Monday 16 December 2013

അയ്യപ്പനും അവധിക്കാല ഓര്‍മ്മകളും..!!!!

പതിവു പോലെ ഈ ഞായറാഴ്ചയും ഒമ്പത്  മണിക്ക് അമ്മയും  മകളും പങ്കെടുക്കുന്ന  ടെലഫോണിക്  നാട്ടുവിശേഷം പരിപാടി. ഒരുമണിക്കൂറില്‍ അധികം നീണ്ടു പോയ വിശേഷങ്ങള്‍ക്കിടയില്‍  അമ്മ പറഞ്ഞു..

"ങാ.. പറയാന്‍ മറന്നു.. നമ്മുടെ അയ്യപ്പന്‍ മരിച്ചൂ ട്ടോ.  കുറെ കാലായി സുഖല്ല്യാതെ  കിടപ്പിലായിരുന്നു.."

മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടു  തിരിച്ചു നടന്നു.

കട്ടുറുമ്പും  കുഴിയാനയും മേഞ്ഞു നടന്നിരുന്ന അമ്മ വീടിന്‍റെ തിരുമുറ്റം.
പേരു കേട്ട തറവാട്ടിലെ, പത്തിരുനൂറു പറക്കു കൃഷി നടത്തിയിരുന്ന,  പണിക്കാര്‍ക്ക് കൂലി കൊടുക്കേണ്ട സമയത്ത് കൃത്യമായി നെഞ്ചു വേദന അഭിനയിക്കുന്ന ധനാഡ്യന്‍ ആയ   മുത്തശ്ശന്‍.

ഭര്‍ത്താവിനെ ഭയഭക്തി ബഹുമാനത്തോടെ "പിന്നേയ്" എന്നഭിസംബോധന ചെയ്തിരുന്ന അമ്മമ്മ.. അവിവാഹിതയായ വല്യമ്മ.. പിന്നെ അമ്മാമന്‍.

വര്‍ഷത്തിലൊരിക്കല്‍ വേനലവധിക്ക്  ഞങ്ങളും ചെറ്യമ്മയുടെ മക്കളും ഒക്കെ ഒത്തുകൂടുന്നിടം. 'കുട്ടികളൊന്നും കക്കൂസ് വൃത്തികേടാക്കണ്ട.. കുളതൊടിയില്‍ പോയാ മതി' എന്ന് നേരത്തെ തന്നെ വല്യമ്മയുടെ ഓര്‍ഡര്‍ ഉള്ളത് കൊണ്ട് രാവിലെ എഴുന്നേറ്റു അഞ്ചാറു പേരും സംഘം ചേര്‍ന്ന് ഉമിക്കരിയും ഈര്‍ക്കിലയും ആയി കുളതൊടിയിലേക്ക്..

പോകുന്ന വഴിക്ക്  വീണു കിടക്കുന്ന  ഞാവല്‍പ്പഴങ്ങള്‍ പെറുക്കി കൂട്ടി പറ്റിപ്പിടിചിരിക്കുന്ന മണ്ണ് കുളക്കടവില്‍ ഇരുന്നു കഴുകി വൃത്തിയാക്കുമ്പോള്‍  വരുന്നു അയ്യപ്പന്‍...

ഉണ്ണ്യേളെ .. അതിലപ്പടി മണ്ണല്ലേ.. തിന്നാനാകാ..  തെരക്ക്‌ ഇത്തിരി ഒഴിയട്ടെ  ഐപ്പന്‍ മരത്തീ കേറി  ഞാറംമ്പഴം പറിച്ചു തരാട്ടോ.

വീട്ടിലെ സ്ഥിരം ജോലിക്കാരനാണ്  അവിവാഹിതനായ  അയ്യപ്പന്‍. കറുത്ത് കുറുകിയ അയ്യപ്പന്  തെങ്ങ് ചെത്തായിരുന്നു പണി. ഒരിക്കല്‍ തെങ്ങില്‍ നിന്ന് വീണു അപകടം പറ്റിയതിനു ശേഷം ആ പണി ഉപേക്ഷിച്ചു. എങ്കിലും കള്ളുകുടി ഉപേക്ഷിച്ചില്ല.

