Sunday 2 June 2013

'കുട്ടന്‍നായരുടെ കഥ, ഒരു കുടല്‍മാലയുടെയും..!!


കുട്ടന്‍ നായര്‍....,..
നാട്ടിലെ പേരുകേട്ട പ്രമാണി..
ചാവിനും അടിയന്തിരത്തിനും,  കല്യാണം നിശ്ചയിക്കാനും
നടത്തിക്കാനും മൂക്കുമുട്ടെ സദ്യ ഉണ്ണാനും,
ശേഷം വിശാലമായി ഏമ്പക്കം വിടാനും ഒക്കെ  ഈ കുട്ടന്‍ നായര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും..

കറുത്ത് കുറുകിയ കുട്ടന്‍ നായര്‍ നടന്നു വരുന്നത്  കണ്ടാല്‍ ഒരു ആനകുട്ടി നടന്നു വരുന്നത് പോലെ തോന്നും..
ഒറ്റ മുണ്ടും തോളില്‍ ഒരു തോര്‍ത്തും വേഷം..
കൈയ്യില്‍ സദാ സമയം  ഒരു മള്‍ട്ടി പര്‍പ്പസ്  കാലന്‍ കുട കാണാം.

(മള്‍ട്ടി പര്‍പ്പസ് എന്ന് ഉദ്ദേശിച്ചത്, നടക്കുമ്പോള്‍ വടിക്ക്
പകരം ഉപയോഗിക്കാം,  കുരച്ചോണ്ട് വരുന്ന പട്ടിയെ ഓടിക്കാം,)

നാട്ടില്‍ നടക്കുന്ന  എല്ലാ കാര്യങ്ങളിലും ഈ നായരുടെ ഇടപെടല്‍ ഉണ്ടായിരിക്കും..
ങാ...!!അതങ്ങനെ കിടക്കട്ടെ..!

നായര്‍ക്ക് മക്കള്‍ മൂന്ന്..
എല്ലാവരും വിദേശത്ത്..
ഇത്രയും വലിയ വീട്ടില്‍  കുട്ടന്‍ നായരും ഭാര്യ കല്യാണിയമ്മയും മാത്രം.  പൂത്ത കാശുണ്ട് നായരുടെ കൈയ്യില്‍..,..
പത്തു നൂറു പറക്കു കൃഷി., തെങ്ങിന്‍തോപ്പ്, റബ്ബര്‍ തോട്ടം, കോഴി ഫാം, നാലഞ്ചു കറവ പശുക്കള്‍..,.

പശുവിന്‍റെ കാര്യങ്ങള്‍ നോക്കാനും പാല് കച്ചവടത്തിനും
മാത്രമായി ഒരു വാല്യക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഇങ്ങനെ ഒക്കെ ആണെങ്കിലും  കുട്ടന്‍ നായരെ
ആര്‍ക്കും കണ്ണെടുത്താല്‍ കണ്ടുകൂടാ.. !!
കാരണം  ടിയാന്റെ പിശുക്ക് തന്നെ..
രഹസ്യമായി ചിലര്‍ 'പിശുക്കന്‍ നായര്‍', 'നക്കി നായര്‍'
എന്നൊക്കെ ഓമനപ്പേരില്‍ വിളിക്കും..

അറുത്ത കൈക്ക് ഉപ്പ് തേക്കില്ല..!!
തൊടിയില്‍ പണിയാന്‍ വരുന്ന കൂലിക്കാര്‍, വീണു കിടക്കുന്ന മാങ്ങയോ ഒരു തേങ്ങയോ എടുത്താല്‍  ഉടനെ പറയും..

 "ദേവ്വ്വോ..  അത് കൊണ്ടോണ്ട.,
 ഇവടെ കൂട്ടാന്‍ വെക്കാന്‍ ഒരു സാധനല്ല്യ.. ഇതോണ്ട് ഒരു സമ്മന്തി അരച്ചാല്‍ ഇന്നത്തെ കാര്യം കഴിച്ചു കൂട്ടാം.."

അത് കേള്‍ക്കുമ്പോള്‍, ദേവു എടുത്ത തേങ്ങയും അണ്ണാന്‍ കരണ്ടിയ മാങ്ങയും അവടെ തന്നെ ഇട്ടിട്ടു പറയും..

" ദാ കെടക്കണ് മൂത്താരെ.. നിക്കൊന്നും വേണ്ട..
കണ്ടപ്പോ കളയണ്ടാല്ലോ  ന്നു വിചാരിച്ചു എടുത്തുന്നെ ള്ളൂ..
ഇന്നലെ മ്മടെ ആളു ചന്തെന്നു കൊറേ കൂട്ടാന്‍ വെക്കാന്
മേടിചോണ്ട് വന്നിട്ടുണ്ട്.
തേങ്ങ ഇടാന്‍ പോയോടതൂന്നു അഞ്ചാറു തെങ്ങേം കിട്ടി..
മൂത്താരുക്കു ഇത്രയ്ക്കു ബുദ്ധിമുട്ടനെച്ചാ  നാളെ പണിക്ക് വരുമ്പോ
ഞാന്‍ അതീന്നു എന്തെങ്കിലും കൊണ്ടൊന്നു തരാം.
ഒന്നൂല്ല്യാചാലും ന്‍റെ വീട്ട്ള് മുരിങ്ങേണ്ട്.. അതെന്നെകിലും ഒരു പിടി എല  ഒടിചോണ്ട് വരാം "







ഈ ടൈപ്പ് ഉദാഹരണങ്ങള്‍ അവിടുത്തെ
പണിക്കാര്‍ക്ക് ഏറെയുണ്ട്  പറയാന്‍ ..
അവരതൊക്കെ  വടക്കന്‍ പാട്ടിലെ പാണനാര്‍ പാടി നടക്കണ പോലെ  ദേശം മുഴുവന്‍ എത്തിക്കുന്നുമുണ്ട്.
-അറ്റ്‌ ഫ്രീ ഓഫ് കോസ്റ്റ്‌..- ...

