൂ   പാലിക്കാനുള്ള    സഹിഷ്ണത   അത്ര പോര. അതുപോലെ   തുപ്പല്‍  സംസ്കാരത്തിലെ  വൈവിദ്ധ്യങ്ങളും കൃത്രിമ സുഗന്ധലേപനങ്ങള്‍  പുരട്ടി  നടക്കുന്ന മലയാളിയുടെ    പിന്നാമ്പുറ വൃത്തിവിശേഷങ്ങളിലെയും  വിരോധാഭാസങ്ങളെ  കണ്ടെത്തി  ഹാസ്യരസം  ചേര്‍ത്തു  വിളമ്പിയിട്ടുണ്ട്.  കേരളത്തിലെ   സമരമുറകള്‍,  പുതുതലമുറയെ വരിഞ്ഞുമുറുക്കിയ  സോഷ്യല്‍ മീഡിയ,   കേരളത്തിന്‍റെ    ഹരിത ഭംഗിക്കുമേലുള്ള ഫ്ലക്സുകളുടെ കടന്നുകയറ്റം  എന്ന് വേണ്ടാ   നിത്യജീവിതത്തില്‍   നാം   ശ്രദ്ധിക്കപ്പെടാതെ പോകുന്ന    ചെറുതും  വലുതുമായ  നന്മ തിന്മകളിലെ  വിരോധാഭാസങ്ങളുടെ  ഹാസ്യാവിഷ്ക്കാരമാണ്  ഈ പുസ്തകത്തില്‍  വിഷയീകരിച്ചിരിക്കുന്നത് .

ഓരോ   താളിലൂടെയും   വായന   കടന്നുപോവുമ്പോള്‍  "ഈ കഥാപാത്രം  ഞാനല്ലേ"   അല്ലെങ്കില്‍   "ഈ  വിഷയം ഞാനുമായി  ബന്ധപ്പെട്ടതല്ലേ"   എന്ന്   ഓരോ   വായനക്കാരനെയും   തോന്നിപ്പിക്കുമാറു   വിഷയങ്ങള്‍   തിരഞ്ഞെടുതിരിക്കുന്നതിലെ  വൈദഗ്ദ്ധ്യം   എടുത്തുപറയേണ്ടതാണ്.   വായനക്കിടയില്‍   എപ്പോഴെങ്കിലും    വിരോധാഭാസങ്ങളോട്    ഈ എഴുത്തുകാരന്  എന്താണിത്ര വിരോധം  എന്ന്  വായനക്കാര്‍ക്ക്   ചോദിക്കാന്‍  തോന്നുകയാണെങ്കില്‍  "പത്ര  സംസ്കാരം"  എന്ന  കൊച്ചു ലേഖനത്തിലെ    അവസാന  വരികളില്‍   എഴുത്തുകാരന്‍  തന്‍റെ അഭിപ്രായം ഇങ്ങിനെ  വ്യക്തമാക്കുന്നു. 

"മരങ്ങളെ  സംരക്ഷിക്കാനുള്ള  ബോധവല്‍ക്കരണ  പരസ്യങ്ങള്‍  പത്രങ്ങളായ പത്രങ്ങളില്‍  അച്ചടിക്കുന്നതും വിരോധാഭാസം...!   ഈ കുറിപ്പ്  ഇതുപോലൊരു  പേപ്പറിലോ  കടലാസിലോ അച്ചടിക്കുന്നത് അതിലും വലിയ വിരോധാഭാസം,  അതുകൊണ്ടുതന്നെയാണ്  വിരോധാഭാസങ്ങളോട് വിരോധവും...!" 

ആശയങ്ങളെക്കാള്‍  അതിലൊളിഞ്ഞുകിടക്കുന്ന വൈരുദ്ധ്യങ്ങളെ/ വികടതകളെ  കണ്ടെത്തി,   വ്യത്യസ്തമായ  ആവിഷ്ക്കാരശൈലിയിലൂടെ    വായനക്കാര്‍ക്ക്   സമ്മാനിക്കുന്ന  ഈ എഴുത്തുകാരന്‍, മലയാള സാഹിത്യ ശാഖക്ക്  ഒരു  മുതല്‍ക്കൂട്ടാവുമെന്ന്  ഉറച്ചു  വിശ്വസിക്കാം.  