പശുവിനെ  കറക്കലും പാല് കൊണ്ടുപോയി കൊടുക്കലും അങ്ങാടിയില്‍ പോക്കും ഒക്കെയായി ഐപ്പന്‍ ഏതു സമയത്തും വീട്ടില്‍ കാണും..

ചാണകത്തിന്‍റെയും തെങ്ങിന്പൂക്കുലയുടെയും കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു ഐപ്പന്. വീട്ടിലുള്ളവരെല്ലാം ഉച്ചമയക്കത്തില്‍ ആണ്ടിരിക്കുമ്പോള്‍,  ആയ കാലത്ത് തെങ്ങില്‍ കേറിയതും,  അടുത്ത വീട്ടിലെ മിലിട്ടറിക്കാരന്‍ ഗോപ്യാരുടെ വീട്ടില്‍ കേറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ  ഒറ്റയ്ക്ക് തല്ലിക്കൊന്ന വീര സാഹസിക കഥകള്‍ ഒക്കെ പറയും.. മൂര്‍ഖനെ തല്ലിക്കൊന്ന  സംഭവത്തിന്‌ ശേഷം ഗോപ്യാരുടെ ഭാര്യ വിലാസിനിയെടത്തിക്ക്‌ ഐപ്പനോട് ഭയങ്കര ആരാധന ആണത്രേ..

 " ഇടക്കൊക്കെ  ഈ വഴിക്ക് പോമ്പോ ഇങ്ങട് കേറീട്ട് ഒരു ചായ കുടിച്ചിട്ട് പൊക്കൂടെ ഐപ്പാ"  എന്ന് ചോദിക്ക്വോത്രേ  വിലാസിനിയേടത്തി..

ഒരിക്കല്‍ വൈക്കോല്‍  കൂനയില്‍ കള്ളുകുടം ഒളിപ്പിച്ചു വെച്ച് മദ്യപിച്ചു കൊണ്ടിരുന്ന   ഐപ്പനെ മുത്തശ്ശന്‍ കൈയ്യോടെ പിടി കൂടി.. കുറെ തല്ലി.. ബൂര്‍ഷ്വാ മുതലാളിമാര്‍ പണ്ടും അങ്ങനെയായിരുന്നല്ലോ.. നിസ്സഹായതയുടെ പര്യായം പോലെ ഐപ്പന്‍ നിന്നുകൊണ്ടു.

ഐപ്പന് വേദനിച്ചോ?
 " ഹേയ്.. ഇല്ല്യ ഉണ്ണ്യേ.." അങ്ങിനെ പറഞ്ഞെങ്കിലും ഐപ്പന്റെ വാക്കുകളില്‍ വേദനയുണ്ടായിരുന്നു..

"ഐപ്പെട്ടോ  .. ങ്ങളെ കഞ്ഞി കുടിക്കാന്‍ വിളിക്കണ് അമ്മ്രാള്".. ഖദീജയുടെ കളമൊഴി.

"ഖദീസു  എപ്പ വന്നു..? " ഖദീജയെ കണ്ടപ്പോള്‍ ഐപ്പന്റെ മുഖത്ത് ആയിരം സൂര്യ ശോഭ.

"ഞാന്‍ ദാ ഇപ്പൊ വന്നേള്ളൂ ഐപ്പേട്ടാ .. ഉമ്മാനേം കൊണ്ട് ആസൂത്രീ പോയി. റേഷന്‍ പീട്യെ പോയപ്പോ അരീം മണ്ണെണ്ണയും കിട്ടീതൂല്ല്യ.. ഇത്തവണേം മഹാപാപ്യേള്  മറിച്ചു വിറ്റൂന്നാ തോന്നണെ. ഗതി പിടിക്കില്ല ഇവറ്റോള്."