ഒരു മണ്ഡല കാലത്ത് അയ്യപ്പന്‍ വിളക്ക് കമ്മറ്റിക്കാര്‍
കുട്ടന്‍നായരുടെ വീട്ടില്‍പിരിവിനു പോയി..
നാട്ടില്‍ രണ്ടു ക്ഷേത്ര കമ്മറ്റിക്കാരുടെ  വകയായി അയ്യപ്പന്‍ വിളക്ക്നടത്താറുണ്ട്..

നമ്മുടെ കുട്ടന്‍നായര്‍ ,അവര്‍ ഓരോരുത്തരോടും  അവരുടെ ഗ്രേഡിന് അനുസരിച്ചുള്ള ക്ഷേമാന്വേഷണങ്ങള്‍ എല്ലാം നടത്തി..
അക്കാര്യത്തില്‍  പിശുക്കന്‍ നായര്‍  ഒരു പിശുക്കും കാണിക്കാറില്ല..

"ന്താടാ ഗോപ്യേ.. നന്റെ ചെക്കന് പണി വല്ലതും ആയ്വോ; /എവടെക്കെങ്കിലും ആട്ടി വിട്.. നാട്ടില്‍ കെടന്നു തെണ്ടി തിരിഞ്ഞു വഷളാവും..'

" രാമഷ്‌ണാ.. കേട്ട്യോള്‍ടെ  സൂക്കേട് ക്കെ  പ്പോ എങ്ങനിരിക്കുണൂ..
 ചെക്കന്‍ കാശൊക്കെ അയക്കണില്ല്യെ ?"

 കുറുപ്പശ്ശന്‍റെ   വൈദ്യം തന്ന്യല്ലേ ഇപ്പളും. ത്തിരി സമയം പിടിക്കും
 ന്നാലും ഭേദാവും."

"നീയെന്താണ്ടാ കുമാരാ മിണ്ടാണ്ട് നിക്കണ്..
നന്റെ മകള്ടെ കല്യാണാലോചന ഒക്കെ എന്തായി?
വല്ല്യ കൊമ്പിലൊന്നും പിടിക്കാന്‍ നോക്കണ്ട.. അതൊക്കെ പിന്നെ ബാധ്യത യാവും  കൊക്കിലോതുങ്ങണത്   കൊത്യാ  മതി.."


ഇങ്ങനെ പോകുന്നു കുശലാന്വേഷണങ്ങള്‍..,..  അവസാനം കമ്മറ്റിക്കാര്‍ വന്ന കാര്യം  അവതരിപ്പിക്കുന്നു..
"നമ്മടെ സേവാ സംഘത്തിലെ  അയ്യപ്പന്‍ വിളക്കാണ്‌   പതിമൂന്നാം തീയതി. നിങ്ങളെ പോലുള്ളൊരു സഹായിച്ചാലെ കാര്യങ്ങള് നടക്കൂ.."

"അയ്നെന്താ.. നടക്കട്ടെന്നു.. അതോക്ക്യല്ലേ വേണ്ടത്.. " ഇത്രേം പറഞ്ഞു നായര് അകത്തേക്ക് തല നീട്ടി നീട്ടി ഭാര്യയെ നീട്ടി വിളിക്കും " അമ്മ്വോ.. ആ ഉമ്മറ പടീടെ മോളില്  ഒരു പുസ്തകത്തിന്‍റെ എടേല്  കാശു വെച്ചിട്ടുണ്ട്.. അതുന്നു ഒരു നോട്ട് എടുത്തോണ്ട് വാ.."

നിമിഷങ്ങള്‍ക്കകം കല്യാണിയമ്മ ഭര്‍ത്താവിന്റെ കൈയ്യിലേക്ക് നോട്ട് ഏല്‍പ്പിച്ചു അകത്തേക്ക് വലിയും..

" നിങ്ങള് വരുംന്നറിയാം ..ന്നാ പത്തുര്‍പ്പ്യണ്ട്.. ഇന്നോ നാള്യോ മറ്റേ പാര്ട്ടീം  വരും.. അവര്‍ക്കും ഇതുപോലെ എന്തെങ്കിലും കൊടുക്കണ്ടേ.. പക്ഷഭേദം കാണിക്കാന്‍ പാടില്ല്യാലോ."

കമ്മറ്റിക്കാര്‍ വിഷണ്ണരായി  ഓരോരുത്തരുടെയും
മുഖങ്ങളിലേക്ക് മാറി മാറി നോക്കും..
എന്ത് ചെയ്യാന്‍..  വന്നു പോയില്ലേ..
തരാത്ത നായരോട് വിടാതെ ഇരക്ക്വ  എന്ന ചിന്തിച്ചു
അവസാന ശ്രമമായി  വന്നവര്‍ ഒന്നൂടി ചോദിക്കും..

