Tuesday 18 June 2013

മണിക്കുട്ടനും, വെള്ളികൊലുസും..!!

കാനനച്ഛായയില്‍ ആടു മേക്കാന്‍
ഞാനും വരട്ടെയോ നിന്‍റെ കൂടെ....

ഈ ഗാനം കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന  വെളുത്തു സുന്ദരിയായാ അമ്മിണി എന്ന ആടും അവളുടെ മുടിയനായ കുള്ളനായ  ചോല നിറമുള്ള മണിക്കുട്ടനെയും ഓര്‍മ്മ വരും. 

അസത്ത് ആയിരുന്നു മണികുട്ടന്‍..,. കൂട്ടില്‍  നിന്നും കെട്ടഴിക്കേണ്ട  താമസം കുതറിയോടും..  നട്ടു നനച്ചു വളര്‍ത്തിയ റോസാ ചെടിയെ ഒരിക്കല്‍ പോലും പുഷ്പ്പിക്കാന്‍ സമ്മതിച്ചിട്ടില്ല.. റോസാ ചെടി മാത്രമല്ല, ചെമ്പരത്തിയും, തെച്ചിയും, നന്ത്യാര്‍വട്ടവും, വഴുതന, ചീനിമുളക്  ചെടികളും ഇവന്റെ പീഡനത്തിന് ഇരയായിട്ടുണ്ട്..  തൊട്ടപ്രത്തെ ലക്ഷ്മ്യെമ്മേടെ തൊടിയില്‍  തൊട്ടാവാടി തിന്നാന്‍  കൊണ്ട് പോയി കെട്ടിയിട്ടാല്‍  അവിടെ നിന്ന് മ്മ്ഹെ..മ്മ്ഹെ..മ്മ്ഹെ ന്നു ഉറക്കെ അലറി വിളിച്ചു നാട്ട്വാരെ  കൂട്ടും.. ആയമ്മയെ ഉച്ചനേരത്ത് ഒന്ന് മയങ്ങാന്‍ സമ്മതിക്കില്ല.. സഹികെട്ടു  ലക്ഷ്മ്യമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു..

"കുട്ട്യേ.. ഈ ജന്തൂനെ ഇനി ഇങ്ങട് കൊണ്ടരണ്ട.. വേണോങ്കില് പ്ലാവിന്റെ ഇലയോ ശീമക്കൊന്ന ഇലയോ വെട്ടി കൊണ്ട് പോയി അതിന്‍റെ തൊള്ളയില്  വെച്ചടക്ക്" 

അങ്ങനെ മണികുട്ടന്‍  വളര്‍ന്നു (എന്ന് പറയാമ്പറ്റില്ല ) തടിച്ചു കൊഴുത്തു എന്ന് വേണമെങ്കില്‍ പറയാം.. തൊണ്ട കീറി  കരഞ്ഞു കരഞ്ഞു വളര്‍ച്ച മുരടിച്ചു  ഉണ്ടപക്രുവിനെ  പോലെയായി.. എങ്കിലും നല്ല ഭാരം ഉണ്ടായിരുന്നു..  നാട്ട്വാരെ കൊണ്ട് പറയിപ്പിച്ചും സദാ സമയം മ്മ്ഹെ.. മ്മ്ഹെ.. ന്നു അലറി കരഞ്ഞു ശബ്ദ മലിനീകരണം   നടത്തുകയും ചെയ്തോണ്ടിരിക്കുന്ന മണിക്കുട്ടനെ വില്‍ക്കാന്‍ തന്നെ അമ്മ തീരുമാനിച്ചു.  വിവരം അറിയിച്ചതനുസരിച്ച് ഒരു ദിവസം രാവിലെ നാട്ടിലെ ഒരേ ഒരു അറവുകാരന്‍  രായന്‍ എത്തി.. കപ്പടാ മീശയുള്ള രായനെ കണ്ടാല്‍ തന്നെ പേടിയാവും. 

ആട്ടിന്‍ കൂട്ടില്‍ നിന്നും മണിക്കുട്ടനെ അഴിച്ചു കൊണ്ട് വന്നു രായന്റെ മുന്നില്‍ നിര്‍ത്തി.. രായന്‍ രണ്ടു മൂന്നു വട്ടം  മണിക്കുട്ടനെ എടുത്തു പൊക്കിയും താത്തിയും ഒന്ന് വട്ടം കറക്കിയും അവന്‍റെ ഭാരം തിട്ടപ്പെടുത്തി.. അവന്‍റെ ശരീരത്തിനുള്ള വില പേശലിനോടുവില്‍ ഇരുന്നൂറ് ഉറുപ്യക്ക് കച്ചോടം ഉറപ്പിച്ചു.  അഡ്വാന്‍സായി  കുറച്ചു തുകയും അമ്മയെ ഏല്‍പ്പിച്ചു   "ആടിനെ ഞാന്‍ നാളെ  വന്നു കൊണ്ടോക്കോളാം" എന്നും പറഞ്ഞു പോയി. 

എന്ത് കൊണ്ടെന്നറിയില്ല.അന്നത്തെ ദിവസം ചട്ടമ്പി മണികുട്ടന്‍ അനുസരണയുള്ള ഒരു കുഞ്ഞാടായിരുന്നു.. അലറി കരച്ചില്‍ ഉണ്ടായില്ല, കുതറിയോടി  തൊടിയിലെ ചെടികള്‍  കടിച്ചു  നശിപ്പിച്ചില്ല..  അവന്‍റെ ഈ സ്വഭാവ മാറ്റം എന്നിലെന്തോ  വിഷമം ഉണ്ടാക്കി. പാവം.. നാളെ മുതല്‍ ഇവന്‍റെ ചുവന്ന രോമങ്ങള്‍ എന്റെ പാവാടയില്‍ പറ്റിപ്പിടിക്കില്ലല്ലോ.. എന്‍റെ വസ്ത്രങ്ങള്‍ക്ക് ഇവന്‍റെ മണം ഉണ്ടാവില്ലല്ലോ.. ഈ അലറി കരച്ചില്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ.. 

പിറ്റേന്ന് അതിരാവിലെ തന്നെ അറവുകാരന്‍ രായന്‍ എത്തി.. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അമ്മ തന്നെ കൂട്ടില്‍ നിന്നും മണികുട്ടനെ അഴിചിറക്കികൊണ്ട് വന്നു. മണിക്കുട്ടന്റെ കഴുത്തില്‍ കെട്ടിയ കയര്‍ രായന്റെ കൈയ്യിലേക്ക് ഏല്‍പ്പിച്ചു ബാക്കി തുക കൈപറ്റുന്നത് കാണാനുള്ള കെല്‍പ്പില്ലാതെ ഞാന്‍ വടക്കോറത്തെ കിണറ്റു കരയില്‍ പോയിരുന്നു.. അറിയാതെ രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നു  പുള്ളിപ്പാവടയില്‍ വീണലിഞ്ഞില്ലാതായി.  വീടിനു മുമ്പിലുള്ള റോഡിലൂടെ അറവുകാരന്‍ രായന്റെ കൂടെ നടന്നു പോകുന്ന മണികുട്ടനെ നിറ കണ്ണുകളോടെ കിണറ്റു കരയില്‍ നിന്ന്  വേലിക്കിടയിലൂടെ കണ്ടു. കണ്ണില്‍ നിന്നും മറഞ്ഞിട്ടും അവന്‍റെ മ്മ്ഹെ... മ്മ്ഹെ.. കരച്ചിലിന്റെ ശബ്ദം  കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.. 



ആട്ടിന്‍കൂട്ടില്‍ അവന്‍റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു.. അമ്മിണി മകനെ ചുറ്റും പരതുന്നു. മണിക്കുട്ടന്‍ പകുതി കടിച്ചിട്ട പ്ലാവിന്‍ കമ്പും  ശീമക്കൊന്നയും കയറില്‍ തൂങ്ങി ആടുന്നു.. സങ്കടം  കൊണ്ട് തൊണ്ട അടഞ്ഞത് പോലെ.  ഉച്ചക്ക് ഉണ്ണാന്‍ ഇരുന്നിട്ട്, തൊണ്ടയില്‍ നിന്നും ഇറങ്ങുന്നില്ല.. മനസ്സില്‍ മണിക്കുട്ടന്റെ മുഖം  തെളിയുന്നു.. കാതില്‍ അവന്‍റെ അലറികരച്ചിലിന്റെ ശബ്ദം.. ഇന്നലെ വരെ ഞാന്‍  പോറ്റി വളര്‍ത്തിയ മണിക്കുട്ടന്‍ ഇന്ന് പലരുടെയും തീന്‍മേശയെ അലങ്കരിക്കുകയാവും  എന്ന ചിന്ത  എന്‍റെ വിശപ്പിനെ തല്ലിക്കെടുത്തി.  

എന്‍റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അമ്മ ആശ്വാസ വാക്കുകള്‍ പറഞ്ഞു. 

"പോട്ടെ. സാരല്ല്യ.. അല്ലെങ്കിലും കൊറ്റനാടിനെ എത്ര  നാളാച്ച്ട്ടാ  വളര്‍ത്വാ. ഇതൊന്ടൊക്കെ ജന്മം തന്നെ ഇതിനൊക്കെ വേണ്ടീട്ടാ.. ഇതന്ന്യാ എല്ലാരും ചെയ്യണേ.. അമ്മിണി ഇനീം പെര്ര്വോല്ലോ.. അപ്പൊ കുട്ടിയെ വളര്തിക്കോ.. കരയണ്ട.  രണ്ടീസം കഴിയുമ്പോ സങ്കടോകെ മാറും ".

മൂന്നാല് ദിവസം കൊണ്ട് മണിക്കുട്ടന്‍ ഇല്ലതായതിന്റെ സങ്കടം നേര്‍ത്ത് നേര്‍ത്ത് വന്നു.. ഒരു ദിവസം അമ്മ വീട്ടില്‍ പോയി വന്ന അമ്മയുടെ പേഴ്സില്‍ ചുവന്ന വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ രണ്ടു കുഞ്ഞു പൊതികള്‍.,. ഒരെണ്ണം അനിയത്തിക്കും ഒരെണ്ണം എനിക്കും തന്നിട്ട് പറഞ്ഞു ;

"  ആടിനെ മേച്ചു കുറെ കഷ്ട്ടപ്പെട്ടതല്ലേ.. ഇന്നാ അമ്മേടെ  വക സമ്മാനം"   

പൊതി തുറന്നു നോക്കിയപ്പോള്‍ സന്തോഷം കൊണ്ട് നിന്ന നില്‍പ്പില്‍ നാല് ചാട്ടം.. വെട്ടിത്തിളങ്ങുന്ന, നിറയെ വെള്ളി മുത്തുകള്‍ പിടിപ്പിച്ച, പൊട്ടി പൊട്ടി ചിരിക്കുന്ന മനോഹരമായ ഒരു ജോഡി വെള്ളി പാദസരം..!!!

ഒരുപാട് ആഗ്രഹിച്ചതായിരുന്നു കാലില്‍ കൊലുസണിയാന്‍..,. ഓണത്തിനോ അല്ലെങ്കില്‍  തിരുവാതിരക്കോ  ചന്തയില്‍ പത്തു രൂപയ്ക്കു കിട്ടുന്ന കല്ലുവെള്ളി പാദസരം മേടിച്ചു തരുമായിരുന്നു. രണ്ടു ദിവസം കൊണ്ട് അത് കറുത്ത് കരിക്കട്ട പോലെയാവും, പിന്നെയത് ഊരി തൊടിയിലെക്കെറിയും. 

