Saturday 15 June 2013

സുമംഗല വാരസ്സ്യാര്‍..,..!! ഒരു ഓര്‍മ്മ

ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!
ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!

ങേ.. നിക്ക് വട്ടായോ ന്നാണോ നിങ്ങള് വിചാരിക്കണേ.. ന്നാ  അല്ലാട്ടോ..   തുടര്‍ന്ന് വായിക്കുമ്പോള്‍ സംഗതി മനസ്സിലാവും. 

ഏറെ കാലായിട്ട് അന്യ നാട്ടിലാണെങ്കിലും  ന്‍റെ സ്വഭാവോം ചിട്ടകളും പെരുമാറ്റോം ഒക്കെ ഇപ്ലും തനി പാലക്കാടന്‍ തന്ന്യാ..  

പാലക്കാടന്‍ വയലേലകളും, തോടും, പുഴയും,  നാട്ടു വഴ്യോളും ,   അമ്പലോം, അമ്പലക്കുളോം , ചക്ക കട്ടതും, പശൂനെ മേക്കാന്‍ പോയതും, മഴയും നനഞ്ഞു   പാട വരമ്പത്ത് പുല്ലരിഞ്ഞതും ഒന്നും ഇപ്ലും മറക്കാന്‍ പറ്റണില്ല്യാ..  സത്യം പറയാല്ലോ.. ജീവിക്കാന്‍ വേണ്ടി നാടു വിടേണ്ടി വന്നൂന്നുള്ളത്  നേരാ.. പക്ഷെ എന്‍റെ മനസ്സിപ്പഴും നാട്ടില്‍ തന്ന്യാ.. ഒരു  ഉള്‍ഗ്രാമത്തിലാ ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ.. ഇത്തിരി അരിഷ്ട്ടിച്ചാണ് ജീവിച്ചതെങ്കിലും ഇരുപത്തി മൂന്നു വയസ്സ് വരെയുള്ള ആ കാലം തന്നെ ആയിരുന്നു എന്‍റെ ജീവിതത്തിലെ സുവര്‍ണ്ണ കാലം.. 

അവിടുത്തെ ആള്‍ക്കാര്‍ക്കും ഉണ്ടായിരുന്നു  ഒരു നിഷ്കളങ്കത.. ഇപ്പൊ നിഷ്കളങ്കത ന്നു പറയണ സാധനം മരുന്നിനു പോലും കിട്ടാനില്ല്യ..   അന്ന്  ഞാന്‍  ജീവിച്ചിരുന്ന ചുറ്റുപാടില്‍ കൊറെ ആള്‍ക്കാരു ണ്ടായിരുന്നു.. ചിലരൊക്കെ എന്നില്‍ വല്ലാതെ സ്വാധീനം ചെലുത്തീട്ടും ണ്ട്..  അവരുടെ മുഖൊന്നും  മറക്കാനെ പറ്റണില്ല്യ.. ആ ഓര്‍മ്മകള്‍ ഒക്കെയാവും ഇപ്പോഴും എനിക്ക്  തനി നാടന്‍ പാലക്കാട്ടുകാരിയുടെ ലാളിത്യമേകുന്നതും ..,.


ഓര്‍മ്മകളില്‍ ഉള്ള ഒരു മുഖമാണ്  സുമംഗല വാരസ്യാര്‍..,.  പുളിയിലക്കര  മുണ്ടും നേര്യതും ഉടുത്ത്, വെഞ്ചാമരം പോലത്തെ നീണ്ട തലമുടി പാതി വെച്ച് ചുരുട്ടി കെട്ടി ഇടക്കൊരു കൂവളത്തിലയും തിരുകി, തിരു നെറ്റിയില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീട്ടി വരച്ചൊരു ചന്ദനകുറിയും നടുവില്‍ കുങ്കുമപൊട്ടും.. ഐശ്വര്യം വഴിഞ്ഞൊഴുകുന്ന സുമംഗല വാരസ്യാര്‍..,. സ്വല്പം കുനിഞ്ഞു നടക്കുന്ന വാരസ്യാരുടെ മടിക്കുത്തില്‍ ഒരു ചെറിയ സഞ്ചി തിരുകിയിട്ടുണ്ടാവും.. അതില്‍ നിറച്ചും വെള്ളാരംകല്ലുകളും ഉണ്ടാവും. എറിയാനാ.. :)  വാരസ്യാര്‍ക്ക് രണ്ടുമൂന്നു പിരി ഇളകിയിരുന്നോ എന്നൊരു സംശയം ഉണ്ട്. 

ഏതു നേരത്തും   ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!
ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!!  ഇതും പറഞ്ഞോണ്ട് നടക്കും. ഈ മന്ത്രം ചോല്ലലോട് കൂടിയല്ലാതെ വാരസ്യാരെ ആരും കണ്ടിട്ടില്ല..


