Saturday, 31 August 2013

'കൊല്ലരുത്.... ബ്ലീസ്..!!'

സ്കൂളില്‍ പഠിക്കുന്ന കാലത്ത്  എന്‍റെ ഉള്ളില്‍ ഒരു നര്‍ത്തകി  തല പൊക്കി.. മുളയിലേ നുള്ളിക്കളഞ്ഞു.. ആ കഥ പറയാം.. പക്ഷെ മുഴുവനും വായിക്കണം.. ചിലപ്പോള്‍ വായിക്കുന്നവരുടെ ചുണ്ടില്‍ ഒരു നനുത്ത ചിരി വിരിയും.. ക്രമേണ  അതൊരു പൊട്ടിച്ചിരി ആവാനും മതി.. കുറഞ്ഞ പക്ഷം  ഒരു വളിച്ച ചിരിയെങ്കിലും  ചിരിച്ചിരിക്കും.. ഏതായാലും  കൊല്ലരുത്.. ബ്ലീസ്..
------------------------------------------------------------------------------------------------------------
സ്കൂളില്‍ പഠിക്കുന്ന കാലം.. സ്പോര്‍ട്സിലോ മറ്റു കലാ പരിപാടികളിലോ  യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല.. പഠിക്കാനും അത്ര താല്പര്യം ഒന്നും ഇല്ലായിരുന്നു ട്ടോ.. സ്പോര്‍ട്സ്‌ നടക്കുമ്പോള്‍ പുളുങ്കുരുവും  വായിലിട്ടു ഗ്രൌണ്ടിലൂടെ  വായ്‌ നോക്കി ഇങ്ങനെ തേരാ പാരാ നടക്കും.  അങ്ങനെ കാഴ്ചക്കാരി  ആയി നിന്നിരുന്ന  ഞാന്‍ ആ  കൊല്ലത്തെ  സ്പോര്‍ട്സില്‍  ഒരു കൈ നോക്കികളയാം  എന്ന് തീരുമാനിച്ചു.. വാരസ്യാരുടെ തൊടിയില്‍ മാങ്ങ കക്കാന്‍ പോയിട്ട് വാരസ്യാര് കല്ലെറിഞ്ഞു  ഓടിച്ചപ്പോള്‍  ഓടിയ പരിചയം ആണ്  അങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ എനിക്ക് പ്രചോദനം  ആയത്..  പിന്നെ അമാന്തിച്ചില്ല.. പേര് കൊടുത്തു.. വെറുതെ ആയില്ല..  അമ്പത് മീറ്റര്‍, നൂറു മീറ്റര്‍ ഓട്ടത്തിന്  രണ്ടാം സ്ഥാനം കിട്ടി..   രാവിലെ കൂടുന്ന അസംബ്ലിയില്‍ വെച്ച്  ഹെഡ്മാസ്റ്റര്‍   വാര്യര് മാഷിന്‍റെ കൈയ്യില്‍ നിന്നും  സപ്രിടികട്റ്റ്‌  - സോറി  സര്‍ട്ടിഫിക്കറ്റ്  ഏറ്റു വാങ്ങി സദസ്സിനു നേരെ വിനയ കുനയായി തല കുനിക്കുമ്പോള്‍  ഒരു പത്മശ്രീ അവാര്‍ഡ്‌  കിട്ടിയ സന്തോഷമായിരുന്നു..
ഓട്ടത്തിന് കിട്ടിയ ഈ പ്രചോദനം എന്‍റെ ആത്മ വിശ്വാസം  കണ്ടമാനം കൂടാന്‍ കാരണമായി.. എന്നാ പിന്നെ ആ കൊല്ലത്തെ  യുവജനോല്‍സവത്തില്‍  കൂടി ഒരു കൈ നോക്കിയാലെന്താ  എന്നൊരു തോന്നല്‍..,.  തോന്നലിനു ആക്കം കൂട്ടാന്‍ കൂട്ടുകാരുടെ നിര്‍ബന്ധവും  കൂട്ടുണ്ടായി..  അങ്ങനെ ഗ്രൂപ്‌ ഡാന്‍സിന്  പേര് കൊടുത്തു..  ഡാന്‍സ്‌  എന്ന് പറഞ്ഞാല്‍  തെറ്റിദ്ധരിക്കണ്ട.. ഭരത നാട്യമോ കുച്ചിപ്പുഡിയോ ഒന്നുമായിരുന്നില്ല.. സാദാ  ഒരു സിനിമാറ്റിക് ഡാന്‍സ്‌.,.

ആദ്യ പടിയായി "കേട്ടില്ലേ  കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍ " എന്ന ഗാനം തിരഞ്ഞെടുത്തു.. നര്‍ത്തകിമാരായി  ഞാന്‍, പുഷ്പ, രാജലക്ഷ്മി, ബേബി..  പിള്ളേച്ചനായി വേഷമിടാന്‍  ആളില്ല..  ഇമ്മാതിരി കാര്യങ്ങളില്‍ ഒന്നും അത്ര താല്പര്യമില്ലാത്ത എന്‍റെ ഉറ്റ തോഴിമാരായ സത്യവതിയെയും പ്രേമകുമാരിയെയും ഈ വേഷം ചെയ്യാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിപ്പെടുത്തി.. "ഞങ്ങടെ കൂടെ കൂടീല്ലെങ്കില്‍ മേലാല്‍ എന്‍റെ നോട്ട്സ്  നോക്കി എഴുതാന്‍ തരില്ല " എന്നങ്ങട് തീര്‍ത്തു പറഞ്ഞു. ഭീഷണി ഏറ്റു.. മനസ്സില്ലാമനസ്സോടെ  സമ്മതിക്കേം   ചെയ്തു.

അങ്ങനെ കാര്യങ്ങള്‍ക്കൊക്കെ  ഒരുവിധം തീരുമാനം ആയി.  കഷ്ട്ടിച്ചു ഒരു മാസത്തെ സമയമുണ്ട്.. പി. ടി. പീരിയഡിലും, ഉച്ച ഭക്ഷണ സമയത്തും നാലുമണിക്ക്  സ്കൂള്‍ വിട്ടതിനു ശേഷവും ഒക്കെ  ഒഴിവുള്ള ക്ലാസ്‌ മുറികളിലും സ്കൂളിന്‍റെ പിന്നാമ്പുറത്തെ  മാവിന്‍ ചോട്ടിലും മൂത്രപുരയുടെ  പുറകിലും ഒക്കെയായി റിഹെഴ്സല്‍  തകൃതിയായി  നടക്കുന്നു. റിഹെഴ്സല്‍ സമയങ്ങളില്‍, പിള്ളേച്ചനും പിള്ളേച്ചിയും  ആയി വേഷമിടുന്നവര്‍  അവരുടെതായ ഏതോ രാഗത്തില്‍ പാടും.. പക്ഷെ സ്റ്റേജില്‍  കേറുമ്പോള്‍  അത് പറ്റില്ലല്ലോ..  ഈ പാട്ട് പാടാനുള്ള ഗായികമാരെ തപ്പലായിരുന്നു അടുത്ത  ശ്രമം.. ടേപ്പ് റെകോര്‍ഡറോ  സി. ഡി. യോ ഒന്നും  സാധാരണക്കാരുടെ ഇടയില്‍ പ്രചാരം ഇല്ലാതിരുന്ന സമയം ആയിരുന്നു.. ഉള്ളവര്‍ തന്നെ  തരുകയുമില്ല.. ഇന്നാണെങ്കില്‍  മൊബൈലിലും  സംഗതി  നടക്കും..

പത്താം ക്ലാസ്സില്‍ പഠിക്കുന്ന ദാവണി പ്രായക്കാരായ, കണ്ടാല്‍ തരക്കേടില്ലാത്ത  രണ്ടു യുവ ഗായികമാരെ  പുഷ്പ  ഏര്‍പ്പാടാക്കി.. വല്ല്യ തിരക്കുള്ള കൂട്ടരാണത്രേ..  സമയത്ത് വന്നു പാടി തന്നോളാം എന്നേറ്റു..

യുവജനോല്‍സവത്തിനു ഇനി വെറും  ഒരാഴ്ച മാത്രം ബാക്കി. റിഹെഴ്സല്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍  എത്തി.. ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ഞങ്ങളുടെ പ്രധാന വിനോദമായ കൊത്താംകല്ലു  കളി താല്‍ക്കാലികമായി നിര്‍ത്തി വെച്ച്. രാവിലെ കുറെ കൂടി നേരത്തെ ഒക്കെ സ്കൂളില്‍ എത്തി.. പരിപാടി വന്‍ വിജയം ആക്കാനായിരുന്നു ഞങ്ങളുടെ ശ്രമം..

കോസ്റ്റ്യൂമും ഞങ്ങള്‍ തന്നെ തീരുമാനിച്ചു.. ഇറക്കമുള്ള ഞൊറി വെച്ച പാവാടയും  പഫ് കൈയ്യുള്ള  ബാക്ക് ഓപണ്‍  ജാക്കറ്റും.. മാല, കമ്മല്‍, വള നെറ്റിചുട്ടി  തുടങ്ങിയ  ആക്സസരീസ്‌  വേറെ..

നാല് ഡാന്‍സര്‍മാരില്‍ എനിക്ക് മാത്രം  ഇറക്കമുള്ള പാവാടയും ബാക്ക് ഓപ്പണ്‍ ജാക്കറ്റും ഇല്ല. പത്താം ക്ലാസ്‌ കഴിയുന്നത് വരെ മുട്ടു വരെ ഇറക്കമുള്ള സ്കര്‍ട്ടും  കോളര്‍ വെച്ച ഷര്‍ട്ടും  മാത്രം ഇട്ടാല്‍ മതിയെന്നുള്ള അമ്മയുടെ ഉഗ്രശാസനം തന്നെയാണ്  എന്‍റെ പാവാട അരാജകത്വത്തിന്‍റെ  കാരണവും..  എന്‍റെ ദയനീയാവസ്ഥ  മനസ്സിലാക്കിയിട്ടാവണം  പുഷ്പ  അവളുടെ ഒരു ജോഡി പാവാടയും ജാക്കറ്റും തരാമെന്നേറ്റു.. ഹോ.. കാര്യങ്ങള്‍ ഒക്കെ  എത്ര  സ്മൂത്ത്  ആയിട്ടാ  പോവുന്നത് ല്ലേ..

വെള്ളിയാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ടു പോവുമ്പോള്‍ എല്ലാവരും കൂടി  കാര്യങ്ങളെല്ലാം ഒന്നൂടി സംസാരിച്ചുറപ്പിച്ചു..  ദാവണി ഗായികമാരെയും  കണ്ടു ഉറപ്പു വരുത്തി.  ശനിയും ഞായറും  കഴിഞ്ഞു.. തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ സ്കൂളില്‍ എത്തി.

പത്തു മണിക്ക് തന്നെ പരിപാടികള്‍ തുടങ്ങി.. ഉച്ചവരെ ഇംഗ്ലിഷ്, മലയാളം ഹിന്ദി  പദ്യ പാരായണം, ലളിതഗാനം, മിമിക്രി  തുടങ്ങിയ ഐറ്റംസ്..  ഉച്ചക്ക് ശേഷമാണ് നാടകം, ഡാന്‍സ്‌, മോണോ ആക്റ്റ്‌  തുടങ്ങിയവ.

