Sunday 10 November 2013

വിഗ്ഗിന്റെ കഥ..

മുടികൊഴിച്ചില്‍.. അതിരൂക്ഷമായ  മുടി കൊഴിച്ചില്‍ .. നീളവും അതിനൊത്ത വണ്ണവും അത്യാവശ്യം ഈരും പേനും ഒക്കെ ഉള്ള ഇടതൂര്‍ന്ന, പിടിച്ചാല്‍ പിടിയില്‍ ഒതുങ്ങാത്തത്ര മുടി ഉണ്ടായിരുന്നതാണ്.. എല്ലാമേ പോച്ച്.. എലിവാല് പോലുള്ള മുടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ സഹിക്കണില്ല്യാ..

"ചന്തി മറഞ്ഞു കിടക്കുന്ന നിന്‍റെ തലമുടി കണ്ടിട്ടാ അല്ലാതെ ഈ ചളുങ്ങിയ മോന്ത കണ്ടിട്ടോന്നുമല്ല നിന്നെ കെട്ട്യെ" ന്നു  മിസ്റ്റര്‍ നായര്‍ മധുവിധു  നാളുകളിലും ഇപ്പോഴും  ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്താറുണ്ട്..  അവധിക്കു വരുമ്പോള്‍  വീടിനുള്ളിലെ  എന്‍റെ കൊഴിഞ്ഞു വീണ മുടി പെറുക്കലാണ് പ്രധാന പണി.

'ഭക്ഷണത്തീന്നെങ്ങാനും മുടി കിട്ട്യാ  അന്നു നിന്നെ ഡിവോര്‍സ് ചെയ്യും' എന്നൊരു ഭീഷണി നില നില്‍ക്കുന്നതിനാല്‍  എക്സ്ട്രാ ലാര്‍ജ്‌ ദാമ്പത്യം  ലക്‌ഷ്യം വെച്ച്  എല്ലാ തിങ്കളാഴ്ചയും കുളിച്ചു  (ബാക്കിയുള്ള ദിവസങ്ങളില്‍ കുളിക്കാറില്ലേ  എന്ന കുനിഷ്ടു ചോദ്യം ചോദിക്കരുത്) മൂന്നു നേരം മൃഷ്ട്ടാന്നമായി ഭക്ഷണം കഴിച്ചു തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നു..

തീരെ സഹികെടുമ്പോള്‍ ചിലപ്പോള്‍ തോന്നും മൊട്ടയടിച്ചു   ഒരു വിഗ്ഗ് വെച്ചാലോന്നു..  ങാ.. വിഗ്ഗിന്റെ കാര്യം പറഞ്ഞപ്പഴാ  സ്കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നത്..  ഹൈസ്കൂളില്‍ കണക്ക് പഠിപ്പിക്കുന്ന, ലേശം  കോങ്കണ്ണുള്ള , പാലാക്കാരന്‍ നമ്പൂരി മാഷ്‌..  ആണ്‍കുട്ടികളെ കക്ഷത്തിലും തുടയിലും ഒരഞ്ചാറ് വട്ടം പിച്ചിത്തിരുമ്മി ആ പ്രദേശത്തെ ഇത്തിരി ദശ കൂടി നുള്ളിയെടുത്ത്  പിള്ളേരുടെ കണ്ണീന്നു പൊന്നീച്ച പറപ്പിച്ചും, പെണ്‍കുട്ടികളെ  ബോര്‍ഡില്‍ എഴുതുന്ന ചോക്കു കഷ്ണം കൊണ്ട് തലക്കിട്ടു കുത്തിയും മാഷ്‌ തന്‍റെ തനതായ ശൈലിയില്‍ ശിക്ഷാ വിധികള്‍ രൂപപ്പെടുത്തി എടുത്തത്‌..

ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും അവധിയെടുത്ത് നമ്പൂരി മാഷ്‌ പത്നീസമേതനായി പാലായ്ക്ക് പോവും.. റബ്ബര്‍ തോട്ടത്തില്‍ പാലെടുത്ത കണക്ക് നോക്കാനും തേങ്ങ ഇടീക്കാനും ഒക്കെയാണ് പോവുന്നതെന്നു പൊതുജന സംസാരം.. എട്ടോ പത്തോ ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ.  ഇടക്കിടക്കുള്ള ഈ പാലാ യാത്രയുടെ അനന്തരഫലം അനുഭവിക്കുന്നതോ ഞങ്ങള് പാവം പിള്ളേരും..  പരീക്ഷക്ക്‌ മുമ്പേ പോര്‍ഷന്‍ തീരാതായാല്‍  ശനിയും ഞായറും സ്പെഷ്യല്‍ ക്ലാസ്സ്‌ വെക്കും.. സ്വാതന്ത്ര്യമായിട്ടു ഇത്തിരി കളിക്കാനും  ഗുസ്തി പിടിക്കാനും ഒക്കെ കിട്ടുന്ന ആകെ രണ്ടു ദിവസങ്ങളാണ്.. അതീ പാലാക്കാരന്‍ മാഷ്‌ സ്പെഷ്യല്‍ ക്ലാസ്സിലൂടെ കുളമാക്കും..

A, B, C, D  എന്നീ നാല് ഡിവിഷനിലും കണക്ക് പഠിപ്പിച്ചിരുന്നത് ഈ നമ്പൂരി മാഷ്‌ തന്നെ.. അതിനാല്‍ ഈ നാല് ഡിവിഷനെയും കംബൈന്‍ ചെയ്തു, ക്ലാസ്‌ മുറിയില്‍ ഒതുക്കാന്‍ പറ്റാത്തത് കൊണ്ടും സ്കൂളിന്‍റെ പിന്‍വശത്തുള്ള പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവിന്‍ ചോട്ടിലെ തണലില്‍ വെച്ചാണ്  സ്പെഷ്യല്‍ ക്ലാസ്സെന്ന മാമാങ്കം  അരങ്ങേറാറുള്ളത്.

ബി ഡിവിഷനില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. വെളുത്തു മെലിഞ്ഞു ഉയരം കൂടിയ, മിഡിയും ടോപ്പും ഒക്കെ ഇട്ടു വരുന്ന സേതുലക്ഷ്മി..  ആ കുട്ടി വിഗ്ഗ് വെച്ചിരുന്നു. കുറച്ചു പേര്‍ക്ക് മാത്രമേ ആ വിവരം അറിയാവൂ..





അങ്ങിനെ ഒരു സ്പെഷ്യല്‍ ക്ലാസ്സ്‌ ദിവസം.. (a+b)2 - (a-b)2 പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. നമ്പൂരി മാഷിന്‍റെ കണ്ണുകള്‍ എവിടൊക്കെയോ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു..  ഒടുവില്‍ മാഷിന്‍റെ നോട്ടം എന്നില്‍ തറച്ചു.. ഹീശ്വരാ..  എന്‍റെ നെഞ്ചിടിപ്പിനു സ്പീഡ്‌ കൂടി. കാരണം കണക്കില്‍ ഞാന്‍ അന്നും കണക്കായിരുന്നു.. ചെറിയ ക്ലാസ്സില്‍ സരസ്വതി ടീച്ചറുടെ തല്ലു കൊണ്ടിട്ടൊന്നും ഒരു ഗുണവും ഉണ്ടായിരുന്നില്ല..   മാഷിന്‍റെ നോട്ടം എത്തി നിന്നത് എന്നിലാണെങ്കിലും   കൈയ്യുയര്‍ത്തി വിളിച്ചത് സേതുലക്ഷ്മിയെയായിരുന്നു.. മാഷിനു കോങ്കണ്ണ് ഉണ്ടായത് എന്‍റെ ഭാഗ്യം..

"സേതു ലക്ഷ്മീ   ഇവിടെ വരൂ"..

മറ്റേതോ സ്വപ്നലോകത്തില്‍ ആയിരുന്ന പാവം സേതുലക്ഷ്മി മാഷ്‌ വിളിച്ചത് കേട്ടില്ല.  മുന്നിലിരുന്ന ഞാന്‍ ഒന്ന് തിരിഞ്ഞു അവളെ തോണ്ടി ഉണര്‍ത്തി.  , വായിലിട്ടു ചവച്ചു കൊണ്ടിരിക്കുന്ന ബബിള്‍ഗം തോണ്ടിയെടുത്ത് പെന്‍സില്‍ ബോക്സില്‍ നിക്ഷേപിച്ച ശേഷം  മിഡിയും ടോപ്പും ഒന്നൂടി വലിച്ചു നേരെയാക്കി മാഷിന്‍റെ മുന്നില്‍ ചെന്ന് വിനീതയായി  നിന്നു..

