Thursday 13 November 2014

മാളു



മാളൂനെ പരിചയപ്പെടണോ? പൊട്ടി മാളു, പ്രാന്തി മാളു എന്നൊക്കെ നാട്ടുകാര്‍ കളിയാക്കി വിളിക്കുന്ന മാളു.
നാട്ടിലെ ഒരിടത്തരം ഈഴവ കുടുംബത്തിലെ അംഗമായിരുന്നു മാളു . നാലഞ്ചു സഹോദരങ്ങള്‍ക്കിടക്ക് ജന്മം കൊണ്ടവള്‍. മെലിഞ്ഞുണങ്ങിയ ശരീരം, ചുക്കിച്ചുളിഞ്ഞ മാറിടങ്ങള്‍, എണ്ണ മയമില്ലാത്ത ചപ്ര തലമുടി ഒരു പഴംതുണിയുടെ വക്ക് ചീന്തി കെട്ടിയുറപ്പിചിരിക്കും. പീളയൂറിക്കെട്ടിയ നരച്ച കണ്ണുകള്‍, മുട്ടിനു താഴെ വരെ മാത്രം ഇറക്കത്തില്‍ ഉടുത്തിരിക്കുന്ന മുഷിഞ്ഞു നാറിയ ഒറ്റ മുണ്ട്. ശരീരവുമായി പൊരുത്തപ്പെടാന്‍ മടിക്കുന്ന പച്ച നിറമുള്ളതെന്നു തോന്നിപ്പിക്കുന്ന മുഷിഞ്ഞ ജാക്കറ്റ്.. മാളു വളരെ കുറച്ചേ സംസാരിക്കൂ.. അത് തന്നെ മനസ്സിലാക്കിയെടുക്കാന്‍ പാടുപെടും.

എനിക്കോര്‍മ്മ വെക്കുമ്പോള്‍ ഞാന്‍ കാണുന്ന മാളുവിന്റെ രൂപമാണിത്.
മറ്റു സഹോദരങ്ങളെ അപേക്ഷിച്ച് മാളുവിനു ചെറുപ്പം മുതലേ മാനസിക വളര്‍ച്ച കുറവായിരുന്നു.. മനപ്പൂര്‍വ്വമോ അല്ലാതെയോ ആരും മാളുവിനെ വേണ്ടത്ര ശ്രദ്ധിച്ചതുമില്ല.. കൌമാര കാലത്തെപ്പോഴോ മാളുവിനു മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടു.. പിന്നീട് സഹോദരങ്ങളുടെ കൂടെയുള്ള ജീവിതം.. മുറ്റമടിച്ചും പാത്രം കഴുകിയും ആവതു പോലെ എന്തെങ്കിലുമൊക്കെ പണിയെടുക്കും.. ആവശ്യങ്ങളോ പരാതികളോ ഒന്നുമില്ല.. കൂടപ്പിറപ്പുകള്‍ ഓരോരുത്തരും അവരുടെ കുടുംബമായി മാറിതാമസിച്ചപ്പോള്‍ മാളുവിനെ ആര്‍ക്കും വേണ്ടാതായി.. അവള്‍ക്കു കൂടി അവകാശപ്പെട്ട സ്വത്തില്‍ കണ്ണു വെച്ച് ഇളയ സഹോദരന്‍ മാളുവിനെ കൂടെ നിര്‍ത്തി.

ഒട്ടിയുണങ്ങിയ വയറിലേക്ക് കിട്ടുന്ന ഭക്ഷണത്തിനു പകരമായി, മാളു തന്നാലാവുന്ന ജോലികള്‍ ചെയ്തു. പാടത്തിനക്കരെയുള്ള പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ട് വരുക, വീട്ടിലുള്ള പോത്തുകളെയും പശുക്കളേയും മേക്കുക, അവക്കുള്ള പുല്ലും വൈക്കോലും കൊണ്ടുവരിക, തൊഴുത്തു വൃത്തിയാക്കുക ഇതൊക്കെ മാളുവിന്റെ ജോലികളായിരുന്നു.

മാളൂന് എപ്പോഴും എന്തെങ്കിലുമൊക്കെ തിന്നുകൊണ്ടിരിക്കുന്ന ശീലമുണ്ടായിരുന്നു. പുളുങ്കുരു ചുട്ടതോ, കടലമണിയോ, വാടി വീണ ഉണ്ണിമാങ്ങയോ അങ്ങിനെന്തെങ്കിലുമൊക്കെ മാളൂന്‍റെ മുഷിഞ്ഞ ഉടുമുണ്ടിന്റെ കോന്തലയില്‍ തിരുകികെട്ടി വെച്ചിട്ടുണ്ടാവും..

അതിരാവിലെയുള്ള വെള്ളം കോരല്‍ കഴിഞ്ഞാല്‍, തൊഴുത്തിലെ കാലികളെയും ആട്ടി തെളിച്ചു മാളു പോവും. ഇട നേരത്ത് കഴിക്കാനായി അലൂമിനിയത്തിന്റെ തൂക്കു പാത്രത്തില്‍ വെള്ളച്ചോറും ചമ്മന്തിയും..