ആദ്യമായി വെള്ളിക്കൊലുസു കിട്ടിയപ്പോള്‍.. .. ഇന്നത്തെ മാനസികാവസ്ഥ വെച്ച് പറയുകയാണെങ്കില്‍ "നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ " പരിപാടിയില്‍ ഹോട്ട് സീറ്റില്‍ ഇരുന്നു നേടിയെടുത്ത  ഒരു കോടി രൂപ കിട്ടിയ പ്രതീതിയായിരുന്നു.

വെള്ളി പാദസരം അണിഞ്ഞ എന്‍റെ കാലുകളുടെ സൌന്ദര്യം കണ്ടു ഞാന്‍ തന്നെ അതിശയിച്ചു പോയി..അലസമായി കെട്ടിവെച്ച തലമുടി, കുതികാല്‍ വരെ ഇറങ്ങി കിടക്കുന്ന പുള്ളിപ്പാവാട കൊലുസിട്ട കണങ്കാല്‍ കാണത്തക്ക വിധം  പൊക്കി കുത്തി, ഇടുപ്പില്‍ വെള്ളം നിറച്ച ചെമ്പ് കുടവുമായി നടന്നു വരുന്ന ഒരു നാടന്‍ പെണ്ണ്, കണങ്കാലില്‍ കിന്നാരം പറയുന്ന വെള്ളിക്കൊലുസുകള്‍..,.. എന്താ  ല്ലേ.. !!!



ദിവസങ്ങള്‍ കഴിഞ്ഞു. ഒരുദിവസം അമ്മ, അമ്മിണി ആടിനെ നോക്കി  ആരോടോ പറയുന്നത് ഇടനാഴിയില്‍ നിന്ന്  കേട്ടു.. 

"ഇവള്ടെ കുട്ട്യേ വിറ്റു. ആ കാശോണ്ട് പിള്ളേര്‍ക്ക് രണ്ടാള്‍ക്കും പാദസരം വാങ്ങി കൊടുത്തു.. കൊറേ കാലായി അവരടെ ആശയാണ്."   ഉള്ളിലൊരു കൊള്ളിയാന്‍  മിന്നി.. മറന്നു തുടങ്ങിയ മണിക്കുട്ടന്റെ മുഖം വീണ്ടും മനസ്സില്‍ തെളിയുന്നു.. അപ്പോള്‍ അവന്‍റെ ഇറച്ചിയുടെ വിലയാണ് എന്‍റെ കാലില്‍ കിടക്കുന്നത്.. പാദസരത്തിന്റെ കിലുക്കം അവന്‍റെ കരച്ചിലായി എന്‍റെ   കാതിനെ തുളക്കുന്നു.. കൊലുസണിഞ്ഞ കാലിലേക്ക് നോക്കുമ്പോള്‍  വല്ലാത്തൊരു വിമ്മിഷ്ട്ടം.. പിന്നീടെന്തു കൊണ്ടോ   കൊലുസണിയാന്‍ തോന്നിയില്ല.. ഊരിഎടുത്തു വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു  കുപ്പിവളകളും ചാന്തും കണ്മഷിയും  ഇട്ടു വെച്ച പെട്ടിയില്‍ സൂക്ഷിച്ചു.. 

വര്‍ഷം അഞ്ചാറു കഴിഞ്ഞു.. മുടി നിറയെ മുല്ലപ്പൂവും അത്യാവശ്യം ആഭരണങ്ങളും  അത്രയധികം വിലയില്ലാത്ത നീല പട്ടു സാരിയും ചുറ്റി ഒരു മണവാട്ടി ഒരുങ്ങി. അവളുടെ പാദങ്ങള്‍ക്ക് ചാരുതയേകാന്‍ വീണ്ടും പെട്ടിയിലടച്ച  വെള്ളി പാദസരം പുറത്തെടുത്തു.  രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍, പാദസരത്തിന്റെ പൊട്ടിച്ചിരി  വീട്ടിലെ മറ്റു അംഗങ്ങളുടെ നിദ്രാ ഭംഗത്തിന് കാരണമാവുമെന്നു  ഒരു കള്ളച്ചിരിയോടെ ആര്യപുത്രന്‍ പറഞ്ഞപ്പോള്‍  താമരത്തമ്പുരാട്ടി വീണ്ടും നഗ്നപാദയായി..

ഒന്നര വര്‍ഷത്തിനു ശേഷം തിരുവനന്തപുരത്ത്  ഒരു വാടക വീട്ടില്‍ താമസിക്കുന്ന സമയം.. അഞ്ചു മാസം പ്രായമുള്ള പൊന്നുണ്ണിയെ അടുത്ത വീട്ടിലെ പെണ്‍കുട്ടി കുമാരിയെ ഏല്‍പ്പിച്ചു അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തു പോയി വന്ന്, കുറെ കഴിഞ്ഞപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.. ജനല്‍പ്പടിയില്‍ അലസമായി വെച്ചിരുന്ന പാദസരങ്ങള്‍ കാണുന്നില്ല.. കുമാരിപ്പെണ്ണിനോട് ചോദിച്ചപ്പോള്‍  അറിയില്ലെന്ന് പറഞ്ഞു.. അത് പിന്നെ അങ്ങിനെയല്ലേ പറയൂ.. 

ഏതായാലും അതെ പറ്റി കൂടുതല്‍  അന്വേഷണം നടത്താന്‍ ഞാനും താല്പര്യം കാണിച്ചില്ല.. ആ വെള്ളി കൊലുസ് കാണുമ്പോള്‍  അറവുകാരന്‍ രായന്‍റെ കൂടെ കരഞ്ഞു കൊണ്ട് പോകുന്ന  മണിക്കുട്ടന്റെ ദയനീയമായ മുഖം ഓര്‍മ്മ വരും.. ചോരയുറഞ്ഞ  അവന്‍റെ ഇറച്ചിയുടെ ഗന്ധം മൂക്കിലേക്ക് അടിക്കുന്നത് പോലെ തോന്നും..  വേണ്ട.. അവന്‍റെ ഓര്‍മ്മകള്‍ ആ വെള്ളി കൊലുസുകളോടൊപ്പം  ഇല്ലാതാവട്ടെ..  കൊലുസണിയാനുള്ള മോഹവും  അതോടെ ഉപേക്ഷിച്ചു.. 

എങ്കിലും ...........
കാനനച്ഛായയില്‍ ആടു മേക്കാന്‍ 
ഞാനും വരട്ടെയോ നിന്‍റെ കൂടെ....  ഈ ഗാനം കേള്‍ക്കുമ്പോള്‍  തടിച്ചുരുണ്ട, അലറി കരയുന്ന, ചോല നിറമുള്ള  എന്‍റെ മണിക്കുട്ടന്‍  മ്മ്ഹെ.. മ്മ്ഹെ.. എന്ന് കരഞ്ഞോണ്ട്  എന്‍റെ അരികിലേക്ക് ഓടിയെത്താറുണ്ട്..







Saturday 15 June 2013

സുമംഗല വാരസ്സ്യാര്‍..,..!! ഒരു ഓര്‍മ്മ

ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!
ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!

ങേ.. നിക്ക് വട്ടായോ ന്നാണോ നിങ്ങള് വിചാരിക്കണേ.. ന്നാ  അല്ലാട്ടോ..   തുടര്‍ന്ന് വായിക്കുമ്പോള്‍ സംഗതി മനസ്സിലാവും. 

ഏറെ കാലായിട്ട് അന്യ നാട്ടിലാണെങ്കിലും  ന്‍റെ സ്വഭാവോം ചിട്ടകളും പെരുമാറ്റോം ഒക്കെ ഇപ്ലും തനി പാലക്കാടന്‍ തന്ന്യാ..  

പാലക്കാടന്‍ വയലേലകളും, തോടും, പുഴയും,  നാട്ടു വഴ്യോളും ,   അമ്പലോം, അമ്പലക്കുളോം , ചക്ക കട്ടതും, പശൂനെ മേക്കാന്‍ പോയതും, മഴയും നനഞ്ഞു   പാട വരമ്പത്ത് പുല്ലരിഞ്ഞതും ഒന്നും ഇപ്ലും മറക്കാന്‍ പറ്റണില്ല്യാ..  സത്യം പറയാല്ലോ.. ജീവിക്കാന്‍ വേണ്ടി നാടു വിടേണ്ടി വന്നൂന്നുള്ളത്  നേരാ.. പക്ഷെ എന്‍റെ മനസ്സിപ്പഴും നാട്ടില്‍ തന്ന്യാ.. ഒരു  ഉള്‍ഗ്രാമത്തിലാ ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ.. ഇത്തിരി അരിഷ്ട്ടിച്ചാണ് ജീവിച്ചതെങ്കിലും ഇരുപത്തി മൂന്നു വയസ്സ് വരെയുള്ള ആ കാലം തന്നെ ആയിരുന്നു എന്‍റെ ജീവിതത്തിലെ സുവര്‍ണ്ണ കാലം.. 

അവിടുത്തെ ആള്‍ക്കാര്‍ക്കും ഉണ്ടായിരുന്നു  ഒരു നിഷ്കളങ്കത.. ഇപ്പൊ നിഷ്കളങ്കത ന്നു പറയണ സാധനം മരുന്നിനു പോലും കിട്ടാനില്ല്യ..   അന്ന്  ഞാന്‍  ജീവിച്ചിരുന്ന ചുറ്റുപാടില്‍ കൊറെ ആള്‍ക്കാരു ണ്ടായിരുന്നു.. ചിലരൊക്കെ എന്നില്‍ വല്ലാതെ സ്വാധീനം ചെലുത്തീട്ടും ണ്ട്..  അവരുടെ മുഖൊന്നും  മറക്കാനെ പറ്റണില്ല്യ.. ആ ഓര്‍മ്മകള്‍ ഒക്കെയാവും ഇപ്പോഴും എനിക്ക്  തനി നാടന്‍ പാലക്കാട്ടുകാരിയുടെ ലാളിത്യമേകുന്നതും ..,.


ഓര്‍മ്മകളില്‍ ഉള്ള ഒരു മുഖമാണ്  സുമംഗല വാരസ്യാര്‍..,.  പുളിയിലക്കര  മുണ്ടും നേര്യതും ഉടുത്ത്, വെഞ്ചാമരം പോലത്തെ നീണ്ട തലമുടി പാതി വെച്ച് ചുരുട്ടി കെട്ടി ഇടക്കൊരു കൂവളത്തിലയും തിരുകി, തിരു നെറ്റിയില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീട്ടി വരച്ചൊരു ചന്ദനകുറിയും നടുവില്‍ കുങ്കുമപൊട്ടും.. ഐശ്വര്യം വഴിഞ്ഞൊഴുകുന്ന സുമംഗല വാരസ്യാര്‍..,. സ്വല്പം കുനിഞ്ഞു നടക്കുന്ന വാരസ്യാരുടെ മടിക്കുത്തില്‍ ഒരു ചെറിയ സഞ്ചി തിരുകിയിട്ടുണ്ടാവും.. അതില്‍ നിറച്ചും വെള്ളാരംകല്ലുകളും ഉണ്ടാവും. എറിയാനാ.. :)  വാരസ്യാര്‍ക്ക് രണ്ടുമൂന്നു പിരി ഇളകിയിരുന്നോ എന്നൊരു സംശയം ഉണ്ട്. 

ഏതു നേരത്തും   ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!
ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!  ഇതും പറഞ്ഞോണ്ട് നടക്കും. ഈ മന്ത്രം ചോല്ലലോട് കൂടിയല്ലാതെ വാരസ്യാരെ ആരും കണ്ടിട്ടില്ല..


