Sunday, 26 May 2013

ഇന്നത്തെ വിഷയം അമ്മ.. അമ്മായിയമ്മ.. !!ഒരു പെണ്‍കുട്ടിയെ യോഗ്യനായ ഒരു പുരുഷനെ കണ്ടെത്തി
അവന്‍റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ പെണ്കുട്ടിയെക്കാള്‍ കൂടുതല്‍ പ്രതീക്ഷകള്‍
അവളുടെ അമ്മക്കാവും..
തന്‍റെ മകളെ ഭര്‍ത്താവ് അളവറ്റു സ്നേഹിക്കണം..
ഭര്‍തൃഗൃഹത്തില്‍ അവള്‍ക്കു സ്ഥാനമാനങ്ങള്‍ ഉണ്ടാവണം..
അവള് പറയുന്നത് അവിടുള്ളവര്‍ക്ക് വേദവാക്യങ്ങള്‍ ആവണം..
അവള് പറയുന്നതിനപ്പുറം ആ വീട്ടില്‍ കാര്യങ്ങള്‍ നടക്കരുത് എന്നൊക്കെ..!!

പെണ്‍കുട്ടി തന്‍റെ ഭര്‍ത്താവിനോടോപ്പമുള്ള
ഒരു സന്തോഷ ജീവിതം മാത്രം  സ്വപ്നം കാണുമ്പോള്‍
അമ്മയുടെ സ്വപ്‌നങ്ങള്‍ പാലക്കാടന്‍ പാടശേഖരങ്ങള്‍ പോലെ വിശാലമാണ്..!!
മകള്‍ ആ നാടിനെ തന്നെ ഭരിക്കണം എന്നുവരെ ആഗ്രഹിക്കും..!
അതിനുവേണ്ട സകലമാന ട്രെയിനിംഗ് കൊടുക്കുകേം ചെയ്യും..!
ങാ...!! അത് പോട്ടെ..!അമ്മയല്ലേ മകളെ കുറിച്ച്
അങ്ങനൊക്കെ ആഗ്രഹിച്ചതില്‍ കുറ്റം പറയാന്‍ പാടുണ്ടോ..?

പക്ഷെ ഇതേ അമ്മ, മകന്‍ കല്യാണം കഴിച്ചുകൊണ്ടുവരുന്ന

പെണ്‍കുട്ടിയുടെ മുമ്പില്‍ അമ്മായിയമ്മ ആയി രൂപാന്തരം പ്രാപിക്കുന്നു..!!
മരുമകള്‍ തന്‍റെ സര്‍വ്വ ശക്തിയും സംഭരിച്ചു അമ്മായിയമ്മയുടെ
ഇഷ്ട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാലും ഭൂതക്കണ്ണാടി വെച്ച്
അതിലൊക്കെ എന്തെങ്കിലും കുറ്റങ്ങള്‍ ചിക്കി ചികഞ്ഞെടുത്തിരിക്കും..!!
എഴുന്നേല്‍ക്കാന്‍ ഒരഞ്ചു മിനിട്ട് വൈകിയാല്‍ കുറ്റം..!!

(മൂട്ടില്‍ വെയില് തട്ടുന്നതുവരെ കിടന്നുറങ്ങിയിരുന്ന മകളെ
ആ നിമിഷം അമ്മ അമ്മായിയമ്മ മറക്കും)

തുമ്മിയാല്‍ കുറ്റം...,
ഒന്നിരുന്നാല്‍ കുറ്റം...,
ഭര്‍ത്താവിനോട് എന്തെങ്കിലും മിണ്ടിയാല്‍ കുറ്റം,...!!

വല്ലപ്പോഴും അവളുടെ വീട്ടിലേക്കു സ്വന്തം അച്ഛനമ്മമാരെയും
സഹോദരങ്ങളെയും കാണാന്‍ പോകാന്‍ അമ്മായിയമ്മയുടെ സമ്മതം വേണം..!!
ഇവരുടെ ഇടയില്‍ കഷ്ട്ടപ്പെടുന്നതോ പാവം മകന്‍..,.!!
ഭാര്യയുടെയും അമ്മയുടെയും ഇടയില്‍ നിസ്സബ്ദനായി നില്‍ക്കാനേ മകന് കഴിയൂ..!

