Saturday, 16 November 2013

കല്ല്യാണ ഓര്‍മ്മകളിലെ പൈനാപ്പിള്‍ പച്ചടി..!!
പാലടയും പൈനാപ്പിള്‍ പച്ചടിയും  പണ്ടും ഇന്നും എനിക്കിഷ്ട്ടപ്പെട്ട വിഭവങ്ങള്‍ ആണ്.. ഏതെങ്കിലും സദ്യക്ക് പോയിട്ട്  ഇതിലേതെങ്കിലും  കിട്ടിയില്ലെങ്കില്‍ ഞാന്‍ വല്ലാതെ വയലന്റ് ആവും.. പിന്നെ സയലന്റ്റ്‌ ആക്കാന്‍  വളരെ പ്രയാസപ്പെടേണ്ടി വരും..
ഒരു പാലട /പൈനാപ്പിള്‍ പച്ചടി ഓര്‍മ്മകള്‍  എന്‍റെ കല്യാണസംഭവത്തില്‍ നിന്ന് തന്നെ ആവട്ടെ ല്ലേ..

എന്‍റെ കല്യാണത്തിന് മൂന്നു നാല് ദിവസങ്ങള്‍ മാത്രം ബാക്കി.. ഏപ്രില്‍ ഏഴിനായിരുന്നു വിവാഹം.. വീട്ടില്‍ നല്ല തിരക്ക്.. അമ്മയും അച്ഛനുമൊക്കെ ഓരോ കാര്യങ്ങള്‍ക്കായി  ഓടി നടക്കുന്നു.. വീട്ടിലെ കാര്യങ്ങളൊക്കെ ഞാന്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നു.  വീട് വൈറ്റ് വാഷ്‌ ചെയ്യുന്നവരും, പന്തല്‍ പണിക്കാരും, ടീ പാര്‍ട്ടിക്ക് വേണ്ട ലഡ്ഡുവും മിക്സ്ച്ചരും മൈസൂര്‍ പാവും ഉണ്ടാക്കുന്നവരുടെ തിരക്കും.. ഇവര്‍ക്കൊക്കെയുള്ള ആഹാരം പാകം ചെയ്തു കൊടുക്കണം..
ഇതിനിടക്ക്‌  കല്യാണത്തിന്  ക്ഷണിച്ചവരുടെ കുശലാന്വേഷണങ്ങള്‍ക്കായുള്ള വരവ്.. (അങ്ങിനെയൊരു ചടങ്ങ് നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.).. അവരെ സ്വീകരിക്കണം.. കല്യാണപുടവയും ആഭരണങ്ങളും കാണിചു കൊടുക്കണം.  അവര് പോയാല്‍  അടുത്ത ടീമിന്‍റെ വരവ്. ഇതിനിടക്ക്‌ ഇവരുടെ കൂടെ വരുന്ന കുട്ടിപ്പട്ടാളങ്ങളുടെ കൂടെയും വേണം ഒരു കണ്ണ്.. അല്ലെങ്കില്‍ കൈയ്യില്‍ കിട്ടിയത് അടിച്ചു മാറ്റും.  പത്തു കണ്ണും പത്തു കൈയും ഉണ്ടായാലും മതിയാവാത്ത  അവസ്ഥ.

ഈ തിരക്കുകല്‍ക്കിടയിലാണ് അച്ഛന്‍റെ ജോലി സ്ഥലത്ത് നിന്നും ഘട്ടം ഘട്ടമായി കുറെ അണ്ണാച്ചിപ്പടകള്‍ എത്തുന്നത്‌.. പിന്നെ അവരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളും നോക്കണം..

പാപ്പാ..  ഇങ്കെ കൊഞ്ചം കൂടി സാമ്പാറ് കൊടുമ്മ

അടുത്തയാള്.. "ഇഡ്ഡലി സാപ്പിടറതുകക്  വെങ്കായ  തുവയല്‍ ഇറുക്കാ '?