ഞങ്ങള്‍ സ്കൂളിലേക്ക്  പോകുന്ന  ഒരു ഇടവഴിയിലാണ് സുമംഗല വാരസ്യാരുടെ വീട്.. ഉരുളന്‍ കല്ലുകളും  മുള്ളും ഒക്കെ നിറഞ്ഞ ഒരു ഇടവഴി.. അധികമാരും ആ വഴി നടക്കാറില്ല..   വലുതല്ലെങ്കിലും  നല്ല  വൃത്തിയും വെടിപ്പുമുള്ള വീടും തൊടിയും.. വാരസ്യാരെ മാത്രേ  ആ വീട്ടില്‍ കണ്ടിട്ടുള്ളൂ.. വേറെ ആരെങ്കിലും ഒക്കെ ഉണ്ടോ എന്നൊന്നും അറീല്ല്യ..  തൊടി നിറയെ ചക്ക, മാങ്ങ,  അരിനെല്ലിക്ക, ചാമ്പക്ക,  പേരക്ക,  പിന്നെ, റോസാപ്പൂവ്,  മന്ദാരം, തെച്ചി, തുളസി, എന്ന് വേണ്ട, സകലമാന ഫല വൃക്ഷങ്ങളും, പൂച്ചെടികളും ഒക്കെയായി ഒരു കൊച്ചു വൃന്ദാവനം തന്നെ ആയിരുന്നു വാരസ്യാരുടെ വീട്ടു വളപ്പ്.. ദൂരെ നിന്നെ കേള്‍ക്കാം അടുക്കളക്കിണറില്‍ നിന്നും വെള്ളം കോരുമ്പോള്‍ ഉണ്ടാകുന്ന കപ്പി കരയുന്ന ശബ്ദം.. ഒപ്പം ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!! എന്നാ മന്ത്രവും..



ചില സമയങ്ങളില്‍ വാരസ്യാര്‍  പശുവിന്‍  ചാണകം  ഉരുളകളാക്കി ഉമി കൂട്ടി തട്ടി പരത്തി വരളി ഉണ്ടാക്കി വെയിലത്ത്‌ ഉണക്കുന്നത് കാണാം.. തീ കത്തിക്കാന്‍ ബെസ്റ്റ്‌ ആണ് ട്ടോ.. ചുരുക്കി പറഞ്ഞാല്‍ ഈ വാരസ്യാര് എപ്പോഴും വീടിനു പുറത്തു തന്നെ ശിവ..ശിവ... ശ്രീരാമജയം  തൊഴുതു  മന്ത്രാക്ഷരിയും ചൊല്ലി ചുറ്റി പറ്റി നടക്കണ കാണാം.. 

 വേറാരുമായും വാരസ്യാര് ലോഹ്യത്തിനു പോവില്ല...ഒരാളോടും മിണ്ടില്ല്യ.. ആരേലും വല്ലോം ചോദിച്ചാ തന്നെ തറപ്പിചൊന്നു നോക്കും..  അപ്പോഴും ശിവ..ശിവ... ശ്രീരാമജയം  തൊഴുതു  എന്നാ മന്ത്രാക്ഷരിയും ചൊല്ലും..  പിന്നെയും പ്രകോപിപ്പിച്ചാല്‍ മടിക്കുത്തിലെ സഞ്ചിയിലുള്ള വെള്ളാരംകല്ലുകളില്‍ ഒരെണ്ണം നമ്മുടെ തലയ്ക്കു നേരെ പാഞ്ഞു വരും.. അതുകൊണ്ട് കുട്ടികള്‍ക്കൊക്കെ വാരസ്യാരെ വല്ല്യ  പേടിയാണ്..


ഞാനും അനിയത്തി രാജിയും  അടുത്ത വീട്ടിലെ ലതയും അവളുടെ ഏട്ടന്‍  സുരേഷും അടങ്ങുന്ന ഒരു ടീമാണ് ഞങ്ങളുടെ..ഒരുമിച്ചാണ് സ്കൂളില്‍ പോക്കും വരവും ഒക്കെ..  സ്കൂളിലേക്ക് വേറെ വഴി ഉണ്ടെങ്കിലും  ഈ വഴി തന്നെ തിരഞ്ഞെടുക്കാന്‍ കാരണം ഉണ്ട്.. വാരസ്യാരുടെ വേലിക്കു ചുറ്റും  ഇഷ്ട്ടം പോലെ മുല്ലപൂവ് ഉണ്ട്.. പിന്നെ മഞ്ഞ കനകാംബരവും.. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍  ഒളിഞ്ഞും പതിഞ്ഞും മുല്ല മൊട്ടുകള്‍ പറിച്ചു ചോറ്റു പാത്രത്തിലാക്കി വീട്ടിലിരുന്നു രാത്രി വൈകുവോളം  മാല കെട്ടും..



 ഒരു ദിവസം വാരസ്യാരുടെ തൊടിയിലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവില്‍ എന്‍റെ കണ്ണുടക്കി ..!! ഹമ്മോ  നല്ല മൂവാണ്ടന്‍ മാങ്ങ കുലകുലയായി മണ്ണില്‍ മുട്ടി തൂങ്ങി കിടക്കുന്നു.. കണ്ടിട്ട് കൊതി  അടക്കാനായില്ല.. കണ്ട്രോള്‍ വിട്ട ഞാന്‍  മുള്ള് വേലിക്കരികിലൂടെ  ശിവ..ശിവാ.. ശ്രീരാമാജയം തൊഴുതു  മന്ത്രവുമായി നടക്കുന്ന വാരസ്യാരോട്  ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു..

"വാരസ്യാരേയ്... ഞങ്ങക്ക് രണ്ടു മൂന്നു മാങ്ങ തര്വോ? "
എന്‍റെ ചോദ്യം വാരസ്യാരുടെ മന്ത്രോച്ചാരണത്തില്‍  മുങ്ങി പോയെന്നു തോന്നുന്നു.. വീണ്ടും ചോദിച്ചു..

"വാരസ്യാരേയ് പൂയ്‌... ഞങ്ങക്ക് രണ്ടു  മൂന്നു മാങ്ങ തര്വോ?"  ങ്ങേഹെ.. തള്ളക്ക് കേട്ട ഭാവമില്ല..  എനിക്ക് വാശിയായി..  വഴിയില്‍ കിടന്ന ഒരു കല്ലെടുത്ത് തൊടിയിലെക്ക് എറിഞ്ഞു  വാരസ്യാരുടെ ശ്രദ്ധ തിരിച്ചു.. ഒന്നൂടി ഉറക്കെ ചോദിച്ചു.. " വാരസ്യാരേയ്  കൂയ്‌...  കൂയ്‌...  ഞങ്ങള്‍ക്ക് രണ്ടു മൂന്നു മാങ്ങാ തന്നൂടെ?





ഇത്തവണ വാരസ്യാര്‍ പ്രതികരിച്ചു.. മടി കുത്തില്‍ തിരുകിയിരുന്ന സഞ്ചിയില്‍ നിന്ന് രണ്ടു മൂന്നു വെള്ളാരംകല്ലുകള്‍ എടുത്തു ഞങ്ങളുടെ നേര്‍ക്ക്‌ ഒറ്റയേറ്‌.,. മടിക്കുത്തില്‍ കൈ വെക്കുന്നത് കണ്ടപ്പഴേ   ഓടിയത് കൊണ്ട് ഏറു കൊള്ളാതെ രക്ഷപ്പെട്ടു..

ഈ സംഭവത്തോടെ വാരസ്യാരുടെ തൊടിയില്‍  നില്‍ക്കുന്ന മൂവാണ്ടന്‍ മാങ്ങ എങ്ങിനെ എങ്കിലും പൊട്ടിക്കണം എന്നെനിക്ക് വാശിയായി.. മര്യാദക്ക് ചോദിച്ചാല്‍ തരില്ലെങ്കില്‍ പിന്നെന്തു ചെയ്യും..  ആഗ്രഹിച്ച സാധനം കിട്ടാതാവുമ്പോള്‍ അതെങ്ങിനേം കൈക്കലാക്കാനുള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുന്നു.. സാഹചര്യമാണ് നമ്മളെ കള്ളനും കള്ളികളും ഒക്കെ ആക്കുന്നത്..  രാത്രികളില്‍ ഉറക്കം വരുന്നത് വരെ തല പുകഞ്ഞാലോചിച്ചു.. ഒടുവില്‍ ഒരു പദ്ധതി സ്വയം തയ്യാറാക്കി.. മറ്റു ടീമംഗങ്ങളെ കൊണ്ടും സമ്മതിപ്പിച്ചു..  അങ്ങിനെ രണ്ടു ദിവസം കൊണ്ട് സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും  വാരസ്യാരുടെ കണ്ണെത്താത്ത  തൊടിയുടെ ഒരു മൂലയ്ക്ക് വേലിയില്‍ നിന്നും മുള്ളുകള്‍ പൊട്ടിച്ചെടുത്തു, ഒരു പതിനൊന്നു കാരിക്ക് നൂഴ്ന്ന് കേറാന്‍ പാകത്തില്‍ ഒരു പഴുതുണ്ടാക്കി..  ആരുടേം ശ്രദ്ധയില്‍ പെടാതിരിക്കാന്‍ തേക്കിന്റെ ഇലയും ചുള്ളി കമ്പുകളും കൊണ്ട് ഓട്ട അടച്ചും വെച്ചു..

വേലി നൂഴാനുള്ള  പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതോടെ  പകുതി ആശ്വാസമായി. ശ്രീരാമജയം തൊഴുതു നടക്കുന്ന വാരസ്യാരോടുള്ള വാശിയും  മാങ്ങ തിന്നാനുള്ള ആക്രാന്തവും എന്നില്‍ കൂടി കൂടി വന്നു..  എങ്കിലും  ഉള്ളില്‍ ഒരു വിറയല്‍..,.  പിടിക്കപ്പെട്ടാല്‍  വാരസ്യാരുടെ കൈയീന്നു വെള്ളാരംകല്ലുകള്‍  കൊണ്ടുള്ള ഏറു കിട്ടും..  സംഗതി വീട്ടിലറിഞ്ഞാല്‍ അമ്മേടെ വക പുളിവാറു കൊണ്ടുള്ള അടിയും  പിന്നെ ;

"ഇവടത്യോന്നും തിന്നിട്ടു കുക്ഷി നിറയാണ്ടാല്ലേ നാട്ട്വാരുടെ തൊടീ കേറി കട്ടു തിന്നാന്‍ പോയത്" എന്നും പറഞ്ഞു ചിലപ്പോള്‍ പട്ടിണി കിടത്തിയെന്നും വരും..  ഏതായാലും വരുന്നിടത്ത് വെച്ചു കാണാം എന്ന്  മനസ്സില്‍ തീരുമാനിച്ചു..

വേലി നൂഴാനുള്ള ഓട്ട റെഡി.. പക്ഷെ സൗകര്യം ഒത്തു വരണ്ടേ.. പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍  അകലെ നിന്നെ കേട്ടു വാരസ്യാര്‍ വെള്ളം കോരുന്ന ശബ്ദം..  മനസ്സില്‍ പ്രാകി..  ഇപ്പോ നടക്കില്ല.. ഇനി വൈകുന്നേരം നോക്കാം..  നാല് മണിക്ക് സ്കൂള്‍ വിട്ടു വരുന്ന വഴി..