ആരുടെയെങ്കിലും ഭാഗത്ത് നിന്നാല്‍ പ്രതിപക്ഷം ചന്ദ്രഹാസം ഇളക്കും..!
അച്ചിക്കോന്തന്‍ എന്ന് അമ്മ പേരിടും..!!
"അമ്മേടെ സാരി തുമ്പില്‍ തൂങ്ങാനായിരുന്നെങ്കില്‍ 
എന്‍റെ ജീവിതം നശിപ്പിച്ചതെന്തിനെ"ന്നു  ചോദിച്ചു ഭാര്യ ചീറും.!!

പാവം ഒരു ഭര്‍ത്താവ് - കം- മകന്‍റെ നാശം ഇവിടെ തുടങ്ങുന്നു..!!
മകന്‍റെ നാശത്തിന്‍റെ  പൂര്‍ണ്ണ ഉത്തരവാദിത്വം
മരുമകളുടെ തലയില്‍ കെട്ടി വെച്ച് കൈയ്യും മുഖവും കഴുകി 
ചാരുകസേരയില്‍ അമ്മായിയമ്മ വിശ്രമിക്കുന്നു..!

അമ്മായിയച്ചന്മാര്‍ ഇക്കാര്യത്തില്‍ ഒരു പരിധി വരെ നിരപരാധികള്‍ ആണ്..

ഞാന്‍ ഈ പറഞ്ഞതൊക്കെ ഒരു പൊതുവായ വസ്തുതകള്‍ ആണ്.


ഒരു പക്ഷെ ഇതില്‍ നിന്നൊക്കെ മാറി ചെറിയൊരു ശതമാനം കുടുംബം ഉണ്ടാവാം..
മകള്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും കിട്ടണം എന്ന് ആഗ്രഹിക്കുന്ന അമ്മ,!!
മകന്‍റെ ഭാര്യയുടെ കാര്യത്തില്‍ മറിച്ചു ചിന്തിക്കുന്നതെന്തിന്.. ?
സ്നേഹിച്ചാല്‍ മരുമകള്‍മകളെക്കാള്‍ മാറ്റു കൂടിയ
തങ്കമ്മയോ പൊന്നമ്മയോ ഒക്കെയാവും ..!!
തൊട്ടതിനും പിടിച്ചതിനും ഒക്കെ അവരുടെ ജീവിതത്തില്‍ കേറി ഇടപെടാതിരിക്കുക..!!
അവരും അനുഭവിക്കട്ടെ സ്വാതന്ത്ര്യം, തന്‍റെ മകളെ പോലെ തന്നെ..!!
അവളെയും നിങ്ങളെ പോലെ ഒരമ്മ പെറ്റതല്ലേ..?
പ്രതീക്ഷകളോടെ നിങ്ങളുടെ അടുത്തേക്ക് അയച്ചതല്ലേ..?

സ്നേഹിക്കൂ.. മകളെക്കാള്‍..,..!!
പതിന്മടങ്ങ്‌ സ്നേഹം അവള്‍ തിരിച്ചു തരും.. നിങ്ങളുടെ മകന്‍റെ ജീവിതം സന്തോഷകരമായിരിക്കും...!


ശിഷ്ടം:-

എന്‍റെ അമ്മായിയമ്മ സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഈ സ്റ്റാറ്റസ് വായിക്കുകയാണെങ്കില്‍ ...!!

"ഹമ്പടീ അപ്പൊ നിന്‍റെ മനസ്സില്‍ ഇതൊക്കെ ആയിരുന്നു ല്ലേ.
 നീ ഇങ്ങോട്ട് വരുമല്ലോ .. ഇതിനുള്ളത് ഞാന്‍ അപ്പോ തരാം "
 എന്ന് ആത്മഗതം ചെയ്തു പല്ലിറുമ്മുന്നുണ്ടാവും..!!

 സാരമില്ല.. ഞാന്‍ പോകുമ്പോള്‍ ഒരു പുളിയിലക്കരമുണ്ടു കൊണ്ട് കൊടുത്താല്‍ പുള്ളിക്കാരി ഖുശ്‌ ഹോ ജായേഗി..:)) ഏവര്‍ക്കും ശുഭദിനം.....!

