Saturday, 31 August 2013

'കൊല്ലരുത്.... ബ്ലീസ്..!!'

സ്കൂളില്‍ പഠിക്കുന്ന കാലത്ത്  എന്‍റെ ഉള്ളില്‍ ഒരു നര്‍ത്തകി  തല പൊക്കി.. മുളയിലേ നുള്ളിക്കളഞ്ഞു.. ആ കഥ പറയാം.. പക്ഷെ മുഴുവനും വായിക്കണം.. ചിലപ്പോള്‍ വായിക്കുന്നവരുടെ ചുണ്ടില്‍ ഒരു നനുത്ത ചിരി വിരിയും.. ക്രമേണ  അതൊരു പൊട്ടിച്ചിരി ആവാനും മതി.. കുറഞ്ഞ പക്ഷം  ഒരു വളിച്ച ചിരിയെങ്കിലും  ചിരിച്ചിരിക്കും.. ഏതായാലും  കൊല്ലരുത്.. ബ്ലീസ്..
------------------------------------------------------------------------------------------------------------
സ്കൂളില്‍ പഠിക്കുന്ന കാലം.. സ്പോര്‍ട്സിലോ മറ്റു കലാ പരിപാടികളിലോ  യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല.. പഠിക്കാനും അത്ര താല്പര്യം ഒന്നും ഇല്ലായിരുന്നു ട്ടോ.. സ്പോര്‍ട്സ്‌ നടക്കുമ്പോള്‍ പുളുങ്കുരുവും  വായിലിട്ടു ഗ്രൌണ്ടിലൂടെ  വായ്‌ നോക്കി ഇങ്ങനെ തേരാ പാരാ നടക്കും.  അങ്ങനെ കാഴ്ചക്കാരി  ആയി നിന്നിരുന്ന  ഞാന്‍ ആ  കൊല്ലത്തെ  സ്പോര്‍ട്സില്‍  ഒരു കൈ നോക്കികളയാം  എന്ന് തീരുമാനിച്ചു.. വാരസ്യാരുടെ തൊടിയില്‍ മാങ്ങ കക്കാന്‍ പോയിട്ട് വാരസ്യാര് കല്ലെറിഞ്ഞു  ഓടിച്ചപ്പോള്‍  ഓടിയ പരിചയം ആണ്  അങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ എനിക്ക് പ്രചോദനം  ആയത്..  പിന്നെ അമാന്തിച്ചില്ല.. പേര് കൊടുത്തു.. വെറുതെ ആയില്ല..  അമ്പത് മീറ്റര്‍, നൂറു മീറ്റര്‍ ഓട്ടത്തിന്  രണ്ടാം സ്ഥാനം കിട്ടി..   രാവിലെ കൂടുന്ന അസംബ്ലിയില്‍ വെച്ച്  ഹെഡ്മാസ്റ്റര്‍   വാര്യര് മാഷിന്‍റെ കൈയ്യില്‍ നിന്നും  സപ്രിടികട്റ്റ്‌  - സോറി  സര്‍ട്ടിഫിക്കറ്റ്  ഏറ്റു വാങ്ങി സദസ്സിനു നേരെ വിനയ കുനയായി തല കുനിക്കുമ്പോള്‍  ഒരു പത്മശ്രീ അവാര്‍ഡ്‌  കിട്ടിയ സന്തോഷമായിരുന്നു..
ഓട്ടത്തിന് കിട്ടിയ ഈ പ്രചോദനം എന്‍റെ ആത്മ വിശ്വാസം  കണ്ടമാനം കൂടാന്‍ കാരണമായി.. എന്നാ പിന്നെ ആ കൊല്ലത്തെ  യുവജനോല്‍സവത്തില്‍  കൂടി ഒരു കൈ നോക്കിയാലെന്താ  എന്നൊരു തോന്നല്‍..,.  തോന്നലിനു ആക്കം കൂട്ടാന്‍ കൂട്ടുകാരുടെ നിര്‍ബന്ധവും  കൂട്ടുണ്ടായി..  അങ്ങനെ ഗ്രൂപ്‌ ഡാന്‍സിന്  പേര് കൊടുത്തു..  ഡാന്‍സ്‌  എന്ന് പറഞ്ഞാല്‍  തെറ്റിദ്ധരിക്കണ്ട.. ഭരത നാട്യമോ കുച്ചിപ്പുഡിയോ ഒന്നുമായിരുന്നില്ല.. സാദാ  ഒരു സിനിമാറ്റിക് ഡാന്‍സ്‌.,.