ഞങ്ങള്‍ സ്കൂളിലേക്ക്  പോകുന്ന  ഒരു ഇടവഴിയിലാണ് സുമംഗല വാരസ്യാരുടെ വീട്.. ഉരുളന്‍ കല്ലുകളും  മുള്ളും ഒക്കെ നിറഞ്ഞ ഒരു ഇടവഴി.. അധികമാരും ആ വഴി നടക്കാറില്ല..   വലുതല്ലെങ്കിലും  നല്ല  വൃത്തിയും വെടിപ്പുമുള്ള വീടും തൊടിയും.. വാരസ്യാരെ മാത്രേ  ആ വീട്ടില്‍ കണ്ടിട്ടുള്ളൂ.. വേറെ ആരെങ്കിലും ഒക്കെ ഉണ്ടോ എന്നൊന്നും അറീല്ല്യ..  തൊടി നിറയെ ചക്ക, മാങ്ങ,  അരിനെല്ലിക്ക, ചാമ്പക്ക,  പേരക്ക,  പിന്നെ, റോസാപ്പൂവ്,  മന്ദാരം, തെച്ചി, തുളസി, എന്ന് വേണ്ട, സകലമാന ഫല വൃക്ഷങ്ങളും, പൂച്ചെടികളും ഒക്കെയായി ഒരു കൊച്ചു വൃന്ദാവനം തന്നെ ആയിരുന്നു വാരസ്യാരുടെ വീട്ടു വളപ്പ്.. ദൂരെ നിന്നെ കേള്‍ക്കാം അടുക്കളക്കിണറില്‍ നിന്നും വെള്ളം കോരുമ്പോള്‍ ഉണ്ടാകുന്ന കപ്പി കരയുന്ന ശബ്ദം.. ഒപ്പം ശിവ..ശിവ... ശ്രീരാമജയം  തൊഴുതു..!!! എന്നാ മന്ത്രവും..



ചില സമയങ്ങളില്‍ വാരസ്യാര്‍  പശുവിന്‍  ചാണകം  ഉരുളകളാക്കി ഉമി കൂട്ടി തട്ടി പരത്തി വരളി ഉണ്ടാക്കി വെയിലത്ത്‌ ഉണക്കുന്നത് കാണാം.. തീ കത്തിക്കാന്‍ ബെസ്റ്റ്‌ ആണ് ട്ടോ.. ചുരുക്കി പറഞ്ഞാല്‍ ഈ വാരസ്യാര് എപ്പോഴും വീടിനു പുറത്തു തന്നെ ശിവ..ശിവ... ശ്രീരാമജയം  തൊഴുതു  മന്ത്രാക്ഷരിയും ചൊല്ലി ചുറ്റി പറ്റി നടക്കണ കാണാം.. 

 വേറാരുമായും വാരസ്യാര് ലോഹ്യത്തിനു പോവില്ല...ഒരാളോടും മിണ്ടില്ല്യ.. ആരേലും വല്ലോം ചോദിച്ചാ തന്നെ തറപ്പിചൊന്നു നോക്കും..  അപ്പോഴും ശിവ..ശിവ... ശ്രീരാമജയം  തൊഴുതു  എന്നാ മന്ത്രാക്ഷരിയും ചൊല്ലും..  പിന്നെയും പ്രകോപിപ്പിച്ചാല്‍ മടിക്കുത്തിലെ സഞ്ചിയിലുള്ള വെള്ളാരംകല്ലുകളില്‍ ഒരെണ്ണം നമ്മുടെ തലയ്ക്കു നേരെ പാഞ്ഞു വരും.. അതുകൊണ്ട് കുട്ടികള്‍ക്കൊക്കെ വാരസ്യാരെ വല്ല്യ  പേടിയാണ്..


ഞാനും അനിയത്തി രാജിയും  അടുത്ത വീട്ടിലെ ലതയും അവളുടെ ഏട്ടന്‍  സുരേഷും അടങ്ങുന്ന ഒരു ടീമാണ് ഞങ്ങളുടെ..ഒരുമിച്ചാണ് സ്കൂളില്‍ പോക്കും വരവും ഒക്കെ..  സ്കൂളിലേക്ക് വേറെ വഴി ഉണ്ടെങ്കിലും  ഈ വഴി തന്നെ തിരഞ്ഞെടുക്കാന്‍ കാരണം ഉണ്ട്.. വാരസ്യാരുടെ വേലിക്കു ചുറ്റും  ഇഷ്ട്ടം പോലെ മുല്ലപൂവ് ഉണ്ട്.. പിന്നെ മഞ്ഞ കനകാംബരവും.. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍  ഒളിഞ്ഞും പതിഞ്ഞും മുല്ല മൊട്ടുകള്‍ പറിച്ചു ചോറ്റു പാത്രത്തിലാക്കി വീട്ടിലിരുന്നു രാത്രി വൈകുവോളം  മാല കെട്ടും..



