Monday 12 May 2014

സ്വവര്‍ഗനിര്‍വേദം..!!ബാറിലെ അരണ്ട വെളിച്ചത്തില്‍ ബെയററോടു  ഒരു ലാര്‍ജ്ജിനു കൂടി ഓര്‍ഡര്‍ കൊടുത്ത്, നന്ദകുമാര്‍ കൈത്തലത്തില്‍ മുഖം താങ്ങി ഇരുന്നു.. എ. സി. യുടെ തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു..  എതിരെ ഇരുന്ന സുഹൃത്ത്‌ രാജീവ്‌ മെല്ലെ  നന്ദന്റെ തോളില്‍ പിടിച്ചുലച്ചു..

"എന്താടാത് ..  ഇനി വേണ്ട. ഇപ്പൊ തന്നെ കൂടുതലായി."

നന്ദന്‍ രാജീവിനെ നോക്കി  വിളറി ചിരിച്ചു.

"ഉം.  പോകാം. ദാ  ഇതൂടി."

ബെയറര്‍ കൊണ്ടുവെച്ച  മദ്യം വലിച്ചു കുടിച്ചു കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തി തുടച്ചു നന്ദകുമാര്‍ എഴുന്നേറ്റു.. ബില്ല് പേ ചെയ്തു, ബാക്കി വാങ്ങാന്‍ കാത്തുനില്‍ക്കാതെ അയാള്‍ വിറയ്ക്കുന്ന കാലുകളെ വലിച്ചിഴച്ചു ബാറിനു പുറത്തു കടന്നു..

"ഈ കണ്ടീഷനില്‍ നീ ഡ്രൈവ് ചെയ്യണ്ട.. കേറ്‌  ഞാന്‍ ഡ്രോപ്പ് ചെയ്യാം."

നന്ദകുമാര്‍ പിന്‍സീറ്റില്‍ ചാരിക്കിടന്നു മയങ്ങി. അയാളുടെ മനസ്സ് പ്രക്ഷുബ്ധമായൊരു കടലാണെന്ന്  മുഖത്ത് നിന്നും വായിച്ചെടുക്കാം.  ആറു വര്‍ഷമായി ഒരേ ഹോസ്പിറ്റലില്‍  ജോലി ചെയ്യുന്നു..  ആരെയും മുഷിപ്പിക്കാതെ, കൃത്യമായ അകലത്തില്‍ കോര്‍ത്തിണക്കിയ സൗഹൃദങ്ങളാണ് നന്ദന് അധികവും.. പക്ഷെ തന്നോട് മാത്രം എന്തോ ഒരു പ്രത്യേക സ്നേഹമാണ്.. തനിക്കും അതുപോലെ തന്നെ. ഒഴിവു സമയങ്ങളില്‍ പരസ്പരം മനസ്സ് തുറക്കും..  പക്ഷെ മൂന്നാല് മാസമായി നന്ദനില്‍ മാറ്റങ്ങള്‍ കാണുന്നു..  എല്ലാവരില്‍ നിന്നും അകന്നുമാറി  തന്നിലേക്ക് തന്നെ ചുരുണ്ട് കൂടുന്നു.  മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ നിന്ന് നേരെ ബാറിലേക്ക്..  ഇതിങ്ങനെ വിടാന്‍ പറ്റില്ല..  നന്ദന്‍ തനിക്ക് വെറുമൊരു സുഹൃത്തല്ല..  അവന്റെയീ പോക്ക് അപകടത്തിലേക്കാണ്.. അവനെ രക്ഷിക്കാനുള്ള ബാദ്ധ്യത ഒരാത്മാര്‍ത്ഥ സുഹൃത്ത്‌ എന്ന നിലക്ക് തനിക്കുണ്ട്..

കാര്‍ വളവു തിരിഞ്ഞു  പൂമാര്‍ക്കറ്റിലേക്കുള്ള വഴിയിലൂടെ നീങ്ങി.. മുല്ലപ്പൂവിന്റെയും ചെമ്പകത്തിന്‍റെയും മാദക ഗന്ധം മൂക്കിലേക്കിരച്ചു കയറിയപ്പോള്‍ നന്ദന്‍ പിടഞ്ഞെഴുന്നേറ്റു..

"നിര്‍ത്തു.. വണ്ടി നിര്‍ത്തു." ഓ..!! ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട് അല്ലേ?.. ഗുഡ്.. യെസ്.. ഐ വില്‍ സ്റ്റോപ്പ്‌.

കാര്‍ ഒരു പൂക്കടയുടെ ഓരം ചേര്‍ന്ന് നിന്നു.. നന്ദന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.. വാഴയിലയില്‍ പൊതിഞ്ഞ കുടമുല്ലപൂവുമായി  തിരിച്ചു വന്നു..

"ഉം.. പോവാം. "

രാജീവിന്‍റെ മുഖത്തിപ്പോള്‍ മരുന്നിന് കുറിപ്പടിയെഴുതിക്കഴിഞ്ഞ ഒരു ഡോക്ടറുടെ ഭാവം., 'എങ്ങിനെ ഡീല്‍ ചെയ്യണമെന്ന് ഇനിയും ഞാന്‍ പ്രത്യേകം ആവര്‍ത്തിക്കെണ്ടതില്ലല്ലോ.. അല്ലേ?..

മറുപടി ഒരു വിളറിയ ചിരിയിലൊതുക്കി.

.നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട്  ഹോം നേഴ്സ്  നാന്‍സി  വന്ന് ഗേറ്റ് തുറന്നു.. അവളെ കണ്ടതേ  പെരുവിരല്‍ തൊട്ട് പെരുപ്പ് കേറാന്‍ തുടങ്ങിയത് പൊട്ടിത്തെറിയാവാതിരിക്കാന്‍  നന്ദന്‍ നന്നേ പണിപ്പെട്ടു..

"ഗുഡ് നൈറ്റ്‌ രാജീവ്‌..  നാളെ കാണാം.. ബൈ "

ബെഡ് റൂമിലെത്തി, പതിവുപോലെ മുല്ലപ്പൂ ശ്യാമയെ ഏല്‍പ്പിച്ചു. മുറിയിലാകെ വിലകൂടിയ സെന്റിന്റെ മനം മടുപ്പിക്കുന്ന മണം. ശ്യാമയുടെ മുഖത്തും അസഹ്യത നിഴലിച്ചു.

"നാന്‍സീ  ഇത് പൂജാമുറിയിലെക്ക്  വെക്കൂ."

ശ്യാമയുടെ കൈയ്യില്‍ നിന്ന് മുല്ലപ്പൂവുമായി മുറിക്കു പുറത്തിറങ്ങുമ്പോള്‍ നാന്‍സിയുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി  വിടര്‍ന്നത് നന്ദന്‍ അരിശത്തോടെ  തട്ടിത്തെറിപ്പിച്ചു..

"നന്ദന്‍ ഫുഡ്‌ കഴിച്ചോ? ഡൈനിങ്ങ്‌ ടേബിളില്‍ എല്ലാം എടുത്തു വെച്ചിട്ടുണ്ട്. എനിക്കുറക്കം വരുന്നു.. വല്ലാത്ത ക്ഷീണം. "

നന്ദന് പുതുമയൊന്നും തോന്നിയില്ല.. ഈ പതിവ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങള്‍ ആയിരിക്കുന്നു.  കൂമ്പിയ താമരമൊട്ടു പോലെ, വിരല്‍ നുണഞ്ഞുറങ്ങുന്ന  ഒന്നര വയസ്സുകാരി അമ്മൂട്ടിയുടെ നെറ്റിയില്‍ വാത്സല്യത്തോടെ അമര്‍ത്തി ചുംബിച്ചിട്ടു നന്ദന്‍ മുറിക്കു പുറത്തിറങ്ങുമ്പോള്‍  ഹോം നഴ്സ് നാന്‍സി , താന്‍ ശ്യാമക്ക്  വാങ്ങിക്കൊടുത്ത അവള്‍ക്കിഷ്ട്ടപ്പെട്ട റോസ് നിറമുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ചു മുറിക്കകത്ത് കയറി വാതിലടച്ചു.

