Wednesday 29 October 2014

വായുവിലെ സന്യാസി.. ഓര്‍മ്മകളില്‍ നിന്നൊരേട്..











അഞ്ചോ ആറോ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷം നടന്നത്. നളചരിതം ആട്ടക്കഥയും, മാജിക്കും, മറ്റു കലാപരിപാടികളുമായി വളരെ വിപുലമായ ആഘോഷം തന്നെയായിരുന്നു. അന്നത്തെ പരിപാടികളില്‍ മുഖ്യാതിഥികളായിരുന്നവരെയൊന്നും ഇന്നോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.. ഡാന്‍സില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടായിരുന്നിട്ടും, അന്നത്തെ സാഹചര്യത്തില്‍ വസ്ത്രാലങ്കാരങ്ങളുടെ ചിലവു വഹിക്കാന്‍ കഴിയാതിരുന്നത് കൊണ്ട്, ആഗ്രഹത്തെ മനസ്സിലിട്ടു ചുട്ടു കരിച്ചു.
ജൂബിലി ആഘോഷങ്ങളുടെ ആദ്യഘട്ടം ഒരാഴ്ചക്കാലത്തെ എക്സിബിഷന്‍ ആയിരുന്നു. സയന്സിനോട് അനുബന്ധിച്ച, പരീക്ഷണങ്ങളും, വിദ്യാര്‍ഥികളുടെ വിശദീകരണങ്ങളും, സ്റ്റഫ് ചെയ്തു വെച്ച പെരുമ്പാമ്പും മുയലും പുലിയും, ലായനി ഭരണികളില്‍ സൂക്ഷിച്ച ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാ ഘട്ടങ്ങളും ഏറെ കൌതുകം തോന്നുന്നവയായിരുന്നു.. ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായി കണ്ട എക്സിബിഷനും സ്കൂളിലേതു തന്നെ എന്നാണോര്‍മ്മ..
എക്സിബിഷനിലെ കാഴ്ചകളില്‍ ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒന്നാണ് വായുവിലെ സന്ന്യാസി.. ഇരുളടഞ്ഞ ക്ലാസ് മുറിയില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ബള്‍ബുകളുടെ വെളിച്ചത്തില്‍ കാവി വസ്ത്രം ധരിച്ചു, താടിയും ജടയും നീട്ടി വളര്‍ത്തി, കമണ്ഢലുവേന്തിയ ഇടത് കൈ യോഗദണ്ഡില്‍ നീട്ടി വെച്ച്, വലതു കൈയ്യിലെ വിരലുകള്‍ക്കിടയില്‍ ഞാന്നു കിടക്കുന്ന രുദ്രാക്ഷമാലയില്‍ തിരുപ്പിടിച്ച്, ചൈതന്യം സ്ഫുരിക്കുന്ന മിഴികളാല്‍ കാണികളെ നോക്കി മൃദു മന്ദഹാസം പൊഴിക്കുന്ന, ചമ്രം പടിഞ്ഞു നിലം തൊടാതെ ശൂന്യമായ അന്തരീക്ഷത്തില്‍ ഇരിക്കുന്ന ഋഷിവര്യന്‍. ഏതോ ജാലവിദ്യക്കാരന്റെ കണ്കെട്ട് വിദ്യയാല്‍ ഒരുക്കിയെടുത്ത ആ സന്ന്യാസിവര്യന്‍ ആരാണെന്ന് അന്നൊന്നും അധികം പേര്‍ക്കും അറിയുമായിരുന്നില്ല. എത്ര കണ്ടിട്ടും കൊതി തീരാതെ, ക്ലാസ്സില്ലാത്ത സമയത്ത് കൂട്ടുകാരുമൊത്ത് വരിയില്‍ നിന്ന് പിന്നെയും പല പ്രാവശ്യം ഈ മുനി ശ്രേഷ്ഠനെ കണ്ടു.
ജൂബിലി ആഘോഷങ്ങള്‍ അവസാനിച്ച ശേഷം എന്നോ ഒരു നാള്‍, ഇന്റര്‍വെല്‍ സമയത്ത് കൂട്ടുകാരികളോടൊപ്പം ചാഞ്ഞു കിടന്ന മാവിന്‍ കൊമ്പില്‍ തൂങ്ങിയാടിക്കളിക്കുന്ന നേരത്ത്, പത്താം ക്ലാസ്സിലെ അഞ്ചാറു പെണ്‍കുട്ടികള്‍ ഞങ്ങളുടെ അടുത്തുകൂടി നടന്നു പോകുമ്പോള്‍, കുറച്ചകലെ നിന്നിരുന്ന ഒരു കൂട്ടം ആണ്‍കുട്ടികളുടെ ഇടയ്ക്കു നിന്നും ഒരു വിളി..
"ഹേയ്.. വായുവിലെ സന്യാസീ. "
വിളി കേട്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈ വീശി കാണിച്ചു.
പ്രായത്തെക്കാള്‍ കൂടുതല്‍ ശരീരപുഷ്ട്ടിയുള്ള, ഇടുപ്പിനും താഴേക്കു നീണ്ടു കിടക്കുന്ന തലമുടിയും,, മൂക്കില്‍ തിളങ്ങുന്ന ചുവന്ന കല്ലുമൂക്കുത്തിയും ഇട്ട ഒരു ദാവണിക്കാരി.. പിന്നീട് പലരും വിളിച്ചു കേട്ടപ്പോള്‍, എക്സിബിഷനില്‍ കണ്ട വായുവിലെ സന്യാസിയാണ് സുമിത്രയെന്നു പേരുള്ള ആ പെണ്‍കുട്ടി എന്നറിഞ്ഞു . പിന്നീട് പലപ്പോഴും സ്കൂളിലേക്കുള്ള വഴിയില്‍ മാറത്തടുക്കിപ്പിടിച്ച പുസ്തക കെട്ടുമായി കൂട്ടുകാരികളോടൊപ്പം നടന്നു പോകുന്നത് കണ്ടിട്ടുണ്ട്.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി . ചാറ്റല്‍മഴ ചിണുങ്ങിപ്പിണങ്ങി പെയ്യുന്ന ഒരു വൈകുന്നേരം.. പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍ തലയില്‍ ചൂടാനായി, തിണ്ണയിലിരുന്നു കനകാംബര മാല കൊരുത്തു കൊണ്ടിരിക്കെ സ്ത്രീകളുടെയും കുട്ടികളുടെയും അലമുറ കേട്ടു.. നിലവിളി അടുത്തടുത്ത്‌ വരുന്നു. എന്താണെന്നറിയാനുള്ള ജിജ്ജാസയോടെ പടിക്കലെക്കോടി..
പഴമ്പായില്‍ പൊതിഞ്ഞ, പച്ചമുളയില്‍ വെച്ചു കെട്ടിയ, ഒരു മനുഷ്യ ജീവിതത്തിന്‍റെ ആറടി മണ്ണിലേക്കുള്ള അന്ത്യ യാത്രയായിരുന്നു അത്. ഞാറു നടീല് നിര്‍ത്തി, പാടത്ത് നിന്നും ചേറു പുരണ്ട വസ്ത്രത്തോടെ, അലമുറയിടുന്ന ആള്‍ക്കൂട്ടത്തിനു പുറകെ നടന്നു വരുന്ന കാര്‍ത്ത്യായനിയും വള്ളിയും നബീസുവും തമ്മില്‍ അടക്കം പറയുന്നത് കേട്ടു.
"ന്തായാലും വല്ലാത്ത കഷ്ട്ടായി. മൂന്നാങ്ങളമാര്‍ക്കും കൂടി ഒറ്റ പെങ്ങളൂട്ട്യാ.. താഴത്തും തലേലും വെക്കാണ്ട് വളര്‍ത്തിതാ.. അതുങ്ങക്ക് സഹിക്കാന്‍ പറ്റ്വോ.. "
"ആരോ ചതിച്ചതാ.. മൂന്നു മാസായത്രേ.. എത്ര ദൂസം ദൊക്കെ ഒളിച്ചു വെക്കാന്‍ പറ്റും? മാനക്കേട്‌ പേടിച്ചു വെഷം കഴിച്ചതാണവേ."
"ന്തായാലും പെറ്റ തള്ളക്ക് പോയി."
പിറ്റേന്ന് സ്കൂള്‍ പടിക്കല്‍ കറുത്ത കൊടി ഞാന്നു കിടന്നിരുന്നു.
അസംബ്ലിയില്‍ വെച്ച് "വായുവിലെ സന്യാസിയുടെ" ആത്മാവിന്‍റെ നിത്യ ശാന്തിക്കായി രണ്ടു മിനിറ്റ് കണ്ണടച്ചു മൌന പ്രാര്‍ഥനക്ക് ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോയി.
കാര്‍ത്ത്യായനിയുടെയും വള്ളിയുടെയും നബീസുവിന്റെയും അടക്കം പറച്ചിലിന്റെ അര്‍ത്ഥം കുട്ടിയായിരുന്ന എനിക്കന്നു മനസ്സിലായിരുന്നില്ല..
അതെ.. ആരോ ചതിച്ചതാണ്..
അറിഞ്ഞും അറിയാതെയും ചതികള്‍ക്ക് ഇരയാവുന്നത് ഏറെയും സുമിത്രമാര്‍ മാത്രം.. അന്നും ഇന്നും എത്രയെത്ര സുമിത്രമാര്‍..
ആരുമല്ലാതിരുന്നിട്ടും ഓര്‍മ്മകളിലേക്ക് വല്ലപ്പോഴും വായുവിലെ സന്യാസി തിക്കിത്തിരക്കി കടന്നു വരും.. പിറകെ ദാവണിക്കനവുകള്‍ കണ്ണിലൊളിപ്പിച്ച പെണ്‍കുട്ടിയും, ചാറ്റല്‍ മഴയത്ത്, വെട്ടിക്കീറി പഴമ്പായില്‍ കെട്ടിപ്പൊതിഞ്ഞ സന്യാസിപെണ്‍കുട്ടിയുടെ ശ്മശാന യാത്രയും..
------------------------------------------------
(പേരുകള്‍ സാങ്കല്‍പ്പികം)