 ഒരു ദിവസം വാരസ്യാരുടെ തൊടിയിലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവില്‍ എന്‍റെ കണ്ണുടക്കി ..!! ഹമ്മോ  നല്ല മൂവാണ്ടന്‍ മാങ്ങ കുലകുലയായി മണ്ണില്‍ മുട്ടി തൂങ്ങി കിടക്കുന്നു.. കണ്ടിട്ട് കൊതി  അടക്കാനായില്ല.. കണ്ട്രോള്‍ വിട്ട ഞാന്‍  മുള്ള് വേലിക്കരികിലൂടെ  ശിവ..ശിവാ.. ശ്രീരാമാജയം തൊഴുതു  മന്ത്രവുമായി നടക്കുന്ന വാരസ്യാരോട്  ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു..

"വാരസ്യാരേയ്... ഞങ്ങക്ക് രണ്ടു മൂന്നു മാങ്ങ തര്വോ? "
എന്‍റെ ചോദ്യം വാരസ്യാരുടെ മന്ത്രോച്ചാരണത്തില്‍  മുങ്ങി പോയെന്നു തോന്നുന്നു.. വീണ്ടും ചോദിച്ചു..

"വാരസ്യാരേയ് പൂയ്‌... ഞങ്ങക്ക് രണ്ടു  മൂന്നു മാങ്ങ തര്വോ?"  ങ്ങേഹെ.. തള്ളക്ക് കേട്ട ഭാവമില്ല..  എനിക്ക് വാശിയായി..  വഴിയില്‍ കിടന്ന ഒരു കല്ലെടുത്ത് തൊടിയിലെക്ക് എറിഞ്ഞു  വാരസ്യാരുടെ ശ്രദ്ധ തിരിച്ചു.. ഒന്നൂടി ഉറക്കെ ചോദിച്ചു.. " വാരസ്യാരേയ്  കൂയ്‌...  കൂയ്‌...  ഞങ്ങള്‍ക്ക് രണ്ടു മൂന്നു മാങ്ങാ തന്നൂടെ?





ഇത്തവണ വാരസ്യാര്‍ പ്രതികരിച്ചു.. മടി കുത്തില്‍ തിരുകിയിരുന്ന സഞ്ചിയില്‍ നിന്ന് രണ്ടു മൂന്നു വെള്ളാരംകല്ലുകള്‍ എടുത്തു ഞങ്ങളുടെ നേര്‍ക്ക്‌ ഒറ്റയേറ്‌.,. മടിക്കുത്തില്‍ കൈ വെക്കുന്നത് കണ്ടപ്പഴേ   ഓടിയത് കൊണ്ട് ഏറു കൊള്ളാതെ രക്ഷപ്പെട്ടു..

ഈ സംഭവത്തോടെ വാരസ്യാരുടെ തൊടിയില്‍  നില്‍ക്കുന്ന മൂവാണ്ടന്‍ മാങ്ങ എങ്ങിനെ എങ്കിലും പൊട്ടിക്കണം എന്നെനിക്ക് വാശിയായി.. മര്യാദക്ക് ചോദിച്ചാല്‍ തരില്ലെങ്കില്‍ പിന്നെന്തു ചെയ്യും..  ആഗ്രഹിച്ച സാധനം കിട്ടാതാവുമ്പോള്‍ അതെങ്ങിനേം കൈക്കലാക്കാനുള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുന്നു.. സാഹചര്യമാണ് നമ്മളെ കള്ളനും കള്ളികളും ഒക്കെ ആക്കുന്നത്..  രാത്രികളില്‍ ഉറക്കം വരുന്നത് വരെ തല പുകഞ്ഞാലോചിച്ചു.. ഒടുവില്‍ ഒരു പദ്ധതി സ്വയം തയ്യാറാക്കി.. മറ്റു ടീമംഗങ്ങളെ കൊണ്ടും സമ്മതിപ്പിച്ചു..  അങ്ങിനെ രണ്ടു ദിവസം കൊണ്ട് സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും  വാരസ്യാരുടെ കണ്ണെത്താത്ത  തൊടിയുടെ ഒരു മൂലയ്ക്ക് വേലിയില്‍ നിന്നും മുള്ളുകള്‍ പൊട്ടിച്ചെടുത്തു, ഒരു പതിനൊന്നു കാരിക്ക് നൂഴ്ന്ന് കേറാന്‍ പാകത്തില്‍ ഒരു പഴുതുണ്ടാക്കി..  ആരുടേം ശ്രദ്ധയില്‍ പെടാതിരിക്കാന്‍ തേക്കിന്റെ ഇലയും ചുള്ളി കമ്പുകളും കൊണ്ട് ഓട്ട അടച്ചും വെച്ചു..