തപിക്കുന്ന മനസ്സുമായി നന്ദന്‍ സ്വന്തം മുറിയിലെത്തി കട്ടിലിലേക്ക് വീണു. അശാന്തിയുടെ മഴക്കാറുകള്‍ മനസ്സിലുരുണ്ടുകൂടി പെയ്യാന്‍ വിതുമ്പി നില്‍ക്കുന്നതിനിടയില്‍   ജാലകപ്പഴുതിലൂടെ മിന്നല്‍പ്പിണരുകള്‍ തിക്കിത്തിരക്കി കയറി വരുന്നു. മനസ്സിലെ കടുത്ത വേനലില്‍, വരണ്ടുണങ്ങിയ ആശകളില്‍ ശുഭപ്രതീക്ഷകളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കാന്‍, ഈ പുതുമഴത്തുള്ളികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍.. ഘോരമായ ഇടിമുഴക്കത്തിന്റെ അവസാന ഇരമ്പത്തില്‍  പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു.. വേനല്‍ മഴയ്ക്ക് ഇടിമിന്നലുകളുടെ അകമ്പടി എന്തിനാവാം ?   അതെ.. കാലം തെറ്റി പെയ്യുന്ന മഴയും ഗതി മാറിയൊഴുകുന്ന മനസ്സും  ഇടിമിന്നലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കണം.. അതൊരു അനിവാര്യമായ നിയോഗമാവാം..

ചിന്തകളുടെ വേലിയേറ്റത്തില്‍, നഷ്ട്ടങ്ങളുടെ ചാകരക്കൊയ്ത്തിന്‍റെ വിളവെടുക്കാന്‍, തകര്‍ത്തു പെയ്യുന്ന മഴയുടെ സാരഥ്യം സ്വീകരിക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു.. ദീര്‍ഘ നിശ്വാസത്തിനു ശേഷം പുതുമഴയെ പുണര്‍ന്ന മണ്ണിന്‍റെ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്തന്നെ
നന്ദന്‍  എഴുന്നേറ്റു ഫോണെടുത്തു അമ്മയെ വിളിച്ചു..  മനസ്സ് ചുട്ടു പഴുക്കുമ്പോള്‍  ഒരു കുളിര്‍മഴയായി പെയ്തിറങ്ങാന്‍  എന്നും അമ്മയുടെ  വാക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്..

"നീയിനീം  ഒറങ്ങീല്ല്യെ കുട്ട്യേ.. ന്തേ  ഈ നേരത്ത്."

"ഹേയ് ഒന്നൂല്ല്യാ.. അമ്മേടെ ശബ്ദം കേക്കാന്‍ തോന്നി.. വിളിച്ചു. അത്രേള്ളൂ"

"നെനക്ക്  ലീവ് കിട്ട്വെങ്കില്  ശ്യാമേം അമ്മൂട്ടീം  കൂട്ടീട്ടു  വാ.. ശ്ശി  ദിവസായി  ന്‍റെ കുട്ട്യോളെ കണ്ടിട്ട്."

ഉം.  വരാമ്മേ.. അമ്മക്ക് സുഖല്ലേ.

"ങാ.. നിക്കൊരു ബുദ്ധിമുട്ടൂം ല്ല്യാടാ.. ന്നാ നീ കെടന്നൊറങ്ങിക്കോ..  ങാ  പിന്നെ കുളി കഴിഞ്ഞു നെറുകില് രാസ്നാദി പൊടി തിരുമ്മാന്‍ മറക്കണ്ടാ ട്ടോ.  വെയര്‍പ്പും തണുപ്പും നെനക്ക് പണ്ടേ  ചേരില്ല്യ.  കാച്ച്യെ എണ്ണയെ തേക്കാവൂ.. അലോപ്പതി ഡോക്ടറായ തന്നോട് അമ്മയുടെ ആയുര്‍വേദസിദ്ധാന്തങ്ങളുടെ വാത്സല്യത്തില്‍പ്പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍...

ശ്യാമ്യോടും പറയ്‌.  ചീരാപ്പ്‌ പിടിച്ചാ വല്ല്യ കഷ്ട്ടാ.. മൊല കുടിക്കണതോണ്ടു അമ്മൂട്ടിക്കും വയ്യാണ്ടാവും. "

ഹും.  ശ്യാമ..  പറയാന്‍ തികട്ടി വന്ന വാക്കുകളെ  തൊണ്ടക്കുഴിയില്‍ വെച്ച് തന്നെ ഞെരിച്ചു കൊന്നു.  വേണ്ട.. അമ്മയൊന്നും അറിയണ്ട..  സംഭാഷണം നിര്‍ത്തി കിടക്കയിലേക്ക് വീഴുമ്പോള്‍, പെയ്തൊഴിഞ്ഞ മഴയ്ക്ക് പിന്നാലെ   തത്തിക്കളിചെത്തിയ  ഇളം കാറ്റിനു മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നില്‍  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന തീവെട്ടിപ്പന്തത്തില്‍ നിന്നുയരുന്ന പുകയുടെയും, കര്‍പ്പൂരം കത്തിയമര്‍ന്ന ഭസ്മത്തിന്‍റെയും, കൃഷ്ണതുളസിയുടെയുമൊക്കെ  കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു. മദ്യലഹരി മസ്തിഷ്കത്തെയും ശരീരത്തെയും തളര്‍ത്തിക്കിടത്തിയപ്പോള്‍ നന്ദന്റെ മനസ്സ് ലഹരിക്ക് പിടി കൊടുക്കാതെ വര്‍ഷങ്ങള്‍ പുറകിലേക്ക് കുതറിയോടുകയായിരുന്നു.

നാട്ടിന്‍പുറത്തെ നന്മകള്‍  ആവോളം  ആസ്വദിച്ചാണ് നന്ദകുമാര്‍ വളര്‍ന്നത്‌.. നാഗക്കാവും നടുമുറ്റവും നിറയെ ആളുകളുമുള്ള കൂട്ടുകുടുംബം.. പുല്ലാനിക്കാട്ട് തറവാട്.  അമ്പലക്കുളവും ആല്‍ത്തറയും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,  ഹൃദയം തുറന്നു സ്നേഹിക്കുന്ന കുറെ   കൂട്ടുകാരും നന്ദന്റെ സ്വന്തമായിരുന്നു. അമ്പലത്തിലെ ഉത്സവത്തിനു തിടമ്പേറ്റിയ ഗജവീരന്റെ മുന്നില്‍  ആളിക്കത്തുന്ന തീവെട്ടിയില്‍ നിന്നുയരുന്ന പുകയുടെ ഗന്ധവും,  ചുറ്റമ്പലത്തിലെ  ചിരാതുകളില്‍ നിന്നുയരുന്ന  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന ദീപനാളത്തിന്‍റെ ഗന്ധവും  എന്തുകൊണ്ടോ നന്ദനെന്നും പ്രിയമേറിയതായിരുന്നു.    മെഡിക്കല്‍കോളേജ്‌ വിദ്യാഭ്യാസത്തിനായി തിരക്കേറിയ നഗരത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍  ഹൃദയം പിടഞ്ഞത് കുറച്ചൊന്നുമായിരുന്നില്ല.  പിറ്റത്തെ ആഴ്ച തന്നെ ബാഗും തൂക്കി തറവാടിന്റെ ഒതുക്കു കല്ലുകള്‍ കയറി ചെന്നപ്പോള്‍ അമ്മാവന്മാരുടെ മുഖത്ത് നീരസം..  അമ്മയുടെ മുഖത്ത് ദയനീയത..

തലമുടിയിലൂടെ വിരലുകളോടിച്ചു അമ്മ പറഞ്ഞു.

"ഇങ്ങനെ തുടങ്ങ്യാലെങ്ങനാ  ന്‍റെ നന്ദൂ..  പഠിച്ചു പാസായി നല്ലൊരു ഹോസ്പിറ്റലില്‍ പ്രാക്ടീസ് ഒക്കെ നേടി സ്വന്തം കാലില്‍ നിക്കണ്ടേ.. അമ്മക്ക് നീയല്ലാതെ വേറെ ആരാ ഉള്ളത്.. നമ്മളെ തനിചാക്കീട്ടു അച്ഛന്‍ നേരത്തെ പോയില്ല്യെ.. ഈ സങ്കടോക്കെ കുറച്ചു ദിവസം കഴീമ്പോ മാറും..  അതോണ്ട് ന്‍റെ കുട്ടി നാളെ തന്നെ പോണം.. കോളേജ്  അവധി കിട്ടുമ്പോഴൊക്കെ  വരാല്ലോ."

അമ്മയുടെ വാക്കുകള്‍ കരുത്തേകി.  നഷ്ട്ടങ്ങള്‍ നന്ദന് എന്നും കൂട്ടുണ്ടായിരുന്നല്ലോ..  പിന്നീട് കുറേശ്ശെ കുറേശ്ശെയായി  ജീവിതത്തെ നഗരത്തില്‍ ലയിപ്പിക്കുകയായിരുന്നു..