-പത്മശ്രീ നായര്‍-

Thursday 23 October 2014

ഓര്‍മ്മയില്‍ ഒരു ദീപാവലി.






ദസറ കഴിഞ്ഞു പിറ്റേന്ന് തുടങ്ങിയതാണ്‌ ആളുകള്‍ ദീപാവലി ആഘോഷത്തിനുള്ള നെട്ടോട്ടമോടാന്‍. കേരളത്തിലെ പോലെയൊന്നുമല്ല ഇവിടെ എല്ലാ ആഘോഷങ്ങളും പ്രത്യേകിച്ച് ദീപാവലി തകര്‍ത്താഘോഷിക്കുന്നു.. പുതുവസ്ത്രങ്ങളും ആഭരണങ്ങളും പുതിയ വീട്ടുപകരണങ്ങളും ലുബ്ധില്ലാതെ വാങ്ങിക്കൂട്ടുന്നു.. സ്ത്രീകള്‍ വീടുകള്‍ മോടി പിടിപ്പിക്കുന്നതിലും മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിലും മത്സരിക്കുന്ന കാഴ്ച..
പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും കുട്ടികള്‍ സന്തോഷിച്ചു തിമിര്‍ക്കുന്നത് ബാല്‍ക്കണിയില്‍ നിന്ന് നോക്കി നില്‍ക്കെ മനസ്സ് പത്തിരുപത്തിരണ്ടു കൊല്ലം പുറകോട്ടോടി.. അതെ.. ഓര്‍മ്മയിലെ ഒരു ദരിദ്ര ദീപാവലിയിലേക്ക്.. ഗുജറാത്തില്‍ ചേക്കേറിയ ശേഷമുള്ള ആദ്യ ദീപാവലി.. ഒരിക്കലും മറക്കാത്ത ദീപാവലി.. !!!
നാട്ടില്‍ നിന്നും ഉപജീവനാര്‍ത്ഥം ഗുജറാത്തിലേക്ക് വന്നിട്ട് അഞ്ചോ ആറോ മാസം കഴിഞ്ഞാണ് ദീപാവലി വന്നത്. ഒറ്റമുറി വാടക വീട്ടിലെ താമസം. ഒരു ബള്‍ബ് അല്ലാതെ, ടി.വി. ഫാന്‍, ഇസ്തിരി, മിക്സി മുതലായ ഇലക്ട്രിക് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ ആണ് മുറി വാടകയ്ക്ക് തന്നത്..
"ഇയാള് ഒരുപാട് വ്യവസ്ഥകള്‍ ഒന്നും വെക്കണ്ട .. ഇങ്ങേരു പറഞ്ഞാലും ഞങ്ങ ഇതൊന്നും ഉപയോഗിക്കാന്‍ പോണുല്ല്യ... ഇതൊക്കെ ണ്ടെങ്കിലല്ലേ ഉപയോഗിക്കൂ"
ഞാന്‍ അറിയാവുന്ന ഹിന്ദിയില്‍ മനസ്സില്‍ മുറുമുറുത്തുകൊണ്ട് തല കുലുക്കി സമ്മതിച്ചു. ഹല്ല പിന്നെ.. ആകെ കൂടിയുള്ളത് പെയിന്‍റ് അടര്‍ന്ന ഒരു ഇരുമ്പു പെട്ടി. അതിനുള്ളില്‍ കൊള്ളാന്‍ മാത്രമുള്ള ഞങ്ങളുടെ വസ്ത്ര ശേഖരം. പിന്നെയൊരു മണ്ണെണ്ണ സ്റ്റവ്വ്, ചോറും കൂട്ടാനും വെക്കാനും, അത് വിളമ്പി തിന്നാനും അത്യാവശ്യം പാത്രങ്ങള്‍.. ഇത്രയൊക്കെ ആര്‍ഭാടങ്ങളെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..
"ഒരു ചിരവ വെക്കാനുള്ള സ്ഥലം പോലും നിങ്ങടെ വീട്ടീന്ന് കൂടുതലായി ഞങ്ങക്ക് വേണ്ടടോ മാലിക്കെ".. ന്നു പിന്നേം ഞാന്‍ പിറുപിറുത്തു..
അങ്ങനെ സുഖമായി ഉന്തി തള്ളി ജീവിതം നയിക്കുമ്പോഴാണ് ദീപാവലിയുടെ വരവ്. അയല്വക്കക്കാര്‍ വീട് മോടി പിടിപ്പിക്കുന്നു.. കച്ചവടക്കാരുടെ തിരക്ക്.. ദീപാവലിയുടെ ഒരാഴ്ച മുമ്പ് തന്നെ അയല്‍വക്കത്ത്‌ നിന്ന് എണ്ണ പലഹാരങ്ങളുടെ മണം മൂക്കിലേക്ക് തുളച്ചു കയറി തുടങ്ങി..
സൈക്കിളില്‍ തുണിക്കെട്ടുമായി കച്ചവടത്തിന് സ്ഥിരമായി വരുന്ന ഒരു പയ്യന്‍റെ കൈയ്യില്‍ നിന്നും കുറഞ്ഞ വിലക്ക് കുഞ്ഞിനിക്കറും ഒരു കുഞ്ഞി ഷര്‍ട്ടും വാങ്ങി, പത്തിരുപതു രൂപ മുടക്കി ഒരു കളിത്തോക്കും ഇത്തിരി പട്ടാസും വാങ്ങി കൊടുത്തു രണ്ടു വയസ്സുകാരന്‍ മോനെ സന്തോഷിപ്പിച്ചു..
"അല്ലെന്നേ.. ദീപാവലിയല്ലേ.. എല്ലാ വീടുകളില്‍ നിന്നും പലഹാരത്തിന്റെ മണം ഗുമുഗുമാന്ന് വരുന്നു.. നമുക്കും എന്തേലും ഉണ്ടാക്കണ്ടേ.. നിങ്ങക്കെന്താ വേണ്ടത്.. ഉള്ള സൗകര്യം വെച്ച് പറ്റുന്നതാണെങ്കില്‍ ഉണ്ടാക്കി തരാം.. പറഞ്ഞോളൂ." ഞാനെന്‍റെ നായരദ്യെഹത്തോട് മൊഴിഞ്ഞു..
"നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ പരിപ്പുവട ണ്ടാക്കി തന്നാല്‍ മതി." ഉത്തരം ഉടനെ വന്നു ..
വള്ളിനിക്കറുമിട്ട് മൂക്കള ഒലിപ്പിച് നടന്നിരുന്ന കുട്ടിക്കാലത്ത് ഒരു നാള്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ചു കമ്മ്യൂണിസ്റ്റ്കാരുടെ ജാഥയില്‍ കൊടി പിടിച്ചു മുദ്രാവാക്യം വിളിക്കാന്‍ പോയതിനു രണ്ടു പരിപ്പ് വട കിട്ടിയിരുന്നത്രേ... അന്നുമുതല്‍ തുടങ്ങിയതാണ്‌ അദ്യെഹത്തിനു പരിപ്പുവടയോടുള്ള അടങ്ങാത്ത പ്രേമം..
'ഈശ്വരാ... ഇതിപ്പോ ഇടങ്ങേട് ആയല്ലോ... ചോദിക്കെണ്ടിയിരുന്നില്ല.. വടയുണ്ടാക്കാന്‍ പരിപ്പ് ഞാന്‍ എങ്ങിനെ അരക്കും.'
