Monday, 16 December 2013

'പുളീമ്മെലെ ശെയ്ത്താന്‍'...!!

ഒരുപാട് സുഹൃത്തുക്കള്‍ സുന്നത്ത് കല്യാണത്തെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കു വെച്ചു കണ്ടിട്ടുണ്ട്..
എങ്കില്‍ പിന്നെ എന്‍റെ വകയും ഇരിക്കട്ടെ ഒരോര്‍മ്മ..
 തെറ്റിദ്ധരിക്കേണ്ടാ.. സുന്നത്ത് കല്യാണം എന്റെയല്ല..!!
സുന്നത്ത് കല്യാണം കൂടുന്നതിനു  മുമ്പ്  ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്താം..

നായന്മാരുമായി മാത്രം ഇടപഴകാന്‍ താല്പര്യമുള്ള ആളായിരുന്നു നാട്ടിലെ സെയ്താലി  എന്ന ആലി..
പ്രായം കൂടിയവര്‍  "ഡാ ആല്യേ" ന്നും   അല്ലാത്തവര്‍ "ആലിക്കാ" ന്നും വിളിക്കുമ്പോള്‍ ഞാന്‍ "ചെട്ട്യാരിക്കാ" എന്നാണു അന്നും ഇന്നും വിളിക്കാറുള്ളത്..  അതിന്‍റെ ഐതിഹ്യം ഇങ്ങിനെ..

കിണറു കുഴിക്കലായിരുന്നു ആലിക്കായുടെ  ഇഷ്ട്ട ജോലി. പഴയ കിണറുകളുടെ മൈന്ടനന്സും  .
അതാവുമ്പോള്‍ ജാതിവ്യത്യാസം നോക്കാതെ കരാറെടുത്തു കുഴിച്ചു  വെള്ളം കാണിച്ചു കൊടുക്കും.
(അ)മിതമായ കൂലിക്ക് ചെയ്തു കൊടുക്കാറുണ്ട്.  കിണറുപണി ഇല്ലാത്ത സമയങ്ങളില്‍ നായന്മാരുടെ വീടുകളില്‍ മാത്രം കിളക്കാനും മറ്റു ജോലികള്‍ക്കും പോവും.
മണ്ണു കോരാനും മറ്റുമായി ആലിക്ക സ്ഥിരമായി ഒരു പെണ്‍- സെക്രട്ടറിയെ നിയമിച്ചിരുന്നു.. ഇരുണ്ട നിറമുള്ള  ചെട്ടിച്ചി പെണ്ണ്,  'ചെമ്പകം'..

ദാവണി ചുറ്റി, മുടിയില്‍ കനകാംബരമാല ചൂടി, കാലില്‍ നിറം മങ്ങിയ വെള്ളിക്കൊലുസും, കൈകളില്‍ നിറയെ കുപ്പിവളയും ഇട്ടു, കവിളത്ത് പച്ചമഞ്ഞള് തേച്ചതിന്റെ സ്വര്‍ണ്ണത്തിളക്കവുമായി,  ഒക്കത്ത്   മണ്ണു കുട്ടയുമായി വരുന്ന ചെമ്പകത്തെ കാണാനൊരു ചന്തമൊക്കെ  ഉണ്ടായിരുന്നു..

ഒരിക്കല്‍ എന്‍റെ വീട്ടില്‍ കിണറിലെ ചേറെടുക്കാന്‍ ആലിക്ക  ചെമ്പക സമേതനായി വന്നു..
ഇവരുടെ ചലനങ്ങളില്‍ എന്തോ പന്തികേട് മണത്ത ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇവരെ സൂക്ഷ്മ നിരീക്ഷണം നടത്തി കൊണ്ടിരുന്നു.. എന്‍റെ ശ്രമം വിഫലമായില്ല.. ചായക്കപ്പുകള്‍ പരസ്പരം കൈമാറിയും,  ചെമ്പകമേ .. ചെമ്പകമേ.. എന്ന തമിഴ്പാട്ടിന്റെ ഈരടികള്‍ പാടിയും, നാലുപാടും  നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി  ചെമ്പകത്തിന്റെ സ്ഥാനത്തും അസ്ഥാനത്തും ഇടയ്ക്കിടെ തോണ്ടുന്നതും ഒക്കെ കാണാനുള്ള ഭാഗ്യം ഈയുള്ളവള്‍ക്കുണ്ടായി..
 വീട്ടിലുള്ളവരോടെല്ലാം പറഞ്ഞു കളിയാക്കി.. അന്നു മുതല്‍ ആലിക്കയെ  "ചെട്ട്യാരിക്ക" യാക്കി മാറ്റി..

ചെട്ട്യാരിക്കയുടെ ബീവിയാണ് "ആമിന".  ചെട്ട്യാരിക്കയുടെ ബീവി ആവുന്നതിനു മുമ്പ് ആമിന  "സരോജിനി" ആയിരുന്നു. നാട്ടില്‍ കോളിളക്കം സൃഷ്ട്ടിച്ച ഒരു കല്യാണമായിരുന്നു. ആമിനയായതോടെ  സരോജിനിയെ കുടുംബക്കാര്‍ പുറംതള്ളി..

നിക്കാഹ് കഴിഞ്ഞ കൊല്ലാവസാനം ആയപ്പോഴേക്കും ചെട്ട്യാര്ക്ക- ആമിന ദാമ്പത്യ വല്ലരിയില്‍ ആദ്യത്തെ പൂവിരിഞ്ഞു.  പിന്നീട് അവരതൊരു   ശീലമാക്കി.. എല്ലാ കൊല്ലവും മുടങ്ങാതെ ആമിന  പെറും..
പത്ത്മാസത്തിലൊരിക്കല്‍ അസമയത്ത് ചെട്ട്യാര്ക്കാടെ ഉച്ചത്തിലുള്ള
ബാങ്ക് വിളി കേട്ടാല്‍ അമ്മമ്മ പറയും, ''ങാ..!! ആമിന പെറ്റൂന്ന് തോന്നുണൂ..
ചെട്ട്യാര് കുട്ടീടെ ചെവീല് ബാങ്ക് വിളിക്ക്ണ കേട്ടാ.."

പെറ്റതില്‍ കുറച്ചൊക്കെ ജീവിക്കും.. ഇടയ്ക്കു കുറെയൊക്കെ മയ്യത്താവും..!!!
ശോഷിച്ചു വരുന്ന ആമിനയെ കാണുമ്പോള്‍ ചിലരൊക്കെ ചോദിക്കാറുണ്ട്..

