Saturday 5 September 2015

** ബീരാനിക്കാന്‍റെ ഗര്‍ഭം **




"ഖദീസൂ..  ഡീ  ബലാലേ..  ജ്ജ്   ദേവ്ടെ  പോയ്‌  പണ്ടാറടങ്ങീക്ക്വ.. ഞമ്മള്   എത്ര  നേരം  കൊണ്ട്  തൊണ്ട കീറി  ബിളിക്ക്യാണ് .  അന്‍റെ  ചെവ്ട്  പൊട്ട്യാ.. ഇജ്ജ്  ഈ  മീന്‍ വട്ടി  ന്‍റെ  തലേലിക്കൊന്നു  പിടിച്ചു   വെച്ചാണ് ."  സ്നേഹത്തോടെയാണെങ്കിലും   ബീരാനിക്കാക്ക്  ഇങ്ങനൊക്കെ  പറയാനേ   അറിയൂ.

"ഞാമ്പറഞ്ഞാ  ങ്ങളോട്   നെലോളിക്കാന്‍.. ഞാനപ്രത്ത്   ആടിന്    തീറ്റ  കെട്ടി  കൊടുക്കാര്ന്നു. ദാ പിടിക്കീന്‍.. "

ഖദീജ മീന്‍വട്ടി ബീരാനിക്കാന്‍റെ തലയിലേക്ക് പൊക്കി വെക്കാന്‍ സഹായിച്ചു.  ഒണക്കമീന്‍  കച്ചോടം  ചെയ്യുന്ന  ബീരാനിക്കാന്‍റെ  മൂന്നാമത്തെ  ബീവിയാണ്  ഖദീജ.

"നിയ്ക്ക് പത്തമ്പത്  വയസ്സായി. ബയ്യാണ്ടാവണ  കാലത്ത്  ന്‍റെ  മീന്‍വട്ടി ഏല്‍പ്പിക്കാനും  നിയ്ക്കൊരു  തുള്ളി  വെള്ളം  തരാനും  ന്‍റെ ചോരേല്  ണ്ടായ  ഒരു  കുട്ടി  ബേണ്ടെ ?  നിങ്ങള്  പറയീന്‍ "

ആദ്യ ഭാര്യമാരായ നബീസുവിനെയും    ബീപാത്തുവിനെയും  പ്രസവിക്കാത്ത കുറ്റത്തിന് മൊഴി ചൊല്ലാനും  ഖദീജയെ  നിക്കാഹ്  കഴിക്കാനും   പള്ളിക്കാരുടെയും  സമുദായത്തിന്റെയും  മുന്നില്‍ ബീരാനിക്കക്ക്  പറയാനുണ്ടായ ന്യായം അതായിരുന്നു. ബീരാനിക്കാന്‍റെ  ചോദ്യം  ന്യായമായതുകൊണ്ട്  ഏവരും മൌനം  പാലിച്ചു.  ആദ്യ  ഭാര്യമാരെക്കാള്‍  മൊഞ്ചത്തിയാണ്  ഖദീജ. കൂടാതെ മൂന്നാം ക്ലാസ്സുവരെ  പഠിച്ച  കാര്യ വിവരവുമുണ്ട്.  മീന്‍ കച്ചോടം കഴിഞ്ഞു ബീരാനിക്ക  വീട്ടിലെത്തിയാല്‍ അത്താഴമൊക്കെ  കഴിഞ്ഞു  അന്നന്നത്തെ  വിറ്റുവരവ്  കണക്കുകളൊക്കെ  നോക്കുന്നത്  ഖദീജയാണ്.  ചിമ്മിനി വിളക്കിന്‍റെ വെട്ടത്തിലിരുന്നു   തുപ്പലു  തൊട്ടു   നോട്ടെണ്ണുന്ന  ഖദീസുവിനെ  ബീരാനിക്കാ  കണ്ണെടുക്കാതെ  നോക്കിയിരിക്കും. നാല്‍പ്പത്  കഴിഞ്ഞെങ്കിലും  ഖദീസുവിന്റെ  യൌവ്വനത്തിനു  ഒട്ടും  മങ്ങലേറ്റിട്ടില്ല..  കരിമീന്‍  പിടക്കുന്ന കണ്ണുകള്‍, ചുവന്നു തുടുത്ത  കവിളിണകള്‍...വെള്ളിച്ചിറ്റിട്ട  കാതുകള്‍...  ഖദീസുവിനെ നോക്കി  നോക്കിയിരിക്കെ   ബീരാനിക്ക   സുബര്‍ക്കത്തിലെ സുല്‍ത്താനാവും, മനസ്സില്‍  ഒരു കുഞ്ഞു ബീരാനിക്ക പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും. പിന്നെ ഒട്ടും ആലോചിക്കില്ല   ബീരാനിക്കാ   ചിമ്മിനി വിളക്ക് ഊതി കെടുത്തും.