ചുറ്റിനും ശ്രദ്ധിച്ചു.. ആരുമില്ല.. വാരസ്യാരുടെ ശ്രീരാമജയം മന്ത്രാക്ഷരിയും കേള്‍ക്കുന്നില്ല..  ഇത് തന്നെ  പറ്റിയ സമയം.. പുസ്തകവും ചോറ്റു പാത്രവും രാജിയെ ഏല്‍പ്പിച്ചു.   വേലിയില്‍ ഓട്ട അടച്ചു വെച്ച ഇലയും ചുള്ളികളും എടുത്തു മാറ്റി..  മാങ്ങോട്ടു ഭഗവതിയെ മനസ്സില്‍ ധ്യാനിച്ച്‌    ജീവിതത്തില്‍  ആദ്യമായി വേലി നൂഴല്‍   നടത്തി .. അത്രയ്ക്ക് ആയാസം ഒന്നും ആയിരുന്നില്ല.. ഇടയ്ക്കു എവിടൊക്കെയോ മുള്ള് കൊണ്ടു.. ചെറുതായി ചോര പൊടിഞ്ഞു..  ഒരു വിധം തൊടിയുടെ ഉള്ളില്‍ കടന്നു..  ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍  വേണ്ടി ടീമംഗങ്ങള്‍ പതിയെ നടക്കാനും തുടങ്ങിയിരുന്നു..  ധൃതിയില്‍  അഞ്ചാറു മാങ്ങ പറിച്ചു  മിനി സ്കര്‍ട്ടില്‍ ഇട്ടു പൊക്കി പിടിച്ചു മടങ്ങാന്‍ ശ്രമിക്കെ ....





ഹയ്യോ.... !!!!  പെട്ടെന്നൊരു ശബ്ദം എന്‍റെ തൊണ്ടയില്‍ കുരുങ്ങി..!!! പുറകില്‍ നിന്നും ശുഷ്കിച്ച രണ്ടു കൈകള്‍ എന്‍റെ വരിഞ്ഞു ചുറ്റി..  ആത്മധൈര്യം വീണ്ടെടുത്ത്‌ പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍  തീ പറക്കുന്ന കണ്ണുകളുമായി സുമംഗല വാരസ്യാര്‍..,..!!!

ഞാന്‍ കുടുകുടെ വിയര്‍ക്കാന്‍ തുടങ്ങി. അറിയാതെ പാവാട കുത്തില്‍ നിന്നും മാങ്ങകള്‍ ഊര്‍ന്നു പോയി...  എന്‍റെ സര്‍വ്വ ധൈര്യവും ചോര്‍ന്നു പോയി.. അപ്പോള്‍  കുഞ്ഞു തുടകളിലൂടെ   ഇളംചൂടുള്ള   ജലധാര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. !!! ദയനീയമായി വേലിക്കപ്പുറത്തെക്ക് നോക്കി.. അവിടെങ്ങും ആരുമില്ല.. ടീമംഗങ്ങള്‍ നടന്നു നീങ്ങിയിരുന്നു... വാരസ്യാര്‍ എന്‍റെ മുഖത്തേക്ക് തീഷ്ണമായി നോക്കുന്നു.. ചുണ്ടുകള്‍ കോട്ടി എന്തൊക്കെയോ ഭാവങ്ങള്‍ കാണിക്കുന്നു.. എന്നിലുള്ള പിടി മുറുകുകയാണ്.. സര്‍വ്വ ശക്തിയും എടുത്തു കുതറാന്‍ നോക്കി.. കഴിയുന്നില്ല.. എഴുപതുകളില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്ക് ഇത്രേം ശക്തിയോ...? രക്ഷപ്പെടാന്‍ ഒരു വഴിയും ഇല്ലാതിരുന്ന ആ നിമിഷത്തില്‍  എങ്ങിനെയോ ധൈര്യം കിട്ടി..  എന്‍റെ  നാവില്‍ നിന്നും ശക്തിയായി  ആ മന്ത്രാക്ഷരികള്‍ തെറിച്ചു  വീണു...

"ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!! ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!! ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!!

ഇത് കേട്ട പാതി  എന്നെ വരിഞ്ഞു മുറുക്കിയിരുന്ന  വാരസ്യാരുടെ കൈകള്‍ക്ക്   അയവു വന്നു.. എനിക്ക് ജാമ്യം കിട്ടി.. മാങ്ങേം വേണ്ട  തേങ്ങേം വേണ്ട.. ജീവന്‍ കിട്ടിയത് തന്നെ ഭാഗ്യം എന്നും മനസ്സില്‍ ഓര്‍ത്തു, വന്ന വഴിയെ തിരിച്ചും   വേലി നൂണ്  നിവര്‍ന്നു നിന്നതും തൊട്ടരികില്‍  വേലിക്കപ്പുറത്തു പുഞ്ചിരിച്ചും കൊണ്ട്  സുമംഗല വാരസ്യാര്‍....,.. കൈയ്യില്‍  ഞാന്‍ ഉപേക്ഷിച്ചു വന്ന   മാങ്ങകളും.. സ്നേഹത്തോടെ വാരസ്യാര്‍ അതെന്‍റെ നേര്‍ക്ക്‌ നീട്ടി..  വാരസ്യാരുടെ ഭാവമാറ്റം എനിക്ക് വിശ്വസിക്കാനായില്ല..  അപ്പോഴും എന്‍റെ പേടി വിട്ടു മാറിയിരുന്നില്ല.. ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!! ഇതും പറഞ്ഞു വീണ്ടും മാങ്ങ എന്‍റെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍  പിന്നെ ഞാന്‍ മടിച്ചില്ല.. എന്‍റെ സ്കര്‍ട്ട്  നിവര്‍ത്തി  കാണിച്ചു. അതിലേക്കു വേലിക്കു മുകളിലൂടെ വാരസ്യാര്‍ മാങ്ങകള്‍ ഇട്ടു തന്നു.. ഒപ്പം ഒരു പുഞ്ചിരിയും.. നന്ദിയോടെ ഞാനും പറഞ്ഞു ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!!

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ സ്കൂളില്‍ പോകുമ്പോള്‍ ഞങ്ങളെ കാത്തെന്ന പോലെ വേലിയരികില്‍ വാരസ്യാരെ കാണാം..  നെല്ലിക്കയോ  പേരക്കയോ മാങ്ങയോ  മുല്ലപ്പൂവോ  എന്തെങ്കിലും കൈയ്യില്‍ കരുതിയിട്ടുണ്ടാവും.. അറിയാതെ അറിയാതെ മനസ്സില്‍ വാരസ്യാരോട് ഒരിഷ്ട്ടം തോന്നി തുടങ്ങി..

ദിവസങ്ങള്‍ കഴിഞ്ഞു.. ഇടക്കെപ്പോഴോ വഴിയരികില്‍ വാരസ്യാരെ കാണാതായി.. മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍..,. വാരസ്യാരെ കാണാതെ ഒരു വിമ്മിഷ്ട്ടം..  ആരോട് ചോദിക്കും?  

രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കണ്ടു  വാരസ്യാരുടെ വീട്ടു മുറ്റത്ത്‌ ഒരാള്‍ക്കൂട്ടം.. പലരും വന്നും പോയും ഇരിക്കുന്നു.. ഇടക്കാരോ പറയുന്നത് കേട്ടു...

 " വൈന്നേരം  വരെ കാക്കാം.... അയ്ന്നെടക്ക്  മക്കള് വര്വാച്ചാ  വരട്ടെ.. ഇല്ല്യാച്ചാ മ്മക്ക്  എടുക്കാം വെചോണ്ടിരിക്കാന്‍ പറ്റില്ല്യാലോ.."

ഇടനെഞ്ചില്‍ ഒരു കൊള്ളിയാന്‍  മിന്നി.. സുമംഗല വാരസ്യാര്‍ ഓര്‍മ്മയായി..
സങ്കടമാണോ പേടിയാണോ എന്നറിയില്ല.. പിന്നീട് വാരസ്യാര്‍ ഇല്ലാത്ത  ആ വീടിനു മുന്നിലൂടെ പോയിട്ടില്ല..





ഇപ്പോള്‍ നാട്ടിലെത്തുമ്പോള്‍  ആ വഴിയിലൂടെ ഇടയ്ക്കു പോകാറുണ്ട്  ഗൃഹാതുരത്വം നിറയുന്ന ഓര്‍മ്മകള്‍ .. വാരസ്യാരുടെ സാമീപ്യം അനുഭവപ്പെടും.. ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!!  മന്ത്രാക്ഷരി കാതില്‍ അലയടിക്കുന്നത് പോലെ തോന്നും..  പണ്ട് വേലി നൂഴുമ്പോള്‍ മുള്ള് കൊണ്ട് കീറിയ പോലൊരു നീറ്റല്‍  മനസ്സിലും..

എന്‍റെ ഓര്‍മ്മകളും  ഈ  ഓര്‍മ്മ കുറിപ്പും  സുമംഗല വാരസ്യാര്‍ക്ക് സമര്‍പ്പിക്കുന്നു..

                                                 *** ശുഭം ***





Saturday 8 June 2013

പ്രതിഭാധനരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക..!!

പ്രിയ കൂട്ടുകാര്‍ക്ക് നമസ്ക്കാരം.

കുറച്ചു ദിവസമായി   മുഖപുസ്തകത്തെ സംബന്ധിച്ച ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു..കൊച്ചു വെളുപ്പാന്‍ കാലത്തെ എന്റെ പ്രഭാതഭേരിയില്‍ തുടങ്ങി പിന്നീട്  പാതിരാക്കോഴി കൂകുന്നത് വരെ സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌കളുടെ ഒരു ഘോഷയാത്ര തന്നെയാണ്..

രാഷ്ട്രീയ-മത-സാമൂഹിക വിമര്‍ശനങ്ങള്‍, കഥ, കവിത, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, പാര വെപ്പ്, പാഴ്യാരം പറച്ചില്‍,  വിലക്കയറ്റം, വേലിയേറ്റം, വേലിയിറക്കം, പ്രണയം, വിരഹം, പരിസ്ഥിതി സംരക്ഷണം, ബലാല്‍സംഗം, ഫെമിനിസം, ഷോവനിസം  എന്ന് വേണ്ട  സകലമാന വിക്രിയകളുടെയും   വേദിയായി മാറിയിരിക്കുന്നു ഇന്ന് മുഖപുസ്തകം..എന്നാല്‍ ഇവയില്‍ മൂല്യമുള്ള അപ്ഡേറ്റ്‌സ് എത്രയുണ്ട്,?..  അവക്ക് അര്‍ഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും കിട്ടുന്നുണ്ടോ എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?



ഞാന്‍ ഇങ്ങനെ ഒരു നോട്ട് എഴുതുവാന്‍ കാരണം തന്നെ മറ്റൊന്നല്ല..
കുറച്ചു ദിവസമായി ചില സുഹൃത്തുക്കള്‍ ഇന്‍ബോക്സില്‍ വന്നു പറയുന്നു..

"ചേച്ചീ എന്റെ വാള്‍ ഒന്ന് നോക്കണേ.. ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.. അതില്‍ എന്തെങ്കിലും അഭിപ്രായം പറയണേ"   എന്നൊക്കെ..

സമയ പരിമിതി മൂലം  പലരുടെയും പോസ്റ്റുകള്‍ എനിക്ക്  കാണാന്‍ കഴിയാറില്ല.. എങ്കിലും കുറച്ചു ദിവസം ഞാന്‍ ചില വാളുകളിലൂടെ നിശ്ശബ്ദമായി ഒരു നിരീക്ഷണം നടത്തി. സന്തോഷം ഉണ്ടാക്കുന്നതോടൊപ്പം വിഷമിപ്പിക്കുന്ന  പല കാര്യങ്ങളും കണ്ടു.

ഒരുപാട് പുതിയ എഴുത്തുകാര്‍ മുഖപുസ്തകത്തില്‍ വന്നിട്ടുണ്ട്.
അവരുടെ രചനകളും ആദര്‍ശങ്ങളും വിമര്‍ശനങ്ങളും വിലയിരുത്തലുകളും  ശ്രേഷ്ഠ ഭാഷയില്‍ ശ്രേഷ്ഠമായിത്തന്നെ തന്നെ അവതരിപ്പിക്കുന്നുണ്ട്.  നിര്‍ഭാഗ്യമെന്നല്ലാതെ വേറെന്തു പറയാന്‍..!,!!