Sunday, 25 January 2015

ഒരു റിപ്പബ്ലിക് ദിനം.. ഭീതീദമായ ഓരോര്‍മ്മയിലൂടെ...




രാജ്യം   66- മത്   റിപ്പബ്ലിക്  ദിനം  ആഘോഷിക്കുന്ന   ഈ  വേളയില്‍   ജീവിതത്തില്‍   ഒരിക്കലും മറക്കാനാവാത്ത   ഒരു  അനുഭവം   കൂടി    പങ്കു വെക്കാന്‍   ആഗ്രഹിക്കുന്നു.. 

2001  ലെ   റിപ്പബ്ലിക്   ദിനം..   മഞ്ഞിന്‍  പുതപ്പിനുള്ളില്‍  ചുരുണ്ട് കൂടിയ  അഹമ്മദാബാദ്   നഗരം.  രാവിലെ   എട്ടു  മണി  കഴിഞ്ഞുകാണും..  നോക്കിയാല്‍  കാണുന്ന  ദൂരത്തുള്ള സ്കൂളിലേക്ക് റിപ്പബ്ലിക്   ദിനാഘോഷങ്ങളില്‍   പങ്കെടുക്കാന്‍   കൂട്ടുകാരോടൊത്ത്   നടന്നകലുന്ന   മകനെ നോക്കി  കുറച്ചു നേരം  ബാല്‍ക്കണിയില്‍  നിന്നു..  

"ഒരു  കപ്പ്   ചായ  ഉണ്ടാക്കിക്കെ..  കുടിച്ചിട്ട്    മാര്‍ക്കറ്റില്‍   പോയി  പച്ചക്കറികള്‍  ഒക്കെ  മേടിച്ചിട്ട്   വരാം.."   അകത്തു  നിന്നും   രവിയേട്ടന്റെ   ശബ്ദം.  

ചായപ്പാത്രം   വാഷ്ബേസിനില്‍   കഴുകിക്കൊണ്ടിരിക്കുമ്പോള്‍    പുറകില്‍  നിന്നും   ആരോ   ശക്തിയായി   മുന്നോട്ടും   പിന്നോട്ടും   മൂന്നാല്  തവണ   ആഞ്ഞു   തള്ളിയതായി  എനിക്ക്  തോന്നി.  കളിപ്പിക്കാനായി   ഇടക്കൊക്കെ   ചെയ്യാറുള്ളത് പോലെ   എട്ടനായിരിക്കും   എന്ന്  കരുതി   അല്പം  ദേഷ്യത്തോടെ തിരിഞ്ഞു  നോക്കി..  അപ്പോള്‍ തന്നെ   അടുത്ത  റൂമില്‍   നിന്നും ഏട്ടന്റെയും   ഒച്ച  കേട്ടു.. "അയ്യോ   ഇതെന്താ   വീട്  കുലുങ്ങുന്നത്...  ഓടിക്കോ  ഭൂകമ്പം  ആണെന്ന്   തോന്നുന്നു."  പിന്നൊന്നും  ആലോചിച്ചില്ല.. രണ്ടുപേരും   കൈ കോര്‍ത്ത്‌  ഫ്ലാറ്റിന്‍റെ   നാലാം  നിലയില്‍ നിന്നും  കോണിപ്പടികള്‍  ഇറങ്ങി ഓടി..  കാറ്റിന്‍റെ  മുരള്‍ച്ച  പോലൊരു  ശബ്ദത്തോടൊപ്പം   കോണിപ്പടികളുടെ  കൈവരികള്‍   വിറക്കുന്നതും  ബില്‍ഡിംഗ്‌  ആടിയുലയുന്നതും  വ്യക്തമായി    അറിഞ്ഞു.  ഓടിയിറങ്ങി   താഴെ   എത്തിയപ്പോഴേക്കും    ഫ്ലാറ്റില്‍  ഉള്ളവരെല്ലാം   താഴെ   എത്തിയിരുന്നു..  ആര്‍ക്കും  കുറെ  നേരത്തേക്ക്   ഒന്നും  ശബ്ദിക്കാന്‍   കഴിഞ്ഞില്ല..  ഭൂകമ്പമെന്ന  പ്രകൃതി ദുരന്തത്തിന്‍റെ   ഷോക്കില്‍  ആയിരുന്നു  എല്ലാവരും.. ഇതിനിടക്ക്‌  സ്കൂളില്‍  പോയിരുന്ന കുട്ടികള്‍   ഭയന്ന്  നിലവിളിച്ചു    ഓടി  വന്നു. പ്രാഥമികആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരുന്നവര്‍ വൃത്തിയാക്കാന്‍  പോലും  നില്‍ക്കാതെ   ഇറങ്ങിയോടി..  കുളിച്ചു കൊണ്ടിരുന്ന   സ്ത്രീകള്‍  കൈയ്യില്‍  കിട്ടിയ   തുണി   വാരിച്ചുറ്റി   നഗ്നത  മറച്ചു  നനഞ്ഞ  ശരീരവുമായി  ചൂളി നിന്നു.   