ഖദീസുവിനെ  നിക്കാഹ്  ചെയ്തിട്ട് കൊല്ലം  നാലഞ്ചു  കഴിഞ്ഞിട്ടും  ഓള്  പെറാത്തതില്‍  ബീരാനിക്കക്ക്  നിരാശയുണ്ട്. ഒരിക്കല്‍  ഖദീസുവിനെ   അതിന്‍റെ പേരില്‍  കുറ്റപ്പെടുത്തുക  കൂടി  ചെയ്തപ്പോള്‍  ഖദീജക്ക്   സഹിച്ചില്ല..

"കൊയപ്പം  ങ്ങടെ  തന്ന്യാവും..  അല്ലേല്   വരണ  പെണ്ണുങ്ങളൊക്കെ   പെറാണ്ടിരിക്ക്യോ.  നല്ലോണം  പേറും  പെറപ്പും  ള്ള  കുടുമ്മത്തീന്നു  തന്ന്യാ     നുമ്മ  ബന്നെക്കണത്.  ന്റുമ്മ   പതിനാറാ  പെറ്റെക്കണത്. അറ്യോ  ങ്ങക്ക്  അതോണ്ട്  ന്നെ  ഈക്കാര്യത്തില്  കുറ്റം  പറഞ്ഞാ  മ്മള്  സമ്മയ്ക്കൂലാ."  ബീരാനിക്കാ  പിന്നെ  അധികം  തര്‍ക്കത്തിന്  മുതിരാറില്ല,  എങ്കിലും  ഒരു  കുഞ്ഞിക്കാലു  കാണാനുള്ള  കൊതി  ബീരാനിക്കാക്ക്  ഉള്ളതുപോലെ  തന്നെ  ഖദീസുവിന്റെ  ഉള്ളിലും  ഉണ്ട്.

ദിവസങ്ങള്‍  കൊഴിഞ്ഞടര്‍ന്നുകൊണ്ടിരുന്നു..  ഒരുദിവസം  ബീരാനിക്കാ   മീന്‍ കച്ചോടം  കഴിഞ്ഞു  വന്നത്  പനി  പിടിച്ചായിരുന്നു .  ഖദീസുവിന്റെ   നാടന്‍  ചികിത്സയില്‍  ഫലം  കാണാഞ്ഞതുകൊണ്ട്  അടുത്തുള്ള  ആശുപത്രിയില്‍  പോകേണ്ടിവന്നു..
 