"കുട്ടി അവിടെ എന്തെടുക്ക്വാ.. ഇവിടെ പറയുന്നത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ? "

ഉണ്ട് സര്‍..

"ഉവ്വോ.. ന്നാ പറയൂ.. റൂട്ടിന്റെ  വിലയെന്താ?  "

റബ്ബര്‍ ഷീറ്റിന്റെ വിലനിലവാരം ചോദിക്കുന്ന ലാഘവത്തോടെയുള്ള മാഷിന്‍റെ ചോദ്യം കേട്ട്, ആരോറൂട്ടിന്റെ വിലയെന്താണെന്നു പോലും അറിയാത്ത  സീതാലക്ഷ്മി പരുങ്ങി..  ഒപ്പം ഞാനടക്കമുള്ള കണക്കില്‍ കണക്കായ എല്ലാ കുട്ടികളും തമ്മില്‍ തമ്മില്‍ നോക്കാന്‍ തുടങ്ങി..

വിക്കി വിക്കി സേതു ലക്ഷ്മി പറഞ്ഞൊപ്പിച്ചു..  "അറിയില്ല സര്‍ "

സേതുലക്ഷ്മിയുടെ മറുപടി കേട്ടതോടെ മാഷിനു ദേഷ്യം കൊണ്ട്  മൂക്ക് ചുവന്നു ..

" അല്ലാ.. എനിക്ക് നേര്‍ച്ചയൊന്നുമില്ല.. ശനിയും ഞായറും എനിക്ക് വീട്ടില്‍ പണിയില്ലാഞ്ഞിട്ടല്ല ഞാനീ പണിക്ക് വന്നത്.. വല്ലോം രണ്ടക്ഷരം പഠിച്ചു നന്നായിക്കൊട്ടെന്നു വിചാരിച്ചാ  ഞാനീ വായിട്ടലക്കുന്നത്. നിങ്ങള് പഠിച്ചാലും ഇല്ലെങ്കിലും എനിക്ക് ശമ്പളം കിട്ടും..  മെനക്കെടുത്താനായി വന്നോളും  ഓരോന്ന്.. പോയിരിക്കവിടെ.."

ഇത്രേം പറഞ്ഞു സേതുലക്ഷ്മിയുടെ  തലയില്‍, മാഷ്‌ തന്റെ കൈയ്യിലിരുന്ന ചോക്ക് കഷ്ണം  കൊണ്ട്  ശക്തിയായി  ഒരു കുത്ത് കുത്തി..

വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍
സേതുലക്ഷ്മിതന്‍ സുന്ദരമായ വിഗ്ഗ് അയ്യോ ശിവ.. ശിവ..!!!

നമ്പൂരി മാഷിന്‍റെ ചോക്ക് പ്രയോഗത്തില്‍ സേതുലക്ഷ്മിയുടെ വിഗ്ഗൂരി വീണു..  ഇത് കണ്ട കുട്ടികള്‍ ഓരോരുത്തരായി അടക്കി ചിരിച്ചു ക്രമേണ അതൊരു കൂട്ടച്ചിരിയായി മാറി..  വിഷണ്ണയായി നില്‍ക്കുന്ന സേതുലക്ഷ്മിയുടെ നിറ കണ്ണുകള്‍ ആരും കണ്ടില്ല..  മാവിന്‍ ചോട്ടില്‍  ചിരിയുടെ നീളം കൂടിയതോടെ  മാഷ്‌ മേശപ്പുറത്തു രണ്ടു മൂന്നിടി ഇടിച്ചു  ഉച്ചത്തില്‍ പറഞ്ഞു..

"സൈലന്‍സ്.. സൈലന്‍സ് "

പൊടുന്നനെ  മാവിന്ചോട്ടിലെ കൂട്ടച്ചിരി നിന്നു.  മണ്ണില്‍ വീണു കിടക്കുന്ന വിഗ്ഗെടുത്തു   അതില്‍ പറ്റിപ്പിടിച്ച പൊടി തട്ടി വീണ്ടും തലയില്‍ ഫിറ്റ് ചെയ്ത ശേഷം  സീതാലക്ഷ്മി  തന്‍റെ  ഇരിപ്പിടത്തിലേക്ക് പതിയെ നടന്നകലുമ്പോള്‍  ഞാന്‍ ആലോചിച്ചു പോയി.. ഈ നിമിഷം ഇവളനുഭവിച്ച നാണക്കേടിനും സങ്കടത്തിനും  എത്ര റൂട്ടിന്റെ  വിലയുണ്ടാവും?