Monday, 20 May 2013

'തിരുവാതിര'

ധനുമാസത്തില്‍  തിരുവാതിര..ഭഗവാന്‍ തന്‍റെ തിരുനാളാണെ 
ഭഗവതിക്ക് തിരു നോല്‍മ്പാണെ..ഉണ്ണരുതേ  ഉറങ്ങരുതേ..

മലയാളി  മങ്കമാരുടെ ഉത്സവം. ശിവ-ശക്തിസംയോഗത്തിന്റെ പൊരുളാണ് തിരുവാതിര. വ്രതത്തിന് പ്രാമുഖ്യമുളള ഉത്സവമാണിത്. ആര്‍ദ്രാവ്രതം (തിരുവാതിര നോമ്പ്) ധനുമാസത്തിലെ തിരുവാതിര നാളിനെ അടിസ്ഥാനമാക്കിയാണ്. തിരുവാതിര നക്ഷത്രം ശ്രീപരമേശ്വരന്റെ തിരുനാളാണെന്ന് വിശ്വസിക്കപ്പെടുന്നു.  പരമശിവനെ പുരുഷപ്രതീകമായും പാര്‍വതിയെ സ്ത്രീപ്രതീകമായും ശിവശക്തിമാരുടെ സപൃക്തതയെ ദാമ്പത്യത്തിന്റെ മാതൃകയായും അധ്യവസായം ചെയ്തിട്ടുളള ഒരു സങ്കല്പമാണ്  തിരുവാതിര. ഭര്‍ത്താവിന് നെടുനാളത്തെ ആയുരാരോഗ്യസമ്പത്തുണ്ടാകുന്നതിനും ഭാര്യമാരുടെ നെടുമംഗല്യപ്രാപ്തിക്കും വേണ്ടിയാണ് ആര്‍ദ്രാനുഷ്ഠാനം.   

ഏഴര വെളുപ്പിന് ഉണര്‍ന്ന് സ്ത്രീകള്‍ കൂട്ടം കൂട്ടമായി തിരുവാതിരപ്പാട്ടുകള്‍ പാടിയെത്തുകയും കുളത്തിലോ പുഴയിലോ തുടിച്ചു പാടിക്കുളിച്ച് ക്ഷേത്രാരാധന നടത്തി ഇലക്കുറിയും ചാന്തുമണിഞ്ഞ് വീട്ടിലെത്തുകയും ചെയ്യുന്നു. ചില സ്ഥലങ്ങളില്‍ മകയിരം നോമ്പുണ്ട്. മകയിരം നോമ്പ് മക്കളുടെ ക്ഷേമത്തെ ഉദ്ദേശിച്ചുള്ളതാണ്. മകയിരം നാളില്‍ കാച്ചില്‍, കിഴങ്ങ്, കൂര്‍ക്ക, കദളിപ്പഴം, നാളികേരം തുടങ്ങി എട്ടുവിധം സാധനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന എട്ടങ്ങാടി നിവേദിക്കുന്നു. അന്ന് നെല്ലരിയാഹാരം പാടില്ല. ഗോതമ്പ്, ചാമ, കിഴങ്ങുകള്‍ എന്നിവയാണ് ആഹാരം. ഉച്ചയ്ക്ക് ഉടുത്തൊരുങ്ങി  സ്ത്രീകള്‍ ഒത്തുചേരും; പാട്ടുപാടും; കൈകൊട്ടിക്കളിക്കും; ഊഞ്ഞാലാടും. ഊഞ്ഞാലാട്ടം തിരുവാതിരക്കാലത്തെ സ്ത്രീവിനോദമാണ്. തിരുവാതിര നോമ്പില്‍ നൂറ്റൊന്നു വെറ്റിലമുറുക്ക്, തുടിച്ചുകുളി, പാതിരാ പൂ ചൂടല്‍, തിരുവാതിരച്ചമയം എന്നിവ പ്രധാനമാണ്. 