ആദ്യ പടിയായി "കേട്ടില്ലേ  കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍ " എന്ന ഗാനം തിരഞ്ഞെടുത്തു.. നര്‍ത്തകിമാരായി  ഞാന്‍, പുഷ്പ, രാജലക്ഷ്മി, ബേബി..  പിള്ളേച്ചനായി വേഷമിടാന്‍  ആളില്ല..  ഇമ്മാതിരി കാര്യങ്ങളില്‍ ഒന്നും അത്ര താല്പര്യമില്ലാത്ത എന്‍റെ ഉറ്റ തോഴിമാരായ സത്യവതിയെയും പ്രേമകുമാരിയെയും ഈ വേഷം ചെയ്യാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിപ്പെടുത്തി.. "ഞങ്ങടെ കൂടെ കൂടീല്ലെങ്കില്‍ മേലാല്‍ എന്‍റെ നോട്ട്സ്  നോക്കി എഴുതാന്‍ തരില്ല " എന്നങ്ങട് തീര്‍ത്തു പറഞ്ഞു. ഭീഷണി ഏറ്റു.. മനസ്സില്ലാമനസ്സോടെ  സമ്മതിക്കേം   ചെയ്തു.

അങ്ങനെ കാര്യങ്ങള്‍ക്കൊക്കെ  ഒരുവിധം തീരുമാനം ആയി.  കഷ്ട്ടിച്ചു ഒരു മാസത്തെ സമയമുണ്ട്.. പി. ടി. പീരിയഡിലും, ഉച്ച ഭക്ഷണ സമയത്തും നാലുമണിക്ക്  സ്കൂള്‍ വിട്ടതിനു ശേഷവും ഒക്കെ  ഒഴിവുള്ള ക്ലാസ്‌ മുറികളിലും സ്കൂളിന്‍റെ പിന്നാമ്പുറത്തെ  മാവിന്‍ ചോട്ടിലും മൂത്രപുരയുടെ  പുറകിലും ഒക്കെയായി റിഹെഴ്സല്‍  തകൃതിയായി  നടക്കുന്നു. റിഹെഴ്സല്‍ സമയങ്ങളില്‍, പിള്ളേച്ചനും പിള്ളേച്ചിയും  ആയി വേഷമിടുന്നവര്‍  അവരുടെതായ ഏതോ രാഗത്തില്‍ പാടും.. പക്ഷെ സ്റ്റേജില്‍  കേറുമ്പോള്‍  അത് പറ്റില്ലല്ലോ..  ഈ പാട്ട് പാടാനുള്ള ഗായികമാരെ തപ്പലായിരുന്നു അടുത്ത  ശ്രമം.. ടേപ്പ് റെകോര്‍ഡറോ  സി. ഡി. യോ ഒന്നും  സാധാരണക്കാരുടെ ഇടയില്‍ പ്രചാരം ഇല്ലാതിരുന്ന സമയം ആയിരുന്നു.. ഉള്ളവര്‍ തന്നെ  തരുകയുമില്ല.. ഇന്നാണെങ്കില്‍  മൊബൈലിലും  സംഗതി  നടക്കും..

പത്താം ക്ലാസ്സില്‍ പഠിക്കുന്ന ദാവണി പ്രായക്കാരായ, കണ്ടാല്‍ തരക്കേടില്ലാത്ത  രണ്ടു യുവ ഗായികമാരെ  പുഷ്പ  ഏര്‍പ്പാടാക്കി.. വല്ല്യ തിരക്കുള്ള കൂട്ടരാണത്രേ..  സമയത്ത് വന്നു പാടി തന്നോളാം എന്നേറ്റു..