ഉം. ഭര്‍ത്താവിന്‍റെ ആഗ്രഹമല്ലേ.. നടത്തിച്ചു കൊണ്ടുക്കേണ്ടത് ഫാര്യേടെ കടമയല്ലേ.. പരിപ്പ് വടയല്ലേ ചോദിച്ചുള്ളൂ.. അല്ലാതെ പരിപ്പ് കണ്ടം ഒന്നും ചോദിച്ചില്ലല്ലോ.. ഉം.. വഴിയുണ്ടാക്കാം..
എതിര്‍ഭാഗത്തെ റോ ഹൌസില്‍ താമസിക്കുന്ന പുതിയതായി കല്യാണം കഴിഞ്ഞു വന്ന, ഇത്തിരി ഭംഗിയും ഒത്തിരി ജാഡയും ഒക്കെയുള്ള ഉപ്പുഭരണി പോലിരിക്കുന്ന ബീനാ രാജുവിനോട് അവരുടെ മിക്സിയില്‍ പരിപ്പ് അരക്കാനുള്ള അനുവാദം മുന്‍കൂറായി നേടിയെടുത്തു. വൈകുന്നെരത്തോട്‌ കൂടി കുതിര്‍ത്ത പരിപ്പും ആയി ബീനയുടെ വീട്ടിലേക്കു പോകാന്‍ തുടങ്ങിയപ്പോഴേക്കും അവരുടെ വീട്ടിലേക്കു കുറെ വിരുന്നുകാര്‍ കേറിപ്പോകുന്നു.. വന്നവര്‍ തിരിച്ചു പോകുമെന്ന് കരുതി കുറെ നേരം ഞാനെന്‍റെ വാതില്‍ക്കല്‍ തന്നെ നിന്നു.. കാലു കഴച്ചപ്പോള്‍ ഇരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ വന്ന വിരുന്നുകാരുടെ കൂടെ ബീനയും ഭര്‍ത്താവും കൂടി, വാതിലും പൂട്ടി ഇറങ്ങുന്നു..
കുതിര്‍ത്ത പരിപ്പുമായി ഉമ്മറ വാതില്‍ക്കല്‍ നില്‍ക്കുന്ന എന്നോടായി ബീന... "ചേച്ച്യേ... ഞങ്ങള് ദാ ഇവരുടെ കൂടെ പോവ്വ്വാ.. ഒരാഴ്ച കഴിഞ്ഞേ വരൂ. ഇടക്കൊന്നു ഇങ്ങോട്ട് നോക്കിക്കോണേ.."
വടയുണ്ടാക്കാന്‍ പരിപ്പരക്കാന്‍ കാത്തു നില്‍ക്കുന്ന എന്നെ അവളുടെ വീട് കാവലിനു ഏല്‍പ്പിച്ചു പോയി.. ദേഷ്യവും സങ്കടവും സഹിക്കാതെ അകാരണമായി ഏട്ടനോടും മോനോടും തട്ടിക്കയറി.. പിന്നെ തോന്നി.. അല്ലാ.. ഞാനെന്തിനാ ഇവരോട് ദേഷ്യപ്പെടുന്നത്... വല്ലവരുടേം വീട്ടിലെ മിക്സി കണ്ടു വടയുണ്ടാക്കാന്‍ പുറപ്പെട്ട എന്റെയല്ലേ തെറ്റ്.. അങ്ങനിപ്പോ തോറ്റ് പിന്മാറാന്‍ മനസ്സില്ല..
"അതേയ് രവ്യേട്ടാ.. ഈ ശര്‍ക്കര ഒന്നു ചീകി തര്വോ.. പുത്യൊരു പലഹാരം ദാന്നു പറയുമ്പഴേക്കും ണ്ടാക്കി തരാം."
വടക്കുവേണ്ടി കുതിര്‍ത്തു വെച്ച പരിപ്പിനെ വേവിച്ചുടച്ചു,, ശര്‍ക്കര ചീവിയതും ചേര്‍ത്തിളക്കി, ചപ്പാത്തിക്ക് കുഴച്ചു വെച്ച മാവിനെ പരത്തി അതില്‍ പരിപ്പ് കൂട്ടു ഫില്‍ ചെയ്തു, ചപ്പാത്തിക്കല്ലില്‍ എണ്ണയൊഴിച്ചു ചുട്ടെടുത്തു, ചൂടോടെ ഭര്‍ത്താവിനും മോനും കൊടുത്തപ്പോള്‍ എന്തെന്നില്ലാത്ത സംതൃപ്തി..
"ഇതിനെന്താ ചെറിയൊരു ഉപ്പുരസം? ശര്‍ക്കരയല്ലേ ചേര്‍ത്തത് ?" ബെറ്റര്‍ ഹാഫിന്‍റെ ചോദ്യം..
"ങാ അതേയ്... മധുരം ക്രമീകരിക്കാന്‍ ഒരു നുള്ള് ഉപ്പു ചേര്‍ക്കും.. അതിന്റ്യാവും." തികട്ടി വന്ന സങ്കടം ഒതുക്കി ഞാന്‍ പറഞ്ഞു
മാവ് പരത്തുമ്പോള്‍ കണ്ണില്‍ നിന്നും അടര്‍ന്നു വീണ തുള്ളികളുടെ രുചിയാണ് അതെന്നുള്ള കാര്യവും മനപൂര്‍വ്വം ഞാന്‍ മറച്ചു വെച്ചു..
അന്നത്തെ ആ ദീപാവലിക്ക് ശേഷം എത്രയോ ദീപാവലികള്‍ ആഘോഷിച്ചു.. വര്‍ഷങ്ങള്‍ക്കിപ്പുറം, ദൈവാനുഗ്രഹം കൊണ്ട് എല്ലാ ആധുനിക സൌകര്യങ്ങളോടു കൂടി ജീവിക്കുമ്പോഴും, ആഘോഷങ്ങള്‍ക്ക് ആ ദരിദ്ര ദീപാവലിയുടെ നിറപ്പകിട്ട് ഇല്ല .. അതിന്‍റെ കാരണവും ഞാന്‍ തന്നെ കണ്ടെത്തി. സൌകര്യങ്ങള്‍ ഉണ്ടായപ്പോള്‍ ആഗ്രഹങ്ങള്‍ മരവിച്ചു പോയത് തന്നെ കാരണം..

-പദ്മശ്രീനായര്‍-



Monday 6 October 2014

ഹൗസ് വൈഫും ഫേസ്ബുക്കും....


പ്രഭാതഭേരിക്ക് വിഷയം ആലോചിച്ചു  രാത്രികാലങ്ങളില്‍  ഉറക്കമിളച്ചു , പ്രഭാതങ്ങളിലെ പ്രഭാതഭേരിക്കിടയില്‍  പ്രഭാതഭക്ഷണത്തിന്‍റെ  താളം തെറ്റി,  കണ്‍തടങ്ങളില്‍  കറുപ്പ് വീണു,     തലമുടി മിക്കവാറും  കൊഴിഞ്ഞു, ബാക്കിയുള്ളത് അകാലനര  ബാധിച്ച്,   ഗ്ലാമറിന്  മങ്ങലേറ്റു,  ആരോഗ്യം ക്ഷയിച്ചു,  ആശുപത്രി വരാന്തയില്‍   ഡോക്റ്ററെ  കാണാന്‍  ടോക്കണ്‍ എടുത്തു ഊഴം കാത്തിരിക്കുന്നതിനിടയില്‍, മൊബൈല്‍  കൈയ്യിലെടുത്തു  ഹോം പേജിലൂടെ ചുണ്ണാമ്പ് തേച്ചു പിടിപ്പിക്കുന്നതിനിടക്ക്   വെറുതെ ആലോചിച്ചതെന്താണെന്നോ,   ഫേസ്ബുക്കിലെ അമിത സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് തന്നെ.  