തിരുവാതിരയുടെ പുരാവൃത്തം ഇതാണ്: ദക്ഷപ്രജാപതിയുടെ ജാമാതാവാണ് ശിവന്‍....., ശിവനോടൊത്തുള്ള മത്സരം കൊടുമ്പിരിക്കൊണ്ട് ദക്ഷന്‍ ഒരിക്കല്‍ ബൃഹസ്പതീസവനം എന്ന യാഗം നടത്തി. ശിവനെയോ മകള്‍ സതിയെയോ യാഗത്തിന് ക്ഷണിച്ചില്ല. ക്ഷണിച്ചില്ലെങ്കിലും പിതാവിന്റെ യാഗത്തില്‍ പങ്കുകൊള്ളേണ്ടത് പുത്രീധര്‍മമാണെന്ന് സതി കരുതി. ശിവന്‍ ആദ്യം തടഞ്ഞെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി. യാഗത്തിനു ചെന്ന മകളെ അച്ഛന്‍ അവഗണിച്ചു. അപമാനംകൊണ്ട് ദുഃഖിതയായ സതി ഒരു അഗ്നികുണ്ഡമുണ്ടാക്കി അതില്‍ ചാടി മരിച്ചു. തുടര്‍ന്ന് ശിവ നിയോഗത്താല്‍ വീരഭദ്രനും ഭദ്രകാളിയും കൂടി ദക്ഷയാഗം മുടക്കുകയും ദക്ഷനെ വധിക്കുകയും ചെയ്തു. പത്നീവിയോഗത്താല്‍ ദുഃഖിതനായി ശിവന്‍ ഹിമാലയത്തില്‍ തപസ്സാരംഭിച്ചു. ഇക്കാലത്താണ് ബ്രഹ്മാവില്‍ നിന്നും വരം നേടിയ താരകാസുരന്‍ മൂന്നുലോകങ്ങളും കീഴടക്കിയത്. ശിവന് പുത്രനായി ജനിച്ചിട്ട് ഏഴുനാള്‍ കഴിയാത്ത ഒരു ശിശുവിനു മാത്രമേ അവനെ നിഗ്രഹിക്കാന്‍ കഴിയൂ. ശിവനാകട്ടെ അഗാധമായ ധ്യാനത്തിലും.. ഇന്ദ്രാദികളും ബ്രഹ്മാവും വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെക്കണ്ട് ആലോചന നടത്തി. സതീദേവി പാര്‍വതി എന്ന പേരില്‍ ഹിമവാന്റെ പുത്രിയായി അവതരിച്ചിട്ടുണ്ട്. ഉഗ്രതപസ്വിയായിക്കഴിയുന്ന ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പരിചരിച്ചു കൊണ്ടിരിക്കുകയാണ് അവള്‍....,, ശിവന്റെ തപസ്സു മുടക്കാനായി ദേവന്മാര്‍ കാമദേവനെ  സമീപിച്ച് ശിവന് പാര്‍വതിയില്‍ അനുരാഗമുണ്ടാക്കിത്തീര്‍ക്കണമെന്ന് അപേക്ഷിച്ചു. ശിവതപസ്സിന് ഭംഗംവരുത്തുന്നത് തന്‍റെ നാശത്തിനിടയാക്കുമെന്നു കാമദേവനറിയാം. ഏതായാലും നിര്‍ബന്ധത്തിനു വഴങ്ങി, കാമദേവന്‍ ശിവനുനേരേ കാമബാണങ്ങളെയ്തു. ശിവന്‍ ചഞ്ചല ചിത്തനായി; അരികെയുള്ള പാര്‍വതിയില്‍ പെട്ടെന്ന് അനുരക്തനായി. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ തന്‍റെ തപസ്സിനു ഭംഗം വരുത്തിയ കാമദേവനെ  തന്‍റെ തൃക്കണ്ണിലെ അഗ്നിയില്‍ ചാമ്പലാക്കി. ദേവന്മാര്‍ ദുഃഖിതരായി; കാമപത്നിയായ രതീദേവി നിലവിളിച്ചു. കാമനില്ലെങ്കില്‍ ദാമ്പത്യമില്ലാതെ ഭൂമി ദൗര്‍ഭാഗ്യത്തിലാകും. പരിഹാരത്തിനായി സ്ത്രീപുരുഷന്മാര്‍ ശിവപാര്‍വതിമാരെ ധ്യാനിച്ച് വ്രതം അനുഷ്ഠിച്ചു തുടങ്ങി. കാമദഹനം നടന്ന സ്ഥലത്ത് നിന്നു കൊണ്ട് പാര്‍വതിയും തപസ്സുതുടങ്ങി. ഭക്തരില്‍ സന്തുഷ്ടനായ ശിവന്‍ കാമനെ ജീവിപ്പിച്ചു. ശിവന്‍ പാര്‍വതിയെ വിവാഹം ചെയ്തു. അവരുടെ വിവാഹം ധനുമാസത്തിലെ തിരുവാതിരനാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കാമദേവന്റെ ജീവന്‍ തിരിച്ചു കിട്ടാനായി ദേവന്മാരും മറ്റും അനുഷ്ഠിച്ച വ്രതത്തിന്റെ ഓര്‍മയ്ക്കായിട്ടത്രെ തിരുവാതിരവ്രതം അനുഷ്ഠിക്കുന്നത്. കാമദഹനം നടന്നപ്പോള്‍ ദുഃഖിതയായ രതീദേവിക്ക് ഭര്‍ത്തൃസമാഗമം ആശംസിച്ച് പാര്‍വതി വരം നല്കിയത്രെ. ആ പുനര്‍ലബ്ധിയുടെ ഓര്‍മയ്ക്കായിട്ടാണ് തിരുവാതിര കൊണ്ടാടുന്നതെന്നും വിശ്വാസമുണ്ട്.  

ആചാരങ്ങളും ആഘോഷങ്ങളും എന്തുമാകട്ടെ.. അതിന്നു പിന്നിലുള്ള ഉദ്ദേശ്യം മാനുഷിക നന്മകള്‍ മാത്രം..  എന്‍റെ എല്ലാ കൂട്ടുകാരികള്‍ക്കും നെടുമാംഗല്യം ഉണ്ടാവാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.. എല്ലാ കൂട്ടുകാര്‍ക്കും ആനന്ദഭരിതമായ ദാമ്പത്യം ആശംസിക്കുന്നു..അവിവാഹിതരായ കൂട്ടുകാര്‍ക്ക് ഭാവിയില്‍ നല്ലൊരു ദാമ്പത്യജീവിതം ഉണ്ടാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു..   എല്ലാവര്ക്കും  തിരുവാതിര ആശംസകള്‍.!!!!!

(ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം കൂടി പറയാം.. എന്‍റെ ജന്മ നക്ഷത്രവും തിരുവാതിര ആണേ..)


_പദ്മശ്രീ നായര്‍-_
മനസ്സ് കരണത്തടിച്ച കഥ..!!


സുപ്രഭാതം..!!!
ഇന്നത്തെ പ്രഭാതഭേരിയിലേക്ക് 
എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം..!! 

ഈ ഇടെയായി ഇവിടുള്ള കുറച്ചു പേര്‍ എന്നോട് പറയ്വാ..!
'ചേച്ചി ഭാഗ്യവത്യ, പുണ്യം ചെയ്തോളാ' ന്നൊക്കെ..!!
നിക്കാണെങ്കില്‍ ഒരു പിടീം കിട്ടീല്ല്യ. ന്താ.. ചാ അങ്ങനുള്ള പരിപാടികളൊന്നും
ഞാന്‍ ചെയ്തിട്ടേ ല്ല്യെ.. . പിന്നെ കൊറെ കുത്തിയിരുന്ന് ചിന്തിച്ചു..!!
അപ്പൊ നിങ്ങളെ പറ്റി ഒക്കെ കുശുമ്പ് തോന്നി..
എന്തിനാന്നറിയ്വോ..?
ശ്ശോ നിങ്ങള്‍ക്കൊക്കെ എന്താ കഴിവ്..!!!
ചിലരൊക്കെ കടിച്ചാ പൊട്ടാത്ത സാഹിത്യത്തിലും
പൊട്ടുന്ന സാഹിത്യത്തിലും ഒക്കെ വെച്ച് കീറ്വല്ലേ..!!
ഭാഷാ നൈപുണ്യം,
കഥഎഴുത്ത്,
കവിത,
ചിത്ര രചന,
പാട്ട്, കൂത്ത്‌,
ഫോട്ടോ ഷോപ്പ്,

രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങള്‍,
ബ്ലോഗ്‌ എഴുത്ത്,
പാര പണി... അങ്ങനന്ഗ്നങ്ങനെ....!!
കുശുമ്പ് തോന്നാണ്ടിരിക്ക്യോ..!!
അപ്പൊ ദാ ന്‍റെ കരണത്ത് പടക്കം പൊട്ടണ പോലെ ഒരടി..!!
വേറെ ആര്വോല്ല.. ന്‍റെ മനസ്സ് തന്നെ..!