"ഡീ ആമിനോ  നെനക്കിന്യെങ്കിലും  പേറു  നിര്‍ത്തിക്കൂടെ.?"

ആമിനയുടെ മറുപടി ഉത്തരം മുട്ടിക്കും..

"പടച്ചോന്‍ തരണത് രണ്ടു കൈയും നീട്ടി വാങ്ങ്വല്ലാതെ ന്താ ചെയ്യ്വ മ്രാളെ.. നെനക്ക് എത്ര മക്കള് ണ്ടന്നല്ലേ  ചോയ്ക്കൂ  അല്ലാണ്ട് നെനക്ക് എത്ര സൊത്തു  ണ്ടെന്ന്  ആരെങ്കിലും ചോയ്ക്ക്വോ.. ഇല്ല്യാലോ? "

ആമിന സ്വയം  നയം വ്യക്തമാക്കും. രണ്ടടി നടന്നു പിറുപിറുക്കും.. "ഞാന്‍
പെറ്റാ ഇവര്ക്കെന്താ ചേതം."

എന്തായാലും അംഗനവാടിയിലെ ഉപ്പുമാവിന്റെയും ഉച്ചക്കഞ്ഞിയുടെയും സിംഹഭാഗവും ആമിനയുടെ വീട്ടിലെത്തും.

ചിലവുകുറക്കല്‍ പരിപാടിയുടെ ഭാഗമായിട്ടാവണം ചെട്ട്യാര്ക്ക-ആമിന ദമ്പതിമാരുടെ നാലഞ്ചു ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചു.
ചെട്ട്യാരിക്കയുടെ ബന്ധുക്കളും,കക്ഷി  പണിക്ക് പോവുന്ന വീട്ടിലെ നായന്മാരും അവരുടെ കുടുംബക്കാരും ഒക്കെ എത്തി ചേര്‍ന്ന്.. ഞങ്ങളും പോയിരുന്നു..
അകത്തു നിന്നും നെയ്ച്ചോറിന്റേം പോത്തെറച്ചീന്റേം   മണം ഗുമുഗുമാന്നു മൂക്കിലേക്ക് അടിക്കുന്നു.. ഞങ്ങള്‍ കുറെ പേര്‍ മുറ്റത്ത്‌ ഇട്ടിരുന്ന പന്തലില്‍ ഇരുന്നു..

ഒസ്സാനും താടി വെച്ച കുറെ ആളുകളും അകത്തേക്ക് കയറി പോവുന്നത് കണ്ടു.. കുറച്ചു കഴിഞ്ഞപ്പോള്‍   പാവം കുട്ടികളുടെ നിലവിളികള്‍ കേട്ടുതുടങ്ങി..!!
നാലു കുട്ടികളുടെ സുന്നത്ത് കഴിഞ്ഞു.. അഞ്ചാമത്തെ നമ്പറായ മൂത്തവന്‍ കബീറിന്‍റെ ഊഴമെത്തി..
അനിയന്മാരുടെ   സുനാപ്പികട്ട്ചെയ്യുന്ന 'ഫീ'കരരംഗം കണ്ട കബീര്‍   ഒസ്സാന്‍റെ മധ്യപ്രദേശില്‍ ഒരു ചവിട്ടുംകൊടുത്ത് കലിതീരാതെ കൈത്തണ്ടയില്‍ ഒരു കടിയും കൊടുത്ത് നിലവിളിച്ചു കൊണ്ട് കുതറിയോടി..
 വീടിനു ചുറ്റും അഞ്ചാറു വട്ടം ഓടിയ കബീര്‍  ഗത്യന്തരമില്ലാതെ  ഉമ്മറത്തെ തൊടിയുടെ മൂലയില്‍ ഉള്ള  പുളിമരത്തിലേക്ക് ചാടിക്കേറി..

എന്തൊക്കെ പറഞ്ഞിട്ടും  കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല.. സ്നേഹത്തോടെയും ചീത്ത പറഞ്ഞും ഒക്കെ നോക്കി..  ചിലര്‍ കല്ലെടുത്തെറിഞ്ഞു വീഴ്ത്താന്‍ നോക്കി..  നടന്നില്ല..  മരത്തിനു മുകളിലേക്ക് കയറി പിടിച്ചു കൊണ്ടുവരാമെന്ന് കൂട്ടത്തില്‍ ആരോ ഒരാള്‍ പറഞ്ഞു..  ഉടനെ താഴെ നിന്നിരുന്ന ഏതോ ഹൈക്കമാണ്ട് അഭിപ്രായപ്പെട്ടു ..

"പുത്തി മോശം കാട്ടണ്ട.. ചെക്കന്‍ പുളീമ്മേല്ന്നു ചാട്യാലോ.. കയിഞ്ഞില്ലേ കാര്യം.."

യാതൊരു നിവര്ത്തിയുമില്ല.. കബീര്‍ മരത്തില്‍ നിന്നും ഇറങ്ങുന്നില്ല.. ഒസ്സാന് പോകാന്‍ ധൃതിയായി..  അതിഥികള്‍ക്ക് നെയ്ച്ചോറിന്റെ  മണമടിച്ചു ഇരിക്കപ്പൊറുതി ഇല്ല്യാതായി..

അവസാന ശ്രമമായി  ആളുകളെ എല്ലാം ഒതുക്കി നിര്‍ത്തി ആമിനയും ചെട്ട്യാര്ക്കയും കൂടി  മരത്തിന്‍റെ മേലോട്ട് നോക്കി വിളിച്ചു..

"എറങ്ങി വാടാ മുത്ത്‌മോനേ.. അന്‍റെ ബാപ്പേം ഉമ്മേം അല്ലേടാ വിളിക്കണേ.. എറങ്ങി വാടാ പുന്നാരമോനേ."