വേലി നൂഴാനുള്ള  പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതോടെ  പകുതി ആശ്വാസമായി. ശ്രീരാമജയം തൊഴുതു നടക്കുന്ന വാരസ്യാരോടുള്ള വാശിയും  മാങ്ങ തിന്നാനുള്ള ആക്രാന്തവും എന്നില്‍ കൂടി കൂടി വന്നു..  എങ്കിലും  ഉള്ളില്‍ ഒരു വിറയല്‍..,.  പിടിക്കപ്പെട്ടാല്‍  വാരസ്യാരുടെ കൈയീന്നു വെള്ളാരംകല്ലുകള്‍  കൊണ്ടുള്ള ഏറു കിട്ടും..  സംഗതി വീട്ടിലറിഞ്ഞാല്‍ അമ്മേടെ വക പുളിവാറു കൊണ്ടുള്ള അടിയും  പിന്നെ ;

"ഇവടത്യോന്നും തിന്നിട്ടു കുക്ഷി നിറയാണ്ടാല്ലേ നാട്ട്വാരുടെ തൊടീ കേറി കട്ടു തിന്നാന്‍ പോയത്" എന്നും പറഞ്ഞു ചിലപ്പോള്‍ പട്ടിണി കിടത്തിയെന്നും വരും..  ഏതായാലും വരുന്നിടത്ത് വെച്ചു കാണാം എന്ന്  മനസ്സില്‍ തീരുമാനിച്ചു..

വേലി നൂഴാനുള്ള ഓട്ട റെഡി.. പക്ഷെ സൗകര്യം ഒത്തു വരണ്ടേ.. പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍  അകലെ നിന്നെ കേട്ടു വാരസ്യാര്‍ വെള്ളം കോരുന്ന ശബ്ദം..  മനസ്സില്‍ പ്രാകി..  ഇപ്പോ നടക്കില്ല.. ഇനി വൈകുന്നേരം നോക്കാം..  നാല് മണിക്ക് സ്കൂള്‍ വിട്ടു വരുന്ന വഴി..

ചുറ്റിനും ശ്രദ്ധിച്ചു.. ആരുമില്ല.. വാരസ്യാരുടെ ശ്രീരാമജയം മന്ത്രാക്ഷരിയും കേള്‍ക്കുന്നില്ല..  ഇത് തന്നെ  പറ്റിയ സമയം.. പുസ്തകവും ചോറ്റു പാത്രവും രാജിയെ ഏല്‍പ്പിച്ചു.   വേലിയില്‍ ഓട്ട അടച്ചു വെച്ച ഇലയും ചുള്ളികളും എടുത്തു മാറ്റി..  മാങ്ങോട്ടു ഭഗവതിയെ മനസ്സില്‍ ധ്യാനിച്ച്‌    ജീവിതത്തില്‍  ആദ്യമായി വേലി നൂഴല്‍   നടത്തി .. അത്രയ്ക്ക് ആയാസം ഒന്നും ആയിരുന്നില്ല.. ഇടയ്ക്കു എവിടൊക്കെയോ മുള്ള് കൊണ്ടു.. ചെറുതായി ചോര പൊടിഞ്ഞു..  ഒരു വിധം തൊടിയുടെ ഉള്ളില്‍ കടന്നു..  ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍  വേണ്ടി ടീമംഗങ്ങള്‍ പതിയെ നടക്കാനും തുടങ്ങിയിരുന്നു..  ധൃതിയില്‍  അഞ്ചാറു മാങ്ങ പറിച്ചു  മിനി സ്കര്‍ട്ടില്‍ ഇട്ടു പൊക്കി പിടിച്ചു മടങ്ങാന്‍ ശ്രമിക്കെ ....





ഹയ്യോ.... !!!!  പെട്ടെന്നൊരു ശബ്ദം എന്‍റെ തൊണ്ടയില്‍ കുരുങ്ങി..!!! പുറകില്‍ നിന്നും ശുഷ്കിച്ച രണ്ടു കൈകള്‍ എന്‍റെ വരിഞ്ഞു ചുറ്റി..  ആത്മധൈര്യം വീണ്ടെടുത്ത്‌ പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍  തീ പറക്കുന്ന കണ്ണുകളുമായി സുമംഗല വാരസ്യാര്‍..,..!!!

ഞാന്‍ കുടുകുടെ വിയര്‍ക്കാന്‍ തുടങ്ങി. അറിയാതെ പാവാട കുത്തില്‍ നിന്നും മാങ്ങകള്‍ ഊര്‍ന്നു പോയി...  എന്‍റെ സര്‍വ്വ ധൈര്യവും ചോര്‍ന്നു പോയി.. അപ്പോള്‍  കുഞ്ഞു തുടകളിലൂടെ   ഇളംചൂടുള്ള   ജലധാര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. !!! ദയനീയമായി വേലിക്കപ്പുറത്തെക്ക് നോക്കി.. അവിടെങ്ങും ആരുമില്ല.. ടീമംഗങ്ങള്‍ നടന്നു നീങ്ങിയിരുന്നു... വാരസ്യാര്‍ എന്‍റെ മുഖത്തേക്ക് തീഷ്ണമായി നോക്കുന്നു.. ചുണ്ടുകള്‍ കോട്ടി എന്തൊക്കെയോ ഭാവങ്ങള്‍ കാണിക്കുന്നു.. എന്നിലുള്ള പിടി മുറുകുകയാണ്.. സര്‍വ്വ ശക്തിയും എടുത്തു കുതറാന്‍ നോക്കി.. കഴിയുന്നില്ല.. എഴുപതുകളില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്ക് ഇത്രേം ശക്തിയോ...? രക്ഷപ്പെടാന്‍ ഒരു വഴിയും ഇല്ലാതിരുന്ന ആ നിമിഷത്തില്‍  എങ്ങിനെയോ ധൈര്യം കിട്ടി..  എന്‍റെ  നാവില്‍ നിന്നും ശക്തിയായി  ആ മന്ത്രാക്ഷരികള്‍ തെറിച്ചു  വീണു...

"ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!! ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!! ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!!

ഇത് കേട്ട പാതി  എന്നെ വരിഞ്ഞു മുറുക്കിയിരുന്ന  വാരസ്യാരുടെ കൈകള്‍ക്ക്   അയവു വന്നു.. എനിക്ക് ജാമ്യം കിട്ടി.. മാങ്ങേം വേണ്ട  തേങ്ങേം വേണ്ട.. ജീവന്‍ കിട്ടിയത് തന്നെ ഭാഗ്യം എന്നും മനസ്സില്‍ ഓര്‍ത്തു, വന്ന വഴിയെ തിരിച്ചും   വേലി നൂണ്  നിവര്‍ന്നു നിന്നതും തൊട്ടരികില്‍  വേലിക്കപ്പുറത്തു പുഞ്ചിരിച്ചും കൊണ്ട്  സുമംഗല വാരസ്യാര്‍....,.. കൈയ്യില്‍  ഞാന്‍ ഉപേക്ഷിച്ചു വന്ന   മാങ്ങകളും.. സ്നേഹത്തോടെ വാരസ്യാര്‍ അതെന്‍റെ നേര്‍ക്ക്‌ നീട്ടി..  വാരസ്യാരുടെ ഭാവമാറ്റം എനിക്ക് വിശ്വസിക്കാനായില്ല..  അപ്പോഴും എന്‍റെ പേടി വിട്ടു മാറിയിരുന്നില്ല.. ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!! ഇതും പറഞ്ഞു വീണ്ടും മാങ്ങ എന്‍റെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍  പിന്നെ ഞാന്‍ മടിച്ചില്ല.. എന്‍റെ സ്കര്‍ട്ട്  നിവര്‍ത്തി  കാണിച്ചു. അതിലേക്കു വേലിക്കു മുകളിലൂടെ വാരസ്യാര്‍ മാങ്ങകള്‍ ഇട്ടു തന്നു.. ഒപ്പം ഒരു പുഞ്ചിരിയും.. നന്ദിയോടെ ഞാനും പറഞ്ഞു ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!!

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ സ്കൂളില്‍ പോകുമ്പോള്‍ ഞങ്ങളെ കാത്തെന്ന പോലെ വേലിയരികില്‍ വാരസ്യാരെ കാണാം..  നെല്ലിക്കയോ  പേരക്കയോ മാങ്ങയോ  മുല്ലപ്പൂവോ  എന്തെങ്കിലും കൈയ്യില്‍ കരുതിയിട്ടുണ്ടാവും.. അറിയാതെ അറിയാതെ മനസ്സില്‍ വാരസ്യാരോട് ഒരിഷ്ട്ടം തോന്നി തുടങ്ങി..

ദിവസങ്ങള്‍ കഴിഞ്ഞു.. ഇടക്കെപ്പോഴോ വഴിയരികില്‍ വാരസ്യാരെ കാണാതായി.. മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍..,. വാരസ്യാരെ കാണാതെ ഒരു വിമ്മിഷ്ട്ടം..  ആരോട് ചോദിക്കും?  

രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കണ്ടു  വാരസ്യാരുടെ വീട്ടു മുറ്റത്ത്‌ ഒരാള്‍ക്കൂട്ടം.. പലരും വന്നും പോയും ഇരിക്കുന്നു.. ഇടക്കാരോ പറയുന്നത് കേട്ടു...

 " വൈന്നേരം  വരെ കാക്കാം.... അയ്ന്നെടക്ക്  മക്കള് വര്വാച്ചാ  വരട്ടെ.. ഇല്ല്യാച്ചാ മ്മക്ക്  എടുക്കാം വെചോണ്ടിരിക്കാന്‍ പറ്റില്ല്യാലോ.."

ഇടനെഞ്ചില്‍ ഒരു കൊള്ളിയാന്‍  മിന്നി.. സുമംഗല വാരസ്യാര്‍ ഓര്‍മ്മയായി..
സങ്കടമാണോ പേടിയാണോ എന്നറിയില്ല.. പിന്നീട് വാരസ്യാര്‍ ഇല്ലാത്ത  ആ വീടിനു മുന്നിലൂടെ പോയിട്ടില്ല..





