Thursday, 1 August 2013

-:ഉരുള പുരാണം :-ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു പിടി ഓര്‍മ്മകള്‍ സൂക്ഷിക്കാത്തവര്‍ ഉണ്ടാവുമോ? തീര്‍ച്ചയായും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.. വളര്‍ന്ന ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം..

ആടിനെ മേച്ചും പശൂനെ മേച്ചും, അടുക്കളയില്‍ സ്വയം മേഞ്ഞും നടന്നിരുന്ന എന്റെ കുട്ടിക്കാലത്തെ ചില അടുക്കള ഓര്‍മ്മകള്‍ ഇതാ..!!!
എന്‍റെ അമ്മക്കുട്ടി നന്നായിട്ട് പാചകം ചെയ്യും. അമ്മയുണ്ടാക്കുന്ന കറികളില്‍ എനിക്കേറ്റവും പ്രിയം വഴുതനങ്ങ ഉപ്പേരിയാണ്.. (കളിയാക്കണ്ട.. പാലക്കാട്ടുകാര്‍ മെഴുക്കുപുരട്ടിക്ക് പറയുന്നത് ഉപ്പേരി എന്നാണു). തൊടിയില്‍ നിന്നും ഇറുത്തെടുത്ത വെള്ള കലര്‍ന്ന ഇളം പച്ച നിറമുള്ള നാടന്‍ വഴുതനങ്ങ രണ്ടിഞ്ചു നീളത്തില്‍ അരിഞ്ഞു, കൂടെ വള്ളിപ്പയറും വെളുത്ത ചീനിമുളക് (കാന്താരിമുളക്) അറ്റം പിളര്‍ന്നതും ചേര്‍ത്ത് ഒട്ടും വെള്ളം ചേര്‍ക്കാതെ, കുറച്ചു മാത്രം എണ്ണ ഉപയോഗിച്ച് ഇരുമ്പ് ചീനച്ചട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഉഗ്രന്‍ വിഭവം..!! ഇരുമ്പ് ചീനച്ചട്ടിയില്‍ പാകപ്പെടുത്തുമ്പോള്‍ ഉണ്ടാവുന്ന കറുത്ത നിറവും കൂടി ചേരുമ്പോള്‍ സ്വാദ് ഇരട്ടിക്കും.. ഈ ഉപ്പേരി ഉണ്ണാനിരിക്കുമ്പോഴേ വിളമ്പൂ. അതിനു മുമ്പുള്ള ഒരു ചടങ്ങുണ്ട്. തയ്യാറാക്കിയ ഉപ്പേരി വേറൊരു പാത്രത്തിലേക്ക് മാറ്റിയിട്ടു ആ ചീനച്ചട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഉപ്പേരിയുടെ മെഴുക്കിലേക്ക് രണ്ടു ചട്ടുകം ചൂടു ചോറിട്ട് ഇളക്കി രണ്ടു വലിയ ഉരുളകളാക്കും..ഒന്നെനിക്കും ഒന്ന് അനിയത്തിക്കും.. അമ്മേടെ കൈ കൊണ്ട് ഉരുട്ടി, വായിലേക്ക് വെച്ച് തരുന്ന ആ ഉരുളയുടെ അത്രേം രുചി വേറൊരു ഭക്ഷണത്തിനും ഉണ്ടെന്നു എനിക്ക് ഇതുവരെ തോന്നിയിട്ടില്ല..


ഇനി വേറൊരു ഉരുളക്കഥ..

തൈര് കടയുന്ന ദിവസം വെണ്ണ ഉരുക്കി നെയ്യാക്കി വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, നെയ്യുരുക്കിയ ചീനച്ചട്ടിയിലേക്ക് ചൂടു ചോറ് ഇട്ടിളക്കി അതും ഇതുപോലെ ഉരുളയാക്കി വായില്‍ തരും.. പടിക്കല്‍ ഇരുന്നു കൊത്താംകല്ല് കളിക്കുകയാണെങ്കിലും ഉമ്മറക്കോലായില്‍ ഇരുന്നു പൂ കെട്ടുകയാണെങ്കിലും അമ്മ അവിടെ കൊണ്ട് വന്നു തരും ഈ ഉരുള..