ചെക്കന്‍ മൂക്ക് പിഴിഞ്ഞു താഴേക്കു ഇട്ടു   സൗകര്യം നോക്കി  നല്ലൊരു പുളിങ്കോമ്പില്‍  ഉറച്ചിരുന്നതല്ലാതെ  മൈന്‍ഡ്‌ ചെയ്തില്ല..
പ്രൊഡ്യൂസര്‍മാര്‍ രണ്ടുപേരും കൂടി പഠിച്ചപണി പതിനെട്ടും നോക്കി,
നോ രക്ഷാ..!!
ഒടുവില്‍ സഹികെട്ടു ദേഷ്യവും സങ്കടവുംഒരുമിച്ചുവന്ന
ആമിന ചെട്ട്യാര്ക്കയോട് ഇങ്ങിനെ പിറുപിറുത്തുകൊണ്ട് വീടിന്‍റെ പടികയറി അകത്തോട്ട്പോകുന്നത് പടച്ചോനാണേ ഞമ്മള് കേട്ടിരിക്കിണ്..
"നിങ്ങളിങ്ങട് ബന്നാളീന്‍.. ആ ശേയ്ത്താനെ  ബിട്ടു കള.. !!.. ഒരെണ്ണം ഓന്റെ
ബാപ്പാന്‍റെ പോലേം കെടക്കട്ടേ"

ഒസ്സാനും ബാക്കി എല്ലാവരും  മൂക്ക് മുട്ടെ നെയ്‌ച്ചോറും,പോത്തെറച്ചീം ബെയ്ച്ച് പോയതിനു ശേഷമേ കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങിയുള്ളൂ..

വര്‍ഷങ്ങള്‍ കടന്നു പോയി..  സുന്നത്ത് കഴിയാത്ത കബീര്‍ ഇപ്പോള്‍  ഓട്ടോ ഡ്രൈവര്‍ ആണ്.. കൂട്ടത്തില്‍ അല്പം രാഷ്ട്രീയം, മേമ്പൊടിക്ക് പൊതുജന സേവനം ഒക്കെയായി കഴിയുന്നു.. ഇടയ്ക്കു സമയം കിട്ടിയപ്പോള്‍ ഒരു നിക്കാഹും കഴിച്ചു.  ഭാര്യക്കിപ്പോ  ഏഴാം മാസം..  ബാപ്പാന്റെം ഉമ്മാന്റെം പാത പിന്തുടരുമോ  എന്ന് കണ്ടറിയണം..!!
കാരണം സുന്നത്ത് കഴിക്കാത്ത ചെട്ട്യാര്ക്കയുടെ സുന്നത്ത് കഴിക്കാത്ത
സീമന്തപുത്രനനല്ലേ.. കക്ഷി..!!
അതായത് ഈ ചേമ്പ് നട്ടാല് ചെമ്പരത്തിപൂവ് ഉണ്ടാവ്വോന്ന്‍..!!
അദ്ദെന്നേ...

വാല്‍ക്കഷ്ണം:-

അന്നത്തെ ആ സുന്നത്ത് കല്യാണത്തിന് ശേഷം കബീറിനെ നാട്ടുകാര്‍ കളിയാക്കിവിളിച്ചിരുന്ന ഇരട്ടപ്പേരാണ് 'പുളീമ്മെലെ ശെയ്ത്താന്‍'
അയ്യപ്പനും അവധിക്കാല ഓര്‍മ്മകളും..!!!!

പതിവു പോലെ ഈ ഞായറാഴ്ചയും ഒമ്പത്  മണിക്ക് അമ്മയും  മകളും പങ്കെടുക്കുന്ന  ടെലഫോണിക്  നാട്ടുവിശേഷം പരിപാടി. ഒരുമണിക്കൂറില്‍ അധികം നീണ്ടു പോയ വിശേഷങ്ങള്‍ക്കിടയില്‍  അമ്മ പറഞ്ഞു..

"ങാ.. പറയാന്‍ മറന്നു.. നമ്മുടെ അയ്യപ്പന്‍ മരിച്ചൂ ട്ടോ.  കുറെ കാലായി സുഖല്ല്യാതെ  കിടപ്പിലായിരുന്നു.."

മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടു  തിരിച്ചു നടന്നു.

കട്ടുറുമ്പും  കുഴിയാനയും മേഞ്ഞു നടന്നിരുന്ന അമ്മ വീടിന്‍റെ തിരുമുറ്റം.
പേരു കേട്ട തറവാട്ടിലെ, പത്തിരുനൂറു പറക്കു കൃഷി നടത്തിയിരുന്ന,  പണിക്കാര്‍ക്ക് കൂലി കൊടുക്കേണ്ട സമയത്ത് കൃത്യമായി നെഞ്ചു വേദന അഭിനയിക്കുന്ന ധനാഡ്യന്‍ ആയ   മുത്തശ്ശന്‍.

ഭര്‍ത്താവിനെ ഭയഭക്തി ബഹുമാനത്തോടെ "പിന്നേയ്" എന്നഭിസംബോധന ചെയ്തിരുന്ന അമ്മമ്മ.. അവിവാഹിതയായ വല്യമ്മ.. പിന്നെ അമ്മാമന്‍.

വര്‍ഷത്തിലൊരിക്കല്‍ വേനലവധിക്ക്  ഞങ്ങളും ചെറ്യമ്മയുടെ മക്കളും ഒക്കെ ഒത്തുകൂടുന്നിടം. 'കുട്ടികളൊന്നും കക്കൂസ് വൃത്തികേടാക്കണ്ട.. കുളതൊടിയില്‍ പോയാ മതി' എന്ന് നേരത്തെ തന്നെ വല്യമ്മയുടെ ഓര്‍ഡര്‍ ഉള്ളത് കൊണ്ട് രാവിലെ എഴുന്നേറ്റു അഞ്ചാറു പേരും സംഘം ചേര്‍ന്ന് ഉമിക്കരിയും ഈര്‍ക്കിലയും ആയി കുളതൊടിയിലേക്ക്..

പോകുന്ന വഴിക്ക്  വീണു കിടക്കുന്ന  ഞാവല്‍പ്പഴങ്ങള്‍ പെറുക്കി കൂട്ടി പറ്റിപ്പിടിചിരിക്കുന്ന മണ്ണ് കുളക്കടവില്‍ ഇരുന്നു കഴുകി വൃത്തിയാക്കുമ്പോള്‍  വരുന്നു അയ്യപ്പന്‍...

ഉണ്ണ്യേളെ .. അതിലപ്പടി മണ്ണല്ലേ.. തിന്നാനാകാ..  തെരക്ക്‌ ഇത്തിരി ഒഴിയട്ടെ  ഐപ്പന്‍ മരത്തീ കേറി  ഞാറംമ്പഴം പറിച്ചു തരാട്ടോ.