"ങ്ങള് അപ്രത്തക്ക് വന്നോളീന്‍.. നിക്ക് കൊറേ പണീണ്ട്.. അരി ഇടിക്കണം. "

നെല്ലു പുഴുങ്ങാനും അരി ഇടിക്കാനും  മറ്റു വല്ല പണികളും ഉണ്ടെങ്കില്‍ ആളെ വിട്ടു വിളിപ്പിക്കും ഖദീജയെ..  കുട്ടികളുടെ ഖദീജാത്താ.. നിറയെ മുടിയുള്ള വെളുത്തു കൊലുന്നനെയുള്ള,  വെള്ള നൂല് കൊണ്ട് തുന്നിക്കൂട്ടിയ ഇറക്കമുള്ള  പുള്ളി പാവാടയും  ബ്ലൌസും ധരിക്കുന്ന   തട്ടമിടാത്ത  മൊഞ്ചത്തി.. പാട വരമ്പത്ത് നിന്ന് കൈയ്യോന്നി പറിച്ചെടുത്തു ചാറെടുത്ത് എണ്ണ കാച്ചി തരുന്ന, ചുണ്ടില്‍  മാപ്പിളപ്പാട്ടിന്റെ ഇശലുമായി നടക്കുന്ന സുന്ദരി. ചന്ദ്രികാ സോപ്പിന്റെ മണമുള്ള , സുറുമ എഴുതിയ സുന്ദര മിഴികളുടെ അവകാശി ഖദീജാത്ത..


ഖദീജാത്തയുടെ ബാപ്പ മഞ്ഞപ്പിത്തം വന്നു മരിച്ചു. അതിനു ശേഷം ഉമ്മക്ക് വയ്യാണ്ടായി..  അതോടെ നാലാം ക്ലാസ്സില്‍ ഖദീജാത്ത പഠിത്തം നിര്‍ത്തി.   ഒരാങ്ങള ഉള്ളത്  വയനാട്ടില്‍ പണിക്ക് പോയി അന്യജാതിയിലുള്ള പെണ്ണിനെ സ്നേഹിച്ചു കെട്ടി എന്നൊക്കെ നാട്ടുകാര് പറയുന്നത് കേട്ടു..

അമ്മിക്കല്ലും ആട്ടുകല്ലും ഒക്കെ ഇട്ടിരിക്കുന്ന ചായ്പ്പില്‍ ഇരുന്നു  ഐപ്പന്‍ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും നോക്കി നിന്നിട്ടുണ്ട്.. എന്തോ ഒരു പ്രത്യേകത.. ഒരിക്കല്‍ ചോദിച്ചു "  ചമ്മന്തി കൂട്ടീട്ടു  ഒരു ഒരുള തര്വോ? "  ഐപ്പന്‍ പേടിച്ചു..

"യ്യോ  കുട്ടിക്ക്   ന്നെ മുത്തശ്ശന്‍റെ കൈയ്യോണ്ട് ഇനീം തല്ലു കൊള്ളിക്കണോ?"   വിഷമത്തോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങ്യപ്പോ  ഐപ്പന്റെ വിളി.. "ന്നാ  വേം കഴിച്ചോ.. ആരും കാണണ്ട.  നമ്മള് രണ്ടാളേം  കൊല്ലും ".  പിന്നീട് പല തവണ ഐപ്പന്‍ ഉരുള വായില്‍ വെച്ച് തന്നിട്ടുണ്ട്..

ഐപ്പന്‍  ഉള്ളിടത്തോക്കെ ഖദീജാത്തയും ചുറ്റി പറ്റി നില്‍ക്കുന്നത് കാണാം ..

"ഖദീജോ. പിണ്ണാക്ക് വെള്ളതില്ട്ട്വോ.  പശുക്കള്‍ക്ക്  കൊടുക്കാനുള്ള വെള്ളം തൊഴുത്തു പെരേല് കൊണ്ട് വെച്ച്വോടുക്ക്.. കറക്കാറാമ്പോ  ഐപ്പന്‍ കൊടുത്തോളും.  പിന്നെ അരി ഇടിച്ചു കഴിഞ്ഞൂച്ചാല്‍ അപ്പത്തിനുള്ള വെല്ലം പാവ് കാച്ചി വെക്ക്."  ഉച്ചമയക്കത്തിനുള്ള  തയ്യാറെടുപ്പില്‍ അമ്മമ്മയുടെ ആഞ്ജ ..