പോസ്റ്റ് മുതലാളി തന്‍റെ സൃഷ്ടിയുമായി, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം  ചുമരും ചാരി ദയനീയതയോടെ വഴിക്കണ്ണ്‍ മായ്‌ ഇരിക്കുന്ന കാഴ്ചയാണ് പല  വാളുകളിലും  കാണാന്‍ കഴിഞ്ഞത്.. വഴിയെ പോകുന്നവരുടെ കൈ അബദ്ധത്തില്‍  എങ്ങാനും തട്ടി അഞ്ചെട്ടു ലൈക്കോ    മൂന്നോ നാലോ കമന്റോ വീണെങ്കില്‍ ആയി.

ഇതേ സമയം തൊട്ടപ്പുറത്തെ വാളില്‍  നടക്കുന്നതോ..??

രാവിലെ ഒരു കുത്ത് /കോമ, അല്ലെങ്കില്‍ ഒരു സ്മൈലി, അതുമല്ലെങ്കില്‍ ഉറക്കച്ചടവോടെ എണീറ്റ്‌ വരുന്നതോ, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ക്ലിക്കിയതോ, മീന്‍ വെട്ടുന്നതോ ഒക്കെ  ആയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ട് വാളുടമ ബൈ എന്നും പറഞ്ഞൊരു പോക്ക്..!!

ഹാവൂ.. പിന്നത്തെ കാര്യം പറയാതിരിക്ക്യാ ഭേദം . ലൈക്ക് കമന്റ് തൊഴിലാളികള്‍ വാലിനു തീപിടിച്ച പോലെ ഒരോട്ടമാണ് ആരാദ്യം എന്നാ വാശിയില്‍..,. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കുംഭമേളക്ക് പോലും ഇത്രയധികം തിക്കും തിരക്കും ഉണ്ടാവില്ല..

ഇക്കൂട്ടരില്‍ ചിലര്‍ ബോറടിക്കുമ്പോള്‍ കൊറിക്കാന്‍ കപ്പലണ്ടിയും മിനെരല്‍ വാട്ടറും ആയി,  പായും തലയിണയും ഇട്ടു മേല്‍പ്പറഞ്ഞ പോസ്റ്റിന്‍റെ ചുവട്ടില്‍ കിടക്കും.. ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്യും.

രാവിലെ ഇറങ്ങി പോയ വാളുടമ  വൈകുന്നേരത്തോടെ എല്ലാ ജോലിയും തീര്‍ത്തു രണ്ടുമൂന്നു ടിപ്പര്‍ ലോറിയുമായി വന്നു ലൈക്കും കമന്‍റും കോരി നിറച്ചു കൊണ്ടുപോകും.. പോണ പോക്കിന് മമതാബാനര്‍ജിയെ അനുകരിച്ചു നന്ദി സൂചകമായി കൈ വീശി കാണിക്കും.. ഒപ്പം ഒരൊന്നൊന്നര  ഫ്ലയിംഗ് കിസ്സും..  അന്നത്തെ ദിവസം  അതോടെ ശുഭം..

ഈ പ്രവണത കൂടുതലും ഫീമെയില്‍ പ്രൊഫൈല്കളിലും  ചുരുക്കം ചില ആണ്‍ പ്രൊഫൈല്‍കളിലും  കാണാം.. ഇതിന്‍റെയൊക്കെ വല്ല കാര്യോണ്ടോ??
കലാമൂല്യമുള്ള രചനകള്‍  നിരവധി  പ്രൊഫൈലുകളില്‍  അവഗണനയുടെ കൊടും ചൂടേറ്റ് വാടിക്കരിയുമ്പോള്‍, ഒരു വസ്തിനും കൊള്ളാത്ത കുപ്പചെടികള്‍ തഴച്ചു വളരുന്നു..

ബ്ലോഗ്‌ സാഹിത്യ രംഗത്തെ അവസ്ഥയും വ്യത്യസ്തമല്ല.. മുഖപുസ്തകത്തിലെ പല പ്രൊഫൈല്‍ ഉടമകളും  ഈ  രംഗത്തും സജീവമാണ്.. ഒരു പാട് നിരീക്ഷണങ്ങള്‍ നടത്തി എഴുതി ചിട്ടപ്പെടുത്തുന്ന സാമൂഹിക സാംസ്കാരിക  വിശകലനങ്ങളും  ആരുടേയും കണ്ണില്‍ പെടാതെ പോകുന്നു.. അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നു..

അതിന്‍റെ ഉത്തമ ഉദാഹരണമാണ്  ഫേസ്ബുക്കിലെ നിറസാന്നിധ്യമായ,  അക്ഷരങ്ങള്‍ കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന, വരികളെയിട്ട്‌ അമ്മാനമാടി നമ്മളെയെല്ലാം രോമാഞ്ചം കൊള്ളിക്കുന്ന ദുബായിലെ പ്രവാസി എഴുത്തുകാരിലോരാളായ ശ്രീ- ലക്ബായി (ലക്-വിരോധാഭാസങ്ങളോട് വിരോധം) . അദ്ധ്യേഹത്തിന്റെ  "വിരോധാഭാസന്‍' എന്ന ഒന്നാംകിട ബ്ലോഗിലെ പല സൂപ്പര്‍ രചനകളും ഇന്നും നമ്മുക്കെല്ലാം അന്യമാണ്.
എന്ത്കൊണ്ട് നാം ഇതെല്ലാം ശ്രദ്ധിക്കാതെ കടന്നുപോകുന്നു?...

ഇത് അന്യായമല്ലേ..  വളര്‍ന്നു വരുന്ന എഴുത്തുകാരെ/പ്രതിഭകളെ  പ്രോത്സാഹിപ്പിക്കേണ്ടത്  നമ്മുടെ കടമയല്ലേ..അല്ലെങ്കില്‍ പിന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന പദത്തിനു എന്ത് പ്രസക്തി?

ഒരു ചെറിയ സംഭവം പറയാം.., രണ്ടു മൂന്നു ദിവസം മുമ്പ്എന്‍റെ സുഹൃത്തായ അക്കാകുക്ക ഒരു പോസ്റ്റ്‌ ഇട്ടു...

 "തൂറാനിരിക്കുന്നു.. ഫീലിംഗ്സ്..  എന്തൂട്ട് ഫീലിംഗ്സ്.. നല്ല സുഖം."

ഇത്രേയുള്ളൂ.. ഈ വരികള്‍ ടൈപ്പ് ചെയ്തു കീ ബോര്‍ഡില്‍ നിന്നും കൈയ്യേടുക്കുന്നെനു മുമ്പേ  മണിയനീച്ചകള്‍ പോലെ പറന്നെത്തി ഞാനുള്‍പ്പെടെയുള്ള  ആരാധകര്‍.., പിന്നങ്ങോട്ട് ലൈക്കിന്റെം കമന്ടിന്റെം തൃശ്ശൂര്‍ പൂരം.. അക്കാകുക്കയല്ലാതെ വേറെ ആരും ഇതിനു മുമ്പ് ഈ പണി ചെയ്തിട്ടില്ലേ എന്ന് തോന്നിപ്പോയി.. !!
ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്.. ജുഗുപ്സാവഹം..






ഇനി അക്കാകുക്കാക്ക് പകരം വേറെ ഏതെങ്കിലും ഒരു സ്ത്രീരത്നമാണ്
ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇട്ടത്, എന്ന് കരുതിയാലും ഈ അക്കാകുക്കാക്ക്
കിട്ടിയതിന്‍റെ പത്തിരട്ടി ലൈക്കും ,കമന്റ്സും അവരും നേടും. അങ്ങിനെ
മുന്‍പ് ഉണ്ടായിട്ടും ഉണ്ട്.

കളിചിരി തമാശകല്‍ ഒക്കെ വേണ്ടത് തന്നെ.. !!
സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ അല്പമോരാശ്വാസം ഇവിടുത്തെ സൌഹൃദങ്ങള്‍ തന്നെയാണ്.. അതിനെ വേണ്ട വിധം ഉപയോഗിക്കുക.
 നമുക്കില്ലാത്ത കഴിവ് മറ്റുള്ളവരില്‍ കാണുമ്പോള്‍ സന്മനസ്സോടെ അവരെ പ്രോത്സാഹിപ്പിക്കുക..അതുവഴി അവരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാനും മുഖപുസ്തകതിനും അപ്പുറത്തേക്ക്‌ ഉള്ള ഒരു സൌഹൃദ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നു കിട്ടും.

മുടക്കുമുതല്‍ ആവശ്യമില്ലാത്ത ധന സമ്പാദനം ആണ് സൌഹൃദങ്ങള്‍.. ആത്മാര്‍ഥതയുള്ള ഹൃദയവും തുറന്ന സമീപനവും മാത്രം മതി..

വളര്‍ന്നു വരുന്ന  എഴുത്തുകാരെ/ പ്രതിഭകളെ  പ്രോത്സാഹിപ്പിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആണ്  സുധാകരന്‍ വടക്കാഞ്ചേരി.

ജോലിത്തിരക്കുകള്‍ക്കിടയിലും മറ്റു വാളുകള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി, സ്ത്രീ പുരുഷ വിവേചനം ഇല്ലാതെ അവരുടെ രചനകള്‍ വായിച്ചു അഭിപ്രായം പറയാനും, നല്ല രചനകളെ സ്വന്തം വാളില്‍ ഷെയര്‍ ചെയ്തു അത് വഴി അവരെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും സഹായിക്കുന്നു..

ഇതൊരു ചെറിയ കാര്യമല്ല..

അടുത്തതായി   വരുന്നു..!! അക്കാകുക്ക..
കുപ്പയിലെ മാണിക്യം ചികഞ്ഞെടുക്കുന്നതില്‍ പ്രാവീണ്യം നേടിയ ആളാണ്‌...,.  ആണ്‍പെണ്  ഭേദമില്ലാതെ, അറിയപ്പെടാതെ കിടക്കുന്ന ഒരു പിടി നല്ല ബ്ലോഗ്‌ എഴുത്തുകാരെ ഇതിനകം തന്നെ പോളിഷ് ചെയ്തെടുത്തു കഴിഞ്ഞു. കൂടാതെ മറ്റെഴുത്ത്കാരെയും.. ഇത് തന്‍റെ ബാദ്ധ്യത ആണെന്ന് കരുതി ഈ പ്രവര്‍ത്തി ഇപ്പോഴും തുടരുന്നു..

തന്‍റെ കവിതാ രചനകളില്‍ വന്നു വീഴുന്ന നല്ല നല്ല കമന്റ് മുത്തുകള്‍ കോര്‍ത്തെടുത്തു വര്‍ണ്ണ മനോഹരമായ മാല്യങ്ങള്‍ കോര്‍ത്ത്‌ സ്വന്തം  പ്രൊഫൈലില്‍ ചാര്‍ത്തി മറ്റു കവിതാ രചയിതാക്കളുടെ കഴിവിനെ  പ്രോത്സാഹിപ്പിക്കുന്ന  അനില്‍ വിജയ വിലാസം..

അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ 'ജോതി പണിക്കരും' ഉണ്ട് ഒരു സൈഡില്‍ കൂടി...

(ഇടക്കൊരു കാര്യം കൂടി പറയട്ടെ., ഫീമെയില്‍ പ്രൊഫൈലുകളില്‍ നിന്നും  ഇങ്ങനെ ഒരു നല്ല കാര്യം എനിക്കിത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ഈ ഞാന്‍ ഉള്‍പ്പെടെ.)

