Friday, 6 September 2013

അദ്ധ്യാപക ദിനത്തിന്‍റെ ഓര്‍മ്മയില്‍....,..!!

ഫ്രോക്ക് ഇട്ടു നടക്കുന്ന പ്രായത്തില്‍ തന്നെ മനസ്സിന്‍റെ അടിത്തട്ടില്‍  മുളയിട്ട ഒരു മോഹമായിരുന്നു   വലുതാവുമ്പോള്‍  ഒരു അദ്ധ്യാപിക ആവണം എന്നത്.. വളര്‍ന്നു വരുന്നതിനനുസരിച്ച്  ആ മോഹവും വളര്‍ന്നു വന്നു..      വാഴ നാരു ഇടുപ്പില്‍ കെട്ടി, അമ്മയുടെ പഴയ സാരി വാരി വലിച്ചു ചുറ്റി   കൈയ്യിലൊരു വടിയുമായി, അയല്‍വക്കത്തെ കുട്ടികളെ തിണ്ണയില്‍  നിരത്തി ഇരുത്തി  ടീച്ചര് കളിക്കുമായിരുന്നു..സ്കൂളിലേക്കുള്ള യാത്രയില്‍ മിക്ക ദിവസവും  സുശീല ടീച്ചര്‍ കൂടെ കാണും.. വെളുത്തു  അധികം വണ്ണം ഇല്ലാത്ത  ഓരോ ദിവസവും  മാറി മാറി ഭംഗിയുള്ള  സാരികള്‍ ഉടുത്തു വരുന്ന  സാമൂഹ്യ പാഠം പഠിപ്പിക്കുന്ന ടീച്ചറെ കാണാന്‍ നല്ല ചന്തമാണ്.. അതിനേക്കാള്‍ രസമാണ്  പിന്നിയിട്ട മുടി നിതംബത്തില്‍ നൃത്തം വെക്കുന്നത് കാണാന്‍.. ,.. അത് ആസ്വദിക്കാന്‍ വേണ്ടി  ടീച്ചറുടെ  പിന്നാലെയെ നടക്കൂ..

പിന്നെ രവീന്ദ്രന്‍ മാഷ്‌..,. ജയരാജ്‌ മുണ്ടുടുത്തു സിനിമാനടന്‍  ജയറാം  വരുന്നപോലെയാണ്   രവീന്ദ്രന്‍ മാഷുടെ ക്ലാസിലേക്കുള്ള എന്‍ട്രി..  പുറകിലൂടെ  വന്നു കണ്ണു പൊത്തി,  മുടിയില്‍ മുല്ലപ്പൂ ചൂടിച്ചു  മരച്ചുവട്ടില്‍ ഇരിക്കുന്ന കുമാരനാശാന്റെ  നളിനിക്ക് ജീവന്‍ കൊടുക്കുന്ന രവീന്ദ്രന്‍ മാഷ്‌..,. മലയാള കവിതകള്‍  താളത്തില്‍ ചൊല്ലാന്‍  രവീന്ദ്രന്‍ മാഷല്ലാതെ മറ്റൊരാള്‍ ഇല്ലായിരുന്നു.

പിന്നെ  കണക്ക് പഠിപ്പിക്കുന്ന സരസ്വതി ടീച്ചര്‍.. ,. വിദ്യാര്‍ഥികളെ "പോത്ത്വോളേ "  എന്ന് മാത്രം വിളിക്കുന്ന,  കുട്ടികള്‍ "പൂതന" എന്ന് ഓമനപ്പേരിട്ട  സരസ്വതി ടീച്ചര്‍  എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു.. രണ്ടും മൂന്നും വടികള്‍ കൂട്ടികെട്ടിയാണ്   തല്ലുക.. കണക്കില്‍  അന്നും ഇന്നും കണക്കായ  ഞാന്‍  ടീച്ചറുടെ  അടി കൊണ്ട് എത്രയോ വട്ടം  നിന്ന നില്‍പ്പില്‍ മൂത്രമോഴിച്ചിരിക്കുന്നു..  ടീച്ചര് ലീവെടുക്കാന്‍ വേണ്ടി  എത്രയോ ചന്ദനത്തിരികള്‍   ദൈവങ്ങളുടെ  ഫോട്ടോക്ക് മുന്നില്‍    വഴിപാടു  കത്തിചിരിക്കുന്നു..