യുവജനോല്‍സവത്തിനു ഇനി വെറും  ഒരാഴ്ച മാത്രം ബാക്കി. റിഹെഴ്സല്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍  എത്തി.. ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ഞങ്ങളുടെ പ്രധാന വിനോദമായ കൊത്താംകല്ലു  കളി താല്‍ക്കാലികമായി നിര്‍ത്തി വെച്ച്. രാവിലെ കുറെ കൂടി നേരത്തെ ഒക്കെ സ്കൂളില്‍ എത്തി.. പരിപാടി വന്‍ വിജയം ആക്കാനായിരുന്നു ഞങ്ങളുടെ ശ്രമം..

കോസ്റ്റ്യൂമും ഞങ്ങള്‍ തന്നെ തീരുമാനിച്ചു.. ഇറക്കമുള്ള ഞൊറി വെച്ച പാവാടയും  പഫ് കൈയ്യുള്ള  ബാക്ക് ഓപണ്‍  ജാക്കറ്റും.. മാല, കമ്മല്‍, വള നെറ്റിചുട്ടി  തുടങ്ങിയ  ആക്സസരീസ്‌  വേറെ..

നാല് ഡാന്‍സര്‍മാരില്‍ എനിക്ക് മാത്രം  ഇറക്കമുള്ള പാവാടയും ബാക്ക് ഓപ്പണ്‍ ജാക്കറ്റും ഇല്ല. പത്താം ക്ലാസ്‌ കഴിയുന്നത് വരെ മുട്ടു വരെ ഇറക്കമുള്ള സ്കര്‍ട്ടും  കോളര്‍ വെച്ച ഷര്‍ട്ടും  മാത്രം ഇട്ടാല്‍ മതിയെന്നുള്ള അമ്മയുടെ ഉഗ്രശാസനം തന്നെയാണ്  എന്‍റെ പാവാട അരാജകത്വത്തിന്‍റെ  കാരണവും..  എന്‍റെ ദയനീയാവസ്ഥ  മനസ്സിലാക്കിയിട്ടാവണം  പുഷ്പ  അവളുടെ ഒരു ജോഡി പാവാടയും ജാക്കറ്റും തരാമെന്നേറ്റു.. ഹോ.. കാര്യങ്ങള്‍ ഒക്കെ  എത്ര  സ്മൂത്ത്  ആയിട്ടാ  പോവുന്നത് ല്ലേ..

വെള്ളിയാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ടു പോവുമ്പോള്‍ എല്ലാവരും കൂടി  കാര്യങ്ങളെല്ലാം ഒന്നൂടി സംസാരിച്ചുറപ്പിച്ചു..  ദാവണി ഗായികമാരെയും  കണ്ടു ഉറപ്പു വരുത്തി.  ശനിയും ഞായറും  കഴിഞ്ഞു.. തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ സ്കൂളില്‍ എത്തി.

പത്തു മണിക്ക് തന്നെ പരിപാടികള്‍ തുടങ്ങി.. ഉച്ചവരെ ഇംഗ്ലിഷ്, മലയാളം ഹിന്ദി  പദ്യ പാരായണം, ലളിതഗാനം, മിമിക്രി  തുടങ്ങിയ ഐറ്റംസ്..  ഉച്ചക്ക് ശേഷമാണ് നാടകം, ഡാന്‍സ്‌, മോണോ ആക്റ്റ്‌  തുടങ്ങിയവ.

ഉച്ചയൂണ് കഴിഞ്ഞു ഞങ്ങള്‍ ആറു പേരും മേക്കപ്പ്‌ റൂമിലേക്ക്‌ പോയി. പരസ്പര സഹകരണത്തിലൂടെ  തോന്നിയ പോലൊക്കെ  മേകപ്പ്‌  ചെയ്തു.   ചട്ടിയുടെ താഴെ വെക്കുന്ന തെരുക്ക്  പോലത്തെ ഒരു വളയം ഒക്കെ തലയില്‍  ഒരു വശത്തായി ഫിറ്റ് ചെയ്തു അതില്‍ കനകാംബരമാലയോക്കെ വട്ടത്തില്‍  ചുറ്റി വെച്ച്  ഒരു ഉണ്ണിയാര്‍ച്ച ഹെയര്‍സ്റ്റൈല്‍ ആക്കി തന്നു  സംസ്കൃതം പഠിപ്പിക്കുന്ന ഈശ്വരി ടീച്ചര്‍.. ,.. പാവം..  എല്ലാം കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയപ്പോള്‍  സംഗതി വല്ലാതെ ഇഷ്ട്ടപ്പെട്ടു..

നാലാമത്തെ ഐറ്റം ആണ് ഞങ്ങളുടേത്. പെട്ടെന്നാണ് പാട്ടുകാരുടെ ഓര്‍മ്മ വന്നത്.. കക്ഷികളെ ആ പ്രദേശത്തോന്നും കാണുന്നില്ല.. സ്റ്റേജില്‍  ആദ്യത്തെ ഐറ്റം രംഗ പൂജ നടന്നു കൊണ്ടിരിക്കുന്നു.. ഇനി അധികം സമയമില്ല.. ഈശ്വരാ..  ഗായികമാര് ചതിച്ചോ...  ഞങ്ങളുടെ വെപ്രാളം കണ്ട ഒരു കുട്ടി  കാര്യം തിരക്കി.. ആ കുട്ടി പറഞ്ഞാണ്  അറിയുന്നത്.. ഞങ്ങള്‍ക്ക് പാടാമെന്നെറ്റിരുന്ന ഒരു പെണ്ണ്  ഇന്ന് സ്കൂളില്‍ വന്നിട്ടേ ഇല്ല.. മറ്റെവള്‍ക്ക് കലശലായ  തൊണ്ട വേദന.. വിക്സ് മുട്ടായിയും വായിലിട്ടു അവിടിരുന്നു ഡാന്‍സ് കാണുന്നുണ്ടെന്ന്..

ഇതൊരു വല്ലാത്ത ഇടപാട്  ആയി പോയല്ലോ.. ഈ അവസാന നിമിഷത്തില്‍ എന്ത് ചെയ്യും? ഞങ്ങളുടെ വെപ്രാളം കണ്ടിട്ടാവണം  ഒമ്പതിലോ മറ്റോ പഠിക്കുന്ന  രണ്ടു പെണ്പിള്ളേര്‍  വായില്‍ ബാബില്‍ഗം  ചവചോണ്ട്  സഹായ ഹസ്തവുമായി വന്നു..

"നിങ്ങള്  പേടിക്കണ്ടാട്ടോ.. ഞങ്ങള് പാടി തരാന്ന്..  പാട്ടെഴുത്യ  ആ കടലാസ്‌ ഇങ്ങട് തരൂ."     ന്‍റെ കൃഷ്ണാ.... നീ കാത്തു.. !!!

ഗ്രീന്‍ റൂമിന്‍റെ പുറകു വശത്തുള്ള വരാന്തയിലൂടെ  മേശയില്‍  ചവിട്ടി   ചുമര് ചാടി കടന്നു വേദിയിലെത്തി.. ഒരു ചെക്കന്റെ മോണോ ആക്റ്റ്‌  നടന്നു കൊണ്ടിരിക്കുന്നു.. ഇപ്പൊ കഴിയും..   ദാ  കഴിഞ്ഞു.. അടുത്തത് ഞങ്ങളുടെ ഊഴം..  താഴ്തിട്ട  തിരശ്ശീലക്ക് പിന്നില്‍  ഞങ്ങള്‍ അതാത് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു.  നരച്ച താടിയും മീശയും ഒക്കെ വെച്ച സത്യവതി പിള്ളേച്ചനെ ഒരു വടിയും കൈയ്യില്‍ പിടിപ്പിച്ചു  നടുക്ക് കസേരയില്‍ ഇരുത്തി.

വളരെ ബോറായി   രസതന്ത്രം പഠിപ്പിക്കുന്ന ജയരാമന്‍ മാഷുടെ  ചിലമ്പിച്ച  ശബ്ദം  മൈക്കിലൂടെ  ചിതറി തെറിച്ചു..