"അയ്യോ  ഇതൊന്ടൊക്കെ എന്താ ചെയ്യ്വാ.. ഒരു വിളക്ക് കഴിഞ്ഞു വരണമെങ്കില്‍ എന്തോരം ചെലവുണ്ട് ന്നു അറിയില്ല്യെ.."

"അതിനിപ്പോ ഞാനെന്താ ചെയ്യ്വാ..!!
ഇവടത്തെ കാര്യങ്ങള് തന്നെ പരുങ്ങലിലാ..
പാടത്ത് ആള്‍ക്കാരു പണിയാനുണ്ട്..
വൈന്നേരം ആവുമ്പോ കൂലി കൊടുക്കാന്‍ എന്താ ചെയ്യ്വാ ന്നു വിചാരിച്ചിരിക്യാ ഞാന്‍..,.. എന്‍റെല്  ഇതേ ള്ളൂ..  വേണോങ്കി  മതി.."

വന്നവര്‍ അതും വാങ്ങി തമ്മില്‍ തമ്മില്‍ പിറുപിറുതൊണ്ട് പോവും..

"ഇത് വരെ നടന്നു നേരം കളഞ്ഞെന് പകരം വേറെ എന്തെങ്കിലും
 പണിക്ക് പോയാ മത്യാര്‍ന്നു. ഇയാള് ഇക്കണ്ട
മോതാലോക്കെ ണ്ടാക്കീട്ടു ചത്ത്‌ പോമ്പോ കൊണ്ടോവ്വോ  ആവോ.?
നക്കി നായര്."

കുട്ടന്‍ നായരുടെ ഏകദേശ രൂപം ഇപ്പൊ മനസ്സിലായി കാണുമല്ലോ.. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു..
പ്രായാധിക്യം നായരെ വേട്ടയാടാന്‍ തുടങ്ങി..
ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍  ഇത്യാദി വി. ഐ. പി.  അസുഖങ്ങള്‍ക്ക്
പുറമെ വാതവും കൂട്ടിനുണ്ട്..

കാലം കടന്നു പോകവേ   ഒരു ദിവസം കേട്ടു..
കുട്ടന്‍ നായരു മരിച്ചു.. രാവിലെ ഒമ്പത് മണിക്ക്..
മക്കള്‍ക്കൊക്കെ വിവരം കൊടുത്തിട്ടുണ്ട്‌..,.
ആരൊക്കെ എത്തും എന്നറിയില്ല്യ..
ബന്ധുക്കളും നാട്ടുകാരും  എത്തിക്കൊണ്ടിരിക്കുന്നു.
കൂടുതല്‍ സമയം വെക്കാന്‍ പാടില്ല്യാന്നു ചികില്‍ത്സിച്ച ഡോക്ടര്‍  പറഞ്ഞിട്ടുണ്ടത്രേ..
മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങവേ..
നോക്കിയിരിക്കെ നായരുടെ ശവ ശരീരം  വീര്‍ത്തു വീര്‍ത്തു വരുന്നു..!!

സംഗതി ഗുരുതരം ആണെന്ന് മനസ്സിലാക്കിയ അടുത്ത ബന്ധുക്കള്‍
ഡോക്ടറെ വിളിച്ചു കൊണ്ട് വരാന്‍ വണ്ടി അയച്ചു..
ഡോക്ടര്‍ വന്നു പരിശോധിച്ച് പറഞ്ഞു..
'ഇതിങ്ങനെ വെച്ചിരിക്കാന്‍ പറ്റില്ല..
ഓരോ നിമിഷം കഴിയുന്തോറും ശരീരം  വീര്‍ത്തു അവസാനം  പൊട്ടുന്ന അവസ്ഥയില്‍ എത്തും..
പിന്നെ സംസ്കാര ക്രിയകള്‍ തന്നെ വിഷമത്തില്‍ ആവും..
അതുകൊണ്ട്  വയറു കീറി കുടലും ബാക്കി സാമഗ്രഹികളും പുറത്തെടുക്കേണ്ടി വരും..!!
വേറെ വഴിയില്ലല്ലോ..!!

ഡോക്ടറുടെ നിര്‍ദേശ പ്രകാരം  മരിച്ച  കുട്ടന്‍ നായരുടെ
വയറു കീറേണ്ട ചുമതല  ചെമ്പന്‍ ചെറുമനില്‍ നിക്ഷിപ്തമായി..

നായരുടെ വീട്ടിലെ സ്ഥിരം പണിക്കാരനാണ്  ചെമ്പന്‍. ചെറുമന്‍.,.. അറുപതിനോടടുക്കുന്ന പ്രായം..

ചിതയോരുക്കാനായി തെക്കേ പുറത്തെ മാവ് വെട്ടുന്ന പണിയില്‍ 

വ്യാപൃതനായിരുന്ന ചെമ്പന്‍ വെട്ടു പണി മറ്റൊരാളെ ഏല്‍പ്പിച്ചു മരിച്ച 

കുട്ടന്‍ നായരുടെ വയറു കീറാന്‍ വന്നു..!!! ഡോക്റ്ററുടെ സാന്നിധ്യത്തില്‍ 

ചെമ്പന്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു.. 

നാട്ടിലെ പ്രമാണിയുടെ കുടല്‍മാല വലിച്ചൂരി ചെമ്പന്‍ നിവര്‍ന്നപ്പോള്‍, ആ 

മുഖത്ത് പ്രതിഫലിച്ച ഭാവം, ദുശ്ശാസനന്‍റെ കുടല്‍മാല കുത്തിയെടുത്ത 

ഭീമസേനന്റെ മുഖത്തെ രൌദ്ര ഭാവമായിരുന്നോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക...!!!