ഒരു കോളേജ്‌ അവധിക്കാലത്താണ്  നന്ദിനിയെ പരിചയപ്പെട്ടത്. തുമ്പു കെട്ടിയ മുടിക്കിടയില്‍ മന്ദാരപ്പൂ  ചൂടിയ തുളസിക്കതിര്‍ പോലുള്ള  പെണ്‍കുട്ടി.. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞെത്തി, ദീപാരാധന തൊഴുതു മടങ്ങവെയാണ്  ആലത്തറക്കരികില്‍  വെച്ച് നന്ദിനി പറഞ്ഞത്..

"നന്ദൂ  എന്‍റെ കല്യാണം ഒറപ്പിച്ചു.. കല്‍ക്കട്ടയിലാ ചെക്കന്‍.. അടുത്ത മാസം ണ്ടാവും.."

അത് പറയുമ്പോള്‍ അവളുടെ കരിങ്കൂവള മിഴികളില്‍ നനവ്‌ പടര്‍ന്നിരുന്നു.. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന രണ്ടു മിഴിനീര്‍ത്തുള്ളികള്‍. തന്‍റെ ഹൃദയത്തിലും മുള്ളു കൊണ്ട  നീറ്റല്‍..  പറയാന്‍ മറന്ന  പ്രണയത്തിന്‍റെ  വിതുമ്പലുകള്‍.. അവസാനമായി യാത്ര പറഞ്ഞു വഴി പിരിയുമ്പോള്‍, മനസ്സിന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിക്ക്  നന്ദിനിയുടെ രൂപവും ഭാവവും വന്നത് യാദൃശ്ചികമായിരിക്കാം.. 

പക്ഷെ വലതുകാല്‍ വെച്ച് തന്റെ ജീവിതത്തിലേക്ക് കയറിവന്ന ശ്യാമ  ഏറെ വ്യത്യസ്തയായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ പ്രകൃതം. എന്തിനും ഏതിനും പിടിവാശി. ചിണുങ്ങിക്കരച്ചില്‍, കൊഞ്ചിപ്പറച്ചില്‍.. എല്ലാം നന്ദന്‍ ആസ്വദിച്ചു.. അവളുടെ ലോകത്തേക്ക് അവനിറങ്ങിച്ചെന്നു. സുന്ദരമായ ദാമ്പത്യത്തിന്‍റെ   നീലതടാകത്തില്‍  നീന്തിത്തിമിര്‍ക്കുന്ന രണ്ടു ഇണയരയന്നങ്ങള്‍. ശ്യാമയും നന്ദനും..  വിവാഹത്തിന്‍റെ ആറാം മാസത്തിലോരുനാളിലുണ്ടായ തലചുറ്റലില്‍ നിന്നും ഉണര്‍ന്നെണീറ്റപ്പോള്‍ ശ്യാമയുടെ കവിളിണകളില്‍ ആയിരം സൂര്യകാന്തിപ്പൂക്കള്‍ ഒരുമിച്ചു പൂത്തുലഞ്ഞു.. തന്‍റെ ഉദരത്തില്‍ വളരുന്ന തുടിപ്പിന്റെ അവകാശിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.. പ്രസവത്തിനു സ്വന്തം വീട്ടിലേക്കു പോകാന്‍ പുറപ്പെട്ട  ശ്യാമ നന്ദന്‍റെ   മാറില്‍ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു.

"എന്താ മോളൂ ഇങ്ങനെ. നീ വിഷമിച്ചാല്‍  വയറ്റില്‍ കിടക്കുന്ന നമ്മുടെ വാവയ്ക്ക് സങ്കടാവില്ല്യെ.. എപ്പോ വിളിച്ചാലും ഞാനാ നിമിഷം  പറന്നെത്തിയിരിക്കും. കേട്ടോ "

ഭാര്യയെ സാന്ത്വനിപ്പിചെങ്കിലും ശ്യാമയുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാത്ത വീട് നന്ദന് അസഹ്യമായിരുന്നു.  ദിവസങ്ങള്‍ തള്ളിനീക്കി . ശ്യാമ പ്രസവിച്ച വിവരം അമ്മ വിളിച്ചു പറഞ്ഞപ്പോള്‍ നന്ദന്‍ ആശുപത്രിയില്‍ ഓടിയെത്തി..  കണ്ണടച്ചുറങ്ങുന്ന ആദ്യത്തെ കണ്മണിയെ കണ്ണിമയ്ക്കാതെ  എത്ര സമയം നോക്കിയിരുന്നെന്നു ഓര്‍മ്മയില്ല..   ശ്യാമയെ അതേപടി പകര്‍ത്തിവെച്ചിരിക്കുന്നു.  ലോകത്തിലേക്ക്‌ വെച്ചേറ്റവും  വലിയ ഭാഗ്യവാന്‍ താനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി നന്ദന്.

പെട്ടെന്ന് മുറിയിലേക്ക്  കയറി വന്ന ചെറുപ്പക്കാരിയെ  നന്ദന് പരിചയപ്പെടുത്തി..

"നന്ദു.. ഇത് നാന്‍സി..  നമ്മുടെ വാവ വലുതാവുന്നത് വരെ അവളുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പപ്പ ഏര്‍പ്പെടുത്തിയതാ. കുറച്ചു കാലം ഗള്‍ഫില്‍ ആയിരുന്നു.  ഭര്‍ത്താവ് ഉപേക്ഷിച്ചതാണത്രേ.. പാവാണെന്നു തോന്നുന്നു. "

പക്ഷെ നന്ദന് എന്തോ പന്തികെടാണ് തോന്നിയത്.. നാന്‍സിയുടെ മട്ടും ഭാവവും, സംസാര രീതിയും നന്ദന് ഒട്ടും ദഹിച്ചില്ല.  ആ തോന്നലുകള്‍ പിന്നീട് യാഥാര്‍ത്യമായി മാറുകയായിരുന്നു.  ഒരു നിമിഷം പോലും തന്നെ പിരിഞ്ഞു കഴിയാന്‍ വയ്യെന്ന് പറഞ്ഞ ശ്യാമ  അമ്മൂട്ടിക്കു ഒരു വയസായിട്ടും തിരിച്ചു വരാന്‍ താല്പര്യം കാണിച്ചില്ല.  ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു മടുത്തപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി   തിരിച്ചു വന്നു. കൂടെ നാന്‍സിയും.

ശ്യാമക്ക് നന്ദനോടുള്ള പെരുമാറ്റത്തില്‍   അസാധാരണതത്വം അനുഭവപ്പെടാന്‍ തുടങ്ങി. തന്നെക്കാള്‍ കൂടുതല്‍ അവള്‍ നാന്സിക്ക് പ്രാധാന്യം കൊടുക്കുന്നു.  സദാസമയവും  അവളോടോത് കഴിയാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു. സാവധാനത്തില്‍ കിടപ്പുമുറിയില്‍ നിന്നും നന്ദന്‍ പുറത്തായി. അതിനു നിരത്തിയ കാരണമോ  രാത്രിയില്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ നാന്‍സി കൂടെ തന്നെ വേണമെന്നും.

നന്ദന്റെ മനസ്സ് ഉമിത്തീ പോലെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ഒരു ഭര്‍ത്താവിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.. യാദൃശ്ചികമായി ഒരു ദിവസം ഓഫീസില്‍ നിന്നും നേരത്തെയെത്തിയ നന്ദന്‍ കണ്ടത് ഒരിക്കലും കാണാന്‍ പാടാത്ത കാഴ്ചയായിരുന്നു.. സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ വികൃതമായ മുഖം. തന്‍റെ ഭാര്യ നാന്‍സിയുടെ നീരാളിപ്പിടുത്തത്തില്‍  അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയെന്ന യാഥാര്‍ത്ഥ്യം.. സ്നിഗ്ദ്ധതയുടെയും സ്വപ്നാത്മകത്ത്വത്തിന്റെയും  രണ്ടു ലോകങ്ങളില്‍ ജീവിക്കുന്നവരായി  അവര്‍ മാറി..   നന്ദന്‍ തന്‍റെ ദുഃഖങ്ങള്‍ നുരഞ്ഞു പൊന്തുന്ന മദ്യത്തില്‍ ലയിപ്പിച്ചു..  നാന്‍സിയും ശ്യാമയും അവരുടെതായ ലോകത്തും.

ഇന്ന് ഏറെ നിര്‍ബന്ധിച്ചപ്പോള്‍  രാജീവിന്‍റെ മുന്നില്‍ മനസ്സ് തുറക്കേണ്ടി വന്നു..  മാസങ്ങളോളമായി മനസ്സില്‍ ചിറ കെട്ടി നിര്‍ത്തിയ സങ്കടപ്പുഴ കുത്തിയൊലിച്ചപ്പോള്‍ ഇത്തിരി ആശ്വാസമായി.