"അടുത്തതായി ഒരു ഗ്രൂപ്‌ ഡാന്‍സ്‌ ആണ്.. അവതരിപ്പിക്കുന്നത്‌  പത്മശ്രീ, പുഷ്പകുമാരി  & ടീം "

മാഷ്‌ പറഞ്ഞു നാവു വായിലെക്കിടുന്നതിനു മുമ്പേ  ഒരു വിസിലടി ശബ്ദം കേട്ടു.  ഒപ്പം തിരശ്ശീലയുടെ ചരടും പിടിച്ചു നിന്ന ചെക്കന്‍ വലി തുടങ്ങി.  ഞൊറികള്‍ ഉള്ള ഭംഗിയുള്ള  തിരശ്ശീല  മുകളിലേക്ക് ഉയര്‍ന്നതും സ്റെജിന്റെ മൂലയ്ക്ക് നിന്നിരുന്ന ബബിള്‍ഗം  ചവച്ചു കൊണ്ടിരുന്ന ഗായികമാര്‍ പാട്ട് തുടങ്ങി..

"കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍
തൊണ്ണൂറു  കഴിഞ്ഞപ്പോള്‍ പെണ്ണ് കെട്ടാന്‍ പോയ്‌." ,"

ങേ.. ഇത് പാട്ടോ..!!!!   ഏഷ്യാനെറ്റില്‍  സിന്ധു സൂര്യകുമാര്‍ കവര്‍സ്റ്റോറി അവതരിപ്പിക്കുന്ന ലാഘവത്തോടെ   പിള്ളേര് രണ്ടും മുഖത്തോട്  മുഖം നോക്കി  ഇടയ്ക്കു മൈക്കിലെക്കും നോക്കി പാട്ട്  വായിക്കുന്നു..!!!

ഞങ്ങള്‍  ഒരുമാസം മെനകെട്ടു  പഠിച്ചു വെച്ച ചുവടുകളും ആ പാട്ട് വായനുമായി  ഒരു തരത്തിലും  പൊരുത്തപ്പെടുന്നില്ല..  ആദ്യത്തെ നാല് വരി രണ്ടു തവണ വായിച്ചതെ ഉള്ളൂ.... ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ    കറന്റും  പോയി..  പാട്ടു വായനക്കാര്‍  അതൊന്നും അറിഞ്ഞിട്ടില്ല.. അവര് വായന തുടര്‍ന്ന്..  ഞങ്ങള് നാല് പേരും    ശ്രീകണ്ഠന്‍ നായരെ പോലെ  മുഖത്തോട് മുഖം നോക്കി  അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നു..ഇതിനിടക്ക്‌ കസേരയില്‍ ഇരിക്കുന്ന  പിള്ളേച്ചനെ ഞാനൊന്ന് പാളി നോക്കി..  വെപ്പ് മീശ  പകുതി  അടര്‍ന്നു തൂങ്ങി ആടുന്നു..

സദസ്സിലിരുന്ന  വാലന്മാരും വാലത്തികളും  ഇതിനോടകം കൂക്കുവിളി  തുടങ്ങി..  കൂക്കുവിളിയുടെ  വോള്യം കൂടിയപ്പോള്‍, മാര്‍ക്കിടാന്‍ ഇരിക്കുന്ന ജൂറി ടീച്ചര്‍മാരുടെ  ഇടയില്‍ നിന്ന് ആനച്ചന്തിയെ ഓര്‍മ്മിപ്പിക്കുന്ന  കറുത്ത് തടിച്ച വിലാസിനി ടീച്ചര്‍ കോഴക്കേസില്‍  അകപെട്ട ശ്രീശാന്തിനെ പോലെ കൈയ്യിലിരുന്ന തൂവാല  വീശി കാണിച്ചു  കര്‍ട്ടന്‍ വലിക്കുന്ന  ചെക്കന്   തുണി താഴ്ത്താന്‍ നിര്‍ദേശം  കൊടുത്തു..

ഞങ്ങളുടെ മുന്നില്‍ തിരശ്ശീല വീണു.. അപ്പോഴേക്കും പാട്ടുവായനയും  കഴിഞ്ഞു.  ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഇങ്ങോട്ട്  ചാടിയ പോലെ തന്നെ  മേശയില്‍ ചവിട്ടി സ്റെജിന്റെ അര മതില്‍ ചാടി സ്റെജിന്റെ അപുരതെക്കും  കടന്നു.   സ്റ്റേജില്‍ നിന്നും വിട പറയുന്നതിന് മുമ്പ് , താഴ്ത്തിയ തിരശ്ശീലയുടെ  വക്കില്‍ പിടിച്ചു ഞാനൊരു "ഭീഷ്മി  ശപഥം"  ചെയ്തു..