ഈ സംഭവത്തോടെ പാലാക്കാരന്‍ റബ്ബറു മുതലാളി നമ്പൂരി മാഷ്‌ പെണ്‍കുട്ടികളെ   ചോക്ക് കൊണ്ട് മണ്ടക്ക് കുത്തുന്ന പ്രയോഗം നിര്‍ത്തി.. പകരം ചോക്ക് കഷ്ണം  കൊണ്ട് ഏറു തുടങ്ങി.. ആദ്യമൊക്കെ ഉന്നം പിഴച്ചെങ്കിലും  ക്രമേണ  ഏറു കൊള്ളേണ്ടയാള്‍ക്ക് കൊള്ളേണ്ടിടത്തോക്കെ കൃത്യമായി കൊണ്ടിട്ടുണ്ട്..

വിഗ്ഗ് കഥ ഇവിടെ പൂര്‍ണ്ണമാവുന്നു എങ്കിലും എന്റെ മുടികൊഴിച്ചിലും മൊട്ടയടിക്കണോ വിഗ്ഗ് വെക്കണോ എന്ന വികാര വിചാരങ്ങള്‍ക്ക് ഒരു തീരുമാനവുമാവാതെ  തുടരുന്നു..  :)

വാല്‍ക്കഷണം: -
ഇത് 916  ബി. ഐ. എസ്. മുദ്രയുള്ള സംഭവ കഥയാണെങ്കിലും ഇതിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ഇതല്ല..  സോഷ്യല്‍ മീഡിയ എന്ന   അണ്ഡകടാഹത്തിന്‍റെ ഏതെങ്കിലും കോണിലിരുന്ന് വിഗ്ഗുകാരി ഈ കഥ കാണുകയാണെങ്കില്‍  എന്നെ ഓടിച്ചിട്ട്‌ പിടിച്ചു ബാക്കിയുള്ള എന്‍റെ എലിവാല് പോലുള്ള മുടി കൂടി പിഴുതെടുക്കും.. വെറുതെ എന്തിനാ ഓരോ വയ്യാവേലി..  ആസ്മേടെ  അസ്കിത ഉള്ളതാണെയ്.. വലിക്കാന്‍ വയ്യ..

-: പത്മശ്രീ നായര്‍ :-





7 comments:

  1. :) വിഗ്ഗ് കഥ രസായി.

    ReplyDelete
  2. പേര് മാറ്റിയത് നന്നായി പപ്പേച്ചീ അല്ലേല്‍ മാനനഷ്ടത്തിന് പുള്ളിക്കാരി കേസ് കൊടുത്തേനെ :) . സുഖിച്ചു ട്ടോ വായന

    ReplyDelete
    Replies
    1. പിന്നില്ലാതെ.. :) താങ്ക്സ് ആര്ഷാ..

      Delete
  3. രസകരമായ എഴുത്ത് - എന്നാലും എല്ലാവരും ചിരിച്ചപ്പോള്‍ ആ കുട്ടിക്ക് വല്ലാതെ വിഷമമായിട്ടുണ്ടാവും അല്ലേ?

    ReplyDelete
  4. എന്റെ ഒരു അയല്‍ക്കാരിയുടെ മകള്‍ക്ക് കാന്‍സര്‍ വന്നു കീമോതെറാപ്പി ചെയ്തു.മുടി മുഴുവന്‍ പോയ ആകുട്ടി, കൂട്ടുകാരിയായ എന്റെ മോളെ കണ്ടാല്‍ പോലും കരയുമായിരുന്നു. ആ കുട്ടിയെ ആണ് ഞാന്‍ വിഗ് വെച്ചത് കണ്ടത്.പാവം അവള്‍ മരിച്ചിട്ട് ഈ നവംബറില്‍ ഇരുപതു വര്ഷം കഴിയുന്നു..:(
    പദമാ പതിവ് പോലെ നല്ല രചന.
    ഇത് ഞാന്‍ നേരത്തെ വായിച്ചപ്പോള്‍ കമന്റ്‌ ഇടാന്‍ മറന്നോ?

    ReplyDelete
  5. മാഷിന്‍റെ ചോക്ക് പ്രയോഗം ഗതകാലസ്മരണകളെ ഉണര്‍ത്തി........
    രസകരമായിരിക്കുന്നു വിഗ്ഗ് കഥ.
    ആശംസകള്‍

    ReplyDelete