ഇനി മൂന്നാമത്തെ ഉരുള വിഭവം..
ലീവില്‍ വന്നു മടങ്ങി പോവുന്ന അച്ഛന് കൊണ്ടുപോകാന്‍ വേണ്ടി, വാട്ടിയ വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറില്‍ വെക്കാനായി, വെള്ളം ചേര്‍ക്കാതെ അമ്മിക്കല്ലില്‍ അരചെടുക്കുന്ന തേങ്ങയും ചുവന്നുള്ളിയും ഉണക്ക മുളകും ഇഞ്ചിയും ഒക്കെക്കൂടി വറുത്തരച്ച ചമ്മന്തി.. ചമ്മന്തി അരച്ച അമ്മിക്കല്‍ കഴുകുന്നതിന് മുമ്പ് ചോറിട്ട് പിരട്ടി എടുക്കുന്ന ചോറുരുളക്ക് മൂന്നാം സ്ഥാനമേ ഉള്ളൂ..

ഇനി ഇന്ന് വരെ ആരോടും പറയാത്ത ഒരു കാര്യം കൂടി ഉണ്ട്.. വെണ്ണ എടുത്ത ശേഷം ഊണ്തളത്തില്‍ മൂലക്കായി കെട്ടിത്തൂക്കിയ ഉറിയില്‍ വെച്ച മണ്‍ചട്ടിയില്‍ നിറച്ചു വെച്ച അധികം പുളിയില്ലാത്ത മോര്.. അമ്മ കുളിക്കാന്‍ പോയ തക്കം നോക്കി, സ്റ്റൂള്‍ വെച്ച് കേറി അതീന്നു ഒരു ഗ്ലാസ്‌ മോര് കട്ട് കുടിക്കും.. ഹാവൂ... കട്ടു കുടിക്കുമ്പോള്‍ ഉള്ള മോരിന് എന്ത് രസായിരിക്കും ന്നറിയ്യ്വോ ...!!! അളവ് നില നിര്‍ത്താന്‍ അതേ അളവില്‍ പച്ചവെള്ളം മോരിലേക്ക് ഒഴിക്കും.. കുറെ പ്രാവശ്യം ചെയ്തിട്ടുണ്ട്.. ഭാഗ്യത്തിന് ഒരിക്കല്‍ പോലും പിടിക്കപ്പെട്ടിട്ടില്ല..

അതൊക്കെ ഒരു കാലം.. ഇന്നിപ്പോ വഴുതിനങ്ങ ഉപ്പേരി ഉണ്ടാക്കലും നെയ്യുരുക്കലും ഒക്കെ സ്വയം ചെയ്യുന്നു.. പഴയ ഓര്‍മ്മകളുമായി ഒരിക്കല്‍ ചോറുരുളയും കൊണ്ട് പുത്രന്‍റെ മുന്നിലേക്ക്‌ ചെന്ന് ഉരുള നീട്ടി.. തല ചരിച്ചു ഒന്ന് നോക്കീട്ടു തണുത്ത പ്രതികരണം.. " അയ്യേ എനിക്കിതൊന്നും വേണ്ട.. അമ്മ കഴിച്ചോളൂ ". ഹും.. ജനറേഷന്‍ ഗ്യാപ്പ് ഒരു വല്ലാത്ത ഗ്യാപ്പ് തന്നെ എന്നു മനസ്സിലായി..