" മൂത്രം  പരിശോധിക്കണം.  റിസള്‍ട്ടുമായിട്ട്  വന്നാല്‍  മരുന്ന്  കുറിച്ച്  തരാം"

ഡോക്ടര്‍  കൊടുത്ത  കുറിപ്പടിയുമായി  ബീരാനിക്കാ   തൊട്ടടുത്ത  ലബോറട്ടറിയില്‍   എത്തി . വെള്ള  കോട്ടിട്ട   പെണ്‍കുട്ടി  കൊടുത്ത  ചെറിയ  കുപ്പിയും  കൊണ്ട്  ബീരാനിക്കാ  മൂത്രപ്പുരയില്‍ കയറി  മൂത്രം  ശേഖരിച്ചു. മൂത്രക്കുപ്പികള്‍  നിരന്നിരിക്കുന്ന മേശപ്പുറത്ത്   ബീരാനിക്കാ   തന്‍റെ  കുപ്പിയും വെച്ചു    വരാന്തയില്‍ റിപ്പോര്‍ട്ടിനായി  കാത്തിരിക്കുന്ന   സ്ത്രീകളും  പുരുഷന്മാരും  കുട്ടികളും  അടങ്ങുന്ന സംഘത്തിലോരാളായി.  

"പേടിക്കാനൊന്നുമില്ല   ബീരാനിക്കാ..  ഇങ്ങള്  ഒരു  ബാപ്പയാവാന്‍  പോണ്."  വെള്ളക്കോട്ടിട്ട  പെണ്‍കുട്ടിയുടെ വാക്കുകളാണ്  ബീരാനിക്കയെ  മയക്കത്തില്‍  നിന്നുണര്‍ത്തിയത്.   കേട്ടത്  പാതി കേക്കാത്ത  പാതി "ന്‍റെ  പടച്ചോനേയ്"  ന്നും   വിളിച്ചു  തലയില്‍  കൈ  വെച്ചോണ്ട്  ബീരാനിക്കാ   പുരയിലെക്കോടി.  ആശുപത്രിയിലേക്ക്   പോയ  ബീരാനിക്കാ  വെടി കൊണ്ട  പന്നിയെ  പോലെ  ഓടി  വരുന്നത്  കണ്ടു  ഖദീജ  ബേജാറായി. കാര്യങ്ങള്‍  പറഞ്ഞപ്പോ  ഖദീജക്ക്   കലി  കയറി.

"ഇങ്ങള്   ദെന്ത്  പിരാന്ത്  ആണ്  പറയണ്‌.. ഇങ്ങടെ  മേത്ത്  സെയ്ത്താന്‍  കൂട്യാ? ആണുങ്ങക്ക്   ഗര്‍ഫോണ്ടാവ്വേ..  അതും  പത്തമ്പത്  ബയസ്സായ  ഇങ്ങക്ക്."   ഖദീജക്ക്  വിശ്വാസം   വന്നില്ല..

"ഡീ  ബലാലേ..  സത്യാണ്.. മൂത്രം  പരിസോദിച്ച  കുറിപ്പട്യാണ്     ന്‍റെ  കൈയില്.. ദാ  നോക്ക്.   ഓള്ക്ക്  വെര്‍തെ  പറയണ്ട  കാര്യന്താണ്."   അത്  ശരിയാണെന്ന്  ഖദീജക്കും   തോന്നി. മാത്രോല്ല..  ഇന്നാളൊരു ദിവസം ബീരാനിക്കാന്റെ  മീന്‍വട്ടി  വൃത്തിയാക്കുമ്പോ  അതിനടിയില്‍  കിടന്നിരുന്ന  പഴയ  പത്രക്കടലാസില്‍ പുറം രാജ്യത്തെവിടെയോ  ഒരു പുരുഷന്‍  ഗര്‍ഭം ധരിച്ചു  പ്രസവിച്ചെന്ന  കൌതുക വാര്‍ത്ത   തപ്പിത്തടഞ്ഞു   വായിച്ച കാര്യവും  ഖദീജ  ഓര്‍ത്തു.  ഏതായാലും  പ്രസവം  കഴിയുന്നതുവരെ   ഇക്കാര്യം    ആരെയും   അറിയിക്കെണ്ടെന്നു  ബീരാനിക്കായും  ബീവിയും  തീരുമാനിച്ചു. ഗര്‍ഭാവസ്ഥയിലും  ബീരാനിക്ക  ഉണക്ക മീന്‍  കച്ചോടം  നിര്‍ത്തിയില്ല. ഖദീജയാവട്ടെ  ബീരാനിക്കയെ    നന്നായി  പരിചരിച്ചു.  ഇഷ്ടം പോലെ മാങ്ങ തീറ്റിച്ചു.  മാങ്ങ  കാ‍ന്താരി മുളകും  കൂട്ടി  ചതച്ചത്,  മാങ്ങ  ചമ്മന്തി , മാങ്ങ  അച്ചാര്‍,  മാങ്ങക്കറി, ഉണക്കമീനും  മാങ്ങയും  കൂട്ടി വെച്ച  കൂട്ടാന്‍..  അങ്ങനെ  മാങ്ങ കൊണ്ടുള്ള  വിഭവങ്ങള്‍   തിന്നു  മടുത്തപ്പോള്‍  ബീരാനിക്ക  ഒരു ദിവസം  അരിശപ്പെട്ടു.