ഈശ്വരന്‍ എല്ലാവര്ക്കും ഓരോ തരത്തിലുള്ള കഴിവുകള്‍ തന്നിട്ടുണ്ട്.
ആരും അതി കേമന്മാര്‍ അല്ല.. !അതുപോലെ ആരും കഴിവ് കെട്ടവരും അല്ല..

നല്ലതിന് നേരെ അസൂയയോടെ  മുഖം തിരിക്കരുത്..
തന്നാലാവും വിധം പ്രോത്സാഹിപ്പിക്കുക..

നല്ല എഴുത്തുകാര്‍ ഇനിയുമിനിയും ഉണ്ടാവട്ടെ.. പടര്‍ന്നു പന്തലിക്കട്ടെ.. വെള്ളവും വെളിച്ചവുമേകി നമുക്കും അവരുടെ വിജയത്തില്‍ പങ്കാളികള്‍ ആവാം..  നമുക്കും അഭിമാനത്തോടെ പറയാം ...

"ഡേയ് അവന്‍//,/അവള്‍ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്താണ്. നല്ല കഴിവുകളുള്ള വ്യക്തിയാണ് കേട്ടോ . "

..നന്മകള്‍ നേരുന്നു..!!

ശിഷ്ടം :-

കുറെ സമയം ചിലവാക്കി ടൈപ്പ് ചെയ്തെടുത്ത പോസ്റ്റ്‌ ആണ്..  അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കാം.. വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ..




Wednesday 5 June 2013

"ഒരു ചക്കക്കുട്ടിയുടെ കഥ"



ഇവിടെ പറയാന്‍ പോകുന്നത് രസകരമായ ഒരു കഥ..
ഇപ്പോഴും ഓര്‍ക്കുമ്പോള്‍ തെല്ലൊരു ജാള്യതയും,
ചുണ്ടിലൊരു കുസൃതി ചിരിയും ഊറി വരും.

ഏഴിലോ എട്ടിലോ പഠിക്കുന്ന പ്രായം..
ഒരു ഞായറാഴ്ച.. വീട്ടില്‍ നിന്നും കഷ്ട്ടിച്ചു പതിനഞ്ചു മിനിറ്റ് 
നടന്നെത്തേണ്ട ദൂരത്തില്‍ ഉള്ള തറവാട്ടിലേക്ക് പോകാനിറങ്ങി..
ഭാഗം കഴിഞ്ഞ തറവാട്ടില്‍ അമ്മേടെ ചെറ്യമ്മയും അമ്മാവനും ഒക്കെയായിരുന്നു താമസം.. മാവും പ്ലാവും ഇട കലര്‍ന്ന് നില്‍ക്കുന്ന തെങ്ങിന്‍ തോട്ടവും,
അതിനു നടുക്ക് സ്പടികം പോലെ വെള്ളമുള്ള കുളവും ഒക്കെ ഉള്ളൊരു തറവാട്..









ഇടക്കിടെയുള്ള ഈ തറവാട്ടു വിസിറ്റിനു ചില ഉദ്യേശങ്ങള്‍ കൂടിയുണ്ട്..നീന്തിത്തുടിച്ചുള്ള കുളിയാണ് അതില്‍ പ്രധാനം.., പിന്നെ തീ കത്തിപിടിപ്പിക്കാന്‍ കുറച്ചു തെങ്ങോല, 

സുന്ദരി ആടിനു കൊടുക്കാന്‍ അവളുടെ ഇഷ്ട്ട ഭക്ഷണമായ ശീമക്കൊന്ന പൊട്ടിക്കാം,
ഉച്ചക്ക് ചെറ്യമ്മയുടെ കൈപുണ്യമുള്ള കൈ കൊണ്ടുണ്ടാക്കിയ പുളിങ്കറിയോ പടവലങ്ങ മൊളകൂഷ്യമൊ, പിന്നെ കടുമാങ്ങയും കൂട്ടിയുള്ള ഊണ്..
തിരിച്ചു പോരുമ്പോള്‍ ഒന്നോ രണ്ടോ തേങ്ങയും കിട്ടും..
ഇതിനു പ്രതിഫലമായി മുറ്റത്ത്‌ ഉണങ്ങാനിട്ട നെല്ല് കോരി ചായ്പ്പില്‍ കൊണ്ടിടുക, പാടത്തിനക്കരെ എന്‍റെ വരവ് കാണുമ്പോഴേ അടുക്കളയിലും,
മച്ചിന്‍റെ ഉള്ളിലും ഉള്ള സകലമാന ചെമ്പും കുടങ്ങളും,
അണ്ട്ടാവും ഒക്കെ പുറത്തെടുത്തു വെക്കും..
അതൊക്കെ തേച്ചു കഴുകി അതിലൊക്കെ കിണറ്റില്‍ നിന്നും വെള്ളം കോരി നിറക്കണം..

എന്‍റെ അടുത്ത വിസിറ്റ് വരേക്കുള്ള പണികള്‍ ചെയ്യിപ്പിക്കും..
അതൊക്കെ എനിക്ക് വല്ല്യ ഇഷ്ട്ടവും ആയിരുന്നൂട്ടോ..
അങ്ങനെ നാലുമണിക്ക് നല്ലൊരു ചായയും കുടിച്ചു,
(ചിലപ്പോള്‍ ചെറ്യമ്മ അരി കൊണ്ടാട്ടം വറുത്തു തരും)
ശീമ ക്കൊന്നയും തെങ്ങോലയും തേങ്ങയും ഒക്കെയായി വീട്ടിലേക്കു തിരിച്ചുവരും..

അങ്ങനെയുള്ള ഒരു മടക്ക യാത്രയില്‍, ഒരിക്കല്‍=
പാട വരമ്പിലൂടെ നടക്കുകയായിരുന്നു..
പെട്ടെന്ന് വലതു ഭാഗത്തുള്ള ഒരു പാടത്തിന്റെ മൂലയ്ക്ക് 
നല്ലൊരു സുന്ദരന്‍ ചക്കപ്പഴം കിടക്കുന്നു.ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി.. കണ്ണെത്താവുന്ന ദൂരത്തോന്നും ആരെയും കാണുന്നില്ല..അപ്പൊ പിന്നെ ഒന്നും ആലോചിച്ചില്ല,
കൈയ്യിലിരുന്ന ഓല ശീമക്കൊന്ന കെട്ടു വരമ്പത്ത് വെച്ച്പാടത്തേക്ക് ചാടി ഇറങ്ങി ചക്ക എടുത്തു ഒക്കത്ത് വെച്ചു..

തിരിച്ചു കേറി ചക്കയും ബാക്കി സാധന സാമഗ്രികളുമായി ഒരു പത്തടി നടന്നില്ല..
ദാ വളവു തിരിഞ്ഞു വരുന്നു കഷണ്ടിയുള്ള പാല്‍കാരന്‍ കുമാരനും, ഭാര്യ തങ്കചിയും.. !!! 

എന്നെ കണ്ടപാടെ തങ്കച്ചി അത്ര മയത്തിലല്ലാതെ ചോദിച്ചു
"കുട്ടീ എവിടുന്നാ ഈ ചക്ക"?

പെട്ടെന്നുള്ള ഈ ചോദ്യം കേട്ട്  ആദ്യം ഞാനൊന്ന് പരുങ്ങി..!! 
പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു..
'ചെറ്യമ്മേടവിടുന്ന്‍'.

ഉടനെ തങ്കച്ചി..
"അമ്പ്രാളിന്ടവിടെ ഇങ്ങനത്തെ ചക്ക ഇല്ല്യാലോ..കുട്ടീ..
ഇത് ഞാന്‍ പാല് കൊടുക്കാന്‍ പോയ വീട്ടീന്നു കിട്ടീതാ.. വേറേം വീടുകളില്‍ പാലും കൊണ്ട് പോമ്പോ ഇതും ഏറ്റിക്കൊണ്ട് പോവാന്‍ പറ്റ്വോ..? അതോണ്ട് എന്‍റെ പാടത്തിന്റെ മുക്കില്‍ എടുത്തു വെച്ചതാ. കുട്ടി അതങ്ങട് ചോട്ടില് വെക്ക്യ."

ഞാന്‍ വല്ലാതായി..!!

വല്ല്യ പാലു പാത്രം തൂക്കി കൂടെ നിക്കുന്ന കഷണ്ടി കുമാരനേം ഞാന്‍ ഒന്ന് നോക്കി.. അയാള്‍ക്കും വല്യ ഭാവഭേദം ഒന്നും ഇല്ല്യ..തങ്കച്ചിയെ വിട്ടു നിക്കില്ലല്ലോ..

ഞാന്‍ മനസ്സില്ലാമനസ്സോടെ ചക്ക തങ്കച്ചിയുടെ കാല്‍കീഴില്‍ സമര്‍പ്പിച്ചു വിഷണ്ണയായി  മുമ്പോട്ടു നടന്നു.!!

ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ തങ്കച്ചി ചക്കയും തോളില്‍ വെച്ചു കേട്ട്യോനോട്
എന്തൊക്കെയോ പിറുപിരുതോണ്ട് പോവുന്നു..!! തങ്കച്ചിയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു..  വീട്ടില്‍ വന്നു വിവരം പറഞ്ഞപ്പോള്‍  അമ്മേടെ കുലുങ്ങി കുലുങ്ങിയുള്ള ചിരി.. ഹും..!!

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇതുപോലുള്ള യാത്രയില്‍
ചക്ക കിടന്നിരുന്ന തങ്കച്ചിയുടെ പാടത്ത് പെണ്ണുങ്ങള്‍ ഞാറു നടുന്നു..
കൂടെ തങ്കച്ചിയും..!! 

വരമ്പത്ത് കൂടി നടക്കുന്ന എന്നെ കണ്ടപ്പോള്‍ പെണ്ണുങ്ങള്‍ എന്തൊക്കെയോ അടക്കം പറഞ്ഞു ചിരിക്കുന്നു..!! ഞാന്‍  അറിഞ്ഞതായി ഭാവിച്ചില്ല.. 

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു.. അന്നത്തെ ആ മിനി സ്കെര്‍ട്ട് കാരിക്ക്  ഇന്നത്ത ഈ പത്മശ്രീ നായരുമായി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം..!! 
തങ്കച്ചിയും കഷണ്ടി കുമാരനും ഒക്കെ മരിച്ചു..!!

കഴിഞ്ഞയിടെ നാട്ടില്‍ പോയപ്പോള്‍ വഴിയില്‍ വെച്ചു
  അറുപതുകളില്‍ എത്തിയ മീനാക്ഷിയെയും  യശോദയെയും കണ്ടു..






കുശലാന്വേഷണങ്ങള്‍ക്കിടെ യശോദ മീനാക്ഷിയോടു ചോദിച്ചു..

"മീനാഷ്യെടത്യെ ഏതാ ഈ കുട്ടി..? നിക്ക് മനസ്സിലായില്ല്യ.."..

മീനാക്ഷി പറഞ്ഞു..
ങേ.. നെനക്ക് മനസിലായില്ല്യെ..' ഡീ  ഇത്  നമ്മടെ കുഞ്ഞേമ്പ്രാളിന്റെ മൂത്ത മകള്..!!
തങ്കച്ച്യെടത്തി പറയാറില്ല്യെ..!! ഒരു ചക്കക്കുട്ടി.! ആ കുട്ട്യാത്..
കാലം ഇത്ര്യൊക്കെ ആയിട്ടും കുട്ടിക്ക് ഒരു മാറ്റോംല്ല്യ..! ശെരി മാളെ.. കണ്ടെല് ശ്ശി സന്തോഷായീട്ടോ..   പിന്നെ കാണാട്ടോ..'
എന്നും പറഞ്ഞു കവിളത്ത് ഒരു തലോടലും തന്നു മീനാക്ഷിയും യശോദയും നടന്നകന്നു..