അടീം തന്നിട്ട് ന്നോട് പറഞ്ഞു.."ഡീ പോത്തേ.. !!
വളവളാന്നു ചെലക്കാനല്ലാണ്ട് നിന്നെ കൊണ്ട് ഇത് വല്ലെനും പറ്റ്വോ..?
ഇല്ല്യലോ.. ങാ അതോണ്ടാ ദൈവം ഇത്രേം കഴിവുള്ലോരെ
ഒക്കെ നിനക്ക് കൂട്ടുകാരായിട്ടു തന്നത്.. 
അവരൊക്കെ നിന്‍റെ സ്വന്തല്ലേ..?
അതോര്‍ത്തു സന്തോഷിക്ക്യല്ലേ വേണ്ടത്.." 

ഹും.. ശെരിയാ മനസ്സ് പറഞ്ഞത്..
ഞാന്‍ അത്രയ്ക്ക് ആലോചിചില്ല്യ..!!
ഇപ്പൊ പുടി കിട്ടി..
ചേച്ചി ഭാഗ്യം ചെയ്തോളാ പുണ്യം ചെയ്തോളാ ..!!
എന്നൊക്കെ പറഞ്ഞെന്റെ അര്‍ഥം..
അക്ഷരം പ്രതി ശെരിയാ..
ഞാന്‍ പുണ്യം ചെയ്തോളു തന്ന്യാ..!!
നിങ്ങളെ ഒക്കെ കൂട്ടായി കിട്ടിയ ഞാന്‍ ഭാഗ്യവത്യാ.. !
പകരം തരാന്‍ ഒന്നൂല്ല്യാ.. ന്‍റെ സ്നേഹം അല്ലാതെ..   

എല്ലാവര്‍ക്കും സ്നേഹത്തോടെ നേരുന്നു ശുഭദിനം..:)))


_പദ്മശ്രീ നായര്‍_

'ഉത്രാടപ്പാച്ചില്‍""' ഒരു കുഞ്ഞനുഭവം ...!!
ഈ ഉത്രാട പാച്ചില്‍ ..!!

ഉത്രാടപ്പാച്ചില്‍ എന്നു കുറെ കാലമായി കേള്‍ക്കുന്നു...!!

അതെന്തു സംഭവം ആണെന്നറിയാന്‍ ഇന്ന് ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി ഓടി.. അപ്പോള്‍ ദേ.. നേരെ വരുന്നു കൊമ്പും കുലുക്കി ഒരു എരുമ...!!
ഹെന്റമ്മോ...!!
അതിന്‍റെ തലോടലില്‍ പെടാതെ കഷ്ട്ടിച്ചു രക്ഷപ്പെട്ടു...!!

കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ അതാ വരുന്നു..!!
ഒരു ശ്വാനന്‍ ഓണപ്പാട്ടും പാടി...!!
കുറച്ചുദൂരം അവന്‍ എന്റെ പുറകെ കൂടി..
ഇത്തിരി വഴികൂടി പിന്നിട്ടപ്പോള്‍ ദേ..!
ഒരു മഹാന്‍ തന്‍റെ ഇരുചക്ര ശകടത്തില്‍ പാഞ്ഞുവന്നു -
വഴിയരികില്‍ കെട്ടികിടക്കുന്ന ചെളിവെള്ളം
വളരെ മാന്യമായ രീതിയില്‍ ദേഹത്തേക്ക് തെറിപ്പിച്ചു..!!
ഓണം പ്രമാണിച്ച് ഉടുത്ത കസവുകരയുള്ള സാരിയില്‍
അതിമനോഹരമായ ചിത്രങ്ങള്‍... ഹോ.. !!
ഇതിനാണോ ഈ മനുഷ്യര്‍ ഇങ്ങിനെ പായുന്നത്?
മേലാല്‍ ഉത്രാടപാച്ചില്‍ എന്നു ആരെങ്കിലും
എന്നെ കേള്‍ക്കെ പറഞ്ഞാല്‍............,..!!
ഹും...!!ബാക്കി ഞാന്‍ അപ്പൊ പറഞ്ഞോളാം...!


_പദ്മശ്രീ നായര്‍-_