ഇപ്പോള്‍ നാട്ടിലെത്തുമ്പോള്‍  ആ വഴിയിലൂടെ ഇടയ്ക്കു പോകാറുണ്ട്  ഗൃഹാതുരത്വം നിറയുന്ന ഓര്‍മ്മകള്‍ .. വാരസ്യാരുടെ സാമീപ്യം അനുഭവപ്പെടും.. ശിവ.. ശിവാ..  ശ്രീരാമാജയം  തൊഴുതു..!!!  മന്ത്രാക്ഷരി കാതില്‍ അലയടിക്കുന്നത് പോലെ തോന്നും..  പണ്ട് വേലി നൂഴുമ്പോള്‍ മുള്ള് കൊണ്ട് കീറിയ പോലൊരു നീറ്റല്‍  മനസ്സിലും..

എന്‍റെ ഓര്‍മ്മകളും  ഈ  ഓര്‍മ്മ കുറിപ്പും  സുമംഗല വാരസ്യാര്‍ക്ക് സമര്‍പ്പിക്കുന്നു..

                                                 *** ശുഭം ***





37 comments:

  1. നന്നിട്ടുണ്ട് മാഷേ,,,,,തുട൪ന്നെഴുതുക,,,,അഭിനന്ദനങ്ങൾ,,,,,

    ReplyDelete
  2. നന്ദി മാഷേ..

    ReplyDelete
  3. ഉഗ്രന്‍.നല്ല വായനാനുഭവം.

    ReplyDelete
    Replies
    1. നന്ദി.. സന്തോഷം.

      Delete
  4. നല്ല എഴുത്ത്, ഇനിയും വരട്ടെ നല്ല ഗ്രാമീണ അനുഭവങ്ങൾ

    ReplyDelete
  5. ഹും കൊള്ളാം
    പേടിച്ചു മൂത്രമൊഴിച്ചു ആ മിനിസ്കര്ട്ടിട്ട പെണ്‍കുട്ടിയല്ലേ ... :P
    തുടർന്നും എഴുതുക
    ശിവ ശിവ
    ആ വജ്രായുധം ഫലിച്ചല്ലേ
    എല്ലാം ശിവമയം

    ReplyDelete
    Replies
    1. ഹിഹിഹി.. ഇടശ്ശേരീ.. ആരോടും പറയണ്ടാട്ടോ.. ശിവ.. ശിവാ... പേടിച്ചു മൂത്രമൊഴിച്ച കാര്യൊക്കെ വല്ലോരും അറിഞ്ഞാലത്തെ കഥ.. യ്യേ.. :)

      Delete
  6. സുമംഗല വാരസ്സ്യാര്‍ എന്ന ഈ കഥാപാത്രത്തെ എല്ലാ ഭാവങ്ങളോടും
    കൂടി അവതരിപ്പിച്ചു ഫലിപ്പിച്ച ഓപ്പോള്‍ക്ക്‌ ആദ്യമായി അഭിനന്ദനങ്ങള്‍.,

    ബാല്യത്തിലെ കുസൃതികള്‍ , കൗതുകങ്ങള്‍ എല്ലാം ഒരു ടെലിഫിലിമില്‍
    കാണുന്നത്പോലെയുള്ള വായനാസുഖം പകര്‍ന്നുതരാന്‍ ഓപ്പോള്‍ക്ക്‌ കഴിഞ്ഞു.

    രൗദ്രഭാവം പുറമേയുണ്ടെങ്കിലും , ഉള്ളില്‍ പളുങ്ക്പോലെ നിര്‍മ്മലമായ
    ഒരു മനസ്സായിരുന്നുവെന്ന് അവസാനം അറിയുമ്പോള്‍ ഒപ്പോള്‍ക്കൊപ്പം
    എളിയ ഒരു വായനക്കാരനായ ഈ അകാകുക്കാക്കും പേരറിയാത്തൊരു
    നൊമ്പരം സമ്മാനിച്ച് സുമംഗലവാരസ്യാര്‍ കാലയവനികകള്‍ക്കുള്ളില്‍ മറയുന്നു.

    പഴയ നാട്ടുവഴികളും, കണ്ണിമാങ്ങക്കാലവും ഒരിക്കല്‍ക്കൂടി തന്മയത്വത്തോടെ വരച്ചിട്ട്
    ഒരുപിടി ഗൃഹാതുരത്വ ഓര്‍മ്മകളും നല്‍കിയ ഓപ്പോള്‍ക്ക്‌ എല്ലാ നന്മകളും നേരുന്നു..!!

    ReplyDelete
    Replies
    1. അക്കൂ.. ആശംസകള്‍ക്ക് നന്ദി.. മനസ്സിപ്പോഴും പഴയ ഗൃഹാതുരത്വ ഓര്‍മ്മകളില്‍ ഉടക്കി നില്‍ക്കുന്നു.. പച്ച മാങ്ങ ഉപ്പും മുളകും കൂട്ടി ചതച്ചു വെച്ചിട്ടുണ്ട്.. വേണോ..