"നീ വിഷമിക്കണ്ട. എന്തെങ്കിലും വഴിയുണ്ടോന്നു നോക്കാം.. ചെറിയൊരു  പരീക്ഷണത്തിന്‌ മുതിരേണ്ടി വരും. ചിലപ്പോള്‍ നിനക്ക് നിന്റെ പഴയ ശ്യാമയെ തിരിച്ചു കിട്ടും."

രാജീവിന്‍റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.മനുഷ്യമനസ്സിന്‍റെ വ്യാപാരങ്ങളെ തന്‍റെ ഉള്ളംകൈയിലിട്ട് അമ്മാനമാടി പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കുന്ന തന്‍റെ സ്നേഹിതന്‍,സൈക്ക്യാട്രിക് വിദഗ്ദന്‍. 
നാന്‍സിയെ വിദഗ്ദമായി കിച്ചണിലെ സ്റ്റോര്‍റൂമിലിട്ട് പൂട്ടി താക്കോല്‍ ഒളിപ്പിക്കാന്‍ അല്പം പണിപ്പെട്ടു.

അതെ,ഈ രാത്രി തന്നെയാണ് രാജീവ് നിര്‍ദേശിച്ച ആ ശാന്തിമുഹൂര്‍ത്തം.. പുറത്തു മഴ, തന്റെ വികാരമടക്കാനാവാതെ തകര്‍ത്തു പെയ്യുന്നു.. മുളംകൂട്ടങ്ങള്‍ കാറ്റിലാടിയുലഞ്ഞു.. ഇലച്ചാര്‍ത്തുകള്‍ മഴയുടെ ആവേശത്തുള്ളികള്‍ ആര്‍ത്തിയോടെ നുണഞ്ഞിറക്കി.  ഈ സമയം കുളിമുറിയില്‍ നിന്നും റോസ് നിറത്തിലുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ച്, കൈവിരലിലെ നഖങ്ങളില്‍ ചായവും പുരട്ടി പുറത്തിറങ്ങിയ നന്ദന് നാന്‍സിയുടെ ഗന്ധമായിരുന്നു.  മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, ചാരിയിട്ട വാതില്‍  പതിയെ തുറന്നകത്തു വരുന്ന സ്ത്രീ രൂപത്തെ, ശ്യാമ അതിശയത്തോടെ നോക്കിക്കണ്ടു.നാന്‍സിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധവുമായി തന്‍റെയരികില്‍ ശയിക്കുന്ന നന്ദന്‍റെ ശരീരത്തിലേയ്ക്ക് ഒരു മുല്ലവള്ളിപോലെ അവള്‍ പടര്‍ന്നുകയറി..!

മഴയുടെ വികാരം കൊടുമ്പിരിക്കൊണ്ടു.. അങ്ങകലെ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകള്‍ കാറ്റിലാടിയുലയുമ്പോള്‍, സര്‍പ്പക്കാവിലെ ഇലഞ്ഞിച്ചോട്ടിലേക്ക് തന്‍റെ ഇണയെ തേടി നാഗകന്യക പടം പൊഴിച്ചിഴഞ്ഞെത്തി.  കുളിര്‍മഴയില്‍ കെട്ടുപിണഞ്ഞിഴുകിച്ചേര്‍ന്ന അവരുടെ രതിസംഗമത്തിനു പ്രകൃതി  സാക്ഷിയായപ്പോള്‍, നന്ദനും ശ്യാമയും  അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.  പ്രിയതമയുടെ നെറ്റിയിലുരുണ്ടുകൂടിയ സ്വേദമണികളെ അധരത്താലൊപ്പിയെടുക്കുമ്പോള്‍, ശ്യാമ നന്ദന്‍റെതു മാത്രമായി ആലസ്യത്തിലേക്ക് വഴുതി വീണു.

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം തറവാട്ടിലെത്തി, ക്ഷേത്രത്തിലെ  ദീപാരാധന തൊഴുതു നില്‍ക്കുമ്പോള്‍, ശ്യാമയുടെ തോളില്‍ , നന്ദന്റെ വിരലില്‍ തൂങ്ങിക്കളിക്കുന്ന അമ്മൂട്ടിയെ നോക്കി   പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു അവളുടെ കുഞ്ഞനിയന്‍... നന്ദന്‍റെ  തനിപ്പകര്‍പ്പ്... 

50 comments:

 1. വളരെ മനോഹരമായ ഒരു കഥ ..!

  കാവ്യാത്മകത തുളുമ്പുന്ന ആദ്യ ഏതാനും വരികള്‍കൊണ്ട് തന്നെ എഴുത്തുകാരി
  അനുവാചകന് വായിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞു ..
  ജീവിതത്തിന്‍റെ വഴിത്താരയില്‍ സ്വവര്‍ഗാനുരാഗ തൃഷ്ണയാല്‍
  ഭര്‍ത്താവിനെ ഒഴിവാക്കുന്ന സ്ത്രീക്കു മുന്നില്‍ നിസ്സഹായനായിപ്പോയ ഒരു മനുഷ്യന്‍..
  പ്രസാദാത്മകതയുടെയും ശുഭാപ്തി­വിശ്വാസത്തിന്റെയും വിളക്കുകൊളുത്തി
  സുനിയതമായ ജീവിതം തിരിച്ചു പിടിക്കുന്നിടത്ത് കഥയവസാനിപ്പിക്കുന്നു..
  വേറിട്ട കഥാ തന്തു നമ്മെ വായനയുടെ പുതുലോകത്തേയ്യ്ക്ക് തുറന്ന് വിടുന്നു.
  യാഥാര്‍ത്ഥ കലയുടെ സത്യത്തിലേക്ക് അനുവാചകനെ കൊണ്ടുചെല്ലുന്നതാണ് ഉദാത്തമായ രചന..
  അങ്ങനെ നോക്കുകയാണെങ്കില്‍ ഇത് ഉദാത്തം തന്നെ..

  അഭിവാദ്യങ്ങള്‍ ശ്രീമതി. പദ്മശ്രീ നായര്‍ ..!!

  ReplyDelete
  Replies
  1. ഈ തുറന്ന അഭിപ്രായം എനിക്കേറെ വിലപ്പെട്ടതാണ്.. നന്ദി.. സന്തോഷം.. സ്നേഹം..

   Delete
 2. മോസ്റ്റ് മോഡേണ്‍ ലൈഫ് സ്റ്റൈലും, പാശ്ചാത്യസംസ്കാരത്തിന്‍റെ കടന്നുകയറ്റവും
  ജീവിതരീതികളില്‍ വരുത്തുന്ന വ്യതിയാനത്തോടൊപ്പം സങ്കീര്‍ണമായ ചില ലൈംഗിക
  താളപ്പിഴകള്‍ സമൂഹത്തില്‍ ഉടലെടുക്കുന്നുണ്ടോ?..
  മാറിവരുന്ന തലമുറയുടെ ഇഷ്ടങ്ങള്‍ക്ക് പ്രകൃതിവിരുദ്ധമായ താളപ്പിഴകളും,
  ആഗ്രഹങ്ങളും വേരൂന്നുമ്പോള്‍ ദാമ്പത്യബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നോ?..

  വേറിട്ട പ്രമേയം...
  ഒട്ടും അതിശയോക്തിയില്ലാതെ ഒരു സൈക്കിക്ട്രീറ്റ്മെന്റിന്‍റെ ക്ലൈമാക്സിന്
  കളമൊരുക്കി നായകന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്ക് പ്രതിവിധി ഊട്ടിയുറപ്പിച്ചപ്പോള്‍
  വായന അവസാനിച്ചത്‌ തെല്ലൊരു സംതൃപ്തിയോടെ...!

  ഇനിയും വ്യത്യസ്തമായ പ്രമേയങ്ങളും, സ്വതസിദ്ധമായ ശൈലിയുമായി
  വായനക്കാരുടെ ഇടയില്‍ പത്മശ്രീ നായര്‍ എന്ന ഈ പ്രതിഭ തിളങ്ങട്ടെ..

  അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. ദേ.. വന്നല്ലോ രണ്ടാമത്തെ പുലി..
   ഇതിപ്പോ പ്രതിഷ്ഠയേക്കാള്‍ വലിയ അമ്പലം .. അതോ അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ എന്നാണോ.. എന്തരോ എന്തോ.. അതുപോലെയായി അക്കൂന്റെ കമന്റ്.. എന്‍റെ കുഞ്ഞു കുഞ്ഞു കുത്തിക്കുറിക്കല്സിനു തരുന്ന ഈ വലിയ പ്രചോദനം.. നമിക്കുന്നു..

   സസ്നേഹം.. ഓപ്പോള്‍.. :)

   Delete
 3. വ്യത്യസ്തമായ പ്രമേയവും, നല്ല അവതരണവും കൊണ്ട് ശ്രദ്ധേയമായി കഥ...