വേറൊരു അണ്ണാച്ചി ഭാര്യക്ക് വക്കാലത്തു മായി " പാപ്പാ   എന്‍ പോണ്ടാട്ടിക്ക് പാലില് ഹോര്‍ലിക്സ് പോട്ട് കുടിച്ചാ താന്‍ തൂക്കം വരും..  അവ  തൂങ്കലെ ന്നാ  എനക്കും തൂങ്ക മുടിയാത്..  കൊഞ്ചം തയ്യാര്‍ പണ്ണി കൊടുത്തിരപ്പ."വേറൊരു തമിഴന്‍.." സാപ്പാട്ടുക്ക് അപ്രം വെത്തല പോടണം.. റോജ പാക്ക് ഇറുക്ക?"

അണ്ണാച്ചിമാര് ഇറുക്കി ഇറുക്കി എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.. എന്ത് ചെയ്യാന്‍ അതിഥി ദേവോ   ഭവ:  എന്നല്ലേ   പ്രമാണം.. നേരെ ചൊവ്വേ  വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ കൂടി കഴിഞ്ഞില്ല ആ ദിവസങ്ങളില്‍.

ഏപ്രില്‍ ഏഴ്.. ബന്ധുമിത്രാദികള്‍ എല്ലാം നേരത്തെ എത്തി നേരെ അടുക്കളയിലേക്കു പോയി ഉപ്പുമാവും പഴവും കഴിച്ചു സംതൃപ്തരായി ഏമ്പക്കം വിട്ടു.  കൃത്യ സമയത്ത് തന്നെ വധുവിനെയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പല കാറുകളിലായി  തിരുവില്വാമല വില്വാദ്രിനാഥ തിരുസന്നിധിയിലേക്ക്  തിരിച്ചു.. നിശ്ചയിച്ച ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ ബന്ധുമിത്രാദികളുടെ അനുഗ്രഹാശിസ്സുകളോടെ പത്മശ്രീ നായര്‍ രവീന്ദ്രന്‍ നായരുടെ ഭാര്യയായി.

അടുത്ത കലാപരിപാടി കല്യാണ സദ്യ.. "കല്യാണപ്പെണ്ണിനു എന്തൊരാക്രാന്തം" എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കില്ലെന്നും  കുറച്ചു എക്സ്ട്ര ഡീസന്റ് ആകണമെന്നും ഞാന്‍ നേരത്തെ  തീരുമാനിച്ചിരുന്നു..  ഇലയില്‍ വിളമ്പിയ സദ്യവട്ടങ്ങളിലൂടെ കണ്ണുകള്‍ കൊണ്ടൊരു ഓട്ടപ്രദക്ഷിണം നടത്തി..  പെട്ടെന്നെന്റെ കണ്ണുകള്‍ ഓട്ടം നിര്‍ത്തി.. ദാണ്ടെ ഇരിക്കുന്നു  എന്റെ ഫേവറിറ്റ്  പൈനാപ്പിള്‍  പച്ചടി.. !!! ഡീസന്റ് ആവാനുള്ള തീരുമാനമോക്കെ ഫൂ ന്നു ഊതി  കാറ്റില്‍ പറത്തി  ഒറ്റയടിക്ക്‌ പച്ചടി  വാരി അകത്താക്കി.. ചോറില്‍ വിരലുകൊണ്ട് വെറുതെ ഞെരടി കൊണ്ടിരിക്കുമ്പോ  ദാ വീണ്ടും വരണു  കാവി മുണ്ടുടുത്ത ചെറുപ്പക്കാരനായ പച്ചടി വിളമ്പുകാരന്‍.. എന്‍റെ അടുത്തെത്തിയപ്പോള്‍  ആരും കാണാതെ കക്ഷിയുടെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.. പുള്ളിക്ക് സംഗതി പിടി കിട്ടി.. എന്‍റെ ഇലയിലേക്ക് വീണ്ടും പച്ചടി വന്നു..  കാവിമുണ്ടുകാരന്‍ ഒന്ന് കറങ്ങി തിരിഞ്ഞു വീണ്ടും വന്നു..  കണ്ണിറുക്കലും പച്ചടി വിളമ്പും മൂന്നാല് വട്ടം ആവര്‍ത്തിച്ചപ്പോള്‍  അപ്പുറമിപ്പുറം ഇരുന്നുണ്ണുന്നവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പുതുകണവന്‍ ഇതൊന്നും അറിയാതെ പാലട  കേറ്റുന്നു..  പൈനാപ്പിള്‍ പച്ചടിയില്‍  സ്ഥലകാലബോധം നഷ്ട്ടപ്പെട്ട  വധു   പാലട വിളമ്പി പോയതൊന്നും അറിഞ്ഞില്ല..  അറിഞ്ഞപ്പോഴേക്കും ഓരോരുത്തരായി എഴുന്നേറ്റു പോയി തുടങ്ങി.. പാലട കിട്ടാത്ത സങ്കടത്തില്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു കൈ കഴുകാനായി പുറത്തെത്തിയപ്പോള്‍ കണ്ടതോ.. ദാണ്ടെ  കല്യാണ ചെക്കന്‍  ദേഹണ്ണക്കാരെ സോപ്പിട്ട് പിന്നേം പാലട വാങ്ങി കുടിക്കുന്നു..  വേണോന്നൊരു ഭംഗിക്ക് പോലും ചോദിച്ചില്ല..