      Delete
  7. നാട്ടു വഴിയിലൂടെയുള്ള സ്കൂൾ യാത്രകളിലെ 'ചടങ്ങുകളെ'ല്ലാം വിവരിച്ചിരിക്കുന്നു.. അന്യന്റെ പറമ്പിലെ പുളിക്കുന്ന മാമ്പഴത്തിന് സ്വന്തം വീട്ടിലെ തേനൂറും മാമ്പഴത്തെക്കാളും മധുരം തോന്നുന്ന ആ കുട്ടിക്കാലം ഓർമയിൽ കൊണ്ട് വന്നതിനു നന്ദി..

    ReplyDelete
    Replies
    1. ശെരിയാണ്.. സ്വന്തം വീട്ടിലെ തേന്‍വരിക്കചക്കയും മാങ്ങയും അണ്ണാനും കിളിയും കൊത്തി താഴെ ഇടുന്ന അവസ്ഥയായിരിക്കും.. എന്നാലും വഴിയരികിലെ മാവിന്‍ ചോട്ടില്‍ നിന്നും വാടിയ മാങ്ങ പെറുക്കി സ്വന്തം വസ്ത്രത്തില്‍ തുടച്ചു തിന്നുമ്പോള്‍ ഉള്ള ഒരു സുഖം..!!!
      വന്നതിലും വായിച്ചതിലും ആസംസകള്‍ക്കും ഒരുപാടൊരുപാട് നന്ദി..

      Delete
  8. ചില ബാല്യകാല സ്മരണകള്‍ അങ്ങനെയാണ് - വജ്രത്തിളക്കത്തോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും....

    ReplyDelete
    Replies
    1. അതെ നിഷ.. പിന്നീടുള്ള ജീവിത പാച്ചിലിനിടയില്‍ ഇത്തരം സ്മരണകള്‍ ഒരുപാട് സാന്ത്വനമെകും..

      Delete
  9. അല്ലേ ..ഈ വാരസ്യാര്‍ കയ്യില്‍ കല്ല്‌ കരുതണമെങ്കില്‍ എത്ര മാത്രം അനുഭവിച്ചിട്ടുണ്ടാകും ആ പത്മെച്ച്യെക്കൊണ്ട് !

    "ശിവ.. ശിവാ.. ശ്രീരാമാജയം തൊഴുതു..!!! ശിവ.. ശിവാ.. ശ്രീരാമാജയം തൊഴുതു..!!! ശിവ.. ശിവാ.. ശ്രീരാമാജയം തൊഴുതു..!!!

    ReplyDelete
    Replies
    1. ഹഹഹഹ്.. കേച്ചേരീ.. എന്നാലെന്താ.. ഒടുവില്‍ വാരസ്യാരെ കൈയ്യിലെടുതില്ലേ :)
      ശിവ.. ശിവാ.. ശ്രീരാമാജയം തൊഴുതു..!!!

      Delete
  10. കൊള്ളാം..ബാല്യകാല സ്മരണകൾ..

    ReplyDelete
    Replies
    1. നന്ദി.. സന്തോഷം അറിയിക്കുന്നു.

      Delete
  11. ബാല്യസ്മരണകളെക്കാള്‍ , അതവതരിപ്പിച്ച രീതി നന്നായിട്ടുണ്ട് ...! ഗ്രാമനന്മസ്നിഗ്ദ്ധത ....!

    ReplyDelete
    Replies
    1. സന്തോഷം.. നന്ദി..

      Delete
  12. ശിവ ശിവാ .. ശ്രീരാമജയം തൊഴുതു ..

    ലളിതമായ ഗ്രാമ്യഭാഷയില്‍ കുറിച്ച വരികള്‍ക്ക് ഗൃഹാതുരത്വത്തിന്‍ നറുമണം.

    ആ മണം നുകര്‍ന്ന് ഈ പാലക്കാട്ക്കാരനും ചില ബാല്യ സ്മരണകളിലേക്ക് ഊളിയിട്ടു.

    എഴുത്ത് നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  13. :) അഭിനന്ദനങ്ങള്‍ ..!

    ReplyDelete
  14. ആ ഓർമ്മകൾ എന്നെയും ബാല്യ കാലത്തേക്ക് കൊണ്ടുപോയി .എഴുത്തിന്റെ ശൈലി വളരെ നന്നായിട്ടുണ്ട് .എന്റെ ആശംസകൾ .ഇനിയും എഴുതുക .

    ReplyDelete
  15. ആസൂത്രിതമായ മോഷണം ഓപ്പോള് ആള് തരക്കേടില്ലല്ലോ - കണ്ടില്ലേ ദൈവിക മന്ത്രങ്ങളുടെ ഒരു ശക്തി

    ReplyDelete
  16. നല്ല അവതരണം. ആ ഒരു കാലഘട്ടത്തിലേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകാന്‍ പത്മശ്രീയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഒറ്റപ്പെടലിന്‍റെ നെന്വരം മറക്കാനാവും ശ്രീരാമജയം മന്ത്രാക്ഷരി!ആരോടും മിണ്ടാനില്ലാത്തതിനാല്‍ സംസാരിക്കാന്‍ പോലും മറന്ന വാരസ്യാരുടെ രേഖചിത്രം അസ്സലായി വരച്ചുകാട്ടിയിരിക്കുന്നു. ഭാവുകങ്ങള്‍!