  ReplyDelete
  Replies
  1. താങ്ക്യൂ Mubi. വന്നതിലും വായിച്ചതിലും..
   സ്നേഹം.. :)

   Delete
 4. വേറിട്ട പ്രമേയം.....പപ്പേച്ചിയുടെ വേറിട്ട ചിന്തക്ക് അഭിനന്ദനങ്ങള്‍............!!!

  ReplyDelete
  Replies
  1. ങേ.. ഇതാ നമ്മുടെ പൂക്കാരിപ്പെണ്ണല്ലേ.. :)
   നന്ദി സുജിതാ...

   Delete
 5. നന്നായിട്ടുണ്ട് വളരെയേറെ. പരിചിതമല്ലാത്ത പ്രമേയം. പ്രമേയത്തിന് ചേരുന്ന പര്യവസാനം. ഇനിയും ധാരാളം എഴുതുക . ഒപ്പം ധാരാളം വായിക്കുകയും ചെയ്യുക. പുതിയ പ്രമേയങ്ങൾ കണ്ടുപിടിക്കെണ്ടേ? വല്ല്യേട്ടന്റെ അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. വളരെ സന്തോഷം വല്ല്യെട്ടാ...
   ഇതുവഴി വന്നതിനും വായനക്കും നന്ദി.. സ്നേഹം..

   Delete
 6. വ്യത്യസ്തമായ വിഷയം...
  മികവാർന്ന അവതരണം
  കഥ വളരെ ഇഷ്ടമായി പത്മെച്ചീ...
  ആശംസകൾ !

  ReplyDelete
  Replies
  1. സന്തോഷം ഗിരീഷ്‌... :)

   Delete
 7. വാക്കുകള്‍ക്ക് മേല്‍ വാചകങ്ങള്‍ തീര്‍ത്ത് വായനക്കാരനെ ആ ലോകത്തേക്ക് എത്തിച്ചു എന്ന് നിസംശയം പറയാം..... എന്നിലെ വിമര്‍ശകന്റെ കാഴ്ചപ്പാടോടെ നോക്കിയാല്‍ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം..... ഒന്ന് പൈങ്കിളി എവിടയോക്കെയോ കടന്നു കൂടിയിരിക്കുന്നു... ചിലഭാഗങ്ങളില്‍ പൈങ്കിളിയില്‍ നിന്ന് മനപൂര്‍വ്വമായി രക്ഷപെടാന്‍ നന്നായി പരിശ്രമിച്ചിട്ടും ഉണ്ട്..... രണ്ടാമത്തേത് ക്ലൈമാക്സ്..... അത് ഒരു നനഞ്ഞ പടക്കമായോ എന്ന് സംശയിക്കുന്നു...... എന്നിരിക്കിലും ഈ തുറന്നെഴുത്തും, വാക്കുകളുടെ പ്രയോഗവും..... ഹാറ്റ്സ് ഓഫ്!!!

  ReplyDelete
  Replies
  1. ഹോ.. അങ്ങിനെ പത്മതീര്‍ത്ഥ കരയിലെത്തി അല്ലെ..
   വളരെ നന്ദി.. വായനക്കും പ്രോത്സാഹനത്തിനും .. :)

   Delete
 8. സാഹചര്യങ്ങളാണ് പലപ്പോഴും മനുഷ്യനെ അവന്റെ യഥാര്‍ത്ഥ ചിന്തകളില്‍ നിന്നും അവനെ പിടിച്ചകറ്റി മറ്റൊരു ലോകത്തേക്ക് നയിക്കുന്നത്. അതില്‍ നിന്ന് ചിലപ്പോള്‍ പുറത്ത് വരാനോ അല്ലെങ്കില്‍ അവിടെ തന്നെ തുടര്‍ന്നും അഭിരമിക്കാനോ കലശലായ അഭിനിവേശം സമ്മാനിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരു തിരിച്ചു വരവിനു സഹായിക്കുന്ന ചില്ലറ പരീക്ഷണങ്ങള്‍ ജീവിതങ്ങളെ നേരെയാക്കാന്‍ സഹായിക്കും.

  ReplyDelete
 9. ശരിയാണ്.. മനുഷ്യന്റെ ഓരോ അവസ്ഥയ്ക്കും കാരണം സാഹചര്യങ്ങള്‍ തന്നെയാണ് എന്നതിന് സംശയമേ ഇല്ല..

  പരന്ന വായനക്ക് നന്ദി രാംജി.. തുടര്‍ന്നും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

  ReplyDelete
 10. പപ്പെച്ചീ ...... ഒരുപാടിഷ്ട്ടായി ട്ടാ ..

  ReplyDelete
  Replies
  1. സന്തോഷം സുഭാഷ്‌.... :)

   Delete
 11. കഷമിക്കണം എനിക്കു ചെറിയൊരു എതിരഭിപ്രായം ഉണ്ട്. നാൻസിയുടെ വരവോടെ നന്ദനിൽ നിന്നും ശ്യാമ അകലാൻ കാരണം എന്താണ്. അയാൾ എല്ലാം കൊണ്ടും തികഞ്ഞ പുരുഷനായിരുന്നല്ലോ. അതല്ല നാൻസിയും ശ്യാമയും ആയിട്ടുള്ള സ്വവർഗ്ഗരതി. ഇത്രയും കടുത്തതാ‍ാണെങ്കിൽ ‘കുളിമുറിയില്‍ നിന്നും റോസ് നിറത്തിലുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ച്, കൈവിരലിലെ നഖങ്ങളില്‍ ചായവും പുരട്ടി പുറത്തിറങ്ങിയ നന്ദന് നാന്‍സിയുടെ ഗന്ധമായിരുന്നു‘ ഇവിടെ ശ്യാമക്ക് നാൻസിയുടെ വേഷത്തോടായിരുന്നൊ ഇഷ്ടം..... ഇതിനൊക്കെ ഒരോ കാരണങ്ങൾ ഉണ്ടാകണം എങ്കിലെ കഥ പൂർണ്ണതയിലെത്തു.ഇവിടെ കൂട്ടുകാരന്റെ പരീക്ഷണം തികച്ചും ബാലിശമായി പോയില്ലേ?...ഇനി ഇതു എന്റെ അറിവില്ലായമയാണെങ്കിൽ ക്ഷമിക്കുമല്ലോ......ആശംസകൾ

  ReplyDelete
  Replies
  1. ശ്യാമ പ്രസവത്തിനു പോയ ഇടവേളയില്‍ സംഭവിച്ചതാണ് നാന്‍സിയും ശ്യാമയും തമ്മിലുള്ള ബന്ധം.. ശ്യാമയെ നന്ദനില്‍ നിന്നകറ്റാന്‍ നാന്‍സിക്ക് കഴിഞ്ഞു. അര്‍ദ്ധമയക്കത്തിലായിരുന്ന ശ്യാമ മങ്ങിയ വെളിച്ചത്തില്‍ നടന്നടുക്കുന്ന നന്ദനെ നാന്‍സി എന്ന് തെറ്റിദ്ധരിച്ചു.. ഇതാണ് ഞാന്‍ ഉദ്യേശിചത്.. അവതരിപ്പിച്ചതിലുള്ള പാളിച്ചയാവാം താങ്കളുടെ സംശയത്തിന് കാരണം..

   വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി.. സന്തോഷം.. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.. :)

   Delete
 12. ആദ്യം മുതല്‍ ഒഴുക്കോടെ പറഞ്ഞു വായനയെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ചു , കഥാ പ്രമേയത്തിലും പുതുമയുണ്ട് , എങ്കിലും അവസാനം കഥ അവസാനിപ്പിക്കുന്നതില്‍ എന്തോ തിടുക്കം കാണിച്ചത് വായനയില്‍ അറിയുന്നു. മനശ്ശാസ്ത്രപരമായ ഒരു ട്രീറ്റ് മെന്റില്‍ കൂടി നായികയെ ജീവിതത്തിലേക്ക് ക്കൊണ്ട് വരാന്‍ വേണ്ടിനടത്തിയ ശ്രമത്തില്‍ എന്തോ ഒരു പാളിച്ചവന്നത് പോലെ. ഒന്നര വര്‍ഷം കിടപ്പറ പങ്കിട്ട നാന്‍സി എന്ന കഥാപാത്രത്തെ ഒരു ദിവസത്തെ ആള്‍മാറാട്ടത്തിലൂടെ അകറ്റിനിര്‍ത്തുക എന്നത് സ്വവര്‍ഗ്ഗരതിക്ക് അടിമപെട്ട ഒരു രോഗിക്ക് സാധിക്കുക എന്നത് അസാധാരണമായി വായനക്കാരനു ഫീല്‍ ചെയ്തേക്കാം. അതാവും മുകളിലും പലരും പറഞ്ഞ അഭിപ്രായത്തിനു കാരണം. എന്നാല്‍ ഇങ്ങിനെയൊരു കഥ സംഭവിക്കാന്‍ ഇന്നത്തെ കാലത്ത് സാധ്യതയില്ലായമയൊന്നും ഇല്ല ,അത് പ്രമേയമാക്കി ഒരു കഥ മെനഞ്ഞെടുത്തതിനു അഭിനന്ദനംസ് ... !!.