വീട്ടിലെ സ്ഥിരം ജോലിക്കാരനാണ്  അവിവാഹിതനായ  അയ്യപ്പന്‍. കറുത്ത് കുറുകിയ അയ്യപ്പന്  തെങ്ങ് ചെത്തായിരുന്നു പണി. ഒരിക്കല്‍ തെങ്ങില്‍ നിന്ന് വീണു അപകടം പറ്റിയതിനു ശേഷം ആ പണി ഉപേക്ഷിച്ചു. എങ്കിലും കള്ളുകുടി ഉപേക്ഷിച്ചില്ല.

പശുവിനെ  കറക്കലും പാല് കൊണ്ടുപോയി കൊടുക്കലും അങ്ങാടിയില്‍ പോക്കും ഒക്കെയായി ഐപ്പന്‍ ഏതു സമയത്തും വീട്ടില്‍ കാണും..

ചാണകത്തിന്‍റെയും തെങ്ങിന്പൂക്കുലയുടെയും കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു ഐപ്പന്. വീട്ടിലുള്ളവരെല്ലാം ഉച്ചമയക്കത്തില്‍ ആണ്ടിരിക്കുമ്പോള്‍,  ആയ കാലത്ത് തെങ്ങില്‍ കേറിയതും,  അടുത്ത വീട്ടിലെ മിലിട്ടറിക്കാരന്‍ ഗോപ്യാരുടെ വീട്ടില്‍ കേറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ  ഒറ്റയ്ക്ക് തല്ലിക്കൊന്ന വീര സാഹസിക കഥകള്‍ ഒക്കെ പറയും.. മൂര്‍ഖനെ തല്ലിക്കൊന്ന  സംഭവത്തിന്‌ ശേഷം ഗോപ്യാരുടെ ഭാര്യ വിലാസിനിയെടത്തിക്ക്‌ ഐപ്പനോട് ഭയങ്കര ആരാധന ആണത്രേ..

 " ഇടക്കൊക്കെ  ഈ വഴിക്ക് പോമ്പോ ഇങ്ങട് കേറീട്ട് ഒരു ചായ കുടിച്ചിട്ട് പൊക്കൂടെ ഐപ്പാ"  എന്ന് ചോദിക്ക്വോത്രേ  വിലാസിനിയേടത്തി..

ഒരിക്കല്‍ വൈക്കോല്‍  കൂനയില്‍ കള്ളുകുടം ഒളിപ്പിച്ചു വെച്ച് മദ്യപിച്ചു കൊണ്ടിരുന്ന   ഐപ്പനെ മുത്തശ്ശന്‍ കൈയ്യോടെ പിടി കൂടി.. കുറെ തല്ലി.. ബൂര്‍ഷ്വാ മുതലാളിമാര്‍ പണ്ടും അങ്ങനെയായിരുന്നല്ലോ.. നിസ്സഹായതയുടെ പര്യായം പോലെ ഐപ്പന്‍ നിന്നുകൊണ്ടു.

ഐപ്പന് വേദനിച്ചോ?
 " ഹേയ്.. ഇല്ല്യ ഉണ്ണ്യേ.." അങ്ങിനെ പറഞ്ഞെങ്കിലും ഐപ്പന്റെ വാക്കുകളില്‍ വേദനയുണ്ടായിരുന്നു..

"ഐപ്പെട്ടോ  .. ങ്ങളെ കഞ്ഞി കുടിക്കാന്‍ വിളിക്കണ് അമ്മ്രാള്".. ഖദീജയുടെ കളമൊഴി.

"ഖദീസു  എപ്പ വന്നു..? " ഖദീജയെ കണ്ടപ്പോള്‍ ഐപ്പന്റെ മുഖത്ത് ആയിരം സൂര്യ ശോഭ.

"ഞാന്‍ ദാ ഇപ്പൊ വന്നേള്ളൂ ഐപ്പേട്ടാ .. ഉമ്മാനേം കൊണ്ട് ആസൂത്രീ പോയി. റേഷന്‍ പീട്യെ പോയപ്പോ അരീം മണ്ണെണ്ണയും കിട്ടീതൂല്ല്യ.. ഇത്തവണേം മഹാപാപ്യേള്  മറിച്ചു വിറ്റൂന്നാ തോന്നണെ. ഗതി പിടിക്കില്ല ഇവറ്റോള്."

"ങ്ങള് അപ്രത്തക്ക് വന്നോളീന്‍.. നിക്ക് കൊറേ പണീണ്ട്.. അരി ഇടിക്കണം. "

നെല്ലു പുഴുങ്ങാനും അരി ഇടിക്കാനും  മറ്റു വല്ല പണികളും ഉണ്ടെങ്കില്‍ ആളെ വിട്ടു വിളിപ്പിക്കും ഖദീജയെ..  കുട്ടികളുടെ ഖദീജാത്താ.. നിറയെ മുടിയുള്ള വെളുത്തു കൊലുന്നനെയുള്ള,  വെള്ള നൂല് കൊണ്ട് തുന്നിക്കൂട്ടിയ ഇറക്കമുള്ള  പുള്ളി പാവാടയും  ബ്ലൌസും ധരിക്കുന്ന   തട്ടമിടാത്ത  മൊഞ്ചത്തി.. പാട വരമ്പത്ത് നിന്ന് കൈയ്യോന്നി പറിച്ചെടുത്തു ചാറെടുത്ത് എണ്ണ കാച്ചി തരുന്ന, ചുണ്ടില്‍  മാപ്പിളപ്പാട്ടിന്റെ ഇശലുമായി നടക്കുന്ന സുന്ദരി. ചന്ദ്രികാ സോപ്പിന്റെ മണമുള്ള , സുറുമ എഴുതിയ സുന്ദര മിഴികളുടെ അവകാശി ഖദീജാത്ത..


ഖദീജാത്തയുടെ ബാപ്പ മഞ്ഞപ്പിത്തം വന്നു മരിച്ചു. അതിനു ശേഷം ഉമ്മക്ക് വയ്യാണ്ടായി..  അതോടെ നാലാം ക്ലാസ്സില്‍ ഖദീജാത്ത പഠിത്തം നിര്‍ത്തി.   ഒരാങ്ങള ഉള്ളത്  വയനാട്ടില്‍ പണിക്ക് പോയി അന്യജാതിയിലുള്ള പെണ്ണിനെ സ്നേഹിച്ചു കെട്ടി എന്നൊക്കെ നാട്ടുകാര് പറയുന്നത് കേട്ടു..