മാളുവിന്റെ കുളിയാണ് ബഹു രസം.. കന്നിനെ മേക്കുന്നതിനടുത്തായി ചെറിയൊരു കുളമുണ്ട്.. കുളചണ്ടിയും താമരയുമൊക്കെയുള്ള ചെറിയൊരു കുളം.. ആളൊഴിഞ്ഞ നേരം നോക്കി മാളു നീരാട്ടിനു വരും. കുളത്തില്‍ ഇറങ്ങാന്‍ പേടിയാണ് മാളൂന് .. ഉടുമുണ്ടും ജാക്കറ്റും കുളക്കടവില്‍ അഴിച്ചു വെച്ച്, മുഷിഞ്ഞ ഒരു തോര്‍ത്തുടുത്തു, കുളക്കരയിലുള്ള ചെറിയ കല്ലില്‍ ഇരിക്കും.. വെള്ളച്ചോര്‍ കൊണ്ടു വന്ന അലുമിനിയ തൂക്കു പാത്രത്തില്‍ കുറേശ്ശെ വെള്ളം കുളത്തില്‍ നിന്നും മുക്കിയെടുത്തു, ഒരു തുണികഷ്ണം വെള്ളത്തില്‍ മുക്കി ദേഹത്തെ പുരട്ടി കുതിര്‍ത്തു, ഉരച്ചുരച്ചു അഴുക്ക് പിരിച്ചെടുക്കും.. സോപ്പ് ഉപയോഗം തീരെയില്ല.. കന്നുകാലികള്‍ പറമ്പില്‍ മേയുന്ന സമയത്താണ് മാളുവിന്‍റെ കുളി. ഒന്നൊന്നര മണിക്കൂര്‍ നേരത്തെ ഉരച്ചു കുളി കഴിഞ്ഞു കാലികളെയും കൊണ്ട് ഉച്ചയോടെ വീട്ടിലെത്തും..

അയല്‍വക്കത്തെ സ്ത്രീകള്‍ ഉച്ച നേരത്ത് ഒത്തുകൂടി നാട്ടുവിശേഷം പറഞ്ഞിരിക്കുന്നതിനിടയില്‍ മാളുവിനെ കാണാം.. ഓരോരുത്തരുടെയും മുഖത്തേക്ക് മാറി മാറി നോക്കും.. പറഞ്ഞത് മനസ്സിലായിട്ടോ എന്തോ ഇടയ്ക്കു ശബ്ദമില്ലാതെ തലയാട്ടി ചിരിക്കും. ഒരു ദിവസം സംസാരത്തിനിടക്ക്‌ ആരോ പറഞ്ഞു..
"ഗെന്താണ്ടി അച്ച്യെ.. ഓരോ ദൂസങ്ങള് ദാ ന്നു പറയുംബ്ലക്കും പോണു."
"തെന്നെ തെന്നെ ഏടത്ത്യേ .. കൊല്ലത്തിലൊരു ചക്കേം മാങ്ങേം. അതങ്ങട് തിന്നു കഴിഞ്ഞാ ഒരു വയസ്സ് കഴിഞ്ഞിലെ.."
സംസാരം കേട്ടിരുന്ന മാളു , ചക്കയും മാങ്ങയും തിന്നാല്‍ വയസ്സ് കൂടുമെന്ന് ധരിച്ചു . പാവം.. അന്നുമുതല്‍ മാളു പിന്നീടൊരിക്കലും ചക്കയും മാങ്ങയും തിന്നില്ലെന്നു നാട്ടു സംസാരം. തന്‍റെ വികാരങ്ങള്‍ പുറത്തേക്കു പ്രകടിപ്പിക്കാനും, മറ്റുള്ളവരോട് ഇടപെടാനുമുള്ള മാനസിക പക്വത ഇല്ലാതിരുന്നിട്ടും, ഉള്ളിന്റെയുള്ളില്‍ മാളു തന്‍റെ യൌവ്വനം കാത്തു സൂക്ഷിച്ചിരുന്നു എന്നതിന്നടയാളം..

ചക്കയും മാങ്ങയും തിന്നാതിരുന്നിട്ടും മാളുവിനു വയസ്സായി.. അമ്പതുകളിലൂടെയുള്ള യാത്രയില്‍ മഞ്ഞപ്പിത്തം വന്നു മാളുവിനെ കൈപിടിച്ചു കൊണ്ടുപോയി മറ്റൊരു ലോകത്തേക്ക്..

ഓരോ ജന്മങ്ങള്‍ക്ക് പുറകിലും ദൈവം ഓരോ നിയോഗം കല്പ്പിചിട്ടുണ്ടെന്നു നമ്മള്‍ വിശ്വസിക്കുന്നു. ആ നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണത്രേ നമ്മള്‍ ജന്മമെടുക്കുന്നത്.   ആര്‍ക്കും വേണ്ടാതെ, സ്വന്തമായി ചിന്തിക്കാന്‍ പോലും കെല്‍പ്പില്ലാതെ ഇങ്ങനെ എത്രയോ മാളുമാരെ എന്ത് നിയോഗ പൂര്‍ത്തീകരണത്തിനായിരിക്കാം ദൈവം ജന്മം നല്‍കി ഭൂമിയിലേക്ക്‌ തള്ളി വിട്ടത്....

ചക്കയും മാങ്ങയും വീക്നസ്സായ എനിക്ക്, ചക്കേം മാങ്ങേം തിന്നാല്‍ വയസ്സ് കൂടുമെന്ന് ധരിച്ചു വെച്ച പൊട്ടത്തി മാളുവിനെ ഓര്‍ക്കാതിരിക്കാനാവുമോ... !!!

-പത്മശ്രീ നായര്‍ -