ഇതിപ്പോ എന്‍റെ തോന്നല്‍ മാത്രമാണോ? എന്തായാലും സത്യാവസ്ഥയറിയാന്‍ ഫേസ്ബുക്കിന്റെ ഇടവഴികളിലൂടെ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു.  സംഗതി ഏറെക്കുറെ വാസ്തവമാണ്.. സ്റ്റാറ്റസ് അപ്ഡേറ്റ്കളും കഥകളും കവിതകളും, ഫോട്ടോ പ്രദര്‍ശനവുമോക്കെയായി  നമ്മള്‍ നാരീമണികള്‍  പുരുഷപ്രജകളെ ഓവര്‍ടെക്ക് ചെയ്തു മംഗള്‍യാനെക്കാള്‍  വേഗതയില്‍  കുതിക്കുന്നു.  സ്ത്രീകള്‍ക്കിടയില്‍ തന്നെ മത്സര/വൈരാഗ്യബുദ്ധിയോടെ പായുന്ന യാഗാശ്വികളും  കുറവല്ല.  ഇത്രയൊക്കെ ആക്ടീവ് ആയിരിക്കാന്‍  ഇവരെങ്ങനെ സമയം കണ്ടെത്തുന്നു എന്നതായിരുന്നു  എന്‍റെ  കുരുട്ടുബുദ്ധിയില്‍ കുരുങ്ങിയ അടുത്ത ചിന്ത. ചിന്തിച്ചു അന്തിച്ചിരിക്കാതെ ഒരു രഹസ്യ സര്‍വേക്ക് തെയ്യാറെടുത്തു.

ആദ്യമായി, ശാലീന സുന്ദരിയായ ശാലിനി നമ്പ്യാരുടെ  അടുക്കള വഴി കയറി ഒളിച്ചിരുന്നു ചെവി കൂര്‍പ്പിച്ചു..

"മമ്മീ..  എന്‍റെ യൂണിഫോം  എവിടെ? "

പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന മോളുടെ ചോദ്യത്തിനൊപ്പം  ഗേറ്റില്‍  സ്കൂള് വണ്ടിയുടെ നിര്‍ത്താതെയുള്ള  ഹോണടിയും.

"അവിടെവിടെങ്കിലും കാണും കുട്ടീ..  പത്മെചിയുടെ പ്രഭാതഭേരി വന്നു.. അതൊന്നു വായിച്ചു കമന്റിടട്ടെ.  പപ്പയോടു പറ  തിരഞ്ഞു തരാന്‍..  ഹും.. അല്ലെങ്കിലും ഇതൊക്കെ  എന്‍റെ മാത്രം ഉത്തരവാദിത്വം ഒന്നുമല്ലലോ.. "

കാലത്തെഴുന്നേറ്റു  ഒരു കപ്പ് ചായ പോലും കിട്ടാതെ, ഷേവ് ചെയ്യാനിരുന്ന ഭര്‍ത്താവ് സുഗുണന്‍ , പകുതി വടിച്ച  താടിയുമായി മോളുടെ യൂണിഫോം തിരയാന്‍ തുടങ്ങി.  രണ്ടു ദിവസം മുമ്പ് കഴുകാനിട്ടു, ഉണക്കാനിടാന്‍ മറന്ന യൂണിഫോം വാഷിംഗ്മെഷീനില്‍ നിന്നും കണ്ടെടുത്തു. ഇസ്തിരിയിട്ടു ഉണക്കി,  നാറ്റം മാറിക്കിട്ടാന്‍ തുണിയില്‍ ഒരു കുപ്പി സ്പ്രേയും അടിച്ചു, മോളെ തെയ്യാറാക്കി ഗേറ്റില്‍ എത്തിച്ചപ്പോഴേക്കും  സ്കൂള്‍ വണ്ടി  പോയിരുന്നു.  ആ സമയം   ശാലീനയായ ശാലിനി നമ്പ്യാര്‍  തലേദിവസം അപ്ലോഡ് ചെയ്ത, കവിളത്തെ കാക്കപ്പുള്ളിയെ ഹൈലൈറ്റ് ചെയ്ത  തന്‍റെ ഫോട്ടോക്ക്  കിട്ടിയ ലൈക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ആനന്ദ പുളകിതയാവുകയായിരുന്നു..

അവിടുന്നിറങ്ങി  വലത്തോട്ടുള്ള ഇടവഴിയിലൂടെ നടന്നു,  ചാരിവെച്ച  ഗെറ്റ്  പതിയെ തുറന്നു ശ്യാമള ഉണ്ണിയുടെ  വീടിന്‍റെ പുറകിലത്തെ ജനലില്‍  പറ്റിപ്പിടിച്ച  പൊടി  തൂവാല കൊണ്ട് തുടച്ചു അവിടെ ചെവി ചേര്‍ത്തു വെച്ചു..

"ശ്യാമളെ.. ഇന്നെങ്കിലും  കഴിക്കാന്‍ വല്ലതും കിട്ട്വോ?
ലാപ്ടോപ്പിന്‍റെ മുമ്പില്‍ ഇരിക്കുന്ന  ഭാര്യയെ ഈര്‍ഷ്യയോടെ നോക്കിയിട്ട്, തികട്ടി വരുന്ന കോപത്തെ,   ഒരു മുടുക്ക് വെള്ളം കുടിച്ചിറക്കിക്കൊണ്ട്  നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു.

"ദാ വരുന്നു.. അടുപ്പത്ത് പുട്ട് വെച്ചിട്ടുണ്ട്..  ഈ സ്റ്റാറ്റസ് ഒന്നു അപ്ലോഡ് ചെയ്യട്ടെ ഉണ്ണ്യേട്ടാ..  എല്ലാവരും ഓണ്‍ലൈനില്‍  ഉണ്ടാവുന്ന പീക്ക് ടൈം ആണ്. ഇപ്പൊ പോസ്റ്റ്‌ ചെയ്‌താല്‍ നല്ലോണം ലൈക്‌ വീഴും.  കുറച്ചു കഴിയുമ്പോഴേക്കും ആ ജാടക്കാരി വീണാ വിശ്വനാഥ്  വന്നു  പോസ്റ്റിട്ടു  എല്ലാ ലൈക്കും കൊണ്ടോവും. "

പോസ്റ്റ്‌ അപ്ലോഡ് ചെയ്തു  അതില്‍ സ്വന്തം ലൈക്കും അടിച്ചു സംതൃപ്തിയോടെ  വന്ന ശ്യാമള, അടുപ്പത്ത് നിന്ന് പുട്ടു കുറ്റി ഇറക്കി അതിന്‍റെ മൂട്ടില്‍ ഒരഞ്ചാറു കുത്ത് കൊടുത്തിട്ടും  പുട്ടു വീണില്ല. സ്റ്റാറ്റസ് അപ്ടെട്റ്റ് ചെയ്യുന്ന തിരക്കിനിടയില്‍  പുട്ടുകുറ്റിയില്‍  പൊടി നിറക്കാന്‍ മറന്നു പോയിരുന്നു,  സുഹൃത്തുക്കളുടെ കണ്ണിലുണ്ണിയായ  പാവം ശ്യാമള ഉണ്ണി.

അതിവേഗം ബഹുദൂരം ഇനിയും പോകാനുള്ളതുകൊണ്ടു  പിന്നീടവിടെ നടന്നിരിക്കാനിടയുള്ള രംഗങ്ങള്‍ ഞാന്‍ എന്‍റെ ഭാവനക്ക് വിട്ടു കൊടുത്തുകൊണ്ട് അടുത്ത വീട് ലക്ഷ്യമാക്കി  ഓടി.

