Tuesday 5 November 2013

ചമ്മന്തിയും നാരായണസ്വാമിയും..



ചമ്മന്തി എനിക്ക് വല്ല്യ ഇഷ്ട്ടാണ്.  ഇപ്പോഴും  സാമ്പാറും അവിയലും ഒക്കെ കൂട്ടി ഊണ് കഴിക്കുമ്പോഴും ഇത്തിരി ചമ്മന്തി ഉണ്ടെങ്കിലെ ഊണിനു സുഖമുള്ളൂ.. ചമ്മന്തി കണ്ടാല്‍ അപ്പോള്‍ എനിക്ക് നാരായണസ്വാമിയെ ഓര്‍മ്മ വരും . എന്താണ് നാരായണസ്വാമിക്ക് ചമ്മന്തിയുമായുള്ള ബന്ധം എന്നല്ലേ.. പറയാം. അതിനു മുമ്പ് നാരായണ സ്വാമിയെ ഒന്ന് പരിചയപ്പെടൂ..

സ്കൂളില്‍ പഠിക്കുന്ന കാലത്താണ്.. ഏഴിലോ എട്ടിലോ പഠിക്കുന്ന സമയം. ഓരോ ക്ലാസിലും  രണ്ടോ മൂന്നോ വര്ഷം  പഠിച്ചു  എല്ലാ വിദ്യാര്‍ഥികളുടെ സഹപാഠി ആവുന്ന നാരായണസ്വാമി അക്കൊല്ലം എന്‍റെ ക്ലാസ്സിലുമെത്തി.. നേരത്തെ തന്നെ സ്കൂള്‍ പരിസരത്തോക്കെ കണ്ടിട്ടുണ്ടെങ്കിലും  സാമിയെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു.. മാഷ്‌ ആയിരിക്കുമെന്നാണ്  ആദ്യം കരുതിയത്‌.. ട്രൌസര്‍ ഇട്ടു നടക്കുന്ന ആണ്‍ കുട്ടികള്‍ക്കിടയില്‍   ഡബിള്‍ മുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടും ഇട്ടു വരുന്ന ഒരേ ഒരു വിദ്യാര്‍ഥി.. ശരപഞ്ജരത്തിലെ  ജയനെ ഓര്‍മ്മിപ്പിക്കുന്ന  ആകാര വടിവ്..  കറുത്ത നിറം. വട്ട മുഖം..   പെമ്പിള്ളേരെ കാണുമ്പോള്‍  " ദേ പിന്നാലെ പട്ടി വരണൂ, ദേ പാമ്പ്  വരണൂ  ഓടിക്കോ"   എന്നൊക്കെ പറഞ്ഞു പേടിപ്പെടുത്തി,   നാവു കടിച്ചു ഒരു കള്ളചിരിയും  പാസാക്കും, അത്യാവശ്യം  നിര്‍ദ്ദോഷമായ കമന്റുകള്‍ അടിക്കും.. 

അറ്റെന്ടന്‍സിന്‍റെ കാര്യത്തില്‍ വളരെ കൃത്യനിഷ്ഠ ഉള്ളവനെങ്കിലും രണ്ടക്ഷരം പഠിക്കുക എന്നത് നാരായണ സ്വാമിയുടെ നിഘണ്ടുവില്‍ ഇല്ല..സ്പോര്‍ട്സിലും  എന്‍. സി. സി. യിലും മാത്രമായിരുന്നു താല്പര്യം..   നാരായണ സ്വാമി കാഴ്ചക്ക് അതികായനെങ്കിലും ഇടതും വലതും നടക്കുന്ന അംഗരക്ഷകര്‍  പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും  ചട്ടുകാലന്‍ ചെന്താമാരാക്ഷനും ആണ്.. ഉച്ചക്കുള്ള ഇന്റര്‍വെല്‍ സമയത്ത് സ്കൂള്‍ വളപ്പിലുള്ള മാവ്, നെല്ലി, പുലി, പേര മരം ഇവയിലൊക്കെ ചാടിക്കേറി  പുളിയും മാങ്ങയും പേരക്കയും പറിച്ചു   പെണ്‍കുട്ടികള്‍ക്ക് ഫ്രീയായി വിതരണം ചെയ്തു  സാമി  പെണ്പിള്ളേര്‍ക്കിടയില്‍ ഹീറോ ആയി.. 