ഉച്ചയൂണ് കഴിഞ്ഞു ഞങ്ങള്‍ ആറു പേരും മേക്കപ്പ്‌ റൂമിലേക്ക്‌ പോയി. പരസ്പര സഹകരണത്തിലൂടെ  തോന്നിയ പോലൊക്കെ  മേകപ്പ്‌  ചെയ്തു.   ചട്ടിയുടെ താഴെ വെക്കുന്ന തെരുക്ക്  പോലത്തെ ഒരു വളയം ഒക്കെ തലയില്‍  ഒരു വശത്തായി ഫിറ്റ് ചെയ്തു അതില്‍ കനകാംബരമാലയോക്കെ വട്ടത്തില്‍  ചുറ്റി വെച്ച്  ഒരു ഉണ്ണിയാര്‍ച്ച ഹെയര്‍സ്റ്റൈല്‍ ആക്കി തന്നു  സംസ്കൃതം പഠിപ്പിക്കുന്ന ഈശ്വരി ടീച്ചര്‍.. ,.. പാവം..  എല്ലാം കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയപ്പോള്‍  സംഗതി വല്ലാതെ ഇഷ്ട്ടപ്പെട്ടു..

നാലാമത്തെ ഐറ്റം ആണ് ഞങ്ങളുടേത്. പെട്ടെന്നാണ് പാട്ടുകാരുടെ ഓര്‍മ്മ വന്നത്.. കക്ഷികളെ ആ പ്രദേശത്തോന്നും കാണുന്നില്ല.. സ്റ്റേജില്‍  ആദ്യത്തെ ഐറ്റം രംഗ പൂജ നടന്നു കൊണ്ടിരിക്കുന്നു.. ഇനി അധികം സമയമില്ല.. ഈശ്വരാ..  ഗായികമാര് ചതിച്ചോ...  ഞങ്ങളുടെ വെപ്രാളം കണ്ട ഒരു കുട്ടി  കാര്യം തിരക്കി.. ആ കുട്ടി പറഞ്ഞാണ്  അറിയുന്നത്.. ഞങ്ങള്‍ക്ക് പാടാമെന്നെറ്റിരുന്ന ഒരു പെണ്ണ്  ഇന്ന് സ്കൂളില്‍ വന്നിട്ടേ ഇല്ല.. മറ്റെവള്‍ക്ക് കലശലായ  തൊണ്ട വേദന.. വിക്സ് മുട്ടായിയും വായിലിട്ടു അവിടിരുന്നു ഡാന്‍സ് കാണുന്നുണ്ടെന്ന്..

ഇതൊരു വല്ലാത്ത ഇടപാട്  ആയി പോയല്ലോ.. ഈ അവസാന നിമിഷത്തില്‍ എന്ത് ചെയ്യും? ഞങ്ങളുടെ വെപ്രാളം കണ്ടിട്ടാവണം  ഒമ്പതിലോ മറ്റോ പഠിക്കുന്ന  രണ്ടു പെണ്പിള്ളേര്‍  വായില്‍ ബാബില്‍ഗം  ചവചോണ്ട്  സഹായ ഹസ്തവുമായി വന്നു..

"നിങ്ങള്  പേടിക്കണ്ടാട്ടോ.. ഞങ്ങള് പാടി തരാന്ന്..  പാട്ടെഴുത്യ  ആ കടലാസ്‌ ഇങ്ങട് തരൂ."     ന്‍റെ കൃഷ്ണാ.... നീ കാത്തു.. !!!

ഗ്രീന്‍ റൂമിന്‍റെ പുറകു വശത്തുള്ള വരാന്തയിലൂടെ  മേശയില്‍  ചവിട്ടി   ചുമര് ചാടി കടന്നു വേദിയിലെത്തി.. ഒരു ചെക്കന്റെ മോണോ ആക്റ്റ്‌  നടന്നു കൊണ്ടിരിക്കുന്നു.. ഇപ്പൊ കഴിയും..   ദാ  കഴിഞ്ഞു.. അടുത്തത് ഞങ്ങളുടെ ഊഴം..  താഴ്തിട്ട  തിരശ്ശീലക്ക് പിന്നില്‍  ഞങ്ങള്‍ അതാത് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു.  നരച്ച താടിയും മീശയും ഒക്കെ വെച്ച സത്യവതി പിള്ളേച്ചനെ ഒരു വടിയും കൈയ്യില്‍ പിടിപ്പിച്ചു  നടുക്ക് കസേരയില്‍ ഇരുത്തി.

വളരെ ബോറായി   രസതന്ത്രം പഠിപ്പിക്കുന്ന ജയരാമന്‍ മാഷുടെ  ചിലമ്പിച്ച  ശബ്ദം  മൈക്കിലൂടെ  ചിതറി തെറിച്ചു..

"അടുത്തതായി ഒരു ഗ്രൂപ്‌ ഡാന്‍സ്‌ ആണ്.. അവതരിപ്പിക്കുന്നത്‌  പത്മശ്രീ, പുഷ്പകുമാരി  & ടീം "

മാഷ്‌ പറഞ്ഞു നാവു വായിലെക്കിടുന്നതിനു മുമ്പേ  ഒരു വിസിലടി ശബ്ദം കേട്ടു.  ഒപ്പം തിരശ്ശീലയുടെ ചരടും പിടിച്ചു നിന്ന ചെക്കന്‍ വലി തുടങ്ങി.  ഞൊറികള്‍ ഉള്ള ഭംഗിയുള്ള  തിരശ്ശീല  മുകളിലേക്ക് ഉയര്‍ന്നതും സ്റെജിന്റെ മൂലയ്ക്ക് നിന്നിരുന്ന ബബിള്‍ഗം  ചവച്ചു കൊണ്ടിരുന്ന ഗായികമാര്‍ പാട്ട് തുടങ്ങി..

"കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍
തൊണ്ണൂറു  കഴിഞ്ഞപ്പോള്‍ പെണ്ണ് കെട്ടാന്‍ പോയ്‌." ,"

ങേ.. ഇത് പാട്ടോ..!!!!   ഏഷ്യാനെറ്റില്‍  സിന്ധു സൂര്യകുമാര്‍ കവര്‍സ്റ്റോറി അവതരിപ്പിക്കുന്ന ലാഘവത്തോടെ   പിള്ളേര് രണ്ടും മുഖത്തോട്  മുഖം നോക്കി  ഇടയ്ക്കു മൈക്കിലെക്കും നോക്കി പാട്ട്  വായിക്കുന്നു..!!!

ഞങ്ങള്‍  ഒരുമാസം മെനകെട്ടു  പഠിച്ചു വെച്ച ചുവടുകളും ആ പാട്ട് വായനുമായി  ഒരു തരത്തിലും  പൊരുത്തപ്പെടുന്നില്ല..  ആദ്യത്തെ നാല് വരി രണ്ടു തവണ വായിച്ചതെ ഉള്ളൂ.... ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ    കറന്റും  പോയി..  പാട്ടു വായനക്കാര്‍  അതൊന്നും അറിഞ്ഞിട്ടില്ല.. അവര് വായന തുടര്‍ന്ന്..  ഞങ്ങള് നാല് പേരും    ശ്രീകണ്ഠന്‍ നായരെ പോലെ  മുഖത്തോട് മുഖം നോക്കി  അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നു..ഇതിനിടക്ക്‌ കസേരയില്‍ ഇരിക്കുന്ന  പിള്ളേച്ചനെ ഞാനൊന്ന് പാളി നോക്കി..  വെപ്പ് മീശ  പകുതി  അടര്‍ന്നു തൂങ്ങി ആടുന്നു..

സദസ്സിലിരുന്ന  വാലന്മാരും വാലത്തികളും  ഇതിനോടകം കൂക്കുവിളി  തുടങ്ങി..  കൂക്കുവിളിയുടെ  വോള്യം കൂടിയപ്പോള്‍, മാര്‍ക്കിടാന്‍ ഇരിക്കുന്ന ജൂറി ടീച്ചര്‍മാരുടെ  ഇടയില്‍ നിന്ന് ആനച്ചന്തിയെ ഓര്‍മ്മിപ്പിക്കുന്ന  കറുത്ത് തടിച്ച വിലാസിനി ടീച്ചര്‍ കോഴക്കേസില്‍  അകപെട്ട ശ്രീശാന്തിനെ പോലെ കൈയ്യിലിരുന്ന തൂവാല  വീശി കാണിച്ചു  കര്‍ട്ടന്‍ വലിക്കുന്ന  ചെക്കന്   തുണി താഴ്ത്താന്‍ നിര്‍ദേശം  കൊടുത്തു..

ഞങ്ങളുടെ മുന്നില്‍ തിരശ്ശീല വീണു.. അപ്പോഴേക്കും പാട്ടുവായനയും  കഴിഞ്ഞു.  ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഇങ്ങോട്ട്  ചാടിയ പോലെ തന്നെ  മേശയില്‍ ചവിട്ടി സ്റെജിന്റെ അര മതില്‍ ചാടി സ്റെജിന്റെ അപുരതെക്കും  കടന്നു.   സ്റ്റേജില്‍ നിന്നും വിട പറയുന്നതിന് മുമ്പ് , താഴ്ത്തിയ തിരശ്ശീലയുടെ  വക്കില്‍ പിടിച്ചു ഞാനൊരു "ഭീഷ്മി  ശപഥം"  ചെയ്തു..

"മേലാല്‍ ഇമ്മാതിരി വേഷക്കെട്ടുമായി  ജീവിതത്തിലൊരിക്കലും  ഒരു സ്റ്റേജിലും  കേറില്ല"  എന്ന്..

മറ്റുള്ളവരുടെ പരിഹാസം നിറഞ്ഞ നോട്ടവും കളിയാക്കലും നേരിടാനാവാതെ നേരെ   റൂമില്‍ കേറി  സഞ്ചിയും  ചോറ്റുപാത്രവും  എടുത്തു  മുഖം പോലും കഴുകാതെ   ആ ഉച്ച വെയിലത്ത്‌ വീട്ടിലേക്കു  വെച്ച് പിടിച്ചു..

വെയിലു കൊണ്ട് വിയര്‍ത്ത്, ഒലിച്ചിറങ്ങിയ  ചാന്തും കണ്മഷിയും  കരുവാളിച്ച  മുഖവുമായി  വീട്ടിലേക്കു കേറി ചെന്ന എന്നെ കണ്ടു അമ്മ അമ്പരന്നു..  കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍  അമ്മ ആശ്വസിപ്പിച്ചു..

"പോട്ടെട്ടോ..  അതൊന്നും സാരല്ല്യ.. നമ്മുടെ നാടിനു വേറൊരു പത്മാ സുബ്രഹ്മണ്യത്തെ  കിട്ടാന്‍ കൊടുത്തു വെച്ചിട്ടില്ല്ല്യാന്നു  കരുത്യാ  മതി."

എന്നെ ആക്കിയതാണെന്ന്  പിന്നെയാണ്  മനസ്സിലായത്‌.. .. ഹിഹിഹി..

ഇപ്പോഴും ആ പാട്ടു കേള്‍ക്കുമ്പോള്‍  വിയര്‍ത്ത്‌ കുളിച്ചു  വൃത്തികേടാക്കിയ മുഖവുമായി  തൂങ്ങിയാടുന്ന  കനകാംബരമാലയും  വട്ട മുടികെട്ടില്‍ ചൂടിയ  ഇറക്കമുള്ള പാവാടയും  പഫ് കൈ  ജാക്കറ്റും ഇട്ട  ഒരു പെണ്‍കുട്ടി മനസ്സില്‍ തെളിയും.. പിന്നെ  കോട്ടയം, പിള്ളേച്ചന്‍  എന്നൊക്കെ കേട്ടാല്‍ ഇപ്പോഴും  അടങ്ങാത്ത കലിയാണ്..   എന്താ.. ല്ലേ.. :)

                                                                     -ശുഭം -


വാല്‍ക്കഷ്ണം:-

ങാ.. പറയാന്‍ മറന്നൂ..  ഇഷ്ട്ടമില്ലാതിരുന്നിട്ടും  നിര്‍ബന്ധിച്ചു  പിള്ളേച്ചന്‍ ആക്കിയതിനും  നാണം കെട്ടതിനും  എന്‍റെ പ്രിയ കൂട്ടുകാരി സത്യവതി ഒരാഴ്ച മിണ്ടാതെ മുഖം വീര്‍പ്പിച്ചു നടന്നു..