സൈനബാ ഹസ്സന്റെ  വീട്ടുപടിക്കല്‍ എത്തുന്നതിനു മുമ്പ് തന്നെ അവള്‍ ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ മതിലിന്‍റെ അരികിലേക്ക് മറഞ്ഞു നിന്നു. തന്നെക്കാള്‍  സ്മാര്‍ട്ടായ തന്‍റെ സ്മാര്‍ട്ട് ഫോണില്‍   " ചന്തയില്‍ പോയി മീന്‍ മേടിച്ചിട്ട് ഇപ്പൊ വരാം  ഫ്രണ്ട്സ്...  ടാറ്റാ.. ബൈ  ബൈ.. മിസ്‌ യൂ ഓള്‍ " എന്ന സ്റ്റാറ്റസും ഇട്ടു, മേമ്പോടിക്ക്   ഫീലിംഗ് ആയി "ഇന്നെന്തരു മീന്‍ കിട്ട്വോ ന്തോ?"  ന്നും  ചേര്‍ത്തു സംതൃപ്തിയോടെ, നേര്‍ച്ചകൊറ്റന്‍റെ കഴുത്തിലെ നേര്‍ച്ച സഞ്ചിപോലോരെണ്ണത്തിലേക്ക് തന്‍റെ സ്മാര്‍ട്ട് ഫോണ്‍ നിക്ഷേപിച്ചു,  ഓവര്‍ സ്മാര്‍ട്ടായി, വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരം  പിന്‍വിളിയോടെ  ഭര്‍ത്താവ് ഹസ്സന്‍കുട്ടി ,  തീവണ്ടിക്കു പച്ചക്കൊടി വീശി യാത്രാനുമതി നല്‍കുന്നത് പോലെ, ഭാര്യ ധരിക്കാന്‍ മറന്ന പൈജാമയും  വലതു കൈകൊണ്ടു പൊക്കി വീശിക്കൊണ്ട് വരുന്നു.  വീട്ടുപടിക്കല്‍ നിന്ന് കൊണ്ട് പൈജാമ വലിച്ചു കെട്ടുന്ന സൈനബയെ  നോക്കി ചിരിയമര്‍ത്തിക്കൊണ്ട്, ഞാനവിടുന്നു നടന്നു നീങ്ങി.

സൂര്യന്‍ തലയ്ക്കു മുകളില്‍ എത്തിയിരിക്കുന്നു. ഇനിയും കുറച്ചു പേരെ കൂടി ഒളിഞ്ഞു നോക്കാനുണ്ട്..
വല്ലപ്പോഴും മാത്രം  എന്തെങ്കിലും എഴുതിയിടുന്ന, എന്നാല്‍ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പിശുക്കില്ലാതെ  ലൈക്ക്കളും,  കമന്റുകളും   കൊണ്ട്  നിറസാന്നിധ്യം ആയ മറിയാമ്മാ ചാണ്ടിയുടെ വീട്ടിലേക്കു കയറി.

ചാരിയിട്ടിരിക്കുന്ന വാതില്‍ തുറന്നു ചാണ്ടി  വന്നത്,  സ്ഥലകാലബോധമില്ലാതെ   ദുഷ്യന്തനെ ഓര്‍ത്തിരിക്കുന്ന ശകുന്തളയെ പോലെ, ലാപ്പിന്റെ മുന്നില്‍ അന്തം വിട്ടിരിക്കുന്ന മറിയാമ്മ അറിഞ്ഞതേയില്ല.  പരിസരബോധം നഷ്ട്ടപ്പെട്ടിരിക്കുന്ന ഭാര്യയുടെ  പിന്‍കഴുത്തില്‍, പോക്കറ്റില്‍ നിന്ന് വലിചൂരിയെടുത്ത പാര്‍ക്കര്‍ പേന കൊണ്ട് ദേഷ്യത്തില്‍ ഒരു കുത്തു  കുത്തിക്കൊണ്ടു  ചോദിച്ചു.

"ഞാന്‍ വന്നിവിടെ നിക്കാന്‍ തുടങ്ങീട്ടു പത്തു മിനിറ്റ് കഴിഞ്ഞു..  ഭാര്യേടെ കൈകൊണ്ടു വിളമ്പി, ഒരുമിച്ചിരുന്നു ഊണ് കഴിക്കാന്‍  വേണ്ട്യാ ഈ നട്ടുച്ചയ്ക്ക് ഇത്രേം ദൂരം വണ്ടിയോടിച്ചു വരുന്നത്. നീയാണെങ്കില്‍ ഏതു നേരവും ഫേസ്ബുക്കിന്റെ ലോകത്താ.. കുറെ കാലായി ഞാനിത് സഹിക്കുന്നു.. ഇങ്ങനെ പോയാല്‍ നമ്മളൊരുമിച്ചൊരു ജീവിതം സാധ്യമല്ല."

"പിണങ്ങല്ലേ  ന്‍റെ പൊന്നു   ചാണ്ടിച്ചായാ...."   മറിയാമ്മ   ഭര്‍ത്താവിനെ  സോപ്പിടാനുള്ള  തന്ത്രം ആലോചിക്കുകയാണ്.

"ചോറ്  വെച്ചിട്ടുണ്ട്.. ഇത്തിരി വേവ് കൂടുതലായി..  അത് സാരല്ല്യ.. ഗ്യാസ് തീര്‍ന്നു പോയതോണ്ട് കറി ഉണ്ടാക്കാന്‍ പറ്റിയില്ല..  സാരല്ല്യ, കറി നമുക്ക് ഹോട്ടലീന്ന്  വരുത്തിക്കാം.. പിന്നെ ചാണ്ടിച്ചായന്‍  ഇന്ന് തന്നെ ഗ്യാസ് ബുക്ക്‌ ചെയ്യണേ..   ഗ്യാസ് വരുന്നത് വരെ നമുക്ക് ഹോട്ടലീന്ന് ഭക്ഷണം വരുത്തിക്കാം.. ന്തേ.  "

 "ങാ.. പിന്നേയ്.. ചാണ്ടിച്ചായോ ... ദാ ഇങ്ങോട്ടൊന്നു നോക്ക്യേ... "  മറിയാമ്മ   ലാപ്ടോപ്പ് താങ്ങിയെടുത്ത്  ഡൈനിംഗ് ടേബിളില്‍  ഭര്‍ത്താവിനു അഭിമുഖമായി വെച്ച് കൊടുത്തു.

"നീലിമാ ചന്ദ്രന്‍റെ ഇന്നത്തെ പോസ്റ്റ്‌ കണ്ടോ?  സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍   ആളാവാന്‍  നോക്ക്യെതാ.. എല്ലാരും കൂടി പൊളിച്ചടുക്കി.  നല്ല രസാ  ഓരോരുത്തരുടെ കമന്റുകള്‍ വായിക്കാന്‍.. അസ്സലായി.. അവള്‍ക്കു അങ്ങനെ തന്നെ വേണം.. ഞാന്‍ ലൈക്കടിച്ചതൊന്നുമില്ല.. എന്‍റെ പോസ്റ്റിലൊന്നും അവള് വരാറേയില്ല.. ഭയങ്കര ജാഡയാ..

ഒരു ദിവസത്തിന്‍റെ മുക്കാല്‍ ഭാഗവും  ഫേസ്ബുക്കിനെ കുറിച്ച് മാത്രം  ചിന്തിച്ചു പറഞ്ഞു നടക്കുന്ന ഭാര്യയുടെ  ഈ പ്രതികരണത്തില്‍  ചാണ്ടിക്ക്   പുതുമയൊന്നും തോന്നിയില്ലെന്ന് മാത്രമല്ല   ക്ഷമയുടെ നെല്ലിപ്പലക  തകര്‍ന്നു തരിപ്പണമായത് കൊണ്ട് ഒന്നു ക്ഷോഭിക്കാന്‍  തോന്നുകയും അങ്ങനെ ചെയ്യുകയും  ചെയ്തു.

"നീയും നിന്റൊരു ഫേസ്ബുക്കും.. ഇന്നത്തോടെ നിര്‍ത്തിയില്ലെങ്കില്‍  ഞാനീ കുന്ത്രാണ്ടം  തല്ലിപ്പൊളിച്ചു   തീയിട്ടു കത്തിക്കും.."   ഭര്‍ത്താവിന്റെ മുഖഭാവം മാറിയപ്പോള്‍   മറിയാമ്മയും  വിട്ടുകൊടുക്കാന്‍ തയ്യാറായില്ല..