അമ്മിക്കല്ലും ആട്ടുകല്ലും ഒക്കെ ഇട്ടിരിക്കുന്ന ചായ്പ്പില്‍ ഇരുന്നു  ഐപ്പന്‍ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും നോക്കി നിന്നിട്ടുണ്ട്.. എന്തോ ഒരു പ്രത്യേകത.. ഒരിക്കല്‍ ചോദിച്ചു "  ചമ്മന്തി കൂട്ടീട്ടു  ഒരു ഒരുള തര്വോ? "  ഐപ്പന്‍ പേടിച്ചു..

"യ്യോ  കുട്ടിക്ക്   ന്നെ മുത്തശ്ശന്‍റെ കൈയ്യോണ്ട് ഇനീം തല്ലു കൊള്ളിക്കണോ?"   വിഷമത്തോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങ്യപ്പോ  ഐപ്പന്റെ വിളി.. "ന്നാ  വേം കഴിച്ചോ.. ആരും കാണണ്ട.  നമ്മള് രണ്ടാളേം  കൊല്ലും ".  പിന്നീട് പല തവണ ഐപ്പന്‍ ഉരുള വായില്‍ വെച്ച് തന്നിട്ടുണ്ട്..

ഐപ്പന്‍  ഉള്ളിടത്തോക്കെ ഖദീജാത്തയും ചുറ്റി പറ്റി നില്‍ക്കുന്നത് കാണാം ..

"ഖദീജോ. പിണ്ണാക്ക് വെള്ളതില്ട്ട്വോ.  പശുക്കള്‍ക്ക്  കൊടുക്കാനുള്ള വെള്ളം തൊഴുത്തു പെരേല് കൊണ്ട് വെച്ച്വോടുക്ക്.. കറക്കാറാമ്പോ  ഐപ്പന്‍ കൊടുത്തോളും.  പിന്നെ അരി ഇടിച്ചു കഴിഞ്ഞൂച്ചാല്‍ അപ്പത്തിനുള്ള വെല്ലം പാവ് കാച്ചി വെക്ക്."  ഉച്ചമയക്കത്തിനുള്ള  തയ്യാറെടുപ്പില്‍ അമ്മമ്മയുടെ ആഞ്ജ ..

"ഞാന്‍ കൊണ്ട് വെച്ചോളാം.."

'കുട്ട്യോളെ നോക്കിക്കോ.. ഉച്ചാമ്പോ  ഒരിടത് കെടക്കാന്‍ പറഞ്ഞാലും കേക്കില്ല.."  

"ഞാന്‍ നോക്കിക്കോളാം  മ്മ്രാളെ.. " ഖദീജാത്ത മൊഴിഞ്ഞു.

ഇനി  കണ്ണാരം പൊത്തിക്കളി. മുത്തശ്ശന്‍ ഉണര്‍ന്നാല്‍ നടക്കില്ല.. . ഞാനെണ്ണാ൦  നിങ്ങള്‍ ഒളിച്ചോ.. ഒന്ന്.. രണ്ടു.. മൂന്നു.. നാല്..  മുറ്റത്തെ ചക്കര മാവിന്‍റെ തടിയോടു ചേര്‍ന്ന് നിന്ന് ഓട്ടക്കണ്ണ്‍ ഇട്ടു   പത്തു വരെ എണ്ണി തീര്‍ന്നു..  ഒളിച്ചവരെ കണ്ടു പിടിക്കാനായി നടന്നു നടന്നു തൊഴുത്ത് പുരയുടെ അടുത്തുള്ള വൈക്കോല്‍ കൂനകളുടെ ഇടയില്‍ എത്തി..

പെട്ടെന്ന് തൊട്ടടുത്ത വൈക്കോല്‍ കൂനക്ക് അപ്പുറത്ത് നിന്നും ഒരു അടക്കം പറച്ചില്‍.. കുപ്പിവളയുടെ കിലുക്കം.. ഒളിച്ചവരെ കണ്ടു പിടിക്കാനുള്ള വ്യഗ്രതയില്‍ ഒച്ചയുണ്ടാക്കാതെ വൈക്കോല്‍ക്കൂനയുടെ അപ്പുറത്ത് കടന്നു..

ഖദീജത്താനെ  ഐപ്പന്‍ ചേര്‍ത്തു പിടിച്ചു നെഞ്ചില്‍ തിരുമ്മുന്നു  !!!  എന്നെ കണ്ടതും തിരുമ്മല്‍ നിര്‍ത്തി  ഐപ്പന്‍  പശുവിന്  വെള്ളം കൊടുക്കാന്‍ തൊഴുത്തിലേക്ക് പോയി.. ഓട്ടു മൊന്തയിലെ വെള്ളം കമഴ്ത്തിക്കളഞ്ഞു  ഖദീജാത്ത  അടുക്കളയിലേക്കും.. പോകുന്ന വഴിക്ക് എനിക്ക് കേള്‍ക്കാന്‍ പാകത്തില്‍ ഖദീജാത്ത പിറുപിറുത്തു.

"പെട്ടെന്നൊരു നെഞ്ചു വേദന.. പാവം ഐപ്പെട്ടന്‍ തിരുമ്മി തന്നതാ. ഇപ്പൊ വേദന കൊറഞ്ഞു."

അരിയിടിക്കുന്ന ഖദീജാത്തക്ക്  അപ്പോള്‍  ഐപ്പന്റെ മണമായിരുന്നു.. വിയര്‍പ്പിന്റെയും തെങ്ങിന്പൂക്കുലയുടെയും മണം.. !!!

"കുട്ടി ഇതാരോടും പറയണ്ടാട്ടോ.. ഉണ്ണ്യപ്പം ണ്ടാക്കുമ്പോ ഞാന്‍ കൂടുതല് തരാം ആരും കാണാതെ.."

പിറ്റേന്ന്  അങ്ങാടിയില്‍ പലവ്യഞ്ജനം വാങ്ങാന്‍ പോയി വന്നപ്പോള്‍ ഐപ്പന്‍ ഒരു പോപ്പിന്‍സ്‌ എന്റെ കൈവെള്ളയില്‍ വെച്ച് തന്നു.

പിന്നീട് പലവട്ടം ഖദീജാത്താക്ക് നെഞ്ചുവേദന  വന്നു.  ഐപ്പന്‍ തിരുമ്മി കൊടുക്കുന്നത് യാദൃശ്ചികമായി കാണേണ്ടിയും വന്നു.. അപ്പോഴെല്ലാം പോപ്പിന്സും അച്ചപ്പവും എന്നെ തേടി വന്നു..