റികടര്‍  സ്കെയിലില്‍  7.7  തീവ്രത   രേഖപ്പെടുത്തിയ, രണ്ടു  മിനിറ്റോളം  ദൈര്‍ഘ്യമേറിയ,   രാജ്യം   വിറങ്ങലിച്ചു പോയ  ഭൂകമ്പ  ദുരന്തത്തില്‍ പതിനായിരക്കണക്കിനു  ആളുകള്‍ക്ക്   ജീവന്‍  നഷ്ട്ടപ്പെട്ടു. ഒന്നര  ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക്  അംഗ വൈകല്യം   സംഭവിച്ചു..   ലക്ഷക്കണക്കിന്‌   വീടുകള്‍  നിലം പൊത്തി.  ഭൂകമ്പത്തില്‍   ഏറ്റവും  കൂടുതല്‍  ജീവനും  സ്വത്തിനും   നാശം സംഭവിച്ചത്  കച്ച്   ജില്ലയിലായിരുന്നു..  തികച്ചും   ശവപ്പറമ്പായി   മാറിയ കച്ചിനു  മുകളിലൂടെ   കഴുകന്മാര്‍   വട്ടമിട്ടു പറന്നു.. 

തുടര്‍ന്നുള്ള  ദിവസങ്ങളിലുണ്ടായ  ഭൂകമ്പത്തിന്റെ ചെറിയ  ചെറിയ  തുടര്‍ ചലനങ്ങളില്‍   ജനങ്ങള്‍ ഭീതിതരായി.. കുട്ടികളെയും  കൊണ്ട്   വീടിനുള്ളില്‍  കിടന്നുറങ്ങാന്‍   പേടിച്ചു  തുടങ്ങി.. ഒഴിഞ്ഞു കിടന്ന  പറമ്പുകളില്‍  താല്‍ക്കാലിക   ടെന്റുകള്‍  കെട്ടി  ആഴ്ചകളോളം    രാത്രികള്‍  കഴിച്ചു കൂട്ടി. ഒന്നിന് മീതെ  ഒന്നായി  കമ്പിളിപുതപ്പുകള്‍   പുതച്ചിട്ടും   തണുത്തു  വിറച്ചു.  ഉറങ്ങാന്‍   കഴിയാത്ത രാത്രികള്‍...!!!   