Thursday, 22 August 2013

അഗ്രഹാരത്തിലെ ദുഃഖ പുത്രി.


ധനുമാസത്തിലെ തൃക്കേട്ട നക്ഷത്രത്തിലാണ്  ഹരി മോന്‍റെ   പിറന്നാള്‍..,. അവന്‍റെ രണ്ടാം പിറന്നാള്‍  നാട്ടില്‍ എല്ലാവരോടുമോപ്പം  ആഘോഷിച്ചതിനു ശേഷം ഇപ്രാവശ്യം  ആണ് അതിനുള്ള ഭാഗ്യം ഉണ്ടായത്.. പുതിയ വീടു പണി നടക്കുന്നത് കൊണ്ട് പത്തു പന്ത്രണ്ടാളുകള്‍   പണിക്കാരും ഉണ്ടായിരുന്നു.. അപ്പോള്‍ അമ്മയ്ക്കും ഒരാഗ്രഹം.. പണിക്കാരെ കൂടി വിളിച്ചു സദ്യ കൊടുക്കാം.. അമ്മക്ക് അതൊക്കെ വല്യ ഇഷ്ട്ടമാണ്..  ആരുടേം സഹായം ഇല്ലാതെ ഓടി നടന്നു എല്ലാം ചെയ്യും  ഈ എഴുപതുകളിലും.. 

രാവിലെ കുളിച്ചൊരുങ്ങി  ഞാനും മോനും   കൂടി അമ്പലത്തിലേക്ക് ഇറങ്ങി.. പടിക്കലെത്തിയപ്പോള്‍  പുറകെ നിന്നും അമ്മയുടെ വിളി.. 

"എവടെ  നീ  പോയ്യ്വോ..  പായസത്തിനു ശര്‍ക്കര തികയില്ല്യാ.. വരുമ്പോ ആ ചെട്ട്യാരുടെ കടെന്നു രണ്ടു കിലോ മേടിച്ചോ.. ഇന്നന്നെ ങ്ങട് എത്വോ.. നി  വഴീല്  കാണണ പട്ട്യോടും പശൂനോടും വേല്യോടും എലോടും ഒക്കെ വര്‍ത്താനം പറഞ്ഞു നിക്കണ്ട.. വേം വന്നോള്വ.. വരണ വഴിക്ക് തൊടീക്കൂടെ  വന്ന്ട്ട്  പണിക്കാരോട് പറഞ്ഞാ   കൊറച്ച്   വാഴേല   മുറിച്ച് തരും.. ഇവടെത്തെ എലയൊക്കെ കാറ്റത്ത്‌ കീറീരിക്കുണു.. "

"ങാ ശരി  " ന്നും പറഞ്ഞു  കാലു വലിച്ചു നീട്ടി നടന്നു..  നേരം വൈകിയാല്‍ നട അടക്കും..  എന്നിട്ടും ഇടക്കൊക്കെ ചിലര്‍ കുശലം ചോദിച്ചു വന്നു..  

"പപ്പ കുട്ടീ..  ഇതെവടയ്ക്കാ ത്ര  രാവിലെന്നെ അമ്മേം മകനും കൂടി ധൃതി പിടിച്ചു ഓടണെ...?"

"ദാ  അമ്പല്‍ത്തിക്ക്..  നേരം വൈകി.. നട അടക്കണേനു മുമ്പെത്തണം   തിരിച്ച്വോരുമ്പോ  കാണാട്ടോ.."

വീട്ടില്‍ നിന്നും ഇരുപതു മിനിട്ട് നടക്കണം.. എന്‍റെ കാല്പാടുകള്‍ പതിഞ്ഞ ഇടവഴികളിലൂടെ നടക്കാനുള്ള മോഹം കൊണ്ട് ഓട്ടോ റിക്ഷയൊന്നും വിളിച്ചില്ല. പൊതുവേ  നടക്കാന്‍ മടിയുള്ള ഹരി പുറകെ നടന്നു പിറുപിറുക്കുന്നുണ്ടായിരുന്നു.   

ഇപ്പോഴും നാട്ടില്‍ എത്തിയാല്‍  പറ്റാവുന്ന  വഴികളിലൂടെ ഒക്കെ  നടക്കും.. എന്‍റെ ശ്വാസോച്ഛാസം ഏറ്റു വാങ്ങിയ, എന്‍റെ കാലടി സ്പന്ദനം നെഞ്ചിലേറ്റിയ  എന്‍റെ നാട്.. ഗ്രാമത്തിന്‍റെ മുഖച്ഛായയും ഗ്രാമീണരുടെ ഹൃദയ ശുദ്ധിയും  ഒക്കെ വളരെ മാറി എങ്കിലും എന്‍റെ മനസ്സില്‍  ആ പഴയ  പച്ചപ്പട്ടു പുതച്ച വയലേലകളും തോടും കുളവും ഇടവഴികളും ഒക്കെ തന്നെ..    

പഠിച്ച സ്കൂളിനടുത്തുള്ള അന്തിമഹാകാളന്‍ ക്ഷേത്രം.. തൊട്ടപ്പുറത്ത് തന്നെ ബ്രാഹ്മണന്മാരുടെ ചുമതലയിലുള്ള  ദേവീ ക്ഷേത്രവും.. ആദ്യം ക്ഷേത്രത്തില്‍ പോയി.. പുഷ്പാഞ്ജലിക്ക് രസീത് എഴുതിച്ചു  ശ്രീകോവിലിനകത്ത് കടന്നു.. 

തൊഴുതു പ്രദക്ഷിണം വെച്ച് പ്രസാദവും തീര്‍ഥവും വാങ്ങി തിരുമേനിക്ക് ദക്ഷിണയും കൊടുത്തു  തിരിച്ചിറങ്ങിയപ്പോള്‍ ദാ  എതിരെ നടന്നു വരുന്നു   ഒരു ചുരിദാറുകാരി.. അടുത്തെത്തിയപ്പോള്‍  ഒരു നിമിഷം മുഖത്തോട് മുഖം നോക്കി. പിന്നെ പരസ്പ്പരം ഒരു കെട്ടിപ്പുണരല്‍ ആയിരുന്നു.. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി  പുഷ്പ.. നാലാം ക്ലാസ്സ് മുതല്‍  ഒരേ ബെഞ്ചിലിരുന്ന് പത്താം ക്ലാസ്സ് വരെ  ഒരുമിച്ചുണ്ടായിരുന്നു.. വളഞ്ഞ നീണ്ടു മൂക്കുള്ള   അവളെ  ആണ്‍കുട്ടികള്‍  ഇന്ദിരാഗാന്ധി എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.. അവളുടെ കല്യാണത്തിന് കണ്ടതില്‍ പിന്നെ ഇന്നാണ് കാണുന്നത്.. അവള്‍ പഞ്ചാബിലും ഞാന്‍ ഗുജറാത്തിലും.. നാട്ടിലെത്തുമ്പോള്‍ പരസ്പരം കണ്ടു മുട്ടാറില്ല.. എങ്കിലും  വിശേഷങ്ങള്‍  അറിയാറുണ്ട്.. 

" ഇതെത്ര  കാലായടോ കണ്ടിട്ട്.. ഒരുപാട് വ്യത്യാസപ്പെട്ടിരിക്കണൂ.   താനിവിടിരിക്ക്.. ഞാന്‍ തൊഴുതിട്ടു ദാ  ഇപ്പ വരാട്ടോ.. വീട്ടില്‍ കേറീട്ട്  കാപ്പി കുടിച്ചിട്ട് പോയാ മതി."  

അമ്പലത്തിന്‍റെ   അടുത്ത് തന്നെയാണ് അവളുടെ വീട്..  പുഷ്പ തൊഴുതു മടങ്ങുന്നത് വരെ  പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു കണ്ണെത്തും ദൂരത്തുള്ള  സ്കൂളിലേക്ക് മിഴികള്‍ നാട്ടു ഓര്‍മ്മകള്‍ അയവിറക്കി  മതിലിനടുത്തുള്ള  ആല്‍ത്തറയില്‍  ഇരുന്നു..അല്പസമയത്തിനുള്ളില്‍ തന്നെ പുഷ്പ വന്നു.. പിന്നെ ഓരോരോ കുടുംബ കാര്യങ്ങള്‍ പറഞ്ഞു നടന്നു  അടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ എത്തി. അവിടെ കൂടി തൊഴുതിട്ടു പോകാമെന്ന് കരുതി.  ദേവിയെ  തൊഴുതു തിരുമേനിയില്‍ നിന്നും പ്രസാദവും വാങ്ങി  ആദ്യത്തെ വലം  വെച്ചു വരുമ്പോള്‍  പിച്ചള പാത്രങ്ങളുടെ കലപില സബ്ദം . നോക്കിയപ്പോള്‍ തൊട്ടു മുന്നിലുള്ള കുളക്കടവില്‍ പുറം തിരിഞ്ഞിരുന്നു ഒരു സ്ത്രീ പൂജാപാത്രങ്ങള്‍ കഴുകുന്നത് കണ്ടു.   അടുത്ത പ്രദക്ഷിണത്തിനിടയില്‍ ഞാന്‍ പുഷ്പയോടു ചോദിച്ചു.. 

'ടോ.. അതാരാ  കുളക്കടവില്‍ ഇരുന്നു പൂജാപാത്രങ്ങള്‍ കഴുകുന്ന സ്ത്രീ? '

തിരിച്ചൊരു ചോദ്യമായിരുന്നു അവളുടെ മറുപടി. "തനിക്ക് മനസ്സിലായില്ലേ.. എടൊ അത് നമ്മുടെ എരുമ രാമന്‍റെ മകള്‍ പുഷ്ക്കലയാണ് ..  എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍  ചലനമറ്റ് അവിടെ തന്നെ നിന്നുപോയി.. മനസ്സ് കുറേകാലം പുറകോട്ടു നടന്നു.. 

സ്കൂള്‍ വിദ്യാഭ്യാസ കാലം.. കൂട്ടുകാരോടൊത്ത് പോകുന്നതും വരുന്നതും  പട്ടമ്മാരുടെ ഗ്രാമം വഴിക്കായിരുന്നു.. അതിനൊരു  ഉദ്യേശ്യം കൂടിയുണ്ട്..  ഇരുവശത്തും ഉള്ള ആഗ്രഹാരങ്ങളുടെ മുറ്റത്ത്‌  അമ്മ്യാരുമാര്‍  വരച്ചിട്ട വിവിധ ഡിസൈനില്‍   ഉള്ള മനോഹരമായ  അരിപ്പൊടി കോലങ്ങള്‍ കാണാം.. കയ്പക്ക, പയര്‍, വെണ്ടയ്ക്ക , തൈര് മുളക്  തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കൊണ്ടാട്ടങ്ങള്‍ ഉണക്കാനിട്ടിരിക്കുന്നത് കാണാം, ഭസ്മം ഉണ്ടാക്കാന്‍ വേണ്ടി  ഉരുട്ടി  ഉണക്കാന്‍ വെച്ചിരിക്കുന്ന പശുവിന്‍ ചാണക ഉരുളകള്‍,  മരയഴിയിട്ട് മറച്ച ചാരുപടിയില്‍  കെട്ടി ഉണക്കാനിട്ടിരിക്കുന്ന അമ്മ്യാമാരുടെ  കസവുകരയുള്ള  എഴുമുഴം കൈത്തറി  ചേലയും കൂട്ടത്തില്‍ പട്ടമ്മാരുടെ  കൌപീനവും..  എല്ലാം  നല്ല കാഴ്ചകള്‍ ആയിരുന്നു.. ഇതെല്ലാം നോക്കി നോക്കി  സ്കൂളില്‍ എത്തുമ്പോഴേക്കും  ആദ്യ ബെല്‍  അടിച്ചിരിക്കും..   

