Tuesday, 6 August 2013

"ചുവന്ന കല്ലു പതിച്ച പതക്കമുള്ള ഒരു നെക്ലേസ് "....!!!സീന്‍ ഒന്ന്: 

കുട്ടിക്കാലത്ത് അച്ഛന്‍റെ അരികിലിരുന്നു വാ തോരാതെ ഓരോന്ന് പറഞ്ഞിരിക്കുമ്പോ അമ്മ പറയും..
"ഇങ്ങനെ കൊഞ്ചിച്ചോണ്ടിരുന്നാ പോരാ.. പിള്ളേര് ദാ ന്നു പറയുംബ്ലക്കും വലുതാവും.. ഇതിനെയൊക്കെ മര്യാദയ്ക്ക് ഒരുത്തന്റെ കൂടെ പടിയിറക്കി വിടണ്ടേ.. അതിനുള്ള കാര്യങ്ങള് ഇപ്പൊ തന്നെ ആലോചിക്കാന്‍ തുടങ്ങിക്കോ.."

അപ്പോള്‍ അച്ഛന്‍റെ ഒരു ചിരി കലര്‍ന്ന മറുപടി..
"എന്‍റെ മക്കളെയൊക്കെ പൊന്നും പണവും ഇല്ലാതെ കൊത്തി കൊണ്ടോവാന്‍ ആളു വരും.. പൊന്നുംകുടത്തിനു എന്തിനാ പൊട്ട്" എന്നിട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു "ല്ലേ മക്കളേ" എന്നൊരു ചോദ്യവും.. അച്ഛന്‍ കരുതിയത്‌ പോലെ അങ്ങനെ കൊത്താനൊന്നും ആരും വന്നില്ല.. ഒടുവില്‍ എന്നെയൊന്നു പടിയിറക്കാന്‍ അമ്മക്ക് ഭാഗം കിട്ടിയ പത്തു പറ കണ്ടം വില്‍ക്കേണ്ടി വന്നു..

സീന്‍ രണ്ട്: 


അനുരാഗ പരവശനായിരിക്കുന്ന ആര്യപുത്രനോട്.. (ഇങ്ങനുള്ള മൂഡില്‍ എന്ത് ചോദിച്ചാലും കിട്ടുമെന്ന ഒരു തെറ്റിദ്ധാരണ എങ്ങനെയോ എന്‍റെ മനസ്സില്‍ കടന്നു കൂടി)

"അതേയ് .. അടുത്ത ലീവില്‍ വരുമ്പോ എനിക്ക് ചുവന്ന കല്ലു പതിച്ച പതക്കമുള്ള ഒരു നെക്ലേസ് വാങ്ങീ കൊണ്ടു വര്വോ "? കേട്ടത് പാതി.. പെട്ടെന്ന്  കക്ഷി ഒന്നനങ്ങി ഇരുന്നു.. കണ്ഠശുദ്ധി വരുത്തി, ശൃംഗാര ഭാവം കഷ്ട്ടപ്പെട്ട് മുഖത്ത് വരുത്തി, കര്‍ക്കടമാസ രാവില്‍ പാട വരമ്പത്ത് പോക്കാച്ചി തവള കരയണ മാതിരി പേക്രോം.. പേക്രോം രാഗത്തില്‍ പ്രേംനസീര്‍ ഷീലയുടെ മുഖത്ത് നോക്കി പാടുന്ന പോലെ...

സന്ധ്യക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം...

ഈശ്വരാ... ചതിച്ചോ... നെക്ലേസ് കിട്ടീല്ലെങ്കിലും വേണ്ടില്ല.. ഈ ഒച്ച കേട്ട് നിദ്രാഭംഗം വന്ന ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ വന്നു വാതില് ചവിട്ടി പൊളിച്ചാലോ എന്ന് പേടിച്ചു .. കാളകൂട വിഷം ഇറക്കാതിരിക്കാന്‍ ശ്രീപാര്‍വ്വതി പരമശിവന്റെ കഴുത്തില്‍ പിടിച്ചത് പോലെ ഞാന്‍ കേറി നായരുടെ കഴുത്തിന്‌ പിടിത്തമിട്ടു.. നെക്ലെസിനോടുള്ള പൂതി അതോടെ നിര്‍ത്തി..

സീന്‍ മൂന്ന് : 

മകന്‍ ഹരിയോട്.. 

"പൊന്നൂട്ടന് നല്ല ജോല്യോക്കെ കിട്ടി നല്ലോണം ശംബളം കിട്ടാന്‍ തൊടങ്ങ്യാല് അമ്മക്ക് വെള്ള ഡയമണ്ട്ന്‍റെ ഒരു കമ്മല് മേടിച്ചു തരും ല്ലേ..? "

അവനൊട്ടും ആലോചിക്കേണ്ടി വന്നില്ല മറുപടിക്ക്.. " പിന്നേ.. ഈ വയസ്സാം കാലത്തല്ലേ ഡയമണ്ട് കമ്മലും ഒക്കെ ഇട്ടു ചെത്തി നടക്കണ്ടത്.. വെള്ളി കെട്ടിച്ച വട്യോ, കണ്ണടയോ, രാമായാണോ ഭാഗവതോ വേണോങ്കി പറ.. മേടിച്ചു തരാം.. "

ഹും.. എനിക്കിങ്ങനെ തന്നെ വേണം.. മുണ്ടാണ്ടിരുന്നാ മത്യാര്‍ന്നു.. അല്ലാ.. എന്ക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ.. ഈ ആണുങ്ങള്‍ ഒക്കെ ഇങ്ങന്യാ ?? ങേ 4 comments:

 1. ഹഹഹ രസകരം ........ഈ ആണുങ്ങള്‍ ഒക്കെ ഇങ്ങന്യാ ??

  ReplyDelete
  Replies
  1. ആവോ.. നജീബ് പറയൂ.. എന്താ ഇങ്ങനെ ? ങേ ...

   Delete
 2. alla ee pennunghalokke aenha inghane¿¿¿¿¿¿¡¡¡¡¿¿¿

  ReplyDelete
 3. ഇനി ഈ കഴുത്തിന് ഒരു നെക്ലസ് കൂടി താങ്ങാന്‍ ഉള്ള ആരോഗ്യമുണ്ടോ ആവോ ..?

  ReplyDelete