കയറു പൊട്ടി വീണ തൊട്ടിയും, ഊണ് കഴിഞ്ഞു കൈ കഴുകാനായി കിണറ്റു കരയില്‍ വെച്ച് അബദ്ധത്തില്‍ കൈ തട്ടി  കിണറ്റിലേക്ക് വീഴുന്ന ചോറ്റു പാത്രങ്ങളും, കിണറ്റിലേക്ക് ഇറങ്ങി മുങ്ങിത്തപ്പി തിരിചെല്പ്പിക്കാന്‍  നാരായണസാമി മാത്രേ ഉണ്ടായിരുന്നുള്ളൂ.. 

പ്യൂണുമാരായ   അച്യുതനോ രാമങ്കുട്ടിയോ   ലീവിലായ ദിവസങ്ങളില്‍  സ്കൂള്‍ വരാന്തയില്‍ കെട്ടിത്തൂക്കിയിട്ട കനമുള്ള ഇരുമ്പു പാളത്തില്‍ ഊക്കോടെ   സമയാസമയങ്ങളില്‍ മണിയടിക്കുന്ന ദൌത്യവും ക്ലാസ്‌ മുറികളില്‍ ഹെഡ് മാസ്റ്റര്‍ കൊടുത്തയക്കുന്ന മെമ്മോകളില്‍ അധ്യാപകരുടെ ഒപ്പു ശേഖരിച്ചു  തിരിചെല്പ്പിക്കുന്ന പണിയും ഈ സാമിയില്‍ നിക്ഷിപ്തമാണ്.. അതുകൊണ്ട് തന്നെ  പഠിച്ചില്ല എന്ന പേരില്‍  സാമിയെ ശിക്ഷയില്‍ നിന്ന് ഒഴിവാകിയിരുന്നു.. 

ജനലുകള്‍ ഇല്ലാത്ത ക്ലാസ്‌ മുറിയില്‍ മൂലക്കിട്ടിരിക്കുന്ന അവസാനത്തെ നിരയിലെ ബെഞ്ചിലായിരുന്നു  സാമിയുടെ ആസ്ഥാനം.. ഇടതും വലതും  പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും ചട്ടുകാലന്‍ ചെന്താമാരാക്ഷനും.. ജനല്‍ ഇല്ലാത്തതോണ്ട്  അത് വഴി കാക്കകള്‍ വന്നു  ചീനാന്തിയില്‍ ഇരിക്കും.. ഒരിക്കലൊരു സുന്ദരന്‍ കാക്ക  സാമിയുടെ തലയില്‍ തൂറി.. കണ്ടവര് കണ്ടവര് ചിരിച്ചു ചിരിച്ചു ക്ലാസ്സ്‌ മുറിയില്‍  കൂട്ടച്ചിരിയായി.. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വെളുത്ത കാക്ക കാഷ്ട്ടം നോട്ടു പുസ്തകത്തിന്‍റെ ഏട് കീറി തുടക്കുന്നതിനിടയില്‍ ചമ്മിയ ചിരിയോടെ സാമിയുടെ തിരുവായില്‍ നിന്നൊരു  ഡയലോഗ്  തെറിച്ചു വീണു.. വിശ്വസിച്ചാലും ഇല്ലെങ്കിലും  "കാക്ക തൂറി" എന്ന വിശ്വ വിഖ്യാതമായ ഡയലോഗ്  അങ്ങിനെയാണ് പിറവിയെടുത്തത്.

ഇപ്പോള്‍ നാരായണ സ്വാമിയുടെ ഒരേകദേശരൂപം പിടി കിട്ടി കാണുമല്ലോ..  ഇനി ഈ അതികായന്‍ ചമ്മന്തിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം. 
വീട്ടില്‍ നിന്നും അര മണിക്കൂര്‍ നടന്നു വേണം സ്കൂളില്‍ എത്താന്‍.. മിക്കവാറും ദിവസങ്ങളില്‍ രാവിലെ നേരത്ത് കൂട്ടാനോന്നും ഉണ്ടാവില്ല.. ഈയം പൂശിയ  പിച്ചള തൂക്കു പാത്രത്തില്‍, മോരോഴിച്ചു കുഴച്ച ചോറില്‍, പയറു കൊണ്ടാട്ടമോ,  ഉള്ളി ചമ്മന്തിയോ ഒക്കെ ആവും.. വാട്ടിയ വാഴയില ചീന്തിനു മുകളില്‍ വെച്ച  പച്ച വെളിച്ചെണ്ണയൊഴിച്ച ചമ്മന്തിക്ക് നല്ല സ്വാദാണ് ട്ടോ. തേങ്ങയുടെയും മാങ്ങയുടെയും ലഭ്യതക്കനുസരിച്ച്  ചമ്മന്തിയും മാറികൊണ്ടിരിക്കും.. പുതുമ മായാത്ത സ്റ്റീലിന്റെ  വട്ടത്തിലുള്ള ടിഫിന്‍ ബോക്സിന്‍റെ മൂടി ടീച്ചേഴ്സ് ക്വാര്‍ട്ടെഴ്സില്‍ ഉള്ള കിണറ്റില്‍ വീണു പോയതിനെ ശിക്ഷ ആയിട്ടാണ് പിന്നീട് പിച്ചള ചോറ്റുപാത്രത്തില്‍ ചോറ് കൊണ്ടുപോകേണ്ടി വന്നത്.. ക്ളാസ് റൂമിന്‍റെ ജനല്‍ തിട്ടയില്‍ വെച്ച കൂട്ടുകാരുടെ സ്റ്റീല്‍ പാത്രങ്ങളുടെ ഇടയില്‍ എന്‍റെ ഈയം പൂശിയ പിച്ചള തൂക്കുപാത്രം തെല്ല് ജാള്യതയോടെ ഇരുന്നു ചിരിക്കും..





ആദ്യത്തെ രണ്ടു പീരിയഡ്നു ശേഷം  ചെറിയൊരു ഇടവേള.. മൂത്രപ്പുരയില്‍ പോവാനും  മണിയന്നായരുടെ പീടികയില്‍ നിന്നും മഷി നിറയ്ക്കാനും നോട്ടു ബുക് വാങ്ങാനും സ്കൂള്‍ പടിക്കല്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ജമന്തി പൂവ്‌ വാങ്ങാനും കടിച്ചാല്‍ പൊട്ടാത്ത ഇടിപരിപ്പി  വാങ്ങാനും ഒക്കെയായി ഈ സമയത്ത് കുട്ടികള്‍ പുറത്തു പോവും.. ഈ  ഇടവേളകളില്‍ ആയിരിക്കണം നാരായണ സ്വാമിയും അംഗ രക്ഷകരും  ചോറ്റു പാത്രങ്ങള്‍ തുറന്നു നോക്കുന്നത്..  എന്തായാലും ഉച്ചക്ക് ഊണ് കഴിക്കാനിരുന്നാല്‍  ചമ്മന്തി ഉള്ള പാത്രങ്ങളിലോന്നും  ചമ്മന്തി കാണില്ല..  പകരം, വീരപ്പന്‍ ആന വേട്ട നടത്തി ആനക്കൊമ്പ് ഊരിയെടുത്തു, ആനയുടെ ദേഹത്ത് ഒരു അടയാളം കുറിച്ചിടുന്നതു പോലെ, ചമ്മന്തിക്ക് പകരം മനോഹരമായ ഒരു ചോറുരുള  ഉരുട്ടി വെച്ചിരിക്കും.. മിക്കവാറും  ചമ്മന്തി ആയത് കൊണ്ട് സാമിയുടെ ക്രൂരതക്ക് ഇരയാവുന്നത്  ഞാന്‍ തന്നെയാവും..  വിശപ്പ് കത്തിക്കാളുന്ന സമയം  ആയതുകൊണ്ട്  സാമിയുടെ ഉരുള പുറത്തേക്കു മാറ്റി വെച്ച്  സാമിയെ  പ്രാകി കൊണ്ട്, ബാക്കിയുള്ള മോരോഴിച്ച വെറും ചോറ്  വാരി വാരി തിന്നും.. ചിലപ്പോള്‍ കൂട്ടുകാരികളുടെ കറികളില്‍ നിന്ന്  എന്തെങ്കിലും കിട്ടും.. 

നാരായണ സാമിയാണ് ചമ്മന്തി കക്കുന്നത് എന്ന് പരസ്യമായ രഹസ്യം ആണെങ്കിലും  തൊണ്ടി സഹിതം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല ഒരിക്കലും. 

" ഡാ  നാരേണസാമീ  നീയാണ് ഇവരുടെ ചമ്മന്തി കട്ടു തിന്നെന്നു  പറയണൂ.. ശര്യാണോ" എന്ന് ചോദിച്ചാല്‍  ആണെന്നോ അല്ലെന്നോ പറയില്ല.. ചുണ്ടില്‍ വിരിയുന്ന കുസൃതി ചിരിയില്‍ ഒതുക്കും  മറുപടി.. ഒരിക്കല്‍ ഞാന്‍ സഹികെട്ടു  പരസ്യമായി  "ചമ്മന്തിക്കള്ള" ന്നു വിളിച്ചപ്പോള്‍  മറുപടി ഒരു മറു ചോദ്യം ആയിരുന്നു.. "പുള്ളേച്ചന്‍റെ കല്യാണം ഒക്കെ കഴിഞ്ഞോ?" ന്ന്..  

യൂത്ത്‌ ഫെസ്റ്റിവലിന് ഡാന്‍സ് പ്രോഗ്രാമ്മിനു  തട്ടില്‍ കേറി നാണം കെട്ടിറങ്ങിയപ്പോള്‍  വായില്‍ വിരലിട്ടു ഉച്ചസ്ഥായിയില്‍ കൂക്കി വിളിച്ചു കോറസ് കൂക്കാന്‍ ആളെ കൂട്ടിയത്    ഈ ആസാമിയായിരുന്നു.. അങ്ങനെ പിടിക്കപ്പെടാതെ ആ അധ്യയന വര്‍ഷം നാരായണസ്വാമി കുറെ പേരുടെ ചമ്മന്തി അടിച്ചു മാറ്റി.. കൂടുതലും  എന്‍റെതായിരുന്നു.. 

അക്കൊല്ലത്തെ അധ്യയന വര്‍ഷം അവസാനിച്ചു. ഞാനടക്കം എല്ലാവര്ക്കും അടുത്ത  സ്റ്റാന്‍ഡേര്‍ഡിലേക്ക്    പ്രമോഷന്‍ ആയി.. ഓരോ  വര്‍ഷവും രണ്ടു കൊല്ലം വീതം എന്ന കണക്കനുസരിച്ച് നാരായണസ്വാമിക്ക് അക്കൊല്ലം അവിടെ തന്നെ തുടരേണ്ടി വന്നു..  സാമിയുടെ അംഗരക്ഷകര്‍ ആയി പഠിത്തത്തില്‍ ഉഴപ്പിയ പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും  ചട്ടുകാലന്‍ ചെന്താമരാക്ഷനും ആ കൊല്ലം തോറ്റു.. അതിനാല്‍ സാമിക്ക് പുതിയ തോഴരെ  തേടേണ്ടി വന്നില്ല..

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു.. ചമ്മന്തി കാണുമ്പോള്‍  മാത്രം നാരായണസ്വാമിയുടെ കുസൃതി തുളുമ്പുന്ന കള്ള നോട്ടവും ചുണ്ടില്‍ വിരിയുന്ന കള്ളച്ചിരിയും    പിച്ചള  ചോറ്റു പാത്രവും  സാമി ഉരുട്ടി വെച്ച ഉരുളയും ഒക്കെ ഓര്‍മ്മ വരും.. 

അഞ്ചാറു വര്‍ഷം മുമ്പ് നാട്ടില്‍ പോയപ്പോള്‍  പഴയൊരു കൂട്ടുകാരിയെ കണ്ടു മുട്ടി.. സംസാരത്തിനിടയില്‍ നാരായണസ്വാമിയുടെ കാര്യം വന്നു..  സാമി ഇപ്പോള്‍ മിലിട്ടറിയില്‍  ആണത്രേ.. കേട്ടപ്പോള്‍ സന്തോഷം തോന്നി..  കുടുംബം ഒക്കെ ആയെന്നാണ്  അറിഞ്ഞത്.. 

ചമ്മന്തിയും കട്ട് തിന്നു, വേലത്തരങ്ങള്‍ കാണിച്ചു നടന്ന അന്നത്തെ  വികൃതി ചെക്കന്‍  ഇന്ന് ഭാരതാംബയുടെ രക്ഷക്കായി  കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍ ആയിരിക്കുന്നു.. ധീര ജവാനായ ഒരു സതീര്‍ത്ഥ്യനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.. എന്നെങ്കിലും നേരില്‍ കാണാന്‍ ഭാഗ്യമുണ്ടാവുമ്പോള്‍ ഒരുപക്ഷെ പരസ്പരം തിരിച്ചറിയില്ലായിരിക്കും.. എങ്കിലും ആ കള്ളനോട്ടവും ചുണ്ടിലെ കുസൃതി ചിരിയും  കൊണ്ട് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.. "ചമ്മന്തിക്കള്ളാ" എന്ന വിളി കേള്‍ക്കുമ്പോള്‍ നീയും എന്നെ തിരിച്ചറിയും..  തീര്‍ച്ച..  

രാജ്യസ്നേഹികളായ  എല്ലാ ധീര ജവാന്മാര്‍ക്കും  എന്റെ അഭിവാദ്യങ്ങള്‍..  !!!!


- പത്മശ്രീ നായര്‍ -


44 comments:

  1. ചമ്മന്തിയും കട്ട് തിന്നു, വേലത്തരങ്ങള്‍ കാണിച്ചു നടന്ന അന്നത്തെ വികൃതി ചെക്കന്‍ ഇന്ന് ഭാരതാംബയുടെ രക്ഷക്കായി കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍ ആയിരിക്കുന്നു.. ധീര ജവാനായ ഒരു സതീര്‍ത്ഥ്യനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു..
    ജയ് ജവാന്‍ ജയ് നാരായണ സ്വാമി

    ReplyDelete
    Replies
    1. നളിനേചീ... ശരിക്കും ഇപ്പൊ ആ ചമ്മന്തി കള്ളനെ കുറിച്ച് അഭിമാനം തോന്ന്വാണ്.. :)

      Delete
  2. chenthamarakshanum, sudhakara suhruthumai any relation...............anyway kakkathooriyapoleyallyirikkum...........dheera javanu abhivadyangal

    ReplyDelete
    Replies
    1. സുധാകര്‍ജിയുടെ സുഹൃത്തുമായി ഈ ചെന്താമരാക്ഷന് ബന്ധമൊന്നുമില്ല.. :)

      Delete
  3. ഉണക്ക ചെമ്മീന്‍ ചമ്മന്തി
    ചേരുവകള്‍ :

    ഉണക്ക ചെമ്മീന്‍ - 1/2 cup (തലയും വാലും കളഞ്ഞത്)
    തേങ്ങാ ചിരവിയത് - 1/2 cup
    ചുവന്നുള്ളി - 4 or 5
    ഇഞ്ചി - 1 small piece
    നാടന്‍ പച്ച മുളക് - 1 big
    വാളംപുളി - 1 or 2 pinch
    ഉപ്പ് ( ആവശ്യത്തിന് )
    വെളിച്ചെണ്ണ -1/2 tspn

    തയ്യാറാക്കേണ്ട വിധം:

    (1) ഒരു പാന്‍ ചൂടാക്കി ചെമ്മീന്‍ വറുക്കുക....
    (2) ചൂടാറുമ്പോള്‍ ചെമ്മീനും തേങ്ങ,ഉള്ളി,ഇഞ്ചി,പച്ച മുളക്,പുളി,ഉപ്പ് ഇവ ചേര്‍ത്ത് അരക്കുക......അധിക൦ അരയണം എന്നില്ല.....ഒന്ന് ചതഞ്ഞാല്‍ മതി........
    (3) അവസാനമായി അല്‍പം വെളിച്ചെണ്ണ ഒഴിച്ച് മിക്സ്‌ ചെയ്യുക........
    ഇനി കഴിക്കാം

    ReplyDelete
    Replies
    1. ഉള്ളി ചമ്മന്തിക്ക് പകരം ഉണക്ക ചെമ്മീന്‍ ചമ്മന്തി തന്നതില്‍ സന്തോഷം.. :)

      Delete
  4. നാരായണ സ്വാമി ചമ്മന്തി സേവ കഴിഞു ഇനി രാജ്യത്തെ സേവിക്കട്ടെ.
    പോസ്റ്റ് നന്നായി .
    നാരായണ സ്വാമിയുടെ വിശേഷം കഴിഞ്ഞു ലേഖികയുടെ കാര്യം പറയുന്നിടത്ത് ആരുടെ കാര്യം എന്നൊരു കണ്ഫ്യൂഷന്‍ വന്നു.(വീട്ടില്‍ നിന്നും അര മണിക്കൂര്‍ നടന്നു വേണം സ്കൂളില്‍ എത്താന്‍.. മിക്കവാറും ദിവസങ്ങളില്‍ രാവിലെ നേരത്ത് കൂട്ടാനോന്നും ഉണ്ടാവില്ല) ഇവിടെ എനിക്ക് എന്നോ മറ്റോ തുടങ്ങണം എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ശരിയാണ്.. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി..
      എഴുതിയതിനു ശേഷം ഒരിക്കല്‍ കൂടി വായിച്ചു നോക്കുക എന്നൊരു ശീലം ഇല്ല.. അതും ഒരു തെറ്റ് തന്നെ.. നന്ദി ട്ടോ..

      Delete
  5. രസകരമായ ഓര്‍മ്മകള്‍ രസകരമായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. ഓര്‍ക്കുന്തോരും ഓര്‍മ്മകളുടെ ഉറവ പൊട്ടി കൊണ്ടിരിക്കുന്നു..

      Delete
  6. ചമ്മന്തിയുടെ ഫോട്ടോ കണ്ടു കൊതിവെച്ചു വന്നാ വായിച്ചത് തുടക്കം മുതല്‍ അവസാനം വരെ വായിപ്പിക്കുന്ന എഴുത്ത് ബാല്യം മാത്രമല്ല ബാല്യത്തിലെ കൂട്ടുകാരെയും നഷ്ടപെടുന്നു ചിലപ്പോഴൊക്കെ അവരിങ്ങനെ ഓര്‍മയില്‍ എത്തി ഓരോ കുസൃതി ചിരി പാസാക്കുന്നു അല്ലെ ആശംസകള്‍

    ReplyDelete
    Replies
    1. തീര്ച്ചയായും.. മധുരിക്കുന്ന ഓര്‍മ്മകള്‍ ബാല്യത്തിലേത് തന്നെ..
      നന്ദി ട്ടോ. :)

      Delete
  7. ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു.
    ചമ്മന്തിയും കട്ട് തിന്നു, വേലത്തരങ്ങള്‍ കാണിച്ചു നടന്ന അന്നത്തെ വികൃതി ചെക്കന്‍ ഇന്ന് ഭാരതാംബയുടെ രക്ഷക്കായി കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍ ആയിരിക്കുന്നു.. ധീര ജവാനായ ഒരു സതീര്‍ത്ഥ്യനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിലും വായിച്ചതിലും ആശംസകള്‍ക്കും ഒരുപാട് നന്ദി..

      Delete
  8. ചമ്മന്തി കണ്ടപ്പോള്‍ വന്നതാ. വിശദമായി വായിക്കട്ടെ.