ഈ ആഗ്രഹാരത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബമായിരുന്നു രാമസ്വാമി പട്ടരുടെത്.. അത്യാവശ്യം കൃഷിയും കാര്യങ്ങളും  രണ്ടു മൂന്നു  എരുമകളും ഒക്കെ ഉണ്ടായിരുന്നു സാമിക്ക്.. പാല്‍ വില്‍പ്പനയും  ഉണ്ട്.. പട്ടരു പൊങ്ങച്ച പ്രിയനും  എരുമയെ മേക്കുന്ന ആളും ആയതോണ്ട് നാട്ടുകാര്   എരുമ രാമന്‍, ബഡായി രാമന്‍  എന്നീ ഓമനപ്പേരുകളും  സാമി കേള്‍ക്കാതെ  വിളിച്ചിരുന്നു..ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്നതാണ്  സാമിയുടെ കുടുംബം.   ..,.  മൂത്തവര്‍ രണ്ടു ഇരട്ടകള്‍.. പൂര്‍ണ്ണയും പുഷ്കലയും.. മൂന്നാമത്തെവള്‍   ലതാദേവി..  ഇരട്ട കുട്ടികളെ കണ്ടാല്‍  പെട്ടെന്നാര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.. ടീച്ചര്‍മാര്‍ക്ക് ഒരുപാട് തവണ അബദ്ധം പിണഞ്ഞിട്ടുണ്ട്.. അത്രക്കുണ്ട് സാമ്യം. നല്ല ഗോതമ്പിന്റെ നിറം..പട്ടുപാവാടയും ദാവണിയും ചുറ്റി, കവിളത്ത് കസ്തൂരി  മഞ്ഞളിന്റെ തിളക്കവും, സൌന്ദര്യത്തിന്റെ നിറകുടം തന്നെയായിരുന്നു മൂന്നു പേരും.. തമിഴ് ചുവയുള്ള സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്.. സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒരുമിച്ചാവും.. ബഡായി രാമന്‍ ഇല്ലാത്ത നേരമാണെങ്കില്‍ അരിനെല്ലിക്കയോ  പച്ചമാങ്ങയോ മൈലാഞ്ചിയോ മുല്ലമൊട്ടോ   ഒക്കെ തരും.. സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോള്‍  പിന്നെ സ്ഥിരമായി കാണാറില്ലായിരുന്നു.. ഇടെക്കെങ്ങാനും അമ്പലത്തില്‍ വെച്ചോ മറ്റോ  കാണും  സംസാരിക്കും.  അത്ര തന്നെ..  കാലത്തിന്‍റെ കുത്തൊഴുക്കില്‍  ആരൊക്കെയോ  എവിടൊക്കെയോ  എത്തി.. ജീവിതത്തിലെ ഓട്ട പന്തയത്തിനിടയില്‍  പലരുടെയും മുഖങ്ങള്‍ ഓര്‍മ്മയില്‍  വരാറില്ല  എന്നതാണ് സത്യം.

"താനെന്താടോ   അവട തന്നെ നിന്നേ.. വാ  ഒരു പ്രദക്ഷിണം കൂടി ബാക്കീണ്ട്.."  പുഷ്പയുടെ  വിളി എന്നെ ഓര്‍മ്മകളില്‍ നിന്നും  തിരിച്ചു കൊണ്ട് വന്നു.. 

"എരുമ രാമന്‍റെ ഏതു മകള്‍ ആണത്? 

"ഇരട്ടകളിലെ പുഷ്കലയാണ്."  പുഷ്പയുടെ മറുപടി. 

"എന്താടോ ആ കുട്ടീടെ  കോലം ഇങ്ങനെ?  ഞാന്‍ കണ്ടിട്ട് കാലം  കൊറെ ആയി.. എപ്പോഴോ  അമ്മ പറഞ്ഞിരുന്നു  പെണ്കുട്ട്യോളുടെ കല്യാണം ഒക്കെ കഴിഞ്ഞു .. അമ്മ്യാരും പട്ടരും ഒക്കെ മരിച്ചു എന്നൊക്കെ..  ഇതിപ്പോ അവളെ കണ്ടിട്ട് എനിക്ക് മനസ്സിലായാതെ  ഇല്ല്യ..  അവളെന്താ അമ്പലത്തില്‍ പാത്രം കഴുകണേ? 

" അവള്ടെ കാര്യൊക്കെ വല്ല്യ കഷ്ട്ടത്തി ലാടോ.. പാവം.. ഉയര്‍ന്ന ജാതീല്   ജനിച്ചു പോയതൊരു ശാപായിരിക്ക്യാ   അവള്‍ക്കു.. അല്ലെങ്കില്‍ എന്തെങ്കിലും പണിയെടുത്തു ജീവിക്കായിരുന്നു. ഇതിപ്പോ അയ്നും  വഴീല്ല്യാണ്ടായി.." 

പട്ടരു മരിക്കണെനു മുമ്പേ കൃഷിയൊക്കെ  വിറ്റ്  മൂന്നു പെണ് മക്കള്ടെം   കല്യാണം നടത്തി.. ചെറിയവള് ബോംബല്.. ഒരു വിധം തരക്കെടില്ല്യാണ്ട്  കഴിയാണ്  കുടുംബായിട്ടു..   ഇരട്ടകളിലുള്ള   മറ്റേ കുട്ടി നാട്ടില്‍ തന്ന്യാ.. അതിനും വല്യ  കുറവോന്നൂല്ല്യാ..   ഇതിന്‍റെ കാര്യാ കഷ്ട്ടം.. ഓരോരുത്തരുടെ വിധി. അല്ലാണ്ടെന്താ  പറയ്യ "

പ്രദക്ഷിണം അവസാനിക്കുന്നിടത്ത് എത്തിയപ്പോഴേക്കും   തേച്ചു മിനുക്കിയ പൂജാ പാത്രങ്ങളുമായി കുളക്കടവില്‍ നിന്നും പുഷ്കലയും കേറി വന്നു..  പുഷ്പയെ നോക്കി പുഞ്ചിരിക്കുന്നതോടൊപ്പം എന്‍റെ നേര്‍ക്ക്‌ സംശയത്തോടെ ഒരു നോട്ടമെറിയാനും  മറന്നില്ല..  

"പുഷ്കലക്ക് ഇയാളെ മനസ്സിലായോ? " എന്‍റെ നേര്‍ക്ക്‌ കൈ ചൂണ്ടി പുഷ്പ ചോദിച്ചു.. 

നല്ല  പരിചയം  തോന്നണുണ്ട് .. പക്ഷെ ഓര്‍മ്മ കിട്ടണില്ല്യ..  എന്താ പേര്? 

ഡോ.  ഇത് നമ്മട്യോക്കെ ഒപ്പം സ്കൂളില്‍ പഠിച്ച പത്മശ്രീയാ.. ഞാനും ശ്ശി  കാലായിരിക്കുണൂ കണ്ടിട്ട്.. ന്നാലും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പെട്ടെന്ന് മനസ്സിലായീട്ടോ.. 

പുഷ്കലക്ക് സുഖല്ലേ.. ഞാന്‍ ചോദിച്ചു..  ഒരുപാട് കാലായി കണ്ടിട്ട്.. എനിക്കാദ്യം മനസ്സിലായില്ല്യാട്ടോ..  എന്‍റെ ഓര്‍മ്മെലുള്ള  മോഖേ  അല്ല.. വല്ലാണ്ട് മാരീരിക്കാന്  താന്‍.. ,.   പ്രായൊക്കെ ആയാലും  പഴേ ചായ മാറില്ല്യാലോ..   അതോണ്ടല്ലേ  ഞാനും പുഷേപേം  കണ്ടപ്പോഴേ മനസ്സിലായത്‌.. ,. 

ഒരു വിളറിയ ചിരി ആയിരുന്നു മറുപടി.. 

എന്തൊക്ക്യാ വിശേഷം?  കുടുംബം കുട്ട്യോള്‍  ഒക്കെ?  

ഒരു മകന്ണ്ട്..  പത്താം ക്ലാസ്സ് വരെ  പഠിച്ചു.. പയ്നെട്ടു വയസ്സായി . കൂടുതല്‍ പഠിപ്പിക്കാന്‍ എന്നെ കൊണ്ട് നിവര്‍ത്തില്ല്യാരുന്നു . ഇപ്പൊ   ഒരു സ്കൂളില്‍ പ്യൂണിന്റെ  പണി കിട്ടീട്ടുണ്ട്.. സ്ഥിരോന്ന്വല്ല.. 

അപ്പൊ  ഭര്‍ത്താവ്?  

ന്‍റെ  സാമി ഇല്ല്യാ.. മകന് രണ്ടു വയസ്സ് തികയനെനു മുംബന്നെ  ദൈവം തിരിച്ചു വിളിച്ചോണ്ട് പോയി.. '

അത് പറയുമ്പോള്‍ കണ്ണില്‍ നിന്നും കുടുകുടെ കണ്ണീര്‍മുത്തുകള്‍ പൊഴിയുന്നുണ്ടായിരുന്നു.. 

"ഇവടത്തെ ഈ ചെറിയ പണിണ്ട്.. അഞ്ഞൂറുപ്പ്യ  കിട്ടും.. ദേവിടെ പണി ചെയ്തു കിട്ടണതല്ലേ.. അവിടുത്തെ തീരുമാനം ന്താച്ചാ  അതുപോലെ  നടക്കട്ടെ." വീണ്ടും ആ വിളറിയ  ചിരി.  

കൂടുതല്‍ നേരം എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല.. ദേവിയെ തൊഴത ആത്മ സംതൃപ്തി നിമിഷ നേരം കൊണ്ടില്ലാതായി..   മോന്റെ പിറന്നാള്‍ ആണെന്ന കാര്യവും  ഞാന്‍ മറന്നു.. 

വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍  മനസ്സില്‍ ഒരു മുള്ള് കൊണ്ട വേദന.. 

"താന്‍ വീട്ടിലേക്കു വരുന്നില്ലേ.?"   പുഷ്പയുടെ ചോദ്യം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.. 

"സോറി.. ഒന്നും വിചാരിക്കരുത്.. ഞാന്‍ തിരിച്ചു പോകുന്നെന് മുമ്പ്  ഒരു ദിവസം തീര്‍ച്ചയായും വരും.. തന്‍റെ അമ്മയേം കാണണം എനിക്ക്..  അവളെ കണ്ടതിനു ശേഷം  ഒരു മൂഡില്ല.. എങ്ങനെ കഴിയേണ്ട കുട്ട്യാരുന്നു.. ന്നെ നിര്‍ബന്ധിക്കരുത്.. പോണേനു മുമ്പ്  തന്‍റെ വീട്ടില്‍ വന്നിട്ടേ പോവൂ.. ഒറപ്പ്.. 