"ന്‍റെ ബീരാനിക്കാ..  ഗര്‍ഫോണ്ടായാല്‍   നല്ലോണം  മാങ്ങ  തിന്നണം.  ന്റുമ്മ   വയറ്റിലുണ്ടായാല്‍  പെറണ വരെ  ഓരോ  വട്ടി മാങ്ങ്യാ  തിന്നു  കേറ്റണത്."   ദിവസങ്ങളും  മാസങ്ങളും  കഴിഞ്ഞു.  ബീരാനിക്കാക്ക്  ഗര്‍ഭാലാസ്യം  ഒന്നും  തോന്നിയിരുന്നില്ല..  വയറും  വീര്‍ക്കുന്നില്ല..  അക്കാര്യം  ഒരു ദിവസം  ഖദീജയോടു  പറയുകയും  ചെയ്തു.

"ഞാനും അതാണ്‌  ആലോയ്ക്കണത്.. ഇതിപ്പോ  ഏഴാം  മാസായില്ലെ.. വയറു  തള്ളീല്ലല്ലോ  ഇത്രേം  ആയിട്ട്..  ന്റുമ്മാക്കൊക്കെ  ചണ്ടോട്ടി  പോലെയാ  വയറു  ബീര്‍ത്തീര്ന്നത്.  ങാ..  ചെലപ്പോ  ആണുങ്ങക്ക്  ബയറ്റിലുണ്ടായാ  ബയര്  ബീര്‍ക്കൂല്ലാരിക്കും.   ങ്ങള്  ബേജാറാവാണ്ടിരിക്കീന്‍  ന്നും." 

ദിവസങ്ങള്‍  പിന്നെയും  കടന്നുപോയി.. ബീരാനിക്കാടെ  ഗര്‍ഭം  ഒമ്പതാം  മാസത്തിലേക്ക്  കടന്നു. ഒരു ദിവസം  മീന്‍ വട്ടിയും  തലയില്‍  ചുമന്നു നടക്കുമ്പോള്‍   വയറിനു  വല്ലാത്തൊരു  അസ്വാസ്ഥ്യം.. രാവിലെ എഴുന്നേല്‍ക്കാന്‍  വൈകിയത്  കൊണ്ട്  പറമ്പില്‍  പോയിരുന്നില്ല..   ആളൊഴിഞ്ഞ  ഒരിടത്ത് എത്തിയപ്പോ  മീന്‍വട്ടി  ഇറക്കി  വെച്ച്    അടുത്തുള്ള  കുറ്റിക്കാട്ടിലേക്ക്  ബീരാനിക്കാ  കയറിപ്പോയി..  തണുത്ത  കാറ്റേറ്റു,  ബീഡിയും  വലിച്ചു   ഒരു മൂളിപ്പാട്ടുമായി  ബീരാനിക്കാ  മതിമറന്നു  കാര്യം  സാധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍  തൊട്ടു  പുറകില്‍  ഒരനക്കം..   ഞെട്ടിത്തിരിഞ്ഞു  നോക്കിയപ്പോ  വെളുത്തു  പഞ്ഞിക്കെട്ടുപോലെ  ഒരു മുയല്‍ക്കുട്ടി  ബീരാനിക്കാന്‍റെ   തൊട്ടടുത്തുന്നു  പാഞ്ഞു  പോവുന്നത്  കണ്ടു. താന്‍  ഗര്‍ഭണന്‍  ആണെന്ന  കാര്യം  ഓര്‍മ്മ വന്നപ്പോള്  ആ  ഓടിപ്പോവുന്നത്  തന്‍റെ  കുട്ടിയാണെന്ന്  ബീരാനിക്കാക്ക്  തോന്നി  ഉറക്കെ  വിളിച്ചു..