ആര്‍ഭാടത്തോടെ ജീവിച്ചവര്‍,  വേണ്ടപ്പെട്ടവരുടെ   ജീവന്‍  ഉള്‍പ്പെടെ   എല്ലാം   നഷ്ട്ടപ്പെട്ടു, തല്ക്കാലത്തെക്കെങ്കിലും   പെരുവഴിയിലായി. ശീതീകരിച്ച മുറിയില്‍, പട്ടുമെത്തയില്‍   ശയിച്ചവര്‍  പാതയോരത്തെ   വിളക്കുകാലിന്‍റെ  ചോട്ടില്‍ പഴംതുണി   വിരിച്ചു, കൊതുകുകടി  കൊണ്ട്  ഉറങ്ങാതെ നേരം വെളുപ്പിച്ചു. നെയ്യും  പരിപ്പും  പഴവര്‍ഗ്ഗങ്ങളും തിന്നു  ശീലിച്ചവര്‍  ദുരിതാശ്വാസപ്രവര്‍ത്തകര്‍ എണ്ണി ക്കൊടുത്ത  ഉണക്ക  ചപ്പാത്തിയും   ദാലും   തിന്നു  വിശപ്പകറ്റിയപ്പോള്‍ , അന്തിയുറങ്ങാന്‍   വീടില്ലാതെ,  ഉടുതുണിക്ക്‌  മറുതുണിയില്ലാതെ,  ഒരു നേരത്തിനു  ആഹാരത്തിനു  ഗതിയില്ലാതെ,  മരുന്ന്  വാങ്ങാന്‍   കാശില്ലാതെ  അലയുന്ന   സഹജീവികളെ  കുറിച്ച്   ഒരു നിമിഷമെങ്കിലും   ചിന്തിച്ചു കാണുമോ??? 

താന്‍  ചവിട്ടി  നില്‍ക്കുന്ന  മണ്ണ്  പോലും   തനിക്കന്യമാണെന്ന് അനുഭവത്തിലൂടെ  പഠിപ്പിച്ച   ദിനങ്ങളായിരുന്നു   വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ  ഭൂകമ്പത്തിലൂടെ   ഗുജറാത്തിലെ ജനങ്ങള്‍   അനുഭവിച്ചത്.. ഭൂമി ദേവി  ഒന്നനങ്ങിയാല്‍  മതി എല്ലാം   തകര്‍ന്നു  തരിപ്പണമാവാന്‍.   അഹന്തയും   ശത്രുതയും  അലങ്കാരമായി   കൊണ്ട് നടക്കുന്നവര്‍ക്കുള്ള   പാഠങ്ങളാണ്    ഓരോ  പ്രകൃതി  ദുരന്തവും.  എന്നിട്ടും  എന്തേ  ആരും  ഒന്നും   പഠിക്കുന്നില്ല.    കൊന്നും   കൊലവിളിച്ചും,   മറ്റുള്ളവരെ   പറ്റിച്ചും  ധനം  വാരിക്കൂട്ടിയിട്ടു   എന്ത് കാര്യം?  

വെള്ളക്കാരുടെ   ചവിട്ടും  തൊഴിയുമേറ്റ്  ഗാന്ധിജി  ഉള്‍പ്പെടെയുള്ള നമ്മുടെ  പൂര്‍വികന്മാര്‍   പൊരുതി  നേടിയെടുത്ത  സ്വാതന്ത്ര്യം ഇന്ന്   നമ്മള്‍  പരമാവധി   ദുരുപയോഗം   ചെയ്യുന്നു.   രാഷ്ട്രീയത്തിന്റെയും   മതത്തിന്‍റെയും  ജാതിയുടെയും   പേരില്‍ തെരുവോരങ്ങളില്‍ തമ്മില്‍തമ്മില്‍  വെട്ടിച്ചാകുന്നു. സ്ത്രീകളുടെ   മാനത്തിന്   വിലയിടുന്നു.  അമ്മിഞ്ഞപ്പാലിന്റെ   മണം  വിട്ടുമാറാത്ത  കുരുന്നുകള്‍  പോലും  ലൈംഗികാതിക്രമങ്ങളുടെ   ബലിയാടുകളാവുന്നു.. പെറ്റു പോറ്റിയ   മാതാപിതാക്കളെ   നിഷ്കരുണം  വഴിയില്‍  ഉപേക്ഷിക്കുന്നു. അഭിമാനിക്കാനാണെങ്കിലും    അപലപിക്കാനാണെങ്കിലും   ഉദാഹരണങ്ങള്‍   ഇനിയുമേറെ. ഇതാണോ  സ്വാതന്ത്ര്യം?   