"മേലാല്‍ ഇമ്മാതിരി വേഷക്കെട്ടുമായി  ജീവിതത്തിലൊരിക്കലും  ഒരു സ്റ്റേജിലും  കേറില്ല"  എന്ന്..

മറ്റുള്ളവരുടെ പരിഹാസം നിറഞ്ഞ നോട്ടവും കളിയാക്കലും നേരിടാനാവാതെ നേരെ   റൂമില്‍ കേറി  സഞ്ചിയും  ചോറ്റുപാത്രവും  എടുത്തു  മുഖം പോലും കഴുകാതെ   ആ ഉച്ച വെയിലത്ത്‌ വീട്ടിലേക്കു  വെച്ച് പിടിച്ചു..

വെയിലു കൊണ്ട് വിയര്‍ത്ത്, ഒലിച്ചിറങ്ങിയ  ചാന്തും കണ്മഷിയും  കരുവാളിച്ച  മുഖവുമായി  വീട്ടിലേക്കു കേറി ചെന്ന എന്നെ കണ്ടു അമ്മ അമ്പരന്നു..  കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍  അമ്മ ആശ്വസിപ്പിച്ചു..

"പോട്ടെട്ടോ..  അതൊന്നും സാരല്ല്യ.. നമ്മുടെ നാടിനു വേറൊരു പത്മാ സുബ്രഹ്മണ്യത്തെ  കിട്ടാന്‍ കൊടുത്തു വെച്ചിട്ടില്ല്ല്യാന്നു  കരുത്യാ  മതി."

എന്നെ ആക്കിയതാണെന്ന്  പിന്നെയാണ്  മനസ്സിലായത്‌.. .. ഹിഹിഹി..

ഇപ്പോഴും ആ പാട്ടു കേള്‍ക്കുമ്പോള്‍  വിയര്‍ത്ത്‌ കുളിച്ചു  വൃത്തികേടാക്കിയ മുഖവുമായി  തൂങ്ങിയാടുന്ന  കനകാംബരമാലയും  വട്ട മുടികെട്ടില്‍ ചൂടിയ  ഇറക്കമുള്ള പാവാടയും  പഫ് കൈ  ജാക്കറ്റും ഇട്ട  ഒരു പെണ്‍കുട്ടി മനസ്സില്‍ തെളിയും.. പിന്നെ  കോട്ടയം, പിള്ളേച്ചന്‍  എന്നൊക്കെ കേട്ടാല്‍ ഇപ്പോഴും  അടങ്ങാത്ത കലിയാണ്..   എന്താ.. ല്ലേ.. :)

                                                                     -ശുഭം -


വാല്‍ക്കഷ്ണം:-

ങാ.. പറയാന്‍ മറന്നൂ..  ഇഷ്ട്ടമില്ലാതിരുന്നിട്ടും  നിര്‍ബന്ധിച്ചു  പിള്ളേച്ചന്‍ ആക്കിയതിനും  നാണം കെട്ടതിനും  എന്‍റെ പ്രിയ കൂട്ടുകാരി സത്യവതി ഒരാഴ്ച മിണ്ടാതെ മുഖം വീര്‍പ്പിച്ചു നടന്നു..


24 comments:

 1. ഈ ഓപ്പോളേ കൊണ്ട് തോറ്റ്..!!
  ഇങ്ങിനെ ചിരിപ്പിയ്ക്കല്ലേ..
  ബ്ലീസ്.. എന്‍റെയൊരപേക്ഷയാണ്....
  ശ്വാസം മുട്ടുള്ളതാണേ.. കൊഴപ്പിയ്ക്കല്ലേ...

  ReplyDelete
 2. ചിരിക്കാന്‍ ഉള്ളതുതന്നെ.

  ReplyDelete
 3. സങ്കതി ഉസാറായ്ക്ക്ണല്ലോ....
  ആശംസകള്‍....

  ReplyDelete
 4. കൊള്ളാം............ :)

  ReplyDelete
 5. ചിരിച്ചൂ.... ട്ടോ.....