പുറത്തെടുത്ത കുടല്‍മാല ഒരു പ്ലാസ്റ്റിക്‌ ചാക്കിലാക്കി,
ചാക്കിന്റെ വായും നായരുടെ വയറും കൂട്ടിതുന്നി..

ഇപ്പോള്‍ നായരും , ആസ് വെല്‍ ആസ് കുടലും  സേഫ്‌. .

ഒരു വിധം എല്ലാവരും എത്തി..
നായരുടെ കുടലില്ലാത്ത ശവ ശരീരം  വഹിച്ചുള്ള വിലാപ യാത്ര പാട വരമ്പിലൂടെ രണ്ടു മൂന്നു കിലോമീറ്റര്‍ അപ്രത്തുള്ള തോട്ടുവക്കിലെ സ്മശനത്തിലേക്ക്  യാത്രയായി..
നേരത്തെ പറഞ്ഞു തീരുമാനിച്ചതിന്‍ പ്രകാരം
നായരുടെ കുടല്‍ ചാക്ക് ശിരസ്സാ  വഹിക്കുന്നതിനുള്ള  അവകാശം അത്  വലിചൂരിയ ചെമ്പന്‍ ചെറുമന് തന്നെ കിട്ടി.
പക്ഷെ ചെമ്പന് ഒരു കണ്ടീഷന്‍ ഉണ്ടായിരുന്നു..

കുടല്‍ചാക്ക് ചുമക്കണം എങ്കില്‍  വയറു നിറയെ കള്ള്‌ കുടിക്കണം എന്ന്..

അല്ലെങ്കിലും ബോധത്തോടെ ആര്‍ക്കെങ്കിലും
ഇങ്ങനത്തെ  കാര്യം ചെയ്യാന്‍ കഴിയ്വോ..?

 എത്രയാ വേണ്ടതെന്ന്   വെച്ചാ  വാങ്ങി കുടിച്ചിട്ട്  നീയീ ചാക്കും കൊണ്ട് തോട്ടുവക്കത്തെക്ക് എത്തണം' എന്നും പറഞ്ഞു
സംസ്കാര ചടങ്ങുകളുടെ മേല്‍നോട്ടം സ്വയം ഏറ്റെടുത്ത ചന്ദ്രന്‍ നായര്‍  കുറച്ചു കാശു ചെമ്പന്‍ ചെറുമനെ ഏല്‍പ്പിച്ചു  വിലാപയാത്രയില്‍ പങ്കാളിയായി..

വിലാപ യാത്ര തോട്ടുവക്കിലെ സ്മശാനത്തില്‍ എത്തി  ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും കുടല്‍മാലയെന്തിയ  ചെമ്പന്‍ എത്തിയില്ല..

സമയം വൈകി കൊണ്ടിരിക്കുന്നു..
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ മുറുമുറുക്കുന്നു..
ശവപറമ്പില്‍ കാത്തിരിക്കുന്നതിനും  ഒരു പരിധി ഇല്ലേ..
ചെമ്പനെ അന്വേഷിച്ചു രണ്ടു മൂന്നു പേരെ പറഞ്ഞു വിട്ടു..

ചെമ്പനെ അന്വേഷിച്ചു പോയവരെയും കാത്തു അര മണിക്കൂര്‍ കൂടി ഇരുന്നു.. കാണാതായപ്പോള്‍ തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ പിശുക്കന്‍ നായരുടെ  കുടല്‍ ഇല്ലാ ശരീരം വെച്ച ചിതക്ക് തീ കൊളുത്തി..

ചെമ്പനെ അന്വേഷിച്ചു പോയവരില്‍ ഒരാള്‍ ചെമ്പനെ കണ്ടെത്തി..

മൂക്ക് മുട്ടെ കള്ള്‌ കുടിച്ച ചെമ്പന്‍ ചാക്ക് കെട്ടുമായി
വരുന്ന വഴിക്ക് കാലു തെന്നി പാടത്തെ
 കഴായ്‌ കുണ്ടില്‍ വീണു കിടക്കുന്നു..!!
ചാക്കുകെട്ടിന്റെം ചെമ്പന്റെം മുകളിലൂടെ വെള്ളം ഒഴുകുന്നു..!!

ചെമ്പന്‍റെ വയറ്റിലും, കൂടെ കരുതിയ കുപ്പിയിലും
(കള്ള്‌)).),)  പാടത്തും  വെള്ളം വെള്ളം സര്‍വത്ര..!!!

അന്വേഷിച്ചു വന്നയാള്‍ എത്ര ശ്രമിച്ചിട്ടും ചെമ്പനെ  വെള്ളത്തില്‍ നിന്നും പൊക്കാന്‍ കഴിഞ്ഞില്ല..
ഒടുവില്‍  വെള്ളത്തില്‍ കിടക്കുന്ന കുടല്‍മാല ചാക്ക്  സ്മശാനത്തില്‍  എത്തിക്കാന്‍ ആ പാവം സ്വമേധയാ നിയോഗിക്കപ്പെട്ടു..
 കഴായ്‌ കുണ്ടില്‍ സുഖ സുഷുപ്തിയില്‍ കിടക്കുന്ന ചെമ്പനെ ഉപേക്ഷിച്ചു  മറ്റെയാള്‍  കുടല്‍ച്ചാക്കുമായ് പോയി..