എല്ലാം കഴിഞ്ഞു.. അതിഥികള്‍ ഓരോരുത്തരായി  പിരിഞ്ഞു പോയി..  രാത്രിയായി.. ഭക്ഷണം കഴിച്ചു.. ക്ഷീണം കൊണ്ട് ഇടനാഴിയില്‍ ഒരു മൂലയ്ക്ക് ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന എന്നെ അമ്മായിയുടെ കൈകള്‍ ശക്തിയായി പിടിച്ചു കുലുക്കിയിട്ട്  ഒരു കള്ളച്ചിരിയോടെ പറഞ്ഞു..

 " എണീക്ക്  ഈ പാലും കൊണ്ട് റൂമിലേക്ക്‌ പൊയ്ക്കോ".

ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി പാല് ഗ്ലാസ്സുമായി വലതു കാലു വെച്ച് മണിയറയിലേക്ക്   കയറിയപ്പോള്‍ പിന്നില്‍ വാതില് അടയുന്ന ശബ്ദം കേട്ടു.. മീനമാസത്തിലെ കൊടും ചൂട്..വൈദ്യുതിയും അന്ന് പണിമുടക്കില്‍..!! ജനലുകളും വാതിലുകളും അടച്ചിട്ട മുറിയില്‍ ഇരുന്നു ഉഷ്ണിച്ചു വിയര്‍ത്തോഴുകുകയായിരുന്നു.   വിറയാര്‍ന്ന പാദങ്ങളോടെ കട്ടിലിന്നരികിലേക്ക് നടന്നു ചെന്ന് നാണത്തോടെ പാല്‍ നിറച്ച ഗ്ലാസ്‌  ഭര്‍ത്താവിനു നേരെ നീട്ടി.  വാങ്ങി ഒറ്റ വലിക്ക് കുടിക്കാന്‍ തുടങ്ങി.. പകുതിയിലധികം കുടിച്ചു തീര്‍ത്തിട്ട് എന്‍റെ നേര്‍ക്ക്‌ നീട്ടി..  ദാ കുടിച്ചോളൂ..  ഒരു ഫോര്മാലിട്ടിക്ക് ഞാന്‍ പറഞ്ഞു  " വേണ്ട".. കേള്‍ക്കേണ്ട താമസം  ബാക്കിയുള്ളതും   കക്ഷി അകത്താക്കി..

ഞാനന്തം വിട്ടു ആലോചിച്ചു പോയി.. ഉച്ചക്ക് പാലട.. ഇപ്പൊ ദേ  പാല്.. ഹീശ്വരാ  ഇങ്ങേര്‍ക്ക് ആരെങ്കിലും   പാലിലും പാലടയിലും  കൈവിഷം കൊടുത്തിട്ടുണ്ടാവ്വോ ...

മണിയറ ദീപം അണഞ്ഞു.. !!!  പ്ലിംഗ്.. ഇന്റര്‍വെല്‍നു ശേഷമുള്ള  ഭാഗങ്ങള്‍ 'നിറം മാറി'  എന്നു പറഞ്ഞു സെന്‍സര്‍ബോര്‍ഡ്  കത്തി വെച്ചു.. !!!!!!! സോറി ട്ടോ..

വല്ലപ്പോഴും  ഇക്കാര്യങ്ങള്‍ പറഞ്ഞു ചിരിക്കുന്നതിനിടക്ക്  ആദ്യരാത്രിയില്‍  ഭര്‍ത്താവ് കുടിച്ച പാലിന്‍റെ പകുതി തരാത്തതില്‍ ഉള്ള ഖേദം പറയുമ്പോള്‍   എനിക്ക് കിട്ടുന്ന  മറുപടി ഇതാണ്..