മഞ്ഞും  മഴയും   വക  വെക്കാതെ,  ഉറ്റവരെയും  ഉടയവരെയും വിട്ടകന്ന് ,   ശത്രു പാളയത്തിന്റെ   തോക്കിന്‍ കുഴലിലൂടെ  ചീറിപ്പാഞ്ഞു  വരുന്ന   വെടിയുണ്ടകള്‍ക്കു  മുന്നില്‍   ജീവന്‍  പണയം വെച്ച്, രാജ്യാതിര്‍ത്തികള്‍ക്ക്   കാവല്‍  നില്‍ക്കുന്ന  ധീര ജവാന്മാരെ   എത്ര  പേര്‍ ഓര്‍ക്കുന്നുണ്ടാവും?   

ചിന്തകളില്‍  സ്വാതന്ത്ര്യം  വേണം  വാക്കുകളില്‍   വിശ്വാസം  വേണം പ്രവര്‍ത്തികളില്‍ ആത്മാര്‍ഥതയുണ്ടായിരിക്കണം.  ഹൃദയം  കൊണ്ടഭിമാനിക്കണം .. ഇന്ത്യ   എന്‍റെ  രാജ്യമാണ്. 

 "No Nation is Perfect .. It needs  to be made Perfect" 

മഹാത്മാഗാന്ധിയുടെ   ഈ  വാക്കുകള്‍   അനുസ്മരിച്ചു  കൊണ്ട്  എല്ലാവര്‍ക്കും  
റിപബ്ലിക്   ദിനാശംസകള്‍ ...!!!    
വന്ദേ  മാതരം.. !!!
   






Monday, 19 January 2015

വയറായാല്‍ ...... ഷേപ്പ് വേണോ?????






ഈ  കഴിഞ്ഞ  അവധി  ദിനത്തിലെ  ഉച്ചയൂണ്   സമയമാണ്   സന്ദര്‍ഭം.
ഇടിച്ചക്കേം  മുരിങ്ങക്കായും  ഒക്കെ ഇട്ടു  വെച്ച  സാമ്പാറും, പയറ്  തോരനും   കടുമാങ്ങേം  മോരും   പപ്പടോം  ഒക്കെ  കൂട്ടി   ആവി   പറക്കുന്ന  ചോറ്   ഉരുട്ടിയുരുട്ടി  വിഴുങ്ങുന്നതിനിടയിലാണ്   ടി. വി. ന്യൂസിന്റെ  ഇടവേളയില്‍  ഉള്ള  ഒരു പരസ്യത്തിലേക്ക്  ശ്രദ്ധ  തിരിഞ്ഞത്..

"വയറായാല്‍   ഷേപ്പ്   വേണം.. ഷേപ്പാവാനോ   In -Shape    വേണം.."

തൊട്ടടുത്തിരുന്നു   അമൃതേത്ത്  നടത്തുന്ന  ആര്യപുത്രനെ  ഇടത്തേ  കൈകൊണ്ടൊന്നു  തോണ്ടി..

"അതേയ്  രവ്യേട്ടാ .. ഈയിടെയായിട്ട്  ന്‍റെ  വയറ്   ശ്ശി    കൂടീട്ടുണ്ടോ   ന്നൊരു   സംശയം..  നിയ്ക്ക്   ഒരു  Inshape    വാങ്ങി  തര്വോ? "

അപ്രതീക്ഷിതമായി    എന്‍റെ  കാതര  സ്വരം  കേട്ടിട്ടാവണം  നായരദ്യേം   വിഴുങ്ങിയ  ഉരുള   തൊണ്ടക്കുഴിയില്‍   നില്‍പ്പ്  സമരം   ആരംഭിച്ചു,  കണ്ണുകള്‍  രണ്ടും  പുറത്തേക്കു  തള്ളി..