പിന്നീടവള്‍ നിര്‍ബന്ധിച്ചില്ല..   യാത്ര പറഞ്ഞു  രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞപ്പോള്‍   ഇടക്കൊന്നു തിരിഞ്ഞു നോക്കി.. അമ്പല മുറ്റത്ത്‌ നിന്ന്  പുഷ്കല കൈവീശി  കാണിക്കുന്നുണ്ടായിരുന്നു.. പാവം.. 

ദാമ്പത്യത്തിന്‍റെ മധു ആവോളം  നുകരാന്‍ കഴിയാതെ  അകാലത്തില്‍ ചിറകുകള്‍ കരിഞ്ഞു വീണ പൂമ്പാറ്റയെ പോലെ നിരാലംബയായൊരു സ്ത്രീ.. ഉന്നത ജാതിയില്‍ ജനിച്ചു പോയത് കൊണ്ട്  മറ്റുള്ളവരുടെ മുന്നില്‍ സഹായം അഭ്യര്‍ഥിക്കാനോ  മറ്റു ജോലികള്‍ ചെയ്യാനോ  കഴിയുന്നില്ല.. രക്ഷിക്കാന്‍  ആളില്ലെങ്കിലും വിമര്‍ശിക്കാന്‍  ഒരു സമൂഹം തന്നെ ഉണ്ട് മുന്നിലും  പിന്നിലും.

ജീര്‍ണ്ണിച്ചു വീഴാറായ അഗ്രഹാരത്തിലെ  അടുക്കളയില്‍ പുകയൂതി ജീവിതം ഹോമിക്കുന്നവര്‍....,. ഇതൊരു പുഷ്കലയുടെ മാത്രം കഥയല്ല.. നമ്മുടെ സമൂഹത്തില്‍ നാമറിയാതെ ഇങ്ങനെ എത്രയോ പേര്‍..,. സവര്‍ണ്ണ ജാതിയുടെ മതില്‍കെട്ടിനുള്ളില്‍ വീര്‍പ്പു മുട്ടുന്നവര്‍... , ഒരു നേരത്തെ വിശപ്പടക്കാന്‍  പാടു പെടുന്നവര്‍   ഉണ്ടാവും..  ആരാലും  ശ്രദ്ധിക്കപ്പെടാതെ,  ക്ലാവ് പിടിച്ചു, മാറാല മൂടിയ നിലവറകളില്‍ ഉപേക്ഷിക്കപ്പെട്ട   നിലവിളക്കു പോലെ. ഇവരുടെ മനസ്സിലും കാണില്ലേ    തേച്ചു മിനുക്കി  ആഗ്രഹങ്ങളും മോഹങ്ങളും കൊണ്ട്  എണ്ണയും തിരിയുമിട്ടു  ഒരിക്കലെങ്കിലും  തെളിഞ്ഞു കത്താന്. മഹത്തായ മനുഷ്യ ജന്മം  ഒരിത്തിരിയെങ്കിലും  ആസ്വദിക്കാന്‍.. ..

പാവപ്പെട്ടവരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും   സഹായിക്കുന്ന ഒരു പാടു സന്നദ്ധ സംഘടനകള്‍ ഉണ്ട്.. വ്യക്തികള്‍ ഉണ്ട്, സര്‍ക്കാറുണ്ട്.. പക്ഷെ ഉന്നത ജാതിയില്‍ പിറന്നത് കൊണ്ട് ഇവര്‍ക്ക് നേരെ ആരുടേയും സഹായ ഹസ്തം നീളുന്നില്ല,  പൊള്ളയായ ആഡ്യത്ത്വം തലയില്‍ ചുമക്കുന്നത് കൊണ്ട് ആരുടെ മുമ്പിലും സഹായത്തിനു കൈ നീട്ടാന്‍ ഇക്കൂട്ടരുടെ അഭിമാനം സമ്മതിക്കുന്നുമില്ല..  സ്വന്തം വിധിയെ പഴിച്ചു, അഗ്രഹാരത്തിലെ അടുപ്പുകളില്‍ കത്താതെ കരിഞ്ഞുപുകയുന്ന വിറകു കൊള്ളി പോലെ, ജീവിതമെന്ന കറുത്ത പുകച്ചുരുളുകളിലേക്ക് നോക്കി ദീര്‍ഘനിശ്വാസം  ഉതിര്‍ക്കുന്ന ജന്മങ്ങളെ   തേടി, സഹായത്തിന്‍റെ   ഒരു തുണ്ടു വെട്ടവുമായി  ആരെങ്കിലുമൊക്കെ  വന്നിരുന്നെങ്കില്‍...,..!!!!-പദ്മശ്രീ നായര്‍-

Tuesday, 13 August 2013

പട്ടര് പാലക്കാട്ടേക്ക് പോയ കഥ..!!!
പണ്ട് അമ്മമ്മ പറഞ്ഞു തന്ന കഥയാണു.. ഒരു പട്ടര് പാലക്കാട്ടേക്ക് പോയ കഥ..

പണ്ടൊരു പട്ടര് ണ്ടായിരുന്നൂ ത്രേ.. ധൃത്യാണ്.. എന്തിനും ഏതിനും ധൃതി.. ഒരു കാര്യം മുഴോനും കേള്‍ക്കാനുള്ള മനസ്സില്ല.. കേട്ടത് പാതി കേക്കാത്ത പാതി.. അതോണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇടങ്ങേട് ആക്കും.. അമ്മ്യാര് തോറ്റു പട്ടരുടെ ഈ സ്വഭാവം കൊണ്ട്‌.. ,.

ഒരിക്കല്‍ പാലക്കാട്ട് അങ്ങാടീന്നു കുറെ സാധങ്ങള്‍ വാങ്ങാനുണ്ടായിരുന്നു ശിവകാമി അമ്യാര്‍ക്ക്. പണ്ട് കാലത്ത് ബസ്സ് സൗകര്യം ഒന്നും ഇല്ല്യാത്രേ.. നടന്നു തന്നെ പോണം. രാത്രി ആഹാരം കഴിചോണ്ടിരുന്നപ്പോള്‍ അമ്മ്യാര് പറഞു.. "

"അതേയ്.. നാളെ പാലക്കാട്ട് വരെ ഒന്ന് പോണം." ഇത്രേ കേട്ടുള്ളൂ പട്ടര്.. ഊണ് മതിയാക്കി കൈ കഴുകി വേഗം പോയി കിടന്നുറങ്ങി.. അമ്മ്യാര് ബെഡ് റൂമില്‍ എത്യപ്പോഴേക്കും പട്ടര് കൂര്‍ക്കം വലി തൊടങ്ങി കഴിഞ്ഞു.. ബാക്കി കാര്യോട്ടു പറയാനും പറ്റീല്ല അമ്മ്യാര്‍ക്ക്.

"ങാ.. പോട്ടെ.. ഇനി നാളെ രാവിലെ പറയാം." എന്ന് ആത്മഗതം ചെയ്തു അമ്മ്യാരും ഉറങ്ങി..

നേരം പുലര്‍ന്നു നോക്ക്യപ്പോ കെടക്കേല് പട്ടരെ കാണാനില്ല്യ.. അമ്മ്യാര് തൊടീലും തൊഴുത്തിലും സാമീ.. സാമീ ന്നും വിളിച്ചു തിരഞ്ഞു നടന്നു. ങേ..ഹേ.. അമ്മ്യാരുടെ വിളീടെ എക്കോ മാത്രം ബാക്കി.. ന്നാ പിന്നെ പാടത്ത് എങ്ങാനും പോയിട്ടുണ്ടാവും ന്നു വെച്ച് അമ്മ്യാര് സമാധാനിച്ചു.. സാമിക്ക് ഇഷ്ട്ടമുള്ള ഇഡലിയും പൊടിയും സാമ്പാറും ഒക്കെ തയ്യാറാക്കി..

കുറെ നേരം കഴിഞ്ഞിട്ടും പ്രിയതമന്‍ പട്ടരെ കാണാതായപ്പോ ശിവകാമി അമ്മാള്‍ക്ക് വേവലാതിയായി.. അയല്വക്കാക്കാരെ ഒക്കെ വിളിച്ചു കൂട്ടി.. പലരും പല സ്ഥലത്തും ഓടി നടന്നു തിരച്ചിലോട് തെരച്ചില്.. ഇന്നത്തെ പോലെ ഇന്റര്‍നെറ്റ് സംവിധാനം ഒന്നും അന്ന് ഇല്ലാതിരുന്നത് കൊണ്ട്‌ ഗൂഗിളില്‍ തിരയാന്‍ കഴിഞ്ഞില്ല..അമ്യാരുടെ കണ്ട്രോള്‍ വിട്ടു..അടുത്ത പടിയായി നെഞ്ചത്തടിച്ചു നിലവിളി തുടങ്ങി..
"ഒണ്ണുമേ സോല്ലാമേ എങ്കെ സാമീ പോയിട്ടീങ്കെ.. കടവുളേ.. എന്ക്കാരുമേ ഇല്ലാമേ പോയാച്ചേ.. എനക്ക് താങ്ക മുടിയലിയെ.. കടവുളേ.."

കരച്ചിലിന്റെ ആക്കം കൂടി.. ആളുകളും കൂടി തുടങ്ങി.. പലരും കുശുകുശുക്കാന്‍ തുടങ്ങി.. കുളത്തിലും കിണറ്റു കരയിലും ഒക്കെ എത്തി നോക്കുന്നു ചിലര്‍.... ,. ആകെ പരിഭ്രാന്തി പരന്ന അന്തരീക്ഷം.. അമ്മ്യാരെ സമാധാനിപ്പിക്കാന്‍ അയല്‍വാസി അമ്മ്യാരുമാര് വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു..

ഉച്ചയോടടുത്തപ്പോള്‍, ദാണ്ടെ എല്ലാരെയും സ്തബ്ധരാക്കിക്കൊണ്ട് മ്മടെ പട്ടര് വിയര്‍ത്തു കുളിച്ചു കേറി വരുന്നു.. മുറ്റത്തെ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ പട്ടര് അമ്പരന്നു.. വേളിക്കു എന്തേലും അപകടം പറ്റ്യോന്നായിരുന്നു സാമിയുടെ ആധി..

" എന്നാ ആച്ചു ഇങ്കെ.. ങേ.. എന്നാച്ചു.. എന്നാച്ചു.." ഇങ്ങനെ ചോദിച്ചു വെറളി പിടിച്ചു ഓടാന്‍ തുടങ്ങി ആസാമി.. പട്ടരെ കണ്ടപ്പോ എല്ലാര്‍ക്കും ആശ്വാസം ആയി.. പഞ്ചവാദ്യത്തിന് കലാശ കൊട്ട് കൊട്ടുന്ന തരത്തില്‍ അമ്മ്യാര് നെഞ്ചത്ത്‌ അഞ്ചാറു കലാശ ഇടി ഇടിച്ചു മംഗളം പാടി നിലവിളി അവസാനിപ്പിച്ചു.. മൂക്ക് പിഴിഞ്ഞ് ചേലതുമ്പില്‍ തേച്ചുപിടിപ്പിച്ചു ചോദിച്ചു..

"എന്നാ വേല സെന്ചീങ്ക സാമീ.. ഇവളവു നേരം എങ്ക പോനീങ്ക... എങ്കിട്ടെ ചൊല്ലീട്ടു പോവേണ്ടീത് താനേ..?"

ഉടനെ സാമീടെ മറുപടി.. സദസ്യരോട് തിരിഞു..