    ReplyDelete
    Replies
    1. നന്ദി.. ഒരുപാടൊരുപാട്.. :)

      Delete
  17. ഞാന്‍ പണ്ടൊരിക്കല്‍ കമെന്റ് ഇട്ടിരുന്നു അന്നെ സോപ്പിടാനും പതപ്പിക്കാനും അപാരമായ കഴിവ് തമ്പ്രാട്ടിക്കു ഉണ്ടായിരുന്നു വാരസ്സ്യര്‍ അസ്സലായി മുള്ളിപ്പോയപ്പോള്‍ മുഖത്തെ ഭാവം അവതരിപ്പിച്ചത് മനസ്സില്‍ നിന്നും മായാതെ എന്നെന്നും നില്കും .......എല്ലമുപരി അന്നത്തെ കാലം ശരിക്കും അവതരിപ്പിച്ചു എല്ലാ ഭാവുകങ്ങളും നല്ല നിലയില്‍ പ്രശസ്തിയും പദവിയും കിട്ടാന്‍ ദു ആ [ പ്രാര്‍ത്ഥന ] ചെയ്യുന്നു,,,,,,

    ReplyDelete
    Replies
    1. ജലാലിക്കാ.. ഇതിപ്പോഴാ കാണുന്നത്.. അനുഗ്രഹങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി ട്ടോ..

      Delete
  18. ഇതുപോലൊരു സുമംഗല വാരസ്യാരും സ്കൂൾ യാത്രയും എന്റെ ബാല്യത്തിനും സ്വന്തായിട്ടുണ്ടായിരുന്നു..ഇന്നും ഓർമ്മചെപ്പിലെ മണിമുത്ത് കളായി സൂക്ഷിക്കുന്ന ആ ഓര്മ്മകളെ വീണ്ടും പദ്മതീർത്തം മുന്നില് കൊണ്ട് വന്നു നിർത്തി.. വാരസ്യാരുടെ വേലിക്കു ചുറ്റും ഇഷ്ട്ടം പോലെ മുല്ലപൂവ് ഉണ്ട്.. പിന്നെ മഞ്ഞ കനകാംബരവും.. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒളിഞ്ഞും പതിഞ്ഞും മുല്ല മൊട്ടുകള്‍ പറിച്ചു ചോറ്റു പാത്രത്തിലാക്കി വീട്ടിലിരുന്നു രാത്രി വൈകുവോളം മാല കെട്ടും..അടുക്കളക്കിണറില്‍ നിന്നും വെള്ളം കോരുമ്പോള്‍ ഉണ്ടാകുന്ന കപ്പി കരയുന്ന ശബ്ദമുള്ള ..നിറയെ ഫലവൃക്ഷങ്ങൾ നിറഞ്ഞ സുമംഗല വാരസ്യാരുടെ ...വീട്... പത്മെച്ചീ ഓര്മ്മകളിലെ ഈ പൊന് തിളക്കത്തെ ...പത്തരമാറ്റോടെ മുന്നില് കൊണ്ട് വന്നു നിർത്തി.. നിഷ്കളങ്ക ബാല്യത്തിന്റെ സുഗന്ധം ഒട്ടും നഷ്ടപെടാതെ...ഒരു പാട് ഇഷ്ടായീ.

    ReplyDelete
    Replies
    1. സുഷമാ... താങ്ക്സ് ഡാ.. :)

      Delete
  19. കൊള്ളാം..ബാല്യകാല സ്മരണകൾ..
    www.hrdyam.blogspot.com

    ReplyDelete
    Replies
    1. താങ്ക്സ് ഷംസു... :)

      Delete
  20. നല്ലൊരു വായനാനുഭവം സമ്മാനിച്ച ഒാപ്പോളിനു നന്ദി ,,,,
    അവസാന ഭാഗം മനസ്സില്‍ വല്ലാത്ത നൊമ്പരം സമ്മാനിച്ചു കുറിപ്പ് അവസാനിക്കുമ്പോൾ ഒാപ്പോൾടെ അടുത്ത കുറിപ്പുകൾ തേടി അക്കുക്കാടെ വാളിൽ മുങ്ങിതപ്പുകയാണ് ഇനിയും നല്ല രചനകൾക്കായി കാത്തിരിക്കുന്നു,,,
    ആശംസകള്‍ ,,,

    ReplyDelete
  21. വാരസ്യാരുടെ മിഴിവുറ്റ രൂപം മനസ്സില്‍ കൊത്തിവെച്ചുതന്നു.
    ബാല്യകാല കുസൃതികളുടെ വിവരണം മനസ്സിനെ ആ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമായി.
    ബ്ലോഗ് പിന്‍തുടരുന്നവരുടെ കൂടെ ഒരംഗത്വമെടുക്കാന്‍ ഞാനും തീരുമാനിച്ചു.
    തുടര്‍ന്നും എഴുതുക.

    ReplyDelete