Monday 20 May 2013

'തിരുവാതിര'





ധനുമാസത്തില്‍  തിരുവാതിര..ഭഗവാന്‍ തന്‍റെ തിരുനാളാണെ 
ഭഗവതിക്ക് തിരു നോല്‍മ്പാണെ..ഉണ്ണരുതേ  ഉറങ്ങരുതേ..

മലയാളി  മങ്കമാരുടെ ഉത്സവം. ശിവ-ശക്തിസംയോഗത്തിന്റെ പൊരുളാണ് തിരുവാതിര. വ്രതത്തിന് പ്രാമുഖ്യമുളള ഉത്സവമാണിത്. ആര്‍ദ്രാവ്രതം (തിരുവാതിര നോമ്പ്) ധനുമാസത്തിലെ തിരുവാതിര നാളിനെ അടിസ്ഥാനമാക്കിയാണ്. തിരുവാതിര നക്ഷത്രം ശ്രീപരമേശ്വരന്റെ തിരുനാളാണെന്ന് വിശ്വസിക്കപ്പെടുന്നു.  പരമശിവനെ പുരുഷപ്രതീകമായും പാര്‍വതിയെ സ്ത്രീപ്രതീകമായും ശിവശക്തിമാരുടെ സപൃക്തതയെ ദാമ്പത്യത്തിന്റെ മാതൃകയായും അധ്യവസായം ചെയ്തിട്ടുളള ഒരു സങ്കല്പമാണ്  തിരുവാതിര. ഭര്‍ത്താവിന് നെടുനാളത്തെ ആയുരാരോഗ്യസമ്പത്തുണ്ടാകുന്നതിനും ഭാര്യമാരുടെ നെടുമംഗല്യപ്രാപ്തിക്കും വേണ്ടിയാണ് ആര്‍ദ്രാനുഷ്ഠാനം.   

ഏഴര വെളുപ്പിന് ഉണര്‍ന്ന് സ്ത്രീകള്‍ കൂട്ടം കൂട്ടമായി തിരുവാതിരപ്പാട്ടുകള്‍ പാടിയെത്തുകയും കുളത്തിലോ പുഴയിലോ തുടിച്ചു പാടിക്കുളിച്ച് ക്ഷേത്രാരാധന നടത്തി ഇലക്കുറിയും ചാന്തുമണിഞ്ഞ് വീട്ടിലെത്തുകയും ചെയ്യുന്നു. ചില സ്ഥലങ്ങളില്‍ മകയിരം നോമ്പുണ്ട്. മകയിരം നോമ്പ് മക്കളുടെ ക്ഷേമത്തെ ഉദ്ദേശിച്ചുള്ളതാണ്. മകയിരം നാളില്‍ കാച്ചില്‍, കിഴങ്ങ്, കൂര്‍ക്ക, കദളിപ്പഴം, നാളികേരം തുടങ്ങി എട്ടുവിധം സാധനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന എട്ടങ്ങാടി നിവേദിക്കുന്നു. അന്ന് നെല്ലരിയാഹാരം പാടില്ല. ഗോതമ്പ്, ചാമ, കിഴങ്ങുകള്‍ എന്നിവയാണ് ആഹാരം. ഉച്ചയ്ക്ക് ഉടുത്തൊരുങ്ങി  സ്ത്രീകള്‍ ഒത്തുചേരും; പാട്ടുപാടും; കൈകൊട്ടിക്കളിക്കും; ഊഞ്ഞാലാടും. ഊഞ്ഞാലാട്ടം തിരുവാതിരക്കാലത്തെ സ്ത്രീവിനോദമാണ്. തിരുവാതിര നോമ്പില്‍ നൂറ്റൊന്നു വെറ്റിലമുറുക്ക്, തുടിച്ചുകുളി, പാതിരാ പൂ ചൂടല്‍, തിരുവാതിരച്ചമയം എന്നിവ പ്രധാനമാണ്. 