ന്റീശ്വരാ ..  ന്നിപ്പോ   വയറിന്‍റെ   ഷേപ്പിനു  പകരം   ന്‍റെ  മോന്തേടെ   ഷേപ്പ്  മാറുന്ന  ലക്ഷണമാണല്ലോ..   ആത്മഗതിച്ചു  കൊണ്ട്  അടുത്തിരുന്ന ഗ്ലാസ്സിലെ  ജീരകവെള്ളം   ആര്യപുത്രന്റെ   വായിലേക്കൊഴിച്ചു  കൊടുത്തു    തൊണ്ടയില്‍  കുരുങ്ങിയ  ഉരുളയുടെ  നില്‍പ്പുസമരം  ഒത്തു തീര്‍പ്പിലാക്കി..  പുറത്തേക്കുന്തിയ  കണ്ണുകള്‍  പൂര്‍വ്വ സ്ഥിതി പ്രാപിച്ച  ശേഷം   പ്രാണനാഥന്‍   എന്‍റെ  നേരെ  തിരിഞ്ഞു..

"നിനക്കെന്താ   വേണ്ടേ.. ഇന്‍ ഷെപ്പോ?   അരക്കു  ചുറ്റും   പാലക്കാടന്‍  പാടശേഖരം  പോലെ  പരന്നു കിടക്കണ  നിന്‍റെ  കൊടവയറിനെ   ചുരുട്ടിക്കൂട്ടി  ഷേപ്പ്  ആക്കാന്‍  ഇന്ഷേപ്പ്  ഒന്നും  മതിയാവില്ല   ന്‍റെ  പ്രിയ  ഭാര്യേ...   വേറെ   വഴി  ഞാന്‍   പറഞ്ഞു തരാം..  നീയിത്തിരി  ചോറും  ഇത്തിരി  സാമ്പാറും  കൂടി  ഇങ്ങട്  വിളമ്പ്.."

ഇതാരപ്പാ... "കുടുംബ പുരാണത്തിലെ  ഫിലോമിന  ചേച്ചീടെ   മെയില്‍  വെര്‍ഷനോ?" ആത്മഗതിച്ചു  കൊണ്ട്  ചോറ്  വിളമ്പുന്നതിനിടയില്‍    ന്‍റെ  ആര്യപുത്രന്‍   തുടര്‍ന്നു..

"വര്‍ഷങ്ങളോളം  മരുഭൂമിയില്‍  കിടന്നു  കഷ്ട്ടപ്പെടുന്ന എന്നെ പോലുള്ള  ഒരുപറ്റം പ്രവാസികളുടെ  ഭാര്യമാര്‍ക്ക്   കണ്ടുവരുന്നതാണ്   ഈ കുടവയര്‍  പ്രശ്നം.   ഞങ്ങള് കുബ്ബൂസ്  തിന്നു  പച്ചവെള്ളം  കുടിച്ചു  ഒട്ടിയ  വയറ്  വീര്‍പ്പിക്കുമ്പോഴാ    നിന്നെ  പോലുള്ള  ഭാര്യമാര്‍ക്ക്  കുടവയര്‍    ചാടണത്.

കക്കൂസില്‍  പോണെങ്കിലും   നിനക്കൊക്കെ   വണ്ടി  വേണം..  രണ്ടടി  നടക്കാന്‍  വയ്യ.
അരക്കാനും  പൊടിക്കാനും   അലക്കാനും  മിഷ്യന്‍  വേണം.. തീറ്റക്കും  പൊങ്ങച്ചം  പറച്ചിലിനും മാത്രം   ഒരു  കൊറവും   ഇല്ല്യാ.  മിച്ചം   വരുന്ന  സമയം  കമ്പ്യൂട്ടറിന്റെ  മുമ്പിലും..  എങ്ങനെ   വയറ് ചാടാതിരിക്കും..   ങേ.."    ചോദ്യത്തോടൊപ്പം   രൂക്ഷമായ  നോട്ടം   കണ്ടില്ലെന്നു  നടിച്ചു .
എനിക്ക്   സങ്കടമായെന്നു   തോന്നിയത് കൊണ്ടാവണം  അടുത്തേക്ക്  ഒന്നൂടി  ചേര്‍ന്നിരുന്നിട്ടു ന്‍റെ കുടവയറില്‍  ഒരു  കുത്തു  തന്നിട്ട്   തുടര്‍ന്നു..