"ഞാന്‍ കൊണ്ട് വെച്ചോളാം.."

'കുട്ട്യോളെ നോക്കിക്കോ.. ഉച്ചാമ്പോ  ഒരിടത് കെടക്കാന്‍ പറഞ്ഞാലും കേക്കില്ല.."  

"ഞാന്‍ നോക്കിക്കോളാം  മ്മ്രാളെ.. " ഖദീജാത്ത മൊഴിഞ്ഞു.

ഇനി  കണ്ണാരം പൊത്തിക്കളി. മുത്തശ്ശന്‍ ഉണര്‍ന്നാല്‍ നടക്കില്ല.. . ഞാനെണ്ണാ൦  നിങ്ങള്‍ ഒളിച്ചോ.. ഒന്ന്.. രണ്ടു.. മൂന്നു.. നാല്..  മുറ്റത്തെ ചക്കര മാവിന്‍റെ തടിയോടു ചേര്‍ന്ന് നിന്ന് ഓട്ടക്കണ്ണ്‍ ഇട്ടു   പത്തു വരെ എണ്ണി തീര്‍ന്നു..  ഒളിച്ചവരെ കണ്ടു പിടിക്കാനായി നടന്നു നടന്നു തൊഴുത്ത് പുരയുടെ അടുത്തുള്ള വൈക്കോല്‍ കൂനകളുടെ ഇടയില്‍ എത്തി..

പെട്ടെന്ന് തൊട്ടടുത്ത വൈക്കോല്‍ കൂനക്ക് അപ്പുറത്ത് നിന്നും ഒരു അടക്കം പറച്ചില്‍.. കുപ്പിവളയുടെ കിലുക്കം.. ഒളിച്ചവരെ കണ്ടു പിടിക്കാനുള്ള വ്യഗ്രതയില്‍ ഒച്ചയുണ്ടാക്കാതെ വൈക്കോല്‍ക്കൂനയുടെ അപ്പുറത്ത് കടന്നു..

ഖദീജത്താനെ  ഐപ്പന്‍ ചേര്‍ത്തു പിടിച്ചു നെഞ്ചില്‍ തിരുമ്മുന്നു  !!!  എന്നെ കണ്ടതും തിരുമ്മല്‍ നിര്‍ത്തി  ഐപ്പന്‍  പശുവിന്  വെള്ളം കൊടുക്കാന്‍ തൊഴുത്തിലേക്ക് പോയി.. ഓട്ടു മൊന്തയിലെ വെള്ളം കമഴ്ത്തിക്കളഞ്ഞു  ഖദീജാത്ത  അടുക്കളയിലേക്കും.. പോകുന്ന വഴിക്ക് എനിക്ക് കേള്‍ക്കാന്‍ പാകത്തില്‍ ഖദീജാത്ത പിറുപിറുത്തു.

"പെട്ടെന്നൊരു നെഞ്ചു വേദന.. പാവം ഐപ്പെട്ടന്‍ തിരുമ്മി തന്നതാ. ഇപ്പൊ വേദന കൊറഞ്ഞു."

അരിയിടിക്കുന്ന ഖദീജാത്തക്ക്  അപ്പോള്‍  ഐപ്പന്റെ മണമായിരുന്നു.. വിയര്‍പ്പിന്റെയും തെങ്ങിന്പൂക്കുലയുടെയും മണം.. !!!

"കുട്ടി ഇതാരോടും പറയണ്ടാട്ടോ.. ഉണ്ണ്യപ്പം ണ്ടാക്കുമ്പോ ഞാന്‍ കൂടുതല് തരാം ആരും കാണാതെ.."

പിറ്റേന്ന്  അങ്ങാടിയില്‍ പലവ്യഞ്ജനം വാങ്ങാന്‍ പോയി വന്നപ്പോള്‍ ഐപ്പന്‍ ഒരു പോപ്പിന്‍സ്‌ എന്റെ കൈവെള്ളയില്‍ വെച്ച് തന്നു.