തിരുവാതിരയുടെ പുരാവൃത്തം ഇതാണ്: ദക്ഷപ്രജാപതിയുടെ ജാമാതാവാണ് ശിവന്‍....., ശിവനോടൊത്തുള്ള മത്സരം കൊടുമ്പിരിക്കൊണ്ട് ദക്ഷന്‍ ഒരിക്കല്‍ ബൃഹസ്പതീസവനം എന്ന യാഗം നടത്തി. ശിവനെയോ മകള്‍ സതിയെയോ യാഗത്തിന് ക്ഷണിച്ചില്ല. ക്ഷണിച്ചില്ലെങ്കിലും പിതാവിന്റെ യാഗത്തില്‍ പങ്കുകൊള്ളേണ്ടത് പുത്രീധര്‍മമാണെന്ന് സതി കരുതി. ശിവന്‍ ആദ്യം തടഞ്ഞെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി. യാഗത്തിനു ചെന്ന മകളെ അച്ഛന്‍ അവഗണിച്ചു. അപമാനംകൊണ്ട് ദുഃഖിതയായ സതി ഒരു അഗ്നികുണ്ഡമുണ്ടാക്കി അതില്‍ ചാടി മരിച്ചു. തുടര്‍ന്ന് ശിവ നിയോഗത്താല്‍ വീരഭദ്രനും ഭദ്രകാളിയും കൂടി ദക്ഷയാഗം മുടക്കുകയും ദക്ഷനെ വധിക്കുകയും ചെയ്തു. പത്നീവിയോഗത്താല്‍ ദുഃഖിതനായി ശിവന്‍ ഹിമാലയത്തില്‍ തപസ്സാരംഭിച്ചു. ഇക്കാലത്താണ് ബ്രഹ്മാവില്‍ നിന്നും വരം നേടിയ താരകാസുരന്‍ മൂന്നുലോകങ്ങളും കീഴടക്കിയത്. ശിവന് പുത്രനായി ജനിച്ചിട്ട് ഏഴുനാള്‍ കഴിയാത്ത ഒരു ശിശുവിനു മാത്രമേ അവനെ നിഗ്രഹിക്കാന്‍ കഴിയൂ. ശിവനാകട്ടെ അഗാധമായ ധ്യാനത്തിലും.. ഇന്ദ്രാദികളും ബ്രഹ്മാവും വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെക്കണ്ട് ആലോചന നടത്തി. സതീദേവി പാര്‍വതി എന്ന പേരില്‍ ഹിമവാന്റെ പുത്രിയായി അവതരിച്ചിട്ടുണ്ട്. ഉഗ്രതപസ്വിയായിക്കഴിയുന്ന ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പരിചരിച്ചു കൊണ്ടിരിക്കുകയാണ് അവള്‍....,, ശിവന്റെ തപസ്സു മുടക്കാനായി ദേവന്മാര്‍ കാമദേവനെ  സമീപിച്ച് ശിവന് പാര്‍വതിയില്‍ അനുരാഗമുണ്ടാക്കിത്തീര്‍ക്കണമെന്ന് അപേക്ഷിച്ചു. ശിവതപസ്സിന് ഭംഗംവരുത്തുന്നത് തന്‍റെ നാശത്തിനിടയാക്കുമെന്നു കാമദേവനറിയാം. ഏതായാലും നിര്‍ബന്ധത്തിനു വഴങ്ങി, കാമദേവന്‍ ശിവനുനേരേ കാമബാണങ്ങളെയ്തു. ശിവന്‍ ചഞ്ചല ചിത്തനായി; അരികെയുള്ള പാര്‍വതിയില്‍ പെട്ടെന്ന് അനുരക്തനായി. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ തന്‍റെ തപസ്സിനു ഭംഗം വരുത്തിയ കാമദേവനെ  തന്‍റെ തൃക്കണ്ണിലെ അഗ്നിയില്‍ ചാമ്പലാക്കി. ദേവന്മാര്‍ ദുഃഖിതരായി; കാമപത്നിയായ രതീദേവി നിലവിളിച്ചു. കാമനില്ലെങ്കില്‍ ദാമ്പത്യമില്ലാതെ ഭൂമി ദൗര്‍ഭാഗ്യത്തിലാകും. പരിഹാരത്തിനായി സ്ത്രീപുരുഷന്മാര്‍ ശിവപാര്‍വതിമാരെ ധ്യാനിച്ച് വ്രതം അനുഷ്ഠിച്ചു തുടങ്ങി. കാമദഹനം നടന്ന സ്ഥലത്ത് നിന്നു കൊണ്ട് പാര്‍വതിയും തപസ്സുതുടങ്ങി. ഭക്തരില്‍ സന്തുഷ്ടനായ ശിവന്‍ കാമനെ ജീവിപ്പിച്ചു. ശിവന്‍ പാര്‍വതിയെ വിവാഹം ചെയ്തു. അവരുടെ വിവാഹം ധനുമാസത്തിലെ തിരുവാതിരനാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കാമദേവന്റെ ജീവന്‍ തിരിച്ചു കിട്ടാനായി ദേവന്മാരും മറ്റും അനുഷ്ഠിച്ച വ്രതത്തിന്റെ ഓര്‍മയ്ക്കായിട്ടത്രെ തിരുവാതിരവ്രതം അനുഷ്ഠിക്കുന്നത്. കാമദഹനം നടന്നപ്പോള്‍ ദുഃഖിതയായ രതീദേവിക്ക് ഭര്‍ത്തൃസമാഗമം ആശംസിച്ച് പാര്‍വതി വരം നല്കിയത്രെ. ആ പുനര്‍ലബ്ധിയുടെ ഓര്‍മയ്ക്കായിട്ടാണ് തിരുവാതിര കൊണ്ടാടുന്നതെന്നും വിശ്വാസമുണ്ട്.  

ആചാരങ്ങളും ആഘോഷങ്ങളും എന്തുമാകട്ടെ.. അതിന്നു പിന്നിലുള്ള ഉദ്ദേശ്യം മാനുഷിക നന്മകള്‍ മാത്രം..  എന്‍റെ എല്ലാ കൂട്ടുകാരികള്‍ക്കും നെടുമാംഗല്യം ഉണ്ടാവാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.. എല്ലാ കൂട്ടുകാര്‍ക്കും ആനന്ദഭരിതമായ ദാമ്പത്യം ആശംസിക്കുന്നു..അവിവാഹിതരായ കൂട്ടുകാര്‍ക്ക് ഭാവിയില്‍ നല്ലൊരു ദാമ്പത്യജീവിതം ഉണ്ടാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു..   എല്ലാവര്ക്കും  തിരുവാതിര ആശംസകള്‍.!!!!!

(ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം കൂടി പറയാം.. എന്‍റെ ജന്മ നക്ഷത്രവും തിരുവാതിര ആണേ..)


_പദ്മശ്രീ നായര്‍-_




No comments:

Post a Comment