" ശിവകാമി കിട്ടെ കേട്ട് പാര്. നേത്തക്ക് ശാപ്പിട്ടു ഇരുക്കുംബോത്‌ ഇവ താന്‍ സോന്നത്.. നാളക്ക് പാലക്കാട്ടുക്ക് പോണം എന്ന്.. ഇങ്കിരുന്തു ബസ്സ്‌ ഒന്നും ഇല്ലിയെ.. അത് ഉങ്കളുക്കും തെരിയുമേ.. അതോണ്ട് ഞാന്‍ കാലെലെ വേഗം എണീറ്റ്‌ നടന്തു താന്‍ പാലക്കാട്ട് പോയി വന്താച്ച്.. കാലെലെ ശിവകാമി തൂങ്കീട്ടിരുന്തത്.. അതനാലെ ചൊല്ലീട്ടു പോവലെ.. അവളവു താന്‍..","

പാവം അമ്മ്യാര് എന്ത് പറയാന്‍.. ,. പാലക്കാട് പോണം എന്ന് കേട്ടത് പാതി കേക്കാത്ത പാതി ഊണ് നിര്‍ത്തി നേരത്തെ പോയി കിടന്നുറങ്ങിയ സാമിയോടു ആവശ്യം പറയുന്നെനു മുമ്പേ ഉറങ്ങിപോയി എന്ന് പറഞ്ഞു നാട്വാരുടെ മുമ്പില്‍ ഭര്‍ത്താവിനെ കൊച്ചാക്കിയില്ല.. പാവം അമ്മ്യാര് തലേം താത്തി നിന്ന് സ്വയം കുറ്റം ഏറ്റെടുത്തു.. വന്നവരെല്ലാം പാവം അമ്മ്യാരെ നോക്കി മുറുമുറുത്തു പിരിഞ്ഞു പോയി..

അമ്മ്യാരും പട്ടരും കുറെ കാലം കൂടി ഇങ്ങനൊക്കെ തന്നെ സന്തോഷായി ജീവിചിട്ടുണ്ടാവും.. കഥ ഇവിടെ അവസാനിക്കുന്നു..

ഈ കഥ ഇപ്പൊ ഇവിടെ പറഞ്ഞത് എന്തിനാ ന്നാവും നിങ്ങടെ സംശയം.. അത് ന്യായം.. ഒന്നൂല്ല്യാ.. മ്മടെ ജനകീയ സമരത്തെ കുറിച്ചു ആലോചിച്ചപ്പോള്‍ ഓര്‍മ്മ വന്നൂന്ന് മാത്രം.. സമരം ണ്ടന്നു കേട്ടപ്പോ കൊറേ ആളുകള്‍ പുറപ്പെട്ടു പോയി.. ഉപ്പുമാവും പഴോം കഴിച്ചു, വഴീ തൂറീം വെച്ച് ഇങ്ങു പോന്നു.. പോയ കാര്യം വല്ലോം നടന്നോ.. അതൂല്ല്യാ.. അത്രേന്നേ..

ഫീലിംഗ്.. : ഓ ഫീലിംഗ്സ് ഒന്നും വേണ്ടാന്നെ.. നമുക്കിടയില്‍ എന്തിനാ ഒരു ഫീലിംഗ്സും ഫോര്മാലിറ്റിയും ഒക്കെ.. ല്ലേ..


Tuesday, 6 August 2013

"ചുവന്ന കല്ലു പതിച്ച പതക്കമുള്ള ഒരു നെക്ലേസ് "....!!!സീന്‍ ഒന്ന്: 

കുട്ടിക്കാലത്ത് അച്ഛന്‍റെ അരികിലിരുന്നു വാ തോരാതെ ഓരോന്ന് പറഞ്ഞിരിക്കുമ്പോ അമ്മ പറയും..
"ഇങ്ങനെ കൊഞ്ചിച്ചോണ്ടിരുന്നാ പോരാ.. പിള്ളേര് ദാ ന്നു പറയുംബ്ലക്കും വലുതാവും.. ഇതിനെയൊക്കെ മര്യാദയ്ക്ക് ഒരുത്തന്റെ കൂടെ പടിയിറക്കി വിടണ്ടേ.. അതിനുള്ള കാര്യങ്ങള് ഇപ്പൊ തന്നെ ആലോചിക്കാന്‍ തുടങ്ങിക്കോ.."

അപ്പോള്‍ അച്ഛന്‍റെ ഒരു ചിരി കലര്‍ന്ന മറുപടി..
"എന്‍റെ മക്കളെയൊക്കെ പൊന്നും പണവും ഇല്ലാതെ കൊത്തി കൊണ്ടോവാന്‍ ആളു വരും.. പൊന്നുംകുടത്തിനു എന്തിനാ പൊട്ട്" എന്നിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു "ല്ലേ മക്കളേ" എന്നൊരു ചോദ്യവും.. അച്ഛന്‍ കരുതിയത്‌ പോലെ അങ്ങനെ കൊത്താനൊന്നും ആരും വന്നില്ല.. ഒടുവില്‍ എന്നെയൊന്നു പടിയിറക്കാന്‍ അമ്മക്ക് ഭാഗം കിട്ടിയ പത്തു പറ കണ്ടം വില്‍ക്കേണ്ടി വന്നു..

സീന്‍ രണ്ട്: 


അനുരാഗ പരവശനായിരിക്കുന്ന ആര്യപുത്രനോട്.. (ഇങ്ങനുള്ള മൂഡില്‍ എന്ത് ചോദിച്ചാലും കിട്ടുമെന്ന ഒരു തെറ്റിദ്ധാരണ എങ്ങനെയോ എന്‍റെ മനസ്സില്‍ കടന്നു കൂടി)

"അതേയ് .. അടുത്ത ലീവില്‍ വരുമ്പോ എനിക്ക് ചുവന്ന കല്ലു പതിച്ച പതക്കമുള്ള ഒരു നെക്ലേസ് വാങ്ങീ കൊണ്ടു വര്വോ "? കേട്ടത് പാതി.. പെട്ടെന്ന്  കക്ഷി ഒന്നനങ്ങി ഇരുന്നു.. കണ്ഠശുദ്ധി വരുത്തി, ശൃംഗാര ഭാവം കഷ്ട്ടപ്പെട്ട് മുഖത്ത് വരുത്തി, കര്‍ക്കടമാസ രാവില്‍ പാട വരമ്പത്ത് പോക്കാച്ചി തവള കരയണ മാതിരി പേക്രോം.. പേക്രോം രാഗത്തില്‍ പ്രേംനസീര്‍ ഷീലയുടെ മുഖത്ത് നോക്കി പാടുന്ന പോലെ...

സന്ധ്യക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം...

ഈശ്വരാ... ചതിച്ചോ... നെക്ലേസ് കിട്ടീല്ലെങ്കിലും വേണ്ടില്ല.. ഈ ഒച്ച കേട്ട് നിദ്രാഭംഗം വന്ന ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ വന്നു വാതില് ചവിട്ടി പൊളിച്ചാലോ എന്ന് പേടിച്ചു .. കാളകൂട വിഷം ഇറക്കാതിരിക്കാന്‍ ശ്രീപാര്‍വ്വതി പരമശിവന്റെ കഴുത്തില്‍ പിടിച്ചത് പോലെ ഞാന്‍ കേറി നായരുടെ കഴുത്തിന്‌ പിടിത്തമിട്ടു.. നെക്ലെസിനോടുള്ള പൂതി അതോടെ നിര്‍ത്തി..

സീന്‍ മൂന്ന് : 

മകന്‍ ഹരിയോട്.. 

"പൊന്നൂട്ടന് നല്ല ജോല്യോക്കെ കിട്ടി നല്ലോണം ശംബളം കിട്ടാന്‍ തൊടങ്ങ്യാല് അമ്മക്ക് വെള്ള ഡയമണ്ട്ന്‍റെ ഒരു കമ്മല് മേടിച്ചു തരും ല്ലേ..? "

അവനൊട്ടും ആലോചിക്കേണ്ടി വന്നില്ല മറുപടിക്ക്.. " പിന്നേ.. ഈ വയസ്സാം കാലത്തല്ലേ ഡയമണ്ട് കമ്മലും ഒക്കെ ഇട്ടു ചെത്തി നടക്കണ്ടത്.. വെള്ളി കെട്ടിച്ച വട്യോ, കണ്ണടയോ, രാമായാണോ ഭാഗവതോ വേണോങ്കി പറ.. മേടിച്ചു തരാം.. "

ഹും.. എനിക്കിങ്ങനെ തന്നെ വേണം.. മുണ്ടാണ്ടിരുന്നാ മത്യാര്‍ന്നു.. അല്ലാ.. എന്ക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ.. ഈ ആണുങ്ങള്‍ ഒക്കെ ഇങ്ങന്യാ ?? ങേ Sunday, 4 August 2013

നന്ദൂട്ടി...!!
മുഖപുസ്തകത്തിലൂടെയാണ് ഞാന്‍ നന്ദൂട്ടിയെ പരിചയപ്പെട്ടത്.. തൃശ്ശൂര്‍ജില്ലയിലെ ഒരു സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു.. പക്ഷെ ഒരു ടീച്ചറുടെ ഗമയോന്നും അവള്‍ക്കു സുഹൃത്തുക്കളോട് ഇല്ലായിരുന്നു.. ഒരു പത്തു വയസ്സുകാരിയുടെ ചുറു ചുരുക്കോടെ മുഖപുസ്തകത്തില്‍ ഓടി നടന്നിരുന്ന ഒരു മുപ്പത്തിയാറുകാരി.. ഇടക്കെപ്പോഴോ ആണ് ഞങ്ങള്‍ തമ്മില്‍ പരിചയമായത്.. ആദ്യമൊക്കെ ദൂരേന്ന് നോക്കി കണ്ടു.. ഇന്‍ബോക്സില്‍ ഇടയ്ക്കു എന്തൊക്കെയോ പറഞ്ഞു.. ക്രമേണ ആ അടുപ്പം വളരുകയായിരുന്നു.. അവള്‍ക്കു ഞാന്‍ അമ്മയായി, ചേച്ചിയായി, കുസൃതിത്തരങ്ങള്‍ ഒപ്പിച്ചു ദേഷ്യം പിടിപ്പിക്കുന്ന കളിക്കൂട്ടുകാരിയായി..

സ്കൂളില്‍ ഇന്റെര്വല്‍ സമയത്ത് തക്കം കിട്ടിയാല്‍ ജി. ടാക്കില്‍ ചാറ്റ് ചെയ്യും.. അങ്ങനെ ഓരോ ദിവസം കൂടുന്തോറും ഞങ്ങളുടെ ബന്ധം വളരുകയായിരുന്നു.. ഭര്‍ത്താവ് വിദേശത്തു.. മൂന്നു പ്രാവശ്യം ഗര്‍ഭിണി ആയിട്ടും അമ്മയാവാന്‍ കഴിഞ്ഞില്ല.. ഒടുവില്‍ ഈശ്വരന്‍ കനിഞ്ഞു.. നാലാമതും ഗര്‍ഭിണിയായി.. പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആവാന്‍ പോകുന്ന സമയത്ത് എന്‍റെ ഫോണ്‍ നമ്പര്‍ മേടിച്ചിരുന്നു.. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം അതിരാവിലെ എന്‍റെ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. നന്ദൂട്ടി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി എന്ന സന്തോഷ വാര്‍ത്തയായിരുന്നു അത്.. അവളുടെ ബന്ധത്തില്‍ ഉള്ള ഒരനിയന്‍ ആയിരുന്നു വിവരം അറിയിച്ചത്..