"എന്‍റെയൊക്കെ പ്രായം ആവുമ്പോ നിന്‍റെ നാവിന്‍ തുമ്പത്ത് അജിനോമോട്ടോയുടെം മാഗിയുടെം ബര്‍ഗറിന്റെം മനം മടുപ്പിക്കുന്ന രുചിയെ ണ്ടാവുള്ളൂട്ടോ " എന്നും പിറുപിറുത്തു സ്വയം ഉരുട്ടിയ ഉരുള വായിലേക്കിട്ടു വിഴുങ്ങുമ്പോ ഞാനും തിരിച്ചറിയുകയായിരുന്നു.. അതിനു പണ്ട് അമ്മ തരുന്ന ഉരുളയുടെ രുചിയുടെ ഒരംശം പോലും ഇല്ലെന്നു..

ഇപ്പൊ പിന്നെ ഉരുള ഉരുട്ടി സമയം കളയാറില്ല.. ചീനച്ചട്ടിയിലെ നെയ്യുരുക്കിയതിന്റെയും വഴുതനങ്ങ ഉപ്പെരിയുടെം മെഴുക്ക് വിം ഉപയോഗിച്ച് കഴുകി കളയും.. ഒപ്പം പഴയ ഓര്‍മ്മകളും... ഹല്ല പിന്നെ..!!!


_പത്മശ്രീ നായര്‍=_അമ്മയും,ഞാനും...

13 comments:

 1. മനസ്സും വയറും നിറച്ചു ഈ ഉരുള ഓര്‍മ്മകള്‍ (നോമ്പായത് കൊണ്ട് രുചി ഒന്നൂടെ കൂടി/കൊതിയും).ഇങ്ങനെ ചില രുചിയോര്‍മ്മകള്‍ എല്ലാര്‍ക്കും ഉണ്ടാകുമായിരിക്കും.കുഞ്ഞു നാളുകളിലേക്ക് കൈ പിടിച്ചു കൊണ്ടുപോകുന്ന ഓര്‍മ്മകള്‍......നന്നായി എഴുതി

  ReplyDelete
  Replies
  1. നജീബ്.. സന്തോഷം.. ഇന്ന് നോമ്പ് നേരത്തെ മുറിച്ചു ല്ലേ..

   Delete
 2. ഗൃഹാതുരത്വ ഓര്‍മ്മകള്‍ പകര്‍ത്തിവെയ്ക്കാന്‍, എഴുതാന്‍ ഉള്ള ഒപ്പോളിന്‍റെ കഴിവ് പ്രശംസാവഹം. ഇന്നത്തെ തലമുറയിലെ 'അമുല്‍ ബേബി' യുടെ ഒരു നേര്‍ക്കാഴ്ചയും അവസാനവരികളില്‍ ഒരു സന്ദേശമായി വരുന്നു. ഈ ഓര്‍മ്മക്കുറിപ്പിന് അഭിനന്ദനങ്ങള്‍

  ReplyDelete
 3. വളരേണ്ടിയിരുന്നില്ല നമ്മളാരും ....

  ReplyDelete
  Replies
  1. അങ്ങിനെ പലപ്പോഴും തോന്നാറുണ്ട്.. :)

   Delete
 4. കൊതിപ്പിച്ചു പണ്ടാരടങ്ങി എന്നാലും അവസാനം ആ രുചിയുടെ ഓര്‍മകള്‍ കഴുകി കളയണ്ടായിരുന്നു

  ReplyDelete
 5. ഓർമകൾ അങ്ങനെയാണ് , നമ്മെ നാമാക്കുന്നതും അവ തന്നെ

  ReplyDelete
 6. അടുക്കളകാര്യം അങ്ങാടിപ്പാട്ട്. എല്ലാം നല്ലൊരു ഓര്‍മ്മയായി അവശേഷിക്കുന്നിവിടെ.

  ReplyDelete
  Replies
  1. ഹിഹി.. സത്യം.. ചെറിയൊരു മാറ്റം വരുത്താം.. അടുക്കളക്കാര്യം ബ്ലോഗ്ഗില്‍ പാട്ടായി..:)

   Delete
 7. കഴുകിക്കളയാനാവാത്ത ഓര്‍മ്മകള്‍

  ReplyDelete
  Replies
  1. വാസ്തവം.. കഴുകിക്കളയാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മകള്‍..

   Delete