"ഓ.. ഉവ്വുവ്വേ...  ഇതീ തൊട്ടാല്‍  അന്നേരം വെവരം അറിയും.. ഇതെന്റെ  ആങ്ങള കഴിഞ്ഞ തവണ ഗള്‍ഫീന്ന് വരുമ്പോ കൊണ്ടു വന്നു തന്നതാണ്.. അല്ലാതെ നിങ്ങള് പുളുങ്കുരു കൊടുത്തു മേടിച്ചു തന്നതൊന്നുമാല്ലല്ലോ..  ഇതിയാനോക്കെ   ഏതു  യുഗത്തിലാ ജീവിക്കണത്..  ചാണ്ടിച്ചായാ  ന്നു വിളിച്ച  എന്‍റെ നാവോണ്ട്   ചണ്ടീ ന്നു വിളിപ്പിക്കരുത്.. ങാ. "

കാര്യങ്ങളെ കുറിച്ച്  ഏകദേശം  ഒരു പിടി കിട്ടി.  അവിടുന്നിറങ്ങി  എളുപ്പവഴിക്കു വീട്ടിലെത്താന്‍ വേണ്ടി  ഇന്ബോക്സിന്റെ  വേലിപ്പഴുതിലൂടെ     നുഴഞ്ഞു കേറാന്‍ തുടങ്ങിയപ്പോള്‍...  അതാ നില്‍ക്കുന്നു  അഞ്ചെട്ടു തരുണീമണികള്‍   വേലിക്കപ്പുറമിപ്പുറം  നിന്ന്    പരദൂഷണം പറഞ്ഞുകൊണ്ട്.   സ്വന്തമായി  ഒരു ആക്ടിവിറ്റീസും  ഇല്ലാതെ,  കായിന്റെം പൂവിന്റെം പടവുമിട്ട് കള്ളപ്പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം  ലലനാമണികള്‍..  മേല്‍പ്പറഞ്ഞവരേക്കാള്‍ കഠിനാധ്വാനികളായ  ഇവര്‍, ഇരുപത്തിമൂന്ന് മണിക്കൂറും  ഫേസ്ബുക്കില്‍ തന്നെയാണ്.. ആരൊക്കെ  എന്തൊക്കെ  എഴുതി,  എവിടൊക്കെ അടിപിടികള്‍ നടക്കുന്നു,  അവന്റെയും അവളുടെയും കമന്റുകള്‍ ചേര്‍ത്തി വായിക്കുമ്പോള്‍  അവര് തമ്മിലെന്തോ  ഇല്ലേ   എന്ന സംശയങ്ങങ്ങളും     സത്യാന്വേഷണങ്ങളുമായി സ്വന്തം ജീവിതം തന്നെ ഫേസ്ബുക്കിനു സമര്‍പ്പിച്ചവര്‍..

ഇനിയല്പം കാര്യം..
ബഹുമാന്യരായ സ്ത്രീ സുഹൃത്തുക്കളേ..
കുടുംബത്തിന്‍റെ നെടുംതൂണായി നിലകൊള്ളേണ്ടവളാണ്  സ്ത്രീ.  കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍  പുരുഷനേക്കാള്‍ കൂടുതല്‍  നമ്മള്‍ കുടുംബിനികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.   കുടുംബകാര്യങ്ങളും, ഔദ്യോഗിക കൃത്യ നിര്‍വഹണവും  കഴിഞ്ഞു കിട്ടുന്ന നേരങ്ങളില്‍ ഉല്ലാസോപാധിയായി  മുഖപുസ്തകം വായിക്കാം.. രസിക്കാം.  കുടുംബത്തില്‍ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങിയാല്‍, രക്ഷിക്കാന്‍   ഫ്രണ്ട്സോ ഫോളോവേഴ്സോ  വരില്ല..

സ്വന്തം ഉത്തരവാദിത്വങ്ങള്‍  മറന്നു സദാസമയവും  ഫേസ്ബുക്കില്‍   വിളയാടുന്ന ഒരു ഭര്‍ത്താവിനെ നമ്മുടെ സ്ഥാനത്ത് സങ്കല്‍പ്പിച്ചു നോക്കൂ..  എങ്ങിനെയാവും നമ്മുടെയൊക്കെ പ്രതികരണം?

കുടുംബജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനുമാവട്ടെ ആദ്യ പരിഗണന.  ശാശ്വതമായ സന്തോഷവും സമാധാനവും നമുക്ക് കിട്ടേണ്ടത് കുടുംബത്തില്‍ നിന്നാണ്.. നമ്മളെ  മനസ്സിലാക്കുന്ന  ഓരോ യഥാര്‍ത്ഥ സുഹൃത്തും ഈ വസ്തുത അംഗീകരിച്ചു നമ്മോടോപ്പമുണ്ടാവുകയും ചെയ്യും.

-പത്മശ്രീ നായര്‍-










Thursday 2 October 2014

പിരിവുകാരും,അരിക്കൊണ്ടാട്ടവും...