പിന്നീട് പലവട്ടം ഖദീജാത്താക്ക് നെഞ്ചുവേദന  വന്നു.  ഐപ്പന്‍ തിരുമ്മി കൊടുക്കുന്നത് യാദൃശ്ചികമായി കാണേണ്ടിയും വന്നു.. അപ്പോഴെല്ലാം പോപ്പിന്സും അച്ചപ്പവും എന്നെ തേടി വന്നു..


ഒരിക്കല്‍  കുളത്തില്‍ തുണി അലക്കി കൊണ്ടിരുന്ന ഖദീജാത്തയുടെ പിന്‍കഴുത്തില്‍ ചുവന്നു  തിണര്‍ത്തു കിടക്കുന്ന പാടു കണ്ടു നിഷ്കളങ്കമായി ചോദിച്ചു..  "ഇതും ഖദീജാത്തക്ക് നെഞ്ചു വേദന വന്നപ്പോ ഐപ്പെട്ടന്‍ തിരുമ്മി തന്നപ്പോള്‍ നഖം കൊണ്ട പാടാ ?? "

കൈക്കുടന്നയില്‍ വെള്ളമെടുത്ത്  എന്‍റെ ദേഹത്തേക്ക് കുടഞ്ഞു കൊണ്ട് നാണത്തോടെ ഖദീജാത്ത പറഞ്ഞു..  "ഒന്ന് മിണ്ടാതിരി കുട്ടീ.. "

വേനലവധി കഴിഞ്ഞു ഓരോരുത്തരും അവരവരുടെ താവളങ്ങളിലേക്ക് തിരിച്ചു പോയി.. മാസങ്ങള്‍ക്ക് ശേഷം അറിഞ്ഞതിങ്ങനെ..

ഖദീജയുടെ നിക്കാഹ് കഴിഞ്ഞു.. ഇറച്ചിവെട്ടുകാരന്‍ സെയ്തുമുഹമ്മദായിരുന്നു പുത്യാപ്ല... ഖദീജാത്താന്‍റെ  ഭാഗ്യം. പണ്ടോം   പണോം  ഒന്നും  വാങ്ങീല്ല്യാത്രേ.. നല്ല സ്നേഹാത്രേ. എട്ടാം മാസത്തില് ഖദീജാത്ത  പെറ്റു. നല്ല എണ്ണ കറുപ്പുള്ള ഒരാങ്കുട്ടി..

എന്‍റെ മനസ്സ് എന്നോട് തന്നെ വെറുതെ ചോദിച്ചു.. ഖദീജാത്തയുടെ കുട്ടിക്കും തെങ്ങിന്പൂക്കിലയുടെ മണം ആയിരിക്ക്വോ?? !!!!!!  പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു.. ഖദീജാത്തക്ക്  ആ ഒരു ആണ്‍കുട്ടി മാത്രേ ഉള്ളൂ എന്ന്..

അയ്യപ്പന്‍ മരിച്ചിരിക്കുന്നു !!!

പുളിയുറുമ്പ് കൂടുകൂട്ടിയ  ചക്കര മാവില്‍ കേറി പഴുത്ത മാമ്പഴം പറിച്ചു തന്ന ഐപ്പനെ..

മണ്ണു പുരളാത്ത  ഞാവല്‍പ്പഴം  കൊണ്ട് തന്ന  ഐപ്പനെ..

വിലാസിനിയെടത്തി വിളിച്ചിട്ടും ചായ കുടിക്കാന്‍ ചെല്ലാതിരുന്ന ,മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്ന വീരനായകന്‍ ഐപ്പനെ..

ഖദീജാത്തയുടെ നെഞ്ചു വേദന തിരുമ്മി ഭേദമാക്കിയത് കണ്ടുപിടിച്ചതിനു എനിക്ക് പോപ്പിന്‍സ്‌  മുട്ടായി കൈക്കൂലിയായി തന്ന ഐപ്പനെ

തറവാട്ടു തൊടിയിലൂടെ പശുവിനെയും കൊണ്ട് ഒരു ഹീറോയെ പോലെ നടന്നു നീങ്ങിയിരുന്ന അയ്യപ്പന്‍ ....