"ന്‍റെ  ഭാര്യേ.. ന്താപ്പോ   തന്‍റെ   പ്രശ്നം.. കുടവയറല്ലേ..  പരിഹാരണ്ടാക്കാം.

പ്ലേറ്റിന്റെ   വക്കില്‍  കൈ വടിച്ചു   നക്കി കൊണ്ട്   ഊണ്  മതിയാക്കി  എഴുന്നേറ്റു  കൈ  കഴുകി വന്നു  ചിറി  തുടച്ചു  കൊണ്ട്   തുടര്‍ന്നു.

"അതിരാവിലെ   ഏതോ  ഹിന്ദി  ചാനലില്‍  മ്മടെ  ഹരിയാനെടെ  പുതിയ  ബ്രാന്‍ഡ്  അംബാസഡര്‍   സാമിയില്ലേ..  ബാബാ   രാംദേവ്.  നീ  പണ്ട്  അങ്ങേരുടെ  കടുത്ത ആരാധികയായിരുന്നില്ലേ..  അങ്ങേരു  ഏതാണ്ടൊക്കെ  കസര്‍ത്ത്  കാണിക്കുന്നുണ്ട്.. മൂട്ടില്‍   വെയിലടിക്കണത്  വരെ  കിടന്നുറങ്ങാതെ   അതൊക്കെ  അങ്ങട്  ഫോളോ  ചെയ്യ്..  സ്വന്തം റിസ്കില്   മതി  ട്ടോ ..  ഈ കൊടവയറും  വെച്ച്  കസര്‍ത്ത്  കാണിച്ചിട്ട്  കയ്യോ  കാലോ  ഉളുക്ക്യാ   എനിക്കെതിരെ   കേസ്  കൊടുത്താലോ.  അതോണ്ടാ   പറയണേ..

ഇനി  അതിനു   വയ്യെങ്കില്‍   വൈകുന്നേരം  ആപ്പീസീന്നു   വന്നാല്‍   ഫേസ് ബുക്കില്‍ കുത്തിയിരിക്കാതെ,     അര  മുക്കാല്‍  മണിക്കൂറു   നടക്ക്..  നടന്നു  ക്ഷീണിച്ചു വരുമ്പോ   ഒരു  ഗ്ലാസ്സ് അടിപൊളി  നാരങ്ങാവെള്ളം   ന്‍റെ  വക  ഫ്രീ..  ഒരു മാസത്തിനുള്ളില്‍  വയറ്  കുറയും ന്ന് മാത്രല്ല.. ഇപ്പോഴത്തെക്കാള്‍   ചുന്ദരിയാവേം   ചെയ്യും . ഞാന്‍  ഗ്യാരണ്ടി..  ഇനി അഥവാ  കുറഞ്ഞില്ലെങ്കില്‍   നീയെന്നെ  ഡിവോഴ്സ്   ചെയ്തോ...   അങ്ങനെങ്കിലും   ഞാനൊന്ന്   രക്ഷപ്പെടട്ടെ... !!! "

അവസാനം  പറഞ്ഞ   വാചകത്തിന്   വോള്യം   തീരെ   കുറവായിരുന്നെങ്കിലും   ഞാന്‍ വ്യക്തമായി കേട്ടു..

"പരസ്യക്കാരങ്ങനെ  പലതും  പറയും..   അതവരുടെ  ഉല്‍പ്പന്നങ്ങള്‍   വിറ്റഴിക്കാനുള്ള   സൂത്രം..  അതിലൊന്നും   ചെന്ന് പെടാതിരിക്കുന്നത്   മ്മടെ  മിടുക്ക് .