    ReplyDelete
    Replies
    1. ചമ്മന്തി മുഴുവനും തീര്‍ത്തോ ? :)

      Delete
  9. രസകരമായ കാലത്തേക്ക് ഒരു മടങ്ങിപ്പോക്ക്... ചെറിയ ചെറിയ കാര്യങ്ങളില്‍ വലിയ വലിയ സന്തോഷങ്ങള്‍ കണ്ടെത്തിയിരുന്ന കാലം... നന്നായി ഈ കുറിപ്പ് - എല്ലാ ആശംസകളും!

    ReplyDelete
  10. ഇത് സാധാരണ ഉണ്ടാവുന്ന കാര്യമാണ് . ഞങ്ങളും ഇതുപോലെ പെണ്‍കുട്ടികളുടെ ഒരുപാട് ഭക്ഷണം സേവിച്ചിട്ടുണ്ട്. ഇത് നിറുത്തിയത് ഒരു പെണ്‍കുട്ടി കാരണമാണ്. അവിചാരിതമായി ഈ പെണ്‍കുട്ടിയുടെ ചോറ്റു പാത്രം തുറന്നത്. പക്ഷെ അതിൽ ഒന്നും ഉണ്ടായിരുന്നില്ല. മൂന്നു ദിവസം തുടര്ച്ചയായി ഞങൾ നോക്കിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഒരു ദിവസം ഒരു ബിരിയാണി വാങ്ങി ആ ചോറ്റു പാത്രത്തിൽ വെച്ചതിനു ശേഷമാണ് ഞങളുടെ കല പരിപാടി അവസാനിപ്പിച്ചത്.

    വീണ്ടും ആ പഴയ കാലത്തിലൂടെ കൈ പിടിച്ചു നടത്തിയതിനു നന്ദി.

    A fantastic reading sensetion

    ReplyDelete
    Replies
    1. മറുപടിയിലൂടെ ചെറിയൊരു നൊമ്പരവും സമ്മാനിച്ചു.. :)

      Delete
  11. ഓര്‍മ്മക്കുറിപ്പ് ഉഷാറായിട്ടുണ്ട്.

    ReplyDelete
  12. vayichappo santhosham thonni chachi........

    ReplyDelete
    Replies
    1. വായിചെന്നരിഞ്ഞപ്പോ എനിക്കും സന്തോഷം തോന്നി പ്രിന്‍സ്.. :)

      Delete
  13. ഓര്‍മ്മകള്‍ ഓടി കള്ളികുന്ന തിരുമുറ്റത്തെത്തുവാന്‍ ഒരു മോഹം

    ReplyDelete
    Replies
    1. മനസ്സ് കൊണ്ട് മടങ്ങി പോവാം.. അത്രേ കഴിയൂ. ഷഫ്ന

      Delete
  14. നിക്യ്‌ ഒരുപാട് അങ്ങട് ഇഷ്ടായിട്ടോ ...
    എന്‍റെ കുറെ കുസുര്തികള്‍ സ്വാമിയുടെ അടുത്തും ഉണ്ടു് !
    പെണ്‍കുട്ടികളുടെ ചോറ്റുപാത്രത്തില്‍ നിന്ന് ഒമ്ലെറ്റ് അടിച്ചു മാറ്റല്‍ ഞങ്ങളുടെ സ്ഥിരം ഹോബിയായിരുന്നു !! :D

    ReplyDelete
    Replies
    1. ഹും.. ഓംലെറ്റ്‌ കള്ളാ... :)

      Delete
  15. ഓപ്പോളുടെ "ചമ്മന്തി മെമ്മറി " പെരുത്ത് ഇഷ്ടായി...!
    മിലിട്രി മെസ്സില്‍ സ്വാമി ഇപ്പോള്‍ ചമ്മന്തിക്ക് കൊതിക്കുന്നുണ്ടാകും ,അല്ലേ?...
    പാവം സ്വാമി...!!

    ഓപ്പോളുടെ ശൈലിയില്‍തന്നെ നന്നായി പറഞ്ഞു...