  ReplyDelete
  Replies
  1. തൊട്ടു മുകളില്‍ ശ്രീ ചന്തു നായര്‍ക്ക് കൊടുത്ത മറുപടി ഫൈസല്‍ ബായിയുടെ ചോദ്യത്തിന് ചെറിയൊരു ഉത്തരമാവും..

   നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും കണ്ടനുഭവിച്ച കാര്യങ്ങളെ മുന്‍ നിര്‍ത്തി എഴുതുന്നത്‌ പോലെയാവില്ല ഭാവനയിലൂടെ വിരിയിച്ചെടുത്ത ഒരു കാര്യത്തെ പറ്റി പറയുന്നത്.. അതിന്‍റെതായ പോരായ്മകള്‍ ഉണ്ടാവാം പ്രത്യേകിച്ച് എന്നെ പോലുള്ള ഒരു സാധാരണ എഴുത്തുകാരിക്ക്..

   പിന്നെ പതിവ് ശൈലിയില്‍ നിന്ന് ഒരു ചുവടുമാറ്റം ആയതുകൊണ്ടാവാം ചില പാകപ്പിഴകള്‍ സംഭവിച്ചത്.. ഏതായാലും നിങ്ങളെ പോലുള്ള വായനക്കാരുടെ വിശകലനങ്ങളിലൂടെ പലതും അറിയാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ പോസ്റ്റിന്‍റെയും എന്‍റെയും വിജയമായി കാണുന്നു..

   തുടര്‍ന്നും സഹകരിക്കുമല്ലോ.. വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി... സ്നേഹത്തോടെ.. :)

   Delete
 13. തുറന്നെഴുത്തിലെക്ക് സ്ത്രീകള്‍ വരുമ്പോള്‍ പലര്‍ക്കും മുന്‍വിധികള്‍ ഉണ്ട് :)
  പപ്പേച്ചിയുടെ സ്ഥിരം ശൈലി അല്ലാത്തത് ഇത് കഥ ആയത് കൊണ്ടാണെന്ന് മനസിലായി - ചില വിവരണങ്ങള്‍ വളരെ നന്നായി -പക്ഷെ, ലോജിക്കല്‍ അല്ലാത്ത ചില സംശയങ്ങള്‍ നില നില്‍ക്കുന്നു... ( :( )
  എഴുത്തില്‍ വ്യത്യസ്തതകള്‍ വരട്ടെ... ആശംസകള്‍ പപ്പേച്ചീ.

  ReplyDelete
  Replies
  1. ആര്‍ഷ പറഞ്ഞതില്‍ കുറെയേറെ വാസ്തവമുണ്ട്.. സ്ത്രീകള്‍ പ്രണയമോ വിരഹമോ ഗൃഹാതുരത്വമോ ഒക്കെ എഴുതി ആ മൂലക്കെങ്ങാനും ഇരുന്നാല്‍ മതിയെന്ന ഒരു ധ്വനി പലപ്പോഴും ചിലരുടെ അഭിപ്രായങ്ങളില്‍ കൂടി മനസ്സിലാവാറുണ്ട്. രാഷ്ട്രീയം, മതം ലൈംഗീകം എന്നീ മേഖലകള്‍ പുരുഷ എഴുത്തുകാരുടെ കുത്തകയാണെന്നത് സത്യമോ മിഥ്യയോ ആയ ധാരണ സ്ത്രീകളുടെ മനസ്സിലും ഉള്ളത് കൊണ്ടാവാം പറയാന്‍ ഉള്ളത് പലതും തുറന്നെഴുതാതെ കുറച്ചൊക്കെ ബാക്കി വെക്കുകയും അതിന്‍റെ പോരായ്മകള്‍ പല പെണ്ണെഴുത്തുകളിലും നിഴലിക്കുകയും ചെയ്യുന്നത്.. പറയുന്നവര്‍ പറയട്ടെ എനിക്ക് ഇഷ്ട്ടപ്പെടുന്ന തരത്തില്‍ ഞാന്‍ എഴുതും എന്ന തന്റേടത്തോടെ എഴുതുന്ന സ്ത്രീകള്‍ക്ക് വിമര്‍ശനങ്ങള്‍ ഏറെ നേരിടേണ്ടി വരികയും അവരുടെ സ്വഭാവത്തെ വരെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.. ഉദാഹരണം നമ്മുടെയൊക്കെ പ്രിയ കഥാകാരി മാധവിക്കുട്ടി തന്നെ....

   നന്ദി ആച്ചീ... :)

   Delete


 14. അവസാന ഭാഗം ചീററിേപപായി

  ReplyDelete
 15. തുറന്നെഴുത്തില്‍ തുറന്നെഴുത്ത് ആവാല്ലോ ല്ലേ? :)

  കഥ വായിച്ചു തീരുമ്പോള്‍ നാന്‍സി ഒരു പെണ്ണായിരുന്നോ അതോ പെണ്‍വേഷം കെട്ടിയ ആണായിരുന്നോ എന്നായി ‍ സംശയം? പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്പോലെയാണോ സ്ത്രീയുമായി നടത്തുന്നത്? പുരുഷനുമായി നടക്കുമ്പോള്‍ അവിടെ പെനിസ് ഇന്‍സര്‍ഷന്‍ നടക്കുന്നില്ലേ? അപ്പോള്‍ വെറും ഒരു ഗന്ധത്തിന്റെ പേരില്‍ എങ്ങനെയാണ് സ്വവര്‍ഗരതിയില്‍ നിന്നും ശ്യാമ രക്ഷപ്പെടുന്നത്?

  ശൈലി വേറിട്ട്‌ നില്‍ക്കുന്നു എങ്കിലും കഥക്ക് അടിത്തറ, പ്രത്യേകിച്ച് ക്ലൈമാക്സിനു കുറവാണോ എന്ന് സംശയിക്കുന്നു.

  ReplyDelete
  Replies
  1. ഇതു തന്നെയാണ് ഞാനും ഗോപ്യമായി പറഞ്ഞത്...പ്രതിപാദ്യ വിഷയത്തിന്റെ പ്രധാന സംഭവത്തെകുറിച്ച് കഥാകാരി ഹോം വർക്ക് ചെയ്തിട്ടില്ലാ.അതാ കാരണം

   Delete
 16. padmayudey swavarga nirvedham aalankarka padha vinyasangalal vismayichu........otttum vykruthamayathumilla..............syama,nandha,nansi varnangalil---------- ammayudaey snehapookkalumai............

  ReplyDelete
 17. വേറിട്ട പ്രമേയം..........
  മനുഷ്യന്റെ ഓരോ അവസ്ഥയ്ക്കും കാരണം സാഹചര്യങ്ങള്‍ തന്നെയാണ് എന്നതിന് സംശയമേ ഇല്ല............
  പപ്പേച്ചിയുടെ വേറിട്ട ചിന്തക്ക് അഭിനന്ദനങ്ങള്‍............!!!

  ReplyDelete
 18. പഞ്ചപാവമായിരുന്ന ശ്യാമയെ പെര്‍ഫ്യൂമിന്‍റെഗന്ധമുള്ള നാന്‍സി എത്രപെട്ടെന്നാണ് വശീകരിച്ചെടുത്തത്!!! വായനാസുഖമുള്ള നല്ലശൈലിയില്‍ കഥ അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍

  ReplyDelete
 19. കധാവസാനത്തില്‍ വിശ്വസനീയത വരുന്നില്ല. ബാക്കിഎല്ലാം ഒക്കേ.ഒരു ഡോക്ടര്‍ക്ക് ഈ ഒരു മാര്‍ഗമേ ഉള്ളോ സ്വവര്‍ഗാനുരാഗത്തിലേക്ക് പോയ ഭാര്യയെ തിരികെ കൊണ്ടു വരാന്‍. അവസാന ഭാഗം വരെ കഥ നന്നായിത്തന്നെ പറഞ്ഞു.

  ReplyDelete
 20. ചിലയിടങ്ങളില്‍ പാളിച്ച പറ്റിയ പോലെ ഉണ്ട്

  ReplyDelete
 21. ഈ പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി പറഞ്ഞു കൊള്ളുന്നു..