ങാ  പിന്നൊരു  കാര്യം..  വയറായാല്‍   ഷേപ്പ്  അല്ല   വേണ്ടത്..  മ്മളെ  പോലെയുള്ള സാധാരണക്കാരെ  സംബന്ധിച്ചിടത്തോളം     വിശക്കുന്ന   വയറിനു ആഹാരമാണ്  വേണ്ടത് . അധ്വാനിച്ച   പണം  കൊണ്ട്  അന്നം  കഴിക്ക്യ..  കഴിയുമെങ്കില്‍   പട്ടിണി  അനുഭവിക്കുന്നവന്   ഒരു നേരത്തെ  ഭക്ഷണം  കൊടുത്തു    അവന്‍റെ  വിശപ്പ്  മാറ്റാന്‍ നോക്ക്വ."

ഞാന്‍  അന്തം  വിട്ടു..  ഇദ്യേം  എപ്പോഴാ  താത്വികന്‍   ആയത്.  ന്‍റെ  സംശയം  വാക്കുകളായി പുറത്തു ചാടി.

"ഓ   ഒക്കെ  മന്‍സിലായി..   അല്ലാ... ഇപ്പൊ  നിയ്ക്കൊരു   സംശയം..  ങ്ങക്ക്   ഫേസ്ബുക്ക്   അക്കൌണ്ട്  ഇല്ല്യാന്നു   പറഞ്ഞത്   നുണയല്ലേ.. ന്‍റെ  പ്രഭാതഭേരി  സ്ഥിരമായി   വായിക്കാത്ത ഒരാള്‍ക്ക്‌   ഇങ്ങനൊന്നും   ഉപദേശിക്കാന്‍   കഴിയില്ല."

ഒരു  ആക്കിച്ചിരിയോടെ    കക്ഷി  വീണ്ടും   തുടര്‍ന്നു.

 ഡോ  ഭാര്യേ..   യാള്  വെഷമിക്കണ്ട ..  തലേല്   വെള്ളി  വീണു  തുടങ്ങീല്ല്യെ..  ഈ പ്രായത്തില്  ഇത്തിരി   വയറും വട്ടീം  ഒക്കെ  ണ്ടെങ്കിലേ  കാണാനൊരു   ചന്തോക്കെ  ണ്ടാവൂ.. നെന്‍റെ  ഈ കൊടവയര്‍  ആണ്   നിന്‍റെ  സൌന്ദര്യോം   ഈ കുടുംബത്തിന്‍റെ   ഐശ്വര്യോം  ഒക്കെ..  അതിനെ   ഇന്ഷേപ്  ഇട്ടു   കെട്ടി മുറുക്കി  ഇല്ല്യാണ്ടാക്കണ്ട..   വയറിനും   വേണ്ടേ   സ്വാതന്ത്ര്യം.. "

സൌന്ദര്യ ബോധം  ഇല്ല്യാത്തൊരു   നായര്..  പണ്ടൊരിക്കല്‍   കല്ലു  പതിച്ച  നെക്ലേസ്   വാങ്ങി തര്വോ  ന്നു   ചോദിച്ചപ്പോ പ്രേംനസീര്‍   സ്റ്റൈലില്‍   "സന്ധ്യക്കെന്തിനു  സിന്ദൂരം , ചന്ദ്രികക്കെന്തിനു   വൈഡൂര്യം... കാട്ടാറിനെന്തിനു  പാദസരം ..  എന്‍  കണ്മണിക്കെന്തിനാഭരണം "  എന്ന  പാട്ട്,     കര്‍ക്കിടക മാസത്തില്‍   പോക്കാച്ചി തവള   കരയണ  മാതിരി  പാടി  ഫ്ലാറ്റിലെ   അയല്‍വാസികള്‍  ഓരോരുത്തരായി   ഉമ്മറത്ത്‌  വന്നു എത്തി നോക്കിയത്  ഓര്‍മ്മ   വന്നു..

ചുരുക്കി  പറഞ്ഞാല്‍   ഇന്ഷേപ്പ്   ആവശ്യപ്പെട്ടു   "സസി"യായി  ന്നു  പറഞ്ഞാ   മതീല്ലോ..