ഓണം കഴിഞ്ഞു മാവേലിയും പാതാളത്തില്‍ തിരിച്ചെത്തി വിശ്രമിക്കാന്‍ തുടങ്ങി.. പക്ഷെ അഹമ്മദാബാദില്‍ ഓണാഘോഷങ്ങള്‍ വാര്‍ഡുകള്‍ തോറും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. നായര്‍ സമാജത്തിന്‍റെ, കേരള സമാജത്തിന്‍റെ ഒക്കെ പ്രത്യേകം പ്രത്യേകം വാര്‍ഡു തിരിച്ച ആഘോഷങ്ങളാണ്. ഇത് കഴിയുമ്പോള്‍ സംഗതികള്‍ ഭക്തിയിലേക്ക് തിരിയും.. മണ്ഡല - മകര വിളക്ക് ഉത്സവങ്ങള്‍. ഇതിനു പുറമെയാണ് ഇവിടുത്തുകാര്‍ ആഘോഷിക്കുന്ന, ദസറ, വിനായക ചതുര്‍ഥി, അഷ്ട്ടമി രോഹിണി.. അങ്ങനെയങ്ങിനെ ആഘോഷങ്ങളുടെ ഒരു നീണ്ട നിര. ആഘോഷങ്ങള്‍ ആസ്വാദ്യകരമാണെങ്കിലും, ഇതിന്‍റെ നടത്തിപ്പിന് വേണ്ടിയുള്ള പിരിവാണ് സഹിക്കാന്‍ വയ്യാത്തത്.. മറുനാടന്‍ മലയാളികള്‍ക്കാണ് കൂടുതല്‍ കഷ്ട്ടപ്പാട്.. സ്വന്തം ആഘോഷങ്ങള്‍ക്കും ഇവിടുത്തുകാരുടെ ആഘോഷങ്ങള്‍ക്കും പിരിവു കൊടുത്തു സഹകരിക്കണം.. ഇതിനും പുറമേ അനാഥാലയത്തിലേക്ക്, പാവപ്പെട്ട കുട്ടികള്‍ക്ക് ചായേം ബിസ്കറ്റും കൊടുക്കാന്‍ എന്നൊക്കെയുള്ള ആവശ്യം പറഞ്ഞു ഒരു വിഭാഗം തട്ടിപ്പ് പിരിവുകാരും ഇറങ്ങാറുണ്ട്‌. ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക പിരിവു ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍.
നാട്ടിലെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്.. ഉത്സവക്കാലം തുടങ്ങിയാല്‍ പറയേം വേണ്ട.. വേല- പൂരങ്ങളുടെ പിരിവ്.. മുക്കിനു മുക്കിനു മത്സര ബുദ്ധിയോടെയുള്ള ആഘോഷങ്ങള്‍. അതിനൊക്കെ പിരിവും.. വേലപൂരങ്ങളുടെ വെടിക്കെട്ടും പുകയും കഴിഞ്ഞു, ക്ഷീണം മാറി, ബോറടിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ സ്ഥിരം പിരിവു കമ്മിറ്റിക്കാര്‍ പിന്നെ നോട്ടമിടുന്നത് ദൈവങ്ങളെയാണ്.. ദൈവങ്ങളാവുമ്പോള്‍ എല്ലാം സഹിചോളുമല്ലോ.. രെസീത് പുസ്തകവും അടിച്ചിറക്കി ക്ഷേത്ര പുനരുദ്ധാരണത്തിനായി ഇറങ്ങും. വീട്ടുകാരന്റെ കഴിവിനെ വക വെക്കാതെ ഭീമമായ തുക രെസീതില്‍ എഴുതി പിടിപ്പിച്ചു ചോര ഊറ്റുന്ന പിരിവുകാര്‍.. നാട്ടുകാരുടെ മുമ്പില്‍ നാണം കെടാതിരിക്കാന്‍ പലരും വീട്ടു ചിലവുകള്‍ ചുരുക്കി, പിരിവു പണം നല്‍കുന്നു.
ഇത്രയൊക്കെ പറഞ്ഞപ്പോള്‍ കുട്ടിക്കാലത്ത് ഉണ്ടായ ചില പിരിവു സംഭവങ്ങള്‍ ഓര്‍മ്മ വന്നു.. എണ്ണിചുട്ട അപ്പം പോലെ മാസം തോറും അച്ഛന്‍ അയക്കുന്ന മണിഓര്‍ഡര്‍ തുക കൊണ്ട് വീട്ടു ചിലവുകള്‍ നിയന്ത്രിക്കാന്‍ അമ്മ പെടുന്ന പാട് കണ്ടിട്ടുണ്ട്.. എന്നിട്ടും അതില്‍ നിന്ന് ചെറിയൊരു തുക പിരിവുകാര്‍ക്കായി നീക്കി വെക്കും. അതും കഴിയുമ്പോഴാണ് പ്രശ്നം.. പിരിവുകാരെ ദൂരെ കാണുമ്പോഴേ, മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങള് കുട്ടികളോട് "അമ്മ ഇവിടില്ല" എന്ന് പറയാന്‍ ഏല്‍പ്പിച്ചു ഒളിഞ്ഞിരിക്കും.. എന്തൊരു ഗതികേട് അല്ലെ..
അങ്ങിനെ ഒരു ദിവസം... മുറ്റത്ത്‌ അരിക്കൊണ്ടാട്ടം ഉണക്കാനിട്ടിരുന്നു. പാത്രത്തിനടിയില്‍ കരിഞ്ഞു പിടിച്ച ഉണങ്ങിയ മാവ് പിച്ചിതിന്നു കൊണ്ട് ഞാനും, എന്നെ ചീത്ത പറഞ്ഞു അടുത്തു അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു.. അപ്പോഴാണ്‌ ഇടവഴിയുടെ വളവു തിരിഞ്ഞു മൂന്നു നാല് പിരിവുകാര്‍ വരുന്നത് മുറ്റത്ത്‌ നിന്ന് തന്നെ വേലിക്കിടയിലൂടെ കണ്ടത്.. കക്ഷത്ത്‌ വെച്ച ഭാഗും കുടയും, കഞ്ഞി പിഴിഞ്ഞുണക്കിയ മുണ്ടും ഒക്കെ കണ്ടാല്‍ ഇക്കൂട്ടരെ ഏതു തിരക്കിനിടയിലും തിരിച്ചറിയാന്‍ പറ്റും. കൂടാതെ പിരിവു അല്ലാതെ മറ്റൊരു ജോലിക്കും ഇവര് പോകാറുമില്ല. "അമ്മ ഇവിടില്ലെന്നു" നുണ പറഞ്ഞു മടുത്ത ഞാന്‍ മുന്‍കൂട്ടി അമ്മയോട് പറഞ്ഞു..
"എനിക്ക് വയ്യ നുണ പറയാന്‍." എന്‍റെ തീരുമാനത്തിന് മുമ്പില്‍ അമ്മയൊന്നു പതറി.. പിന്നെ എന്‍റെ കൈയും പിടിച്ചു വലിച്ചു അടുക്കളയില്‍ കയറി, പുറത്തേക്കു തുറക്കുന്ന ജനലിന്റെ വിടവിലൂടെ നോക്കി നിന്ന്.. പടി കടന്നു നാലഞ്ചു പേര്‍ വന്നു..
"ഇവിടാരൂല്ല്യെ... കൂയ്.. ഞങ്ങള് വേലപ്പിരിവിനു വന്നോരാണ്.. "
ആളു വീതം വിളിച്ചു കൂവുന്നതും, മുറ്റത്ത്‌ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും ജനലഴികളിലൂടെ ഞങ്ങള് നോക്കി കാണുകയായിരുന്നു.. ഒരു നിമിഷം പോലും മിണ്ടാതിരിക്കാന്‍ കഴിയാത്ത ഞാന്‍ രണ്ടു കൈകൊണ്ടും വായ പൊത്തിപ്പിടിച്ചു നില്‍ക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ.. അപ്പോഴാണ്‌ പിരിവുകാരുടെ കൂട്ടത്തിലുള്ള ഒരു ദരിദ്രവാസി, മുറ്റത്തിനരികില്‍ നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ നിന്ന്, പഴയൊരു പ്ലാസ്റ്റിക് കവര്‍ മണ്ണ് കുടഞ്ഞു, ഉടുമുണ്ടില്‍ തുടച്ചു, അതിലേക്കു മുക്കാല്‍ ഭാഗം ഉണങ്ങിയ അരിക്കൊണ്ടാട്ടം വാരിനിറക്കുന്നു.. ദിവസങ്ങളായി വെയില് കൊണ്ട്, കാക്കക്കും കോഴിക്കും കൊടുക്കാതെ കാത്തു സൂക്ഷിച്ച കൊണ്ടാട്ടം.. എനിക്ക് രോഷം സഹിച്ചില്ല.. തൊണ്ടകീറി പുറത്തേക്കു വന്ന അലര്‍ച്ച കരിപുരണ്ട സാരിതുമ്പു ന്‍റെ വായിലേക്ക് കേറ്റി അമ്മ തടഞ്ഞു വെച്ചു..
പിരിവുകാര്‍ പടിയിറങ്ങിയ ശേഷം, മാജിക്ക്കാരനെ പോലെ അമ്മ എന്‍റെ വായില്‍ നിന്ന് സാരി വലിച്ചൂരിയ ശേഷം പറഞ്ഞു..
"സാരല്ല്യ.. കൊണ്ടാട്ടല്ലേ പോയുള്ളൂ.. നമ്മളെ കണ്ടതാണെങ്കില്‍ പിരിവു കൊടുക്കണ്ടേ.. ന്റെല് കാശില്ല്യ. ഒളിഞ്ഞിരിക്ക്യല്ലാണ്ട് വേറെന്താ വഴി "
ഉണങ്ങാനിട്ട കൊണ്ടാട്ടത്തിനു മുമ്പില്‍, വിഷമത്തോടെ ഇരിക്കുന്ന, മുടി ക്രോപ്പ് ചെയ്ത പെറ്റിക്കോട്ടുകാരി പെണ്‍കുട്ടിക്ക് കൊണ്ടാട്ടം നഷ്ട്ടമായ സങ്കടമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ഇന്ന് പിരിവുകാര്‍ വീട്ടില്‍ വരുമ്പോഴാണ് അന്ന് അമ്മ അനുഭവിച്ച പ്രയാസം മനസ്സിലാവുന്നത്..

-പത്മശ്രീ നായര്‍-












-വിജയദശമി- ( ഓര്‍മ്മകളിലൂടെ)