"കള്ള  ഹിമാറെ.. ജ്ജ്  എങ്ങടാണ്   ഓടണത്..  പഹയാ  ഞാന്‍  അന്‍റെ  ബാപ്പ്യാണ്.  ബാപ്പാന്നു  ഒന്ന്  ബിളിച്ചിട്ടു  പൊയ്ക്കൂടെ  അനക്ക്. "  അതുകേള്‍ക്കാന്‍  ആ പരിസരത്തൊന്നും   ആരുമുണ്ടായിരുന്നില്ല..

അന്നത്തെ  കച്ചോടം  മതിയാക്കി അപ്പൊ  തന്നെ   പുരയിലെത്തിയ  ബീരാനിക്കാ  താന്‍  പ്രസവിച്ച  വിവരവും കുട്ടി  ഓടിപ്പോയ വിവരവും  ബീവിയോടു  വിസ്തരിച്ചു  പറഞ്ഞു.  കാര്യമറിഞ്ഞപ്പോള്‍  ഖദീസുവിനും  സങ്കടായി. 'ന്നാലും  ഓന്‍  ഉമ്മാനെ  ഒന്ന്  കാണാണ്ട്  പോയല്ലാ' ..

"യ്യ്  സങ്കടപ്പെടണ്ട  ഖദീസൂ.. മ്മക്ക്  കുട്ട്യോളും  മക്കളും  ഒന്നും മാണ്ട. അനക്ക് ഞാനും  എനിക്ക്  ഇയ്യും  മതി. അല്ലേങ്കി  തന്നെ  കുട്ടീം  മക്കളും  ണ്ടായിട്ട്‌  കാര്യെന്താ.. ബയസ്സു  കാലത്ത്  മ്മളെ  നോക്കും  ന്നു  എന്താ  ഒറപ്പ്.  ഇപ്പൊ  തന്നെ  കണ്ടില്ലേ.. ഒമ്പത് മാസം  ചൊമന്നോണ്ട്  നടന്നിട്ട്  പുറത്തു വന്നപ്പോ  ബാപ്പാ ...  ന്നു  ഒന്ന്  ബിളിക്കാണ്ട്  ഓന്‍  ഓടിപ്പോയീല്ലേ.."

ഖദീജയുടെയും  ബീരാനിക്കയുടെയും  സങ്കടം  കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞപ്പോള്‍  മാറി.  എങ്കിലും   നമുക്കൊക്കെ  ഒരു സംശയം ഇപ്പോഴും ബാക്കി  നില്‍ക്കുന്നു,  ബീരാനിക്കാക്ക്  എങ്ങനെ  ഗര്‍ഭം  ഉണ്ടായി.  ??