കത്തി തീരാറായ ചിതയിലേക്ക് നനഞ്ഞു കുതിര്‍ന്ന കുടല്‍ചാക്ക് കെട്ടുകൂടി വലിചെരിഞ്ഞപ്പോള്‍  ജീവിതകാലം മുഴുവന്‍ പിശുക്കുമായി  ജീവിച്ച കുട്ടന്‍ നായരുടെ  ജീവിതത്തിനു അവിടെ തിരശ്ശീല വീഴുകയായിരുന്നു..!!


-പത്മശ്രീ നായര്‍




53 comments:

  1. കഥ നന്നായി... എഴുത്തിനോടും അനുഭവ ത്തിനോടും നീതിപുലര്‍ത്തി ഇത്തരം കുട്ടന്‍ നായര് ഇക്കാലത്ത് കുറവായിരിക്കും അല്ലേ ..എന്നാലും ഇല്ലാതില്ല വേറെ ഏതൊക്കെയോ പേരിലാണെന്ന് മാത്രം.. കഥ ക്കൊടുവില്‍ ഒരു തട്ടും മുട്ടും ....നന്നായി...ആശംസകള്‍ ....

    ReplyDelete
    Replies
    1. അതെ. താങ്കള്‍ പറഞ്ഞത് പോലെ കുട്ടന്‍ നായര്‍ ഇക്കാലത്തും ഉണ്ട്.. വേറെ പേരുകളില്‍ ആയിരിക്കും എന്ന് മാത്രം..

      വന്നതിലും വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.. പ്രോത്സാഹനങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. :)

      Delete
  2. അത്യാവശ്യം എഴുതാനും വായിക്കാനും അറിയാം..!! അത്രെന്നേ..!! ,അത് മാത്രമല്ല കേട്ടോ നന്നായി പറഞ്ഞു ഫലിപ്പിക്കാനും അറിയാം.
    വായന പിടിച്ചിരുത്തുന്ന ഒരു ശൈലി ഈ കഥ പറച്ചിലില്‍ ഉണ്ട് .ആകാംക്ഷയോടെ വായിച്ചു തീര്‍ന്ന ഒരു നല്ല കഥ, ഇത്രയും നല്ല കഥക്ക് അവസാനം കൊടുത്ത ഗുണപാഠം ഒരു കല്ല്‌ കടിയായി തോന്നുന്നു, അതിന്റെ സഹായം ഇല്ലാതെ തന്നെ കഥാ സന്തേശം വായനക്കാറിലേക്ക് എത്തിക്കാന്‍ കഥാ കാരിക്ക് കഴിഞ്ഞിട്ടുണ്ട്. വീണ്ടും കാണാം .

    ReplyDelete
    Replies
    1. //ഇത്രയും നല്ല കഥക്ക് അവസാനം കൊടുത്ത ഗുണപാഠം ഒരു കല്ല്‌ കടിയായി തോന്നുന്നു\\ നന്ദി.. ഇങ്ങിനെ തുറന്ന അഭിപ്രായം ആണ് പ്രതീക്ഷിക്കുന്നതും.. തുടക്കക്കാരിയാണ്.. അതിന്‍റെ ദോഷങ്ങള്‍ എല്ലാം ഉണ്ടാവും.. നേരെയാക്കാന്‍ ശ്രമിക്കുന്നതാണ്.. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടര്‍ന്നും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...

      ..ആശംസകള്‍ക്ക് വീണ്ടും നന്ദി..

      Delete
    2. ശ്രീ- ഫൈസല്‍ബാബുവിന്‍റെ നിര്‍ദേശപ്രകാരം 'ഗുണപാഠം' ഒഴിവാക്കിയതായി സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

      Delete
  3. നന്നയിട്ടുട് ...... തുടരുക
    ആശംസകൾ

    ReplyDelete
  4. കഥ പറയാനുള്ള ഓപ്പോളുടെ കഴിവിനെ പ്രശംസിക്കാതെ വയ്യാ..!!
    കുട്ടന്‍നായരുടെ ദഹനക്രിയ കഴിഞ്ഞപ്പോള്‍,മനസ്സില്‍ എന്തെന്നില്ലാത്ത ഒരു നൊമ്പരം.!!

    കുട്ടന്‍നായരോട് ഇഷ്ടം തോന്നുന്നു.

    ഒരു ഉഗ്രന്‍ കഥാപാത്രം.

    പിശുക്കന്മാരെയും, അറുത്ത കൈക്ക് ഉപ്പ്തേക്കാത്തവരെയും അക്കാകുക്കാക്ക് ദേഷ്യം തന്നെ..!!
    but, കുട്ടന്‍നായര്‍ .. മനസ്സില്‍ നിന്നും മായുന്നില്ല.

    ഓപ്പോള്‍ക്ക്‌ ഇനിയും നല്ല നല്ല കഥകളുമായി ഇവിടെ വായനക്കാരായ ഞങ്ങളെ ആനന്ദിപ്പിക്കാന്‍ കഴിയട്ടെ..!!

    എല്ലാ ആശംസകളും..!

    -അക്കാകുക്ക-

    ReplyDelete
    Replies
    1. മനസ്സാക്ഷി ഉള്ള ആര്‍ക്കായാലും വിഷമം തോന്നുന്ന കാര്യങ്ങള്‍ തന്നെയാണ്.