വിജയദശമിയും പൂജ വെയ്പ്പും ഒക്കെ സമ്മാനിച്ചതു മറക്കാനാവാത്ത കുറെ ബാല്യകാല സ്മരണകള്‍ ആണ്.. കുട്ടിക്കാലത്ത് ഏറെ സന്തോഷിച്ച ദിവസങ്ങളായിരുന്നു പുസ്തക പൂജ ദിവസങ്ങള്‍..
"തെണ്ടി നടക്കാതെ പോയിരുന്നു വല്ലോം രണ്ടക്ഷരം പഠിക്കാന്‍ നോക്കെടീ" എന്ന അമ്മേടെ തെരുതെരെ ഉള്ള ചീത്ത കേക്കണ്ടല്ലോ എന്നതാണ് ഏറ്റവും വല്ല്യ സന്തോഷം..
വാഗ്ദേവിക്ക് വിശ്രമം കൊടുക്കുന്ന ആ നാളുകള്‍ വളരെ സുന്ദരമായിരുന്നു..
ദേവീ പൂജക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണല്ലോ അവില്‍.. അന്ന് അവില്‍ ഇടിക്കുന്ന മില്ല് അടുത്തൊന്നും ഉണ്ടായിരുന്നില്ല.. കിലോമീറ്ററുകള്‍ക്കപ്പുറത്ത് പട്ടിപ്പറമ്പ് എന്ന സ്ഥലത്താണ് ആകെ ഒരു മില്‍ ഉള്ളത്.. അവിടേക്ക് ഞങ്ങള്‍ അഞ്ചാറു കുട്ടികള്‍ , രണ്ടുമൂന്നു ദിവസം കുതിര്‍ത്തു വാരി വെച്ച നെല്ലുമായി അതിരാവിലെ നടന്നു പോവും.. നല്ല തിരക്കായിരിക്കും. വൈകുന്നെരത്തോടെയെ തിരിച്ചു വരാന്‍ പറ്റൂ.. അതുകൊണ്ട് മില്ലില്‍ ഇരുന്നു കഴിക്കാനായി എന്തെങ്കിലും അമ്മ പൊതിഞ്ഞു തരും..
നെല്ലുമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിക്കും..
"അത് പൂജക്കുള്ളതാണ്.. വാരിത്തിന്ന് എച്ചിലാക്കാന്‍ പാടില്ല്യാട്ടോ".
ദൈവകോപം ഉണ്ടായാലോ എന്ന പേടി കൊണ്ടും ചൂടുള്ള അവില് ഒന്ന് രുചിച്ചു നോക്കാതെ തലയില്‍ ചുമന്നു കൊണ്ട് വരാനുള്ള മനസ്സില്ലാത്തത് കൊണ്ടും മില്ലില്‍ വെച്ച് തന്നെ വഴിച്ചിലവിനുള്ള അവില് വേറൊരു കവറില്‍ ആക്കും.. വഴിക്ക് കാണുന്ന കടയില്‍ കേറി ശര്‍ക്കരയും തേങ്ങാപ്പൂളും വാങ്ങി അവിലും കൂട്ടി തിന്നു വയറു വീര്‍പ്പിച്ചു നാല് മണിയോടെ മുഖത്ത് കൃത്രിമ ക്ഷീണം വരുത്തി എച്ചിലാക്കാത്ത അവിലുമായി നല്ല കുട്ടികളായി വീട്ടിലെത്തും..
ആദ്യമൊക്കെ തറവാട്ടില്‍ ആയിരുന്നു പുസ്തകം പൂജക്ക് വെച്ചിരുന്നത്.. വേറെയും കുട്ടികള്‍ അവിടെ വരും. മൂന്നു ദിവസത്തെ പൂജക്ക്, അവിലോ മലരോ പഴമോ മറ്റു പൂജാ സാധനങ്ങളോ ഒക്കെ കൊണ്ട് പോണം.. കോമരം ഉറയുന്ന കൃഷ്ണന്‍ കുട്ടി മാമയായിരുന്നു പൂജിച്ചിരുന്നതും ചെറിയ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നതും.. പൂജക്കൊടുവില്‍ പ്രസാദം പങ്കിടുന്ന സമയത്ത് അമ്മാമ പക്ഷഭേദം കാണിക്കും.. സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് ഇല നിറയെ പ്രസാദം കൊടുക്കുമ്പോള്‍, ഞങ്ങള്‍ക്കൊക്കെ കൈ നിറയെ പ്രസാദം വാരുന്നു എന്ന് കഷ്ട്ടപ്പെട്ട് വരുത്തുന്ന മുഖഭാവത്തോടൊപ്പം ഇലചീന്തില്‍ ഒരിത്തിരി പ്രസാദവും മാത്രേ തരൂ.. ഈ പരിപാടി തുടര്‍ന്നപ്പോള്‍ അവിടെ കൊണ്ട് പോയി പുസ്തകം വെക്കുന്ന പരിപാടി നിര്‍ത്തി.. തൊട്ടടുത്തുള്ള അമ്പലത്തില്‍ ആക്കി..
പഴയ മനോരമ പത്രത്തില്‍ പൊതിഞ്ഞു വെള്ളക്കടലാസില്‍ അമ്മയുടെ വടിവൊത്ത കൈയ്യക്ഷരങ്ങളാല്‍ പേരെഴുതി ഒട്ടിച്ച പുസ്തക കെട്ടില്‍ ഏറ്റവും മുകളില്‍ കണക്ക് പുസ്തകം തന്നെ ആയിരിക്കും.. കണക്കില്‍ അന്നും ഇന്നും കണക്കായ ഞാന്‍, കണക്ക് പഠിപ്പിച്ചിരുന്നത് ഒട്ടും ദയയില്ലാതെ പിള്ളേരെ തല്ലി മൂത്രമൊഴിപ്പിച്ചിരുന്ന സരസ്വതി എന്ന പേരുള്ള ടീച്ചര്‍ ആയിരുന്നിട്ടും കണക്കിന്റെ കാര്യത്തില്‍ സരസ്വതി ദേവി എന്നെ അനുഗ്രഹിക്കാന്‍ മടി കാണിച്ചു.. എങ്ങാനും കനിവ് കാണിച്ചെങ്കിലോ എന്ന് കരുതിയാണ് കണക്ക് പുസ്തകം മുകളില്‍ തന്നെ വെക്കുന്നത്..
വൈകുന്നേരത്തെ പൂജക്ക് മാത്രേ പോവാറുള്ളൂ കാരണം അപ്പഴേ പ്രസാദം തിന്നാന്‍ കിട്ടൂ.. അമ്പലത്തിലെ അഗ്രശാലയില്‍ മറ്റു കുട്ടികളോടൊപ്പം മലരിലെ നെല്ല് പെറുക്കിയും പൂജക്കുള്ള പൂക്കള്‍ വൃത്തിയാക്കിയും ചന്ദന മുട്ടി കല്ലില്‍ ഉരച്ചു ചന്ദനം ഉണ്ടാക്കി കൊടുത്തും ചുറ്റമ്പലത്തിനു ചുറ്റും വെച്ച ചിരാതുകളില്‍ എണ്ണയും തിരിയുമിട്ടു ദീപം തെളിയിച്ചും പൂജാകാലം ആഘോഷമാക്കിയിരുന്നു.. വിജയദശമി ദിവസം പൂജയെടുപ്പ്.. ദക്ഷിണ കൊടുത്തു പൂജാരിയില്‍ നിന്നും പുസ്തക കെട്ടു വാങ്ങുമ്പോള്‍ .. അന്നും ഇന്നും എന്നും മനസ്സില്‍ നിന്നും വരുന്ന പ്രാര്‍ഥനാ മന്ത്രം "കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ.." എന്ന് മാത്രം.. കരഞ്ഞു നിലവിളിച്ചും കൈകാലിട്ടടിച്ചും അനുസരണയോടും അനുസരണക്കേട്‌ കാണിച്ചും കുടുംബത്തിലെ കാരണവരുടെ മടിയില്‍ ഇരുന്നു സ്വര്‍ണ്ണ മോതിരത്താല്‍ നാവിലും മനസ്സിലും ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍..
വര്‍ഷങ്ങള്‍ക്കു ശേഷവും മഹാനവമിയും വിജയദശമിയും ആഘോഷിക്കുന്ന ഈ അവസരത്തില്‍ എന്‍റെ ഗതകാല പൂജാ സ്മൃതികള്‍ക്ക് തുളസിയുടെയും തെച്ചിപ്പൂവിന്റെയും കളഭത്തിന്റെയും കര്‍പ്പൂര ദീപ ധൂപത്തിന്‍റെയും സുഗന്ധം.. അവിലും മലരും പഴവും ശര്‍ക്കരയും തേങ്ങയും പയറു പുഴുക്കും കൂട്ടി കുഴച്ച ഇലചീന്തില്‍ വിളമ്പുന്ന തീര്‍ത്ഥം തളിച്ച പ്രസാദത്തിന്‍റെ രുചി നാവിന്‍ തുമ്പില്‍...
ഈ ഓര്‍മ്മകുറിപ്പ്‌ എഴുതുമ്പോള്‍ വാഗ്ദേവിയുടെ അനുഗ്രഹം കുറച്ചൊക്കെ എന്‍റെ നെറുകിലും തെറിച്ചു വീണിട്ടുണ്ട് എന്ന വിശ്വാസം. അതില്ലെങ്കില്‍ എനിക്കിത് എഴുതാന്‍ കഴിയില്ലല്ലോ..
ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണ നായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വാര്‍ത്ഥകാരിണീ സരസ്വതീ ദേവി വന്നെന്‍
നാവില്‍ കളിക്ക കുമുദേഷു നിലാവു പോലെ...
വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെ തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ..

-പത്മശ്രീ നായര്‍-