ഒരിക്കല്‍  കുളത്തില്‍ തുണി അലക്കി കൊണ്ടിരുന്ന ഖദീജാത്തയുടെ പിന്‍കഴുത്തില്‍ ചുവന്നു  തിണര്‍ത്തു കിടക്കുന്ന പാടു കണ്ടു നിഷ്കളങ്കമായി ചോദിച്ചു..  "ഇതും ഖദീജാത്തക്ക് നെഞ്ചു വേദന വന്നപ്പോ ഐപ്പെട്ടന്‍ തിരുമ്മി തന്നപ്പോള്‍ നഖം കൊണ്ട പാടാ ?? "

കൈക്കുടന്നയില്‍ വെള്ളമെടുത്ത്  എന്‍റെ ദേഹത്തേക്ക് കുടഞ്ഞു കൊണ്ട് നാണത്തോടെ ഖദീജാത്ത പറഞ്ഞു..  "ഒന്ന് മിണ്ടാതിരി കുട്ടീ.. "

വേനലവധി കഴിഞ്ഞു ഓരോരുത്തരും അവരവരുടെ താവളങ്ങളിലേക്ക് തിരിച്ചു പോയി.. മാസങ്ങള്‍ക്ക് ശേഷം അറിഞ്ഞതിങ്ങനെ..

ഖദീജയുടെ നിക്കാഹ് കഴിഞ്ഞു.. ഇറച്ചിവെട്ടുകാരന്‍ സെയ്തുമുഹമ്മദായിരുന്നു പുത്യാപ്ല... ഖദീജാത്താന്‍റെ  ഭാഗ്യം. പണ്ടോം   പണോം  ഒന്നും  വാങ്ങീല്ല്യാത്രേ.. നല്ല സ്നേഹാത്രേ. എട്ടാം മാസത്തില് ഖദീജാത്ത  പെറ്റു. നല്ല എണ്ണ കറുപ്പുള്ള ഒരാങ്കുട്ടി..

എന്‍റെ മനസ്സ് എന്നോട് തന്നെ വെറുതെ ചോദിച്ചു.. ഖദീജാത്തയുടെ കുട്ടിക്കും തെങ്ങിന്പൂക്കിലയുടെ മണം ആയിരിക്ക്വോ?? !!!!!!  പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു.. ഖദീജാത്തക്ക്  ആ ഒരു ആണ്‍കുട്ടി മാത്രേ ഉള്ളൂ എന്ന്..

അയ്യപ്പന്‍ മരിച്ചിരിക്കുന്നു !!!

പുളിയുറുമ്പ് കൂടുകൂട്ടിയ  ചക്കര മാവില്‍ കേറി പഴുത്ത മാമ്പഴം പറിച്ചു തന്ന ഐപ്പനെ..

മണ്ണു പുരളാത്ത  ഞാവല്‍പ്പഴം  കൊണ്ട് തന്ന  ഐപ്പനെ..

വിലാസിനിയെടത്തി വിളിച്ചിട്ടും ചായ കുടിക്കാന്‍ ചെല്ലാതിരുന്ന ,മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്ന വീരനായകന്‍ ഐപ്പനെ..

ഖദീജാത്തയുടെ നെഞ്ചു വേദന തിരുമ്മി ഭേദമാക്കിയത് കണ്ടുപിടിച്ചതിനു എനിക്ക് പോപ്പിന്‍സ്‌  മുട്ടായി കൈക്കൂലിയായി തന്ന ഐപ്പനെ

തറവാട്ടു തൊടിയിലൂടെ പശുവിനെയും കൊണ്ട് ഒരു ഹീറോയെ പോലെ നടന്നു നീങ്ങിയിരുന്ന അയ്യപ്പന്‍ ....

ഐയ്യപ്പന്‍ എന്ന ഐപ്പന്  എന്‍റെ സ്മരണാഞ്ജലി.. !!!!

-പത്മശ്രീ നായര്‍-

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ..

പണ്ടുപണ്ട്.. വളരെ പണ്ട് പിന്നേം കുറെ പണ്ട്.. ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. കഴുത്തറ്റം മുടി ക്രോപ്പ് ചെയ്തു, മൂക്കള ഒലിപ്പിച്ച്, സദാ സമയവും ങീ ങീ ന്നു മോങ്ങി കരഞ്ഞു കൊണ്ട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പിടിവിടാതെ നടക്കുന്ന കുട്ടിയുടുപ്പിട്ട ഒരു രണ്ടര വയസ്സുകാരി.. അമ്മയല്ലാതെ ആരായിട്ടും ആ കുട്ടിക്ക് സൌഹൃദമില്ല.. എന്തെങ്കിലും തിന്നാന്‍ കൊടുത്താല്‍ അതുമായി വാതിലിന്റെ മറവു പറ്റി മുക്കിലിരിക്കും.. അല്ലാത്ത സമയങ്ങളില്‍ മോങ്ങി കൊണ്ടിരിക്കും.. ആ അമ്മ ഈ കുട്ടിയേയും വെച്ച് വല്ലാതെ വിഷമിച്ചു.. വെള്ളം കോരാന്‍ പോവുമ്പോള്‍ ഒരു ഒക്കത്ത് കുടവും മറ്റേ ഒക്കത്ത് കുട്ടിയും.. എന്തിനേറെ പറയുന്നു കക്കൂസില്‍ പോവുമ്പോള്‍ വരെ അമ്മ ആ കുട്ടിയെ മുതുകത്ത് ഇരുത്തിയിട്ടായിരുന്നത്രേ.. എന്തൊരു കഷ്ട്ടാല്ലേ.. 