      പ്രചോദനങ്ങളുമായി അക്കാകുക്ക കൂടെ ഉണ്ടെങ്കില്‍ ഓപ്പോള്‍ ഇനിയും എഴുതും.. ആശംസകള്‍ക്ക് നന്ദി..

      Delete
  5. നന്നായിട്ടുണ്ട് കഥ
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി..

      Delete
  6. കഥ നന്നായി
    കുട്ടൻ നായരെ അവതരിപ്പിച്ചതും
    ഇക്കാലത്തും ഇമ്മാതിരി ആളുകളെ ..

    കിടിലൻ അവതരണം
    അസ്സലായി ചേച്ചി

    ആ അസുകത്തിനു ഒരു നാട്ടുപേരില്ലേ
    അത് ഞാൻ മറന്നു

    ReplyDelete
    Replies
    1. ഇടശ്ശേരീ.. ഇക്കാലത്തും ഉണ്ട് ഇതിനേക്കാള്‍ കൂടിയ വേന്ദ്രന്‍മാര്‍.. ഇത്തിരി മോഡേണ്‍ ആയിരിക്കും എന്ന് മാത്രം. ഏത് അസുഖത്തിന്‍റെ കാര്യമാണ് ഉദ്യേശിക്കുന്നത് ? :)

      ആശംസകള്‍ക്ക് നന്ദി.. വീണ്ടും വരിക..!!!

      Delete
  7. Nannaayittundu.... thudangi kadha theerunna vareyum manoharamaayi...

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ക്കും ആസംസകള്‍ക്കും നന്ദി.. ഒരുപാട് നന്ദി..

      Delete
  8. സംഗതി രസമായി തന്നെ പറഞ്ഞു.എന്നാലും ചില്ലറ അപാകതകള്‍ തോന്നി.ആകെ ഒന്ന് കൂടെ എഡിറ്റു ചെയ്തു ഭംഗിയാക്കാമായിരുന്നു.ഇത്രയും നന്നായി എഴുതാന്‍ കഴിവുള്ള ആള്‍ക്കു അതും സാധിക്കും.
    ഫോളോചെയ്യുവാനുള്ള ഗാഡ്ജെറ്റ് ഇടൂ.നല്ല പുതിയ എഴുത്തുകാരെ ഫോളോ ചെയ്യുക എന്നത് ഞങ്ങളുടെ അവകാശം അല്ലെ :) :)

    ReplyDelete
    Replies
    1. റോസാപ്പൂക്കള്‍ക്ക് നന്ദി..തീര്‍ത്തും തുടക്കക്കാരിയാണ്.. ഈ മേഖലയില്‍ എഴുതിയോ വായിച്ചോ പരിചയമില്ല.. അതിന്റെ അപാകതകള്‍ ശെരിക്കും ഉണ്ടാകും. നിങ്ങളെ പോലുള്ള നല്ല എഴുത്തുകാരുടെ സഹകരണവും വിമര്‍ശനങ്ങളും ഉണ്ടെങ്കില്‍ നന്നാക്കി എടുക്കാന്‍ സാധിക്കും എന്നാണെന്റെ വിശ്വാസം.

      ..സ്നേഹത്തോടെ...

      Delete
  9. വലിയ ആശംസ ഒന്ന് ചെറിയ ആശംസ 3..!


    കഥയ്ക്കാണ് വലിയ ആശംസ..!
    ചെറിയ ആശംസകള്‍ കഥയുടെപ്ലോട്ട്, ഭാഷ, അനായാസ ശൈലി എന്നിവയ്ക്ക്..

    ReplyDelete
    Replies
    1. അമ്പലത്തില്‍ വെടിവഴിപാടിന് ചീട്ട് എഴുതിക്കുന്ന പോലെ.. ചെറിയതും വലിയതും ആയ ആശംസകള്‍ക്ക് നന്ദി..

      Delete
  10. ഈ വക മുതലുകള്‍ എല്ലാ നാട്ടിലും ഉണ്ടാകും ല്ലേ ... :) ഈ കുട്ടന്‍ നായരുടെ ഒരു കോപ്പി എന്റെ നാട്ടിലും ഉണ്ട് ... എന്തായാലും കഥ നന്ന്നായി എഴുതീട്ടോ... ആശംസകള്‍......

    ReplyDelete
    Replies
    1. ഷലീര്‍..,.. എല്ലാ നാട്ടിലും കാണാതിരിക്കില്ല.. ആശംസകള്‍ക്ക് നന്ദി.. വീണ്ടും കാണാം..

      Delete
  11. ആഹാ... കഥയും ചിത്രങ്ങളും വളരെ നന്നായി... പിന്നെ english വാക്കുകള്‍ ഒഴിവാക്കിയാലും കുഴപ്പമില്ലായിരുന്നു എന്ന് തോന്നി... :)

    ReplyDelete
    Replies
    1. അനില്‍ജീ.. പറഞ്ഞപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. തുടക്കം അല്ലെ. ഇനി ശ്രദ്ധിച്ചോളാം.. വന്നതിലും വായിച്ചതിലും ആസംസകള്‍ക്കും ഒരുപാട് നന്ദി..

      Delete
  12. കുട്ടൻ നായര് അകത്തേക്ക് നോക്കി എടീ മങ്കെ എന്നല്ലല്ലോ വിളിച്ചത്...?
    ലുബ്ധൻ നായരുടെ കഥ കൊള്ളാം

    ReplyDelete
    Replies
    1. ഹഹഹ.. അമ്മ്വോ എന്ന് തന്നെയാ വിളിച്ചത്.. കല്യാണിയമ്മ പിന്നീടത് പറഞ്ഞു കരയുന്നുണ്ടായിരുന്നു.. :) നന്ദി..