അപ്പോഴാണ്‌ എനിക്ക് വീണ ആ പേര് ഞാന്‍ അറിയുന്നത് തന്നെ..! "ചക്കക്കുട്ടി". 
ചക്ക കിട്ടിയില്ലെങ്കിലും ഒരു പേര് കിട്ടി.. ചക്കക്കുട്ടി.. !!

വിഷയ ദാരിദ്യം കൊണ്ട്,കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ നിന്നും ഒരേട് ചീന്തിയതാ..
അല്ലെങ്കിലേ ഇഷ്ട്ടം പോലെ വിളിപ്പേരുകള്‍ എനിക്കിവിടെ ഉണ്ട്..!
അതിന്‍റെ കൂടെ ചക്കക്കുട്ടി എന്ന് നിങ്ങള്‍ക്ക് എന്നെ വിളിക്കാന്‍
തോന്നിയാല്‍ വിലക്കാന്‍ എനിക്കവകാശമില്ലല്ലോ..?..!!


-പദ്മശ്രീ നായര്‍-








Sunday 2 June 2013

'കുട്ടന്‍നായരുടെ കഥ, ഒരു കുടല്‍മാലയുടെയും..!!


കുട്ടന്‍ നായര്‍....,..
നാട്ടിലെ പേരുകേട്ട പ്രമാണി..
ചാവിനും അടിയന്തിരത്തിനും,  കല്യാണം നിശ്ചയിക്കാനും
നടത്തിക്കാനും മൂക്കുമുട്ടെ സദ്യ ഉണ്ണാനും,
ശേഷം വിശാലമായി ഏമ്പക്കം വിടാനും ഒക്കെ  ഈ കുട്ടന്‍ നായര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും..

കറുത്ത് കുറുകിയ കുട്ടന്‍ നായര്‍ നടന്നു വരുന്നത്  കണ്ടാല്‍ ഒരു ആനകുട്ടി നടന്നു വരുന്നത് പോലെ തോന്നും..
ഒറ്റ മുണ്ടും തോളില്‍ ഒരു തോര്‍ത്തും വേഷം..
കൈയ്യില്‍ സദാ സമയം  ഒരു മള്‍ട്ടി പര്‍പ്പസ്  കാലന്‍ കുട കാണാം.

(മള്‍ട്ടി പര്‍പ്പസ് എന്ന് ഉദ്ദേശിച്ചത്, നടക്കുമ്പോള്‍ വടിക്ക്
പകരം ഉപയോഗിക്കാം,  കുരച്ചോണ്ട് വരുന്ന പട്ടിയെ ഓടിക്കാം,)

നാട്ടില്‍ നടക്കുന്ന  എല്ലാ കാര്യങ്ങളിലും ഈ നായരുടെ ഇടപെടല്‍ ഉണ്ടായിരിക്കും..
ങാ...!!അതങ്ങനെ കിടക്കട്ടെ..!

നായര്‍ക്ക് മക്കള്‍ മൂന്ന്..
എല്ലാവരും വിദേശത്ത്..
ഇത്രയും വലിയ വീട്ടില്‍  കുട്ടന്‍ നായരും ഭാര്യ കല്യാണിയമ്മയും മാത്രം.  പൂത്ത കാശുണ്ട് നായരുടെ കൈയ്യില്‍..,..
പത്തു നൂറു പറക്കു കൃഷി., തെങ്ങിന്‍തോപ്പ്, റബ്ബര്‍ തോട്ടം, കോഴി ഫാം, നാലഞ്ചു കറവ പശുക്കള്‍..,.

പശുവിന്‍റെ കാര്യങ്ങള്‍ നോക്കാനും പാല് കച്ചവടത്തിനും
മാത്രമായി ഒരു വാല്യക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഇങ്ങനെ ഒക്കെ ആണെങ്കിലും  കുട്ടന്‍ നായരെ
ആര്‍ക്കും കണ്ണെടുത്താല്‍ കണ്ടുകൂടാ.. !!
കാരണം  ടിയാന്റെ പിശുക്ക് തന്നെ..
രഹസ്യമായി ചിലര്‍ 'പിശുക്കന്‍ നായര്‍', 'നക്കി നായര്‍'
എന്നൊക്കെ ഓമനപ്പേരില്‍ വിളിക്കും..

അറുത്ത കൈക്ക് ഉപ്പ് തേക്കില്ല..!!
തൊടിയില്‍ പണിയാന്‍ വരുന്ന കൂലിക്കാര്‍, വീണു കിടക്കുന്ന മാങ്ങയോ ഒരു തേങ്ങയോ എടുത്താല്‍  ഉടനെ പറയും..

 "ദേവ്വ്വോ..  അത് കൊണ്ടോണ്ട.,
 ഇവടെ കൂട്ടാന്‍ വെക്കാന്‍ ഒരു സാധനല്ല്യ.. ഇതോണ്ട് ഒരു സമ്മന്തി അരച്ചാല്‍ ഇന്നത്തെ കാര്യം കഴിച്ചു കൂട്ടാം.."

അത് കേള്‍ക്കുമ്പോള്‍, ദേവു എടുത്ത തേങ്ങയും അണ്ണാന്‍ കരണ്ടിയ മാങ്ങയും അവടെ തന്നെ ഇട്ടിട്ടു പറയും..

" ദാ കെടക്കണ് മൂത്താരെ.. നിക്കൊന്നും വേണ്ട..
കണ്ടപ്പോ കളയണ്ടാല്ലോ  ന്നു വിചാരിച്ചു എടുത്തുന്നെ ള്ളൂ..
ഇന്നലെ മ്മടെ ആളു ചന്തെന്നു കൊറേ കൂട്ടാന്‍ വെക്കാന്
മേടിചോണ്ട് വന്നിട്ടുണ്ട്.
തേങ്ങ ഇടാന്‍ പോയോടതൂന്നു അഞ്ചാറു തെങ്ങേം കിട്ടി..
മൂത്താരുക്കു ഇത്രയ്ക്കു ബുദ്ധിമുട്ടനെച്ചാ  നാളെ പണിക്ക് വരുമ്പോ
ഞാന്‍ അതീന്നു എന്തെങ്കിലും കൊണ്ടൊന്നു തരാം.
ഒന്നൂല്ല്യാചാലും ന്‍റെ വീട്ട്ള് മുരിങ്ങേണ്ട്.. അതെന്നെകിലും ഒരു പിടി എല  ഒടിചോണ്ട് വരാം "







ഈ ടൈപ്പ് ഉദാഹരണങ്ങള്‍ അവിടുത്തെ
പണിക്കാര്‍ക്ക് ഏറെയുണ്ട്  പറയാന്‍ ..
അവരതൊക്കെ  വടക്കന്‍ പാട്ടിലെ പാണനാര്‍ പാടി നടക്കണ പോലെ  ദേശം മുഴുവന്‍ എത്തിക്കുന്നുമുണ്ട്.
-അറ്റ്‌ ഫ്രീ ഓഫ് കോസ്റ്റ്‌..- ...

ഒരു മണ്ഡല കാലത്ത് അയ്യപ്പന്‍ വിളക്ക് കമ്മറ്റിക്കാര്‍
കുട്ടന്‍നായരുടെ വീട്ടില്‍പിരിവിനു പോയി..
നാട്ടില്‍ രണ്ടു ക്ഷേത്ര കമ്മറ്റിക്കാരുടെ  വകയായി അയ്യപ്പന്‍ വിളക്ക്നടത്താറുണ്ട്..

നമ്മുടെ കുട്ടന്‍നായര്‍ ,അവര്‍ ഓരോരുത്തരോടും  അവരുടെ ഗ്രേഡിന് അനുസരിച്ചുള്ള ക്ഷേമാന്വേഷണങ്ങള്‍ എല്ലാം നടത്തി..
അക്കാര്യത്തില്‍  പിശുക്കന്‍ നായര്‍  ഒരു പിശുക്കും കാണിക്കാറില്ല..

"ന്താടാ ഗോപ്യേ.. നന്റെ ചെക്കന് പണി വല്ലതും ആയ്വോ; /എവടെക്കെങ്കിലും ആട്ടി വിട്.. നാട്ടില്‍ കെടന്നു തെണ്ടി തിരിഞ്ഞു വഷളാവും..'

" രാമഷ്‌ണാ.. കേട്ട്യോള്‍ടെ  സൂക്കേട് ക്കെ  പ്പോ എങ്ങനിരിക്കുണൂ..
 ചെക്കന്‍ കാശൊക്കെ അയക്കണില്ല്യെ ?"

 കുറുപ്പശ്ശന്‍റെ   വൈദ്യം തന്ന്യല്ലേ ഇപ്പളും. ത്തിരി സമയം പിടിക്കും
 ന്നാലും ഭേദാവും."

"നീയെന്താണ്ടാ കുമാരാ മിണ്ടാണ്ട് നിക്കണ്..
നന്റെ മകള്ടെ കല്യാണാലോചന ഒക്കെ എന്തായി?
വല്ല്യ കൊമ്പിലൊന്നും പിടിക്കാന്‍ നോക്കണ്ട.. അതൊക്കെ പിന്നെ ബാധ്യത യാവും  കൊക്കിലോതുങ്ങണത്   കൊത്യാ  മതി.."


ഇങ്ങനെ പോകുന്നു കുശലാന്വേഷണങ്ങള്‍..,..  അവസാനം കമ്മറ്റിക്കാര്‍ വന്ന കാര്യം  അവതരിപ്പിക്കുന്നു..
"നമ്മടെ സേവാ സംഘത്തിലെ  അയ്യപ്പന്‍ വിളക്കാണ്‌   പതിമൂന്നാം തീയതി. നിങ്ങളെ പോലുള്ളൊരു സഹായിച്ചാലെ കാര്യങ്ങള് നടക്കൂ.."

"അയ്നെന്താ.. നടക്കട്ടെന്നു.. അതോക്ക്യല്ലേ വേണ്ടത്.. " ഇത്രേം പറഞ്ഞു നായര് അകത്തേക്ക് തല നീട്ടി നീട്ടി ഭാര്യയെ നീട്ടി വിളിക്കും " അമ്മ്വോ.. ആ ഉമ്മറ പടീടെ മോളില്  ഒരു പുസ്തകത്തിന്‍റെ എടേല്  കാശു വെച്ചിട്ടുണ്ട്.. അതുന്നു ഒരു നോട്ട് എടുത്തോണ്ട് വാ.."

നിമിഷങ്ങള്‍ക്കകം കല്യാണിയമ്മ ഭര്‍ത്താവിന്റെ കൈയ്യിലേക്ക് നോട്ട് ഏല്‍പ്പിച്ചു അകത്തേക്ക് വലിയും..

" നിങ്ങള് വരുംന്നറിയാം ..ന്നാ പത്തുര്‍പ്പ്യണ്ട്.. ഇന്നോ നാള്യോ മറ്റേ പാര്ട്ടീം  വരും.. അവര്‍ക്കും ഇതുപോലെ എന്തെങ്കിലും കൊടുക്കണ്ടേ.. പക്ഷഭേദം കാണിക്കാന്‍ പാടില്ല്യാലോ."