ഒരു ദിവസം ആ അമ്മ ഈ മോങ്ങി കുട്ടിയേയും കൂട്ടി കുറച്ചു ദൂരെയുള്ള കുളത്തില്‍ കുളിക്കാന്‍ പോയി. ഉച്ച സമയം ആയത് കൊണ്ട് കുളത്തില്‍ വേറെ ആരും ഇല്ല.. താമരപൂ വിരിഞ്ഞു നില്‍ക്കുന്ന അത്ര ചെറുതല്ലാത്ത ഒരു കുളം.. കുളക്കരയില്‍, പാതി വളഞ്ഞു മേലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന ഒരു കരിമ്പനയുടെ ചുവട്ടില്‍ ഈ കുട്ടിയെ ഇരുത്തി അമ്മ കുളത്തിലെക്കിറങ്ങി.. അമ്മ തുണി നനക്കുന്നതും ആസ്വദിച്ചു ഈ കുട്ടി എന്തൊക്കെയോ പിറുപിറുത്തു അങ്ങിനെ ഇരുന്നു.. മുങ്ങി കുളിക്കാനായി അമ്മ കുളത്തിന്‍റെ ആഴത്തിലെക്കിറങ്ങി.. മുങ്ങി നിവര്‍ന്നു കൈയ്യെത്തും ദൂരത്തുള്ള ഒരു താമരയും പൊട്ടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ കരിമ്പന ചുവട്ടില്‍ കുട്ടിയില്ല.. അമ്മക്ക് വേവലാതിയായി.. പത്തേ.. പത്തേ.. എന്ന് അലറി വിളിച്ചു.. അമ്മയുടെ നിലവിളി കേട്ട് ആരൊക്കെയോ ഓടി വന്നു.. ഒടുവില്‍ ആരുടെയോ ശ്രദ്ധയില്‍ പെട്ടു.. കുളത്തില്‍ നിന്നും കുമിളകള്‍ പൊന്തുന്നു..

ഒട്ടും വൈകിയില്ല.. രണ്ടുമൂന്നു പേര് കുളത്തിലേക്ക്‌ ചാടി. വെള്ളം കുടിച്ചു വീര്‍ത്ത വയറുമായി അബോധാവസ്ഥയില്‍ ആയ കുട്ടിയുമായി കരക്ക് കയറി. ആശുപത്രിയിലെക്കോടി.. പിന്നീടങ്ങോട്ട് ആ അമ്മക്ക് ഉറക്കമില്ലാത്ത ദിന രാത്രങ്ങള്‍ ആയിരുന്നു.. ഒന്നര മാസത്തോളം ആശുപത്രിയില്‍.. കുട്ടിക്ക് ഇടയ്ക്കു ബോധം വരും പോവും.. നീരു വന്നു വീര്‍ത്ത ശരീരം.. കണ്ണ് തുറന്നു നോക്കാന്‍ പോലും ആവാതെ.. പെറ്റ വയറിന്‍റെ പുണ്യവും നാട്ടുകാരുടെ പ്രാര്‍ഥനയും കൂടി ചേര്‍ന്നപ്പോള്‍ ആ കുട്ടിക്ക് ഒരു രണ്ടാം ജന്മം ദൈവം അനുവദിച്ചു കൊടുത്തു.. ഇടതു കൈയ്യിലെ മുറിഞ്ഞു കിടക്കുന്ന ആയുര്‍രേഖ കാണുന്ന ഏതു കൈനോട്ടക്കാരനും ചോദിക്കും ഇതൊരു രണ്ടാം ജന്മം അല്ലേ എന്ന്.


ആ കുട്ടി വളര്‍ന്നു വലുതായി. കുട്ടിക്കൊരു കുട്ടിയായി.. ഒരഞ്ചാറ് കൊല്ലം കൂടി കഴിയുമ്പോള്‍ പേരക്കുട്ടികളും ആവും.. അന്ന് കുളത്തില്‍ വീണു, മരണത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുട്ടിയുടെ രണ്ടാം ജന്മം.. ഇന്ന് പത്മശ്രീ നായരായി, ഓപ്പോളായി, പപ്പിയും പപ്പേച്ചിയും പപ്പിക്കുട്ടിയും പപ്പേടത്തിയും ഒക്കെയായി സുഹൃത്തുക്കളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് മുഖപുസ്തകത്തില്‍ തന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു..

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ... ഊണും ഉറക്കവും ഉപേക്ഷിച്ചു കണ്ണിലെണ്ണയൊഴിച്ചു മകളുടെ ജീവനു വേണ്ടി പോരാടിയ ഒരമ്മയോടോ? ഭിക്ഷയായി ഒരു രണ്ടാം ജന്മം വെച്ചു നീട്ടിയ ദൈവത്തോടോ.. രണ്ടു പേരോടും ആവട്ടെ.. ഒരമ്മയുടെ പ്രാര്‍ത്ഥനകള്‍ ഇല്ലാതെ ഒരു ദൈവവും കനിയില്ല.. കാരണം ദൈവത്തിന്‍റെ പ്രതിരൂപമാണ് അമ്മ..

ഈ പോസ്റ്റ്‌ മക്കളുടെ നന്മ ആഗ്രഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും ആയി സമര്‍പ്പിക്കുന്നു..

- പത്മശ്രീ നായര്‍ 


മലയാളിമേനോന് വണക്കം
"പുത്തനച്ചി പുരപ്പുറം തൂക്കും" എന്നൊരു ബനാന ടാക്ക് കേട്ടിട്ടില്ലേ.. അതാണിപ്പോ എന്‍റെ ആപ്പീസിലെ അവസ്ഥ.. കാര്യം മറ്റൊന്നുമല്ല. എച്ച്. ആര്‍. ഡിപ്പാര്ട്ട്മെന്‍റില്‍ പുതിയൊരു വൈസ് പ്രസിഡന്റ്‌ സ്ഥാനമേറ്റു.. കക്ഷി മ്മടെ മലയാളി മേനോന്‍ ആണ്. കാഴ്ചയില്‍ അത്രയ്ക്ക് സുന്ദരന്‍ ഒന്നുമല്ലെങ്കിലും (ഇനീപ്പോ സുന്ദരന്‍ ആണെങ്കിലും എനിക്കെന്താ.. അല്ല പിന്നെ.) ഒരു ആറേഴടി പൊക്കം കാണും.. ഉന്തുവണ്ടി തള്ളുന്നത് പോലെയാണ് നടത്തം.. എന്റെയൊക്കെ പ്രായമേ കാണൂ.. എന്ന് വെച്ച് സംശയിക്ക്യൊന്നും വേണ്ടാട്ടോ.. ഞാന്‍ ആള് ഡീസന്‍റ് ആണ് വിക്രമാദിത്യന്റെ തോളിലെ വേതാളത്തെ അനുസ്മരിപ്പിക്കും വിധം വല്ല്യൊരു ഫാന്‍സി ബാഗ് വലത്തേ തോളില്‍ ഞാന്നു കിടക്കും സദാസമയവും ..