    ഓപ്പോള്‍ക്ക്‌ എന്‍റെ അഭിനന്ദനങ്ങള്‍ :))))))))))))))

    ReplyDelete
    Replies
    1. അക്കൂന്റെ ഈ കമന്റിനു ചമ്മന്തിയെക്കാള്‍ രുചി..
      പാവം സാമി.. മിലിട്ടറി മെസ്സില്‍ ചമ്മന്തി കിട്ടില്ലല്ലേ.. :(

      Delete
  16. നല്ല അസല് ചമ്മന്തി പപ്പേച്ചീ :) ഞാനും ഒരു ചമ്മന്തിക്കുട്ടി ആയിരുന്നു സ്കൂളില്‍ ;). പക്ഷെ അത് തേങ്ങച്ചമ്മന്തി ആണ് ട്ടോ -ഈ ചോറ് കൂടെ ഉള്ളിച്ചമ്മന്തി എനിക്കറിയില്ല . സാരമില്ല റെസിപി ഒപ്പിക്കാം.... സ്കൂലോര്‍മ്മകള്‍ തിരികെ തന്നതിന്.. നന്ദി സ്നേഹം, ആച്ചി :)

    ReplyDelete
    Replies
    1. ആച്ചീ... ഉള്ളിച്ചമ്മന്തി ഉണ്ടാക്കാന്‍ പറഞ്ഞു തരാട്ടോ.. ലവ് യൂ..

      Delete
  17. ചമ്മന്തിപുരാണം കലക്കി...... നല്ല നർമ്മം.....അഭിനന്ദനങ്ങൾ....

    ReplyDelete
  18. പ്രസിദ്ധമായ ആ സിനിമാ ഡയലോഗ് വന്ന വഴി ഇപോഴാ പിടി കിട്ടിയത് :) .... ഈ ചമ്മന്തി കൂട്ട് ഒന്ന് പറഞ്ഞു താ ട്ടോ ,, ഒന്ന് പരീക്ഷിക്കാലോ

    ReplyDelete
    Replies
    1. ഹഹഹ.. ചമ്മന്തിക്കൂട്ടു പറഞ്ഞു തരാട്ടോ.. ഫൈസല്‍ ജീ.. :)

      Delete
  19. ഓർത്തോളൂ ഇനിയും ഇനിയും. ഓര്മകളുടെ ഉറവ അനുസ്യുതം ഒഴുകിക്കോട്ടെ...........

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ ഇനിയുമുണ്ട് ഒരുപാട്.. ഒരുമിച്ചു പുറത്തെടുത്താല്‍ വായനക്കാര്‍ക്ക് ബോറടിച്ചാലോ.. :)

      Delete
  20. ഹ ഹ , ചമ്മന്തിക്കഥ കൊള്ളാം രസോണ്ട്

    ReplyDelete
    Replies
    1. താങ്ക്യൂ നിധീഷ്‌.. :)

      Delete
  21. നര്‍മ്മം ചേര്‍ത്ത് തയ്യാറാക്കിയ ചമ്മന്തി വിശേഷം അസ്സലായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  22. hi,padmasree,ee adutha samayathanu vayichu thudangiyathu.valare rasakaramayirikkunnu.iniyum oru paadu munnottu pokatte.aashamsakal.....

    ReplyDelete
  23. ചമ്മന്തിയും കട്ട് തിന്നു, വേലത്തരങ്ങള്‍ കാണിച്ചു നടന്ന അന്നത്തെ വികൃതി ചെക്കന്‍ ഇന്ന് ഭാരതാംബയുടെ രക്ഷക്കായി കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍ ആയിരിക്കുന്നു.. ധീര ജവാനായ ഒരു സതീര്‍ത്ഥ്യനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.. ജയ് ജവാന്‍ ജയ് നാരായണ സ്വാമി..... എന്നെങ്കിലും തമ്മില്‍ കണ്ടു മുട്ടാന്‍ ഇടയാകട്ടെ എന്ന്പ്രാര്‍ത്ഥനയോടെ

    ReplyDelete
  24. ചമ്മതിയുടെ സുഗന്ധമുള്ള ഓര്‍മ്മകള്‍ ഹൃദ്യം.

    ReplyDelete