  ഇനി വിഷയവുമായി ബന്ധപ്പെട്ടു രണ്ടു വാക്ക്.. ഗൃഹാതുരത്വ ഓര്‍മ്മകളും നിത്യജീവിതത്തിലുണ്ടാവുന്ന രസകരമായതും അല്ലാത്തതും ആയ സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി മേമ്പൊടിക്ക് ഇത്തിരി നര്‍മ്മവും കൂട്ടി എന്തെങ്കിലുമൊക്കെ കോറിയിടുകയായിരുന്നു ഇതുവരെ.. നിങ്ങളെല്ലാവരും അത് ആസ്വദിക്കാറും ഉണ്ടായിരുന്നു.. എന്നും സാമ്പാറും മാമ്പഴ പുളിശ്ശേരിയും കൂട്ടുമ്പോള്‍ ഒരു ചേഞ്ച് ആവട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ഒരു പ്രമേയം തിരഞ്ഞെടുത്തത്.. തനതായ ആവിഷ്കാര ശൈലി കൊണ്ട് കുറെയൊക്കെ എനിക്കെന്‍റെ വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നത് പല സുഹൃത്തുക്കളുടെയും കമന്റുകളില്‍ നിന്ന് വ്യക്തമാണ്..

  പിന്നെ കഥയുടെ കാതലായ ഭാഗത്തെ കുറിച്ച് പറയുകയാണെങ്കില്‍, തിരഞ്ഞെടുത്ത പ്രമേയം രതിയുടെയും ലെസ്ബിയനിസത്തിന്‍റെയും കൂടിക്കുഴഞ്ഞ മേഖലയായത് കൊണ്ടും, ഇത്തരം പ്രമേയങ്ങള്‍ ഇതുവരെ കൈകാര്യം ചെയ്യാതിരുന്നത് കൊണ്ടുമാവാം കുറെയേറെ പാകപ്പിഴകള്‍ സംഭവിച്ചു എന്നത് നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളില്‍ കൂടി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.. ഓരോ വരികളും പ്രത്യേകം പ്രത്യേകം നുള്ളിച്ചികഞ്ഞെടുത്തു വസ്തുനിഷ്ഠമായി വിശകലനം ചെയ്ത എല്ലാവര്‍ക്കും എന്‍റെ നന്ദി.. നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ എനിക്കേറെ പഠിക്കാന്‍ കഴിഞ്ഞു എന്നുള്ളതും ഈ പോസ്റ്റിന്റെ വിജയമായി ഞാന്‍ കണക്കാക്കുന്നു.. യാഥാര്‍ത്യവും ഇമാജിനേഷനും തമ്മിലുള്ള വ്യത്യാസം ഏറെയല്ലേ.. ഇതൊരു ഭാവന മാത്രമാണ്. നേരത്തെ പറഞ്ഞത് പോലെ ഇത്തരം പ്രമേയങ്ങള്‍ ഇതുവരെ കൈകാര്യം ചെയ്യാത്തത് കൊണ്ടാവാം എന്‍റെ ഭാവന പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത്..

  ഈ പോസ്റ്റിനെ ഏറ്റെടുത്തു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തന്നു സഹകരിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി... സ്നേഹം..

  ReplyDelete
 22. പുതുമയുള്ള ഒരു പ്രമേയം കണ്ടെത്തിയതിൽ അഭിനന്ദനങ്ങൾ.
  പക്ഷേ അവസാനമെത്തിയപ്പോൾ കഥ പാളി പോയി. അസാധ്യതകളെ സാധ്യതകളായി വിശ്വസിപ്പിച്ചെടുക്കുക കൂടി കഥയെഴുത്തിന്റെ മിടുക്കിൽ സംഭവിക്കേണ്ടതാണ്. കഥയുടെ ആരംഭത്തിൽ കാണിച്ച ആ മിടുക്ക്, അവസാനമെത്തിയപ്പോൾ ഉണ്ടായില്ല. അമ്മയേയും നന്ദിനിയേയും ഒക്കെ അനാവശ്യമായി കഥയിലേക്ക് വലിച്ചു കൊണ്ടു വന്നതിനു പകരം, ഒരു ഡോക്ടറായ നായകൻ തന്നെ പെൺ വേഷം കെട്ടി ഭാര്യയെ സമീപിക്കേണ്ടതിന്റെ ആവശ്യകത കഥയിൽ ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.

  പെട്ടെന്ന് മുറിയിലേക്ക് കയറി വന്ന ചെറുപ്പക്കാരിയെ നന്ദന് പരിചയപ്പെടുത്തി..

  "നന്ദു.. ഇത് നാന്‍സി.. നമ്മുടെ വാവ വലുതാവുന്നത് വരെ അവളുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പപ്പ ഏര്‍പ്പെടുത്തിയതാ. കുറച്ചു കാലം ഗള്‍ഫില്‍ ആയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതാണത്രേ.. പാവാണെന്നു തോന്നുന്നു. " >> ഒരാളെ ഇങ്ങനെ പരിചയപ്പെടുത്താൻ സാധ്യതയുണ്ടോ ?

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. പ്രകൃതി വിരുദ്ധമെന്ന് സമൂഹം അംഗീകരിച്ചിരുന്ന പ്രകൃതിയിൽ കാണപ്പെടുന്ന ആഭാസമാണ് സ്വവർഗ്ഗരതിയും സ്വവർഗ്ഗാനുരാഗവുമെല്ലാം .
  ഈച്ച മുതൽ ആനവരെയുള്ളു ജീവികളിൽ പോലും നിരീക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പ്രതിഭാസം സർവ്വസാധാരണമാകുന്നു എന്ന വാദപ്രതിവാദങ്ങൾക്കു നേരെ വിരൽച്ചൂണ്ടപ്പെടുന്നത്‌ ഈ വേഴ്ച്ചകൾ കുടുംബംങ്ങളെയും ബന്ധങ്ങളെയും ആക്രമിച്ചു തുടങ്ങുന്നതോടെയാവാം.
  സാഹചര്യങ്ങളും പശ്ചാത്തലങ്ങളും അത്തരം ഒരുക്കങ്ങളിൽ ഏർപ്പെടുമ്പോൾ ഉറക്കത്തിൽ പെടുന്നവരുടെ കണ്ണുകൾ മിഴിയുന്നത്‌ നിസ്സഹായഘട്ടത്തിലായിരിക്കും.
  തിരിച്ചറിവുകളുടെയും നേർവഴി ചിന്തകളുടെയും പെരുമാറ്റ ചട്ടങ്ങൾ സാധ്യമാവുന്നത്‌ ശാസ്ത്രം കൊണ്ടായിരിക്കണമെന്നില്ല..ഉറ്റവരുടെ സ്നേഹവും പരിചരണവും വിവേകപൂർവ്വമായ നിരീക്ഷണങ്ങളും നീക്കങ്ങളും കൊണ്ടുമാകാം..
  ഈ കഥ നിയ്ക്ക്‌ പറഞ്ഞു തന്നത്‌ ഇതെല്ലാമാണ്..
  ഭാഷയുടെ ലാളിത്യവും വായനാസുഖവും എന്നെ വളരെയേറെ ആകർഷിപ്പിച്ചു..
  മഴയും നാടും അമ്മയുമെല്ലാം തീർത്തും അസൂയപ്പെടുത്തി..
  അഭിനന്ദനങ്ങൾ ന്റെ കൂട്ടുകാരിയ്ക്ക്‌..സ്നേഹം.

  ReplyDelete
  Replies
  1. കഥ പറഞ്ഞു ഫലിപ്പിക്കുന്നതിൽ എവിടൊക്കെയോ പാളിച്ചകൾ പറ്റിയിട്ടുണ്ടെന്നും കഥ അവസാനിപ്പിച്ചത് തിടുക്കപ്പെട്ടാണെന്നുമൊക്കെ മുകളിൽ ഒരുപാടു കൂട്ടുകാർ വിലയിരുത്തിയിട്ടുണ്ട്.. ഒരു വായനക്കാരന്റെ സ്ഥാനത്തു നിന്നു നോക്കിയപ്പോൾ ഏറെ വാസ്തവമുണ്ടെന്നും തോന്നി.. മുന്നോട്ടുള്ള പ്രയാണത്തിന് ഈ വിലയിരുത്തലുകൾ ഏറെ ഗുണം ചെയ്യുകയും ചെയ്യും.. പക്ഷേ ഞാൻ എന്താണോ പറയാൻ ഉദ്യേശിച്ചത് അതു വ്യക്തമായി വർഷിണി മനസ്സിലാക്കിയിരിക്കുന്നു. മനസ്സിന്റെ അടിത്തട്ടിൽ നിന്നും വന്ന ആ അഭിപ്രായം അതൊന്നുകൂടി ഉറപ്പിക്കുന്നു.. ഭാവനയുടെ അപാരതകളിലൂടെ പെയ്തൊഴിയാതെ മനം കുളിർപ്പിക്കുന്ന എനറെ പ്രിയസഖിക്ക് സ്നേഹം.. സ്നേഹം മാത്രം..