ഐയ്യപ്പന്‍ എന്ന ഐപ്പന്  എന്‍റെ സ്മരണാഞ്ജലി.. !!!!

-പത്മശ്രീ നായര്‍-

44 comments:

  1. ചമ്മന്തി കൂട്ടീട്ടു ഒരു ഒരുള തര്വോ? "
    ചമ്മന്തി പ്രേമം പണ്ടേ ഉണ്ടായിരുന്നു ല്ലേ.പദ്മാ

    ReplyDelete
  2. ഇങ്ങനെ എത്ര ഒളിച്ചു കളികള്‍ അല്ലെ പപ്പേച്ചീ :). ഒന്നോര്‍മ്മിപ്പിച്ചു ചില കഥകള്‍...

    ReplyDelete
  3. ഹ ഹ ആഹ ഹ ഓപ്പോളേ കലക്കി
    ഖദീസുവിന്റെ കഥാപാത്രം വന്നതോട് കൂടി കഥയുടെ ട്വ്യിസ്റ്റ് തന്നെ മാറി
    അല്ലേലും ഐപ്പെട്ടനെ പോലുള്ള കുമാരൻമാർ നമുക്കിടയിലും ധാരാളം കണ്ടുവരുന്നു .
    സൈത്മുഹമ്മത്തിൽ ഒരു വെളുത്ത കുട്ടികൂടെ വേണമായിരുന്നു ,അതും പൂവാലിപശുകുട്ടി പോലുള്ള ഒരു ഹൂറി
    അപ്പോളെ കഥക്കൊരു "ഇതു വരുമായിരുന്നു"
    എന്നാലും എന്റെ ഐപ്പെട്ടാ ആ വിലാസിനി എട്ടത്തിക്ക് എന്തോരം നെഞ്ചു വേതന വന്നിട്ടുണ്ടാകും ,അതൊന്നു തടവിമാറ്റികൊടുക്കാൻ സന്മനസ്സ് കാണിക്കാതെ കദീസുന്റെ അടുത്തുതന്നെ പോയില്ലേ ..

    ReplyDelete
  4. ഓപ്പോളുടെ മനോഹരമായ പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി
    സുഖമുള്ള ഒരു വായാനാനുഭവം സമ്മാനിച്ചു.,അയ്യപ്പന്‍റെയും. ഖദീജാത്തായുടെയും
    ഈ കഥ. അശ്ലീലത്തിലേയ്ക്ക് വഴുതിമാറിയേക്കാവുന്ന ഈ കഥ ബാല്യത്തിന്‍റെ
    നിഷ്കളങ്കതയില്‍ തന്നെ പറഞ്ഞത് ഓപ്പോളിലെ പ്രതിഭയ്ക്ക് മാറ്റുകൂട്ടുന്നു.
    എഴുത്തിന്‍റെ മാറിമാറി വരുന്ന ഈ ശൈലിയുടെ പ്രത്യേകത അഭിനന്ദനാര്‍ഹം തന്നെ..
    ആശംസകള്‍...!!

    ReplyDelete
  5. കഥയില്ലിതു ജീവിതം...

    ReplyDelete
  6. വളരെ ഇഷ്ടപ്പെട്ടു ഈ നാടന്‍ ശൈലിയിലുള്ള കഥ പറച്ചില്‍. അല്ലെങ്കിലും ആ അയ്യപ്പന്‍ ഖദീസൂന്റെ നെഞ്ചൊന്ന് തിരുമ്മിക്കൊടുത്തതിലെന്താണിത്ര തെറ്റ്. നെഞ്ചുവേദന മാറീലോ?

    ReplyDelete
  7. നല്ല എഴുത്ത്. ശൈലി ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  8. കഥ വളരെ നന്നായി... ഭംഗിയായി എഴുതി..അഭിനന്ദനങ്ങള്‍.