കമ്മറ്റിക്കാര്‍ വിഷണ്ണരായി  ഓരോരുത്തരുടെയും
മുഖങ്ങളിലേക്ക് മാറി മാറി നോക്കും..
എന്ത് ചെയ്യാന്‍..  വന്നു പോയില്ലേ..
തരാത്ത നായരോട് വിടാതെ ഇരക്ക്വ  എന്ന ചിന്തിച്ചു
അവസാന ശ്രമമായി  വന്നവര്‍ ഒന്നൂടി ചോദിക്കും..

"അയ്യോ  ഇതൊന്ടൊക്കെ എന്താ ചെയ്യ്വാ.. ഒരു വിളക്ക് കഴിഞ്ഞു വരണമെങ്കില്‍ എന്തോരം ചെലവുണ്ട് ന്നു അറിയില്ല്യെ.."

"അതിനിപ്പോ ഞാനെന്താ ചെയ്യ്വാ..!!
ഇവടത്തെ കാര്യങ്ങള് തന്നെ പരുങ്ങലിലാ..
പാടത്ത് ആള്‍ക്കാരു പണിയാനുണ്ട്..
വൈന്നേരം ആവുമ്പോ കൂലി കൊടുക്കാന്‍ എന്താ ചെയ്യ്വാ ന്നു വിചാരിച്ചിരിക്യാ ഞാന്‍..,.. എന്‍റെല്  ഇതേ ള്ളൂ..  വേണോങ്കി  മതി.."

വന്നവര്‍ അതും വാങ്ങി തമ്മില്‍ തമ്മില്‍ പിറുപിറുതൊണ്ട് പോവും..

"ഇത് വരെ നടന്നു നേരം കളഞ്ഞെന് പകരം വേറെ എന്തെങ്കിലും
 പണിക്ക് പോയാ മത്യാര്‍ന്നു. ഇയാള് ഇക്കണ്ട
മോതാലോക്കെ ണ്ടാക്കീട്ടു ചത്ത്‌ പോമ്പോ കൊണ്ടോവ്വോ  ആവോ.?
നക്കി നായര്."

കുട്ടന്‍ നായരുടെ ഏകദേശ രൂപം ഇപ്പൊ മനസ്സിലായി കാണുമല്ലോ.. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു..
പ്രായാധിക്യം നായരെ വേട്ടയാടാന്‍ തുടങ്ങി..
ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍  ഇത്യാദി വി. ഐ. പി.  അസുഖങ്ങള്‍ക്ക്
പുറമെ വാതവും കൂട്ടിനുണ്ട്..

കാലം കടന്നു പോകവേ   ഒരു ദിവസം കേട്ടു..
കുട്ടന്‍ നായരു മരിച്ചു.. രാവിലെ ഒമ്പത് മണിക്ക്..
മക്കള്‍ക്കൊക്കെ വിവരം കൊടുത്തിട്ടുണ്ട്‌..,.
ആരൊക്കെ എത്തും എന്നറിയില്ല്യ..
ബന്ധുക്കളും നാട്ടുകാരും  എത്തിക്കൊണ്ടിരിക്കുന്നു.
കൂടുതല്‍ സമയം വെക്കാന്‍ പാടില്ല്യാന്നു ചികില്‍ത്സിച്ച ഡോക്ടര്‍  പറഞ്ഞിട്ടുണ്ടത്രേ..
മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങവേ..
നോക്കിയിരിക്കെ നായരുടെ ശവ ശരീരം  വീര്‍ത്തു വീര്‍ത്തു വരുന്നു..!!

സംഗതി ഗുരുതരം ആണെന്ന് മനസ്സിലാക്കിയ അടുത്ത ബന്ധുക്കള്‍
ഡോക്ടറെ വിളിച്ചു കൊണ്ട് വരാന്‍ വണ്ടി അയച്ചു..
ഡോക്ടര്‍ വന്നു പരിശോധിച്ച് പറഞ്ഞു..
'ഇതിങ്ങനെ വെച്ചിരിക്കാന്‍ പറ്റില്ല..
ഓരോ നിമിഷം കഴിയുന്തോറും ശരീരം  വീര്‍ത്തു അവസാനം  പൊട്ടുന്ന അവസ്ഥയില്‍ എത്തും..
പിന്നെ സംസ്കാര ക്രിയകള്‍ തന്നെ വിഷമത്തില്‍ ആവും..
അതുകൊണ്ട്  വയറു കീറി കുടലും ബാക്കി സാമഗ്രഹികളും പുറത്തെടുക്കേണ്ടി വരും..!!
വേറെ വഴിയില്ലല്ലോ..!!

ഡോക്ടറുടെ നിര്‍ദേശ പ്രകാരം  മരിച്ച  കുട്ടന്‍ നായരുടെ
വയറു കീറേണ്ട ചുമതല  ചെമ്പന്‍ ചെറുമനില്‍ നിക്ഷിപ്തമായി..

നായരുടെ വീട്ടിലെ സ്ഥിരം പണിക്കാരനാണ്  ചെമ്പന്‍. ചെറുമന്‍.,.. അറുപതിനോടടുക്കുന്ന പ്രായം..

ചിതയോരുക്കാനായി തെക്കേ പുറത്തെ മാവ് വെട്ടുന്ന പണിയില്‍ 

വ്യാപൃതനായിരുന്ന ചെമ്പന്‍ വെട്ടു പണി മറ്റൊരാളെ ഏല്‍പ്പിച്ചു മരിച്ച 

കുട്ടന്‍ നായരുടെ വയറു കീറാന്‍ വന്നു..!!! ഡോക്റ്ററുടെ സാന്നിധ്യത്തില്‍ 

ചെമ്പന്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു.. 

നാട്ടിലെ പ്രമാണിയുടെ കുടല്‍മാല വലിച്ചൂരി ചെമ്പന്‍ നിവര്‍ന്നപ്പോള്‍, ആ 

മുഖത്ത് പ്രതിഫലിച്ച ഭാവം, ദുശ്ശാസനന്‍റെ കുടല്‍മാല കുത്തിയെടുത്ത 

ഭീമസേനന്റെ മുഖത്തെ രൌദ്ര ഭാവമായിരുന്നോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക...!!!



പുറത്തെടുത്ത കുടല്‍മാല ഒരു പ്ലാസ്റ്റിക്‌ ചാക്കിലാക്കി,
ചാക്കിന്റെ വായും നായരുടെ വയറും കൂട്ടിതുന്നി..

ഇപ്പോള്‍ നായരും , ആസ് വെല്‍ ആസ് കുടലും  സേഫ്‌. .

ഒരു വിധം എല്ലാവരും എത്തി..
നായരുടെ കുടലില്ലാത്ത ശവ ശരീരം  വഹിച്ചുള്ള വിലാപ യാത്ര പാട വരമ്പിലൂടെ രണ്ടു മൂന്നു കിലോമീറ്റര്‍ അപ്രത്തുള്ള തോട്ടുവക്കിലെ സ്മശനത്തിലേക്ക്  യാത്രയായി..
നേരത്തെ പറഞ്ഞു തീരുമാനിച്ചതിന്‍ പ്രകാരം
നായരുടെ കുടല്‍ ചാക്ക് ശിരസ്സാ  വഹിക്കുന്നതിനുള്ള  അവകാശം അത്  വലിചൂരിയ ചെമ്പന്‍ ചെറുമന് തന്നെ കിട്ടി.
പക്ഷെ ചെമ്പന് ഒരു കണ്ടീഷന്‍ ഉണ്ടായിരുന്നു..

കുടല്‍ചാക്ക് ചുമക്കണം എങ്കില്‍  വയറു നിറയെ കള്ള്‌ കുടിക്കണം എന്ന്..

അല്ലെങ്കിലും ബോധത്തോടെ ആര്‍ക്കെങ്കിലും
ഇങ്ങനത്തെ  കാര്യം ചെയ്യാന്‍ കഴിയ്വോ..?

 എത്രയാ വേണ്ടതെന്ന്   വെച്ചാ  വാങ്ങി കുടിച്ചിട്ട്  നീയീ ചാക്കും കൊണ്ട് തോട്ടുവക്കത്തെക്ക് എത്തണം' എന്നും പറഞ്ഞു
സംസ്കാര ചടങ്ങുകളുടെ മേല്‍നോട്ടം സ്വയം ഏറ്റെടുത്ത ചന്ദ്രന്‍ നായര്‍  കുറച്ചു കാശു ചെമ്പന്‍ ചെറുമനെ ഏല്‍പ്പിച്ചു  വിലാപയാത്രയില്‍ പങ്കാളിയായി..

വിലാപ യാത്ര തോട്ടുവക്കിലെ സ്മശാനത്തില്‍ എത്തി  ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും കുടല്‍മാലയെന്തിയ  ചെമ്പന്‍ എത്തിയില്ല..

സമയം വൈകി കൊണ്ടിരിക്കുന്നു..
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ മുറുമുറുക്കുന്നു..
ശവപറമ്പില്‍ കാത്തിരിക്കുന്നതിനും  ഒരു പരിധി ഇല്ലേ..
ചെമ്പനെ അന്വേഷിച്ചു രണ്ടു മൂന്നു പേരെ പറഞ്ഞു വിട്ടു..

ചെമ്പനെ അന്വേഷിച്ചു പോയവരെയും കാത്തു അര മണിക്കൂര്‍ കൂടി ഇരുന്നു.. കാണാതായപ്പോള്‍ തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ പിശുക്കന്‍ നായരുടെ  കുടല്‍ ഇല്ലാ ശരീരം വെച്ച ചിതക്ക് തീ കൊളുത്തി..

ചെമ്പനെ അന്വേഷിച്ചു പോയവരില്‍ ഒരാള്‍ ചെമ്പനെ കണ്ടെത്തി..

മൂക്ക് മുട്ടെ കള്ള്‌ കുടിച്ച ചെമ്പന്‍ ചാക്ക് കെട്ടുമായി
വരുന്ന വഴിക്ക് കാലു തെന്നി പാടത്തെ
 കഴായ്‌ കുണ്ടില്‍ വീണു കിടക്കുന്നു..!!
ചാക്കുകെട്ടിന്റെം ചെമ്പന്റെം മുകളിലൂടെ വെള്ളം ഒഴുകുന്നു..!!

ചെമ്പന്‍റെ വയറ്റിലും, കൂടെ കരുതിയ കുപ്പിയിലും
(കള്ള്‌)).),)  പാടത്തും  വെള്ളം വെള്ളം സര്‍വത്ര..!!!

അന്വേഷിച്ചു വന്നയാള്‍ എത്ര ശ്രമിച്ചിട്ടും ചെമ്പനെ  വെള്ളത്തില്‍ നിന്നും പൊക്കാന്‍ കഴിഞ്ഞില്ല..
ഒടുവില്‍  വെള്ളത്തില്‍ കിടക്കുന്ന കുടല്‍മാല ചാക്ക്  സ്മശാനത്തില്‍  എത്തിക്കാന്‍ ആ പാവം സ്വമേധയാ നിയോഗിക്കപ്പെട്ടു..
 കഴായ്‌ കുണ്ടില്‍ സുഖ സുഷുപ്തിയില്‍ കിടക്കുന്ന ചെമ്പനെ ഉപേക്ഷിച്ചു  മറ്റെയാള്‍  കുടല്‍ച്ചാക്കുമായ് പോയി..

കത്തി തീരാറായ ചിതയിലേക്ക് നനഞ്ഞു കുതിര്‍ന്ന കുടല്‍ചാക്ക് കെട്ടുകൂടി വലിചെരിഞ്ഞപ്പോള്‍  ജീവിതകാലം മുഴുവന്‍ പിശുക്കുമായി  ജീവിച്ച കുട്ടന്‍ നായരുടെ  ജീവിതത്തിനു അവിടെ തിരശ്ശീല വീഴുകയായിരുന്നു..!!


-പത്മശ്രീ നായര്‍