പാറൂട്ടിയുടെ ഓരോ ദിവസത്തെ വളര്‍ച്ചയെ പറ്റിയും അവളുടെ വാശിയേ പറ്റിയും കുറുമ്പിനെ പറ്റിയും ഒക്കെ മടുക്കാതെ എഴുതും. ഒരു പുതിയ ലോകത്തായിരുന്നു അവള്‍. ,.. പ്രസവാവധി കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങി.. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം അവളെ കാണാതായി.. ദിവസങ്ങള്‍ കഴിഞ്ഞു.. ഒരു വിവരവും ഇല്ല.. പിന്നീട് മുഖപുസ്തകത്തിലെ ഒരു സുഹൃത്ത്‌ പറഞ്ഞാണറിഞ്ഞത്.. നന്ദൂട്ടിക്കു ഒരു അപകടം പറ്റി, ഹോസ്പിറ്റലില്‍ ആണെന്ന്.. വ്യക്തമായ വിവരങ്ങള്‍ അവര്‍ക്കും അറിയില്ല.. എനിക്കാകെപ്പാടെ വേവലാതിയായി.. ഇത്രയൊക്കെ ആണെങ്കിലും ഞാനും അവളും തമ്മില്‍ ഒരിക്കല്‍ പോലും വോയിസ്‌ ചാറ്റ് ചെയ്യുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല.. എനിക്കവളുടെ ഫോണ്‍ നമ്പറും അറിയില്ലായിരുന്നു..

ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ പെട്ടെന്നൊരു ദിവസം ജി മെയിലില്‍ പ്രത്യക്ഷപ്പെട്ടു.. എനിക്കാശ്വാസം ആയി.. എന്‍റെ സ്വഭാവം വെച്ച് കാര്യമറിയാതെ ഞാന്‍ കുറെ വഴക്ക് പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍, ഹോസ്പിടല്‍ മുറിയിലിരുന്നു നേഴ്സിന്റെ കണ്ണ് വെട്ടിച്ചു ലാപ്ടോപ്പില്‍ വിരല്‍തുമ്പിലൂടെ അവള്‍ പറഞ്ഞ കഥ കേട്ട് ഞാന്‍ തരിച്ചിരുന്നു പോയി..

ഒരു ദിവസം സ്കൂളിലേക്കുള്ള യാത്രയില്‍ എതിരെ വരുന്നൊരു ടിപ്പര്‍ ലോറി അവള്‍ ഓടിച്ചിരുന്ന ആക്ടീവയില്‍ ഇടിച്ചു തെറിപ്പിചത് മാത്രം ഓര്‍മ്മയുണ്ട്.. എത്രാമത്തെ ദിവസം ആണ് ബോധം വന്നതെന്നോ എന്നൊന്നും ഓര്‍മ്മയില്ല.. ബോധം വന്നപ്പോള്‍ ആശുപത്രി കിടക്കയില്‍.. ,.. ശരീരത്തിന്റെ ഇടതുഭാഗം മുഴുവനും തളര്‍ന്നു.. അവളുടെ അടുത്ത വരികള്‍ വായിച്ചെടുത്തപ്പോള്‍ എന്‍റെ തലയ്ക്കു ആരോ കൂടം എടുത്തു അടിച്ചത് പോലെ തോന്നിപ്പോയി.. ആ അപകടത്തില്‍ എന്‍റെ നന്ദൂട്ടിയുടെ സംസാര ശേഷി നഷ്ട്ടപെട്ടിരുന്നു.. !!!!!

കലപിലാ പറഞ്ഞും തുള്ളിച്ചാടി നടന്നിരുന്ന എന്‍റെ നന്ദൂട്ടി... ഒരു വാക്ക് സംസാരിക്കാന്‍ കഴിയാതെ, അനങ്ങാന്‍ വയ്യാതെ, നാലു മാസം മാത്രം പ്രായമുള്ള കാത്തു കാത്തുണ്ടായ തന്‍റെ പൊന്നോമന പാറുക്കുട്ടിയെ ഒന്നെടുത്തു താലോലിക്കാന്‍ കഴിയാതെ , അവളെ അമ്മിഞ്ഞയൂട്ടാന്‍ കഴിയാതെ മരിച്ചതിനു തുല്യമായി ജീവിക്കുന്നു.. ദൈവത്തെ പോലും വെറുത്ത നിമിഷം.. തലച്ചോറിനകത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന രക്തസ്രാവം ആണത്രേ സംസാര ശേഷി വീണ്ടെടുക്കാന്‍ കഴിയാത്തത്. അങ്ങിനെ ഒന്നര മാസത്തോളം ആശുപത്രിയില്‍ കിടന്നു.. വലിയ ഗുണം ഒന്നുമില്ല.. ഡോകടര്‍മാരുടെ ശ്രദ്ധയില്‍ പെടാതെ നേഴ്സിന്റെ ദയവു കൊണ്ട് വേറെ ആരും കാണാതെ ലാപ്ടോപ്പില്‍ ഒരിത്തിരി പഴുത് കിട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ ആണ്.. " പപ്പൂസേ .. നന്ദുട്ടിക്ക് ആജീവനാന്ത പൊട്ടിയായി ബ.ബാ. ബ.. എന്നും പറഞ്ഞു കഴിയേണ്ടി വരുമോ" ഈ ചോദ്യം എന്നെ തളര്‍ത്തി..

വിവരങ്ങള്‍ അറിഞ്ഞു ഇതിനിടക്ക്‌ ഭര്‍ത്താവും എത്തിയിരുന്നു.. നേര്‍ച്ച നേര്‍ന്ന പ്രകാരം പാറൂട്ടിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ചോറൂണ് നടത്തേണ്ട സമയം ആയി.. ആ ഒരു മുഹൂര്‍ത്തം അവള്‍ ഒരു പാട് സ്വപ്നം കണ്ടതാണ്.. അവളുടെ വാശിക്ക് മുമ്പില്‍, ഡോകടരുടെ അനുമതിയോടെ ഒരു ദിവസത്തേക്ക് ആശുപത്രി വാര്‍ഡില്‍ നിന്ന് പുറത്തു കടന്നു.. വെറുതെ ഗുരുവായൂരില്‍ പോയി.. പുറത്തു കാറില്‍ തന്നെ ഇരുന്നു.. വെറുതെ ഒരു യാത്ര.. തിരിച്ചു വീണ്ടും ആശുപത്രി കിടക്കയിലേക്ക്..

അപകടം നടന്നു രണ്ടു മാസം കഴിഞ്ഞു.. ലക്ഷക്കണക്കിന് രൂപ ഒഴുകിയതല്ലാതെ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല.. ഇടയ്ക്കിടെ ചെവിയില്‍ കൂടിയുള്ള തലച്ചോറില്‍ നിന്നുള്ള രക്തസ്രാവം . ഒടുവില്‍ ഭര്‍ത്താവ് തീരുമാനമെടുത്തു.. വിദേശത്തു കൊണ്ട് പോയി ചികിത്സിക്കാം.. ആരും എതിര്‍ത്തില്ല.. അങ്ങിനെ പോകാനുള്ള ഒരുക്കങ്ങള്‍ ആയി.. പോകുന്നതിന്റെ തലേ ദിവസം എന്നോട് കുറെയേറെ ചാറ്റ് ചെയ്തു.. പെട്ടെന്ന് സുഖമായി വരാന്‍ ഒരമ്മയെ പോലെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.. മിണ്ടണം എന്നാഗ്രഹിച്ച നിമിഷങ്ങളില്‍ എനിക്ക് ശബ്ദം ഇല്ലാതായല്ലോ എന്ന് പറഞ്ഞു കരയുന്ന കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങളോടോക്കെ അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു.. എത്രയും വേഗം സുഖമായി വരാന്‍ അനുഗ്രഹിച്ചു..

പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഓണ്‍ലൈനില്‍ അവളുടെ വരവ് പ്രതീക്ഷിക്കുകയായിരുന്നു.. രണ്ടാഴ്ച കഴിഞ്ഞു.. ഇടിത്തീയായി ആ വാര്‍ത്തയാണ് എന്നിലേക്ക് എത്തിയത് .. തകര്‍ന്നു പോയി ഞാന്‍.... ,. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ഭര്‍ത്താവിനോടൊത്ത് വിദേശത്തു ചികില്‍സക്കായി പുറപ്പെട്ട നന്ദൂട്ടി... തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് പെട്ടെന്ന് തലയില്‍ നിന്നുള്ള രക്തസ്രാവം കൂടുതലായി, അബോധാവസ്ഥയില്‍ ആയി.. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ആത്മാവ് നന്ദൂട്ടിയുടെ ശരീരത്തെ ഉപേക്ഷിച്ചു ചിറകടിച്ചു പറന്നുയര്‍ന്നു..

ഇതൊന്നുമറിയാതെ നിഷ്കളങ്കമായി ചിരിക്കുന്ന അവളുടെ മോള്‍ പാറൂട്ടി, ഭാര്യയോടൊത്ത് ജീവിച്ചു കൊതി തീരാത്ത ഭര്‍ത്താവ്, പ്രായമായ അച്ഛനമ്മമാര്‍, ചേച്ചിയെ ഈ ലോകത്തുള്ള എന്തിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരേ ഒരനിയത്തി.. എല്ലാവരെയും ദുഃഖത്തിന്‍റെ ആഴക്കടലില്‍ തള്ളിയിട്ടു അവള്‍ പോയി..

ഒരാഴ്ചക്ക് ശേഷം , നന്ദൂട്ടിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ കോളേജ് ലക്ചറര്‍ ആവാന്‍ തയ്യാറെടുത്തിരുന്ന നന്ദൂട്ടിയുടെ ഒരേ ഒരനിയത്തി - വന്ദന..

"ചേച്ചിയില്ലാത്ത ലോകത്ത് എനിക്ക് ജീവിക്കണ്ട.. അച്ഛനും അമ്മയും പൊറുക്കണം.. ഞാന്‍ എന്റെ ചേച്ചിയുടെ അടുത്തേക്ക് പോകുന്നു " എന്നൊരു കുറിപ്പ് എഴുതി വെച്ച് അവള്‍ ആത്മഹത്യ ചെയ്തു.. ചേച്ചിയുടെ പ്രതിരൂപമായ പാറൂട്ടിയെ എങ്കിലും അവള്‍ക്കു ഒരു നിമിഷം ഓര്‍ക്കാമായിരുന്നു..

അവളുടെ സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ചില ഡയറി കുറിപ്പുകള്‍ കിട്ടിയതായി അറിഞ്ഞു.. അതിലൊന്ന് എനിക്ക് വേണ്ടി എഴുതി വെച്ചതായിരുന്നത്രേ.. ഒരു ഫേസ്ബുക്ക് സുഹൃത്ത്‌ വഴി കിട്ടിയ എനിക്കായി കുറിച്ച എന്‍റെ നന്ദൂട്ടിയുടെ വരികള്‍ :
............................................................................................................
ente chakkara padmuse,
Njan orupad ishtapet poyi. Pakshe endu cheyyana, ee nandoottikku pokanulla samayam ayennu thonnunnu. Pakshe enikoru karyathel mathram vishamamundu. Ente sabdam chechiye kelpikkan kazhyathathil. Njan thanna vakku vifalamakuvan pokuvanenna thonnenath. Enkilum ente amme, ente nejil orit swasam avaseshikkunnundel njan varum....apol theri vili nadatham namuk ketto paratta padmu......