    ReplyDelete
  9. പച്ചയായ നാട്ടുകഥ.. പാവം നെഞ്ച് വേദന കൊണ്ട് കുറെ കഷടപ്പെട്ടുകാണും :) അവതരണം വളരെ നന്നായി

    ReplyDelete
  10. അയ്യപ്പന്‍റെയും. ഖദീജാത്തായുടെയും കഥ നന്നായി അതിലുപരി ചേച്ചിയുടെ ആ തനി നാടന്‍ ശൈലിയിലെ അവതരണം

    ReplyDelete
  11. ആശംസകൾ..................... മനസ് കുട്ടിക്കാലത്തിലെക്കു പോയി...................ആശംസകൾ

    ReplyDelete
  12. ഇഷ്ടമായീ...വീണ്ടും വരാം...!

    ReplyDelete
  13. nalla rasaayitt ezhuthi
    veendum varam iththaram ormakaL kelkkan

    ReplyDelete
  14. അയ്യപ്പന്‍
    ഖദീജ
    കുഞ്ഞ് പെണ്‍കുട്ടി[കഥാകാരി]
    കഥാപാത്രങ്ങളായും..
    വിലാസിനി.., അപ്പൂപ്പന്‍ തുടങ്ങ്യവരെക്കുറിച്ച്
    പറഞ്ഞുപോകുന്നതുമായ ഈ ചെറുകഥയില്‍
    മിഴിവാര്‍ന്ന് നില്‍ക്കുന്നത് ഖദീജ തന്നെ..

    അയ്യപ്പന്റെ കഥയില്‍ ഖദീജയ്ക്കാണ്
    മിഴിവെന്ന് വായനക്കാര്‍ക്ക് പറയാതെ
    പറഞ്ഞുകൊടുക്കുന്ന അനിതരസാധാരണമായ
    അഖ്യാന ശൈലിക്ക് ശ്രീമതി. പദ്മശ്രീനായര്‍
    എന്തുകൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു..!

    പ്രണയത്തിനപ്പുറമെന്തോ ബന്ധം മനുഷ്യനിലുണ്ട്
    അതാവാം പ്രണയം ജനിപ്പിക്കുകയും..ഒടുവില്‍
    നിസ്സഹായരായി പിരിയേണ്ടിവരികയും
    ചെയ്യിപ്പിക്കുന്നത്..!

    കഥാകാരിക്ക് അഭിവാദ്യങ്ങള്‍ ..!

    ReplyDelete
    Replies
    1. ആശംസകള്‍ക്കും പ്രോത്സാഹനങ്ങക്കും അകമഴിഞ്ഞ നന്ദി.. :)

      Delete
  15. കഥയുടെ അന്ത്യം എന്താകും എന്ന് വായനയുടെ പകുതിയില്‍ തന്നെ മനസ്സിലേക്ക് ഓടി വന്നു , അപൂര്‍വമായേ ഇത്തരം കഥകള്‍ ബ്ലോഗില്‍ വരാറുള്ളൂ , നല്ല വായന തന്ന ഒരു കഥ , കുട്ടന്‍ നായരുടെ കഥയ്ക്ക് ശേഷം ഈ ബ്ലോഗില്‍ വായിക്കുന്ന നല്ലൊരു കഥ... കൂടുതല്‍ പേര്‍ വായിക്കട്ടെ.. ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാ കഥകളും വായിച്ചു വിലയിരുത്തുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.. ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും അകമഴിഞ്ഞ നന്ദി.. :)

      Delete
  16. നല്ല കഥ
    ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. സന്തോഷം.. നന്ദി..

      Delete
  17. ആശംസകള്‍, കഥ ഇഷ്ടമായി...

    ReplyDelete
    Replies
    1. നന്ദി.. സന്തോഷം .. :)

      Delete
  18. വളവും തിരിവും ഇല്ലാത്ത നല്ല കഥ അവതരണം കൊണ്ട് ശ്രദ്ധേയമായി.

    ReplyDelete
    Replies
    1. നന്ദി.. സന്തോഷം :)

      Delete
  19. ഒരു ഏച്ചുകെട്ടലുംഇല്ലാതെ.വളരെ വൃത്തിയായി ഒതുക്കത്തോടെ പറഞ്ഞ കഥ.പദ്മ എഴുതിയതില്‍ ഏറ്റവും നല്ലത്..
    എന്തൊരു ലോകമാണിത്..? അയ്യപ്പനെയും ഖദീജയും ഒരുമിപ്പിക്കാന്‍ മടികാട്ടുന്ന വൃത്തി കെട്ട ലോകം.
    ന്നാലും അവര്‍ കല്യാണം കഴിക്കാഞ്ഞിട്ട് ഒരു ദു:ഖം.