   Delete
 25. നല്ല കഥ പറച്ചിൽ. പക്ഷേ ഒടുക്കം ബ്ധോം....

  ReplyDelete
 26. വേറിട്ട ഒരു കഥ ,നന്നായി പറഞ്ഞു ...എന്നാലും പെണ്‍ വേഷം കെട്ടാതെ തന്നെ ഡോക്ടറായ ഭര്‍ത്താവിനു കൈകാര്യം ചയ്യാമ്മായിരുനു ..

  ReplyDelete
 27. കഥ വായിച്ചു. വളരെ നന്നായി എന്ന് പറയില്ല. എങ്കിലും നന്നായി.
  നാഗക്കാവും നടുമുറ്റവും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും അങ്ങനെ ചിലത് ബോറടിപ്പിച്ചു.

  ReplyDelete
 28. Very good

  http://novelcontinent.blogspot.com/

  ReplyDelete
 29. imagination,dosent a barrier for a writer......nice ..story

  ReplyDelete
 30. വളരെ നന്നായിട്ടുണ്ട് ഒപോളെ,,,, അക്കാകുക്ക ന്റെ പഴയ ഒരു പോസ്റ്റ്‌ ഇന്ന് കണ്ടപ്പോളാണ് ഒപോളിന്റെ ബ്ലോഗ്‌ ലിങ്ക് കണ്ടത്.അക്കകുക്കാകും ഒപോളിനും ഒരുപാടു നന്ദി

  ReplyDelete
 31. സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ രതിയും രണ്ടെന്നു ഈയിടെ വായിച്ചതോര്‍ക്കുന്നു. അതിനിയെന്തയാലും, പൊതുവില്‍ നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ കഥയില്‍ പറയുന്ന ബന്ധം സംഭവ്യമാണ്. എന്നാല്‍, അത് വിശ്വസനീയമാം വിധം അവതരിപ്പിക്കുന്നതില്‍ കഥ വിജയിച്ചില്ലെന്ന് അഭിപ്രായപ്പെടുന്നതിന് കാരണം ഒരു വേഷംകെട്ടലിലൂടെ പരിഹൃതമാകുന്ന ഒരു മാനസിക പ്രശ്നമായി ഇതിനെ ചുരുക്കി കാണാന്‍ പറ്റില്ല എന്നതുകൊണ്ടും കൂടിയാണ്. കൂടുതല്‍ ശക്തമായ മറ്റൊരു കാരണം കൂടെ വേണമായിരുന്നു എന്നാണ് എന്റെ പക്ഷം. അപ്പോഴും ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്ത് എഴുത്ത് നടത്താന്‍ തയ്യാറായതില്‍ സന്തോഷം പറഞ്ഞിട്ട് പോകുന്നു.

  ReplyDelete
 32. സോറി ..

  കാണാനും വായിക്കാനും വൈകി എന്ന് തോന്നിയ നിമിഷം...

  നല്ല കഥയും ആവിഷ്കാരവും..

  ഇഷ്ടപ്പെട്ടു ... <3

  ReplyDelete
 33. ഇഷ്ടപെട്ടു.
  അവസാനിച്ചത്‌ പെട്ടന്നായിരുന്നു

  ReplyDelete
 34. വായിഛു, നല്ല തുടക്കമായിരുന്നു, നല്ല് ഒഴുക്ക്, നല്ല കഥ പറഛിൽ. ആദ്യം എനിക്ക് തൊന്നിയ ഒരു വരിയിലെ അൽ‌പ്പം അസ്വാഭാവികത താഴെ ചേർക്കുന്നു:-
  ഇരുപതാമത്തെ പാരയിൽ ഇങ്ങിനെ ഒരു വരിയുണ്ട് “ അതെ, കാലം തെറ്റി പെയ്യുന്ന മഴയും ഗതി മാറിയൊഴുകുന്ന മനസ്സും ഇടിമിന്നലുകൾകൊണ്ട് അലങ്കരിഛിരിക്കണം. അതൊരു അനിവാര്യമായ നിയോഗമായിരിക്കാം” ഈ വാക്കുകളിൽ ഒരു യോജിപ്പില്ലായ്മ ഇല്ലെ?.

  പിന്നെ കാര്യമായ ഒരു പന്തികേട് ഈ കഥയിൽ ഉള്ളത് എന്താണെന്ന് വെഛാൽ Lesbian ആയ ശ്യാമ എങ്ങിനെ നന്ദനുമൊത്ത് ഒരു കുഞ്ഞുണ്ടാകുന്നതുവരെ രതിക്രീഡയിൽ ഏർപ്പെട്ടു, സാധിക്കില്ല. Lesbians and Gays cannot involve in bisexual activities.ഒരു Homosexual ആണെങ്കിൽ അവന് ഒരു പുരുഷനുമായി മാത്രമെ സെക്സിൽ ഏർപ്പെടുവാൻ കഴിയൂ.അതുപോലെതന്നെ ഒരു lesbian ആയ സ്ത്രീ പുരുഷനുമായുള്ള രതിക്രീഡ അങ്ങേയറ്റം വെറുക്കും. പിന്നെ പുരുഷനുവേണ്ടിമാത്രം അവൾ വഴങ്ങിക്കൊടുത്തേക്കും. Lesbians and Gays, ഇവരുടെ മാനസികനിലയെക്കുറിച്ച് വളരെക്കാലമായിട്ടുള്ള ഗവേഷണത്തിന്റെ ഫലമായിട്ട്, അതൊരു മാനസിക വൈകല്യമല്ല എന്ന് തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പല രാജ്യങ്ങളിലും, ഇവർ തമ്മിലുള്ള വിവാഹം നിയമവിധേയ്മാക്കിയത്.This is a natural phenomenon.

  പിന്നെ മറ്റൊന്ന് പത്മ ഒടുവിൽ ഉപയോഗിഛത് മണിഛിത്രതാഴ് എന്ന സിനിമയിൽ മോഹൻലാൽ എന്ന സ്യക്യാറ്റ്രിസ്റ്റ് ഗംഗ യുടെ Dual personality എന്ന മനോരോഗം ചികിത്സിഛു മാറ്റുന്ന തന്ത്രമാണ്. അവിടെ എല്ലാം തകിടം മറയുന്നു. ഈ ഒരു വികാരം, അല്ലെങ്കിൽ lesbianism ശ്യാമ വിചാരിഛാൽ മത്രമെ മാറ്റിയെടുക്കുവാൻ കഴിയൂ.. പെണ്ണിനോടുള്ള് അവളുടെ ആസക്തിയെ അവഗണിഛ് ഭർത്താവിന്റെ ഇഷ്ടത്ത്നു വഴങ്ങിക്കൊടുത്ത് അദ്ദേഹത്തെ സ്നേഹിക്കുവാൻ ശ്രമിക്കുക. പത്മ പറയുന്ന കഥക്ക് ഒരു ശാസ്ത്രീയ വശം ഉള്ളതുകൊണ്ട്, കഥ പാളിപ്പോയിരിക്കുന്നു.

  ഭാഷ വളരെ നന്നായിരുന്നു, നല്ല ഒഴുക്കുള്ള കഥ പറഛിൽ, പക്ഷെ ഒടുവിൽ ഒരു Dramatic 'U' Turn ആയിപ്പോയി. Bye with best wishes.

  ReplyDelete
 35. ആണുംപെണ്ണും ജീവിതത്തിന്റെ ഏതെങ്കിലും ഒരു സന്ധിയില്‍ ലൈംഗികമായ വ്യതിയാനത്തിനു വിധേയരാവുക എന്നത് അസംഭവ്യമല്ല. ആ വിഷയത്തെ പ്രമേയമായെടുത്തതും വികൃതമാകാത്ത വിധത്തില്‍ അവതരിപ്പിച്ചതും അഭിനന്ദനമര്‍ഹിക്കുന്നു.

  അതേസമയം സവര്‍ഗ്ഗരതിയെ സ്വാഭാവികരതിയെക്കാള്‍ ഇഷ്ടപ്പെട്ടുപോയ ഒരാളെ തിരികെയെത്തിക്കാന്‍ ഇത്രയും ലളിതമായ ഒരു വിദ്യകൊണ്ട് സാധിക്കില്ലെന്നത് ഒരസ്വാഭാവികതയായി മുഴച്ചുനില്‍ക്കുന്നുണ്ട് എന്നത് വ്യക്തമാണ്‌.

  ReplyDelete