മൂത്രം  പരിശോധിക്കാന്‍ ലബോറട്ടറിയില്‍  കൊടുത്ത  കുപ്പി അശ്രദ്ധ മൂലം  എങ്ങിനെയോ  മാറിപ്പോയതായിരുന്നു  ഈ പ്രശ്നങ്ങള്‍ക്കൊക്കെ   കാരണം.  ഏതോ ഒരു സ്ത്രീയുടെ  ഗര്‍ഭസ്ഥിരീകരണത്തിന് പരിശോധിക്കാന്‍    കൊടുത്ത  മൂത്ര പരിശോധന  റിപ്പോര്‍ട്ട്  ആയിരുന്നു  ബീരാനിക്കക്ക്  കിട്ടിയത്.  മനസ്സിന്‍റെ  തോന്നലുകളാണല്ലോ മനുഷ്യനെക്കൊണ്ട്  ഓരോന്ന്  ചെയ്യിപ്പിക്കുന്നത്..  ഒരു  കുഞ്ഞിനു  വേണ്ടി  കൊതിച്ചിരുന്ന  ബീരാനിക്ക  താന്‍  ബാപ്പയാവാന്‍  പോകുന്നെന്നു  കേട്ടപ്പോ    മറ്റൊന്നും  ആലോചിക്കാതിരുന്നതും   അതുകൊണ്ടാവും.

അതെന്തെങ്കിലുമാവട്ടെ..   ഇതൊരു  കഥ.  കഥയില്‍  ചോദ്യമില്ലാന്നു  പ്രത്യേകിച്ച്  പറയേണ്ടതില്ലല്ലോ..  ഹിഹി..



6 comments:

  1. കഥയില്‍ ചോദ്യമില്ലല്ലോ?
    അതോണ്ട്, നര്‍മ്മം നന്നായി എഴുതിയിട്ടുണ്ട്.......
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍.. നര്‍മ്മം മാത്രമേ ഞാനും ഉദ്ദ്യേശിച്ചുള്ളൂ ..

      Delete
  2. പത്മാ ഇതാണ് നർമ്മം, നർമ്മത്തിന്റെ മർമ്മം പത്മക്ക് പിടികിട്ടീക്ക്ണ്. പക്ഷെ ഞാൻ അതിശയിച്ച്പോയത് അതല്ല, ഈ ഭാഷ ഇത്ര അനായസമായി പത്മക്ക് എങ്ങിനെ കൈവശം വന്നു എന്നുള്ളതാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുകളിലെല്ലാം ഈ ശൈലിയാണ് അദ്ദേഹം ഉപയോഗിക്കാറ്. നന്നായിട്ടുണ്ട്, അവസാനം പത്മ മൂത്രം മാറിപ്പോയ കാര്യം പറഞ്ഞില്ലായിരുന്നുവെങ്കിലും വായനക്കർക്ക് അത് മനസ്സിലാവുകയും, ആസ്വദിക്കുകയും ചെയ്യുമായിരുന്നു. അഭിനന്ദനങ്ങൾ!!

    ReplyDelete
    Replies
    1. നര്‍മ്മമാണ് എനിക്ക് നന്നായി വഴങ്ങുക എന്ന് സുഹൃത്തുക്കളൊക്കെ പറയാറുണ്ട്‌. ഇതില്‍ ഉപയോഗിച്ച ഭാഷയില്‍ പ്രത്യേകിച്ച് ജ്ഞാനം ഒന്നുമില്ല. നാട്ടിലൊക്കെ ഇങ്ങനെ ചിലരുടെ സംസാരം കേട്ടിട്ടുണ്ട്.. ആ ഓര്‍മ്മയില്‍ തട്ടിക്കൂട്ടിയതാ ട്ടോ..

      ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം സര്‍. നന്ദി.

      Delete
  3. കഥയില്‍ ചോദ്യമില്ലാത്തോണ്ട് ഞാന്‍ ഒന്നും ചോദിക്കണില്ലേ :)

    ReplyDelete
  4. എനിക്കും ഇഷ്ടായി.. വായിച്ചു ചിരിച്ചു. ഇപ്പളാ കണ്ടേ.. ടൈറ്റിൽ കണ്ട് കൌതുകം തോന്നി വായിച്ചതാ

    ReplyDelete