    ReplyDelete
  20. കഥ ഇഷ്ടായി
    ആശംസകൾ
    എഴുതുക
    അറിയിക്കുക

    ReplyDelete
  21. ലളിതമായി പറഞ്ഞു.. ആശംസകൾ

    ReplyDelete
  22. ഗ്രാമ്യ പ്രദേശങ്ങളില്‍ ഇന്നുമെന്ന കണക്കിന് നടക്കുന്ന ഒരു സാധാരണ കഥ. അതിനനുഗുണമായ ഭാഷയില്‍ ഒട്ടും അതിശയോക്തിയില്ലാതെ അവതരിപ്പിക്കാനായതിന് എഴുത്തുകാരിയുടെ കയ്യൊതുക്കത്തിനാണ് കയ്യടി. അപ്പോഴും ഇതൊരു സാധാരണ കഥ മാത്രമാണ് എന്ന്‍ വായന, ആശംസകള്‍.

    ReplyDelete
  23. ആജ്ഞയാണ്,ആഞ്ജയല്ല.പല തവണ േകട്ടിട്ടുണ്ട് അയ്യപ്പനെപ്പറ്റി .ഖദീജയെയും നല്ല പരിചയം

    ReplyDelete
  24. നന്നായി എഴുതി..

    ReplyDelete
  25. വരികള്‍ക്കിടയിലൂടെ ഇവിടെ എത്തി.. നല്ല വായന സമ്മാനിച്ചു.. ആശംസകള്‍

    ReplyDelete
  26. എല്ലാ നാട്ടിലുമുണ്ടാവും അയ്യപ്പന്മാരും ഖദീജമാരും. ബോറടിപ്പിച്ചില്ല.

    ReplyDelete
  27. ഓര്‍മ്മക കുറിപ്പാണെങ്കിലും കഥ വായിക്കുന്ന പ്രതീതി ഉളവാക്കി .വീടും പരിസരവും കഥാപാത്രങ്ങളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .ഗ്രാമീണത്വം നിറഞ്ഞു നില്‍കുന്ന കഥകളും മറ്റും വായിക്കുമ്പോള്‍ മനസ്സിന് നല്ലൊരു വായനാനുഭവം ലഭിക്കും .മനോഹരമായിരിക്കുന്നു .ആശംസകള്‍

    ReplyDelete
  28. ലളിതസുന്ദരം....

    ReplyDelete
  29. സന്തോഷം.. നന്ദി..

    ReplyDelete
  30. സുഖമുള്ളൊരു വായന നൽകി...
    നിയ്ക്കും ഇഷ്ടായി...ആശംസകൾ..!

    ReplyDelete
  31. ആ എഴുത്തിന്‍റെ ചാരുത ഒന്നു വേറെയാ!..........ശരിക്ക് പറഞ്ഞാല്‍ നിങ്ങളോട് എനിക്ക് പെരുത്ത അസൂയാ!

    ReplyDelete
  32. വൈകിയാണ് ചേച്ചിയുടെ ബ്ലോഗ്‌ കണ്ടത് ..വായിച്ചു .ഒത്തിരി ഇഷ്ടായി ...

    ReplyDelete
  33. നാട്ടുമ്പുറത്തിന്റെ മനോഹര ചിത്രണം. മനുഷ്യരുടേയും.
    ഗതികേടുകളും ദൌര്‍ബല്യങ്ങളുമുള്ള മനുഷ്യരുടെ കഥ ആരേയും കുറ്റപ്പെടുത്താതെ, ആരേയും നോവിക്കാതെ നിര്‍മ്മമതയോടെ പറഞ്ഞുഫലിപ്പിച്ച മിടുക്കിന്‌ അനുമോദനം.

    ReplyDelete