(എന്‍റെ ചക്കര പത്മൂസേ,
ഞാന്‍ ഒരുപാട് ഇഷ്ട്ടപെട്ടു പോയി. പക്ഷെ എന്ത് ചെയ്യാനാ, ഈ നന്ദൂട്ടിക്കു പോകാനുള്ള സമയം ആയെന്നു തോന്നുന്നു. പക്ഷെ എനികൊരു കാര്യത്തില്‍ മാത്രം വിഷമമുണ്ട്. എന്‍റെ ശബ്ദം ചേച്ചിയെ കേള്‍പ്പിക്കാന്‍ കഴിയാത്തതില്‍.., ഞാന്‍ തന്ന വാക്ക് വിഫലമാകുവാന്‍ പോകുവാണെന്നാ തോന്നണത്.. എങ്കിലും എന്‍റെ അമ്മേ, എന്‍റെ നെഞ്ചില്‍ ഒരിറ്റ്‌ ശ്വാസം അവശേഷിക്കുന്നുണ്ടെല്‍ ഞാന്‍ വരും.. അപ്പോള്‍ തെറി വിളി നടത്താം നമുക്ക്.. കേട്ടോ പരട്ട പത്മൂ.... )

.........................................................................................................

ജീവിത യാത്രയില്‍ പലരുമായി പലപ്പോഴായി അടുക്കുന്നു.. അതില്‍ തന്നെ വളരെ കുറച്ചു പേരുമായി നാമറിയാതെ തന്നെ ഒരാത്മ ബന്ധം ഉരുത്തിരിയുന്നു. അങ്ങിനെ ഉള്ളവരെ ദൈവം നേരത്തേ തിരിച്ചു വിളിച്ചാലോ? ലോകത്തിലെ ഏക സത്യം.. മരണം.. അംഗീകരിക്കപ്പെടേണ്ട സത്യം... മനസ്സില്‍ മരിക്കാത്ത ഓര്‍മ്മകളും ഒരിറ്റു കണ്ണുനീരും മാത്രം. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ക്ക് അതുമാത്രമേ കൊടുക്കാന്‍ കഴിയൂ..

പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നമ്മുടെ മനസ്സില്‍ ഇല്ലാതാവുമ്പോള്‍ മാത്രമേ അവര്‍ മരിക്കുന്നുള്ളൂ...എന്‍റെ മനസ്സില്‍ നന്ദൂട്ടി ഇന്നും ജീവിക്കുന്നു..എന്നെന്നും ജീവിക്കും.. സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നന്ദൂട്ടി എല്ലാം കാണുന്നുണ്ടെങ്കില്‍....,.. സൌഹൃദ ദിനത്തില്‍ ഈ ഓര്‍മ്മക്കുറിപ്പ്‌ അവള്‍ക്കായി സമര്‍പ്പിക്കുന്നു..
 — 
Thursday, 1 August 2013

-:ഉരുള പുരാണം :-ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു പിടി ഓര്‍മ്മകള്‍ സൂക്ഷിക്കാത്തവര്‍ ഉണ്ടാവുമോ? തീര്‍ച്ചയായും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.. വളര്‍ന്ന ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം..

ആടിനെ മേച്ചും പശൂനെ മേച്ചും, അടുക്കളയില്‍ സ്വയം മേഞ്ഞും നടന്നിരുന്ന എന്റെ കുട്ടിക്കാലത്തെ ചില അടുക്കള ഓര്‍മ്മകള്‍ ഇതാ..!!!
എന്‍റെ അമ്മക്കുട്ടി നന്നായിട്ട് പാചകം ചെയ്യും. അമ്മയുണ്ടാക്കുന്ന കറികളില്‍ എനിക്കേറ്റവും പ്രിയം വഴുതനങ്ങ ഉപ്പേരിയാണ്.. (കളിയാക്കണ്ട.. പാലക്കാട്ടുകാര്‍ മെഴുക്കുപുരട്ടിക്ക് പറയുന്നത് ഉപ്പേരി എന്നാണു). തൊടിയില്‍ നിന്നും ഇറുത്തെടുത്ത വെള്ള കലര്‍ന്ന ഇളം പച്ച നിറമുള്ള നാടന്‍ വഴുതനങ്ങ രണ്ടിഞ്ചു നീളത്തില്‍ അരിഞ്ഞു, കൂടെ വള്ളിപ്പയറും വെളുത്ത ചീനിമുളക് (കാന്താരിമുളക്) അറ്റം പിളര്‍ന്നതും ചേര്‍ത്ത് ഒട്ടും വെള്ളം ചേര്‍ക്കാതെ, കുറച്ചു മാത്രം എണ്ണ ഉപയോഗിച്ച് ഇരുമ്പ് ചീനച്ചട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഉഗ്രന്‍ വിഭവം..!! ഇരുമ്പ് ചീനച്ചട്ടിയില്‍ പാകപ്പെടുത്തുമ്പോള്‍ ഉണ്ടാവുന്ന കറുത്ത നിറവും കൂടി ചേരുമ്പോള്‍ സ്വാദ് ഇരട്ടിക്കും.. ഈ ഉപ്പേരി ഉണ്ണാനിരിക്കുമ്പോഴേ വിളമ്പൂ. അതിനു മുമ്പുള്ള ഒരു ചടങ്ങുണ്ട്. തയ്യാറാക്കിയ ഉപ്പേരി വേറൊരു പാത്രത്തിലേക്ക് മാറ്റിയിട്ടു ആ ചീനച്ചട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഉപ്പേരിയുടെ മെഴുക്കിലേക്ക് രണ്ടു ചട്ടുകം ചൂടു ചോറിട്ട് ഇളക്കി രണ്ടു വലിയ ഉരുളകളാക്കും..ഒന്നെനിക്കും ഒന്ന് അനിയത്തിക്കും.. അമ്മേടെ കൈ കൊണ്ട് ഉരുട്ടി, വായിലേക്ക് വെച്ച് തരുന്ന ആ ഉരുളയുടെ അത്രേം രുചി വേറൊരു ഭക്ഷണത്തിനും ഉണ്ടെന്നു എനിക്ക് ഇതുവരെ തോന്നിയിട്ടില്ല..


ഇനി വേറൊരു ഉരുളക്കഥ..

തൈര് കടയുന്ന ദിവസം വെണ്ണ ഉരുക്കി നെയ്യാക്കി വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, നെയ്യുരുക്കിയ ചീനച്ചട്ടിയിലേക്ക് ചൂടു ചോറ് ഇട്ടിളക്കി അതും ഇതുപോലെ ഉരുളയാക്കി വായില്‍ തരും.. പടിക്കല്‍ ഇരുന്നു കൊത്താംകല്ല് കളിക്കുകയാണെങ്കിലും ഉമ്മറക്കോലായില്‍ ഇരുന്നു പൂ കെട്ടുകയാണെങ്കിലും അമ്മ അവിടെ കൊണ്ട് വന്നു തരും ഈ ഉരുള..

ഇനി മൂന്നാമത്തെ ഉരുള വിഭവം..
ലീവില്‍ വന്നു മടങ്ങി പോവുന്ന അച്ഛന് കൊണ്ടുപോകാന്‍ വേണ്ടി, വാട്ടിയ വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറില്‍ വെക്കാനായി, വെള്ളം ചേര്‍ക്കാതെ അമ്മിക്കല്ലില്‍ അരചെടുക്കുന്ന തേങ്ങയും ചുവന്നുള്ളിയും ഉണക്ക മുളകും ഇഞ്ചിയും ഒക്കെക്കൂടി വറുത്തരച്ച ചമ്മന്തി.. ചമ്മന്തി അരച്ച അമ്മിക്കല്‍ കഴുകുന്നതിന് മുമ്പ് ചോറിട്ട് പിരട്ടി എടുക്കുന്ന ചോറുരുളക്ക് മൂന്നാം സ്ഥാനമേ ഉള്ളൂ..

ഇനി ഇന്ന് വരെ ആരോടും പറയാത്ത ഒരു കാര്യം കൂടി ഉണ്ട്.. വെണ്ണ എടുത്ത ശേഷം ഊണ്തളത്തില്‍ മൂലക്കായി കെട്ടിത്തൂക്കിയ ഉറിയില്‍ വെച്ച മണ്‍ചട്ടിയില്‍ നിറച്ചു വെച്ച അധികം പുളിയില്ലാത്ത മോര്.. അമ്മ കുളിക്കാന്‍ പോയ തക്കം നോക്കി, സ്റ്റൂള്‍ വെച്ച് കേറി അതീന്നു ഒരു ഗ്ലാസ്‌ മോര് കട്ട് കുടിക്കും.. ഹാവൂ... കട്ടു കുടിക്കുമ്പോള്‍ ഉള്ള മോരിന് എന്ത് രസായിരിക്കും ന്നറിയ്യ്വോ ...!!! അളവ് നില നിര്‍ത്താന്‍ അതേ അളവില്‍ പച്ചവെള്ളം മോരിലേക്ക് ഒഴിക്കും.. കുറെ പ്രാവശ്യം ചെയ്തിട്ടുണ്ട്.. ഭാഗ്യത്തിന് ഒരിക്കല്‍ പോലും പിടിക്കപ്പെട്ടിട്ടില്ല..

അതൊക്കെ ഒരു കാലം.. ഇന്നിപ്പോ വഴുതിനങ്ങ ഉപ്പേരി ഉണ്ടാക്കലും നെയ്യുരുക്കലും ഒക്കെ സ്വയം ചെയ്യുന്നു.. പഴയ ഓര്‍മ്മകളുമായി ഒരിക്കല്‍ ചോറുരുളയും കൊണ്ട് പുത്രന്‍റെ മുന്നിലേക്ക്‌ ചെന്ന് ഉരുള നീട്ടി.. തല ചരിച്ചു ഒന്ന് നോക്കീട്ടു തണുത്ത പ്രതികരണം.. " അയ്യേ എനിക്കിതൊന്നും വേണ്ട.. അമ്മ കഴിച്ചോളൂ ". ഹും.. ജനറേഷന്‍ ഗ്യാപ്പ് ഒരു വല്ലാത്ത ഗ്യാപ്പ് തന്നെ എന്നു മനസ്സിലായി..

"എന്‍റെയൊക്കെ പ്രായം ആവുമ്പോ നിന്‍റെ നാവിന്‍ തുമ്പത്ത് അജിനോമോട്ടോയുടെം മാഗിയുടെം ബര്‍ഗറിന്റെം മനം മടുപ്പിക്കുന്ന രുചിയെ ണ്ടാവുള്ളൂട്ടോ " എന്നും പിറുപിറുത്തു സ്വയം ഉരുട്ടിയ ഉരുള വായിലേക്കിട്ടു വിഴുങ്ങുമ്പോ ഞാനും തിരിച്ചറിയുകയായിരുന്നു.. അതിനു പണ്ട് അമ്മ തരുന്ന ഉരുളയുടെ രുചിയുടെ ഒരംശം പോലും ഇല്ലെന്നു..

ഇപ്പൊ പിന്നെ ഉരുള ഉരുട്ടി സമയം കളയാറില്ല.. ചീനച്ചട്ടിയിലെ നെയ്യുരുക്കിയതിന്റെയും വഴുതനങ്ങ ഉപ്പെരിയുടെം മെഴുക്ക് വിം ഉപയോഗിച്ച് കഴുകി കളയും.. ഒപ്പം പഴയ ഓര്‍മ്മകളും... ഹല്ല പിന്നെ..!!!


_പത്മശ്രീ നായര്‍=_അമ്മയും,ഞാനും...