  ReplyDelete
 6. valiya kuyappam ellatha poyallooo athu thanna daraalam,,,,,,,,,,,

  ReplyDelete
 7. വായിക്കാന്‍ രസമുണ്ട്

  ReplyDelete
 8. വേറെ വേറെ സ്കൂളിലു വേറെ വേറെ നാട്ടിലു പഠിച്ചാലും രണ്ടാള്‍ടെ ജീവിതത്തില്‍ ഇങ്ങനെ ഒരു പാട്ട് ഒരു ഡാന്‍ സ് ഒരു പോലെ വരും ല്ലേ... ആഹാ! ഇഷ്ടായി ഈ എഴുത്ത്..

  ReplyDelete
 9. അതൊക്കെ ശരിതന്നെ പക്ഷെ നിങ്ങൾ പഠിച്ച ഡാൻസിനുള്ള യോജിക്കുന്ന പാട്ടല്ലേ അവര് വെച്ചത്,അതിലെ ആരെങ്കിലും നിങ്ങളുടെ കോപ്രായം കണ്ടിട്ടുണ്ടാകും ...
  വല്ല പുളുവടി മത്സരത്തിനാണ് പങ്കെടുത്തതെങ്കിൽ സമ്മാനം കിട്ടിയാനെ

  ReplyDelete
 10. നല്ല തമാശ്,

  ഭീഷ്മി ശപഥം ഇഷ്ടപ്പെട്ടു

  ReplyDelete
 11. ബുഹഹഹ... ഗോള്ളാം ഗെട്ടോ

  ReplyDelete
 12. സ്കൂളില്‍ പഠിക്കുന്ന കാലത്ത് യുവജനോല്‍സവത്തിനു റിഹെഴ്സല്‍ നടത്തിയ ഓര്മ

  ReplyDelete
 13. Sambhavam kollam.idu vaayichappo njan aadyamaayi stagil kayariyathu oormma vannu.thudarnnum ezuthuka aashamsakal

  ReplyDelete
 14. ഹഹഹ്ഹാ
  ചില സ്ഥലങ്ങളിൽ ചിലതൊക്കെ ഓർമ വന്നൂ

  ReplyDelete
 15. കൊള്ളാം..,ഹഹഹാ :)

  ReplyDelete
 16. പ്രിയ ഭീഷ്മി,എന്നാലും ആ ശപഥം വേണ്ടായിരുന്നു.
  ഒരബദ്ധമോകെ ആര്‍ക്കും പറ്റില്ലേ.

  ReplyDelete
 17. ചേച്ചി അനുഭവം രസമായിട്ടുണ്ട് ,പഠിക്കുന്ന സമയത്ത് danc,പട്ടു എന്നോകെ പറഞ്ഞ മഹാ സംഭവം ആയ കാണുക ..എന്‍റെ tuition ടീച്ചര്‍ പറയുമായിരുന്നു
  സ്പോട്സും ,കലോസോം തുടങ്ങിയ ഇവനെ കാണാന്‍ കിട്ടില്ല ,ഇനി വേണേല്‍ ,tuition എടുക്കാന്‍ ഞാന്‍ സ്കൂളില്‍ പോകേണ്ടി വരും എന്നു " സെരികും എന്‍റെ സ്കൂളിലെ കലോത്സവ കാലം ഓര്‍മിപിച്ചു...എന്‍റെ ഒരുപാടു കൂടുകരെയും,രസകരമായ അനുബവ്ഗലെയും ....സന്തോഷം ...

  ReplyDelete
 18. ചിര്‍ച്ചു ചിര്‍ച്ച് ട്ടാ പപ്പെച്യെ :)

  ReplyDelete
 19. "ഞങ്ങള് നാല് പേരും ശ്രീകണ്ഠന്‍ നായരെ പോലെ മുഖത്തോട് മുഖം നോക്കി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നു." :D

  നന്നായി തന്നെ ചിരിച്ചു.

  ReplyDelete
 20. സ്കൂള്‍ കാലഘട്ടവും യൂത്ത്ഫെസ്റ്റിവല്‍ ദിനങ്ങളിലെ ഉത്സവാന്തരീക്ഷവും ഒക്കെ മനസ്സിലേക്ക് കൊണ്ടുവന്ന വായന.
  അമളി വളരെ രസകരമായി എഴുതി ചിരിയുണര്‍ത്തി.
  നന്ദി.

  ReplyDelete