      Delete
  13. നല്ല ഒഴുക്കുള്ള കഥ. കുട്ടൻ നായരും ചെമ്പനും കഥാവശേഷർ ആയി

    ReplyDelete
    Replies
    1. നിധീഷ്‌....,.. അതെ.. രണ്ടു പേരും കഥാവശേഷരായി.. ചെമ്പനെ കുറിച്ചും ഉണ്ട് ഒരുപാട് രസകരമായ കഥകള്‍.., പറയാം പിന്നീടൊരിക്കല്‍....

      Delete
  14. ചേച്ചിയുടെ രീതി എനിക്ക് അല്യ ഇഷ്ടമാണ്.പക്ഷെ ഈ കഥ അത്ര ഇഷ്ടമായില്ല.എന്റെ കുഴപ്പമാകാം

    ReplyDelete
    Replies
    1. രൂപേഷ്‌.. ,. അതിനെന്താ.. എല്ലാവര്‍ക്കും ഇഷ്ട്ടമാവണം എന്നില്ലല്ലോ..ഏതായാലും അവതരണ രീതി ഇഷ്ട്ടമായില്ലേ.. സന്തോഷം..

      Delete
  15. നര്‍മം എഴുതുന്ന ബ്ലോഗര്‍മാര്‍ വളരെ കുറവാണ്
    അതിലും സ്ത്രീകള്‍ വളരെ വളരെ കുറവ്
    രണ്ടുമൂന്ന് വര്‍ഷങ്ങള്‍ മുമ്പുവരെ മൂന്നുനാല് പേരുണ്ടായിരുന്നു. എന്നാല്‍ അവരെല്ലാവരും തന്നെ ബ്ലോഗ് ഉപേക്ഷിച്ച് പോയി.

    ഇനിയും അധികമെഴുതുക
    ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിലും വായിച്ചതിലും ആശംസ അറിയിച്ചതിലും ഒരുപാട് നന്ദി..
      നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രചോദനവുമാണ് എന്റെ ഊര്‍ജ്ജം.. എഴുതാന്‍ ശ്രമിക്കാം..

      Delete
  16. വംശനാശം വന്നുകൊണ്ടിരിക്കുന്ന ശൈലിയും നല്ല കഥയ്ക്കും.. അപവാദം.രസകരമായിരിക്കുന്നു.

    ReplyDelete
    Replies
    1. കഥ ഇഷ്ട്ടപെട്ടെന്നരിഞ്ഞതില്‍ സന്തോഷം.. നന്ദി.

      Delete
  17. കുട്ടൻ നായർ എന്ന കഥാപാത്രത്തിന്റെ രൂപവും ഭാവവും വായനക്കാരുടെ മനസ്സിൽ പതിയും വിധം അവതരിപ്പിക്കാൻ കഴിഞ്ഞു. ഒടുവിൽ അയാളുടെ ദുര്യോഗത്തിലൂടെ ഒരു സന്ദേശവും.

    ReplyDelete
    Replies
    1. ഞാന്‍ ഒരു എഴുത്തുകാരി അല്ല.. ഈ കഥ എന്റെ ആദ്യ സംരംഭം ആണ്. നിങ്ങളുടെയെല്ലാം അഭിപ്രായം കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ട്.. ആശംസകള്‍ക്ക് നന്ദി.

      Delete
  18. കലക്കീലോ.... മ്മടെ മൂത്താരും ഇമ്മ്ബിടിചാരും.... ഞങ്ങളുടെ നാട്ടിലെ ഭാഷയില്‍ തന്നെ ഒരു കഥ കണ്ടപ്പോള്‍ അതിലേറെ സന്തോഷം... എഴുത്ത് അനസ്യൂതം തുടരുക... ഭാവുകങ്ങള്‍...

    ReplyDelete
    Replies
    1. ഞങ്ങളുടെ നാട്ടിലെ ഭാഷ എന്ന് പറയണ്ട.. നമ്മുടെ നാട്ടിലെ ഭാഷ എന്ന് തിരുത്തിയെ മതിയാവൂ.. കാരണം ഞാനും പാലക്കട്ടുകാരി തന്നെ.. മൂത്താരും ഇമ്ബ്ടിചാരും അമ്മ്രാളും ഒക്കെ ഞങ്ങടവടെം ണ്ട്.. ഈ വഴിക്ക് പോമ്പോ ഇങ്ങട് ഒന്ന് തിരിഞ്ഞു നോക്കിക്കോളൂ ട്ടോ.. നന്ദി..

      Delete
  19. നന്നായിരിക്കുന്നു .. ഇനിയും എഴുതുക ... എല്ലാ ഭാവുകങ്ങളും നേരുന്നു ...

    ReplyDelete
    Replies
    1. വന്നതിലും വായിച്ചതിലും സന്തോഷം.. ആശംസകള്‍ക്ക് നൂറായിരം നന്ദി.

      Delete
  20. രാവിലെ തന്നെ വായിച്ചിരുന്നു,എനിക്കിഷ്ടായി,അഭിപ്രായം പറയാന്‍ മാത്രം വലിയ കഴിവൊന്നും ഇല്ലാത്തോണ്ട് ഒരു പുഞ്ചിരിയില്‍ ഒതുക്കുന്നു.....:)

    ReplyDelete
    Replies
    1. ഹഹഹഹ.. ഈ പുഞ്ചിരി കൊണ്ട് തന്നെ ഒരുപാട് പറഞ്ഞല്ലോ.. ഇതൊരു നിസ്സാര കഴിവല്ലല്ലോ റാഫീ..