ഇനി കാര്യത്തിലേക്ക് കടക്കാം..എച്ച്. ആര്‍. പ്രസിഡന്റ്‌ ആണെങ്കിലും പുള്ളിയുടെ ഭാവം കണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന് തോന്നും.. വന്ന അന്ന് തുടങ്ങീതാണ് കമ്പനിയില്‍ നടത്തെണ്ടുന്ന പുതിയ ഭരണ പരിഷ്ക്കാരങ്ങളെ പറ്റി എം. ഡി. യുടെ ചെവിയില്‍ തലയണമന്ത്രം ഓതാന്‍..തലയണമന്ത്രം ഏറെ ഇഷ്ട്ടപ്പെടുന്ന അച്ഛന്‍ എം. ഡി. യും മകന്‍ എം. ഡി. യും സ്റ്റാഫിന് ഗുണകരമല്ലാത്ത എന്ത് പരിഷ്ക്കാരം വേണമെങ്കിലും നടത്താനുള്ള അനുമതി പത്രം ഒപ്പിട്ടു കൊടുത്തു എന്നാണു അറിയാന്‍ കഴിഞ്ഞത്.. അതിന്‍റെ മുന്നോടിയായി ആപ്പീസങ്കണത്തില്‍ വെച്ച് ഒരു പ്രാര്‍ഥനായോഗം സംഘടിപ്പിച്ചു.. പത്തുപതിനഞ്ചു മിനിറ്റ് ആ വിഷയത്തില്‍ പോകുന്നു..

ആദ്യത്തെ രണ്ടു മൂന്നു ദിവസമൊക്കെ ആളുകള്‍ ഓടിപ്പിടഞ്ഞെത്തി.. ക്രമേണ അംഗസംഖ്യ കുറഞ്ഞു തുടങ്ങിയപ്പോള്‍ മേനോന്‍ പണി തുടങ്ങി.. കൃത്യം പത്തു മണിക്ക് പ്രാര്‍ത്ഥന തുടങ്ങും. ആ സമയം ഗേറ്റില്‍ വെച്ചിരിക്കുന്ന അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനുള്ള യന്ത്രത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെക്കും.. മാത്രമല്ല ഗേറ്റ് പൂട്ടിയിടാന്‍ സെക്യൂരിറ്റിയെ ചട്ടം കെട്ടിയിട്ടും ഉണ്ടത്രേ.. പ്രാര്‍ഥനയും, തുടര്‍ന്നു വായിക്കുന്ന വിഷനും മിഷനും ഒക്കെ കഴിയുമ്പോഴേക്കും സമയം 10.15. അതിനു ശേഷം പഞ്ച് ചെയ്യുന്ന ആളെ ലേറ്റ് കമര്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് അര മണിക്കൂറിനുള്ളില്‍ ഇ-മെയില്‍ സന്ദേശം ബഹുമാനപ്പെട്ട ലേറ്റ് കമറിനും കോപ്പി ടു വല്ല്യ എം. ഡി. ആന്‍ഡ്‌ ചെറ്യ എം. ഡി. ക്കും മറ്റു എച്ച്. ഒ. ഡി. ക്കും എത്തിയിരിക്കും.. നന്ദി സൂചകമായി ലെറ്റ് കമറിന്‍റെ അര ദിവസത്തെ ശമ്പളം സ്വാഹാ..!!!

കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി കാണുമല്ലോ നിങ്ങള്‍ക്ക്.. ദേ.. ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം പറയാം.. ഇന്നലെ ഗേറ്റിനു വെളിയില്‍ നില്‍ക്കേണ്ടി വന്നു.. അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി എന്ന് പറഞ്ഞത് പോലെ നീര്‍ക്കൊലിയുടെ രൂപത്തില്‍ മേനോന്‍ എത്തിയിരിക്കുന്നു.. അധിക ദിവസം ഒന്നും കാണില്ല മേനോന്‍റെ ഷൈന്‍ ചെയ്യല്‍.. കൊക്കെത്ര കുളം കണ്ടിരിക്കുന്നു കുളമെത്ര കൊക്കിനെ കണ്ടിരിക്കുന്നു.. പത്തു പതിനഞ്ചു കൊല്ലമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഇന്നലെ വന്ന മേനോന് അറിയ്യ്വോ.. അധികം താമസിയാതെ തോളില്‍ തൂക്കിയ ഫാന്‍സി ബാഗുമായി ഓടുന്നത് കാണാം.. ഇതെന്‍റെ മാത്രം അഭിപ്രായം അല്ലാട്ടോ.. മൊത്തം സ്റ്റാഫിന്റെ മുറുമുറുപ്പ് ആണ്.. 


സ്കൂളില്‍ പഠിക്കുന്ന കാലത്ത്, അതിരാവിലെ നെല്ലു കുത്താന്‍ മില്ലില്‍ പോയി, ധൃതിയില്‍ കുളിച്ചൊരുങ്ങി, കട്ടന്‍ കാപ്പിയും വലിച്ചു കുടിച്ചു കടലാസില്‍ പൊതിഞ്ഞെടുത്ത കപ്പ പുഴുങ്ങിയതും വഴിനീളെ തിന്നു (ഇരുന്നു തിന്നാന്‍ സമയമില്ലാത്തതു കൊണ്ടാണേ ) പുസ്തകക്കെട്ടും മാറത്തടുക്കി ഓടി തളര്‍ന്നു സ്കൂളില്‍ എത്തുമ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരിക്കും.. അകത്തു കയറാന്‍ ടീച്ചറുടെ അനുമതി കിട്ടാതെ ക്ലാസ്സ്‌ മുറിക്കു അകത്തിരിക്കുന്ന കുട്ടികളുടെ പരിഹാസകൂരമ്പുകള്‍ പോലുള്ള നോട്ടത്തെ ജാള്യതയോടെ നേരിട്ടിരുന്ന പന്ത്രണ്ടു വയസ്സുള്ള പാവടക്കാരിയാവാന്‍ ഇന്നെനിക്ക് മനസ്സില്ല.. മേനോനുള്ളത് വഴിയേ കിട്ടിക്കോളും.. അന്നും ഇതുപോലുള്ള ഒരു പോസ്റ്റ്‌ നിങ്ങള്‍ക്കായി ഞാന്‍ സംഭാവന ചെയ്യും.. ടോട്ടലി ഫ്രീ..