"കഴിഞ്ഞതൊക്കെ കഴിഞ്ഞു..കാലമിത്രയോക്കെ ആയില്ലേ..  ഇനീപ്പോ അതൊന്നും ഒരു ഇശ്യൂ ആക്കണ്ട.."

പ്ലിംഗ്.. പ്ലിംഗ്..


-പദ്മശ്രീ നായര്‍-
4 comments:

 1. പാലടയും ,പൈനാപ്പിള്‍ പച്ചടിയും അതികേമമായി..
  പക്ഷേ,, !! ഇന്‍റെര്‍വെല്‍ കഴിഞ്ഞപ്പോ ഓപ്പോളെന്താ ക്ലൈമാക്സില്‍ സെന്‍സര്‍
  സെന്‍സര്‍ ചെയ്തേ..!! വെര്‍തേ കൊതിപ്പിച്ചു..!! :p

  'ഓപ്പോള്‍ടച്ച് ' വരികളിലുടനീളം വിളങ്ങിനില്‍ക്കുന്നു.
  ഒരു കല്യാണവീട്ടില്‍ കയറിയിറങ്ങിയ
  പ്രതീതിയാണ് വായിച്ചുകഴിഞ്ഞപ്പോള്‍
  അനുഭവപ്പെട്ടത്. അതുകൊണ്ട്തന്നെ ഈ ഓര്‍മ്മക്കുറിപ്പ് ഓപ്പോളുടെ
  എഴുത്തുകളില്‍ മറ്റൊരു പൊന്‍തൂവല്‍ ആയി പരിലസിക്കുന്നു..

  അഭിനന്ദനങ്ങള്‍..!!

  ReplyDelete
 2. എന്‍റെ അക്കൂ.. ഇതൊക്കെ കുട്ട്യോള് വായിക്കണതല്ലേ.. അപ്പൊ പിന്നെ സെന്‍സര്‍ ചെയ്യാതെ പറ്റ്വോ ങേ.. ശ്ശി സന്തോഷായി ട്ടോ..

  ReplyDelete
 3. പദ്മം...ഞങ്ങടെ അവിടെയൊക്കെ. (കോഴിക്കോടും കൊച്ചിയിലും) താലി കെട്ടിക്കഴിഞ്ഞാല്‍ തുടങ്ങുകയായി നിര്‍ത്തിയും ഇരുത്തിയും ചാഞ്ഞും ചരിഞ്ഞും കൂട്ടുകാരെ കൂട്ടിയും കുടുംബക്കാരെ കൂട്ടിയും ഉള്ള ഫോട്ടോ സെഷന്‍ .അത് കഴിയുമ്പോഴേക്കും കഥാനായകനും നായികയും എവിടെയെങ്കിലും ചെന്ന് രണ്ടു വട്ടു വാരിത്തിന്നു വിഷപ്പടക്കിയാല്‍ മതി എന്ന മട്ടില്‍ ആവും. അതൊന്നും നിങ്ങള്ക്ക് ഉണ്ടായില്ലേ. ഉണ്ടെങ്കില്‍ രണ്ടു ഫോട്ടോസ് കൂടെ ചേര്‍ക്കു കുഞ്ഞേ. ഞങ്ങളും കാണട്ടെ. അന്നത്തെ കോലം
  എന്നാലും കല്യാണ പെണ്ണിനെ കൊണ്ട് കല്യാണ തലേന്ന് പോലും ജോലി ചെയ്യിച്ചത് ഇത്തിരി കടുപ്പായി പോയി ട്ടൊ.
  നിറമുള്ള സ്വപ്നങ്ങളും കണ്ടിരിക്കേണ്ട നേരത്ത് ...ശ്ശൊ
  ഇഷ്ടായി ഈ പോസ്റ്റ്‌.

  ReplyDelete
 4. കല്യാണ തലേന്ന് ജോലി ചെയ്യിപ്പിച്ചതില്‍ ഞാനും സങ്കടം രേഖപ്പെടുത്തുന്നു പപ്പേച്ചീ :). പാലട എന്റെയും ഒരു വീക്നെസ്സാ... ;)

  ReplyDelete