      Delete
  21. വളരെ നല്ല അവതരണം.. CLIMAX കുറച്ചുകൂടെ "വലുത്" പ്രതീക്ഷിച്ചു.. FOR EXAMPLE : ആ കുടൽമാല ശവപറമ്പിൽ എത്താതെ ഒരുകൂട്ടം പട്ടികളുടെ വായിലെത്തി അവർ അതിനുവേണ്ടി തമ്മിൽ കടിപിടി കൂടി പരസ്പരം വെറുത്ത് .. (അപ്പോൾ ആ നക്കി നായരുടെ ജീവിതം സാഫല്യം അടഞ്ഞേനെ .... ചത്തിട്ടും പട്ടികളെ പോലും വെറുതെ വിടാതെ ) ...

    പക്ഷെ അല്ലാതെയും വളരെ നന്നായി..:)

    ReplyDelete
    Replies
    1. ക്ല്യ്മാക്സ് അങ്ങനേം ആക്കാമായിരുന്നു.. പക്ഷെ അതല്പ്പം ക്രൂരത ആവില്ലേ..
      നന്ദി..

      Delete
  22. ശ്യാം കാനാടന്‍10 June 2013 at 09:34

    വായിച്ചു കഴിഞ്ഞപ്പോള്‍ നാട്ടിന്‍ പുറത്തെ പിശുക്കനായ കാരണവരുടെ വ്യക്തമായ രൂപം തെളിഞ്ഞു വന്നു. തികച്ചും ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചു; ആകാംഷ നിലനിര്‍ത്താനും കഴിഞ്ഞു .തുടര്‍ന്നും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു....അഭിനന്ദനങള്‍....

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനും ആശംസകള്‍ക്കും പിന്നെ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി..

      Delete

  23. കഥ നന്നായി ..
    .ഭാവുകങ്ങൾ

    ReplyDelete
  24. ...ശെരിക്കും കുട്ടന്‍നായര്‍ ഇന്നിന്‍റെ പ്രതീകം തന്നെ ....നന്മയുള്ളവര്‍ കഴിഞ്ഞു പോയാല്‍ അവരുടെ നന്മ മറ്റുള്ളവര്‍ സുഖത്തോടെ അനുഭവിക്കും എന്നാല്‍ കുട്ടന്‍ നായരുമാര്‍ കഴിഞ്ഞുപോയാലും അവരുടെ പ്രവൃത്തികള്‍ ചീഞ്ഞ അവശിഷ്ടം പോലെ അനുഭവിപ്പിക്കാന്‍ ബാക്കിയാക്കിയിട്ടായിരിക്കും അവര്‍ കടന്നു പോകുന്നത് ...ശ്രീയെ ആശംസകള്‍ വ്യത്യസ്തമായ കഥപറച്ചില്‍ .....

    ReplyDelete
  25. ചേച്ചീ നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ഓരോ കഥാപാത്രത്തിനും മുഖമുണ്ടായിരുന്നു വായിക്കുമ്പോൾ. കേട്ടു ശീലമുള്ള പാലക്കാടൻ സ്ലാങ്ങും..

    കഥയുടെ അവസാനം അത്ര സുഖം തന്നില്ലാട്ടോ.. (അതുവരെ എല്ലാം വിഷ്വലൈസ് ചെയ്യാൻ രസമുണ്ടായിരുന്നു )

    ReplyDelete
  26. slang kollam...., vishayavum kollam.....
    kadhaa kdhanam thala thericha enikku yojikkathathu pole thonni, kshemikkuka.
    vishayangal manasil nirayumpol.. athozhuki ozhukidumpol...
    thadasamaya vellaram kallukale (athallathathum)
    kadannu kadannu munnottu pokumpol...
    chennethunna masmarika lokathil
    thantethaaya adayalangal undavanam.
    athoru swapnam koodiyanu enteyum..
    karanam vayana tharunna sukathil njaan ahambhavikkunnu

    ReplyDelete
  27. ഈ കുട്ടന്‍ നായര്‍ ക്രൂരനായപിശുക്കനല്ല വെറും പിശുക്കനാണ് അതുകൊണ്ടായിരിക്കാം വായിച്ചു അവസാനിക്കുമ്പോള്‍ ചെറിയൊരു വിഷമം
    എനിക്കിഷ്ട്ടപെട്ടു

    ReplyDelete
  28. എന്തെ ഞാൻ ഇതു നേരത്തെ കാണാഞത് നല്ല കഥ
    എനിക്കിഷ്ട്ടപെട്ടു

    ReplyDelete
  29. പൂര്‍ണ്ണതയില്‍ ഒരു പാത്രസൃഷ്ടി. കുട്ടന്‍ നായര്‍ മനസ്സില്‍ പതിഞ്ഞു.
    ആയകാലത്ത് ആര്‍ക്കും ഒരുപകാരവും ചെയ്തുമില്ല, മരണശേഷം നാട്ടുകാര്‍ക്കൊക്കെ ഒരു മാരണവുമായി.
    ചില ജന്മങ്ങള്‍ അങ്ങനെയാണ്‌!

    ReplyDelete