രസതന്ത്രം പഠിപ്പിക്കുന്ന, ബാലചന്ദ്ര മേനോനെ പോലെ, ഷര്‍ട്ടിനിടയിലൂടെ  ഇടയ്ക്കിടെ  കൈകൊണ്ടു തപ്പി നോക്കി  'എല്ലാം അവിടെ തന്നെ ഇല്ലേ' എന്ന് ഇടയ്ക്കിടെ ഉറപ്പു വരുത്തുന്ന ജയരാമന്‍ മാഷുടെ ക്ലാസ്സ് സൂപ്പര്‍ ബോറടി തന്നെയായിരുന്നു.. മണിയന്‍ നായരുടെ പീടികയുടെ പുറകില്‍ നിന്നും പെറുക്കി കൊണ്ട് വന്ന പച്ചപ്പുളി വീട്ടില്‍ നിന്നും കടലാസില്‍ പൊതിഞ്ഞു കൊണ്ട് വന്ന ഉപ്പില്‍ മുക്കി തിന്നാണ്  ആ ബോറടി മാറ്റിയിരുന്നത്..

ഇംഗ്ലിഷ്  പഠിപ്പിക്കുന്ന, മക്കളില്ലാത്ത  കുഞ്ഞാറന്‍ ടീച്ചര്‍ക്ക്  വിദ്യാര്‍ഥികള്‍  സ്വന്തം മക്കളായിരുന്നു..

ഡ്രോയിംഗ്  പഠിപ്പിക്കുന്ന അനന്തന്‍ മാഷ്‌, സയന്‍സ് എടുക്കുന്ന   കുള്ളന്‍ കര്‍ത്താവ് മാഷ്‌,  കൈതുന്നല്‍ പഠിപ്പിച്ചിരുന്ന അന്നമ്മ ടീച്ചര്‍.. ,..   ഇവരുടെ മുഖങ്ങള്‍ ഇന്നും മനസ്സില്‍ മങ്ങാതെ മായാതെ നിറഞ്ഞിരിക്കുന്നു..

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ കൂടെ പഠിച്ച പല കൂട്ടുകാരികളും ടി.ടി.സി. ക്ക് ചേര്‍ന്ന്.. റോസ് കളര്‍ പാവാടയും ദാവണിയും ചുറ്റി ബസ്സില്‍  പഠിക്കാന്‍ പോകുന്ന അവരെ  നിറ കണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്.. സാമ്പത്തിക വിഷമങ്ങള്‍ കാരണം  എന്‍റെ മോഹങ്ങള്‍ക്ക്   മനസ്സില്‍ ശവക്കല്ലറ  പണിത്  അതില്‍ ജീവനോടെ കുഴിച്ചു മൂടി..

അന്തരാത്മാവില്‍ ഇപ്പോഴും ഒരു അദ്ധ്യാപിക വിലപിക്കുന്നത് കൊണ്ടാവാം, എനിക്കൊരു ടീച്ചറുടെ ഭാവം മുഖത്ത് ഉണ്ടോ?  എനിക്കറിയില്ല.. പക്ഷെ   മുഖപുസ്തകത്തില്‍ ഉള്‍പ്പെടെ   നൂറു കണക്കിനാളുകള്‍  എന്നോട് ചോദിച്ചിട്ടുണ്ട്..  ടീച്ചറാണോ  എന്ന്..  നടക്കാതെ പോയ മോഹത്തിന്റെ പ്രതിഫലനമാവം  ഒരു പക്ഷെ..

ഞാന്‍ ആരാധിക്കുന്ന  ഒരു പ്രൊഫഷന്‍ ആണ് അധ്യാപനം..   അറിവ് പകര്‍ന്നു കൊടുക്കുക, മനസ്സിലെ ഇരുട്ടകറ്റുക, നേര്‍വഴി കാണിച്ചു കൊടുക്കുക  ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇതൊക്കെ മഹത്ത്വമുള്ള കാര്യങ്ങളാണ്..

അദ്ധ്യാപക ദിനം ആചരിക്കുന്ന  ഈ അവസരത്തില്‍  എല്ലാ ഗുരുക്കന്മാര്‍ക്കും  എന്‍റെ  വിനീതമായ  വന്ദനം..
-------------------------------------------------------------------------------

വാല്‍ക്കഷ്ണം :  അദ്ധ്യാപിക  ആവാതിരുന്നത്  ഒരു പക്ഷെ നല്ലതിനാവും.. അങ്ങനെ എങ്ങാനും സംഭവിചിരുന്നെങ്കില്‍  എത്രയോ കുട്ടികളുടെ ഭാവി  അവതാളത്തില്‍  ആയെനേം..   ഇത് നിങ്ങള്‍ പറയുന്നതിന് മുമ്പ്  ഞാന്‍ തന്നെ പറഞ്ഞേക്കാം..  എനിക്കറിയില്ലേ  എന്‍റെ ചങ്ങാതിമാര്  വേന്ദ്രന്‍മാരാണെന്ന്..  എന്നോടാ  കളി..!!!


-പത്മശ്രീ നായര്‍-1 comment: